മൂക്കോല ക്ഷേത്രങ്ങൾ

May 15, 2021

 ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നത് പൊന്നാനിത്താലൂക്കിൽ പള്ളിക്കര അംശത്തിൽ വടക്കും മുറിദേശത്തു ചാലിശ്ശേരിക്കു പോകുന്ന റോഡിന്റെ വടക്കുഭാഗത്താണ്.

പണ്ട് സാക്ഷാൽ ശങ്കരാചാര്യസ്വാമികൾ ദേശാടനം ചെയ്തിരുന്നപ്പോൾ ഒരിക്കൽ ഈ സ്ഥലത്തുകൂടി വന്ന് ‘നരിതിന്നിക്കടത്തു’ കടന്ന സമയം അവിടെനിന്നു പൂർവ്വോത്തരഭാഗത്തായി അത്യത്ഭുതകരമായ ഒരു തേജസ്സു കണ്ടു. അതൊരു ദൈവികമായിട്ടുള്ളതാണെന്നു തോന്നിയെങ്കിലും മൂർത്തിയെന്താണെന്ന് അദ്ദേഹത്തിനു വ്യക്തമായി മനസ്സിലായില്ല. അതിനാൽ അദ്ദേഹം തപസ്സു ചെയ്തുകൊണ്ട് അവിടെ ഇരുന്നു. അദ്ദേഹം സാക്ഷാൽ മഹാമായയെ ധ്യാനിച്ചുകൊണ്ടാണ് തപസ്സുചെയ്തത്. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ ഒരു മൂർത്തി ആചാര്യസ്വാമികളുടെ പുരോഭാഗത്ത് ആവീർഭവിച്ചു.

 

അത് മഹാവിഷ്ണുവിന്റെ ആകൃതിയോടും സ്തനങ്ങൾ മുതലായ ചില സ്ത്രീലക്ഷണങ്ങളോടുംകൂടിയായിരുന്നു. ആ മൂർത്തിയെ കണ്ടപ്പോൾ ആചാര്യസ്വാമികൾ ഇതു സാക്ഷാൽ വിഷ്ണുമായയാണെന്ന് തീർച്ചപ്പെടുത്തി വന്ദിച്ചുകൊണ്ട് “ഭൂലോകരക്ഷാർത്ഥം ദേവിയുടെ സാന്നിദ്ധ്യം എന്നും ഈ സ്ഥലത്തുണ്ടായിരിക്കണം” എന്നപേക്ഷിച്ചു. ആ ദേവി അതിനെ ശിരഃകമ്പനംകൊണ്ടു സമ്മതിച്ചതായി അറിയിച്ചിട്ട് ഉടനെ അന്തർദ്ധാനം ചെയ്യുകയും ദേവി നിന്നിരുന്ന സ്ഥലത്ത് ആ അകൃതിയിൽത്തന്നെ ഒരു ശിലാവിഗ്രഹം കാണപ്പെടുകയും ചെയ്തു. സ്വയംഭൂവായ ആ വിഗ്രഹം ആ ദേവിയുടേതാണെന്ന് വിശേഷിച്ചു പറയണമെന്നില്ലല്ലോ.

ഇത്രയും കഴിഞ്ഞിട്ടും ആചാര്യസ്വാമികൾ കണ്ട തേജസ്സിന് ആ സ്ഥലത്തു യാതൊരു കുറവും വന്നില്ല. അതിനാൽ ആചാര്യസ്വാമികൾ പിന്നെയും തപസ്സു ചെയ്തുകൊണ്ടിരുന്നു.

 

അപ്പോൾ അദ്ദേഹത്തിനു പ്രത്യക്ഷമായതു ദുർഗ്ഗാദേവിയാണ്. ആ ദേവിയെ അദ്ദേഹം ഒരു ശിലാഖണ്ഡത്തിന്മേലാവാഹിച്ചു സ്വയംഭൂവായ ദേവീവിഗ്രഹത്തിന്റെ സമീപത്തുതന്നെ വടക്കു പടിഞ്ഞാറു ഭാഗത്തു പ്രതിഷ്ഠിച്ചു. അപ്പോൾ ആദ്യം കണ്ടതായ ആ തേജസ്സ് സ്വല്പം കുറഞ്ഞു. എങ്കിലും നിശ്ശേഷം ഇല്ലാതായില്ല. അതിനാൽ ആചാര്യസ്വാമികൾ പിന്നെയും തപസ്സു തുടങ്ങി. അപ്പോൾ പ്രത്യക്ഷമായത് ഭദ്രകാളിയാണ്.

 

ആചാര്യസ്വാമികൾ ആ ദേവിയെയും ആവാഹിച്ചെടുത്ത് ആദ്യപ്രതിഷ്ഠയുടെ നേരെ പടിഞ്ഞാറു ഭാഗത്ത് പ്രതിഷ്ഠിച്ചു. ആചാര്യസ്വാമികൾ പിന്നെയും തപസ്സുചെയ്തപ്പോൾ പ്രത്യക്ഷമായതു ശിവനാണ്. ആ ശിവനെ കിഴക്കുഭാഗത്തു പ്രതിഷ്ഠിച്ചു. പിന്നെ വിഷ്ണു പ്രത്യക്ഷനായി. ആ വിഷ്ണുവിനെ പടിഞ്ഞാറുഭാഗത്തു പ്രതിഷ്ഠിച്ചു. അനന്തരം തപസ്സു ചെയ്തപ്പോൾ ശാസ്താവു പ്രത്യക്ഷമായി. ആ ശാസ്താവിനെ വടക്കു കിഴക്കുഭാഗത്തു ‘കരുവാട്ട്’ എന്ന സ്ഥലത്തും പ്രതിഷ്ഠിച്ചു. ഇത്രയും കഴിഞ്ഞപ്പോൾ ആദ്യം കാണപ്പെട്ട തേജസ്സ് ആ സ്ഥലത്തു നിശ്ശേഷം ഇല്ലാതാവുകയും ചെയ്തു.

ആചാര്യസ്വാമികളുടെ ഈ അത്ഭുതകർമ്മങ്ങളെക്കുറിച്ചു കേട്ടറിഞ്ഞ് സമീപസ്ഥന്മാരും ദൂരസ്ഥന്മാരും ധനവാന്മാരുമായ അനേകം നമ്പൂരിപ്പാടന്മാരും ആ സ്ഥലത്തു വന്നു ചേർന്നു. ആ കൂട്ടത്തിൽ ആഴുവാഞ്ചേരി തമ്പ്രാക്കളുമുണ്ടായിരുന്നു. അവരെല്ലാവരും കൂടി ആചാര്യസ്വാമികൾ അവിടെ പ്രതിഷ്ഠിച്ച ദേവീദേവന്മാർക്കു ക്ഷേത്രങ്ങൾ പണിയിക്കുക മുതലായ കാര്യങ്ങളെക്കുറിച്ച് ആലോചിച്ചു. അപ്പോൾ തമ്പ്രാക്കൾ “ഭദ്രകാളിക്കു ക്ഷേത്രം പണിയിക്കുകയും നിത്യദാനം മുതലായവയ്ക്കു വേണ്ടുന്നതു കൊടുക്കുകയും ഞാൻ തനിച്ചായിക്കൊള്ളാം” എന്നു പറയുകയും അവിടുന്ന് അങ്ങനെ നടത്തുകയും ചെയ്തു. അതിനാൽ ആ ക്ഷേത്രം അവിടുത്തെ സ്വന്തമായിത്തീർന്നു. ആ ക്ഷേത്രത്തിനു പറഞ്ഞുവരുന്ന പേര് “കണ്ണേങ്കാവ്” എന്നാണ്.

ഭദ്രകാളിയുടെ ക്ഷേത്രകാര്യം തമ്പ്രാക്കൾ ഏറ്റുനടത്തിയപോലെ ശിവന്റെ ക്ഷേത്രക്കാര്യം പകരാവൂരു മനയ്ക്കൽനിന്ന് ഏറ്റുനടത്തി. അതിനാൽ ആ ശിവന്റെ ക്ഷേത്രം പകരാവൂരുമനയ്ക്കലെ വകയായിത്തീർന്നു.

പിന്നെ വിഷ്ണുവിന്റെ ക്ഷേത്രം മറ്റൊരാൾ പണി കഴിപ്പിച്ചു. ആ ക്ഷേത്രത്തിനു ‘കൊളഞ്ചേരി’ എന്നാണ് പേരു പറഞ്ഞു വരുന്നത്.

അനന്തരം ശാസ്താവിന്റെ ക്ഷേത്രം ചുനങ്ങാട്ടുകാഞ്ഞൂരുമനയ്ക്കൽനിന്നു പണികഴിപ്പിക്കുകയും അവിടെ വേണ്ടുന്ന കാര്യങ്ങൾക്കൊക്കെ ഏർപ്പാടു ചെയ്യുകയും ചെയ്തു.

 

അതിനാൽ ആ ക്ഷേത്രം ആ മന വകയായും തീർന്നു. അതിനു പറഞ്ഞുവന്ന പേര് ‘കരുവാട്ട്’ എന്നു തന്നെയാണ്.

പിന്നെ അവിടെ ക്ഷേത്രമില്ലാതെയായിരുന്നത് സ്വയംഭൂവായ വിഷ്ണൂമായയും ആചാര്യസ്വാമികളാൽ പ്രതിഷ്ഠിക്കപ്പെട്ട ദുർഗ്ഗാദേവിയും മാത്രമാണ്. ആ ദേവികൾക്കും ക്ഷേത്രങ്ങൾ പണിയിക്കുന്നതിനും ആ ദേവസ്വകാര്യങ്ങൾ അനേഷിച്ചു നടത്തുന്നതിനും മറ്റുമായി ആചാര്യസ്വാമികൾ അവിടെ കൂടിയിരുന്ന നമ്പൂതിരിമാരിൽ മുപ്പത്താറുപേർക്ക് ഊരായ്മസ്ഥാനം കൊടുത്ത് അധികാരപ്പെടുത്തി.

 

അവർ ആദ്യം തന്നെ സ്വയംഭൂവായ ദേവിക്കു ക്ഷേത്രം പണികഴിച്ച് അതിനു ‘മേലേക്കാവ്’ എന്നു പേരിട്ടു. എല്ലാംകൊണ്ടും അതു മേലേതന്നെയായിരുന്നതുകൊണ്ട് അ പേരു യഥാർത്ഥംതന്നെയായിത്തീർന്നു. ആ ക്ഷേത്രത്തോടു ചേർത്തുതന്നെ ദുർഗ്ഗാദേവിക്കും ക്ഷേത്രം പണികഴിപ്പിക്കുകയും അതിനു ‘കീഴേക്കാവ്’ എന്നു പേരിടുകയും ചെയ്തു. അവിടെ സദ്യകൾ നടത്തുന്നതിൻ ഒരു ഊട്ടുപുരയും ക്ഷേത്രത്തിലെ ഉപയോഗത്തിനും മറ്റുമായി ഒരു കിണറും ഉണ്ടാക്കിച്ചു.

ഇവിടെ ഇങ്ങനെയുണ്ടായ ക്ഷേത്രങ്ങൾക്കെല്ലാം കണ്ണേങ്കാവ്, മേലേക്കാവ്, കീഴേക്കാവ് മുതലായി പ്രത്യേകം പ്രത്യേകം ഓരോ പേരുകളും സിദ്ധിച്ചിട്ടുണ്ട്. എങ്കിലും അവയെ എല്ലാംകൂടി പറയുമ്പോൾ മൂക്കോലക്ഷേത്രങ്ങൾ എന്നാണ് പറഞ്ഞു വരുന്നത്. ഈ ക്ഷേത്രങ്ങൾ സ്ഥാപിച്ച സ്ഥലം മൂന്നു ദിക്കുകളിൽനിന്ന് ഓരോ പെരുവഴികൾ വന്നുചേരുന്ന ഒരു കവലയിൽ ആയിരുന്നു. അതിനാൽ ആ സ്ഥലത്തെ എല്ലാവരും ‘മുക്കവല’ എന്നാണു പറഞ്ഞിരുന്നത്.

 

അതിനാൽ ആ സ്ഥലത്തുണ്ടായിരുന്ന ക്ഷേത്രങ്ങളെ മുക്കവലക്ഷേത്രങ്ങളെന്നും പറഞ്ഞിരുന്നു. കാലക്രമേണ മുക്കവല മുക്കോലയായിത്തീർന്നു. അതിനെ സംസ്കൃതപണ്ഡിതന്മാർ പരിഷ്കരിച്ച് ‘മുക്തിസ്ഥലം’ എന്നാക്കി പ്രയോഗിച്ചുതുടങ്ങി.

അവിടെയുള്ള ക്ഷേത്രങ്ങിളിൽ പ്രാധാന്യം മേലേക്കാവിനാണെന്നു മുമ്പുതന്നെ സൂചിപ്പിച്ചിട്ടുണ്ടല്ലോ. എന്നാൽ കണ്ണേങ്കാവിനും ഒട്ടും പ്രാധാന്യക്കുറവില്ല. മേലേക്കാവിൽ ആരെങ്കിലും എന്തെങ്കിലും വഴിപാടു നടത്തിയാൽ അതുപോലെതന്നെ കണ്ണേങ്കാവിലും നടത്തണം.

 

അങ്ങനെ ചെയ്യാതിരുന്നാൽ ആ ദേവിയുടെ (ഭദ്രകാളിയുടെ) വിരോധവും തന്നിമിത്തം പല അനർത്ഥങ്ങളും ഉണ്ടാകുമെന്നുള്ളതിനു സംശയമില്ല. ഇത് ഇപ്പോഴും കണ്ടുവരുന്ന ഒരു സംഗതിയാണ്. മേലേക്കാവിൽ ഭഗവതിക്കു രണ്ടുനേരവും പതിവുള്ള വെള്ളനിവേദ്യം ശ്രീകോവിലിന്റെ തൃപ്പടിയിന്മേൽ‌വെച്ച് ഇങ്ങോട്ടുംകൂടി പ്രാണാഹൂതി ചെയ്യുക ഇപ്പോഴും പതിവുണ്ട്.

ഈ ഭദ്രകാളിക്ക് അമ്പലം‌പണിയും കലശവും കഴിച്ചു പതിവായി പൂജ തുടങ്ങിയപ്പോൾ ആ ദേവിയുടെ ശക്തിയും ചൈതന്യവും അവിടെ ക്രമത്തിലധികം വർദ്ധിക്കുകയും ദേവിക്കു ‘ഭയങ്കരി’ എന്നുള്ള പേരു യഥാർത്ഥമായിത്തീരുകയും ചെയ്തു. പകൽ‌സമയത്തുപോലും അതിലേ സഞ്ചരിക്കുന്നതിനു ജനങ്ങൾക്കു വലിയ ഭയമായിത്തീർന്നു.

 

രാത്രികാലങ്ങളിലെ കഥ പറയാനുമില്ല. രാത്രികാലങ്ങളിൽ അവിടെ ചെല്ലുകയ്യോ അതിലേ കടന്നുപോവുകയോ ചെയ്താൽ ആ ദേവിയുടെ ഭൂതഗണങ്ങളോ ദേവിതന്നെയോ പിടിച്ചുതിന്നുകയോ ചീന്തി ചോരകുടിക്കുകയോ ചെയ്യുമെന്നായിരുന്നു ജനങ്ങളുടെ വിചാരം. അങ്ങനെ വിചാരിക്കുവാൻതക്കവണ്ണം ചില സംഗതികൾ അക്കാലത്ത് അവിടെ ഉണ്ടായിട്ടുണ്ട്. വൃശ്ചികമാസം ഒന്നാംതിയതി മുതൽ പതിവുള്ള പാട്ടുതന്നെ ഏഴരനാഴിക രാച്ചെല്ലുന്നതിനുമുമ്പു കഴിച്ചുകൂട്ടി നടയുമടച്ചുപൂട്ടി എല്ലാവരും അവിടെ നിന്നു പോവുകയായിരുന്നു ആദ്യകാലത്തെ പതിവ്. കുറച്ചു കഴിഞ്ഞപ്പോൾ അതും നിവൃത്തിയില്ലാതായി. സന്ധ്യായായാൽ പിന്നെ ആരും അവിടെച്ചെല്ലാതെയായിത്തീർന്നു. പിന്നെ പാട്ടും മറ്റും നടത്തുന്നതെങ്ങനെയാണ്? ഇത്രയുമായപ്പോൾ തമ്പ്രാക്കളും തന്ത്രിയായ ചെന്നാസു നമ്പൂരിയും മറ്റേനകം യോഗ്യന്മാരുംകൂടി ആലോചിച്ച് ഇവിടെ വേദാർഹന്മാരായ ബ്രാഹ്മണരുടെ ശാന്തി വേണ്ടെന്നു വെച്ചാൽ ദേവിയുടെ ശക്തിയും ചൈതന്യവും ക്ഷയിക്കും.

അപ്പോൾ ജനങ്ങളുടെ ഭയവും കുറയും. ക്ഷേത്രകാര്യങ്ങളെല്ലാം രാത്രിയിലും പകലും ഇഷ്ടം‌പോലെ നിർഭയം നടത്തറാവുകയും ചെയ്യും എന്നു നിശ്ചയിക്കുകയും അന്നുതന്നെ അവിടെ ശാന്തിക്ക് ഒരിളയതിനെ നിയമിക്കുകയും ക്ഷേത്രകാര്യങ്ങളെല്ലാം അന്വേഷിച്ച് നടത്തുന്നതിന് ആ ഇളയതിനെ അധികാരപ്പെടുത്തുകയും അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ ഭഗവതിയുടെ ശക്തിയും ജനങ്ങളുടെ ഭയവും കുറഞ്ഞ് സാമാന്യം പോലെ ആവുകയും ആ ക്ഷേത്രസന്നിധിയിൽ അഹോരാത്രം എല്ലാവരും നിർഭയം സഞ്ചരിച്ചുതുടങ്ങുകയും ചെയ്തു. പിന്നെയും തമ്പ്രാക്കൾ മാസംതോറും അവിടെ ചെന്നു ദർശനം നടത്തുക പതിവായിരുന്നു.

അനന്തരം ഏതാനും കൊല്ലങ്ങൾ കഴിഞ്ഞതിന്റെ ശേഷം ഒരിക്കൽ തമ്പ്രാക്കൾ ദർശനത്തിനായി അവിടെ ചെന്നപ്പോൾ അമ്പലത്തിൽ ചില നമ്പൂരിമാർ ജപിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവർ തമ്പ്രാക്കളെ കണ്ടിട്ടു പതിവുപോലെ എണീക്കുകയോ ബഹുമാനിക്കുകയോ ചെയ്തില്ല. അവരുടെ ധിക്കാരം തമ്പ്രാക്കൾ ഒട്ടും രസിച്ചില്ല. മലയാളബ്രാഹ്മണരിൽ പ്രാധാന്യം തമ്പ്രാക്കൾക്കായതുകൊണ്ട് അദ്ദേഹത്തെക്കണ്ടാൽ എല്ലാവരും ബഹുമാനിക്കണമെന്നായിരുന്നു തമ്പ്രാക്കളുടെ വിചാരം. അങ്ങനെ എല്ലാവരും ചെയ്ക പതിവുമായിരുന്നു. അവിടെ ഇരുന്നിരുന്ന നമ്പൂരിമാർ ക്ഷേത്രത്തിലെ ഊരായ്മക്കാരായിരുന്നു. അതിനാൽ അവിടെ അധികാരം തങ്ങൾക്കാണെന്നും തമ്പ്രാക്കൾക്കൊന്നുമില്ലെന്നും വിചാരിച്ചായിരിക്കാം അവർ തമ്പ്രാക്കളെ ബഹുമാനിക്കാഞ്ഞത്.

ഏതെങ്കിലും തമ്പ്രാക്കളും കൂടെയുണ്ടായിരുന്ന തന്ത്രി ചെന്നാസ്സുനമ്പൂരി മുതലായവരും മുഷിഞ്ഞ് അവിടെനിന്ന് ഇറങ്ങിപ്പോയി. അതിൽ‌പിന്നെ തമ്പ്രാക്കളും ചെന്നാസ്സുനമ്പൂരിയും അവിടെപ്പോകാറില്ല. തമ്പ്രാക്കൾ അങ്ങോട്ടു ചെല്ലാതായതു കണ്ണങ്കാവുക്ഷേത്രത്തിലെ ശാന്തിക്കും കാര്യവിചാരത്തിനായി നിയമിക്കപ്പെട്ട ഇളയതിനു നല്ല തരമായിത്തീർന്നു. കാലക്രമേണ ഇളയത് ആ ക്ഷേത്രം സ്വന്തമാക്കി ഭരിച്ചുതുടങ്ങി. ഇപ്പോഴും അത് അങ്ങനെതന്നെയാണിരിക്കുന്നത്.

കിഴക്കെക്കാവെന്നു പറയപ്പെടുന്ന ദുർഗ്ഗാക്ഷേത്രത്തിനു കാലപ്പഴക്കംകൊണ്ടു കേടുസംഭവിച്ചപ്പോൾ അതിന്റെ ജീർണ്ണോദ്ധാരണവും അവിടെ ബിംബം മാറി പ്രതിഷ്ഠയും കലശവും മറ്റും നടത്തിച്ചത് ഒരു ഏറാൾപ്പാടുതമ്പുരാനാണ്. അതിനെപ്പറ്റി ഒരു ശ്ലോകം അവിടെ കാണുന്നതു താഴെ ചേർക്കുന്നു.

“ശുദ്ധോഭാവർദ്ധിസിദ്ധ്യാ കലിമലരഹിതോ-
ഗാബ്‌ധിനേതുഃ കനിയാൻ
രാജാ കൃത്വാ നവീനം പുരമതിരുചിരം
മുക്തിഗേഹാംബി കായാഃ
ബിംബം തത്ര പ്രതിഷ്ഠാപ്യ ച വസനസുവ-
ർണ്ണാന്നദാനൈര്യഥാർഹം
വർണ്ണാൻ സന്തർപ്യ സർവ്വാനപി വിധിവദഥാ-
കാരയച്ചാഭിഷേകം.”

ഈ ശ്ലോകത്തിന്റെ ആദ്യപാദത്തിൽത്തന്നെ “ശുദ്ധോഭാവർദ്ധിസിദ്ധ്യാ” എന്നുള്ളതുകൊണ്ടു കാണിച്ചിരിക്കുന്നതു തദ്ദിനകലിസംഖ്യയാണെന്നുള്ളതു സ്പഷ്ടമാണല്ലോ. ഇനി സർവ്വപ്രധാനമായ മേലെക്കാവിനെക്കുറിച്ചുകൂടി സ്വല്പം പറയാം.

ഇവിടെ ദേവിക്കു പതിവായി കാലത്തെയുള്ള മലർനിവേദ്യത്തിനു മലർ അന്നന്നു വറുത്തതെ പാടുള്ളൂ. ഇതുകൂടാതെ രണ്ടുനേരവും വെച്ചുനിവേദ്യവും പതിവുണ്ട്. നിവേദ്യം ചെയ്യുന്നതു ഓട്ടുപാത്രത്തിലല്ലാതെ പാടില്ല. ഇവിടെ രണ്ടു നേരവും നിവേദ്യം മാത്രമെ ഉള്ളൂ. പൂജ പതിവില്ല. പൂജ ആണ്ടുതോറും വൃശ്ചിക മാസത്തിൽ കാർത്തികനാൾ മാത്രമേയുള്ളു. അതിന് ഒരിക്കലും മുടക്കമില്ല. ആ പൂജ കഴിക്കുന്നത് അവിടത്തെ തന്ത്രിയായ അണിമംഗലത്തു നമ്പൂരിയാണ്.

 

അവിടത്തെ പൂജാക്രമം ആ ഇല്ലക്കാർക്കല്ലാതെ മറ്റാർക്കും അറിഞ്ഞുകൂടാ. അത് അവർ അന്യന്മാരെ ഗ്രഹിപ്പിക്കുകയുമില്ല. കാർത്തികനാൾ പൂജയ്ക്കു തന്ത്രിയെ ക്ഷണിക്കാറില്ല. പതിവായതുകൊണ്ട് അവർ കാലേകൂട്ടി വന്നുകൊള്ളും അതിന് അവർ ഇതുവരെ മുടക്കം വരുത്തിയിട്ടില്ല. വൃശ്ചികമാസത്തിൽ കാർത്തിക ഇവിടെ ഒരു മഹോത്സവമായിട്ടാണ് കൊണ്ടാടിവരുന്നത്. അന്നത്തെ വിളക്ക്, മാല്, സദ്യ മുതലായവയ്ക്കെല്ലാമുള്ള ചെലവുകൾ വഹിക്കുന്നതു സാമൂതിരിപ്പാടുതമ്പുരാനാണ്.

