പ്രണയാർദ്രം

Feb. 24, 2021

സീൻ 1

ഇന്ന് വാലെന്റൈൻസ് ഡേ ആണ്‌ ...... പള്ളിയോടു ചേർന്നുള്ള നീണ്ട പടവുകളുടെ താഴെ അനുവിനെ കാത്തു നിൽകുമ്പോൾ ഹൃദയമിടുപ്പു കൂടി കൂടി വരുന്നത്  അറിയാം.....കാറിൽ തന്നെ ഇരിക്കാം എന്നാണ് ആദ്യം കരുതിയത് ..ഒരു സമാധാനവും കിട്ടാഞ്ഞിട്ടാണ് പുറത്തു ചെറുമഴയത്ത്‌  അവളെയും കാത്തുനിൽക്കുന്നത് ......

ഫോണിൽ സമയം നോക്കി നോക്കി മടുത്തു ..കുർബാന തീരാൻ ഇനി ഏറിവന്നാൽ 15മിനിറ്റ് ..ഇത്ര രാവിലെ തന്നെ പറയുന്നതു മോശമാകുമോ ?ജസ്റ്റിനോട് പറയാതെയാണ് പോന്നത്.. എന്തോ അവനോടു പറയാൻ ഒരു മടി ..അവന് എന്റെ എല്ലാ കാര്യങ്ങളും അറിയാവുന്നതാണ് ഈ പ്രണയമൊഴിച്ച് ......

കോളേജിൽ പഠിക്കാൻ വന്ന ആദ്യ ദിവസം മുതൽ ഞങ്ങൾ സുഹൃത്തുക്കളായതാണ് .. ഒരേ മുറിയിൽ താമസം തുടങ്ങിയിട്ട് നാലു വർഷമായി .. ഫ്ലാറ്റിൽ നിന്ന് ഇറങ്ങുമ്പോൾ അവൻ നല്ല ഉറക്കമാണ് .. എഴുന്നേൽക്കുന്നതിന് മുൻപേ തിരിച്ചു ചെല്ലണം .. എവിടെപ്പോയി എന്ന് ചോദിച്ചാൽ എന്തെങ്കിലും കള്ളം പറയണം ...

പ്രണയത്തിനെ എപ്പോഴും എതിർത്തവനാണ് ഞാൻ .... ആറുവർഷത്തോളം പ്രണയിച്ചു കല്യാണം കഴിച്ചതാണ് അപ്പനും അമ്മയും .... ഇപ്പോൾ അവര് സംസാരിക്കുന്നതുപോലും ഞാൻ കാണാറില്ല .. രോഗിയായതിനു ശേഷം അമ്മ അങ്ങനെ ആരോടും അധികം മിണ്ടാറില്ല .. തന്നോട് ഒഴിച്ച് .. അപ്പൻ എപ്പോഴും ബിസിനസ്സ് ടൂർ എന്ന് പറഞ്ഞു വീട്ടിൽ നിന്നും പോകും, അമ്മയ്ക്ക് ഒരു പരാതിയുമില്ല... ചേച്ചിയുടെയും പ്രണയ വിവാഹം ആയിരുന്നു .. എട്ടുമാസം മുമ്പ് അവൾ ഡിവോഴ്‌സിന് കൊടുത്തു, കേസ് തീർന്നിട്ടില്ല .. ഇതൊക്കെ കണ്ടിട്ടാവണം പ്രണയത്തിൽ ഒരു വിശ്വാസവും ഇല്ലാതിരുന്നത്, അനുവിനെ കണ്ടുമുട്ടുന്നത് വരെ ..


2 വർഷം മുമ്പ് നിതയുടെ കൂടെയാണ് അവളെ ആദ്യമായി കാണുന്നത് .. നിതയും ജസ്റ്റിനും ഒരേ ഇടവകക്കാർ .. അവരുടെ പ്രണയത്തിന് അവരുടെ രണ്ട് വീട്ടുകാർക്കും എതിർപ്പില്ല. കോഴ്‌സ് കഴിഞ്ഞാൽ ഉടനെ അവരുടെ കല്യാണം നടത്താൻ ഒരുങ്ങിയിരിക്കുകയാണ് രണ്ടു വീട്ടുകാരും....


ഇനി മൂന്ന് മാസം കൂടിയേ ഉള്ളു കോഴ്‌സ്  തീരാൻ, പിന്നെ പരീക്ഷ ,കോൺവൊക്കേഷൻ ... എനിക്കും ജസ്റ്റിനും പ്ലേസ്മെന്റ് ആയതാണ് ,രണ്ടുപേർക്കും ഡൽഹിയിൽ ഒരേ കമ്പനിയിൽ ..

