ബന്ധങ്ങൾ (നോവൽ - 40)

Jan. 28, 2021

തിരകെ ഉള്ള യാത്രയില്‍ ഉമ്മച്ചന്‍ ആകെ അക്ഷമനായിരുന്നു. കവിള്‍ത്തടത്തില്‍ ഏറ്റ പ്രഹരം ഉമ്മച്ചന്‍റെ മനസ്സിനെ അസ്വസ്ഥതയുടെ വേലികെട്ടുകള്‍ക്കുള്ളില്‍ തളച്ചിടാന്‍ പര്യാപ്തവുമായിരുന്നില്ല. പ്രതികാരചിന്തകള്‍ ഉമ്മച്ചന്‍റെ മനസ്സില്‍ തളിരിടുകയും,  അത് കൂട്ടിലടച്ച പക്ഷികളെപ്പോലെ സ്വതന്ത്രമായി പ്രതികാരം ചെയ്യുവാന്‍ വെമ്പുകയും ചെയ്തു.
 
എന്നാല്‍ അത്ര എളുപ്പമൊന്നും ആയിരുന്നില്ല കാര്യങ്ങളുടെ നിജസ്ഥിതി.
 
 
തൊമ്മിക്കുഞ്ഞിന് ആ നാട്ടില്‍ വളരെയധികം സ്വാധീനം ഉള്ള വ്യക്തിയായിരുന്നു. പോരാത്തതിന് അംഗബലവും, സഹോദരങ്ങള്‍ തമ്മിലുള്ള ഒത്തൊരുമയുടെ മുന്‍തൂക്കവുമെല്ലാം അയാളെ അജയ്യനായി നിര്‍ത്തുവാനുള്ള ഘടകങ്ങളുമായിരുന്നു. വിഷണ്ണനായി ഇരിക്കുന്ന മകനെ നോക്കി നിര്‍വികാരതയോടെ ഇരിക്കുവാന്‍ മാത്രമേ ഈപ്പച്ചന് കഴിയുമായിരുന്നുള്ളൂ.
 
മനമെത്തുന്നിടത്ത് ശരീരം പാഞ്ഞ്‌ എത്തുന്നൊരു കാലമുണ്ടായിരുന്നു ഈപ്പച്ചനും. അങ്ങനെയായിരുന്നെങ്കില്‍ ഇതുപോലെയുള്ള വിഷയങ്ങള്‍ ഒന്നും തന്നെ ഉണ്ടാകുമായിരുന്നില്ല. മകനും. താനും കണ്ടകശനിയുടെ അപഹാരത്തിന്‍റെ മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുന്ന സമയമാണെന്ന് ആശ്വാസം കണ്ടെത്തി വണ്ടിയില്‍ ഉള്ള ആ ഇരുപ്പ് തുടര്‍ന്നിട്ട് പറഞ്ഞു.
 
ഏന്തായാലും ഡ്രൈവര്‍ മത്തച്ചന്‍റെ അഭാവം നമ്മള്‍ക്ക് ഗുണം ചെയ്യുക തന്നെ ചെയ്തു.  അല്ലെങ്കില്‍ അവിടെ നടന്ന രംഗങ്ങള്‍  എരിവും, പുളിയും ചേര്‍ത്ത് അയാള്‍ നാട്ടുകാര്‍ക്കൊരു സദ്യതന്നെ വിളമ്പി നല്‍കിയേനേ. അപ്പന്‍ പറഞ്ഞതിന്‍റെ  പൊരുള്‍ മനസ്സിലാക്കുവാന്‍ ഉമ്മച്ചന് വലിയൊരു ആലോചനയുടെ ആവശ്യമൊന്നും ഉണ്ടായിരുന്നില്ല.
 
നടന്ന സംഭവങ്ങള്‍ വീട്ടില്‍ ചെല്ലുമ്പോള്‍ ആരോടും പറയുവാനൊന്നും നില്‍ക്കേണ്ട കേട്ടോ....
 
 
വണ്ടിയുമായി  ചിന്നമ്മ എയര്‍പോര്‍ട്ടില്‍ പോയിരിക്കുകയാണെന്നും, തിരകെ വരുമ്പോള്‍ വിളിക്കുമെന്നും മാത്രം പറയുക. അത് കേള്‍ക്കുമ്പോള്‍ അമ്പിളിയും, മറിയാമ്മച്ചിയുമെല്ലാം താല്‍കാലികമായി അടങ്ങിക്കൊള്ളുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു ഈപ്പച്ചന്‍ അങ്ങനെ പറഞ്ഞത്.
 