ഇവിടെ തന്ത്രിക്കല്ലാതെ പൂജ കഴിക്കാൻ പാടില്ലെന്നു മാത്രമല്ല, ശുകപുരഗ്രാമത്തിലുൾപ്പെട്ട നമ്പൂരിമാർക്കു ശാന്തിയും പാടില്ല. ഇവിടെ ശാന്തിക്കും കഴകത്തിനും ദേവസ്വത്തിൽനിന്നും പ്രതിഫലമൊന്നും കൊടുക്കാറില്ല. വഴിപാടുകൾ വരുന്നതുകൊണ്ട് ഇവിടെ ശാന്തിക്കാരനും കഴകക്കാരനും ധാരാളം സമ്പാദ്യമുണ്ടാകും. അതുകൊണ്ട് ഇവിടെ ശാന്തിക്കും കഴകത്തിനും ആളില്ലാതെ ഒരിക്കലും വരാറില്ല.

ആദ്യകാലത്ത് ഇവിടെ കിണറുണ്ടായിരുന്നില്ല. അഭിഷേകം, നിവേദ്യവെയ്പ് മുതലായവയ്ക്കെല്ലാം ആവശ്യമുള്ള വെള്ളം കീഴേക്കാവിൽനിന്നും കോരിക്കൊണ്ടുവന്നാണ് നടത്തിയിരുന്നത്.

 

ഒരിക്കൽ അവിടെ ശാന്തി നടത്തിയിരുന്നതു വൃദ്ധനും ശുദ്ധഹൃദയനുമായ ഒരു നമ്പൂരിയായിരുന്നു. ഒരു ദിവസം രാത്രിയിൽ പതിവുള്ള ആവശ്യങ്ങളെല്ലാം കഴിഞ്ഞിട്ടു പിന്നെയും കുറച്ചുകൂടി വെള്ളം കൊണ്ടുവരേണ്ടതായ എന്തോ ആവശ്യം നേരിട്ടു. രാത്രിയിൽ‌പ്പോയി വെള്ളം കോരിക്കൊണ്ടുവരാനുള്ള ബുദ്ധിമുട്ടു വിചാരിച്ചിട്ടും ക്ഷീണം കൊണ്ടും ആ വൃദ്ധബ്രാഹ്മണനു സാമാന്യത്തിലധികം സങ്കടവും ദേഷ്യവുമുണ്ടായി. എങ്കിലും കാര്യം നടക്കണമല്ലോ എന്നു വിചാരിച്ച് ഒരു ചെപ്പുകുടവുമെടുത്തുകൊണ്ട് പുറപ്പെട്ട് ഇറങ്ങിയ ഉടനെ കാൽ ഒരു കല്ലിന്മേൽ മുട്ടി. മുമ്പേതന്നെ സങ്കടപ്പെട്ടുകൊണ്ടിരുന്ന ആ ശുദ്ധാത്മാവിന് ഇതിന്റെ വേദനയുംകൂടിയായപ്പോൾ ദേഷ്യം സഹിക്കവയ്യാതാവുകയാൽ ചെപ്പുകുടം വലിച്ചെറിഞ്ഞിട്ട് അത്താഴമൊന്നും കഴിക്കാതെ പോയി കിടന്നുറങ്ങി.

 

പിറ്റേദിവസം കാലത്ത് ആ ചെപ്പുകുടം ചെന്നു വീണ സ്ഥലത്ത് ഒരൊന്നാന്തരം കിണർ കാണപ്പെട്ടു. അതു കുഴിച്ചെടുത്ത മണ്ണ് അവിടെയെങ്ങും കാണ്മാനില്ലായിരുന്നു. അവിടെനിന്ന് അരനാഴിക അകലെ ഒരു പാടത്തു തലേദിവസമില്ലാതെയിരുന്ന ഒരു മൺകുന്നു പിറ്റെദിവസം കാലത്തു കാണപ്പെടുകയും ചെയ്തു. ഈ കിണറു കുഴിച്ചത് ഭഗവതിയുടെ ഭൂതഗണങ്ങളാണെന്നാണ് പറയുന്നത്. ഭക്തവത്സലയായ ദേവിക്കു ഭക്തനും, അശക്തനും, ശുദ്ധനുമായ ആ ബ്രാഹ്മണനെക്കുറിച്ചു ദയയുണ്ടായിട്ട് അവിടുന്ന് ഇങ്ങനെ തന്റെ ഭൂതഗണങ്ങളെക്കൊണ്ടു ചെയ്യിച്ചതായിരിക്കും. മേൽക്കാവിൽഭഗവതി സകലാഭീഷ്ടപ്രദായിനിയും ഭക്തപ്രിയയുമാണെന്നുള്ളതു പ്രസിദ്ധമാണല്ലോ.

 

അവിടെച്ചെന്നു ഭക്തിപൂർവ്വം ഭജിച്ചു പ്രാർത്ഥിച്ചാൽ സന്തതിയോ, സമ്പത്തോ, സംഗീതമോ, സാഹിത്യമോ എന്തുവേണമെങ്കിലുമുണ്ടാകും. വിശേഷിച്ചു കവിത്വമുണ്ടാകുന്നതിന് ഈ ദേവിയെ ഭജിക്കുന്നതുപോലെ സുഗമമായ മാർഗ്ഗം വേറെ യാതൊന്നുമില്ല. അതിനാൽ സ്ഥലത്തെ ‘ദക്ഷിണമൂകാംബി’ എന്നുതന്നെ ചിലർ പറയാറുണ്ട്.

ഉദ്ദണ്ഡശാസ്ത്രികൾ കേരളത്തിൽ വന്നതിന്റെശേഷം പല ക്ഷേത്രങ്ങൾ സന്ദർശിച്ചു. ഒരിടത്തു ചെന്നിട്ടും അദ്ദേഹത്തിന്റ്റെ മനസ്സിൽ ഭക്തി തോന്നിയില്ല. അതിനാലദ്ദേഹം ഒരിടത്തും ദർശനം കഴിച്ചില്ല. മേലേക്കാവിൽച്ചെന്നു നോക്കിയപ്പോൾ അദ്ദേഹത്തിനു വളരെ ഭക്തിതോന്നുകയാൽ അദ്ദേഹം അമ്പലത്തിനകത്തുകടന്നു ദേവിയെ വന്ദിച്ചു. അപ്പോൾ ഒരു ശ്ലോകമുണ്ടാക്കിച്ചൊല്ലിയാണ് അദ്ദേഹം വന്ദിച്ചത്. അതിന്റെ പൂർവ്വാർദ്ധമായ-

“സംഭരിതഭൂരികൃപമംബ! ശുഭമംഗം
ശുംഭതു ചിരന്തനമിദം തവ മദന്തഃ”

എന്നീ രണ്ടു പദം ചൊല്ലിക്കഴിഞ്ഞിട്ടു ശേഷം തോന്നാൻ ശാസ്ത്രികൾക്കു സ്വല്പം താമസം വന്നു. അപ്പോൾ നടയിൽ ഇടയ്ക്ക കൊട്ടിക്കൊണ്ടുനിന്നിരുന്ന മാരാർ ആ പൂർവ്വാർദ്ധത്തിന്റെ ഉത്തരാർദ്ധമായി-

“ജഭരിപുകുംഭിവരകുംഭയുഗഡംഭ-
സ്തംഭികുചകുംഭപരിരംഭപരശംഭുഃ”

എന്നു ചൊല്ല്ലി. അതുകേട്ടു ശാസ്ത്രികൾ സന്തോഷാത്ഭുതഭരിതനായി ‘നീ താൻ കവിമല്ലൻ’ എന്നു പറഞ്ഞു. പണ്ഡിതാഗ്രേസരനും മഹാകവിയുമായിരുന്ന ഉദ്ദണ്ഡശാസ്ത്രികളുടെ അഭിനന്ദനത്തിനു പാത്രീഭവിക്കുവാൻ തക്കവണ്ണമുള്ള കവിത്വം ആ മാരാർക്കു സിദ്ധിച്ചത് ഈ ദേവീയെ സേവിച്ചിട്ടുമാത്രമായിരുന്നു.

ജ്ഞാനപ്പാന മുതലായ കൃതികളുടെ നിർമ്മാതാവായ പൂന്താനത്തു നമ്പൂരിക്കു കവിതാവാസനയുണ്ടായതും ഈ ദേവിയെ സേവിച്ചിട്ടുതന്നെയായിരുന്നു. പൂന്താനത്തു നമ്പൂരി അദ്ദേഹത്തിന്റെ കവിത ഗുരുവായൂർ ക്ഷേത്രത്തിൽ ഭജിച്ചുകൊണ്ടിരുന്ന മേൽ‌പ്പത്തൂർ നാരായണഭട്ടതിരിയെ കേൾപ്പിച്ചപ്പോൾ ഭട്ടതിരി “വിഭക്തി കുറവാണ്” എന്നു പറഞ്ഞുവെന്നും ഭട്ടതിരി അങ്ങനെ പറഞ്ഞതിനാൽ ഇനി തന്റെ കവിതയെ ആരും ആദരിക്കുകയില്ലെന്നു വിചാരിച്ചു പൂന്താനത്ത് നമ്പൂരി വിഷാദത്തോടുകൂടി അവിടെനിന്ന് ഇറങ്ങിപ്പോയപ്പോൾ “വിഭക്തി കുറവാണെങ്കിലും ഭക്തി ഭട്ടതിരിക്കുള്ളതിലധികം പൂന്താനത്തിനുണ്ട്” എന്നു ഗുരുവായൂരപ്പൻ അരുളിച്ചെയ്തതു കേട്ടു ഭട്ടതിരി പശ്ചാത്താപത്തോടുകൂടി പൂന്താനത്തു നമ്പൂരിയുടെ അടുക്കൽച്ചെന്നു സമാധാനം പറഞ്ഞ് അദ്ദേഹത്തെ സന്തോഷിപ്പിച്ചുവെന്നുമുള്ള ഐതീഹ്യം സുപ്രസിദ്ധമാണല്ലോ.

 

എന്നാൽ ഭട്ടതിരിയുടെ ആപത്ത് അതുകൊണ്ടു തീർന്നില്ല. മേലേക്കാവിൽ ഭഗവതിയുടെ പ്രധാനഭകതനായിരുന്നുവല്ലോ പൂന്താനത്തു നമ്പൂരി. അദ്ദേഹത്തിനു വിഭക്തിജ്ഞാനം ചുരുക്കമാണെന്നു പറഞ്ഞ് അധിക്ഷേപിച്ചത് ആ ദേവിക്കു രസിച്ചില്ല. ഭഗവതിയുടെ വിരോധം നിമിത്തം ഭട്ടതിരിക്ക് പല അനർത്ഥങ്ങൾ നേരിട്ടു. തൽ‌പ്പരിഹാരാർത്ഥം ഭട്ടതിരി മേലേക്കാവിൽച്ചെന്നു മണ്ഡലഭജനം നടത്തി ദേവിയുടെ വിരോധം തീർത്തു സന്തോഷിപ്പിച്ചു. ഭട്ടതിരി ആ ഭജനകാലത്തുണ്ടാക്കിയതാണ് ‘ശ്രീപാദസപ്തതി’ എന്ന സ്തോത്രകൃതി. അതിൽനിന്ന് ചില ശ്ലോകങ്ങൾ താഴെ പകർത്തുന്നു.

യത്‌സംവാഹനലോഭിനശശികലാ ചുഡസ്യ ഹസ്താംബുജ-
സ്പർശനാപി ച ലോഹിതായതിമുഹു സ്ത്വൽ‌പാദപങ്കേരുഹം
തേനൈവോദ്ധതകാസരാസുരശിര ശൃംഗാഗ്രസഞ്ചൂർണ്ണന
പ്രാചണ്ഡ്യം തദനുഷ്ഠിതം കില കഥം മുക്തിസ്ഥേലസ്ഥശിവേ?
ത്വൽ‌പാദം നിജമസ്തകേ ഘടയിതും കേ കേ നു ലോകേ ജനാഃ
കിം കിം നാരചയന്തി ദുശ്‌ചരതപശ്‌ചര്യാസപര്യാദികം
മന്യേ ധന്യതമം തു ദേവീ! മഹിഷം വൈരസ്ഥയൈവ ത്വയാ
യന്മൂർദ്ധനി സ്വയമേവ പാകതഹരം പാദാംബുജം പാതിതം.
ത്വൽ‌പാദാഞ്ചലരൂപകൽ‌പലതികാ ബാലപ്രവാളദ്വയം
യേ താവൽ കലയന്തീ ജാതു ശിരസാ നമ്രേണ കമ്‌റോജ്ജ്വലം
തേഷാമേവ ഹീ ദേവീ! നന്ദനവന ക്രീഡാസു ലഭ്യം പുനഃ
സ്വർവ്വല്ലീതരുണപ്രവാളഭരണം സേവാനുരുപം ഫലം.
ഘോരം പാദസഹസ്രകം പ്രകടയന്നാശാസു ഭാസാം‌പതി-ർ
ദ്ധ്വാന്തന്നോ പുനരാന്തരം ശമയിതും ശക്നോതി ശൈലാത്മജേ?
ത്വൽ‌പാദദ്വിതയേന കോമളതരേണാനേനനചേതഃസ്പൃശാ
ജന്തൂനാം ബഹിരന്തരന്ധതമസം കൃന്തസ്യനന്തംശിവേ!

ഭട്ടതിരി മേലേക്കാവിൽ‌പ്പോയി മണ്ഡലഭജനം നടത്തിയതും ശ്രീപാദസപ്തതിയുണ്ടാക്കിയതും ഗുരുവായൂർ ഭജനത്തിടയ്ക്കായിരുന്നു. അതിനാൽ മേലേക്കാവിലെ ഭജനം കഴിഞ്ഞതിന്റെ ശേഷം അദ്ദേഹം വീണ്ടും ഗുരുവായൂർതന്നെ ചെന്നു ഭജിച്ചുകൊണ്ടു താമസിച്ചു. അതിനിടയ്ക്ക് ഒരു ദിവസം ഗുരുവായൂരപ്പൻ ഭട്ടതിരിയോട് “ഒടുക്കം മുക്തി ലഭിക്കുന്നതിനും ‘മുക്തിസ്ഥലത്തു’ തന്നെ പോവുകയാണ് നല്ലത്” എന്നരുളിച്ചെയ്യുകയാൽ ഭട്ടതിരി ഗുരുവായൂർ ക്ഷേത്രത്തിലെ ഭജനം മതിയാക്കിയതിന്റെ ശേഷം അജീവനാന്തം മേലേക്കാവിൽ തിങ്കൾഭജനം നടത്തുകയും ഒടുക്കം അവിടെവച്ചുതന്നെ ചരമഗതിയെ പ്രാപിക്കുകയും ചെയ്തുവെന്നാണ് കേൾവി.

ഭാഗവതോത്തമനും ഭാഗവതപാരായണനുമായിരുന്ന കൂടല്ലൂർ കുഞ്ഞിക്കാവുനമ്പൂരിപ്പാട്ടിലേക്കു മേലേക്കാവിൽ ഭഗവതിയെക്കുറിച്ച് അളവറ്റ ഭക്തിയും വിശ്വാസവുമുണ്ടായിരുന്നു. അദ്ദേഹം ആണ്ടുതോറും നവരാത്രികാലത്ത് അവിടെച്ചെന്ന് ദേവിയെ ഭജിച്ചുകൊണ്ട് താമസിക്കുകയും മുടക്കംകൂടാതെ ഭാഗവതപാരായണം നടത്തുകയും പതിവായിരുന്നു. കൂടല്ലൂർ നമ്പൂരിപ്പാടു വന്നു ഭാഗവതപാരായണം തുടങ്ങിയിരിക്കുന്നു എന്നറിഞ്ഞാൽ എവിടെയായാലും അതു കേൾക്കുന്നതിന് അസംഖ്യമാളുകൾ വന്നുകൂടുകയും അവരെല്ലാവരും യഥാശക്തി കുറേശ്ശേ പണം നമ്പൂരിപ്പാട്ടിലെ മുമ്പിൽ‌വെച്ചു വന്ദിക്കുകയും പതിവായിരുന്നു.

 

അങ്ങനെ വരുന്ന പണമൊന്നും നമ്പൂരിപ്പാടെടുത്തു സമ്പാദിക്കുക പതിവില്ല. എവിടെയായാലും അതതു സ്ഥലങ്ങളിൽ ആ പണം മുഴുവനും ഈശ്വരാർത്ഥമായി ചെലവു ചെയ്യുകയാണ് പതിവ്. അവിടെ വച്ചുണ്ടായ പണം ശേഖരിച്ചുവെച്ചു ക്ഷേത്രത്തിനു ജീർണ്ണോദ്ധാരണം ചെയ്യിക്കുകയും ചെമ്പുപലക അടിപ്പിക്കുകയും ചെയ്തു. പിന്നെ നവരാത്രികാലത്തു അവിടെക്കൂടുന്ന ബ്രാഹ്മണർക്കു പതിവായി അത്താഴം കൊടുക്കുന്നതിലേക്കായി ആയിരമുറുപ്പിക ദേവസ്വത്തിൽ ഏൽ‌‌പ്പിക്കുകയും ചെയ്തു.

മേലേക്കാവിലെ പ്രധാന വഴിപാടു മണ്ഡലക്കാലത്തു വാരം കഴിക്കുകയാണ്. അതു ചുരുക്കത്തിലായാൽ‌പ്പോര. ആയിരം നേന്ത്രപ്പഴംകൊണ്ടു പ്രഥമനും, വലിയ പപ്പടം, പഞ്ചസാര, ശർക്കരപുരട്ടിയുപ്പേരി മുതലായ വിഭവങ്ങളും വേണം. ഓരോ കാര്യങ്ങൾ സാധിക്കുന്നതിനായി ഈ വഴിപാടു പലരും നടത്താറുണ്ട്. എങ്കിലും കൊല്ലത്തിൽ നാലഞ്ചു വാരത്തിലധികം ഉണ്ടാകാറില്ല. ആയിരം പഴംകൊണ്ടു പ്രഥമനുള്ള വാരം നടത്തുന്ന ദിവസം ദേവിക്കു പതിനെട്ടു പറ അരി വെച്ചു വെള്ള നിവേദ്യം വേണം. അതിനാൽ ഈ വഴിപാടു ഒരു വിധം ധനികന്മാർക്കല്ലാതെ നടത്തിവാൻ സാധിക്കുകയില്ല.

 

വാരമില്ലാത്ത ദിവസങ്ങളിൽ അവിടെ ബ്രാഹ്മണർക്ക് അത്താഴത്തിനു മാർഗ്ഗമൊന്നുമില്ലായിരുന്നു. അതിനാലാണു കൂടല്ലൂർ നമ്പൂരിപ്പാട് അത്താഴത്തിനു വകവെച്ചുകൊടുത്തത്.

ഇവിടെ ‘കെട്ടുമാല’ എന്നൊരു വഴിപാടും പതിവുണ്ടായിരുന്നു. ഓരോ കാര്യങ്ങൾ സാധിക്കുന്നതിനായി ഇതു പലരും പ്രാർത്ഥിക്കുകയും കാര്യങ്ങൾ സാധിക്കുകയും വഴിപാടു നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഭക്തിയോടുകൂടിയല്ലാതെ ഊറ്റം കാണിക്കുന്നതിനായി വഴിപാടു നടത്തുക ദേവിക്കു ഒട്ടും ഇഷ്ടമില്ല. അങ്ങനെ നടത്തുന്ന വഴിപാടുകൾ അവിടെ ഒരിക്കലും ശരിയായി നടക്കാറുമില്ല. ആ വഴിപാടിന്റെ സ്വഭാവമെങ്ങനെയെന്നാൽ, ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രപറമ്പിലുള്ള വൃക്ഷത്തിന്മേൽ‌പ്പോലും നിറച്ചു മാലകൾ ചാർത്തുകയും വിളക്കുകൾ വെയ്ക്കുകയും കീഴേക്കാവിൽ‌വെച്ചു കേമമായി സദ്യ നടത്തുകയുമാണ്. ഒരിക്കൽ കുതിരവട്ടത്തു നായരുടെ ഭവനത്തിലെ മൂത്ത നേത്യാര് ഇവിടെ ഒരു കെട്ടുമാല കഴിക്കുകയുണ്ടായി. അതു തന്റെ ധനശക്തിയും പ്രഭാവവും കാണിക്കാൻ‌കൂടിയായിരുന്നു. നേത്യാരു നേരത്തെ തൊഴാനായിട്ടു ക്ഷേത്രത്തിൽ ചെന്നപ്പോൾത്തന്നെ വഴിപാടു നടത്താൻ ചുമതലക്കാരായ ക്ഷേത്രസംബന്ധികളോടും മറ്റും “പണം എത്രയായാലും വിരോധമില്ല, കെട്ടുമാല ഇടിപൊടിയാകണം” എന്നുപറഞ്ഞു പ്രത്യേകം ചട്ടംകെട്ടി.

 

നേരം സന്ധ്യയാകാറായപ്പോൾ മുതൽ രാത്രി മുഴുവനും അതികലശലായിട്ടുള്ള ഇടിയും മഴയും കാറ്റുമുണ്ടായിരുന്നതിനാൽ അന്നു സാമാന്യം പോലെ വിളക്കുവെയ്ക്കുന്നതിനും മാല ചാർത്തുന്നതിനും മറ്റും സാധിച്ചില്ല. അഹമ്മതിയോടുകൂടി അവിടെ വരുന്നവർക്കെല്ലാം ഇച്ഛാഭംഗത്തോടുകൂടിയല്ലാതെ മടങ്ങിപ്പോകാൻ ഒരിക്കലും സാധിക്കാറില്ല.

മേലേക്കാവിൽ ഭഗവതിക്കു വിശേഷദിവസങ്ങളിൽ അരയ്ക്കു മേല്പോട്ടു ചന്ദനം ചാർത്തുക പതിവുണ്ട്. അത് ഓരോരുത്തരുടെ വഴിപാടായിട്ടാണ് പതിവ്. അവിടെ ചാർത്താൻ അനവധി തിരുവാഭരണങ്ങളും വഴിപാടായിത്തന്നെ വരും. അവിടെ ക്ഷേത്രത്തിൽ അശുദ്ധി ബാധിച്ചാൽ പുണ്യാഹം പതിവില്ല. പൂവും മാലയുമെല്ലാമെടുത്തു പുറത്തിട്ടു വെള്ളമൊഴിച്ചു ബിംബം കഴുകുക മാത്രമെ പതിവുള്ളു. പൂവും മാലയുമെടുത്തു പുറത്തിടുന്നതിനോടുകൂടി തിരുവാഭരണങ്ങളുമെടുത്തു പുറത്തിടും. ആ തിരുവാഭരണങ്ങളെല്ലാം കിഴക്കേക്കാവിലേയ്ക്കെടുത്തു മുതൽക്കൂട്ടി അവിടെ സൂക്ഷിക്കും. അങ്ങനെയാണ് പതിവ്.

അവിടെ ശ്രീകോവിലിനകത്തു ബിംബത്തിന്റെ മുമ്പിൽ തറയിൽ ഒരു ദ്വാരമുണ്ട്. അത് എപ്പോഴും ഒരു പലകകൊണ്ട് അടച്ചിരിക്കും. ആവശ്യം‌പോലെ ആ പലക മാറ്റി ആ ദ്വാരത്തിൽ കൈയിട്ടു നോക്കിയാൽ ഒരു മാതിരി കല്ലു കിട്ടും. അതിനു ‘മുക്കോലക്കല്ല്’ എന്നാണു പേരു പറഞ്ഞുവരുന്നത്. ആ കല്ലു സ്വർണ്ണംകൊണ്ടോ വെള്ളികൊണ്ടോ കെട്ടിച്ചു ദേഹത്തിൽ ധരിച്ചാൽ ദുർദ്ദേവതമാരുടെ ഉപദ്രവവും മഹാരോഗങ്ങളും ഉണ്ടാവുകയില്ല. അതിനാൽ ആ കല്ലു വാങ്ങിക്കൊണ്ടുപോകാനായി അവിടെ അസംഖ്യമാളുകൾ വരുന്നുണ്ട്.

