കുമാരനല്ലൂർ ഭഗവതി

Metrom Australia Sept. 10, 2020

തിരുവിതാംകൂർ സംസ്ഥാനത്തുള്ള ഊരാൺമക്ഷേത്രങ്ങളിൽ പ്രഥമ ഗണനീയവും ഏറ്റുമാനൂർ താലൂക്കിലുള്ളതും സുപ്രസിദ്ധവുമായ കുമാരനല്ലൂർ ക്ഷേത്രത്തെപ്പറ്റി കേട്ടിട്ടില്ലാത്തവർ കേരളത്തിലധികമുണ്ടായിരിക്കുമെന്നു തോന്നുന്നില്ല.

അവിടത്തെ ദേവിയെക്കുറിച്ചുള്ള,
'ശംഖുണ്ടിടത്തു വലമേയൊരു ചക്രമുണ്ടു
കാലിൽ ചിലമ്പു ചില മുത്തുപടം കഴുത്തിൽ
ഓടീട്ടു വന്നു കുടികൊണ്ട കുമാരനല്ലൂർ
കാർത്ത്യായനീ! ശരണമെന്നിത കൈതൊഴുന്നേൻ'
എന്ന സങ്കീർത്തനശ്ലോകം അത്ര ഭംഗിയുള്ളതല്ലെങ്കിലും പ്രസിദ്ധമാകയാൽ അതും പലരും കേട്ടിരിക്കാനിടയുണ്ട്.

എങ്കിലും ആ ഭഗവതി "ഓടീട്ടുവന്നു കുടികൊണ്ട"തേതു പ്രകാരമാണെന്ന് അറിഞ്ഞിട്ടുള്ളവർ ഇപ്പോൾ അധികമുണ്ടായിരിക്കുമെന്നു തോന്നുന്നില്ല.

അതിനാൽ ആ സംഗതിയെപ്പറ്റി ആദ്യം ഒരു വിവരണം ആവാം.


'മധുരമീനാക്ഷി' എന്നു കേൾവിപ്പെട്ട ദേവിയുടെ ക്ഷേത്രം പണ്ട് പാണ്ഡ്യരാജാക്കന്മാരുടെ വകയായിരുന്നു. പാണ്ഡ്യരാജാക്കന്മാരുടെ രാജധാനി മധുരയിലായിരുന്നതിനാൽ അവർ ആ ദേവിയെ അവരുടെ പരദേവതായയിട്ടാണ് വിചാരിക്കുകയും ആചരിക്കുകയും ചെയ്തുവന്നിരുന്നത്.


ഒരിക്കൽ ആ ദേവീവിഗ്രഹത്തിൽ ചാർത്തിയിരുന്നതും വളരെ വിലയുള്ളതും രത്നഖചിതവുമായ മൂക്കുത്തി എങ്ങനെയോ പോയി.

ശാന്തിക്കാരൻ നിർമാല്യം (തലേദിവസത്തെ പൂവും മാലയും) വാരി പുറത്തിട്ടതിന്‍റെ കൂടെയോ അഭി‌ഷേകവും മറ്റു കഴിച്ച സമയം ഓർക്കാതെ ശാന്തിക്കാരന്‍റെ കൈ മുട്ടിത്തെറിച്ചോ എങ്ങനെയാണ് അതു പോയതെന്ന ആർക്കും ഒരു നിശ്ചയവുമില്ലായിരുന്നു.

മൂക്കുത്തി പോയി എന്നു കേട്ടു പാണ്ഡ്യരാജാവു പലവിധത്തിൽ അന്വേ‌ഷണങ്ങൾ നടത്തീട്ടും ഒരു തുമ്പുമുണ്ടായില്ല. ബിംബത്തിന്മേൽ ചാർത്തിയിരുന്ന സാധനം ശാന്തിക്കാരനറിയാതെ പോവുകയില്ലെന്നുതന്നെ ഒടുക്കം രാജാവു തീർച്ചപ്പെടുത്തി.

ശ്രീകോവിലിനകത്തു ശാന്തിക്കാരനല്ലാതെ മറ്റാരും കയറുക പതിവില്ലാത്ത സ്ഥിതിക്കു രാജാവിന്‍റെ വിചാരം അങ്ങനെ ആയതില്‍ ആര്‍ക്കും തെറ്റു പറയുവാനും പറ്റില്ലായിരുന്നു.


എങ്കിലും ശുദ്ധാത്മാവും ദേവിയെക്കുറിച്ചു വളരെ ഭക്തിയുള്ള ആളുമായിരുന്ന ആ പഴയ ശാന്തിക്കാരന് ഈ മൂക്കുത്തി പോയത് ഏതു പ്രകാരമാണെന്നു വാസ്തവത്തിൽ യാതൊരറിവുമുണ്ടായിരുന്നില്ല. ദേവിക്കു പതിവായി ചാർത്തിവന്ന ഈ ആഭരണം പോയതു നിമിത്തം അദ്ദേഹത്തിനും അപാരമായ മനസ്താപമുണ്ടായിരുന്നു.

പക്ഷേ അതൊക്കെ ആരറിയുന്നു.

ഉഗ്രശാസനനായ പാണ്ഡ്യരാജാവ് ശാന്തിക്കാരനെ പിടിപ്പിച്ചു വരുത്തി ചോദ്യം തുടങ്ങി. പലവിധത്തിൽ ചോദിച്ചിട്ടും മൂക്കുത്തി പോയതേതു പ്രകാരമാണെന്ന് അറിഞ്ഞുകൂടെന്നുതന്നെ അദ്ദേഹം പറഞ്ഞു.

ഒടുക്കം രാജാവ്, നാല്പതു ദിവത്തിനകം ആ മൂക്കുത്തി ശാന്തിക്കരൻ എങ്കിനെയെങ്ങിലും തേടിപ്പിടിച്ചു ഹാജരാക്കണമെന്നും അല്ലാത്തപക്ഷം ശാന്തിക്കാരന്‍റെ ശിരച്ഛദേം ചെയ്യിക്കുന്നതാണെന്നും കല്പിച്ചു.

ഇതുകേട്ടു ശാന്തിക്കാരൻ ഒന്നും മറുപടി പറയാതെ വ്യസനത്തോടുകൂടി രാജസന്നിദ്ധിയിൽനിന്നു പോയി. ആ ബ്രാഹ്മണോത്തമൻ പലവിധത്തിൽ അന്വേ‌ഷിച്ചുനോക്കീട്ടു മൂക്കുത്തി കണ്ടുകിട്ടിയില്ല.

അങ്ങനെ മുപ്പത്തൊമ്പതു ദിവസമായി. മുപ്പത്തൊമ്പതാം ദിവസം രാത്രിയിൽ പിറ്റേദിവസം തന്‍റെ തല പോകുമല്ലോ എന്നു വിചാരിച്ചു വി‌ഷാദിച്ചുകൊണ്ട് അദ്ദേഹം കിടന്നു. കണ്ണടച്ച സമയം ആരോ അദ്ദേഹത്തിന്‍റെ അടുക്കൽ ചെന്ന്, 'അങ്ങിനി ഇവിടെ താമസിച്ചാലാപ ത്തുണ്ടാവും. ഇതാ കാവൽക്കാരെല്ലാം നല്ല ഉറക്കമായിരിക്കുന്നു. ഈ തരത്തിനു പുറത്തിറങ്ങി ഓടിക്കൊള്ളു. എന്നാൽ വല്ല ദിക്കിലും ചെന്നു രക്ഷപ്പെടാം' എന്നു പറഞ്ഞു.

ഉടനെ അദ്ദേഹം കണ്ണുതുറന്നു നോക്കിയപ്പോൾ ആരെയും കണ്ടില്ല. "ഇതാരാണ് ഇങ്ങനെ പറഞ്ഞത്? എന്തോ എനിക്കു മനോരാജ്യംകൊണ്ടു വെറുതെ തോന്നിയതായിരിക്കും" എന്നു വിചാരിച്ച് അദ്ദേഹം പിന്നെയും കണ്ണടച്ചു.

അപ്പോൾ പിന്നെയും അങ്ങനെ തന്നെയുള്ള ഉപദേശം കേട്ടു. കണ്ണു തുറന്നു ചുറ്റും നോക്കിയെങ്കിലും ആരേയും കണ്ടില്ല.

പിന്നെയും അദ്ദേഹം കണ്ണടച്ചപ്പോൾ മൂന്നാമതും മേൽപ്രകാരം ഉപദേശം കേട്ടു. "ഏതായാലും ഈ ഗുണദോ‌ഷവാക്കിനെ നിരസി ക്കുന്നതു യുക്തമല്ല. ഇതു ദേവി അരുളിച്ചെയ്തതുതന്നെ ആയിരിക്കും. അതിനാൽ വേഗത്തിൽ പോവുകതന്നെ" എന്നു വിചാരിച്ചു നിശ്ചയിച്ചിട്ട് അദ്ദേഹം അവിടെനിന്നെണീറ്റു ക്ഷണത്തിൽ പുറത്തിറങ്ങി ഓടിത്തുടങ്ങി.

അപ്പോൾ സർവാംഗസുന്ദരിയായ ഒരു ദിവ്യസ്ത്രീ "വളരെക്കാലം എന്നെ സേവിച്ചു കൊണ്ടിരുന്ന അങ്ങു പോവുകയാണെങ്കിൽ ഞാനും പോരികയാണ്" എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്‍റെ പിന്നാലേ ഓടിയെത്തി. കുറച്ചു കഴിഞ്ഞപ്പോൾ ആ സ്ത്രീ മുൻപിൽക്കടന്ന് ഓടിത്തുടങ്ങി. അതു വലിയ കൂരിരുട്ടുള്ള കാലമായിരുന്നുവെങ്കിലും ആ സ്ത്രീയുടെ ശരീരശോഭയും ആഭരണങ്ങളുടെ പ്രകാശവും നിമിത്തം ആ ബ്രാഹ്മണനു വഴിയിൽ നല്ലപോലെ കണ്ണു കാണാമായിരുന്നു.

അങ്ങനെ രണ്ടുപേരും കൂടി നാലഞ്ചുനാഴിക ദുരംവരെ ഓടിയപ്പോൾ ആ സ്ത്രീ പെട്ടെന്നു മറഞ്ഞു കളഞ്ഞു. അപ്പോൾ വഴിയും ദിക്കുമെല്ലാം അന്ധകാരമയമായി. കണ്ണു തീരെ കാണാൻ പാടില്ലതെയായതിനാൽ ബ്രാഹ്മണൻ ഓടാനെന്നല്ല, നടക്കാൻപോലും നിവൃത്തിയില്ലാതെയായി.

അപ്പോൾ അദ്ദേഹത്തിനു വളരെ ഭയവും വ്യസനവുമുണ്ടായി. എങ്കിലും തപ്പിത്തപ്പി പിന്നെയും കുറേശ്ശ നടന്നുതുടങ്ങി. ക്ഷീണംകൊണ്ടു നടക്കാനും അദ്ദേഹത്തിനു പ്രയാസമായിത്തീർന്നു.

രാജാവിന്‍റെ ആളുകൾ പിന്നാലേ ഓടിയെത്തി പിടിച്ചെങ്കിലോ എന്നുള്ള ഭയവും അദ്ദേഹത്തിനില്ലായ്കയില്ല. എങ്കിലും ക്ഷീണം നിമിത്തം വല്ല ദിക്കിലൂം കുറച്ചിരിക്കുകയോ കിടക്കുകയോ ചെയ്യാതെ നിവൃത്തിയില്ലെന്ന് അദ്ദേഹത്തിനു തോന്നി.

അപ്പോൾ ഇടിമിന്നലിന്‍റെ പ്രകാശംകൊണ്ട് അദ്ദേഹം ആ വഴിക്കു സമീപത്തായി ഉണ്ടായിരുന്ന വഴിയമ്പലം കണ്ടു. തപ്പിത്തടഞ്ഞ് അദ്ദേഹം അവിടെ ചെന്നുകേറി. രണ്ടാംമുണ്ടു വിരിച്ചു കിടന്നു.

