ബന്ധങ്ങൾ (നോവൽ - 44)

March 24, 2021

മടക്കയാത്രയില്‍ ഉമ്മച്ചന്‍റെ മനസിലെ ചിന്തകള്‍  പത്തായപുരയിലെ എലികളെ പോലെ തുള്ളി കളിച്ചുകൊണ്ട് ഓടി നടക്കുകയായിരുന്നു. കണക്കില്‍ കവിഞ്ഞ  ബാങ്ക് ബാലന്‍സും , എന്തിനും ഏതിനും സഹായഹസ്തവുമായി നില്‍ക്കുന്ന അപ്പന്‍റെയും അമ്മയുടേയും, ഏലമ്മച്ചിയുടെയും പിന്തുണയ്ക്ക് അന്ത്യം വന്നു ഭാവിക്കുന്നതിന് മുന്‍പേ വീട് പണി തീര്‍ക്കണം. ജോലിയില്‍ നിന്ന് ലഭിക്കുന്ന   പണവും, ബാങ്കില്‍ കിടക്കുന്ന പണവും, വിരമിക്കുന്ന കാലത്ത് താങ്ങും തണലുമായി തീരുമെന്നുള്ള ഉറപ്പ് ഉമ്മച്ചന്‍റെ മനസ്സില്‍ തകര്‍ക്കുവാന്‍ പറ്റാത്ത വിശ്വാസം പോലെ അടിഞ്ഞു കൂടി കിടന്നു.

 

 

വീട് പണി നടക്കുമ്പോള്‍ അമ്പിളിയുടെ വീട്ടില്‍ നിന്നും തരക്കേടില്ലാത്തൊരു തുക കിട്ടുമായിരിക്കും. സര്‍ക്കസ് കൂടാരത്തിലെ  ത്രിപ്പീസ്കളിക്കാരന്‍റെ വേഗത്തില്‍ മനസ്സ്   ഭാവിയെപറ്റി സ്വപ്നങ്ങള്‍ നെയ്തുകൊണ്ടിരുന്നപ്പോള്‍ ഉമ്മച്ചന്‍ സുഖനിദ്രയിലായി പോയി.

 

 

വണ്ടിയുടെ മുന്‍ഭാഗത്ത് ഇരിക്കുകയായിരുന്ന അമ്പിളിയപ്പോള്‍ മടങ്ങിപോകുന്നതിനെ പറ്റിയും, കുവൈറ്റില്‍ എത്തിച്ചേര്‍ന്നതിന് ശേഷമുള്ള  ഭാവി പരിപാടികളെ പറ്റിയുമുള്ള ഗഹനമായ ചിന്തയില്‍ മുഴുകിയിരിക്കുകയായിരുന്നു. വ്യത്യസ്ഥമായ മറ്റൊരു ലോകത്തേക്ക് പ്രയാണം നടത്തുന്ന മനസ്സിന്‍റെ നിയന്ത്രണശക്തി കൈ വിട്ടു പോകുമെന്ന്‍ തോന്നിയപ്പോള്‍ അമ്പിളിയൊന്നു ചിരിച്ചു.

 

നിങ്ങള്‍ ഇവിടെ ഇറങ്ങുന്നില്ലേ/?. അമ്പലമുക്കില്‍ എത്തിയപ്പോള്‍ കണ്ടക്ടര്‍ സംശയം നിവരണത്തിനായി ഉമ്മച്ചനെ കുലുക്കി ഉണര്‍ത്തി. പരിസരം ബോധം മറന്ന മട്ടില്‍ ഉറങ്ങുകയായിരുന്ന ഉമ്മച്ചന്‍ ചാടി എഴുനേറ്റിട്ട് അമ്പിളിയേയും മക്കളേയും തിരഞ്ഞിട്ട് അവര്‍ക്ക്  ഇറങ്ങുവാനുള്ള സംജ്ജ നല്‍കി.  

 

 

ഡ്രൈവര്‍ മത്തച്ചന്‍റെ വീടിനോട് ചേര്‍ന്ന്‍ തന്നെ ഇരിക്കുന്ന ബസ്സ്‌സ്റ്റോപ്പില്‍ ഇറങ്ങിയപ്പോള്‍ ഉമ്മച്ചന്‍ ആദ്യം ശ്രദ്ധിച്ചത് മത്തച്ചന്‍റെ സാമീപ്യം അവിടെയെങ്ങാനും ഉണ്ടോയെന്നായിരുന്നു. വീടിന്‍റെ ഉമ്മറത്ത് കൈലിയും ഉടുത്തു നില്‍ക്കുന്ന മത്തച്ചനെ കണ്ടതും അവിടെ നിര നിരയായി കിടക്കുന്ന ഓട്ടോ റിക്ഷാ  കൂട്ടങ്ങള്‍ക്കിടയിലേക്ക് ഉമ്മച്ചന്‍ നടന്നു.

