“വെറൈറ്റി”കളുടെ ലോകം

March 26, 2021

വ്യത്യസ്തമായ ചിന്തകളും ആശയങ്ങളും ഇന്നത്തെ സമൂഹത്തിന്റ കൂടപ്പിറപ്പാണ് ..
വെറൈറ്റികളുടെ ഒരു അതിപ്രസരം തന്നെ ആയല്ലോ ...

Variety വളരെ അധികം കാണുന്ന മേഖലയാണ് ഫോട്ടോഗ്രാഫി.. മാര്യേജ് അനുബന്ധിച്ചുള്ള ഷൂട്ടിങ്ങാണ് ഏറ്റവും മുന്നിട്ടു നിൽക്കുന്നത്.. pre-marriage, post marriage, save the date എന്നുവേണ്ട എല്ലാ ഫോട്ടോഷൂട്ടിലും വെറൈറ്റി കുത്തി നിറക്കാനുള്ള തത്രപ്പാടിലാണ് ഫോട്ടോഗ്രാഫർ... ഇങ്ങനെ വെറൈറ്റി  തേടിപ്പോയിട്ട്  ജീവൻ നഷ്ടപ്പെട്ട സംഭവം നടന്നിട്ട് അധികമായിട്ടില്ല ..


വെറൈറ്റി സ്വന്തം കുട്ടികളുടെ പേരിടലിലും ഉണ്ട് കേട്ടോ.. വെറൈറ്റി നോക്കി, കടിച്ചാൽ പൊട്ടാത്ത പേര് കൊച്ചിനിട്ട് പണികിട്ടുന്നവരുമുണ്ട്... ഞങ്ങളും ഇര ആയവരാണ്... കൊച്ചിന് 3 വയസ്സ് ആവേണ്ടിവന്നു അവന്റെ പേര് നല്ല സ്ഫുടമായി പറയാൻ.. പ്രകൃതിയുടെ മായാജാലങ്ങളെയും വെറൈറ്റി കൈവിട്ടില്ല.. കത്രീന, നീന, പോളിൻ ഇങ്ങനെ പോകുന്നു ചില വെറൈറ്റി പേരുകൾ ...

സിനിമ സീരിയൽ രംഗത്തും variety നോക്കുന്നവർ വളരെ ഏറെയുണ്ട്... മനുഷ്യമനസ്സിനെ നടുക്കിയ കൊലപാതക പരമ്പര സീരിയൽ ആക്കി നോക്കി ഒരു ചാനൽ.. റേറ്റിംഗിന് വേണ്ടി വെറൈറ്റി തേടിപോകുന്നവർ ... എന്തിന് രണ്ടര മണിക്കൂർ നീളമുള്ള സിനിമയിൽ മുക്കാൽ ഭാഗവും "അടുക്കള"മാത്രം കാണിച്ചു കൈയടി വാങ്ങി ഒരു സിനിമ .. അതും വെറൈറ്റി ...
ന്യൂസ് ചാനലുകളിലാകട്ടെ സൈക്കിൾ ചവിട്ടിയും, കുക്ക് ചെയ്തും, മീൻ പിടിച്ചുമാണ് ഇന്റർവ്യൂകൾ നടത്തുന്നത് ..വെറൈറ്റിക്കുവേണ്ടി ....


വെറൈറ്റി രാഷ്ട്രീയത്തിലും ഉണ്ട് കേട്ടോ.. കഴിഞ്ഞതവണ പാട്ടുപാടി പ്രചാരണമായിരുങ്കിൽ ഇത്തവണ കോമഡി ആണ്‌ താരം.. വെറൈറ്റി വേണമെല്ലോ.. കള്ളപ്പണം പിടിക്കാൻ നോട്ടുകൾ നിരോധിച്ചു (എലിയെ പേടിച്ചു ഇല്ലം ചുടുന്നപോലെ) വിപ്ലവം കാണിച്ച ഭരണകൂടമാണ് ഭാരതത്തിനുള്ളത്... ഭരണത്തിനും വേണ്ടേ വെറൈറ്റി ??

ഇങ്ങനെ വെറൈറ്റി  ആണ്‌ മനുഷ്യന്റെ ഇപ്പോഴത്തെ ട്രെൻഡ്  എന്ന് മനസ്സിലാക്കിയത്  കൊണ്ടാകാം, കൊറോണയും ആ വഴി തന്നെ പിടിച്ചേക്കുന്നത് .
സൗത്ത്  ആഫ്രിക്കൻ വേരിയന്റ് ,കെന്റ് വേരിയന്റ്, ബ്രസീലിയൻ വേരിയന്റ്  ഇങ്ങനെ നീളുന്നു കൊറോണയുടെ വെറൈറ്റി ആക്രമണങ്ങൾ... ഇനി എന്തൊക്കെ കാണേണ്ടിവരുമോ ആവോ.


(കൊടുത്താൽ കൊല്ലത്തും കിട്ടും )

ശുഭം 
സോണിയ സുബീഷ്

കവർ ചിത്രം: ബിനോയ് തോമസ് 

ബന്ധങ്ങൾ (നോവൽ - 44)

March 24, 2021

മടക്കയാത്രയില്‍ ഉമ്മച്ചന്‍റെ മനസിലെ ചിന്തകള്‍  പത്തായപുരയിലെ എലികളെ പോലെ തുള്ളി കളിച്ചുകൊണ്ട് ഓടി നടക്കുകയായിരുന്നു. കണക്കില്‍ കവിഞ്ഞ  ബാങ്ക് ബാലന്‍സും , എന്തിനും ഏതിനും സഹായഹസ്തവുമായി നില്‍ക്കുന്ന അപ്പന്‍റെയും അമ്മയുടേയും, ഏലമ്മച്ചിയുടെയും പിന്തുണയ്ക്ക് അന്ത്യം വന്നു ഭാവിക്കുന്നതിന് മുന്‍പേ വീട് പണി തീര്‍ക്കണം. ജോലിയില്‍ നിന്ന് ലഭിക്കുന്ന   പണവും, ബാങ്കില്‍ കിടക്കുന്ന പണവും, വിരമിക്കുന്ന കാലത്ത് താങ്ങും തണലുമായി തീരുമെന്നുള്ള ഉറപ്പ് ഉമ്മച്ചന്‍റെ മനസ്സില്‍ തകര്‍ക്കുവാന്‍ പറ്റാത്ത വിശ്വാസം പോലെ അടിഞ്ഞു കൂടി കിടന്നു.

 

 

വീട് പണി നടക്കുമ്പോള്‍ അമ്പിളിയുടെ വീട്ടില്‍ നിന്നും തരക്കേടില്ലാത്തൊരു തുക കിട്ടുമായിരിക്കും. സര്‍ക്കസ് കൂടാരത്തിലെ  ത്രിപ്പീസ്കളിക്കാരന്‍റെ വേഗത്തില്‍ മനസ്സ്   ഭാവിയെപറ്റി സ്വപ്നങ്ങള്‍ നെയ്തുകൊണ്ടിരുന്നപ്പോള്‍ ഉമ്മച്ചന്‍ സുഖനിദ്രയിലായി പോയി.

 

 

വണ്ടിയുടെ മുന്‍ഭാഗത്ത് ഇരിക്കുകയായിരുന്ന അമ്പിളിയപ്പോള്‍ മടങ്ങിപോകുന്നതിനെ പറ്റിയും, കുവൈറ്റില്‍ എത്തിച്ചേര്‍ന്നതിന് ശേഷമുള്ള  ഭാവി പരിപാടികളെ പറ്റിയുമുള്ള ഗഹനമായ ചിന്തയില്‍ മുഴുകിയിരിക്കുകയായിരുന്നു. വ്യത്യസ്ഥമായ മറ്റൊരു ലോകത്തേക്ക് പ്രയാണം നടത്തുന്ന മനസ്സിന്‍റെ നിയന്ത്രണശക്തി കൈ വിട്ടു പോകുമെന്ന്‍ തോന്നിയപ്പോള്‍ അമ്പിളിയൊന്നു ചിരിച്ചു.

 

നിങ്ങള്‍ ഇവിടെ ഇറങ്ങുന്നില്ലേ/?. അമ്പലമുക്കില്‍ എത്തിയപ്പോള്‍ കണ്ടക്ടര്‍ സംശയം നിവരണത്തിനായി ഉമ്മച്ചനെ കുലുക്കി ഉണര്‍ത്തി. പരിസരം ബോധം മറന്ന മട്ടില്‍ ഉറങ്ങുകയായിരുന്ന ഉമ്മച്ചന്‍ ചാടി എഴുനേറ്റിട്ട് അമ്പിളിയേയും മക്കളേയും തിരഞ്ഞിട്ട് അവര്‍ക്ക്  ഇറങ്ങുവാനുള്ള സംജ്ജ നല്‍കി.  

 

 

ഡ്രൈവര്‍ മത്തച്ചന്‍റെ വീടിനോട് ചേര്‍ന്ന്‍ തന്നെ ഇരിക്കുന്ന ബസ്സ്‌സ്റ്റോപ്പില്‍ ഇറങ്ങിയപ്പോള്‍ ഉമ്മച്ചന്‍ ആദ്യം ശ്രദ്ധിച്ചത് മത്തച്ചന്‍റെ സാമീപ്യം അവിടെയെങ്ങാനും ഉണ്ടോയെന്നായിരുന്നു. വീടിന്‍റെ ഉമ്മറത്ത് കൈലിയും ഉടുത്തു നില്‍ക്കുന്ന മത്തച്ചനെ കണ്ടതും അവിടെ നിര നിരയായി കിടക്കുന്ന ഓട്ടോ റിക്ഷാ  കൂട്ടങ്ങള്‍ക്കിടയിലേക്ക് ഉമ്മച്ചന്‍ നടന്നു.

 

 

മുന്‍പന്തിയില്‍ കിടന്ന സുഗുണന്‍ ഒരു ഇരയെ കിട്ടിയ സന്തോഷത്തില്‍ കുലുങ്ങി ചിരിച്ചിട്ട്  ഉമ്മച്ചനോട്‌ പറഞ്ഞു ..

 

 

സാര്‍ വാ ഞാന്‍ കൊണ്ടാക്കാം.....

 

 

കേട്ട പാതി കേള്‍ക്കാത്ത പാതി ഉമ്മച്ചന്‍ ഓട്ടോയ്ക്ക് ഉള്ളിലേക്ക് വലിഞ്ഞു കയറി. പുതുമയുള്ള കാര്യങ്ങള്‍ ആണെല്ലോ സംഭവിക്കുന്നതെന്ന ചിന്തയില്‍ നിന്നിരുന്ന അമ്പിളി ടോമിനേയും, ജെറിയേയും വണ്ടിക്കുള്ളിലെക്ക് തള്ളി കയറ്റിയിട്ട് വണ്ടിയില്‍ കയറി ഇരുന്നു.

 

ഓട്ടോയ്ക്ക് ഉള്ളില്‍ ഇരിക്കുന്ന ഉമ്മച്ചനെ സുഗുണന്‍ കണ്ണാടിയിലൂടെ വീക്ഷിക്കുകയായിരുന്നപ്പോള്‍. അമ്പല കവലയില്‍ ഇറങ്ങിയ  ഉമ്മച്ചന്‍ ആ കവലയില്‍ നിന്നും  ആദ്യമായിട്ടായിരുന്നു  സ്വന്തം വീട്ടിലേക്ക് മുച്ചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നത്. പരദൂക്ഷണം തൊഴിലാക്കിയ സുഗുണന്‍ പുതിയതായി എന്തെങ്കിലും വിവരം കിട്ടിയാലോയെന്നുള്ള വഗ്രതയില്‍ ഉമ്മച്ചന്‍റെ പ്രവര്‍ത്തികളെ സസൂക്ഷണം വീക്ഷിക്കുകയായിരുന്നു.

 

 

വീട്ടില്‍ എത്തിയ ഉടനെ അമ്പിളി ഉമ്മച്ചനോട്‌ കയര്‍ത്തു. അതിന്‍റെ കാരണം വിചിത്രമായിട്ടൊന്നും ഉമ്മച്ചന് തോന്നിയതുമില്ല. അമ്പല മുക്കില്‍ നിന്നും താഴത്ത് വടക്ക് തറവാട്ടിലേക്ക് നടക്കുവാനുള്ള ദൂരം മാത്രമേ ഉള്ളുവെന്നതിനാല്‍,  ഓട്ടോ പിടിച്ചു കാശ് കളയുന്നതിന്‍റെ കാരണം തേടിയുള്ള ഉച്ചപ്പാടായിരുന്നു അത്.

 

ഉമ്മച്ചന് പക്ഷേ അമ്പിളിയുമായി പങ്കിടുവാന്‍ ഉണ്ടായിരുന്നത് മറ്റൊരു കഥയായിരുന്നു. പങ്ക് കച്ചവടത്തിലൂടെ വണ്ടി സ്വന്തമാക്കിയെങ്കിലും ഒറ്റ ദിവസം പോലും അതില്‍ കയറുവാന്‍ ഇടയായിട്ടില്ല. വണ്ടി ഇപ്പോഴും ചിന്നമാമ്മയുടെ വീട്ടുകാരുടെ കയ്യിലാണ്. ആ വിവരം അറിയാവുന്ന ഡ്രൈവര്‍ മത്തച്ചന്‍റെ മുന്‍പിലൂടെ നടന്നു പോകുമ്പോള്‍ ഉള്ള ജാള്യത മറയ്ക്കുവാനായിട്ടായിരുന്നു അമ്പലമുക്കില്‍ നിന്നും ഓട്ടോ പിടിച്ചത്.

 

എന്തായാലും മറ്റുള്ളവരുടെ മുന്‍പില്‍ നമ്മള്‍ക്ക് വിലയൊട്ടും ഇല്ലാതെയായില്ലേ?. അമ്പിളി ആത്മാഭിമാനത്തിന് കോട്ടം തട്ടിയത് പോലെ വിലപിച്ചു.

 

ബേബിച്ചായനും, അന്നമാമ്മയുമൊക്കെ ഈ വിവരങ്ങള്‍ അറിഞ്ഞു ആഹ്ലാദിച്ചു ചിരിക്കുന്നുണ്ടാവും.

 

 

പഴയ ഒരു വണ്ടിയെങ്കിലും  സ്വന്തമായി ബേബിച്ചായന് ഉണ്ടായിരുന്നല്ലോ?. ആ വണ്ടിയെ നമ്മള്‍ പാറുകുട്ടിയെന്നു വിളിച്ചു കുറെയേറെ കളിയാക്കിയിട്ടുമുണ്ട്.  അതിന്‍റെയൊക്കെ തിക്താനുഭവങ്ങളാവും നമ്മള്‍ ഇപ്പോള്‍ ഈ അനുഭവിക്കുന്നത്.

 

അമ്പിളി വിഷയം മാറ്റുവാനായി ബേബിച്ചായന്‍റെ വീട് പണിയെ പറ്റി ചെറിയൊരു വിവരണം നടത്തി. പൈസാ കയ്യില്‍ ഇല്ലായെന്ന് പറഞ്ഞിട്ട് വീട് പണി വാര്‍ക്ക തന്നെ എത്തി നില്‍ക്കുകയാണല്ലോ?.

 

 

അന്നമ്മയുടെ വീട്ടുകാര്‍ നല്ലതു പോലെ അവരെ സഹായിക്കുന്നുണ്ടാവും. അല്ലാതെ ഇങ്ങനെയൊന്നും നടക്കുവാന്‍ വഴിയില്ല.

 

കേട്ടപ്പോള്‍ ഉമ്മച്ചന് അത് ശരിയാണെന്ന്‍ തോന്നുകയും, അമ്പിളിയുടെ വീട്ടില്‍ നിന്നും തങ്ങളുടെ വീട്പണിക്കായി നല്‍കുവാന്‍ പോകുന്ന പണത്തെ പറ്റി ചിന്തിക്കുകയും ചെയ്തിട്ടു ആത്മഗതം പോലെ പറഞ്ഞു.  

 

അങ്ങനെയാ പെണ്മക്കളോട് സ്നേഹമുള്ള അപ്പനമ്മമാര്‍. അത് കേട്ടെങ്കിലും അമ്പിളിയൊന്നും മറുപടി പറഞ്ഞില്ല.

 

നീ എപ്പോഴാടാ കോഴിക്കോടിന് തിരികെ പോകുന്നത്. അവിടേക്ക് കടന്നു വന്ന മറിയാമ്മച്ചി മകനോട് കടുപ്പത്തില്‍ തന്നെ ചോദിച്ചിട്ട് തിരിച്ചു അടുക്കളയിലേക്ക് നടന്നു. നേരത്തേ പറഞ്ഞാല്‍ ഞാനും കൂടി നിങ്ങളുടെ കൂടെ വരാം.

 

 

അമ്മച്ചിയെ കണ്ടപ്പോള്‍ അമ്പിളി വളരെ ഭവ്യതയോടെ മത്തായികുട്ടിച്ചായന്‍ മദ്രാസില്‍  നിന്നും രണ്ടു ദിവസത്തിനകം വരുന്ന വിവരം പറഞ്ഞു.

 

 

അവന്‍ വരുന്നുണ്ടോ?. എങ്കില്‍ അവനെ കണ്ടിട്ട് നമ്മള്‍ക്ക് ഒന്നിച്ചു കോഴിക്കോടിന് പോകാം.

 

 

"മനുഷ്യന്‍റെ കാര്യം അല്ലേ?..

 

 

ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം.  മരണത്തെക്കുറിച്ച് കുറിച്ചായിരുന്നു മറിയാമ്മച്ചി ആരെയും വേദനിപ്പിക്കാതെ സരസ ഭാവത്തില്‍ പറഞ്ഞു ഫലിപ്പിച്ചത്.

 

അത് കേട്ടതും അമ്പിളിയ്ക്ക് ദേഷ്യം വന്നു. ഞങ്ങളുടെ വീട് പണി കഴിഞ്ഞിട്ട് മാത്രം അമ്മച്ചി പരലോകത്തേക്ക് പോകുന്നതിനെ പറ്റി ചിന്തിച്ചാല്‍ മതി. അമ്പിളി അത്രയും കടുപ്പിച്ചു പറഞ്ഞിട്ട് ഓടി ചെന്ന് അമ്മച്ചിയെ കെട്ടിപിടിച്ചു.

 

 

അമ്പിളിയുടെ ആ അഭിനയചാതുര്യം  കണ്ടു നില്‍ക്കുവാന്‍ കഴിയാതെ ഉമ്മച്ചന്‍ മുറ്റത്തേക്ക് മെല്ലെ ഇറങ്ങി. അളിയന്‍ പൊന്നപ്പന്‍ സഹായ ഹസ്തം നീട്ടിയെങ്കിലും ആ വാഗ്ദാനത്തിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന നഷ്ടങ്ങള്‍ ഓര്‍ത്തപ്പോള്‍  ഉമ്മച്ചന്‍റെ മനസ്സ് നീറി.

 

 

കോഴിക്കോടിന് കൊണ്ട് പോകുവാനുള്ള തടികള്‍ വെട്ടികൊണ്ടിരിക്കുന്ന ഗോപാലന്‍ ഉമ്മച്ചനെ കണ്ടപ്പോള്‍ ഉപകാര സ്മരണ പോലെ ചിരിച്ചെന്നു വരുത്തി. പണി ഇല്ലാതെയിരുന്നപ്പോള്‍ പരോക്ഷമായിട്ടാണെങ്കില്‍ ഈ  വീട് പണി ഒരു ഉപകാരം തന്നെയാണ്.

 

********

 

 

പിറ്റേന്ന്‍ രാവിലെ ഉമ്മച്ചനും , അമ്പിളിയും, മക്കളും കൂടി കോഴിക്കോടിന് പോകുവാനായി ഒരുങ്ങുന്നത് കണ്ടപ്പോള്‍ മറിയാമ്മച്ചിയ്ക്ക് ദേഷ്യം വന്നു. രണ്ടു ദിവസം കൂടി കഴിഞ്ഞു മാത്തുകുട്ടി വന്നിട്ട് നമ്മള്‍ക്ക് ഒന്നിച്ചു പോകാമെന്ന് ഞാന്‍ പറഞ്ഞതല്ലേ?. സംശയനിവാരണം വരുത്തുവാനായി അമ്പിളിയെ സ്നേഹത്തെടെയൊന്ന് നോക്കുവാനും മറിയാമ്മച്ചി മറന്നില്ല.