 

ആവശ്യക്കാർ തലേദിവസംതന്നെ അവിടെച്ചെന്നു ശാന്തിക്കാരനെപ്പറഞ്ഞേൽ‌പ്പിക്കണം. പിറ്റേദിവസം കാലത്തെ കുളിച്ച് അമ്പലത്തിൽച്ചെന്നു ദേവീദർശ്ശനവും യഥാശക്തി വഴിപാടും ശാന്തിക്കാരനു ദക്ഷിണയും കഴിച്ചാൽ ശാന്തിക്കാരൻ അടപ്പുപലക മാറ്റി ദ്വാരത്തിൽ കൈയിട്ടു കല്ലെടുത്തു കൊടുക്കും. ഈ കല്ലു കെട്ടിച്ച് സ്ത്രീകൾ കഴുത്തിലും പുരുഷന്മാർ അരയിലുമാണ് ധരിക്കുക പതിവ്.

“നമ്പൂരിമാർക്ക് ഊരായ്മയുള്ള ക്ഷേത്രത്തിലെ സ്വത്തുകളെല്ലാം വാരം കഴിച്ചും പൂരം ഘോഷിച്ചും തമ്മിത്തല്ലി വ്യവഹാരങ്ങൾ നടത്തിയും നശിപ്പിക്കുകയും ഒടുക്കം അവരും നശിക്കുകയുമാണ് പതിവ്” എന്നു ജനങ്ങളുടെ ഇടയിൽ ഒരു സംസാരവും വിശ്വാസവുമുള്ളതിനു മേലേക്കാവിലെ സ്ഥിതിയും ഒട്ടും വ്യത്യാസമായിരിക്കുന്നില്ല.

 

രഞ്ജിത്ത് മാത്യു

 

കവർ ചിത്രം: ബിനോയ് തോമസ് 

 

അടുത്ത ലക്കം : 

ചംക്രോത്തമ്മ

ബന്ധങ്ങൾ (നോവൽ - 46)

May 8, 2021

യാത്ര സുഖകരം ആയിരുന്നു.  കുഞ്ഞുവൈദ്യൻ  ഈപ്പച്ചനെയും,  മത്തച്ചനേയും ഹാർദ്ധവമായി  തന്നെ സ്വീകരിച്ചു.  പിണക്കും, പരിഭവങ്ങളുടേയും മഞ്ഞുകട്ടകൾ  ഉരുകിയൊലിച്ച്  പോയോ എന്ന് വരെ  ഈപ്പച്ചൻ ഒരു വേള  സംശയിച്ചു.

 
 
യഥാർത്ഥത്തിൽ  കുഞ്ഞു വൈദ്യൻ  കഴിഞ്ഞു  പോയ  കഥകൾ  ഒന്നും മറന്നിട്ടില്ലായിരുന്നു. വീട്ടിൽ വരുന്നവരെ  അപമാനിച്ച്  ഇറക്കി വിടുന്ന പാരമ്പര്യമൊന്നും  ശീലിച്ചിട്ടില്ലാത്ത  അയാൾ  അവരോടായി  കുശലാന്യേ ക്ഷണം  നടത്തുന്നതിന്റെ ഇടയിൽ   ഭാര്യ  ബ്രിജീത്താമ്മയോട് ചായ  കൊണ്ടുവരുവാൻ  സംജ്ജ നൽകുകയും ചെയ്തു.
 
 
 
സംസാരത്തിന്റ  ഇടയിൽ  ഈപ്പച്ചൻ  കാർ കൊണ്ടുപോകുന്ന കാര്യം  പറഞ്ഞപ്പോൾ,   കുഞ്ഞു വൈദ്യൻ  ഒന്ന്  അമർത്തി  ചിരിച്ചിട്ടാണ് മറുപടി  പറഞ്ഞത്.
 
 
ഇന്നലെ ചിന്നമ്മ വിളിച്ചയുടനെ  തന്നെ   ഈ വിവരം   നിങ്ങളോട്  വിളിച്ചു പറയാൻ  തൊമ്മികുഞ്ഞാണ്  എന്നെ നിർബന്ധിച്ചത്.   രണ്ട് ദിവസം  കൂടി  കഴിഞ്ഞു വിവരം  അറിയിച്ചാൽ മതിയെന്ന് കണക്കു കൂട്ടിയിരുന്ന എന്റെ മനസ്സ്  മാറ്റിയതിന്റെ ഉത്തരവാദിത്വം  തൊമ്മികുഞ്ഞിന് തന്നെയാണ്.
 
 
ഇവിടെ കിടക്കുന്ന രണ്ട് കാറുകൾ  തന്നെ അവന്  ധാരാളമാ.   നിങ്ങളുടെ കാർ  ഇതുവരെ  ഒന്ന് ഓടിച്ചു നോക്കുക പോലും ചെയ്തിട്ടില്ല..     ആ  മാന്യത   നിങ്ങളുടെ സംസ്കാര  ശൂന്യമായ  വർത്തമാനത്തിൽ  നിന്നും പ്രതീക്ഷിച്ച   ഞങ്ങൾക്കാണ്  തെറ്റ് പറ്റിയത്.
 
 
വരളുന്ന തൊണ്ടകുഴിയിൽ  നിന്നും ശബ്ദം  പുറത്തേക്ക് വരുവാൻ  പണിപ്പെടുന്നതായി  ഈപ്പച്ചന് തോന്നാതിരുന്നില്ല.   കത്തികൊണ്ടിരിക്കുന്ന    തീപന്തം  പോലെ ഈപ്പച്ചന്റെ മനസ്സ്  നാണക്കേട് കൊണ്ട് ജ്വലിച്ചു നിന്നു.
 
മത്തച്ചൻ പുതിയതായി  എന്തോ വിഷയം  കേട്ടതുപോലെ  മൗനതയിലൂണ്ടൊരു ഇരുപ്പ് തുടർന്നു.
 
 
അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലേ?.
 
 ചായയുമായി  അവിടേക്ക് കടന്നു  വന്ന ബ്രിജേത്താമ്മ ചായ കോപ്പ അവർക്ക്‌    നേരെ നീട്ടിയിട്ട്  ആശ്വാസ വചനം  ഈപ്പ ച്ചനോടായി  പറഞ്ഞു.
 
 
അപമാനത്തിന്റെ  മധ്യത്തിൽ  നിൽക്കുകയായിരുന്നെങ്കിലും ,  കപ്പ് ചുണ്ടോട് ചേർത്ത്  ചായ കുടിച്ചെന്ന് വരുത്തിയിട്ട് യാത്ര പറഞ്ഞു  ഇറങ്ങുവാൻ  തുടങ്ങിയപ്പോൾ  കുഞ്ഞുവൈദ്യൻ  മകൻ  വന്നതിന്  ശേഷം  പോയാൽ  മതിയെന്ന് അഭിപ്രായപ്പെട്ടു.
 
 
അതൊന്നും ശരിയാവുകയില്ല... കണ്ടത്തിൽ  കൊയ്ത്തിന്റെ തിരക്കിനിടയിലാണ്  ഈ യാത്ര  തന്നെ തരപ്പെടുത്തിയത്.  ഇറങ്ങുവാൻ  നേരം   ഉമ്മച്ചന്റെ വീടിന്റെ കല്ലിടീലിന് കുഞ്ഞുവൈദ്യനെയും, ബ്രിജീത്താമ്മേയെയും  ക്ഷണിക്കുവാൻ  ഈപ്പച്ചൻ മറന്നില്ല.
 
ഈപ്പച്ചനും, മത്തച്ചനും കാറിൽ കയറി പോകുന്നത് കണ്ടുകൊണ്ടു ഇരിക്കുന്നതിന്റെ ഇടയിൽ  ബ്രിജീത്താമ്മ ഭർത്താവിനെ  നോക്കിയൊരു സംശയം  ചോദിച്ചു.
 
 
 
കല്ലിടീലിന്  കോഴിക്കോട് വരെ  പോകുന്ന കാര്യം ഇച്ചിരി  ബുദ്ധിമുട്ടല്ലേ?. അത്  കേട്ടതും  കുഞ്ഞു വൈദ്യൻ  പൊട്ടി ചിരിച്ചിട്ട്  ഭാര്യയോട്  കാര്യമായും, അല്ലെതെയുമായി മറുപടി  പറഞ്ഞു.
 
 
കഴിഞ്ഞ  പ്രാവശ്യം  ഇവിടെ വന്നിരുന്നു ഉമ്മച്ചൻ വായിൽ  തോന്നിയതൊക്കെ  വിളിച്ചു  പറഞ്ഞത് ഓർക്കുമ്പോൾ,  സദ്യ  ഉണ്ണാൻ പോകാതെ  ഇരിക്കുന്നത് തന്നെയല്ലേ ഭേദം....
 
******
 
 
വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ  മത്തച്ചൻ  വണ്ടിയെ പറ്റി ഈപ്പച്ചനോട് വർണ്ണിക്കാതെ  ഇരുന്നില്ല...
 
 
ഈ വണ്ടി നല്ല വർഗ്ഗത്തുള്ളതാ... സാധാരണ  പഴയ  വണ്ടി വാങ്ങിയായാൽ  എന്തെങ്കിലും ഒക്കെ കുഴപ്പങ്ങൾ  കാണിക്കാറുള്ളതാ....അത്രയും  പറഞ്ഞിട്ട്  മത്തച്ചൻ  ഒന്ന് ചിരിച്ചു...
 
ഏതായാലും  നാളെ  ഒരു കല്യാണ  ഓട്ടം  ഒപ്പിച്ചിട്ടുണ്ട്.    വണ്ടി വീട്ടിൽ വന്നു കയറുമ്പോൾ  മുതൽ  വരുമാനം  കിട്ടി തുടങ്ങുന്നത്  ഐശ്വര്യത്തിന്റെ ലക്ഷണമാണ്...
 
ഈപ്പച്ചന്  അത്  കേട്ടപ്പോൾ സനോഷം  തോന്നാത്തിരുന്നില്ല..  കയ്യിലിരുന്ന മൊബൈലിൽ നിന്നും ഉമ്മച്ചനെ വിളിച്ചു സന്തോഷ വർത്താനം പറയുവാനും  ഈപ്പച്ചൻ  മറന്നില്ല.
 
 
ഒക്കെ  ഐശ്വര്യത്തിന്റെ ലക്ഷണങ്ങളാ  അപ്പച്ചാ.... ഉമ്മച്ചൻ ആത്മാനിർവൃതി  അണഞ്ഞതുപോലെ ചിരിച്ചു കൊണ്ടാണ് അങ്ങനെ പറഞ്ഞിട്ട് തിരക്ക്  ഭാവിച്ചു  ഫോൺ  വയ്ക്കുകയും തിരികെ  വിളിക്കാമെന്ന്  ഉറപ്പ് നൽകുകയും  ചെയ്തു..
 
 
ഐശ്വര്യമെന്ന് കേട്ടതും  ഈപ്പച്ചന്റെ മനസ്സിൽ  മറ്റൊരു ചിന്ത ഉദയം  കൊണ്ടു.
 
ജെസ്സിയുടെയും, ഉമ്മച്ചന്റെയും വീടുകൾക്ക്  കല്ലിടുന്ന തീരുമാനം  എടുത്തപ്പോൾ  തന്നെ ഇത്രയും  സൗഭാഗ്യം  വന്നു  ഭവിച്ചുവെങ്കിൽ വീട്  പണി  തീരുമ്പോഴേക്കും   എന്തൊക്കെ ക്ഷേമൈശ്വര്യങ്ങളാവും  അവർക്ക്ഉ  ണ്ടാകുവാൻ  പോകുന്നത്.
 
 
ഓർത്തപ്പോൾ ഈപ്പച്ചന്റെ മനസ്സ്  നിറയുകയും,   സന്തോഷം  കൊണ്ട് വണ്ടി നിർത്തുവാൻ ഡ്രൈവറോട് പറയുകയും  ചെയ്തു...
 
 
എന്താ  അപ്പച്ചാ.... എന്ത് പറ്റി... മത്തച്ചൻ  ഭാവി  പരിപാടികൾ  മനസ്സിലിട്ട്  ആസൂത്രണം  ചെയ്തു കൊണ്ടിരുന്നതിനാൽ  ഈപ്പച്ചന്റെ ഫോൺ  സംഭാഷണമൊട്ടു  ശ്രദ്ധിച്ചിരുന്നുമില്ല.  
 
 
ഒന്നുമില്ലടോ....
 
ഒരു ചായ  കുടിച്ചിട്ട്  നമ്മൾക്ക് യാത്ര  തുടരാം.   ചായ  കുടിയും  കഴിഞ്ഞു അവർ വീട്ടിൽ എത്തിയപ്പോഴേക്കും  രാത്രിയായിരുന്നു.
 
 
പിറ്റേന്ന് ഓട്ടം  ഉള്ളതിനാൽ  മത്തച്ചൻ  വണ്ടി മുഴുവനായി  വൃത്തിയാക്കിയിട്ടാണ് വീട്ടിലേക്ക് മടങ്ങിയത്. 
 
 
രാത്രി കിടക്കുവാൻ തുടങ്ങിയപ്പോഴാണ്   മാറിയാമ്മച്ചി  രണ്ട് ദിവസങ്ങൾക്ക്‌ ശേഷം  കോഴിക്കോട്ടേക്ക്  യാത്ര തിരിക്കുന്ന  കാര്യത്തെ  പറ്റി സംസാരിച്ചത്.  വസ്തു  വാങ്ങിയപ്പോൾ മുതൽ  ആ പുരയിടം  ഒന്ന് കാണണമെന്ന് കരുതുന്നതാ. 
 
സങ്കടം  മറച്ചു വെക്കുവാൻ കഴിയാതെ  അവർ വിങ്ങിപൊട്ടുക തന്നെ ചെയ്തു. 
 
 
മറിയാമ്മച്ചിയെ ആശ്വസിപ്പിക്കുവാൻ ഈപ്പച്ചൻ ലേശം  പാട്  പെട്ടു. 
 
  രണ്ട് ദിവസത്തിനകം  കോഴിക്കോട്ടേക്കൊരു  യാത്ര   തരപ്പെടുത്താമെന്നുള്ള  ഭർത്താവിന്റെ  ഉറപ്പ്  കേട്ടപ്പോൾ  അവരുടെ  മുഖത്ത്   മാരിവില്ലിന്റെ   സൗന്ദര്യം  വിരിഞ്ഞു തുടുത്തു.
 
 
പിറ്റേന്ന് വണ്ടിയുമായി  ഓട്ടം  പോയ  മത്തച്ചൻ  ഏറെ വൈകിയാണ് താഴത്ത്  വടക്ക്  തറവാട്ടിൽ  തിരികെ  എത്തിച്ചേർന്നത്.   വലിയൊരു   തുക  ഓട്ടക്കൂലിയായി  പ്രതീക്ഷിച്ചിരുന്ന  ഈപ്പച്ചന്  നിരാശ  സമ്മാനിക്കുന്ന പ്രതികരണമായിരുന്നു മത്തച്ചന്റെ ഭാഗത്ത്  നിന്നും ഉണ്ടായത്.
 
 
തുടരും
 
 
 
രഞ്ജിത്ത് മാത്യു
 
കവർ ചിത്രം: ബിനോയ് തോമസ്

കാളിദാസൻ

May 6, 2021

കാളിദാസ മഹാകവിയെക്കുറിച്ച് അദ്ദേഹത്തിന്റെ കാലത്തോ അതിനടുത്ത കാലത്തോ ജീവിച്ചിരുന്നവരിൽ ആരുംതന്നെ ഒന്നും എഴുതിയിട്ടില്ലാത്തതുകൊണ്ട് അദ്ദേഹത്തിന്റെ കാലത്തേയും മാതാപിതാക്കന്മാരേയും വിദ്യാഭ്യാസത്തേയും ഗുരുഭൂതന്മാരേയും കുറിച്ച് അറിയുന്നതിന് ഇപ്പോൾ ശരിയായ ഒരു മാർഗ്ഗവുമില്ല.

 

ജീവിതകഥയെക്കുറിച്ചറിയുന്നതിനു തന്നെയും ചില ഐതിഹ്യങ്ങളല്ലാതെ വേറെ ഒരാധാരവുമില്ലാതെയാണിരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ അനേകം പക്ഷാന്തരങ്ങളും കാണുന്നുണ്ട്.

"ധന്വന്തരിക്ഷപണകാമരസിംഹശങ്കു
വേതാളഭട്ടഘടകർപ്പരകാളിദാസഃ
ഖ്യാതോ വരാഹമിഹിരോ നൃപതേസ്സഭായാം
രത്നാനി വൈ വരരുചിർന്നവവിക്രമസ്യ"

ഈ പ്രസിദ്ധശ്ലോകംകൊണ്ടു കാളിദാസനും വിക്രമാദിത്യരാജാവിന്റെ സഭയിലെഉണ്ടായിരുന്ന ഒമ്പതു കവിരത്നങ്ങളിൽ ഒരാളായിരുന്നു എന്നു വിചാരിക്കേണ്ടിയിരിക്കുന്നു.

 

കാളിദാസൻ ഭോജരാജാവിന്റെ സദസ്സിലുണ്ടായിരുന്നതായി ഭോജചരിത്രത്തിലും കാണുന്നുണ്ട്. ഇതു രണ്ടും ശരിയെന്നു സ്ഥാപിക്കുന്നതിനും സാക്ഷാൽ വിക്രമാദിത്യരാജാവിന്റെ വംശന്മാർക്കും ആ സംജ്ഞ പറയാറുണ്ടെന്നും ഭോജരാജാവും വിക്രമാദിത്യന്റെ ഒരു വംശജനായിരുന്നു എന്നും വിചാരിക്കുകയല്ലാതെ വേറെ മാർഗ്ഗം കാണുന്നില്ല.

 

ഒരു ഭോജചരിത്രപുസ്തകത്തിന്റെ പീഠികയിൽ "വിക്രമാർക്കനൃപതേരനന്തരം ഭോജഭൂപാലോ ധാരാനഗരീം രാജധാനീം വിധായ മാളവരാജ്യമപാലയൻ" എന്നു കാണുന്നുമുണ്ട്. അതുകൊണ്ട് അതങ്ങനെയിരിക്കട്ടെ. ഇനി കാളിദാസകവിയുടെ ആദ്യകാലത്തെക്കുറിച്ചുള്ള ഐതിഹ്യത്തിലേക്ക് പ്രവേശിക്കാം.

കാളിദാസൻ ജന്മനാ ഒരു ബ്രാമണൻതന്നെയായിരുന്നു. അദ്ദേഹം ബാല്യം മുതൽക്കുതന്നെ യഥാക്രമം വിദ്യാഭ്യാസം ചെയ്യുകയും യവൗനാരംഭമായപ്പോഴേക്കും വലിയ വിദ്വാനായിത്തീരുകയും ചെയ്തു. അദ്ദേഹം ബാല്യത്തിൽത്തന്നെ വലിയ ശിവഭക്തനായിത്തീർന്നു. ശിവദർശനം കഴിക്കാതെ ഭക്ഷണം കഴിക്കുകയില്ലെന്ന ഒരു നിഷ്ഠയും അദ്ദേഹത്തിനുണ്ടായിരുന്നു.

ഒരു ദിവസം കാളിദാസൻ ദേവദർശനത്തിനായി ഒരു ശിവക്ഷേത്രത്തിൽ ചെന്നപ്പോൽ അവിടെ ദിവ്യനായ ഒരു യോഗീശ്വരൻ ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംഭാ‌ഷണത്തിൽ ഏന്തോ അപശബ്ദമുണ്ടെന്നു തോന്നുകയാൽ കാളിദാസൻ ആ യോഗിയെ പരിഹസിച്ചു. അതിനാൽ ആ ദിവ്യൻ കോപിച്ചു, "നീ പഠിച്ചതെല്ലാം മറന്നു മൂഢനും മന്ദബുദ്ധിയുമായി ത്തീരട്ടെ" എന്നു ശപിച്ചു. ആ ശാപവചനം കേട്ടു കാളിദാസൻ ഏറ്റവും വി‌ഷണ്ണനായിത്തീരുകയും ആ യോഗീശ്വരന്റെ പാദത്തിങ്കൽ വീണു നമസ്കരിച്ചു ക്ഷമായാചനം ചെയ്യുകയും ചെയ്തു.

 

 ഉടനെ ആർദ്രമാനസനായി ഭവിച്ച ആ ദിവ്യൻ "ഒരു കാലത്തു നിനക്കു ഭദ്രകാളീപ്രസാദം സിദ്ധിക്കുന്നതിന് സംഗതിയാകും. അപ്പോൾ നിന്റെ ബുദ്ധിമാന്ദ്യം നീങ്ങി പൂർവ്വാധികം ബുദ്ധിമാനും വിദ്വാനുമായിത്തീരും" എന്നു പറഞ്ഞ് അനുഗ്രഹിച്ചു. എങ്കിലും അക്കാലം മുതൽ കാളിദാസൻ കേവലം മൂഢനും മന്ദബുദ്ധിയുമായിത്തീരുകയും സ്വകുലാചാരങ്ങളെല്ലാം വിട്ടു ഒരു കൂട്ടം അജപാലന്മാരുടെ കൂട്ടത്തിൽ കൂടി നടന്നു തുടങ്ങുകയും ചെയ്തു.

അക്കാലത്ത് അവിടെ ഒരു പ്രഭുവിന്റെ പുത്രിയും സർവ്വാംഗസുന്ദരിയും വലിയ വിദു‌ഷിയുമായ ഒരു കന്യകയുണ്ടായിരുന്നു. അവളുടെ യോഗ്യതകൾ കേട്ട് അനേകം യോഗ്യന്മർ അവളെ വിവാഹം ചെയ്വാനായിചെന്നു. എന്നാൽ ആ കന്യക ശസ്ത്രവാദത്തിൽ തന്നെ ജയിക്കുന്നവനെ മാത്രമേ താൻ ഭർത്താവായി വരിക്കുകയുള്ളൂ എന്നു നിശ്ചയം ചെയ്തിരുന്നതിനാൽ വിവാഹത്തിനായിച്ചെന്നവരെയെല്ലാം അവൾ വാദത്തിൽ തോല്പ്പിച്ചയച്ചു. അവളെ ജയിക്കാൻ കഴിയായ്കയാൽ ഏറ്റവും ഇച്ഛാഭംഗത്തോടൂക്കൂടിയാണ് എല്ലാവരും മടങ്ങിപ്പോയത്.

 

 

അതിനാൽ പിന്നെ ആരും വരാതെയായി. കന്യകയ്ക്കു യൗവ്വനദശ അതിക്രമിച്ചു തുടങ്ങിയപ്പോൾ അവളുടെ അച്ഛൻ "ഇനി ശാസ്ത്രവാദവും മറ്റും വേണ്ട. യോഗ്യനായ ഒരാളെ ക്ഷണിച്ചുവരുത്തി കന്യകയെ വിവാഹം ചെയ്തുകൊടുക്കണം" എന്നു നിശ്ചയിച്ചു ഏഴുത്തും കൊടുത്ത് ഓരോരുത്തരുടെ അടുക്കൽ തന്റെ ഭൃത്യന്മാരെ അയച്ചു. ആരും വന്നില്ല. ഒടുക്കം പ്രഭു ആരെയെങ്കിലും വിളിച്ചുകൊണ്ടുവന്നു കന്യകയുടെ വിവാഹം ഉടനെ നടത്തിക്കണമെന്നു നിർബ്ബന്ധിച്ചു തുടങ്ങിയതിനാൽ ഭൃത്യന്മാർക്കു വലിയ ബുദ്ധിമുട്ടായിത്തീർന്നു. "യോഗ്യന്മാരും വിദ്വാന്മാരുമായ അനേകമാളുകൾ വന്നിട്ട് അവരെയൊക്കെ മടക്കിയയച്ച ഈ കന്യകയെ ഒരൊന്നാന്തരം മൂഢനെക്കൊണ്ട് തന്നെ വിവാഹം ചെയ്യിക്കണം" എന്ന് ആ ഭൃത്യന്മാരെലാവരുംകൂടി ആലോചിച്ച് നിശ്ചയിച്ചു.

