ബന്ധങ്ങൾ (നോവൽ - 53)

Nov. 4, 2021

ബേബിച്ചന്റെ ആ വരവ് അപ്രതീക്ഷിതം ആയിരുന്നതിനാൽ  ഏലമ്മച്ചി ലേശം  പരിഭ്രമിക്കുക തന്നെ ചെയ്തു.  വീട് പണി  നടക്കുന്നിടത്ത്  ചെന്നു കഴിഞ്ഞാൽ  പിന്നീട്  സന്ധ്യ ആകുന്നിടം  വരെ  അവിടെ താങ്ങുകയാണ്  ബേബിച്ചന്റെ പതിവ്.  ബേബിച്ചന്റെ മക്കളെ  കുറിച്ച് പറഞ്ഞത് കേട്ടു കാണുമോയെന്ന ആധി  ഏലമ്മച്ചിയെ കാർന്നു തിന്നുകൊണ്ടിരിക്കുകയായിരുന്നു.
എന്താടാ  ബേബിയേ... ഈപ്പച്ചൻ മകനെ നോക്കി ലേശം കടുപ്പിച്ചു തന്നെയാണ് ആ ചോദ്യം ചോദിച്ചത്..


അപ്പന്റെ യാത്രയൊക്കെ എങ്ങനെയിരുന്നുവെന്ന് അറിയുവാനാണ്  ഞാൻ  ഇപ്പോൾ ഇങ്ങോട്ട് വന്നത്. മത്തച്ചൻ  തിരികെ  പോകുന്നത് കണ്ടിരുന്നെങ്കിലും, ഇപ്പോഴാണ്  ഇങ്ങോട്ടൊന്നു കയറി  വരാൻ  സമയം  കിട്ടിയത്.

അവിടുത്തെ വീട്  പണി  തുടങ്ങിയോ? ജെസ്സിയുടെ വീട്  പണിയും ഈ  കൂടെ  തന്നെ  പെട്ടെന്ന് തന്നെ തീർക്കുമായിരിക്കുമല്ലോ?.


ബേബിച്ഛന്റെ സംസാരം  ഇഷ്ടപ്പെടാത്ത വിധത്തിൽ  ഈപ്പച്ചൻ മെല്ലെ ഒന്ന് ചിരിച്ചു..


ഉമ്മച്ചന്റെ വീട്  പണി  പെട്ടെന്ന് തന്നെ  തീർക്കണം  എന്നാണ് അവന്റെയും അവളുടെയും  ആഗ്രഹം.... അവർ രണ്ട് പേരും നല്ലത് പോലെ കഷ്ടപ്പെടുന്നത് കൂടാതെ അമ്പിളിയുടെ വീട്ടുകാരും  കൈ  അയച്ചു സഹായിക്കുന്നത്  കൊണ്ട് വീട്  പണി  ഉടനെ തന്നെ തീരുമെന്നാണ്  കരുതുന്നത്..


ആട്ടെ... നിന്റെ വീട്  പണി എന്തായി.. മക്കളെ എല്ലാവരേയും സഹായിക്കണമെന്ന്  എന്റെ മനസ്സിൽ  ഉണ്ടെങ്കിലും,  ഇവിടുത്തെ ചിലവുകൾ   കഴിഞ്ഞിട്ട് ആരെയും  സഹായിക്കാൻ  കഴിയാറില്ല.


ഈപ്പച്ചൻ  നിസഹായസ്ഥ വെളുപ്പെടുത്തുന്നത് പോലെ കൈ മലർത്തി ബേബിച്ചന് നേരെ തിരിഞ്ഞു..

വീടുപണിയെ പറ്റിയൊന്നും വിശദമായി പറയാതെ  ബേബിച്ചൻ കാര്യഗൗരവമുള്ള  വിഷയം  അപ്പനോട് അവതരിപ്പിച്ചു.


രണ്ട് ആഴ്ച  കഴിയുമ്പോൾ  ഞങ്ങൾ അങ്ങോട്ട്‌ മാറാൻ ഇരിക്കുകയാണ്. വീടിന്റെ കൂദാശയ്ക്ക് എങ്കിലും അപ്പൻ ഇവിടെ കാണണമെന്ന് കരുതിയാണ് ഈ  വിവരം   നേരത്തേ തന്നെ   പറയുന്നത്.


ആട്ടെ... അപ്പോൾ  നോക്കാം... ഈപ്പച്ചൻ  ഉദാസീന  മട്ടിൽ  പറഞ്ഞിട്ട് ചാവാടിയിലേക്ക് നടന്നു.

