മൂന്ന് കൂട്ടുകാർ (നോവലെറ്റ് ) - 5

Metrom Australia July 31, 2020

ഇങ്ങനെ അക്ഷരങ്ങളും ആയുള്ള അങ്കം നടക്കുന്നതിന്  ഇടയിൽ ആണ് റിമി എന്ന് പേരുള്ള, വേറേ ഒരു ഗൾഫ് പുത്രി വന്നു ചേർന്നത്... അവളുടെ വരവ് എന്നിൽ അസൂയയുടെയും കുശുമ്പിൻ്റെയും ആദ്യ വിത്തുകൾ പാകി... വന്ന പാടെ, അവളുടെ കൺവെട്ടത്ത് കണ്ട സർവ്വ മനുഷ്യരെയും, അവളുടെ പാട്ടിലാക്കി.. 

അതും കൊണ്ടും തൃപ്തിപ്പെടാതെ ആ ദുഷ്ടയുടെ ദൃഷ്ടി എൻ്റെ കൂട്ടുകാരുടെ മേൽ പതിഞ്ഞപ്പോൾ, എൻ്റെ സർവ്വ നിയന്ത്രണവും നഷ്ടമായി, എന്ന് അല്പം ദുഃഖത്തോടെ പറയട്ടെ... റിമിയിൽ നിന്നു ഊർജസ്വലതയുടെയും, പ്രസരിപ്പിൻ്റെയും ഒരു 'ലാവ' പ്രവാഹം ആയിരുന്നു, എന്നത് കൊണ്ട്,  അവളുടെ അടുത്ത് ചെല്ലുന്നവരെല്ലാം,  ഈയാംപാറ്റകൾ എന്ന പോലെ, ആ അഗ്നിയിൽ എരിഞ്ഞമർന്നു...

ആയിടയ്ക്ക് ആണ്‌,  ഞാൻ ഒരു സ്വർണക്കട്ടി പോലെ കൊണ്ട് നടന്ന,  വാണിയ്ക്ക് റിമിയോട് ഒരു സ്നേഹവും,  സൗഹൃദവും ഒക്കെ തുടങ്ങിയതായി എൻ്റെ  ശ്രദ്ധയിൽ പെട്ടത്.. അസൂയ കൊണ്ട്‌,  എൻ്റെ ഹൃദയം കത്തി ജ്വലിക്കുകയും, ഞാൻ പുളയുകയും ചെയ്തു..  വാണിയോട്  'നീ എൻ്റെയും  ലസൂണിൻ്റെയും മാത്രം സ്വന്തമല്ലേ?' എന്ന് ചോദിക്കുകയും, അവളുടെ പുറത്തിന് നേർക്ക് വളരെ ശക്തിയിൽ ഒരു തൊഴി തൊഴിക്കുകയും ചെയ്യണം, എന്ന് ഞാൻ ആഗ്രഹിച്ചു. എന്നാൽ,  സ്വതവേ ഉള്ള അന്തർമുഖത്വവും, ലജ്ജയും മൂലം, ഞാൻ എൻ്റെ പെൻസിലിൻ്റെ മുന കുത്തിപ്പൊട്ടിക്കുക മാത്രം ചെയ്തു സംതൃപ്തിപ്പെട്ടു...

ആ ഇടയ്ക്കാണ്  അവൾ 'സ്റ്റോക്കിങ്സ്', എന്ന അപൂർവ ഇനം സോക്സ്‌ ഇട്ടു കൊണ്ടു വരുന്നത്.. ഇടുപ്പെല്ല് വരെ നീളമുള്ള, ഒരു തരം സോക്സ്‌ ആയിരുന്നു സ്റ്റോക്കിങ്സ്.. ഞങ്ങൾക്ക് സ്കൂളിൽ ദിവസവും ചുവന്ന നിറമുള്ള സോക്സ്‌ ഇടേണ്ടത് നിർബന്ധമായിരുന്നു.. എനിക്ക് ഉണ്ടായിരുന്നവ, അവയുടെ വിലയുടെ മാഹാത്മ്യം കൊണ്ടാവണം, എപ്പോഴും ഊർന്നു താഴെ കണങ്കാൽ വരെ പോവുകയും, തൽസ്ഥാനത്ത്‌  നിർത്തുവാനായി, ഞാൻ അവയെ വലിച്ചു വച്ച്, 2 'റബ്ബർ ബാൻഡ്' ഉപയോഗിച്ച്, മേൽ അറ്റം ചുരുട്ടി വച്ച്, ഒരു തരത്തിൽ, അതാത് സ്ഥാനങ്ങളിൽ ഉറപ്പിച്ചു വന്നിരുന്നു.. 

