പ്രഭാകരൻ

Feb. 26, 2021

ശ്രീകൃ‌ഷ്ണവിലാസകാവ്യത്തിന്റെ കർത്താവായ പ്രഭാകരകവിയെക്കുറിച്ചു കേട്ടിട്ടില്ലാത്തവർ സംസ്കൃതഭാ‌ഷാപരിജ്ഞാനം അല്പമെങ്കിലും സിദ്ധിച്ചിട്ടുള്ളവരിൽ ആരുമുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. പ്രഭാകര കവിക്ക് "സുകുമാരൻ" എന്നൊരു പേരുകൂടി നടപ്പുണ്ട്.

അദ്ദേഹത്തിന് ഇങ്ങനെ രണ്ടു പേരുകളുണ്ടാവാനുള്ള കാരണമെന്താണെന്നു നിശ്ചയമില്ല.

ഇദ്ദേഹം ജാതിയിൽ ബ്രാഹ്​മണനായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്.

പ്രഭാകരൻ അത്യന്തം ബുദ്ധിമാനും വിദ്യാഭ്യാസത്തിൽ ശ്രദ്ധയുള്ള ആളുമായിരുന്നതിനാൽ അദ്ദേഹത്തിന്റെ ഗുരുനാഥന് അദ്ദേഹത്തെക്കുറിച്ചു മനസ്സിൽ സീമാതീതമായ സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നു.

എങ്കിലും ഗുരുനാഥൻ സദാനേരവും പ്രഭാകരനെ അതികഠിനമായി അടിക്കുകയും ശകാരിക്കുകയും ചെയ്തുകൊണ്ടിരുന്നു. പ്രഭാകരന്റെ സഹപാഠികളായിട്ടു വേറെയും പല ബാലൻമാരുണ്ടായിരുന്നു.

അവർക്കാർക്കും പ്രഭാകരനോളം ബുദ്ധിയും പഠിത്തത്തിൽ ശ്രദ്ധയുമുണ്ടാ യിരുന്നില്ല. എന്നാലും അവരെ ആരെയും ഗുരുനാഥൻ ഇതുപോലെ അടിക്കുകയും ശകാരിക്കുകയും പതിവില്ല. അവർക്കൊക്കെ ഗുരുനാഥൻ ഒരു ശ്ളോകത്തിന്റെയോ ഒരു പദത്തിന്റെയോ അർത്ഥം നൂറു പ്രാവശ്യം വേണമെങ്കിലും പറഞ്ഞുകൊടുക്കും. പ്രഭാകരൻ പഠിക്കുന്നതിന്റെ അർത്ഥമെല്ലാം തന്നെത്താൻ വിചാരിച്ചു പറയണം. അഥവാ ഗുരുനാഥൻ പറഞ്ഞു കൊടുക്കുകയാണെങ്കിലും ഒരു പ്രാവശ്യമല്ലാതെ പതിവില്ല.

അതികഠിന മായ ഒരു ശ്ലോകത്തിന്റെ ഭാവാർഥം പോലും ഒരു പ്രാവശ്യം പറഞ്ഞു കൊടുത്താൽ പ്രഭാകരൻ മനസ്സിലാക്കിക്കൊള്ളും. പിന്നെ അതൊരിക്കലും മറക്കുകയുമില്ല. എങ്കിലും പ്രഭാകരൻ ശുദ്ധമേ വിഡ്​ഡിയാണെന്നും പഠിത്തത്തിൽ ജാഗ്രത വളരെക്കുറവാണെന്നുമല്ലാതെ ഗുരുനാഥൻ ഒരിക്കലും പറയുക പതിവില്ല.

സദാനേരവും കോപഭാവമല്ലാതെ ആ ഗുരുനാഥൻ പ്രഭാകരന്റെ നേരേ സന്തോ‌ഷഭാവം ഒരിക്കലും പ്രകടിപ്പി ക്കാറില്ല. ഗുരുനാഥന്റെ ഈ ക്രൂരതയെക്കുറിച്ച് പ്രഭാകരനും വളരെ മനസ്താപമുണ്ടായി. എങ്കിലും അതൊന്നും പുറത്തു പ്രകടിപ്പിക്കാതെ വിനയാദരഭക്തിപുരസ്സരം പഠിച്ചുംകൊണ്ടിരുന്നു. കാലക്രമേണ അദ്ദേഹം കാവ്യനാടകാലങ്കാരങ്ങളിലും വേദശാസ്ത്രപുരാണേതിഹാസങ്ങളിലും അനിതരസാധാരണമായ പാണ്ഡിത്യത്തെ സമ്പാദിച്ചു. എങ്കിലും വിദ്യാഭ്യാസം മതിയാക്കുന്നതിന് അദ്ദേഹത്തിനും ഗുരുനാഥനും മനസ്സാ യില്ല.

അതിനാൽ അദ്ദേഹം വീണ്ടും ഓരോവക ശാസ്ത്രങ്ങൾ സശ്രദ്ധം പഠിച്ചുകൊണ്ടും ഗുരുനാഥൻ പഠിപ്പിച്ചുകൊണ്ടുമിരുന്നു. അങ്ങനെ പ്രഭാകരൻ ഒരു നല്ല വിദ്വാനും യൗവനയുക്തനുമായിത്തീർന്നു. പിന്നെയും പ്രഭാകരന്റെ പഠിത്തത്തിനും ഗുരുനാഥന്റെ ശകാരത്തിനും അടിക്കും യാതൊരു കുറവും വന്നില്ല. പ്രഭാകരന്റെ പഠിത്തവും പ്രായവും വർദ്ധിക്കുന്തോറും ഗുരുനാഥന്റെ അടിയും ശകാരവും വർദ്ധിച്ചുവന്നു.

ഒരു ദിവസം പഠിച്ചുകൊണ്ടിരിക്കുമ്പോൾ പ്രഭാകരൻ എന്തോ ഒരു സംശയം വരികയാൽ അതെങ്ങനെയാണെന്നു ഗുരുനാഥനോടു ചോദിച്ചു. ഗുരുനാഥൻ "എടാ ഏഭ്യാ! ഇനിയും നിനക്ക് അതറിയാറായില്ലേ?" എന്നു ചോദിച്ചുകൊണ്ടു പ്രഹരിക്കാൻ തുടങ്ങി. അടികൊണ്ടു തുടപൊട്ടി രക്തം പ്രവഹിച്ചുതുടങ്ങി. പിന്നെയും ഗുരുനാഥൻ അടി മതിയാക്കാനുള്ള ഭാവമില്ല. ഒടുക്കം സഹിക്കവയ്യാതായപ്പോൾ പ്രഭാകരൻ ഓടിയൊളിച്ചു.

അന്നു പ്രഭാകരനു സാമാന്യത്തിലധികം വേദനയും മനസ്താപവുമൊക്കെയുണ്ടായി. അതിനാൽ ഏതുവിധവും ഗുരുനാഥന്റെ കഥ ഇന്നു കഴിക്കണം. ഇനി ഈ ദുഷ്ടൻ ജീവിച്ചിരുന്നിട്ട് ഇങ്ങനെ ഒരുത്തനെ അടിക്കരുത് എന്നു നിശ്ചയിച്ചു. ഗുരുനാഥൻ സന്ധ്യാവന്ദനത്തിനു പോയ തരത്തിനു പ്രഭാകരൻ ഒരു വലിയ കരിങ്കല്ലു വലിച്ചെടുത്തുംകൊണ്ട് ഗുരുനാഥന്റെ തട്ടിൻപുറത്തു കേറിയിരുന്നു. ഗുരുനാഥൻ വന്നു കിടന്ന് ഉറക്കമാകുന്ന സമയം തട്ടിന്റെ പലകയിളക്കിമാറ്റി, കരിങ്കല്ല് ഗുരുനാഥന്റെ മാറത്തിട്ട് കൊല്ലണമെന്നായിരുന്നു പ്രഭാകരന്റെ വിചാരം.

ഗുരുനാഥൻ സന്ധ്യാവന്ദനാദിനിയമങ്ങളെല്ലാം കഴിഞ്ഞു ഗൃഹത്തിൽ വന്നപ്പോഴേക്കും അത്താഴത്തിന് കാലമായിരുന്നു. എങ്കിലും അദ്ദേഹം "എനിക്കിന്നു നല്ല സുഖമില്ല. അതുകൊണ്ട് അത്താഴം വേണമെന്നു തോന്നുന്നില്ല" എന്നു പറഞ്ഞിട്ടു ശയനഗൃഹത്തിലേക്കു പോയി.

അവിടെച്ചെന്ന ഉടനെ കട്ടിലിൽക്കേറി അത്യന്തം വിചാരമഗ്നനെന്നതു പോലെ കിടപ്പുമായി. ഗുരുനാഥൻ അത്താഴമുണ്ണാഞ്ഞതുകൊണ്ടു ഗുരുപത്നിയും ഉണ്ടില്ല. ഗുരു ശയനഗൃഹത്തിൽ ഉറങ്ങാതെ കിടക്കുന്നതു കണ്ടിട്ട് പത്നി "ഇന്നെന്താണ് അവിടേക്ക് ഒരു വലിയ മനോവിചാരമുള്ളതുപോലെയിരിക്കുന്നത്? അത്താഴവുമണ്ടില്ലല്ലോ. സുഖമില്ലെന്നു പറഞ്ഞതെന്താണ്?" എന്നു ചോദിച്ചു.

ഗുരുനാഥൻ: എനിക്കു വിശേ‌ഷിച്ചു സുഖക്കേടൊന്നുമില്ല. ഞാനിന്നു നമ്മുടെ പ്രഭാകരനെ സാമാന്യത്തിലധികം അടിച്ചു. അപ്പോൾ ദേ‌ഷ്യം കൊണ്ട് അടിച്ചുപോയി. പിന്നെ അതു വിചാരിച്ചിട്ട് എനിക്കു വളരെ വ്യസനമുണ്ടായി. ആ വ്യസനം ഇപ്പോഴും എന്റെ മനസ്സിൽനിന്നു പോകുന്നില്ല. ഞാനെത്ര അടിച്ചാലും അവൻ അതെല്ലാം കൊണ്ടുംകൊണ്ട് ഇരിക്കുകയാണ് പതിവ്.

ഇന്ന് അവൻ എണീറ്റ് ഓടിപ്പൊയ്ക്കളഞ്ഞു. സഹിക്കവയ്യാതെ വേദനയുണ്ടായതുകൊണ്ടാണ് അവൻ പോയത്. എന്റെ ക്രൂരതയെക്കുറിച്ചു വിചാരിച്ചിട്ട് എന്റെ ഹൃദയം പൊടിയുന്നു. അതുകൊണ്ടാണ് ഞാൻഅത്താഴമുണ്ണാത്തത്. ഇന്ന് എനിക്ക് മനസ്സിന്റെ അസ്വാസ്ഥ്യം തീരുകയില്ല.