 

അതേ...... അമ്മച്ചീ... ഇന്നലെ രാത്രി ഉമ്മച്ചായന്‍റെ ഓഫീസില്‍ നിന്നും വിളി വന്നിരുന്നു. അത്യാവശ്യമായി അങ്ങോട്ട്‌ ചെല്ലണമെന്നും പറഞ്ഞ്.... രാത്രിയില്‍ അമ്മച്ചിയോടെ പറയേണ്ടന്ന് ഉമ്മച്ചായാനാ എന്നെ വിലക്കിയത്.  

 

 

മത്തായികുട്ടിച്ചായന്‍ കോഴിക്കോടിന് വരുന്നുണ്ടെങ്കില്‍ അമ്മച്ചിയും കൂടെ അച്ചായന്‍റെ കൂടെ വരണം കേട്ടോ...

 

മത്തായികുട്ടിച്ചായാന് ഉമ്മച്ചായനോട് എന്തെങ്കിലും ഒക്കെ പറയുവാനും ഉണ്ടാവും.

 

 

അമ്പിളി ആ പറഞ്ഞതിലെ നെല്ലും, പതിരും വേര്‍തിരിച്ചു എടുക്കുവാന്‍ മറിയാമ്മച്ചി മിനക്കെട്ട നേരത്തായിരുന്നു ഉമ്മച്ചനും, അമ്പിളിയും , ടോമും , ജെറിയും യാത്ര പറഞ്ഞു ഇറങ്ങിയത്‌.

 

 

തുടരും

 

 

രഞ്ജിത്ത് മാത്യു

 

കവർ ചിത്രം: ബിനോയ് തോമസ്

മണ്ണാറശ്ശാല മാഹാത്മ്യം

March 22, 2021

മണ്ണാറശ്ശാല സംബന്ധിച്ചു പഴമ പരിചയമുള്ള വയോവൃദ്ധന്മാരിൽനിന്നു കേട്ടിട്ടുള്ള ഐതിഹ്യങ്ങൾ  ചുവടെ  വിവരിക്കുന്നു.

ശ്രീപരശുരാമൻ പരദേശങ്ങളിൽനിന്നു ബ്രാഹ്മണരെ കൊണ്ടുവന്നു കേരളത്തിൽ താമസിപ്പിച്ച കാലത്ത് ഇവിടെ സർവത്ര സർപ്പങ്ങളുടെ ഉപദ്രവമുണ്ടായിരുന്നു എന്നുമാത്രമല്ല, ഓരില്ലാത്ത നല്ല വെള്ളം കേരളഭൂമിയിൽ ഒരിടത്തും കിട്ടുകയുമില്ലായിരുന്നു.

അതിനാൽ ഇവിടെ താമസിക്കുന്ന കാര്യം പ്രയാസമാണെന്നു തോന്നുകയാൽ ബ്രാഹ്മണരെല്ലാവരും വന്ന വഴിയേ പരദേശങ്ങളിലേയ്ക്കുതന്നെ മടങ്ങിപ്പോയി. അപ്പോൾ പരശുരാമൻ ഏറ്റവും വി‌ഷണ്ണനായിത്തീർന്നു.

 

പിന്നെ അദ്ദേഹം കൈലാസത്തിൽച്ചെന്നു സർവ്വജ്ഞനും സർപ്പഭൂ‌ഷണനും തന്റെ ഗുരുനാഥനുമായ ശ്രീപരമേശ്വരനെ കണ്ടു വിവരമറിയിച്ചപ്പോൾ ശി‌ഷ്യവത്സലനായ ഭഗവാൻ ശ്രീപരമേശ്വരൻ "സർപ്പരാജാവായ വാസുകിയെ സേവിച്ചു പ്രസാദിപ്പിച്ചാൽ ഇതിനൊക്കെ സമാധാനമുണ്ടാക്കിത്തരും" എന്നരുളിച്ചെയ്തു.

 

അതുകേട്ടു പരശുരാമൻ വീണ്ടും കേരളത്തിൽ വന്നു വാസുകിയെക്കുറിച്ച് തപസ്സുചെയ്തുകൊണ്ടിരുന്നു. പരശുരാമന്റെ തപസ്സ് അതികഠിനമായിരുന്നതിനാൽ വാസുകി അചിരേണ സന്തുഷ്ടനായിത്തീരുകയും പ്രത്യക്ഷമായി പരശുരാമന്റെ അടുക്കൽചെന്ന്, "അല്ലയോ മഹാത്മൻ! ഭവാന്റെ അതിഘോരമായ ഈ തപസ്സുകൊണ്ട് ഞാൻ അത്യന്തം പരിതുഷ്ടനായിരിക്കുന്നു.

 

അവിടുത്തെ അഭീഷ്ടമെന്താണെന്നു പറഞ്ഞാൽ അപ്രകാരം ചെയ്വാൻ ഞാൻ സന്നദ്ധനായിരിക്കുന്നു" എന്നു പറഞ്ഞു. വാസുകിയുടെ ഈ വാക്കുകേട്ടു പരശുരാമൻ, "അലയോ സർപ്പകുലാധിപതേ! ഈ കേരളഭൂമിയിൽ ഭവാന്റെ വംശന്മാരും പരിജനങ്ങളും മറ്റുമായ സർപ്പങ്ങളുടെ സാർവ്വത്രികമായ സഞ്ചാരംകൊണ്ടും ഇവിടെയുള്ള വെള്ളമെല്ലാം ലവണരസപൂർണ്ണമായിരിക്കുന്നതിനാലും ഈ പ്രദേശത്തു മനു‌ഷ്യർക്കു നിവസിക്കുവാൻ നിവൃത്തിയില്ലാതെയിരിക്കുന്നു.

 

അതിനാൽ ഈ രണ്ടു സംഗതികൾക്കും പരിഹാരമുണ്ടാക്കി ഭവാൻ ഈ ഭൂഭാഗം മനു‌ഷ്യവാസയോഗ്യമാക്കിത്തരണമെന്നാണ് എന്റെ അപേക്ഷ" എന്നു പറഞ്ഞു.

വാസുകി: ഭവാന്റെ ഇഷ്ടം പോലെ, ഈ കേരളഭൂമിയിലുള്ള വെള്ളത്തിൽ കലർന്നിരിക്കുന്ന ലവണരസമെല്ലാം ഞാൻആകർ‌ഷിച്ചു സമുദ്രത്തിലും അതോടുചേർന്നുള്ള ജലാശയങ്ങളിലുമാക്കാം. സർപ്പങ്ങൾ മിക്കവയും ഭവാൻ തപസ്സുചെയ്തു കൊണ്ടിരുന്ന ഈ വനപ്രദേശത്തു വന്നു മനു‌ഷ്യോപദ്രവം ചെയ്യാതെ താമസിച്ചുകൊള്ളുന്നതിനും അന്യത്ര താമസിക്കുന്നതായാലും ഭൂദ്വാരങ്ങളിൽ ഇരുന്നു കൊള്ളുന്നതിനും ചട്ടം കെട്ടാം. എന്നാൽ കേരളവാസികൾ അവരുടെ വാസഗൃഹങ്ങളുടെ സമീപത്ത് ഓരോ കാവിൻകൂട്ടങ്ങളുണ്ടാക്കി, അതാതു സ്ഥലങ്ങളിലുള്ള സർപ്പങ്ങളെ ആ കാവുകളിൽ കുടിയിരുത്തുകയും തങ്ങളുടെ കുലദൈവങ്ങളെന്നു വിചാരിച്ച് അവരെ ആദരിക്കുകയും ആചരിക്കുകയും പൂജിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതിനു കേരളത്തിൽ താമസിക്കുന്ന മനു‌ഷ്യരോടു ഭവാനും ആജ്ഞാപിക്കണം. അവരെ ആദരിക്കുകയും ആചരിക്കുകയും പൂജിക്കുകയും ചെയ്യാതിരിക്കുകയോ ഏതെങ്കിലും വിധത്തിൽ ഉപദ്രവിക്കുകയോ ചെയ്താൽ അവർ ഉപദ്രവിക്കുമെന്നും സർപ്പങ്ങൾ സന്തോ‌ഷിച്ചാൽ സർവ്വൈശ്വര്യങ്ങളും ഉണ്ടാക്കിക്കൊടുക്കുന്നതിനും കോപിച്ചാൽ സകലവിധത്തിലുള്ള അനർത്ഥങ്ങളും ആപത്തുകളും ഉണ്ടാക്കിത്തീർക്കുന്നതിനും ശക്തിയുള്ള വകക്കാരാണെന്നും ഭവാൻ മനു‌ഷ്യരെ ഗ്രഹിപ്പിക്കയും വേണം. ഇപ്രകാരമെല്ലാം ചെയ്താൽ ഈ ഭൂഭാഗം മനു‌ഷ്യവാസയോഗ്യമായിത്തീരും.

ഇപ്രകാരം വാസുകി പറഞ്ഞതിനെ കേട്ട് അപ്രകാരമെല്ലാം ചെയ്തുകൊള്ളാമെന്നു പരശുരാമൻ സമ്മതിച്ചു.

 

ഇങ്ങനെ അവർ തമ്മിൽ പറഞ്ഞു സമ്മതിച്ചതിന്റെ ശേ‌ഷം പരശുരാമൻ പിന്നെയും പരദേശങ്ങളിൽ പോയി ബ്രാഹ്മണരെയും മറ്റും കൂട്ടികൊണ്ടു കേരളത്തിൽ വന്നു. അപ്പോഴേക്കും ഇവിടെ വെള്ളത്തിനുണ്ടായിരുന്ന ലവണരസം മാറി സാർവ്വത്ര ശുദ്ധജലം കാണപ്പെട്ടു.

 

 സർപ്പങ്ങൾ മിക്കവയും പരശുരാമൻ തപസ്സുചെയ്തിരുന്ന വനത്തിൽച്ചെന്നു താമസമായി. ശേ‌ഷമുണ്ടായിരുന്നവ വിലേശയങ്ങളായും (വിലങ്ങളിൽ പൊത്തുകളിൽ കിടക്കുന്നവ) തീർന്നിരുന്നു. അതിനാൽ പരദേശങ്ങളിൽനിന്നു വന്നവരാരും മടങ്ങിപ്പോകാതെ കേരളത്തിൽത്തന്നെ ഗൃഹങ്ങളുണ്ടാക്കി താമസ മുറപ്പിച്ചു.

 

പരശുരാമന്റെ ആജ്ഞപ്രകാരം എല്ലാവരും ഒന്നും രണ്ടും അതിലധികവും കാവുകളുണ്ടാക്കി അവിടെയെല്ലാം സർപ്പങ്ങളെ കുടിയിരുത്തി (നാഗപ്രതിമകൾ പ്രതിഷ്ഠിച്ച്) പൂജയും മറ്റും നടത്തിത്തുടങ്ങുകയും ചെയ്തു. അനന്തരം പരശുരാമൻ താൻ തപസ്സുചെയ്തുകൊണ്ടിരുന്ന സ്ഥലത്തുചെന്ന് അവിടെ നാഗരാജാവിനെ (വാസുകിയെ)യും നാഗയക്ഷിയെയും പ്രതിഷ്ഠിക്കുകയും പരിവാരങ്ങളായ മറ്റനേകം സർപ്പങ്ങളെ കുടിയിരുത്തുകയും ചെയ്തു.

 

ആ സർപ്പങ്ങൾ വസിക്കുന്ന ഏതാനും സ്ഥലം (ഇപ്പോഴത്തെ അളവുപ്രകാരം 14 ഏക്കർ) സർപ്പക്കാവാക്കി നിശ്ചയിച്ച് അതിരിട്ടു തിരിക്കുകയും, ശേ‌ഷം സ്ഥലത്തു കാടു വെട്ടിത്തെളിച്ച് ഗൃഹങ്ങളുണ്ടാക്കി ജനങ്ങൾ നിവസിച്ചുകൊള്ളാനനുവദിക്കുകയും ചെയ്തു. ഈ സർപ്പങ്ങൾക്കു പതിവായി പൂജ നടത്തുന്നതിനും ഈ കാവ് ആരും വെട്ടിയഴിക്കാതെ സൂക്ഷിക്കുന്നതിനും മറ്റുമായി കാവിന്റെ അതിരിനകത്തുതന്നെ ഒരു ഗൃഹം പണിയിച്ചു ഒരു ബ്രാഹ്മണകുടുംബക്കാരെ അവിടെ താമസിപ്പിച്ചു.

 

 

ഈ കാവുസംബന്ധിച്ചുള്ള സർവ്വാധികാരങ്ങളും അവകാശങ്ങളും ഈ കുടുംബക്കാർക്കായി കൊടുക്കുകയും ചെയ്തു. അവർ അക്കാലം മുതൽ സർപ്പങ്ങളെ തങ്ങളുടെ പരദേവതമാരാക്കി വെച്ചു പൂജിക്കുകയും സേവിക്കുകയും ചെയ്തുതുടങ്ങി. അതിന് ഇപ്പോഴും യാതൊരു ഭേദഗതിയും അവർ വരുത്തീട്ടില്ല. ആ ഇല്ലക്കാരെയാണ് ഇപ്പോൾ "മണ്ണാർശാല നമ്പ്യാതിരിമാർ" എന്നു പറഞ്ഞുവരുന്നത്.

മേൽപറഞ്ഞപ്രകാരം കേരളത്തിൽ സർപ്പങ്ങൾ നിമിത്തമുണ്ടായിരുന്ന ഉപദ്രവങ്ങൾ തീർക്കുകയും ജനങ്ങൾക്കു സുഖമായി താമസിക്കുന്നതിനു വേണ്ടുന്ന സകല സകൗര്യങ്ങളും ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തതിന്റെ ശേ‌ഷം പരശുരാമൻ തപസ്സിനായി പോയി. അനന്തരം അനേകകാലങ്ങൾ കഴിഞ്ഞതിന്റെ ശേ‌ഷം യുഗാന്തരത്തിലുണ്ടായ ചില സംഗതികളാണ് ഇനിയിവിടെ പറയാൻ ഭാവിക്കുന്നത്.

ഇപ്പോൾ അമ്പപ്പുഴത്താലൂക്കിലുൽപ്പെട്ടിരിക്കുന്ന മിക്ക ഭാഗവും പണ്ടു വലിയ വനമായിരുന്നു. ആ വനത്തെയാണ് "ഖാണ്ഡവ" വനമെന്നുപറഞ്ഞിരുന്നത്. ഖാണ്ഡവവനം മധ്യമപാണ്ഡവനായ അർജ്ജുനൻ ചുട്ടു ദഹിപ്പിച്ചതിനാൽ ആ പ്രദേശത്തിനു "ചുട്ടനാട്" എന്നു പേരുണ്ടായി. അതു കാലക്രമേണ "കുട്ടനാട്" എന്നായിത്തീർന്നു. ഖാണ്ഡവവനത്തിനു പിടിച്ച തീയ് അവിടെനിന്നു കിഴക്കോട്ട് പടർന്നുപിടിച്ചു പരശുരാമൻ പ്രതിഷ്ഠിച്ച സർപ്പങ്ങളുടെ വാസസ്ഥലമായ കാവുവരെയെത്തി.

 

ആ കാവിന്റെ രക്ഷയ്ക്കായി അവിടെ പരശുരാമൻ സ്ഥാപിച്ച ഇല്ലത്തുണ്ടായിരുന്ന അമ്മമാർ അതു കണ്ടു കാവിന് അഗ്നി ബാധയുണ്ടാകാതെയിരിക്കാൻ അടുക്കലുള്ള കുളത്തിൽനിന്നു വെള്ളം കോരിയൊഴിച്ചുകൊണ്ടിരുന്നു. അതിനാൽ ആ കാവു നശിക്കാനിടയായില്ല. എങ്കിലും അഗ്നിജ്വാല തട്ടി മണ്ണിനു ചൂടുപിടിക്കുകയും ചൂടു ദുസ്സഹ മായിത്തീരുകയാൽ സർപ്പങ്ങൾ വളരെ കഷ്ടപ്പെടുകയും ചെയ്തു.

 

അഗ്നി ശമിച്ചിട്ടും മണ്ണിന്റെ ചൂടാറുന്നതുവരെ അമ്മമാർ വെള്ളം കോരിയൊഴിച്ചുകൊണ്ടിരുന്നു. മണ്ണിന്റെ ചൂടാറിയപ്പോൾ "ഇപ്പോൾ മണ്ണാറി. അതിനാൽ ഈ സ്ഥലത്തിന്റെ നാമം മേലാൽ 'മണ്ണാറിശാല' എന്നായിരിക്കട്ടെ" എന്ന് ആരോ വിളിച്ചു പറഞ്ഞത് എല്ലാവരും കേട്ടു.

 

അതു പറഞ്ഞത് ആരാണെന്ന് ആർക്കും അറിഞ്ഞുകുടായിരുന്നു. എങ്കിലും ഇത് സാക്ഷാൽ വാസുകിയുടെ അരുളപ്പാടാണെന്നാണ് എല്ലാവരുംകൂടി തീർച്ചയാക്കിയത്. അതിനാൽ അക്കാലം മുതൽ ആ സ്ഥലത്തെ എല്ലാവരും 'മണ്ണാറിശാല' എന്നുതന്നെ പറഞ്ഞുവന്നിരുന്നു; കാലക്രമേണ അതു "മണ്ണാർശാല" എന്നായിത്തീർന്നു.

 

ഈ സ്ഥലം തിരുവിതാംകൂർ സംസ്ഥാനത്തു കാർത്തികപ്പള്ളിത്താലൂക്കിൽ അരിപ്പാട്ടു സുബ്രഹ്മണ്യക്ഷേത്രത്തിൽനിന്നു സ്വല്പം പടിഞ്ഞാറു മാറിയാണ്.

ഖാണ്ഡവദാഹാനന്തരം ഒരു കാലത്തു മണ്ണാർശാലയില്ലത്തു സഭർത്തൃകയായ ഒരമ്മയ്ക്കു പുരു‌ഷസന്താനമുണ്ടാകാതെയിരുന്നതിനാൽ ഒരു പുത്രനുണ്ടാകണമെന്നുള്ള ആഗ്രഹത്തോടുകൂടി കുടുംബപരദേവതകളായ സർപ്പങ്ങളെ ഭക്തിപൂർവ്വം ഭജിച്ചുകൊണ്ടിരുന്നു.

 

അങ്ങനെ കുറച്ചു കാലം കഴിഞ്ഞപ്പോൾ ആ അമ്മ ഗർഭം ധരിക്കുകയും യഥാകാലം രണ്ട് ആൺകുട്ടികളെ ഒരുമിച്ചു പ്രസവിക്കുകയും ചെയ്തു. പക്ഷേ, അതിൽ ഒന്നു മാത്രമെ മനു‌ഷ്യക്കുട്ടിയായിരുന്നുള്ളൂ. ആ സർപ്പശിശു മാത്രയ്ക്കിടയിൽ വളർന്നു സംസാരിച്ചു തുടങ്ങി. അത് അതിന്റെ മാതാവിനോട് താഴെക്കാണുന്നപ്രകാരം പറഞ്ഞു: "അല്ലയോ മാതാവേ! സർപ്പങ്ങൾക്കെല്ലാം ഈ കുടുംബക്കാരോട് ആകപ്പാടെ വളരെ സന്തോ‌ഷവും സ്നേഹവും വാൽസല്യവുമുണ്ട്.

