ബന്ധങ്ങൾ (നോവൽ - 41)

Feb. 10, 2021

ഉച്ചയ്ക്ക് ഊണ് കഴിച്ചു കൊണ്ടിരുന്ന വേളയിലായിരുന്നു താഴത്ത് വടക്ക് തറവാട്ടിലേക്ക് ഗോപാലന്‍ വന്നു കയറിയത്.

 

നാട്ടിലെ അറിയപ്പെടുന്ന തടി വെട്ടുകാരനായ അയാള്‍ക്ക് ബേബിച്ചന്‍റെ വീട് പണിക്കായി  നരന്തു പോലെയുള്ള രണ്ടു തേക്ക് തടി വെട്ടിയതിന് ശേഷം  പണിയൊന്നും കിട്ടിയിരുന്നില്ല. ഗോപാലന്‍റെ വാര്‍ധക്യസഹജമായ അവശത മുതലെടുത്തുകൊണ്ട്  യുവരക്തത്തിളപ്പുള്ള ചെറുപ്പക്കാര്‍ ആ രംഗം കൈ അടക്കിയെന്നു പറയുന്നതാവും ശരി.  ഗോപാലന്‍റെ അപ്രതീക്ഷിതമായ ആ കടന്നു വരവിനെ പറ്റിയറിഞ്ഞപ്പോള്‍ ഈപ്പച്ചന് അതിയായ സന്തോഷം തോന്നാതിരുന്നില്ല.

 

ഈപ്പച്ചന്‍റെ ആ ആഹ്ലാദപ്രകടനത്തിന് എടുത്തു പറയത്തക്ക  ഒന്നു രണ്ട്    കാരണങ്ങള്‍ കൂടിയുണ്ടായിരുന്നു.    

 

 

ഒന്നാമതായി സരസ മനോഭാവക്കാരനായ ഗോപാലന്‍റെ സംസാരം കേള്‍ക്കുമ്പോള്‍ ഈപ്പച്ചന്‍റെ മനസ്സ്  കുളിര്‍മ്മയുടെ വേദിയായി മാറും. രണ്ടാമത്തേതായിട്ടുള്ളത് പണി കൂലിയിലുള്ള വ്യത്യാസം തന്നെയാണ്.

 

"കൂലിയിലുള്ള ആ  വ്യതാസം മൂലം  ഈപ്പച്ചനെപ്പോലെയുള്ള ആളുകളില്‍ നിന്നും പണി ഉറപ്പാക്കുവാന്‍ ഗോപാലന് കഴിഞ്ഞിരുന്നു".

 

 

താന്‍ ഇവിടെ ഇരിക്ക്. ഊണ് കഴിച്ചു കഴിഞ്ഞിട്ട് അച്ചായന്‍ ഇങ്ങോട്ട് വരും. മറിയാമ്മച്ചി തെല്ല് ഗൌരവത്തില്‍ ഗോപാലനോട് അത്രയും പറഞ്ഞിട്ടു  അടുക്കളയിലേക്ക് ഉള്‍വലിഞ്ഞു. തൊടിയില്‍ നിന്നും വാഴയില എടുക്കുവാനായി മുറ്റത്ത്‌ കൂടി കടന്നു പോയ അന്നമ്മയെ കണ്ടപ്പോള്‍ ഗോപാലന്‍റെ മനസ്സ് വര്‍ഷങ്ങള്‍ക്ക് പുറകിലേക്ക് പ്രയാണം ആരംഭിച്ചു.

 

ദിവസങ്ങളും, മാസങ്ങളും, വര്‍ഷങ്ങളുമെല്ലാം എത്ര പെട്ടന്നാണ് ഓടി മറഞ്ഞു പോകുന്നതെന്ന് അയാള്‍ ഓര്‍ത്തു.

 

നാടുകാണി പാലത്തില്‍ വന്ന് വണ്ടിയില്‍ ഇറങ്ങുമ്പോള്‍ രാത്രിയേറെയായിരുന്നു. വണ്ടിയുടെ അവസാനത്തെ സ്റ്റോപ്പ്‌ ആയതിനാലാവും കൂടെ ഇറങ്ങിയ അന്നമ്മയെയും, ബെന്നിയേയും താന്‍ ശ്രദ്ധിച്ചത്. രാത്രി ഒറ്റയ്ക്ക് ഒരു സ്ത്രീയും കുഞ്ഞും വിജനമായ പാതയിലൂടെ യാത്ര ചെയ്യുന്നതിന്‍റെ ഭവിഷത്തുകള്‍ തിരിച്ചറിഞ്ഞ ഗോപാലന്‍ അവരെ ഇവിടെ കൊണ്ടുവന്ന് ആക്കുകയായിരുന്നു. അന്ന് മുതല്‍ തുടങ്ങിയതാണ് ബേബിച്ചനുമായുള്ള സൌഹൃദം.

 

 

അമ്മാമ്മോ..... ഗോപാലന്‍ നീട്ടി വിളിച്ചു.

 

 

ആ ശബ്ദത്തിന്‍റെ ഉടമയാരെന്ന്‍ അറിയുവാനുള്ള ആകാംക്ഷയോടെ തിരിഞ്ഞു നോക്കിയ അന്നമ്മ കണ്ടത് ഗോപാലനെയായിരുന്നു.

 

 

ഗോപാലനുമായി കുശലാന്യേക്ഷണം നടത്തുന്നതിനിടയിലാണ് കിണറ്റുകരയില്‍ നിന്നും മറിയാമ്മച്ചിയുടെ ഉച്ചത്തിലുള്ള വിളി അന്നമ്മ കേട്ടത്.  

 

 

നീ അവിടെ എന്തെടുക്കുകയാടീ?..ഇങ്ങോട്ടൊന്ന്‍ വന്ന്‍ കിണറ്റില്‍ നിന്നും വെള്ളം കോരിക്കേ. അന്നമ്മ ഗോപാലനോട്‌ സംസാരം മുഴുപ്പിക്കാതെ തന്നെ കിണറ്റുകരയിലേക്ക് നടന്നു.

 

ഗോപാലന്‍ അപ്പോള്‍ ചിന്തിച്ചത് മറ്റൊരു കാര്യമായിരുന്നു.

 

"കിണറ്റില്‍ നിന്നും അന്നമ്മയെ കൊണ്ട് വെള്ളം കോരിപ്പിക്കുന്നതിന്‍റെ യുക്തി എത്ര ആലോചിച്ചിട്ടും ഗോപാലനു മനസ്സിലായില്ല".

 

ടാങ്കിലേക്ക് വെള്ളം അടിക്കുവാന്‍ മോട്ടോര്‍ ഉണ്ടെങ്കിലും അത് പ്രവത്തിപ്പിക്കാതെ അവരെ കഷ്ടപ്പെടുത്തുവാനുള്ള തള്ളയുടെ ബുദ്ധികൂമ്മതയില്‍ ഗോപാലന് പുച്ഛം തോന്നി. മനസ്സില്‍ തോന്നിയ വേദന അമര്‍ഷമായി പുറത്തു വരുത്തിയത്  തൊടിയിലേക്ക്‌ നീട്ടി തുപ്പികൊണ്ടായിരുന്നു.