പെട്ടെന്ന്  പടികൾ ചാടിയിറങ്ങി അനു വന്നു "അപ്പു,നീ എന്താ ഇവിടെ ?"
"അത് ...പിന്നേ ..ഞാൻ ...മറുപടി കേൾക്കാതെ അവൾ തുടർന്നു ...
"പപ്പയോടു പറഞ്ഞതാണ് എനിക്ക് ഇപ്പോൾ കല്യാണം വേണ്ടെന്ന്  ..കേൾക്കണ്ടേ .. ദേ കുർബാന കഴിഞ്ഞു മെസ്സേജ് നോക്കിയപ്പോഴാണ് കണ്ടത്‌ .. ഏതോ സുഹൃത്തിന്റെ മോനിങ്ങോട്ടു എന്നെ കാണാൻ രാവിലെ തന്നെ വരുന്നുണ്ടന്ന് "

"എന്നെ ഒന്ന് ഹോസ്റ്റലിൽ വിടുമോ? പ്ലീസ് .."കാറിന്റെ ഫ്രണ്ട് സീറ്റിൽ കയറിയിരുന്നു അവൾ തുടർന്നു ...

"കോഴ്‌സ് കഴിഞ്ഞു, ഒരു കൊല്ലമെങ്കിലും കഴിഞ്ഞു മതി എനിക്ക് കല്യാണം എന്ന് പറഞ്ഞിട്ടുള്ളതാണ് .. അപ്പോഴാ ഇന്ന് പെണ്ണുകാണാൻ പറഞ്ഞു വിട്ടിരിക്കുന്നത് ... ശനിയാഴ്ച്ച വീട്ടിൽ ചെന്നിട്ട് വേണം ചോദിക്കാൻ ..എനിക്കറിയാം എന്താ പപ്പയുടെ മറുപടി എന്ന് .. നിനക്ക് രണ്ട് അനിയത്തിമാരാ ..നിനക്ക് അത് ഓർമ വേണം.."

"അല്ല, അപ്പു പറഞ്ഞില്ലല്ലോ എന്തിനാ പള്ളിയുടെ അവിടെ വന്നത് എന്ന് ?"

അവൾ എപ്പോഴും ഇങ്ങനെയാണ് .. വാതോരാതെ സംസാരിക്കും ..എപ്പോഴും ചിരിക്കും .. ..അവളുടെ ചുറ്റും എപ്പോഴും പോസിറ്റീവ് എനർജി ഉണ്ടന്ന് തോന്നും .. ശരിക്കിനും പറഞ്ഞാൽ ഞാൻ എന്തിനാ വന്നത് എന്ന് കൂടി മറന്നു.. ഭാഗ്യം അവളുടെ ചോദ്യത്തിന് മറുപടി പറയേണ്ടി വന്നില്ല ..അവളുടെ ഹോസ്റ്റൽ എത്തി ..

"താങ്ക് യൂ "പറഞ്ഞു അവൾ ഗേറ്റ് തുറന്നു കയറിപ്പോയി ..

ഹോസ്റ്റൽ കഴിഞ്ഞു ഒരു ൫ കിലോമീറ്റർ കൂടി കഴിഞ്ഞാണ് ഞാനും ജസ്റ്റിനും താമസിക്കുന്ന ഫ്ലാറ്റ് .. കാർ പതിയെ പാർക്ക് ചെയ്ത് ജസ്റ്റിനോട് എന്ത് പറയും എന്ന് ആലോചിച്ചു വാതിൽ തുറന്നതും അവൻ ചോദിച്ചു,

"നീ പറഞ്ഞോ ?"

എന്ത് ?

"എടാ നീ അനുവിനോട് പറഞ്ഞോന്ന് ?"

ഇല്ല...

"എന്നോട് പറഞ്ഞായിരുന്നെകിൽ നിനക്ക് കുറച്ചു പ്രാക്ടീസ് ഒക്കെ ചെയ്തിട്ട് പോകാമായിരുന്നു, സാരമില്ല നമുക്ക്  വഴിയുണ്ടാക്കാമെന്നെ .."
പക്ഷേ,ജസ്റ്റിൻ; അവളെ കാണാൻ ആരോ വരുന്നുണ്ടെന്ന് ..

"ആര് ?"

അവളെ പെണ്ണുകാണാൻ ..

"കോമഡി ആയല്ലോ ..ഒരേ ദിവസം രണ്ടു പ്രൊപ്പോസൽ .."

നീ എന്നെ കളിയാക്കുവാണോ ?

"അല്ലടാ,സത്യം പറഞ്ഞതാ .."

നീ എങ്ങനെയാ  ഞാൻ അവളെ കാണാൻ പോയതാണെന്ന് കൃത്യമായി മനസിലാക്കിയത് ?

