ബന്ധങ്ങൾ (നോവൽ - 51)

Sept. 20, 2021

വത്സലയും, മക്കളും തിരികെ പോയി കഴിഞ്ഞപ്പോൾ മുതൽ മറിയാമ്മച്ചിയ്ക്ക് എന്തെന്നില്ലാത്ത ശൂന്യത തോന്നിതുടങ്ങി . രണ്ടു ദിവസം കൂടി കഴിയുമ്പോൾ ഈപ്പച്ചനും കൂടി തിരികെ പോകുമെന്നുള്ള ചിന്ത അവരെ  വല്ലാതെ  തളർത്തുക തന്നെ ചെയ്തു.

 

 

താഴത്ത് വടക്ക് തറവാട്ടിൽ നിന്നും യാത്ര തിരിച്ചപ്പോൾ കൈ മുതലായി കിട്ടിയ ധൈര്യം എങ്ങോ ചോർന്നു പോകുന്നത്  അവരുടെ നടപ്പിലും, പ്രവൃത്തികളിലും വെളിപ്പെട്ടു തുടങ്ങിയിരുന്നു.

 

 

അമ്മച്ചിയുടെ ഭാവമാറ്റം മനസ്സിലാക്കിയത് പോലെ അമ്പിളി മറിയാമ്മച്ചിയെ കെട്ടി പിടിച്ചു ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു.

 

വിഷമം ഒക്കെ മാറില്ലേ  അമ്മച്ചീ... പ്രയാസപ്പെടുവാൻ  ഒന്നും തന്നെ ഇവിടെ  ഇല്ലല്ലോ. അമ്പിളി അങ്ങനെ പറഞ്ഞിട്ട് ഉമ്മച്ചന് നേരെ ഗൗരവത്തോടെ നോക്കികൊണ്ട് തുടർന്നു.

 

 

രണ്ടു മൂന്ന് ആഴ്ചകൾ കഴിയുമ്പോൾ ഞാൻ അങ്ങ് കുവൈറ്റിനു പോകും. പിന്നെ ഉമ്മച്ചായനേയും , പിള്ളാരേയും  നോക്കി പരിപാലയ്ക്കേണ്ടിയ ഉത്തരവാദിത്വം   അമ്മച്ചിയ്ക്ക് തന്നെയാ..

 

ജർമ്മനിയിൽ നിന്നും ജെസ്സിയും,  തൊമ്മച്ചനും, കുട്ടികളും അധികം താമസിക്കാതെ അവധിക്ക് വരുന്നുണ്ടെന്നാണ് ഇന്നലെയും വിളിച്ചപ്പോൾ പറഞ്ഞത്. അവർ നാട്ടിൽ വന്നാൽ മിക്കവാറും അമ്മച്ചിയുടെ കൂടെ ഇവിടെ തന്നെ ആയിരിക്കും.  തൊമ്മച്ചന്  അമ്മച്ചിയെന്നു പറഞ്ഞാൽ ജീവനാണ്.

 

"അത് പിന്നെ എനിക്കറിയാത്ത കാര്യം ഒന്നും അല്ലല്ലോ"...

 

“സ്നേഹമുള്ള മരുമകനായാൽ അങ്ങനെ തന്നെ വേണം”.   വിഷമിച്ചു നിന്ന മറിയാമ്മച്ചി വിഷമം മറന്നതുപോലെ  ഉപ്പേരിപോലെ മറുപടി പറയുവാൻ തുടങ്ങിയപ്പോൾ അമ്പിളിയുടെ മുഖം തെളിഞ്ഞു.

 

അപ്പച്ചാ...

 

പണ്ട് ഇവിടെ  നിന്ന ലതയെ വീട്ടുജോലിക്ക് കിട്ടുകയായിരുന്നങ്കിൽ നല്ലതായിരുന്നു. നല്ല ചുറുചുറുക്കോടെ ജോലി ചെയ്യുന്ന അവളെ പറഞ്ഞു വിട്ടത് എന്തിനാണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. ലതയെന്നു കേട്ടതും ഉമ്മച്ചന്റെ കണ്ണുകളിൽ ചെറിയൊരു പ്രകാശം മൊട്ടിട്ടു.

 

അത് എന്തായാലും വേണ്ട മോളേ ... ഇനി അവളെ ഇവിടെ  വീട്ടുജോലിക്ക് വിളിക്കാൻ ചെന്നാൽ മുട്ടുകാൽ തല്ലി  ഒടിക്കുമെന്നാണ്  അവളുടെ അച്ഛൻ പറഞ്ഞിരിക്കുന്നത്. 

 

കാരണം ഒന്നും അയാൾ പറഞ്ഞില്ലേ അപ്പച്ചാ?.

 

മറുപടിയൊന്നും പറയാതെ ഈപ്പച്ചൻ  ഉമ്മച്ചനെ തുറിച്ചൊന്നു നോക്കി.   ആ നോട്ടത്തിൽ നിന്നും അർഥം ഗ്രഹിച്ചതുപോലെ ഉമ്മച്ചൻ തല താഴ്ത്തി ഒന്നും അറിയാത്ത ഭാവത്തിൽ നിന്നു.

 

 

അമ്പിളി  മോളേ .....

 

 

അടുത്ത ദിവസം  തിരികെ ചെല്ലുമ്പോൾ പ്രായമുള്ള ആരെയെങ്കിലും വീട്ടുജോലിക്ക് കിട്ടുമോയെന്നു നോക്കാം.  ഈപ്പച്ചൻ   അങ്ങനെ പറഞ്ഞിട്ട് തുടർന്നു ..

