ബന്ധങ്ങൾ (നോവൽ - 42)

Feb. 23, 2021

കുവൈറ്റിലേക്ക് തിരികെ പോകുന്നതിന് മുന്‍പ് വീട്ടില്‍ ഒന്ന് പോകണമെന്ന് വിചാരിച്ചത് അത്ര വലിയ തെറ്റാണോ ഉമ്മച്ചായാ?.
 
 
ദേഷ്യം മനസ്സില്‍ തോന്നിതുടങ്ങിയപ്പോള്‍ അമ്പിളി ഉമ്മച്ചനോട്‌ ലേശം ഗൌരവത്തില്‍ തന്നെയാണ് ആ ചോദ്യം ചോദിച്ചത്.
 
 
ഉമ്മച്ചന്‍റെ ഉത്തരം മൌനത്തില്‍ ഊന്നിയൊരു ചിരി മാത്രമായിരുന്നു. ഉമ്മച്ചന്‍റെ ആ വിചിത്രഭാവം കണ്ടപ്പോള്‍ അമ്പിളിയ്ക്ക് ദേഷ്യം തോന്നാതിരുന്നില്ല. എങ്കിലും ഉമ്മച്ചനോട്‌ കയര്‍ത്തൊന്നും സംസാരിക്കാതെ  കടുപ്പിച്ചൊരു നോട്ടം  സമ്മാനിച്ചിട്ട്  ചാവടി ലക്ഷ്യമാക്കി അമ്പിളി നടക്കുകയും, ചിന്തകളുടെ ലോകത്ത് മനസ്സിനെ വിരാജിപ്പിക്കുകയും ചെയ്തു.
 
 
സാമ്പത്തികമായി പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന അമ്പിളിയുടെ വീട്ടുകാരെ സഹായിക്കുന്ന കാര്യത്തില്‍ പണ്ടുമുതലേ ഉമ്മച്ചനും അത്ര താത്പര്യമില്ലെന്ന് അമ്പിളിയ്ക്ക് അറിയാമായിരുന്നതിനാല്‍ ഉമ്മച്ചനോട്‌ പോലും പറയാതെയായിരുന്നു കുവൈറ്റില്‍ നിന്നും പണം അയച്ചു അവരെ സഹായിച്ചു കൊണ്ടിരുന്നത്. കടമകള്‍ നിര്‍വഹിക്കുവാനായി സഹായഹസ്തം ഇപ്പോഴും അവര്‍ക്ക് നേരെ നീട്ടുന്നതിനാല്‍ അമ്മയും അപ്പനും കഞ്ഞി കുടിച്ചു കിടക്കുന്നത്.  
 
 
ഉച്ച കഴിഞ്ഞപ്പോഴാണ് ഉമ്മച്ചനും, അമ്പിളിയും, ടോമും, ജെറിയുമെല്ലാം അമ്പിളിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചത്. യാത്രയുടെ ആലസ്യത്തില്‍ ഉമ്മച്ചന്‍ വണ്ടിയില്‍ ഇരുന്ന് ഉറങ്ങിപ്പോയി. ടോമും, ജെറിയും, അമ്പിളിയുമെല്ലാം ആ യാത്ര ആഘോഷിക്കുക തന്നെ ചെയ്തു.
 
വീട്ടില്‍ എത്തിയ ഉടനെ അമ്പിളി അമ്മയെ കെട്ടി പിടിച്ചു കുറെ നേരം കരഞ്ഞു. നാളുകള്‍ക്ക് ശേഷമുള്ള അവരുടെ പുനര്‍ സമാഗമമായിരുന്നു അത്. മകളുടെ വരവിനെ പറ്റി യാതൊരു വിവരവും കിട്ടാതിരുന്നതിനാല്‍ അമ്പിളിയുടെ അപ്പന്‍  ഇത്താക്കൂ തൊട്ടടുത്ത പീടികയിലേക്ക് പോയിരിക്കുകയായിരുന്നു.
 
അപ്പന്‍ എന്തിയേ?. അമ്പിളിയുടെ ആ ചോദ്യം കേട്ട ഉടനെ കുഞ്ഞേലിയാമ്മ ഒന്ന് ഉറക്കെ ചിരിച്ചു.
 
