ബന്ധങ്ങൾ (നോവൽ - 50)

Sept. 7, 2021

ആഹാ ...

 

ഇവിടെ ഇരിക്കുകയായിരുന്നോ?.. ഈപ്പച്ചൻ  അത്യാവേശത്തത്തോടെയായിരുന്നു ആ ചോദ്യം ഇത്താക്കുവിനോട് ചോദിച്ചത്.

 

മറുപടി വെറുമൊരു മൂളലിൽ ഒതുക്കി പത്രപാരായണത്തിൽ മുഴുകുകയാണ് അയാൾ ചെയ്തത്.

.

അത് വകവയ്ക്കാതെ ഈപ്പച്ചൻ ഇത്താക്കുവിന്റ  എതിർവശത്തുള്ള കസേരയിൽ ഇരുന്നിട്ട് മകന്റെയും, മകളുടേയും  വീടുപണിയെ കുറിച്ച് ചെറിയൊരു വിവരണം നടത്തുവാൻ തുടങ്ങി.

 

രണ്ടു വീടുകളും നാല് മാസങ്ങൾക്ക് ഉള്ളിൽ തന്നെ പണി പൂർത്തീകരിച്ചു തിരികെ നൽകി കൊള്ളാമെന്ന്  കോൺട്രാക്ടർ മുഹമ്മദ് കുട്ടി പറഞ്ഞിട്ടുണ്ട്. 

 

ഉമ്മച്ചനും, ജോളിയ്ക്കും വീട് പണിക്ക് ആവശ്യമുള്ളത്രയും തടി വെട്ടി ഉരുപ്പടിയാക്കി അവിടെ വെച്ചിരിക്കുകയാ... വീട്ടിൽ ചെന്നാൽ ഉടനെ തന്നെ അത് ഇങ്ങോട്ട് കൊടുത്തു വിടുവാനുള്ള ക്രമീകരണങ്ങൾ നടത്തുകയും വേണം.

 

ഒക്കെ ദൈവാധീനം...........

 

താഴത്ത് വടക്ക് തറവാട്ടിലേക്ക് മരുമകളായി മകൾ കയറികൂടിയപ്പോൾ മുതൽ അവൾക്ക് ലഭിക്കുന്ന ഈ സൗഭാഗ്യങ്ങൾക്ക് ദൈവത്തെ എത്ര സ്തുതിച്ചാലും മതിയാവുകയില്ലെന്ന് അറിയാവുന്ന ഇത്താക്കുവിന്  അത്ര മാത്രമേ മറുപടിയായി അപ്പോൾ പറയുവാൻ തോന്നിയുള്ളു.

 

ഈപ്പച്ചൻ ഒന്നമർത്തി മൂളിയിട്ട് കസേരയിൽ ഒന്നു കൂടി ഞെരിഞ്ഞു കൂടി ഇരുന്നപ്പോഴാണ്  കോൺട്രാക്ടർ മുഹമ്മദ് കുട്ടിഅവിടേക്ക് കടന്നു വന്നത്.

 

 

അപ്പച്ചാ.... അടുത്ത ആഴ്ച  അവിടെ അറപ്പിച്ചു  വെച്ചിരിക്കുന്ന തടികൾ ഇവിടെ എത്തിക്കുവാനുള്ള ഏർപ്പാടുകൾ ചെയ്യുവാൻ മറക്കേണ്ട കേട്ടോ?. തടി പണികൾ ഉമ്മച്ചൻ തന്നെയാണ് ചെയ്യിക്കുന്നതെങ്കിലും , വീട് പണി ഏറ്റെടുത്തപ്പോൾ കുറെയേറെ കാര്യങ്ങൾ ഞാനും കൂടി നോക്കാമെന്ന്  ഏറ്റിട്ടുണ്ട്.

 

അത് എന്തായാലും നന്നായി മോനേ ...

 

ഉമ്മച്ചൻ ഓഫിസിൽ പോയി കഴിയുമ്പോൾ , വീട് പണിയുടെ കാര്യങ്ങൾ നോക്കുവാൻ സമർത്ഥനായ ഒരാളെ കണ്ടു പിടിക്കണമെന്ന് കഴിഞ്ഞ ദിവസം കൂടി പറയുന്നത് കേട്ടിരുന്നു.

 

 

അതിന് ഏതായാലും പെട്ടെന്ന് തന്നെ ഒരു തീരുമാനം ആയി കിട്ടിയല്ലോ. ഈപ്പച്ചൻ  അങ്ങനെ പറഞ്ഞിട്ട് മുഹമ്മദ് കുട്ടിയുടെ മുഖത്തേക്കൊന്ന് പാളി നോക്കി..