 

 

വീട്ടു ജോലിയ്ക്ക് ആളുകളെ കിട്ടുവാൻ ഇപ്പോൾ  വലിയ പ്രായാസമാണ്.  എല്ലാവരും തൊഴിൽ ഉറപ്പിനും, കാട് പറിക്കുവാനും  ഒക്കെയാണ്  പോകുന്നത്. അതാകുമ്പോൾ അവർക്ക് ന്യായമായ കൂലിയും കിട്ടും,  കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്യാം.

 

എന്നാലും അപ്പച്ചൻ  ബേബിച്ചായനോട് പറഞ്ഞാൽ എവിടെ നിന്നെങ്കിലും ഒരെണ്ണത്തിനെ തപ്പിയെടുത്തു തരും.

 

ഇനി അതിന്റെ കുറവ് കൂടിയേ ഉള്ളൂ... ഇവിടുത്തെ കാര്യങ്ങൾ  എന്തൊക്കെയോ ലത ബേബിച്ചനോട് പറഞ്ഞിട്ടുണ്ടെന്നാണ് തോന്നുന്നത്.  അല്ലെങ്കിൽ കഴിഞ്ഞ ആഴ്ച ലതയുടെ കാര്യം പറഞ്ഞപ്പോൾ അവൻ അത്രയും ചൂടാകുകയില്ലായിരുന്നു.

 

തെറ്റിന്റെ പക്ഷത്ത് ഒരിക്കലും ബേബിച്ചൻ  നിൽക്കില്ലെന്ന്  അറിയാവുന്ന മറിയാമ്മച്ചി ഇലയ്ക്കും, മുള്ളിനും കേടില്ലാത്ത വിധത്തിൽ പ്രശനം പരിഹരിക്കുവാനായി  എല്ലാവരോടും ആയിട്ട് പറഞ്ഞു.

 

അവൾ വരുന്നില്ലെങ്കിൽ വേണ്ട .... മറ്റു ആരെയെങ്കിലും കിട്ടുമോയെന്ന്  നമ്മൾക്ക് നോക്കാം ..

 

 

അമ്പിളി പോയി കഴിയുമ്പോൾ ആരെങ്കിലും ഇവിടെ ഇല്ലെങ്കിൽ എനിക്ക് ബുദ്ധിമുട്ടാണ്.. 

 

ഒക്കെ ശരിയാകും അമ്മച്ചീ... അമ്പിളി  അങ്ങനെ പറഞ്ഞിട്ട് അടുക്കളയിലേക്ക് നടന്നു പോയി. 

 

കുഞ്ഞെലിയാമ്മ  അമ്പിളിയുടെ ഒപ്പം അടുക്കളയിലേക്ക് നടന്നു.  വേലക്കാരിയെ പറ്റിയുള്ള  സംസാരത്തിനിടയിൽ എന്തൊക്കെയോ അശുഭസൂചനകൾ കിട്ടിയത്  മകളോട് വെളിപ്പടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം .

 

പക്ഷേ .. അപ്പോഴേക്കും അമ്പിളിയുടെ ഫോൺ റിങ് ചെയ്യുവാൻ തുടങ്ങി.. മറുതലയ്ക്കൽ ഇബ്രാഹീം ഡോക്ടർ ആയിരുന്നു.. അമ്പിളി എത്രയും പെട്ടെന്ന് തന്നെ തിരികെ വരണമെന്ന് ഓർമ്മപ്പെടുത്തുവാൻ ആയിരുന്നു അയാൾ വിളിച്ചത്.

 

രണ്ടാഴ്ചയ്ക്കകം തിരികെ കുവൈറ്റിൽ ലാൻഡ് ചെയ്യുമെന്ന് പറഞ്ഞു കഴിഞ്ഞപ്പോഴാണ് അയാൾ ഫോൺ വെച്ചത്. 

 

 

ആരായിരുന്നു അത്... ഉമ്മച്ചൻ  അമ്പിളിയുടെ സംസാരം കഴിഞ്ഞപ്പോൾ തിരക്കി.

 

അതോ ...

 

 ഇബ്രാഹീം ഡോക്ടർ ആയിരുന്നു.

 

 

ഉമ്മച്ചൻ ഒന്നും മറുപടി പറഞ്ഞില്ല... ഇനി വീട് പണി കഴിഞ്ഞു മാത്രമേ തിരികെ വരുവാൻ പറ്റുകയുള്ളു.. അർഹതയുള്ളതിൽ കൂടുതൽ ലീവ് ഈ പ്രാവശ്യം എടുത്തു  കഴിഞ്ഞിരിക്കുന്നു. അത് ഓർപ്പിക്കുവാനും കൂടിയാണ് ഇബ്രാഹീം ഡോക്ടർ വിളിച്ചത്.

 

കുഞ്ഞെലിയാമ്മ  മകളുടെ സംസാരം കേട്ടു  നിന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. മനസ്സിൽ നുരഞ്ഞു പൊന്തിയ സംശയം കെട്ടടങ്ങിയതു പോലെയായിരുന്നു അവരുടെ അപ്പോഴത്തെ പ്രവർത്തി. അടുക്കളയിൽ നിന്നമൊരു പിച്ചാത്തി കയ്യിൽ എടുത്തിട്ട് ആരോടെന്നില്ലാതെ അവർ പിറുപിറുത്തു.

 

 

ഉപ്പ് തിന്നുന്നവർ എപ്പോഴാണെങ്കിലും വെള്ളം കുടിക്കുക തന്നെ ചെയ്യും. അമ്പിളി അത് കേട്ടെങ്കിലും മറുപടിയൊന്നും പറയാതെ അടുക്കൽ ജോലിയിൽ മുഴുകി..

 

 

തുടരും

 

 

രഞ്ജിത്ത് മാത്യു

കവർ ചിത്രം: ബിനോയ് തോമസ്  

Related Post