 

 

ആരാ... .... അമ്പിളി ചാവടിയില്‍ നിന്നും , തിണ്ണയിലൂടെ അടുക്കളയിലേക്ക് നടക്കുന്നതിനിടയില്‍ ഗോപാലനോടായി ചോദിച്ചു. അതിന് മറുപടി ഗോപാലന്‍ പറഞ്ഞില്ല. പകരം അമ്പിളിയോടായി മറ്റൊരു ചോദ്യം ചോദിച്ചു.

 

 

ആരാ മനസ്സിലായില്ലലോ?..

 

"ഞാനോ"

 

 

 .... ഉമ്മച്ചന്‍റെ ഭാര്യ അമ്പിളി........

 

 

ആദ്യമായിട്ടാണ് അമ്മാമ്മയെ  കാണുന്നത്... ഈപ്പച്ചനേയും, മറിയാമ്മാച്ചിയേയും, ബേബിച്ചനേയും, അന്നമ്മയേയും, പിള്ളാരേയുമൊക്കെ അറിയാമെന്നാല്ലാതെ മറ്റാരേയും പരിചയമില്ല.  ക്ഷമാപണം പോലെ വിനീതനായി ഗോപാലന്‍ മൊഴിഞ്ഞു.

 

 

മറുപടി ഒന്നും പറയാതെ മുഖം വീര്‍പ്പിച്ചു കൊണ്ട് അമ്പിളി അടുക്കളയിലേക്ക് നടന്നു. ആ നടപ്പ് കണ്ടപ്പോള്‍ ഗോപാലന്‍ മുറ്റത്തേക്ക് വീണ്ടുമൊന്ന് കാര്‍ക്കിച്ചു തുപ്പിയിട്ട് മെല്ലെ പറഞ്ഞു ..

 

 

അഹങ്കാരി .. ഇവിടുത്തെ അമ്മച്ചിയുടെ മരുമക്കളില്‍ ഏറ്റവും വിഷമേറിയ സന്തതി ആണെന്ന് തോന്നുന്നു.

 

 

എന്താ ഗോപാലാ.... അവിടെ തന്നെ നിന്ന് കളഞ്ഞത്?.

 

 

 

ഊണ് കഴിഞ്ഞ് ഇത്തിരി നേരം മയക്കവും കഴിഞ്ഞ് അവിടേക്ക് കടന്നു വന്ന ഈപ്പച്ചന്‍റെ ചോദ്യം കേട്ടപ്പോള്‍ ഗോപാലന്‍ മറ്റുള്ള ചിന്തകള്‍ക്ക് താല്‍കാലികമായ വിരാമം ഇട്ടുകൊണ്ട്‌ ഈപ്പച്ചനെ നോക്കിയൊന്ന് ചിരിച്ചു..  

 

 

 

താന്‍ എന്‍റെ കൂടെ തൊടിയില്‍ വരെയൊന്നു വന്നേ..

 

 

ഉമ്മച്ചന്‍റെയും, ജെസ്സിയുടെയും വീട് പണിയുടെ കാര്യം നടക്കുന്നതിനിടയില്‍ ഈപ്പച്ചന്‍ ഗോപാലനോടായി വിസ്തരിച്ചു പറഞ്ഞു. ഉമ്മച്ചന്‍ അടയാളപ്പെടുത്തി വെച്ചിരിക്കുന്ന മരങ്ങള്‍ കാട്ടി കൊണ്ടായിരുന്നു തടി വെട്ടുന്നതിനെ പറ്റി സംസാരിച്ചത്.

 

എത്രയും പെട്ടന്ന് തന്നെ പണി തുടങ്ങിയാല്‍ നല്ലതായിരുന്നു. തറകല്ല് കെട്ടി കഴിയുമ്പോഴേക്കും  തടി അവിടെ കൊണ്ടു ചെന്ന് കൊടുത്തേക്കാമെന്ന് ഞാന്‍ ഏറ്റിരിക്കുന്നതാ..

 

 

ഗോപാലന് സന്തോഷം തോന്നാതിരുന്നില്ല. പണിയില്ലാതെ അലഞ്ഞു തിരിഞ്ഞു നടന്ന തനിക്ക് അപ്രതീക്ഷിതമായി വന്നു ചേര്‍ന്ന സൌഭാഗ്യമാണ് ഈ ജോലി. ഹൃദയഭിത്തിയിലെ ഞരമ്പുകള്‍  സന്തോഷം കൊണ്ട് വലിഞ്ഞു പൊട്ടുമോയെന്നൊരു സന്ദേഹം ഗോപാലന്‍റെ മനസ്സില്‍ ഭീതിയുടെ നിഴലുകള്‍ വീഴ്ത്തി.

 

 

സഹോദരിയുടെ മകന്‍ വിനോദിനെ കൂടി വിളിച്ചാല്‍ മാത്രമേ തടിവെട്ട് പെട്ടെന്ന് തീര്‍ക്കുവാന്‍ കഴിയുകയുള്ളൂ. നീ എങ്ങനെയെങ്കിലും ഉടനെ തന്നെ വെട്ടി തീര്‍ത്തു തരണം. ഒക്കെ ശരിയാക്കാം അപ്പച്ചാ... നാളെ രാവിലെ തന്നെ ഞാന്‍ ഇങ്ങ് എത്തിയേക്കാം .

 

 

സന്തോഷാധിക്യത്താല്‍ വീട്ടിലേക്ക് തിരകെ നടക്കുന്നതിനിടയില്‍ ഗോപാലന്‍ വയലാര്‍ രാമവര്‍മ്മയുടെ ഒരു പാട്ട് ഈണത്തില്‍ മൂളുവാന്‍ മറന്നില്ല...

 

 

" ഓ... ഓ....ഓ

കാറ്റുമൊഴുകും  കിഴക്കോട്ട്

കാവേരി വെള്ളം പടിഞ്ഞാട്ട്

കാട്ടിനെതിതേ ഒഴുക്കിനെതിരേ

തുഴഞ്ഞാലോ- കാണാത്ത

പൊയ്കകള്‍ കാണാലോ

കാണാത്ത തിരകള്‍ കാണാലോ

കാറ്റുമൊഴുകും  കിഴക്കോട്ട്

കാവേരി വെള്ളം പടിഞ്ഞാട്ട്"

 

 

 

**

 

 

അതേ സമയം അമ്പിളി  ചെന്നിതോട്ടിലേക്ക് പോകുവാനുള്ള ഒരുക്കത്തില്‍ ആയിരുന്നു. ഗള്‍ഫില്‍ നിന്നും കൊണ്ടു വന്നിരിക്കുന്ന സാധനങ്ങള്‍ മിക്കവാറും പൊതിഞ്ഞു കെട്ടുന്നത് കണ്ടപ്പോള്‍ മറിയാമ്മച്ചിയ്ക്ക് വിഷമം തോന്നാതെയിരുന്നില്ല.  