 

എന്നാൽ ഇവിടെയുള്ള സ്ത്രീജനങ്ങളോടാണു സർപ്പങ്ങൾക്കു അധികം സന്തോ‌ഷം. ഇവിടെയുള്ള സർപ്പങ്ങളെയെല്ലാം അഗ്നിബാധയിൽനിന്നു രക്ഷിച്ചത് ഈ കുടുംബത്തിലുള്ള സ്ത്രീകളാണല്ലോ. പ്രാണരക്ഷ ചെയ്തവരോടുണ്ടാകുന്ന കൃതജ്ഞതയും സന്തോ‌ഷവും എത്രമാത്രമായിരിക്കുമെന്നുള്ളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. അതിനാൽ ഇവിടെ സർപ്പങ്ങളുടെ പൂജയും മറ്റും അമ്മമാരിൽ അന്നന്നു മൂത്തയാൾ നടത്തണം. അങ്ങനെയാകുന്നതാണ് സർപ്പങ്ങൾക്കും അധികം സന്തോ‌ഷകരമായിരിക്കുന്നത്. എന്നാൽ മൂപ്പു സിദ്ധിചു പൂജ നടത്താൻ അർഹകളായിത്തീരുന്ന അമ്മമാർ സഭർത്തൃകകളായിരുന്നാലും അവർ മൂപ്പുസിദ്ധിക്കുന്ന ദിവസം മുതൽ ബ്രഹ്മചര്യവ്രതത്തോടുകൂടി ഇരിക്കുകയും വേണം. സർപ്പങ്ങളുടെ പൂജയും മറ്റും ഇപ്പോൾ നടത്തിവരുന്ന രീതിക്കു സ്വൽപം ചില ഭേദഗതികൾ വരുത്താനുണ്ട്.

 

അവയെല്ലാം എന്റെ അമ്മയ്ക്ക് ഞാൻഉപദേശിച്ചുതരാം. ഇവിടെയുള്ള അമ്മമാരിൽ ഇപ്പോൾ മൂപ്പ് എന്റെ അമ്മയ്ക്കാണലോ. അമ്മയ്ക്കു പ്രസവചിക്തിത്സകളെല്ലാം കഴികയും ശരീരം ശുദ്ധമാവുകയും ചെയ്താൽ പിന്നെ അമ്മതന്നെ സർപ്പങ്ങളുടെ പൂജയും മറ്റും നടത്തിത്തുടങ്ങണം. അമ്മയ്ക്കു പൂജയും മറ്റു നടത്താൻ വയ്യാതെയാകുന്ന കാലത്ത് അടുത്ത മൂപ്പുസ്ഥാനം അർക്കാണെന്നു വെച്ചാൽ അവർക്കു ഞാൻ അമ്മയ്ക്കു ഉപദേശിച്ചു തരുന്നതെല്ലാം അമ്മ ഉപദേശിച്ചുകൊടുക്കണം. അങ്ങനെ തലമുറതോറും ചെയ്തുകൊണ്ടിരിക്കണം.

 

ഈ കുടുംബത്തിൽ ജനിച്ച ഞാൻ ഈ സ്ഥലം വിട്ടു കാവിലും മറ്റും പോയിരിക്കുകയില്ല. ഈ കുടുംബത്തിന്റെ രക്ഷയ്ക്കായി ഞാൻ ഇവിടെത്തന്നെ ഇരിക്കും. എന്നെ ആരും ഉപദ്രവിക്കരുത്. ഞാൻഇരിക്കുന്ന സ്ഥലത്ത് ആരും കയറിവരികയുമരുത്" എന്ന് പറഞ്ഞ്, ആ സർപ്പബാലൻ പൂജാക്രമങ്ങളും മന്ത്രങ്ങളുമെല്ലാം തന്റെ അമ്മയ്ക്ക് ഉപദേശിച്ചുകൊടുത്തിട്ട് ഇല്ലത്തിന്റെ നിലവറയിൽ കയറി ഇരിപ്പായി.

ആ സർപ്പബാലന്റെ ഉപദേശപ്രകാരമുള്ള മന്ത്രതന്ത്രങ്ങളോടുക്കൂടി അക്കാലം മുതൽ അവിടെ അന്നന്നു മൂപ്പായിട്ടുള്ള അമ്മമാർ സർപ്പങ്ങളുടെ പൂജാദികളെല്ലാം നടത്തുകയും അവർ ബ്രഹ്മചര്യവ്രതത്തോടുകൂടി ഇരിക്കുകയും ചെയ്തുതുടങ്ങി. അതിന് ഇപ്പോഴും അവിടെ യാതൊരു വ്യത്യാസവും വരുത്തീട്ടില്ല.

സർപ്പബാലൻ കയറിയിരുന്ന നിലവറയ്ക്കകത്ത് അതിൽപിന്നെ മനു‌ഷ്യരാരും കടന്നിട്ടില്ല. നിലവറയുടെ വാതിൽ അത്യാവശ്യപ്പെട്ട ചില പൂജാകർമ്മാദികൾക്കാല്ലാതെ തുറക്കാറില്ല.

 

എല്ലായ്പ്പോഴും അടച്ചിട്ടേക്കുക യാണ് പതിവ്. ഇപ്പോൾ വാതിൽ തുറന്നു നോക്കിയാൽ അവിടെ പുറ്റുകളല്ലാതെ മറ്റൊന്നും കാൺമാനില്ല. ഇല്ലത്തിനു പഴക്കംകൊണ്ടു കേടുകൾ സംഭവിക്കുന്ന കാലങ്ങളിൽ ജീർണ്ണോദ്ധാരണം ചെയ്യിക്കാറുണ്ടെ ങ്കിലും നിലവറ ഇളക്കാറില്ല.

 

 അടുത്ത കാലത്തുതന്നെ ഇല്ലം പുതുക്കിപ്പണിയിക്കുകയും അവിടെ ചില പരി‌ഷ്ക്കാരങ്ങളെല്ലാം വരുത്തുകയും ചെയ്തു. എങ്കിലും നിലവറ പൂർവ്വസ്ഥിതിയിൽ വെച്ചുകൊണ്ടാണ് അവ യെല്ലാം നടത്തിയത്.

സർപ്പശിശുവിനോടുകൂടി ജനിച്ച ബാലൻ പുരു‌ഷപ്രായമായതിന്റെ ശേ‌ഷം നാഗരാജാവിനും നാഗയക്ഷിക്കും മറ്റും പ്രത്യേകം അമ്പലങ്ങൾ പണിയിച്ചു കലശം മുതലായവ നടത്തിച്ചു. ആ അമ്പലത്തിനാണു "മണ്ണാർശ്ശാലക്ഷേത്ര"മെന്നു പറഞ്ഞുവരുന്നത്. ആ അമ്പലവും ചില കാലങ്ങളിൽ ജീർണ്ണോദ്ധാരണം ചെയ്യിക്കുക ഉണ്ടായിട്ടുണ്ട്.

 

എങ്കിലും ബിംബങ്ങൾ ഇളക്കി പ്രതിഷ്ഠിക്കുക ഒരിക്കലും ഉണ്ടായിട്ടില്ലെന്നാണ് കേട്ടിട്ടുള്ളത്. അതു വാസ്തവമാണെന്നു അവ കണ്ടാൽ തോന്നുകയും ചെയ്യും. എന്തെന്നാൽ പ്രധാന ബിംബങ്ങളുടെ പീഠങ്ങൾ ബിംബങ്ങൾക്കു ചേർന്നവയായിട്ടല്ല അവിടെ കാണുന്നത്. ബിംബങ്ങൾ എപ്പോഴെങ്കിലും ഇളക്കി പ്രതിഷ്ഠിച്ചിരുന്നുവെങ്കിൽ ആ പീഠങ്ങൾ മാറാതെയിരിക്കാനിടയില്ലല്ലോ.

മണ്ണാർശ്ശാലയില്ലത്തുനിന്നു പണ്ടൊരിക്കൽ ഒരു കന്യകയെ കായംകുളത്തുത്തിനു സമീപം വെട്ടിക്കോട്ടു ദേശത്തുള്ള മേപ്പള്ളി നമ്പ്യാതിരിയുടെ ഇല്ലത്തേക്കു വിവാഹം കഴിച്ചുകൊടുത്തു. അതിനു മണ്ണാർശ്ശാലയില്ലത്തുനിന്നു സ്ത്രീധനമായി കൊടുത്തത് ഒരു സർപ്പത്തെയായിരുന്നു. സർപ്പത്തെ ഒരു ഓലക്കുടയുടെ മുളങ്കാലിനകത്തു കയറ്റിയാണത്ര കൊടുത്തത്. വധുവിനായി കൊടുത്തതിനെ വരൻ സന്തോ‌ഷസമേതം സ്വീകരിച്ചു കൊണ്ടുപോയി.

 

 മേപ്പള്ളിയില്ലത്തു ചെന്നപ്പോൾ ആ സർപ്പം അവിടുത്തെ നിലവറയിൽ കയറിയിരിപ്പായി. എന്നു മാത്രമല്ല, ആ സ്ഥലത്തും മണ്ണാർശ്ശാലയിലെപ്പോലെ കാവും കുളവുമെല്ലാം ഉണ്ടാക്കി സർപ്പപ്രതിഷ്ഠകൾ നടത്തണമെന്നു നിർബന്ധപൂർവം ആ സർപ്പം ആവശ്യപ്പെടുകയും ചെയ്തു. അതിനാൽ ആ ഇല്ലക്കാർ അപ്രകാരമെല്ലാം ചെയ്തു. അതിനാൽ മേപ്പള്ളി മണ്ണാർശ്ശാലയുടെ ഒരു പ്രതിബിംബം പോലെയായിത്തീർന്നു. നൂറും പാലും കൊടുക്കുക, സർപ്പബലി, സർപ്പപ്പാട്ട് മുതലായവ നടത്തുക എന്നിവയൊന്നും ഇപ്പോൾ ഒരു സ്ഥലത്ത് (മണ്ണാർശ്ശാലയിലോ, മേപ്പള്ളിയിലോ) മാത്രമായി നടത്താൻ പാടില്ല. മേൽപ്പറഞ്ഞവയിലെന്തെങ്കിലും ഒരു സ്ഥലത്തു നടത്തുകയാണെങ്കിൽ മറ്റേ സ്ഥലത്തും നടത്തണം.

 

 

അത് ഒരു ദിവസംതന്നെയായിരിക്കുകയും വേണം. ഒരു സ്ഥലത്തുമാത്രമായി വിശേ‌ഷിച്ചെന്തെങ്കിലും നടത്തിയാൽ സർപ്പകോപവും തന്നിമിത്തം വലിയ അനർത്ഥങ്ങളുമുണ്ടാവുക പതിവാണ്. അതിനാൽ ഇപ്പോൾ സർപ്പങ്ങളെ ഉദ്ദേശിച്ചു വിശേ‌ഷാൽ എന്തെങ്കിലും നടത്തുന്നുണ്ടെങ്കിൽ രണ്ടില്ലക്കാരും കൂടിയാലോചിച്ചു ദിവസം നിശ്ചയിച്ച് രണ്ടു സ്ഥലത്തും ഒരേ ദിവസം തന്നെ നടത്തുകയാണ് പതിവ്.

ഇനി മണ്ണാർശ്ശാലയിലെ ചില മാഹാത്മ്യവിശേ‌ഷങ്ങൾകൂടി പറഞ്ഞിട്ട് ഈ ഉപന്യാസം അവസാനിപ്പിക്കാമെന്നു വിചാരിക്കുന്നു.

സർപ്പങ്ങൾക്കു നൂറും പാലും കൊടുക്കുന്നതിനു പാത്രങ്ങളിൽ നൂറും പാലും (അരിപ്പൊടിയും മഞ്ഞൾപ്പൊടിയും കൂടി പാലിൽ) കലക്കിവെച്ചു പൂജിച്ചിട്ടു തർപ്പിക്കുകയും തർപ്പിച്ചു കഴിഞ്ഞാൽ പാത്രങ്ങൾ കമഴ്ത്തുകയുമാണല്ലോ പതിവ്. എന്നാൽ മണ്ണാർശ്ശാലയിലെ നിലവറയിലുള്ള സർപ്പങ്ങൾക്കും നൂറും പാലും കൊടുക്കുമ്പോൾ തർപ്പിക്കുകയും പാത്രങ്ങൾ കമഴ്ത്തുകയും പതിവില്ല പൂജ കഴിഞ്ഞാൽ വാതിലടച്ചിട്ട് എല്ലാവരും പോരും.

 

പിറ്റേദിവസം വാതിൽ തുറന്നു നോക്കുമ്പോൾ പാത്രങ്ങളിൽ യാതൊന്നും കാണുകയില്ല. ഇത് ഇപ്പോഴും കണ്ടുവരുന്ന ഒരത്ഭുതമാണ്. ആ നിലവറയിൽ ആദ്യം ഒരു സർപ്പം മാത്രമേ കയറിയിരുന്നുള്ളുവെങ്കിലും അവിടെയിപ്പോൾ അസംഖ്യം പുറ്റുകൾ കാണുന്നതു കൊണ്ട് അവിടെ വേറെയും ചില സർപ്പങ്ങൾ പിന്നീടു വന്നുചേരുകയും അവയ്ക്കു ക്രമേണ സന്തതികൾ വർദ്ധിക്കുകയും ചെയ്തിട്ടുണ്ടെന്നു വിചാരിക്കേണ്ടിയിരിക്കുന്നു.

മണ്ണാർശ്ശാലയില്ലത്തുള്ളവരെ സർപ്പങ്ങൾ കാരണം കുടാതെ ദംശിക്കാറില്ല. അഥവാ ദംശിച്ചാലും അവരിൽ വി‌ഷം വ്യാപിക്കുകയോ അതിന് എന്തെങ്കിലും പ്രതിവിധി ചെയ്യുകയോ പതിവില്ല. ചില കാരണങ്ങളാൽ അവിടെയുള്ളവരെ ചിലപ്പോൾ സർപ്പങ്ങൾ ദംശിക്കുകയുണ്ടായിട്ടുണ്ട്. ഒരിക്കൽ ഒരു സർപ്പം കാവിലുള്ള കാട്ടിൽ സഞ്ചരിച്ചപ്പോൾ ഒരു വൈയ്യങ്കത മരത്തിന്മേൽ ചെന്നുകയറി.

 

അപ്പോൾ ഒരു മുള്ള് അതിന്റെ വയറ്റത്തു കുത്തിക്കയറുകയാൽ അതിന് അവിടെനിന്നു പോകാനെന്നല്ല, ഇളകാൻപോലും വയ്യാതായി. ആ വിധത്തിൽ ആ സർപ്പം അവിടെ എത്ര ദിവസം കിടന്നുവെന്നു നിശ്ചയമില്ല. ഒരു ദിവസം ആ ഇല്ലത്തുള്ള ഒരാൾ സർപ്പം ഇപ്രകാരം അകപ്പെട്ടു കിടക്കുന്നതു കണ്ടിട്ട് ഒരു വിധത്തിൽ ആ മരത്തിന്മേൽ കയറിച്ചെന്നു മുള്ളിൽ നിന്നു സർപ്പത്തെ വലിച്ചെടുത്തു. അപ്പോൾ സർപ്പത്തിനു വേദനയുണ്ടായിട്ടോ എന്തൊ ഏതെങ്കിലും അതു നമ്പ്യാതിരിയെ ഒന്നു കടിച്ചിട്ടു താഴെ ചാടി ഓടിപ്പോയി. നമ്പ്യാതിരിയും താഴെയിറങ്ങി ഇല്ലത്തേക്കു പോയി. സർപ്പദർശനംകൊണ്ട് അദ്ദേഹത്തിനു യാതൊരു സുഖക്കേടുമുണ്ടായില്ല.

 

 

ഇങ്ങനെ ഓരോ കാരണവശാൽ ആ ഇല്ലത്തുള്ളവരെ പലപ്പോഴും സർപ്പം ദംശിച്ചിട്ടുണ്ട്. അടുത്തകാലത്തു തന്നെ ചില കാരണവശാൽ ആ ഇല്ലത്തുള്ള ചിലർക്കു സർപ്പദംശനമുണ്ടായി. അതുകൊണ്ട് അവിടെയാർക്കും ഇതുവരെ യാതൊരു സുഖക്കേടുമുണ്ടായിട്ടില്ല.

മണ്ണാർശ്ശാലയില്ലത്തു പാത്രങ്ങളും മറ്റും മറ്റുള്ള സ്ഥലങ്ങളിലെപ്പോലെ ശരിയായി സൂക്ഷിക്കാറില്ല. ഓട്ടുപാത്രങ്ങളും ചെമ്പുപാത്രങ്ങളും മറ്റും രാത്രിയിലും മുറ്റത്തു പറമ്പിലുമൊക്കെ കിടക്കാറുണ്ട്. എന്നാൽ അവിടെനിന്ന് ആരും ഒന്നും എടുത്തുകൊണ്ടുപോകാറില്ല. മോഷ്ടാക്കൾക്ക് ആ ഇല്ലത്തു കയറാൻതന്നെ ഭയമാണ്.

 

ആരെങ്കിലും എന്തെങ്കിലും മോഷ്ടിച്ചെടുത്താൽ അപ്പോൾ അവിടെ സർപ്പങ്ങളെത്തും. ആ ഇല്ലത്തെ കാവൽക്കാർ സർപ്പങ്ങളാണെന്ന് എല്ലാവർക്കുമറിയാം. അതുകൊണ്ടാണ് അവിടെനിന്ന് ആരുമൊന്നും മോഷ്ടിക്കാത്തത്.

മണ്ണാർശ്ശാലയില്ലത്തു കറിക്കോപ്പുകളൊന്നും വിലയ്ക്കു മേടിക്കാറില്ല. ചക്ക, മാങ്ങ, വെള്ളരിക്ക, വഴുതനങ്ങ, മത്തങ്ങ, കുമ്പളങ്ങ, വാഴക്കുലകൾ മുതലായവയെല്ലാം അവിടെ വഴിപാടായി ധാരാളം വന്നുചേരും. അവ ഇല്ലത്തെ ആവശ്യങ്ങൾക്കു മതിയായിട്ടു വളരെയധികമുണ്ടായിരിക്കും.

 

 

എന്നാൽ അവ അവിടെ ആരുമെടുത്ത് സൂക്ഷിക്കുകയും അന്യന്മാർ മോഷ്ടിച്ചു കൊണ്ടുപോവുകയും ചെയ്യാറില്ല. ഇങ്ങനെയുള്ള സാധനങ്ങൾ വഴിപാടുകാർ കൊണ്ടുവന്ന നടയിൽ വെച്ചാൽ നിവേദ്യം കഴിച്ചിട്ട് ഇല്ലത്തേക്കാവശ്യമുള്ളവയെടുത്തുകൊണ്ടുപോകും. ശേ‌ഷമുള്ളവയെല്ലാം അവിടെ കിടക്കും അങ്ങനെയാണ് പതിവ്.

ഒരിക്കൽ അവിടെ വഴിപാടു വന്ന ഒരു മത്തങ്ങ ഒരാൾ മോഷ്ടിച്ചു കൊണ്ടു പോയി. അയാളുടെ വീട്ടിൽ കൊണ്ടുചെന്ന അതു മുറിച്ചപ്പോൾ അതിൽനിന്ന് ഒരു സർപ്പം പുറത്തേക്കു ചാടി. അതു കണ്ടു വീട്ടിലുണ്ടായിരുന്നവരെല്ലാം പേടിച്ചു നാലുപുറത്തേക്കുമോടി. മോഷ്ടിച്ചയാൾ ദൂരെ മാറി നിന്നു തൊഴുതുകൊണ്ട്, "എന്റെ സർപ്പത്താനേ! എനിക്ക് ഇങ്ങനെ ഒരു ഭോ‌ഷത്വം പ്രവർത്തിക്കുവാൻ തോന്നുകയും ഞാനിങ്ങനെ പ്രവർത്തിച്ചു പോവുകയും ചെയ്തു. ഈ തെറ്റിന് അവിടുന്ന് സദയം ക്ഷമിച്ച് എന്നേയും എന്റെ കുടുംബത്തിലുള്ളവരേയും രക്ഷിക്കണം. ഞാൻ ഈ മത്തങ്ങയും ഇതെടുത്തതിനു പ്രായശ്ചിത്തമായി പത്തു ചക്രവുംകൂടി ഇപ്പോൾതന്നെ നടയിൽ കൊണ്ടുചെന്നു വെച്ചേക്കാം" എന്നു പറഞ്ഞു. ഉടനെ ആ സർപ്പം അന്തർദ്ധാനം ചെയ്തു. അത് എങ്ങോട്ടാണു പോയതെന്ന് ആരും കണ്ടില്ല. മോഷ്ടാവ് ഉടനെ തന്നെ ആ മത്തങ്ങയും പത്തു ചക്രവുംകൂടി നടയിൽകൊണ്ടുചെന്നു വെച്ചു തൊഴുതു പോന്നു. ഇങ്ങനെ അവിടെ അനേകം അത്ഭുതങ്ങളുണ്ടായിട്ടുണ്ട്. ഇപ്രകാരമുള്ള സ്ഥലത്ത് ആരും കയറി ഒന്നും മോഷ്ടിക്കാത്തത് ഒരത്ഭുതമല്ലല്ലോ.

