തോലകവി

March 13, 2021

തോലകവിയൊരു  മലയാള ബ്രാഹ്മണകുലത്തിൽ ജനിച്ച ആളായിരുന്നു എന്നല്ലാതെ ഇദ്ദേഹത്തിന്റെ ഇല്ലം എവിടെയായിരുന്നുവെന്നും സാക്ഷാൽ പേരെന്തായിരുന്നുവെന്നും ജീവിച്ചിരുന്ന കാലമേതെന്നും മറ്റുമറിയുന്നതിനു ശരിയായ ലക്ഷ്യമൊന്നും കാണുന്നില്ല.

 

 എങ്കിലും ഇദ്ദേഹം അഭി‌ഷേകം, തപതീസംവരണം, സുഭദ്രാധനഞ്ജയം എന്നീ നാടകങ്ങളുടെയും ആശ്ചര്യമഞ്ജരി എന്ന ഗദ്യപ്രബന്ധത്തിന്റെയും നിർമാതാവും കേരളചക്രവർത്തിയുമായിരുന്ന 'കുലശേഖരവർമാ'വെന്ന ചേരമാൻ പെരുമാളുടെകൂടെ സേവകനായി തിരുവഞ്ചിക്കുളത്തു താമസിച്ചിരുന്നതായി കേൾവിയുണ്ട്.

 

അതിനാൽ തോലകവി ജീവിച്ചിരുന്നത് ആ ചേരമാൻ പെരുമാളുടെ കാലത്തായിരുന്നു എന്നു വിചാരിക്കാം. തോലകവിയുടെ കുടുംബവും വംശ്യന്മാരും ഇപ്പോൾ ഇല്ലെന്നു തീർച്ചയാണ്. അദ്ദേഹത്തിന്റെ ചരിത്രം വിചാരിച്ചാൽ അതൊന്നുമുണ്ടായിരിക്കാൻ മാർഗവുമില്ല.

 

തോലകവി ഉപനയനം കഴിഞ്ഞു ബ്രഹ്മചാരിയായിരുന്ന കാലത്തുതന്നെ അദ്ദേഹത്തിന്റെ അച്ഛൻ മരിച്ചു. പിന്നെ ആ കുടുംബത്തിൽ അദ്ദേഹവും വിധവയായ അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു. തോലകവി വിവാഹം കഴിച്ചിരുന്നില്ല. പിന്നെ ആ വംശം വർദ്ധിക്കാനിടയില്ലല്ലോ.

തോലകവി ചെറുപ്പത്തിൽത്തന്നെ ബുദ്ധിയും യുക്തിയുമുള്ള ആളും ഫലിതക്കാരനും പരിഹാസശീലനുമായിരുന്നു. ഒരു ദിവസം അദ്ദേഹം അദ്ദേഹത്തിന്റെ ഇല്ലത്ത് ഊണുകഴിച്ചുകൊണ്ടും അമ്മ വിളമ്പിക്കൊടുത്തു കൊണ്ടുമിരുന്ന സമയം അവിടെ ദാസ്യ പ്രവൃത്തികൾ ചെയ്തു താമസിച്ചിരുന്ന 'ചക്കി' എന്നു പേരായ വൃ‌ഷലി ഇതൊരു നല്ല അവസരമാണെന്നു കരുതി നെല്ലു മോഷ്ടിച്ചെടുക്കാനായി പത്തായത്തിൽ കയറി.

 

തോലനും അമ്മയും അടുക്കളയിലായിരുന്നതിനാൽ ആരും കാണുകയില്ലെന്നു വിചാരിച്ചാണ് അവൾ ആ തരം നോക്കി പത്തായത്തിൽ കയറിയത്. എങ്കിലും തോലൻ അതു കണ്ടു. ബ്രഹ്മചാരികൾ ഉണ്ടിരിക്കുമ്പോൾ മിണ്ടരുതെന്നും അഥവാ വല്ലതും സംസാരിക്കുകയാണെങ്കിൽ അതു സംസ്കൃതത്തിലേ ആകാവൂ എന്നും മലയാള ബ്രാഹ്മണരുടെ ഇടയിൽ ഒരു ചട്ടമുണ്ട്.

 

തോലന് സംസ്കൃതഭാ‌ഷാജ്ഞാനമില്ലായിരുന്നതിനാൽ ഒരു സമയം അദ്ദേഹം കണ്ടാലും തത്ക്കാലമൊന്നും മിണ്ടുകയില്ലെന്നുള്ള വിചാരവും ചക്കിക്ക് ഉണ്ടായിരുന്നു. എന്നാൽ തോലൻ ഇതു കണ്ടിട്ടു മിണ്ടാതെയിരുന്നില്ല. അദ്ദേഹത്തിനു ഗീർവ്വാണഭാ‌ഷാജ്ഞാനമില്ലായിരുന്നുവെങ്കിലും തൽക്കാലാവശ്യത്തിനായി അദ്ദേഹം തന്റെ യുക്തികൊണ്ടും ബുദ്ധികൊണ്ടും ചില വാക്കുകൾ സൃഷ്ടിച്ചാണ് സംസാരിച്ചത്.

 

അത് 'പനസി ദശായാം പാശി' എന്നായിരുന്നു. പനസം എന്നു പറഞ്ഞാൽ ചക്ക എന്നും ദശ എന്നു പറഞ്ഞാൽ പത്ത് എന്നും പാശം എന്നു പറഞ്ഞാൽ കയറ് എന്നും അർത്ഥമുള്ളതിനാൽ പനസി എന്നു പറഞ്ഞാൽ ചക്കി എന്നും ദശായാം എന്നു പറഞ്ഞാൽ പത്തായത്തിലെന്നും പാശി എന്നു പറഞ്ഞാൽ കയറി എന്നും അർത്ഥം സിദ്ധിക്കുമെന്നു യുക്തികൊണ്ടു നിശ്ചയിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

 

തോലന്റെ അമ്മയും പുത്രനെപ്പോലെത്തന്നെ ബുദ്ധിയും യുക്തിയുമുള്ള കൂട്ടത്തിലായിരുന്നു. അതിനാൽ ആ അന്തർജനം പുത്രൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കുകയും ഉടൻ ഓടിച്ചെന്ന് ചക്കിയുടെ കളവു കണ്ടുപിടിക്കുകയും ചെയ്തു എങ്കിലും 'ഇനി മേലാൽ ഇങ്ങനെ ചെയ്യരുതെ'ന്നും പറഞ്ഞു ശാസിച്ചതല്ലാതെ ആ അന്തർജനം ചിരപരിചിതയും അനന്യശരണയുമായിരുന്ന ആ വൃ‌ഷലിയെ ഉപേക്ഷിച്ചില്ല.

 

 അതിനാൽ അവൾ പിന്നെയും യഥാപൂർവ്വം അവിടെത്തന്നെ താമസിച്ചു. എങ്കിലും അക്കാലം മുതൽ അന്തർജനവും തോലനും പ്രത്യേകം സൂക്ഷിച്ചു തുടങ്ങിയതുകൊണ്ട് അവൾക്ക് അവിടെനിന്ന് ഒന്നും മോഷ്ടിച്ചെടുക്കാൻ തരമില്ലാതെയായിത്തീർന്നു. അതിനാലവൾ, 'ബ്രഹ്മചാരിയെ ഏതു വിധവും സ്വാധീനപ്പെടുത്തണം. ഇദ്ദേഹത്തിന്റെ സഹായം കൂടാതെ ഇവിടെനിന്നും യാതൊന്നും കൈക്കലാക്കുവാൻ സാധിക്കയില്ല' എന്നു വിചാരിച്ച് അദ്ദേഹത്തെ വശപ്പെടുത്താൻ ഉത്സാഹിച്ചു തുടങ്ങി.

 

ഈ ആഗ്രഹം സാധിക്കുന്നതിനായി അവൾ പ്രയോഗിച്ച ഉപായങ്ങൾ ഗൂഡമായി ചില നർമ്മാലാപങ്ങളും ശൃംഗാരചേഷ്ടകളും മറ്റുമായിരുന്നു. ആദ്യ കാലത്ത് ഇവകൊണ്ട് വിശേ‌ഷിചു ഫലമൊന്നും ഉണ്ടായില്ല. എങ്കിലും ക്രമേണ തോലനു പ്രായം കൂടിവരികയും അതോടുകൂടി അദ്ദേഹത്തിനു ചക്കിയുടെ ചേഷ്ടകളിലും നാട്യങ്ങളിലും രഹസ്സല്ലാപങ്ങളിലും ഒരു കൌതുകം ജനിക്കുകയും ചെയ്തു. പതിനാറു വയസ്സാകാതെ സമാവർത്തനം കഴിച്ചുകൂടാ എന്നാണല്ലോ മലയാള ബ്രാഹ്മണരുടെ നിയമം. ഈ ബ്രഹ്മചാരി പതിനാറു വയസ്സാകുന്നതിനു മുമ്പു തന്നെ മന്മഥാക്രാന്തഹൃദയനായിത്തീരുകയും ചക്കിയുടെ അപാംഗവലയിലകപ്പെടുകയും അങ്ങനെ ബ്രഹ്മചര്യവ്രതത്തിനു ഭംഗം വരുത്തുകയും അതു പലരും അറിയുന്നതിന് ഇടയാവുകയും ചെയ്തു.

 

ഇതിനു വിധിപ്രകാരം പ്രായശ്ചിത്തവും മറ്റും ചെയ്യിച്ച് അദ്ദേഹത്തെ ശുദ്ധീകരിച്ചെടുക്കുന്നതിന് അദ്ദേഹത്തിന് അച്ഛനും മറ്റും ജീവിച്ചിരിക്കുന്നുണ്ടായിരുന്നില്ലല്ലോ. എന്നു മാത്രമല്ല, അദ്ദേഹം തരം കിട്ടുമ്പോഴെല്ലാം എല്ലാവരെയും പരിഹസിക്കാറുമുണ്ടായിരുന്നതുകൊണ്ട് സ്വജനങ്ങൾക്കൊക്കെ അദ്ദേഹത്തോടു വിരോധവുമുണ്ടായിരുന്നു.

 

അതിനാൽ എല്ലാവരും കൂടി അദ്ദേഹത്തെ ഭ്രഷ്ടനാക്കിക്കളഞ്ഞു. സമാവർത്തനത്തിന്റെ കാലമായിട്ടും ആരും അത് നടത്താതെയിരിക്കുകയും നടത്തുകയില്ലെന്നു തീർച്ചയാവുകയും ചെയ്തപ്പോൾ അദ്ദേഹം സ്വയമേവ അദ്ദേഹത്തിന്റെ കഴുത്തിൽക്കിടന്നിരുന്ന തോൽ പറിച്ചു കളഞ്ഞു. അങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സമാവർത്തനം. ബ്രാഹ്മണകുമാരന്മാരെ ഉപനയിക്കുമ്പോൾ പൂണൂലോടു കൂടി തോലും (കൃ‌ഷ്ണാജിനവും) ഇടുക പതിവുണ്ടല്ലോ.

 

അതിനാൽ ബ്രഹ്മചാരികളെ തോലിട്ട ഉണ്ണി എന്നും ചിലർ പരിഹാസമായിട്ടു തോലൻ എന്നും പറയാറുണ്ട്. ആ തോൽ എടുത്തുകളയുന്നത് സമാവർത്തന സമയത്താണ്. ഈ ഉണ്ണിക്കു തോൽ ഇട്ടതല്ലാതെ മുറപ്രകാരം എടുത്തു കളയുകയുണ്ടായില്ലല്ലോ. അതുകൊണ്ടും സ്വയമേവ തോൽ പറിച്ചു കളഞ്ഞതുകൊണ്ടും അദ്ദേഹത്തെ എല്ല്ലാവരും തോലൻ എന്നു പറഞ്ഞു തുടങ്ങുകയും ആ പേരുതന്നെ ക്രമേണ സ്ഥിരപ്പെടുകയും അതിനാൽ അദ്ദേഹത്തിന്റെ സാക്ഷാൽ പേർ എന്തായിരുന്നുവെന്നു കാലാന്തരത്തിൽ ആർക്കും നിശ്ചയമില്ലാതെയായിത്തീരുകയും ചെയ്തു. ഭ്രഷ്ടനായിപ്പോയ അദ്ദേഹത്തിനു സ്വജനങ്ങളായിട്ടുള്ളവരാരും പെണ്ണിനെ കൊടുക്കാഞ്ഞിട്ടാണ് അദ്ദേഹം വിവാഹം കഴിക്കാതെയിരിക്കുകയും അദ്ദേഹത്തിന്റെ വംശം നശിച്ചുപോവുകയും ചെയ്തതെന്നു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.

 

ആരും പെണ്ണിനെ കൊടുക്കുകയില്ലെന്നു തീർച്ചയായപ്പോൾ ചക്കിയെത്തന്നെ അദ്ദേഹം ഭാര്യയായി സ്വീകരിച്ചു.

അനന്തരം തോലൻ യഥാക്രമം വിദ്യാഭ്യാസം ചെയ്യുകയും അചിരേണ വലിയ വിദ്വാനും മഹാകവിയുമായിത്തീരുകയും ചെയ്തു. എങ്കിലും അദ്ദേഹത്തിന്റെ പ്രകൃതിസിദ്ധമായുള്ള പരിഹാസശീലത്തിനും ഫലിതോക്തിക്കും യാതൊരു ഭേദവും വന്നില്ല. ചക്കിയെക്കുറിച്ചുതന്നെ അദ്ദേഹം വർണ്ണിച്ചു പല ശ്ലോകങ്ങളുണ്ടാക്കിയിട്ടുണ്ട്. അവയിൽ ചിലതു താഴെ ചേർക്കുന്നു:

'അന്നൊത്ത പോക്കീ! കുയിലൊത്ത പാട്ടീ!
തേനൊത്ത വാക്കീ! തിലപു‌ഷ്പമൂക്കീ!
ദരിദ്രയില്ലത്തെ യവാഗുപോലെ
നീണ്ടിട്ടിരിക്കും നയനദ്വയത്തീ!'