 

 

ഇയാളുടെ വീട് ഇവിടെ  അടുത്ത് തന്നെയാണോ?.  ഇത്താക്കൂ പത്രപാരായണം മതിയാക്കി മുഖം ഉയർത്തികൊണ്ടാണ് ആ ചോദ്യം ചോദിച്ചത്.

 

 

അതെ ... മുഹമ്മദ് കുട്ടി ഒഴുക്കൻ മട്ടിൽ ചിരിച്ചു കൊണ്ട് ഉത്തരം പറഞ്ഞിട്ട് ഈപ്പച്ചന്റെ  നേരെ തിരിഞ്ഞു. നിന്നിട്ടു പറഞ്ഞുതുടങ്ങി.

 

"ഉമ്മച്ചനെ ആദ്യമായി ഞാൻ പരിചയപ്പെടുന്നത് ആകാശവാണിയിൽ കോൺട്രാക്ട് പണിക്ക് ചെന്ന കാലത്താണ്. ഉമ്മച്ചൻ അന്ന് അവിടെ ടെലിഫോൺ ഓപ്പറേറ്റർ ആയിട്ടായിരുന്നു ജോലി ചെയ്തിരുന്നത്.

 

 

കാലങ്ങൾ കഴിഞ്ഞപ്പോഴേക്കും  പ്രൊമോഷൻ കിട്ടി ഉമ്മച്ചൻ അവിടെ തന്നെ ഓഫീസർ ഗ്രേഡിൽ എത്തിച്ചേർന്നു. അന്ന് മുതൽ ഉള്ള ഈ സൗഹൃദ ബന്ധം മുറിയാതെ സൂക്ഷിക്കുന്ന എനിക്ക് കിട്ടിയ അസുലഭ മുഹൂർത്തമാണ്  ഈ വീട് പണിയ്ക്കുള്ള നിയോഗം".

 

 

ഈപ്പച്ചനും, ഇത്താക്കൂവും മറുപടിയൊന്നും പറയാതെ എല്ലാം കേട്ടുകൊണ്ട് അവിടെ തന്നെ ഇരുന്നു.

 

 

അപ്പച്ചാ ... പണി നടക്കുന്നത് ഒക്കെ കാണേണ്ടേ?..

 

ഈപ്പച്ചനും , ഇത്താക്കുവും  കോൺട്രാക്ടറുടെ  ഒപ്പം നടന്നു.. വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ അവിടെ നിന്നും കുറെ അകലെയായിരുന്നു പണി സ്ഥലം. അവിടെ എത്തിയപ്പോൾ ഈപ്പച്ചന്  സ്വന്തം കണ്ണുകളെ വിശ്വസിക്കുവാൻ കഴിഞ്ഞില്ല...

 

 

വീടിന്റെ തറ നിരപ്പോളം ഉയന്നിരിക്കുന്നു. വീട് പണി പെട്ടെന്ന് തന്നെ തീർക്കുവാനാണ് ഉമ്മച്ചനും, അമ്പിളിയും  പറഞ്ഞിരിക്കുന്നത്. നാട്ടിൽ അറപ്പിച്ചു  വെച്ചിരിക്കുന്ന തടികൾ കിട്ടിക്കഴിഞ്ഞാൽ നാരായണന്‍ ആചാരി പണി തുടങ്ങുവാൻ  തയ്യാറായി നിൽക്കുകയാണ്.

 

അവർക്ക് രണ്ടാൾക്കും സന്തോഷം തോന്നാതിരുന്നില്ല.  മകളുടെ വലിയ വീട് കാണുവാൻ ഇത്താക്കുവിന്റെ മനം തുടിച്ചു. ഒറ്റമുറി വീട്ടിൽ നിന്നും ഏതാനും ദിവസം മകളുടെ വീട്ടിൽ വന്നു നിൽക്കുന്നതായി അയാൾ മനക്കണ്ണുകൊണ്ടു   സ്വപ്നം കണ്ടു.

 

 

അവർ ഇരുവരെയും തിരികെ വീട്ടിൽ കൊണ്ടാക്കിയിട്ടാണ് കോൺട്രാക്ടർ മുഹമ്മദ് കുട്ടി മടങ്ങിയത്. മടങ്ങുന്നതിന്  മുൻപ് അയാൾ വീട്ടിൽ എല്ലാവരെയും കണ്ടു വിശേഷങ്ങൾ ആരായുവാനും സമയം കണ്ടെത്തിയിരുന്നു.

 

അയാൾ പോയി കഴിഞ്ഞപ്പോൾ ഉമ്മച്ചൻ   മുഹമ്മദ് കുട്ടിയെ പറ്റി  വാചാലനായി.  