 

 

ഒത്തിരി സാധനങ്ങള്‍ ചെന്നിതോട്ടിലേക്ക് കൊണ്ടുപോകുവാന്‍ ഉണ്ടല്ലോയെന്ന് മനസ്സില്‍ ഓര്‍ക്കുകയും, അത് പ്രകടിപ്പിക്കുവാനുള്ള   ബുദ്ധിമുട്ട് മറയ്ക്കുവാനുള്ള തന്ത്രപ്പാടില്‍ മറിയാമ്മച്ചി ഉച്ചത്തില്‍ അമ്പിളിയോടായി പറഞ്ഞു.

 

" ചെന്നിതോട്ടിലേക്ക് പോകുവാന്‍ നിനക്ക് വലിയ വണ്ടി വേണമായിരിക്കുമല്ലോ?..

 

അമ്മച്ചി പറഞ്ഞതിന്‍റെ പൊരുള്‍ തിരിച്ചറിഞ്ഞെങ്കിലും അമ്പിളി ഉച്ചത്തില്‍ മറുത്തൊന്നും പറയാതെ മനസ്സില്‍ പിറുപിറുത്തു.

 

" നിങ്ങള്‍ കോഴിക്കോടിന് വന്ന്‍ അനുഭവിക്കുവാന്‍ കിടക്കുന്നതേ ഉള്ളു .. തള്ളേ"

 

 

 

തുടരും

 

 

 

രഞ്ജിത്ത് മാത്യു

 

കവർ ചിത്രം: ബിനോയ് തോമസ് 

പ്രണയവും ചില വിഷയങ്ങളും

Feb. 6, 2021

പ്രണയത്തെ നമുക്ക് പരിചിതമായ വിഷയങ്ങളുമായി ബന്ധപ്പെടുത്താനുള്ള  ഒരു ശ്രമം ...

 

കണക്ക് പ്രേമികൾ (കണക്കന്മാർ) 

*ഇവരുടെ പ്രണയവും ജീവിതവും ഒക്കെ ഒരു കണക്കുകൂട്ടലുകളുടേതാണ്. ഞാൻ ഇവനെ/ഇവളെ പ്രേമിച്ചാൽ എനിക്ക് പല നേട്ടങ്ങൾ ഉണ്ടാകും എന്ന് ഇവർ മന:പായസം ഉണ്ണും... (വീട്, കാറ്, എസ്റ്റേറ്റ്, ലാഭം... ഇങ്ങനെ നീണ്ടുപോകുന്ന ലിസ്റ്റ് )..... ഈ കൂട്ടർക്ക് സ്ത്രീധനം വേണ്ടേ വേണ്ടാ..........
എന്നാൽ സ്ത്രീ+ധനം ഇഷ്ടമാണ് തന്നെ..... കണക്കുകളെ മാത്രം സ്നേഹിച്ചാൽ ഇവരുടെ ജീവിതം തന്നെ ഒരു "കണക്കായി"തീരുമെന്ന  യാഥാർഥ്യം ഈ കൂട്ടർ വിസ്മരിക്കുന്നു.

 

ബയോളജി ലവേഴ്സ് 

*മൃഗങ്ങളെ ആണ് പ്രണയ സാഫല്യത്തിന് ഈ കൂട്ടർ ആശ്രയിക്കുന്നത് .. ദമയന്തിയെ സ്വന്തമാക്കാൻ ഹംസത്തെ കൂട്ടുപിടിച്ച നളന്റെ ചരിത്രം  ഉറങ്ങുന്ന നാടാണ് നമ്മുടേത്.. ഇപ്പോഴത്തെ പ്രണയ വീരൻമാർ മനുഷ്യനെ തന്നെ ആശ്രയിക്കുന്നു എന്നു മാത്രം (മനുഷ്യൻ ഒരു മൃഗമാണ് ). ഉറ്റ സുഹൃത്തുക്കൾ, സഹോദരങ്ങൾ ഇവരെ ഉപയോഗിച്ച് ഇവർ പ്രണയം കൈമാറുന്നു, അതു വളർത്തുന്നു......... എന്നാൽ ദൂതുമായി പോകുന്ന  ദൂതനുമായി തന്നെ പ്രണയത്തിലാകുന്ന കഥകളും വളരെ ഉണ്ട് താനും...

NB:നട്ടെല്ല് ഇല്ലാത്തവൻ മൂക്കും കുത്തി വീഴും.

 

കെമിസ്ട്രി ലവേഴ്സ്  

*പൊട്ടലും ചീറ്റലും അടങ്ങിയതാണു ഇവരുടെ പ്രണയനാളുകൾ.. chemical reactions പോലെ... എപ്പോഴും പിണക്കവും ഇണക്കവും നിറഞ്ഞ നാളുകൾ .. പ്രണയത്തിൽ (alloys) കല്ലുകടി ഏറിയാൽ ഇവരുടെ reactions പ്രവചനാതീതമാകും... ഇതിന്റെ ഉദാഹരണമാണ് ആസിഡ് (ACID )പ്രയോഗം , മണ്ണെണ്ണ ഒഴിച്ച് ആത്മാഹൂതി ചെയ്യൽ, അമിതമായ ആൽക്കഹോൾ (Alcohol) ഉപയോഗം മുതലാതവ... ഇങ്ങനെ ഉള്ളവർ നിർബന്ധമായും ഏറ്റവും താഴെയുള്ള വിഷയം പഠിച്ചിരിക്കേണ്ടതാണ്.

 

ഭാഷാ പ്രേമികൾ 

*ഏറ്റവും റൊമാന്റിക് പ്രണയം ഈ കൂട്ടരുടേതാകും... ഷേക്‌സ്‌പിയർ  നാടകങ്ങൾ പോലെ.. റോമിയോ ജൂലിയറ്റ് പോലെ... ഷാരുഖ് ഖാൻ സിനിമകൾ പോലെ സംഗീത നിർഭര നാളുകൾ.. സാങ്കല്പികത അല്പം കൂടുതൽ ആയതിനാൽ വിവാഹ ജീവിതത്തിലേക്ക് കയറി കഴിയുമ്പോൾ വിള്ളലുകൾ ഏറെയാണ് ഇവരുടെ ജിവിതത്തിൽ...

 

ഫിസിക്സ് ലവേഴ്സ്     

*ഈ വിഷയത്തേക്കുറിച്ച് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു...... കാരണം  സജാതിയ ധ്രുവങ്ങൾ വികർഷിക്കപ്പെടുക എന്നതും വിജാതിയ ധ്രുവങ്ങൾ ആകർഷിക്കപ്പെടുക എന്നുമാണ് ഭൗതീക ശാസ്ത്രം (north pole always attract south pole, whereas south pole repels south pole ) പറഞ്ഞു തരുന്നത് .. എന്നാൽ മിക്ക പാശ്ചാത്യ രാജ്യങ്ങളിലും അല്ല നമ്മുടെ നാട്ടിലും സ്വവർഗ്ഗ   കൂട്ടർ കൂടിക്കൊണ്ടിരിക്കുന്നു... റിസേർച്ചിനുള്ള സ്കോപ്പ് ഇവിടെ ഏറെയുണ്ടന്നു വേണം മനസ്സിലാക്കാൻ....... ഇതിലെ ചില വിരുതൻമാർ  പ്രണയമെന്ന gravitational ഫോഴ്സ് (ഗുരുത്വാകർഷണം) ഭേദിച്ചു വിമുക്തി (escape velocity) നേടാറുണ്ട്‌ താനും....