മനസ്സിൽ വളരെ ഭയവും വിചാരങ്ങളുമുണ്ടായിരുന്നുവെങ്കിലും ക്ഷീണം കൊണ്ടോ എന്തോ കിടന്നയുടനെ അദ്ദേഹം ഉറങ്ങിപ്പോവുകയും ചെയ്തു.
അക്കാലത്തു കേരളരാജ്യം അടച്ചുവാണിരുന്ന ചേരമാൻ പെരുമാൾ ഒരു ഭഗവതിയെ പ്രതിഷ്ഠിക്കണമെന്നു വിചാരിച്ചു വൈക്കത്ത് ഉദയനാപുരത്തും, ഒരു സുബ്രഹ്മണ്യനെ പ്രതിഷ്ഠിക്കണമെന്നു വിചാരിച്ച് ഇപ്പോൾ കുമാരനല്ലൂരെന്നു പറഞ്ഞുവരുന്ന സ്ഥലത്തും ഓരോ അമ്പലം പണികഴിച്ചു പ്രതിഷ്ഠ്യ്ക്കു മുഹൂർത്തവും നിശ്ചയിച്ച് അതിലേക്കു വേണ്ടുന്നവയെല്ലാം വട്ടംകൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു.

വഴിയമ്പല ത്തിൽ കിടന്നുറങ്ങിയ ബ്രാഹ്മണൻ പിറ്റേദിവസം കാലത്തുണർന്നു കണ്ണുതുറന്നു നോക്കിയപ്പോൾ കുമാരസ്വാമിയെ (സുബ്രഹ്മണ്യനെ) പ്രതിഷ്ഠിപ്പിക്കാനായി ചേരമാൻ പെരുമാൾ പണിയിച്ച അമ്പലത്തിലായിരുന്നു. "തെന്തൊരത്ഭുതം" എന്നു വിചാരിച്ച് അദ്ദേഹം ചുറ്റും നോക്കിയപ്പോൾ അവിടെ ശ്രീകോവിലിനകത്തു പീഠത്തിന്മേൽ സർവാംഗ സുന്ദരിയായ ഒരു ദിവ്യസ്ത്രീ ആ ബ്രാഹ്മണന്‍റെ മുൻപിൽ കടന്നോടിയ ആ ദേവി ഇരിക്കുന്നത് അദ്ദേഹം കണ്ടു.

അതു സാക്ഷാൽ "മധുര മീനാക്ഷി"യായിരുന്നുവെന്നുള്ളത് വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.
ആ ബ്രാഹ്മണൻ അമ്പലത്തിൽനിന്നു പുറത്തിറങ്ങി അവിടെ കണ്ടവരോടെല്ലാം "ഈ ക്ഷേത്രത്തിൽ മധുരമീനാക്ഷി കുടികൊണ്ടിരിക്കുന്നു" എന്നു പറഞ്ഞു. അതു കേട്ടവരെല്ലാം അമ്പലത്തിൽ ചെന്നു നോക്കി. ഒന്നും കണ്ടില്ല. "എവിടെയിരിക്കുന്നു?" എന്ന് അവർ ചോദിച്ചു.

ബ്രാഹ്മണൻ "ഇതാ ആ ശ്രീകോവിലിനകത്ത്" എന്നു ചൂണ്ടിക്കാണിച്ചു കൊണ്ടു പറഞ്ഞു. ദേവിയെ ആ ബ്രാഹ്മണനു പ്രത്യക്ഷമായി കാണാമായിരുന്നുവെങ്കിലും മറ്റാർക്കും കാൺമാൻ പാടില്ലായിരുന്നു. അതിനാൽ ആ ജനങ്ങൾ "ഇദ്ദേഹം ഒരു ഭ്രാന്തനാണ്; അസംബന്ധം പറയുകയാണ്" എന്നുംമറ്റും പറഞ്ഞു പരിഹസിച്ചു.

ഈ വർത്തമാനം കർണാകർണികയാ ചേരമാൻ പെരുമാളും കേട്ട് അവിടെച്ചെന്നുനോക്കി. ഒന്നും കാണായ്കയാൽ "ഇവിടെ ആരെയും കാണുന്നില്ലല്ലോ" എന്നു ബ്രാഹ്മണനോടു പറഞ്ഞു. ബ്രാഹ്മണൻ "എന്നാൽ എന്നെ തൊട്ടുംകൊണ്ടു നോക്കൂ" എന്നു പറഞ്ഞു.

ചേരമാൻ പെരുമാൾ ആ ബ്രാഹ്മണനെ തൊട്ടുംകൊണ്ടു നോക്കിയപ്പോൾ ദേവി ശ്രീകോവിലിനകത്തു പീഠത്തിന്മേലിരിക്കുന്നതു പ്രത്യക്ഷമായിക്കണ്ടു. പിന്നെ പെരുമാൾ ഇങ്ങനെ വരുവാനുള്ള കാരണമെന്താണെന്ന് ആ ബ്രാഹ്മണനോടു ചോദിക്കുകയും ഉണ്ടായ സംഗതികളെല്ലാം ആ ബ്രാഹ്മണൻ വിസ്തരിച്ചു പറഞ്ഞ് ചേരമാൻ പെരുമാളെ ഗ്രഹിപ്പിക്കുകയും ചെയ്തു.

സംഗതികളെല്ലാം കേട്ടപ്പോൾ ചേരമാൻപെരുമാൾക്കു വിശ്വാസവും വിസ്മയവുമുണ്ടായെങ്കിലും സ്വല്പം കോപവും ഇച്ഛാഭംഗവുംകൂടി ഉണ്ടാകാതെയിരുന്നില്ല. "ഞാൻ സുബ്രഹ്മണ്യസ്വാമിയെ പ്രതിഷ്ഠിക്കാനായി ഉണ്ടാക്കിച്ച സ്ഥലത്ത് അതിനിടയാകാതെയിരിക്കത്തക്കവണ്ണം മുൻകൂട്ടി കടന്നിരുന്നുകളയാമെന്നു വിചാരിച്ച ഈ തന്‍റെടക്കാരിക്ക് ഇവിടെ ഞാൻ യാതൊന്നും കൊടുക്കുകയില്ല.

അത്ര ഊറ്റമുണ്ടെങ്കിൽ വേണ്ടതൊക്കെ സ്വയമേവ ഉണ്ടാക്കിക്കൊള്ളട്ടെ. ഞാൻ വിചാരിച്ച മുഹൂർത്തത്തിൽത്തന്നെ സുബ്രഹ്മണ്യസ്വാമിയെ പ്രതിഷ്ഠിക്കും. അതു ദേവിയെ പ്രതിഷ്ഠിപ്പിക്കേണമെന്നു വിചാരിച്ച സ്ഥലത്തായിക്കളയാം.

അത് കേട്ടതും ബ്രാമണന്‍ "ദേവി" അവിടെ ഇരിയ്ക്കട്ടെയെന്നു പറഞ്ഞിട്ട് വൈകത്തിനു യാത്രയായി.

ചേരമാൻപെരുമാൾ അവിടെനിന്നു പോയി ഒരഞ്ചെട്ടു നാഴിക വടക്കായപ്പോൾ ആ പ്രദേശത്തെല്ലാം ആകസ്മികമായി അതികഠിനമായ മഞ്ഞു വന്നുനിറഞ്ഞു. അദ്ദേഹത്തിനും കൂടെയുണ്ടായിരുന്നവർക്കും കണ്ണു തീരെ കാണാൻ പാടില്ലാതെയായി. വഴി തിരിച്ചറിയാൻ പാടില്ലാതെ എല്ലാവരും കുഴങ്ങിവശം കെട്ടു.


അപ്പോൾ ചേരമാൻപെരുമാളുടെ ഒരു സേവകൻ "നമുക്കിപ്പോൾ ഈ ആപത്തു നേരിട്ടത് ആ ദേവിയുടെ മായാവൈഭവം കൊണ്ടൂതന്നെയായിരിക്കണം. അല്ലാതെ ഇപ്പോൾ ഇങ്ങനെ വരാനിടയില്ല.

ആ ദേവിയുടെ മാഹാത്മ്യം ഒട്ടും ചില്ലറയല്ല. ആ ദേവിയും ബ്രാഹ്മണനും ഇവിടെ വന്നെത്തിയ കഥകൊണ്ടുതന്നെ ഇതറിയാവുന്നതാണ്. അതിനാൽ നമുക്ക് മടങ്ങിപ്പോയി അവിടേക്കു വേണ്ടതെല്ലാം ചെയ്യുകയാണ് വേണ്ട തെന്നു തോന്നുന്നു" എന്നു പറഞ്ഞു.

അതു കേട്ടു ചേരമാൻപെരുമാൾ "ഇത് ആ ദേവിയുടെ മായാ വൈഭവം കൊണ്ടാണെങ്കിൽ നമുക്കിപ്പോൾ കണ്ണുകാണാറാകട്ടെ. അങ്ങനെയാവുകയാണെങ്കിൽ ഇവിടെനിന്നു നോക്കിയാൽ കാണാവുന്ന ദേശമെല്ലാം ആ ദേവിക്ക് കൊടുത്തേക്കാം. അവിടെ വേണ്ടുന്നതെല്ലാം നടത്തുകയും ചെയ്യാം" എന്നു പറഞ്ഞു.

ഉടനെ മഞ്ഞു മാറുകയും എല്ലാവർക്കും കണ്ണു കാണാറാവുകയും ചെയ്തു. ഉടനെ ചേരമാൻപെരുമാൾ ആ ദേശമെല്ലാം ആ ദേവിക്ക് വിട്ടു കൊടുത്തിരിക്കുന്നതായി പറയുകയും തിരിച്ചുപോരികയും ചെയ്തു.

മഞ്ഞു നിറഞ്ഞ ആ പ്രദേശത്തിന് "മഞ്ഞൂര്" എന്നു നാമം സിദ്ധിച്ചു. അതു ക്രമേണ "മാഞ്ഞൂര്" ആയിത്തീർന്നു. മാഞ്ഞൂരെന്നു പറയുന്ന ദേശമെല്ലാം ഇപ്പോഴും കുമാരനല്ലുർ ഭഗവതിയുടെ വകയായിട്ടു തന്നെയാണിരിക്കുന്നത്.


ചേരമാൻപെരുമാൾ ദേവീസാന്നിദ്ധ്യമുണ്ടായ ഈ സ്ഥലത്തു മടങ്ങിയെത്തി. ഇവിടെ ദേവീപ്രതിഷ്ഠതന്നെ കഴിപ്പിക്കാമെന്നു നിശ്ചയിച്ച് അതിനു വേണ്ടുന്ന ഒരുക്കങ്ങളൊക്കെ ചെയ്തുകൊണ്ടു താമസിച്ച് ഇവിടെ പ്രതിഷ്ഠീപ്പിക്കുവാനായി ഉണ്ടാക്കിവച്ച സുബ്രഹ്മണ്യവിഗ്രഹം ചേരമാൻ പെരുമാൾ ഉദയനാപുരത്തേക്കു കൊടുത്തയയ്ക്കുകയും അതു നിശ്ചിത മുഹൂർത്തത്തിൽത്തന്നെ ഉദയനാപുരത്തു പ്രതിഷ്ഠിപ്പിക്കുന്നതിനും അവിടെ പ്രതിഷ്ഠിപ്പിക്കുന്നതിനായി ഉണ്ടാക്കിവെച്ചിരിക്കുന്ന ദേവീ വിഗ്രഹം ഇങ്ങോട്ടു കൊടുത്തയയ്ക്കുന്നതിനും പ്രതിപുരു‌ഷന്മാരെ ചട്ടംകെട്ടി അയയ്ക്കുകയും ചെയ്തു.


ഉദയനാപുരത്തുണ്ടാക്കിവെച്ചിരുന്ന ദേവീവിഗ്രഹം സമയത്തിനു വന്നുചേരുകയില്ലെന്നു മുഹൂർത്തദിവസമടുത്തപ്പോൾ അറിവു കിട്ടുകയാൽ ചേരമാൻപെരുമാൾക്കു വളരെ വ്യസനമായി. വേറെ ഒരു വിഗ്രഹം പണിയിക്കുന്നതിനു മാത്രം ദിവസമില്ല. ഈ മുഹൂർത്തത്തിനു പ്രതിഷ്ഠ കഴിപ്പിക്കാഞ്ഞാൽ വളരെ മുതൽ നഷ്ടവും കുറച്ചിലുമുണ്ടാകുമെന്നു തന്നെയല്ല, ഇത്ര നല്ലതായ ഒരു ശുഭമുഹൂർത്തം പിന്നെയുണ്ടാകാനും അത്ര എളുപ്പമല്ല. ആകപ്പാടെ വിചാരിച്ചിട്ടു ചേരമാൻപെരുമാൾ ഏറ്റവും വി‌ഷണ്ണനായിത്തീർന്നു.


