ബന്ധങ്ങൾ (നോവൽ - 41)

Feb. 10, 2021

ഉച്ചയ്ക്ക് ഊണ് കഴിച്ചു കൊണ്ടിരുന്ന വേളയിലായിരുന്നു താഴത്ത് വടക്ക് തറവാട്ടിലേക്ക് ഗോപാലന്‍ വന്നു കയറിയത്.

 

നാട്ടിലെ അറിയപ്പെടുന്ന തടി വെട്ടുകാരനായ അയാള്‍ക്ക് ബേബിച്ചന്‍റെ വീട് പണിക്കായി  നരന്തു പോലെയുള്ള രണ്ടു തേക്ക് തടി വെട്ടിയതിന് ശേഷം  പണിയൊന്നും കിട്ടിയിരുന്നില്ല. ഗോപാലന്‍റെ വാര്‍ധക്യസഹജമായ അവശത മുതലെടുത്തുകൊണ്ട്  യുവരക്തത്തിളപ്പുള്ള ചെറുപ്പക്കാര്‍ ആ രംഗം കൈ അടക്കിയെന്നു പറയുന്നതാവും ശരി.  ഗോപാലന്‍റെ അപ്രതീക്ഷിതമായ ആ കടന്നു വരവിനെ പറ്റിയറിഞ്ഞപ്പോള്‍ ഈപ്പച്ചന് അതിയായ സന്തോഷം തോന്നാതിരുന്നില്ല.

 

ഈപ്പച്ചന്‍റെ ആ ആഹ്ലാദപ്രകടനത്തിന് എടുത്തു പറയത്തക്ക  ഒന്നു രണ്ട്    കാരണങ്ങള്‍ കൂടിയുണ്ടായിരുന്നു.    

 

 

ഒന്നാമതായി സരസ മനോഭാവക്കാരനായ ഗോപാലന്‍റെ സംസാരം കേള്‍ക്കുമ്പോള്‍ ഈപ്പച്ചന്‍റെ മനസ്സ്  കുളിര്‍മ്മയുടെ വേദിയായി മാറും. രണ്ടാമത്തേതായിട്ടുള്ളത് പണി കൂലിയിലുള്ള വ്യത്യാസം തന്നെയാണ്.

 

"കൂലിയിലുള്ള ആ  വ്യതാസം മൂലം  ഈപ്പച്ചനെപ്പോലെയുള്ള ആളുകളില്‍ നിന്നും പണി ഉറപ്പാക്കുവാന്‍ ഗോപാലന് കഴിഞ്ഞിരുന്നു".

 

 

താന്‍ ഇവിടെ ഇരിക്ക്. ഊണ് കഴിച്ചു കഴിഞ്ഞിട്ട് അച്ചായന്‍ ഇങ്ങോട്ട് വരും. മറിയാമ്മച്ചി തെല്ല് ഗൌരവത്തില്‍ ഗോപാലനോട് അത്രയും പറഞ്ഞിട്ടു  അടുക്കളയിലേക്ക് ഉള്‍വലിഞ്ഞു. തൊടിയില്‍ നിന്നും വാഴയില എടുക്കുവാനായി മുറ്റത്ത്‌ കൂടി കടന്നു പോയ അന്നമ്മയെ കണ്ടപ്പോള്‍ ഗോപാലന്‍റെ മനസ്സ് വര്‍ഷങ്ങള്‍ക്ക് പുറകിലേക്ക് പ്രയാണം ആരംഭിച്ചു.

 

ദിവസങ്ങളും, മാസങ്ങളും, വര്‍ഷങ്ങളുമെല്ലാം എത്ര പെട്ടന്നാണ് ഓടി മറഞ്ഞു പോകുന്നതെന്ന് അയാള്‍ ഓര്‍ത്തു.

