വേലിക്കെട്ടുകൾ (നീണ്ടകഥ) - 6

Metrom Australia July 29, 2020

ആലിന്‍ ചുവടില്‍ ജീപ്പിറങ്ങി, അരിപ്പവീണ ശീലക്കുട നിവര്‍ത്തി ഉസ്മാന്‍ നടന്നു .

മഴ ശക്തമായി പെയ്തുകൊണ്ടിരിക്കുന്നു,  മണ്‍ പാതയില്‍ ചാലുകള്‍ തീര്‍ത്ത് മഴവെള്ളം  അതിന്റെ  ലക്ഷ്യ സ്ഥാനത്തേക്ക് ഒഴുകുകയാണ്,

ഉസ്മാനും ഒരു ലക്ഷ്യമുണ്ട്, ഭാരം പേറിയ മനസുമായുള്ള ജീവിതം, അസഹനീയമാണ്, ഇന്ന് അതിനൊരു തീരുമാനം  ഉണ്ടായേ പറ്റൂ,

എത്ര സമയം നടന്നെന്നറിയില്ല,  എങ്ങിനെ  തന്റെ അഭിപ്രായം മൈമൂന യുടെ  വീട്ടുകാരോട് അവതരിപ്പിക്കും, എന്ന ചിന്തയായിരുന്നു അപ്പോള്‍ .

മണ്‍പാത വിട്ട് വെള്ളം കുത്തിയൊഴുകുന്ന ഇടവഴിയിലൂടെ കുത്തനെ മുകളിലോട്ട് നടക്കണം വീടെത്താന്‍, ഇടവഴിയില്‍ നിന്നും കുത്തുകല്ല് കയറി, മൈമൂന യുടെ വീടിന്റെ  ഉമ്മറത്തെത്തിയപ്പോള്‍, അവിടെ  ആളനക്കം ഉള്ളതായി തോന്നിയില്ല.

കോലായില്‍  ഓരത്തുള്ള  കരി മെഴുകിയ ബഡാപ്പുറത്ത് കുറച്ചു നേരം ഇരുന്നു. ഓലകള്‍ക്കിടയിലൂടെ ഇക്കിടക്ക് വരുന്ന തുള്ളിവെള്ളം, കോലായില്‍ അവിടെഇവിടെയായി ചെറിയ  കുഴികള്‍ ഉണ്ടാക്കിയിരിക്കുന്നു.

തെല്ലു നേരം അവിടെ  ഇരുന്ന് തിരിച്ചു നടന്നു അയാള്‍  ഇടവഴിയില്‍ നിന്ന് നിരത്തിലേക്ക് കയറുന്നിടത്തെ വീട്ടില്‍ നിന്നൊരാള്‍ കൈമുട്ടി വിളിച്ചു, വരാന്‍ ആഗ്യം കാണിക്കുന്നു.
അവിടേക്ക് ചെന്ന ഉസ്മാനോട്  വൃദ്ധനായ വ്യക്തി  ചോദിച്ചു,  

ആരാ?

ഇടവഴീക്കൂടി പോകുന്നത് കണ്ടു.  

മൊയ്തീന്‍ കുട്ടീടെ വീട്ടില്‍ പോയതാണെങ്കില്‍ അവിടെ  ആരും കാണില്ല.

അളിയന്‍ കുഞ്ഞിപോക്കരിന്റെ  മോന്റെ മാര്‍ക്ക കല്ല്യാണം ആണ് ,,എല്ലാരും അവിടെയാ,,,

താന്‍ ചോദിക്കണം എന്ന് കരുതിയത്, മുഴുവന്‍ ഇങ്ങോട്ട് പറഞ്ഞത് കൊണ്ട്, ഉസ്മാന് കൂടുതല്‍  സംസാരിക്കേണ്ടി വന്നില്ല .

താനാരാണെന്നത് മറച്ചു വെക്കാന്‍, ചെറിയ  നുണ പറയേണ്ടി വന്നു,,,

ആലിന്‍ ചുവട്ടില്‍ നിന്ന്  കുറച്ച് മുന്നോട്ട്  നടക്കണം മൈമൂന യുടെ അമ്മാവന്‍ , കുഞ്ഞിപോക്കരുടെ വീടെത്താന്‍ റോഡുവക്കില്‍ തന്നെയാണ്, വീട്, നടന്ന് വീടിനടുത്തെത്തിയപ്പോള്‍ മുറ്റത്തിട്ട താര്‍പ്പായ പന്തലില്‍ നിറയെ ആള്‍ക്കാര്‍, ബന്ധുക്കളെയും സമ്പന്തക്കാരെയും നാട്ട് പ്രമാണിമാരെയും വിളിച്ച് കെങ്കേമമായ, പരിപാടിയാണവിടെ.
മൈമൂനയുടെ വീട്ടുകാര്‍ തീരെ ദരിദ്രരാണെങ്കിലും, അമ്മവന്‍ വിജയവാഡയില്‍ കുറേ പീടിക നടത്തി സമ്പന്നനായ ആളാണ്.

താനും ഇവിടെ  ക്ഷണിക്കപ്പെടേണ്ടവന്‍ ആയിരുന്നു , ഇങ്ങനെ ഒരവസരത്തില്‍, വലിഞ്ഞു കയറി ചെന്നാലുള്ള അവസ്ഥ എന്താകും, എന്ന ബോധം, അയാളെ ആശയ കുഴപ്പത്തിലാക്കി. വീടും കടന്ന് പിന്നെ യും കുറേ ദൂരം മുന്നോട്ട്  നടന്നു.  ആള്‍കൂട്ടത്തില്‍ എവിടെ യെങ്കിലും മൈമൂന യുടെ മുഖം കാണുന്നുണ്ടോ എന്ന്  അയാളുടെ കണ്ണുകള്‍ പരതുകയായിരുന്നു അപ്പോള്‍.

തുടരും ... 

അസീസ് ചക്കിട്ടപാറ 

കവർ ചിത്രം: ബിനോയ് തോമസ് 

Related Post