ഞങ്ങൾ സന്തുഷ്ടരാണ്

Jan. 17, 2021

ഞായറാഴ്ച കുർബാന കഴിഞ്ഞ് അന്നമ്മ ചേച്ചി സെമിത്തേരിയിലേക്ക് നടക്കുകയായിരുന്നു. തലേദിവസം ഉറങ്ങാത്തത് കൊണ്ടായിരിക്കണം ചേച്ചിയുടെ കണ്ണുകൾ വീർത്തു കെട്ടിയിരുന്നു. മോൾ റിൻസി ഇന്നലെ ലീവിന് വന്നിട്ടുണ്ട്. അവൾക്ക് ഇനി അവന്റെ കൂടെ ഒന്നിച്ചു ജീവിക്കാൻ കഴിയില്ല എന്നാണ് പറയുന്നത്. കഴിഞ്ഞപ്രാവശ്യം പ്രശ്നങ്ങൾ ഉണ്ടായപ്പോൾ എല്ലാവരും പറഞ്ഞു ഒത്തുതീർപ്പാക്കിയത് ആണ്. ഇത്തവണയും അവൾ കരഞ്ഞു കൊണ്ടാണ് വന്നത്.

 എല്ലാം കൂടി ആലോചിച്ചിട്ട് അന്നമ്മ ചേച്ചിയുടെ മനസ്സ് നീറി. സെമിത്തേരിയിൽ ചെന്ന് കണ്ണടച്ച് പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ, അടുത്തവീട്ടിലെ ചാക്കോ മാഷ് ,
" അന്നമ്മ മോള് വന്നില്ലേ? അവര് പിരിയാൻ പോവാ എന്ന് പറയുന്ന കേട്ടു. ഇപ്പോഴത്തെ പിള്ളേരുടെ കാര്യം കഷ്ടം തന്നെ."

 ഇത് വെറുമൊരു അമ്മച്ചിയുടെയും റിൻസിയുടെ കഥയല്ല. ഈ അമ്മ ചേച്ചിയും റിൻസി യും നമ്മുടെ ഇടയിൽ ഉണ്ട്. ചാക്കോ മാഷിനെ കാണാനും ഒരുപാട് ദൂരം പോണ്ട.

ഡിവോഴ്സ്  എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ മുഖം ചുളിക്കുന്ന ആളുകളെ ഞാൻ കണ്ടിട്ടുണ്ട്. അതല്ലെങ്കിൽ അടുത്ത എക്സ്പ്രഷൻ , 
' സഹതാപം ആണ് പാവം കുട്ടി അവളുടെ ജീവിതം ഇങ്ങനെ ആയിപ്പോയല്ലോ '. 

2017 സ്റ്റാറ്റസ് പഠനങ്ങൾ പ്രകാരം ഇന്ത്യയിൽ ഡിവോസ് റേറ്റ് വെറും ഒരു ശതമാനം മാത്രമാണ്. നമ്മുടെ കുടുംബവ്യവസ്ഥയെ പാടി പുകഴ്ത്താൻ പോകുന്നവർ ഒന്നാലോചിക്കുക, യാതൊരു രീതിയിലെ സന്തോഷവും സമാധാനവും ഇല്ലാതെ ഒരുപാട് ദമ്പതികൾ മുന്നോട്ടു പോകുന്നുണ്ട്. 

സമൂഹത്തിന്റെ പ്രതികരണം ഭയന്ന് മാത്രം ഒന്നിച്ചു ജീവിക്കുന്നവർ. അവർ അവരുടെ ജീവിതം ഇല്ലാതാക്കി തീർക്കുകയാണ്. ഒരു പുരുഷനും സ്ത്രീയും ഒന്നിച്ചു ജീവിക്കാൻ കഴിയുകയില്ല എന്ന് മനസ്സിലാക്കുന്ന സന്ദർഭത്തിൽ, അത് വിവാഹാനന്തരം ഒരു വർഷമോ 30 വർഷമോ അമ്പതുവർഷം ആയിരുന്നാലും, അവർക്ക് അഭിമാനപൂർവ്വം സന്തോഷത്തോടുകൂടി ചെയ്യുവാനും തുടർന്ന് അതേ സന്തോഷത്തോടുകൂടി ജീവിതം നയിക്കാനുള്ള അവസരം ഉണ്ട്. 

 ഒരു ജീവിത പങ്കാളി എന്ന വ്യക്തി ഒരു റൂം മേറ്റ് അല്ല. അതുകൊണ്ടുതന്നെ ആവശ്യം വരുന്നത് അനുസരിച്ച് റൂം മാറാൻ നമുക്ക് കഴിയില്ല. വിവാഹം കഴിക്കുന്ന സമയത്ത് മറ്റാരുടേയും പ്രേരണ ഇല്ലാതെ സ്വന്തമായി തീരുമാനം എടുക്കാൻ ശ്രദ്ധിക്കണം. അതുപോലെതന്നെ വിവാഹജീവിതം സന്തുഷ്ടം അല്ല രണ്ടുപേർക്കും ഒന്നിച്ച് ജീവിക്കാൻ കഴിയില്ല എന്നു ബോധ്യമാകുന്ന നിമിഷം, ഡിവോഴ്സ് ഉചിതമായ ഒരു സൊല്യൂഷൻ ആണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അതിനെപ്പറ്റി സധൈര്യം ആലോചിക്കണം.