 

നാടുകാണി പാലത്തില്‍ വന്ന് വണ്ടിയില്‍ ഇറങ്ങുമ്പോള്‍ രാത്രിയേറെയായിരുന്നു. വണ്ടിയുടെ അവസാനത്തെ സ്റ്റോപ്പ്‌ ആയതിനാലാവും കൂടെ ഇറങ്ങിയ അന്നമ്മയെയും, ബെന്നിയേയും താന്‍ ശ്രദ്ധിച്ചത്. രാത്രി ഒറ്റയ്ക്ക് ഒരു സ്ത്രീയും കുഞ്ഞും വിജനമായ പാതയിലൂടെ യാത്ര ചെയ്യുന്നതിന്‍റെ ഭവിഷത്തുകള്‍ തിരിച്ചറിഞ്ഞ ഗോപാലന്‍ അവരെ ഇവിടെ കൊണ്ടുവന്ന് ആക്കുകയായിരുന്നു. അന്ന് മുതല്‍ തുടങ്ങിയതാണ് ബേബിച്ചനുമായുള്ള സൌഹൃദം.

 

 

അമ്മാമ്മോ..... ഗോപാലന്‍ നീട്ടി വിളിച്ചു.

 

 

ആ ശബ്ദത്തിന്‍റെ ഉടമയാരെന്ന്‍ അറിയുവാനുള്ള ആകാംക്ഷയോടെ തിരിഞ്ഞു നോക്കിയ അന്നമ്മ കണ്ടത് ഗോപാലനെയായിരുന്നു.

 

 

ഗോപാലനുമായി കുശലാന്യേക്ഷണം നടത്തുന്നതിനിടയിലാണ് കിണറ്റുകരയില്‍ നിന്നും മറിയാമ്മച്ചിയുടെ ഉച്ചത്തിലുള്ള വിളി അന്നമ്മ കേട്ടത്.  

 

 

നീ അവിടെ എന്തെടുക്കുകയാടീ?..ഇങ്ങോട്ടൊന്ന്‍ വന്ന്‍ കിണറ്റില്‍ നിന്നും വെള്ളം കോരിക്കേ. അന്നമ്മ ഗോപാലനോട്‌ സംസാരം മുഴുപ്പിക്കാതെ തന്നെ കിണറ്റുകരയിലേക്ക് നടന്നു.

 

ഗോപാലന്‍ അപ്പോള്‍ ചിന്തിച്ചത് മറ്റൊരു കാര്യമായിരുന്നു.

 

"കിണറ്റില്‍ നിന്നും അന്നമ്മയെ കൊണ്ട് വെള്ളം കോരിപ്പിക്കുന്നതിന്‍റെ യുക്തി എത്ര ആലോചിച്ചിട്ടും ഗോപാലനു മനസ്സിലായില്ല".

 

ടാങ്കിലേക്ക് വെള്ളം അടിക്കുവാന്‍ മോട്ടോര്‍ ഉണ്ടെങ്കിലും അത് പ്രവത്തിപ്പിക്കാതെ അവരെ കഷ്ടപ്പെടുത്തുവാനുള്ള തള്ളയുടെ ബുദ്ധികൂമ്മതയില്‍ ഗോപാലന് പുച്ഛം തോന്നി. മനസ്സില്‍ തോന്നിയ വേദന അമര്‍ഷമായി പുറത്തു വരുത്തിയത്  തൊടിയിലേക്ക്‌ നീട്ടി തുപ്പികൊണ്ടായിരുന്നു.

 

 

ആരാ... .... അമ്പിളി ചാവടിയില്‍ നിന്നും , തിണ്ണയിലൂടെ അടുക്കളയിലേക്ക് നടക്കുന്നതിനിടയില്‍ ഗോപാലനോടായി ചോദിച്ചു. അതിന് മറുപടി ഗോപാലന്‍ പറഞ്ഞില്ല. പകരം അമ്പിളിയോടായി മറ്റൊരു ചോദ്യം ചോദിച്ചു.

 

 

ആരാ മനസ്സിലായില്ലലോ?..