ഗുരുപത്നി: ഇതു വലിയ കഷ്ടംതന്നെയാണ്. ഇതിനെക്കുറിച്ച് പറയണമെന്നു ഞാൻപലപ്പോഴും വിചാരിക്കാറുണ്ട്. ഞാൻപറഞ്ഞാൽ അവിടേക്കു രസമായില്ലെങ്കിലോ എന്നു വിചാരിച്ചാണ് ക്ഷമിക്കുന്നത്. പ്രഭാകരനെപ്പോലെ ബുദ്ധിയും പഠിത്തത്തിൽ ശ്രദ്ധയും ഗ്രഹണശക്തിയും ധാരണാശക്തിയും സൗശീല്യാദി ഗുണങ്ങളുമുണ്ടായിട്ട് ഇവിടെ പഠിക്കുന്ന കുട്ടികളിലെന്നല്ല ലോകത്തിൽത്തന്നെ ആരുമുണ്ടെന്നു തോന്നുന്നില്ല.

എന്നാൽ ഇവിടെ അവനെ അടിക്കയും ശകാരിക്കയും ചെയ്യുന്നതുപോലെ മറ്റാരെയുമില്ലതാനും. അവന്റെ ശരീരം കണ്ടാൽ പ്രഭാകരൻ എന്നും സുകുമാരൻ എന്നുമുള്ള നാമങ്ങൾ യഥാർത്ഥങ്ങളാണെന്ന് ഏവരും സമ്മതിക്കും. ഇപ്രകാരം ആകൃതിക്കും പ്രകൃതിക്കും ഒന്നുപോലെ ഗുണം തികഞ്ഞിരിക്കുന്ന ഒരു ബാലനോട് ഇപ്രകാരം കഠിനത പ്രവർത്തിക്കാമെന്ന് ഇവിടേക്കു തോന്നുന്നതെന്തു കൊണ്ടാ? കുട്ടികൾക്കു യവൗനാരംഭമായാൽ പിന്നെ അവരെ അടിക്കുകയും ശകാരിക്കുകയും ചെയ്യുന്നതു യുക്തമല്ല.

അന്യന്റെ കുട്ടിയായാൽ പിന്നെ പറയാനുമില്ലല്ലോ.

ഗുരുനാഥൻ: ഭവതി പറഞ്ഞതൊക്കെ വാസ്തവമാണ്. എന്നാൽ എന്റെ പ്രഭാകരനെ ഒരന്യബാലനായി ഞാൻവിചാരിച്ചിട്ടില്ല. അവന് എത്ര പ്രായമായാലും എനിക്കവൻ എന്നും കുട്ടിതന്നെ.

അവന്റെ ഗുണഗണങ്ങളൊന്നും എനിക്ക് അറിഞ്ഞുകൂടായ്കയുമില്ല. എനിക്ക് അവനെക്കുറിച്ച് സ്നേഹവും വാത്സല്യവും ഇല്ലായ്കയുമില്ല. എനിക്ക് അവനെക്കുറിച്ചു നമ്മുടെ സീമന്തപുത്രനിലുള്ളധിലധികം സ്നേഹവും വാത്സല്യ വുമുണ്ട്. എന്നാൽ അതൊന്നും ഞാൻപുറത്തു കാണിക്കാത്തത് അവൻ ബുദ്ധിമാനും സമർഥനുമാണെന്നു ഞാൻവിചാരിക്കുന്നു എന്ന് അവനറിഞ്ഞാൽ അവൻ അഹങ്കാരിയായിപ്പോവും. തന്നിമിത്തം പഠിത്തത്തിൽ ജാഗ്രത കുറഞ്ഞുപോയിയെങ്കിലോ എന്നു വിചാരിച്ചുമാത്രമാണ് ഞാൻ അവനോടു സ്നേഹഭാവം കാണിക്കാതെ ഇരിക്കുന്നത്.

അല്ലാതെ മറ്റൊന്നു കൊണ്ടുമല്ല. ഞാൻശാസിക്കുന്നതിന്റെ ഗുണം ഒടുക്കം അവനിൽ കാണാറാകും. എന്റെ പ്രഭാകരൻ ലോകൈകവിദ്വാനായിത്തീരുമെന്നു ള്ളതിനു സംശയമില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്നു ഞാൻ പ്രവർത്തിച്ചതു വലിയ സാഹസമായിപ്പോയിതാനും. ഇനി ഞാൻ ഒരിക്കലും അവനെ ഇങ്ങനെ വേദനപ്പെടുത്തുകയില്ല. നിശ്ചയംതന്നെ. കഷ്ടം! എന്റെ പ്രഭാകരൻ ഇന്നനുഭവിച്ച വേദനയെക്കുറിച്ചു വിചാരിച്ചിട്ടു എന്റെ ഹൃദയം പൊടിയുന്നു.

ഇപ്രകാരം ഗുരുവും പത്നിയും കൂടിയുള്ള സംഭാ‌ഷണം കേട്ടപ്പോൾ പ്രഭാകരനു ഗുരുനാഥനെക്കുറിച്ചുണ്ടായ വൈരം മുഴുവനും പോയി എന്നു മാത്രമല്ല അത്യന്തം ഭക്തിയും ബഹുമാനവും വർദ്ധിക്കുകയും താൻ പ്രവർത്തിക്കാൻ വിചാരിച്ച കഠിനപ്രവൃത്തിയെക്കുറിച്ചു വളരെ പശ്ചാത്താപം ജനിക്കുകയും ചെയ്തു. "കഷ്ടം! എന്റെ പേരിൽ ഇത്രയും സ്നേഹവും വാത്സല്യവുമുള്ള ഗുരുനാഥനെ കൊല്ലണമെന്നു ഞാൻ വിചാരിച്ചുപോയല്ലോ. ഈശ്വരാ! ഈ മഹാപാപം ഇനി എന്തു ചെയ്താൽ തീരും" എന്നിങ്ങനെ വിചാരിച്ചു വ്യസനിച്ചു കരഞ്ഞും കൊണ്ടു പ്രഭാകരൻ താഴെ ഇറങ്ങിവന്നു

ഗുരുനാഥന്റെ പാദത്തിങ്കൽ വീണു നമസ്കരിച്ചു. ഗുരുനാഥൻ "അയ്യോ ഇതെന്റെ പ്രഭാകരനല്ലേ" എന്നു പറഞ്ഞുകൊണ്ടു പെട്ടെന്നു കട്ടിലിൽ നിന്നെഴുന്നേറ്റു പ്രഭാകരന്റെ തലയിൽ തൊട്ട് അനുഗ്രഹിച്ചു, പിടിച്ചെഴുന്നേൽപ്പിച്ചു ഗാഢമായി ആലിംഗനം ചെയ്തു. സന്താപംകൊണ്ടോ സന്തോ‌ഷംകൊണ്ടോ എന്തോ രണ്ടുപേരും കണ്ണീരൊലിപ്പിച്ചുകൊണ്ടു നിശ്ചേഷ്ടൻമാരായി നിന്നതല്ലാതെ കുറച്ചു നേരത്തേക്ക് ഒരക്ഷരം പോലും മിണ്ടുന്നതിന് അവർക്കു ശക്തിയുണ്ടായില്ല.

പിന്നെ കുറഞ്ഞോരുനേരം കഴിഞ്ഞതിന്റെ ശേ‌ഷം ഗുരുനാഥൻ "പ്രഭാകരൻ എന്റെ അടിയുടെ ദുസ്സഹത്വം കൊണ്ട് ഇവിടെ കേറി ഒളിച്ചിരിക്കുകയായിരുന്നു, അല്ലേ? നീ നന്നായിവരണമെന്നുള്ള ആഗ്രഹംകൊണ്ടും പ്രായാധിക്യം നിമിത്തം കോപത്തെ അടക്കുന്നതിന് എനിക്കു ശക്തി മതിയാകാതെ വന്നതുകൊണ്ടും ഞാൻനിന്നെ ക്രമത്തിലധികം തല്ലിപ്പോയതാണ്. നിനക്ക് എന്നോടിതുകൊണ്ടു പരിഭവമൊന്നും തോന്നരുത്. ഇനി ഞാനൊരിക്കലും നിന്നെ ഇങ്ങനെ ഉപദ്രവിക്കുകയില്ല." പ്രഭാകരൻ: അവിടുന്ന് ഇങ്ങനെ പറയുകയും ഇതിനെക്കുറിച്ച് ലേശംപോലും വ്യസനിക്കുകയും വേണ്ട.

അവിടുന്ന് ഇനിയും എത്രയടിച്ചാലും ശകാരിച്ചാലും അതൊക്കെ അനുഭവിക്കുന്നത് എനിക്ക് സന്തോ‌ഷമാണ്. അടി കൊണ്ടു വേദന സഹിക്കവയ്യാതെ ആയപ്പോൾ എന്റെ മനസ്സിൽ കുറച്ചു വല്ലായ്കയുണ്ടായി. അതിനെക്കുറിച്ചുതന്നെ എനിക്കിപ്പോൾ വളരെ പശ്ചാത്താപമുണ്ട്. എന്റെ അറിവില്ലായ്മ കൊണ്ടും വേദനയുടെ ദുസ്സഹത്വംകൊണ്ടും ഗുരുനാഥനെ കൊല്ലണമെന്ന് എന്റെ ഹൃദയത്തിൽ തോന്നിപ്പോയി. അതിനായിട്ടാണ് ഞാൻ ഇവിടെക്കേറി ഒളിച്ചിരുന്നത്.

ഈ ബാലചാപല്യത്തെ അവിടുന്നു കൃപാപൂർവം ക്ഷമിച്ച് എനിക്കു മാപ്പുതരുകയും ഈ ദുർവിചാരം നിമിത്തമുണ്ടായിട്ടുള്ള മഹാപാപം തീരുന്നതിനു ഞാനെന്തു ചെയ്താൽ മതിയാകുമെന്ന് അവിടുന്നെനിക്കു പറഞ്ഞുതരികയും വേണം.

ഗുരു: പശ്ചാത്താപത്തിനെക്കാൾ വലിയതായ പ്രായശ്ചിത്തം ഒരു പാപകർമത്തിനുമില്ല. നിനക്കിപ്പോൾ അതിയായ പശ്ചാത്താപമുണ്ടായിരിക്കുന്നതുകൊണ്ടു നിന്റെ സകല പാപങ്ങളും തീർന്നിരിക്കുന്നു. ഞാൻ നിന്റെ തെറ്റുകളെ ക്ഷമിച്ചു മാപ്പും തന്നിരിക്കുന്നു. ഇനി ഇതിലേക്കായി നീ ഒരു പ്രായശ്ചിത്തവും ചെയ്യണമെന്നില്ല.

പ്രഭാകരൻ: അതുകൊണ്ടു മതിയായില്ല. എന്റെ ഈ ദുർവിചാരത്തിന് അതികഠിനമായ മഹാപാപമുണ്ട്. അതു തീരണമെങ്കിൽ അതിനു തക്കതായ എന്തെങ്കിലും പ്രായശ്ചിത്തം ചെയ്യണം. അല്ലാതെ എന്റെ മനസ്സിനു സമാധാനം വരുന്നതല്ല.

ഗുരു: എന്നാൽ നാളെ ബ്രാഹ്​മണസഭയിൽ ചെന്നു ചോദിച്ചിട്ട് ഉഭയകുല പരിശുദ്ധൻമാരായി, ദേവജ്ഞൻമാരായി, ശാസ്ത്രജ്ഞൻമാരായിരിക്കുന്ന ആ മഹാബ്രാഹാ​മണർ വിധിക്കുന്നതുപോലെ ചെയ്യണം. അല്ലാതെ എനിക്കൊന്നും തോന്നുന്നില്ല.