ഈ ശ്ലോകം ചക്കിക്ക് ഒട്ടും സന്തോ‌ഷകരമായില്ല. 'എന്നെ പോക്കീ, പാട്ടീ, വാക്കീ, മൂക്കീ എന്നും മറ്റും പറയരുത്' എന്നവൾ പറഞ്ഞു. അതിനാൽ തോലൻ നല്ല ഭംഗിയുള്ള പദങ്ങൾ ചേർത്തു പിന്നെയൊരു ശ്ലോകമുണ്ടാക്കി. അത്:

'അർക്കശു‌ഷ്കഫലകോമളസ്തനീ!
ശർക്കരാസദൃശ ചാരുഭാ‌ഷിണീ!
തന്ത്രിണീദല സമാന ലോചനേ!
സിന്ധുരേന്ദ്രരുചിരാമലദ്യുതേ!

ഇതു ചക്കിക്കു നല്ലപോലെ ബോധിച്ചു. ചക്കി കേവലം വിഡ്ഢിയായിരുന്നുവെന്നും ശ്ലോകങ്ങളുടെ അർത്ഥം മനസ്സിലാക്കാൻ അവൾക്കു ശക്തിയില്ലായിരുന്നുവെന്നും വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. തോലകവി ചക്കിയെ വർണ്ണിച്ചുണ്ടാക്കിയ മറ്റൊരു ശ്ലോകവും താഴെ ചേർക്കുന്നു:

'മുളഞ്ഞാസന സൃഷ്ടീങ്കൽ
വിളങ്ങും ചേർജലോചനേ!
പൊതിപ്പെണ്ണച്ചനോടൊത്ത
മാർജദ്വന്ദം വിരാജതേ!'

ചില ആശാന്മാർ 'വിരിഞ്ചഃ കമലാസനഃ' എന്നുള്ളത് 'വിരിംചക്കമലാസന' എന്നു ചൊല്ലിക്കൊടുത്തു കുട്ടികളെ പഠിപ്പിക്കുന്നതുകേട്ടിട്ട് ആ ആശാന്മാരെ പരിഹസിക്കാനും തന്റെ യുക്തി കാണിക്കാനും കൂടിയാണ് തോലൻ ഈ ശ്ലോകമുണ്ടാക്കിയത്. ചക്കമലാസനനൻ ചക്കയുടെ മലം ആസനമായിട്ടുള്ളവൻ. ചക്കയുടെ മലം മുളഞ്ഞ്.

'വിരിഞ്ചഃ കമലാസനഃ' എന്നുള്ളതു ബ്രഹ്മാവിന്റെ പര്യായങ്ങളാണല്ലോ. ബ്രഹ്മാവിനെ 'ചക്കമലാസനൻ' എന്നു പറയാമെങ്കിൽ 'മുളഞ്ഞാസനൻ' എന്നും പറയാമെന്നാണ് തോലന്റെ യുക്തി. ചേർ = പങ്കം. ചേർജം എന്നു പറഞ്ഞാൽ പങ്കജം എന്നർത്ഥം. കാളപ്പുറത്തു കെട്ടിയിടുന്ന ചുമടിനു പൊതിയെന്നു പറയാറുണ്ടല്ലോ.

 

അപ്പോൾ കാളപ്പുറത്തിരിക്കുന്നതിനു പൊതിയെന്നു പറയാമെന്നു സിദ്ധിക്കുന്നു. ശിവനും കാളപ്പുറത്തിരിക്കുമല്ലോ. അതിനാൽ ശിവനെയും പൊതിയെന്നു പറയാം. ആ പൊതിയുടെ പെണ്ണ് ശ്രീപാർവതി. ശ്രീപാർവതിയുടെ അച്ചൻ (അച്ഛൻ) ഹിമവാൻ. അപ്പോൾ 'പൊതിപ്പെണ്ണച്ചനോടൊത്ത്' എന്നു പറഞ്ഞാൽ 'പർവത തുല്യമായ' എന്നർത്ഥം. മാർജം മാറിൽ ജനിച്ചത്. സ്തനം എന്നു താൽപര്യം. ഉരോജം, വക്ഷോജം ഇത്യാദി എന്നപോലെ.

ഈ ശ്ലോകവും ചക്കിക്ക് ഏറ്റവും സന്തോ‌ഷകരമായിരുന്നതിനാൽ ഒരു ശ്ലോകം കൂടിയുണ്ടാക്കണമെന്ന് അവൾ പറയുകയും ഉടനെ തോലകവി താഴെക്കാണുന്ന പ്രകാരം ഒരു ശ്ലോകമുണ്ടാക്കിച്ചൊല്ലുകയും ചെയ്തു.

'വക്ത്രാംഭോജം തു കൈലാസവദിദമളകാലംകൃതം, കൊങ്കയുഗ്മം
വൃത്രാരാതേഃ കഠോരം കുലിശമിവപരി¢ിന്നസാരം ഗിരീണാം.
മധ്യം മത്തേഭവത്തേ പിടിയിലമരുവൊന്നെത്രയും ചിത്രമോർത്താൽ
മുഗ്ദ്ധേ, മൽപ്രാണനാഥേ, വപുരുദധിരിവാഭാതി ലാവണ്യപൂർണ്ണം.'

ഇങ്ങനെ ചക്കിയുടെ ആവശ്യപ്രകാരവും അല്ലാതെയും ശൃംഗാരഹാസ്യരസ പ്രധാനങ്ങളും ഫലിതമയങ്ങളുമായിട്ടുള്ള അനേകം ശ്ലോകങ്ങൾ തോലകവി ഉണ്ടാക്കീട്ടുണ്ട്. എല്ലാത്തിന്റെയും രീതി ഇതു തന്നെ.

തോലകവിയുടെ ഭക്തിരസപ്രധാനങ്ങളായ ശ്ലോകങ്ങൾ ഫലിതമയങ്ങളും യുക്തികൊണ്ട് അർത്ഥം ഗ്രഹിക്കേണ്ടുന്നവയുമാണ്. രീതി കാണിക്കാനായി ഒരു ശ്ലോകം താഴെ ചേർക്കുന്നു:

'പല്ലിത്തോലാടയാം യസ്യ യസ്യ പന്ത്രണ്ടര പ്രിയാ കോണച്ചേട്ടാഭിധാനസ്യ അർദ്ധാർദ്ധം പ്രണതോസ്മ്യഹം.'

പല്ലിനു സംസ്കൃതത്തിൽ ദന്തമെന്നു പറയുമല്ലോ. അപ്പോൾ പല്ലി എന്നു പറഞ്ഞാൽ ദന്തി ആന എന്നർത്ഥം. പന്ത്രണ്ടര ആറ്. ഗംഗ എന്നു താൽപര്യം. കോണ് = മുക്ക്. ചേട്ടൻ = അണ്ണൻ. കോണചേട്ടൻ = മുക്കണ്ണൻ. അർദ്ധാർദ്ധം = അർദ്ധത്തിന്റെ അർദ്ധം. അർദ്ധം = പകുതി. അര എന്നു താൽപര്യം. അതിന്റെ അർദ്ധം കാൽ = പാദം എന്നർത്ഥം. ആനത്തോൽ വസ്ത്രമായും ഗംഗ ഭാര്യയായും മുക്കണ്ണൻ എന്നു പേരോടുകൂടിയവനുമായിരിക്കുന്ന അവന്റെ പാദത്തെ ഞാൻ നമസ്കരിക്കുന്നു എന്ന് ആകപ്പാടെയുള്ള അർത്ഥം.

തോലകവി ശിവനെക്കുറിച്ചുതന്നെ മറ്റൊരു വന്ദനശ്ലോകമുണ്ടാക്കിയിട്ടുണ്ട്. അതും താഴെ ചേർക്കുന്നു:

'മാരാരേ, തവ ദാസോഹം വാരി യസ്യ ജടാന്തരേ
യം പ്രാഹുരവ്യയം നിത്യം തന്ത്രിണേത്രം നമാമ്യഹം.'

കേവലം സംസ്കൃതഭാ‌ഷയിലുള്ള ഈ ശ്ലോകത്തിലും അദ്ദേഹം മാരാർ, വാരിയർ, എമ്പ്രാൻ, തന്ത്രി എന്നിവരുടെ പേരുകൾ വരുത്തിയിരിക്കുന്നു. ഇതും ഒരുവക ഫലിതമാണല്ലോ. പരപരിഹാസാർത്ഥമായിട്ടും തോലകവി അനേകം ശ്ലോകങ്ങളുണ്ടാക്കീട്ടുണ്ട്. 'ഒന്നായ്ച്ചേർക്കയുമാം പദങ്ങളിടവിട്ടെങ്ങെങ്കിലും ചേർത്തിടാം' എന്നാണല്ലോ സംസ്കൃതനിയമം. ആ നിയമവും പ്രാസം, യമകം മുതലായ ശബ്ദഭംഗിക്കും പാദപൂരണത്തിനും മറ്റുമായി നിരർത്ഥകങ്ങളും അനാവശ്യകങ്ങളുമായ പദങ്ങൾ പ്രയോഗിക്കുന്നതും തോലകവിക്ക് ഇഷ്ടമല്ല. അങ്ങനെ പ്രയോഗിക്കുന്ന വരെ ആക്ഷേപിച്ചു തോലകവി ഉണ്ടാക്കീട്ടുള്ള ചില ശ്ലോകങ്ങളും താഴെ ചേർക്കുന്നു:

ഥപ്രഥനന്ദാനന്ദം
പദദ്വയം നാത്ര ജനിതനന്ദാനന്ദം
തനയം വന്ദേ വക്യാ
നിരന്വയം ദലിതദാനവന്ദേവക്യാഃ

ഈ ശ്ലോകത്തിൽ ഥപ്രഥനം, ദാനന്ദം, വക്യാഃ ഈ മൂന്നു പദങ്ങൾ നിരർത്ഥങ്ങളും യമകത്തിനായിട്ടു മാത്രം ചേർത്തിട്ടുള്ളവയുമാണ്. ശേ‌ഷമുള്ള പദങ്ങൾകൊണ്ടു മാത്രമേ കാര്യമുള്ളു. ആവശ്യമില്ലാത്ത

പദങ്ങളോടു ചേർത്തുതന്നെ 'പദദ്വയം നാത്ര' എന്നും 'നിരന്വയം'എന്നും പ്രയോഗിച്ച് അവ അനാവശ്യകങ്ങളാണെന്നു സൂചിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതും ഒരു സാമർത്ഥ്യമാണല്ലോ. ഇനി ഇതുപോലെത്തന്നെ വേറൊരു ശ്ലോകം:

'ഉത്തി‌ഷ്ഠോത്തി‌ഷ്ഠ രാജേന്ദ്ര
മുഖം പ്രക്ഷാളയസ്വ ടഃ
ഏഷഖ ആഹ്വയതേ കുക്കു
ച വൈ തു ഹി ച വൈ തു ഹി'

ഇവിടെ 'കുക്കു' എന്നുള്ളതിനോടു 'ടഃ' എന്നുകൂടിച്ചേർത്ത് അന്വയിക്കണം. പദങ്ങളെ അങ്ങുമിങ്ങുമായി പ്രയോഗിക്കാമെങ്കിൽ അക്ഷരങ്ങളെയും അങ്ങനെ പ്രയോഗിക്കാം എന്നാണ് തോലകവിയുടെ അഭിപ്രായം. അപ്രകാരം തന്നെ 'ച, വൈ, തു, ഹി ഇത്യാദി അനാവശ്യകങ്ങളായിട്ടുള്ള അവ്യയപദങ്ങൾ അങ്ങുമിങ്ങുമായി ഇടയ്ക്കിടയ്ക്കു ചേർത്തു പ്രയോഗിക്കുന്നതെന്തിന്? എല്ലാംകൂടി ഒരുമിച്ചിരിക്കട്ടെ. ആവശ്യം പോലെ ഓരോ പദങ്ങൾ എടുത്ത് അന്വയിക്കാമല്ലോ' എന്നു വിചാരിച്ചാണ് തോലകവി ആ വക പദങ്ങൾ കൊണ്ടുതന്നെ നാലാം പാദം തീർത്തത്. അനാവശ്യങ്ങളും അനർത്ഥങ്ങളുമായ പദങ്ങളെ ഔചിത്യം കൂടാതെ പ്രയോഗിക്കുന്ന കവികൾക്ക് ഈ ആക്ഷേപങ്ങൾ മർമഭേദകങ്ങളായിരിക്കുമല്ലോ.

അന്യരുടെ കൃതികൾക്കു കുറ്റവും കുറവും പറയുന്നവർ ധാരാളവും നിരാക്ഷേപമായി കവനം നിർമിക്കുവാൻ കഴിയുന്നവർ ലോകത്തിൽ ചുരുക്കവുമാണല്ലോ. എന്നാൽ തോലകവി അന്യന്മാരുടെ കൃതികളെ ആക്ഷേപിക്കുന്നതിനും അന്യന്മാർ ആക്ഷേപിക്കാത്തവിധത്തിൽ കാവ്യ ങ്ങൾ നിർമിക്കുന്നതിനും കഴിയുന്ന ആളായിരുന്നു. അദ്ദേഹം അന്വയ ക്രമത്തിനു പദങ്ങൾ ചേർത്തും അനാവശ്യപദങ്ങൾ കൂടാതെയും കാവ്യം നിർമിച്ചിട്ടുണ്ട്. അതിലുള്ള ശ്ലോകങ്ങളിൽ ഏറ്റവും പ്രസിദ്ധമായിട്ടുള്ള ഒന്നു താഴെ ചേർക്കുന്നു.