 
നിങ്ങള്‍ ഇറങ്ങുന്നില്ലേ?.. രണ്ടു സീറ്റ് പുറകില്‍ നിന്നും കേട്ട പരുക്കന്‍ സ്വരത്തിന്‍റെ ഉടമയെ  തിരിച്ചറിയുവാനായി ഉമ്മച്ചന്‍ പുറകിലേക്കൊന്ന് തിരിഞ്ഞു നോക്കിയിട്ട്, സീറ്റില്‍ നിന്നും വെപ്രാളത്തോടെ എഴുനേറ്റു. സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല സാറെ.. ഉമ്മച്ചന്‍റെ സാറെയെന്നുള്ള വിളി കേട്ടപ്പോള്‍ ഈപ്പച്ചനും ആകാംക്ഷ അടക്കുവാനായില്ല. ആരായിരിക്കും അത്...
 
 
സീറ്റില്‍ നിന്നും ആയാസപ്പെട്ട്‌ എഴുനേല്‍ക്കുവാന്‍  തുടങ്ങിയ ഈപ്പച്ചനു സംശയം തോന്നതിരുന്നില്ല. തിരിഞ്ഞു നോക്കിയപ്പോള്‍ ഈപ്പച്ചന്‍ കണ്ടത്  ശേഖരന്‍ മാഷിനെയായിരുന്നു.
 
വണ്ടിയില്‍ നിന്ന്‍ ഇറങ്ങി കഴിഞ്ഞപ്പോഴേക്കും ഉമ്മച്ചന്‍റെ മനസ്സില്‍ മറ്റൊരു സംശയം രൂപപ്പെട്ടു തുടങ്ങിയിരുന്നു.
 
 
സീറ്റിന്‍റെ തൊട്ടുപുറകില്‍ തന്നെയിരുന്ന ശേഖരന്‍മാഷ്‌ തങ്ങളുടെ സംഭാഷണത്തില്‍ നിന്നും എന്തെങ്കിലുമൊക്കെ കേട്ടിട്ടുണ്ടാവും. അങ്ങനെയൊരു അനര്‍ത്ഥവും കൂടി തനിക്ക് നേരേവന്നു ഭാവിച്ചാല്‍ പിന്നീട് മാനക്കേടുകൊണ്ട് പുറത്തിറങ്ങി നടക്കുവാന്‍ കഴിയാതെ വരും. ചിന്താശൃംഖലയില്‍ അപമാനത്തിന്‍റെ അപ്സരകന്യകകള്‍ നൃത്തംചെയ്യാന്‍ തുടങ്ങിയപ്പോള്‍
ഉമ്മച്ചന്‍റെ തലയ്ക്ക് ഭാവം കൂടി വരുന്നതായി അയാള്‍ക്ക് തോന്നാതെയിരുന്നില്ല.
 
******
 
 
വീട്ടില്‍ എത്തിയ ഉടനെ അവരെ വരവേറ്റത് അമ്പിളിയായിരുന്നു. നടന്നു വരുന്ന അവരെ കണ്ടപ്പോള്‍ അമ്പിളിയൊന്നു സംശയിച്ചു. അംബാസിഡര്‍ കാറുമായിട്ടേ  തിരികെ ഈ പടി ചവിട്ടുകയുള്ളൂവെന്ന് പറഞ്ഞ് ഇറങ്ങിപ്പോയ ഉമ്മച്ചായെന്‍റെ കണ്ണുകളില്‍ ഒളിഞ്ഞിരിക്കുന്ന വിഷാദ ഭാവം അമ്പിളിയെ തെല്ലൊന്ന് അമ്പരപ്പിക്കുക തന്നെ ചെയ്തുവെങ്കിലും ആകാംക്ഷയോടെ ചാവടിക്ക് താഴേയുള്ള വീഥിയിലേക്ക് കണ്ണുകള്‍ പായിക്കുവാന്‍ മറന്നില്ല.
 
അപ്പനും, മകനും കൂടി അവിടെയെങ്ങാനും കാര്‍ ഇട്ടിട്ടു തങ്ങളെ പറ്റിക്കുവാനുള്ള പുറപ്പാട് ആകുമെന്നുള്ള കണക്കുകൂട്ടലിലായിരുന്ന അമ്പിളിയ്ക്ക് ആകാംക്ഷ അടക്കുവാനായില്ല.
 