 

പിന്നെ അവർ ഒരു മൂഢനെക്കിട്ടാനായിട്ട് അന്വേ‌ഷിച്ചു പുറപ്പെട്ടു. അങ്ങനെ ചെന്നപ്പോൾ കാഴ്ചയിൽ നല്ല സുന്ദരനായ ഒരാൾ ഒരു വൃക്ഷശാഖയിന്മേൽക്കയറിയിരുന്നുകൊണ്ട് അയാൾ ഇരിക്കുന്ന ശാഖ യുടെ കട തന്നെ മുറിക്കാൻ വെട്ടിത്തുടങ്ങിയിരിക്കുന്നതായിക്കണ്ട് അവർ ഈ മനു‌ഷ്യൻ മൂഢൻ തന്നെയെന്നു തീർച്ചപ്പെടുത്തി അയാളെ കുളിപ്പിച്ചു നല്ല വസ്ത്രങ്ങളും മറ്റും ധരിപ്പിച്ചു പ്രഭുഗൃഹത്തിലേക്കു കൊണ്ടുപോയി. ആ മനു‌ഷ്യൻ നമ്മുടെ കഥാനായകൻ തന്നെയായിരുന്നു.

 

ആടുകൾക്കു തിന്നാൻ കൊടുക്കാനായിട്ടായിരുന്നു അയൾ വൃക്ഷശാഖ മുറിക്കാൻ ശ്രമിച്ചത്.

ആ മനു‌ഷ്യനേയും കൊണ്ടു ഭൃത്യന്മാർ പ്രഭുഗൃഹത്തിൽ ചെന്നു ചേർന്നു. അവിടെ വിവാഹമണ്ഡപത്തിലിരുന്ന അനേകം ചിത്രങ്ങളുടെ കൂട്ടത്തിൽ രാവണന്റെ ചിത്രപടം കണ്ടിട്ടു കാളിദാസൻ "അംഭംഭടാ രാഭണാ" എന്നു പറഞ്ഞു. അതുകേട്ട കന്യക "ഈ മനു‌ഷ്യൻ അക്ഷരജ്ഞാനമില്ലാത്ത മൂഢനാണെന്നു തോന്നുന്നുവല്ലോ" എന്നു പറഞ്ഞപ്പോൾ ആ ഭൃത്യന്മാരിൽ വിദ്വാനായ ഒരാൾ,

"കുംഭകർണ്ണേ ഭകാരോസ്തി ഭകാരോസ്തി വിഭീ‌ഷണേ
രാക്ഷസാനാം കുലശ്ര‌ഷ്ഠോ രാഭണോ നൈവ രാവണഃ"

എന്നൊരു ശോകം കൊണ്ടു കാളിദാസൻ പറഞ്ഞതിനെ സാധൂകരിച്ചു. അതിൽ കന്യക തോറ്റു. ഉടനെ വിവാഹവും നടത്തി. വധൂവരന്മാർ

അത്താഴം കഴിച്ചു ശയനഗൃഹത്തെ പ്രാപിച്ചതിന്റെ ശേ‌ഷം കാളിദാസന്റെ ഓരോ ചേഷ്ടിതങ്ങൾ കൊണ്ട് അദ്ദേഹം കേവലം മൂഢൻ തന്നെ എന്നു തീർച്ചപ്പെടുത്തി, "ഈ പുരു‌ഷനോടുകൂടി ജീവിക്കുന്ന കാര്യം പ്രയാസം തന്നെ" എന്നു നിശ്ചയിച്ചു കന്യക അദ്ദേഹത്തെ നിരാകരിക്കുകയും ബഹി‌ഷ്കരിക്കുകയും ചെയ്തു.

 

കാളിദാസന് അപ്പോൾ ബുദ്ധിക്ക് മാന്ദ്യം സംഭവിച്ചിരുന്നുവെങ്കിലും പ്രഭുകന്യകയുടെ ഈ ധിക്കാരം അദ്ദേഹത്തിന് ഒട്ടുംതന്നെ സഹ്യമായില്ല. അദ്ദേഹം അപ്പോൾതന്നെ അവിടെനിന്നിറങ്ങി വനാന്തരത്തിലുണ്ടായിരുന്ന ഭദ്രകാളീക്ഷേത്രത്തിലേക്കു പോയി. രാത്രികാലങ്ങളിൽ മനു‌ഷ്യരാരെങ്കിലും അവിടെ ചെന്നാൽ ദേവിയുടേ ഭൂതഗണങ്ങൾ പിടിച്ചു ചീന്തി ചോരകുടിച്ചു കൊല്ലുകയോ ദേവി പ്രസാദിച്ച് അനുഗ്രഹിക്കുകയോ രണ്ടിലൊന്നു സംഭവിക്കണമെന്നുള്ള കാര്യം തീർച്ചയായിരുന്നു.

 

എന്തെങ്കിലും വരട്ടെയെന്നു തീർച്ചപ്പെടുത്തിക്കൊണ്ടാണ് കാളിദാസൻ അങ്ങോട്ടു പോയത്. അദ്ദേഹം അവിടെച്ചെന്നപ്പോൾ ദേവി പുറത്തിറങ്ങി എവിടെയോ പോയിരിക്കുകയായിരുന്നു. ക്ഷേത്രം തുറന്നു കിടന്നിരുന്നു. കാളിദാസൻ അകത്തു കടന്നു വാതിലടച്ചു സാക്ഷയിട്ടുകൊണ്ട് അവിടെയിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ദേവി മടങ്ങി വന്നു. അപ്പോൾ ക്ഷേത്രം അടച്ചു സാക്ഷയിട്ടിരിക്കുന്നതായിക്കണ്ടിട്ടു ദേവി "അകത്താര്?" എന്നു ചോദിച്ചു.

 

 

അപ്പോൾ കാളിദാസൻ വാതിൽ തുറക്കാതെ ധൈര്യസമേതം "പുറത്താര്?" എന്നു ചോദിച്ചു. മനു‌ഷ്യസഞ്ചാരം തുടങ്ങുന്നതിനുമുമ്പ് അകത്തു കടക്കേണ്ടത് അത്യാവശ്യമായിരുന്നതിനാൽ ദേവി ബദ്ധപ്പെട്ട് "പുറത്ത് കാളി" എന്നു പറഞ്ഞു. അപ്പോൾ കാളിദാസൻ "എന്നാൽ അകത്തു ദാസൻ" എന്നു പറഞ്ഞു. അതു കേട്ടു ദേവി പ്രസാദിച്ചു. "കാളിദാസ! നിനക്കെന്തു വേണം? വാതിൽ തുറക്കുക" എന്നു വീണ്ടും പറഞ്ഞു.

 

അതുകേട്ട് കാളിദാസൻ "എനിക്കു വിദ്യയാണൂ വേണ്ടത്. അതു തന്നല്ലാതെ ഞാൻവാതിൽ തുറക്കുകയില്ല" എന്നു പറാഞ്ഞു. ഉടനെ ദേവി "എന്നാൽ നിന്റെ നാവു ഈ വാതിലിന്റെ ഇടയിൽ കൂടി പുറത്തേക്കു കാട്ടുക" എന്നു പറയുകയും കാളിദാസൻ നാവു പുറത്തേക്ക് കാട്ടിക്കൊടുക്കുകയും ദേവി ഉടനെ തന്റെ ശുലാഗ്രംകൊണ്ട് ആ നാവിൽ വിദ്യാപ്രദമായ ചിന്താമണിമന്ത്രം എഴുതുകയും തത്ക്ഷണം കാളിദാസന്റെ ബുദ്ധി കാർമേഘം നീങ്ങി ചന്ദ്രികയെന്നപോലെ മാലിന്യം നീങ്ങിത്തെളിയുകയും അദ്ദേഹം വലിയ വിദ്വാനും മഹാകവിയുമായിത്തീരുകയും ചെയ്തു. ഉടനെ കാളിദാസൻ വാതിൽതുറന്നു ദേവിയുടെ മുമ്പിൽച്ചെന്നു.

 

അപ്പോൾ പെട്ടെന്നുണ്ടാക്കിയ ഏതാനും സ്തോത്രപദ്യങ്ങൾ ചൊല്ലി ദേവിയുടെ പാദത്തിങ്കൽ വീണു നമസ്കരിച്ചു. ഉടനെ ദേവി ക്ഷേത്രത്തിനകത്തു കടന്നു യഥാപൂർവ്വം ഇളകൊണ്ടു. കാളിദാസൻ ദേവിയെ വീണ്ടും വന്ദിച്ചു പുറത്തേക്കും പോയി. ദേവി പ്രസാദിച്ചു "കാളിദാസാ!" എന്നു വിളിച്ചപ്പോഴാണ് അദ്ദേഹത്തിന് ആ നാമധേയം സിദ്ധിച്ചത്. അതിനുമുമ്പ് അദ്ദേഹത്തിന്റെ പേരു വേറെ എന്തോ ആയിരുന്നു.

നേരം വെളുത്തപ്പോൾ കാളിദാസമഹാകവി ആ പ്രഭുപുത്രിയുടെ അടുക്കൽത്തനെ ചെന്നുചേർന്നു. അപ്പോൽ അദ്ദേഹത്തിന്റെ സംഭാ‌ഷണം കേട്ട് ആ വിദു‌ഷി "അസ്തി, കഞ്ചിദ്വാഗ്വിലാസഃ" എന്ന് അത്യത്ഭുതത്തോടു കൂടിപ്പറഞ്ഞു. മുമ്പേതന്നെ ഏറ്റവും സുന്ദരനയിരുന്ന അദ്ദേഹം ഒരു വിദ്വാനും കവിയുമായിത്തീർന്നിരിക്കുന്നു എന്നുകൂടി അറിഞ്ഞപ്പോൾ ആ സ്ത്രീ അദ്ദേഹത്തിൽ ഏറ്റവും ആസക്തചിത്തയായിത്തീർന്നു. എങ്കിലും തന്നെ ധിക്കരിച്ചു ബഹി‌ഷ്കരിച്ചവളെ താൻ ഭാര്യയാക്കി സ്വീകരിക്കുന്നതു വിഹിതമല്ലെന്നു തോന്നുകയാൽ കാളിദാസൻ അവിടേ നിന്നു പൊയ്ക്കളഞ്ഞു.

 

 

എന്നാൽ ആ സ്ത്രീരത്നത്തെ അദ്ദേഹം ബഹുമാനിക്കാതെയിരുന്നില്ല. അദ്ദേഹം രണ്ടാമത് ചെന്നപ്പോൾ ആ വിദു‌ഷി ആദ്യം പറഞ്ഞ വാക്യത്തിലെ മൂന്നു പദങ്ങളും എടുത്ത് ആദ്യം ചേർത്ത് അദ്ദേഹം മൂന്നു കാവ്യങ്ങളുണ്ടാക്കി. അവ, "അസ്ത്യുത്തരസ്യാം ദിശി, ദേവതാത്മാ" എന്നു തുടങ്ങിയിരിക്കുന്ന "കുമാരസംഭവ"വും, "കശ്ചിൽ കാന്താ വിരഹഗുരുണാ" എന്നു തുടങ്ങിയിരിക്കുന്ന "മേഘസന്ദേശ"വും, "വാഗർത്ഥാവിവ സംപൃക്തൗ" എന്നു തുടങ്ങിയിരിക്കുന്ന "രഘുവംശ"വുമാണെന്നു വിശേ‌ഷിച്ച് പറയണമെന്നില്ലല്ലോ. ഈ കാവ്യത്രയം കാളിദാസരുണ്ടാക്കിയത് ആ വിദു‌ഷിയുടെ സ്മാരകമായിട്ടാണെന്നാണു വിദ്വജ്ജനങ്ങൾ പറയുന്നത്.

അനന്തരം കാളിദാസകവിശ്രഷ്ഠൻ "വികമോർവശീയം", "മാളവികാഗ്നിമിത്രം", "ശാകുന്തളം" ഇങ്ങനെ മൂന്നു നാടകങ്ങളുണ്ടാക്കി. ഈ കാവ്യത്രയവും നാടകത്രയവും കൊണ്ട് അദ്ദേഹം വിശ്വവിശ്രുതനായിത്തീർന്നു. ഈ കാവ്യത്രയത്തിൽ മേഘസന്ദേശവും നാടകത്രയത്തിൽ മാളവികാഗ്നിമിത്രവും കല്പിതകഥകളും ശേ‌ഷമുള്ളവ പുരാണകഥകളുമാണല്ലോ. എന്നാൽ, കാളിദാസൻ എന്തെങ്കിലും പറഞ്ഞാൽ അതു സത്യമായിപ്പരിണമിക്കുമെന്ന് അദ്ദേഹത്തിന് ഒരനുഗ്രഹമുണ്ടായിരുന്നു.

 

 

അതിനാൽ അദ്ദേഹം കല്പിതകഥ പറഞ്ഞാലും വാസ്തവമായിത്തീരുമെന്നുള്ളതിനു ദൃഷ്ടാന്തമായി ഒരൈതിഹ്യമുള്ളതു താഴെപ്പറയുന്നു.

മേഘസന്ദേശം കല്പിതകഥയാണെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ഒരു യക്ഷൻ വൈശ്രവണന്റെ ശാപം നിമിത്തം ഒരു വർ‌ഷം ഭാര്യയെ വിട്ടുപിരിഞ്ഞു വിരഹദുഃഖം അനുഭവിച്ചുകൊണ്ട് താമസിക്കേണ്ടതായി വന്നുവെന്നും അക്കാലത്തു തന്റെ വർത്തമാനമറിയിക്കുന്നതിനായി ഭാര്യയുടെ അടുക്കലേക്കു ഒരു മേഘത്തെപ്പറഞ്ഞയച്ചുവെന്നുമാണല്ലോ അതിലെ കഥയുടെ ചുരുക്കം. കാളിദാസൻ, ഈ കാവ്യമുണ്ടാക്കിക്കഴിഞ്ഞപ്പോൾ ഒരു യക്ഷൻ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്നു "ഈ കാവ്യത്തിൽ പറയുന്ന സംഗതികളെല്ലാം പരമാർത്ഥമായിട്ട് ഉണ്ടായതു തന്നെയാണ്.

 

ഈ സംഗതികളെല്ലാം അവിടുന്ന് എങ്ങനെയറിഞ്ഞു? ആ യക്ഷൻ ഞാൻ തന്നെയാണ്" എന്നു പറഞ്ഞു. ഇതാണു ആ ഐതിഹ്യത്തിന്റെ ചുരുക്കം.

കാളിദാസമഹകവി മേൽപ്പറഞ്ഞ കാവ്യത്രയവും നാടകത്രയവും കൂടാതെ "സ്മൃതിചന്ദ്രിക", "ജോതിർവിദാഭരണം", "നളോദയം" മുതലായ പല ഗ്രന്ഥങ്ങൾ ചമച്ചിട്ടുള്ളതായി ചില പുസ്തകങ്ങളിൽക്കാണുന്നുണ്ട്. എന്നാൽ, അതു സഹൃദയന്മാർ പരക്കെ സമ്മതിക്കുന്നില്ല. മേല്പറഞ്ഞ കാവ്യത്രയവും നാടകത്രയവും കാളിദാസകൃതികളാണെന്നുള്ളതു പക്ഷാന്തരം കൂടാതെ ഏവരും സമ്മതിക്കുന്നതുകൊണ്ട് അതു മാത്രമേ നിശ്ശംശയമായി വിശ്വസിക്കാൻ തരംകാണുന്നുള്ളൂ.

 

കാളിദാസനെക്കുറിച്ചു ഇനി പ്രധാനമായി പറയാനുള്ളത് അദ്ദേഹം ഭോജരാജസദസ്സിൽ ചെന്നു ചേർന്നതിന്റെ ശേ‌ഷമുള്ള സംഗതികളാണ്. അവയെക്കുറിച്ചും സഹൃദയന്മാരുടെയിടയിൽ ചില പക്ഷാന്തരങ്ങളും സശയങ്ങളും ഇല്ലായ്കയില്ല. എങ്കിലും ഭോജചരിത്രം എന്ന ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തി ചില സംഗതികൾ താഴെപ്പറഞ്ഞുകൊള്ളുന്നു.

ഭോജരാജാവ് വിദ്വാന്മാരെയും കവികളെയും യഥായോഗ്യം ബഹുമാനിക്കുകയും സംഭാവനാദികൾ കൊണ്ടു സന്തോ‌ഷിപ്പിക്കുകയും ചെയ്യുന്ന ഉദാരശീലനാണെന്നുള്ള പ്രസിദ്ധി ലോകത്തിൽ സർവ്വത്ര വ്യാപിച്ചതിനാൽ വിദ്വാന്മാരെന്നും കവികളെന്നും മറ്റും പറഞ്ഞ് അസംഖ്യമാളുകൾ പ്രതിദിനം അദ്ദേഹത്തിന്റെ അടുക്കൽ വന്നുതുടങ്ങി. അവരിൽ ചിലർ ഒരു യോഗ്യതയുമില്ലാത്ത മൂഢന്മാരുമായിരികും അങ്ങനെയുള്ളവരുടെ ഉപദ്രവം കുറയ്ക്കുന്നതിനായി ഭോജരാജാവ് "സായണൻ" എന്നും "മായണൻ" എന്നും പേരായ രണ്ടു വിദ്വാന്മാരെ ദ്വാരപാലകന്മാരായി നിയമിച്ചു.

 

 

അവർ സദാ ഗോപുരദ്വാരത്തിൽ നിൽക്കണമെന്നും രാജാവിനെക്കാണാനായിട്ട് ആരെങ്കിലും വന്നാൽ ചില ചോദ്യങ്ങൾ ചോദിച്ചു പരീക്ഷിച്ചു യോഗ്യന്മാരാണെന്നു തോന്നുന്നവരെ മാത്രമേ രാജസന്നിധിയിലേക്കു കടത്തി വിടാവൂ എന്നും ചട്ടംകെട്ടുകയും ചെയ്തു.

ഈ ഏർപ്പാടിനു ശേ‌ഷമാണ് കാളിദാസകവി ഭോജരാജാവിന്റെ യോഗ്യതകളെക്കുറിച്ച് കേട്ട് അവിടെച്ചെന്നുചേർന്നത്. അദ്ദേഹം ഗോപുര ദ്വാരത്തിങ്കൽ ചെന്നു ദ്വാരപാലകന്മാരായ സായണമായണന്മാരോട് തനിക്ക് രാജാവിനെക്കാണണമെന്ന് ആവശ്യപ്പെട്ടു. ഉടനെ സായണമായണന്മാർ കാളിദാസനോട് "സൃഷ്ടിസ്ഥിതി സംഹാരകർത്താക്കന്മാരായിരിക്കുന്ന ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരിൽ വിഷ്ണുവിനെയും ശിവനെയും എല്ലാവരും പൂജിക്കുന്നു. സൃഷ്ടികർത്താവായ ബ്രഹ്മാവിനെ ഭൂലോകത്തിൽ ആരും പൂജിക്കാത്തതെന്താണ്?" എന്നു ചോദിച്ചു. അതിനുത്തരമായിട്ട് കാളി ദാസൻ:

"അജാഗളസ്ഥസ്തനമുഷ്ട്രകണ്ഠം
നാസാന്തരേ ലോമ തഥാണ്ഡയുഗ്മം
വൃഥാ സൃജൻ സായണമായണൌ ച
പൂജാം ന ലേഭേ ഭൂവി പത്മജന്മാ"

(പെണ്ണാടിന്റെ കഴുത്തിലെ മുലയും ഒട്ടകത്തിന്റെ കഴുത്തും മൂക്കിനകത്തു രോമവും അണ്ഡയുഗ്മവും അപ്രകാരംതന്നെ വെറുതെ സായണമായണന്മാരെയും സൃഷ്ടിച്ചതുകൊണ്ടാണ് ഭൂമിയിൽ ബ്രഹ്മാവിനെ ആരും പൂജിക്കാതെ ആയത്) എന്നൊരു ശ്ലോകം ചൊല്ലി.

 

 

അതുകേട്ട് അവർ ലജ്ജാവനതമുഖന്മരായി മാറിനിന്നു. ആ തരത്തിന് കാളിദാസൻ അകത്തു കടന്നു രാജസദസ്സിലേക്കു പോയി. അദ്ദേഹം ചെന്നപോൾ രാജാവു സഭാ മണ്ഡപത്തിൽനിന്നു മറ്റൊരു മാളികയിലേക്കു പോയിരിക്കുകയായിരുന്നു.

 

 

സഭയിൽച്ചെന്നിരുന്ന കവികളിൽ ശങ്കരകവി അന്നൊരാൾക്കുമാത്രം പന്ത്രണ്ടുലക്ഷവും ശേ‌ഷമെല്ലാവർക്കും ഒരു ലക്ഷവും വീതം നാണയം സമ്മാനം കൊടുത്തിട്ടാണ് രാജാവു പോയത്. രാജാവ് അങ്ങനെ ചെയ്തത് ന്യായമായില്ലെന്നും ശങ്കരകവിക്കു തങ്ങളേക്കാൾ കൂടുതലായി എന്തു യോഗ്യതയാണുള്ളതെന്നും മറ്റും പറഞ്ഞു ശേ‌ഷമുണ്ടായിരുന്ന കവികൾ ലഹള കൂട്ടിക്കൊണ്ടിരുന്നപ്പോഴാണ് കാളിദാസൻ സഭാസ്ഥലത്തു ചെന്നു ചേർന്നത്.

 

 

കാളിദാസൻ കവികളുടെ വഴക്കുകേട്ടിട്ട് "രാജാവിന്റെ അഭിപ്രായ മെന്താണെന്നറിയാതെ നിങ്ങൾ ലഹളയുണ്ടാക്കുന്നതു ശാരിയല്ല. ശങ്കരൻ രുദ്രനാണല്ലോ. ഏകാദശരുദ്രന്മാർക്ക് ഒരു ലക്ഷം വീതം കണക്കാക്കിയൽ പിന്നെ ശങ്കരകവിക്കു നിങ്ങളോടൊപ്പം ഒരു ലക്ഷമല്ലേയുള്ളൂ. ഇതായി രിക്കും രാജാവിന്റെ അഭിപ്രായം" എന്നു പറഞ്ഞു.

 

കാളിദാസന്റെ യുക്തി കേട്ട് എല്ലാവരും സന്തോ‌ഷിച്ചു. അപ്പോൾ രാജാവു താഴെയിറങ്ങിവന്ന് കാളിദാസനെ പിടിച്ചു ഗാഢാശ്ലേ‌ഷം ചെയ്തിട്ടു കൈയ്ക്കു പിടിച്ചു മാളികയിലേക്ക് കൊണ്ടുപോയി. ആസനസൽക്കാരംചെയ്തിരുത്തി കുശല പ്രശ്നം ചെയ്തു. കാളിദാസൻ സന്തോ‌ഷിച്ചു രാജാവിനെ സ്തുതിച്ചു;

"മഹാരാജ! ശ്രീമൻ! ജഗതി യശസാ തേ ധവളിതേ
പയഃപാരാവാരം പരമപുരു‌ഷോയം മൃഗയതേ
കപർദ്ദീ കൈലാസം കുലിശഭൃതഭെമൗം കരിവരം
കലാനാഥം രാഹുഃ കമലഭവനോ ഹംസമധുനാ"

(അല്ലയോ ശ്രീമാനായ മഹാരാജാവേ! ഭവാന്റെ യശസ്സിനാൽ ജഗത്ത് ധവളീകൃതമായിരിക്കുനതിനാൽ ഇപ്പോൾ മഹാവിഷ്ണു പാൽക്കടലും ശിവൻ കൈലാസപർവ്വത്വും ദേവേന്ദ്രൻ ഐരാവതവും രാഹു ചന്ദ്രനും ബ്രഹ്മാവു തന്റെ വാഹനവുമായ അരയന്നവും ഏതെന്നു തിരിച്ചറിയാൻ വയ്യാതെ അന്വേ‌ഷിച്ച് നടക്കുന്നു) എന്നൊരു ശ്ലോകം ചൊല്ലി. അതു കേട്ടപ്പോൾ കിഴക്കോട്ടു തിരിഞ്ഞിരുന്ന രാജാവ് എഴുന്നേറ്റ് തെക്കോട്ട് തിരിഞ്ഞിരുന്നു. ഉടനെ കാളിദാസൻ,

"നിരക്ഷീരേ ഗൃഹീത്വാ നിഖിലഖഗതതീ-
ര്യാതി നാളീകജന്മാ
തക്രം ധൃത്വാ തു സർവ്വാനടതി ജലനിധിംശ്ചക്ര-
പാണിർമ്മുകുന്ദഃ
സർവ്വാനുത്തുംഗശൈലാൻ ദഹതി പശുപതിഃ
ഫാലനേത്രണ പശ്യൻ
വ്യാപ്താ ത്വൽകീർത്തികാന്താ ത്രിജഗതി നൃപതേ!
ഭോജരാജ! ക്ഷിതീന്ദ്ര!"