'സ്വർജാലികാനിർജരനിർഝരിണ്യാം
തദീയസൗധാഗ്രജു‌ഷാം വധൂനാം
ആലോലനേത്രപ്രകരം നിരീക്ഷ്യ
ഝ‌ഷഭ്രമാർജാലശതം ക്ഷിപന്തി.'

ഈ കാവ്യം കൂടി ഉണ്ടാക്കിക്കഴിഞ്ഞപ്പോഴേക്കും തോലകവി വിശ്വവിശ്രുതനായിത്തീർന്നു. അദ്ദേഹത്തെ 'തോലൻ' എന്നു പറഞ്ഞിരുന്ന അസൂയാലുക്കളായ വിരോധികൾ പോലും 'തോലകവി' എന്നുതന്നെ പറഞ്ഞുതുടങ്ങുകയും ചെയ്തു.

ഇങ്ങനെയിരുന്ന കാലത്താണ് കുലശേഖരവർമാവെന്ന് പ്രസിദ്ധനായിരുന്ന ചേരമാൻ പെരുമാൾ സംസ്കൃതനാടകങ്ങൾ ചാക്യാന്മാരെ ക്കൊണ്ട് അരങ്ങേറ്റം കഴിപ്പിക്കുവാൻ ഉത്സാഹിച്ചു തുടങ്ങിയത്. അദ്ദേഹം ആദ്യംതന്നെ ചാക്യാന്മാരെക്കൊണ്ട് അരങ്ങേറ്റം കഴിപ്പിക്കാനുത്സാഹിച്ചതു ശാകുന്തളം നാടകമാണ്. അരങ്ങേറ്റത്തിനു സൂതന്റെ വേ‌ഷം ധരിച്ച ചാക്യാർ 'രാജാനം മൃഗഞ്ചാവലോക്യ' (മൃഗമതിനെയുമാത്തചാപനാകും ജഗദഭിവന്ദ്യ ഭവാനെയും വിലോക്യ) എന്നുള്ള ഭാഗം യഥാക്രമം അഭിനയിച്ചപ്പോൾ ആ ചാക്യാരുടെ കണ്ണു പൊട്ടിപ്പോവുകയാൽ അരങ്ങേറ്റം നടന്നില്ല. പിന്നെ പെരുമാൾ അഭി‌ഷേകം, തപതീസംവരണം, സുഭദ്രാധനഞ്ജയം ഇങ്ങനെ മൂന്നു നാടകങ്ങൾ സ്വയമേ നിർമിക്കുകയും അവ ഉടനെ ചാക്യാന്മാരെക്കൊണ്ട് അരങ്ങേറ്റം കഴിപ്പിക്കണമെന്നു നിശ്ചയിക്കുകയും ചെയ്തു.

 

ആ മൂന്നു നാടകങ്ങളിൽ ഒടുവിലുണ്ടാക്കിയ സുഭദ്രാധനഞ്ജയമാണ് പെരുമാൾക്ക് അധികം ബോധിച്ചത്. അതിനാൽ അതു തന്നെ ആദ്യം അരങ്ങേറ്റം കഴിപ്പിക്കണമെന്ന് അദ്ദേഹം നിശ്ചയിച്ചു. എങ്കിലും അതു വിദ്വാന്മാരെ ഒന്നു കേൾപ്പിച്ചിട്ടു വേണം ചാക്യാന്മാരെ ഏൽപിക്കാനെന്ന് അദ്ദേഹത്തിനു തോന്നി.

 

 'ആപരിതോ‌ഷാദ്വി ദു‌ഷാം ന സാധു മന്യേ പ്രയോഗവിജ്ഞാനം' എന്നുണ്ടല്ലോ. അതിനാൽ ചേരമാൻ പെരുമാൾ ഒരു ദിവസം തന്റെ സദസ്യന്മാരും സമീപസ്ഥന്മാരുമായ വിദ്വാന്മാരെയെല്ലാം വിളിച്ചുകൂട്ടി. ആ സദസ്സിൽ തോലകവിയും ചെന്നു ചേർന്നിരുന്നു. ആ സഭാവാസികളെ ചേരമാൻ പെരുമാൾ സുഭദ്രാധനഞ്ജയം സ്വയമേവ വായിച്ചു കേൾപ്പിക്കാനാരംഭിച്ചു. ഒന്നാമങ്കം കഴിഞ്ഞു രണ്ടാമങ്കം വയിച്ചുതുടങ്ങിയപ്പോൾ തന്നെ തോലകവി കുറേശ്ശെ വിറച്ചു തുടങ്ങി.

 

രണ്ടാമങ്കം ഏകദേശം പകുതിയായപ്പോൾ തോലകവി അത്യുച്ചത്തിൽ അട്ടഹസിച്ചുകൊണ്ടും 'അയ്യോ, എനിക്കു സഹിക്കാൻ വയ്യേ' എന്നു പറഞ്ഞുകൊണ്ട് ചാടിയെണീറ്റുനിന്നു വെളിച്ചപ്പാടിനെ പ്പോലെ തുള്ളിത്തുടങ്ങി. സദസ്യരെല്ലാം പരിഭ്രമിച്ച് എണീക്കുകയും 'ആരാണ്? കാര്യമെന്താണ്?' എന്നും മറ്റും ചോദിക്കുകയും ചെയ്തു. അപ്പോൾ തോലകവി 'ഞാൻശാകുന്തളം നാടകമാണ്. എനിക്കുള്ള അർത്ഥകൽപ്പനകളും Cായയുമെല്ലാമപഹരിച്ച് സുഭദ്രാധനഞ്ജയത്തിനു കൊടുത്തിരിക്കുന്നു. ഇതെനിക്കു സഹിക്കാവുന്നതല്ല' എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ ഇതു തോലകവി ചേരമാൻ പെരുമാളെ പരിഹസിക്കാനായിട്ടെടുത്ത വിദ്യയാണെന്നു സദസ്യർക്കു മനസ്സിലാവുകയും ചിലർ മനസ്സറിയാതെ പൊട്ടിച്ചിരിച്ചുപോവുകയും ഏതാനും പേർ തങ്ങൾക്കു വന്ന ചിരി പെരുമാളെ ഭയപ്പെട്ട് ഉള്ളിൽ ഒതുക്കുകയും ചെയ്തു. പെരുമാൾ ഏറ്റവും വി‌ഷണ്ണനായിത്തീർന്നു എന്നുള്ളതു പറയണമെന്നില്ലല്ലോ.

 

അദ്ദേഹം ശേ‌ഷം വായിക്കാൻ ശക്തനാകാതെ ലജ്ജാവനതമുഖനായി അവിടെനിന്ന് എണീറ്റുപോയി. ഉടനെ തോലകവിയുടെ തുള്ളൽ നിൽക്കുകയും സഭാവാസികളെല്ലാവരും പിരിഞ്ഞു പോവുകയും ചെയ്തു.

അന്നു രാത്രിയിൽ കിടന്നിട്ടു ചേരമാൻ പെരുമാൾക്ക് ഉറക്കം വന്നില്ല. തന്റെ നാടകങ്ങൾ വിദ്വജ്ജനങ്ങൾക്കു രുചിക്കയും അവയ്ക്കു പ്രസിദ്ധിയും പ്രചാരവും സിദ്ധിക്കുകയും ചെയ്യുന്നതിന് എന്താണ് വേണ്ടതെന്ന് അദ്ദേഹം വളരെ നേരം വിചാരിച്ചു നോക്കീട്ടും ശരിയായ മാർഗ്ഗമൊന്നും കണ്ടില്ല.

 

ഒടുക്കം തോലകവിയെ തന്നെ വരുത്തി ആലോചിക്കാമെന്നു നിശ്ചയിച്ചു. ചേരമാൻ പെരുമാൾ ആ രാത്രിയിൽത്തന്നെ ആളയച്ചു തോലകവിയെ ഗൂടമമായി തന്റെ അടുക്കൽ വരുത്തി അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം നാടകാഭിനയത്തിനുവേണ്ടുന്ന മുറകളെല്ലാം വ്യവസ്ഥപ്പെടുത്തി. വിദൂ‌ഷകനുള്ള നാടകങ്ങൾ അഭിനയിക്കുന്നതിന് ആദ്യം തന്നെ വിദൂ‌ഷകവേ‌ഷധാരിയായ ഒരു നടൻ പ്രവേശിച്ചു വിവാദു തീർത്തു എന്നും വിനോദം, വഞ്ചനം, അശനം, രാജസേവ എന്നീ പുരു‌ഷാർത്ഥങ്ങൾ സാധിച്ചു എന്നും പറയണമെന്നും അവയ്ക്കും നാടക ങ്ങളിലെ വിദൂ‌ഷകന്റെ വാക്യങ്ങൾക്കു പകരമായിട്ടും മണിപ്രവാളമായും മറ്റു ചിലശ്ലോകങ്ങൾ കൂടി വേണമെന്നും മറ്റുമാണ് അവർ വ്യവസ്ഥപ്പെടുത്തിയത്.

 

ആ വക ശ്ലോകങ്ങളെല്ലാമുണ്ടാക്കുന്നതിന് ചേരമാൻ പെരുമാൾ തോലകവിയെത്തന്നെ ഏൽപിക്കുകയും അദ്ദേഹം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു.

വിവാദുതീർക്കുക എന്നുവെച്ചാൽ അനധീതമംഗലം ഗ്രാമക്കാരും പെരുംതൃക്കോവിലെന്ന ക്ഷേത്രത്തിലെ ഊരാളന്മാരുമായ മേയ്ക്കാന്തല, കിഴക്കാന്തല എന്നു രണ്ടുകൂട്ടർ തമ്മിലുള്ള അധികാരത്തർക്കം തീർക്കുകയാണ്. ഇതിൽ ഊരാളന്മാർ, സമുദായം, ശാന്തിക്കാർ, വാരിയർ, മാരാര് മുതലായ ക്ഷേത്രാധികാരികളുടെയും ക്ഷേത്രസംബന്ധികളുടെയും ചാക്യാർ, നമ്പ്യാർ മുതലായവരുടെയും സ്വഭാവങ്ങളെ വർണ്ണിച്ച് അനവധി ശ്ലോകങ്ങൾ തോലകവി ഉണ്ടാക്കി. വിനോദം എന്നത് ഈ ഊരാളന്മാർ മുതലായവരെല്ലാംകൂടി 'ഭ്രമരികുലകോലാഹലത്തുണ്ണിമഞ്ജരി' എന്നൊരു വേശ്യാസ്ത്രീയുടെ അടുക്കൽച്ചെന്നു തൃതീയപുരു‌ഷാർത്ഥം സാധിക്കുകയാണ്. ഇതിന് സ്ത്രീകളുടെ സ്വഭാവങ്ങളെ വർണ്ണിച്ചും വളരെ ശ്ലോകങ്ങൾ തോലകവി നിർമ്മിച്ചു. വഞ്ചനം എന്നത് വിനോദം സാധിക്കാൻ പോയവരിൽ ഒരാൾ ഉണ്ണിമഞ്ജരിയുടെ വെള്ളിക്കരണ്ടകം മോഷ്ടിച്ച് ആരുമറിയാതെ വായിലാക്കി കൊണ്ടുപോന്നു എന്നുള്ളതാണ്. അതിന് അധികം വിസ്താരവും വർണ്ണനയുമൊന്നുമില്ല.

 

പിന്നെ അശനം എന്നത് ണ്ഠീം ണ്ഠീം നായ്ക്കരുടെ പന്ത്രണ്ടാം മാസസദ്യ ഇവർ പോയി ഉണ്ടു എന്നുള്ളതാണ്. ഇതു വളരെ കേമമാക്കി. സദ്യയുടെ ഓരോ വിഭവങ്ങളെയും പ്രത്യേകം പ്രത്യേകം വിവരിച്ചും വർണ്ണിച്ചും വളരെ ശ്ലോകങ്ങൾ കവി ഉണ്ടാക്കി. ഇങ്ങനെ മൂന്നു പുരു‌ഷാർത്ഥങ്ങൾ സാധിച്ചുകഴിഞ്ഞാൽ പിന്നെ രാജസേവയായി. അതിന് ഈ ഊരാളന്മാർ മുതലായവരിൽ സമർത്ഥനായ ഒരാളെ തിരഞ്ഞെടുത്ത് അയയ്ക്കുകയാണ്. അയാൾ, പിന്നീടഭിനയിക്കാൻ നിശ്ചയിച്ചിരിക്കുന്ന നാടകെമേതോ അതിലെ കഥാനായകനായ രാജാവിനെ സേവിച്ചു താമസിച്ചു എന്നു പറഞ്ഞ് നാടകവുമായി സംബന്ധം വരുത്തണം.

 

നാടകത്തിലെ വിദൂ‌ഷകനായിത്തീരുന്നതും അയാൾ തന്നെയാണ്. ഈ നാലാമത്തെ പുരു‌ഷാർത്ഥം പറയുന്നതിനും രാജാക്കന്മാരുടെ സ്വഭാവങ്ങളെ വർണ്ണിച്ച് അനവധി ശ്ലോകങ്ങൾ തോലകവി ഉണ്ടാക്കി. വിവാദു തീർത്തതായും പുർ‌ഷാർത്ഥങ്ങൾ സാധിച്ചതായും പറയുന്നതിലേക്കായി തോലകവി ഉണ്ടാക്കിയ ശ്ലോകങ്ങളെല്ലാം സരസങ്ങളും ഫലിതഭരിതങ്ങളുമാണ്. അവയിൽ മിക്കവയും മണിപ്രവാളങ്ങളും ചിലതു സംസ്കൃതങ്ങളുമാണ്. ഭർത്തൃഹരി മുതലായവയിൽനിന്നും ചില ശ്ലോകങ്ങൾ ഈ ആവശ്യത്തിലേക്കായി അദ്ദേഹം യഥോചിതം എടുത്തു ചേർത്തിട്ടുമുണ്ട്. തോലകവി ഉണ്ടാക്കീട്ടുള്ള ശ്ലോകങ്ങൾ കേട്ടാൽ പ്രത്യേകമറിയാം. അവയുടെ രസികത്വം ഒന്നു വേറെ തന്നെയാണ്.