 

കംപ്യൂട്ടർ (ടെക്നോളജി) പ്രേമികൾ

*ഈ കാലഘട്ടത്തിൽ ഉള്ളവർ ഏറ്റവും ആശ്രയിക്കുന്നത് ഈ വിഷയത്തെ ആണ് ..മെസ്സേജ് (msg), ഒരു മിസ്സ്ഡ് കോൾ (missed call ), ഫേസ്ബുക് (facebook), വാട്സ്ആപ് (wattsapp) ഇങ്ങനെ നീണ്ടു കിടക്കുന്നു ഇതിന്റെ സാധ്യതകൾ.. കംപ്യൂട്ടറിനെ ആക്രമിക്കുന്ന വൈറസ് (virus) പോലെ ഇവിടെ വഞ്ചനയും, ആൾ മാറാട്ടവും ഒക്കെ വളരെ കൂടുതലാണ്.. ഒരു മിസ്ഡ് കോളിൽ തുടങ്ങി സ്വന്തം പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു ആരുടെ കൂടെയോ പോകുന്ന അമ്മമാർ.. തുടങ്ങി പലതും ഈ വിഷയത്തെ അമിതമായി പ്രണയിച്ചാൽ സംഭവിക്കാം.

NB:സൂക്ഷ്‌ച്ചാൽ ദുഖിക്കേണ്ട..

 

സൈക്കോളജി പ്രേമികൾ 

പ്രണയത്തിൽ അകപ്പെടുന്ന അല്ലെങ്കിൽ അകപ്പെടാൻ പോകുന്ന എല്ലാവരും ഈ വിഷയം പഠിച്ചിരിക്കുന്നത് നല്ലതാണ്.. ഇല്ലെങ്കിൽ ഒരു പക്ഷേ ഭാവിയിൽ ഈ വിഷയത്തിൽ ഡിഗ്രി /ഡോക്ടറേറ്റ് കിട്ടിയവരെ വരെ ഇവർക്ക് ആശ്രയിക്കേണ്ടി വരും.. അതും അല്ലെങ്കിൽ ചില പ്രത്യേക (cell) സെല്ലുകളിൽ ജീവിതം തീർക്കേണ്ടിവരും ..

 

പ്രത്യേക ശ്രദ്ധയ്ക്ക് 
*പ്രണയം എന്ന പാഠ്യപദ്ധതി (കരിക്കുലം)
പൂർണമായി മനസിലാക്കണമെങ്കിൽ എല്ലാ വിഷയത്തെയും കുറിച്ച് നല്ല ധാരണ വേണം.. അതനുസരിച്ചാണ് നിങ്ങളുടെ റിസൾട്ട് (A+|A/B/fail etc) നിർണയിക്കുന്നത്....

 

മേൽ പറഞ്ഞ വിഷയങ്ങൾ കൃത്യമായി സമുന്നയിക്കപ്പെട്ടാൽ ഒരു പക്ഷേ ഉന്നത വിജയം നേടുമായിരിക്കും.

(ശുഭാപ്തി വിശ്വാസം മാത്രം ).

 

ശുഭം .

 

സോണിയ സുബീഷ്

 

കവർ ചിത്രം: ബിനോയ് തോമസ് 

ഹിമാലയത്തിലെ ഒട്ടകം -16 (തീരുമാനം )

Feb. 4, 2021

എന്ത് തീരുമാനം എടുക്കണം എന്ന് അറിയാതെ അവൾ കുഴങ്ങി. വളരെ കുറച്ചു നിമിഷങ്ങൾ മാത്രമേ മിണ്ടിയുള്ളു. അതും പേരും,  നാളും,  ജോലിയും ഒക്കെ. അല്ലാതെ അപ്പുറത്തെ മുറിയിൽ ഇരിക്കുന്ന ആറടി പൊക്കമുള്ള, ജീൻസും ടീഷർട്ടും  ഇട്ട ചേട്ടൻ ആരാണെന്നോ എന്താണയാളുടെ പെരുമാറ്റ രീതിയെന്നോ അവൾ അറിഞ്ഞിരുന്നില്ല.

രാവിലെ കുളിച്ചൊരുങ്ങി മിടുക്കിയായി, ഇവരെ കാത്തിരുന്നപ്പോൾ അവൾക്ക് അറിയാമായിരുന്നു അതൊരു പുതിയ തുടക്കം ആണെന്ന്. പക്ഷെ ഈ കൂടി കാഴ്ച കഴിഞ്ഞ ഉടനെ "എന്താ മോളെ ഇഷ്ടായോ? "എന്ന ചോദ്യം ഉയർന്നപ്പോൾ അവൾക്ക് ഉത്തരം ഇല്ലാതെ പോയി . ജയലക്ഷ്മിയിൽ പോയി ഒരു ചുരിദാർ എടുക്കാൻ പോലും അവൾ 4-5മണിക്കൂർ സമയം ചിലവഴിക്കാറുണ്ട്. ഇതിപ്പോ ചായയും വടയും തീർന്ന ഉടനെ ഇഷ്ടായോ എന്ന്. 

ഒരു ഭർത്താവിന് വേണ്ട യോഗ്യതകൾ എന്തൊക്കെ ആണ് ആവോ.  അവൾ ആലോചിച്ചു. ഒരു ഐഡിയ കിട്ടുന്നില്ല. കല്യാണത്തെ പറ്റി ഇത്ര പെട്ടെന്ന് ആലോചിക്കേണ്ടി വരും എന്നവൾ ഓർത്തില്ല. അച്ഛന്റെ ഹൃദയത്തിൽ വന്ന ബ്ലോക്ക്‌ അവളുടെ വിദ്യാഭ്യാസത്തിലേക്കും നീണ്ടു പന്തലിച്ചതോടെ, വിവാഹം  തടുക്കാൻ ശ്രമിച്ചപ്പോൾ അവൾ കുടുംബ സ്നേഹം ഇല്ലാത്തവൾ ആയി. പണ്ടാരം അടങ്ങാൻ കെട്ടിയേക്കാം എന്നോർത്തപ്പോൾ "ആരെ" എന്ന ചോദ്യം. നല്ല വില കൊടുത്തു വാങ്ങാൻ കിട്ടുമായിരുന്ന ഡോക്ടർ, എഞ്ചിനീയർ, പിഎച്ഡി കാരൻ, എംബിഎകാരൻ, വക്കീൽ  ഇവരെ ഒക്കെ അവൾക്ക് അത്ര പിടിച്ചില്ല. 

