ബന്ധങ്ങൾ (നോവൽ - 43)

March 10, 2021

അമ്പിളി അടുക്കളയിലേക്ക് നടന്നു മറഞ്ഞ ഉടനെ ഉമ്മച്ചന്‍റെ മനസ്സ് വീണ്ടും നിരാശയുടെ നീരാളിപിടുത്തത്തില്‍ അമര്‍ന്നു. മാനുഷിക സഹജമായ വികാരങ്ങള്‍ക്ക് അടിമപ്പെടുമ്പോള്‍ ആശ്വാസദായകമായ വാക്കുകള്‍ക്ക് പ്രവര്‍ത്തിക്കുവാനുള്ള അവസരം തുലോം കുറവായിരിക്കുമെന്ന് ഉമ്മച്ചന്‍ ഓര്‍ക്കാതെയിരുന്നില്ല.
 
മനസ്സിന്‍റെ ഭാരം താങ്ങുവാന്‍ കഴിയാതെയായപ്പോള്‍ ഉമ്മച്ചന്‍ അമ്പിളിയുമൊത്തുള്ള കുടുംബ ജീവിതത്തെ പറ്റിയുള്ള ചിന്തകളിലേക്ക് മനസ്സിനെ ഒഴുക്കിയിറക്കി. സന്തോഷമായ കുടുംബജീവിതം അഭിനയിച്ചു കഴിയുമ്പോഴും  എന്തൊക്കെയോ പോരായ്മകള്‍ എവിടെയൊക്കെയോ എഴുന്നു നില്‍ക്കുന്നതായി ഉമ്മച്ചന് തോന്നി തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി.
 
പക്ഷേ... തങ്ങളുടെ കുടുംബജീവിതത്തില്‍ കുറെയേറെ യോജിപ്പിന്‍റെ രസതന്ത്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉമ്മച്ചന്‍ ഓര്‍ക്കാതെയിരുന്നില്ല.  
 
ദ്രവ്യാഗ്രഹവും, സ്വത്തിനോടുള്ള അമിതമായ ആര്‍ത്തിയുമെല്ലാം തങ്ങളിരുവരെയും ഒരുപോലെ കെട്ടിപുണര്‍ന്ന് കിടക്കുന്നത് കൊണ്ടാവാം ദൈവം തങ്ങളെ യോജിപ്പിച്ചത്.
 
മോനേ... വല്ലതും കഴിക്കുവാന്‍ വാ .. അടുക്കളയില്‍ നിന്നും അമ്പിളിയുടെ അമ്മയുടെ സ്നേഹത്തോടെയുള്ള വിളി കേട്ടപ്പോള്‍ ഉമ്മച്ചന്‍ എഴുനേറ്റു ഊണ് മുറിയിലേക്ക് നടന്നു.
 
 
ഉമ്മച്ചന് ഭക്ഷണം വിളമ്പി കൊണ്ട് ഊണ് മുറിയില്‍ തന്നെ കുഞ്ഞേലിയാമ്മ നിന്നു. അമ്മായിയപ്പന്‍ ഇത്താക്കൂവിന്‍റെ കാര്യം അന്യേക്ഷിക്കുവാനായി ഒരുങ്ങിയപ്പോഴാണ് ഉമ്മച്ചന്‍റെ ഫോണ്‍ നിര്‍ത്താതെ ശബ്ദിച്ചത്.
 
 
ആരാ ഉമ്മച്ചായാ..... ഫോണ്‍ അടിക്കുന്ന ശബ്ദം കേട്ട ഉടനെ തന്നെ അമ്പിളി ഉമ്മച്ചന്‍റെ അരികിലേക്ക് ഓടി എത്തി.
 
അത് മദ്രാസില്‍ നിന്നും മത്തായികുട്ടിച്ചായന്‍ ആയിരുന്നു.
 
 
മത്തായികുട്ടിച്ചായന്‍ രണ്ടു ദിവസത്തിനകം നാട്ടിലേക്ക് വരുന്ന വിവരം കേട്ടപ്പോള്‍ ഉമ്മച്ചന് വല്ലാത്തൊരു വിഷമം തോന്നി. വസ്തു ഭാഗം വയ്ക്കുന്ന കാര്യം പറയാനാവും ഇപ്പോഴത്തെ ഈ വരവിന്‍റെ ഉദ്ദേശം.
 
അമ്പിളിയുടെ വെപ്രാളവും പരവേശവും കണ്ടപ്പോള്‍ കുഞ്ഞേലിയാമ്മയ്ക്കും ആധി കയറാതിരുന്നില്ല. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ നമുക്ക് പൊന്നപ്പനോട്‌ പറയാം.
 