അന്നു രാത്രിയിൽ കിടന്നുറങ്ങിയ സമയം ചേരമാൻപെരുമാൾ, "ഒട്ടും വ്യസനിക്കേണ്ട, ഇവിടെനിന്നു രണ്ടു നാഴിക വടക്കുകിഴക്കായിട്ടുള്ള മലയിൽ ഒരു കിണറ്റിൽ എന്റെ ഒരു ബിംബം കിടക്കുന്നുണ്ട്.

അതെടുത്തുകൊണ്ടുവന്നു പ്രതിഷ്ഠ കഴിപ്പിച്ചാൽ മതി" എന്ന് ആരോ തന്‍റെ അടുക്കൽ വന്നു പറഞ്ഞതായി ഒരു സ്വപ്നം കണ്ടു. പിറ്റേ ദിവസം രാവിലെ ഇതു വാസ്തവമാണോ എന്നറിയണമെന്നു നിശ്ചയിച്ചു ചേരമാൻ പെരുമാൾ വളരെ ആളുകളോടുകൂടി ആ മലയിലേക്കു പോയി. അവിടമെല്ലാം വലിയ കാടായിരുന്നു.

ആ കാടെല്ലാം വെട്ടിത്തെളിച്ചു നോക്കിച്ചെന്നപ്പോൾ ഒരു കിണറു കണ്ടു. ആ കിണറ്റിൽ ആളെയിറക്കി നോക്കിയപ്പോൾ യാതൊരു കേടുമില്ലാത്തതും ഏറ്റവും വിശേ‌ഷപ്പെട്ടതും ലക്ഷണമൊത്തതുമായ ഒരു ബിംബം കണ്ടുകിട്ടുകയും ചേരമാൻപെരുമാൾ അതെടുപ്പിച്ചുകൊണ്ടുവന്നു നിശ്ചിതമുഹൂർത്തത്തിൽത്തന്നെ യഥാവിധി പ്രതിഷ്ഠ കഴിപ്പിക്കുകയും കുമാര (സുബ്രഹ്മണ്യ) സ്വാമിയെ പ്രതിഷ്ഠിപ്പിക്കുന്നതിനായി പണികഴിപ്പിച്ചിരുന്ന ആ ക്ഷേത്രത്തിനു മുൻനിശ്ചയപ്രകാരം "കുമാരനല്ലൂർ" എന്നുള്ള പേരുതന്നെ സ്ഥിരപ്പെടുത്തു കയും ചെയ്തു.

പിന്നീട് ചേരമാൻപെരുമാൾ മാഞ്ഞൂർ ദേശം വിട്ടുകൊടുത്തതിനുപുറമേ അവിടെ നിത്യനിദാനം, മാസവിശേ‌ഷം, ആട്ടവിശേ‌ഷം മുതലായവയ്ക്കെല്ലാം വേണ്ടുന്ന വസ്തുവഹകൾ വെച്ചുകൊടുക്കുകയും പതിവുകൾ നിശ്ചയിക്കുകയും ചെയ്തതിന്‍റെ ശേ‌ഷം ആ ദേവസ്വം ആ ദേശക്കാരായ ചില നമ്പൂരിമാർക്കായി വിട്ടുകൊടുക്കുകയും ചെയ്തു.

അങ്ങനെ അതൊരു ഊരാൺമക്ഷേത്രമായിത്തീർന്നു.

ചേരമാൻപെരുമാൾ കുമാരനല്ലൂർ ക്ഷേത്രത്തിൽ തുലാമാസത്തിൽ രോഹിണി മുതൽ വൃശ്ചികമാസത്തിൽ രോഹിണിവരെ ഇരുപത്തെട്ടു ദിവസത്തെ ഉത്സവമാണ് നിശ്ചയിച്ചിരുന്നത്. ആ ക്ഷേത്രം ഊരാൺമക്കാരുടെ വകയായിത്തീർന്നിട്ടും വളരെക്കാലം അങ്ങനെതന്നെ നടന്നിരുന്നു.

പിന്നീട് അത് കുറച്ച് വൃശ്ചികമാസത്തിൽ കാർത്തിക ഒൻപതാമുത്സവമാകത്തക്കവണ്ണം പത്തുദിവസത്തെ ഉത്സവം മതിയെന്നു നിശ്ചയിച്ചു.

ഇപ്പോഴും അപ്രകാരം നടന്നുവരുന്നു. ദേവിയുടെ മാഹാത്മ്യവും ശക്തിയുംകൊണ്ടു കാലക്രമേണ അവിടെ വസ്തുവഹകൾ വളരെ വർദ്ധിച്ചു. ഇപ്പോഴും ആ ദേവസ്വത്തിൽ അഭിവൃദ്ധിയല്ലാതെ ഒട്ടും ക്ഷയമുണ്ടാകുന്നില്ല.

സ്ത്രീനായകത്വം സർവത്ര ദോ‌ഷകരമാണെന്നാണല്ലോ പരക്കെ പറഞ്ഞുവരുന്നത്.

എന്നാൽ കുമാരനല്ലൂര് അത് വളരെ ഗുണപ്രദമായിട്ടാണ് കണ്ടുവരുന്നത്.
ആ ഭഗവതിയുടെ മാഹാത്മ്യങ്ങൾ പറഞ്ഞുതുടങ്ങിയാൽ വളരെയുണ്ട്. ഇപ്പോഴും ദേവീസാന്നിദ്ധ്യം അവിടെ വിളങ്ങിക്കൊണ്ടുതന്നെയിരിക്കുന്നു.
ദേവിയോടുകൂടി മധുരയിൽനിന്നു പോന്ന ബ്രാഹ്മണന്‍റെ വംശജന്മാർ ഇപ്പോഴും കുമാരനല്ലൂരുണ്ട്.


അവരുടെ ഇല്ലപ്പേര് "മധുര" എന്നും അവിടെയുള്ളവരെ "മധുരനമ്പൂരിമാർ" എന്നുമാണ് പറഞ്ഞുവരുന്നത്.

രഞ്ജിത്ത് മാത്യു

അടുത്ത ലക്കം : കിടങ്ങൂർ കണ്ടങ്കോരൻ

ബന്ധങ്ങൾ (നോവൽ - 19)

Metrom Australia Aug. 10, 2020

പ്രഭാതഭക്ഷണം  കഴിക്കുന്ന കാര്യം  മറക്കേണ്ട  കേട്ടോ,  മറിയാമ്മച്ചി  അടുക്കളയിലേക്ക് നടക്കുന്നതിനിടയില്‍   എല്ലാവരോടുമായി പറഞ്ഞു.
 
ഞാന്‍ ഭക്ഷണം എടുത്തു വയ്ക്കാം. ഉമ്മച്ചായന്‍ ഡ്രൈവറെയും,  അപ്പച്ചനേയും കൂട്ടി അടുക്കളയിലേക്ക് വന്നേക്ക്. ഉമ്മച്ചന് അഭിമുഖമായി തിരഞ്ഞുകൊണ്ട്‌ അത്രയും പറഞ്ഞിട്ട് അമ്പിളി അമ്മച്ചിയുടെ ഒപ്പം അടുക്കളയിലേക്ക് നടന്നു.
 
ഉമ്മച്ചന്‍ സാബുവിനെ ഭക്ഷണം  കഴിക്കുവാനായി ക്ഷണിച്ചെങ്കിലും ആ ക്ഷണത്തെ അയാള്‍ സ്നേഹപൂര്‍വ്വം നിരസിച്ചുകൊണ്ട് വണ്ടിയില്‍ തന്നെയിരുന്നു.
 
ഉമ്മച്ചന്‍ അടുക്കളയിലേക്ക് തിരിഞ്ഞു നടക്കുന്നത് കണ്ടപ്പോള്‍ സാബു ആരോടെന്നില്ലാതെ പിറുപിറുത്തു. "ഇവന്‍റെയൊക്കെ ഭക്ഷണം കഴിച്ചാല്‍ തനിക്ക് അജീര്‍ണ്ണം പിടിക്കുക തന്നെ ചെയ്യും".
 
ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അമ്പിളി അപ്പച്ചനോട്  തലേന്ന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത  ഒരു ലക്ഷം രൂപയുടെ കാര്യം ഓര്‍മ്മപ്പെടുത്തുവാന്‍ മറന്നില്ല.
 
ഓര്‍മ്മയ്ക്ക് അത്ര മങ്ങലൊന്നും ഇതുവരെ വന്നിട്ടില്ല  മോളേ. കയ്യില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന കറുത്ത തടിച്ച ബാഗ് കാട്ടികൊണ്ട് ഈപ്പച്ചന്‍ ഒന്ന് കുണുങ്ങി ചിരിച്ചു. പണം ഇതിനുള്ളില്‍ ഭദ്രമായി തന്നെ വെച്ചിട്ടുണ്ട്.
 
സ്ഥലപരിമിതി ഒരു വലിയ പ്രശ്നം തന്നെയാണല്ലോ ഉമ്മച്ചായാ. പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടയില്‍ അമ്പിളി ഓര്‍മ്മപ്പെടുത്തി.  എങ്കില്‍ അമ്മയെ അടുത്ത പ്രാവശ്യം കൊണ്ടുപോകാം. അത് കേട്ടു കൊണ്ട് നിന്ന മറിയാമ്മച്ചി ദേഷ്യപ്പെടുക തന്നെ ചെയ്തു. പിന്നെ എന്തിനാ എന്നോട് ഒരുങ്ങി നില്‍ക്കുവാന്‍ പറഞ്ഞത്.
 
അപ്പോഴാണ്‌ അവിടേക്ക് ദുര കടന്നു വന്നത്. ദേ ഈ വാഴക്കുലകള്‍ എടുത്തു വയ്ക്കുവാന്‍ മറന്നു പോയല്ലോ?. അത് ശരിയാണല്ലോ അമ്പിളിയേ. ഉമ്മച്ചന്‍റെ സംസാരം കേട്ടപ്പോള്‍ മറിയാമ്മച്ചിയ്ക്ക് പിന്നെയും ദേഷ്യം കടുത്തു.
 
ഇവിടെ നിന്ന് ചിലയ്ക്കാതെ അത് വണ്ടിയിലേക്ക് എടുത്ത് കൊണ്ടുപോയി വെക്കാടാ.  മറിയാമ്മച്ചിയുടെ സ്വരത്തിലെ താളപ്പിഴകള്‍ ഗ്രഹിച്ചതുപോലെ  ദുര ഉടനെ തന്നെ മറുപടിയൊന്നും  പറയാതെ  വണ്ടിയുടെ അരികിലേക്ക് നടന്നു.
 
നാത്തൂനേ കൊണ്ടുപോകുന്നില്ല എന്നറിഞ്ഞപ്പോള്‍ ഏലമ്മച്ചിയ്ക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നിയെങ്കിലും അതിന്‍റെ ലാഞ്ചനയൊന്നും പുറമേ  പ്രകടിപ്പിക്കാതെ  മൌനമായി നിന്നു. 
 
സങ്കീര്‍ണ്ണമായ മുഹൂര്‍ത്തത്തിലായിരുന്നു സൂസന്നചേടത്തിയുടെ  അവിടേക്കുള്ള കടന്നുവരവ്.  അമ്പിളിയും , ഉമ്മച്ചനും  തിരകെ പോകുന്ന വിവരം പൈലിച്ചേട്ടന്‍ പറഞ്ഞപ്പോഴാണ് ഞാനറിഞ്ഞത്.   ആരെങ്കിലും എന്തെങ്കിലും ചോദിക്കുന്നതിന് മുന്‍പേ തന്നെ മുന്‍‌കൂര്‍ ജാമ്യം എടുക്കുന്നത് പോലെയായിരുന്നു അവര്‍ സംസാരിച്ചത്.
 
അതിന് ഇവിടേക്ക് വരുവാന്‍ നിനക്ക് ആരുടെയെങ്കിലും അനുവാദം വേണമോ?. ഏലമ്മച്ചിയുടെ ആ ചോദ്യം കേട്ടപ്പോള്‍ സൂസന്നചേടത്തി ഒന്ന് കുലുങ്ങിച്ചിരിച്ചു.
 