പിന്നെ കണ്ടതാണ് ഇന്ന് വന്ന ഗൾഫ്കാരൻ.ഏതോ ഗൾഫ് സ്കൂളിൽ പഠിപ്പിക്കുക ആണ്.  സംസാരിച്ചു നോക്കിയിട്ടു വല്യ കുഴപ്പം ഇല്ല. എന്നാലും ഒരു തീരുമാനം അതും ഇത്ര പെട്ടെന്നു അവൾക്ക് എടുക്കാൻ പറ്റണില്ല . കുടിച്ചു തീർത്ത ചായ കപ്പ്‌ സൗസറിൽ വച്ചിട്ട്, ചുറ്റും ഉള്ളവരെ നോക്കി ചിരിച്ചു കൊണ്ട് ചെക്കൻ പറഞ്ഞു "ഞങ്ങൾക്ക് കുറച്ചു കാലം ഒന്ന് സംസാരിക്കണം എന്നിട്ടേ തീരുമാനിക്കാൻ പറ്റുകയുള്ളു". ഞെട്ടി നിന്ന അവളെ നോക്കി അവൻ ചോദിച്ചു "തനിക്കും അങ്ങനെ അല്ലേ ? ". അവൾ തലയാട്ടി. ഒടുവിൽ വീട്ടുകാരും അത് ശരി വച്ചു. 

പക്ഷെ തന്റെ മനസു വായിക്കാൻ കഴിവുള്ള അവൻ തന്നെയാവും തന്നെ മിന്നു ചാർത്തുക എന്നവൾക്ക് അറിയാമായിരുന്നു.ഇതൊക്കെ കഥയിൽ വായിക്കാൻ കൊള്ളാം. റിയൽ ലൈഫ്ൽ. ആദ്യം ചെക്കന്റെ കാർന്നൊൻ വന്നു കാണും, പിന്നെ പെങ്ങൾ സെറ്റ്, അവസാനം ചെക്കനെ കണ്ടാൽ ആയി.ചെക്കനിഷ്ടയില്ലേൽ "പോട്ടെ മോളെ നമുക്ക് വിധി ഇല്ല".പെണ്ണിനിഷ്ടമായില്ലേൽ "എന്താടി അവനൊരു കുഴപ്പം? ".

അത് കൊണ്ട് സമ്മതമല്ല എന്ന് ഏതോ കുട്ടി പറഞ്ഞു എന്നതിനെ പറ്റി വഴിയോര പ്രസംഗവും,  ചർച്ചയും  നടത്തുന്നവർ ഓർക്കുക. നാളെ മോളെയും കൊച്ചുമോളെയും ഒക്കെ കെട്ടിക്കുമ്പോൾ തീരുമാനം അവർക്ക് വിട്ട് കൊടുക്കുക. ഇല്ലേൽ നിങ്ങളും കേൾക്കേണ്ടിവരും ഇടിവെട്ട് ശബ്ദത്തിൽ ഒരു "സമ്മതമല്ല ".അല്ലേൽ ഒരു പത്ര വാർത്ത  "കല്യാണ തലേന്ന് വധുവിനെ കാണാനില്ല".

 

ജിയ ജോർജ് 

കവർ ചിത്രം: ബിനോയ് തോമസ് 

ആഴുവാഞ്ചേരി തമ്പ്രാക്കളും മംഗലത്തു ശങ്കരനും

Feb. 3, 2021

ഴുവാഞ്ചേരി തമ്പ്രാക്കളുടെ ഇല്ലത്തിനു സമീപം മംഗലത്ത് എന്നൊരു നായർ ഭവനമുണ്ടായിരുന്നു.

ആ വീട്ടിൽ ശങ്കരൻ എന്നൊരു നായരുണ്ടായിരുന്നു. അയാളുടെ ജോലി ആഴുവാഞ്ചേരിമനയ്ക്കലെ കന്നുകാലികളെ മേയ്ക്കുകയായിരുന്നു.

ആ ജോലിക്കു ശങ്കരനെ നിയമിച്ച കാലത്തു മനയ്ക്കൽ അസംഖ്യം കന്നുകാലികളുമുണ്ടായിരുന്നു. ദിവസംതോറും രാവിലെ ശങ്കരൻ മനയ്ക്കൽചെന്നു കന്നുകാലികളെ എല്ലാമഴിച്ചുവിട്ടു കൊണ്ടുപോയി തീറ്റി നേരം വൈകുമ്പോൾ മനയ്ക്കൽ കൊണ്ടുചെന്നു തൊഴുത്തുകളിലാക്കിക്കെട്ടും. അങ്ങനെയാണു പതിവ്.

 

അയാൾ കന്നുകാലികളെ അഴിച്ചുവിട്ടുകൊണ്ടുപോകുമ്പോൾ അവ പലവഴിയായി പോയിത്തുടങ്ങും. വിളിച്ചാലും പറഞ്ഞാലുമൊന്നും അവ അനുസരിക്കുകയുമില്ല.

 

ആകപ്പാടെ നൂറുനൂറ്റമ്പതെണ്ണമുണ്ട്. അവയെ എല്ലാം മേയ്ക്കാൻ അയാളൊരുത്തൻ മാത്രമേയുള്ളൂ. അയാൾ പറഞ്ഞിട്ടു കേൾക്കാതെയിരുന്നാൽ ഒരു വടികൊണ്ട് ഒരു പശുവിന് ഒന്നടിച്ചു.

 

അടി കൊണ്ടയുടനെ പശു അവിടെ വീണു ചത്തു. ശങ്കരൻ പശുവിനെ അടികൊണ്ട സ്ഥാനം നോക്കി മനസ്സിലാക്കി. പിന്നെ പശുവായാലും കാളയായാലും അയാൾ പറഞ്ഞിട്ടു കേട്ടില്ലെങ്കിൽ അയാൾ ആ സ്ഥാനം നോക്കി ഒരടി കൊടുക്കും.

 

അടി കൊണ്ടാലുടനെ ആ മൃഗം വീണു ചാകുകയും ചെയ്യും. അങ്ങനെ പതിവായി. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോഴേക്കും കന്നുകാലികൾ മിക്കതും ചത്തൊടുങ്ങി. ശങ്കരനു ബുദ്ധിമുട്ടും വളരെ കുറഞ്ഞു.

അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം തമ്പ്രാക്കൾ തന്റെ കന്നുകാലികളെല്ലാം നന്നായിരിക്കുന്നുവോ എന്നു നോക്കാനായിച്ചെന്നു തൊഴുത്തുകളിൽ നോക്കിയപ്പോൾ അവ മിക്കവാറും ശൂന്യങ്ങളായിരിക്കുന്നതായി കണ്ടു.

 

 ഒരു തൊഴുത്തിൽ മാത്രം ഒന്നോ രണ്ടോ പശുക്കളുണ്ടായിരുന്നു. അവയും പട്ടിണി കിടന്നു ക്ഷീണിച്ച് ഏകദേശം ചാകാറായിരുന്നു. ഉടനെ തമ്പ്രാക്കൾ ശങ്കരനെ വിളിച്ച് "നമ്മുടെ കന്നുകാലികളൊക്കെ എവിടെ" എന്നു ചോദിച്ചു.