ഇങ്ങനെ പറഞ്ഞു വ്യസനിച്ചുംകൊണ്ടുതന്നെ അവർ അന്നത്തെ രാത്രി ഒരുവിധം കഴിച്ചുകൂട്ടി. അരുണോദയമായപ്പോൾ പ്രഭാകരൻ കുളിച്ചു നിത്യകർമാനുഷ്ഠാനാദികൾ കഴിച്ചുകൊണ്ട് ബ്രാഹ്മണസഭയിലെത്തി വിവരമെല്ലാം പറഞ്ഞു. ആ മഹാബ്രാഹ്മണരെല്ലാം കൂടി ആലോചിച്ച് "ഗുരുനാഥനെ കൊല്ലണമെന്നു വിചാരിച്ചവന്റെ പാപം തീരണമെങ്കിൽ അവൻ ഉമിത്തീയിൽ നിന്നു നീറി ദഹിച്ചു മരിക്കണം. അല്ലാതെ തീരുന്നതല്ല" എന്നു വിധിച്ചു.

 ഉടനെ പ്രഭാകരൻ വന്ന് ഒരു സ്ഥലത്തു നിന്നുകൊണ്ട് ഉമി വരുത്തി തന്റെ കഴുത്തുവരെ കൂട്ടിച്ച് അതിന്റെ നാലുഭാഗത്തും തീയുംവെപ്പിച്ചു. "ഏതെങ്കിലും എന്റെ ഈ ജന്മം ഇങ്ങനെയായി. എന്റെ പേരു ഭൂലോകത്തിൽ എന്നും നിലനിൽക്കുന്നതിനും ഭഗവൽസ്മൃതിയോടുകൂടി മരിക്കുന്നതിനുമായിട്ട് ഇപ്പോൾ ഒരുകാവ്യമുണ്ടാക്കണം" എന്നു നിശ്ചയിച്ച് പ്രഭാകരൻ അവിടെനിന്നുകൊണ്ട് ഒരു കാവ്യമുണ്ടാക്കി ചൊല്ലിത്തുടങ്ങി. അങ്ങനെ മഹാനായ ആ പ്രഭാകരകവി ഉമിത്തീയിൽ നിന്നു ദഹിച്ചുകൊണ്ടുണ്ടാക്കിയതാണ് സാക്ഷാൽ "ശ്രീകൃ‌ഷ്ണവിലാസം" കാവ്യം. പ്രഭാകരന്റെ ഈ ചരിത്രം ഗുരുശി‌ഷ്യ ഭാവത്തോടുകൂടി വർത്തിക്കുന്നവരായ സകലജനങ്ങളും സദാ ഓർത്തു പ്രവർത്തിക്കുന്നതായിരുന്നാൽ വളരെ ഗുണം സിദ്ധിക്കാനുണ്ടെന്നുള്ളതു പറയേണ്ടതില്ലല്ലോ.

പ്രഭാകരൻ അങ്ങനെ ശ്രീകൃ‌ഷ്ണവിലാസമുണ്ടാക്കി പന്ത്രണ്ടാം സർഗം മുഴുവനാക്കുന്നതിനു മുമ്പേ അദ്ദേഹത്തിന്റെ ദേഹം മുഴുവനും ദഹിച്ചുപോയതിനാൽ അതു മുഴുവനാക്കാൻ കഴിഞ്ഞില്ല. പന്ത്രണ്ടാം സർഗത്തിലെ ഒരു ശ്ലോകത്തിൽ "പശ്യ പ്രിയേ! കൊങ്കണ" ഇത്രയും പറഞ്ഞപ്പോഴേക്കും അഗ്നി അദ്ദേഹത്തിന്റെ തൊണ്ടയിൽ പിടികൂടിപ്പോയതിനാൽ ആ ശ്ലോകംതന്നെ മുഴുവനാക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല. അങ്ങനെ അതിയോഗ്യനായിരുന്ന പ്രഭാകരൻ ഭസ്മാവശേ‌ഷനായി ത്തീരുകയും ചെയ്തു.

അനന്തരം കവികുലശിരോമണിയായ സാക്ഷാൽ കാളിദാസൻ പ്രഭാകരന്റെ ശ്രീകൃ‌ഷ്ണവിലാസകാവ്യം വായിച്ചുകേട്ട് അതു മുഴുവനാക്കണമെന്നു നിശ്ചയിച്ചു. "പശ്യപ്രിയേ! കൊങ്കണ" എന്നുള്ളതിന്റെ ശേ‌ഷമായി "ഭൂമിഭാഗാൻ" എന്ന് എഴുതിയപ്പോഴേക്കും "പട്ടുനൂലിനോടുകൂടി വാഴനാര് ഏച്ചുകെട്ടാൻ പുറപ്പെടേണ്ട" എന്നൊരു അശരീരിവാക്കുണ്ടായി. അതിനാൽ കാളിദാസനും പിന്നെ അതിന്റെ ശേ‌ഷം മുഴുവനാക്കാൻ ശ്രമിച്ചിട്ടില്ല. ശ്രീകൃ‌ഷ്ണവിലാസകാവ്യത്തിന്റെ ഗുണം എത്രമാത്രമുണ്ടെന്ന് ഇതിൽനിന്ന് ഊഹിക്കാവുന്നതാണല്ലോ.

ഈ അശരീരി കേട്ടപ്പോൾ കാളിദാസരുടെ മനസ്സിൽ കുറച്ച് അസൂയയും കോപവും വാശിയും തോന്നി. എന്നാൽ "ഇതിനോടുകൂടി ഞാനൊന്നും ഏച്ചുകെട്ടാൻ പോകുന്നില്ല. ഇതുപോലെ ഒന്നുണ്ടാക്കാമോ എന്നു ഞാനും നോക്കാം" എന്നു പറഞ്ഞാണ് കാളിദാസൻ "കുമാര സംഭവം" കാവ്യം ഉണ്ടാക്കിയത്. "അസ്തിശ്രിയസ്സത്മ സുമേരു നാമാ" എന്നാണല്ലോ പ്രഭാകരൻ ശ്രീകൃ‌ഷ്ണവിലാസത്തിന്റെ ആദ്യം തുടങ്ങിയിരിക്കുന്നത്. അതിനു പകരമായിട്ടാണ് കാളിദാസൻ തന്റെ കുമാരസംഭവത്തിന്റെ ആദ്യത്തിൽ "അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ ഹിമാലയോ നാമ നഗാധിരാജഃ" എന്നു തുടങ്ങിയിരിക്കുന്നത്. എന്നാൽ ഈ സംഗതിയിൽ ചില പക്ഷാന്തരങ്ങളും ഇല്ലെന്നില്ല.

 

രഞ്ജിത്ത് മാത്യു

 

അടുത്ത ലക്കം  : 

ചില ഈശ്വരന്മാരുടെ പിണക്കം

 

കവർ ചിത്രം: ബിനോയ് തോമസ് 

പ്രണയാർദ്രം

Feb. 24, 2021

സീൻ 1

ഇന്ന് വാലെന്റൈൻസ് ഡേ ആണ്‌ ...... പള്ളിയോടു ചേർന്നുള്ള നീണ്ട പടവുകളുടെ താഴെ അനുവിനെ കാത്തു നിൽകുമ്പോൾ ഹൃദയമിടുപ്പു കൂടി കൂടി വരുന്നത്  അറിയാം.....കാറിൽ തന്നെ ഇരിക്കാം എന്നാണ് ആദ്യം കരുതിയത് ..ഒരു സമാധാനവും കിട്ടാഞ്ഞിട്ടാണ് പുറത്തു ചെറുമഴയത്ത്‌  അവളെയും കാത്തുനിൽക്കുന്നത് ......

ഫോണിൽ സമയം നോക്കി നോക്കി മടുത്തു ..കുർബാന തീരാൻ ഇനി ഏറിവന്നാൽ 15മിനിറ്റ് ..ഇത്ര രാവിലെ തന്നെ പറയുന്നതു മോശമാകുമോ ?ജസ്റ്റിനോട് പറയാതെയാണ് പോന്നത്.. എന്തോ അവനോടു പറയാൻ ഒരു മടി ..അവന് എന്റെ എല്ലാ കാര്യങ്ങളും അറിയാവുന്നതാണ് ഈ പ്രണയമൊഴിച്ച് ......

കോളേജിൽ പഠിക്കാൻ വന്ന ആദ്യ ദിവസം മുതൽ ഞങ്ങൾ സുഹൃത്തുക്കളായതാണ് .. ഒരേ മുറിയിൽ താമസം തുടങ്ങിയിട്ട് നാലു വർഷമായി .. ഫ്ലാറ്റിൽ നിന്ന് ഇറങ്ങുമ്പോൾ അവൻ നല്ല ഉറക്കമാണ് .. എഴുന്നേൽക്കുന്നതിന് മുൻപേ തിരിച്ചു ചെല്ലണം .. എവിടെപ്പോയി എന്ന് ചോദിച്ചാൽ എന്തെങ്കിലും കള്ളം പറയണം ...

പ്രണയത്തിനെ എപ്പോഴും എതിർത്തവനാണ് ഞാൻ .... ആറുവർഷത്തോളം പ്രണയിച്ചു കല്യാണം കഴിച്ചതാണ് അപ്പനും അമ്മയും .... ഇപ്പോൾ അവര് സംസാരിക്കുന്നതുപോലും ഞാൻ കാണാറില്ല .. രോഗിയായതിനു ശേഷം അമ്മ അങ്ങനെ ആരോടും അധികം മിണ്ടാറില്ല .. തന്നോട് ഒഴിച്ച് .. അപ്പൻ എപ്പോഴും ബിസിനസ്സ് ടൂർ എന്ന് പറഞ്ഞു വീട്ടിൽ നിന്നും പോകും, അമ്മയ്ക്ക് ഒരു പരാതിയുമില്ല... ചേച്ചിയുടെയും പ്രണയ വിവാഹം ആയിരുന്നു .. എട്ടുമാസം മുമ്പ് അവൾ ഡിവോഴ്‌സിന് കൊടുത്തു, കേസ് തീർന്നിട്ടില്ല .. ഇതൊക്കെ കണ്ടിട്ടാവണം പ്രണയത്തിൽ ഒരു വിശ്വാസവും ഇല്ലാതിരുന്നത്, അനുവിനെ കണ്ടുമുട്ടുന്നത് വരെ ..


2 വർഷം മുമ്പ് നിതയുടെ കൂടെയാണ് അവളെ ആദ്യമായി കാണുന്നത് .. നിതയും ജസ്റ്റിനും ഒരേ ഇടവകക്കാർ .. അവരുടെ പ്രണയത്തിന് അവരുടെ രണ്ട് വീട്ടുകാർക്കും എതിർപ്പില്ല. കോഴ്‌സ് കഴിഞ്ഞാൽ ഉടനെ അവരുടെ കല്യാണം നടത്താൻ ഒരുങ്ങിയിരിക്കുകയാണ് രണ്ടു വീട്ടുകാരും....