ആങ്ങള പൊന്നപ്പന്‍റെ സഹായം തേടാതെയിരിക്കുന്നത് മണ്ടത്തരമാണെന്നുള്ള ചിന്ത അമ്പിളിയ്ക്ക് അപ്പോള്‍ തോന്നാതെയിരുന്നില്ല. താഴത്ത് വടക്ക് തറവാട്ടിലെ സ്വത്തുക്കള്‍ തങ്ങളുടെ പേരിലായി കഴിയുമ്പോള്‍ എന്തെങ്കിലും അതില്‍ നിന്നും നല്‍കാമെന്നു പറഞ്ഞാല്‍ പൊന്നപ്പന്‍ കൂടെ നില്‍ക്കുമെന്ന് അമ്പിളിയ്ക്ക് അറിയാമായിരുന്നു.
 
ആ ഒരു ധൈര്യത്തിലായിരുന്നു വീടിന്‍റെ തൊട്ടടുത്ത് തന്നെ താമസിക്കുന്ന ആങ്ങളയെ  ഉടനെ തന്നെ അമ്പിളി വിളിച്ചു വരുത്തിയത്.
 
എന്താടീ പ്രശ്നം..  അവിടേക്ക് കടന്നുവന്ന പൊന്നപ്പന്‍ ആത്മാര്‍ത്ഥമായിട്ട് തന്നെയായിരുന്നു ആ ചോദ്യം ചോദിച്ചത്.
 
 
അതോ.... ഉമ്മച്ചായന്‍റെ അവിടെ വീതം വയ്ക്കാത്ത വസ്തുക്കള്‍ എല്ലാം ആ ബേബിച്ചായനും, മത്തായികുട്ടിച്ചായനും, പ്രസാദും കൂടി അടിച്ചു മാറ്റും എന്നാണ് തോന്നുന്നത്. അതിന് താലപ്പൊലി പിടക്കുവാന്‍ ജോളിയും,  വത്സലയുമൊക്കെ ഒരുങ്ങി പുറപ്പെട്ടിരിക്കുകയാണ്.
 
അമ്പിളി അത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ ഉമ്മച്ചന്‍റെ ശബ്ദം ഇടറുകയും, നേരിയൊരു വിറയലോടെ അളിയനെ നോക്കിയൊന്നു കിണുങ്ങിയിട്ട് മെഴിഞ്ഞു.
 
 "അതിന് തടയിടുവാന്‍ അളിയന്‍റെ സഹായം കൂടിയേ തീരുകയുള്ളൂ. വസ്തു കിട്ടുമ്പോള്‍ അളിയനും അതിന്‍റെ ഗുണം ഉണ്ടാകുമെന്ന് കൂട്ടിക്കോളൂ.
 
 
സ്ഥലം കിട്ടുമെന്ന് കേട്ടപ്പോള്‍ പൊന്നപ്പനും ഉത്സാഹം അടക്കുവാന്‍ ആയില്ല.  
 
 
അതിന്‍റെ ആവേശം  പൊന്നപ്പന്‍ അളിയനോട് പ്രകടിപ്പിക്കുകയും ചെയ്തു.
 
 
"നിങ്ങള്‍  ഒന്നു കൊണ്ടും വിഷമിക്കുവാന്‍ പാടില്ല. ഇന്നു തന്നെ തറവാട്ടിലേക്ക് മടങ്ങി പൊയ്ക്കോ... " നാളെ കഴിഞ്ഞ് ഞങ്ങള്‍ അങ്ങ് വന്നേക്കാം . ഈ മത്തായികുട്ടിയെ രായ്ക്ക് രാമാനം അവിടെ നിന്നും തുരത്തുവാനുള്ള സൂത്രപ്പണിയൊക്കെ ഒപ്പിക്കുവാന്‍  ഈ പൊന്നപ്പന്‍ മിടുക്കനാ...
 
 
 
അളിയന്‍ ലേശം മിനുങ്ങിയിട്ടുണ്ടാല്ലോടീ.... ഉമ്മച്ചന്‍ അമ്പിളിയെ സ്വകാര്യമായി കിട്ടിയപ്പോള്‍ ആരും കേള്‍ക്കാതെ മെല്ലെ പറഞ്ഞു.
 
 
അത് പിന്നെ അങ്ങനെയല്ലേ...  ഒരിക്കല്‍ മദ്യത്തിന്‍റെ ലഹരി നുണഞ്ഞു കഴിഞ്ഞാല്‍ പിന്നെ അതില്‍ നിന്നും ഒരു പിന്മാറ്റം അസാധ്യമാണ്.
 