ശങ്കരൻ: അതങ്ങനെയിരിക്കും. ആരായാലെന്താ? കന്നുകാലികളായാലും വകതിരിവു വേണം. പറഞ്ഞാൽ കേൾക്കാഞ്ഞാലങ്ങനെയിരിക്കും. അടിയനോടു കളിച്ചാലങ്ങനെയാണ് തമ്പുരാനേ!

തമ്പ്രാക്കൾ: നീയെന്താണു പറയുന്നത് ശങ്കരാ! എനിക്കൊന്നും മനസ്സിലാകുന്നില്ല. നമ്മുടെ കന്നുകാലികളൊക്കെയെവിടെ?

ശങ്കരൻ: അവയൊക്കെ അസത്തുക്കളും അധികപ്രസംഗികളുമായിരുന്നു, തമ്പുരാനേ! പറഞ്ഞാൽ കേൾക്കുന്നതായി അതിലൊന്നുമുണ്ടായിരുന്നില്ല.

തമ്പ്രാക്കൾ: അതൊക്കെയിരിക്കട്ടെ, അവ എവിടെ?

ശങ്കരൻ: എല്ലാം ചത്തു.

തമ്പ്രാക്കൾ: അയ്യോ! അതെങ്ങനെ?

ശങ്കരൻ: പറഞ്ഞാൽ പറഞ്ഞതുപോലെ കേട്ടു നിൽക്കാഞ്ഞിട്ട് അടിയൻ ഓരോ വീക്കു കൊടുത്തു. എല്ലാം മറിഞ്ഞുവീണു ചാവുകയും ചെയ്തു. അവയെല്ലാം അസത്തുക്കളായിരുന്നു തമ്പുരാനേ! അങ്ങനെയുള്ളവ നമുക്കു വേണ്ട. തെക്കോട്ടു പോകാൻ പറഞ്ഞാൽ വടക്കോട്ടു പോകും. അങ്ങനെയുള്ളവ നമുക്കെന്തിനാണ്?

തമ്പ്രാക്കൾ: അയ്യോ! മഹാപാപീ! നീ ചതിച്ചല്ലോ. മുതൽ പോയതോ പോയി. അതു വല്ലതുമാകട്ടെ, നീ മഹാപാപമെല്ലാം കെട്ടി വച്ചല്ലോ. ഇതിന്റെ ഒരംശം നമ്മുടെ തറവാട്ടേക്കുമിരിക്കുമല്ലോ. നീയിനി എത്രകാലം നരകമനുഭവിച്ചാൽ ഈ പാപമെല്ലാം തീരും?

 

ഇതു വലിയ കഠിനമായിപ്പോയി.

ശങ്കരൻ: അയ്യോ! അടിയനതൊന്നും വിചാരിച്ചില്ല. അടിയനതൊന്നും അറിയാനും വയ്യ! പാപമെന്നു പറഞ്ഞാലെന്താണ് തമ്പുരാനേ! അവിടുന്നു പാപമെന്നും നരകമെന്നുമൊക്കെ അരുളിച്ചെയ്യുന്നതിന്റെ സാരം അടിയനു മനസ്സിലാകുന്നില്ല.

ശങ്കരൻ കേവലം മൃഗപ്രായനായിരുന്നുവെന്നുള്ളതു പറയണമെന്നില്ലല്ലോ.

 

അയാൾ പാപമെന്നും പുണ്യമെന്നും നരകമെന്നും സ്വർഗമെന്നുമുള്ളതൊന്നും കേട്ടിട്ടു തന്നെ ഉണ്ടായിരുന്നില്ല. അയാൾ ഒടുവിൽ പറഞ്ഞതു കേട്ടിട്ടു തമ്പ്രാക്കൾ പാപപുണ്യങ്ങളെയും നരകസ്വർഗങ്ങളെയും മറ്റും പറ്റി വിസ്തരിച്ചു പറഞ്ഞു കേൾപ്പിച്ചു.

 

ഓരോരോ നരകങ്ങളെയും നരകാനുഭവങ്ങളുടെ കഷ്ടതകളെയും പറ്റി തമ്പ്രാക്കൾ വിവരിച്ചു പറഞ്ഞുകേട്ടപ്പോൾ ഭയവും വ്യസനവും സഹിക്കാൻ പാടില്ലാതായിട്ടു ശങ്കരൻ കരഞ്ഞുതുടങ്ങി. അയാൾ കേവലം മൂഢനായിരുന്നുവെങ്കിലും അയാൾക്കു തമ്പ്രാക്കളെക്കുറിച്ചു വളരെ ഭക്തിയും അവിടുത്തെ വാക്കിൽ ദൃഢമായ വിശ്വാസവുമുണ്ടായിരുന്നു.

 

അതിനാൽ അയാൽ വ്യസനിച്ചു കരഞ്ഞു തൊഴുതുകൊണ്ട്, "അടിയന്റെ അറിവില്ലായ്കകൊണ്ട് ഇങ്ങനെ ചെയ്തുപോയി. ഇനി ഈ മഹാപാപം തീരാൻ വല്ല വഴിയുമുണ്ടോ? അടിയനെന്തു ചെയ്താൽ ഈ മഹാപാപം തീരും? അതുകൂടി അവിടുന്നരുളിച്ചെയ്യണം."

തമ്പ്രാക്കൾ: ഈ മഹാപാപം തീരാൻ ഗംഗാസ്നാനമല്ലാതെ മറ്റൊരു മാർഗവുമില്ല.

ശങ്കരൻ : അതു ചെയ്താൽ തീരുമോ?

തമ്പ്രാക്കൾ: അതു സംശയിക്കാനുണ്ടോ? കാശിയിൽപ്പോയി ഗംഗാസ്നാനവും വിശ്വനാഥദർശനവും കഴിച്ചാൽ തീരാത്ത പാപമില്ല.

ശങ്കരൻ: എന്നാൽ അടിയൻ ഇപ്പോൾത്തന്നെ യാത്രയാണ്. ഇനി ഈ പാപം തീർത്തിട്ടല്ലാതെ മറ്റൊരു കാര്യമില്ല.

ഇപ്രകാരം പറഞ്ഞു തമ്പ്രാക്കളെ ഭക്തിപൂർവം വന്ദിച്ചുകൊണ്ടു ശങ്കരൻനായർ കാശിക്കു യാത്രയായി.

അങ്ങനെയിരിക്കുന്ന കാലത്ത് ഒരു ദിവസം കാശിവിശ്വനാഥനോട് അവിടുത്തെ വാമോത്സംഗേ വസിക്കുന്ന ദേവി ശ്രീപാർവതി "അല്ലയോ ഭഗവാനേ! ഗംഗാസ്നാനം ചെയ്യുന്നവരെല്ലാം പാപവിമുക്തരായി മോക്ഷത്തെ പ്രാപിക്കുമെന്നാണല്ലോ പറയുന്നത്.

 

എന്നാലസംഖ്യമാളുകൾ ഇവിടെ വന്നു ഗംഗാസ്നാനം കഴിച്ചു പോകുന്നുണ്ട്. ഇവർക്കൊക്കെ മോക്ഷം ലഭിക്കുമോ?