"ഞാൻ നിന്റെ ഉറ്റ സുഹൃത്തല്ലേ, എനിക്ക് എല്ലാം മനസിലാകും ..ഒരു ഡയറി പോലെയല്ലേ നിന്റെ മനസ്സ് .."

ഡയറി ..? ഡാ, നീ എപ്പോ വായിച്ചു ?
"ഇതാ ഇപ്പോൾ .."

"എന്തൊക്കെ  ആയിരുന്നു .. പ്രണയത്തിൽ ഒന്നും ഒരു കാര്യവുമില്ല, പ്രണയം മണ്ണാങ്കട്ട യാണ് .. എന്നിട്ടിപ്പോ കൊല്ലം ഒന്നായി പോലും അവളോട് പ്രണയം തോന്നിയിട്ട് ..

വാ നമ്മുക്ക് കോളേജിൽ പോകാം, വൈകിട്ട് നിതയെ കാണാൻ പോകുമ്പോൾ കാര്യങ്ങൾ അന്വേഷിക്കാം.."

വൈകുന്നേരം ആകാൻ തിടുക്കമായിരുന്നു ..പക്ഷേ അനു വന്നില്ല ..നിത പറഞ്ഞു അവൾക്കു തല വേദനയാണെന്ന് ..  ജസ്റ്റിൻ പെണ്ണുകാണലിനെ കുറിച്ച് ചോദിച്ചു ..

അവൾ എന്തോ പറഞ്ഞു ഒഴിവാക്കിയെന്ന് ..
കുറച്ചു സമാധാനമായി ..

പിന്നേയും ജസ്റ്റിൻ അനുവിനെ കുറിച്ച് ചോദിച്ചു, എനിക്കുവേണ്ടി ..

"അവൾക്ക് പ്രണയം വല്ലതും ഉണ്ടോ ?"

"അനുവിനോ?നല്ല കാര്യമായി ..അവളുടെ അപ്പൻ ഭയങ്കര സ്‌ട്രിക്‌ട് ആണ്‌ ..പ്രേമം എന്ന് പറഞ്ഞു അങ്ങ് ചെന്നാൽ മതി..

അവൾ എപ്പോഴും പറയും അപ്പന് ഇഷ്ടപ്പെട്ട, ഒരു ക്രിസ്ത്യാനി ചെറുക്കനെ മാത്രമേ അവള് കല്യാണം കഴിക്കുകയുള്ളുവെന്ന്  .."

ജസ്റ്റിൻ എന്നെ ഒന്ന് നോക്കി ..

അങ്ങനെ ആ ദിവസം തീർന്നു ..പ്രണയം പറയാനുള്ള ധൈര്യവും ചോർന്നുപോയി ..

ദിവസങ്ങൾ കടന്നു പോയി .. പലവുരി ജസ്റ്റിൻ പറഞ്ഞതാണ് അവളോട് ചോദിക്കാൻ.. ഞാൻ ഹിന്ദുവായതു കൊണ്ട് മാത്രമല്ല, വീട്ടുകാരെ ധിക്കരിച്ചു അവൾ എന്നെ സ്വീകരിക്കും എന്ന് തോന്നിയില്ല.. പിന്നെ ഉള്ള സൗഹൃദം നഷ്ടപ്പെടുത്തേണ്ട എന്ന് കരുതി .. എങ്കിലും അവൾ പോയിരുന്ന കാന്റീനിൽ, ലൈബ്രറിയിൽ, ഷോപ്പിംഗ് സെന്ററുകളിൽ ആരും അറിയാതെ അവളെ പിന്തുടർന്നിരുന്നു.. അവളെക്കുറിച്ച് ഓർമ്മകൾ കൊണ്ട് എപ്പോഴും മനസ്സ് നിറയ്ക്കുമായിരുന്നു .. എന്നിട്ടും അവളോട് മാത്രം ഒന്നും പറഞ്ഞില്ല ..‌ ..


scene 2

ഇന്ന് കോൺവെക്കേഷനാണ്‌ .. വീട്ടിൽ നിന്ന് ആരും വന്നില്ല,
അമ്മ വരാം എന്ന് പറഞ്ഞതാണ് ..വേണ്ടാന്ന് പറഞ്ഞു ..കാറ്റടിച്ചു യാത്ര ചെയ്തിട്ട് വേണം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകാൻ ..വേറെ ആരും വരുന്നതിനെ കുറിച്ച് പറഞ്ഞില്ല, ഞാൻ സൂചിപ്പിച്ചിരുന്നു ..
ജെസ്റ്റിന്റെ വീട്ടിൽ നിന്ന് എല്ലാവരുമുണ്ട് ..
അപ്പൻ, അമ്മ, അനിയത്തി, നിതയുടെ ബ്രദർ. അവർക്കെല്ലാവർക്കും കൂടി ലോഡ്ജിൽ മുറി ഏർപ്പാടാക്കിയിട്ടുണ്ട്. അവൻ ‌ അവരുടെ അടുത്ത് പോയേക്കുവാണ് ..

