ബന്ധങ്ങൾ (നോവൽ - 49)

Aug. 9, 2021

കല്ലിടീൽ കഴിഞ്ഞത് മുതൽ  ഈപ്പച്ചന്റെ മനസ്സ് അസ്വസ്ഥമായിരുന്നു.  തന്റെ കാലശേഷം മക്കൾ എല്ലാവരും തുല്യമായി അനുഭവിക്കണ്ടിയ മുതലാണ് താൻ അന്യായമായി  ഒരാൾക്കായി ചിലവഴിച്ചു  കൊണ്ടിരിക്കുന്നത്.

 

ദൈവ സന്നിധിയിൽ ചെല്ലുമ്പോൾ കണക്ക് ബോധിപ്പിക്കുവാൻ ബാധ്യസ്തനായൊരു സത്യ ക്രിസ്ത്യാനിയുടെ മനോ വ്യഥ ആ മനസ്സിനെ ഉമ്മി തീ പോലെ നീറ്റികൊണ്ടിരുന്നു. രാത്രി കിടന്നപ്പോൾ ആ വ്യഥ മറിയാമ്മച്ചിയുമായി പങ്കു വയ്ക്കുവാനും ഈപ്പച്ചൻ  മറന്നില്ല.

 

 

കേട്ട പാടെ മറിയാമ്മച്ചി പുച്ഛത്തിൽ ഒരു ശബ്ദം ഉണ്ടാക്കിയിട്ട് ഭർത്താവിനോടായി പറഞ്ഞു.

 

" ഈ ലോകത്ത് കിടന്നു കഷ്ടപ്പെട്ടിട്ടു അങ്ങേലോകത്ത് ചെന്ന് സുഖിക്കുന്നതിന്റെ പൊരുൾ എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല".

 

 

വസ്തുവും, പണവും കൊടുത്തില്ലെങ്കിൽ ഉമ്മച്ചനും, അമ്പിളിയും കൂടി കാട്ടി കൂട്ടുവാൻ പോകുന്ന പരാക്രമണങ്ങളെ ഓർത്തായിരുന്നു മറിയാമ്മച്ചിയുടെ ആ ആധി മുഴുവനും.  പെണ്മക്കളായ ജോളിയ്ക്കും, വത്സലയ്ക്കും വീതം പോലെ എന്തെങ്കിലും കൊടുക്കുന്നതിന് മറിയാമ്മച്ചിയ്ക്ക് എതിർപ്പൊന്നും ഇല്ല.  മറ്റു മക്കൾക്ക് കൊടുക്കുന്നതിനാണ് മറിയാമ്മച്ചിയുടെ എതിർപ്പ് മുഴുവൻ.

 

 

ഈ നിബന്ധനകൾ എല്ലാം കേൾക്കുമ്പോൾ   ഒച്ചയെടുക്കുമെന്നു കരുതി  ഭാഗം വയ്ക്കുന്ന കാര്യം പറയുവാൻ മറിയാമ്മച്ചിയ്ക്കും ചെറിയ പേടി ഉണ്ട്.  എങ്കിലും അവർ അധികം ഒച്ചത്തിലല്ലാതെ  " എന്നാൽ നിങ്ങൾ എല്ലാം കെട്ടി പിടിച്ചു ചാകുമ്പോൾ കൂടെ കൊണ്ടുപോയ്ക്കോയെന്ന്  പറഞ്ഞു കൊണ്ട് താൽക്കാലത്തേക്ക് സംസാരം നിർത്തി. ഈപ്പച്ചന്  അതിന്  മറുപടി പറയുവാൻ അറിയാമായിരുന്നെങ്കിലും മൗനം അവലംബിച്ചുകൊണ്ട് മുറിയിലൂടെ  മെല്ലെ നടന്നു.

 

 

 

നീ പലപ്പോഴും പറയുന്നതു പോലെ  ഈ കാണുന്ന സ്വത്തുക്കൾ ഒന്നും തന്നെ ഞാൻ സമ്പാദിച്ചതല്ല... പക്ഷേ  ഈകാലമത്രയും   ഈ ഭൂമി അന്യാധീനപ്പെടുത്താതെ നോക്കി നടത്തിയതിന്റെ അവകാശം എനിക്ക് തന്നെയാണ്.