(അല്ലയോ ഭൂമീന്ദ്രനായിരിക്കുന്ന ഭോജരാജാവേ! ഭവാന്റെ കീർത്തി കാന്താ തെലോക്യത്തെ വ്യാപിച്ചിരിക്കുന്നതിനാൽ ബ്രഹ്മാവു വെള്ളവും പാലും കൂട്ടിച്ചേർത്തെടുത്തുകൊണ്ടു സകല പക്ഷിഗണങ്ങളുടെയും അടുക്കൽ പോകുന്നു

 

. മഹാവിഷ്ണു മോരെടുത്തുകൊണ്ടും സകല സമുദ്രങ്ങളെയും പ്രാപിക്കുന്നു. ശിവൻ വലിയ പർവ്വതങ്ങളെയെല്ലാം നെറ്റിക്കണ്ണുകൊണ്ടു ദഹിപ്പികുന്നു) എന്നു രണ്ടാമതും ഒരു ശ്ലോകം ചൊല്ലി. (വെള്ളവും പാലും കൂട്ടിച്ചേർത്തുകൊടുത്താൽ അതിൽ നിന്നു പാൽമാത്രം കുടിക്കാനുള്ള ദിവ്യശക്തി ഹംസത്തിനുണ്ടല്ലോ. അപ്രകാരം തന്നെ മോരൊഴിച്ചാൽ പാൽ തൈരാകുമല്ലോ. കൈലാസപർവ്വതം വെള്ളിയാകയാൽ അഗ്നിജ്വാല തട്ടിയാൽ അത് ഉരുകുമല്ലോ. അതിനാൽ അപ്രകാരമെല്ലാം പരീക്ഷിച്ച് ഹംസം, പാൽക്കടൽ, കൈലാസപർവ്വതം ഇവയെ കണ്ടുപിടിക്കാമെന്നു വിചാരിച്ചു ബ്രഹ്മാദികൾ മേൽപ്പറഞ്ഞ പ്രകാരം ചെയ്യുന്നു എന്നു സാരം) ഇതു കേട്ടപ്പോൾ രാജാവു പടിഞ്ഞാട്ട് തിരിഞ്ഞിരുന്നു. ഉടനെ കാളിദാസൻ.

"വിദ്വദ്രാജശിഖാമണേ! തുലയിതും
ധാതാ ത്വദീയം യശഃ
കൈലാസഞ്ച നിരീക്ഷ്യ തത്ര ലഘുതാം
നിക്ഷിപ്തവാൻ പൂർത്തയേ
ഉക്ഷാണം തദുപര്യുമാസഹചരം
തന്മുർദ്ധ്നി ഗംഗാജലം
തസ്യാഗ്ര ഫണിപുംഗവം തദുപരി
സ്ഫാരം സുധാദീധിതിം"

(അല്ലയോ വിദ്വാനായ രാജശേഖരാ! ബ്രഹ്മാവു ഭവാന്റെ കീർത്തിയെ തൂക്കിനോക്കാനായിട്ട് ഇടവെയ്ക്കുവാൻ കൈലാസത്തെ നോക്കിയപ്പോൾ അതിനു കനം പോരെന്നു കാണുകയാൽ കനം ശരിയാക്കാനായിട്ട് അതിന്റെ മുകളിൽ ഒരു കാളയേയും അതിന്റെ മുകളിൽ ശ്രീപാർവ്വതിയോടുകൂടിയ ശിവനേയും ആ ശിവന്റെ ശിരസ്സിൽ ഗംഗാജലത്തേയും അതിന്റെ മേൽ സർപ്പരാജാവിനെയും അതിനുമുകളിൽ ചന്ദ്രനേയും വെച്ചു) എന്നു മൂന്നാമതും ഒരു ശ്ലോകം ചൊല്ലി. അതു കേട്ടപ്പോൾ രാജാവു വടക്കോട്ട് തിരിഞ്ഞിരുന്നു. കാളിദാസൻ പിന്നെയും

"സ്വർഗ്ഗാൽ ഗോപാല! കുത്ര വ്രജസി? സുരമുനേ!
ഭൂതലേ കാമധേനോ
വത്സസ്യാനേതുകാമസ്തൃണചയമധുനാ
മുഗ്ദ്ധദുഗ്ദ്ധം ന തസ്യാഃ?
ശ്രുത്വാ ശ്രീഭോജരാജപ്രചുരവിതരണം
വ്രീഡശു‌ഷ്കസ്തനീ സാ
വ്യർത്ഥോ ഹി സ്യാൽ പ്രയാസസ്തദപി തദരിഭി-
ശ്ചർവ്വിതം സർവ്വമുർവ്വ്യാം"

(എടോ ഗോപാലാ! താൻ സ്വർഗ്ഗത്തിൽനിന്ന് എവിടെപ്പോകുന്നു? അല്ലയോ ദേവമുനേ! കാമധേനുവിന്റെ കിടാവിനു പുല്ലു കൊണ്ടുവരുവാനായിട്ടു ഞാനിപ്പോൾ ഭൂമിയിലേക്കു പോവുകയാണ്. ആ പശുവിനു നല്ല പാലില്ലയോ? ശ്രീമാനായ ഭോജരാജാവിന്റെ അത്യധികമായ ദാനത്തെക്കുറിച്ചു കേട്ടു ലജ്ജിച്ചിട്ട് ആ പശുവിന്റെ അകിടു വറ്റിപ്പോയി. എന്നാൽ, നിന്റെ ഈ ശ്രമം നി‌ഷ്ഫലം തന്നെയാകും. ഭൂമിയിലുണ്ടായിരുന്ന പുല്ലെലാം ഭോജരാജാവിന്റെ ശാത്രുകൾ തിന്നു തീർത്തിരിക്കുന്നു). ഇങ്ങനെ നാലമത് ഒരു ശ്ലോകംകൂടിച്ചൊല്ലി. ഉടനെ രാജാവെഴുന്നേറ്റ് അവിടേനിന്നു പോകാൻ ഭാവിച്ചു. അപ്പോൾ കാളിദാസൻ രാജാവിന്റെ കൈയ്ക്കു പിടിച്ച് അവിടെയിരുത്തീട്ട്, "അല്ലയോ അത്യെദൗാര്യനിധിയായ മഹാരാജാവേ, ഭവാന്റെ വിചാരം എനിക്കു മനസ്സിലായി. ഇതൊരു സാഹസമാണ്. ഈ നാലു ശ്ലോകങ്ങൾക്കായിട്ടു രാജ്യത്തിന്റെ നാലു ഭാഗങ്ങളും എനിക്കു തന്നിരിക്കുന്നതായി സങ്കൽപ്പിച്ചുകൊണ്ടാണല്ലോ ഭവാൻ എഴുന്നേറ്റു പോകാൻ ഭാവിച്ചത്. രാജ്യം രാജാവിന് ഇരിക്കേണ്ടതാണ്. അതിനാൽ ഈ രാജ്യം അവിടേയ്ക്കുതന്നെ ഇതാ ഞാൻ തിരിച്ചു തന്നിരിക്കുന്നു. അവിടുന്ന് അവിടെ ഇരുന്നാലും" എന്നു പറഞ്ഞു.

പിന്നെ അവർ രണ്ടുപേരുംകൂടി സ്വൈര്യസലാപം ചെയ്തുകൊണ്ടു കുറച്ചുനേരമിരുന്നപ്പോഴേക്കും നേരം സന്ധ്യയായി. അപ്പോൾ രാജാവ് "സുകവേ! ഈ സന്ധ്യയെ വർണ്ണിച്ചാലും " എന്നു പറഞ്ഞു. ഉടനെ കാളിദാസൻ,

"വ്യസനിന ഇവ വിദ്യാ ക്ഷീയതേ പങ്കജശ്രീ
ഗുണിന ഇവ വിദേശേ ദൈന്യമായാന്തി ഭൃംഗാഃ
കുനൃപതിരിവ ലോകം പീഡയത്യന്ധകാരോ
ധനമിവ കൃപണസ്യ വ്യർത്ഥതാമേതി ചക്ഷുഃ"

(താമരപ്പൂവിന്റെ ശോഭ വ്യസനാക്രാന്തന്റെ വിദ്യ എന്നപോലെ ക്ഷയിക്കുന്നു. ഗുണികൾ വിദേശത്തെന്നപോലെ വണ്ടുകൾ ദീനതയെ പ്രാപിക്കുന്നു. ദുഷ്ടനായ രജാവെന്നപോലെ അന്ധകാരം ലോകത്തെ ദുഃഖിപ്പിക്കുന്നു. കണ്ണു ലുബ്ധന്റെ ധനമെന്നപോലെ നി‌ഷ്ഫലമായിത്തീരുന്നു) എന്നൊരു ശ്ലോകം ചൊല്ലി. രാജവു സന്തോ‌ഷിച്ച് അതിനു കാളിദാസന് പ്രത്യക്ഷരലക്ഷം ധനം (അവിടെ നടപ്പായിരുന്ന നാണയം) കൊടുത്തു. കാളിദാസൻ സന്തോ‌ഷിച്ച് വീണ്ടും.

"സുകവേശ്ശബ്ദസെഭൗാഗ്യം സത്കവിർവേത്തി നാപരഃ
വന്ധ്യാ നഹി വിജാനാതി പരാം ദെഹൗൃദസമ്പദം"

(സത്കവിയുടെ വാക്കുകളുടെ ഭംഗി സത്കവിയല്ലാതെ അന്യൻ അറിയുന്നില്ല. ഗർഭസമ്പത്തിനെക്കുറിച്ചു വന്ധ്യ (മച്ചി) അറിയുന്നില്ലല്ലോ) ഇങ്ങനെ രാജാവിനെ സ്തുതിച്ചു. പിന്നെ ക്രമേണേ ഭോജരാജാവും കാളിദാസനും തമ്മിൽ സന്തോ‌ഷം വർദ്ധിച്ചു പ്രാണസ്നേഹിതന്മാരായിത്തീർന്നു.

വിട്ട് പോയത് ചേർക്കാനുണ്ട്

അനന്തരം എലാവരും കൂടി ആലോചിച്ച് ഒരു കെശൗലം ചെയ്തു. രാജാവിന്റെ താംബൂലവാഹിനി മുറുക്കാനുണ്ടാക്കിക്കൊടുക്കുന്നവളായ തരംഗവതി എന്ന ദാസിക്കു ചില സമ്മാനങ്ങളും മറ്റും കൊടുത്ത് അവളെ സ്വാധീനപ്പെടുത്തീട്ട്, "അല്ലയോ സുഭഗേ! ഈ കാളിദാസൻ നിമിത്തം ഞങ്ങളുടെ യോഗ്യതകൾ ഇവിടെ പ്രകാശിക്കാതെയായിരിക്കുന്നു. അതിനാൽ രജാവു കാളിദാസനെ ഈ ദിക്കിൽനിന്നു പറഞ്ഞയക്കുവാൻ തക്കവിധത്തിൽ നീയെന്തെങ്കിലും ഒരു കെശൗലമുണ്ടാക്കണം" എന്നു പറയുകയും അവൽ അതു സമ്മതിക്കുകയും ചെയ്തു.

അതിനുശേ‌ഷം ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു ദിവസം രാജാവ് അത്താഴം കഴിഞ്ഞു തനിച്ചു കിടന്നിരുന്ന സമയത്ത് ആ ദാസി അദ്ദേഹത്തിന്റെ അടുക്കൽച്ചെന്ന് മുറുക്കാനുണ്ടാക്കിക്കൊടുത്തിട്ടു കാൽ തലോടിക്കൊണ്ടിരുന്നു. അങ്ങനെയിരുന്നപ്പോൾ അവൾ നിദ്ര ബാധിച്ചതായി നടിച്ചു അവിടെത്തന്നെ കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഉറക്കത്തിൽ പറയുന്ന വിധത്തിൽ "സഖീ കനകമാലിനീ! ആ കാളിദാസൻ മഹാദുർബുദ്ധിതന്നെയാണ്. അയാൾ ദാസീവേ‌ഷം ധരിച്ച് അന്തഃപുരത്തിൽ കടന്നു രാജാവിന്റെ പത്നിയായ ലീലാദേവിയോടുകൂടി രമിക്കുന്നു. ഇതു കഷ്ടമല്ലേ?" എന്നു പറഞ്ഞു. രാജാവ് ഇതു കേട്ട് എഴുന്നേറ്റു ദാസിയോട്. "എടീ തരംഗവതീ! നീ ഉറങ്ങിക്കിടാക്കുന്നുവോ അതോ ഉണർന്നു കിടക്കുന്നുവോ?" എന്നു ചോദിച്ചു. അവൾ ഒന്നും മിണ്ടാതെ ഉറക്കം നടിച്ചു തന്നെ കിടന്നു. അപ്പോൾ രാജാവ്, "ഇത് ഇവളുടെ മനസ്സിലിരുന്നത് ഉറക്കത്തിൽപ്പറഞ്ഞതാണ്. സംഗതി വാസ്തവം തന്നെയായിരിക്കണം. സ്ത്രീലമ്പടനായ കാളിദാസന്റെ സ്ഥിതിക്ക് ഇങ്ങനെ വരാവുന്നതാണ്. പിന്നെ ലീലാദേവി ഇങ്ങിനെ ചെയ്യുമോ? എന്നാണെങ്കിൽ

"സ്ത്രീണാം ച ചിത്തം പുരു‌ഷസ്യ ഭാഗ്യം
ദേവോ ന ജാനാതി കുതോ മനു‌ഷ്യഃ"

എന്നുണ്ടല്ലോ. എല്ലാംകൊണ്ടും ഇതു വിശ്വസിക്കാതെയിരിക്കാൻ തരമില്ല എന്നു വിചാരിച്ച് അങ്ങനെ ഉറച്ചു.

പിറ്റേ ദിവസം കാളിദാസൻ രാജസന്നിധിയിൽ ചെന്നപ്പോൾ രാജാവ്, "അല്ലയോ കവേ! പലതുകൊണ്ടും നിങ്ങൾ ഈ ദേശത്തു താമസിക്കാൻ യോഗ്യനല്ലെന്നു നമുക്കു തോന്നിയിരിക്കുന്നു. അതിനാൽ ക്ഷണത്തിൽ ഈ ദേശം വിട്ടു പൊയ്ക്കൊള്ളണം. കാരണമൊന്നും നാം വിസ്തരിക്കുന്നില്ല. അതു ചോദിക്കാൻ നിങ്ങൾക്ക് അവകാശവുമില്ല" എന്നു പറഞ്ഞു. ഉടനെ കാളിദാസൻ അവിടെനിന്ന് ഇറങ്ങിപ്പോയി വേശ്യാഗൃഹത്തിൽച്ചെന്ന് ആ സ്ത്രീയോട്, "അല്ലയോ പ്രിയതമേ! ഞാൻ ഈ ദേശത്തു താമസിക്കരുതെന്നു രാജവു കൽപ്പിച്ചിരിക്കുന്നു. അതിനാൽ ഞാനിതാ പോകുന്നു" എന്നു പറഞ്ഞു. അപ്പോൾ വേശ്യ, "അലയോ പ്രിയതമ! നമുക്കു നിത്യവൃത്തിക്കു രാജാവു വല്ലതും തന്നിട്ടു വേണമെന്നില്ല. നമുക്കു വേണ്ടതെല്ലാം ഇവിടെയുണ്ട്. അതിനൽ ഭവാൻ ആരുമറിയാതെ ഗൂഢമായി സസുഖം ഇവിടെത്തന്നെ താമസിച്ചുകൊള്ളണം. ഭവാനെ ഞാൻ രക്ഷിച്ചുകൊള്ളാം" എന്നു പറഞ്ഞു. കാളിദാസൻ അതു കേട്ടു ഗൂഢമായി അവിടെത്തന്നെ താമസമുറപ്പിച്ചു.

കാളിദാസൻ പിരിഞ്ഞുപോയതിന്റെശേ‌ഷം രാജാവ് തന്റെ പ്രാണസ്നേഹിതനായിരുന്ന ആ മഹാകവിയെ പറഞ്ഞയയ്ക്കേണ്ടതായി വന്നതിനേയും തന്റെ പ്രാണപ്രിയയായ ലീലാദേവിയുടെ ദുശ്ചേഷ്ടിതത്തെയും കുറിച്ചു വിചാരിച്ചു ഏറ്റവും ഖിന്നനായിത്തീർന്നു. അദ്ദേഹം കുളിക്കാതെയും ഉണ്ണാതെയും ആരോടുമൊന്നും മിണ്ടാതെയുമിരിപ്പായി. രാജാവിന്റെ ആ ഇരിപ്പു കണ്ടിട്ട് ലീലാദേവി വി‌ഷാദത്തോടുകൂടി അടുത്തു ചെന്നു, "അല്ലയോ പ്രാണനാഥ! സർവ്വജ്ഞനായ ഭവാൻ ഈ അവസ്ഥാന്തരത്തെ പ്രാപിക്കുന്നതിനുണ്ടായ കാരണമെന്ത്? ഇതിന്റെ വാസ്തവ കാരണം അനന്യശരണയായ എന്നോടു പറയണം. ഭവാനെ ഈ സ്ഥിതിയിൽ കണ്ടുകൊണ്ട് ക്ഷണനേരം പോലും ജീവിക്കാൻ ഞാൻ ശക്തയല്ല. ഭവാൻ പരമാർത്ഥം പറയാതെയിരുന്നൽ ഇപ്പോൾത്തന്നെ ഏതു വിധവും ഞാൻപ്രാണത്യാഗം ചെയ്യും. ഭവാൻ എന്റെ പ്രാണനാഥനാണെങ്കിൽ എന്റെ പ്രാണനെ രക്ഷിക്കണം" എന്നു പറഞ്ഞുകൊണ്ടു കാല്പിടിച്ചു കരഞ്ഞു.

ലീലാദേവിയുടെ പാരവശ്യം കണ്ട് ആർദ്രമാനസനായി ഭവിക്കുകയാൽ രാജാവ് ദാസി ഉറക്കത്തിൽപ്പറഞ്ഞതും താൻ കാളിദാസനെപ്പറഞ്ഞയതും മറ്റും വിവരിച്ചു പറഞ്ഞു. അതൊക്കെ കേട്ടപ്പോൾ ലീലാദേവി "ഇത്രയും കാലം പരിചയിച്ചിട്ടും അവിടേക്ക് എന്റെ സത്യസ്ഥിതി അറിയാൻ വയ്യാതെപോയതു കഷ്ടം തന്നെ. ആട്ടെ, ആദ്യം എന്റെ പരമാർത്ഥതയെത്തന്നെ ഞാൻ ബോധ്യപ്പെടുത്താം. മറ്റുള്ള സംഗതികളെക്കുറിച്ചു പിന്നെപ്പറയാം" എന്നു പറഞ്ഞു വിറകുതടികൾ വരുത്തി കൂട്ടിച്ച് അതിനു തീകൊളുത്തി കത്തിക്കാളി ജ്വലിച്ചു തുടങ്ങിയപ്പോൾ പോയി കുളിച്ചുവന്ന് ആദിത്യദേവനെ നോക്കിത്തൊഴുതുകൊണ്ട് "അല്ലയോ ലോകസാക്ഷിയായ ഭഗവാനേ! ഞാൻഎന്റെ ഭർത്താവായ ഈ രാജാവിനെയല്ലാതെ മറ്റൊരു പുരു‌ഷനെ സ്വപ്നേപി സ്മരിക്കുകപോലും ചെയ്തിട്ടുണ്ടെങ്കിൽ എന്റെ ദേഹം ഈ അഗ്നിയിൽ വെന്തു വെണ്ണീറാകട്ടെ. അലെങ്കിൽ എന്റെ ചാരിത്രശുദ്ധിയെ പ്രത്യക്ഷപ്പെടുത്തുക" എന്നു പറഞ്ഞിട്ട് അഗ്നിയിലേക്കു ചാടി. ലീലാദേവി ഒരു രോമം പോലും കരിയാതെ അഗ്നിശുദ്ധയയി അവിടെനിന്നിറങ്ങി അന്തഃപുരത്തിലേക്കു പോയി. അതു കണ്ടു രാജവു വിസ്മയം കൊണ്ടും പശ്ചാത്താപം കൊണ്ടും വിഹ്വലമനസനായിട്ടു ലജ്ജാവനതമുഖനായി ദേവിയുടെ അടുക്കൽച്ചെന്ന് "പ്രാണപ്രിയേ! എന്റെ സമസ്താപരാധങ്ങളും ദേവി ക്ഷമിക്കണം. ഞാനിതാ ക്ഷമായാചനം ചെയ്തുകൊള്ളുന്നു" എന്നു പറഞ്ഞു. അതു കണ്ട് ലീലാദേവി "അല്ലയോ പ്രാണനാഥാ! അവിടേക്ക് ഈ ദുശ്ശങ്കയുണ്ടായതിൽ പ്രധാന കാരണം എന്നെക്കുറിച്ചുള്ള സ്നേഹത്തിന്റെ ആധിക്യം തന്നെയാണെന്ന് എനിക്കറിയാം. അതിനാൽ ഇതിനെക്കുറിച്ച് ഇത്രയൊന്നും പറയണമെന്നില്ല. എന്നാൽ അവിടുന്ന് പ്രാണാധികസ്നേഹത്തോടും ബഹുമാനത്തോടുംകൂടി പൂജിച്ചിരുന്ന കവികുലശിരോമണിയായ കാളിദാസനെ ഇവിടെനിന്നു നി‌ഷ്കരുണം നി‌ഷ്കാസനം ചെയ്തതു വലിയ കഷ്ടമായിപ്പോയി. ഇതെല്ലാം ഉണ്ടാക്കിത്തീർത്തത് ഇവിടെ സഭയിലുള്ള ശേ‌ഷം കവികളാണ്. കാളിദാസൻ ഇവിടെയുള്ളപ്പോൾ അവരുടെ യോഗ്യത ഇവിടെ പ്രകാശിക്കുകയില്ല. ഖദ്യോതനനുള്ളപ്പോൾ ഖദ്യോതങ്ങൾ പ്രദ്യോതിക്കുകയില്ലല്ലോ. അതിനാൽ അദ്ദേഹത്തെ ഇവിടെ നിന്ന് ഓടിക്കാനായി അവർ ആ ദുഷ്ടദാസിക്കു ചില സമ്മാനങ്ങളും മറ്റും കൊടുത്തു വശീകരിച്ചതിനാൽ അവൾ ഉറക്കം നടിച്ചു കിടന്നുകൊണ്ട് അങ്ങനെ പറഞ്ഞതാണെന്നുള്ളതിനു സംശയമില്ല. സർവ്വജ്ഞനായ അവിടുന്ന് ഈ പരമാർത്ഥം അറിയാത്തത് അത്ഭുതം തന്നെ" എന്നു പറഞ്ഞു. ഉടനെ രാജാവ്, "പ്രിയേ! ഇതെല്ലാം സത്യം തന്നെ എന്നു ഞാൻ സമ്മതിക്കുന്നു. ഞാൻഅധികം താമസിക്കാതെ ഈ ദുഷ്ടകവികളെയെല്ലാം ഇവിടെനിന്നു ഓടിക്കുകയും കാളിദാസമഹാകവിയെ യഥാപൂർവ്വം ഇവിടെ വരുത്തി സൽക്കരിച്ചു താമസിപ്പിക്കുകയും ചെയ്യാം" എന്നു പറഞ്ഞു.

അനന്തരം ഏതാനും ദിവസങ്ങൾക്കുശേ‌ഷം രാജാവ് ഒരു സമസ്യ ഉണ്ടാക്കിക്കൊണ്ട് ഒരു ദിവസം സഭാമണ്ഡപത്തിൽ ചെന്നു. അപ്പോൾ കാളിദാസനൊഴിച്ചുള്ള സകല കവികളും അവിടെച്ചെന്നുകൂടി. ഉടനെ രാജാവ് താനുണ്ടാക്കിയ സമസ്യ ചൊല്ലിക്കേൾപ്പിച്ചിട്ട് എല്ലാവരോടുംകൂടി "ഈ സമസ്യ വേണ്ടതുപോലെ നിങ്ങൾ പൂരിപ്പിക്കണം. അതു നിങ്ങളാൽ സാധ്യമല്ലെങ്കിൽ നിങ്ങളെല്ലാവരും ഈ ദേശം വിട്ടു പോയ്ക്കൊള്ളണം. ഈ ദിക്കിൽ ആരെയും കണ്ടുകൂടാ" ഏന്നു പറഞ്ഞു. അതു പ്രാകൃതത്തിലുള്ള ശ്ലോകാർദ്ധസമസ്യയായിരുന്നു. അതു കേട്ടപ്പോൾത്തന്നെ പൂരിപ്പിക്കുന്ന കാര്യം അസാദ്ധ്യമെന്ന് അവർക്കൊക്കെത്തോന്നി. എങ്കിലും ഇതു പൂരിപ്പിക്കുന്നതിന് എട്ടു ദിവസത്തെ അവധി കിട്ടണമെന്ന് അവർ അപേക്ഷിക്കുകയും രാജാവ് അതു സമ്മതിക്കുകയും ചെയ്തു.