ഈ അടുത്ത കാലത്ത് രണ്ടുമൂന്നു കൊല്ലം മുമ്പ് പന്തളത്തുകാരായ ഒരു നായർ കുടുംബക്കാർ മണ്ണാർശ്ശാലക്ഷേത്രത്തിൽ ഭജനത്തിനായി വന്നിരുന്നു. അവർ അവിടെ വന്നിട്ടു സ്വയം പാകചെയ്ത് ഊണു കഴിച്ചാണ് താമസിച്ചിരുന്നത്. അരിയും കറിക്കോപ്പുകളും മറ്റും അവർ കൊണ്ടുവന്നിരുന്നു. രണ്ടു നേരവും വെയ്ക്കാനുള്ള അരി അളന്നെടുക്കാൻ ഒരു ചങ്ങഴി (അളവുപാത്രം) ഇല്ലത്തുനിന്നു മേടിച്ചാണ് അവർ ഉപയോഗിച്ചിരുന്നത്.

 

അവർ ഭജനം കഴിഞ്ഞു മടങ്ങിപ്പോയ സമയം ചങ്ങഴി തിരിയെ ഇല്ലത്തു കൊടുത്തേൽപ്പിക്കാൻ മറന്നുപോവുകയാൽ ചെലവു കഴിച്ചു ബാക്കിയുണ്ടായിരുന്ന അരിയോടുകൂടി ചാക്കിനകത്തു കിടന്നിരുന്ന ചങ്ങഴിയും അവർ കൊണ്ടുപോയി. വീട്ടിലെത്തി അവർ അരിച്ചാക്കഴിച്ചപ്പോൾ അതിനകത്ത് ചങ്ങഴിയും ചങ്ങഴിക്കകത്ത് ഒരു സർപ്പവുമിരിക്കുന്നതു കണ്ടു. അപ്പോൾ ആ വീട്ടുകാർക്കുണ്ടായ ഭയം സീമാതീതമായിരുന്നു. ഉടനെ ആ വീട്ടുകാർ സർപ്പത്തെ തൊഴുതുകൊണ്ട് "ഈ ചങ്ങഴി ഞങ്ങൾ ഓർമ്മക്കേടുകൊണ്ടു കൊണ്ടുപോന്നതാണ്.

 

ഇതിനെക്കുറിച്ച് കോപിക്കരുത്, ചങ്ങഴി ഇപ്പോൾതന്നെ കൊടുത്തയച്ച് ഇല്ലത്തെത്തിക്കാം. ഈ അന്ധാളിത്തത്തിനു പ്രായശ്ചിത്തമായി നൂറ്റൊന്നു ചക്രം നടയ്ക്കു വയ്ക്കുകയും ചെയ്യാം"എന്നു പറഞ്ഞു. ഉടനെ സർപ്പം ചങ്ങഴിയിൽ നിന്നിറങ്ങി മുറ്റംവരെ പോക്കുന്നത് എല്ലാവരും കണ്ടു. പിന്നെ അത് എങ്ങോട്ടാണ് പോയതെന്ന് ആരും കണ്ടില്ല. വീട്ടുകാർ ചങ്ങഴി കൊടുത്തയച്ച് ഇല്ലത്തെത്തിക്കുകയും നടയ്ക്കു നൂറ്റൊന്നു ചക്രം വെയ്ക്കുകയും ചെയ്തു.

മണ്ണാർശ്ശാലക്ഷേത്രത്തിൽ വഴിപാടായി ചക്ക, മാങ്ങ മുതലായ സാധനങ്ങളും ധാരാളം വരുമെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. അതും ചില പ്രാർത്ഥനകൾമൂലം വരുന്നതാണ്. ഒരിക്കൽ അമ്പലപ്പുഴയ്ക്കു സമീപം തകഴി എന്ന ദേശത്ത് ഒരു വീട്ടിൽ ഒരു പിലാവുണ്ടായി വളർന്നു കായ്ക്കാനുള്ള പ്രായമായിട്ടും കായ്ക്കാതെ നിന്നിരുന്നു. അത് കണ്ടിട്ട് ഒരയൽക്കാരൻ ആ വീട്ടിലെ കാരണവരോട് "ഈ പിലാവിന്മേൽ ആദ്യമുണ്ടാകുന്ന ചക്ക മണ്ണാർശ്ശാലയിലേക്കു കൊടുത്തയയ്ക്കാമെന്നു പ്രാർത്ഥിച്ചാൽ ഈ പിലാവു കായ്ക്കും" എന്നു പറയുകയും ആ കാരണവർ അപ്രകാരം പ്രാർത്ഥിക്കുകയും ചെയ്തു. ഇങ്ങനെ പറയുകയും പ്രാർത്ഥിക്കുകയും ചെയ്തത് ഇടവമാസത്തിലായിരുന്നു. ചിങ്ങമാസത്തിൽ ആ അയൽക്കാരൻ ആ കാരണവരോട് "നിങ്ങളുടെ പിലാവിൽ ചക്കയുണ്ടായോ? എന്നു ചോദിച്ചു. അതിനുത്തരമായിട്ട് ആ കാരണവർ "ഇതുവരെ ഒന്നും ഉണ്ടായിക്കണ്ടില്ല.

 

ഇനി ഞാൻമണ്ണാർശ്ശാലയിലേയ്ക്കു കൊടുക്കുന്നത് ഇരട്ടച്ചക്കയാണ്" എന്നു പറഞ്ഞു. ചക്കയുണ്ടാവുന്നതു സാധാരണയായി മഞ്ഞുകാലത്താണെന്നും വർ‌ഷകാലത്തു ചുരുക്കമാണെന്നും ഓർക്കാതെയാണ് ആ കാരണവർ ഇപ്രകാരം പറഞ്ഞതെന്നുള്ളതു തീർച്ചയാണല്ലോ. എങ്കിലും വൃശ്ചികമാസമായപ്പോൾ ആ പിലാവിന്മേൽ നിറച്ചു ചക്കയുണ്ടായി. അതെല്ലാം ഇരട്ടച്ചക്കതന്നെയായിരിക്കുകയും ചെയ്തു. അതു കണ്ടപ്പോൾ ജനങ്ങൾ "ഇതു മണ്ണാർശ്ശാലയിലെ നാഗരാജാവിന്റെ വിദ്യ തന്നെയാണ്. ഈശ്വരന്മാരെ ആരും പരീക്ഷിക്കുകയും പരിഹസിക്കുകയും ചെയ്യരുത്. ഇരട്ടച്ചക്കയാണ് കൊടുക്കുന്നതെന്നു പറഞ്ഞപ്പോ! ഉണ്ടായതെല്ലം ഇരട്ടുച്ചക്കതന്നെ. ഈ ചക്ക മുഴുവനും മണ്ണാർശ്ശാലയിൽത്തന്നെ കൊണ്ടുപോയിക്കോടുക്കണം.

 

ഇരട്ടചക്കയ്ക്കു മറ്റാർക്കും അവകാശമില്ല" എന്നും മറ്റും പറഞ്ഞു തുടങ്ങി. ചക്കയുടെ ഉടമസ്ഥനും അതു ശരിയാണെന്നു തോന്നുകയാൽ അക്കൊല്ലമുണ്ടായ ചക്ക മുഴുവനും പറിച്ചു വള്ളങ്ങളിലാക്കി മണ്ണാർശ്ശാലയിൽ കൊണ്ടുപോയി നടയ്ക്കു വെച്ച് തൊഴുതുപോന്നു. പിന്നത്തെക്കൊല്ലം മുതൽ ആ പിലാവിന്മേൽ ഇരട്ടയും മറ്റുമല്ലാതെ സാമാന്യം പോലെയുള്ള ചക്ക ധാരാളമായിട്ടുണ്ടായിത്തുടങ്ങി. ആ വീട്ടുകാർ ആ പിലാവിന്മേൽ ആദ്യമുണ്ടാകുന്ന ചക്ക ആണ്ടുതോറും മണ്ണാർശ്ശാലയിൽ കൊണ്ടുപോയി കൊടുത്തുതുടങ്ങുകയും ചെയ്തു. അങ്ങനെ ഇപ്പോഴും നടന്നുവരുന്നു. ഇങ്ങനെ ഓരോ കാരണവശാലാണ് അവിടെ ജനങ്ങൾ കറിക്കോപ്പുകൾ കൊണ്ടുചെന്നു കൊടുക്കുന്നത്.

സന്താനാർത്ഥമായും രോഗശമനത്തിനായും ബാധോപദ്രവങ്ങൾ നീങ്ങാനായും മറ്റും മണ്ണാർശാലയിൽ പത്തും പതിനഞ്ചും അതിലധികവും ഭജനക്കാർ എന്നുമുണ്ടായിരിക്കും. അവിടെ ഭജനക്കാരും വഴിപാടുകാരുമില്ലാതെ ഒരു ദിവസം പോലും ഉണ്ടായിരിക്കുന്നില്ല. ഭജിക്കുന്നവർക്കാർക്കും ഫലസിദ്ധി ഉണ്ടാകാതെയുമിരിക്കുന്നില്ല. നാൽപ്പതും നാൽപ്പത്തഞ്ചും വയസ്സുവരെ പ്രസവിക്കാതെയിരുന്നിട്ടു മണ്ണാർശ്ശാലയിൽ ഭജിക്കുകയും വഴിപാടുകൾ കഴിക്കുകയും ചെയ്തതിന്റെ ശേ‌ഷം ഗർഭം ധരിച്ചു പ്രസവിച്ചിട്ടുള്ള സ്ത്രീകൾ ഇപ്പൊഴും ധാരാളമുണ്ട്. ബാധോപദ്രവങ്ങളുള്ള സ്ത്രീകളും മറ്റും അവിടെ പന്ത്രണ്ടോ നാൽപതോ ദിവസം ഭജനമിരിക്കുമ്പോൾ തുള്ളി സത്യം ചെയ്തു ബാധകളെല്ലാം ഒഴിഞ്ഞുപോവുക സാധാരണമാണ്. അപ്രകാരംതന്നെ അവിടെ ഭജിച്ചിട്ടു രോഗങ്ങൾ ശമിച്ചിട്ടുള്ള ജനങ്ങളും വളരെയുണ്ട്. മണ്ണാർശ്ശാലയിൽ ഭജിച്ചാൽ ഏതു ത്വക്കുരോഗവും ശമിക്കുമെന്നുള്ളതു പ്രസിദ്ധവും ഇപ്പോഴും കണ്ടുവരുന്നതുമാണ്.

 

ഈ അടുത്തകാലത്തുതന്നെ അതികഠിനമായ കുഷ്ഠരോഗം ബാധിച്ച പലർ മണ്ണാർശ്ശാലയിൽ ചെന്നു ഭജിച്ചു രോഗം നിശ്ശേ‌ഷം മാറി പൂർണ്ണസുഖത്തെ പ്രാപിച്ചുപോയിട്ടുണ്ട്. എന്തിനു വളരെ പറയുന്നു.? ഭക്തിയോടും വിശ്വാസത്തോടും കൂടി മണ്ണാർശ്ശാലയിൽ ഭജിച്ചാൽ സകലാഭീഷ്ടസിദ്ധിയുമുണ്ടാകുമെന്നുള്ളതു തീർച്ചയാണ്.

 

അതിനാൽ ഈ സ്ഥലത്തു ഹിന്ദുക്കൾ മാത്രമല്ല, ഇതരമതക്കാരും ധാരാളമായി വരികയും വഴിപാടുകൾ നടത്തുകയും ചെയ്തു വരുന്നുണ്ട്.

മണ്ണാർശ്ശാലയിൽ ആട്ടവിശേ‌ഷ (ആണ്ടുവിശേ‌ഷ) മായി പണ്ടേ തന്നെ നിശ്ചയിച്ചിട്ടുള്ളതു കന്നിമാസത്തിൽ ആയില്യമാണ്. ആയില്യം സർപ്പങ്ങളുടെ നാളാണല്ലോ. അന്ന് അവിടെ വിശേ‌ഷാൽ ചില പൂജകളും എഴുന്നള്ളിപ്പും സദ്യയും മറ്റും പതിവുണ്ട്. ആ ദിവസം ദർശനത്തിനായും എഴുന്നള്ളിപ്പും മറ്റും കാണുന്നതിനായും കച്ചവടത്തിനായും മറ്റും അസംഖ്യമാളുകൾ കൂടുക പതിവാണ്.


973-ആമാണ്ടു നാടുനീങ്ങിയ കാർത്തികതിരുനാൾ രാമവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ട് ചെറുപ്പത്തിൽ ഏതാനും കാലം കാർത്തികപ്പള്ളിക്കൊട്ടാരത്തിൽ എഴുന്നള്ളി താമസിച്ചിരുന്നുവല്ലോ.

 

അക്കാലത്ത് ആ തിരുമനസ്സുകൊണ്ട് ആണ്ടുതോറും കന്നിമാസത്തിലായില്യത്തിനു മണ്ണാർശ്ശാലയിലെഴുന്നള്ളി ദർശനം നടത്തുക പതിവായിരുന്നു. അങ്ങനെയിരുന്നപ്പോൾ ഒരാണ്ടിൽ കന്നിമാസത്തിൽ എന്തോ ഒരു അത്യാവശ്യകാര്യത്തിനായി നാഗരുകോവിലിലേക്കു എഴുന്നേള്ളണ്ടതായി വന്നു. ആയില്യമാകുമ്പോഴേക്കും തിരിച്ചെഴുന്നള്ളാമെന്നു വിചാരിച്ചാണ് എഴുന്നള്ളിയത്.

 

എങ്കിലും കാര്യാന്തരഗൗരവം നിമിത്തം അതു സാധിച്ചില്ല. ആയില്യം കഴിഞ്ഞതിന്റെ ശേ‌ഷമാണ് കാർത്തികപ്പള്ളിയിൽ തിരിച്ചെഴുന്നള്ളിയത്. ആയില്യത്തിനു മണ്ണാർശ്ശാലയിൽ എഴുന്നള്ളിദർശനം കഴിക്കാൻ സാധിക്കാഞ്ഞതു നിമിത്തം തിരുമനസ്സിൽ അസാമാന്യ കുണ്ഠിതമുണ്ടായി.

 

അതിനാൽ ഒരു ദിവസം കൽപിച്ച് ഒരാളയച്ചു നമ്പ്യാതിരിയെ തിരുമുമ്പിൽ വരുത്തി "ഈ കന്നിമാസത്തിൽ ആയില്യത്തിനു നമുക്ക് അവിടെ വന്നു ദർശനം നടത്താൻ സാധിച്ചില്ല. അടുത്ത (തുലാമാസത്തിൽ) ആയില്യത്തിന്നു വന്നു ദർശനം നടത്തണമെന്നാണ് വിചാരിക്കുന്നത്. അന്നു കന്നിമാസത്തിൽ ആയില്യത്തിനു പതിവുള്ള വിശേ‌ഷങ്ങളെല്ലാം അവിടെ ഉണ്ടായിരിക്കണം. അതിലേക്കു വിശേ‌ഷാൽ വേണ്ടിവരുന്ന ചെലവിനു കണക്കയച്ചാൽ പണമവിടെനിന്നു തന്നേക്കാം" എന്നു കൽപിചു.

 

നമ്പ്യാതിരി കൽപനപോലെ നടത്തി കൊള്ളാമെന്നു സമ്മതിക്കുകയും അപ്രകാരം നടത്തുകയും തിരുമനസ്സുകൊണ്ടു എഴുന്നള്ളി എല്ലാം തൃക്കൺപാർത്തു സന്തോ‌ഷിക്കുകയും നമ്പ്യാതിരിയുടെ കണക്കിൻ പ്രകാരമുള്ള പണം കല്പ്പിച്ചയയ്ക്കുകയും ചെയ്തു. അടുത്തകൊല്ലവും കന്നിമാസത്തിലെപ്പോലെതന്നെ തുലമാസത്തിലെ ആയില്യവും ആഘോ‌ഷിക്കണമെന്നും കൽപ്പിക്കുകയും നമ്പ്യാതിരി അപ്രകാരം നടത്തുകയും കണക്കനുസരിച്ചുള്ള പണം കൽപ്പിച്ചു കൊടുക്കുകയും ചെയ്തു.

 

അങ്ങനെ ഏതാനും കൊല്ലം നടക്കുകയും കാലക്രമേണ അതു പതിവായിത്തീരുകയും ചെയ്തു. ഇപ്പോഴും അവിടെ കന്നി, തുലാം രണ്ടു മാസങ്ങളിലെ ആയില്യവും ഘോ‌ഷിച്ചു വരുന്നുണ്ട്. എന്നാൽ ഇപ്പോൾ കന്നിമാസത്തിലെ ആയില്യത്തേക്കാൾ കേമമാകുന്നത് തുലാമാസത്തിലെ ആയില്യമാണ്. കാഴ്ചക്കാരും കച്ചവടക്കാരും മറ്റും അധികം വന്നുകൂടുന്നതും നടവരവധികമുണ്ടാകുന്നതുമന്നാണ്. അതു മഹാഭാഗ്യനിധിയായിരുന്ന മഹാരാജാവു തിരുമനസ്സുകൊണ്ട് കൽപിച്ചു നിശ്ചയിച്ചതായതു കൊണ്ടായിരിക്കാം.

ഇനി ഇയ്യിടെയുണ്ടായ ചില വിശേ‌ഷങ്ങൾകൂടി പറയാം. ഇതെഴുതുന്ന ഞാൻ ഇക്കഴിഞ്ഞ വൃശ്ചികമാസത്തിൽ ഒരു ദിവസം കോട്ടയത്തുള്ള മാന്യനായ ഒരു ക്രിസ്ത്യാനിയുടെ വീട്ടിൽ ഒരു കാര്യവശാൽ പോയിരുന്നു.

 

അപ്പോൾ ആ മനു‌ഷ്യൻ എന്നോട്, "സാറേ ഇവിടെ ഒരത്ഭുതമുണ്ടായിരിക്കുന്നു. "മണ്ണാർശ്ശാല മാഹത്മ്യം" എന്ന തലക്കെട്ടോടുകൂടി സാർ എഴുതിയതും, 'ഭാ‌ഷാപോ‌ഷിണി' മാസികയിൽ ചേർത്തു പ്രസിദ്ധപ്പെടുത്തിയിരുന്നതുമായ ലേഖനം വായിച്ചപ്പോൾ ഇതാ ഈ മുറ്റത്തു നിൽക്കുന്ന പിലാവിന്മേൽ ചക്കയുണ്ടായാൽ ആദ്യമുണ്ടാകുന്ന ചക്ക മണ്ണാർശ്ശാലയിലേക്കു കൊടുത്തയച്ചേയ്ക്കാമെന്നു ഞാൻ മനസ്സിൽ വിചാരിച്ചു. ഇതാ ഇപ്പോൾ ഇതിന്മേൽ നാലു ചക്ക ഉണ്ടായിരുന്നു.

 

ഈ പിലാവു കായ്ക്കാനുള്ള കാലം കഴിഞ്ഞിട്ടു വളരെക്കാലമായി എന്ന് ഇതു കണ്ടാൽത്തന്നെ അറിയാമല്ലോ. ഇതിനേക്കാൾ പ്രായം കുറഞ്ഞ പിലാവുകൾ ഇവിടെ വേറെ അഞ്ചാറുണ്ട്. അവ കായ്ചുതുടങ്ങീട്ട് എട്ടും പത്തും കൊല്ലം വീതമായിരിക്കുന്നു. ഈ പിലാവിന്മേൽ ഇതിനു മുമ്പ് ഒരു ചക്കപോലും ഒരിക്കലുമുണ്ടായിട്ടില്ല. ഇങ്ങനെ ഞാനൊരു വഴിപാടു നിശ്ചയിച്ചു എന്നും, മണ്ണാർശ്ശാലയിലേക്കു ചക്ക കൊടുത്തയച്ചു എന്നും, ഞങ്ങളുടെ കൂട്ടുകാരറിഞ്ഞാൽ എന്നെ പരിഹസിക്കും. ഇങ്ങനെ ഉണ്ടായിരിക്കുന്ന സ്ഥിതിക്ക് ചക്ക കൊടുത്തയയ്ക്കാതെയിരിക്കുന്നത് ശരിയുമല്ല.