ഭഗവാൻ: യൈഃ, ഒന്നുമില്ല. ഭക്തിയും വിശ്വാസവുമാണ് പ്രധാനം. അവയുണ്ടെങ്കിലല്ലാതെ മോക്ഷപ്രാപ്തി ഉണ്ടാവുകയില്ല. അവയുള്ളവർ ഇക്കാലത്തു ചുരുക്കമാണ്.

 

അവയില്ലാതെ ഗംഗാസ്നാനം ചെയ്തതു കൊണ്ട് യാതൊരു ഫലവുമില്ല. ഇതു വേണമെങ്കിൽ നാളെ ഞാൻ ബോദ്ധ്യപ്പെടുത്തിത്തരാം.

ഈ സംഭാ‌ഷണം നടന്നതിന്റെ പിറ്റേദിവസം രാവിലെ നമ്മുടെ ശങ്കരൻനായർ കാശിയിലെത്തി. അപ്പോൾ അസംഖ്യമാളുകൾ അവിടെ സ്നാനാദികൾ ചെയ്യുന്നുണ്ടായിരുന്നു.

 

ആ കൂട്ടത്തിൽ ശങ്കരനും സ്നാനമാരംഭിച്ചു. ആ സമയം ഭഗവാൻ വിശ്വനാഥൻ ഒരു വൃദ്ധബ്രാഹ്മണന്റെയും ശ്രീപാർവതി വൃദ്ധയായ ഒരു ബ്രാഹ്മണസ്ത്രീയുടെയും വേ‌ഷം ധരിച്ചു ഗംഗാതീരത്തിങ്കൽ വന്നെത്തി. ആ വൃദ്ധബ്രാഹ്മണൻ വിറച്ചുവിറച്ചു ചെന്നു നദിയിലേക്കിറങ്ങാനായി ഭാവിച്ച സമയം കാൽ തെറ്റി വെള്ളത്തിൽ വീണു. അവിടെക്കിടന്നു മുങ്ങുകയും പൊങ്ങുകയും വെള്ളം കുടിക്കുകയും ചെയ്തു മരിക്കാൻ ഭാവിച്ചു.

 

അപ്പോൾ ബ്രാഹ്മണസ്ത്രീ "അയ്യോ! എന്റെ ഭർത്താവ് കുടിച്ചു ചാവാൻ ഭാവിക്കുന്നേ! അദ്ദേഹത്തിനു നീന്താനറിഞ്ഞു കൂടാ. ആരെങ്കിലും അദ്ദേഹത്തെ പിടിച്ചു കയറ്റി രക്ഷിക്കണേ!" എന്നു പറഞ്ഞുകൊണ്ടു വിളിച്ചു നിലവിളിച്ചു.

 

 അതു കേട്ടു സ്നാനം കഴിച്ചു കൊണ്ടു നിന്ന ജനങ്ങളെല്ലാം ഓടിയെത്തി. ആ കൂട്ടത്തിൽ നമ്മുടെ ശങ്കരനുമുണ്ടായിരുന്നു. എല്ലാവരുമടുത്തു ചെന്നപ്പോൾ ബ്രാഹ്മണസ്ത്രീ "പാപം തീരാത്തവരാരും എന്റെ ഭർത്താവിനെ തൊടരുതേ, പാപമുള്ളവർ തൊട്ടാലപ്പോൾ അദ്ദേഹം മരിച്ചുപോകും" എന്നു പറഞ്ഞു.

 

ഇതു കേട്ട് "പാപം തീർന്നോ ഇല്ലയോ എന്നെങ്ങനെ നിശ്ചയിക്കാം. നാം നിമിത്തം ഒരു ബ്രാഹ്മണൻ മരിച്ചു എന്നു വരുന്നതു ക ഷ്ടമാണല്ലോ. അതുകോണ്ട് അതു വേണ്ടാ" എന്നു വിചാരിച്ചു എല്ലാവരും പിന്മാറി. അപ്പോൾ നമ്മുടെ ശങ്കരൻ "ഗംഗാസ്നാനം ചെയ്താൽ സകലപാപവും തീരുമെന്നാണല്ലോ എന്റെ തമ്പുരാൻ അരുളിച്ചെയ്തത്.

 

എനിക്കിനി പാപമെവിടെയാണ്? എന്റെ സകല പാപങ്ങളും തീർന്നിരിക്കുന്നു" എന്നു പറഞ്ഞുകൊണ്ട് ആ ബ്രാഹ്മണനെ പിടിച്ചുകയറ്റി. ഭഗവാനും ഭഗവതിയും അവിടെനിന്നു പോയതിന്റെ ശേ‌ഷം "ഇന്ന് അവിടെ സ്നാനം കഴിച്ചിട്ടുള്ളവരിൽ എന്നെപ്പിടിച്ചു കയറ്റിയ ആ ഒരുവനു മാത്രം മോക്ഷമുണ്ട്. അവന്റെ വിശ്വാസം കണ്ടില്ലേ?" എന്നു ഭഗവാൻ അരുളിച്ചെയ്യുകയും ദേവി സമ്മതിക്കുകയും ചെയ്തു.

പൂർണ്ണവിശ്വാസത്തോടും ഭക്തിയോടുംകൂടി ഗംഗാസ്നാനം ചെയ്യുകയും വിശ്വനാഥനെ ദർശിക്കുകയും വിശേ‌ഷിച്ചും ലോകൈകനാഥനായിരിക്കുന്ന ഭഗവാന്റെ കരസ്പർശനത്തിന് ഭാഗ്യം സിദ്ധിക്കുകയും ചെയ്ത ശങ്കരനു മോക്ഷം കിട്ടുമോ എന്നുള്ളതു സംശയിക്കാനില്ലല്ലോ.

 

അയാൽ‍ കാശിയിൽവച്ചുതന്നെ അചിരേണ ഭഗവൽസായൂജ്യത്തെ പ്രാപിച്ചു.

ശങ്കരൻ കാശിക്കു പോയതിന്റെ ശേ‌ഷം കുറച്ചുകാലം കഴിഞ്ഞ പ്പോൾ ആഴ്വാഞ്ചേരി മനയ്ക്കൽ സന്താനാദ്യൈശ്യര്യങ്ങൾ കുറഞ്ഞു തുടങ്ങുകയാൽ തമ്പ്രാക്കൾ അതിന്റെ കാരണമറിയുന്നതിനായി പാഴൂർ പടിപ്പുരയിൽ ആളയച്ചു പ്രശ്നം വെപ്പിച്ചുനോക്കിക്കുകയും പശുഹിംസ ചെയ്തതു ശങ്കരനാണെങ്കിലൂം തമ്പ്രാക്കൾകൂടി അന്വേ‌ഷിച്ചിരുന്നുവെങ്കിൽ അതിനിടയാവുകയില്ലായിരുന്നുവെന്നും അങ്ങനെ ചെയ്യാതിരുന്നതിനാൽ ആ മഹാപാപത്തിന്റെ ഒരംശം തമ്പ്രാക്കളുടെ കുടുംബത്തെക്കൂടി ബാധിച്ചിട്ടുണ്ടെന്നും അതു നിമിത്തമാണ് ആണ്ടുതോറും ഏഴരമുറി പറമ്പുകളിൽ നിറച്ചു പയർ വിതപ്പിക്കുകയും അതു പൂവും കായുമാകുന്ന സമയം വേലിയെടുത്തു കന്നുകാലികളെ കയറ്റി തീറ്റുകയും ചെയ്യണമെന്നും അങ്ങനെ ചെയ്തുകൊണ്ടാൽ ദോ‌ഷങ്ങൾ നീങ്ങി ശുഭം ഫലമെന്നു കണിയാർ വിധിക്കുകയും ചെയ്തു.