മേൽപറഞ്ഞ ചടങ്ങുകളോടും തോലകവിയുടെ സഹായത്തോടും കൂടി ചേരമാൻ പെരുമാൾ തന്റെ നാടകങ്ങളെലാം അരങ്ങേറ്റം കഴിപ്പിക്കുകയും എല്ലാവരും വളരെ രസിക്കുകയും സന്തോ‌ഷിക്കുകയും ചെയ്തു. അപ്പോൾ മാത്രമേ ചേരമാൻ പെരുമാൾക്കു മുമ്പുണ്ടായ കുണ്ഠിതം നിശ്ശേ‌ഷം തീർന്നുള്ളു. പിന്നെ അദ്ദേഹം തോലകവിക്കു വളരെ സമ്മാനങ്ങളും മറ്റും കൊടുത്തു സന്തോ‌ഷിപ്പിച്ച് അദ്ദേഹത്തിനെ തന്റെ കൂടെത്തന്നെ താമസിപ്പിച്ചു.

അനന്തരം ചേരമാൻ പെരുമാൾ നാഗാനന്ദം മുതലായ ചില നാടകങ്ങൾക്കു കൂടി തോലകവിയെക്കൊണ്ടു വിദൂ‌ഷകശ്ലോകങ്ങളുണ്ടാക്കിക്കുകയും അവയും ആശ്ചര്യചൂഡാമണി, കല്യാണസഗൗന്ധികം മുതലായി മറ്റു ചില നാടകങ്ങളും കൂടി അരങ്ങേറ്റം കഴിപ്പിക്കുകയും ചെയ്തു. ചാക്യാന്മാർ നാടകങ്ങളിലഭിനയിക്കുന്നതിനു ചേരമാൻ പെരുമാൾ നിശ്ചയിച്ചിട്ടുള്ള പേര് 'കൂടിയാട്ടം' എന്നാണ് അങ്ങനെതന്നെ ഇപ്പോഴും പറഞ്ഞുവരുന്നു. അതിന് ആകപ്പാടെയുള്ള പേര് കൂത്ത് എന്നുമാണ്. രസവാസനയും നാട്യസാമർത്ഥ്യവും വേ‌ഷഭംഗിയുമുള്ള ചാക്യാന്മാർ നായകന്റെ ഭാഗവും, മനോധർമ്മവും യുക്തിയും വാഗ്മിത്വവും വാq് മാധുര്യവുമുള്ള ചാക്യാന്മാർ വിദൂ‌ഷകന്റെ ഭാഗവും നിർവ്വഹിക്കുന്നതായാൽ കൂടിയാട്ടം കാണാനും കേൾക്കാനും വളരെ നല്ലതാണ്.

 

 പക്ഷേ അങ്ങനെയുള്ള ചാക്യാന്മാർ ഇപ്പോൾ ചുരുക്കമാണെന്നേയുള്ളു. വിദൂ‌ഷകനില്ലാത്ത നാടകങ്ങൾ അഭിനയിക്കുന്നതിനു പുർ‌ഷാർത്ഥങ്ങളും മറ്റും പറയുക പതിവില്ലാത്തതിനാൽ നല്ല ആട്ടക്കാരായിട്ടുള്ള ചാക്യന്മാരുണ്ടായാലും മതി. അതിനും യോഗ്യന്മാരായിട്ടുള്ളവർ വളരെ ചുരുക്കമാണ്.

 

കൂത്ത് ക്ഷേത്രങ്ങളിൽ മാത്രമേ പാടുള്ളൂ എന്നാണ് ചേരമാൻ പെരുമാൾ നിശ്ചയിച്ചിട്ടുള്ളത്. കൂത്തിനുള്ള വിളക്കിനു വെളിച്ചെണ്ണയും വേ‌ഷം കെട്ടുന്നതിനു വെളുത്തേടന്റെ മാറ്റും മാലയ്ക്കു ചെത്തിപ്പൂവും വേണമെന്നാണ് നിശ്ചയം. 'കലിയുഗം മൂക്കുമ്പോൾ ഇല്ലത്തു കൂത്തും കൊമ്പത്തെണ്ണ(പുന്നക്കായെണ്ണ, പൂവത്തെണ്ണ, മരോട്ടിയെണ്ണ മുതലായവ)യും മണ്ണാത്തി മാറ്റും അശകിൻ പൂവും വേണമെന്നു ജനങ്ങൾ പറഞ്ഞുതുടങ്ങും. അപ്പോൾ നിങ്ങളുടെ അണയലങ്ങൾ (വേ‌ഷം കെട്ടാനുള്ള കോപ്പുകൾ) തിരുവഞ്ചിക്കുളത്തു ക്ഷേത്രത്തിൽ കൊണ്ടു ചെന്നു മണ്ഡപത്തിൽ കെട്ടിത്തൂക്കീട്ടു നിങ്ങൾ തീർത്ഥാടനം ചെയ്തുകൊള്ളണം' എന്നു ചേരമാൻ പെരുമാൾ ചാക്യാരോടും പറഞ്ഞിട്ടുണ്ടെന്ന് ഒരു കേൾവിയുണ്ട്.

 

ഇതുകൊണ്ടും മുമ്പു വിവരിച്ചിട്ടുള്ള ചില സംഗതികൾ കൊണ്ടും കുലശേഖരവർമ്മാവു താമസിച്ചിരുന്നതു തിരുവഞ്ചിക്കുളത്തുതന്നെയായിരുന്നുവെന്നും തോലകവിയുടെ വാസ സ്ഥലവും അവിടെ സമീപത്തെവിടെയോ ആയിരുന്നുവെന്നും ഊഹിക്കേണ്ടിയിരിക്കുന്നു.

തോലകവി ഉണ്ടാക്കീട്ടുള്ള പുർ‌ഷാർത്ഥശ്ലോകങ്ങളുടെയും നാടക ശ്ലോകങ്ങളുടെയും രസികത്വം വിചാരിക്കുമ്പോൾ അവയിൽ ചിലതുകൂടി ഇവിടെ പകർത്തിയാൽ കൊള്ളാമെന്നു തോന്നുന്നുണ്ട്. ലേഖനദൈർഘ്യം വിചാരിക്കുമ്പോൾ അതിനു മനസ്സു വരുന്നുമില്ല. എങ്കിലും ചിലതു താഴെ ചേർക്കുന്നു:

'ശാന്തിദ്വിജഃ പ്രകുരുതേ ബഹുദീപശാന്തിം
തത്രത്യവാരവനിതാമദനാഗ്നിശാന്തിം
പക്വാജ്യപായസഗുളൈർജഠരാഗ്നിശാന്തിം
കാലക്രമേണ പരമേശ്വരശക്തിശാന്തിം.'
'കുളിച്ചു കുറ്റിത്തലയും കുടഞ്ഞ-
ങ്ങമന്ത്രകുംഭം ചൊരിയുന്ന നേരം
ഭ്രമിച്ചു ദേവൻ ചുമരോടലച്ചു
നീരോകിലൂടെ ഗമനം കരോതി.'

ഈ ശ്ലോകങ്ങൾ വിവാദു തീർക്കുന്നതിലുള്ളവയാണ്. ഇനി വിനോദത്തിലെ ചില ശ്ലോകങ്ങൾ താഴെ കുറിക്കുന്നു:

'പത്തചങ്ങു പടിപ്പുരയ്ക്കു പുറമേ നിൽപ്പാ, നകം പൂകുവാൻ
പത്താനക്കളഭാ, നകത്തൊരു പദം വെയ്പാൻ സുവർണ്ണാചലം
മറ്റേകാൽക്കു സുരദ്രുമം, പുണരുവാൻ വിശ്വം തരേണം നമു-
ക്കിത്ഥം ചൊൽവൊരു നാരിമാരൊടണയുന്നോർക്കേ‌ഷ ബദ്ധാഞ്ജലിഃ'

അശനത്തിലെ പ്രധാനവും പ്രഥമവുമായ ശ്ലോകം കൂടി അടിയിൽ ചേർക്കുന്നു:

വെണ്ണസ്മേരമുഖീം വറത്തു വരളും വാർത്താകദന്തച്ഛദാം
ചെറ്റോമന്മധുരക്കറിസ്തനഭരാമമ്ലാപദം ശോദരീം
ചേണാർന്നോരെരുമത്തയിർക്കുടിതടാം ചിങ്ങമ്പഴോരുദ്വയീ
മേനാം ഭുക്തിവധൂം പിരിഞ്ഞയി സഖേ ലോകഃ കഥം ജീവതി?'

രാജാക്കന്മാരുടെ സ്വഭാവങ്ങളെ വർണ്ണിച്ചു രാജസേവയിലും വളരെ ശ്ലോകങ്ങളുണ്ട്. വിസ്തരഭയത്താൽ അവയൊന്നും ഇവിടെ പകർത്തുന്നില്ല.

കേരളത്തിൽ ബ്രാഹ്മണർക്കു ശാസ്ത്ര(സംഘ)ക്കളിയും നായന്മാർ മുതലായവർക്ക് ഏഴാമത്തു കളിയുമുള്ളതുപോലെ അമ്പലവാസിവർഗ്ഗക്കാർക്കു കൂറപ്പാറകൻ എന്നൊരു കളിയുണ്ടല്ല്ലോ. അതിൽ ഉപയോഗിക്കുന്നതിനായിട്ടും തോലകവി അനേകം ശ്ലോകങ്ങളുണ്ടാക്കി ആ വകക്കാർക്കു കൊടുത്തു. ആ കളിയിലും അനേകം വേ‌ഷങ്ങളുണ്ട്. അവർ ചൊല്ലുന്ന ശ്ലോകങ്ങൾ കൂടി ഇവിടെ ഉദ്ധരിക്കാം. പാത്രം തേയ്ക്കാൻ പോകുന്ന ഭാവത്തിൽ പ്രവേശിക്കുന്ന വാരസ്യാരെക്കുറിച്ചുള്ള ശ്ലോകമാണ് താഴെ പകർത്തുന്നത്:

'വെണ്ണീറ്റുകട്ട വലിയോന്നു വലത്തുകൈയിൽ,
മറ്റേതിൽ വറ്റുരുളി, ചട്ടക, മൊട്ടു വയ്ക്കോൽ
ഓമൽക്കഴുത്തിലൊരു മദ്ദളവും ധരിച്ചു
കൈലാസനാരി വരവുണ്ടതു കാണ്മനീ ഞാൻ.'

ഒരു വൃദ്ധയും മകളും പ്രവേശിച്ചിട്ടു വൃദ്ധ മകളോടു പറയുന്നതായി ചൊല്ലുന്ന ശ്ലോകം കൂടി താഴെ ചേർക്കുന്നു:

'പത്തു പത്തനമൊത്തോണം
ശുദ്ധശൂന്യം വരുത്തി ഞാൻ
പത്താലൊന്നു മുടിച്ചീടാൻ
മുഗ്ധേ! നീ മതിയാകുമോ?'

കൂട്ടപ്പാഠകത്തിൽ ഉപയോഗിച്ചുവരുന്ന ശ്ലോകങ്ങളെല്ലാം തോലകവി ഉണ്ടാക്കീട്ടുള്ളവയാണെന്നാണ് പറയുന്നത്. എന്നാൽ അവയിൽ ചില ശ്ലോകങ്ങൾ കേട്ടൽ രീതിഭേദം കൊണ്ട് അവ മറ്റാരോ ഉണ്ടാക്കിയതാണെന്ന് തോന്നിപ്പോകും. അങ്ങനെയുള്ള ചില ശ്ലോകങ്ങൾ കൂടിയാട്ടങ്ങളിൽ ചാക്യാന്മാരുപയോഗിക്കുന്ന വിദൂ‌ഷകശ്ലോകങ്ങളിലും കാണുന്നുണ്ട്. അവയുടെ വ്യത്യാസം കവിതാമർമ്മജ്ഞന്മാരായ സഹൃദയന്മാർ ക്കറിയാവുന്നതാണ്. അതൊക്കെ എങ്ങിനയായാലും കൂട്ടപ്പാഠകം എന്നൊന്ന് ഉണ്ടാക്കിത്തീർത്തതു തോലകവിതന്നെയാണെന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു.

'പോരുന്ന ലോകരു പരമ്പരയാ പറഞ്ഞു
പോരുന്ന വാക്കിലയഥാർത്ഥവിചാരമാകാ'

എന്നുണ്ടല്ലോ. ഇനി നാടകങ്ങളിൽ വിദൂ‌ഷകനു ചൊല്ലാനായി തോലകവി ഉണ്ടാക്കീട്ടുള്ള ചില ശ്ലോകങ്ങൾ കൂടി ഇവിടെ ഉദ്ധരിക്കാം.