രാഷ്ടീയം തലയ്ക്ക് പിടിച്ച അതിയാന്‍ ചണ്ണപ്പേട്ടക്കാരന്‍ ആ മത്തായുടെ കടയിലേക്ക് പോയാല്‍ പിന്നെ ഉടനെയൊന്നും വരില്ലെന്ന് നിനക്ക് അറിയാവുന്നതല്ലേ?. അതിയാനെ വല്ല രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുമായി  ആരെങ്കിലും ഒക്കെ വിളിച്ചിരുന്നെങ്കില്‍ എന്തെങ്കിലും നക്കാപിച്ച വരുമാനം എങ്കിലും കിട്ടിയേനേ. അത്രയും പറഞ്ഞിട്ട്  കുഞ്ഞേലിയാമ്മ അടുക്കളയിലേക്ക് ഓടി പിടഞ്ഞു കയറി.
 
അമ്പിളിയും അമ്മയ്ക്ക് ഒപ്പം അടുക്കളയിലേക്ക് നടന്നു.
 
 
മുറ്റത്ത് മെടയുവാന്‍ ഇട്ടിരിക്കുന്ന ഓല മടലുകള്‍ കണ്ടപ്പോള്‍ മുതല്‍ അരിശപ്പെട്ടു നിന്നിരുന്ന അമ്പിളി അമ്മയ്ക്ക് നേരെ പരിഭവത്തിന്‍റെ കെട്ടുകള്‍ കുടഞ്ഞിട്ടു.
 
 
വല്ലയിടത്തും പണിക്ക് പോകരുതെന്നും പറഞ്ഞല്ലേ അമ്മേ ഞാന്‍ ഇപ്പോഴും പൈസാ അയച്ചുകൊണ്ടിരിക്കുന്നത്. ഉമ്മച്ചന്‍ അടുത്തില്ലെന്നുള്ള ഉറപ്പിലായിരുന്നു അമ്പിളി അത് പറഞ്ഞത്.
 
നിന്‍റെ വീട്പണിക്ക് എന്തെങ്കിലും തരണമെല്ലോയെന്നു കരുതി അച്ചായന്‍ ഓടിനടക്കുകയാ. അതാ പിശുക്കി പിശുക്കി ഞങ്ങള്‍ ജീവിക്കുന്നത്.
 
 
ആഹാ നല്ല ശേലായി അമ്മേ...
 
 
വീട് പണി കഴിയുമ്പോള്‍ ഉമ്മച്ചന്‍റെ കയ്യില്‍ ഏല്പിക്കുവാനുള്ള തുക ഞാന്‍ ഒരു കവറില്‍ ഇട്ടു തന്നു കൊള്ളാം. അതിനായി നിങ്ങള്‍ ആരും പട്ടിണി കിടന്നു ഒന്നും സമ്പാദിച്ചു കൂട്ടേണ്ടാ... അമ്പിളിയുടെ ആ സംസാരം മുഴുപ്പിക്കുന്നതിന് മുന്‍പ് അവിടേക്ക് ടോമും ജെറിയും ഓടി വന്നു.
 
 
അമ്മച്ചീ ഒന്നും കഴിക്കുവാന്‍ ഇല്ലേ?. അമ്മച്ചിയുടെ മറുപടിക്കായി കാത്തു നില്‍ക്കാതെ അടുക്കളയില്‍ ഇരിക്കുന്ന തടിപെട്ടി പൊക്കി നോക്കിയിട്ട് നിരാശഭാവത്തില്‍ തൊടിയിലേക്ക്‌ ഇറങ്ങി നടന്നു. ആ നടപ്പ് മുറ്റത്ത് നില്‍ക്കുന്ന വയസ്സന്‍ പേരയുടെ ചുവട്ടിലായിരുന്നു അവസാനിച്ചത്.
 
ഈ പേരയും കൂടി ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ വിശന്നു ചത്തു പോയേനേ അല്ലേടാ.. .. ടോം ജെറിയെ നോക്കി കണ്ണിറുക്കി കാട്ടി.
 
മറുപടിയായി ജെറി ആ തമാശ ആസ്വദിച്ചതുപോലെ ചിരിച്ചു.
 
അതേ സമയം കുഞ്ഞേലിയാമ്മ മകളോട് പരിഭവിക്കുക തന്നെ ചെയ്തു.
 
 
ഇങ്ങോട്ട് വരുന്ന വിവരമൊന്നു  ഫോണ്‍ ചെയ്തു പറഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ക്കായി എന്തെങ്കിലുമൊക്കെ കരുതില്ലായിരുന്നല്ലോ?. അടുക്കളയിലൂടെ ഉലാത്തുന്നതിനിടയില്‍ അമ്പിളിയ്ക്ക് അമ്മ പറഞ്ഞതിന്‍റെ പൊരുള്‍ പിടി കിട്ടുക തന്നെ ചെയ്തു.
 
