ഹിമാലയത്തിലെ ഒട്ടകം -16 (തീരുമാനം )

Feb. 4, 2021

എന്ത് തീരുമാനം എടുക്കണം എന്ന് അറിയാതെ അവൾ കുഴങ്ങി. വളരെ കുറച്ചു നിമിഷങ്ങൾ മാത്രമേ മിണ്ടിയുള്ളു. അതും പേരും,  നാളും,  ജോലിയും ഒക്കെ. അല്ലാതെ അപ്പുറത്തെ മുറിയിൽ ഇരിക്കുന്ന ആറടി പൊക്കമുള്ള, ജീൻസും ടീഷർട്ടും  ഇട്ട ചേട്ടൻ ആരാണെന്നോ എന്താണയാളുടെ പെരുമാറ്റ രീതിയെന്നോ അവൾ അറിഞ്ഞിരുന്നില്ല.

രാവിലെ കുളിച്ചൊരുങ്ങി മിടുക്കിയായി, ഇവരെ കാത്തിരുന്നപ്പോൾ അവൾക്ക് അറിയാമായിരുന്നു അതൊരു പുതിയ തുടക്കം ആണെന്ന്. പക്ഷെ ഈ കൂടി കാഴ്ച കഴിഞ്ഞ ഉടനെ "എന്താ മോളെ ഇഷ്ടായോ? "എന്ന ചോദ്യം ഉയർന്നപ്പോൾ അവൾക്ക് ഉത്തരം ഇല്ലാതെ പോയി . ജയലക്ഷ്മിയിൽ പോയി ഒരു ചുരിദാർ എടുക്കാൻ പോലും അവൾ 4-5മണിക്കൂർ സമയം ചിലവഴിക്കാറുണ്ട്. ഇതിപ്പോ ചായയും വടയും തീർന്ന ഉടനെ ഇഷ്ടായോ എന്ന്. 

ഒരു ഭർത്താവിന് വേണ്ട യോഗ്യതകൾ എന്തൊക്കെ ആണ് ആവോ.  അവൾ ആലോചിച്ചു. ഒരു ഐഡിയ കിട്ടുന്നില്ല. കല്യാണത്തെ പറ്റി ഇത്ര പെട്ടെന്ന് ആലോചിക്കേണ്ടി വരും എന്നവൾ ഓർത്തില്ല. അച്ഛന്റെ ഹൃദയത്തിൽ വന്ന ബ്ലോക്ക്‌ അവളുടെ വിദ്യാഭ്യാസത്തിലേക്കും നീണ്ടു പന്തലിച്ചതോടെ, വിവാഹം  തടുക്കാൻ ശ്രമിച്ചപ്പോൾ അവൾ കുടുംബ സ്നേഹം ഇല്ലാത്തവൾ ആയി. പണ്ടാരം അടങ്ങാൻ കെട്ടിയേക്കാം എന്നോർത്തപ്പോൾ "ആരെ" എന്ന ചോദ്യം. നല്ല വില കൊടുത്തു വാങ്ങാൻ കിട്ടുമായിരുന്ന ഡോക്ടർ, എഞ്ചിനീയർ, പിഎച്ഡി കാരൻ, എംബിഎകാരൻ, വക്കീൽ  ഇവരെ ഒക്കെ അവൾക്ക് അത്ര പിടിച്ചില്ല. 

പിന്നെ കണ്ടതാണ് ഇന്ന് വന്ന ഗൾഫ്കാരൻ.ഏതോ ഗൾഫ് സ്കൂളിൽ പഠിപ്പിക്കുക ആണ്.  സംസാരിച്ചു നോക്കിയിട്ടു വല്യ കുഴപ്പം ഇല്ല. എന്നാലും ഒരു തീരുമാനം അതും ഇത്ര പെട്ടെന്നു അവൾക്ക് എടുക്കാൻ പറ്റണില്ല . കുടിച്ചു തീർത്ത ചായ കപ്പ്‌ സൗസറിൽ വച്ചിട്ട്, ചുറ്റും ഉള്ളവരെ നോക്കി ചിരിച്ചു കൊണ്ട് ചെക്കൻ പറഞ്ഞു "ഞങ്ങൾക്ക് കുറച്ചു കാലം ഒന്ന് സംസാരിക്കണം എന്നിട്ടേ തീരുമാനിക്കാൻ പറ്റുകയുള്ളു". ഞെട്ടി നിന്ന അവളെ നോക്കി അവൻ ചോദിച്ചു "തനിക്കും അങ്ങനെ അല്ലേ ? ". അവൾ തലയാട്ടി. ഒടുവിൽ വീട്ടുകാരും അത് ശരി വച്ചു. 

പക്ഷെ തന്റെ മനസു വായിക്കാൻ കഴിവുള്ള അവൻ തന്നെയാവും തന്നെ മിന്നു ചാർത്തുക എന്നവൾക്ക് അറിയാമായിരുന്നു.ഇതൊക്കെ കഥയിൽ വായിക്കാൻ കൊള്ളാം. റിയൽ ലൈഫ്ൽ. ആദ്യം ചെക്കന്റെ കാർന്നൊൻ വന്നു കാണും, പിന്നെ പെങ്ങൾ സെറ്റ്, അവസാനം ചെക്കനെ കണ്ടാൽ ആയി.ചെക്കനിഷ്ടയില്ലേൽ "പോട്ടെ മോളെ നമുക്ക് വിധി ഇല്ല".പെണ്ണിനിഷ്ടമായില്ലേൽ "എന്താടി അവനൊരു കുഴപ്പം? ".

അത് കൊണ്ട് സമ്മതമല്ല എന്ന് ഏതോ കുട്ടി പറഞ്ഞു എന്നതിനെ പറ്റി വഴിയോര പ്രസംഗവും,  ചർച്ചയും  നടത്തുന്നവർ ഓർക്കുക. നാളെ മോളെയും കൊച്ചുമോളെയും ഒക്കെ കെട്ടിക്കുമ്പോൾ തീരുമാനം അവർക്ക് വിട്ട് കൊടുക്കുക. ഇല്ലേൽ നിങ്ങളും കേൾക്കേണ്ടിവരും ഇടിവെട്ട് ശബ്ദത്തിൽ ഒരു "സമ്മതമല്ല ".അല്ലേൽ ഒരു പത്ര വാർത്ത  "കല്യാണ തലേന്ന് വധുവിനെ കാണാനില്ല".

 

ജിയ ജോർജ് 

കവർ ചിത്രം: ബിനോയ് തോമസ് 

Related Post