ആത്മസംതൃപ്തി

Jan. 30, 2021

കഴിഞ്ഞ ലോക്ക് ഡൌൺ കാലം, മനസ്സിനെ പുറകിലേക്ക് ഒന്നു തിരിഞ്ഞു നോക്കുവാൻ പ്രേരിപ്പിച്ച, അനേകം സംഭവങ്ങൾക്കു വഴി വച്ചു, എന്ന് പറയേണ്ടി വരും. അതിൽ ഒന്നായിരുന്നു, പ്രമുഖ ഡബ്ബിങ് ആർടിസ്റ്റ് ഉൾപ്പെട്ട സംഘം, യൂട്യൂബറെ തല്ലിയ വാർത്ത.. ഈ കാര്യം ഞങ്ങളുടെ ഓൺലൈൻ സുഹൃദ് വലയത്തിൽ വലിയ ചർച്ചകൾ, സംവാദങ്ങൾ എന്നിവയ്ക്കു വഴി വച്ചു.. ആർട്ടിസ്റ്റിനും സംഘത്തിനും ഒപ്പം നിന്ന എന്നെപ്പോലുള്ളവർക്ക്,
"എങ്കിലും നിയമം കൈയിലെടുത്തതു ശരിയോ തെറ്റോ?", എന്ന സുപ്രധാന ചോദ്യത്തിനു മുൻപിൽ അല്പം പകച്ചു നിൽക്കേണ്ടിത്തന്നെ വന്നു..

എന്നാൽ ആ തല്ലു കേസിൽ, പല സ്ത്രീകളും അതീവ സന്തുഷ്ടരാണെന്നും, അവർക്കു കൊടുക്കാൻ പറ്റാത്ത അടിയാണ് അയാൾക്ക്‌ കിട്ടിയതെന്നും, അവർ രഹസ്യമായി എന്നോടു പറഞ്ഞു.. അതേ.. എന്തോ ഒരു ആത്മ സംതൃപ്‌തി!

അങ്ങനെ പണ്ടെങ്ങോ സംഭവിച്ചിട്ടില്ലേ? തീർച്ചയായും ഉണ്ട്‌.. ആ ഓർമ്മകൾ, ഒരു നാടകത്തിന്റെ ഭാഗങ്ങൾ എന്ന പോലെ, എന്റെ മുൻപിൽ തിരശ്ശീല നീക്കി പുനരാവിഷ്കരിക്കപ്പെട്ടു..

എന്റെ ചെറു പ്രായത്തിൽ, ഞങ്ങൾ താമസിച്ചിരുന്ന വീട്, റബ്ബർ മരങ്ങളാൽ ചുറ്റപ്പെട്ട്, താരതമ്യേന ഒറ്റയ്ക്ക് നിന്നിരുന്ന ഒരു ഭവനം ആയിരുന്നു.. രാത്രി ആയാൽ ചീവിടുകളുടെ ഒച്ച ഒഴിച്ചാൽ, വളരെ വിജനവും, ഭയജനകവുമായ അന്തരീക്ഷം! പല കാലഘട്ടങ്ങളിലും, പൊളിച്ചു പണിതും, മാറ്റിയും, കൂട്ടിച്ചേർത്തും നിരന്തരം മാറ്റങ്ങൾക്കു വിധേയമായ അത്യാവശ്യം വലിപ്പം ഉള്ള വീട്.  പുറത്തായി കച്ചിപ്പുരയും, പശുത്തൊഴുത്തും, പിന്നെ ഒരു   കുളിമുറിയും..

അകത്തുള്ള കുളിമുറി ആരെങ്കിലും ഉപയോഗിക്കുന്ന സമയമാണ്, പുറത്തേതിന്റെ ആവശ്യം വരുക..
ഇങ്ങനെ ഒരു പ്രാവശ്യം, പുറത്തേക്കു കുളിക്കുവാൻ വസ്ത്രങ്ങളുമായിപ്പോയ എന്റെ മൂത്ത സഹോദരി, നിലവിളിച്ചു കൊണ്ട് ശരവേഗത്തിൽ തിരിച്ചെത്തിയിടത്താണ്, കഥ തുടങ്ങുന്നത് എന്നു പറയാം.. എന്തോ അപകടം മണത്തിട്ടെന്ന പോലെ, വീട്ടിൽ എല്ലാവരും ചാടി എഴുന്നേറ്റ്, ഓടിച്ചെന്നു..
"അവിടെ... അവിടെ ആരോ ഉണ്ട്‌!!!" ശക്തിയായി അണച്ചു കൊണ്ട് ചേച്ചി ഇത്രയും പറഞ്ഞൊപ്പിച്ചു..