പണ്ടായിരുന്നെങ്കില്‍ അതിന്‍റെയൊന്നും ആവശ്യം ഇല്ലായിരുന്നു.  ആ കാലമൊക്കെ എന്നേ പോയി മറഞ്ഞിരിക്കുന്നു ഏലിയാമ്മേ. ആ വിളി കേട്ടപ്പോള്‍ ഏലമ്മച്ചി  സന്തോഷത്തോടെ നടുവ് നിവര്‍ത്തിയിരുന്നു.  
 
"നീ മാത്രമേ  അങ്ങെനെയിപ്പോള്‍  എന്നെ   വിളിക്കാറുള്ളല്ലോ".   നിനക്ക് ഈ വീടുമായിട്ടുള്ള ബന്ധം തുടങ്ങിയത് ഇന്നും ഇന്നലെയുമൊന്നുമല്ലല്ലോ?. ഏലമ്മച്ചിയുടെ വായില്‍ നിന്നും അത്രയും കേട്ടപ്പോള്‍ സൂസന്നച്ചേടത്തിയുടെ മനസ്സ്  പഴയ കാലത്തിലൂടെയൊരു ഓട്ടപ്രതിക്ഷണം നടത്താതെയിരുന്നില്ല.
 
നിലവിളക്കുമായി ഈ തറവാട്ടിലേക്ക് അവരെ  ആനയിച്ചു കയറ്റിയ  റാഹേലമ്മയുടെ ഓര്‍മ്മകളെ മനസ്സിനുള്ളിലിട്ടു താലോലിച്ചു കൊണ്ട് അവര്‍  അങ്ങനെതന്നെ നിന്നു.  ആ ദിനങ്ങള്‍  സുഖദുഃഖ സമ്മിശ്രമായ  ഒത്തിരിയൊത്തിരി  കഥകളുടെ ഈറ്റില്ലം തന്നെയാണല്ലോ. ഭര്‍ത്താവായ പൈലിയെ പറ്റിയും അവരുടെ വിവാഹ നാളുകളെ കുറിച്ചുമുള്ള ഓര്‍മ്മകള്‍ കൂടണയും പോലെ അവരുടെ മനസ്സിലേക്ക് ചേക്കേറി.
 
സൂസന്നയെ   പെണ്ണുകാണാന്‍ പൈലി ചെന്ന  കാലത്ത്  കൂടെ ഈപ്പച്ചനും , റാഹേലമ്മയും ഉണ്ടായിരുന്നു.  അനാഥനാണെന്നുള്ള ചിന്ത പൈലിയെ വേട്ടയാടാതിരിക്കാനായിരുന്നിരിക്കണം അവരുടെയൊപ്പം അന്ന് ഈപ്പച്ചനും അയാളുടെ അമ്മ റാഹേലമ്മയും സൂസന്നയുടെ വീട്ടില്‍ ചെന്നിരുന്നത് .  അവര്‍ എല്ലാ കാര്യങ്ങളും സത്യസന്ധമായി അവിടെ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
 
"പൈലി   താഴത്ത് വടക്ക് തറവാട്ടില്‍  എത്തിപ്പെടുന്ന കാലത്ത്  അയാള്‍ക്ക് വയസ്സ് പത്തോ, പതിനൊന്നോ മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ".  പിന്നീടുള്ള  അയാളുടെ വളര്‍ച്ചയുടെ പാതയില്‍ ആ തറവാടുമായുള്ള അഭേദ്യമായ ബന്ധത്തില്‍   ദൃഢത കൈ വരികയും ചെയ്തു.
 
അന്ന്‍ താഴത്ത് വടക്ക് തറവാട്ടില്‍ നിന്നും ദാനം ലഭിച്ച ഭൂമിയില്‍ ചെറിയൊരു വീടുവെച്ച് താമസം തുടങ്ങിയപ്പോള്‍  അവര്‍ക്ക് സഹായഹസ്തവുമായി  റാഹേലമ്മയും, ഏലമ്മച്ചിയും ഉണ്ടായിരുന്നു. മക്കളുടെ കാലം വന്നപ്പോള്‍ ആ ബന്ധത്തില്‍ ചെറിയ ചെറിയ വിള്ളലുകള്‍ വീഴുവാന്‍ തുടങ്ങിയെങ്കിലും ,  ആഴത്തില്‍ പടര്‍ന്നു വ്യാപാരിച്ചിരിക്കുന്ന കടപ്പടുകളുടെ വേരുകള്‍ ആ ബന്ധത്തെ താങ്ങി നിര്‍ത്തുകയായിരുന്നു.
 
 എന്താ  ഇത്ര വലിയ ആലോചന?.
 
കോഴിക്കോടിന് യാത്ര പോകുവാനായി ഒരുങ്ങി വന്ന അമ്പിളിയുടെ വകയായിരുന്നു ആ ചോദ്യം.   സൂസന്നച്ചേടത്തി അമ്പിളിയ്ക്ക് നേരെ ദൃഷ്ടിയൂന്നി കൊണ്ടാണ് മറുപടി പറഞ്ഞത്.
 
കടന്നു പോയ കാലങ്ങളെ പറ്റിയുള്ള ഓര്‍മ്മകള്‍ മനസ്സിനെ അലട്ടി തുടങ്ങിയപ്പോള്‍  വെറുതെ അങ്ങനെ ഇരുന്നതാ. "സൂസന്നചേടത്തി  ഓര്‍മ്മകളുടെ ലോകത്ത് നിന്നും പടിയിറങ്ങിയിട്ട് അമ്പിളിയോടായി പറഞ്ഞു".
 
നിങ്ങള്‍ വന്ന വിവരം പൈലിച്ചായന്‍ വന്നു പറഞ്ഞപ്പോള്‍ മുതല്‍ ഇങ്ങോട്ടൊന്ന് ഇറങ്ങണമെന്ന് കരുതാന്‍ തുടങ്ങിയതാ. ഇപ്പോഴാണ് നേരവും കാലവും ഒത്തുകിട്ടിയത്. അത് കേട്ടതും അമ്പിളി നിര്‍വികാരതയോടെ സൂസന്ന
ചേടത്തിയെ നോക്കിയിട്ട് ഒന്ന് കണ്ണുകള്‍  ഇറുക്കിയടച്ചു.
 
ഉമ്മച്ചായനും, ഞാനും കൂടി അങ്ങോട്ടൊന്നു കയറണമെന്ന്  കരുതിയതാ, തിരക്കുകള്‍ കൂടി കൂടി വന്നപ്പോള്‍ അതിനൊട്ട്‌ കഴിഞ്ഞതുമില്ല.
 
 
അല്ലെങ്കിലും ആരേയും  കാത്ത്  സമയം ഒരിക്കലും  നില്‍ക്കാറില്ല മോളെ.  അത് കേട്ടപ്പോള്‍ അമ്പിളി ഒന്ന് ചിരിച്ചു.
 
 
(തുടരും )
 
രഞ്ജിത്ത് മാത്യു

കവർ ചിത്രം : ബിനോയ് തോമസ്

മംഗലപ്പിള്ളി മൂത്തതും പുന്നയിൽ പണിക്കരും

Metrom Australia Aug. 6, 2020

തിരുവിതാംകൂറിൽ തിരുവല്ലാ താലൂക്കിൽ ചേർന്ന ആറന്മുളെ മംഗലപ്പിള്ളിയില്ലത്ത് പണ്ടു ജ്യോതിശ്ശാസ്ത്രപാരംഗതനും മഹാവിദ്വാനുമായിട്ട് ഒരു മൂത്തതുണ്ടായിരുന്നു. 

അദ്ദേഹം, കൂട്ടമ്പേരൂർ നാലേക്കാട്ടിൽ ഇപ്പോഴുള്ള ശങ്കരനാരായണപിള്ള അവർകളുടെ പിതാമഹനും വലിയ വിദ്വാനും പ്രസിദ്ധ ജ്യോത്സ്യനുമായിരുന്നു. 

സമ്പ്രതിപ്പീള്ള അവർകളുടെ സഹപാഠിയും ആപ്തമിത്രവുമായിരുന്നു. ഒരിക്കൽ അദ്ദേഹം എവിടെയോ പോകുംവഴി തന്റെ സ്നേഹിതനെക്കൂടി കണ്ടിട്ടു പോകാമെന്നു വിചാരിച്ചു നാലേക്കാട്ടിൽ കേറി. 

അപ്പോൾ ഒരു പോറ്റി തനിക്കൊന്നു വേളികഴിക്കണമെന്നു വിചാരിച്ചു പല സ്ത്രീജാതകങ്ങളും തന്റെ ജാതകവും കൊണ്ടു സമ്പ്രതിപ്പിള്ളയെക്കൊണ്ടു നോക്കിക്കാനായി അവിടെ വന്നു കൂടീട്ടുണ്ടായിരുന്നു. 

മൂത്തതു ചെന്നുകേറിയ ഉടനെ സമ്പ്രതിപ്പിള്ള സബഹുമാനം എഴുന്നേറ്റ് ആസനസത്കാരം ചെയ്തിരുത്തി, താനും യഥാസ്ഥാനം ഇരുന്നതിന്റെ ശേ‌ഷം രണ്ടുപേരും പരസ്പരം കുശല പ്രശ്നാദിസംഭാ‌ഷണം ചെയ്തുകൊണ്ടിരുന്നു.

 അനന്തരം സമ്പ്രതിപ്പിള്ള (പോറ്റിയെ ചൂണ്ടിക്കാണിച്ചിട്ട്) "ഇദ്ദേഹം ഒന്നു വേളികഴിക്കണമെന്നു വിചാരിച്ചു ജാതകങ്ങൾ നോക്കിക്കാനായിട്ടാണു വന്നിരിക്കുന്നത്. സ്ത്രീജാതകങ്ങൾ ഒട്ടുവളരെ കൊണ്ടുവന്നിട്ടുണ്ട്.ഞാനാണെങ്കിൽ ഇതെല്ലാം പരിശോധിച്ച് ഒന്നു തിരഞ്ഞെടുക്കുന്നതിനും വളരെ ദിവസം വേണ്ടി വന്നേക്കും. അവിടുന്നായാൽ എളുപ്പമൂണ്ടല്ലോ. 

അതിനാൽ അതൊന്നു നോക്കി തീർച്ചപ്പെടുത്തി അദ്ദേഹത്തെ അയച്ചേച്ചാൽ എനിക്കും അദ്ദേഹത്തിനും വലിയ സഹായമാകും. പിന്നെ വർത്തമാനങ്ങൾ പറയുന്നതിനു നമുക്കു മനസ്സിനു സുഖവുമുണ്ടായിരിക്കും" എന്നു പറഞ്ഞു. 

ഉടനെ മൂത്തത് "ഓഹോ, ആ ജോലി ഇപ്പോൾ തീർത്തേക്കാമല്ലോ" എന്നു പറഞ്ഞു പോറ്റിയോടു ജാതകങ്ങളെല്ലാം വാങ്ങി. ആകപ്പാടെ തിരിച്ചും മറിച്ചും ഒന്നുനോക്കീട്ട് "ഇതു കൊള്ളുകയില്ല" എന്നു പറഞ്ഞിട്ട് ഓരോന്നായിട്ടു താഴെയിട്ട് ഒടുക്കം ഒരു ജാതകം കയിൽ പിടിച്ചു കൊണ്ട് "ഈ സ്ത്രീജാതകം ശാസ്ത്രപ്രകാരം നോക്കിയാൽ ഇദ്ദേഹത്തിനു നല്ലപോലെ ചേർന്നതായിരിക്കും.
 പക്ഷേ, ഈ കന്യകയെ ഇദ്ദേഹത്തിനു വിവാഹം കഴിക്കാൻ കിട്ടുകയില്ല എന്നേ ഒരു ദോ‌ഷമുള്ളൂ" എന്നു പറഞ്ഞു. മൂത്തതിന്റെ വാക്കു കേട്ട് പോറ്റി ആ ജാതകം എവിടത്തെ പെൺകിടാവിന്റെതാണെന്നു നോക്കീട്ട് "ജാതകം ചേരുമെങ്കിൽ ഈ കന്യകയെ എനിക്കു കിട്ടാതിരിക്കുകയില്ല. 

