ഒരു താന്തോന്നിയുടെ ബാല്യം

March 18, 2021

മഴപെയ്തു തീർന്ന ഒരു നനുത്ത നാല് മണി സമയം. കുഞ്ഞാഹമ്മദ് ഇക്കയുടെ കടയിൽ ഏലക്ക ചായയുടെ രുചി അന്തരീക്ഷത്തിൽ പടർന്നു നിന്നിരുന്നു. സ്കൂളിനടുത്തുള്ള ആ കടയിൽ നിന്നു ഒരു ചായ കുടിക്കണം എന്നതായിരുന്നു കുഞ്ഞിലേ അവളുടെ ഏറ്റവും വല്യ ആഗ്രഹം.സ്കൂൾ അസ്സംബ്ലിക്ക് വരി വരി ആയി ഉറുമ്പ് കൂട്ടം പോലെ നിന്നിരുന്ന പെൺകുട്ടികളിൽ പലരും അഹമ്മദ്ധിക്കയുടെ കടയിലെ പാൽ സർബത് കുടിച്ചിട്ടുണ്ട്. എല്ലാ കുട്ടികളും അല്ല. അനിത മിസ്സ്‌ന്റെ മകളൊക്കെ കോസ്മോ ബേക്കറി നിന്നു മാത്രമേ പഫ്സും മുട്ടയും കഴിച്ചിരുന്നുള്ളു.

സൗദി അറബിയയുടെ ചൂടിൽ തനിക്ക് വേണ്ടി ഉരുകി തീരുന്ന അമ്മയെയും. മറ്റേതോ അറബി നാട്ടിൽ ജോലിനോക്കിയിരുന്ന അപ്പനെയും അവൾ ഓർത്തു. ബോർഡിങ് സ്കൂളിൽ തന്നെ ആക്കിയപ്പോൾ കൈ നിറയെ മിട്ടായി വാങ്ങി തന്ന ശേഷം. കളിക്കാൻ ഉണ്ടാകുന്ന കൂട്ടുകാരെ കുറിച്ചും, പഠിക്കാൻ പോകുന്ന വിഷയങ്ങളെ കുറിച്ചും ഒക്കെ അമ്മച്ചി അന്ന് വാതോരാതെ സംസാരിച്ചു. അവൾ കാണാതെ ആ കണ്ണിലെ കണ്ണീർ ഒപ്പിക്കൊണ്ട് അന്ന് അമ്മച്ചി പറഞ്ഞു "വേറെ നിവർത്തിയിലാത്തോണ്ടാ മോളെ എന്ന് ". ഒരു നാല് വയസു കാരി അതുമനസിലാകും എന്നോർത്ത് കാണില്ല.

അന്ന് രാത്രി അവൾ ഉറങ്ങിയത് 50-60 പേരുള്ള ഒരു വല്യ മുറിയിൽ ആയിരുന്നു.ഡോർമെറ്ററി എന്നവർ വിളിച്ചിരുന്ന ആ മുറിക്ക്  നാല് വാതിലുകൾ ഉണ്ടായിരുന്നു. അതിൽ ഒന്നിലൂടെ പോയാൽ തലയെടുപോടെ നിന്നിരുന്ന ഷവർ ഹെഡ് ഉള്ള കുളിമുറികളും, അതിനോട് ചേർന്നു ഉള്ള കുഞ്ഞി കക്കൂസുകളും ഉണ്ടായിരുന്നു. ഒരു 5 വയസുകാരിക്ക് ഇറങ്ങി ഇരുന്നു സാറ്റ് കളിക്കാൻ ആഴം ഉള്ള സിങ്കുകളും അവയിലേക്ക് ഉറ്റു നോക്കുന്ന ടാപ്പുകളും.

പിന്നീട് ഉള്ള അവളുടെ ദിനങ്ങൾ തുടങ്ങിയത് ആ ടാപ്പിൻ ചുവട്ടിൽ ആണ്. ഏൽക്കേജിയിലും യുകെജിയിലും പഠിക്കുന്ന കുട്ടികളെ രാവിലെ കുളിപ്പിച്ചിരുന്നത് മരിയ ആന്റി ആയിരുന്നു. ഒന്നാം ക്ലാസ്സ്‌ മുതൽ സ്വന്തമായി കുളിക്കുകയും ഡ്രസ്സ്‌ കഴുകുകയും ഒക്കെ വേണം. ഇതൊന്നും അവളുടെ മനസിനെ അലട്ടിയില്ല. ഒരുപാട് കൂട്ടുകാർ അതു മാത്രം ആയിരുന്നു അവളുടെ മനസ്സിൽ. രാത്രിയിൽ എപ്പോഴൊക്കെയോ അമ്മച്ചിയെ കെട്ടിപിടിച്ചുറങ്ങുന്നത് അവൾ സ്വപ്നം കണ്ടു എങ്കിലും അതു അവളെ ബാധിക്കാത്ത പോലെ അവൾ ഭാവിച്ചു. അവളുടെ മനസിൽ ആ വാക്കുകൾ മുഴങ്ങി "വേറെ നിവർത്തി ഇല്ലാത്തോണ്ടാ മോളെ ".