എട്ടാം ദിവസം രാത്രിയായിട്ടും ആ കവികൾക്ക് ആ സമസ്യ പുരിപ്പിക്കാൻ കഴിഞ്ഞില്ല. രാത്രിയിൽ അവരെലാവരുംകൂടി, "നമുക്ക് ഇപ്പോൾതന്നെ ഈ ദേശം വിട്ടു പോകാം. വെളുത്താൽ രാജഭടന്മാർ നമ്മെപ്പിടിച്ചു നാടുകടത്തും. അതിനുമുമ്പു പോവുകയാണല്ലോ നല്ലത്. നല്ല നിലാവുണ്ട്" എന്നു പറഞ്ഞു നിശ്ചയിച്ചു അവർ അവരുടെ സാമാനങ്ങളെല്ലാം കെട്ടിയെടുത്തുകൊണ്ടുപോയി.

അവർ പോയത് കാളിദാസന്റെ പ്രിയതമയായ വിലാസവതി എന്ന വേശ്യയുടെ ക്രീഡോദ്യാനത്തിനടുത്തുള്ള വഴിയിൽക്കൂടിയായിരുന്നു. ആ സമയത്ത് കാളിദാസനും വിലാസവതിയും ഉദ്യാനത്തിലുണ്ടായിരുന്നു. ഈ കവികളുടെ പരസ്പര സംഭാ‌ഷണസംഗതി ഒരുവിധം മനസ്സിലാക്കീട്ടു വേശ്യയോട്, "പ്രിയേ! ഈ പോകുന്നത് ഭോജസദസ്സിലെ കവികളാണ്. ഇവരും എന്നെപ്പോലെ രാജവു പറഞ്ഞയച്ചു പോവുകയാണ്. ഇവർ എന്നെ ദ്രോഹിച്ചവരാണെങ്കിലും ഇവരെ രക്ഷിക്കണം. "ഉപകാരപ്രധാനഃ സ്യാദപകാരപരേപ്യരൌ "എന്നുണ്ടല്ലോ. നമുക്കു ഗൃഹത്തിലേക്കു പോകാം. എനിക്കു വേ‌ഷമൊന്നു മാറണം" എന്നു പറഞ്ഞ് അവർ ഗൃഹത്തിലേക്ക് പോയി. കാളിദാസൻ ഉടനെ ഒരു ചാരന്റെ വേ‌ഷം ധരിച്ചുകൊണ്ടു ക്ഷണത്തിൽ മറ്റൊരു വഴിയേ കുറച്ചു ദൂരം പോയിട്ടു മറ്റൊരു സ്ഥലത്തുനിന്നു വരുന്ന ഭാവത്തിൽ ആ കവികളുടെ നേരെ വന്നു. അടുത്ത് എത്തിയപ്പോൾ കാളിദാസൻ (ചാരഭാ‌ഷയിൽ) "മഹാബ്രാഹ്മണർക്കു നമസ്കാരം" എന്നു പറഞ്ഞിട്ട് "ഭവാന്മാർ എവിടേ നിന്നു വരുന്നു? എവിടെ പോകുന്നു? എന്നു ചോദിച്ചു. കവികൾ പരമാർത്ഥമെല്ലാം പറഞ്ഞതിന്റെ ശേ‌ഷം "ഭവാൻ എവിടെനിന്നു വരുന്നു? എവിടെപ്പോകുന്നു?" എന്ന് അങ്ങോട്ടും ചോദിച്ചു. അതിനുത്തരമായിട്ട് ചാരൻ "ഞാൻകാശീദേശവാസിയാണ്. ധനാഗ്രഹം നിമിത്തം ഭോജരാജാവിനെ കാണാൻ പോവുകയാണ്. രാജാവുണ്ടാക്കിയെന്നു പറഞ്ഞ ആ സമസ്യ കേട്ടാൽക്കൊള്ളാമെന്നുണ്ട്" എന്നു പറഞ്ഞു. കവികൾ സമസ്യ ചൊല്ലിക്കേൾപ്പിച്ച ക്ഷണത്തിൽ ചാരൻ "ഇതിന്റെ പൂരണം ഇങ്ങനെയായിരിക്കേണ്ടതാണ്" എന്നു പറഞ്ഞിട്ട് ആ അർദ്ധശ്ലോകത്തിന്റെ ഉത്തരാർദ്ധം പ്രാകൃതത്തിൽത്തന്നെ ചൊല്ലിപ്പൂരിപ്പിച്ചു. കവികൾ അതു കേട്ടു സമ്മതിക്കുകയും സന്തോ‌ഷിക്കുകയും വിസ്മയിക്കുകയും ചെയ്തു. ഉടനെ ചാരൻ വന്ദനം പറഞ്ഞ് അവിടെനിന്നു പോയി.

ചാരൻ പൊയ്ക്കഴിഞ്ഞപ്പോൾ കവികൾ "ഇനി നമുക്ക് ഈ ദേശം വിട്ടു പോകണമെന്നില്ല. കാലത്തേതന്നെ രാജസന്നിധിയിലെത്തി സമസ്യാപുരണം കേൾപ്പിക്കണം. ഈ ചാരൻ അവിടെയെത്തുന്നതിനുമുമ്പു നമുക്കെത്തണം. നമുക്കിപ്പോൾ നമ്മുടെ വാസസ്ഥലങ്ങളിലേക്കു തന്നെ പോകാം" എന്നു പറഞ്ഞ് അവർ മടങ്ങിപ്പോയി അവരുടെ വാസസ്ഥലങ്ങളിലെത്തി കിടന്നുറങ്ങി.

പ്രഭാതസമയത്തുതന്നെ അവരെല്ലാവരും എഴുന്നേറ്റു രാജസന്നിധിയിലേക്കു പുറപ്പെട്ടു. ബാണകവി മുമ്പിൽക്കടന്നു രാജസന്നിധിയിലെത്തി സമസ്യാപൂരണം ചൊല്ലിക്കേൾപ്പിചു. പൂരണം കേട്ടപ്പോൾതന്നെ അത് കാളിദാസൻ "ഉണ്ടാക്കിയതാണെന്നു രാജാവിനു മനസ്സിലായി. എങ്കിലും അതൊന്നും ഭാവിക്കാതെ സന്തോ‌ഷഭാവത്തോടുകൂടി ബാണകവിക്കു പതിനഞ്ച് ലക്ഷം സ്വർണ്ണനാണയം കൊടുത്തു. അപ്പോഴേക്കും ശേ‌ഷം കവികളും അവിടെ വന്നുകൂടി. രാജാവ് കൊടുത്തതു വാങ്ങിക്കൊണ്ട് ബാണകവി സന്തോ‌ഷസമേതം ശേ‌ഷമുള്ള കവികളോടുകൂടി പോയി. ബാണകവിയെ ഒഴിച്ചുള്ളവർ ഉടനെ മടങ്ങിവരുമെന്നും അപ്പോൾ സത്യം വെളിപ്പെടുമെന്നും വിചാരിച്ചുകൊണ്ട് രാജാവ് സഭാമണ്ഡപത്തിൽത്തന്നെ ഇരുന്നു.

അപ്രകാരം തന്നെ കുറച്ചു കഴിഞ്ഞപ്പോൾ ശേ‌ഷം കവികളെല്ലാവരും രാജസന്നിധിയിലെത്തി, "അല്ലയോ മഹാരാജാവേ! ഇവിടെനിന്ന് കൊടുത്ത ദാനത്തിനു ഞങ്ങളെല്ലാവരും ഒരുപോലെ അവകാശികളാണ്. ബാണകവി ആ ധനം വിഭജിച്ചു ഞങ്ങൾക്കുകൂടി തരുമെന്നാണ് ഞങ്ങൾ വിചാരിച്ചത്. എന്നാൽ അദ്ദേഹം ഞങ്ങൾക്കൊന്നും തന്നില്ല. സമസ്യ പൂരിപ്പിച്ചത് ഞങ്ങളാരുമല്ല. ഞങ്ങളാൽ അത് അസാദ്ധ്യ വുമാവുകയാൽ ഞങ്ങളെല്ലാവരുംകൂടി ഈ ദേശം വിട്ടു പോയപ്പോൾ കാളിദാസന്റെ പ്രിയതമയായ വേശ്യയുടെ ക്രീഡോദ്യാനത്തിന്റെ സമീപത്തുകൂടിയുള്ള വഴിയിൽ വെച്ച് കാശിദേശവാസിയായ ഒരു ചാരനെ കണ്ടു. ആ ചാരനാണു സമസ്യ പൂരിപ്പിച്ചു തന്നത്. അതിനു കിട്ടിയ സമ്മാനം ബാണകവി തനിച്ചെടുത്തതു ന്യായമായില്ലല്ലോ. അതിനാൽ ബാണകവിയെ ഇവിടെ വരുത്തി ഞങ്ങളുടെ വീതം തരുവിക്കണം" എന്നു പറഞ്ഞു. ഉടാനെ രാജാവ് "ബാണകവി കൊണ്ടുപോയത് പോകട്ടെ. നിങ്ങൾ സത്യം പറഞ്ഞല്ലോ. അതിനാൽ നിങ്ങൾക്കു ധനം ഞാൻ വേറെ തരാം" എന്നു പറഞ്ഞ് അവർക്കു ലക്ഷം വീതം കൊടുത്തു സന്തോ‌ഷിപ്പിച്ചയച്ചു.

പിന്നെ രാജാവ്, "കാളിദാസൻ ഈ ദേശം വിട്ടു പോയിട്ടില്ല. അദ്ദേഹം വേശ്യാഗൃഹത്തിൽത്തന്നെയുണ്ട്. എന്നെ ഭപ്പെട്ടു ചാരവേ‌ഷം ധരിച്ചു സഞ്ചരിക്കുകയാണ്. ആ വേശ്യാഗൃഹത്തിൽച്ചെന്നാൽ അദ്ദേഹത്തെ കണ്ടുപിടിക്കാം" എന്നു വിചാരിച്ചു നിശ്ചയിച്ചിട്ട് പട്ടാളക്കാരെ അയച്ച് ആദ്യംതന്നെ വേശ്യാഗൃഹത്തെ രോധിപ്പിച്ചു. അനന്തരം രാജാവ് പൗരപ്രധാനന്മാർ, അമാത്യന്മാർ മുതലായവരോടുകൂടി വേശ്യാഗൃഹത്തിലെത്തി കാളിദാസനെ കണ്ടു. അപ്പോൾ കാളിദാസൻ രാജാവ് തന്നെ കഠിനമായി ശിക്ഷിക്കുമെന്നു വിചാരിച്ചു വിഹ്വലനായിത്തീർന്നു. രാജാവ് അശ്രുക്കൾ പൊഴിച്ചുകൊണ്ട് കാളിദാസനെപ്പിടിച്ചു ഗാഢാശ്ലേ‌ഷം ചെയ്തിട്ട് "സഖേ! ഭവാനെന്റെ അവിവേകത്തെ ക്ഷമിച്ച് എന്നോടു കൂടിപ്പോന്ന് യഥാപുർവ്വം താമസിക്കണമെന്നു ഞാൻഅപേക്ഷിക്കുന്നു" എന്നു പറഞ്ഞു. അതുകേട്ടപ്പോൾ കാളിദാസന്റെ വിഹ്വലത തീർന്നു. പിന്നെ രാജാവ് കാളിദാസനെ ഒരു കുതിരപ്പുറത്തുകയറ്റി വാദ്യഘോ‌ഷങ്ങളോടുകൂടി എതിരേറ്റു രാജമന്ദിരത്തിൽ കൊണ്ടുപോവുകയും യഥാപൂർവ്വം സ്നേഹത്തോടും ബഹുമാനത്തോടും കൂടി താമസിപ്പിക്കുകയും ചെയ്തു. ഇങ്ങനെ ഭോജരാജാവു ചില ദുശ്ശങ്കകൾ നിമിത്തം കാളിദാസനെ ബഹി‌ഷ്കരിക്കുകയും വീണ്ടും സമീപത്ത് വരുത്തി താമസിപ്പിക്കുകയും ചെയ്യുക സാധാരണമായിരുന്നു.

ഒരിക്കൽ ഭോജരാജാവ് ഒരു ചിത്രകാരനെ വരുത്തി അദ്ദേഹത്തിന്റെ പ്രിയതമയായ ലീലാദേവിയുടെ ഒരു ചിത്രപടമെഴുതിച്ചു. ചിത്രം എഴുതിത്തീർന്നപ്പോൾ തൂലികയുടെ അറ്റത്തുനിന്ന് അല്പം മഷി അബദ്ധത്തിൽ ആ ചിത്രപടത്തിന്റെ ഊരുമൂലത്തിൽ വീണു. ചിത്രകാരൻ അതു തുടച്ചു കളയാനായി ഭാവിച്ചപ്പോൾ അതു കണ്ടുകൊണ്ടു നിന്ന കാളിദാസൻ, "അതു കളയണമെന്നില്ല. ദേവിക്ക് ആ സ്ഥലത്ത് ഒരു മറുകു വാസ്തവത്തിലുള്ളതാണ്" എന്നു പറഞ്ഞു. അതിനാൽ ചിത്രകാരൻ അതു കളഞ്ഞില്ല. രാജാവു ചിത്രപടം കണ്ടപ്പോൾ "ചിത്രം വളരെ നന്നായി; എങ്കിലും തുടയ്ക്ക് ആ മ‌ഷി വീണതു വൃത്തികേടായി" എന്നു പറഞ്ഞു. ഉടനെ ചിത്രകാരൻ "ദേവിയുടെ തുടയിൽ ആ സ്ഥാനത്ത് ഒരു മറുകുണ്ടല്ലോ, അതുകൊണ്ടാണ് അത് കളയാത്തത്" എന്നു പറഞ്ഞു. അപ്പോൾ രാജാവ്, "ഞാൻതന്നെ കണ്ടിട്ടില്ലാത്തതും സാധാരണജനങ്ങൾക്കു കാണ്മാൻ സാധിക്കാത്തതുമായ ആ മറുകിനെക്കുറിച്ചു നിങ്ങൾ അറിഞ്ഞതെങ്ങിനെയാണ്? നിങ്ങൾക്കു ദിവ്യദൃഷ്ടിയുണ്ടോ?" എന്നു ചോദിച്ചു. അതിനുത്തരമായിട്ട് ചിത്രകാരൻ, "എനിക്കു ദിവ്യദൃഷ്ടിയും മറ്റുമില്ല. ആ മറുകു ഞാൻ കണ്ടിട്ടുമില്ല. ദേവിയുടെ തുടയിൽ ആ സ്ഥാനത്ത് ഒരു മറുകുണ്ടെന്ന് കാളിദാസകവി പറഞ്ഞതാണ്". എന്നു പറഞ്ഞു. രാജാവു പിന്നെ അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ചിത്രകാരനു സമ്മാനങ്ങളും മറ്റും കൊടുത്തയച്ചതിന്റെ ശേ‌ഷം അദ്ദേഹം, "ഇത് ദാസി വ്യാജനിദ്രയിൽപ്പറഞ്ഞതു പോലെയും മറ്റുമല്ല. ഇതിലധികം സൂക്ഷ്മമായ തെളിവ് ഇനി എന്താണു വേണ്ടത്? ഈ ദ്രാഹി ഒരു ബ്രാഹ്മണനാണല്ലോ. അതിനാലിവനെ നിഗ്രഹിക്കുന്നത് കഷ്ടമാണ്. ഏതായാലും ഇനി മാത്രനേരം പോലും ഈ ദുഷ്ടനെ നമ്മുടെ ദേശത്തു താമസിപ്പിക്കാൻ പാടില്ല. അതു നിശ്ചയം തന്നെ" എന്നു വിചാരിച്ചു രാജഭടന്മാരെ അയച്ച് കാളിദാസനെപ്പിടിച്ച് അപ്പോൾ തന്നെ നാടുകടത്തിവിട്ടു.

അനന്തരം ഏതാനും ദിവസങ്ങൾ കഴിഞ്ഞതിന്റെ ശേ‌ഷം ഭോജ രാജാവിന്റെ സീമന്തപുത്രൻ പരിവാരങ്ങളോടുകൂടി നായാട്ടിനു പോയി. ഓരോ മൃഗങ്ങളൂടെ പിന്നാലെ പാഞ്ഞുപോയിപ്പോയി ഒടുവിൽ രാജ കുമാരൻ തനിച്ച് ഒരു കൊടുങ്കാട്ടിലകപ്പെട്ടു. നേരവും സന്ധ്യയായി. അപ്പോൾ ഏറ്റവും ഭയങ്കരമൂർത്തിയായ ഒരു വ്യാഘ്രം രാജകുമാരന്റെ നേരെ പാഞ്ഞു ചെന്നു. കുമാരൻ വ്യാഘ്രത്തെ കണ്ടു ഭയപ്പെട്ട് ഒരു മരത്തിന്മേൽ കയറി. വ്യാഘ്രം മരത്തിന്റെ ചുവട്ടിലും ചെന്നിരിപ്പായി.

രാജകുമാരൻ ആ മരത്തിന്റെ മുകളിൽ ചെന്നപ്പോൾ അവിടെ ഒരു കരടി ഇരിക്കുന്നുണ്ടായിരുന്നു. കുശലപ്രശ്നാനന്തരം അവർ തമ്മിൽ കുറച്ചുനേരം സംഭാ‌ഷണം ചെയ്തുകഴിഞ്ഞപ്പോഴേക്കും അവർ പരസ്പരം വിശ്വസ്തമിത്രങ്ങളായിത്തീർന്നു. അങ്ങനെ കുറച്ചുനേരം കഴിഞ്ഞപ്പോൾ രാജകുമാരൻ നിദ്രാബാധിതനായി ഉറക്കംതൂങ്ങിത്തുടങ്ങി. അതു കണ്ട് കരടി "അലയോ കുമാര! ഉറക്കം വരുന്നെങ്കിൽ എന്റെ മടിയിൽ തലവെച്ചുകിടന്ന് ഉറങ്ങിക്കൊള്ളൂ. ഞാൻസൂക്ഷിച്ചുകൊള്ളാം." എന്നു പറഞ്ഞു. അതുകേട്ട് രാജകുമാരൻ അങ്ങനെ കിടന്നുറങ്ങി. കുമാരൻ നല്ല ഉറക്കമായപ്പോൾ വ്യാഘ്രം കരടിയോട്, "ആ കുമാരനെ താഴത്തേക്കു തള്ളിയിട്ടേക്കൂ; ഞാൻതിന്ന് എന്റെ വിശപ്പു തീർക്കട്ടെ. നിനക്ക് അദ്ദേഹത്തെക്കൊണ്ട് എന്തു കാര്യമാണുള്ളത്? ഞാൻപറഞ്ഞതുപോലെ ചെയ്തില്ലെങ്കിൽ എന്നെങ്കിലും നീ താഴെയിറങ്ങുമ്പോൾ നിന്റെ കഥ ഞാൻകഴിക്കും" എന്നു പറഞ്ഞു. അതു കേട്ടു കരടി, "എന്നെ കൊന്നാലും വിശ്വാസപാതകം ഞാൻചെയുകയില്ല. " എന്നു മറുപടി പറഞ്ഞു. കുറച്ചുനേരം കഴിഞ്ഞപ്പോൾ രാജകുമാരൻ ഉറക്കം കഴിഞ്ഞുണർന്നു. പിന്നെ അദ്ദേഹം കരടിയോട്, "അല്ലയോ സ്നേഹിത! ഇനി എന്റെ മടിയിൽ തലവെച്ചു കിടന്ന് നിനക്കും കുറച്ചുറങ്ങാം. ഞാൻസൂക്ഷിച്ചു കൊള്ളാം എനു പറഞ്ഞു. അതു സമ്മതിച്ചു കരടിയും അപ്രകാരം കിടന്നു. എന്നാൽ രാജകുമാരൻ ഒരു സമയം തന്നെ ചതിച്ചേക്കുമെന്നുള്ള സംശയമുണ്ടായിരുന്നതുകൊണ്ട് കരടി ഉറങ്ങിയില്ല. എങ്കിലും കുറച്ചുകഴിഞ്ഞപ്പോൾ കരടി ഉറങ്ങിയിരിക്കുമെന്നു വിചാരിച്ചു വ്യാഘ്രം രാജകുമാരനോട്, "അല്ലയോ രാജകുമാര! അവിടേക്ക് ഈ കരടിയെക്കൊണ്ട് യാതൊരുപയോഗവുമില്ലല്ലോ. അവനെ താഴത്തേക്കു തട്ടിയിട്ടേച്ചാൽ ഞാനവനെത്തിന്ന് എന്റെ ക്ഷുത്തു ശമിപ്പിച്ചുകൊള്ളാമായിരുന്നു. പിന്നെ ഞാൻഭവാനെ ഉപദ്രവിക്കുകയുമില്ല. ഭവാനു നിർഭയം താഴെയിറങ്ങിപ്പോകാം" എന്നു പറഞ്ഞു. ഇതു കേട്ട് രാജകുമാരൻ "ഇതു കൊള്ളാം നല്ല കെശൗലമാണ്" എന്നു വിചാരിച്ചു കരടിയുടേ കഴുത്തിൽപ്പിടിച്ചു താഴത്തേക്കു ഒരു തള്ളു കൊടുത്തു. കരടി കരുതലോടുകൂടിയായിരുന്നുവല്ലോ കിടന്നിരുന്നത്. അതിനാൽ താഴത്തു വീണില്ല മരത്തിന്റെ ഒരു കൊമ്പിന്മേൽ പിടിച്ച് എഴുന്നേറ്റിരുന്നുകൊണ്ട് " എടാ! മിത്രദ്വേ‌ഷി! ഞാൻനിന്നെ സൂക്ഷിച്ചു രക്ഷിച്ചതിന്റെ പ്രതിഫലം ഇതാണോ? ഇതിന്റെ ഫലം നീയും അനുഭവിക്കണം" എന്നു പറഞ്ഞിട്ട് കരടി രാജകുമാരന്റെ നാക്കുപിടിച്ച് അതിന്മേൽ "സ,സേ,മി,ര" എന്നു നാലക്ഷരമെഴുതി. അപ്പോഴേക്കും നേരം വെളുത്തു. ഉടനെ വ്യാഘ്രം അവിടെനിന്നു പോയി. കരടിയും താഴെച്ചാടിയിറങ്ങിപ്പോയി. അപ്പോഴേക്കും രാജകുമാരന്റെ കൂട്ടുകാർ അദ്ദേഹത്തെ അന്വേ‌ഷിച്ചു മരച്ചുവട്ടിലെത്തി. കുമാരൻ മരത്തിന്റെ മുകളിലിരിക്കുന്നതു കണ്ടിട്ട് "ഇതെന്താ മരത്തിന്മേലെഴുന്നള്ളിയിരിക്കുന്നത്?" എന്നവർ ചോദിച്ചതിനു രാജകുമാരന്റെ ഉത്തരം "സസേമിര" എന്നായിരുന്നു. പിന്നെയും അവർ ചോദിച്ചതിനെല്ലാം രാജകുമാരന്റെ ഉത്തരം ഇതുതന്നെയായി. ഇതിന്റെ കാരണവും അർത്ഥവുമറിയാതെ അവർ വല്ലാതെ അന്ധന്മാരായിത്തീർന്നു. അവർ പിന്നെ ഒരുവിധത്തിൽ രാജകുമാരനെ താഴെയിറക്കി രാജസന്നിധിയിൽ കൊണ്ടുപോയി. രാജാവു പുത്രനെക്കണ്ടപ്പോൾ നായാട്ടിനു പോയിട്ടുണ്ടായ വർത്തമാനങ്ങലെല്ലാം ചോദിച്ചു. എല്ലാ ത്തിനും കുമാരന്റെ ഉത്തരം "സസേമിര" എന്നുതന്നെയായിരുന്നു. ആരെങ്കിലും എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്താൽ ഇങ്ങനെ മാത്രം മറുപടി പറഞ്ഞുകൊണ്ടിരിപ്പായി. അതിനാൽ രാജാവിനും രാജ്ഞിക്കും അമാത്യന്മാർ മുതലായവർക്കും മാത്രമല്ല രാജ്യവാസികൾക്ക് ആകപ്പാടെ ദുസ്സഹമായ ദുഃഖം ഉണ്ടായിത്തീർന്നു.