ഇനി മൂന്ന് മാസം കൂടിയേ ഉള്ളു കോഴ്‌സ്  തീരാൻ, പിന്നെ പരീക്ഷ ,കോൺവൊക്കേഷൻ ... എനിക്കും ജസ്റ്റിനും പ്ലേസ്മെന്റ് ആയതാണ് ,രണ്ടുപേർക്കും ഡൽഹിയിൽ ഒരേ കമ്പനിയിൽ ..

പെട്ടെന്ന്  പടികൾ ചാടിയിറങ്ങി അനു വന്നു "അപ്പു,നീ എന്താ ഇവിടെ ?"
"അത് ...പിന്നേ ..ഞാൻ ...മറുപടി കേൾക്കാതെ അവൾ തുടർന്നു ...
"പപ്പയോടു പറഞ്ഞതാണ് എനിക്ക് ഇപ്പോൾ കല്യാണം വേണ്ടെന്ന്  ..കേൾക്കണ്ടേ .. ദേ കുർബാന കഴിഞ്ഞു മെസ്സേജ് നോക്കിയപ്പോഴാണ് കണ്ടത്‌ .. ഏതോ സുഹൃത്തിന്റെ മോനിങ്ങോട്ടു എന്നെ കാണാൻ രാവിലെ തന്നെ വരുന്നുണ്ടന്ന് "

"എന്നെ ഒന്ന് ഹോസ്റ്റലിൽ വിടുമോ? പ്ലീസ് .."കാറിന്റെ ഫ്രണ്ട് സീറ്റിൽ കയറിയിരുന്നു അവൾ തുടർന്നു ...

"കോഴ്‌സ് കഴിഞ്ഞു, ഒരു കൊല്ലമെങ്കിലും കഴിഞ്ഞു മതി എനിക്ക് കല്യാണം എന്ന് പറഞ്ഞിട്ടുള്ളതാണ് .. അപ്പോഴാ ഇന്ന് പെണ്ണുകാണാൻ പറഞ്ഞു വിട്ടിരിക്കുന്നത് ... ശനിയാഴ്ച്ച വീട്ടിൽ ചെന്നിട്ട് വേണം ചോദിക്കാൻ ..എനിക്കറിയാം എന്താ പപ്പയുടെ മറുപടി എന്ന് .. നിനക്ക് രണ്ട് അനിയത്തിമാരാ ..നിനക്ക് അത് ഓർമ വേണം.."

"അല്ല, അപ്പു പറഞ്ഞില്ലല്ലോ എന്തിനാ പള്ളിയുടെ അവിടെ വന്നത് എന്ന് ?"

അവൾ എപ്പോഴും ഇങ്ങനെയാണ് .. വാതോരാതെ സംസാരിക്കും ..എപ്പോഴും ചിരിക്കും .. ..അവളുടെ ചുറ്റും എപ്പോഴും പോസിറ്റീവ് എനർജി ഉണ്ടന്ന് തോന്നും .. ശരിക്കിനും പറഞ്ഞാൽ ഞാൻ എന്തിനാ വന്നത് എന്ന് കൂടി മറന്നു.. ഭാഗ്യം അവളുടെ ചോദ്യത്തിന് മറുപടി പറയേണ്ടി വന്നില്ല ..അവളുടെ ഹോസ്റ്റൽ എത്തി ..

"താങ്ക് യൂ "പറഞ്ഞു അവൾ ഗേറ്റ് തുറന്നു കയറിപ്പോയി ..

ഹോസ്റ്റൽ കഴിഞ്ഞു ഒരു ൫ കിലോമീറ്റർ കൂടി കഴിഞ്ഞാണ് ഞാനും ജസ്റ്റിനും താമസിക്കുന്ന ഫ്ലാറ്റ് .. കാർ പതിയെ പാർക്ക് ചെയ്ത് ജസ്റ്റിനോട് എന്ത് പറയും എന്ന് ആലോചിച്ചു വാതിൽ തുറന്നതും അവൻ ചോദിച്ചു,

"നീ പറഞ്ഞോ ?"

എന്ത് ?

"എടാ നീ അനുവിനോട് പറഞ്ഞോന്ന് ?"

ഇല്ല...

"എന്നോട് പറഞ്ഞായിരുന്നെകിൽ നിനക്ക് കുറച്ചു പ്രാക്ടീസ് ഒക്കെ ചെയ്തിട്ട് പോകാമായിരുന്നു, സാരമില്ല നമുക്ക്  വഴിയുണ്ടാക്കാമെന്നെ .."
പക്ഷേ,ജസ്റ്റിൻ; അവളെ കാണാൻ ആരോ വരുന്നുണ്ടെന്ന് ..

"ആര് ?"

അവളെ പെണ്ണുകാണാൻ ..

"കോമഡി ആയല്ലോ ..ഒരേ ദിവസം രണ്ടു പ്രൊപ്പോസൽ .."

നീ എന്നെ കളിയാക്കുവാണോ ?

"അല്ലടാ,സത്യം പറഞ്ഞതാ .."

നീ എങ്ങനെയാ  ഞാൻ അവളെ കാണാൻ പോയതാണെന്ന് കൃത്യമായി മനസിലാക്കിയത് ?

"ഞാൻ നിന്റെ ഉറ്റ സുഹൃത്തല്ലേ, എനിക്ക് എല്ലാം മനസിലാകും ..ഒരു ഡയറി പോലെയല്ലേ നിന്റെ മനസ്സ് .."

ഡയറി ..? ഡാ, നീ എപ്പോ വായിച്ചു ?
"ഇതാ ഇപ്പോൾ .."

"എന്തൊക്കെ  ആയിരുന്നു .. പ്രണയത്തിൽ ഒന്നും ഒരു കാര്യവുമില്ല, പ്രണയം മണ്ണാങ്കട്ട യാണ് .. എന്നിട്ടിപ്പോ കൊല്ലം ഒന്നായി പോലും അവളോട് പ്രണയം തോന്നിയിട്ട് ..

വാ നമ്മുക്ക് കോളേജിൽ പോകാം, വൈകിട്ട് നിതയെ കാണാൻ പോകുമ്പോൾ കാര്യങ്ങൾ അന്വേഷിക്കാം.."

വൈകുന്നേരം ആകാൻ തിടുക്കമായിരുന്നു ..പക്ഷേ അനു വന്നില്ല ..നിത പറഞ്ഞു അവൾക്കു തല വേദനയാണെന്ന് ..  ജസ്റ്റിൻ പെണ്ണുകാണലിനെ കുറിച്ച് ചോദിച്ചു ..

അവൾ എന്തോ പറഞ്ഞു ഒഴിവാക്കിയെന്ന് ..
കുറച്ചു സമാധാനമായി ..

പിന്നേയും ജസ്റ്റിൻ അനുവിനെ കുറിച്ച് ചോദിച്ചു, എനിക്കുവേണ്ടി ..

"അവൾക്ക് പ്രണയം വല്ലതും ഉണ്ടോ ?"

"അനുവിനോ?നല്ല കാര്യമായി ..അവളുടെ അപ്പൻ ഭയങ്കര സ്‌ട്രിക്‌ട് ആണ്‌ ..പ്രേമം എന്ന് പറഞ്ഞു അങ്ങ് ചെന്നാൽ മതി..

അവൾ എപ്പോഴും പറയും അപ്പന് ഇഷ്ടപ്പെട്ട, ഒരു ക്രിസ്ത്യാനി ചെറുക്കനെ മാത്രമേ അവള് കല്യാണം കഴിക്കുകയുള്ളുവെന്ന്  .."

ജസ്റ്റിൻ എന്നെ ഒന്ന് നോക്കി ..

അങ്ങനെ ആ ദിവസം തീർന്നു ..പ്രണയം പറയാനുള്ള ധൈര്യവും ചോർന്നുപോയി ..

ദിവസങ്ങൾ കടന്നു പോയി .. പലവുരി ജസ്റ്റിൻ പറഞ്ഞതാണ് അവളോട് ചോദിക്കാൻ.. ഞാൻ ഹിന്ദുവായതു കൊണ്ട് മാത്രമല്ല, വീട്ടുകാരെ ധിക്കരിച്ചു അവൾ എന്നെ സ്വീകരിക്കും എന്ന് തോന്നിയില്ല.. പിന്നെ ഉള്ള സൗഹൃദം നഷ്ടപ്പെടുത്തേണ്ട എന്ന് കരുതി .. എങ്കിലും അവൾ പോയിരുന്ന കാന്റീനിൽ, ലൈബ്രറിയിൽ, ഷോപ്പിംഗ് സെന്ററുകളിൽ ആരും അറിയാതെ അവളെ പിന്തുടർന്നിരുന്നു.. അവളെക്കുറിച്ച് ഓർമ്മകൾ കൊണ്ട് എപ്പോഴും മനസ്സ് നിറയ്ക്കുമായിരുന്നു .. എന്നിട്ടും അവളോട് മാത്രം ഒന്നും പറഞ്ഞില്ല ..‌ ..


scene 2

ഇന്ന് കോൺവെക്കേഷനാണ്‌ .. വീട്ടിൽ നിന്ന് ആരും വന്നില്ല,
അമ്മ വരാം എന്ന് പറഞ്ഞതാണ് ..വേണ്ടാന്ന് പറഞ്ഞു ..കാറ്റടിച്ചു യാത്ര ചെയ്തിട്ട് വേണം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകാൻ ..വേറെ ആരും വരുന്നതിനെ കുറിച്ച് പറഞ്ഞില്ല, ഞാൻ സൂചിപ്പിച്ചിരുന്നു ..
ജെസ്റ്റിന്റെ വീട്ടിൽ നിന്ന് എല്ലാവരുമുണ്ട് ..
അപ്പൻ, അമ്മ, അനിയത്തി, നിതയുടെ ബ്രദർ. അവർക്കെല്ലാവർക്കും കൂടി ലോഡ്ജിൽ മുറി ഏർപ്പാടാക്കിയിട്ടുണ്ട്. അവൻ ‌ അവരുടെ അടുത്ത് പോയേക്കുവാണ് ..

എന്റെ വീട്ടിൽ നിന്ന് ആരും വരാത്തതിൽ  എനിക്ക് വിഷമം ഒന്നുമില്ല, പക്ഷേ പ്രോഗ്രാം കഴിഞ്ഞു ഒരു ഫോട്ടോ എടുക്കൽ ചടങ്ങുണ്ട് ..

ടീച്ചേഴ്സും ഗ്രാഡ്യുവേറ്റും പിന്നേ ഫാമിലിയും ..

അപ്പോൾ എല്ലാവരും ചോദിക്കുമായിരിക്കും ആരും വരാഞ്ഞത് എന്തേ എന്ന് ..??

അപ്പൊ തോന്നുന്ന എന്തെങ്കിലും കള്ളം പറയണം .. ഫോട്ടോ എടുക്കുമ്പോൾ ജസ്റ്റിനോട് നിൽക്കാൻ പറയാം .. അമ്മ കഴിഞ്ഞാൽ എനിക്ക് ഏറ്റവും അടുപ്പം അവനോടാണ് .. അവര് മാത്രമേയുള്ളു ..

scene 3

അനു വന്നിട്ടുണ്ട്, ഞാൻ ക്ഷണിച്ചിരുന്നു...