സുഭദ്രാധനഞ്ജയത്തിൽ സുഭദ്രയെക്കുറിച്ചുള്ള 'സൌന്ദര്യം, സുകുമാരതാ' ഇത്യാദി ശ്ലോകത്തിനു പകരം,

'വാനാറ്റം കവർനാറ്റമീറപൊടിയും ഭാവം കൊടുംക്രൂരമാം
നോക്കും വാക്കുമിതാദിസർഗ്ഗവിഭവാൻ നിശ്ശേ‌ഷചക്കീഗുണാൻ
ഇച്ചക്ക്യാമുപയുജ്യ പത്മജനഹോ! ശക്യാണ, ചക്യന്തരം
സൃഷ്ടിപ്പാനവ വേണമെങ്കിലിഹ വന്നെല്ലാമിരന്നീടണം.'
'നാഴിഭിരുരിഭിരുഴഗ്ഭിഃ
പാതി മണൽഭിസ്തഥൈവ ചവലരിഭിഃ
യത്ര മനോരഥമുടനേ
സിധ്യയി തസ്യൈ നമോ നമശ്ചക്ക്യൈ'

തനിക്കു വിവേവകമില്ലാതെയിരുന്ന ചെറുപ്പകാലത്തു തന്നെ മയക്കി ഭ്രഷ്ടനാക്കിത്തീർത്ത ചക്കിയെക്കുറിച്ചു തോലകവിക്കു പിന്നീടു വൈരസ്യമുണ്ടായതായി മേലെഴുതിയിരിക്കുന്ന ഈ ശ്ലോകങ്ങൾകൊണ്ടു വിചാരിക്കാം. അഥവാ അദ്ദേഹത്തിനു പ്രകൃത്യാ ഉള്ള പരിഹാസശീലം കൊണ്ട് ഇങ്ങനെയുണ്ടാക്കിയതാണെന്നും വരാം. ഏതായാലും അദ്ദേഹം ചക്കിയെ ഒരുകാലത്തും മറന്നിരുന്നില്ലെന്നു സ്പഷ്ടമാകുന്നുണ്ട്.

മലയാളപദങ്ങൾക്കു (നാമമായാലും ക്രിയയായാലും) സംസ്കൃത പ്രത്യയങ്ങൾ ചേർത്തു പ്രയോഗിക്കുകയെന്നുള്ള വിദ്യ ആദ്യം തുടങ്ങിയത് തോലകവി തന്നെയാണെന്നാണു തോന്നുന്നത്. അദ്ദേഹത്തിന്റെ മിക്ക പദ്യങ്ങളിലും അങ്ങനെയുള്ള പ്രയോഗങ്ങൾ കാണാം. അങ്ങനെയുള്ളതും പ്രസിദ്ധവുമായ ഒരു സന്ധ്യാവർണ്ണനശ്ലോകം കൂടി താഴെ ചേർക്കുന്നു:

'താഴ്പൂട്ടിയന്തി തകരാഃ കറികൊയ്തശേ‌ഷാഃ
കാകാഃ കരഞ്ഞു മരമേറിയുറങ്ങിയന്തി
മണ്ടന്തി പാന്ഥനിവഹാഃ പടിബന്ധപേട്യാ
മിന്നാമിനുങ്ങനിവഹാശ്ചഃ മിനുങ്ങയന്തി.'

തോലകവി ചേരമാൻ പെരുമാളുടെ സേവകനായിത്താമസിച്ചിരുന്ന കാലത്തുണ്ടായ ചില നേരമ്പോക്കുകൾ കൂടി പറഞ്ഞിട്ട് ഈ ഉപന്യാസം അവസാനിപ്പിക്കാമെന്നു വിചാരിക്കുന്നു.

ഒരിക്കൽ ചേരമാൻ പെരുമാൾ എണ്ണതേച്ച സമയം തന്റെ കൈ വിരലിൽ കിടന്നിരുന്ന തിരുവാഴി (മോതിരം) ഊരി താഴെ വച്ചിട്ട് എണ്ണ തേച്ചു. കുളി കഴിഞ്ഞു പോന്ന സമയം ആ മോതിരമെടുക്കാൻ അദ്ദേഹം മറന്നുപോയി. കൂടെയുണ്ടായിരുന്ന പരിചാരകന്മാരും മോതിരത്തിന്റെ കാര്യം ഓർത്തില്ല. ചേരമാൻ പെരുമാൾ കുളികഴിഞ്ഞു പോയ ഉടനെ തോലകവി കടവിൽച്ചെന്നപ്പോൾ തിരുവാഴി അവിടെയിരിക്കുന്നതു കണ്ടു. അദ്ദേഹം ആരും കാണാതെയും ആരോടും പറയാതെയും നേരമ്പോക്കിനായി അതെടുത്തുകൊണ്ടു പോയി വാളിന്റെ ഉറയിലിട്ട് ഒളിച്ചുവച്ചു. പിന്നെ അദ്ദേഹം ആ കടവിൽ പോകാതെ മറ്റൊരു സ്ഥലത്തു പോയി കുളിച്ചു പോരികയും ചെയ്തു. ചേരമാൻ പെരുമാൾ ഊണു കഴിഞ്ഞു കൈ കഴുകിയപ്പോഴാണ് മോതിരത്തെക്കുറിച്ച് ഓർത്തത്. ഉടനെ ആളയച്ചു കടവിൽ നോക്കിച്ചു. മോതിരം അവിടെ കാണായ്കയാൽ മുറയ്ക്ക് അന്വേ‌ഷണം തുടങ്ങി. പലവിധത്തിൽ അന്വേ‌ഷിച്ചിട്ടും ഒരു തുമ്പുമുണ്ടായില്ല. തോലകവി സേവകന്മാരിൽ പ്രധാനിയായിത്തീരുകകൊണ്ടും അദ്ദേഹം എല്ലാവരെയും പരിഹസിച്ചിരുന്നതിനാലും പലർക്കും അദ്ദേഹത്തോടു വിരോധവും അസൂയയുമുണ്ടായിരുന്നു. അവരെല്ലാവരും കൂടി തിരുവാഴി മോഷ്ടിച്ചതു തോലകവിയാണെന്നു പെരുമാളുടെ അടുക്കൽ പറഞ്ഞു വിശ്വസിപ്പിച്ചു. പെരുമാൾ ചോദിച്ചിട്ടും തോലവവി കുറ്റം സമ്മതിച്ചില്ല. ഒടുക്കം തോലകവി കൈ മുക്കണമെന്നു പെരുമാൾ വിധിച്ചു. കൈ മുക്കുകയെന്നാൽ ഇരുനാഴിയുരി നെയ്യ് ഒരു പാത്രത്തിലൊഴിച്ച് അടുപ്പത്തുവെച്ച് തിളപ്പിച്ച് ചൂടോടുകൂടി വങ്ങിവെച്ച് അതിൽ കൈ മുക്കുകയാണ്. കൈ പൊള്ളിയെങ്കിൽ മോഷ്ടിച്ചു എന്നും പൊള്ളിയില്ലെങ്കിൽ മോഷ്ടിച്ചില്ലെന്നും തീർച്ചപ്പെടുത്തും. ഒരിക്കൽ എന്തെങ്കിലും കുറ്റം ചെയ്തതായി സംശയം ജനിക്കുകയും സംശയിക്കപ്പെടുന്നയാൾ കുറ്റം സമ്മതിക്കാതിരിക്കുകയും ചെയ്താൽ സംശയം തീർക്കുന്നതിന് അക്കാലത്ത് ഇങ്ങനെ ഒരു വിദ്യയാണ് ചെയ്തിരുന്നത്. (മുൻകാലങ്ങളിൽ സ്മാർത്തവിചാരത്തിൽ സംശയഗ്രസ്തന്മാരായിത്തീരുന്നവർ ശുചീന്ദ്രത്തു നടയിൽവെച്ച് കൈ മുക്കുക പതിവായിരുന്നുവല്ലോ.) അങ്ങനെ ചെയ്യാമെന്നു തോലകവി സമ്മതിക്കുകയും ചെയ്തു.

 

ഉടനെ ചിലർ കൂടി ചേരമാൻ പെരുമാളുടെ മുമ്പിൽത്തന്നെ ഒരടുപ്പുണ്ടാക്കി തീ കത്തിച്ചു, പാത്രത്തിൽ നെയ്യൊഴിച്ച്, അടുപ്പത്തു വച്ച് തിളപ്പിച്ചു. നെയ്യ് നല്ലപോലെ തിളച്ച സമയം ഒരാൾ കൈക്കല കൂട്ടിപ്പിടിച്ച് അതു വാങ്ങിത്താഴെവെച്ചു. ഉടനെ തോലകവി 'ഇനി ഞാൻകൈ മുക്കണമെന്നുണ്ടോ? കളവിവിടെ തെളിഞ്ഞുവല്ലോ. ഈ നെയ്യു വാങ്ങിവെച്ച ആളാണ് തിരുവാഴി മോഷ്ടിച്ചത്.

 

അല്ലെങ്കിൽ അയാൾ കൈക്കല കൂട്ടിപ്പിടിച്ചതെന്തിനാണ്? അയാൾ മോഷ്ടിച്ചില്ലെങ്കിൽ അയാളുടെ കൈ പൊള്ളുകയില്ലല്ലോ'എന്നു പറഞ്ഞു. ഇതിനു ശരിയായ സമാധാനം പറയാൻ ആർക്കും തോന്നിയില്ല. പെരുമാളും മൗനത്തെത്തനെ അവലംബിച്ചു. അപ്പോൾ തോലകവി 'ഇതൊക്കെ വിഢ്ഢികളെപ്പറ്റിക്കാനുള്ള വിദ്യകളാണ്. ഇതൊന്നും എന്നോടു പറ്റുകയില്ല.

 

ബുദ്ധിയുള്ളവർ ശരിയായി അന്വ്വേ‌ഷിച്ചിരുന്നെങ്കിൽ തിരുവാഴി കിട്ടുമായിരുന്നു. തമ്പുരാന്റെ ചോറു തിന്നുന്നവരിൽ അങ്ങനെയുള്ള വരാരും ഇവിടെയില്ല. എല്ലാവരുടെയും ഉത്സാഹമൊക്കെക്കഴിഞ്ഞുവല്ലോ. ഇനി തിരുവാഴി ഞാൻകണ്ടെടുത്തുതരാം' എന്നു പറഞ്ഞു തിരുവാഴി വാളുറയിൽ നിന്നെടുത്തു തിരുമുമ്പിൽ വെച്ചുകൊടുത്തു.

ഇപ്രകാരം തന്നെ പിന്നെയുമൊരിക്കൽ ചിലർ കൂടി തോലകവിയുടെ മേൽ ഒരു കുറ്റം സ്ഥാപിച്ചുകൊണ്ട് തിരുമനസ്സറിയിച്ചു. തോലകവി ആ കുറ്റം സമ്മതിച്ചില്ല. അതിനു ചേരമാൻ പെരുമാൾ വിധിച്ചത് തോലകവി ഒരു കയത്തിൽ ചാടണമെന്നായിരുന്നു. മനു‌ഷ്യരോ മറ്റു ജീവജന്തുക്കളോ വീണാൽ ഉടനെ പിടിച്ചുതിന്നുന്നവയായ വലിയ മുതലകൾ ആ കയത്തിൽ വളരെയുണ്ടായിരുന്നു. തോലകവി അതിൽ ചാടീട്ടു മുതല പിടിച്ചില്ലെങ്കിൽ നിർദ്ദോ‌ഷനാണെന്നു വിശ്വസിക്കാമെന്നായിരുന്നു കൽപ്പന. തോലകവി അതും സമ്മതിച്ചു. കയത്തിൽ ചാടാനുള്ള ദിവസവും സമയവും നിശ്ചയിച്ചു മുൻകൂട്ടി പ്രസിദ്ധപ്പെടുത്തുകയും ആ സമയത്തു പെരുമാളും അസംഖ്യം ജനങ്ങളും കയത്തിന്റെ കരയിലെത്തുകയും ചെയ്തു. ആ സമയം, ജനിച്ചിട്ടു കണ്ണുതുറക്കുകപോലും ചെയ്യാത്ത രണ്ടു പട്ടിക്കുട്ടികളെ തോലകവി കയത്തിലേയ്ക്ക് എറിയുകയും തൽക്ഷണം മുതലകൾ വന്ന് അവയെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. അപ്പോൾ തോലകവി ചേരമാൻ പെരുമാളുടെ അടുക്കൽച്ചെന്ന് 'ആ പട്ടിക്കുട്ടികൾ ജനിച്ചിട്ട് കണ്ണു തുറക്കുക പോലും ചെയ്തിട്ടില്ല. അവ യാതൊരപരാധവും ചെയ്തിരിക്കയില്ലല്ലോ. അവയെയും ഈ മുതലകൾ പിടിച്ചു. അതിനാൽ ഈ മുതലകൾ അപരാധികളെയും നിരപരാധ ന്മാരെയും തിരിച്ചറിയുന്നവയാണെന്നു തോന്നുന്നില്ല. അവ ആരെയും പിടിച്ചു തിന്നും. ഈ സ്ഥിതിക്കു ഞാൻചാടിയാൽ എന്നെയും പിടിക്കയില്ലയോ എന്നു ഞാൻസംശയിക്കുന്നു' എന്നു പറഞ്ഞു. ഇതിനും ശരിയായ മറുപടിയൊന്നും പറയാൻ തോന്നായ്കയാൽ ചേരമാൻ പെരുമാൾ ഒന്നും മിണ്ടാതെ തിരിച്ചെഴുന്നള്ളി. പുരു‌ഷാരങ്ങളും പിരിഞ്ഞു. തോലകവിയും മടങ്ങിപ്പോയി. അതിൽപ്പിന്നെ ആരും അദ്ദേഹത്തെക്കുറിച്ചു പെരുമാളുടെ അടുക്കൽ ഏഷണി പറയുകയും പെരുമാൾ കുറ്റം വിധിക്കുകയുമുണ്ടായില്ല.

ഇങ്ങനെ തോലകവിയെക്കുറിച്ച് ഇനിയും പല കഥകൾ പറയാനുണ്ട്..