കേട്ടപാതി കേൾക്കാത്ത പാതി, തങ്ങളുടെ ധൈര്യം കാണിക്കുവാനുള്ള അവസരം ഒത്തു വന്നുവെന്ന രീതിയിൽ, അപ്പനും ആങ്ങളയും ഇറങ്ങി ഓടി.. എന്നാൽ പുറത്ത്, ഒരു ഈച്ചയെപ്പോലും കണ്ടു പിടിക്കുവാൻ, പുരുഷകേസരികൾക്കായില്ല.. പരാജിതരും നമ്രശിരസ്കരുമായി അവർ മടങ്ങി വന്നു.. ചേച്ചിയെ, അല്പം സംശയപൂർവ്വം, നോക്കി.

"അല്ലേലും ഇവൾ ആവശ്യമില്ലാതെ കാര്യങ്ങൾ മെനഞ്ഞുണ്ടാക്കും, ഇവിടെ ആരു വരാനാണ്?"  അമ്മയുടെ വക തിരസ്കരണം.. ഇതു കൂടിയായപ്പോൾ സഹിക്കുവാൻ വയ്യാതെ, ചേച്ചിപ്പെണ്ണ് ഉറക്കെ പ്രഖ്യാപിച്ചു, "എനിക്കുറപ്പാ, അവിടെ ഒരാളുണ്ടാരുന്നു.. കുളിക്കുന്നിടത്ത് ഒളിഞ്ഞു നോക്കാൻ വന്നതാവാനേ തരമുള്ളൂ.."

ഇതു കേട്ടപ്പോൾ, 14 വയസ്സുള്ള ഒരു സ്കൂൾ വിദ്യാർത്ഥിനി മാത്രം ആയിരുന്ന, എന്റെ മനസ്സിൽ ധൈര്യത്തിന്റെ ഒരല്പം പൊടി ഉണ്ടായിരുന്നതു കൂടി, ചോർന്നു പോയതു പോലെയായി.. ദേഹാസകലം പനി പിടിച്ച പോലെ വിറയൽ തോന്നിയ ഞാൻ, അടുത്തു കണ്ട സോഫയിലേക്ക്‌, ഒന്ന് ഇരുന്നും പോയി..

"ആരായിരിക്കും അയാൾ?ആരാണെങ്കിലും വൃത്തികെട്ടവൻ തന്നെ.. അല്ലെങ്കിൽ ഈ പണിക്കിറങ്ങുമോ? ഒരിക്കലും ഇല്ല.." എന്റെ മനസ്സ് ഉറക്കെപ്പറഞ്ഞു..
പല പല പേരുകൾ വീട്ടിലുള്ളവർ മുൻപോട്ടു വച്ചു എങ്കിലും, ഒന്നും ഉറപ്പിക്കുവാൻ പറ്റുന്നില്ല; കാരണം തെളിവുകൾ ഇല്ലല്ലോ?

അങ്ങനെ ഇരിക്കുമ്പോൾ, വീടിന് ഏറ്റവും അടുത്ത അയല്പക്കം എന്ന് വേണമെങ്കിൽ പറയാവുന്ന, ജയചേച്ചിയുടെ വീട്ടിൽ ഒരു സുപ്രധാന സംഭവം നടക്കുന്നു.. ചേച്ചിയും കുഞ്ഞും മാത്രമായിരുന്നു ആ വീട്ടിൽ താമസം.. ഭർത്താവ് ഗൾഫിൽ ആയിരുന്ന ചേച്ചി, ഒരു അച്ഛന്റെയും അമ്മയുടെയും കർത്തവ്യങ്ങൾ ഒറ്റയ്ക്ക് ചെയ്യുവാൻ, വളരെ കഷ്ടപ്പെട്ടിരുന്നു.. ജോലിയും പാചകവും കഴിഞ്ഞു ക്ഷീണിതയായ ജയച്ചേച്ചി, ഒന്നു കുളിക്കുവാൻ കയറിയതായിരുന്നു.. പൊടുന്നനെയാണ്, അപ്രതീക്ഷിതമായതു സംഭവിച്ചത്.. കുളിമുറിയുടെ മൂലയ്ക്ക് ആരോ പമ്മി നിൽക്കുന്നു.. ചേച്ചിയെക്കണ്ട പാടെ, ഒരു അതിക്രമത്തിന്, അതി വികൃതമായ ചേഷ്ടകളുമായി, അയാൾ പാഞ്ഞടുത്തു.. മനോധൈര്യം വിടാതെ, ആ സ്ത്രീ നിലവിളിച്ചു.. ഉടനെ അയാൾ ഇറങ്ങി ഓടുകയും ചെയ്തു..