ഉമ്മച്ചന്‍ മറുപടിയൊന്നും പറഞ്ഞില്ല.  പകരം മറ്റൊരു കാര്യം ചിന്തിച്ചുകൊണ്ട് അങ്ങനെ തന്നെ നിന്നു.
 
എന്താ മനുഷ്യാ നിങ്ങള്‍ ചിന്തിക്കുന്നത്... അമ്പിളിയുടെ ചോദ്യം കേട്ടപ്പോള്‍ ഉമ്മച്ചന്‍ ഒന്ന്‍ ചിരിച്ചു.
 
ഒന്നുമില്ലെടീ.....
 
 
ഉടനെ തന്നെ നമ്മള്‍ക്ക് തറവാട്ടിലേക്ക് തിരികെ  പോകണം. അവിടെ ചെന്ന് ചെയ്യുവാന്‍ ഉള്ള കുറെ കാര്യങ്ങള്‍  തീര്‍ക്കണം. എന്നിട്ട് കോഴിക്കോടിന് തിരികെ പോകണം. കോഴിക്കോട് വന്ന് മത്തായികുട്ടിച്ചായന്‍ വസ്തു വീതം വയ്ക്കുന്ന കാര്യം ഒന്നും പറയുവാന്‍ പോകുന്നില്ല.
 
 
ഉമ്മച്ചന്‍റെ അഭിപ്രായം കേട്ടപ്പോള്‍ അമ്പിളിയ്ക്കും അത് ശരിയാണെന്ന് തോന്നാതിരുന്നില്ല.
 
വീട് പണിയുടെ തിരക്ക് കഴിഞ്ഞിട്ട് വീതം വയ്പ് നടത്താമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയും ചെയ്യാം. അമ്പിളി മനസ്സില്‍ അപ്പോള്‍ തോന്നിയ ആ ആശയം ഉമ്മച്ചനുമായി പങ്കു വയ്ക്കുവാന്‍ മടിച്ചില്ല.
 
 
അപ്പന്‍ ഇത്താക്കൂവിനെ കാണുവാനൊന്നും അമ്പിളിയും , ഉമ്മച്ചനും, ടോമും, ജെറിയും നിന്നില്ല. വീടിന്‍റെ കല്ലിടീലിന് എല്ലാവരേയും ക്ഷണിച്ചിട്ട് ഉമ്മച്ചന്‍ തിണ്ണയില്‍ തന്നെ നിന്നു.
 
അമ്പിളി അമ്മയെ കെട്ടി പിടിച്ചു കുറെയേറെ നേരം കരഞ്ഞു. വീട്ടില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ അമ്പിളി ഒരു ചെറിയ പൊതി അമ്മയെ എല്പിച്ചിട്ട് പറഞ്ഞു.  
 
 
വീടിന്‍റെ കല്ലിടീലിന് കോഴിക്കോടിന് വരുമ്പോള്‍ ഉമ്മച്ചായന്‍റെ കയ്യില്‍ അപ്പനോട് ഈ പൊതി കൊടുക്കുവാന്‍ പറയണം.
 
എന്തായിത്.....
 
 
സംശയനിവാരണം തീര്‍ക്കുവാനായിട്ട് കുഞ്ഞേലിയാമ്മ മകളെ നോക്കി ചോദിച്ചു.
 
 
ഒരു ലക്ഷം രൂപയാ... തുടക്കത്തില്‍ തന്നെ നല്ല തുക ഇവിടെനിന്നും കിട്ടിയെന്ന്‍ അറിയുമ്പോള്‍ ഉമ്മച്ചായനും സന്തോഷം തോന്നും.
 
 
കുഞ്ഞേലിയാമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. എന്തെങ്കിലും നിന്‍റെ വീട് പണിക്ക് കൊടുക്കണമെല്ലോയെന്നും പറഞ്ഞു ഇന്നലെയും കൂടി ഇതിലെ വിഷമിച്ചു നടക്കുന്നത് കണ്ടായിരുന്നു. അതിന് ഇപ്പോള്‍ ഒരു പരിഹാരം ആയല്ലോ...
 
 
മറുപടിയൊന്നും പറയാതെ അമ്പിളി, ഉമ്മച്ചനോടും , മക്കളോടും കൂടി ബസ്‌ സ്റ്റോപ്പിലേക്ക് ഇറങ്ങി നടന്നു.
 
 
തുടരും
 
 
രഞ്ജിത്ത് മാത്യു

കവർ ചിത്രം: ബിനോയ് തോമസ് 

Related Post