ബന്ധങ്ങൾ (നോവൽ - 39)

Jan. 20, 2021

പ്രഭാതത്തിലെ ആ തണുത്തുറഞ്ഞ അന്തരീക്ഷത്തില്‍ പോലും ഉമ്മച്ചന്‍റെ മനസ്സിനെ  അസ്വസ്ഥയുടെ കരിമ്പടകെട്ടുകള്‍ പൊതിഞ്ഞിരുന്നു. ആ അസ്വസ്ഥയുടെ കരിമ്പടകെട്ടുകളില്‍ നിന്നുമൊരു മോചനം പ്രതീക്ഷിച്ചായിരുന്നു ഉമ്മച്ചന്‍ വണ്ടിയില്‍ ഇരിക്കുന്ന യാത്രക്കാരെയെല്ലാം വെറുതെയൊന്നു വീക്ഷിച്ചത്. നിത്യവൃത്തിക്കായി കാര്‍ഷിക ഉത്പന്നങ്ങളുമായി ചന്തയിലേക്ക് പോകുന്നവരുടെ തിരക്ക് വണ്ടിയില്‍ വളരെ കുറവായിരുന്നു. കാലം മാറുന്നത് അനുസരിച്ചു കോലവും മാറുന്ന നാടിന്‍റെ മുഖചിത്രം ഉമ്മച്ചന്‍റെ മനസ്സില്‍ ചിന്തകളുടെ വേലിയേറ്റം തന്നെ രൂപപ്പെടുത്തി.

 

 

കാളവണ്ടിയിലും മറ്റും സാധങ്ങളുമായി  ചന്തയിലേക്ക് പോയിരുന്ന കര്‍ഷകരുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ഗ്രാമത്തിന്‍റെ മുഖച്ചായ തന്നെ മാറിപ്പോയിരിക്കുന്നു. ഉയര്‍ന്നു പൊങ്ങുന്ന സൌധങ്ങള്‍ പ്രൌഡിയുടെ മഹിമകള്‍ വിളിച്ചോതുന്നു. ചിന്തകള്‍ കാടുകയറി തുടങ്ങിയപ്പോഴാണ് വണ്ടിയുടെ മുന്‍വശത്ത് ഇടതുവശം ചേര്‍ന്ന് സീറ്റില്‍ ഇരിക്കുന്ന കത്രീനയുടെ മുഖം ഉമ്മച്ചന്‍റെ ശ്രദ്ധയില്‍ പതിഞ്ഞത്.

 

അവരുമായി ബന്ധുത്വമുണ്ടെങ്കിലും, നല്ല യാത്രകളില്‍ ഒരിക്കല്‍ പോലും ഉമ്മച്ചന്‍ കാണുവാന്‍ ആഗ്രഹിക്കാത്ത മുഖമായിരുന്നു കത്രീനയുടേത്. അവരുടെ കണ്ണുകളില്‍ ആരുടെയെങ്കിലും നിഴല്‍ പതിച്ചാല്‍ പോലും ഇറങ്ങിതിരിക്കുന്ന കാര്യങ്ങള്‍ക്ക് വിഘ്നം നേരിടുമെന്നുള്ള ചിന്ത ഉമ്മച്ചന്‍റെ മനസ്സിനെ ഉമ്മിതീയില്‍ നീറ്റുന്നത്പോലെ നീറ്റുക തന്നെ ചെയ്തു.

 

 

ചിന്നമ്മയുടെ വീട്ടില്‍ നിന്നും കാര്‍ തിരകെ കൊണ്ടുവരുന്നത് വരെ തട്ടുകേടൊന്നും വരുത്താതെ കാത്തു കൊള്ളണമേയെന്ന്‍ ഗീവറുഗീസ് പുണ്യവാളനോട്‌ പ്രാര്‍ഥിക്കുകയും, ചെറിയൊരു നേര്‍ച്ച കൈകൂലിപോലെ നേരുകയും ചെയ്യുവാനും ഉമ്മച്ചന്‍ മടിച്ചില്ല. ഉമ്മച്ചന്‍റെ വെപ്രാളവും പരവേശവും കണ്ടപ്പോള്‍ ഈപ്പച്ചന് ദേഷ്യം തോന്നി തുടങ്ങിയിരുന്നു.  