ജയചേച്ചി വല്ലാതെ നടുങ്ങിപ്പോയെങ്കിലും, ഞങ്ങളുടെ വീടിനെയും മറ്റു പല വീടുകളെയും ഉലച്ചിരുന്ന ഒരു സമസ്യക്ക്‌, അതോടു കൂടി ഉത്തരം ലഭിച്ചു.. ഒളിഞ്ഞു നോട്ടക്കാരന്റെ മുഖം,  തെളിമയോടെ ജയച്ചേച്ചി കണ്ടിരുന്നു.. ചേച്ചിയുടെ വീടിനു രണ്ടു വീടപ്പുറം താമസം ഉള്ള, മിഞ്ചി അമ്മയുടെ മകനായിരുന്നു ആ കഥാപാത്രം.. അയാൾ ഇനിയും വരുക ആണെങ്കിൽ, തല്ലുവാൻ  അപ്പൻ വച്ചിരുന്നു ഇരുമ്പിന്റെ വടി, ഞാൻ ഒന്നു പോയി തൊട്ടു നോക്കി... ഒരടി കൊണ്ടാൽ, ആയുഷ്ക്കാലം തളർന്നു കിടന്നതു തന്നെ.. കുറ്റവാളിയെക്കണ്ടു പിടിച്ച ജയ ചേച്ചിയോട്, എനിക്കു വളരെ ബഹുമാനം തോന്നി.. എന്നാൽ, നാട്ടുകാർക്കു ചേച്ചിയോട് തോന്നിയത്, വേറെയൊന്നായിരുന്നു..

ഒന്ന്, രണ്ടു ദിവസത്തിനു ശേഷം നാട്ടു വാർത്തമാനങ്ങളുമായി വരുന്ന കുണുങ്ങിയാണ്, ആ  വാർത്ത പറഞ്ഞത്.. മിഞ്ചി അമ്മയുടെ മകനെ കുടുക്കിയതാണത്രേ! അവരുടെ ഭാഷ്യത്തിൽ, ജയച്ചേച്ചി വിളിച്ചിട്ടാണത്രേ അയാൾ അവിടെപ്പോയത്.. "പാവത്താൻ, അവനൊരാണല്ലായോ.. ഒരു ഇളക്കത്തിനങ്ങു പോയി.. നാലാളറിയും എന്നായപ്പോൾ പെണ്ണ് കവാത്തു മറന്നു.. കള്ളി!!!" ഒരാട്ടും വച്ചു കൊടുത്ത്, കുണുങ്ങി തന്റെ പാരായണം നിർത്തി.

അവിടെ നിന്നു കഥ കേട്ട ചേച്ചിപ്പെണ്ണ്, അവിശ്വാസത്തോടെ ഒരു നോട്ടം നോക്കുന്നത്, എന്റെ കണ്ണിൽ പെട്ടു.. ജയച്ചേച്ചി, വളരെ കഷ്ടപ്പെട്ട്, നല്ല രീതിയിൽ ജീവിക്കുന്ന സ്ത്രീ ആയിരുന്നു.. അവരെപ്പറ്റി പ്രചരിക്കുന്ന അടിസ്ഥാനം ഇല്ലാത്ത കഥകൾ കേട്ട്, ഞങ്ങൾക്കും വളരെ പ്രയാസം തോന്നി.

