ഹിമാലയത്തിലെ ഒട്ടകം 15 (പറയാൻ മടിക്കുന്ന കാര്യങ്ങൾ)

Jan. 25, 2021

ജീവിതത്തിൽ പലപ്പോഴും നാവിൻ തുമ്പിൽ വന്നിട്ടു സാഹചര്യങ്ങൾ കാരണം നമ്മൾ പറയാത്ത ചില കാര്യങ്ങൾ ഉണ്ട്. അതാണ് ഇത്തവണത്തെ ഒട്ടകത്തിൽ

*ചിലപ്പോൾ പറയാൻ മടിക്കുന്ന കാര്യങ്ങൾ* 

ജീവിതത്തിൽ പലപ്പോഴായി നമ്മൾ പല കാര്യങ്ങൾ പറയാൻ മടിച്ചു, മിണ്ടാതെ ഇരിക്കാറുണ്ട്. ഒരു നേഴ്സ് ആയി ജോലിചെയ്യുന്നതു കൊണ്ട് പലപ്പോഴും അങ്ങനെ പലതും കടിച്ചു വിഴുങ്ങിയിട്ടുണ്ട് പഠിക്കുന്ന കാലം മുതൽ. നേഴ്സ് ആയതു കൊണ്ട് വിഴുങ്ങി എന്നതിനേക്കാളും അത് കൊണ്ട് വെറൈറ്റി ആയി വിഴുങ്ങി എന്നു പറയുന്നതാവും ശരി. 

രംഗം 1- പീഡിയാട്രിക് ഐസിയു വെന്റിലെറ്റർ ൽ  മരണവും ആയി മല്ലടിച്ചു കൊണ്ടിരിക്കുന്ന ഒരു കൊച്ച്. ഏതോ വിഐപിയുടെ കൊച്ചാണ്. തീരെ വയ്യാത്ത രോഗികളെ പരിചരിക്കുന്ന ഇടം ആണ് ഐസിയു എന്നറിയാമല്ലോ പിന്നെ കുട്ടികളുടെ കാര്യം ആകുമ്പോ പറയുകയും വേണ്ട. 

ആരെയും അധികം കടത്തി വിടാറില്ല, മാതാപിതാക്കൾക്ക് മാത്രം കുട്ടിക്ക് ഒപ്പം നിൽക്കാം. ഈ സാഹചര്യങ്ങളിൽ, മതപുരോഹിതന്മാരെ വിളിച്ചോണ്ട് വന്നു പ്രാത്ഥന നടത്തണം എന്നുള്ള ആഗ്രഹം മാനുഷികം. പക്ഷെ വെന്റിലെറ്ററിൽ കിടക്കുന്ന കൊച്ചിന് കോഴി മുട്ട കൊടുക്കണം , എണ്ണ മൂക്കിൽ ഒഴിക്കണം , പത്രത്തിൽ കിടത്തണം എന്നൊക്കെ സ്വാധീനം ഉപയോഗിച്ച്, വാശി പിടിച്ച്,  അവിടെ ഉള്ള നേഴ്സ് മാരുടെ മെക്കിട്ടു കേറുമ്പോൾ പറയാൻ തോന്നുന്നത്."ഇവിടെ ഈ ഒരു കുഞ്ഞു മാത്രം അല്ല, ബാക്കി ഉള്ളവരെ കൂടെ ഇൻഫെക്ഷൻ റിസ്കിൽ ആക്കുകയാണ് നിങ്ങൾ".

രംഗം 2- ഇൻജെക്ഷൻ റൂം. 

അമ്മയും അച്ഛനും കുഞ്ഞു വാവയും. "സിസ്റ്ററെ പതുക്കെ കുത്തണം കേട്ടോ". ഉറപ്പായും പതുക്കെ കുത്താം. "സിസ്റ്ററെ വേദനിക്കുമോ? ". ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഞാൻ "ചെറിയ ഉറുമ്പ് കടിക്കുന്ന വേദന ". കുഞ്ഞിനെ എടുത്ത് കയ്യിൽ പിടിക്കുന്ന അമ്മ. കുട്ടിയെ ഇങ്ങു തന്നോളൂ, വേറെ നേഴ്സ്നെ കൊണ്ട് പിടിപ്പിച്ചോളാം എന്നു ഞാൻ. പറ്റില്ല ഞാൻ പിടിച്ചോളാം എന്നു അവർ. പറയാൻ തോന്നിയത്, "സൂചി കുത്തി കേറ്റുമ്പോ വേദനിക്കും, അത് ഉറപ്പുള്ള കാര്യം ആണ്. പതുക്കെ പതുക്കെ  കുത്തിയാൽ കുഞ്ഞു വേദന കൊണ്ട് പുളയും ചേച്ചി."