 

ആ വിധിപ്രകാരം മൂന്നു കൊല്ലം ചെയ്തപ്പോഴേക്കും മനയ്ക്കൽ സന്താനവും സമ്പത്തും എന്നു വേണ്ട, സകലൈശ്വര്യങ്ങളും പൂർവ്വധികം വർദ്ധിക്കുകയാൽ ഈ പുണ്യ കർമം എന്നും നടത്തണമെന്നു നിശ്ചയിച്ചു തമ്പ്രാക്കൾ അതിനുവേണ്ടുന്ന ഏർപ്പാടുകളൊക്കെ ചെയ്തു. അത് അവിടെ ഇപ്പോഴും നടന്നുവരുന്നുണ്ടെന്നാണ് കേൾവി.എന്നു മാത്രമല്ല, പശുക്കളെ വളർത്തുന്നത് എങ്ങനെയായാലും ഒടുക്കം ദോ‌ഷകരമായേ പരിണമിക്കുകയുള്ളൂ എന്നും, "അതിനാൽ മേലാൽ നമ്മുടെ ഇല്ലത്ത്" ആ ഏർപ്പാടേ വേണ്ട എന്നും തമ്പ്രാക്കൾ തീർച്ചപ്പെടുത്തി.

 

അക്കാലംമുതൽ ആഴുവാഞ്ചേരി മനയ്ക്കൽ പശുക്കളെ വളർത്തുക പതിവില്ല.

 

ഇങ്ങനെ ഓരോ കാരണങ്ങളാൽ പകാരാദികളായ പത്തു കൂട്ടം ആ മനയ്ക്കലില്ലാതെയായിത്തീർന്നു. അതിനെപ്പറ്റി കേട്ടിട്ടുള്ള ഒരു ശ്ലോകം താഴെ എഴുതുന്നു.

"പായും, പരമ്പു, പശു, പാത്രി, പടറ്റിവാഴ,
പത്തായവും, പലക, പൈതൽ, പണം തഥൈവ
പായാദി പത്തിവ പടിപ്പുരയോടുകൂടി
ത്തമ്പ്രാക്കൾതൻ നിലയനേ നഹിയെന്നു കേൾപ്പൂ."
 
 
രഞ്ജിത്ത് മാത്യു
 
അടുത്ത  ലക്കം  .. 
വലിയ പരിഷ ശങ്കരനാരായണച്ചാക്യാർ
 
കവർ ചിത്രം: ബിനോയ് തോമസ് 

മഹത്തായ പ്രവാസി അടുക്കള

Feb. 1, 2021

ഈ സിനിമ യുടെ തുടക്കം ഒരു വരി ബദര്‍ കിസ്സ പാട്ടും കുബ്ബൂസ് ചുടുന്നതും മാറി മാറി കാണിച്ചാണ്

സീന്‍ 01

ഓട്ടോയില്‍ വന്നിറങ്ങിയവരോട് ട്രാവല്‍സ് ഉടമ

വഴി തെറ്റിയില്ല അല്ലേ?

ഓട്ടോകാരനറിയാം

ഞാനാദ്യമായിട്ടാ ഗള്‍ഫില്‍  പോണത്  ഭാഷ വശമില്ല

അസ്സലാമു അലൈക്കും 
അലൈക്കും ഉസ്സലാം

അതുമതി,, ബാക്കി  പഠിച്ചോളും

സീന്‍ 02

യാത്രയയപ്പ്  വിമാനം  കയറുന്നു .
ശേഷം ഗള്‍ഫില്‍  ആദ്യമായി  കുബ്ബൂസും പരിപ്പുകറിയും കഴിക്കുന്ന രംഗങ്ങള്‍

ഇനിയാണ് കഥ തുടങ്ങുന്നത്

രാവിലെ  നാല് മണിക്ക് ഉണര്‍ന്ന്, പ്രാതല്‍ ഉണ്ടാക്കണം
അറബിയുടെ കടയിലാണ് ജോലി

ഇന്നലെ വാങ്ങിയ കുബ്ബൂസ് ബലം കുറയ്ക്കാന്‍  തീയ്യില്‍ വച്ച് ചൂടാക്കി പരിപ്പു കറി കൂട്ടി കഴിച്ച്
തുണി ഇസ്തിരിയിട്ട്  ഷൂ പോളിഷ് ചെയ്ത്  താക്കോലുമെടുത്ത് കടയിലേക്ക്
  
ഉച്ചവരെ  ഒരു സെക്കന്റ് ഒഴിവില്ലാത്ത ജോലി.

ഉച്ചക്ക് റൂമിലെത്തി  ഭക്ഷണം  ഉണ്ടാക്കി കഴിച്ച്  
പാത്രങ്ങള്‍ കഴുകി നിലം തുടച്ച്
തുണി അലക്കാന്‍ സോപ്പുവെള്ളത്തിലിട്ടുവച്ച്  വീണ്ടും  ജോലിക്ക് .

രാത്രി പന്ത്രണ്ട് മണിക്ക് റുമിലെത്തി   തുണിയലക്കി  കുബ്ബൂസും പരിപ്പ് കറിയും കഴിച്ച്   ബോധം കെട്ടൊരു ഉറക്കം

പുലര്‍ച്ചെ എണീറ്റ്  വീട്ടിലേക്ക്  ഫോണ്‍ ചെയ്തപ്പോള്‍ ഭാര്യ പറഞ്ഞു
ദ ഗ്രേറ്റ്  ഇന്ത്യന്‍  കിച്ചന്‍  എന്നൊരു  സിനിമ  ഇറങ്ങിയിട്ടുണ്ട്,  നിങ്ങള്‍ ആണുങ്ങള്‍ കാണണം എങ്കിലേ ഞങ്ങള്‍  പെണ്ണുങ്ങളുടെ കഷ്ടപ്പാട് നിങ്ങക്ക് മനസിലാകൂ.
ഏതാപ്പാ അങ്ങിനെ  ഒരു സിനിമ   ലീവില്‍  നാട്ടില്‍ പോയിട്ട് ഒന്ന് കാണണം ആ സിനിമ  ഇവിടെ എവിടെ  സമയം എന്ന് പറഞ്ഞ് വീണ്ടും  പ്രവാസി ഗ്രേറ്റ് കിച്ചണിലേക്കിറങ്ങി ജോലി ആരംഭിച്ചു.

 

അസീസ് ചക്കിട്ടപാറ 

 

കവർ ചിത്രം: ബിനോയ് തോമസ്