 

 

"ഏറ്റെടുക്കുന്ന ജോലികൾ വലിയ തരക്കേടില്ലാതെ തന്നെ തീർക്കുന്ന അയാളുടെ ഡേറ്റ്  കിട്ടുവാൻ വേണ്ടി ഇവിടെങ്ങളിൽ  പലരും ക്യൂ നിൽക്കുകയാണ്. എന്റെ വീടാണെന്ന് പറഞ്ഞപ്പോൾ തന്നെ ഒരു മടിയും ഇല്ലാതെ പണിയിപ്പി ക്കാമെന്ന്‌  സമ്മതിച്ചു.

 

 

ഒക്കെ ദൈവകൃപ.... മറിയാമ്മച്ചി  ആത്‌മീയ ഉണർവ് ലഭിച്ചതുപോലെ കൈകൾ ആകാശത്തേക്ക് കൂപ്പിക്കൊണ്ടാണ് അങ്ങനെ പറഞ്ഞത്.  കുഞ്ഞേലിയാമ്മ മകൾക്ക് ലഭിച്ച ആ സൗഭാഗ്യ വാർത്ത  നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ ഒപ്പികൊണ്ടാണ് സ്വീകരിച്ചത്.

 

*****

 

 

പ്രാതൽ കഴിഞ്ഞ ഉടനെ തന്നെ  വത്സലയും, ചാക്കോച്ചനും, സച്ചുവും, റോണിയും പോകുവാൻ ഒരുങ്ങിയിരുന്നു.   വത്സല കയ്യിൽ കരുതിയിരുന്ന പൊതി അമ്പിളിയെ ഏല്പിച്ചെങ്കിലും , അമ്പിളി അത് തിരികെ നൽകി. നൽകിയിട്ട്  സ്നേഹത്തോടെ ഒരു ഉപദേശം നൽകുവാൻ മറന്നില്ല..

 

 

ഇതൊക്കെ വീട് പണി കഴിയുമ്പോൾ നൽകിയാൽ മതി... അതുവരെ നിൽക്കുവാനുള്ള കാശൊക്കെ കുവൈറ്റിൽ നിന്നും കൊണ്ടുവന്നിട്ടുണ്ട് . അത് തിരികെ വാങ്ങിച്ചു കൊണ്ട് വത്സല അമ്മയുടെ അരികിലേക്ക് നടന്നിട്ട് മെല്ലെ അമ്മയോടായി പറഞ്ഞു.

 

 

"ഈ കാശ് ഞാൻ ബേബിച്ചായന്‌ കൊടുക്കുവാൻ പോകുകയാ... അവിടെയും വീടുപണി നടക്കുകയല്ലേ..." കേട്ടപാടെ മറിയാമ്മച്ചിയുടെ മട്ടും  ഭാവവും മാറി. അധികാരം പ്രയോഗിച്ചു ആ കവർ കയ്യിൽ വാങ്ങിയിട്ട് മകളോട് മെല്ലെ കയർത്തു "

 

 

അന്നമ്മയുടെ വീട്ടുകാർ അവന്  ആവശ്യമുണ്ടെങ്കിൽ കൊടുത്തുകൊള്ളും.  ഈ കാശ് എന്തായാലും എന്റെ കയ്യിൽ ഇരിക്കട്ടെ... ഇവിടെ  എനിക്ക് മരുന്ന് വാങ്ങാൻ എങ്കിലും ഉപകാരപ്പെടുമല്ലോ.  മറിയാമ്മച്ചിയുടെ ആ കുശുകുശുപ്പിൽ നിന്നും കാര്യങ്ങളുടെ കിടപ്പ് മനസ്സിലായതുപോലെ അമ്പിളി അമ്മയെ നോക്കിയൊന്നു ചിരിച്ചു.

 

 

കുഞ്ഞെലിയാമ്മയ്ക്ക് മകളുടെ ആ ചിരിയുടെ അർത്ഥം  മനസ്സിലായില്ലെങ്കിലും , എന്തെങ്കിലും കുരുട്ടു ബുദ്ധിയായിരിക്കുമെന്ന്  മനസ്സിലാകാതെ ഇരുന്നില്ല. ചോദിക്കുവാൻ ആഞ്ഞെങ്കിലും ആ സാഹസത്തിൽ നിന്നും മനസ്സിനെ ആരോ പിടിച്ചു വലിക്കുന്നതായി തോന്നി.

 

 

 

 

വത്സല ഒന്നും മറുപടി അമ്മയോട്  പറയാതെ യാത്ര പറഞ്ഞു ഇറങ്ങി. സച്ചുവും,  റോണിയും  നിരാശയോടെ ടോമിനോടും, ജെറിയോടും യാത്ര പറഞ്ഞു. ജെസ്സിയുടെ മക്കളായ ബ്ലസ്സനും ,  ആശിതയും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ത് രസം ആയിരുന്നെന്ന്  ടോം പറയുകയും കൂടി ചെയ്തു.

 

തുടരും

 

 

രഞ്ജിത്ത് മാത്യു

കവർ ചിത്രം: ബിനോയ് തോമസ് 

Related Post