 'അവള് ഡിവോസ് ആയതാ' എന്ന് ഇനി അടക്കം പറയാൻ പോകുന്നതിനുമുമ്പ് ആലോചിക്കുക, ഡിവോഴ്സ് ഒരു വലിയ കാര്യമല്ല. കല്യാണം പോലെ തന്നെ ഒരു പേഴ്സണൽ ചോയിസ് ആണ് ഡിവോഴ്സ്. മറ്റുള്ളവരുടെ സന്തോഷത്തിനായി സ്വന്തം ജീവിതവും,  സന്തോഷവും ഇല്ലാതാക്കി ഒന്നിച്ചു ജീവിക്കുവാൻ തയ്യാറാവാതെ സ്വന്തമായി തീരുമാനം എടുത്തത് പിരിയുന്നവരോട് എന്നും ബഹുമാനം മാത്രമേ ഉള്ളൂ. 

 നമ്മുടെ സംസ്കാരം അനുസരിച്ച് വിവാഹത്തോട് കൂടി മാത്രമേ ഒരു വ്യക്തിയുടെ ജീവിതം പൂർത്തിയാവുകയുള്ളൂ എന്ന കാഴ്ചപ്പാടാണ് ഡിവോഴ്സിനോടുള്ള ഈ വെറുപ്പിന് കാരണം. ഡിവോഴ്സിലൂടെ കടന്നു പോകുന്ന ഏതൊരു വ്യക്തിയും , വളരെയധികം മാനസിക സംഘർഷം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സമയമായിരിക്കും അത് . ആ സമയത്ത് കഴിവതും അവരെ സപ്പോർട്ട് ചെയ്തില്ലേലും ഉപദ്രവിക്കാതിരിക്കുക. എന്തുകൊണ്ടാണ് ഡിവോഴ്സ് നടക്കുന്നത് എന്നതിനെപ്പറ്റിയുള്ള ഡീറ്റെയിൽ ഇൻവെസ്റ്റിഗേഷൻ നടത്താനുള്ള നിങ്ങളുടെ ത്വര അടക്കി വെക്കുന്നത് നല്ലതായിരിക്കും.

 അതുപോലെതന്നെ ഒരു ഡിവോഴ്സ് കുടുംബത്തിന്റെ മാനം കളഞ്ഞു, സമൂഹത്തിൽ വില പോയി എന്നൊക്കെ കരുതുന്നവർ ഒന്നാലോചിക്കുക അനുഭവിക്കുന്നത്,  സഹിക്കുന്നത്,  സന്തോഷമില്ലാത്ത ജീവിക്കുന്നത് നിങ്ങളല്ല. അതുകൊണ്ടുതന്നെ സമൂഹത്തിൽ നിങ്ങളുടെ മുഖം രക്ഷിക്കുവാനായി നിങ്ങളുടെ മകളുടെയോ അനിയത്തിയുടെ മകന്റെ യോ ചേച്ചിയുടെ ഒക്കെ വിവാഹം നിലനിൽക്കണം എന്ന് വാശിപിടിക്കരുത്.

കുടുംബജീവിതം ആയാൽ അങ്ങനെയാണ് ആരെങ്കിലുമൊക്കെ സഹിക്കണം,  അത് കൂടുതലും പെണ്ണാണ് സഹിക്കേണ്ടത്. വിവാഹ ജീവിതത്തിലെ പരാജയമാണ് ഡിവോഴ്‌സ്. " ഡിവോഴ്സ് ചെയ്ത പെണ്ണുങ്ങൾ എല്ലാം പോക്കാണ്. ഈ പെണ്ണുങ്ങൾ ഒരുപാട് പഠിച്ചു ജോലിക്കുപോയ പിന്നെ ഇതാ പ്രശ്നം". മുതലായ ചിന്താഗതികൾ പുലർത്തുന്നവരോട് ഒന്നേ പറയാനുള്ളൂ :

' സ്വന്തം കാര്യം നോക്കി ജീവിക്കുക എന്ന  വളരെ സിമ്പിൾ ആയ കാര്യം മാത്രം നിങ്ങൾ ചെയ്താൽ മതി '.

 ഡിവോഴ്സ് നടക്കുന്ന കുടുംബങ്ങളിൽ കൂടുതൽ ചോദ്യോത്തരങ്ങൾ നേരിടേണ്ടിവരുന്നത് സ്ത്രീകളാണ്, അവരുടെ മാതാപിതാക്കൾ ആണ്. വളർത്തുദോഷം എന്നു ലേബൽ കൂടി ചാർത്തി കൊടുക്കാൻ മടിക്കാത്ത വിദ്വാന്മാരും ഉണ്ട്. സന്തോഷകരം അല്ലാത്ത ഒരു ദാമ്പത്യ ജീവിതത്തിൽ നിന്നും മുക്തി നേടാനുള്ള ഒരു മാർഗം മാത്രമായി ഡിവോഴ്സിന് കാണുവാൻ പ്രബുദ്ധകേരളം പഠിക്കേണ്ടിയിരിക്കുന്നു. 

 

ജിയ ജോർജ് 

 

കവർ ചിത്രം: ബിനോയ് തോമസ് 

Related Post