 

"ഞാനോ"

 

 

 .... ഉമ്മച്ചന്‍റെ ഭാര്യ അമ്പിളി........

 

 

ആദ്യമായിട്ടാണ് അമ്മാമ്മയെ  കാണുന്നത്... ഈപ്പച്ചനേയും, മറിയാമ്മാച്ചിയേയും, ബേബിച്ചനേയും, അന്നമ്മയേയും, പിള്ളാരേയുമൊക്കെ അറിയാമെന്നാല്ലാതെ മറ്റാരേയും പരിചയമില്ല.  ക്ഷമാപണം പോലെ വിനീതനായി ഗോപാലന്‍ മൊഴിഞ്ഞു.

 

 

മറുപടി ഒന്നും പറയാതെ മുഖം വീര്‍പ്പിച്ചു കൊണ്ട് അമ്പിളി അടുക്കളയിലേക്ക് നടന്നു. ആ നടപ്പ് കണ്ടപ്പോള്‍ ഗോപാലന്‍ മുറ്റത്തേക്ക് വീണ്ടുമൊന്ന് കാര്‍ക്കിച്ചു തുപ്പിയിട്ട് മെല്ലെ പറഞ്ഞു ..

 

 

അഹങ്കാരി .. ഇവിടുത്തെ അമ്മച്ചിയുടെ മരുമക്കളില്‍ ഏറ്റവും വിഷമേറിയ സന്തതി ആണെന്ന് തോന്നുന്നു.

 

 

എന്താ ഗോപാലാ.... അവിടെ തന്നെ നിന്ന് കളഞ്ഞത്?.

 

 

 

ഊണ് കഴിഞ്ഞ് ഇത്തിരി നേരം മയക്കവും കഴിഞ്ഞ് അവിടേക്ക് കടന്നു വന്ന ഈപ്പച്ചന്‍റെ ചോദ്യം കേട്ടപ്പോള്‍ ഗോപാലന്‍ മറ്റുള്ള ചിന്തകള്‍ക്ക് താല്‍കാലികമായ വിരാമം ഇട്ടുകൊണ്ട്‌ ഈപ്പച്ചനെ നോക്കിയൊന്ന് ചിരിച്ചു..  

 

 

 

താന്‍ എന്‍റെ കൂടെ തൊടിയില്‍ വരെയൊന്നു വന്നേ..

 

 

ഉമ്മച്ചന്‍റെയും, ജെസ്സിയുടെയും വീട് പണിയുടെ കാര്യം നടക്കുന്നതിനിടയില്‍ ഈപ്പച്ചന്‍ ഗോപാലനോടായി വിസ്തരിച്ചു പറഞ്ഞു. ഉമ്മച്ചന്‍ അടയാളപ്പെടുത്തി വെച്ചിരിക്കുന്ന മരങ്ങള്‍ കാട്ടി കൊണ്ടായിരുന്നു തടി വെട്ടുന്നതിനെ പറ്റി സംസാരിച്ചത്.

 

എത്രയും പെട്ടന്ന് തന്നെ പണി തുടങ്ങിയാല്‍ നല്ലതായിരുന്നു. തറകല്ല് കെട്ടി കഴിയുമ്പോഴേക്കും  തടി അവിടെ കൊണ്ടു ചെന്ന് കൊടുത്തേക്കാമെന്ന് ഞാന്‍ ഏറ്റിരിക്കുന്നതാ..

 

 

ഗോപാലന് സന്തോഷം തോന്നാതിരുന്നില്ല. പണിയില്ലാതെ അലഞ്ഞു തിരിഞ്ഞു നടന്ന തനിക്ക് അപ്രതീക്ഷിതമായി വന്നു ചേര്‍ന്ന സൌഭാഗ്യമാണ് ഈ ജോലി. ഹൃദയഭിത്തിയിലെ ഞരമ്പുകള്‍  സന്തോഷം കൊണ്ട് വലിഞ്ഞു പൊട്ടുമോയെന്നൊരു സന്ദേഹം ഗോപാലന്‍റെ മനസ്സില്‍ ഭീതിയുടെ നിഴലുകള്‍ വീഴ്ത്തി.