 

അതുകൊണ്ട് എന്തുവേണ്ടു എന്നു സംശയിക്കുന്നു" എന്നു പറയുകയും, ആദ്യമായി ഉണ്ടായ ചക്ക എന്നെ കാണിക്കുകയും ചെയ്തു. അപ്പോൾ ഞാൻ, "ഈ ചക്കയ്ക്കു നാലുപേർ കണ്ടു നിശ്ചയിക്കുന്ന വിലയും, വിവരത്തിന് ഒരെഴുത്തുംകൂടി ഗൂഢമായി ഒരാളുടെ പക്കൽ കൊടുത്തു മണ്ണാർശ്ശാല നമ്പ്യാതിരിയുടെ അടുക്കൽ എത്തിച്ചുകൊടുത്താൽ മതി. അവിടെ ക്രിസ്ത്യാനികളും മുഹമ്മദീയരും മറ്റും ഇങ്ങനെ രഹസ്യമായി ഇപ്പോഴും വഴിപാടുകൾ കൊടുത്തയയ്ക്കാറുണ്ട്" എന്നു മറുപടിയും പറഞ്ഞു.

ഇതു കൂടാതെ ഇയ്യിടെതന്നെ ഒരു സംഗതികൂടിയുണ്ടായി. എന്തെന്നാൽ, ദേവസ്വം കമ്മീ‌ഷണറാപ്പീസിൽ ഒരു ഉദ്യോഗമായി തിരുവനന്തപുരത്തു താമസിക്കുന്ന എം.എ. ബിരുദം ലഭിച്ചിട്ടുള്ള ഒരു മഹാനും, "ഭാ‌ഷാപോ‌ഷിണി" മാസികയിൽച്ചേർത്തിരുന്ന മേൽപ്പറഞ്ഞ ലേഖനം വായിക്കുകയും, ഒരു കാര്യം സാധിക്കുന്നതിനായി മണ്ണാർശ്ശാലയിലേയ്ക്ക് ഒരു വഴിപാടു നിശ്ചയിക്കുകയും, കാര്യം ഉടൻ സാധിക്കുകയും, പണം അയച്ചുകൊടുത്തു വഴിപാടു നടത്തിക്കുകയുമുണ്ടായി. വഴിപാടു നടത്തുന്നതിനുള്ള പണം അയച്ചുകൊടുക്കുന്നതിന് നമ്പ്യാതിരിയുടെ മേൽവിലാസം അറിയിച്ചു കൊടുക്കണമെന്ന് ആ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുകയാൽ അതറിയിച്ചുകൊടുത്തതും ഇതെഴുതുന്നയാൾ തന്നെയാണ്.

 

രഞ്ജിത്ത് മാത്യു

 

അടുത്ത ലക്കം  : 

മുണ്ടേമ്പിള്ളി കൃഷ്ണമാരാർ

 

കവർ ചിത്രം: ബിനോയ് തോമസ്

ഒരു താന്തോന്നിയുടെ ബാല്യം

March 18, 2021

മഴപെയ്തു തീർന്ന ഒരു നനുത്ത നാല് മണി സമയം. കുഞ്ഞാഹമ്മദ് ഇക്കയുടെ കടയിൽ ഏലക്ക ചായയുടെ രുചി അന്തരീക്ഷത്തിൽ പടർന്നു നിന്നിരുന്നു. സ്കൂളിനടുത്തുള്ള ആ കടയിൽ നിന്നു ഒരു ചായ കുടിക്കണം എന്നതായിരുന്നു കുഞ്ഞിലേ അവളുടെ ഏറ്റവും വല്യ ആഗ്രഹം.സ്കൂൾ അസ്സംബ്ലിക്ക് വരി വരി ആയി ഉറുമ്പ് കൂട്ടം പോലെ നിന്നിരുന്ന പെൺകുട്ടികളിൽ പലരും അഹമ്മദ്ധിക്കയുടെ കടയിലെ പാൽ സർബത് കുടിച്ചിട്ടുണ്ട്. എല്ലാ കുട്ടികളും അല്ല. അനിത മിസ്സ്‌ന്റെ മകളൊക്കെ കോസ്മോ ബേക്കറി നിന്നു മാത്രമേ പഫ്സും മുട്ടയും കഴിച്ചിരുന്നുള്ളു.

സൗദി അറബിയയുടെ ചൂടിൽ തനിക്ക് വേണ്ടി ഉരുകി തീരുന്ന അമ്മയെയും. മറ്റേതോ അറബി നാട്ടിൽ ജോലിനോക്കിയിരുന്ന അപ്പനെയും അവൾ ഓർത്തു. ബോർഡിങ് സ്കൂളിൽ തന്നെ ആക്കിയപ്പോൾ കൈ നിറയെ മിട്ടായി വാങ്ങി തന്ന ശേഷം. കളിക്കാൻ ഉണ്ടാകുന്ന കൂട്ടുകാരെ കുറിച്ചും, പഠിക്കാൻ പോകുന്ന വിഷയങ്ങളെ കുറിച്ചും ഒക്കെ അമ്മച്ചി അന്ന് വാതോരാതെ സംസാരിച്ചു. അവൾ കാണാതെ ആ കണ്ണിലെ കണ്ണീർ ഒപ്പിക്കൊണ്ട് അന്ന് അമ്മച്ചി പറഞ്ഞു "വേറെ നിവർത്തിയിലാത്തോണ്ടാ മോളെ എന്ന് ". ഒരു നാല് വയസു കാരി അതുമനസിലാകും എന്നോർത്ത് കാണില്ല.

അന്ന് രാത്രി അവൾ ഉറങ്ങിയത് 50-60 പേരുള്ള ഒരു വല്യ മുറിയിൽ ആയിരുന്നു.ഡോർമെറ്ററി എന്നവർ വിളിച്ചിരുന്ന ആ മുറിക്ക്  നാല് വാതിലുകൾ ഉണ്ടായിരുന്നു. അതിൽ ഒന്നിലൂടെ പോയാൽ തലയെടുപോടെ നിന്നിരുന്ന ഷവർ ഹെഡ് ഉള്ള കുളിമുറികളും, അതിനോട് ചേർന്നു ഉള്ള കുഞ്ഞി കക്കൂസുകളും ഉണ്ടായിരുന്നു. ഒരു 5 വയസുകാരിക്ക് ഇറങ്ങി ഇരുന്നു സാറ്റ് കളിക്കാൻ ആഴം ഉള്ള സിങ്കുകളും അവയിലേക്ക് ഉറ്റു നോക്കുന്ന ടാപ്പുകളും.

പിന്നീട് ഉള്ള അവളുടെ ദിനങ്ങൾ തുടങ്ങിയത് ആ ടാപ്പിൻ ചുവട്ടിൽ ആണ്. ഏൽക്കേജിയിലും യുകെജിയിലും പഠിക്കുന്ന കുട്ടികളെ രാവിലെ കുളിപ്പിച്ചിരുന്നത് മരിയ ആന്റി ആയിരുന്നു. ഒന്നാം ക്ലാസ്സ്‌ മുതൽ സ്വന്തമായി കുളിക്കുകയും ഡ്രസ്സ്‌ കഴുകുകയും ഒക്കെ വേണം. ഇതൊന്നും അവളുടെ മനസിനെ അലട്ടിയില്ല. ഒരുപാട് കൂട്ടുകാർ അതു മാത്രം ആയിരുന്നു അവളുടെ മനസ്സിൽ. രാത്രിയിൽ എപ്പോഴൊക്കെയോ അമ്മച്ചിയെ കെട്ടിപിടിച്ചുറങ്ങുന്നത് അവൾ സ്വപ്നം കണ്ടു എങ്കിലും അതു അവളെ ബാധിക്കാത്ത പോലെ അവൾ ഭാവിച്ചു. അവളുടെ മനസിൽ ആ വാക്കുകൾ മുഴങ്ങി "വേറെ നിവർത്തി ഇല്ലാത്തോണ്ടാ മോളെ ".

അവൾ എന്നും പേടിച്ചിരുന്നത് പീടിഎ മീറ്റിംഗുകൾ ആണ്. അവളെ പറ്റി നല്ലതു പറയാനും ചേർത്ത് നിർത്താനും വരുന്നത് സിസ്റ്റർ പ്രമീള ആണ്.പക്ഷേ അത് അച്ഛനും അമ്മയും അല്ലാലോ. ചെറിയ ഒരു അപകർഷത്ത ബോധം അന്നേ അവളെ വേട്ട ആടിയിരുന്നു. പ്രമീള സിസ്റ്റർ കിടന്നുറങ്ങുമ്പോളും തലമുടി മറയ്ക്കാൻ വെയിൽ ധരിച്ചിരുന്നോ എന്നുള്ളത് ബോർഡിങ് സ്കൂളിലെ പരക്കെ ഉള്ള സംശയം ആയിരുന്നു. ഇതിനൊരു ഉത്തരം കണ്ടു പിടിക്കാൻ അവൾ ശ്രമിച്ചു ഒരിക്കൽ എല്ലാവരും ഉറങ്ങിയ ശേഷം പുറത്തു നിന്നും ഏണി വച്ചു സിസ്റ്റർ ന്റെ റൂമിന്റെ ഉള്ളിലേക്ക് നോക്കാൻ അവൾ ശ്രമിച്ചു. പക്ഷേ ഇരുട്ടത് കാൽപെരുമാറ്റം കേട്ട വേണു ചേട്ടൻ അവളെ കൈയോടെ പൊക്കി. ഇങ്ങനത്തെ കുസിർതികൾ ഉണ്ടായിരുന്നു എങ്കിലും അവളെ എല്ലാവർക്കും ഇഷ്ടം ആയിരുന്നു.

ഈ ജീവിത സാഹചര്യങ്ങളും ആയി പൊരുത്ത പെടാൻ അവളെ നന്നായി പാടുപെട്ടു. തനിക്കു സന്തോഷം വരുമ്പോൾ പറ്റി ചേർന്നുനിൽക്കാനും, സങ്കടംവരുമ്പോൾ ചിണുങ്ങി കരയാനും അടുത്ത് അമ്മ ഇല്ല എന്നവൾ അംഗീകരിച്ചു. ഒരു 5 വയസുകാരിയുടെ ബുദ്ധിക്കും അധീനം ആയിരുന്നു ആ അംഗീകാരം.

ചുറ്റും ഉള്ളതൊന്നും തന്നെ തളർത്തില്ല എന്നവൾ തീരുമാനിച്ചത്  അന്നാവണം. അതു പിന്നീട് ഉള്ള ജീവിതയാത്രയിൽ അവൾ തുടർന്നു പലപ്പോഴും അതിനെ ആളുകൾ അഹന്തയായും ഒരു പെണ്ണിന്റെ തിന്നിട്ടു ഉള്ള എലിന്റെ ഇടയിൽ  ഒക്കെ ഉപമിച്ചു. പക്ഷേ അവൾക്ക് അത് അതിജീവന്മായിരന്നു. ജീവിതത്തിലെ എഴുതി തെളിഞ്ഞ ഫോർമുലയിൽ നിന്നും മാറി സഞ്ചാരിക്കേണ്ടി വരുന്ന ഏതൊരു വ്യക്തിക്കും ഉണ്ടാകുന്ന പോലത്തെ അതിജീവനം.

നാളുകൾക്കു ശേഷം വളർന്നു വലുതായപ്പോഴും ജീവിതം പല പല പരീക്ഷണങ്ങൾ അവൾക്ക് നേരെ വച്ചു നീട്ടി.പക്ഷേ അന്ന് ടാപ്പിന് ചുവട്ടിൽ നീണ്ട ക്യൂ വിൽ നിന്നു കുളിച്ച, രാത്രി ഒറ്റയ്ക്ക് ഉറങ്ങി ശീലിച്ച, സ്വന്തം കാര്യങ്ങൾ വളരെ ചെറുപ്പം മുതലേ സ്വന്തമായി ചെയ്യാൻ പഠിച്ച അവൾ അതിനെ ഒക്കെ തരണം ചെയ്തു.സ്വന്തമായി അഭിപ്രായം ഉള്ള, ആരുടെയും മുന്നിൽ തലകുനിയ്ക്കാത്ത, വസ്തുതകളെ ചോദ്യം ചെയ്തു മനസിലാകുന്ന അവളെ ആളുകൾക്ക് കൗതുകം ആയിരുന്നു.സമൂഹം അവൾക്ക് ഒരു ഓമന പേര് നൽകി "താന്തോന്നി ".

 

ജിയ ജോർജ്

 

കവർ ചിത്രം: ബിനോയ് തോമസ് 

തോലകവി

March 13, 2021

തോലകവിയൊരു  മലയാള ബ്രാഹ്മണകുലത്തിൽ ജനിച്ച ആളായിരുന്നു എന്നല്ലാതെ ഇദ്ദേഹത്തിന്റെ ഇല്ലം എവിടെയായിരുന്നുവെന്നും സാക്ഷാൽ പേരെന്തായിരുന്നുവെന്നും ജീവിച്ചിരുന്ന കാലമേതെന്നും മറ്റുമറിയുന്നതിനു ശരിയായ ലക്ഷ്യമൊന്നും കാണുന്നില്ല.

 

 എങ്കിലും ഇദ്ദേഹം അഭി‌ഷേകം, തപതീസംവരണം, സുഭദ്രാധനഞ്ജയം എന്നീ നാടകങ്ങളുടെയും ആശ്ചര്യമഞ്ജരി എന്ന ഗദ്യപ്രബന്ധത്തിന്റെയും നിർമാതാവും കേരളചക്രവർത്തിയുമായിരുന്ന 'കുലശേഖരവർമാ'വെന്ന ചേരമാൻ പെരുമാളുടെകൂടെ സേവകനായി തിരുവഞ്ചിക്കുളത്തു താമസിച്ചിരുന്നതായി കേൾവിയുണ്ട്.

 

അതിനാൽ തോലകവി ജീവിച്ചിരുന്നത് ആ ചേരമാൻ പെരുമാളുടെ കാലത്തായിരുന്നു എന്നു വിചാരിക്കാം. തോലകവിയുടെ കുടുംബവും വംശ്യന്മാരും ഇപ്പോൾ ഇല്ലെന്നു തീർച്ചയാണ്. അദ്ദേഹത്തിന്റെ ചരിത്രം വിചാരിച്ചാൽ അതൊന്നുമുണ്ടായിരിക്കാൻ മാർഗവുമില്ല.

 

തോലകവി ഉപനയനം കഴിഞ്ഞു ബ്രഹ്മചാരിയായിരുന്ന കാലത്തുതന്നെ അദ്ദേഹത്തിന്റെ അച്ഛൻ മരിച്ചു. പിന്നെ ആ കുടുംബത്തിൽ അദ്ദേഹവും വിധവയായ അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു. തോലകവി വിവാഹം കഴിച്ചിരുന്നില്ല. പിന്നെ ആ വംശം വർദ്ധിക്കാനിടയില്ലല്ലോ.

തോലകവി ചെറുപ്പത്തിൽത്തന്നെ ബുദ്ധിയും യുക്തിയുമുള്ള ആളും ഫലിതക്കാരനും പരിഹാസശീലനുമായിരുന്നു. ഒരു ദിവസം അദ്ദേഹം അദ്ദേഹത്തിന്റെ ഇല്ലത്ത് ഊണുകഴിച്ചുകൊണ്ടും അമ്മ വിളമ്പിക്കൊടുത്തു കൊണ്ടുമിരുന്ന സമയം അവിടെ ദാസ്യ പ്രവൃത്തികൾ ചെയ്തു താമസിച്ചിരുന്ന 'ചക്കി' എന്നു പേരായ വൃ‌ഷലി ഇതൊരു നല്ല അവസരമാണെന്നു കരുതി നെല്ലു മോഷ്ടിച്ചെടുക്കാനായി പത്തായത്തിൽ കയറി.

 

തോലനും അമ്മയും അടുക്കളയിലായിരുന്നതിനാൽ ആരും കാണുകയില്ലെന്നു വിചാരിച്ചാണ് അവൾ ആ തരം നോക്കി പത്തായത്തിൽ കയറിയത്. എങ്കിലും തോലൻ അതു കണ്ടു. ബ്രഹ്മചാരികൾ ഉണ്ടിരിക്കുമ്പോൾ മിണ്ടരുതെന്നും അഥവാ വല്ലതും സംസാരിക്കുകയാണെങ്കിൽ അതു സംസ്കൃതത്തിലേ ആകാവൂ എന്നും മലയാള ബ്രാഹ്മണരുടെ ഇടയിൽ ഒരു ചട്ടമുണ്ട്.

 

തോലന് സംസ്കൃതഭാ‌ഷാജ്ഞാനമില്ലായിരുന്നതിനാൽ ഒരു സമയം അദ്ദേഹം കണ്ടാലും തത്ക്കാലമൊന്നും മിണ്ടുകയില്ലെന്നുള്ള വിചാരവും ചക്കിക്ക് ഉണ്ടായിരുന്നു. എന്നാൽ തോലൻ ഇതു കണ്ടിട്ടു മിണ്ടാതെയിരുന്നില്ല. അദ്ദേഹത്തിനു ഗീർവ്വാണഭാ‌ഷാജ്ഞാനമില്ലായിരുന്നുവെങ്കിലും തൽക്കാലാവശ്യത്തിനായി അദ്ദേഹം തന്റെ യുക്തികൊണ്ടും ബുദ്ധികൊണ്ടും ചില വാക്കുകൾ സൃഷ്ടിച്ചാണ് സംസാരിച്ചത്.

 

അത് 'പനസി ദശായാം പാശി' എന്നായിരുന്നു. പനസം എന്നു പറഞ്ഞാൽ ചക്ക എന്നും ദശ എന്നു പറഞ്ഞാൽ പത്ത് എന്നും പാശം എന്നു പറഞ്ഞാൽ കയറ് എന്നും അർത്ഥമുള്ളതിനാൽ പനസി എന്നു പറഞ്ഞാൽ ചക്കി എന്നും ദശായാം എന്നു പറഞ്ഞാൽ പത്തായത്തിലെന്നും പാശി എന്നു പറഞ്ഞാൽ കയറി എന്നും അർത്ഥം സിദ്ധിക്കുമെന്നു യുക്തികൊണ്ടു നിശ്ചയിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

 

തോലന്റെ അമ്മയും പുത്രനെപ്പോലെത്തന്നെ ബുദ്ധിയും യുക്തിയുമുള്ള കൂട്ടത്തിലായിരുന്നു. അതിനാൽ ആ അന്തർജനം പുത്രൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കുകയും ഉടൻ ഓടിച്ചെന്ന് ചക്കിയുടെ കളവു കണ്ടുപിടിക്കുകയും ചെയ്തു എങ്കിലും 'ഇനി മേലാൽ ഇങ്ങനെ ചെയ്യരുതെ'ന്നും പറഞ്ഞു ശാസിച്ചതല്ലാതെ ആ അന്തർജനം ചിരപരിചിതയും അനന്യശരണയുമായിരുന്ന ആ വൃ‌ഷലിയെ ഉപേക്ഷിച്ചില്ല.

 

 അതിനാൽ അവൾ പിന്നെയും യഥാപൂർവ്വം അവിടെത്തന്നെ താമസിച്ചു. എങ്കിലും അക്കാലം മുതൽ അന്തർജനവും തോലനും പ്രത്യേകം സൂക്ഷിച്ചു തുടങ്ങിയതുകൊണ്ട് അവൾക്ക് അവിടെനിന്ന് ഒന്നും മോഷ്ടിച്ചെടുക്കാൻ തരമില്ലാതെയായിത്തീർന്നു. അതിനാലവൾ, 'ബ്രഹ്മചാരിയെ ഏതു വിധവും സ്വാധീനപ്പെടുത്തണം. ഇദ്ദേഹത്തിന്റെ സഹായം കൂടാതെ ഇവിടെനിന്നും യാതൊന്നും കൈക്കലാക്കുവാൻ സാധിക്കയില്ല' എന്നു വിചാരിച്ച് അദ്ദേഹത്തെ വശപ്പെടുത്താൻ ഉത്സാഹിച്ചു തുടങ്ങി.