രഞ്ജിത്ത് മാത്യു 

 

അടുത്ത ലക്കം : 

മണ്ണാറശ്ശാല മാഹാത്മ്യം

ബന്ധങ്ങൾ (നോവൽ - 43)

March 10, 2021

അമ്പിളി അടുക്കളയിലേക്ക് നടന്നു മറഞ്ഞ ഉടനെ ഉമ്മച്ചന്‍റെ മനസ്സ് വീണ്ടും നിരാശയുടെ നീരാളിപിടുത്തത്തില്‍ അമര്‍ന്നു. മാനുഷിക സഹജമായ വികാരങ്ങള്‍ക്ക് അടിമപ്പെടുമ്പോള്‍ ആശ്വാസദായകമായ വാക്കുകള്‍ക്ക് പ്രവര്‍ത്തിക്കുവാനുള്ള അവസരം തുലോം കുറവായിരിക്കുമെന്ന് ഉമ്മച്ചന്‍ ഓര്‍ക്കാതെയിരുന്നില്ല.
 
മനസ്സിന്‍റെ ഭാരം താങ്ങുവാന്‍ കഴിയാതെയായപ്പോള്‍ ഉമ്മച്ചന്‍ അമ്പിളിയുമൊത്തുള്ള കുടുംബ ജീവിതത്തെ പറ്റിയുള്ള ചിന്തകളിലേക്ക് മനസ്സിനെ ഒഴുക്കിയിറക്കി. സന്തോഷമായ കുടുംബജീവിതം അഭിനയിച്ചു കഴിയുമ്പോഴും  എന്തൊക്കെയോ പോരായ്മകള്‍ എവിടെയൊക്കെയോ എഴുന്നു നില്‍ക്കുന്നതായി ഉമ്മച്ചന് തോന്നി തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി.
 
പക്ഷേ... തങ്ങളുടെ കുടുംബജീവിതത്തില്‍ കുറെയേറെ യോജിപ്പിന്‍റെ രസതന്ത്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉമ്മച്ചന്‍ ഓര്‍ക്കാതെയിരുന്നില്ല.  
 
ദ്രവ്യാഗ്രഹവും, സ്വത്തിനോടുള്ള അമിതമായ ആര്‍ത്തിയുമെല്ലാം തങ്ങളിരുവരെയും ഒരുപോലെ കെട്ടിപുണര്‍ന്ന് കിടക്കുന്നത് കൊണ്ടാവാം ദൈവം തങ്ങളെ യോജിപ്പിച്ചത്.
 
മോനേ... വല്ലതും കഴിക്കുവാന്‍ വാ .. അടുക്കളയില്‍ നിന്നും അമ്പിളിയുടെ അമ്മയുടെ സ്നേഹത്തോടെയുള്ള വിളി കേട്ടപ്പോള്‍ ഉമ്മച്ചന്‍ എഴുനേറ്റു ഊണ് മുറിയിലേക്ക് നടന്നു.
 
 
ഉമ്മച്ചന് ഭക്ഷണം വിളമ്പി കൊണ്ട് ഊണ് മുറിയില്‍ തന്നെ കുഞ്ഞേലിയാമ്മ നിന്നു. അമ്മായിയപ്പന്‍ ഇത്താക്കൂവിന്‍റെ കാര്യം അന്യേക്ഷിക്കുവാനായി ഒരുങ്ങിയപ്പോഴാണ് ഉമ്മച്ചന്‍റെ ഫോണ്‍ നിര്‍ത്താതെ ശബ്ദിച്ചത്.
 
 
ആരാ ഉമ്മച്ചായാ..... ഫോണ്‍ അടിക്കുന്ന ശബ്ദം കേട്ട ഉടനെ തന്നെ അമ്പിളി ഉമ്മച്ചന്‍റെ അരികിലേക്ക് ഓടി എത്തി.
 
അത് മദ്രാസില്‍ നിന്നും മത്തായികുട്ടിച്ചായന്‍ ആയിരുന്നു.
 
 
മത്തായികുട്ടിച്ചായന്‍ രണ്ടു ദിവസത്തിനകം നാട്ടിലേക്ക് വരുന്ന വിവരം കേട്ടപ്പോള്‍ ഉമ്മച്ചന് വല്ലാത്തൊരു വിഷമം തോന്നി. വസ്തു ഭാഗം വയ്ക്കുന്ന കാര്യം പറയാനാവും ഇപ്പോഴത്തെ ഈ വരവിന്‍റെ ഉദ്ദേശം.
 
അമ്പിളിയുടെ വെപ്രാളവും പരവേശവും കണ്ടപ്പോള്‍ കുഞ്ഞേലിയാമ്മയ്ക്കും ആധി കയറാതിരുന്നില്ല. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ നമുക്ക് പൊന്നപ്പനോട്‌ പറയാം.
 
ആങ്ങള പൊന്നപ്പന്‍റെ സഹായം തേടാതെയിരിക്കുന്നത് മണ്ടത്തരമാണെന്നുള്ള ചിന്ത അമ്പിളിയ്ക്ക് അപ്പോള്‍ തോന്നാതെയിരുന്നില്ല. താഴത്ത് വടക്ക് തറവാട്ടിലെ സ്വത്തുക്കള്‍ തങ്ങളുടെ പേരിലായി കഴിയുമ്പോള്‍ എന്തെങ്കിലും അതില്‍ നിന്നും നല്‍കാമെന്നു പറഞ്ഞാല്‍ പൊന്നപ്പന്‍ കൂടെ നില്‍ക്കുമെന്ന് അമ്പിളിയ്ക്ക് അറിയാമായിരുന്നു.
 
ആ ഒരു ധൈര്യത്തിലായിരുന്നു വീടിന്‍റെ തൊട്ടടുത്ത് തന്നെ താമസിക്കുന്ന ആങ്ങളയെ  ഉടനെ തന്നെ അമ്പിളി വിളിച്ചു വരുത്തിയത്.
 
എന്താടീ പ്രശ്നം..  അവിടേക്ക് കടന്നുവന്ന പൊന്നപ്പന്‍ ആത്മാര്‍ത്ഥമായിട്ട് തന്നെയായിരുന്നു ആ ചോദ്യം ചോദിച്ചത്.
 
 
അതോ.... ഉമ്മച്ചായന്‍റെ അവിടെ വീതം വയ്ക്കാത്ത വസ്തുക്കള്‍ എല്ലാം ആ ബേബിച്ചായനും, മത്തായികുട്ടിച്ചായനും, പ്രസാദും കൂടി അടിച്ചു മാറ്റും എന്നാണ് തോന്നുന്നത്. അതിന് താലപ്പൊലി പിടക്കുവാന്‍ ജോളിയും,  വത്സലയുമൊക്കെ ഒരുങ്ങി പുറപ്പെട്ടിരിക്കുകയാണ്.
 
അമ്പിളി അത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ ഉമ്മച്ചന്‍റെ ശബ്ദം ഇടറുകയും, നേരിയൊരു വിറയലോടെ അളിയനെ നോക്കിയൊന്നു കിണുങ്ങിയിട്ട് മെഴിഞ്ഞു.
 
 "അതിന് തടയിടുവാന്‍ അളിയന്‍റെ സഹായം കൂടിയേ തീരുകയുള്ളൂ. വസ്തു കിട്ടുമ്പോള്‍ അളിയനും അതിന്‍റെ ഗുണം ഉണ്ടാകുമെന്ന് കൂട്ടിക്കോളൂ.
 
 
സ്ഥലം കിട്ടുമെന്ന് കേട്ടപ്പോള്‍ പൊന്നപ്പനും ഉത്സാഹം അടക്കുവാന്‍ ആയില്ല.  
 
 
അതിന്‍റെ ആവേശം  പൊന്നപ്പന്‍ അളിയനോട് പ്രകടിപ്പിക്കുകയും ചെയ്തു.
 
 
"നിങ്ങള്‍  ഒന്നു കൊണ്ടും വിഷമിക്കുവാന്‍ പാടില്ല. ഇന്നു തന്നെ തറവാട്ടിലേക്ക് മടങ്ങി പൊയ്ക്കോ... " നാളെ കഴിഞ്ഞ് ഞങ്ങള്‍ അങ്ങ് വന്നേക്കാം . ഈ മത്തായികുട്ടിയെ രായ്ക്ക് രാമാനം അവിടെ നിന്നും തുരത്തുവാനുള്ള സൂത്രപ്പണിയൊക്കെ ഒപ്പിക്കുവാന്‍  ഈ പൊന്നപ്പന്‍ മിടുക്കനാ...
 
 
 
അളിയന്‍ ലേശം മിനുങ്ങിയിട്ടുണ്ടാല്ലോടീ.... ഉമ്മച്ചന്‍ അമ്പിളിയെ സ്വകാര്യമായി കിട്ടിയപ്പോള്‍ ആരും കേള്‍ക്കാതെ മെല്ലെ പറഞ്ഞു.
 
 
അത് പിന്നെ അങ്ങനെയല്ലേ...  ഒരിക്കല്‍ മദ്യത്തിന്‍റെ ലഹരി നുണഞ്ഞു കഴിഞ്ഞാല്‍ പിന്നെ അതില്‍ നിന്നും ഒരു പിന്മാറ്റം അസാധ്യമാണ്.
 
ഉമ്മച്ചന്‍ മറുപടിയൊന്നും പറഞ്ഞില്ല.  പകരം മറ്റൊരു കാര്യം ചിന്തിച്ചുകൊണ്ട് അങ്ങനെ തന്നെ നിന്നു.
 
എന്താ മനുഷ്യാ നിങ്ങള്‍ ചിന്തിക്കുന്നത്... അമ്പിളിയുടെ ചോദ്യം കേട്ടപ്പോള്‍ ഉമ്മച്ചന്‍ ഒന്ന്‍ ചിരിച്ചു.
 
ഒന്നുമില്ലെടീ.....
 
 
ഉടനെ തന്നെ നമ്മള്‍ക്ക് തറവാട്ടിലേക്ക് തിരികെ  പോകണം. അവിടെ ചെന്ന് ചെയ്യുവാന്‍ ഉള്ള കുറെ കാര്യങ്ങള്‍  തീര്‍ക്കണം. എന്നിട്ട് കോഴിക്കോടിന് തിരികെ പോകണം. കോഴിക്കോട് വന്ന് മത്തായികുട്ടിച്ചായന്‍ വസ്തു വീതം വയ്ക്കുന്ന കാര്യം ഒന്നും പറയുവാന്‍ പോകുന്നില്ല.
 
 
ഉമ്മച്ചന്‍റെ അഭിപ്രായം കേട്ടപ്പോള്‍ അമ്പിളിയ്ക്കും അത് ശരിയാണെന്ന് തോന്നാതിരുന്നില്ല.
 
വീട് പണിയുടെ തിരക്ക് കഴിഞ്ഞിട്ട് വീതം വയ്പ് നടത്താമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയും ചെയ്യാം. അമ്പിളി മനസ്സില്‍ അപ്പോള്‍ തോന്നിയ ആ ആശയം ഉമ്മച്ചനുമായി പങ്കു വയ്ക്കുവാന്‍ മടിച്ചില്ല.
 
 
അപ്പന്‍ ഇത്താക്കൂവിനെ കാണുവാനൊന്നും അമ്പിളിയും , ഉമ്മച്ചനും, ടോമും, ജെറിയും നിന്നില്ല. വീടിന്‍റെ കല്ലിടീലിന് എല്ലാവരേയും ക്ഷണിച്ചിട്ട് ഉമ്മച്ചന്‍ തിണ്ണയില്‍ തന്നെ നിന്നു.
 
അമ്പിളി അമ്മയെ കെട്ടി പിടിച്ചു കുറെയേറെ നേരം കരഞ്ഞു. വീട്ടില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ അമ്പിളി ഒരു ചെറിയ പൊതി അമ്മയെ എല്പിച്ചിട്ട് പറഞ്ഞു.  
 
 
വീടിന്‍റെ കല്ലിടീലിന് കോഴിക്കോടിന് വരുമ്പോള്‍ ഉമ്മച്ചായന്‍റെ കയ്യില്‍ അപ്പനോട് ഈ പൊതി കൊടുക്കുവാന്‍ പറയണം.
 
എന്തായിത്.....
 
 
സംശയനിവാരണം തീര്‍ക്കുവാനായിട്ട് കുഞ്ഞേലിയാമ്മ മകളെ നോക്കി ചോദിച്ചു.
 
 
ഒരു ലക്ഷം രൂപയാ... തുടക്കത്തില്‍ തന്നെ നല്ല തുക ഇവിടെനിന്നും കിട്ടിയെന്ന്‍ അറിയുമ്പോള്‍ ഉമ്മച്ചായനും സന്തോഷം തോന്നും.
 
 
കുഞ്ഞേലിയാമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. എന്തെങ്കിലും നിന്‍റെ വീട് പണിക്ക് കൊടുക്കണമെല്ലോയെന്നും പറഞ്ഞു ഇന്നലെയും കൂടി ഇതിലെ വിഷമിച്ചു നടക്കുന്നത് കണ്ടായിരുന്നു. അതിന് ഇപ്പോള്‍ ഒരു പരിഹാരം ആയല്ലോ...
 
 
മറുപടിയൊന്നും പറയാതെ അമ്പിളി, ഉമ്മച്ചനോടും , മക്കളോടും കൂടി ബസ്‌ സ്റ്റോപ്പിലേക്ക് ഇറങ്ങി നടന്നു.
 