ആ ഇല്ലക്കാരും ഞങ്ങളും തമ്മിൽ പണ്ടേതന്നെ ചാർച്ചക്കാരും സ്നേഹിതരുമാണ്" എന്നു പറഞ്ഞു. 

ഉടനെ മൂത്തത് "പോയി പരീക്ഷിചു നോക്കുക. ഒടുവിൽ ഫലം ഞാൻ പറഞ്ഞതുപോലെയായിരിക്കും. 

വേറെ കന്യകയെ ആയിരിക്കുമെന്നേ ഉള്ളൂ. ആ വേളികൊണ്ട് ഫലമൊന്നുമില്ല താനും. പ്രസവിക്കുന്നതിനുമുമ്പ് ആ സ്ത്രീ മരിച്ചുപോകും. സന്തതിയുണ്ടാകണമെങ്കിൽ പിന്നെ ഒന്നുകൂടി വേളി കഴിക്കേണ്ടിവരും" എന്നു പറഞ്ഞു. 

ഇതൊക്കെക്കേട്ടിട്ട് പോറ്റിക്ക് ഒട്ടും വിശ്വാസമുണ്ടായില്ല. അദ്ദേഹം "ഞാനൊന്നു പരീക്ഷിച്ചുനോക്കട്ടേ" എന്നു പറഞ്ഞു ജാതകങ്ങളും എടുത്തുകൊണ്ടുപോയി. കുറച്ചുനേരം സമ്പ്രതിപ്പിള്ളയോടു വർത്തമാനങ്ങളും പറഞ്ഞിരുന്നതിന്റെ ശേ‌ഷം യാത്ര പറഞ്ഞു മൂത്തതും പോയി.

പോറ്റി തനിക്കു നശ്ചയിക്കഒപ്പെട്ട പെണ്കിടാവിന്റെ ഇല്ലത്തോട്ട് ചെന്ന് ഉടമസ്ഥന്മാരോടു വിവരം പറയൂകയും കന്യകയെ കൊടുക്കാമെന്ന് അവർ സസന്തോഷം സമ്മതിക്കുകയും- സ്വജനങ്ങളിൽ ചിലരുടെ ‘മധ്യസ്ഥതയോടു കൂടി സ്ത്രീ ധനത്തുകയും മറ്റും തീ൪ച്ചപെ്പടുത്തുകയും മുഹൂർത്തം നിശ്ചയിക്കുകയും ചെയ്തു. 

പെൺകിടാവിന്റെ ഇല്ലത്ത് വേളിക്കു വേണ്ടുന്ന ക്രിയാദികൾക്ക് വട്ടങ്ങളൊക്കെ കൂട്ടുകയുംവേണ്ടുന്ന ആളുകളെ ക്ഷണിക്കുകയും മുഹൂർത്തദിവസമായപ്പോൾ എല്ലാവരും അവിടെ എത്തുകയും വേളി കഴിക്കാനൂള്ള പോറ്റി അയനിയൂണ് മുതലായവ കുഴിച്ചു സമയത്തിനു ഹാജരാവുകയും ചെയ്തപ്പോൾ അവിടെ ക്കൂടിയിരുന്ന സ്വജനങ്ങള് തമ്മിൽ എന്തോ കാരണവശാൽ വിചാരിക്കാതെ ഒരു വഴക്കും ശണ്ഠയും ഉണ്ടായി തീർന്നു 

ശണ്ഠ മുറുകിയപ്പോൾ പോറ്റിമാർ രണ്ട് കക്ഷികളായി പിരിഞ്ഞു ഒടുക്കം ഒരു കൂട്ടർ ഇയ്യാൾക്ക് പെണ്ണിനെ കൊടുക്കുകയാണെങ്കിൽ ഞങ്ങളിവിടെ ഒന്നിനും കൂടുകയില്ല എന്നും മറ്റേ കക്ഷി ഇയാൾക്ക് പെണ്ണിനെ കൊടുക്കാതിരിക്കുകയാണെങ്കിൽ ഞങ്ങളിവിടെ ഒന്നിനും കൂടംകയില്ല എന്നുമായി വഴക്ക് പെണ്ണിന്റെ പിതാവ് ഒരു കക്ഷിയിലും ചേരാൻ നിവൃത്തയില്ലാതെ വല്ലാതെ വിഷമിച്ചു രണ്ടു കക്ഷിയിലും തന്റെ ബന്ധുക്കളും ചർച്ചക്കാരും പ്രബലൻമാരും ഒരുപോലെയുണ്ടായിരുന്നു അതിനാൽ ഒരു കക്ഷിയെയും ഉപേക്ഷിക്കാൻ അദ്ദേഹത്തിന് തൽക്കാലം ധൈര്യമുണ്ടായിരുന്നില്ല. 

ഒടുവിൽ അദേഹം സംഘബലം അധികമുള്ള കക്ഷിയെ സ്വീകരിക്കയെന്നു നിശ്ചയിച്ചിട്ട് നിങ്ങൾ രണ്ടു കൂട്ടക്കാരും വാശിപിടിച്ച് വഴക്ക് തുടങ്ങിയാൽ ഞാനെന്താണ് വേണ്ടത് എനിക്ക് പെണ്ണിനെ ഏതു വിധവും കൊടുക്കേണ്ടത് അത്യാവശ്യമാണല്ലൊ അതിനുകൂടി നിങ്ങളൊരു നിവൃത്തി മാർഗം പറഞ്ഞ് തരണം എന്ന് പറഞ്ഞു.

ഉടനെ ഒരു പോറ്റി, "അതിനെക്കുറിച്ച് അങ്ങൊട്ടും വ്യസനിക്കേണ്ട. എനിക്കു സ്ത്രീധനമായി ഒരു കാശുപോലും തരികയും വേണ്ടാ, എന്നാലും ഈ പെണ്ണിനെ ഇയ്യാൾക്കു കൊടുക്കാൻ പാടില്ല. 
അങ്ങേക്കു സമ്മതമുണ്ടെങ്കിൽ പറയണം. ഞാനിപ്പോൾ കുളിച്ചു വന്നേയ്ക്കാം" എന്നു പറഞ്ഞു. വേറെ നിവൃത്തിയൊന്നും കാണായ്കയാൽ അച്ഛൻപോറ്റി അതിനെസ്സമ്മതിച്ചു. 
വേളി കഴിക്കാമെന്നു പറഞ്ഞ പോറ്റി കുളിച്ചുവരികയും അച്ഛൻപോറ്റി കന്യാദാനം ചെയ്യുകയും ചെയ്തു. അപ്പോൾ പോറ്റി രുഗ്മിണീസ്വയംവരത്തിലെ ശിശുപാലനെപ്പോലെ ഏറ്റവും വി‌ഷണ്ണനായിത്തീർന്നു. 
അതു കണ്ടു മറ്റേ കക്ഷിയിലുള്ള ഒരു പോറ്റി "അങ്ങ് ഇതുകൊണ്ടൊട്ടും വ്യസനിക്കേണ്ടാ. ഈ മുഹൂർത്തത്തിൽത്തന്നെ അങ്ങേക്കൊണ്ടു ഞാൻവേളി കഴിപ്പിക്കാം. എന്റെ കൂടെ വന്നോളൂ. എന്റെ മകളെ ഞാൻ അങ്ങേക്കു തരാമെന്നു നിശ്ചയിച്ചു. 

ഇവിടെത്തരാമെന്നു പറഞ്ഞതിൽ ഇരട്ടി സ്ത്രീധനം തരാനും ഞാൻ തയ്യാറുണ്ട്" എന്നുപറഞ്ഞു. അത് അദ്ദേഹവും സമ്മതിച്ചു. 

ആ കക്ഷിക്കാരെല്ലാംകൂടി ഇറങ്ങി മറ്റേ പോറ്റിയുടെ മഠത്തിലേക്കു പോവുകയും ആ മുഹൂർത്തത്തിനുതന്നെ രണ്ടു സ്ഥലത്തും വേളി നടക്കുകയും ചെയ്തു. 

ഈ ഭവി‌ഷ്യത്ഫലങ്ങളെല്ലാം മംഗലപ്പിള്ളി മൂത്തതു മുമ്പേതന്നെ പറഞ്ഞിരുന്നതാണല്ലോ. എങ്കിലും അപ്പോഴത്തെ വാശിയും വഴക്കുംകൊണ്ടു തത്കാലം അതൊന്നും ആരുമോർത്തില്ല. 

വേളി കഴിഞ്ഞ ശേ‌ഷം, താൻ ജാതകം നോക്കിക്കാനായി ചെന്നപ്പോൾ നാലേക്കാട്ടിൽവെച്ചു മൂത്തതു പറഞ്ഞതെല്ലാം ആ പോറ്റിക്ക് ഓർമ്മവരികയും മനസ്സുകൊണ്ടുമൂത്തതിനെ വളരെ ബഹുമാനിക്കുകയും ചെയ്തു. 

എങ്കിലും ശേ‌ഷംകൂടി ഒക്കുമോ എന്നറിയട്ടെ എന്നു വിചാരിച്ച് അദ്ദേഹം സ്വസ്ഥമായിരുന്നു. ആറു മാസം കഴിയുന്നതിനുമുമ്പേ ആ പോറ്റിയുടെ അന്തർജനം മരിച്ചു. അപ്പോൾ മൂത്തതു പറഞ്ഞിരുന്നതു മുഴുവനും ഓർത്തതിനാൽ മൂത്തതിന്റെ പ്രശ്നത്തിൽ പോറ്റിക്കു വളരെ വിശ്വാസമായി.

അനന്തരം പോറ്റി ഒന്നുകൂടി വേളികഴിക്കണമല്ലോ എന്നു വിചാരിച്ചിട്ട് ഒട്ടുവളരെ സ്ത്രീജാതകങ്ങൾ ശേഖരിച്ചു. 

"ഇനി മൂത്തതിനെക്കൊണ്ടുതന്നെ ജാതകം നോക്കിച്ചു നിശ്ചയിച്ചിട്ടു വേണം വേളി കഴിക്കാൻ" എന്നു വിചാരിച്ചു പോറ്റി ജാതകങ്ങളുംകൊണ്ട് ആറന്മുള മൂത്തതിന്റെ ഇല്ലത്തെത്തി. അപ്പോൾ മൂത്തത് അമ്പലത്തിൽ തൊഴാൻ പോയിരികുകയായിരുന്നു. മൂത്തതു തൊഴീലും കഴിഞ്ഞ് ഇല്ലത്തു ചെന്നപ്പോൾ ജാതകക്കെട്ടുമായി പോറ്റി വന്നിരിക്കുനന്തു കണ്ടിട്ട് "എന്താ ഞാൻപറഞ്ഞിരുന്നതൊക്കെ ഒത്തില്ലേ? 

ഇനി ഒന്നു വേളി കഴിക്കണം. അല്ലേ?" എന്നു ചോദിച്ചു. അപ്പോൾ പോറ്റി "പറഞ്ഞിരുന്നതുപോലെ എല്ലാം സംഭവിച്ചു. ഇനി വേണ്ടതിനെ പറഞ്ഞുതരണം. 
സ്ത്രീജാതകങ്ങൾ പത്തുമുപ്പതെണ്ണം കൊണ്ടുവന്നിട്ടുണ്ട്. ഊണു കഴിഞ്ഞ് ഇതെല്ലാമൊന്നു പരിശോധിച്ച്, ഇതിൽ വല്ലതും കൊള്ളാവുന്നതുണ്ടെങ്കിൽ നിശ്ചയിച്ചു പറഞ്ഞയയ്ക്കണം" എന്നു പറഞ്ഞു. 

ഉടനെ മൂത്തത് "എനിക്ക് പരിശോധിക്കാനും ആലോചിക്കാനുമൊന്നുമില്ല. വല്ലതും മനസ്സിൽ തോന്നുന്നതിനെ പറയുക എന്നേയുള്ളൂ. ഈശ്വരകാരുണ്യംകൊണ്ടും ഗുരുകടാക്ഷംകൊണ്ടും പറഞ്ഞാലധികം തെറ്റാറില്ല. 