എന്തിയേ കാര്‍.... ഉമ്മച്ചായാ....
 
 
ചിന്നമ്മ കാറുമായി എയര്‍പോര്‍ട്ടിലേക്ക് പോയിരിക്കുന്ന കാര്യവും. മടങ്ങി  വന്നാല്‍ ഉടനെ തന്നെ അവിടെ ചെന്ന് കാര്‍ എടുത്തുകൊണ്ട് പോരുവാനുള്ള ഏര്‍പ്പാടുകള്‍ നടത്തിയിട്ടുണ്ടെന്നുള്ള വിവരം അമ്പിളിയെ ധരിപ്പിച്ചിട്ട് ഈപ്പച്ചന്‍ മുറിക്കുള്ളിലേക്ക് കയറിപ്പോയി.
 
കാര്‍ കാണുവാനായി അവിടേക്ക് ഓടി വന്ന ടോമും, ജെറിയും അപ്പച്ചന്‍റെ സംസാരം കേട്ടതും നിരാശയോടെ തിരകെ തൊടിയിലേക്ക് ഇറങ്ങി നടന്നു. അവരുടെ നടപ്പ് കണ്ടപ്പോള്‍ അമ്പിളി പരിഭവത്തിന്‍റെ സ്വരത്തില്‍ ഉമ്മച്ചനോടായി പറഞ്ഞു.
 
കാര്‍ കിട്ടിയിട്ട് ചക്കരപറമ്പിലേക്ക് പോയി അപ്പനേയും, അമ്മയേയും കാണുവാന്‍ ഒരുങ്ങിയിരിക്കുകയായിന്നു ഞാനും, മക്കളും.  ആ പരിഭവം കേട്ടപ്പോള്‍ ഉമ്മച്ചന്‍ അറിയാതെ കവിള്‍ത്തടത്തിലൂടെ കൈകള്‍ മെല്ലെയൊന്നു ഓടിച്ചിട്ട്‌ പറഞ്ഞു.
 
 
അങ്ങനെയുണ്ടെങ്കില്‍ ഇന്നു തന്നെ നമ്മള്‍ക്ക് ഒരു വണ്ടി വിളിച്ചു അങ്ങോട്ട്‌ പോയാലോ?.. ഉമ്മച്ചന്‍റെ ആ സംസാരം കേട്ടപ്പോള്‍ അമ്പിളിയ്ക്ക് ദേഷ്യം വന്നു.
 
പുതിയ വണ്ടിയുമായി അവിടെ ചെന്ന് അവരേയും കൂട്ടി എവിടെങ്കിലുമൊക്കെ യാത്ര പോകാമെന്ന് കരുതിയിരുന്നതാ.
 
 
ഈ ചിന്നമാമ്മയുടെ എടുത്തുചാട്ടം മൂലം എത്ര പദ്ധതികളാണ് മുടങ്ങിപോകുന്നത്.  ചിന്നമ്മയെ പ്രാകിക്കൊണ്ട്‌ അമ്പിളി അടുക്കളയിലേക്ക് നടന്നു. ഉമ്മച്ചന്‍ അത് കേട്ടതായി ഭാവിക്കുകയും എല്ലാം ശരിയാണെന്ന മട്ടില്‍ തല കുലുക്കുകയും ചെയ്തിട്ട് തിണ്ണയില്‍ കിടന്ന ഒരു കസേരയില്‍ ഇരുന്നു.
 
ബേബിച്ചായനോട് അപേക്ഷിച്ചു നോക്കിയിട്ട് എങ്ങനെയെങ്കിലും അവിടെ ചെന്ന് വണ്ടി എടുത്തു  കൊണ്ടുപോരുവാനുള്ള  ഏര്‍പ്പാടുകള്‍ ചെയ്യണം. യാതൊരു തയ്യാറെടുപ്പുമില്ലാതെ തൊമ്മിക്കുഞ്ഞിന്‍റെ അരികിലേക്ക് വീണ്ടുമൊരു യാത്ര നടത്തുന്ന കാര്യം ഓര്‍ത്തപ്പോള്‍ ഉമ്മച്ചന്‍റെ ദേഹത്തിലൂടെയൊരു തരിപ്പ് കടന്നുപോയി.
 
 
തുടരും
 
 
 
രഞ്ജിത്ത് മാത്യു

കവർ ചിത്രം: ബിനോയ് തോമസ്   

Related Post