രംഗം 3- ലെക്ചർ ഹാൾ 
മനുഷ്യന്റെ തലച്ചോറിലെ ഏതോ വല്യ ഞരമ്പുകളെ പറ്റി പ്രൊഫസർ ക്ലാസ് എടുക്കുന്നു. തലേന്ന് നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞു ഇന്ന് വന്നിരുന്നു കേൾക്കാൻ ഇത് ലാലേട്ടന്റെ സിനിമ ഒന്നും അല്ലാലോ. ഈ കോളേജ് നടത്തുന്നവർക്ക് അറിയില്ലേ? ഉറക്കം മനുഷ്യന് അനിവാര്യം ആണെന്ന്. 
അന്ന് പലപ്പോഴായി പറയാൻ കൊതിച്ചതാണ് "ഈ പഠിപ്പിക്കുന്നത്, ആരുടേലും ഒക്കെ ജീവൻ രക്ഷിക്കാൻ ആവശ്യം ഉള്ളതാണേൽ ബോധം ഉള്ളപ്പോൾ പറഞ്ഞു തരണേ സാർ ".

രംഗം 4- കാഷ്വാലിറ്റി

പൂരപ്പറമ്പിൽ  ഒരു ജൂനിയർ ഡോക്ടർനെയും കുറച്ചു നഴ്സുമാരെയും ഇറക്കിവിട്ട അവിടെ സ്വർഗ്ഗം ആക്കണമെന്ന് പറയുന്നത് എന്ത് വിരോധാഭാസമാണ്.സ്വർഗം പോയിട്ട് സ്വർഗത്തിന്റെ പരസ്യം പോലും കിട്ടില്ല. നാല് ബെഡിൽ ഒരു പോലെ രോഗി കരഞ്ഞാൽ, ഏറ്റവും ക്രിട്ടിക്കൽ എന്ന് കണക്കാക്കുന്നവരെ ആദ്യം നോക്കും. അതിപ്പോ മറ്റേതു ദേവേന്ദ്രന്റെ അച്ഛൻ മുത്തുപട്ടർ ആണേലും. ഈ സ്വഭാവം കൊണ്ട് എത്ര എത്ര പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്നറിയാമോ? പലപ്പോഴും പറയാൻ വന്നിട്ടു കടിച്ചു വിഴുങ്ങിയത് "ഞാൻ നിങ്ങളുടെ ഹോസ്പിറ്റൽ കണ്ടിട്ടൊന്നും അല്ല നഴ്സിംഗ് പഠിച്ചത് ".

രംഗം 5- കല്യാണാലോചന 

അയ്യോ നേഴ്സ് ആണോ? അയ്യോ ബാംഗ്ലൂർ പഠിച്ചതാണോ?  വേണോടാ നീ നന്നായി ആലോചിക്ക്. നമുക്ക്  അറിയാല്ലോ ഇവറ്റകൾ ഒക്കെ എങ്ങനെ എന്ന്. ഈ പറയുന്ന മഹാൻമാർ , മഹതികൾ സ്വന്തം പെങ്ങൾ ,  കുട്ടികൾ യൂഎസ് , യൂ കെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ  ഒക്കെ ഉള്ളപ്പോൾ കളർ മാറുന്നത് കാണണം. ഇങ്ങനെ ഉള്ളോരേ കാണുമ്പോൾ പറയാൻ വന്നിട്ടു വിഴുങ്ങുന്നത് "കാലും കൈയുമൊക്കെ ഓടിച്ചു വാ ഹോസ്പിറ്റലിലേക്ക്, അപ്പൊ ഈ പറഞ്ഞ ഇവറ്റകളെ കാണുള്ളൂ ".

ഇതൊക്കെ ജോലിയും ആയി ബന്ധപ്പെട്ട കാര്യങ്ങൾആണ്.പക്ഷെ ദൈനംദിന ജീവിതത്തിലും ഈ അവസ്ഥ വരാറുണ്ട് നമ്മളിൽ പലർക്കും അല്ലേ??? 

 

ജിയ ജോർജ്

 

കവർ ചിത്രം: ബിനോയ് തോമസ് 

Related Post