ആസ്വാദകൻ

March 7, 2021

എന്നത്തേയും പോലെ ഇന്നും, അയാൾ ആ സദസ്സിൽ പതിവുള്ള കസേരയിൽ ഇരുന്നു.. അത്, അയാൾക്കെന്ന പോലെ അവിടെ ഒഴിഞ്ഞു കിടന്നിരുന്നു.. ആളുകൾ എത്തിത്തുടങ്ങുന്നു..നർത്തകി വരുവാൻ ഇനിയും നേരം ഏറെ.. താൻ അക്ഷമനാകുന്നുവല്ലോ എന്നു വെറുതേ അയാൾ ഓർത്തു.. അവരെക്കാണുക എന്ന ഒറ്റ ലക്ഷ്യത്തിനു ചുറ്റുമാണ്, അയാളുടെ ജീവിതം കറങ്ങിക്കൊണ്ടിരിക്കുന്നത്..

നാദവും മേളവും തുടങ്ങുകയായി.. തീരശ്ശീല രണ്ടു വശത്തേയ്ക്കായി മാറിക്കഴിഞ്ഞു.. അയാൾ കാത്തിരുന്ന നൂപുരധ്വനി പഞ്ചേന്ദ്രിയങ്ങൾക്ക് അനുഭവവേദ്യമായി.. അവർ വേദിയിൽ നിറഞ്ഞാടുകയാണ്.. ഈ പാദ ചലനങ്ങൾക്കു കാതോർത്ത്, എത്രയോ വൈകുന്നേരങ്ങളിൽ, ഇതേ സദസ്സിൽ, അയാൾ ഇരുന്നിരിക്കുന്നു..

അവർ രാധയായി, രുഗ്മിണിയായി, യശോദയായി അയാൾക്കു മുൻപിൽ, അനായാസേന, സ്ത്രീത്വത്തിന്റെ പൂർണതയിൽ, ശക്തിയുടെ പ്രതി രൂപമായി നിറഞ്ഞു നിന്നിരിക്കുന്നു.. അവരെ പ്രണയിക്കാത്ത സായാഹ്നങ്ങൾ, അയാൾക്ക് ഓർത്തെടുക്കുവാൻ തന്നെ സാധിക്കില്ലാതായിരിക്കുന്നു.. ഇത്ര വേഗം നൃത്തം അവസാനിച്ചിരിക്കുന്നുവോ?നിമിഷങ്ങൾ മാത്രമായിരിക്കില്ലേ കടന്നു പോയത്? ചിലങ്ക ശബ്ദം എന്തേ നിന്നു പോയത്?

പതിവു തെറ്റിക്കാതെ, അണിയറ വാതിൽക്കൽ എത്തി.. അയാളെക്കണ്ട മാത്രയിൽ, അവൾ ആഹ്ലാദവതിയായി.. അവരുടെ നടനം വാഴ്ത്തിപ്പാടുക എന്ന ദൗത്യം, എന്നത്തേയും പോലെ, അത്യുത്സാഹത്തോടെ അയാൾ നിറവേറ്റുമ്പോൾ, അവരുടെ തേജസ്സ് ശ്രദ്ധിക്കാതിരിക്കുവാനായില്ല.. കലാകാരിയുടെ മുഖം അതിപ്രസന്നവും, പ്രകാശപൂരിതവും ആയിക്കഴിഞ്ഞിരുന്നു..

അവൾ, എന്നുമെന്ന  പോലെ, സന്തോഷത്തോടു കൂടിപ്പറഞ്ഞു, "സമയം ഏറെ ആയിരിക്കുന്നു, അടുത്ത സദസ്സിൽ താങ്കൾ  വരുമല്ലോ?"
തനിക്കു വിട ചൊല്ലുവാൻ വേണ്ടിയുള്ള അവരുടെ പതിവു പല്ലവി ശീലമായിരിക്കുന്നു.. തിരിഞ്ഞു നടക്കുവാൻ ഒരുങ്ങവേ, ഏതോ ശക്തിയുടെ പ്രേരണയാൽ എന്ന വണ്ണം, അയാൾ അതി ദുഖത്തോടും ഇർഷ്യയോടും പറഞ്ഞു, "നിങ്ങൾക്ക് എന്നോടിങ്ങനെ പെരുമാറുവാൻ, എങ്ങനെ സാധിക്കുന്നു? എന്റെ പ്രണയം നിങ്ങൾ അറിയുന്നില്ലേ? പ്രണയാഗ്നിയിൽ എന്റെ ഹൃദയം കത്തി അമരുന്നത് കണ്ടു നിങ്ങൾ രസിക്കുകയാണോ? ഒരിക്കൽ പോലും, ഒരു അതിഥി ആയിപ്പോലും, എന്നെ അകത്തേക്കു വിളിക്കുവാൻ കൂട്ടാക്കാതെ, ഇത്ര ക്രൂരത എന്തിന്?" അയാളുടെ നിറഞ്ഞു തുളുമ്പിയ കണ്ണുകളിൽ തീനാളങ്ങൾ ആയിരിന്നുവോ?

അവർ, ഒന്നും മിണ്ടാതെ, ഒരുപാടു നേരം, അയാളെ നോക്കി നിന്നു.. എപ്പോഴാണ് അവർ സംസാരിച്ചു തുടങ്ങിയത്? "താങ്കൾ പറഞ്ഞതു തീർച്ചയായും ഞാൻ മനസ്സിലാക്കുന്നു.. ഓരോ നൃത്ത വേദിയും കഴിഞ്ഞ്, നിങ്ങൾ വരുന്നതും കാത്തു ഞാൻ നിൽക്കാറുണ്ടെന്നതും, ഒരു പരമമായ സത്യം തന്നെ.. നിങ്ങളുടെ പ്രണയത്ത, നിങ്ങളെക്കാൾ മുൻപ്, ഞാൻ മനസിലാക്കിയിരിക്കുന്നു..  കലയെ പ്രണയിക്കുന്ന ശ്രേഷ്ഠനായ ആസ്വാദകനാണു താങ്കൾ.. നിങ്ങളുടെ കരഘോഷം
ഇല്ലാത്ത സദസ്സുകൾ എത്ര നിർജ്ജീവം ആയിരിക്കും, എന്നു ഞാൻ തിരിച്ചറിയുന്നു.. ആസ്വാദകർ ഇല്ലാത്ത കലാകാരി മരിച്ചവൾ മാത്രം... എന്നാൽ തിരശ്ശീലക്കിപ്പുറം,  നർത്തകിക്കു ചമയങ്ങളോ നിറക്കൂട്ടുകളോ ഇല്ല.. അവിടെ  അനുരാഗത്തിനു സ്ഥാനം തന്നെ ഇല്ല.. നിങ്ങളുടെ പ്രണയം  ജീവിക്കുന്നതു വേദിയിലാണ്, നിങ്ങളുടെ പ്രണയ ഭാജനവും അവിടെത്തന്നെ.. നിങ്ങളിലെ പ്രേക്ഷകൻ, തീർച്ചയായും, വീണ്ടും വരുക തന്നെ വേണം.. ഞാൻ കാത്തിരിക്കുകയും ചെയ്യും."
ഇത്രയും പറഞ്ഞ്, അവർ തിരിഞ്ഞു നടന്നു.. അവരുടെ രക്തനിറമാർന്ന പാദങ്ങൾ, അകന്നു പോകുന്നതു നോക്കി, ഏറെ നേരം അയാൾ നിന്നു.. വെറുതെ!!!

 

ആഷ്മി

 

കവർ ചിത്രം: ബിനോയ് തോമസ് 

Related Post