 

ഈ ആഗ്രഹം സാധിക്കുന്നതിനായി അവൾ പ്രയോഗിച്ച ഉപായങ്ങൾ ഗൂഡമായി ചില നർമ്മാലാപങ്ങളും ശൃംഗാരചേഷ്ടകളും മറ്റുമായിരുന്നു. ആദ്യ കാലത്ത് ഇവകൊണ്ട് വിശേ‌ഷിചു ഫലമൊന്നും ഉണ്ടായില്ല. എങ്കിലും ക്രമേണ തോലനു പ്രായം കൂടിവരികയും അതോടുകൂടി അദ്ദേഹത്തിനു ചക്കിയുടെ ചേഷ്ടകളിലും നാട്യങ്ങളിലും രഹസ്സല്ലാപങ്ങളിലും ഒരു കൌതുകം ജനിക്കുകയും ചെയ്തു. പതിനാറു വയസ്സാകാതെ സമാവർത്തനം കഴിച്ചുകൂടാ എന്നാണല്ലോ മലയാള ബ്രാഹ്മണരുടെ നിയമം. ഈ ബ്രഹ്മചാരി പതിനാറു വയസ്സാകുന്നതിനു മുമ്പു തന്നെ മന്മഥാക്രാന്തഹൃദയനായിത്തീരുകയും ചക്കിയുടെ അപാംഗവലയിലകപ്പെടുകയും അങ്ങനെ ബ്രഹ്മചര്യവ്രതത്തിനു ഭംഗം വരുത്തുകയും അതു പലരും അറിയുന്നതിന് ഇടയാവുകയും ചെയ്തു.

 

ഇതിനു വിധിപ്രകാരം പ്രായശ്ചിത്തവും മറ്റും ചെയ്യിച്ച് അദ്ദേഹത്തെ ശുദ്ധീകരിച്ചെടുക്കുന്നതിന് അദ്ദേഹത്തിന് അച്ഛനും മറ്റും ജീവിച്ചിരിക്കുന്നുണ്ടായിരുന്നില്ലല്ലോ. എന്നു മാത്രമല്ല, അദ്ദേഹം തരം കിട്ടുമ്പോഴെല്ലാം എല്ലാവരെയും പരിഹസിക്കാറുമുണ്ടായിരുന്നതുകൊണ്ട് സ്വജനങ്ങൾക്കൊക്കെ അദ്ദേഹത്തോടു വിരോധവുമുണ്ടായിരുന്നു.

 

അതിനാൽ എല്ലാവരും കൂടി അദ്ദേഹത്തെ ഭ്രഷ്ടനാക്കിക്കളഞ്ഞു. സമാവർത്തനത്തിന്റെ കാലമായിട്ടും ആരും അത് നടത്താതെയിരിക്കുകയും നടത്തുകയില്ലെന്നു തീർച്ചയാവുകയും ചെയ്തപ്പോൾ അദ്ദേഹം സ്വയമേവ അദ്ദേഹത്തിന്റെ കഴുത്തിൽക്കിടന്നിരുന്ന തോൽ പറിച്ചു കളഞ്ഞു. അങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സമാവർത്തനം. ബ്രാഹ്മണകുമാരന്മാരെ ഉപനയിക്കുമ്പോൾ പൂണൂലോടു കൂടി തോലും (കൃ‌ഷ്ണാജിനവും) ഇടുക പതിവുണ്ടല്ലോ.

 

അതിനാൽ ബ്രഹ്മചാരികളെ തോലിട്ട ഉണ്ണി എന്നും ചിലർ പരിഹാസമായിട്ടു തോലൻ എന്നും പറയാറുണ്ട്. ആ തോൽ എടുത്തുകളയുന്നത് സമാവർത്തന സമയത്താണ്. ഈ ഉണ്ണിക്കു തോൽ ഇട്ടതല്ലാതെ മുറപ്രകാരം എടുത്തു കളയുകയുണ്ടായില്ലല്ലോ. അതുകൊണ്ടും സ്വയമേവ തോൽ പറിച്ചു കളഞ്ഞതുകൊണ്ടും അദ്ദേഹത്തെ എല്ല്ലാവരും തോലൻ എന്നു പറഞ്ഞു തുടങ്ങുകയും ആ പേരുതന്നെ ക്രമേണ സ്ഥിരപ്പെടുകയും അതിനാൽ അദ്ദേഹത്തിന്റെ സാക്ഷാൽ പേർ എന്തായിരുന്നുവെന്നു കാലാന്തരത്തിൽ ആർക്കും നിശ്ചയമില്ലാതെയായിത്തീരുകയും ചെയ്തു. ഭ്രഷ്ടനായിപ്പോയ അദ്ദേഹത്തിനു സ്വജനങ്ങളായിട്ടുള്ളവരാരും പെണ്ണിനെ കൊടുക്കാഞ്ഞിട്ടാണ് അദ്ദേഹം വിവാഹം കഴിക്കാതെയിരിക്കുകയും അദ്ദേഹത്തിന്റെ വംശം നശിച്ചുപോവുകയും ചെയ്തതെന്നു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.

 

ആരും പെണ്ണിനെ കൊടുക്കുകയില്ലെന്നു തീർച്ചയായപ്പോൾ ചക്കിയെത്തന്നെ അദ്ദേഹം ഭാര്യയായി സ്വീകരിച്ചു.

അനന്തരം തോലൻ യഥാക്രമം വിദ്യാഭ്യാസം ചെയ്യുകയും അചിരേണ വലിയ വിദ്വാനും മഹാകവിയുമായിത്തീരുകയും ചെയ്തു. എങ്കിലും അദ്ദേഹത്തിന്റെ പ്രകൃതിസിദ്ധമായുള്ള പരിഹാസശീലത്തിനും ഫലിതോക്തിക്കും യാതൊരു ഭേദവും വന്നില്ല. ചക്കിയെക്കുറിച്ചുതന്നെ അദ്ദേഹം വർണ്ണിച്ചു പല ശ്ലോകങ്ങളുണ്ടാക്കിയിട്ടുണ്ട്. അവയിൽ ചിലതു താഴെ ചേർക്കുന്നു:

'അന്നൊത്ത പോക്കീ! കുയിലൊത്ത പാട്ടീ!
തേനൊത്ത വാക്കീ! തിലപു‌ഷ്പമൂക്കീ!
ദരിദ്രയില്ലത്തെ യവാഗുപോലെ
നീണ്ടിട്ടിരിക്കും നയനദ്വയത്തീ!'

ഈ ശ്ലോകം ചക്കിക്ക് ഒട്ടും സന്തോ‌ഷകരമായില്ല. 'എന്നെ പോക്കീ, പാട്ടീ, വാക്കീ, മൂക്കീ എന്നും മറ്റും പറയരുത്' എന്നവൾ പറഞ്ഞു. അതിനാൽ തോലൻ നല്ല ഭംഗിയുള്ള പദങ്ങൾ ചേർത്തു പിന്നെയൊരു ശ്ലോകമുണ്ടാക്കി. അത്:

'അർക്കശു‌ഷ്കഫലകോമളസ്തനീ!
ശർക്കരാസദൃശ ചാരുഭാ‌ഷിണീ!
തന്ത്രിണീദല സമാന ലോചനേ!
സിന്ധുരേന്ദ്രരുചിരാമലദ്യുതേ!

ഇതു ചക്കിക്കു നല്ലപോലെ ബോധിച്ചു. ചക്കി കേവലം വിഡ്ഢിയായിരുന്നുവെന്നും ശ്ലോകങ്ങളുടെ അർത്ഥം മനസ്സിലാക്കാൻ അവൾക്കു ശക്തിയില്ലായിരുന്നുവെന്നും വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. തോലകവി ചക്കിയെ വർണ്ണിച്ചുണ്ടാക്കിയ മറ്റൊരു ശ്ലോകവും താഴെ ചേർക്കുന്നു:

'മുളഞ്ഞാസന സൃഷ്ടീങ്കൽ
വിളങ്ങും ചേർജലോചനേ!
പൊതിപ്പെണ്ണച്ചനോടൊത്ത
മാർജദ്വന്ദം വിരാജതേ!'

ചില ആശാന്മാർ 'വിരിഞ്ചഃ കമലാസനഃ' എന്നുള്ളത് 'വിരിംചക്കമലാസന' എന്നു ചൊല്ലിക്കൊടുത്തു കുട്ടികളെ പഠിപ്പിക്കുന്നതുകേട്ടിട്ട് ആ ആശാന്മാരെ പരിഹസിക്കാനും തന്റെ യുക്തി കാണിക്കാനും കൂടിയാണ് തോലൻ ഈ ശ്ലോകമുണ്ടാക്കിയത്. ചക്കമലാസനനൻ ചക്കയുടെ മലം ആസനമായിട്ടുള്ളവൻ. ചക്കയുടെ മലം മുളഞ്ഞ്.

'വിരിഞ്ചഃ കമലാസനഃ' എന്നുള്ളതു ബ്രഹ്മാവിന്റെ പര്യായങ്ങളാണല്ലോ. ബ്രഹ്മാവിനെ 'ചക്കമലാസനൻ' എന്നു പറയാമെങ്കിൽ 'മുളഞ്ഞാസനൻ' എന്നും പറയാമെന്നാണ് തോലന്റെ യുക്തി. ചേർ = പങ്കം. ചേർജം എന്നു പറഞ്ഞാൽ പങ്കജം എന്നർത്ഥം. കാളപ്പുറത്തു കെട്ടിയിടുന്ന ചുമടിനു പൊതിയെന്നു പറയാറുണ്ടല്ലോ.

 

അപ്പോൾ കാളപ്പുറത്തിരിക്കുന്നതിനു പൊതിയെന്നു പറയാമെന്നു സിദ്ധിക്കുന്നു. ശിവനും കാളപ്പുറത്തിരിക്കുമല്ലോ. അതിനാൽ ശിവനെയും പൊതിയെന്നു പറയാം. ആ പൊതിയുടെ പെണ്ണ് ശ്രീപാർവതി. ശ്രീപാർവതിയുടെ അച്ചൻ (അച്ഛൻ) ഹിമവാൻ. അപ്പോൾ 'പൊതിപ്പെണ്ണച്ചനോടൊത്ത്' എന്നു പറഞ്ഞാൽ 'പർവത തുല്യമായ' എന്നർത്ഥം. മാർജം മാറിൽ ജനിച്ചത്. സ്തനം എന്നു താൽപര്യം. ഉരോജം, വക്ഷോജം ഇത്യാദി എന്നപോലെ.

ഈ ശ്ലോകവും ചക്കിക്ക് ഏറ്റവും സന്തോ‌ഷകരമായിരുന്നതിനാൽ ഒരു ശ്ലോകം കൂടിയുണ്ടാക്കണമെന്ന് അവൾ പറയുകയും ഉടനെ തോലകവി താഴെക്കാണുന്ന പ്രകാരം ഒരു ശ്ലോകമുണ്ടാക്കിച്ചൊല്ലുകയും ചെയ്തു.

'വക്ത്രാംഭോജം തു കൈലാസവദിദമളകാലംകൃതം, കൊങ്കയുഗ്മം
വൃത്രാരാതേഃ കഠോരം കുലിശമിവപരി¢ിന്നസാരം ഗിരീണാം.
മധ്യം മത്തേഭവത്തേ പിടിയിലമരുവൊന്നെത്രയും ചിത്രമോർത്താൽ
മുഗ്ദ്ധേ, മൽപ്രാണനാഥേ, വപുരുദധിരിവാഭാതി ലാവണ്യപൂർണ്ണം.'

ഇങ്ങനെ ചക്കിയുടെ ആവശ്യപ്രകാരവും അല്ലാതെയും ശൃംഗാരഹാസ്യരസ പ്രധാനങ്ങളും ഫലിതമയങ്ങളുമായിട്ടുള്ള അനേകം ശ്ലോകങ്ങൾ തോലകവി ഉണ്ടാക്കീട്ടുണ്ട്. എല്ലാത്തിന്റെയും രീതി ഇതു തന്നെ.

തോലകവിയുടെ ഭക്തിരസപ്രധാനങ്ങളായ ശ്ലോകങ്ങൾ ഫലിതമയങ്ങളും യുക്തികൊണ്ട് അർത്ഥം ഗ്രഹിക്കേണ്ടുന്നവയുമാണ്. രീതി കാണിക്കാനായി ഒരു ശ്ലോകം താഴെ ചേർക്കുന്നു:

'പല്ലിത്തോലാടയാം യസ്യ യസ്യ പന്ത്രണ്ടര പ്രിയാ കോണച്ചേട്ടാഭിധാനസ്യ അർദ്ധാർദ്ധം പ്രണതോസ്മ്യഹം.'

പല്ലിനു സംസ്കൃതത്തിൽ ദന്തമെന്നു പറയുമല്ലോ. അപ്പോൾ പല്ലി എന്നു പറഞ്ഞാൽ ദന്തി ആന എന്നർത്ഥം. പന്ത്രണ്ടര ആറ്. ഗംഗ എന്നു താൽപര്യം. കോണ് = മുക്ക്. ചേട്ടൻ = അണ്ണൻ. കോണചേട്ടൻ = മുക്കണ്ണൻ. അർദ്ധാർദ്ധം = അർദ്ധത്തിന്റെ അർദ്ധം. അർദ്ധം = പകുതി. അര എന്നു താൽപര്യം. അതിന്റെ അർദ്ധം കാൽ = പാദം എന്നർത്ഥം. ആനത്തോൽ വസ്ത്രമായും ഗംഗ ഭാര്യയായും മുക്കണ്ണൻ എന്നു പേരോടുകൂടിയവനുമായിരിക്കുന്ന അവന്റെ പാദത്തെ ഞാൻ നമസ്കരിക്കുന്നു എന്ന് ആകപ്പാടെയുള്ള അർത്ഥം.

തോലകവി ശിവനെക്കുറിച്ചുതന്നെ മറ്റൊരു വന്ദനശ്ലോകമുണ്ടാക്കിയിട്ടുണ്ട്. അതും താഴെ ചേർക്കുന്നു:

'മാരാരേ, തവ ദാസോഹം വാരി യസ്യ ജടാന്തരേ
യം പ്രാഹുരവ്യയം നിത്യം തന്ത്രിണേത്രം നമാമ്യഹം.'

കേവലം സംസ്കൃതഭാ‌ഷയിലുള്ള ഈ ശ്ലോകത്തിലും അദ്ദേഹം മാരാർ, വാരിയർ, എമ്പ്രാൻ, തന്ത്രി എന്നിവരുടെ പേരുകൾ വരുത്തിയിരിക്കുന്നു. ഇതും ഒരുവക ഫലിതമാണല്ലോ. പരപരിഹാസാർത്ഥമായിട്ടും തോലകവി അനേകം ശ്ലോകങ്ങളുണ്ടാക്കീട്ടുണ്ട്. 'ഒന്നായ്ച്ചേർക്കയുമാം പദങ്ങളിടവിട്ടെങ്ങെങ്കിലും ചേർത്തിടാം' എന്നാണല്ലോ സംസ്കൃതനിയമം. ആ നിയമവും പ്രാസം, യമകം മുതലായ ശബ്ദഭംഗിക്കും പാദപൂരണത്തിനും മറ്റുമായി നിരർത്ഥകങ്ങളും അനാവശ്യകങ്ങളുമായ പദങ്ങൾ പ്രയോഗിക്കുന്നതും തോലകവിക്ക് ഇഷ്ടമല്ല. അങ്ങനെ പ്രയോഗിക്കുന്ന വരെ ആക്ഷേപിച്ചു തോലകവി ഉണ്ടാക്കീട്ടുള്ള ചില ശ്ലോകങ്ങളും താഴെ ചേർക്കുന്നു:

ഥപ്രഥനന്ദാനന്ദം
പദദ്വയം നാത്ര ജനിതനന്ദാനന്ദം
തനയം വന്ദേ വക്യാ
നിരന്വയം ദലിതദാനവന്ദേവക്യാഃ

ഈ ശ്ലോകത്തിൽ ഥപ്രഥനം, ദാനന്ദം, വക്യാഃ ഈ മൂന്നു പദങ്ങൾ നിരർത്ഥങ്ങളും യമകത്തിനായിട്ടു മാത്രം ചേർത്തിട്ടുള്ളവയുമാണ്. ശേ‌ഷമുള്ള പദങ്ങൾകൊണ്ടു മാത്രമേ കാര്യമുള്ളു. ആവശ്യമില്ലാത്ത

പദങ്ങളോടു ചേർത്തുതന്നെ 'പദദ്വയം നാത്ര' എന്നും 'നിരന്വയം'എന്നും പ്രയോഗിച്ച് അവ അനാവശ്യകങ്ങളാണെന്നു സൂചിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതും ഒരു സാമർത്ഥ്യമാണല്ലോ. ഇനി ഇതുപോലെത്തന്നെ വേറൊരു ശ്ലോകം:

'ഉത്തി‌ഷ്ഠോത്തി‌ഷ്ഠ രാജേന്ദ്ര
മുഖം പ്രക്ഷാളയസ്വ ടഃ
ഏഷഖ ആഹ്വയതേ കുക്കു
ച വൈ തു ഹി ച വൈ തു ഹി'

ഇവിടെ 'കുക്കു' എന്നുള്ളതിനോടു 'ടഃ' എന്നുകൂടിച്ചേർത്ത് അന്വയിക്കണം. പദങ്ങളെ അങ്ങുമിങ്ങുമായി പ്രയോഗിക്കാമെങ്കിൽ അക്ഷരങ്ങളെയും അങ്ങനെ പ്രയോഗിക്കാം എന്നാണ് തോലകവിയുടെ അഭിപ്രായം. അപ്രകാരം തന്നെ 'ച, വൈ, തു, ഹി ഇത്യാദി അനാവശ്യകങ്ങളായിട്ടുള്ള അവ്യയപദങ്ങൾ അങ്ങുമിങ്ങുമായി ഇടയ്ക്കിടയ്ക്കു ചേർത്തു പ്രയോഗിക്കുന്നതെന്തിന്? എല്ലാംകൂടി ഒരുമിച്ചിരിക്കട്ടെ. ആവശ്യം പോലെ ഓരോ പദങ്ങൾ എടുത്ത് അന്വയിക്കാമല്ലോ' എന്നു വിചാരിച്ചാണ് തോലകവി ആ വക പദങ്ങൾ കൊണ്ടുതന്നെ നാലാം പാദം തീർത്തത്. അനാവശ്യങ്ങളും അനർത്ഥങ്ങളുമായ പദങ്ങളെ ഔചിത്യം കൂടാതെ പ്രയോഗിക്കുന്ന കവികൾക്ക് ഈ ആക്ഷേപങ്ങൾ മർമഭേദകങ്ങളായിരിക്കുമല്ലോ.

അന്യരുടെ കൃതികൾക്കു കുറ്റവും കുറവും പറയുന്നവർ ധാരാളവും നിരാക്ഷേപമായി കവനം നിർമിക്കുവാൻ കഴിയുന്നവർ ലോകത്തിൽ ചുരുക്കവുമാണല്ലോ. എന്നാൽ തോലകവി അന്യന്മാരുടെ കൃതികളെ ആക്ഷേപിക്കുന്നതിനും അന്യന്മാർ ആക്ഷേപിക്കാത്തവിധത്തിൽ കാവ്യ ങ്ങൾ നിർമിക്കുന്നതിനും കഴിയുന്ന ആളായിരുന്നു. അദ്ദേഹം അന്വയ ക്രമത്തിനു പദങ്ങൾ ചേർത്തും അനാവശ്യപദങ്ങൾ കൂടാതെയും കാവ്യം നിർമിച്ചിട്ടുണ്ട്. അതിലുള്ള ശ്ലോകങ്ങളിൽ ഏറ്റവും പ്രസിദ്ധമായിട്ടുള്ള ഒന്നു താഴെ ചേർക്കുന്നു.

'സ്വർജാലികാനിർജരനിർഝരിണ്യാം
തദീയസൗധാഗ്രജു‌ഷാം വധൂനാം
ആലോലനേത്രപ്രകരം നിരീക്ഷ്യ
ഝ‌ഷഭ്രമാർജാലശതം ക്ഷിപന്തി.'