 

 

മുന്‍പന്തിയില്‍ കിടന്ന സുഗുണന്‍ ഒരു ഇരയെ കിട്ടിയ സന്തോഷത്തില്‍ കുലുങ്ങി ചിരിച്ചിട്ട്  ഉമ്മച്ചനോട്‌ പറഞ്ഞു ..

 

 

സാര്‍ വാ ഞാന്‍ കൊണ്ടാക്കാം.....

 

 

കേട്ട പാതി കേള്‍ക്കാത്ത പാതി ഉമ്മച്ചന്‍ ഓട്ടോയ്ക്ക് ഉള്ളിലേക്ക് വലിഞ്ഞു കയറി. പുതുമയുള്ള കാര്യങ്ങള്‍ ആണെല്ലോ സംഭവിക്കുന്നതെന്ന ചിന്തയില്‍ നിന്നിരുന്ന അമ്പിളി ടോമിനേയും, ജെറിയേയും വണ്ടിക്കുള്ളിലെക്ക് തള്ളി കയറ്റിയിട്ട് വണ്ടിയില്‍ കയറി ഇരുന്നു.

 

ഓട്ടോയ്ക്ക് ഉള്ളില്‍ ഇരിക്കുന്ന ഉമ്മച്ചനെ സുഗുണന്‍ കണ്ണാടിയിലൂടെ വീക്ഷിക്കുകയായിരുന്നപ്പോള്‍. അമ്പല കവലയില്‍ ഇറങ്ങിയ  ഉമ്മച്ചന്‍ ആ കവലയില്‍ നിന്നും  ആദ്യമായിട്ടായിരുന്നു  സ്വന്തം വീട്ടിലേക്ക് മുച്ചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നത്. പരദൂക്ഷണം തൊഴിലാക്കിയ സുഗുണന്‍ പുതിയതായി എന്തെങ്കിലും വിവരം കിട്ടിയാലോയെന്നുള്ള വഗ്രതയില്‍ ഉമ്മച്ചന്‍റെ പ്രവര്‍ത്തികളെ സസൂക്ഷണം വീക്ഷിക്കുകയായിരുന്നു.

 

 

വീട്ടില്‍ എത്തിയ ഉടനെ അമ്പിളി ഉമ്മച്ചനോട്‌ കയര്‍ത്തു. അതിന്‍റെ കാരണം വിചിത്രമായിട്ടൊന്നും ഉമ്മച്ചന് തോന്നിയതുമില്ല. അമ്പല മുക്കില്‍ നിന്നും താഴത്ത് വടക്ക് തറവാട്ടിലേക്ക് നടക്കുവാനുള്ള ദൂരം മാത്രമേ ഉള്ളുവെന്നതിനാല്‍,  ഓട്ടോ പിടിച്ചു കാശ് കളയുന്നതിന്‍റെ കാരണം തേടിയുള്ള ഉച്ചപ്പാടായിരുന്നു അത്.

 

ഉമ്മച്ചന് പക്ഷേ അമ്പിളിയുമായി പങ്കിടുവാന്‍ ഉണ്ടായിരുന്നത് മറ്റൊരു കഥയായിരുന്നു. പങ്ക് കച്ചവടത്തിലൂടെ വണ്ടി സ്വന്തമാക്കിയെങ്കിലും ഒറ്റ ദിവസം പോലും അതില്‍ കയറുവാന്‍ ഇടയായിട്ടില്ല. വണ്ടി ഇപ്പോഴും ചിന്നമാമ്മയുടെ വീട്ടുകാരുടെ കയ്യിലാണ്. ആ വിവരം അറിയാവുന്ന ഡ്രൈവര്‍ മത്തച്ചന്‍റെ മുന്‍പിലൂടെ നടന്നു പോകുമ്പോള്‍ ഉള്ള ജാള്യത മറയ്ക്കുവാനായിട്ടായിരുന്നു അമ്പലമുക്കില്‍ നിന്നും ഓട്ടോ പിടിച്ചത്.