അവൾ എന്നും പേടിച്ചിരുന്നത് പീടിഎ മീറ്റിംഗുകൾ ആണ്. അവളെ പറ്റി നല്ലതു പറയാനും ചേർത്ത് നിർത്താനും വരുന്നത് സിസ്റ്റർ പ്രമീള ആണ്.പക്ഷേ അത് അച്ഛനും അമ്മയും അല്ലാലോ. ചെറിയ ഒരു അപകർഷത്ത ബോധം അന്നേ അവളെ വേട്ട ആടിയിരുന്നു. പ്രമീള സിസ്റ്റർ കിടന്നുറങ്ങുമ്പോളും തലമുടി മറയ്ക്കാൻ വെയിൽ ധരിച്ചിരുന്നോ എന്നുള്ളത് ബോർഡിങ് സ്കൂളിലെ പരക്കെ ഉള്ള സംശയം ആയിരുന്നു. ഇതിനൊരു ഉത്തരം കണ്ടു പിടിക്കാൻ അവൾ ശ്രമിച്ചു ഒരിക്കൽ എല്ലാവരും ഉറങ്ങിയ ശേഷം പുറത്തു നിന്നും ഏണി വച്ചു സിസ്റ്റർ ന്റെ റൂമിന്റെ ഉള്ളിലേക്ക് നോക്കാൻ അവൾ ശ്രമിച്ചു. പക്ഷേ ഇരുട്ടത് കാൽപെരുമാറ്റം കേട്ട വേണു ചേട്ടൻ അവളെ കൈയോടെ പൊക്കി. ഇങ്ങനത്തെ കുസിർതികൾ ഉണ്ടായിരുന്നു എങ്കിലും അവളെ എല്ലാവർക്കും ഇഷ്ടം ആയിരുന്നു.

ഈ ജീവിത സാഹചര്യങ്ങളും ആയി പൊരുത്ത പെടാൻ അവളെ നന്നായി പാടുപെട്ടു. തനിക്കു സന്തോഷം വരുമ്പോൾ പറ്റി ചേർന്നുനിൽക്കാനും, സങ്കടംവരുമ്പോൾ ചിണുങ്ങി കരയാനും അടുത്ത് അമ്മ ഇല്ല എന്നവൾ അംഗീകരിച്ചു. ഒരു 5 വയസുകാരിയുടെ ബുദ്ധിക്കും അധീനം ആയിരുന്നു ആ അംഗീകാരം.

ചുറ്റും ഉള്ളതൊന്നും തന്നെ തളർത്തില്ല എന്നവൾ തീരുമാനിച്ചത്  അന്നാവണം. അതു പിന്നീട് ഉള്ള ജീവിതയാത്രയിൽ അവൾ തുടർന്നു പലപ്പോഴും അതിനെ ആളുകൾ അഹന്തയായും ഒരു പെണ്ണിന്റെ തിന്നിട്ടു ഉള്ള എലിന്റെ ഇടയിൽ  ഒക്കെ ഉപമിച്ചു. പക്ഷേ അവൾക്ക് അത് അതിജീവന്മായിരന്നു. ജീവിതത്തിലെ എഴുതി തെളിഞ്ഞ ഫോർമുലയിൽ നിന്നും മാറി സഞ്ചാരിക്കേണ്ടി വരുന്ന ഏതൊരു വ്യക്തിക്കും ഉണ്ടാകുന്ന പോലത്തെ അതിജീവനം.

നാളുകൾക്കു ശേഷം വളർന്നു വലുതായപ്പോഴും ജീവിതം പല പല പരീക്ഷണങ്ങൾ അവൾക്ക് നേരെ വച്ചു നീട്ടി.പക്ഷേ അന്ന് ടാപ്പിന് ചുവട്ടിൽ നീണ്ട ക്യൂ വിൽ നിന്നു കുളിച്ച, രാത്രി ഒറ്റയ്ക്ക് ഉറങ്ങി ശീലിച്ച, സ്വന്തം കാര്യങ്ങൾ വളരെ ചെറുപ്പം മുതലേ സ്വന്തമായി ചെയ്യാൻ പഠിച്ച അവൾ അതിനെ ഒക്കെ തരണം ചെയ്തു.സ്വന്തമായി അഭിപ്രായം ഉള്ള, ആരുടെയും മുന്നിൽ തലകുനിയ്ക്കാത്ത, വസ്തുതകളെ ചോദ്യം ചെയ്തു മനസിലാകുന്ന അവളെ ആളുകൾക്ക് കൗതുകം ആയിരുന്നു.സമൂഹം അവൾക്ക് ഒരു ഓമന പേര് നൽകി "താന്തോന്നി ".

 

ജിയ ജോർജ്

 

കവർ ചിത്രം: ബിനോയ് തോമസ് 

Related Post