 

 

എന്താടാ പ്രശ്നം?.

 

 

 

വിളറി വെളുത്തതുപോലെയിരിക്കുന്ന ഉമ്മച്ചനെ തോണ്ടി വിളിച്ചുകൊണ്ടായിരുന്നു ഈപ്പച്ചന്‍റെ ആ ചോദ്യം. അപ്പന്‍റെ ചോദ്യം കേട്ടതും ഉമ്മച്ചന്‍ തല ഉയര്‍ത്തിയിട്ട് വണ്ടിയുടെ മുന്‍വശത്തേക്ക് കൈ ചൂണ്ടി. അവിടെ ഇരിക്കുന്ന ആളിനെ കാട്ടി കൊടുത്തു കൊണ്ട് മുഖം വീണ്ടും താഴ്ത്തി അങ്ങനെ ഇരുന്നു.

 

 

നമ്മള്‍ ഇന്ന്‍  പോകുന്ന കാര്യം നടക്കുക തന്നെ ചെയ്യും. തടസ്സങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ എങ്ങനെ തരണം ചെയ്യണമെന്ന് ബേബിച്ചന് അറിയാവുന്നത് പോലെ മറ്റു മക്കള്‍ക്ക് കൂടി അറിഞ്ഞിരുന്നുവെങ്കില്‍ നന്നായിരുന്നുവന്നുവെന്ന് ആത്മഗതം പോലെ പറയുവാനും ഈപ്പച്ചന്‍  മടിച്ചില്ല.

 

 

വണ്ടിയില്‍ നിന്നും ഇറങ്ങുന്ന വേളയില്‍ ഉമ്മച്ചന്‍റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ടായിരുന്നു കത്രീനയുടെ ആ കണ്ടുമുട്ടല്‍..

 

ആഹാ നിങ്ങള്‍ എങ്ങോട്ടാ?.

 

 

വണ്ടിയിലിരുന്ന്‍ സംസാരിക്കുവാന്‍ പറ്റാതിരുന്നതിന്‍റെ വിഷമം അവരുടെ മുഖത്ത് വാടിയ പൂമൊട്ടുകള്‍ പോലെ തളര്‍ന്ന് കിടന്നു. ആ വിഷമം അവര്‍ ഉടനെ തന്നെ പ്രകടിപ്പിക്കുകയും ചെയ്തു.

 

ഉമ്മച്ചാ നിന്നെ കുറിച്ച് ഞാന്‍ ഇങ്ങനെയൊന്നുമല്ല കരുതിയത്. വണ്ടിയില്‍ മറ്റുള്ളവര്‍ കേള്‍ക്കുമെന്നുള്ള ചിന്തയൊന്നുമില്ലാതെയുള്ള അവരുടെ സംസാരം കേട്ടപ്പോള്‍ ഉമ്മച്ചന് ദേഷ്യം തോന്നിയെങ്കിലും ആത്മസംയമനം പാലിച്ചു.

 

ഉത്തരം ഒന്നും പറയാതെ നില്‍ക്കുന്ന ഈപ്പച്ചനെയും, ഉമ്മച്ചനേയും കണ്ടപ്പോള്‍ കത്രീനയ്ക്ക് ദേഷ്യം തോന്നതിരുന്നില്ല. നിങ്ങള്‍ പോകുന്ന കാര്യം എന്തായാലും അതിന് കുറെ നാള്‍ നടന്നു കഴിഞ്ഞാലേ ഒരു തീരുമാനത്തില്‍ എത്തുകയുള്ളൂ. കത്രീനയുടെ നാക്കിന്‍റെ ശക്തിയെ കുറിച്ച് അറിയാവുന്ന ഉമ്മച്ചന്‍റെ മനസ്സപ്പോള്‍ വെന്ത് നീറുകയായിരുന്നു.