 

 

ഈപ്പച്ചൻ  അത് പറഞ്ഞപ്പോൾ കണ്ഠം ഇടറിയോ എന്നൊരു സംശയം മറിയാമ്മച്ചിയെ ആലിംഗനം ചെയ്യാതിരുന്നില്ല.  പക്ഷെ ആ ചിന്തയ്ക്ക് അൽപായുസ്സു മാത്രമേ ഉണ്ടായിരുന്നുള്ളു.

 

" എന്താണെന്ന് വെച്ചാൽ നിങ്ങളുടെ ഇഷ്ടം പോലെ ചെയ്തോ". മറിയാമ്മച്ചി വിനീതമല്ലാത്ത ഭാവത്തിൽ  ഈപ്പച്ചന്റെ  നേരേ  നോക്കിയിട്ടു പരിഹാസ ചിരി ചിരിച്ചു.

 

മറുപടിയൊന്നും പറയാതെ ഈപ്പച്ചൻ , തുറന്നിട്ടിരിക്കുന്ന ജനൽപാളിയ്ക്ക്  ഇടയിലൂടെ  ശശാങ്കനെ നോക്കി അങ്ങനെ തന്നെ നിന്നു.

 

****

 

അതേ  സമയം അമ്മച്ചിയ്ക്ക് വെള്ളവുമായി വന്ന അമ്പിളി മുറിയിൽ കയറാതെ വെളിയിൽ നിന്നും അവരുടെ സംഭാഷണം അത്രയും കേൾക്കുകയായിരുന്നു.  സ്വത്തുക്കളെല്ലാം  ഉമ്മച്ചായന്റെ  പേരിൽ ഉടനെ തന്നെ എഴുതിക്കാമെന്ന്  കരുതിയിരുന്ന അമ്പിളിയുടെ മനസ്സിലെ   പ്രതീക്ഷയുടെ  പളുങ്കു പാത്രം  തകർന്നു തരിപ്പണമാകുക തന്നെ ചെയ്തു.

 

 

എങ്കിലും സമചിത്ത വെടിയാതെ അമ്പിളി വാതിലിൽ മുട്ടി വിളിച്ചു.

 

ദേ  അമ്മച്ചീ ..... കുടിക്കാൻ വെള്ളം .  അടുക്കളയിലെ പണി തിരക്ക് മൂലം  ഇത്തിരി വൈകി പോയി. അമ്പിളി ക്ഷമാപണം പോലെ അങ്ങനെ പറഞ്ഞിട്ട് അമ്മച്ചിയെ നോക്കിയൊന്നു ചിരിച്ചിട്ട്  ചോദിച്ചു.

 

അപ്പച്ചൻ ഉറങ്ങിയോ.... 

 

ഇല്ലെന്നേ അതിയാൻ ഓരോന്ന് ആലോചിച്ചുകൊണ്ട് കിടക്കയ്ക്ക് അരികിൽ മാനത്തേക്ക് നോക്കി ഇരിപ്പുണ്ട്. മറിയാമ്മച്ചി അത്രയും പറഞ്ഞപ്പോഴേക്കും അമ്പിളി പൊട്ടിചിരിച്ചു.

 

വീടിന്റെ കല്ലിടീലിൽ  കഴിഞ്ഞപ്പോൾ മുതൽ നിങ്ങളുടെ അപ്പച്ചന്റെ  സ്വഭാവത്തിൽ എന്തോ ഒരു മാറ്റം ഉണ്ടോയെന്നൊരു സംശയം എനിക്ക് തോന്നി തുടങ്ങിയിട്ടുണ്ട്.

 

 

 മറിയാമ്മച്ചി വരും വരായ്മകളെ കുറിച്ചൊന്നും ചിന്തിക്കാതെ പെട്ടന്നാണ് അങ്ങനെ പറഞ്ഞത്.

 

അമ്പിളി കതകിന്  പുറത്ത് നിന്ന് അവരുടെ സംഭാഷണം അത്രയും കേട്ടതിനാൽ അതിലെ നെല്ലും , പതിരും ഒന്നും വേർതിരിച്ചു എടുക്കാതെ സൗമ്യതയുടെ മുഖം മൂടി അണിഞ്ഞു കൊണ്ട് സംസാരിച്ചു.