കണ്ട ഉടനെ കൺഗ്രാറ്റുലേഷൻസ്  പറഞ്ഞു .. കുറേ പ്രോഗ്രാമുകൾ ഉണ്ടായിരുന്നു.. ഇടയ്ക്കു അനുവിനെ തിരഞ്ഞെങ്കിലും കണ്ടില്ല, നിതയുടെ കൂടെ കാണുമായിരിക്കും .. ബഹളത്തിന്റ ഇടയ്ക്കു അമ്മ വിളിച്ചായിരുന്നു, ആരും വരാത്തതിന്റെ സങ്കടമുണ്ടോയെന്നു ചോദിച്ചു, ഇത് മൂന്നാം തവണയാണ് ഇതേ ചോദ്യവും സാരമില്ല എന്ന എന്റെ മറുപടിയും ..

പെട്ടെന്നാണ് ജസ്റ്റിൻ വിളിച്ചത് ;

"ഏതു ലോകത്താണ്, ഫോട്ടോ എടുക്കണ്ടേ? എന്റേത് എടുത്തത് ഒന്നും നീ കണ്ടില്ലേ ?"

എഴുന്നേറ്റു അവന്റെ കൈയും പിടിച്ചു ടീച്ചേഴ്സ്ന്റെ കൂടെ പോയി നിന്നു ..പെട്ടെന്നാണ്  അനുവും നിതയും കൂടി കയറിവന്നത്  ..അനു എന്റെ അടുത്തു നിന്നു ..

ഫോട്ടോഗ്രാഫർ റെഡി പറഞ്ഞപ്പോ അനു എന്നോട് ചോദിച്ചു;

"എന്നെ കല്യാണം കഴിക്കുമോ ?"

ഞങ്ങൾ മൂന്നുപേരും ഞെട്ടി ..

പിന്നേ ഒരു ഓട്ടമായിരുന്നു .. ആളൊഴിഞ്ഞ ഒരു വരാന്തയിൽ എന്റെ കൈ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.

"അന്ന് വാലെന്റൈൻസ് ദിവസം എന്നെ കാണാൻ വന്ന ചെറുക്കനോട് ഞാൻ എന്താ പറഞ്ഞത് എന്ന് അറിയുമോ ?"

എന്താ ??

എനിക്കൊരു പ്രണയം ഉണ്ട് ..അപ്പു എന്നാണ് പേര് എന്ന്...

പ്രണയം എന്നും ഇങ്ങനെയാണ് ..പെട്ടെന്നൊന്നും  അങ്ങ് പിടി തരില്ല ..പക്ഷേ പിടിതരാത്ത സമയത്തും അതൊരു സുഖം തന്നെയാണ് ..കാത്തിരിപ്പാണ് ..പ്രതീക്ഷയാണ് ...വീർപ്പുമുട്ടലാണ് ....ആയിരം മഴവില്ലുകളുടെ ശോഭയാണ് ...അനുഭവിച്ചു തന്നെ അത് മനസ്സിലാക്കണം ...

 

ശുഭം 

സോണിയ സുബീഷ്

കവർ ചിത്രം: ബിനോയ് തോമസ് 

ബന്ധങ്ങൾ (നോവൽ - 42)

Feb. 23, 2021

കുവൈറ്റിലേക്ക് തിരികെ പോകുന്നതിന് മുന്‍പ് വീട്ടില്‍ ഒന്ന് പോകണമെന്ന് വിചാരിച്ചത് അത്ര വലിയ തെറ്റാണോ ഉമ്മച്ചായാ?.
 
 
ദേഷ്യം മനസ്സില്‍ തോന്നിതുടങ്ങിയപ്പോള്‍ അമ്പിളി ഉമ്മച്ചനോട്‌ ലേശം ഗൌരവത്തില്‍ തന്നെയാണ് ആ ചോദ്യം ചോദിച്ചത്.
 
 
ഉമ്മച്ചന്‍റെ ഉത്തരം മൌനത്തില്‍ ഊന്നിയൊരു ചിരി മാത്രമായിരുന്നു. ഉമ്മച്ചന്‍റെ ആ വിചിത്രഭാവം കണ്ടപ്പോള്‍ അമ്പിളിയ്ക്ക് ദേഷ്യം തോന്നാതിരുന്നില്ല. എങ്കിലും ഉമ്മച്ചനോട്‌ കയര്‍ത്തൊന്നും സംസാരിക്കാതെ  കടുപ്പിച്ചൊരു നോട്ടം  സമ്മാനിച്ചിട്ട്  ചാവടി ലക്ഷ്യമാക്കി അമ്പിളി നടക്കുകയും, ചിന്തകളുടെ ലോകത്ത് മനസ്സിനെ വിരാജിപ്പിക്കുകയും ചെയ്തു.
 
 
സാമ്പത്തികമായി പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന അമ്പിളിയുടെ വീട്ടുകാരെ സഹായിക്കുന്ന കാര്യത്തില്‍ പണ്ടുമുതലേ ഉമ്മച്ചനും അത്ര താത്പര്യമില്ലെന്ന് അമ്പിളിയ്ക്ക് അറിയാമായിരുന്നതിനാല്‍ ഉമ്മച്ചനോട്‌ പോലും പറയാതെയായിരുന്നു കുവൈറ്റില്‍ നിന്നും പണം അയച്ചു അവരെ സഹായിച്ചു കൊണ്ടിരുന്നത്. കടമകള്‍ നിര്‍വഹിക്കുവാനായി സഹായഹസ്തം ഇപ്പോഴും അവര്‍ക്ക് നേരെ നീട്ടുന്നതിനാല്‍ അമ്മയും അപ്പനും കഞ്ഞി കുടിച്ചു കിടക്കുന്നത്.  
 
 
ഉച്ച കഴിഞ്ഞപ്പോഴാണ് ഉമ്മച്ചനും, അമ്പിളിയും, ടോമും, ജെറിയുമെല്ലാം അമ്പിളിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചത്. യാത്രയുടെ ആലസ്യത്തില്‍ ഉമ്മച്ചന്‍ വണ്ടിയില്‍ ഇരുന്ന് ഉറങ്ങിപ്പോയി. ടോമും, ജെറിയും, അമ്പിളിയുമെല്ലാം ആ യാത്ര ആഘോഷിക്കുക തന്നെ ചെയ്തു.
 
വീട്ടില്‍ എത്തിയ ഉടനെ അമ്പിളി അമ്മയെ കെട്ടി പിടിച്ചു കുറെ നേരം കരഞ്ഞു. നാളുകള്‍ക്ക് ശേഷമുള്ള അവരുടെ പുനര്‍ സമാഗമമായിരുന്നു അത്. മകളുടെ വരവിനെ പറ്റി യാതൊരു വിവരവും കിട്ടാതിരുന്നതിനാല്‍ അമ്പിളിയുടെ അപ്പന്‍  ഇത്താക്കൂ തൊട്ടടുത്ത പീടികയിലേക്ക് പോയിരിക്കുകയായിരുന്നു.
 
അപ്പന്‍ എന്തിയേ?. അമ്പിളിയുടെ ആ ചോദ്യം കേട്ട ഉടനെ കുഞ്ഞേലിയാമ്മ ഒന്ന് ഉറക്കെ ചിരിച്ചു.
 
രാഷ്ടീയം തലയ്ക്ക് പിടിച്ച അതിയാന്‍ ചണ്ണപ്പേട്ടക്കാരന്‍ ആ മത്തായുടെ കടയിലേക്ക് പോയാല്‍ പിന്നെ ഉടനെയൊന്നും വരില്ലെന്ന് നിനക്ക് അറിയാവുന്നതല്ലേ?. അതിയാനെ വല്ല രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുമായി  ആരെങ്കിലും ഒക്കെ വിളിച്ചിരുന്നെങ്കില്‍ എന്തെങ്കിലും നക്കാപിച്ച വരുമാനം എങ്കിലും കിട്ടിയേനേ. അത്രയും പറഞ്ഞിട്ട്  കുഞ്ഞേലിയാമ്മ അടുക്കളയിലേക്ക് ഓടി പിടഞ്ഞു കയറി.
 
അമ്പിളിയും അമ്മയ്ക്ക് ഒപ്പം അടുക്കളയിലേക്ക് നടന്നു.
 
 
മുറ്റത്ത് മെടയുവാന്‍ ഇട്ടിരിക്കുന്ന ഓല മടലുകള്‍ കണ്ടപ്പോള്‍ മുതല്‍ അരിശപ്പെട്ടു നിന്നിരുന്ന അമ്പിളി അമ്മയ്ക്ക് നേരെ പരിഭവത്തിന്‍റെ കെട്ടുകള്‍ കുടഞ്ഞിട്ടു.
 
 
വല്ലയിടത്തും പണിക്ക് പോകരുതെന്നും പറഞ്ഞല്ലേ അമ്മേ ഞാന്‍ ഇപ്പോഴും പൈസാ അയച്ചുകൊണ്ടിരിക്കുന്നത്. ഉമ്മച്ചന്‍ അടുത്തില്ലെന്നുള്ള ഉറപ്പിലായിരുന്നു അമ്പിളി അത് പറഞ്ഞത്.
 
നിന്‍റെ വീട്പണിക്ക് എന്തെങ്കിലും തരണമെല്ലോയെന്നു കരുതി അച്ചായന്‍ ഓടിനടക്കുകയാ. അതാ പിശുക്കി പിശുക്കി ഞങ്ങള്‍ ജീവിക്കുന്നത്.
 
 
ആഹാ നല്ല ശേലായി അമ്മേ...
 
 
വീട് പണി കഴിയുമ്പോള്‍ ഉമ്മച്ചന്‍റെ കയ്യില്‍ ഏല്പിക്കുവാനുള്ള തുക ഞാന്‍ ഒരു കവറില്‍ ഇട്ടു തന്നു കൊള്ളാം. അതിനായി നിങ്ങള്‍ ആരും പട്ടിണി കിടന്നു ഒന്നും സമ്പാദിച്ചു കൂട്ടേണ്ടാ... അമ്പിളിയുടെ ആ സംസാരം മുഴുപ്പിക്കുന്നതിന് മുന്‍പ് അവിടേക്ക് ടോമും ജെറിയും ഓടി വന്നു.
 
 
അമ്മച്ചീ ഒന്നും കഴിക്കുവാന്‍ ഇല്ലേ?. അമ്മച്ചിയുടെ മറുപടിക്കായി കാത്തു നില്‍ക്കാതെ അടുക്കളയില്‍ ഇരിക്കുന്ന തടിപെട്ടി പൊക്കി നോക്കിയിട്ട് നിരാശഭാവത്തില്‍ തൊടിയിലേക്ക്‌ ഇറങ്ങി നടന്നു. ആ നടപ്പ് മുറ്റത്ത് നില്‍ക്കുന്ന വയസ്സന്‍ പേരയുടെ ചുവട്ടിലായിരുന്നു അവസാനിച്ചത്.
 
ഈ പേരയും കൂടി ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ വിശന്നു ചത്തു പോയേനേ അല്ലേടാ.. .. ടോം ജെറിയെ നോക്കി കണ്ണിറുക്കി കാട്ടി.
 
മറുപടിയായി ജെറി ആ തമാശ ആസ്വദിച്ചതുപോലെ ചിരിച്ചു.
 
അതേ സമയം കുഞ്ഞേലിയാമ്മ മകളോട് പരിഭവിക്കുക തന്നെ ചെയ്തു.
 