 

ചിന്നമ്മയുടെ ആങ്ങള തൊമ്മിക്കുഞ്ഞിനെ പറ്റി ഉമ്മച്ചന്‍ ആലോചിച്ചുനോക്കി. നല്ല പൊക്കവും, ഒത്തവണ്ണവുമുള്ള അയാളെ മെരുക്കുന്ന കാര്യം ഓര്‍ത്തപ്പോള്‍ ഉമ്മച്ചനില്‍ ഷോക്ക്‌ അടിച്ചതുപോലൊരു പ്രതീതി സംജാതമായി. പ്രതീക്ഷകള്‍ക്ക് അപ്പുറം വളര്‍ന്നു വന്ന സൌധങ്ങള്‍ തകര്‍ന്നു തരിപ്പണം ആകുന്നതിന്‍റെ വേദന ഉമ്മച്ചന്‍റെ മനസ്സിനെ കാര്‍ന്നു തിന്നു തുടങ്ങിയപ്പോഴാണ് കത്രീനയുടെ സ്വരം ഉയര്‍ന്നു അന്തരീക്ഷത്തില്‍ പ്രകമ്പനം കൊണ്ടത്‌.

 

 

പറയുവാന്‍ പറ്റില്ലെങ്കില്‍ വേണ്ടടാ..... അപ്പനും മോനും കൂടി പോയി കാര്യം സാധിച്ചിട്ട്‌ തിരകെ വരുന്നത് എനിക്കൊന്ന് കാണണം. ബസില്‍ നിന്നും കത്രീന ഇറങ്ങി പോകുന്നത് കണ്ടപ്പോള്‍ ഈപ്പച്ചന്‍ മെല്ലെ ഒന്ന് പുഞ്ചിരിച്ചിട്ട്‌ നാക്ക് നീട്ടി പല്ല് ഞെരിച്ചിട്ട് പിറുപിറുത്തു.

 

 

ഒരു ശകുനം മുടക്കി വന്നിരിക്കുന്നു.  ഈ നശൂലം അപ്രതീക്ഷിതമായിട്ടാണ് എല്ലായിടത്തും മുഖം കാണിക്കുവാന്‍ എത്തുന്നത്. ഉമ്മച്ചന്‍ അപ്പന്‍റെ വാക്കുകള്‍ കേട്ടെങ്കിലും മൌനം ഭാവിച്ച് തലയില്‍ കയ്യും കൊടുത്തു അങ്ങനെ തന്നെയിരുന്നു.

 

 

ചിന്നമ്മയുടെ വീട്ടില്‍ എത്തുന്നതു വരെ അവര്‍ പരസ്പരം ഒന്നും തന്നെ സംസാരിച്ചില്ല. ചിന്നമ്മയുടെ വീട്ടുപടിക്കല്‍ എത്തിയപ്പോള്‍ അവിടെ നിന്നും ഒരു സ്വാമി ഇറങ്ങി പോകുന്നത് കണ്ടപ്പോള്‍ ഉമ്മച്ചന്‍റെ മനസ്സില്‍ മറ്റൊരു സംശയം ഉടലെടുത്തു. ചര്‍ച്ചകള്‍ അലസി പിരിഞ്ഞു കഴിഞ്ഞാല്‍ യഥേഷ്ടം വിളമ്പി കൊടുക്കുവാന്‍ പുതിയൊരു കാരണം കൂടി കിട്ടിയതിന്‍റെ സന്തോഷം  ഉമ്മച്ചന്‍റെ മുഖത്തെ പതിവിലും  പ്രകാശപൂരിതമാക്കി.