പിന്നെ രാജാവ് അനേക മാന്ത്രികന്മാരെയും വൈദ്യന്മാരെയും വരുത്തി കുമാരനെ പൂർവ്വസ്ഥിതിയിലാക്കുന്നതിനായി പലവിധത്തിലുള്ള മന്ത്രവാദങ്ങളും ചികിത്സകളും ചെയ്യിച്ചു. ഒന്നിനും ഒരു ഫലവുമുണ്ടായില്ല.

അങ്ങനെയിരുന്നപ്പോൾ ജനങ്ങൾക്കുണ്ടാകുന്ന സകലവിധ പീഢകളും നി‌ഷ്പ്രയാസം ക്ഷണത്തിൽ ഭേദപ്പെടുത്തിക്കൊണ്ട് ഒരു യോഗിനി പട്ടണത്തിൽ സഞ്ചരിക്കുന്നതായി ചിലർ പറഞ്ഞുകേൾക്കുകയാൽ രാജാവ് ആളയച്ച് ആ യോഗിനിയെ വരുത്തി കുമാരന്റെ സ്ഥിതി പറഞ്ഞു മനസ്സിലാക്കി. ഉടനെ യോഗിനി കുമാരനെ സഭയിൽ കൊണ്ടു വന്നു. അവിടെ രാജാവും അമാത്യന്മാരും പെരൗന്മാരും മറ്റും കൂടിയിരുന്നു. അവിടേവച്ചു യോഗിനി കുമാരന്റെ മുഖത്ത് നോക്കിക്കൊണ്ട്,

"സൽഭാവപ്രതിപന്നാനാം
വഞ്ചനേ കാ വിചാരണാ?
അങ്കമാരുഹ്യ സുപ്തം തം
ഹന്തു കിം നാമ പൌരു‌ഷം?"

എന്നൊരു ശോകം ചൊല്ലി. അപ്പോൾ രാജകുമാരൻ "സേമിര" എന്നു പറഞ്ഞുതുടങ്ങി. യോഗിനി പിന്നെ

"സേതും ദൃഷ്ട്വാ സമുദ്രസ്യ
ഗംഗാസാഗരസംഗമം
ബ്രഹ്മത്യാദിപാപഘ്നം
മിത്രദ്രാഹീ ന മുച്യതേ"

എന്ന് ഒരു ശോകം കൂടി ചൊല്ലി. അപ്പോൾ കുമാരൻ "മിര" എന്നു പറഞ്ഞുതുടങ്ങി. ഉടനെ യോഗിനി

"മിത്രദ്രാഹി ഗുരുദ്രാഹി യശ്ച വിശ്വാസപാതകീ
ത്രയസ്തേ നരകം യാന്തി യാവച്ചന്ദ്രദിവാകരെ"

എന്ന് ഒരു ശോകം കൂടിചൊല്ലി. അപ്പോൾ കുമാരൻ "ര" എന്നുമാത്രം പറഞ്ഞുതുടങ്ങി. യോഗിനി പിന്നെയും,

"രാജംസ്തവ കുമാരസ്യ യദി കല്യാണമിച്ഛസി
ബ്രഹ്മണേഭ്യോ ധനം ദദ്യാഃ വർണ്ണാനാം ബ്രാഹ്മണോ ഗുരുഃ"

എന്ന് ഒരു ശോകം കൂടിചൊല്ലി. രാജകുമാരൻ ഉടാനെ എഴുന്നേറ്റ് ആ സഭയിൽ നിന്നുകൊണ്ട് കാട്ടിൽവെച്ചുണ്ടായ സകല സംഗതികളും വിസ്തരിച്ചു പറഞ്ഞു. ഇതെല്ലാം കേട്ടു സഭാവാസികൾ ഏറ്റവും വിസ്മയിക്കുകയും സന്തോ‌ഷിക്കുകയും യോഗിനിയെ സ്തുതിക്കുകയും ചെയ്തു. ഉടനെ രാജാവ് യോഗിനിയോട്, "ആ കൊടുംകാട്ടിൽവെച്ചു രാത്രിയിലുണ്ടായ ഈ സംഗതികളെല്ലാം ഭവതി എങ്ങനെ അറിഞ്ഞു?" എന്നു ചോദിച്ചു. അതിനുത്തരമായിട്ടു യോഗിനി, "ദിവ്യജ്ഞാനമുള്ളവർക്കു ലോകകാര്യങ്ങളെല്ലാമറിയാം. അതു കണ്ടിട്ടും കേട്ടിട്ടും വേണമെന്നില്ല. ഭോജരാജാവിന്റെ ഭാര്യയുടെ തുടയിൽ ഒരു മറുകുണ്ടെന്നു കാളിദാസനറിഞ്ഞത് അതു കണ്ടിട്ടല്ലെന്നുള്ളതു നിശ്ചയമാണല്ലോ. അതു പോലെ ഇതും എന്നു വിചാരിച്ചാൽ മതി" എന്നു പറഞ്ഞു. ഇതു കേട്ടു രാജാവും സഭാവാസികളും വിസ്മയവിഹ്വലരും വിചാരമഗ്നരുമായി ഒന്നും മിണ്ടാതെ സ്വല്പനേരം നിന്നുപോയി.

പിന്നെ രാജാവ് "കഷ്ടം! ദോ‌ഷരഹിതനും ദിവ്യജ്ഞാനിയും കവികുലശിരോമണിയും സരസ്വതീദേവിയുടെ ഒരവതാരപുരു‌ഷനുമായ കാളിദാസനെ യാതൊരു കാരണവും കൂടാതെ ഞാൻനി‌ഷ്കാസനം ചെയ്തുവല്ലോ. ഉടാനെ അദ്ദേഹത്തെ വരുത്തി യഥാപൂർവ്വം ഇവിടെത്താമസിപ്പിക്കണം. അദ്ദേഹമിപ്പോൾ എവിടെയുണ്ടെന്ന് ഈ യോഗിനിയോടുതന്നെ ചോദിച്ചാലറിയാമായിരിക്കാം" എന്നു വിചാരിച്ച് യോഗിനിയെ നോക്കിയിട്ട് അവിടെയെങ്ങും കണ്ടില്ല. ഉടനെ ആളുകളെ അയച്ച് അന്വേ‌ഷിപ്പിച്ചിട്ടും ആ ദിവ്യയെ ആ ദേശത്തെങ്ങും കണ്ടുകിട്ടിയില്ല.

പിന്നെ രാജാവു സ്വല്പം ആലോചിച്ചതിന്റെ ശേ‌ഷം "ഭ്രഷ്ടസ്യ കന്യാഗതിഃ" എന്നൊരു സമസ്യയുണ്ടാക്കി അതും "ഈ സമസ്യ വേണ്ടതുപോലെ പൂരിപ്പിക്കുന്ന ആൾക്കു ഞാനെന്നും അടിമയായി ഇരുന്നുകൊള്ളാം" എന്നും എഴുതി പേരുവെച്ചു പ്രസിദ്ധപ്പെടുത്തി. ഈ സമസ്യ വേണ്ടതുപോലെ പൂരിപ്പിക്കാൻ കാളിദാസൻ വിചാരിചല്ലാതെ സാധിക്കുകയില്ലെന്നും ഇതിന്റെ പൂരണം വന്നാൽ അദ്ദേഹത്തെ കണ്ടുപിടിച്ചുകൊള്ളാമെന്നും വിചാരിച്ചാണ് രജാവ് ഇപ്രകാരം ചെയ്തതെന്നു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.

അനന്തരം നാലഞ്ചു ദിവസം കഴിഞ്ഞതിന്റെശേ‌ഷം ഒരു ദിവസം രാജാവ് ഒരു കുതിരവണ്ടിയിൽ കയറി ഒരു തെരുവിൽക്കൂടി സവാരി പോയപ്പോൾ മാംസം വിൽക്കുന്ന ഒരു പീടികയുടെ വാതിൽക്കൽ ഒരു സന്യാസി മാംസം വാങ്ങിക്കൊണ്ടു നിൽക്കുന്നതായിക്കണ്ടു. ഉടനെ രാജാവ് വണ്ടിനിറുത്തി താഴെയിറാങ്ങി. പിന്നെ രാജാവും സന്യാസിയും തമ്മിൽ താഴെ കുറിക്കുന്ന പ്രകാരം ഒരു സംഭാ‌ഷണം നടന്നു.

രാജാ: ഭിക്ഷോ! മാംസനി‌ഷേവണം കിമുചിതം?

സന്യാസി: കിം തേന മദ്യം വിനാ?

രാജാ: മദ്യഞ്ചാപി തവ പ്രിയം?

സന്യാസി: പ്രിയമഹോ; വാരാംഗനാഭിസ്സമം

രാജാ: വാരസ്ത്രീരതയേ കുതസ്തവ ധനം?

സന്യാസി: ദ്യൂതേന ചെര്യേണ വാ

രാജാ: ചെര്യൗദ്ദ്യൂതപരിശ്രമോസ്തി ഭവതഃ?

സന്യാസി: ഭ്രഷ്ടസ്യ കാന്യാ ഗതിഃ

ഇതു കേട്ടയുടനെ രാജാവ് ഈ സന്യാസി സാക്ഷാൽ കാളിദാസൻ തന്നെയാണെന്നു തീർച്ചപ്പെടുത്തി അദ്ദേഹത്തിന്റെ പാദത്തിങ്കൽ വീണു നമസ്കരിച്ചിട്ട് "അല്ലയോ മഹാകവേ! ഭവാന്റെ മാഹാത്മ്യമറിയാതെ ഞാൻ ചെയ്തുപോയ സമസ്താപരാധവും ഭവാൻ സദയം ക്ഷമിക്കണം. ഇതാ ഇപ്പോൾ ഞാൻഭവാന്റെ അടിമയായിരിക്കുന്നു. ഇനി ഞാനെന്താണ് വേണ്ടതെന്ന് അജ്ഞാപിചാലും" എന്നു പറഞ്ഞു. ഉടാനെ കാളിദാസൻ സന്യാസിവേ‌ഷത്തെ മാറ്റി സ്വന്തവേ‌ഷം ധരിച്ചുകൊണ്ട്, "അല്ലയോ മഹാരാജാവേ! ഇപ്പോൾ അവിടുന്ന് എന്റെ നിർദ്ദോ‌ഷതയെക്കുറിച്ച് അറിഞ്ഞുവെങ്കിൽ മേലാൽ ആ വിശ്വാസത്തോടുകൂടിയിരിക്കുക മാത്രം ചെയ്താൽ മതി. അല്ലാതെയൊന്നും വേണമെന്നില്ല. എന്റെ നിരപരാധതയെ വെളിപ്പെടുത്താനായി ഇതെല്ലാം ചെയ്തത് ഭക്തവത്സലയായ ഭദ്രകാളിയാണ്. വ്യാഘ്രവേ‌ഷം ധരിച്ചു കുമാരനെ ഭയപ്പെടുത്തി മരത്തിന്മേൽ കയറ്റിയതും ആ ഭുവനേശ്വരിയുടെ രണ്ടു ഭൂതങ്ങളാണ്. യോഗിനിയുടെ വേ‌ഷം ധരിച്ചു വന്നിരുന്നത് ആ ദേവിതന്നെയായിരുന്നു. ഇപ്പോഴെങ്കിലും അവിടുന്ന് എന്റെ പരമാർത്ഥമറിഞ്ഞുവെങ്കിൽ ഞാൻ കൃതാർത്ഥനായി. അവിടുന്നു അടിമയായിരിക്കണമെന്നില്ല. പൂർവ്വസ്ഥിതിയിൽ രാജാവായിത്തന്നെ ഇരുന്നാൽ മതി" എന്നു പറഞ്ഞു. ഉടനെ രാജാവ് സബഹുമാനം കാളിദാസനെയും വണ്ടിയിൽക്കയറ്റിക്കൊണ്ടു പോയി പൂർവ്വസ്ഥിതിയിൽ താമസിപ്പിച്ചു. കാളിദാസൻ രാജസന്നിധിയിൽ താമസിച്ചിരുന്ന കാലത്തും ചിലപ്പോൾ രാത്രികാലങ്ങളിൽ വേ‌ഷം മാറി തെരുവുകളിലും മറ്റും സഞ്ചരിച്ചു ഗൂഢവർത്തമാനങ്ങളറിഞ്ഞു രാജാവിനെ ഗ്രഹിപ്പിക്കുക പതിവായിരുന്നു. ഒരു ദിവസം വെളുപ്പാൻ കാലത്ത് രാജാവിനു എവിടെയോ പോകേണ്ടിയിരുന്നു. പല്ലക്കില്ലാണ് യാത്ര നിശ്ചയിച്ചത്. അപ്പോൾ പല്ലക്കു ചുമക്കുന്നതിന് ആളുകൾ മതിയാകാത്തതിനാൽ രാജഭടന്മാർ, വേ‌ഷം മാറി വഴിയിൽക്കൂടി വന്ന കാളിദാസനെക്കൂടി ആളറിയാതെ പിടിച്ചു പല്ലക്കു ചുമപ്പിച്ചുകൊണ്ടുപോയി. കാളിദാസനു പല്ലക്കും മറ്റും ചുമന്നു പരിചയമില്ലാതിരുന്നതിനാൽ കുറച്ചു നടന്നപ്പോഴേക്കും വല്ലാതെ വി‌ഷമിച്ചു തുടങ്ങി. അപ്പോൾ ദയാലുവായ ഭോജരാജാവ് "അയമാന്ദോളികാദണ്ഡസ്തവ ബാധതി വാ ന വാ?" എന്നു ചോദിച്ചു. അതിനുത്തരമായിട്ട് കാളിദാസൻ "നായമാന്ദോളികാദണ്ഡസ്തവ ബാധതി ബാധതേ" (ഈ ആന്ദോളികാദണ്ഡം പലക്കുതണ്ട് അല്ല, ഭവാന്റെ ബാധതി എന്നുള്ള അബദ്ധപ്രയോഗം എന്നെ ബാധിക്കുന്നു) എന്നു പറഞ്ഞു. അത് രാജാവിന്റെ മനസ്സിൽ ഒരു ശരം പോലെ കൊള്ളുകയും ഇതു പറഞ്ഞത് കാളിദാസനാണെന്നു മനസ്സിലാവുകയും ചെയ്തു. ഉടനെ രാജാവ് പല്ലക്കവിടെ വയ്പിച്ചു കാളിദാസനെയും പല്ലക്കിൽ കയറ്റി വേറെ ആളുകളെക്കൊണ്ടുപല്ലക്കെടുപ്പിച്ചു കൊണ്ടു പോയി.

ഇങ്ങനെ കാളിദാസനെക്കുറിച്ചു ഇനിയും വളരെപ്പറയാനുണ്ട്. വിസ്തരഭയത്താൽ ഇനി അധികം പറയുന്നില്ല. ഒരു സംഗതികൂടി പറഞ്ഞിട്ട് ഇത് അവസാനിപ്പിച്ചേക്കാം.

ഒരിക്കൽ ഭോജരാജാവ് കാളിദാസനോട് "ഹേ സുകുവേ! നമ്മുടെ ചരമശ്ലോകമുണ്ടാക്കിയാലും" എന്നു പറഞ്ഞു. കാളിദസൻ അതു കേട്ടു കോപത്തോടും താപത്തോടും കൂടി വിലാസവതി എന്ന വേശ്യയേയും കൂട്ടിക്കൊണ്ട് ആ ദേശം വിട്ടു ക്ഷണത്തിൽ "ഏകശില" എന്ന നഗരത്തിലേക്ക് പോയി. കാളിദാസവിയോഗത്താൽ രാജാവു ഏറ്റവും ശോകാകുലനായി ഒരു യോഗിയുടെ വേ‌ഷം ധരിച്ചുകൊണ്ട് അദ്ദേഹത്തെ അന്വേ‌ഷിച്ചു പുറപ്പെട്ടു. രാജാവ് പലസ്ഥലങ്ങളിൽ സഞ്ചരിചു ക്രമേണ ഏകശിലാനഗരത്തിൽ ചെന്നു ചേർന്നു. കാളിദാസൻ ആ യോഗിയെക്കണ്ടിട്ടു ബഹുമാനപൂർവ്വം "അല്ലയോ യോഗീശ്വര! ഭവാന്റെ വാസം എവിടെയാണ്" എന്നു ചോദിച്ചു. ഉടനെ യോഗി "എന്റെ സ്ഥിരവാസം ധാരാനഗരത്തിലാണ്" എന്നു പറഞ്ഞു. അതു കേട്ടു കാളിദാസൻ "അവിടെ ഭോജ രാജാവിനു സുഖം തന്നെയോ?" എന്നു വീണ്ടും ചോദിച്ചു. അതിനുത്തരമായിട്ട് യോഗി "എന്താ പറയേണ്ടതെന്ന് എനിക്കറിഞ്ഞുകൂടാ" എന്നു പറഞ്ഞു. അതു കേട്ട് കാളിദാസൻ "അവിടെ വിശേ‌ഷം വല്ലതുമുണ്ടെങ്കിൽ എന്നോടു പറയണം" എന്നു പറഞ്ഞു. അപ്പോൾ യോഗി "എന്നാൽ പറയാം. ഭോജരാജാവു സ്വർഗ്ഗാരോഹണം ചെയ്തു" എന്നു പറഞ്ഞു. ഇതു കേട്ടാ ക്ഷണത്തിൽ കാളിദാസൻ നിലത്തു വീണു വിലപിച്ചു തുടങ്ങി. "അല്ലയോ മഹാരാജാവേ! ഭവാൻ എന്നെ ഉപേക്ഷിചു പൊയ്ക്കളഞ്ഞുവല്ലോ. ഭവാനോടുകൂടാതെ ക്ഷണനേരം പോലും ഭൂമിയിലിരിക്കുവാൻ ഞാൻ ശക്തനല്ല. ഞാനുമിപ്പോൾ ഭവാനെ അനുഗമിക്കും" ഇങ്ങനെ വളരെനേരം പ്രലപിച്ചതിന്റെ ശേ‌ഷം,

"അദ്യ ധാരാ നിരാധാരാ നിരാലംബാ സരസ്വതീ
പണ്ഡിതാ ഖണ്ഡിതാസ്സർവ്വേ ഭോജരാജേ ദിവംഗതേ"

എന്നു ചരമശ്ലോകം ചൊല്ലി. ആ ക്ഷണത്തിൽ യോഗി മൂർച്ഛിച്ചു നിലത്തു വീണു. അപ്രകാരം വീണുകിടക്കുന്ന യോഗിയെ സൂക്ഷിച്ചു നോക്കി കാളിദാസൻ അതൊരു യോഗിയല്ലെന്നും ഭോജരാജാവാണെന്നും തീർച്ചപ്പെടുത്തിയതിന്റെ ശേ‌ഷം "ഹാ! ഹാ! മഹാരാജാവേ! ഭവാൻ എന്നെ വഞ്ചിച്ചുവല്ലോ" എന്നു പറഞ്ഞിട്ട് ആ ചരമശ്ലോകം –

"അദ്യ ധാരാ സദാധാരാ സദാലംബാ സരസ്വതീ
പണ്ഡിതാ മണ്ഡിതാസ്സർവ്വേ ഭോജരാജേ ഭുവംഗതേ"

എന്നു ഭേദപ്പെടുത്തിച്ചൊല്ലി. ഉടനെ ഭോജരാജാവെഴുന്നേറ്റ് കാളി ദാസനെ ആലിംഗനം ചെയ്തു. പിന്നെ അവർ രണ്ടുപേരും സസന്തോ‌ഷം ധാരാനഗരത്തെ പ്രാപിച്ച് യഥാപൂർവ്വം സുഖമാകുംവണ്ണം വസിച്ചു.

 

രഞ്ജിത്ത് മാത്യു

 

കവർ ചിത്രം: ബിനോയ് തോമസ് 

 

 

അടുത്ത ലക്കം : 

മൂക്കോല ക്ഷേത്രങ്ങൾ

വിജയാദ്രി മാഹാത്മ്യം

April 28, 2021

"വിജയാദ്രി" യെന്നും അതിന്റെ പരിഭാ‌ഷയായി "വെന്നിമല"  എന്നും പറഞ്ഞുവരുന്ന പുണ്യപർവതം സ്ഥിതി ചെയുന്നത് തിരുവിതാംകൂർ സംസ്ഥാനത്ത് ചങ്ങനാശ്ശേരിത്താലൂക്കിലുൾപ്പെട്ട പുതുപ്പള്ളിപ്പകുതിയിലാണ്.

 

കോട്ടയം പട്ടണത്തിൽനിന്ന് ഈ സ്ഥലത്തേക്ക് ഏകദേശം ഏഴു നാഴിക മാത്രമേ ദൂരമുള്ളു. ഈ പുണ്യസ്ഥലത്തേയും ഇവിടെയുള്ള "ഇരവിപുരം" എന്ന ക്ഷേത്രത്തെയും കുറിച്ചു കേട്ടിട്ടില്ലാത്തവരായി കേരളത്തിൽ അധികംപേരുണ്ടായിരിക്കുമെന്നു തോന്നുന്നില്ല.

 

എങ്കിലും ഈ സ്ഥലത്തിന്റെ മാഹാത്മ്യത്തേയും ഈ ക്ഷേത്രത്തിന്റെ ആഗമത്തേയും പറ്റി അറിഞ്ഞിട്ടുള്ളവർ ചുരുക്കമാകയാൽ അങ്ങനെയുള്ള ജനങ്ങളുടെ അറിവിലേക്കായി എന്റെ അറിവിൽപ്പെട്ടിടത്തോളം സംഗതികൾ ചുരുക്കത്തിൽ താഴെ കുറിക്കുന്നു.

 

പണ്ട് പരദേശങ്ങളിൽനിന്നു ചില പെരുമാക്കന്മാർ വന്നു പന്ത്രണ്ടുകൊല്ലംവീതം കേരളരാജ്യത്തെ ഭരിച്ചിരുന്നുവെന്നുള്ളതു ചരിത്രപ്രസിദ്ധമാണല്ലോ. അങ്ങനെ വന്നു കേരളചക്രവർത്തികളായി വാണിരുന്ന പെരുമാക്കന്മാരിൽ ഒടുവിൽ വന്നയാളും പ്രജാവത്സലനും ഭരണനിപുണനും വലിയ വിദ്വാനും മഹാകവിയും വിഷ്ണുഭക്തനും തന്റെ കാലാവധി (പന്ത്രണ്ടു കൊല്ലം) കഴിഞ്ഞിട്ടും, ജനങ്ങളുടെ അപേക്ഷപ്രകാരം മുപ്പത്താറു സംവത്സരം കേരളം ഭരിച്ചുകൊണ്ടു കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളത്തെന്ന സ്ഥലത്തു താമസിച്ചിരുന്ന മഹാനും "കുലശേഖരവർമ്മാ"വെന്നു പ്രസിദ്ധനുമായിരുന്ന ചേരമാൻ പെരുമാൾ ഒരിക്കൽ തിരുവഞ്ചിക്കുളത്തുനിന്നു ജലമാർഗ്ഗമായി തെക്കൻ ദിക്കുകളിലേക്കു പുറപ്പെട്ടു.

 

കോട്ടയത്തിനു പടിഞ്ഞാറുവശം വേമ്പനാട്ടുകായലിൽ എത്തിയപ്പോൾ കിഴക്കുഭാഗത്തായി ഒരു സ്ഥലത്ത് ആകാശത്തിൽ നക്ഷത്രസ്വരൂപികളായ സപ്തർ‌ഷികൾ നൃത്തംചെയ്തു കൊണ്ട് പ്രദക്ഷിണം വയ്ക്കുന്നതായിക്കണ്ട് അവിടെ ഭൂഭാഗത്ത് എന്തെങ്കിലും ഒരു വിശേ‌ഷമുണ്ടായിരിക്കണമെന്നു വിചാരിച്ച് വഞ്ചി കൊടുരാറുവഴി നേരെ കിഴക്കോട്ടു വയ്ക്കാൻ കൽപിക്കുകയും വഞ്ചിക്കാർ അപ്രകാരം ചെയ്യുകയും ചെയ്തു.