 

വീട് പണി പൂർത്തിയാകുന്നത് വരെ ഉമ്മച്ചായനും  വല്ലാത്ത മാനസിക സമ്മർദ്ദത്തിൽ അകപ്പെട്ടത് പോലൊക്കെ തന്നെയായിരിക്കും   പെരുമാറുന്നത്. ആ സ്വഭാവും ആയിരിക്കും അപ്പച്ചനും കിട്ടിയിരിക്കുന്നത്. സംശയത്തിന്റെ വിത്തുകൾ പാകി വിഷയം തിരിച്ചു വിടുവാനുള്ള ശ്രമത്തിലായിരുന്നു അമ്പിളി. 

 

അപ്പനും മകനും തമ്മിൽ നല്ല മനഃപൊരുതാം ആണല്ലോ ഇങ്ങനെയുള്ള കാര്യങ്ങളിൽ ... മറിയാമ്മച്ചി അമ്പിളിയുടെ  സംഭാഷണത്തിന് ശ്രവണസുഖം നൽകുവാൻ ആയിരുന്നു അങ്ങനെ പറഞ്ഞത്.

 

അത് കേട്ട് അമ്പിളി ഒന്ന് ചിരിച്ചെങ്കിലും മനസ്സിൽ വാതലിന് പുറത്ത് നിന്ന് കേട്ട കാര്യങ്ങളിൽ മനസ്സ് ഉടക്കി കിടന്നു.

 

എന്തായായാലും  ഈ രണ്ടു വീടുകളും കൂടി  തീർന്നു കഴിയുമ്പോൾ അപ്പച്ചനും, അമ്മച്ചിയ്ക്കും അഭിമാനിക്കുക തന്നെ ചെയ്യാം.   മക്കൾക്ക് എല്ലാവർക്കും സ്വന്തമായി വീടായെന്ന ഖ്യാതി ലഭിക്കുകയും ചെയ്യുമല്ലോ. അമ്പിളിയുടെ ആ സംഭാഷണം കേട്ട ഈപ്പച്ചൻ  പിണക്കം വെടിഞ്ഞു ഒരു മന്ദഹാസം അമ്പിളിയ്ക്ക് സമ്മാനിച്ചു.

 

 

 

ഈപ്പച്ചനും, മറിയാമ്മച്ചിയും ഉറങ്ങുവാൻ കിടന്നു കഴിഞ്ഞാണ് അമ്പിളി അപ്പൻ ഇത്താക്കൂ  കിടക്കുന്ന മുറിയിലേക്ക് നടന്നത്.

 

 

മകളുടെ വരവും പ്രതീക്ഷിച്ച് അവർ ഉറങ്ങാതെ അവിടെ കട്ടിലിൽ ഇരിപ്പുണ്ടായിരുന്നു. അമ്പിളിയെ കണ്ട ഉടനെ, പിറ്റേന്ന്  തിരികെ പോകുന്നതിനെ പറ്റിയാണ് കുഞ്ഞെലിയാമ്മ സംസാരിച്ചത്.

 

രണ്ടു ദിവസം കഴിഞ്ഞു നിങ്ങൾക്ക്   തിരികെ പോയാൽ പോരേ  അമ്മേ ....അമ്പിളി തെല്ല്  ദേഷ്യത്തോടെയായിരുന്നു അങ്ങനെ പറഞ്ഞത്.

 

ഉടനെതന്നെ നിന്റെ അപ്പന് തിരികെ പോകണമെന്നാണ് പറയുന്നത്. വീട് പണി ഒക്കെ പൂർത്തിയായി കഴിയുമ്പോൾ എത്ര ദിവസം വേണമെങ്കിലും ഞങ്ങൾക്ക് നിന്റെ ഒപ്പം വന്നു താമസിക്കാമല്ലോ.  കുഞ്ഞെലിയാമ്മ മകളെ നോക്കിയിട്ട് സംസാരം തുടർന്നു.

 

അത്ര ദൂരം ബസ്സിൽ മടക്ക യാത്ര ചെയ്യുന്ന കാര്യം ഒരുക്കുമ്പോൾ തന്നെ മനസ്സിൽ വല്ലാത്തോരു വിമ്മിഷ്ടമാണ്. കുഞ്ഞെലിയാമ്മ  നിസ്സഹായാവസ്ഥ വെളിപ്പടുത്തുകയും ,അവരുടെ കണ്ണുകളെ  ഈറൻ അണിയിക്കുകയും ചെയ്തു.