നീ  വീട്  പണി  പൂർത്തിയാക്കുന്നതിന് മുൻപ്  തന്നെയങ്ങു കയറി  താമസിക്കുവാൻ  തീരുമാനിച്ചോ?. അതു  വരെ മൗനമായി  നിന്നതിന്  ശേഷം   ഏലാമ്മച്ചി  സംശയ ദൂരീകരിക്കുവാനായി  ബേബിച്ചനോട്  ചോദിച്ചു.


പണി  പൂർത്തീകരിച്ചിട്ടു കയറി താമസിക്കുവാൻ  പറ്റുന്ന സാഹചര്യമല്ല  ഇപ്പോൾ ഉള്ളത്.  അന്നമ്മയ്ക്കും എത്രയും  പെട്ടെന്നു തന്നെ പുതിയ  വീട്ടിലേക്ക് മാറണമെന്നാണ്  ആഗ്രഹം.


ബാക്കി പണികൾ  വീട്ടിൽ താമസിച്ചുകൊണ്ട് സാവകാശം  നടത്തുകയും ചെയ്യാം.  ഏലമ്മച്ചി  മറുപടിയൊന്നും  പറയാതെ  അടുക്കളയിലേക്ക് ഉൾവലിഞ്ഞു.


ബേബിച്ചൻ മെല്ലെ വീട്  പണി  നടക്കുന്നിടത്തക്ക്‌ ഇറങ്ങി നടന്നു.

*******


രണ്ട് ദിവസം  കഴിഞ്ഞിട്ട്   ഉമ്മച്ചൻ  തടി  മുറിക്കുന്നതിന്റെ അളവ് എടുക്കുവാനും, സ്വന്തം പ്രതാപം കാട്ടുവാനുമായി   നാരായണൻ  ആചാരിയെ താഴത്തു   വടക്ക് തറവാട്ടിലേക്ക് ക്ഷണിച്ചു.

 ഉമ്മച്ചന്റെ ക്ഷണം  കിട്ടിയപ്പോൾ തന്നെ നാരായണൻ   ആചാരിയ്ക്ക് സന്തോഷം  അടക്കുവാൻ  ആയില്ല.


ഇങ്ങനെയൊരു ചോദ്യം  കേൾക്കുവാൻ മനസ്സ് പലപ്പോഴും  വിങ്ങി  നിറഞ്ഞിട്ടുണ്ട് സാറെ... ഇപ്പോഴെങ്കിലും  സാറിനു  എന്നെ സ്വന്തം വീട്ടിലേക്ക്   വിളിക്കുവാൻ തോന്നിയല്ലോ...


ഇന്ന് തന്നെ രാത്രി നമ്മൾക്ക്  പോയേക്കാം.. സാറെ..   നാളെ രാവിലെ അവിടെ എത്തുകയും ചെയ്യാമല്ലോ..


പോകുന്ന വഴിയിൽ  എവിടെ നിന്നെങ്കിലും മദ്യപിക്കണമെന്നുള്ള ചിന്ത മനസ്സിനെ തൊട്ടു ഉണർത്തിയപ്പോൾ 
നാരായണൻ  ആചാരി പോക്കറ്റിലേക്ക് വിരലുകൾ  നീട്ടി. 

ശൂന്യമായ  പോക്കറ്റ് നിസഹായവസ്ഥയുടെ സമ്മാനിച്ചപ്പോൾ  നാരായണൻ ആചാരി  ഉമ്മച്ചന് നേരെ തിരിഞ്ഞു. 


സാറെ... ഒരു ആയിരം  രൂപാ  കടം  തരുമോ?.. പറ്റു ബുക്കിൽ കുറിച്ച് വെച്ചിട്ട്  പണി തുടങ്ങുമ്പോൾ  അതു കുറച്ചു ബാക്കി തുക തന്നാൽ  മതി..


ഉമ്മച്ചൻ  വീടിനുള്ളിൽ നിന്നു ആയിരം  രൂപായെടുത്ത്  ആചാരിയ്ക്ക് കൊടുത്തിട്ട് താക്കീത് പോലെ ഓർമ്മപ്പെടുത്തൽ നടത്തി..


സന്ധ്യക്ക്‌ തന്നെ ഇങ്ങു വന്നേക്കണം... വൈകിട്ട്  ഫാസ്റ്റ്  പാസഞ്ചർ  ബസിൽ  പോയാൽ  നമ്മൾക്ക് വെളുപ്പിനെ തന്നെ വീട്ടിൽ ചെല്ലാം.

ഒരു ചെറിയ  മൂളിപ്പാട്ടും പാടി  നാരായണൻ  ആചാരി  അയാളുടെ വീട്ടിലേക്ക് മെല്ലെ നടന്നു..


തുടരും


രഞ്ജിത്ത് മാത്യു 

കവർ ചിത്രം: ബിനോയ് തോമസ് 

Related Post