 

എന്തായാലും മറ്റുള്ളവരുടെ മുന്‍പില്‍ നമ്മള്‍ക്ക് വിലയൊട്ടും ഇല്ലാതെയായില്ലേ?. അമ്പിളി ആത്മാഭിമാനത്തിന് കോട്ടം തട്ടിയത് പോലെ വിലപിച്ചു.

 

ബേബിച്ചായനും, അന്നമാമ്മയുമൊക്കെ ഈ വിവരങ്ങള്‍ അറിഞ്ഞു ആഹ്ലാദിച്ചു ചിരിക്കുന്നുണ്ടാവും.

 

 

പഴയ ഒരു വണ്ടിയെങ്കിലും  സ്വന്തമായി ബേബിച്ചായന് ഉണ്ടായിരുന്നല്ലോ?. ആ വണ്ടിയെ നമ്മള്‍ പാറുകുട്ടിയെന്നു വിളിച്ചു കുറെയേറെ കളിയാക്കിയിട്ടുമുണ്ട്.  അതിന്‍റെയൊക്കെ തിക്താനുഭവങ്ങളാവും നമ്മള്‍ ഇപ്പോള്‍ ഈ അനുഭവിക്കുന്നത്.

 

അമ്പിളി വിഷയം മാറ്റുവാനായി ബേബിച്ചായന്‍റെ വീട് പണിയെ പറ്റി ചെറിയൊരു വിവരണം നടത്തി. പൈസാ കയ്യില്‍ ഇല്ലായെന്ന് പറഞ്ഞിട്ട് വീട് പണി വാര്‍ക്ക തന്നെ എത്തി നില്‍ക്കുകയാണല്ലോ?.

 

 

അന്നമ്മയുടെ വീട്ടുകാര്‍ നല്ലതു പോലെ അവരെ സഹായിക്കുന്നുണ്ടാവും. അല്ലാതെ ഇങ്ങനെയൊന്നും നടക്കുവാന്‍ വഴിയില്ല.

 

കേട്ടപ്പോള്‍ ഉമ്മച്ചന് അത് ശരിയാണെന്ന്‍ തോന്നുകയും, അമ്പിളിയുടെ വീട്ടില്‍ നിന്നും തങ്ങളുടെ വീട്പണിക്കായി നല്‍കുവാന്‍ പോകുന്ന പണത്തെ പറ്റി ചിന്തിക്കുകയും ചെയ്തിട്ടു ആത്മഗതം പോലെ പറഞ്ഞു.  

 

അങ്ങനെയാ പെണ്മക്കളോട് സ്നേഹമുള്ള അപ്പനമ്മമാര്‍. അത് കേട്ടെങ്കിലും അമ്പിളിയൊന്നും മറുപടി പറഞ്ഞില്ല.

 

നീ എപ്പോഴാടാ കോഴിക്കോടിന് തിരികെ പോകുന്നത്. അവിടേക്ക് കടന്നു വന്ന മറിയാമ്മച്ചി മകനോട് കടുപ്പത്തില്‍ തന്നെ ചോദിച്ചിട്ട് തിരിച്ചു അടുക്കളയിലേക്ക് നടന്നു. നേരത്തേ പറഞ്ഞാല്‍ ഞാനും കൂടി നിങ്ങളുടെ കൂടെ വരാം.

 

 

അമ്മച്ചിയെ കണ്ടപ്പോള്‍ അമ്പിളി വളരെ ഭവ്യതയോടെ മത്തായികുട്ടിച്ചായന്‍ മദ്രാസില്‍  നിന്നും രണ്ടു ദിവസത്തിനകം വരുന്ന വിവരം പറഞ്ഞു.

 

 

അവന്‍ വരുന്നുണ്ടോ?. എങ്കില്‍ അവനെ കണ്ടിട്ട് നമ്മള്‍ക്ക് ഒന്നിച്ചു കോഴിക്കോടിന് പോകാം.

 

 

"മനുഷ്യന്‍റെ കാര്യം അല്ലേ?..

 

 

ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം.  മരണത്തെക്കുറിച്ച് കുറിച്ചായിരുന്നു മറിയാമ്മച്ചി ആരെയും വേദനിപ്പിക്കാതെ സരസ ഭാവത്തില്‍ പറഞ്ഞു ഫലിപ്പിച്ചത്.