ഈ കാവ്യം കൂടി ഉണ്ടാക്കിക്കഴിഞ്ഞപ്പോഴേക്കും തോലകവി വിശ്വവിശ്രുതനായിത്തീർന്നു. അദ്ദേഹത്തെ 'തോലൻ' എന്നു പറഞ്ഞിരുന്ന അസൂയാലുക്കളായ വിരോധികൾ പോലും 'തോലകവി' എന്നുതന്നെ പറഞ്ഞുതുടങ്ങുകയും ചെയ്തു.

ഇങ്ങനെയിരുന്ന കാലത്താണ് കുലശേഖരവർമാവെന്ന് പ്രസിദ്ധനായിരുന്ന ചേരമാൻ പെരുമാൾ സംസ്കൃതനാടകങ്ങൾ ചാക്യാന്മാരെ ക്കൊണ്ട് അരങ്ങേറ്റം കഴിപ്പിക്കുവാൻ ഉത്സാഹിച്ചു തുടങ്ങിയത്. അദ്ദേഹം ആദ്യംതന്നെ ചാക്യാന്മാരെക്കൊണ്ട് അരങ്ങേറ്റം കഴിപ്പിക്കാനുത്സാഹിച്ചതു ശാകുന്തളം നാടകമാണ്. അരങ്ങേറ്റത്തിനു സൂതന്റെ വേ‌ഷം ധരിച്ച ചാക്യാർ 'രാജാനം മൃഗഞ്ചാവലോക്യ' (മൃഗമതിനെയുമാത്തചാപനാകും ജഗദഭിവന്ദ്യ ഭവാനെയും വിലോക്യ) എന്നുള്ള ഭാഗം യഥാക്രമം അഭിനയിച്ചപ്പോൾ ആ ചാക്യാരുടെ കണ്ണു പൊട്ടിപ്പോവുകയാൽ അരങ്ങേറ്റം നടന്നില്ല. പിന്നെ പെരുമാൾ അഭി‌ഷേകം, തപതീസംവരണം, സുഭദ്രാധനഞ്ജയം ഇങ്ങനെ മൂന്നു നാടകങ്ങൾ സ്വയമേ നിർമിക്കുകയും അവ ഉടനെ ചാക്യാന്മാരെക്കൊണ്ട് അരങ്ങേറ്റം കഴിപ്പിക്കണമെന്നു നിശ്ചയിക്കുകയും ചെയ്തു.

 

ആ മൂന്നു നാടകങ്ങളിൽ ഒടുവിലുണ്ടാക്കിയ സുഭദ്രാധനഞ്ജയമാണ് പെരുമാൾക്ക് അധികം ബോധിച്ചത്. അതിനാൽ അതു തന്നെ ആദ്യം അരങ്ങേറ്റം കഴിപ്പിക്കണമെന്ന് അദ്ദേഹം നിശ്ചയിച്ചു. എങ്കിലും അതു വിദ്വാന്മാരെ ഒന്നു കേൾപ്പിച്ചിട്ടു വേണം ചാക്യാന്മാരെ ഏൽപിക്കാനെന്ന് അദ്ദേഹത്തിനു തോന്നി.

 

 'ആപരിതോ‌ഷാദ്വി ദു‌ഷാം ന സാധു മന്യേ പ്രയോഗവിജ്ഞാനം' എന്നുണ്ടല്ലോ. അതിനാൽ ചേരമാൻ പെരുമാൾ ഒരു ദിവസം തന്റെ സദസ്യന്മാരും സമീപസ്ഥന്മാരുമായ വിദ്വാന്മാരെയെല്ലാം വിളിച്ചുകൂട്ടി. ആ സദസ്സിൽ തോലകവിയും ചെന്നു ചേർന്നിരുന്നു. ആ സഭാവാസികളെ ചേരമാൻ പെരുമാൾ സുഭദ്രാധനഞ്ജയം സ്വയമേവ വായിച്ചു കേൾപ്പിക്കാനാരംഭിച്ചു. ഒന്നാമങ്കം കഴിഞ്ഞു രണ്ടാമങ്കം വയിച്ചുതുടങ്ങിയപ്പോൾ തന്നെ തോലകവി കുറേശ്ശെ വിറച്ചു തുടങ്ങി.

 

രണ്ടാമങ്കം ഏകദേശം പകുതിയായപ്പോൾ തോലകവി അത്യുച്ചത്തിൽ അട്ടഹസിച്ചുകൊണ്ടും 'അയ്യോ, എനിക്കു സഹിക്കാൻ വയ്യേ' എന്നു പറഞ്ഞുകൊണ്ട് ചാടിയെണീറ്റുനിന്നു വെളിച്ചപ്പാടിനെ പ്പോലെ തുള്ളിത്തുടങ്ങി. സദസ്യരെല്ലാം പരിഭ്രമിച്ച് എണീക്കുകയും 'ആരാണ്? കാര്യമെന്താണ്?' എന്നും മറ്റും ചോദിക്കുകയും ചെയ്തു. അപ്പോൾ തോലകവി 'ഞാൻശാകുന്തളം നാടകമാണ്. എനിക്കുള്ള അർത്ഥകൽപ്പനകളും Cായയുമെല്ലാമപഹരിച്ച് സുഭദ്രാധനഞ്ജയത്തിനു കൊടുത്തിരിക്കുന്നു. ഇതെനിക്കു സഹിക്കാവുന്നതല്ല' എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ ഇതു തോലകവി ചേരമാൻ പെരുമാളെ പരിഹസിക്കാനായിട്ടെടുത്ത വിദ്യയാണെന്നു സദസ്യർക്കു മനസ്സിലാവുകയും ചിലർ മനസ്സറിയാതെ പൊട്ടിച്ചിരിച്ചുപോവുകയും ഏതാനും പേർ തങ്ങൾക്കു വന്ന ചിരി പെരുമാളെ ഭയപ്പെട്ട് ഉള്ളിൽ ഒതുക്കുകയും ചെയ്തു. പെരുമാൾ ഏറ്റവും വി‌ഷണ്ണനായിത്തീർന്നു എന്നുള്ളതു പറയണമെന്നില്ലല്ലോ.

 

അദ്ദേഹം ശേ‌ഷം വായിക്കാൻ ശക്തനാകാതെ ലജ്ജാവനതമുഖനായി അവിടെനിന്ന് എണീറ്റുപോയി. ഉടനെ തോലകവിയുടെ തുള്ളൽ നിൽക്കുകയും സഭാവാസികളെല്ലാവരും പിരിഞ്ഞു പോവുകയും ചെയ്തു.

അന്നു രാത്രിയിൽ കിടന്നിട്ടു ചേരമാൻ പെരുമാൾക്ക് ഉറക്കം വന്നില്ല. തന്റെ നാടകങ്ങൾ വിദ്വജ്ജനങ്ങൾക്കു രുചിക്കയും അവയ്ക്കു പ്രസിദ്ധിയും പ്രചാരവും സിദ്ധിക്കുകയും ചെയ്യുന്നതിന് എന്താണ് വേണ്ടതെന്ന് അദ്ദേഹം വളരെ നേരം വിചാരിച്ചു നോക്കീട്ടും ശരിയായ മാർഗ്ഗമൊന്നും കണ്ടില്ല.

 

ഒടുക്കം തോലകവിയെ തന്നെ വരുത്തി ആലോചിക്കാമെന്നു നിശ്ചയിച്ചു. ചേരമാൻ പെരുമാൾ ആ രാത്രിയിൽത്തന്നെ ആളയച്ചു തോലകവിയെ ഗൂടമമായി തന്റെ അടുക്കൽ വരുത്തി അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം നാടകാഭിനയത്തിനുവേണ്ടുന്ന മുറകളെല്ലാം വ്യവസ്ഥപ്പെടുത്തി. വിദൂ‌ഷകനുള്ള നാടകങ്ങൾ അഭിനയിക്കുന്നതിന് ആദ്യം തന്നെ വിദൂ‌ഷകവേ‌ഷധാരിയായ ഒരു നടൻ പ്രവേശിച്ചു വിവാദു തീർത്തു എന്നും വിനോദം, വഞ്ചനം, അശനം, രാജസേവ എന്നീ പുരു‌ഷാർത്ഥങ്ങൾ സാധിച്ചു എന്നും പറയണമെന്നും അവയ്ക്കും നാടക ങ്ങളിലെ വിദൂ‌ഷകന്റെ വാക്യങ്ങൾക്കു പകരമായിട്ടും മണിപ്രവാളമായും മറ്റു ചിലശ്ലോകങ്ങൾ കൂടി വേണമെന്നും മറ്റുമാണ് അവർ വ്യവസ്ഥപ്പെടുത്തിയത്.

 

ആ വക ശ്ലോകങ്ങളെല്ലാമുണ്ടാക്കുന്നതിന് ചേരമാൻ പെരുമാൾ തോലകവിയെത്തന്നെ ഏൽപിക്കുകയും അദ്ദേഹം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു.

വിവാദുതീർക്കുക എന്നുവെച്ചാൽ അനധീതമംഗലം ഗ്രാമക്കാരും പെരുംതൃക്കോവിലെന്ന ക്ഷേത്രത്തിലെ ഊരാളന്മാരുമായ മേയ്ക്കാന്തല, കിഴക്കാന്തല എന്നു രണ്ടുകൂട്ടർ തമ്മിലുള്ള അധികാരത്തർക്കം തീർക്കുകയാണ്. ഇതിൽ ഊരാളന്മാർ, സമുദായം, ശാന്തിക്കാർ, വാരിയർ, മാരാര് മുതലായ ക്ഷേത്രാധികാരികളുടെയും ക്ഷേത്രസംബന്ധികളുടെയും ചാക്യാർ, നമ്പ്യാർ മുതലായവരുടെയും സ്വഭാവങ്ങളെ വർണ്ണിച്ച് അനവധി ശ്ലോകങ്ങൾ തോലകവി ഉണ്ടാക്കി. വിനോദം എന്നത് ഈ ഊരാളന്മാർ മുതലായവരെല്ലാംകൂടി 'ഭ്രമരികുലകോലാഹലത്തുണ്ണിമഞ്ജരി' എന്നൊരു വേശ്യാസ്ത്രീയുടെ അടുക്കൽച്ചെന്നു തൃതീയപുരു‌ഷാർത്ഥം സാധിക്കുകയാണ്. ഇതിന് സ്ത്രീകളുടെ സ്വഭാവങ്ങളെ വർണ്ണിച്ചും വളരെ ശ്ലോകങ്ങൾ തോലകവി നിർമ്മിച്ചു. വഞ്ചനം എന്നത് വിനോദം സാധിക്കാൻ പോയവരിൽ ഒരാൾ ഉണ്ണിമഞ്ജരിയുടെ വെള്ളിക്കരണ്ടകം മോഷ്ടിച്ച് ആരുമറിയാതെ വായിലാക്കി കൊണ്ടുപോന്നു എന്നുള്ളതാണ്. അതിന് അധികം വിസ്താരവും വർണ്ണനയുമൊന്നുമില്ല.

 

പിന്നെ അശനം എന്നത് ണ്ഠീം ണ്ഠീം നായ്ക്കരുടെ പന്ത്രണ്ടാം മാസസദ്യ ഇവർ പോയി ഉണ്ടു എന്നുള്ളതാണ്. ഇതു വളരെ കേമമാക്കി. സദ്യയുടെ ഓരോ വിഭവങ്ങളെയും പ്രത്യേകം പ്രത്യേകം വിവരിച്ചും വർണ്ണിച്ചും വളരെ ശ്ലോകങ്ങൾ കവി ഉണ്ടാക്കി. ഇങ്ങനെ മൂന്നു പുരു‌ഷാർത്ഥങ്ങൾ സാധിച്ചുകഴിഞ്ഞാൽ പിന്നെ രാജസേവയായി. അതിന് ഈ ഊരാളന്മാർ മുതലായവരിൽ സമർത്ഥനായ ഒരാളെ തിരഞ്ഞെടുത്ത് അയയ്ക്കുകയാണ്. അയാൾ, പിന്നീടഭിനയിക്കാൻ നിശ്ചയിച്ചിരിക്കുന്ന നാടകെമേതോ അതിലെ കഥാനായകനായ രാജാവിനെ സേവിച്ചു താമസിച്ചു എന്നു പറഞ്ഞ് നാടകവുമായി സംബന്ധം വരുത്തണം.

 

നാടകത്തിലെ വിദൂ‌ഷകനായിത്തീരുന്നതും അയാൾ തന്നെയാണ്. ഈ നാലാമത്തെ പുരു‌ഷാർത്ഥം പറയുന്നതിനും രാജാക്കന്മാരുടെ സ്വഭാവങ്ങളെ വർണ്ണിച്ച് അനവധി ശ്ലോകങ്ങൾ തോലകവി ഉണ്ടാക്കി. വിവാദു തീർത്തതായും പുർ‌ഷാർത്ഥങ്ങൾ സാധിച്ചതായും പറയുന്നതിലേക്കായി തോലകവി ഉണ്ടാക്കിയ ശ്ലോകങ്ങളെല്ലാം സരസങ്ങളും ഫലിതഭരിതങ്ങളുമാണ്. അവയിൽ മിക്കവയും മണിപ്രവാളങ്ങളും ചിലതു സംസ്കൃതങ്ങളുമാണ്. ഭർത്തൃഹരി മുതലായവയിൽനിന്നും ചില ശ്ലോകങ്ങൾ ഈ ആവശ്യത്തിലേക്കായി അദ്ദേഹം യഥോചിതം എടുത്തു ചേർത്തിട്ടുമുണ്ട്. തോലകവി ഉണ്ടാക്കീട്ടുള്ള ശ്ലോകങ്ങൾ കേട്ടാൽ പ്രത്യേകമറിയാം. അവയുടെ രസികത്വം ഒന്നു വേറെ തന്നെയാണ്.

മേൽപറഞ്ഞ ചടങ്ങുകളോടും തോലകവിയുടെ സഹായത്തോടും കൂടി ചേരമാൻ പെരുമാൾ തന്റെ നാടകങ്ങളെലാം അരങ്ങേറ്റം കഴിപ്പിക്കുകയും എല്ലാവരും വളരെ രസിക്കുകയും സന്തോ‌ഷിക്കുകയും ചെയ്തു. അപ്പോൾ മാത്രമേ ചേരമാൻ പെരുമാൾക്കു മുമ്പുണ്ടായ കുണ്ഠിതം നിശ്ശേ‌ഷം തീർന്നുള്ളു. പിന്നെ അദ്ദേഹം തോലകവിക്കു വളരെ സമ്മാനങ്ങളും മറ്റും കൊടുത്തു സന്തോ‌ഷിപ്പിച്ച് അദ്ദേഹത്തിനെ തന്റെ കൂടെത്തന്നെ താമസിപ്പിച്ചു.

അനന്തരം ചേരമാൻ പെരുമാൾ നാഗാനന്ദം മുതലായ ചില നാടകങ്ങൾക്കു കൂടി തോലകവിയെക്കൊണ്ടു വിദൂ‌ഷകശ്ലോകങ്ങളുണ്ടാക്കിക്കുകയും അവയും ആശ്ചര്യചൂഡാമണി, കല്യാണസഗൗന്ധികം മുതലായി മറ്റു ചില നാടകങ്ങളും കൂടി അരങ്ങേറ്റം കഴിപ്പിക്കുകയും ചെയ്തു. ചാക്യാന്മാർ നാടകങ്ങളിലഭിനയിക്കുന്നതിനു ചേരമാൻ പെരുമാൾ നിശ്ചയിച്ചിട്ടുള്ള പേര് 'കൂടിയാട്ടം' എന്നാണ് അങ്ങനെതന്നെ ഇപ്പോഴും പറഞ്ഞുവരുന്നു. അതിന് ആകപ്പാടെയുള്ള പേര് കൂത്ത് എന്നുമാണ്. രസവാസനയും നാട്യസാമർത്ഥ്യവും വേ‌ഷഭംഗിയുമുള്ള ചാക്യാന്മാർ നായകന്റെ ഭാഗവും, മനോധർമ്മവും യുക്തിയും വാഗ്മിത്വവും വാq് മാധുര്യവുമുള്ള ചാക്യാന്മാർ വിദൂ‌ഷകന്റെ ഭാഗവും നിർവ്വഹിക്കുന്നതായാൽ കൂടിയാട്ടം കാണാനും കേൾക്കാനും വളരെ നല്ലതാണ്.

 

 പക്ഷേ അങ്ങനെയുള്ള ചാക്യാന്മാർ ഇപ്പോൾ ചുരുക്കമാണെന്നേയുള്ളു. വിദൂ‌ഷകനില്ലാത്ത നാടകങ്ങൾ അഭിനയിക്കുന്നതിനു പുർ‌ഷാർത്ഥങ്ങളും മറ്റും പറയുക പതിവില്ലാത്തതിനാൽ നല്ല ആട്ടക്കാരായിട്ടുള്ള ചാക്യന്മാരുണ്ടായാലും മതി. അതിനും യോഗ്യന്മാരായിട്ടുള്ളവർ വളരെ ചുരുക്കമാണ്.

 

കൂത്ത് ക്ഷേത്രങ്ങളിൽ മാത്രമേ പാടുള്ളൂ എന്നാണ് ചേരമാൻ പെരുമാൾ നിശ്ചയിച്ചിട്ടുള്ളത്. കൂത്തിനുള്ള വിളക്കിനു വെളിച്ചെണ്ണയും വേ‌ഷം കെട്ടുന്നതിനു വെളുത്തേടന്റെ മാറ്റും മാലയ്ക്കു ചെത്തിപ്പൂവും വേണമെന്നാണ് നിശ്ചയം. 'കലിയുഗം മൂക്കുമ്പോൾ ഇല്ലത്തു കൂത്തും കൊമ്പത്തെണ്ണ(പുന്നക്കായെണ്ണ, പൂവത്തെണ്ണ, മരോട്ടിയെണ്ണ മുതലായവ)യും മണ്ണാത്തി മാറ്റും അശകിൻ പൂവും വേണമെന്നു ജനങ്ങൾ പറഞ്ഞുതുടങ്ങും. അപ്പോൾ നിങ്ങളുടെ അണയലങ്ങൾ (വേ‌ഷം കെട്ടാനുള്ള കോപ്പുകൾ) തിരുവഞ്ചിക്കുളത്തു ക്ഷേത്രത്തിൽ കൊണ്ടു ചെന്നു മണ്ഡപത്തിൽ കെട്ടിത്തൂക്കീട്ടു നിങ്ങൾ തീർത്ഥാടനം ചെയ്തുകൊള്ളണം' എന്നു ചേരമാൻ പെരുമാൾ ചാക്യാരോടും പറഞ്ഞിട്ടുണ്ടെന്ന് ഒരു കേൾവിയുണ്ട്.

 

ഇതുകൊണ്ടും മുമ്പു വിവരിച്ചിട്ടുള്ള ചില സംഗതികൾ കൊണ്ടും കുലശേഖരവർമ്മാവു താമസിച്ചിരുന്നതു തിരുവഞ്ചിക്കുളത്തുതന്നെയായിരുന്നുവെന്നും തോലകവിയുടെ വാസ സ്ഥലവും അവിടെ സമീപത്തെവിടെയോ ആയിരുന്നുവെന്നും ഊഹിക്കേണ്ടിയിരിക്കുന്നു.

തോലകവി ഉണ്ടാക്കീട്ടുള്ള പുർ‌ഷാർത്ഥശ്ലോകങ്ങളുടെയും നാടക ശ്ലോകങ്ങളുടെയും രസികത്വം വിചാരിക്കുമ്പോൾ അവയിൽ ചിലതുകൂടി ഇവിടെ പകർത്തിയാൽ കൊള്ളാമെന്നു തോന്നുന്നുണ്ട്. ലേഖനദൈർഘ്യം വിചാരിക്കുമ്പോൾ അതിനു മനസ്സു വരുന്നുമില്ല. എങ്കിലും ചിലതു താഴെ ചേർക്കുന്നു:

'ശാന്തിദ്വിജഃ പ്രകുരുതേ ബഹുദീപശാന്തിം
തത്രത്യവാരവനിതാമദനാഗ്നിശാന്തിം
പക്വാജ്യപായസഗുളൈർജഠരാഗ്നിശാന്തിം
കാലക്രമേണ പരമേശ്വരശക്തിശാന്തിം.'
'കുളിച്ചു കുറ്റിത്തലയും കുടഞ്ഞ-
ങ്ങമന്ത്രകുംഭം ചൊരിയുന്ന നേരം
ഭ്രമിച്ചു ദേവൻ ചുമരോടലച്ചു
നീരോകിലൂടെ ഗമനം കരോതി.'