 

 

ചിന്നമ്മയുടെ വീട്ടില്‍ അവരെ സ്വീകരിച്ചത് അവിടുത്തെ ഡ്രൈവറായ ഭദ്രന്‍ ആയിരുന്നു. അകത്തെ മുറിയില്‍ കിടക്കുകയായിരുന്ന കുഞ്ഞുവൈദ്യന് ഈപ്പച്ചന്‍റെയും, ഉമ്മച്ചന്‍റെയും ആഗമനം അപ്രതീക്ഷിതമായ പ്രതീതിയാണ് സമ്മാനിച്ചത്‌. കുശലപ്രശ്നങ്ങള്‍ നടത്തുന്നതിനിടയില്‍  അക്ഷമനായി കാണപ്പെട്ട ഉമ്മച്ചന്‍ ചിന്നമ്മയെ പറ്റി തിരക്കുവാന്‍ മറന്നില്ല.

 

അവളോ?. രണ്ടു ദിവസം മുന്‍പ് കാനഡയിലേക്ക് തിരകെ പോയല്ലോ.   കുഞ്ഞുവൈദ്യന്‍റെ മറുപടി ഉമ്മച്ചനില്‍ വലിയൊരു പ്രത്യാഘാതം തന്നെ സൃഷ്ടിച്ചു.

 

 

അപ്പോള്‍ ഞങ്ങളുടെ അംബാസിഡര്‍ കാറിന്‍റെ കാര്യമോ?. അതിനെ കുറിച്ച് വല്ലതും പറഞ്ഞിരുന്നോ?. ചോദ്യങ്ങളുടെ ശരമാല ഉമ്മച്ചനില്‍ നിന്നും പ്രവഹിക്കുന്നത് കണ്ടപ്പോള്‍ കുഞ്ഞുവൈദ്യന് ദേഷ്യം തോന്നിയെങ്കിലും സ്വയം നിയന്ത്രിച്ചിട്ടു ഉമ്മച്ചനോടായി പറഞ്ഞു.  

 

 

ഞാന്‍ വിചാരിച്ചു സുഖമില്ലാതെ ഇരിക്കുന്ന എന്നെ കാണുവാനാണ് നിങ്ങള്‍ വന്നതെന്ന്. പ്രതീക്ഷകള്‍ക്ക് മേല്‍ ഭംഗം നേരിട്ടപ്പോള്‍ കുഞ്ഞുവൈദ്യന്‍ വല്ലാത്ത നിരാശയുടെ ഭാവം പ്രകടിപ്പിച്ചുകൊണ്ട് കട്ടിലില്‍ നിവര്‍ന്നു കിടന്നു.

 

വണ്ടിയുടെ കാര്യങ്ങള്‍ ഒക്കെ എല്പ്പിച്ചിരിക്കുന്നത് തൊമ്മിക്കുഞ്ഞിനെയാണെന്ന് ഞാന്‍ പ്രത്യേകം പറയേണ്ടിയ കാര്യം ഇല്ലല്ലോ? വണ്ടിയുടെ ഇടപാടുകള്‍ ഒക്കെ അവനുമായി നേരിട്ട് തീര്‍ത്തിട്ട് വണ്ടിയും കൊണ്ട് പൊയ്ക്കോ.  

 

അതിന് മറുപടി പറഞ്ഞത് ഈപ്പച്ചനായിരുന്നു. വണ്ടിയുടെ ഇടപാട് ചിന്നമ്മയുമായി തീര്‍ക്കുന്നതിന്‍റെ ഒചിത്യത്തെ പറ്റി ഈപ്പച്ചന്‍ വചാലനാകുക തന്നെ ചെയ്തു. മരുമകള്‍ ഒപ്പിച്ചുകൂട്ടിയ കുരുക്ക് അഴിച്ചെടുക്കുവാന്‍ കുറെയേറെ നാളുകളെടുക്കുമെന്നുള്ള ചിന്ത ഈപ്പച്ചനെ ഭ്രാന്തമായ അവസ്ഥയില്‍ എത്തിച്ചു.