അതിനാൽ ഇതും ഇപ്പോൾത്തന്നെ പറഞ്ഞേക്കാം. ആ ജാതകക്കെട്ടിൽനിന്നും രണ്ടെണ്ണം മാറ്റീട്ടു മൂന്നാമതിരിക്കുന്ന ജാതകം കാർത്തികനക്ഷത്രം ജനിച്ച ഒരു കന്യകയുടേതായിരിക്കും. 
അത് അങ്ങേക്കു ചേരും. ആ കന്യകയെ വിവാഹം കഴിച്ചോളൂ. ദോ‌ഷം വരികയില്ല. ആ ഭാര്യയിൽ അങ്ങേക്കു രണ്ടുണ്ണികളും ഒരു പെൺകിടാവും ഉണ്ടാകും. 
നാലാമത്തെ ഗർഭം അലസിപ്പോകും. പിന്നെ ആ അന്തർജനം പ്രസവിക്കുകയുമില്ല. 

ഇതിലധികമൊന്നും ഇപ്പോൾ അറിയണമെന്നില്ലല്ലോ. ഇനി പോകുന്നെങ്കിൽ പോകാം. ഇരിക്കുന്നെങ്കിൽ ഇവിടെയിരിക്കാം.

ഞാൻ ഊണു കഴിച്ചു വേഗം വരാം" എന്നു പറഞ്ഞു. പോറ്റി പിന്നെ അവിടെ താമസിച്ചില്ല. അപ്പോൾത്തന്നെ സസന്തോ‌ഷം യാത്രപറഞ്ഞുപോയി. 

മൂത്തത് ഉണ്ണാനായി അകത്തേക്കും പോയി. പോറ്റി പോയി മൂത്തതു പറഞ്ഞ കന്യകയെത്തന്നെ വിവാഹം കഴിക്കുകയും രണ്ടുണ്ണികളും ഒരു പെൺകിടാവും ഉണ്ടാവുകയും അന്തർജനത്തിന്റെ നാലാമത്തെ ഗർഭം അലസുകയും ചെയ്തു. 

ഇത്രയും കഴിഞ്ഞപ്പോൾ പോറ്റിക്കു മൂത്തതിനെക്കുറിച്ചുള്ള ബഹുമാനവും സന്തോ‌ഷവും സഹിക്കവഹിയാതെയായി. പിന്നെ അദ്ദേഹം കേമമായിട്ട് ഒരു സദ്യയ്ക്കു വേണ്ടുന്ന വട്ടങ്ങളുംകൂട്ടി ഒട്ടുവളരെ മുണ്ടുകളും പണവുമൊക്കെക്കൊണ്ടു കിടാങ്ങളോടുകൂടി ആറന്മുളെ മൂത്തതിന്റെ ഇല്ലത്തു ചെന്നു. 

അന്നുതന്നെ അദ്ദേഹം കിടാങ്ങളെയൊക്കെ അമ്പലത്തിൽ കൊണ്ടുപോയി തൊഴീക്കുകയും താൻ തൊഴുകയും വളരെ വഴിപാടുകൾ കഴിക്കുകയും ചെയ്തു. 

പിറ്റേ ദിവസം മൂത്തതിനെ സത്കരിക്കുന്നതിനായി ഇല്ലത്തുവെച്ച് അതികേമമായി ഒരു സദ്യ നടത്തുകയും മൂത്തതിനും ഇല്ലത്തുള്ള സകലർക്കും ആബാലവൃദ്ധം വാലിയക്കാർ, അച്ചിമാർ മുതലായവർ വരെ ഓണപ്പുടവ കൊടുക്കുകയും മറ്റും ചെയ്തു മൂത്തതിനെ വളരെ സന്തോ‌ഷിപ്പിച്ചുപോരികയും ചെയ്തു. 

കുമരനല്ലൂർക്കടുത്തു നെട്ടാശ്ശേരി എന്ന ദിക്കിൽ "പുന്നയിൽ" എന്നൊരു ശൂദ്രഭവനം ഇപ്പോഴുമുണ്ട്. 

ആ വീട്ടിൽ മഹാവിദ്വാനും പ്രസിദ്ധ ജ്യോത്സ്യനുമായിട്ട് ഒരാൾ മുമ്പൊരിക്കലുണ്ടായിരുന്നു. 

ആ തറവാട്ടേക്കു പണിക്കർസ്ഥാനമുള്ളതിനാൽ അവിടെയുള്ള പുരു‌ഷന്മാരെ പണിക്കന്മാരെന്നാണു പറയുക പതിവ്. 

അതിനാൽ നമ്മുടെ കഥാനായകനായ ജ്യോത്സ്യനെയും പുന്നയിൽ പണിക്കരെന്നാണ് പറഞ്ഞുവന്നിരുന്നത്. 

കുമരനല്ലൂർ ഗ്രാമത്തിലുള്ള ഒരു നമ്പൂരി തന്റെ പുത്രനെ ഉപനയിക്കുന്നതിന് ഒരു മുഹൂർത്തം പറഞ്ഞുകൊടുക്കണമെന്നു പല ജ്യോത്സ്യന്മാരോടും ആവശ്യപ്പെട്ടിട്ടും ആരും മുഹൂർത്തം പറഞ്ഞു കൊടുത്തില്ല. 

അക്കാലത്തു തെക്കുംകൂറിൽ ഉൾപ്പെട്ട ചില തമ്പുരാക്കന്മാർ, വട്ടപ്പിള്ളി ശങ്കുമൂത്തതു മുതലായി ആ ദിക്കുകളിൽത്തന്നെ പല ജ്യോത്സ്യന്മാരുണ്ടായിരുന്നു. അവരെല്ലാം നോക്കീട്ടു ആ കൊല്ലത്തിൽ ആ ഉണ്ണിയെ ഉപനയിക്കാൻ കൊള്ളാവുന്ന മുഹൂർത്തമില്ലെന്നു പറയുക കൊണ്ടും ഉണ്ണിയെ ഉപനയിക്കുന്നതിനുള്ള കാലമായിരുന്നതുകൊണ്ടും നമ്പൂരി ഒടുക്കം പുന്നയിൽ പണിക്കരുടെ അടുക്കൽ ചെന്ന് ഒരു മുഹൂർത്തമുണ്ടാക്കിക്കൊടുക്കണമെന്ന് അപേക്ഷിച്ചു. 

പണിക്കർ ഉടനെ ഒരു പ്രയാസവും സംശയവും കൂടാതെ മുഹൂർത്തം ചാർത്തിക്കൊടുക്കുകയും ചെയ്തു. നമ്പൂരി ആ മുഹൂർത്തച്ചാർത്തുംകൊണ്ടു തെക്കുംകൂർ തമ്പുരാക്കന്മാർ മുതലായവരുടെ അടുക്കൽ ചെന്ന് "നിങ്ങളൊക്കെ മുഹൂർത്തമില്ലെന്നു പറഞ്ഞുവെങ്കിലും പുന്നയിൽ പണിക്കർ ഒരു മുഹൂർത്തമുണ്ടാക്കിത്തന്നു" എന്നു പറഞ്ഞു. ഉടനെ അവർ "അതുവ്വോ? എന്നാൽ ആ ചാർത്തൊന്നു കാണണമല്ലോ" എന്നു പറഞ്ഞ് അവർ ആ ചാർത്തു വാങ്ങി നോക്കി. 

അപ്പോൾ പണിക്കർ ചാർത്തിക്കൊടുത്തിരിക്കുന്ന മുഹൂർത്തം ഉപനയിക്കാനുള്ള ഉണ്ണിയുടെ അഷ്ടമരാശിക്കൂറു സമയത്തായിരുന്നതിനാൽ തമ്പുരാൻ ആളയച്ച് പണിക്കരെ അവിടെ വരുത്തി. 
പണിക്കർ അന്നുണ്ടായിരുന്ന ജ്യോത്സ്യന്മാരെ എല്ലാവരെയും ഓരോ വിധത്തിൽ ജയിച്ചിരുന്നതിനാൽ എല്ലാവർക്കും പണിക്കരുടെ പേരിൽ കിടമത്സരവും അസൂയയുമുണ്ടായിരുന്നു. 

അതിനാൽ ഈ അവസരത്തിൽ പണിക്കരെ ഒന്നു മധ്യമമാക്കാമെന്നു നിശ്ചയിച്ചുകൊണ്ടു ശങ്കു മൂത്തതു മുതലായവരും അവിടെക്കൂടി. എല്ലാവരും വന്നപ്പോഴേക്കും പണിക്കരും വന്നുചേർന്നു.

ഉടനെ എല്ലാവരുംകൂടി "അഷ്ടമരാശിക്കൂറു സമയത്ത് ഉപനയനം കഴിക്കാമെന്ന് എന്തു പ്രമാണമാണുള്ളത്? എന്നു പണിക്കരോട് ചോദ്യമായി. 

അപ്പോൾ പണിക്കർ "അഷ്ടമരാശിക്കൂറു മുഹൂർത്തങ്ങൾക്കു വർജ്യമാണെന്നാണ് പ്രമാണം. എങ്കിലും ഈ ഉണ്ണിയെ ഇക്കൊല്ലം ഉപനയിക്കാഞ്ഞാൽ വേറെ തരക്കേടു വരാനുള്ളതുകൊണ്ടും ഇക്കൊല്ലത്തിൽ ഉപനയനത്തിന് ഈയൊരു മുഹൂർത്തമല്ലാതെ ഇല്ലാത്തതുകൊണ്ടും ഇങ്ങനെ ചാർത്തിക്കൊടുത്തതാണ്" എന്നു പറഞ്ഞു. 

ഉടനെ മറ്റവർ "ഈ ഉണ്ണിയെ ഇക്കൊലത്തിൽത്തന്നെ ഉപനയിച്ചില്ലെങ്കിൽ എന്തു തരക്കേടാണു വരാനുള്ളത്?" എന്നു ചോദിച്ചു. 

അപ്പോൾ പണിക്കർ "അടുത്ത കൊല്ലത്തിൽ ഉണ്ണിക്ക് അമ്മ മരിച്ച് ദീക്ഷയായിരിക്കും. പിന്നത്തെ കൊല്ലത്തിൽ ഉപനയനത്തിനു മുഹൂർത്തം തന്നെയില്ല. 

അതിന്റെ പിന്നത്തെ കൊല്ലത്തിൽ ഉണ്ണിയുടെ അച്ഛൻ മരിച്ച് ആ ദീക്ഷയുമായിരിക്കും. ദീക്ഷക്കാലത്ത് ഉപനയനം പാടില്ലല്ലോ. 

ഇങ്ങനെ മൂന്നു കൊല്ലം കഴിയുമ്പോൾ ഉപനയനത്തിന്റെ കാലവും കഴിയും. കാലം കഴിയുന്നതിനു മുമ്പ് ഉപനയിക്കാഞ്ഞാൽ ഉണ്ണി ബ്രാഹ്മണാചാരപ്രകാരം ഭ്രഷ്ടനായിപ്പോവുകയും ചെയ്യുമല്ലോ. 

അതിൽ ഭേദം അഷ്ടമരാശിക്കൂറു സമയത്ത് ഉപനയിക്കുന്നതല്ലയോ?" എന്നു ചോദിച്ചു. "അങ്ങനെയൊക്കെ വരുമെങ്കിൽ ഈ മുഹൂർത്തത്തിനുതന്നെ ഉപനയിക്കുകയാണു വേണ്ടത്" എന്ന് എല്ലാവരും സമ്മതിക്കുകയും ഉണ്ണിയെ ആ മുഹൂർത്തത്തിനുതന്നെ ഉപനയിക്കുകയും പണിക്കർ പറഞ്ഞിരുന്നതുപോലെ ആ കൊല്ലങ്ങളിൽ ഉണ്ണിയുടെ മാതാപിതാക്കന്മാർ മരിക്കുകയും ചെയ്തു. 

അക്കാലം മുതൽ മറ്റുള്ള ജ്യോത്സ്യന്മാർക്കു പണിക്കരോടുള്ള മൽസരവും അസൂയയും അസ്തമിക്കുകയും എലാവർക്കും പൂർവ്വാധികം ബഹുമാനമുദിക്കുകയും ചെയ്തു.

 

അടുത്ത ലക്കം : കാലടിയിൽ  ഭട്ടതിരി. 


രഞ്ജിത്ത്  മാത്യു 

കവർ ചിത്രം: ബിനോയ് തോമസ് 

വേലിക്കെട്ടുകൾ (നീണ്ടകഥ) - 7

Metrom Australia Aug. 4, 2020

ഉസ്മാന്‍ രാത്രി  വളരെ വൈകിയാണ് വീട്ടിലെത്തിയത്, ആരെയും  വിളിക്കാതെ പുറത്തെ ബഡാപുറത്ത് കയറി കിടന്നു.