മാസങ്ങൾക്കു ശേഷം, മിഞ്ചി അമ്മയുടെ വീട്ടിൽ കല്യാണത്തിരക്കുകൾ ഉയർന്നു.. മിഞ്ചി അമ്മ മകന്റെ കല്യാണം ധൃതി പിടിച്ചു നടത്തി. കെട്ടിക്കൊണ്ടു വന്ന പെണ്ണാകട്ടെ, അതി സുന്ദരി; തന്നെയുമല്ല, നിഷ്കളങ്ക! ഇതിൽ കൂടുതൽ എന്തു വേണം! കഥാനായകന്റെ(അതോ വില്ലന്റെയോ?) പല തരത്തിലുള്ള ഭ്രാന്തുകൾ അതോടെ തീരുമെന്ന്, നാട്ടിലെ ചില പെണ്ണുങ്ങൾ എങ്കിലും കണക്കുകൾ കൂട്ടിയിരിക്കണം.. എന്നാൽ അവയെല്ലാം തെറ്റിച്ചു കൊണ്ട്, വീണ്ടും സംഭവപരമ്പരകൾ അരങ്ങേറുകയാണ് ഉണ്ടായത്.

അങ്ങനെ ഇരിക്കെ, ഒരു ദിവസം 
സ്കൂളിൽ നിന്നു വരുന്ന വഴി, മിഞ്ചി അമ്മ വഴി വക്കിൽ നിന്ന്‌, തന്റെ കൂട്ടുകാരിയോട്, "എന്റെ കൊച്ചിന്റെ പല്ലു പോയി അമ്മിണീ...", എന്നു പറഞ്ഞു തേങ്ങിക്കരയുന്നതു കണ്ട്, ഉദ്വേഗപൂർവ്വമാണു ഞാൻ വീട്ടിൽ തിരിച്ചെത്തിയത്.. അവിടെ, ഒരു വല്ലാത്ത ആത്മനിർവൃതിയോടെ, പാട്ടു മൂളി നടക്കുന്ന ചേച്ചിപ്പെണ്ണിനെയാണു ഞാൻ കണ്ടത്.. എന്തായിരിക്കും ആ ആത്മസംതൃപ്തിക്കു കാരണം?? കാര്യം നിസ്സാരം..

കല്യാണം കഴിഞ്ഞിട്ടും, തന്റെ വൃത്തികെട്ട രോഗാവസ്ഥ മറികടക്കുവാൻ കഴിയാതിരുന്ന മിഞ്ചി അമ്മയുടെ മകൻ, സ്ത്രീകളുടെ അമ്പലക്കുളത്തിൽ ഒളിഞ്ഞു നോക്കുവാൻ പോയത്രേ.. അവനെ കയ്യോടെ പിടി കൂടിയ ധീരയും, തന്റെടിയുമായ ജാനകിയമ്മ എന്നു പേരായ സ്ത്രീരത്നം, അവന്റെ ചെകിടു നോക്കി ഒരൊറ്റ പൊട്ടീര്!!! ആ കരണത്തടിയിൽ അവന്റെ പല്ലിളകിപ്പോയി പോലും.. നാടിനെ ഇളക്കി മറിച്ച, ഒരു ചരിത്ര സംഭവം തന്നെയായി അത് ..

എന്നാൽ ഒരു കാര്യം, അഭിമാന പൂർവ്വം, ഞങ്ങളുടെ നാടിനെപ്പറ്റി പറയേണ്ടതുണ്ട്. നാട്ടുകാരിൽ ആരും തന്നെ, ജാനകി അമ്മയുടെ നേരെ നിവർന്നു നിന്നു ചോദിച്ചില്ല, "അല്ല അമ്മേ, നിയമം കൈയിലെടുത്തതു ശരി ആയോ?" അവരെല്ലാവരും തന്നെ, അവരുടെ ദന്താരോഗ്യത്തിൽ അല്പം ശ്രദ്ധയുള്ളവരായിരുന്നു, എന്നു വേണം കരുതുവാൻ.. എന്തായാലും പറഞ്ഞു വന്നത്, ആ ആത്മസംതൃപ്തിയെപ്പറ്റി ആണ്.. അപ്പോൾ അതാണ്‌ ആ സംതൃപ്തി..ഏത്? യൂട്യൂബ്റെ തല്ലിയപ്പോൾ കിട്ടിയ സംതൃപ്തി ഉണ്ടല്ലോ.. അതു തന്നെ..

 

ആഷ്മി

 

കവർ ചിത്രം: ബിനോയ് തോമസ്  

Related Post