 

 

അച്ചായന്‍ വിഷമിക്കാതെ ഇരുന്നാട്ടെ. തൊമ്മിക്കുഞ്ഞ് വന്നാല്‍ ഉടനെ തന്നെ അതിനൊരു പരിഹാരം കാണുവാന്‍ നമ്മള്‍ക്ക് ശ്രമിക്കാം. പിന്നെയും ഏറെ നേരം കഴിഞ്ഞാണ് തൊമ്മികുഞ്ഞ് അവിടേക്ക് കടന്നു വന്നത്.

 

 

അക്ഷമനായി നിന്നിരുന്ന ഉമ്മച്ചന്‍ തൊമ്മിക്കുഞ്ഞുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. കാര്‍ കൊണ്ടുപോകുമെന്നുള്ള ഉമ്മച്ചന്‍റെ വീമ്പ് പറച്ചില്‍ കേട്ടപ്പോള്‍ തൊമ്മിക്കുഞ്ഞ് ഒന്ന് ചിരിച്ചു. ഞങ്ങളുടെ തറവാട്ടില്‍ വന്നിട്ട് അനുവാദം ഇല്ലാതെ കാര്‍ കൊണ്ടുപോകുവാന്‍ പറ്റുകയാണെല്‍ കൊണ്ടുപൊയ്ക്കോളൂ..

 

തൊമ്മിക്കുഞ്ഞിന്‍റെ ആ പരിഹാസം ഉമ്മച്ചനെ വല്ലാത്തൊരു മാനസികാവസ്ഥയ്ക്ക് ഉടമയാക്കി തീര്‍ത്തു. ഉമ്മച്ചന്‍ തൊമ്മിക്കുഞ്ഞിനു നേരെ കൈ ഓങ്ങി കൊണ്ട് ചാടി എഴുനേല്ക്കുകയും ചെയ്തു. ഉമ്മച്ചന്‍റെ ആക്രമണത്തെ തൊമ്മിക്കുഞ്ഞ് തടുക്കുകയും ഉമ്മച്ചന്‍റെ കവിള്‍ത്തടം ലക്ഷ്യമാക്കി കൈ ഓങ്ങി നല്ലൊരു അടി കൊടുക്കുകായും ചെയ്തു.

 

പിന്നെയും രംഗം വഷളായി കൊണ്ടിരുന്നു.

 

അപ്രതീക്ഷിതമായി കവിള്‍ത്തടത്തില്‍ കിട്ടിയ സമ്മാനത്തിന്‍റെ ആലസ്യത്തില്‍ നിന്നും പൂര്‍ണ്ണമായി മുക്തനാകാതെ ഇരുന്ന ഉമ്മച്ചന്‍ പ്രതിഷേധം നടത്തുവാന്‍ ശ്രമിച്ചെങ്കിലും തൊമ്മിക്കുഞ്ഞിന്‍റെ കായിക ശക്തിയ്ക്ക് മുന്‍പില്‍ പരാജിതനായി തീര്‍ന്നു.

 

ചിന്നമ്മയുടെ നിര്‍ദേശം ഇല്ലാതെ വണ്ടി വിട്ടു നല്‍കാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ട് തൊമ്മിക്കുഞ്ഞ് ഭദ്രനോടൊപ്പം കാറില്‍ എങ്ങോട്ടോ യാത്ര തിരിച്ചു. പിന്നെയും കുറയേറെ നേരം കഴിഞ്ഞാണ് ഉമ്മച്ചനും, ഈപ്പച്ചനും താഴത്ത്‌ വടക്ക് തറവാട്ടിലേക്ക് തിരകെ യാത്ര തിരിച്ചത്.

 

 

(തുടരും. )

 

 

രഞ്ജിത്ത് മാത്യു

 

 

കവർ ചിത്രം: ബിനോയ് തോമസ്

Related Post