ഉറക്കം വരുന്നില്ല, എങ്കിലും   ചിന്തകള്‍ പലതും  പാതിവഴിയില്‍ ഉടഞ്ഞും  പുതിയവ മെനഞ്ഞും രാത്രി യുടെ യാമങ്ങള്‍ കടന്നു പോയി, പുലരാന്‍ നാലു നാഴിക  ബാക്കി യുള്ളപ്പോള്‍ വീട്ടില്‍ നിന്നിറങ്ങി, പുറത്ത് അയലില്‍ വിരിച്ചിരുന്ന തന്റെ പഴയ വസ്ത്രങ്ങള്‍ കൂടി ചുരുട്ടി യെടുത്തു.

എങ്ങോട്ട് പോകണം എന്ന് ലക്ഷ്യമില്ലായിരുന്നു 
നടന്നെത്തിയത് കുന്നിന്‍ മുകളിലെ തന്റെ പത്ത് സെന്റ് വസ്തുവിലാണ്.

പണ്ട് ചിട്ടി കിട്ടയപ്പോള്‍ വാങ്ങിയിട്ടതാണീ തരിശ് സ്ഥലം,  
വെറും തരിശല്ല, കുറച്ച് കാട്ടുമരങ്ങളും മരുതും ഇരൂളുമൊക്കെയുണ്ട്, മറ്റ് ആദായങ്ങളൊന്നുമില്ല

എന്തെങ്കിലും മാനസിക വിഷമം വരുമ്പോള്‍  ഉസ്മാന്‍ ഇവിടെ വന്നിരിക്കും

കുട്ടകല്ലുകളടങ്ങിയ കറുത്ത മണ്ണ് കിളച്ച് മറിച്ച് തെങ്ങും, കുരുമുളക് വള്ളിയും വെക്കുന്നതിനെ പറ്റി മനകോട്ട കെട്ടും
ഒരു ചെറിയ  തറകെട്ടി മണ്‍കട്ട കൊണ്ട് ചുമര് തീര്‍ത്ത് ഓല മേഞ്ഞ ഒരു കൊച്ചു വീട്  മനസില്‍ രൂപകല്‍പന ചെയ്യും അവിടെ ഞാനും മൈമൂനയും മാത്രം,,,,   മൈമൂന ,,

എന്തായി പോയ കാര്യം,,,,   വീട്ടില്‍  നിന്നെ കാണാഞ്ഞപ്പോള്‍ എനിക്ക്  തോന്നി നീ ഇവിടെ  തന്നെ  കാണുമെന്ന് യൂസപ്പാണ്,, തന്റെ അടുത്തു വന്ന്  ഒരു വട്ടയില പറിച്ച് നിലത്തിട്ട് ഇരുന്നു.

ഇന്നലെ രാത്രിമുതല്‍ മഴ പെയ്തതേ ഇല്ല അല്ലേ
ഉസ്മാന്‍ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടപ്പോള്‍  യൂസഫ് വെറുതെഎന്നോണം ചോദിച്ചു.

ഇന്നലെ മൈമൂന യുടെ അമ്മാവന്റെ വീട്ടില്‍  ആളൊഴിയും വരെ ഉസ്മാന്‍ അടുത്തുള്ള നമസ്കാരപള്ളിയുടെ വരാന്തയിലിരുന്നു.

അസര്‍ നമസ്കാരത്തിന് വന്ന അമ്മവനും  ബന്ധുക്കളും ഉസ്മാനെ കണ്ട് അത്ഭുതത്തോടെ ചോദിച്ചു  അല്ലാ ഇതാര് പുത്യാപ്ലയോ
എന്തേ ഇവിടെ ?

ഉസ്മാന്‍, മുഖവുരയില്ലാതെ പറഞ്ഞു, ഞാന്‍ എന്റെ ഭാര്യയെ വിളിച്ചു കൊണ്ടുപോകാന്‍ വന്നതാ,

പൊന്നിന്റെയും പണത്തിന്റെയുമൊന്നും കണക്ക് എനിക്ക് നോക്കേണ്ടതില്ല,മൈമൂന ഞാന്‍ നിക്കാഹ് ചെയ്ത പെണ്ണാ,,

ങാഹാ അത് തരക്കേടില്ലാലോ,, അപ്പോള്‍ നീ എന്റെ മരുമകളെ തിരിച്ച് കൊണ്ടോകാന്‍ വന്നതാണ് അല്ലേ
അമ്മവന്‍ കുഞ്ഞിപോക്കര്  സ്വല്‍പം ഗൗരവത്തില്‍ ചോദിച്ചു .

നീ ഇപ്പോള്‍  കുട്ടിയേം കൊണ്ടു പോയാല്‍ നിന്റെ ബാപ്പ രണ്ടിനേം വീട്ടില്‍ നിന്നും അടിച്ചിറക്കും, അപ്പോള്‍ ഈ പ്രായ പൂര്‍ത്തിയായ പെണ്ണിനേം കൊണ്ട് നീ ബസ്റ്റോപ്പില്‍ കിടക്കുമോ?
ഉത്തരവാദിത്ത പെട്ടവര്‍ വരട്ടെ , പെണ്ണിനെ ഞങ്ങള്‍ കൂടെ വിടാം,, പിന്നെ  അന്നവിടെ വച്ച് നിന്റെ ബാപ്പ പറഞ്ഞ കുറേ വാക്കുകള്‍ ഉണ്ടല്ലോ അതിനും സമാധാനം പറഞ്ഞിട്ട് മതി നന്നാവലൊക്കെ പുത്യാപ്ല നേരം വൈകണ്ട വേഗം പോകാന്‍  നോക്ക് മൈമൂന യുടെ അമ്മവന്റെ വാക്കുകള്‍ക്ക് അപ്പുറം മറുത്തൊരു വാക്ക് പറയാനുള്ള ത്രാണി അവളുടെ ബാപ്പാക്കും, ഇല്ലായിരുന്നു.

ഇനിയിപ്പോള്‍ എന്താ നിന്റെ തീരുമാനം ?

യൂസഫ് ചോദിച്ചു ,, ഉസ്മാന്‍ കുറച്ചു നേരം ഒന്നും മിണ്ടിയില്ല.

ഉസ്മാന്റെ വീട്ട് കാര് ത്വലാഖ് ചൊല്ലിക്കണമെന്ന വാശിയിലാണ്,
ഇന്നലെ നിന്റെ ബാപ്പയെ അങ്ങാടിയില്‍ വച്ച് കണ്ടിരുന്നു.

യൂസഫേ ഞാനിന്ന് കൂപ്പിലേക്ക് പണിക്ക് പോവുകയാ, എനിക്ക് ഈ കുന്നിന്‍ മുകളിലെ എന്റെ മാത്രം സ്വന്തമായ ഈ മണ്ണില്‍  ഒരു കൂര വെക്കണം, അതിനുള്ള പൈസ വേണം
കൂപ്പീലെ ജോലി കഴിഞ്ഞ് രാത്രി മരം ലോഡ് ചെയ്യാം  ഒരു മാസം കൊണ്ട് ഞാനീ മണ്ണില്‍  ഒരു കൂര പണിയും.

പാവം ഉസ്മാന്‍,,യൂസഫ് ഓര്‍ത്തു.  മനസിന്റെ  ഭാരം മറ്റൊരു  പ്രതീക്ഷ കൊണ്ട്  നേരിടാനുള്ള ശ്രമത്തിലാണവന്‍,
ഇന്നലെ വരേയുള്ള സര്‍വ്വ പ്രതീക്ഷയും നഷ്ടമായിട്ടും, ഈ ലോകത്തെ തന്നെ വെല്ലുവിളിക്കാനുള്ള ധൈര്യം,  അല്ലെങ്കില്‍  ബാക്കി ജീവിതം ഒറ്റക്ക് ജീവിച്ച് വീട്ടുകാരോട് പകവീട്ടാനുള്ള വാശി,,,,എന്തോ ആകാം ഇപ്പോള്‍ അവന്റെ മനസില്‍,

 ഒരു മാസം കഴിഞ്ഞ് കൂപ്പില്‍ നിന്നു വന്ന  ഉസ്മാന്‍
 കമ്പിയും കൈക്കാട്ടുമായി അവന്റെ സ്വന്തം ഭൂമിയില്‍ കൂരയുടെ പ ണി തുടങ്ങി,

ഇടക്ക് ചില ദിവസങ്ങളില്‍ യൂസഫും വന്ന് സഹായിച്ചു

കട്ട കൊണ്ട് തീര്‍ത്ത രണ്ടു മുറി വീട്ടില്‍   ചുവന്ന മണ്ണു കൊണ്ട് തറയുടെ വശം തേച്ച്  ഭംഗിയാക്കുമ്പോളാണ്,, ഉസ്മാന്റെ അമ്മാവന്‍  പറഞ്ഞു വിട്ടിട്ട്  അനാദി പീടികയില്‍ ചില്ല്വാനം കെട്ടുന്ന ചേക്കൂട്ടി, അവിടേക്ക് വന്നത്

ഇന്ന് രാത്രി മൈമൂന യുടെ അമ്മാവന്റെ വീട്ടില്‍ വച്ച് ഒരു മധ്യസ്ഥ, മുണ്ട് പോകണം, പറ്റിയാല്‍ ത്വലാഖ് ചൊല്ലി കാര്യം തീര്‍ക്കണം,അമ്മാവന്റെ കല്‍പനയാണ് പോകാതെ പറ്റില്ലെല്ലോ, ഇപ്പോള്‍ ഉസ്മാന്റെ  മനസില്‍ ഒരു മരവിപ്പാണ്,,എന്ത് കേട്ടാലും ഞെട്ടല്‍ തോന്നാത്ത ഒരു തരം മരവിപ്പ്.
 

തുടരും ...

അസീസ് ചക്കിട്ടപാറ

കവർ ചിത്രം : ബിനോയ് തോമസ് 
 

ബന്ധങ്ങൾ (നോവൽ - 18)

Metrom Australia Aug. 3, 2020

മറിയാമ്മച്ചി  അമ്പിളിയെ ആശ്വസിപ്പിക്കുവാനായി ലേശം മന്ദമായി ഇങ്ങനെ പ്രതികരിച്ചു. " നീ ഈ കാര്യങ്ങള്‍ ഒന്നും ആരോടും പറയാനൊന്നും  നില്‍ക്കേണ്ട" അപ്പച്ചന്‍  തരാമെന്ന് പറഞ്ഞ തുക കയ്യില്‍ വാങ്ങിയിട്ട് കോഴിക്കോടിന് പോകുമ്പോള്‍ കൊണ്ടുപോയാല്‍ പോരേ.
 
മറിയാമ്മച്ചിയുടെ പ്രതികരണം കേട്ടപ്പോള്‍ അമ്പിളിയുടെ മനസ്സിലെ ചിന്തകള്‍ക്കൊരു മൃദുത്വം കൈവന്നു.  അമ്മച്ചി പറയുന്നതെല്ലാം ശ്രദ്ധിക്കുന്നത് പോലെ കാതുകള്‍ കൂര്‍പ്പിച്ച് സെറ്റിയില്‍ തന്നെ ഇരുന്നു.
 
മറിയാമ്മച്ചിയ്ക്ക് അമ്പിളിയുടെ ഉപചാരത്തോടെയുള്ള ആ ഇരുപ്പ് ഇഷ്ടപ്പെടുക തന്നെ ചെയ്തു. അതിന്‍റെ പ്രത്യുപകാരമെന്നവണ്ണം സംസാരം വീണ്ടും തുടര്‍ന്നു.
 
മാത്തുകുട്ടി ഈ പണം ചോദിക്കാന്‍ വരുമെന്ന് നീ കരുതുന്നുണ്ടോ?.
 
ഉണ്ടെന്നോ ഇല്ലെന്നോ അമ്പിളി മറുപടി പറഞ്ഞില്ല. മറുപടിയൊന്നും അമ്പിളിയില്‍ നിന്നും കിട്ടാതായപ്പോള്‍ മറിയാമ്മച്ചി പിന്നെയും അധരങ്ങള്‍ ചലിപ്പിച്ചു.
 