 
തുടരും
 
 
രഞ്ജിത്ത് മാത്യു

കവർ ചിത്രം: ബിനോയ് തോമസ് 

ആസ്വാദകൻ

March 7, 2021

എന്നത്തേയും പോലെ ഇന്നും, അയാൾ ആ സദസ്സിൽ പതിവുള്ള കസേരയിൽ ഇരുന്നു.. അത്, അയാൾക്കെന്ന പോലെ അവിടെ ഒഴിഞ്ഞു കിടന്നിരുന്നു.. ആളുകൾ എത്തിത്തുടങ്ങുന്നു..നർത്തകി വരുവാൻ ഇനിയും നേരം ഏറെ.. താൻ അക്ഷമനാകുന്നുവല്ലോ എന്നു വെറുതേ അയാൾ ഓർത്തു.. അവരെക്കാണുക എന്ന ഒറ്റ ലക്ഷ്യത്തിനു ചുറ്റുമാണ്, അയാളുടെ ജീവിതം കറങ്ങിക്കൊണ്ടിരിക്കുന്നത്..

നാദവും മേളവും തുടങ്ങുകയായി.. തീരശ്ശീല രണ്ടു വശത്തേയ്ക്കായി മാറിക്കഴിഞ്ഞു.. അയാൾ കാത്തിരുന്ന നൂപുരധ്വനി പഞ്ചേന്ദ്രിയങ്ങൾക്ക് അനുഭവവേദ്യമായി.. അവർ വേദിയിൽ നിറഞ്ഞാടുകയാണ്.. ഈ പാദ ചലനങ്ങൾക്കു കാതോർത്ത്, എത്രയോ വൈകുന്നേരങ്ങളിൽ, ഇതേ സദസ്സിൽ, അയാൾ ഇരുന്നിരിക്കുന്നു..

അവർ രാധയായി, രുഗ്മിണിയായി, യശോദയായി അയാൾക്കു മുൻപിൽ, അനായാസേന, സ്ത്രീത്വത്തിന്റെ പൂർണതയിൽ, ശക്തിയുടെ പ്രതി രൂപമായി നിറഞ്ഞു നിന്നിരിക്കുന്നു.. അവരെ പ്രണയിക്കാത്ത സായാഹ്നങ്ങൾ, അയാൾക്ക് ഓർത്തെടുക്കുവാൻ തന്നെ സാധിക്കില്ലാതായിരിക്കുന്നു.. ഇത്ര വേഗം നൃത്തം അവസാനിച്ചിരിക്കുന്നുവോ?നിമിഷങ്ങൾ മാത്രമായിരിക്കില്ലേ കടന്നു പോയത്? ചിലങ്ക ശബ്ദം എന്തേ നിന്നു പോയത്?

പതിവു തെറ്റിക്കാതെ, അണിയറ വാതിൽക്കൽ എത്തി.. അയാളെക്കണ്ട മാത്രയിൽ, അവൾ ആഹ്ലാദവതിയായി.. അവരുടെ നടനം വാഴ്ത്തിപ്പാടുക എന്ന ദൗത്യം, എന്നത്തേയും പോലെ, അത്യുത്സാഹത്തോടെ അയാൾ നിറവേറ്റുമ്പോൾ, അവരുടെ തേജസ്സ് ശ്രദ്ധിക്കാതിരിക്കുവാനായില്ല.. കലാകാരിയുടെ മുഖം അതിപ്രസന്നവും, പ്രകാശപൂരിതവും ആയിക്കഴിഞ്ഞിരുന്നു..

അവൾ, എന്നുമെന്ന  പോലെ, സന്തോഷത്തോടു കൂടിപ്പറഞ്ഞു, "സമയം ഏറെ ആയിരിക്കുന്നു, അടുത്ത സദസ്സിൽ താങ്കൾ  വരുമല്ലോ?"
തനിക്കു വിട ചൊല്ലുവാൻ വേണ്ടിയുള്ള അവരുടെ പതിവു പല്ലവി ശീലമായിരിക്കുന്നു.. തിരിഞ്ഞു നടക്കുവാൻ ഒരുങ്ങവേ, ഏതോ ശക്തിയുടെ പ്രേരണയാൽ എന്ന വണ്ണം, അയാൾ അതി ദുഖത്തോടും ഇർഷ്യയോടും പറഞ്ഞു, "നിങ്ങൾക്ക് എന്നോടിങ്ങനെ പെരുമാറുവാൻ, എങ്ങനെ സാധിക്കുന്നു? എന്റെ പ്രണയം നിങ്ങൾ അറിയുന്നില്ലേ? പ്രണയാഗ്നിയിൽ എന്റെ ഹൃദയം കത്തി അമരുന്നത് കണ്ടു നിങ്ങൾ രസിക്കുകയാണോ? ഒരിക്കൽ പോലും, ഒരു അതിഥി ആയിപ്പോലും, എന്നെ അകത്തേക്കു വിളിക്കുവാൻ കൂട്ടാക്കാതെ, ഇത്ര ക്രൂരത എന്തിന്?" അയാളുടെ നിറഞ്ഞു തുളുമ്പിയ കണ്ണുകളിൽ തീനാളങ്ങൾ ആയിരിന്നുവോ?

അവർ, ഒന്നും മിണ്ടാതെ, ഒരുപാടു നേരം, അയാളെ നോക്കി നിന്നു.. എപ്പോഴാണ് അവർ സംസാരിച്ചു തുടങ്ങിയത്? "താങ്കൾ പറഞ്ഞതു തീർച്ചയായും ഞാൻ മനസ്സിലാക്കുന്നു.. ഓരോ നൃത്ത വേദിയും കഴിഞ്ഞ്, നിങ്ങൾ വരുന്നതും കാത്തു ഞാൻ നിൽക്കാറുണ്ടെന്നതും, ഒരു പരമമായ സത്യം തന്നെ.. നിങ്ങളുടെ പ്രണയത്ത, നിങ്ങളെക്കാൾ മുൻപ്, ഞാൻ മനസിലാക്കിയിരിക്കുന്നു..  കലയെ പ്രണയിക്കുന്ന ശ്രേഷ്ഠനായ ആസ്വാദകനാണു താങ്കൾ.. നിങ്ങളുടെ കരഘോഷം
ഇല്ലാത്ത സദസ്സുകൾ എത്ര നിർജ്ജീവം ആയിരിക്കും, എന്നു ഞാൻ തിരിച്ചറിയുന്നു.. ആസ്വാദകർ ഇല്ലാത്ത കലാകാരി മരിച്ചവൾ മാത്രം... എന്നാൽ തിരശ്ശീലക്കിപ്പുറം,  നർത്തകിക്കു ചമയങ്ങളോ നിറക്കൂട്ടുകളോ ഇല്ല.. അവിടെ  അനുരാഗത്തിനു സ്ഥാനം തന്നെ ഇല്ല.. നിങ്ങളുടെ പ്രണയം  ജീവിക്കുന്നതു വേദിയിലാണ്, നിങ്ങളുടെ പ്രണയ ഭാജനവും അവിടെത്തന്നെ.. നിങ്ങളിലെ പ്രേക്ഷകൻ, തീർച്ചയായും, വീണ്ടും വരുക തന്നെ വേണം.. ഞാൻ കാത്തിരിക്കുകയും ചെയ്യും."
ഇത്രയും പറഞ്ഞ്, അവർ തിരിഞ്ഞു നടന്നു.. അവരുടെ രക്തനിറമാർന്ന പാദങ്ങൾ, അകന്നു പോകുന്നതു നോക്കി, ഏറെ നേരം അയാൾ നിന്നു.. വെറുതെ!!!

 

ആഷ്മി

 

കവർ ചിത്രം: ബിനോയ് തോമസ് 

ചില ഈശ്വരന്മാരുടെ പിണക്കം

March 4, 2021

ടിപ്പുസുൽത്താന്റെ ആക്രമണകാലത്തു ഗുരുവായൂരപ്പനെ അവിടെ നിന്ന് ഇളക്കിയെടുത്ത് അമ്പലപ്പുഴെയും പിന്നീട് മാവേലിക്കരെയും എഴുന്നള്ളിച്ചു കുടിയിരുത്തിയിരുന്നു എന്നുള്ളതു പ്രസിദ്ധമാണല്ലോ.

ഗുരുവായൂരപ്പനും അമ്പലപ്പുഴ കൃ‌ഷ്ണസ്വാമിയും വാസ്തവത്തിൽ ആൾ ഒന്നുതന്നെയാണെങ്കിലും അവർ രണ്ടുപേരുംകൂടി അമ്പലപ്പുഴ താമസിച്ചിരുന്ന കാലത്തു പല പിണക്കങ്ങളും മൽസരങ്ങളുമുണ്ടായിട്ടുള്ളതായി അനേകം ഐതിഹ്യങ്ങളുണ്ട്.

ഗുരുവായൂരപ്പന്റെ പ്രീതിക്കായി നടത്തുന്ന നമസ്ക്കാരസ്സദ്യകൾക്കുള്ള കാളൻ മുതലായ സാധനങ്ങൾ വയ്ക്കുന്ന ഓട്ടുപാത്രങ്ങളിൽത്തന്നെ കിടക്കുകയല്ലാതെ, മറ്റു പാത്രങ്ങളിൽ പകരുക പതിവില്ലെന്നും എന്നാൽ ആ സാധനങ്ങൾക്കു ക്ലാവ്‌ ചുവ ഉണ്ടാകാറില്ലെന്നുമുള്ളതാണ്‌ വാസ്തവം.

 ഗുരുവായൂരപ്പൻ അമ്പലപ്പുഴ താമസിച്ചിരുന്ന കാലത്ത് നമസ്ക്കാരത്തിനായി വച്ചുണ്ടാക്കുന്ന കാളനും മറ്റും ക്ലാവ്‌ ചുവകൊണ്ടു മനു‌ഷ്യർക്കു ഉപയോഗിക്കാൻ നിവൃത്തിയില്ലാതായിത്തീർന്നു. ഇതിങ്ങനെ ആക്കിത്തീർത്തതു ഗുരുവായൂരപ്പനോടുള്ള സ്പർദ്ധ നിമിത്തം അമ്പലപ്പുഴെ കൃ‌ഷ്ണസ്വാമിയാണെന്നുള്ളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. ഇതിനുപകരം ഗുരുവായൂരപ്പനും ചിലതു പ്രവർത്തിക്കാതിരുന്നില്ല.

അമ്പലപ്പുഴ കൃ‌ഷ്ണസ്വാമിക്കു പ്രതിദിനം മുപ്പത്താറു പറ പാൽകൊണ്ടു പഞ്ചസാരപ്പായസം പതിവുണ്ടായിരുന്നു. അതിൽ ഗുരുവായൂരപ്പൻ അട്ടയും മറ്റും കാണിച്ചു നിവേദ്യത്തിനു കൊള്ളാത്ത വിധത്തിലാക്കിത്തീർത്തുതുടങ്ങി.

ഇങ്ങനെ ഇവർ തമ്മിലുള്ള സ്പർദ്ധയും മത്സരവും നിമിത്തം രണ്ടുപേർക്കും പൂജാനിവേദ്യാദികൾ നടത്താൻ നിവൃത്തിയില്ലാതെ വന്നതിനാൽ ഗുരുവായൂരപ്പനെ ടിപ്പുസുൽത്താന്റെ ഉപദ്രവം ശമിക്കുന്നതുവരെ മാവേലിക്കരെ കൊണ്ടുപോയി ഇരുത്തേണ്ടതായിവന്നു. ഗുരുവായൂരപ്പനെ കുടിയിരുത്തിയിരുന്ന സ്ഥലവും അവിടുത്തെ വകയായി ഒരു കിണറും ഇപ്പോഴും അമ്പലപ്പുഴ കാൺമാനുണ്ട്.

ഇപ്രകാരം തന്നെ വൈക്കത്തപ്പനും ഏറ്റുമാനൂർ ദേവനും തമ്മിലും ചില പിണക്കങ്ങളുണ്ടായിട്ടുണ്ട്. 973-ആമാണ്ടു നാടുനീങ്ങിയ രാമവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ട് വൈക്കത്തപ്പനു വഴിപാടായി ഏഴര (ഏഴു വലിയതും ഒന്നു ചെറിയതും) പൊന്നാനകളെ (പ്ലാവുകൊണ്ടു പണിയിച്ചു സ്വർണ്ണത്തകിടുകൊണ്ട് പൊതിയിച്ചു) തിരുവനന്തപുരത്തുനിന്ന് വൈക്കത്തേക്ക് കൊടുത്തയച്ചു.

കൽപനപ്രകാരം ഹരിക്കാരന്മാർ പൊന്നാനകളെ വിരുത്തിക്കാരെക്കൊണ്ട് എടുപ്പിച്ചു കൊണ്ട് കരമാർഗ്ഗമായി പുറപ്പെട്ട് ഒരു ദിവസം ഏറ്റുമാനൂർ വന്നുചേർന്നു. പൊന്നാനകളെ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തറയിലിറക്കിവച്ചു നട കാവൽക്കാരെ ഏൽപ്പിച്ചിട്ട് ഹരിക്കാരന്മാരും ചുമട്ടുകാരും കുളിക്കാനുമുണ്ണാനു പോയി.

അവർ കുളിയും ഭക്ഷണവും കഴിഞ്ഞു വന്നു നോക്കിയപ്പോൾ പൊന്നാനകളുടെ തലയിൽ ഓരോ വലിയ സർപ്പങ്ങളിരിക്കുന്നതായി കണ്ടു. ആരെങ്കിലും അടുത്തു ചെന്നാൽ ആ ഭയങ്കര സർപ്പങ്ങൾ ഫണങ്ങൾ വിടർത്തിക്കൊണ്ട് ചീറ്റിത്തുടങ്ങും.