എന്റെ വീട്ടിൽ നിന്ന് ആരും വരാത്തതിൽ  എനിക്ക് വിഷമം ഒന്നുമില്ല, പക്ഷേ പ്രോഗ്രാം കഴിഞ്ഞു ഒരു ഫോട്ടോ എടുക്കൽ ചടങ്ങുണ്ട് ..

ടീച്ചേഴ്സും ഗ്രാഡ്യുവേറ്റും പിന്നേ ഫാമിലിയും ..

അപ്പോൾ എല്ലാവരും ചോദിക്കുമായിരിക്കും ആരും വരാഞ്ഞത് എന്തേ എന്ന് ..??

അപ്പൊ തോന്നുന്ന എന്തെങ്കിലും കള്ളം പറയണം .. ഫോട്ടോ എടുക്കുമ്പോൾ ജസ്റ്റിനോട് നിൽക്കാൻ പറയാം .. അമ്മ കഴിഞ്ഞാൽ എനിക്ക് ഏറ്റവും അടുപ്പം അവനോടാണ് .. അവര് മാത്രമേയുള്ളു ..

scene 3

അനു വന്നിട്ടുണ്ട്, ഞാൻ ക്ഷണിച്ചിരുന്നു...

കണ്ട ഉടനെ കൺഗ്രാറ്റുലേഷൻസ്  പറഞ്ഞു .. കുറേ പ്രോഗ്രാമുകൾ ഉണ്ടായിരുന്നു.. ഇടയ്ക്കു അനുവിനെ തിരഞ്ഞെങ്കിലും കണ്ടില്ല, നിതയുടെ കൂടെ കാണുമായിരിക്കും .. ബഹളത്തിന്റ ഇടയ്ക്കു അമ്മ വിളിച്ചായിരുന്നു, ആരും വരാത്തതിന്റെ സങ്കടമുണ്ടോയെന്നു ചോദിച്ചു, ഇത് മൂന്നാം തവണയാണ് ഇതേ ചോദ്യവും സാരമില്ല എന്ന എന്റെ മറുപടിയും ..

പെട്ടെന്നാണ് ജസ്റ്റിൻ വിളിച്ചത് ;

"ഏതു ലോകത്താണ്, ഫോട്ടോ എടുക്കണ്ടേ? എന്റേത് എടുത്തത് ഒന്നും നീ കണ്ടില്ലേ ?"

എഴുന്നേറ്റു അവന്റെ കൈയും പിടിച്ചു ടീച്ചേഴ്സ്ന്റെ കൂടെ പോയി നിന്നു ..പെട്ടെന്നാണ്  അനുവും നിതയും കൂടി കയറിവന്നത്  ..അനു എന്റെ അടുത്തു നിന്നു ..

ഫോട്ടോഗ്രാഫർ റെഡി പറഞ്ഞപ്പോ അനു എന്നോട് ചോദിച്ചു;

"എന്നെ കല്യാണം കഴിക്കുമോ ?"

ഞങ്ങൾ മൂന്നുപേരും ഞെട്ടി ..

പിന്നേ ഒരു ഓട്ടമായിരുന്നു .. ആളൊഴിഞ്ഞ ഒരു വരാന്തയിൽ എന്റെ കൈ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.

"അന്ന് വാലെന്റൈൻസ് ദിവസം എന്നെ കാണാൻ വന്ന ചെറുക്കനോട് ഞാൻ എന്താ പറഞ്ഞത് എന്ന് അറിയുമോ ?"

എന്താ ??

എനിക്കൊരു പ്രണയം ഉണ്ട് ..അപ്പു എന്നാണ് പേര് എന്ന്...

പ്രണയം എന്നും ഇങ്ങനെയാണ് ..പെട്ടെന്നൊന്നും  അങ്ങ് പിടി തരില്ല ..പക്ഷേ പിടിതരാത്ത സമയത്തും അതൊരു സുഖം തന്നെയാണ് ..കാത്തിരിപ്പാണ് ..പ്രതീക്ഷയാണ് ...വീർപ്പുമുട്ടലാണ് ....ആയിരം മഴവില്ലുകളുടെ ശോഭയാണ് ...അനുഭവിച്ചു തന്നെ അത് മനസ്സിലാക്കണം ...

 

ശുഭം 

സോണിയ സുബീഷ്

കവർ ചിത്രം: ബിനോയ് തോമസ് 

Related Post