 

 

 

 

 

അതിന്  നിങ്ങൾ നാളെ പോകേണ്ടെന്ന്  അങ്ങ് വെച്ചാൽ പോരേ .... അമ്പിളി എതിർപ്പിന് അവസരം നൽകാത്ത വിധത്തിൽ നയചാതുര്യത്തോടെയായിരുന്നു സംസാരിച്ചത്.

 

എന്തായാലും മറ്റന്നാൾ അപ്പച്ചൻ തിരികെ പോകുന്നുണ്ട്.  വണ്ടിയിൽ  പെട്രോൾ  അപ്പച്ചൻ അടിച്ചുകൊള്ളും. നിങ്ങളെ അവിടെ തിരികെ വിടുകയും ചെയ്യും. അത് കേട്ടപ്പോൾ ഇത്തക്കുവിന്  എന്തെന്നില്ലാത്ത സന്തോഷം തോന്നി. ..

 

 

അതൊരു നല്ല കാര്യമാണല്ലോ മോളേ ... പോകുമ്പോൾ വഴിചിലവിനുള്ളത്  മാത്രം നീ തന്നാൽ മതി. അപ്പന്റെ സംസാരം കേട്ടപ്പോൾ അമ്പിളിയ്ക്ക് ദേഷ്യവും, സങ്കടവും വന്നു.

 

കയ്യിൽ കരുതിയിരുന്നു ചെറിയൊരു പൊതി കെട്ട്  അപ്പന്റെ കയ്യിൽ കൊടുത്തിട്ട് അമ്പിളി അപ്പനോട് ചെറിയൊരു ഓർമ്മപ്പെടുത്തൽ നടത്താതെയിരുന്നില്ല.

 

ഉമ്മച്ചായന്   ഈയിടെയായി എന്തൊക്കെ സംശയം തോന്നി തുടങ്ങിയിട്ടുണ്ട്.  കഴിഞ്ഞ ദിവസം  സംസാരിച്ചപ്പോൾ  കുവൈറ്റിൽ നിന്ന് കിട്ടുന്ന ശമ്പളത്തിന്റെ സ്ലിപ് കയ്യിൽ ഉണ്ടോയെന്ന് ചോദിക്കുക കൂടി ചെയ്തിരുന്നു.

 

 

നിങ്ങൾക്ക്  പണം തരുന്നുണ്ടെന്നു അറിഞ്ഞാൽ പിന്നത്തെ പുകിൽ ഒന്നും പറയാതെ ഇറക്കുന്നതാ ഭേദം.

 

നീ ഇതൊന്നും പറയുവാൻ നിൽക്കേണ്ട...... വീട് പണിക്കുള്ള കാശൊക്കെ ഉമ്മച്ചന്റെ വീട്ടിൽ നിന്ന് അവന്റെ അപ്പൻ തന്നുകൊള്ളും .

 

 

അമ്പിളി അതിന്  മറുപടിയൊന്നും പറയാതെ , ഉറക്കം  വരുന്ന രീതിയിൽ ചെറിയൊരു കോട്ടുവാ ഇടുകയും, അവിടെ നിന്നും ഇറങ്ങി അവരുടെ കിടപ്പു മുറിയിലേക്ക് നടക്കുകയും ചെയ്തു.

 

 

കിട്ടിയ കാശ് ബാഗിൽ വയ്ച്ചിട്ടാണ് ഇത്താക്കൂ ഉറങ്ങുവാൻ കിടന്നത് .

 

*******

 

പിറ്റേന്ന് നേരം ഏറെ വൈകിയാണ് ഈപ്പച്ചനും, മറിയാമ്മച്ചിയും എഴുന്നേറ്റത്.  അവർ എഴുനേറ്റു വന്നപ്പോൾ ഉമ്മറത്തുള്ള ചാരുകസേരയിലിരുന്നു പത്രപാരായണം ചെയ്യുകയായിരുന്നു അമ്പിളിയുടെ അപ്പൻ ഇത്താക്കൂ.

 

 

(തുടരും)


രഞ്ജിത്ത് മാത്യു 

കവർ ചിത്രം: ബിനോയ് തോമസ് 

Related Post