 
ഇങ്ങോട്ട് വരുന്ന വിവരമൊന്നു  ഫോണ്‍ ചെയ്തു പറഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ക്കായി എന്തെങ്കിലുമൊക്കെ കരുതില്ലായിരുന്നല്ലോ?. അടുക്കളയിലൂടെ ഉലാത്തുന്നതിനിടയില്‍ അമ്പിളിയ്ക്ക് അമ്മ പറഞ്ഞതിന്‍റെ പൊരുള്‍ പിടി കിട്ടുക തന്നെ ചെയ്തു.
 
 
സാരമില്ല... എന്തെങ്കിലുമൊക്കെ കറികള്‍ നമ്മള്‍ക്ക് ഉണ്ടാക്കാം അമ്മേ.
 
അമ്മയ്ക്കായി കൊണ്ടുവന്നിരിക്കുന്ന സാധങ്ങള്‍ എടുത്തുകൊണ്ട് വരുവാനായി അമ്പിളി തിണ്ണയിലേക്ക് നടന്നു.
 
 
അതേ സമയം ഉമ്മച്ചന്‍ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്തു കൊണ്ട് തിണ്ണയില്‍ ഇരിക്കുകയായിരുന്നു. രണ്ടു മൂന്ന് മാസങ്ങള്‍ക്ക് ഉള്ളില്‍ വീട് പണി തീര്‍ക്കുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണം.
 
 
ഉമ്മച്ചന്‍ നാരായണന്‍ ആചാരിയെ വിളിച്ചു വീടുപണിയുടെ കാര്യവും, രണ്ടു വീടുകള്‍ക്ക് സ്ഥാനം കാണുന്ന കാര്യവുമെല്ലാം ഒറ്റ ശ്വാസത്തില്‍ തന്നെ പറഞ്ഞു.
 
 
അത് കേട്ടതും നാരായണന്‍ ആചാരിയ്ക്ക് സന്തോഷം അടക്കുവാന്‍ ആയില്ല. കുറെ നാളത്തേക്ക് പണി അന്യേക്ഷിച്ച് ദിക്കുകള്‍ തോറും അലയേണ്ട ആവശ്യമില്ലെന്നുള്ള ചിന്ത അയാളുടെ മനസ്സില്‍ സന്തോഷത്തിന്‍റെ തേരോട്ടം നടത്തി.  
 
 
ഉമ്മച്ചനെ കണ്ടതും അമ്പിളി ലേശം വിഷാദത്തോടെ പറഞ്ഞു.
 
അമ്മയ്ക്കിന്നലെ സുഖം ഇല്ലാതിരുന്നതിനാല്‍ ഭക്ഷണം തയാറാക്കുവാന്‍ കുറെ സമയം കൂടി എടുക്കും. ഉമ്മച്ചായന്‍ ഊണ് തയ്യാറാക്കുന്നത് വരെയൊന്നു ക്ഷമിക്കണം.
 
 
നല്ല വിശപ്പ്‌ ഉണ്ടായിരുന്ന ഉമ്മച്ചന്‍ യാതൊന്നും ഒന്നും മറുപടി പറഞ്ഞില്ല. പകരം അമ്പിളിയെ സ്നേഹപൂര്‍വ്വമൊന്നു നോക്കി ചിരിച്ചു.
 
 
തിരികെ പോകുന്ന കാര്യം ഓര്‍ക്കുമ്പോള്‍ എനിക്ക് ഇപ്പോഴും കരച്ചില് വരികയാ ഉമ്മച്ചായാ. വീട് പണിക്ക് ഒത്തിരി പണം ആവശ്യമുണ്ടല്ലോയെന്ന്‍ ഓര്‍ക്കുമ്പോള്‍  ജോലി കളയുവാനുള്ള മനസ്സും വരുന്നില്ല. എങ്കിലും രണ്ട് ആഴ്ചകൂടി ലീവ് നീട്ടി എടുക്കുന്ന കാര്യം ഇബ്രാഹീം ഡോക്ടറോട് ചോദിക്കുവാന്‍ ഇരിക്കുകയാ ഞാന്‍.
 
 
അമ്പിളി ഉമ്മച്ചനെ സമാധാനിപ്പിക്കുവാനായിട്ടായിരുന്നു അത്രയും പറഞ്ഞത്. ഉമ്മച്ചന്‍റെ മനസ്സിന് കുളിര്‍മ്മ സമ്മാനിക്കുവാന്‍  അമ്പിളിയുടെ  ആ  വാക്കുകള്‍ക്ക്  കഴിഞ്ഞു.
 
 
 
 
 
തുടരും
 
 
രഞ്ജിത്ത് മാത്യു

കവർ ചിത്രം: ബിനോയ് തോമസ് 

ക്രിക്കറ്റും പ്രണയവും

Feb. 13, 2021

പ്രണയനാളുകൾ twenty-20 match പോലെയാണ്... ബാറ്റ് ചെയ്യാൻ ഇറങ്ങിയ രണ്ട് കളിക്കാരാണ് നായകനും നായികയും... ഇവർക്ക് ഏത് പ്രതികൂല സാഹചര്യവും നേരിടാനുള്ള ചങ്കൂറ്റം വേണം... വേഗത വേണം... ഇല്ലെങ്കിൽ out ആയി പവലിയനിൽ ഇരിക്കാം... പ്രണയഭാജ്യം ഫോമിലായി പുതിയ പങ്കാളിയെ കണ്ടെത്തുന്നത് വേദനയോടെ കാണേണ്ടിവരും... 
പരസ്പര ധാരണയിൽ, സഹകരിച്ചു കളിച്ചാൽ വിവാഹത്തിലെത്താം ഇല്ലെങ്കിൽ തഥൈവ...

ബൗളർ (വില്ലൻ) അപ്പൻ തന്നെ. പ്രണയമറിഞ്ഞാൽ തകർക്കാൻ ഏതു ബോളും എറിയും...
"ദേ ഈ ബന്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഞാൻ ജീവിച്ചിരിക്കുകേല". ഒറ്റ dialogue CLEAN - BOWLED. ഈ ബോൾ ഉന്നം വയ്ക്കുന്നത് കൂടുതൽ നായികയെയാണ്...
മറച്ചുവെക്കുന്ന പ്രണയം ഔട്ടാക്കാൻ കഴിയുന്ന അപ്പന്മാരുമുണ്ട്... LBW ബോളിൽ... അപ്പീലിന് പോകും... അമ്പയർ (പോലീസ്, കോടതി തുടങ്ങിയവ) യെ ആശ്രയിക്കും...
വലിയ philosophy പറയുന്ന അപ്പന്മാരുണ്ട്, പ്രണയതിന്ന് മുഴുവൻ പിന്തുണയാണെന്ന് കരുതും... എന്നാൽ കാര്യത്തിന്റെ അടുത്ത് എത്തുമ്പോൾ ഒരു മറിച്ചിലാണ്, reverse swing ബോൾ പോലെ... കട്ട എതിർപ്പ് ... തീർക്കും ആ പ്രണയബന്ധം... out...

നേരിട്ട് അക്രമണത്തിന് മുതിരാത്തവരാണ് അമ്മമാർ... പക്ഷേ തന്ത്രശാലികളാണ്... അവസരം കിട്ടിയാൽ പാര വെക്കും. Dhoni യെ പോലെ അതി വിദഗ്‌ദ്‌ധനെങ്കിലോ, പ്രണയം തകർക്കാനുള്ള ചരട് ഇവരുടെ കൈയിലായിരിക്കും... അമ്മയ്ക്ക് പിന്തുണയായി കുറേ പേര് ചുറ്റും ഉണ്ട് കേട്ടോ... ആങ്ങള പെങ്ങന്മമാർ, ഉറ്റ സുഹൃത്തുക്കൾ എന്നുവേണ്ട ഒറ്റകെട്ടായി പ്രണയത്തെ എതിർത്തു കളയും... ചിലപ്പോൾ ഇവരെല്ലാവരും കൂടി sludging നടത്തി, ഓസ്ട്രേലിയ നടത്തുന്ന പോലെ... psychologically തകർത്തുകളയും... പെണ്ണിന് നിറമില്ല, ജോലിയില്ല, ചെറുക്കന് സ്വത്തില്ല, ജാതി വേറെയാണ്... ഇങ്ങനെ നീണ്ട് പോകുന്നു അത്...

ഇനിയുമുണ്ട് കഥാപാത്രങ്ങൾ... അയൽപക്കക്കാർ, പരദുഷണ കമ്മറ്റികൾ... ഒരു കൂട്ടർ ഉണ്ട്... അവരങ്ങു ദൂരെ ആയിരിക്കും... നേരിട്ട് ഇടപെടില്ല; പക്ഷേ runout ആകാനുള്ള വേല അവരുടെ കൈയിലുണ്ട്... ചെറുക്കന് ഒരു msg "അവൾ പോക്കാ","തേപ്പുകാരിയാ,"സംശയശാലിയായ നായകനെങ്കിൽ അവിടെ തീർന്നു കഥ.

Mankad നടത്തുന്ന അപ്പന്മാരും ഉണ്ട്....സ്‌ട്രൈക്കർ end ഇൽ നിൽക്കുന്നവരെ അല്ലല്ലോ non striker player നെയാണല്ലോ Mankad  ഉന്നം വെക്കുക ... അതുപോലെ സ്വന്തം മകന്റെയോ/മകളുടെയോ lover നെയാണ് ഇവിടെ out ആക്കാൻ ശ്രമിക്കുന്നത്‌... പെണ്ണിന്റെ അപ്പന്മാർക്കാണ് ഈ പണിയുള്ളത്... ആദ്യം നായകന് എതിരെ ഭീഷണി, ഏറ്റില്ലെങ്കിൽ കൊലപാതകം (out ).... എത്ര കണ്ടിരിക്കുന്നു നമ്മൾ...

എന്നാൽ ഇതൊക്കെ തരണം ചെയ്തു മുന്നേറിയാൽ സപ്നങ്ങൾ ബൗണ്ടറി കടത്താം, റണ്ണുകൾ വാരികൂട്ടാം, ജീവിതമാകുന്ന ടീമിന് കപ്പ് നേടിയെടുക്കാം ...

New generation കാലം ആയതു കൊണ്ട് നിരാശ കാമുകന് ഒട്ടും role ഇല്ല കേട്ടോ... IPL (internet) വന്നതോടു കൂടി യോജിക്കുന്ന ആളെ കണ്ടുപിടിക്കാൻ എളുപ്പമായി... പ്രണയം സഫലമാക്കാൻ കുറെ അവസരങ്ങളായി. ചിലപ്പോൾ ഒരിക്കലും സ്വപ്നങ്ങൾ പൂവണിയാതെയും വരാം...

മേൽ പറഞ്ഞവ, എതിർപ്പുകൾ നേരിടുന്ന പ്രണയത്തെ കുറിച്ചാണ് കേട്ടോ... ഇനി ഒരു എതിർപ്പും നേരിടാത്ത പ്രണയങ്ങൾ ഉണ്ട്. ഉയർന്ന ജോലി, ഉയർന്ന സാമ്പത്തികശേഷി... കണ്ട് കണ്ണ് മഞ്ഞളിച്ച മാതാപിതാക്കൾ... ഒരുതരത്തിൽ കോഴ വാങ്ങി കളിക്കുന്നവർ... എന്തു തന്നെ ആയാലും നായകനും നായികയ്ക്കും നേട്ടം തന്നെ...