ആ അവസരത്തിൽ ആണ്, നമ്മുടെ നായിക സ്റ്റോക്കിങ്സുമായി അവതരിക്കുന്നത്.. അത് കണ്ട പാടെ, ടീച്ചർമാർ ഉൾപ്പടെ എല്ലാവരും, അവളുടെ അടുത്ത് കൂടി.. അവളുടെ പിന്നാഫർ പൊക്കി, സ്റ്റോക്കിങ്സ് സസൂക്ഷ്‌മം വീക്ഷിക്കുവാൻ തുടങ്ങി.. അവൾ, അവരുടെ മുൻപിൽ നിന്നു വട്ടം കറങ്ങി... അപ്പോഴാണ് ലസൂണിൻ്റെ നോട്ടവും അവളിൽ പതിയുന്നത് ഞാൻ കണ്ടത്.. എൻ്റെ  രണ്ടാമത്തെ സുഹൃത്തിനെയും അവൾ വശത്താക്കും.. അവളെ എങ്ങനെയെങ്കിലും വക വരുത്തുവാൻ, ഞാൻ തീരുമാനിച്ചു.. 

പ്രതികാരദാഹത്താൽ എൻ്റെ മനസ്സ് കലുഷിതമായി.. അവളുടെ ഒരു കുഞ്ഞു ആരാധകനായി മാറിയ, ലസൂണിൻ്റെ അരികിൽ ചെന്ന്, ക്ലാസ്സ് മുറിയിലെ കൊച്ചു കസേരയിൽ ഞാൻ ഇരുന്നു.. അവനെ ഒരു ചുട്ട നോട്ടം നോക്കി.. എനിക്കെന്തോ ഒരു ലോക രഹസ്യം അവനോടു പറയാനുണ്ടെന്ന് അവൻ മനസ്സിലാക്കി.. ബാല്യ സഹജമായ കുതൂഹലത്തോടെ, അവൻ എൻ്റെ  വാക്കുകൾക്കു കാതോർത്തു.. റിമി വരുത്തി വച്ച ആ മഹാപാതകത്തെപറ്റി ഞാൻ അവനോടു വിവരിച്ചു പറഞ്ഞു.. എൻ്റെ ഭാവനാ ശക്തി ചിറകുകൾ വിടർത്തിക്കൊണ്ടിരുന്നു.. 

റിമി സ്റ്റോക്കിങ്സ് കാണിക്കുവാൻ കറങ്ങുന്ന കറക്കത്തിൽ, അവളുടെ 'ഫോറിൻ കാച്ചട്ടയുടെ' അറ്റം, പുറത്തു കാണിച്ചു, എന്ന് ഞാൻ തട്ടി വിട്ടു .. ഞങ്ങളെപ്പോലെ അന്തസ്സും,  അഭിമാനവും ഉള്ള നഴ്സറി കുട്ടികൾ, അങ്ങനെയുള്ള നാണം കെട്ട പ്രവൃത്തികൾ, ഒരിക്കലും ചെയ്യുക  ഇല്ലെന്ന്, അവനെ ബോധ്യപ്പെടുത്തുവാൻ ഞാൻ ശ്രമിച്ചു.. അവൻ പാതി വിശ്വസിച്ചും, പാതി വിശ്വസിക്കാതെയും ഉള്ള ഒരു പ്രത്യേക ഇരുപ്പു ഇരുന്നു.. 

അതോടു കൂടി, മൂന്ന് കൂട്ടുകാരിലേക്ക് ലോകം ചുരുക്കിയതിൻ്റെ, വരും വരായ്കൾ എനിക്ക് മനസ്സിലായി.. ഇനി ഇങ്ങനെ ഒരു കാടക്കോഴിയെപ്പോലെ നിന്നിട്ടു കാര്യമില്ല.. ക്ലാസ്സിലെ വേറെ കുറച്ചു  കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചേ പറ്റൂ.. ഞാൻ ദൃഢനിശ്ചയം ചെയ്തു.. എന്റെ കണ്ണുകൾ ചെന്ന് ഉടക്കിയത് മിനി ടീച്ചറുടെ അംഗൻവാടിയിൽ എൻ്റെ  സതീർഥ്യ ആയിരുന്ന ജാനുവിൽ ആണ്.. 

(തുടരും )

ആഷ്മി

കവർ ചിത്രം: ബിനോയ് തോമസ്  

Related Post