സ്വതവേ പൊങ്ങച്ചക്കാരനായ എന്‍റെ മൂത്ത മകന്‍ മാത്തുകുട്ടിയെ എനിക്കറിയാവുന്നത് പോലെ നിങ്ങള്‍ക്ക് ആര്‍ക്കും അറിയില്ലല്ലോ.   മനസ്സില്‍ തന്ത്രങ്ങളുടെ പത്മവ്യൂഹം ചമയ്ക്കുന്നതിനിടയില്‍    അമ്പിളി  ഒഴുക്കന്‍ മട്ടില്‍ അത് ശരിയാണെന്ന് സമ്മതിച്ചിട്ട്‌ സെറ്റിയില്‍ നിന്നും മെല്ലെ എഴുനേറ്റു.
 
നാളെ രാവിലെ നമ്മള്‍ക്ക് യാത്ര ചെയ്യുവാനുള്ളതല്ലേ അമ്മച്ചീ, അമ്പിളിയുടെ ഓര്‍മ്മപ്പെടുത്തല്‍ മറിയാമ്മച്ചിയില്‍ ആകുലചിന്തകളുടെ പ്രളയം രൂപപ്പെടുത്തി.
 
അത് ശരിയാണല്ലോ മോളെ. എന്നാല്‍ നീ പോയി കിടന്ന്‍ ഉറങ്ങുവാന്‍ നോക്ക്. അത്രയും കേട്ടപാടെ അമ്പിളി കിടപ്പ് മുറി ലക്ഷ്യമാക്കി നടന്നു.
 
കിടക്കുവാന്‍ ഒരുങ്ങിയപ്പോഴാണ് ഉമ്മച്ചന്‍ ഉറങ്ങിയിട്ടില്ലെന്ന്‍അമ്പിളിയ്ക്ക് ബോധ്യമായത്. ഉമ്മച്ചായന്‍ ഇതുവരെ ഉറങ്ങിയില്ലേ?
 
അമ്പിളിയുടെ ചോദ്യം കേട്ടപ്പോള്‍ ഉമ്മച്ചന്‍ ഒന്ന് ചിരിച്ചിട്ട് പ്രത്യുത്തരം പറഞ്ഞു. ഭാവി ചിന്തകള്‍ മനസ്സിനെ അലോരസപ്പെടുത്തുമ്പോള്‍ എനിക്കെങ്ങനെ ശീഘ്രമായി ഉറങ്ങുവാന്‍ കഴിയും.
 
നിദ്രാവിഹീനനായി  ഉമ്മച്ചന്‍ കിടക്കുന്നതിന്‍റെ കാരണം ഇതൊന്നുമല്ലെന്ന് അറിയാമായിരുന്ന അമ്പിളിയുടെ   ഉള്ളിന്‍റെയുള്ളില്‍  നിന്നും നിഗൂഡമായൊരു പുഞ്ചിരി വിടര്‍ന്നു.
 
എന്നാല്‍ എന്‍റെ കുട്ടന്‍ ഉറങ്ങാന്‍ നോക്കിക്കേ.  അമ്പിളി മെല്ലെ മൊഴിഞ്ഞു.
 
കോഴിക്കോടിന് പോകുന്നതിനെ കുറിച്ച് സംസാരിക്കുവാന്‍  അമ്പിളി സമയം കണ്ടെത്തി.  എല്ലാം കേട്ടുകൊണ്ട് ഭാര്യയോട് ഒട്ടിച്ചേര്‍ന്ന്‍ കിടന്നിരുന്ന ഉമ്മച്ചന്‍ അവളെ  തൊടുവാന്‍ ശ്രമിച്ചു.
 
"ഓണത്തിന് ഇടയ്ക്കാണ് നിങ്ങളുടെ പുട്ട് കച്ചവടം".
 
നേരം വെളുത്താല്‍ ഉടനെ തന്നെ നമ്മള്‍ക്ക് കോഴിക്കോടിന്  പോകുവാനുള്ളതാ മനുഷ്യനേ.  മര്യാദയ്ക്ക് കിടന്നുറങ്ങുവാന്‍ നോക്ക്.
 
അമ്പിളിയുടെ ഇരട്ടതാപ്പ് നയം ഇഷ്ടപ്പെടാത്ത രീതിയില്‍ ഉമ്മച്ചന്‍ തിരിഞ്ഞു കട്ടിലില്‍ കിടന്ന് ഉറങ്ങി.  
 
പിറ്റേന്ന് രാവിലെ തന്നെ ഡ്രൈവര്‍ സാബു വണ്ടിയുമായി അവിടെ എത്തിയിരുന്നു.
 
പ്രഭാതത്തില്‍ കോഴിക്കോടിന് പോകുവാനായി ഈപ്പച്ചന്‍ ഒഴികെ ബാക്കിയെല്ലാവരും   എഴുനേറ്റിരുന്നു. അന്തരീക്ഷത്തില്‍ ഘനീഭവിച്ചു നിന്നിരുന്ന തണുപ്പ് സമ്മാനിച്ച ആലസ്യവും, പ്രായത്തിന്‍റെ അവശതയും സമ്മിശ്രമായി ഈപ്പച്ചനെ പുണര്‍ന്നു നിന്നിരുന്നതിനാല്‍ എഴുനേല്‍ക്കുവാന്‍ ഏറെ വൈകി.
 
അമ്പിളിയും, ഉമ്മച്ചനും കൊണ്ടുപോകുവാനുള്ള  സാധനങ്ങള്‍ വണ്ടിയില്‍ കയറ്റി വയ്ക്കുന്നതിന്‍റെ തിരക്കിലായിരുന്നു.  കൊണ്ടുപോകുവാനുള്ള  സാധങ്ങളുടെ ആധിക്യം മൂലമുള്ള  സ്ഥലപരിമിതിയെ   ചൂണ്ടി കാട്ടിയപ്പോള്‍ ഉമ്മച്ചന്‍ സാബുവിനോട് കയര്‍ത്തു.
 
വണ്ടിയില്‍ യാത്രക്കാരെ മാത്രമേ കയറ്റുകയുള്ളൂ എന്ന് നിനക്ക് വല്ല നേര്‍ച്ചയും ഉണ്ടോ? . ഉമ്മച്ചന്‍റെ ആ ചോദ്യം സാബുവിനെ ചൊടിപ്പിച്ചെങ്കിലും ദീര്‍ഘദൂര യാത്രയെ പറ്റി ഓര്‍ത്തപ്പോള്‍ അവന്‍ മൌനംഭജിച്ചു.
 
മറിയാമ്മച്ചി കോഴിക്കോടിന് കൊണ്ടുപോകുവാനുള്ള തുണിത്തരങ്ങള്‍ എല്ലാം പെട്ടിയില്‍ ഭദ്രമായി ഉണ്ടോയെന്നു  പരിശോധിച്ച്  ഉറപ്പുവരുത്തിക്കൊണ്ട് ചാവടിയില്‍ തന്നെയിരുന്നു. അന്നമ്മയ്ക്ക് കൊടുക്കുവാനായി അമ്പിളി ഏല്‍പിച്ച   പൊതിയുടെ കാര്യം മറിയാമ്മച്ചിയ്ക്ക് അപ്പോഴാണ്‌ ഓര്‍മ്മവന്നത്.  അത് ഏലമ്മയെ ഏല്പിക്കുവാനായി അലമാരയില്‍ നിന്നും പുറത്തെടുത്ത് കയ്യില്‍ കരുതുകയും ചെയ്തു.
 
ഏലമ്മച്ചി അടുക്കളയില്‍ തിരക്കിലായിരുന്നു. പ്രഭാത ഭക്ഷണമായി ഏത്തയ്ക്കായും,  മുട്ട  പുഴുങ്ങിയതും  വെവ്വേറെ പാത്രത്തിലാക്കി മേശമേല്‍ നിരത്തി വയ്ക്കുന്നതിനിടയിലാണ് കാപ്പി അടുപ്പില്‍ വെച്ചില്ലെന്നുള്ള ചിന്ത ഏലമ്മച്ചിയുടെ മനസ്സില്‍ ആധിയുടെ നോവുകള്‍ സമ്മാനിച്ചത്.
 
ബലഹീനമായ കാലിന്‍റെ സ്വാധീനകുറവിനെ ത്രിണവത്ഗണിച്ചു കൊണ്ട് ഏലമ്മച്ചി അടുപ്പിന്‍ ചുവട്ടിലേക്ക്  നടന്നു.
 
അച്ചായാ പുറപ്പെടാറായോ?.
 
ഡ്രൈവര്‍ സാബു അക്ഷമയോടെ ഉമ്മനോടായി തിരക്കി.  നിനക്കെന്നാ ഇത്രയും ധൃതി?.  പറഞ്ഞ കാശ് അവിടെ ചെല്ലുമ്പോള്‍ കയ്യില്‍ തരണമെങ്കില്‍ മര്യാദയ്ക്ക് നില്‍ക്കുവാന്‍ നോക്കടാ. ആ വിരട്ടല്‍ സാബുവിനെ തെല്ലും അലോരസപ്പെടുത്തിയില്ല. 
 
ഉമ്മച്ചന്‍റെ ആ ഭീക്ഷണിയ്ക്ക് വഴിപ്പെടാതെ സാബു ഉടനടി  ഉമ്മച്ചന് തക്കതായ മറുപടി കൊടുക്കുകയും ചെയ്തു. 
 
"ഇങ്ങനെ എത്രയോ ആളുകളുടെ വിരട്ടലുകള്‍ കേട്ടു വളര്‍ന്നവനാ ഈ സാബു. സമയം കിട്ടുമ്പോള്‍ ബേബിച്ചായനോട് ഉടുമ്പ് തങ്കയുടെ മകന്‍ സാബുവിനെ പറ്റിയൊന്നു തിരക്കുന്നത് നല്ലതാണ്".
 
അത്രയും കേട്ടപ്പോള്‍ ഉമ്മച്ചന്‍ തെല്ലൊന്ന് അയഞ്ഞു. നീ ഉടുമ്പ് തങ്കയുടെ മകനാണെന്ന് നേരത്തേ പറയേണ്ടായിരുന്നോ. ഉമ്മച്ചന്‍റെ മുഖത്തെ ജാള്യത കണ്ടപ്പോള്‍ സാബു ഉള്ളില്‍ ചിരിച്ചിട്ട്‌ പറഞ്ഞു.
 
പേടിത്തൊണ്ടനായ  ഉമ്മച്ചാ.  സാബുവിന്‍റെ കണ്ഠത്തില്‍ നിന്നും ഉത്ഭവിച്ച സാരഗര്‍ഭമായ  ആ വാക്ക് ഉമ്മച്ചന്‍ കേട്ടെങ്കിലും മറുപടിയൊന്നും പറയാതെ മുറിക്കുള്ളിലേക്ക് പിന്‍വാങ്ങി.
 
സാബു വണ്ടിയില്‍ ഇരുന്ന്‍ ഉമ്മച്ചനെ പറ്റി ആലോചിച്ചുനോക്കി.
 
 
ചുമ്മാതല്ല ഇയാളെക്കുറിച്ച് ഈ നാട്ടുകാര്‍ക്ക് വലിയ മതിപ്പില്ലാത്തത്.
 
സാബു പ്രകടമായ ദേഷ്യം തീര്‍ക്കാനെന്നവണ്ണം വണ്ടിയില്‍ തൂക്കി ഇട്ടിരിക്കുന്ന  കരടിയ്ക്കിട്ട് രണ്ട് അടി കൊടുത്തു.
 
ആരെയും ആശ്രയിക്കാതെ  അധ്വാനിച്ച് ജീവിക്കുവാനായി  സ്വയംതൊഴില്‍ പോലെ കണ്ടെത്തിയ ഈ ഡ്രൈവര്‍ ജോലിയില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടുവേണം തന്‍റെ ചെറിയ കുടുംബം പുലരേണ്ടത്‌. ആ ചിന്ത സാബുവിന്‍റെ മനസ്സിലൂടെ കൊള്ളിമീന്‍ പോലെ മിന്നിമറഞ്ഞപ്പോള്‍, തികട്ടി വന്ന കോപത്തെ അയാള്‍ക്ക് നിയന്ത്രിക്കുവാനും  ശ്രമിച്ചു.
 
 
(തുടരും )


രഞ്ജിത്ത്  മാത്യു

കവർ ചിത്രം : ബിനോയ് തോമസ്