ഇനി വിവാഹം കഴിഞ്ഞാലോ പിന്നെ test match പോലെയാണ്... നീണ്ടുനിവർന്നു കിടക്കുന്ന ദിനങ്ങൾ... ഇവിടെ ബന്ധുക്കൾ, അപ്പൻ, അമ്മ , സഹോദരങ്ങൾ തുടങ്ങിയവർക്കൊക്കെ role ഇല്ലെന്നു തന്നെ പറയാം ..ego, സാമ്പത്തികം, കുട്ടികളുടെ വിദ്യാഭ്യാസം, ജോലി, രോഗങ്ങൾ തുടങ്ങിയ ഒട്ടനവധി ബോൾ നേരിടേണ്ടി വരും... വലിയ റിസ്ക് (അവിഹിതം, മദ്യപാനം തുടങ്ങിയ ദുശ്ലീലങ്ങൾ) എടുക്കാതിരുന്നാൽ ഒരു 5decade വരെ ഒക്കെ അങ്ങ് പോയിക്കൊള്ളും... ദ്രാവിഡ്, വില്യംസൺ, പുജാറയെ പോലെ നല്ല ക്ഷമയോടെ മുട്ടി മുട്ടി, ഏതു പ്രതികൂല സാഹചര്യവും നേരിടാനുള്ള ചങ്കുറപ്പു ണ്ടായാൽ ജീവിതം തന്നെ അങ്ങ് മിന്നിക്കൊള്ളും ..

 

ശുഭം 

 

സോണിയ സുബീഷ് 

 

കവർ ചിത്രം: ബിനോയ് തോമസ്  

വലിയ പരിഷ ശങ്കരനാരായണച്ചാക്യാർ

Feb. 12, 2021

മുൻപൊരു കാലത്ത് അമ്പലപ്പുഴ ശങ്കരനാരായണച്ചാക്യാർ എന്നു പ്രസിദ്ധനായിട്ട് ഒരു മഹാനുണ്ടായിരുന്നു.

അമ്പലപ്പുഴച്ചാക്യാരെ വലിയ പരി‌ഷച്ചാക്യാരെന്നുകൂടി പറയാറുള്ളതിനാൽ ഈ മഹാനെ സാധാരണയായി വലിയ പരി‌ഷ ശങ്കരനാരായണച്ചാക്യാർ എന്നാണ് എല്ലാവരും പറഞ്ഞുവന്നിരുന്നത്.

ആ ചാക്യാർ കൊല്ലം 1022-ആമാണ്ടു നാടുനീങ്ങിയ മഹാരാജാവ് തിരുമനസ്സിലെക്കാലത്തു തിരുവനന്തപുരത്തു ചെല്ലുകയും തിരുമനസ്സിലെ സേവകൻമാരിൽ ഒരാളും ആ തിരുമേനിയിൽനിന്നു കരീന്ദ്രൻ എന്ന വിശേ‌ഷപ്പേരു ലഭിച്ച മഹാനുമായിരുന്ന കിളിമാനൂർ ചെറുണ്ണി കോയിത്തമ്പുരാൻ മുഖാന്തരം തിരുമനസ്സറിയിച്ചു മുഖം കാണിക്കുകയും അവിടെ തിരുവമ്പാടി മണ്ഡപത്തിൽവെച്ചു പന്ത്രണ്ടു ദിവസത്തെ കൂത്തു നടത്തുന്നതിനു കല്പനയുണ്ടാവുകയും ചെയ്തു.

 കൂത്തു പ്രബന്ധം പറയുകയായിരുന്നു. ചാക്യാരുടെ വാക്കു[1] കേൾക്കുന്നതിന് ഒരു ദിവസം എഴുന്നള്ളിയിരുന്നു. പിന്നെ എഴുന്നള്ളാതെയിരുന്നപ്പോൾ കോയിത്തമ്പുരാൻ, തിരുമനസ്സിലെ അടുക്കൽ "ചാക്യാരുടെ കൂത്ത് അവിടെയ്ക്കത്ര രസിച്ചില്ലെന്നുണ്ടോ?" എന്നു ചോദിച്ചു.

അതിനു തിരുമനസ്സുകൊണ്ട്, "എന്നില്ല. ചാക്യാർ ശ്ലോകാർത്ഥം പിഴയ്ക്കാതെ വിസ്തരിച്ചു പറയുന്നുണ്ടല്ലോ. വാക്കിനു മാധുര്യമില്ലാതത്തിനാൽ കേൾക്കാൻ സുഖം പോരാ എന്നേ ഉള്ളൂ" എന്നു മറുപടി കല്പിക്കുകയും ചെയ്തു.

പന്ത്രണ്ടു ദിവസത്തെ കൂത്തു കഴിഞ്ഞപ്പോൾ ചാക്യാർക്കു പതിവുള്ള പണം കൊടുക്കാൻ കല്പിച്ചതല്ലാതെ സമ്മാനമൊന്നും കല്പിച്ചു കൊടുത്തതുമില്ല. കോയിത്തമ്പുരാനോടു മേൽപ്പറഞ്ഞപ്രകാരം കല്പിച്ചത് എങ്ങനെയോ ചാക്യാർ മനസ്സിലാക്കി.

അതുകൊണ്ടും സമ്മാനമൊന്നും ലഭിക്കായ്കകൊണ്ടും ചാക്യാർക്കു വളരെ കുണ്ഠിതമുണ്ടായി. എങ്കിലും ചാക്യാർ നിരുൽത്സാഹിയായി ഭവിക്കാതെ ഈ തിരുമനസ്സിലെ തൃക്കയ്യിൽനിന്നു സമ്മാനം വാങ്ങുവാൻ സാധിക്കുമോ എന്നൊന്നു പരീക്ഷിച്ചു നോക്കണമെന്ന് നിശ്ചയിച്ച് തിരുവനന്തപുരത്തു നിന്നു കന്യാകുമാരിക്കു പോയി.

അവിടെ ഒരു സംവൽസരഭജനം നടത്തിയതിന്റെ ശേ‌ഷം വീണ്ടും തിരുവനന്തപുരത്തു വരികയും കോയിത്തമ്പുരാനെ കാണുകയും കോയിത്തമ്പുരാൻ വിവരം തിരുമനസ്സറിയിക്കുകയും അപ്പോഴും പന്ത്രണ്ടു ദിവസത്തെ കൂത്തു നടത്തുവാൻ കല്പനയുണ്ടാവുകയും ചെയ്തു.

കൂത്തു തുടങ്ങി നാലഞ്ചു ദിവസമായിട്ടും വാക്കു കേൾക്കാൻ ഒരു ദിവസവും എഴുന്നള്ളിയില്ല. അതിനാൽ ചെറുണ്ണിക്കോയിത്തമ്പുരാൻ, "എന്താ ചാക്യാരുടെ വാക്കു കേൾക്കാൻ ഇതുവരെ എഴുന്നള്ളിയില്ലല്ലോ. ഒരു ദിവസമെങ്കിലും എഴുന്നള്ളി കേൾക്കേണ്ടതാണ്" എന്നു പറഞ്ഞു.

അതുകേട്ടു തിരുമനസ്സുകൊണ്ട് "കഴിഞ്ഞകൊല്ലം കേട്ടതാണല്ലോ" എന്നു കല്പിച്ചു. അപ്പോൾ കോയിത്തമ്പുരാൻ "അതുകൊണ്ടു മതിയായില്ല.

കഴിഞ്ഞകൊല്ലം കല്പിച്ചതു ചാക്യാരുടെ വാക്കിനു മാധുര്യമില്ല എന്നാണല്ലോ. ഇക്കൊല്ലം അങ്ങനെയല്ല. വാക്കിന് ഇതിലധികം മാധുര്യമുണ്ടാകാൻ നിവൃത്തിയില്ലാത്ത നിലയിലായിട്ടുണ്ട്" എന്നറിയിച്ചു."എന്നാൽ നാളെത്തന്നെ ഒന്നു കേട്ടുകളയാം" എന്നു കല്പിക്കുകയും ചെയ്തു.

പിറ്റേ ദിവസം എഴുന്നള്ളി ചാക്യാരുടെ വാക്കു കേട്ടു വളരെ സന്തോ‌ഷിച്ചു. ഉടനെ ഒന്നാം തരത്തില രണ്ടു വീരശൃംഘല വരുത്തി കൂത്തു കഴിഞ്ഞയുടനെ ചാക്യാരെ കല്പിച്ചു വിളിപ്പിച്ചു തൃക്കൈകൊണ്ടു തന്നെ രണ്ടു കയ്യിന്മേലിടുവിക്കുകയും "കൂത്തു വളരെ നന്നായി. ഇത്രയും മാധുര്യമുള്ള വാക്കു ചാക്യാൻമാർ പറഞ്ഞ് ഇതിനു മുമ്പു കേട്ടിട്ടില്ല. വളരെ സന്തോ‌ഷമായി" എന്നു കല്പിക്കുകയും ചെയ്തു.

ആദ്യം നിശ്ചയിച്ചതുകൂടാതെ കല്പനപ്രകാരം പിന്നെ നാൽപ്പതു ദിവസത്തെ കൂത്തുകൂടിയുണ്ടായി. എല്ലാ ദിവസവും എഴുന്നള്ളി വാക്കു കേൾക്കുകയും വളരെ സന്തോ‌ഷമായി കല്പിക്കുകയും ഓണപ്പുടവ കൊടുത്തയയ്ക്കുകയും ചെയ്തു.

അക്കാലം മുതൽ വലിയ പരി‌ഷ ശങ്കരനാരാണയച്ചാക്യാർ എന്നുള്ള പ്രസിദ്ധി ഭൂലോകമെല്ലാം നിറഞ്ഞു. "ഇങ്ങനെയൊരു ചാക്യാർ മുമ്പുണ്ടായിട്ടുമില്ല.

ഇനി ഉണ്ടാവുകയുമില്ല" എന്നു സകല ജനങ്ങളും ഒരു പോലെ പ്രശംസിച്ചുതുടങ്ങുകയും ചെയ്തു. അതു വാസ്തവമായിരുന്നു. വാക്കിന് മാധുര്യാദി ‌ഷൾഗുണങ്ങളുടെ തികച്ചിൽ ഇതുപോലെയുണ്ടായിട്ട് ഒരു ചാക്യാർ അതിനുമുമ്പും അതിൽ പിന്നെയുമുണ്ടായിട്ടില്ലെന്നുതന്നെയാണ് കേൾവി.

ഇത്രയുമായപ്പോഴേക്കും വിദ്വാൻമാർക്ക് ഉണ്ടാകാത്തവയും ഉണ്ടാകരുതാത്തവയുമായ ചില ദുർഗുണങ്ങൾ ആ ചാക്യാർക്കുണ്ടായിത്തീർന്നു. അവ മറ്റൊന്നുമല്ല. അഹംഭാവം, പരപുച്ഛം, ദുരാഗ്രഹം ഇത്യാദികളാണ്. അതിനാൽ സാമാന്യക്കാരു പറഞ്ഞാലും വിളിച്ചാലും അയാൾ എങ്ങും പോകാതെയും കൂത്തു കഴിക്കാതെയുമായി. വലിയ രാജാക്കൻമാരോ പ്രഭുക്കൻമാരോ അല്ലാതെ വല്ലവരും വിളിച്ചാൽ വച്ചിടത്തുമൊക്കെപ്പോയി കൂത്തു കഴിക്കുന്നതു കുറച്ചിലാണെന്നാണ് അയാൾക്കു പ്രധാനമായിട്ടുണ്ടായ ഒരു വിചാരം.