 
സാരമില്ല... എന്തെങ്കിലുമൊക്കെ കറികള്‍ നമ്മള്‍ക്ക് ഉണ്ടാക്കാം അമ്മേ.
 
അമ്മയ്ക്കായി കൊണ്ടുവന്നിരിക്കുന്ന സാധങ്ങള്‍ എടുത്തുകൊണ്ട് വരുവാനായി അമ്പിളി തിണ്ണയിലേക്ക് നടന്നു.
 
 
അതേ സമയം ഉമ്മച്ചന്‍ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്തു കൊണ്ട് തിണ്ണയില്‍ ഇരിക്കുകയായിരുന്നു. രണ്ടു മൂന്ന് മാസങ്ങള്‍ക്ക് ഉള്ളില്‍ വീട് പണി തീര്‍ക്കുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണം.
 
 
ഉമ്മച്ചന്‍ നാരായണന്‍ ആചാരിയെ വിളിച്ചു വീടുപണിയുടെ കാര്യവും, രണ്ടു വീടുകള്‍ക്ക് സ്ഥാനം കാണുന്ന കാര്യവുമെല്ലാം ഒറ്റ ശ്വാസത്തില്‍ തന്നെ പറഞ്ഞു.
 
 
അത് കേട്ടതും നാരായണന്‍ ആചാരിയ്ക്ക് സന്തോഷം അടക്കുവാന്‍ ആയില്ല. കുറെ നാളത്തേക്ക് പണി അന്യേക്ഷിച്ച് ദിക്കുകള്‍ തോറും അലയേണ്ട ആവശ്യമില്ലെന്നുള്ള ചിന്ത അയാളുടെ മനസ്സില്‍ സന്തോഷത്തിന്‍റെ തേരോട്ടം നടത്തി.  
 
 
ഉമ്മച്ചനെ കണ്ടതും അമ്പിളി ലേശം വിഷാദത്തോടെ പറഞ്ഞു.
 
അമ്മയ്ക്കിന്നലെ സുഖം ഇല്ലാതിരുന്നതിനാല്‍ ഭക്ഷണം തയാറാക്കുവാന്‍ കുറെ സമയം കൂടി എടുക്കും. ഉമ്മച്ചായന്‍ ഊണ് തയ്യാറാക്കുന്നത് വരെയൊന്നു ക്ഷമിക്കണം.
 
 
നല്ല വിശപ്പ്‌ ഉണ്ടായിരുന്ന ഉമ്മച്ചന്‍ യാതൊന്നും ഒന്നും മറുപടി പറഞ്ഞില്ല. പകരം അമ്പിളിയെ സ്നേഹപൂര്‍വ്വമൊന്നു നോക്കി ചിരിച്ചു.
 
 
തിരികെ പോകുന്ന കാര്യം ഓര്‍ക്കുമ്പോള്‍ എനിക്ക് ഇപ്പോഴും കരച്ചില് വരികയാ ഉമ്മച്ചായാ. വീട് പണിക്ക് ഒത്തിരി പണം ആവശ്യമുണ്ടല്ലോയെന്ന്‍ ഓര്‍ക്കുമ്പോള്‍  ജോലി കളയുവാനുള്ള മനസ്സും വരുന്നില്ല. എങ്കിലും രണ്ട് ആഴ്ചകൂടി ലീവ് നീട്ടി എടുക്കുന്ന കാര്യം ഇബ്രാഹീം ഡോക്ടറോട് ചോദിക്കുവാന്‍ ഇരിക്കുകയാ ഞാന്‍.
 
 
അമ്പിളി ഉമ്മച്ചനെ സമാധാനിപ്പിക്കുവാനായിട്ടായിരുന്നു അത്രയും പറഞ്ഞത്. ഉമ്മച്ചന്‍റെ മനസ്സിന് കുളിര്‍മ്മ സമ്മാനിക്കുവാന്‍  അമ്പിളിയുടെ  ആ  വാക്കുകള്‍ക്ക്  കഴിഞ്ഞു.
 
 
 
 
 
തുടരും
 
 
രഞ്ജിത്ത് മാത്യു

കവർ ചിത്രം: ബിനോയ് തോമസ് 

Related Post