അതിനാൽ എല്ലാവരും ഭയപ്പെട്ടു മാറിയതല്ലാതെ അടുത്തു ചെല്ലുന്നതിന് ആർക്കും ധൈര്യമുണ്ടായില്ല. പിന്നെ ഇതിനെപ്പറ്റി പ്രശ്നംവെപ്പിച്ചു നോക്കിയതിൽ, ഈ ആനകളെ താൻ വിട്ടയയ്ക്കുകയില്ലെന്നും ഇവ തനിക്കു വേണമെന്നുമാണ് ഏറ്റുമാനൂർ ദേവന്റെ അഭിപ്രായമെന്നു കാണുകയും ആ വിവരം തിരുമനസ്സറിയിക്കുന്നതിന് എഴുതി അയയ്ക്കുകയും പ്രശ്നത്തിൽ കണ്ടതുപോലെ തന്നെ മഹാരാജാവു തിരുമനസ്സിലേക്കു ഒരു ദർശനമുണ്ടാകുകയും ചെയ്തു.

അതിനാൽ ആ പൊന്നാനകളെ ഏറ്റുമാനൂർ ദേവന്റെ ഭണ്ഡാരത്തിൽ എടുത്തുവച്ചുകൊള്ളുന്നതിനു കൽപിച്ചനുവദിച്ചു. ഇപ്പോഴും ഏറ്റുമാനൂർ ഭണ്ഡാരത്തിലിരിക്കുന്നവയും ഉത്സവകാലങ്ങളിൽ എഴുന്നള്ളത്തോടുകൂടി കൊണ്ട് നടക്കുന്നവയുമായ പൊന്നാനകൾ അവിടെ വന്നുചേർന്നതിപ്രകാരമാണ്.

വൈക്കത്തപ്പനു വഴിപാടായി നിശ്ചയിച്ച് ഉണ്ടാക്കിച്ചയച്ചവയായ പൊന്നാനകളെ ഏറ്റുമാനൂർ ദേവൻ ഇടയ്ക്കുവച്ച് തട്ടിയെടുത്തതിനാൽ വീണ്ടും ഏഴരപൊന്നാനകളെ ഉണ്ടാക്കിച്ചു വൈക്കത്തേക്കയയ്ക്കണമെന്ന് മഹാരാജാവു തിരുമനസ്സുകൊണ്ട് കൽപ്പിച്ചു നിശ്ചയിച്ചു.

 അപ്പോൾ ഒരു ദിവസം രാത്രിയിൽ തിരുമനസ്സിലേക്കു ഒരു ദർശനമുണ്ടായി. അതിന്റെ സാരം തനിക്കു പൊന്നാനയും മറ്റും വേണമെന്നില്ലെന്നും അതിന്റെ വില ചെലവാക്കി ഒരു സഹസ്രകലശം നടത്തിയാൽ മതിയെന്നുമായിരുന്നു. ഇതു വൈക്കത്തപ്പന്റെ കൽപനയാണെന്നു വിശ്വസിച്ചു മഹാരാജാവ് തിരുമനസ്സുകൊണ്ട് അപ്രകാരംതന്നെ അതികേമമായി വൈക്കത്ത് ഒരു സഹസ്രകലശം നടത്തിക്കുകയും ചെയ്തു. വൈക്കത്തപ്പനും ഏറ്റുമാനൂർ ദേവനും തമ്മിൽ ഇപ്പോഴും പിണക്കമാണെന്നാണ് ജനങ്ങളുടെ വിശ്വാസം. അതിനാൽ വൈക്കത്ത് അഷ്ടമി ദർശനത്തിന് ഇപ്പോഴും ഏറ്റുമാനൂർ ദേശക്കാരാരും പോകാറില്ല.

ആറന്മുള ദേവനും ശബരിമലശാസ്താവും തമ്മിലും പിണക്കമാണെന്നാണ് ജനങ്ങളുടെ വിശ്വാസം. അതിനാൽ ആറന്മുളക്കാർ ശബരിമലയ്ക്കു പോകാറില്ല. പണ്ടൊരിക്കൽ ആറന്മുളക്കാരായ ചിലർ ശബരിമലയ്ക്കുപോകുന്നതിനു നിശ്ചയിച്ച് "നോയമ്പു" തുടങ്ങി.

അപ്പോൾ അവർക്കു ആറന്മുളദേവൻ സ്വപ്നത്തിൽ പ്രത്യക്ഷമായി "എന്റെ ജനങ്ങൾ മല ചവിട്ടണമെന്നില്ല; സകലകാര്യസിദ്ധിക്കും എന്നെ സേവിച്ചുകൊണ്ടാൽ മതി" എന്നരുളിച്ചെയ്തു. എങ്കിലും അവർ അതിനെ വകവയ്ക്കാതെ യഥാകാലം ശബരിമലയ്ക്കു പോയി. ശബരിമലയ്ക്ക് പോകുന്നവർ "ശരണമയ്യപ്പോ" എന്നും "അയ്യപ്പസ്വാമിയേ ശരണം" എന്നും മറ്റും വിളിച്ചുപറഞ്ഞു കൊണ്ടാണല്ലോ പോകുക പതിവ്.

എന്നാൽ ആറന്മുളക്കാർ "ആറന്മുള സ്വാമിയേ ശരണം" എന്നു വിളിച്ചുകൊണ്ടാണ് പോയത്. അവർ അയ്യപ്പസ്വാമിയുടെ നായ്ക്കൾ ശബരിമലയ്ക്കു സമീപമായപ്പോൾ (കടുവാകൾ) വായും പൊളിച്ചുകൊണ്ട് അവരുടെ നേരെ പാഞ്ഞുചെന്നു. അതുകണ്ട് ആറന്മുളക്കാർ ഭയപരവശന്മാരായി പൂർവാധികമുറക്കെ ആറന്മുളസ്വാമിയെ വിളിച്ചുതുടങ്ങി. അപ്പോൾ ആ വ്യാഘ്രങ്ങളുടെ വായിൽ അമ്പുകൾ വന്നു തറയ്ക്കുകയും അവ മടങ്ങിപ്പോവുകയും ചെയ്തു. ആ സമയം ശബരിമല ശാസ്താവിന്റെ വെളിപാടുണ്ടായി (വെളിച്ചപ്പാടു തുള്ളി) "ആറന്മുളക്കാർ എന്റെ നടയിൽ വരാൻ പാടില്ല" എന്നു കല്പിക്കുകയും ആറന്മുളക്കാർ അവിടെ ദർശനം കഴിക്കാതെ മടങ്ങിപ്പോവുകയും ചെയ്തു. അക്കാലം മുതൽക്കാണ് ആറന്മുളക്കാർ ശബരിമലയ്ക്കു പോകാതെയായത്.

ആറന്മുള ദേവൻ മഹാവി‌ഷ്ണുവിന്റെ ഒരവതാരമായ ശ്രീകൃഷ്ണനാണെന്നാണല്ലോ സങ്കൽപം. അതിനാൽ ശബരിമലയയ്യപ്പന്റെ നായ്ക്കളുടെ നേരെ ശരമയച്ചത് ആ ദേവൻ തന്നെയാണെന്നാണ് വിശ്വാസം.

ഇങ്ങനെ കേരളത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള അനേകം ദേവന്മാർ തമ്മിൽ പല പിണക്കങ്ങളുമുണ്ടായിട്ടുള്ളതിനും ഇപ്പോഴും പിണക്കമാണെന്നുള്ളതിനും വളരെ ഐതിഹ്യങ്ങളുണ്ട്. ഇവയെല്ലാം മനു‌ഷ്യരുടെ സങ്കൽപത്തിൽനിന്നുണ്ടായിട്ടുള്ളവയായിരിക്കാനല്ലാതെ കാരണമില്ലല്ലോ.

 

രഞ്ജിത്ത് മാത്യു

 

അടുത്ത ലക്കം  : 

തോലകവി 

കവർ ചിത്രം: ബിനോയ് തോമസ് 

അപ്രിയ സത്യങ്ങൾ

March 1, 2021

കാലം പുരോഗമിക്കുന്നതിനനുസരിച്ച്  ഉയർച്ച ഉണ്ടായിട്ടുണ്ട്, എന്നാൽ ചിലതിനോ മൂല്യച്യുതിയും .... ഇങ്ങനെ വിചാരിക്കാത്തത്ര " മൂല്യ" വളർച്ച ഉണ്ടായ ചില വസ്‌തുക്കളാണ് താഴെ പറയുന്നവ ..

ചക്ക 

അചിന്തനീയമായ മുന്നേറ്റമാണ് ഈ ഫലം കൈവരിച്ചിരിക്കുന്നത്.
പല രോഗ നിയന്ത്രണത്തിനും ഇന്ന് ഇത് ഫലപ്രദമത്രേ... അതുകൊണ്ടു തന്നെ റിസർച്ച് സെന്ററുകളുടെ ഇഷ്ട തോഴനായി മാറിയിരിക്കുന്നു ഇത്... പിറന്നാളിന് ചക്ക cut ചെയ്ത് ആഘോഷിച്ചവരുണ്ട്... ചക്ക മാത്രം കഴിച്ചു ജീവിക്കുന്നവരുമുണ്ട്‌ ... എന്നാൽ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റം ഇത് “സംസ്ഥാന ഫല”മായി മാറിയെന്നുള്ളതാണ്. ഒരു ചക്കയിൽ നിന്ന് അനവധി വിഭവങ്ങൾ ഉണ്ടാക്കാൻ ഏതു മലയാളിക്കും ഇന്നറിയാം... ഇത്രയും "ജനകീയ"മായിതീർന്ന വേറെയൊരു ഫലം ഇല്ലെന്ന് വേണം പറയാൻ ...
പശുക്കൾ രുചിയോടെ കഴിച്ചിരുന്ന seasonal food ആയിരുന്നു .. അവർക്ക് ഇതിന്റെ ഇനി എന്തെകിലും കിട്ടുമോ ആവോ ?

Ripped ജീൻസ്‌ 

കീറിയ വസ്ത്രം പണ്ട് ദാരിദ്ര്യത്തിന്റെ ലക്ഷണമായിരുന്നെങ്കിൽ ഇന്ന് അത് fashion ന്റെ കൂട്ടാളിയായിരുന്നു.. ഒരു കത്രിക/കത്തി കൊണ്ട് ഏതു ജീൻസും stylish ആക്കാം ..അങ്ങനെ ചെറുപ്പക്കാരുടെ തോഴനായി മാറിയ "കീറിയ"jeans നടത്തിയ മുന്നേറ്റം അവിശ്വസനീയം തന്നെ ..

ചാണകം 

ഇത്രയ്ക്കും ചർച്ചാ വിഷയമായ സാധനം ഈ അടുത്തൊന്നുമില്ല ..ചാണകത്തിൽ കുളിക്കുന്നു... ചാണകം തേച്ചു പിടിപ്പിക്കുന്നു, തറയിൽ ഒന്നും അല്ല, സ്വന്തം ദേഹത്തു തന്നെ... ഇതിന് Medicinal value ഉണ്ടത്രേ .. കുപ്പിയിലാക്കി ഇത് വിപണിയിൽ അടുത്ത് തന്നെ എത്തുമായിരിക്കും....
ഇവന്റെ കൂടപ്പിറപ്പ് കുപ്പിയിലായി വിൽപ്പനക്ക് എത്തിയിട്ട് വർഷങ്ങളായി ..വിദേശ മാർക്കറ്റിൽ കൂടി സുലഭമാണ് ഇവ...

കാലി കുപ്പികൾ 

പണ്ട്‌ ഒരു മൂലക്ക് ഇരുന്ന സാധനമാ, ഏറിവന്നാ പൊട്ടിച്ചു (പാമ്പ് )എലിയുടെയോ മാളത്തിലോ മതിലിനു പുറത്തോ വിതറും... എന്നാ ഇപ്പോഴോ Bottle Art എന്നാ സാമ്രാജ്യം തന്നെ ഉൽഭവിച്ചിരിക്കുന്നു. ഇതൊരു വിനോദമായും ബിസിനസ്സ് ഒക്കെ ആയി വളർന്ന് കഴിഞ്ഞിരിക്കുന്നു...


അടുത്തത്  ഒരു "വസ്തു" അല്ലെങ്കിലും ഇവയെ കുറിച്ച് പറയാതെ വയ്യ ..
       " എത്ര കുട്ടികളാ?"
എന്ന ചോദ്യത്തിനു പുറമെ 
        "എത്ര പട്ടികളാ?"
എന്നും ഉള്ള ചോദ്യം ഇന്ന് നേരിടേണ്ടിയിരിക്കുന്നു .. അതുമല്ലെങ്കിൽ 
       "വീട്ടിൽ ആരൊക്കെ ഉണ്ട് ?"
എന്ന് ചോദിച്ചാലോ,
"അപ്പൻ, അമ്മ, ചേട്ടൻ, പിന്നേ ജൂണും..."
    "3 മക്കളാണല്ലേ ?"
എന്ന് പറഞ്ഞാലോ,
     "ജൂൺ അങ്ങ് ജർമൻ -പോളണ്ട് ബ്രീഡ് ആണ് ".
മക്കളുടെ തതുല്യ സ്ഥാനം കൊടുക്കുന്നത് പോരാ,"status"കാണിക്കാൻ ഉള്ള ഒരു വസ്തു കൂടി ആയി മാറി കഴിഞ്ഞിരിക്കുന്നു ഇവ ..

പാശ്ചാത്യ അനുകരണം എന്ന് മാത്രം ഇതിനെ കണ്ടാൽ പോരാ "2 വാഴ നട്ടിട്ടു കാര്യമില്ല, 1 പട്ടിയെ"വളർത്തിനോക്കാം എന്ന മനുഷ്യന്റെ തിരിച്ചറിവാകാം ..ഇവർക്ക് വേണ്ടി സംസാരിക്കാൻ അങ്ങ് കേന്ദ്രത്തിലും ആളുണ്ടത്രേ ...പട്ടികളുടെ "മൂല്യം"കൂടിയതാണോ അതോ  മനുഷ്യന്റെ "വില"കുറഞ്ഞതാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു ..

 

സോണിയ സുബീഷ്

കവർ ചിത്രം: ബിനോയ് തോമസ്