 

 

സഹോദരിയുടെ മകന്‍ വിനോദിനെ കൂടി വിളിച്ചാല്‍ മാത്രമേ തടിവെട്ട് പെട്ടെന്ന് തീര്‍ക്കുവാന്‍ കഴിയുകയുള്ളൂ. നീ എങ്ങനെയെങ്കിലും ഉടനെ തന്നെ വെട്ടി തീര്‍ത്തു തരണം. ഒക്കെ ശരിയാക്കാം അപ്പച്ചാ... നാളെ രാവിലെ തന്നെ ഞാന്‍ ഇങ്ങ് എത്തിയേക്കാം .

 

 

സന്തോഷാധിക്യത്താല്‍ വീട്ടിലേക്ക് തിരകെ നടക്കുന്നതിനിടയില്‍ ഗോപാലന്‍ വയലാര്‍ രാമവര്‍മ്മയുടെ ഒരു പാട്ട് ഈണത്തില്‍ മൂളുവാന്‍ മറന്നില്ല...

 

 

" ഓ... ഓ....ഓ

കാറ്റുമൊഴുകും  കിഴക്കോട്ട്

കാവേരി വെള്ളം പടിഞ്ഞാട്ട്

കാട്ടിനെതിതേ ഒഴുക്കിനെതിരേ

തുഴഞ്ഞാലോ- കാണാത്ത

പൊയ്കകള്‍ കാണാലോ

കാണാത്ത തിരകള്‍ കാണാലോ

കാറ്റുമൊഴുകും  കിഴക്കോട്ട്

കാവേരി വെള്ളം പടിഞ്ഞാട്ട്"

 

 

 

**

 

 

അതേ സമയം അമ്പിളി  ചെന്നിതോട്ടിലേക്ക് പോകുവാനുള്ള ഒരുക്കത്തില്‍ ആയിരുന്നു. ഗള്‍ഫില്‍ നിന്നും കൊണ്ടു വന്നിരിക്കുന്ന സാധനങ്ങള്‍ മിക്കവാറും പൊതിഞ്ഞു കെട്ടുന്നത് കണ്ടപ്പോള്‍ മറിയാമ്മച്ചിയ്ക്ക് വിഷമം തോന്നാതെയിരുന്നില്ല.  

 

 

ഒത്തിരി സാധനങ്ങള്‍ ചെന്നിതോട്ടിലേക്ക് കൊണ്ടുപോകുവാന്‍ ഉണ്ടല്ലോയെന്ന് മനസ്സില്‍ ഓര്‍ക്കുകയും, അത് പ്രകടിപ്പിക്കുവാനുള്ള   ബുദ്ധിമുട്ട് മറയ്ക്കുവാനുള്ള തന്ത്രപ്പാടില്‍ മറിയാമ്മച്ചി ഉച്ചത്തില്‍ അമ്പിളിയോടായി പറഞ്ഞു.

 

" ചെന്നിതോട്ടിലേക്ക് പോകുവാന്‍ നിനക്ക് വലിയ വണ്ടി വേണമായിരിക്കുമല്ലോ?..

 

അമ്മച്ചി പറഞ്ഞതിന്‍റെ പൊരുള്‍ തിരിച്ചറിഞ്ഞെങ്കിലും അമ്പിളി ഉച്ചത്തില്‍ മറുത്തൊന്നും പറയാതെ മനസ്സില്‍ പിറുപിറുത്തു.

 

" നിങ്ങള്‍ കോഴിക്കോടിന് വന്ന്‍ അനുഭവിക്കുവാന്‍ കിടക്കുന്നതേ ഉള്ളു .. തള്ളേ"

 

 

 

തുടരും

 

 

 

രഞ്ജിത്ത് മാത്യു

 

കവർ ചിത്രം: ബിനോയ് തോമസ് 

Related Post