 

അത് കേട്ടതും അമ്പിളിയ്ക്ക് ദേഷ്യം വന്നു. ഞങ്ങളുടെ വീട് പണി കഴിഞ്ഞിട്ട് മാത്രം അമ്മച്ചി പരലോകത്തേക്ക് പോകുന്നതിനെ പറ്റി ചിന്തിച്ചാല്‍ മതി. അമ്പിളി അത്രയും കടുപ്പിച്ചു പറഞ്ഞിട്ട് ഓടി ചെന്ന് അമ്മച്ചിയെ കെട്ടിപിടിച്ചു.

 

 

അമ്പിളിയുടെ ആ അഭിനയചാതുര്യം  കണ്ടു നില്‍ക്കുവാന്‍ കഴിയാതെ ഉമ്മച്ചന്‍ മുറ്റത്തേക്ക് മെല്ലെ ഇറങ്ങി. അളിയന്‍ പൊന്നപ്പന്‍ സഹായ ഹസ്തം നീട്ടിയെങ്കിലും ആ വാഗ്ദാനത്തിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന നഷ്ടങ്ങള്‍ ഓര്‍ത്തപ്പോള്‍  ഉമ്മച്ചന്‍റെ മനസ്സ് നീറി.

 

 

കോഴിക്കോടിന് കൊണ്ട് പോകുവാനുള്ള തടികള്‍ വെട്ടികൊണ്ടിരിക്കുന്ന ഗോപാലന്‍ ഉമ്മച്ചനെ കണ്ടപ്പോള്‍ ഉപകാര സ്മരണ പോലെ ചിരിച്ചെന്നു വരുത്തി. പണി ഇല്ലാതെയിരുന്നപ്പോള്‍ പരോക്ഷമായിട്ടാണെങ്കില്‍ ഈ  വീട് പണി ഒരു ഉപകാരം തന്നെയാണ്.

 

********

 

 

പിറ്റേന്ന്‍ രാവിലെ ഉമ്മച്ചനും , അമ്പിളിയും, മക്കളും കൂടി കോഴിക്കോടിന് പോകുവാനായി ഒരുങ്ങുന്നത് കണ്ടപ്പോള്‍ മറിയാമ്മച്ചിയ്ക്ക് ദേഷ്യം വന്നു. രണ്ടു ദിവസം കൂടി കഴിഞ്ഞു മാത്തുകുട്ടി വന്നിട്ട് നമ്മള്‍ക്ക് ഒന്നിച്ചു പോകാമെന്ന് ഞാന്‍ പറഞ്ഞതല്ലേ?. സംശയനിവാരണം വരുത്തുവാനായി അമ്പിളിയെ സ്നേഹത്തെടെയൊന്ന് നോക്കുവാനും മറിയാമ്മച്ചി മറന്നില്ല.

 

അതേ...... അമ്മച്ചീ... ഇന്നലെ രാത്രി ഉമ്മച്ചായന്‍റെ ഓഫീസില്‍ നിന്നും വിളി വന്നിരുന്നു. അത്യാവശ്യമായി അങ്ങോട്ട്‌ ചെല്ലണമെന്നും പറഞ്ഞ്.... രാത്രിയില്‍ അമ്മച്ചിയോടെ പറയേണ്ടന്ന് ഉമ്മച്ചായാനാ എന്നെ വിലക്കിയത്.  

 

 

മത്തായികുട്ടിച്ചായന്‍ കോഴിക്കോടിന് വരുന്നുണ്ടെങ്കില്‍ അമ്മച്ചിയും കൂടെ അച്ചായന്‍റെ കൂടെ വരണം കേട്ടോ...

 

മത്തായികുട്ടിച്ചായാന് ഉമ്മച്ചായനോട് എന്തെങ്കിലും ഒക്കെ പറയുവാനും ഉണ്ടാവും.

 

 

അമ്പിളി ആ പറഞ്ഞതിലെ നെല്ലും, പതിരും വേര്‍തിരിച്ചു എടുക്കുവാന്‍ മറിയാമ്മച്ചി മിനക്കെട്ട നേരത്തായിരുന്നു ഉമ്മച്ചനും, അമ്പിളിയും , ടോമും , ജെറിയും യാത്ര പറഞ്ഞു ഇറങ്ങിയത്‌.

 

 

തുടരും

 

 

രഞ്ജിത്ത് മാത്യു

 

കവർ ചിത്രം: ബിനോയ് തോമസ്

Related Post