ഈ ശ്ലോകങ്ങൾ വിവാദു തീർക്കുന്നതിലുള്ളവയാണ്. ഇനി വിനോദത്തിലെ ചില ശ്ലോകങ്ങൾ താഴെ കുറിക്കുന്നു:

'പത്തചങ്ങു പടിപ്പുരയ്ക്കു പുറമേ നിൽപ്പാ, നകം പൂകുവാൻ
പത്താനക്കളഭാ, നകത്തൊരു പദം വെയ്പാൻ സുവർണ്ണാചലം
മറ്റേകാൽക്കു സുരദ്രുമം, പുണരുവാൻ വിശ്വം തരേണം നമു-
ക്കിത്ഥം ചൊൽവൊരു നാരിമാരൊടണയുന്നോർക്കേ‌ഷ ബദ്ധാഞ്ജലിഃ'

അശനത്തിലെ പ്രധാനവും പ്രഥമവുമായ ശ്ലോകം കൂടി അടിയിൽ ചേർക്കുന്നു:

വെണ്ണസ്മേരമുഖീം വറത്തു വരളും വാർത്താകദന്തച്ഛദാം
ചെറ്റോമന്മധുരക്കറിസ്തനഭരാമമ്ലാപദം ശോദരീം
ചേണാർന്നോരെരുമത്തയിർക്കുടിതടാം ചിങ്ങമ്പഴോരുദ്വയീ
മേനാം ഭുക്തിവധൂം പിരിഞ്ഞയി സഖേ ലോകഃ കഥം ജീവതി?'

രാജാക്കന്മാരുടെ സ്വഭാവങ്ങളെ വർണ്ണിച്ചു രാജസേവയിലും വളരെ ശ്ലോകങ്ങളുണ്ട്. വിസ്തരഭയത്താൽ അവയൊന്നും ഇവിടെ പകർത്തുന്നില്ല.

കേരളത്തിൽ ബ്രാഹ്മണർക്കു ശാസ്ത്ര(സംഘ)ക്കളിയും നായന്മാർ മുതലായവർക്ക് ഏഴാമത്തു കളിയുമുള്ളതുപോലെ അമ്പലവാസിവർഗ്ഗക്കാർക്കു കൂറപ്പാറകൻ എന്നൊരു കളിയുണ്ടല്ല്ലോ. അതിൽ ഉപയോഗിക്കുന്നതിനായിട്ടും തോലകവി അനേകം ശ്ലോകങ്ങളുണ്ടാക്കി ആ വകക്കാർക്കു കൊടുത്തു. ആ കളിയിലും അനേകം വേ‌ഷങ്ങളുണ്ട്. അവർ ചൊല്ലുന്ന ശ്ലോകങ്ങൾ കൂടി ഇവിടെ ഉദ്ധരിക്കാം. പാത്രം തേയ്ക്കാൻ പോകുന്ന ഭാവത്തിൽ പ്രവേശിക്കുന്ന വാരസ്യാരെക്കുറിച്ചുള്ള ശ്ലോകമാണ് താഴെ പകർത്തുന്നത്:

'വെണ്ണീറ്റുകട്ട വലിയോന്നു വലത്തുകൈയിൽ,
മറ്റേതിൽ വറ്റുരുളി, ചട്ടക, മൊട്ടു വയ്ക്കോൽ
ഓമൽക്കഴുത്തിലൊരു മദ്ദളവും ധരിച്ചു
കൈലാസനാരി വരവുണ്ടതു കാണ്മനീ ഞാൻ.'

ഒരു വൃദ്ധയും മകളും പ്രവേശിച്ചിട്ടു വൃദ്ധ മകളോടു പറയുന്നതായി ചൊല്ലുന്ന ശ്ലോകം കൂടി താഴെ ചേർക്കുന്നു:

'പത്തു പത്തനമൊത്തോണം
ശുദ്ധശൂന്യം വരുത്തി ഞാൻ
പത്താലൊന്നു മുടിച്ചീടാൻ
മുഗ്ധേ! നീ മതിയാകുമോ?'

കൂട്ടപ്പാഠകത്തിൽ ഉപയോഗിച്ചുവരുന്ന ശ്ലോകങ്ങളെല്ലാം തോലകവി ഉണ്ടാക്കീട്ടുള്ളവയാണെന്നാണ് പറയുന്നത്. എന്നാൽ അവയിൽ ചില ശ്ലോകങ്ങൾ കേട്ടൽ രീതിഭേദം കൊണ്ട് അവ മറ്റാരോ ഉണ്ടാക്കിയതാണെന്ന് തോന്നിപ്പോകും. അങ്ങനെയുള്ള ചില ശ്ലോകങ്ങൾ കൂടിയാട്ടങ്ങളിൽ ചാക്യാന്മാരുപയോഗിക്കുന്ന വിദൂ‌ഷകശ്ലോകങ്ങളിലും കാണുന്നുണ്ട്. അവയുടെ വ്യത്യാസം കവിതാമർമ്മജ്ഞന്മാരായ സഹൃദയന്മാർ ക്കറിയാവുന്നതാണ്. അതൊക്കെ എങ്ങിനയായാലും കൂട്ടപ്പാഠകം എന്നൊന്ന് ഉണ്ടാക്കിത്തീർത്തതു തോലകവിതന്നെയാണെന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു.

'പോരുന്ന ലോകരു പരമ്പരയാ പറഞ്ഞു
പോരുന്ന വാക്കിലയഥാർത്ഥവിചാരമാകാ'

എന്നുണ്ടല്ലോ. ഇനി നാടകങ്ങളിൽ വിദൂ‌ഷകനു ചൊല്ലാനായി തോലകവി ഉണ്ടാക്കീട്ടുള്ള ചില ശ്ലോകങ്ങൾ കൂടി ഇവിടെ ഉദ്ധരിക്കാം.

സുഭദ്രാധനഞ്ജയത്തിൽ സുഭദ്രയെക്കുറിച്ചുള്ള 'സൌന്ദര്യം, സുകുമാരതാ' ഇത്യാദി ശ്ലോകത്തിനു പകരം,

'വാനാറ്റം കവർനാറ്റമീറപൊടിയും ഭാവം കൊടുംക്രൂരമാം
നോക്കും വാക്കുമിതാദിസർഗ്ഗവിഭവാൻ നിശ്ശേ‌ഷചക്കീഗുണാൻ
ഇച്ചക്ക്യാമുപയുജ്യ പത്മജനഹോ! ശക്യാണ, ചക്യന്തരം
സൃഷ്ടിപ്പാനവ വേണമെങ്കിലിഹ വന്നെല്ലാമിരന്നീടണം.'
'നാഴിഭിരുരിഭിരുഴഗ്ഭിഃ
പാതി മണൽഭിസ്തഥൈവ ചവലരിഭിഃ
യത്ര മനോരഥമുടനേ
സിധ്യയി തസ്യൈ നമോ നമശ്ചക്ക്യൈ'

തനിക്കു വിവേവകമില്ലാതെയിരുന്ന ചെറുപ്പകാലത്തു തന്നെ മയക്കി ഭ്രഷ്ടനാക്കിത്തീർത്ത ചക്കിയെക്കുറിച്ചു തോലകവിക്കു പിന്നീടു വൈരസ്യമുണ്ടായതായി മേലെഴുതിയിരിക്കുന്ന ഈ ശ്ലോകങ്ങൾകൊണ്ടു വിചാരിക്കാം. അഥവാ അദ്ദേഹത്തിനു പ്രകൃത്യാ ഉള്ള പരിഹാസശീലം കൊണ്ട് ഇങ്ങനെയുണ്ടാക്കിയതാണെന്നും വരാം. ഏതായാലും അദ്ദേഹം ചക്കിയെ ഒരുകാലത്തും മറന്നിരുന്നില്ലെന്നു സ്പഷ്ടമാകുന്നുണ്ട്.

മലയാളപദങ്ങൾക്കു (നാമമായാലും ക്രിയയായാലും) സംസ്കൃത പ്രത്യയങ്ങൾ ചേർത്തു പ്രയോഗിക്കുകയെന്നുള്ള വിദ്യ ആദ്യം തുടങ്ങിയത് തോലകവി തന്നെയാണെന്നാണു തോന്നുന്നത്. അദ്ദേഹത്തിന്റെ മിക്ക പദ്യങ്ങളിലും അങ്ങനെയുള്ള പ്രയോഗങ്ങൾ കാണാം. അങ്ങനെയുള്ളതും പ്രസിദ്ധവുമായ ഒരു സന്ധ്യാവർണ്ണനശ്ലോകം കൂടി താഴെ ചേർക്കുന്നു:

'താഴ്പൂട്ടിയന്തി തകരാഃ കറികൊയ്തശേ‌ഷാഃ
കാകാഃ കരഞ്ഞു മരമേറിയുറങ്ങിയന്തി
മണ്ടന്തി പാന്ഥനിവഹാഃ പടിബന്ധപേട്യാ
മിന്നാമിനുങ്ങനിവഹാശ്ചഃ മിനുങ്ങയന്തി.'

തോലകവി ചേരമാൻ പെരുമാളുടെ സേവകനായിത്താമസിച്ചിരുന്ന കാലത്തുണ്ടായ ചില നേരമ്പോക്കുകൾ കൂടി പറഞ്ഞിട്ട് ഈ ഉപന്യാസം അവസാനിപ്പിക്കാമെന്നു വിചാരിക്കുന്നു.

ഒരിക്കൽ ചേരമാൻ പെരുമാൾ എണ്ണതേച്ച സമയം തന്റെ കൈ വിരലിൽ കിടന്നിരുന്ന തിരുവാഴി (മോതിരം) ഊരി താഴെ വച്ചിട്ട് എണ്ണ തേച്ചു. കുളി കഴിഞ്ഞു പോന്ന സമയം ആ മോതിരമെടുക്കാൻ അദ്ദേഹം മറന്നുപോയി. കൂടെയുണ്ടായിരുന്ന പരിചാരകന്മാരും മോതിരത്തിന്റെ കാര്യം ഓർത്തില്ല. ചേരമാൻ പെരുമാൾ കുളികഴിഞ്ഞു പോയ ഉടനെ തോലകവി കടവിൽച്ചെന്നപ്പോൾ തിരുവാഴി അവിടെയിരിക്കുന്നതു കണ്ടു. അദ്ദേഹം ആരും കാണാതെയും ആരോടും പറയാതെയും നേരമ്പോക്കിനായി അതെടുത്തുകൊണ്ടു പോയി വാളിന്റെ ഉറയിലിട്ട് ഒളിച്ചുവച്ചു. പിന്നെ അദ്ദേഹം ആ കടവിൽ പോകാതെ മറ്റൊരു സ്ഥലത്തു പോയി കുളിച്ചു പോരികയും ചെയ്തു. ചേരമാൻ പെരുമാൾ ഊണു കഴിഞ്ഞു കൈ കഴുകിയപ്പോഴാണ് മോതിരത്തെക്കുറിച്ച് ഓർത്തത്. ഉടനെ ആളയച്ചു കടവിൽ നോക്കിച്ചു. മോതിരം അവിടെ കാണായ്കയാൽ മുറയ്ക്ക് അന്വേ‌ഷണം തുടങ്ങി. പലവിധത്തിൽ അന്വേ‌ഷിച്ചിട്ടും ഒരു തുമ്പുമുണ്ടായില്ല. തോലകവി സേവകന്മാരിൽ പ്രധാനിയായിത്തീരുകകൊണ്ടും അദ്ദേഹം എല്ലാവരെയും പരിഹസിച്ചിരുന്നതിനാലും പലർക്കും അദ്ദേഹത്തോടു വിരോധവും അസൂയയുമുണ്ടായിരുന്നു. അവരെല്ലാവരും കൂടി തിരുവാഴി മോഷ്ടിച്ചതു തോലകവിയാണെന്നു പെരുമാളുടെ അടുക്കൽ പറഞ്ഞു വിശ്വസിപ്പിച്ചു. പെരുമാൾ ചോദിച്ചിട്ടും തോലവവി കുറ്റം സമ്മതിച്ചില്ല. ഒടുക്കം തോലകവി കൈ മുക്കണമെന്നു പെരുമാൾ വിധിച്ചു. കൈ മുക്കുകയെന്നാൽ ഇരുനാഴിയുരി നെയ്യ് ഒരു പാത്രത്തിലൊഴിച്ച് അടുപ്പത്തുവെച്ച് തിളപ്പിച്ച് ചൂടോടുകൂടി വങ്ങിവെച്ച് അതിൽ കൈ മുക്കുകയാണ്. കൈ പൊള്ളിയെങ്കിൽ മോഷ്ടിച്ചു എന്നും പൊള്ളിയില്ലെങ്കിൽ മോഷ്ടിച്ചില്ലെന്നും തീർച്ചപ്പെടുത്തും. ഒരിക്കൽ എന്തെങ്കിലും കുറ്റം ചെയ്തതായി സംശയം ജനിക്കുകയും സംശയിക്കപ്പെടുന്നയാൾ കുറ്റം സമ്മതിക്കാതിരിക്കുകയും ചെയ്താൽ സംശയം തീർക്കുന്നതിന് അക്കാലത്ത് ഇങ്ങനെ ഒരു വിദ്യയാണ് ചെയ്തിരുന്നത്. (മുൻകാലങ്ങളിൽ സ്മാർത്തവിചാരത്തിൽ സംശയഗ്രസ്തന്മാരായിത്തീരുന്നവർ ശുചീന്ദ്രത്തു നടയിൽവെച്ച് കൈ മുക്കുക പതിവായിരുന്നുവല്ലോ.) അങ്ങനെ ചെയ്യാമെന്നു തോലകവി സമ്മതിക്കുകയും ചെയ്തു.

 

ഉടനെ ചിലർ കൂടി ചേരമാൻ പെരുമാളുടെ മുമ്പിൽത്തന്നെ ഒരടുപ്പുണ്ടാക്കി തീ കത്തിച്ചു, പാത്രത്തിൽ നെയ്യൊഴിച്ച്, അടുപ്പത്തു വച്ച് തിളപ്പിച്ചു. നെയ്യ് നല്ലപോലെ തിളച്ച സമയം ഒരാൾ കൈക്കല കൂട്ടിപ്പിടിച്ച് അതു വാങ്ങിത്താഴെവെച്ചു. ഉടനെ തോലകവി 'ഇനി ഞാൻകൈ മുക്കണമെന്നുണ്ടോ? കളവിവിടെ തെളിഞ്ഞുവല്ലോ. ഈ നെയ്യു വാങ്ങിവെച്ച ആളാണ് തിരുവാഴി മോഷ്ടിച്ചത്.

 

അല്ലെങ്കിൽ അയാൾ കൈക്കല കൂട്ടിപ്പിടിച്ചതെന്തിനാണ്? അയാൾ മോഷ്ടിച്ചില്ലെങ്കിൽ അയാളുടെ കൈ പൊള്ളുകയില്ലല്ലോ'എന്നു പറഞ്ഞു. ഇതിനു ശരിയായ സമാധാനം പറയാൻ ആർക്കും തോന്നിയില്ല. പെരുമാളും മൗനത്തെത്തനെ അവലംബിച്ചു. അപ്പോൾ തോലകവി 'ഇതൊക്കെ വിഢ്ഢികളെപ്പറ്റിക്കാനുള്ള വിദ്യകളാണ്. ഇതൊന്നും എന്നോടു പറ്റുകയില്ല.

 

ബുദ്ധിയുള്ളവർ ശരിയായി അന്വ്വേ‌ഷിച്ചിരുന്നെങ്കിൽ തിരുവാഴി കിട്ടുമായിരുന്നു. തമ്പുരാന്റെ ചോറു തിന്നുന്നവരിൽ അങ്ങനെയുള്ള വരാരും ഇവിടെയില്ല. എല്ലാവരുടെയും ഉത്സാഹമൊക്കെക്കഴിഞ്ഞുവല്ലോ. ഇനി തിരുവാഴി ഞാൻകണ്ടെടുത്തുതരാം' എന്നു പറഞ്ഞു തിരുവാഴി വാളുറയിൽ നിന്നെടുത്തു തിരുമുമ്പിൽ വെച്ചുകൊടുത്തു.

ഇപ്രകാരം തന്നെ പിന്നെയുമൊരിക്കൽ ചിലർ കൂടി തോലകവിയുടെ മേൽ ഒരു കുറ്റം സ്ഥാപിച്ചുകൊണ്ട് തിരുമനസ്സറിയിച്ചു. തോലകവി ആ കുറ്റം സമ്മതിച്ചില്ല. അതിനു ചേരമാൻ പെരുമാൾ വിധിച്ചത് തോലകവി ഒരു കയത്തിൽ ചാടണമെന്നായിരുന്നു. മനു‌ഷ്യരോ മറ്റു ജീവജന്തുക്കളോ വീണാൽ ഉടനെ പിടിച്ചുതിന്നുന്നവയായ വലിയ മുതലകൾ ആ കയത്തിൽ വളരെയുണ്ടായിരുന്നു. തോലകവി അതിൽ ചാടീട്ടു മുതല പിടിച്ചില്ലെങ്കിൽ നിർദ്ദോ‌ഷനാണെന്നു വിശ്വസിക്കാമെന്നായിരുന്നു കൽപ്പന. തോലകവി അതും സമ്മതിച്ചു. കയത്തിൽ ചാടാനുള്ള ദിവസവും സമയവും നിശ്ചയിച്ചു മുൻകൂട്ടി പ്രസിദ്ധപ്പെടുത്തുകയും ആ സമയത്തു പെരുമാളും അസംഖ്യം ജനങ്ങളും കയത്തിന്റെ കരയിലെത്തുകയും ചെയ്തു. ആ സമയം, ജനിച്ചിട്ടു കണ്ണുതുറക്കുകപോലും ചെയ്യാത്ത രണ്ടു പട്ടിക്കുട്ടികളെ തോലകവി കയത്തിലേയ്ക്ക് എറിയുകയും തൽക്ഷണം മുതലകൾ വന്ന് അവയെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. അപ്പോൾ തോലകവി ചേരമാൻ പെരുമാളുടെ അടുക്കൽച്ചെന്ന് 'ആ പട്ടിക്കുട്ടികൾ ജനിച്ചിട്ട് കണ്ണു തുറക്കുക പോലും ചെയ്തിട്ടില്ല. അവ യാതൊരപരാധവും ചെയ്തിരിക്കയില്ലല്ലോ. അവയെയും ഈ മുതലകൾ പിടിച്ചു. അതിനാൽ ഈ മുതലകൾ അപരാധികളെയും നിരപരാധ ന്മാരെയും തിരിച്ചറിയുന്നവയാണെന്നു തോന്നുന്നില്ല. അവ ആരെയും പിടിച്ചു തിന്നും. ഈ സ്ഥിതിക്കു ഞാൻചാടിയാൽ എന്നെയും പിടിക്കയില്ലയോ എന്നു ഞാൻസംശയിക്കുന്നു' എന്നു പറഞ്ഞു. ഇതിനും ശരിയായ മറുപടിയൊന്നും പറയാൻ തോന്നായ്കയാൽ ചേരമാൻ പെരുമാൾ ഒന്നും മിണ്ടാതെ തിരിച്ചെഴുന്നള്ളി. പുരു‌ഷാരങ്ങളും പിരിഞ്ഞു. തോലകവിയും മടങ്ങിപ്പോയി. അതിൽപ്പിന്നെ ആരും അദ്ദേഹത്തെക്കുറിച്ചു പെരുമാളുടെ അടുക്കൽ ഏഷണി പറയുകയും പെരുമാൾ കുറ്റം വിധിക്കുകയുമുണ്ടായില്ല.

ഇങ്ങനെ തോലകവിയെക്കുറിച്ച് ഇനിയും പല കഥകൾ പറയാനുണ്ട്..

രഞ്ജിത്ത് മാത്യു 

 

അടുത്ത ലക്കം : 

മണ്ണാറശ്ശാല മാഹാത്മ്യം