ഇങ്ങനെയിരിക്കുമ്പോൾ മുറജപത്തിനു പോകാനായി വാദ്ധ്യാന്മാർ, വൈദികന്മാർ, വലിയ വലിയ ആടന്മ്യന്മാർ മുതലായി അസംഖ്യം ബ്രാഹ്മണശ്രഷ്ഠന്മാർ ഒരു ദിവസം അമ്പലപ്പുഴ വന്നു ചേർന്നു.

ശങ്കരനാരായണച്ചാക്യാരുടെ വാക്കു വളരെ കേമമാണെന്നും മറ്റും ഓരോരുത്തർ സ്തുതിക്കുന്നതല്ലാതെ ആ ചാക്യാരുടെ വാക്ക് അവരാരും കേട്ടിട്ടുണ്ടായിരുന്നില്ല. അതിനാൽ അമ്പലപ്പുഴയെത്തുമ്പോൾ അതൊന്നു കേൾക്കണമെന്നു തീർച്ചപ്പെടുത്തിക്കൊണ്ടാണ് അവിടെ വന്നു ചേർന്നത്.

തോണിയിൽനിന്ന് ഇറങ്ങിയ ഉടനെ ചാക്യാരെക്കണ്ടു കൂത്തിന്റെ കാര്യം ഏർപ്പാടു ചെയ്തിട്ടുവേണം മറ്റുള്ള കാര്യങ്ങളൊക്കെ എന്നു നിശ്ചയിച്ച് ഒട്ടുവളരെ നമ്പൂരിമാർ ചാക്യാരുടെ മഠത്തിലെത്തി. ചാക്യാർ അവരെ യഥോചിതം ആസനസൽക്കാരം ചെയ്തിരുത്തീട്ട് അവർ അവിടെ ചെന്നതിന്റെ കാരണം ചോദിച്ചു. നമ്പൂരിമാർ അവരുടെ ആഗ്രഹത്തെ ചാക്യാരെ അറിയിച്ചു.

അപ്പോൾ ചാക്യാർ "ഇന്ന് എനിക്കു നല്ല സുഖമില്ലാത്ത ദിവസമാണ് . നാളെയോ മറ്റോ ആവാം" എന്നു പറഞ്ഞു.

നമ്പൂരിമാർ: ചാക്യാർ ഇങ്ങനെ മടി പറയരുത്. ഞങ്ങളിത് ആഗ്രഹിച്ചു തുടങ്ങീട്ടു വളരെ നാളായി. ഏതെങ്കിലും മുറജപത്തിന് ഇങ്ങോട്ടു വരണമല്ലോ. അപ്പോൾ ഇതും സാധിച്ചുകൊള്ളാമെന്നു ഞങ്ങൾ ഉറപ്പായി വിശ്വസിച്ചുംകൊണ്ടാണ് വന്നത്. അത് ചാക്യാർ സാധിപ്പിക്കണം.അല്ലെങ്കിൽ ഞങ്ങൾക്ക് വളരെ വ്യസനവും ഇച്ഛാഭംഗവുമുണ്ടാകും. ഞങ്ങൾക്കു ഒരു സ്ഥലത്ത് ഒരു നേരത്തിലധികം താമസിക്കാവുന്നതല്ല. ചാക്യാരുടെ വാക്കു കേൾക്കാനുള്ള ആഗ്രഹാധിക്യംകൊണ്ടാണ് അത്താഴത്തിനുകൂടി ഇവിടെ താമസിക്കാമെന്നു വച്ചത്. അത്താഴം കഴിഞ്ഞാലുടനെ പോകാതെയിരിക്കാൻ ഞങ്ങൾക്കു നിവൃത്തിയില്ല.

ചാക്യാർ: ഇന്ന് എങ്ങനെയായാലും സാധിക്കയില്ല. നാളെയാണെങ്കിൽ വല്ലതുമാവട്ടെ. പ്രയാസമായിട്ടാണിരിക്കുന്നത്. എനിക്കു തീരെ സുഖമില്ല. ഒരു ജലദോ‌ഷച്ഛായയോ ഒച്ചയടപ്പോ ഏതാണ്ടൊക്കെയുണ്ട്.

നമ്പൂരിമാർ: അതെന്താക്കെയായാലും കൂത്തിന്നു വേണം. അതിനു ചാക്യാരു യാതൊരു ഒഴികഴിവും പറയരുത്. ഇവിടെ വന്നിട്ടു ചാക്യാരുടെ വാക്കു കേൾക്കാതെ പോകുന്നതു ഞങ്ങൾക്കു വലിയ സങ്കടമാണ്. പണം എത്ര വേണമെങ്കിലും തരാൻ ഞങ്ങൾ തയ്യാറാണ്.

ചാക്യാർ: പണത്തിന്റെ കാര്യം വിചാരിച്ചിട്ടു മറ്റുമല്ല. എനിക്കിന്നു നിവൃത്തിയില്ലാഞ്ഞിട്ടാണ്.

നമ്പൂരിമാർ: അയ്യോ! ചാക്യാരങ്ങനെ പറയരുത്. ഞങ്ങൾ പലർകൂടി അപേക്ഷിക്കുന്നതാണ്. വാദ്ധ്യാന്മാരും വൈദികന്മാരും വേറെ പല യോഗ്യന്മാരും വന്നിട്ടുണ്ട്. അവർക്കൊക്കെ ചാക്യാരുടെ വാക്കു കേട്ടാൽ കൊള്ളാമെന്നു വളരെ മോഹമുണ്ട്. അതിനാൽ ചാക്യാർ ഞങ്ങളുടെ അപേക്ഷയെ ഉപേക്ഷിക്കരുത്.

ചാക്യാർ: ഇതൊരു നാശമായിട്ടു തീർന്നല്ലോ. എന്തു പറഞ്ഞാലും ഒഴിച്ചുപോവുകയില്ലെന്നുവച്ചാലെങ്ങനെയാണ്? ഇന്നെനിക്കു പ്രയാസമാണെന്നു പറഞ്ഞില്ലേ? വല്ലവരും വന്നു പറഞ്ഞുലുടനെ കൂത്തു കഴിക്കാൻ ഇവിടെ തയ്യാറില്ല. എന്റെ വാക്കു കേൾക്കണമെന്നുള്ളവർ എന്റെ സൗകര്യംകൂടി നോക്കണം. ഇനി ഇക്കാര്യത്തെപ്പറ്റി എന്നോടൊന്നും പറയേണ്ട. ഞാനതിനു തയ്യാറായില്ല. വേണമെങ്കിൽ നിങ്ങൾ മടക്കത്തിലിതിലേ വന്നാൽ സകൗര്യമുണ്ടെങ്കിൽ അന്നാവാം.

ചാക്യാർ ഇപ്രകാരം തീർച്ചയാക്കി പറഞ്ഞപ്പോൾ ശുദ്ധാത്മാക്കളായ ആ ബ്രാഹ്മണശ്രഷ്ഠർക്കു സഹിക്കവയ്യാതെകണ്ടുള്ള വ്യസനവും ഇച്ഛാഭംഗവും ഉണ്ടായെന്നുള്ളതു പറയേണ്ടതില്ലല്ലോ. അവരെല്ലാവരും വലിയ ആഡ്യന്മാരും ജന്മികളുമായിരുന്നു. അവരെന്തെങ്കിലും ആരോടെങ്കിലും പറഞ്ഞാൽ സമ്മതിക്കുകയല്ലാതെ ആരും പതിവില്ല. ഇങ്ങനെ ഒരനുഭവം അവർക്ക് ഇദംപ്രഥമമായിട്ടായിരുന്നു.

ആരോടെങ്കിലും എന്തെങ്കിലും പറയണമെങ്കിൽ ആളയച്ചുവരുത്തിപ്പറയുകയല്ലാതെ അവർ മറ്റൊരാളിരിക്കുന്നിടത്തു ചെന്ന് ഒരു കാര്യം പറയുകതന്നെ പതിവില്ല. ചാക്യാരുടെ വാക്കു കേൾക്കാനുള്ള ആഗ്രഹാധിക്യം നിമിത്തം അവർ സ്വാഭിമാനമെല്ലാം വിട്ട് ആ ചാക്യാരുടെ ഇരിപ്പിടത്തുചെന്ന് വളരെ താഴ്മയോടുകൂടി പല വിധത്തിൽ അപേക്ഷിച്ചിട്ടും അയാൾ അതിനെ കൈക്കൊള്ളാതെയിരുന്നതിൽ അവർക്കു വളരെ വ്യസനമുണ്ടായത് ഒരത്ഭുതമല്ല.

ചാക്യാരുടെ ധിക്കാരവചനം കേട്ടിട്ട് അവർക്കു വ്യസനം മാത്രമല്ല, കുറേശ്ശെ കോപവുമുണ്ടായി. അവരിൽ വയോവൃദ്ധനും തപോവൃദ്ധനുമായ ഒരു നമ്പൂരി വ്യസനത്തോടുകൂടി "ഞങ്ങൾ ഇങ്ങോട്ടു മടങ്ങിവരുമ്പോളല്ലാതെ തരമാവുകയില്ല അല്ലേ? അതു തീർച്ചതന്നെയാണോ?" എന്നു വീണ്ടും ചോദിച്ചു. "തീർച്ചതന്നെ" എന്നു ചാക്യാർ മറുപടി പറഞ്ഞു.

അപ്പോൾ ആ നമ്പൂരി ഞങ്ങൾ "തിരിയെ വരുമ്പോഴേയ്ക്കും നിനക്കു പറയാൻ വയ്യാതെയായിപ്പോയെങ്കിലോ?" എന്നു ചോദിച്ചു. അതിനുത്തരം പറയാനായി ചാക്യാർ "എ" എന്നൊരക്ഷരം മാത്രം പറഞ്ഞു. അപ്പോഴേയ്ക്കും നാവു തളർന്നു പോയതിനാൽ ഒന്നും പറയാൻ വയ്യാതെയായിപ്പോയി.

നമ്പൂരിമാർ കുളിയും ഊണും കഴിച്ചു തിരുവനന്തപുരത്തേക്കു പോയി. ചാക്യാർ ഒന്നും സംസാരിക്കാൻ വയ്യാതെ കേവലം മൂകനെപ്പോലെ പിന്നെയും വളരെക്കാലം ജീവിച്ചിരുന്നു. പശ്ചാത്താപമനുഭവിച്ചതിന്റെ ശേ‌ഷം ചരമഗതിയെ പ്രാപിക്കുകയും ചെയ്തു.

 

രഞ്ജിത്ത് മാത്യു

 

അടുത്ത ലക്കം : 

കുഞ്ചൻനമ്പ്യാരുടെ ഉത്ഭവം

 

കവർ ചിത്രം: ബിനോയ് തോമസ്