അങ്ങനെ ഏതാനും നാഴിക കിഴക്കോട്ടു ചെന്നപ്പോൾ വഞ്ചി പുതുപ്പള്ളിദേശത്തു പാലൂർപ്പണിക്കർ എന്നു പ്രസിദ്ധനായിരുന്ന നായരുടെ കടവിൽ ചെന്നടുത്തു. അവിടെ കൊടുരാര് അവസാനിക്കുകയും അവിടെനിന്നു കിഴക്കോട്ട് കരപ്രദേശമാകയാൽ വഞ്ചിയിൽപ്പോകുവാൻ നിവൃത്തിയില്ലാതെ വരികയും ചെയ്തതുകൊണ്ട് ചേരമാൻ പെരുമാളും അനുചരന്മാരും അവിടെ കരയ്ക്കിറങ്ങി.

 

ആ വിവരമറിഞ്ഞു പാലൂർ മൂത്തപണിക്കർ വീട്ടിൽനിന്ന് ഇറങ്ങിച്ചെന്നു പെരുമാളെക്കണ്ടു വന്ദിച്ച് അവിടെ എഴുന്നള്ളിയതിന്റെ ഉദ്ദേശ്യമെന്താണെന്നു ചോദിക്കുകയും പെരുമാൾ താൻ നക്ഷത്രങ്ങൾ പ്രദക്ഷിണം വെയ്ക്കുന്നതായിക്കണ്ട് ആ സ്ഥലത്ത് എന്തെങ്കിലും വിശേ‌ഷമുണ്ടായിരിക്കുമെന്നു വിചാരിച്ച് അവിടെപ്പോയി നോക്കാനായിട്ടു വന്നിരിക്കയാണെന്നുള്ള പരമാർത്ഥം പണിക്കരെ ഗ്രഹിപ്പിക്കുകയും ചെയ്തു.

 

അപ്പോൾ വിദ്യാവൃദ്ധനും വയോവൃദ്ധനുമായിരുന്ന ആ പണിക്കർ പെരുമാളെ വീണ്ടും വന്ദിച്ചുകൊണ്ടു താഴെ വരുന്ന പ്രകാരം പറഞ്ഞു:

"അല്ലയോ എന്റെ തമ്പുരാനേ! ഇവിടെനിന്നു രണ്ടുമൂന്നു നാഴിക കിഴക്ക് ഒരു പുണ്യസ്ഥലമുണ്ട്. അതൊരു മലയാണ് അതിനു സംസ്കൃത പണ്ഡിതന്മാർ "വിജയാദ്രി" എന്നും സാധാരണ ജനങ്ങൾ "വെന്നിമല" എന്നും പേർ പറഞ്ഞു വരുന്നു.

 

ആ മലയിൽ പണ്ട് "കപിലൻ" മുതലായി അനേകം മഹർ‌ഷിശ്രേഷ്ഠന്മാർ തപസ്സു ചെയ്തുപാർത്തിരുന്നു. ആ മലയുടെ ഉപരിഭാഗത്തായി മഹാവിഷ്ണുവിന്റെ ഒരു ബിംബവുമുണ്ടായിരുന്നു. ആ ബിംബം അവിടെ ആരും പ്രതിഷ്ഠിച്ചതല്ലായിരുന്നു, സ്വയംഭൂവായിരുന്നു. ആ ബിംബത്തിങ്കൽ ദേവന്മാരും ഋഷീബശ്വരന്മാരുമല്ലാതെ മറ്റാരും പൂജയും മറ്റും ചെയ്തിരുന്നില്ല. ആ വിഷ്ണുഭഗവാനെ സേവിച്ചു കൊണ്ടാണ് കപിലാദികൾ അവിടെത്താമസിച്ചിരുന്നത്.

"അവിടെ ആ താപസന്മാർ അവിടെത്താമസിച്ചിരുന്ന കാലത്ത് എവിടെനിന്നോ ഏതാനും രാക്ഷസന്മാർ അവിടെച്ചെന്നുചേരുകയും ഈ മഹർ‌ഷിമാരെ പലവിധത്തിൽ ഉപദ്രവിച്ചുതുടങ്ങുകയും ചെയ്തു. ദുഷ്ടന്മാരായ രാക്ഷസന്മാരുടെ ഉപദ്രവം ദുസ്സഹമായിത്തീരുകയാൽ ആ താപസശ്രഷ്ഠന്മാർ ആ പുണ്യസ്ഥലം വിട്ടു പ്രാണഭീതിയോടുകൂടി കിഴക്കോട്ടോടി ശബര്യാശ്രമത്തിങ്കൽ ചെന്നെത്തി.

 

 

അപ്പോൾ ദശരഥപുത്രനായ സാക്ഷാൽ ശ്രീരാമചന്ദ്രൻ അവിടെയെത്തി ശബരിക്ക് മോക്ഷം കൊടുത്തിട്ടു തന്റെ സഹോദരനായ ലക്ഷ്മണനോടുകൂടി പമ്പാതീരത്തിങ്കലെത്തിത്താമസിക്കുന്നതായിക്കേട്ട് ഈ മഹർ‌ഷിശ്രേഷ്ഠന്മാർ അവിടെച്ചെന്നു ശ്രീരാമനെ ശരണം പ്രാപിച്ചു തങ്ങളുടെ സങ്കടമറിയിച്ചു.

 

അക്കാലത്തു സീതാവിരഹദുഃഖാക്രാന്തനായിരുന്നുവെങ്കിലും കരുണാനിധിയും ആശ്രിതവത്സലനുമായ ശ്രീരാമചന്ദ്രൻ മഹർ‌ഷിമാരുടെ സങ്കടം കേട്ട ക്ഷണത്തിൽ അവരുടെ സങ്കടം തീർത്തു കൊടുക്കുന്നതിനു ലക്ഷ്മണനെ നിയോഗിച്ചു. ഉടനെ ലക്ഷ്മണൻ വില്ലുമമ്പും ധരിച്ച് തന്റെ ജ്യേഷ്ഠന്റെ ആജ്ഞാപു‌ഷ്പത്തെ ശിരസാവഹിച്ചുകൊണ്ട് മഹർ‌ഷിമാരോടു കൂടിപ്പോയി ചെറുഞാണൊലിയിട്ടുകൊണ്ട് ആ മലയിൽചെന്നുകയറി.

 

ലക്ഷ്മണന്റെ ചെറുഞാണൊലി കേട്ടക്ഷണത്തിൽ കാലചോദിതന്മാരായ ആ രാക്ഷസന്മാർ ആയുധങ്ങൾ ധരിച്ചുകൊണ്ടു ലക്ഷ്മണനോടു നേരിട്ടു. ക്ഷണനേരംകൊണ്ട് ലക്ഷ്മണൻ ആ രാക്ഷസന്മാരെയെലാം നിഗ്രഹിച്ചു മഹർ‌ഷിമാരുടെ സങ്കടം തീർത്തിട്ടു പൂർവ്വസന്നിധിയിലേക്കുതന്നെ തിരിച്ചു പോവുകയും ചെയ്തു. ലക്ഷ്മണനു വിജയം സിദ്ധിച്ച സ്ഥലമായതിനാലാണ് ആ മലയ്ക്കു "വിജയാദ്രി" എന്നു നാമം സിദ്ധിച്ചത്. അതിന്റെ പരിഭാ‌ഷയായിട്ടാണ് ജനങ്ങൾ "വെന്നിമല" എന്നു പറയുന്നത്. "വെന്നി" എന്ന വാക്കിനു ജയം എന്നും അർത്ഥമുണ്ടായിരിക്കാം. "ജയഭേരി" എന്ന സംസ്കൃതവാക്കിന്റെ പരിഭാ‌ഷയായിട്ടു മലയാളത്തിൽ "വെന്നിപ്പറ" എന്നു പറയാറുണ്ട്.

"ആ മലയിൽ പണ്ടു തപസ്സുചെയ്തുകൊണ്ടു താമസിച്ചിരുന്ന മഹർ‌ഷിശ്രേഷ്ഠന്മാരെല്ലാം ഇപ്പോഴും അവിടെത്തന്നെ ഉണ്ടെന്നാണു ജനങ്ങൾ പറയുകയും വിശ്വസിക്കുകയും ചെയ്തുപോരുന്നത്.

 

എന്നാലിപ്പോൾ കലിയുഗമായതുകൊണ്ട് അവരെ മനു‌ഷ്യർക്കു പ്രത്യക്ഷമായി കാൺമാൻ കഴിയുന്നില്ല. എന്നുമാത്രമല്ല, മഹർ‌ഷിമാരിപ്പോൾ താമസിക്കുന്നത് അവിടെയുള്ള വലിയ ഗുഹകളിലാണ്. ഇപ്പോഴും അവരുടെ മനസ്സിൽ രാക്ഷസഭയവും ജനോപദ്രവുമുണ്ടാകരുതെന്നുള്ള വിചാരമുള്ളതിനാൽ അവർ ഗുഹകളുടെ പ്രവേശനദ്വാരങ്ങൾ ആരും കണ്ടുപിടിക്കാതെയിരിക്കത്തക്കവണ്ണം ആച്ഛാദിച്ചുകൊണ്ടാണ് താമസിക്കുന്നത്. എന്നാലവർ പണ്ടു പർണ്ണശാലകൾ കെട്ടി അവിടെത്താമസിച്ചിരുന്ന സ്ഥലങ്ങൾ കണ്ടുപിടിക്കുന്നതിനു ചില ലക്ഷ്യങ്ങൾ ഇപ്പോഴും അവിടെ കാൺമാനുണ്ട്.

 

ആ മലയിൽ ഏഴു വലിയ സരസ്സുകളും എഴുപത്തിരണ്ട് അൽപസരസ്സുകളുമുണ്ട്. ജനങ്ങൾ വലിയ സരസ്സുകളെ "ചിറ"കളെന്നും അൽപസരസ്സുകളെ "ഓലി"കളെന്നുമാണ് പറഞ്ഞുവരുന്നത്. അവയെലാം പുണ്യതീർത്ഥങ്ങളാണ്. അവയിൽ വേനലെന്നും വർ‌ഷമെന്നുമുള്ള വ്യത്യാസം കൂടാതെ സദാ സ്ഫടികസദൃശമായ നിർമ്മലജലം പരിപൂർണ്ണമായിരിക്കുന്നു. മലയിൽനിന്നു തീർത്ഥം ഒലിച്ചു വന്ന സദാ ആ സരസ്സുകളെ നിറച്ചു കൊണ്ടാണിരിക്കുന്നത്. അതിനാൽ ഒരിക്കലുമവയിൽ ജലം കുറഞ്ഞു പോകുന്നില്ല എന്നാൽ ഒരു കാലത്തും കര കവിഞ്ഞ് ഒഴുകുന്നുമില്ല അവിടെച്ചെന്നുകണ്ടാൽ അവ ദിവ്യങ്ങളായിട്ടുള്ള പുണ്യസരസ്സുകളാണെന്ന് ആരും സമ്മതിക്കും.

 

 

 

ആ പുണ്യ തീർത്ഥങ്ങളിൽ സ്നാനതർപ്പണങ്ങളും പിതൃക്രിയകളും ചെയ്താൽ മോക്ഷവും പിതൃപ്രീതിയും സിദ്ധിക്കുമെന്നാണ് ജനങ്ങളുടെ വിശ്വാസം.

"വിജയാചലതീർത്ഥേ‌ഷു സ്നാത്വാ ഭക്ത്യാ പിതൃക്രിയാം
കരോതി മനേജോ യസ്തു ഗയാശ്രാദ്ധഫലം ലഭേൽ"

എന്നു സ്ഥലപുരാണത്തിൽപ്പറഞ്ഞിട്ടുമുണ്ട്. അതിനാൽ അർദ്ധോദയം, മഹോദയം, അമാവാസി മുതലായ പുണ്യദിവസങ്ങളിൽ അവിടെ സ്നാനതർപ്പണാദികൾക്കായി അസംഖ്യം ജനങ്ങൾ പല സ്ഥലങ്ങളിൽ നിന്നുമായി ഇപ്പോഴും അവിടെ വരുന്നുണ്ട്. പുണ്യദിവസങ്ങളിൽ ദേവന്മാരും അവിടെ വരുന്നുണ്ടെന്നാണ് ജനശ്രുതി. ഈ മലയുടെ അന്തർഭാഗത്തും തീർത്ഥങ്ങളുണ്ടെന്നും അവിടെയുയിരിക്കുന്ന താപസശ്രേഷ്ഠന്മാർ പുണ്യദിനങ്ങളിൽ അവയിൽ സ്നാനനതർപ്പണാദികൾ ചെയ്യുന്നുണ്ടെന്നുമുള്ള കാര്യം തീർച്ചയാണ്. എന്തെന്നാൽ, പുണ്യദിനങ്ങളിൽ മലയിൽനിന്ന് ഒലിച്ചുവരുന്ന തീർത്ഥത്തോടുകൂടി ദർഭപ്പുല്ലും പൂക്കളും അക്ഷതവും മറ്റും ഇപ്പോഴും പതിവായിക്കണ്ടുവരുന്നുണ്ട്. ഇവ ആ മഹർ‌ഷിമാരുടെ തർപ്പണത്തിന്റെ വകയായിരിക്കണമല്ലോ.

"എന്നാൽ ആ മലയുടെ മുകളിൽ പണ്ടുണ്ടായിരുന്ന വിഷ്ണുവിഗ്രഹം ഇപ്പോൾ അവിടെ പ്രത്യക്ഷമായി കാൺമാനില്ല. അതു മണ്ണിനടിയിൽ മറഞ്ഞുപോയിരിക്കുന്നു. എങ്കിലും ആ ബിംബമുണ്ടായിരുന്ന സ്ഥലം കണ്ടുപിടിക്കാൻ മാർഗ്ഗമുണ്ട്. ആ മലയിൽ ഇപ്പോഴും ചില വേടന്മാർ കുടുംബസഹിതം താമസിക്കുന്നുണ്ട്.

 

അവരിൽ പ്രാധനന്റെ പേർ "ഇരവി" എന്നാണ്. അവൻ ഒരു ദിവസം പാരകൊണ്ട് കാട്ടുകിഴങ്ങുകൾ മാന്തിപ്പറിച്ചപ്പോൾ ഒരു സ്ഥലത്തുനിന്നു രക്തപ്രവാഹമുണ്ടായി. അവൻ അതു കണ്ടു പേടിക്കുകയും അവനു മോഹാലസ്യമുണ്ടാവുകയും ചെയ്തു. പിന്നെ മൂന്നേമുക്കാൽ നാഴിക കഴിഞ്ഞതിന്റെ ശേ‌ഷമാണ് അവന് ബോധം വീണത്. അവന്റെ പാര ആ വിഷ്ണുബിംബത്തിൽ കൊണ്ടതിനാലാണ് രക്തപ്രവാഹമുണ്ടായത്. ആ ഇരവിയോടു പറഞ്ഞാൽ അവൻ സ്ഥലം കാണിച്ചുതരും. അവന്റെ കൂട്ടുകാരോ മറ്റോ ഇനിയും ആ സ്ഥലത്തു മാന്തുകയോ കുഴിക്കുകയോ ചെയ്യാനിടയാകാതെ സൂക്ഷിച്ചുകൊണ്ട് അവൻ ആ സ്ഥലത്തിനു സമീപിച്ചുതന്നെയാണ് കുടികെട്ടി താമസിച്ചു വരുന്നത്".

ചേരമാൻ പെരുമാൾ: എനിക്ക് ആ സ്ഥലംതന്നെയാണ് കാണേണ്ടത്. താഴെയിരിക്കുന്ന വിഷ്ണുവിഗ്രഹത്തെ ഉദ്ദേശിച്ചു സപ്തർ‌ഷികൾ ആ സ്ഥലത്തിന്റെ ഉപരിഭാഗത്തുതന്നെയായിരിക്കണം പ്രദക്ഷിണം വയ്ക്കുന്നതായി ഞാൻകണ്ടത്. അതുകൊണ്ട് നമുക്ക് അങ്ങോട്ടു പോകാം. പണിക്കരും ഒരുമിച്ചു തന്നെ വരണം.

പണിക്കർ: എഴുന്നള്ളത്തോടുകൂടി വരുന്നതിന് അടിയനു വിരോധമൊന്നുമില്ല; സന്തോ‌ഷമാണ്. പക്ഷേ എഴുന്നള്ളുന്ന കാര്യമാണ് വലിയ വി‌ഷമമായിട്ടിരിക്കുന്നത്. ഒരൂടുവഴി മാത്രമേ ഉള്ളു. അതുതന്നെ വലിയ കാട്ടിൽക്കൂടിയാണ്. വാഹനങ്ങളിൽ പോകാനും നിവൃത്തിയില്ല. കാൽനടയായിത്തന്നെ പോകേണ്ടിയിരിക്കുന്നു. അമാവാസി ദിവസങ്ങളിലും മറ്റും അടിയങ്ങൾ പോകുന്നതുതന്നെ വളരെ പ്രയാസപ്പെട്ടാണ്. പിന്നെ തിരുമേനി എഴുന്നള്ളുന്നതെങ്ങനെയാണെന്നാണ് അടിയൻ വിചാരിക്കുന്നത്.

പെരുമാൾ: അതിനെക്കുറിച്ചു വിചാരിക്കേണ്ട. ഞാൻ നടന്നു കൊള്ളാം. എനിക്ക് ഇതൊന്നും പ്രയാസമായി തോന്നുന്നില്ല.

"എന്നാൽ കല്പനപോലെ" എന്നു പറഞ്ഞു പണിക്കർ മാർഗ്ഗദർശിയായിട്ടു മുൻപേയും പെരുമാളും സഹചരന്മാരും പിന്നാലെയുമായിട്ട് അവിടെനിന്ന് പുറപ്പെട്ടു.

ഇവർ മലയിലേക്കു പുറപ്പെട്ടതു മരംകോച്ചുന്ന മഞ്ഞുള്ള മകരമാസത്തിലൊരു ദിവസം വെളുപ്പാൻകാലത്തായിരുന്നു. അപ്പോൾ മഞ്ഞിന്റെ തണുപ്പു സാമാന്യത്തിലധികമുണ്ടായിരുന്നതിനാൽ ചേരമാൻ പെരുമാൾ പാലൂർ പണിക്കരോട്, "ഇവിടെത്തന്നെ മഞ്ഞിന്റെ ശൈത്യം ദുസ്സഹമായിരിക്കുന്നു. മലയിൽ ചെല്ലുമ്പോൾ ഇത് ഇതിലധികമായിരിക്കുമല്ലോ" എന്നു പറഞ്ഞു. അപ്പോൾ പണിക്കർ, "മലകളിൽ മഞ്ഞ് മറ്റുള്ള സ്ഥലങ്ങളിലുള്ളതിൽ അധികമായിരിക്കുന്നതു സാധാരണമാണ്.

 

 

എന്നൽ ഈ മലയിലങ്ങനെയല്ല. ഇവിടെ മഞ്ഞും തണുപ്പും ലേശംപോലുമില്ല. അടിയൻ അറിയിച്ചതു പരമാർത്ഥമാണെന്ന് അവിടെച്ചെല്ലുമ്പോൾ തിരുമനസ്സിലേക്കു ബോദ്ധ്യപ്പെടും. അവിടെ മരങ്ങളുടെ ഇലകളിൽപോലും മഞ്ഞുവെള്ളം കാണുകയില്ല. പണ്ട് ഇവിടെയും മഞ്ഞ് മറ്റുള്ള മലകളിലെപ്പോലെ ഉണ്ടായിരുന്നുവെന്നും മഹർ‌ഷിമാരുടെ അപേക്ഷപ്രകാരം രാക്ഷസനിഗ്രഹത്തിനായി വന്നിരുന്ന ലക്ഷ്മണസ്വാമിക്കു മഞ്ഞിന്റെ ശൈത്യം ദുസ്സഹമായിത്തീരുകയാൽ കപില മഹർ‌ഷി "ഈ മലയിൽ മഞ്ഞില്ലാതെയായിപ്പോകട്ടേ" എന്നു ശപിക്കുകയാലാണ് ഇവിടെ മഞ്ഞില്ലാതെയായിപ്പോയെതെന്നുമാണ് ഐതിഹ്യം. അതെങ്ങനെയായാലും ഇവിടെ മഞ്ഞില്ലെന്നുള്ള കാര്യം വാസ്തവം തന്നെ" എന്നു പറഞ്ഞു.

ഇങ്ങനെ ഓരോന്നു പറഞ്ഞുകൊണ്ട് നടന്ന് അവർ വിജയാദ്രിയുടെ ഉപരിഭാഗത്തെത്തി. ആ കാട്ടുവഴിയിൽക്കൂടി കാൽനടയായി കയറ്റം കയറി മലയുടെ മുകളിലെത്തുന്നതിനു ചേരമാൻ പെരുമാൾക്കു സഹചരന്മാരോളംതന്നെ പ്രയാസവും ക്ഷീണവുമുണ്ടായില്ല. അദ്ദേഹത്തിന്റെ ദേഹം അങ്ങനെയുള്ളതായിരുന്നുവല്ലോ.

"ഔന്നത്യം ചേർന്ന മൂക്കും പൃഥുഗളവുമുയർന്നുള്ളൊരംഗങ്ങൾതന്നിൽ
ച്ചേർന്നീടും പൊന്മണികർണ്ണിക വിലസിടുമാക്കർണ്ണപാശങ്ങൾ രണ്ടും
നന്നായ് മുട്ടോളവും തൂങ്ങിയ കരയുഗവും നല്ല പൊൻവർണ്ണവും പൂ-
ണ്ടന്യുനായാമമേവന്നുടലതു ജനതയ്ക്കുള്ള ദുഃഖങ്ങൾ തീർക്കും"

എന്നാണല്ലോ 'സുഭദ്രാധനഞ്ജയം' നാടകത്തിൽ അദ്ദേഹത്തിന്റെ ആകാരത്തെ വർണ്ണിചിരിക്കുന്നത്.

അവർ മലയുടെ ഉപരിഭാഗത്തെത്തിയതിന്റെ ശേ‌ഷം പാലൂർ പ്പണിക്കർ ഇരവിയെ വിളിച്ച് അവൻ കാട്ടുകിഴങ്ങു മാന്തിയ സമയം രക്തപ്രവാഹമുണ്ടായ സ്ഥലം കാണിച്ചുകൊടുക്കുവാൻ പറയുകയും അവൻ കാണിച്ചുകൊടുക്കുകയും ചെയ്തു.

 

 

ചേരമാൻ പെരുമാൾ ആ സ്ഥലത്തിനു മൂന്നു പ്രദക്ഷിണം വെച്ചു നമസ്കരിച്ചതിന്റെ ശേ‌ഷം ഇരവിയെ വിളിച്ച് "ഈ സ്ഥലത്തിനു "കോട്ട" എന്നു പേരിട്ടിരിക്കുന്നു. അതിനാൽ മേലിൽ ഈ സ്ഥലത്തിനു "വെന്നിമലക്കോട്ട" എന്നു നാമമായിരിക്കുന്നതാണ്. പണ്ടു സ്വയംഭൂവായ ബിംബമുണ്ടായിരുന്ന സ്ഥലത്ത് ഒരു ക്ഷേത്രം പണിയിച്ചു ദേവപ്രതിഷ്ഠ നടത്തിക്കണമെന്നു നാം വിചാരിക്കുന്നു.

 

 അതിനാൽ നീയും നിന്റെ ജാതിക്കാരായ വേടന്മാരിൽ ആരുംതന്നെ മേലാൽ ഈ മലയുടെ ഉപരിഭാഗത്തു താമസിക്കരുത്. എന്നാൽ വളരെക്കാലമായി ഇവിടെ താമസിച്ചുവരുന്ന നിങ്ങൾ ഇവിടംവിട്ടു പോകണമെന്നു നാം ആജ്ഞാപിക്കുന്നില്ല. ഈ മലയുടെ നാലു വശങ്ങളിലും അടിവാരങ്ങളിൽ കുടിൽ കെട്ടി ഈ കോട്ടയ്ക്കു കാവലായി നിങ്ങൾ താമസിച്ചുകൊള്ളണം.

 

 

നിങ്ങളിലാരും ഈ കോട്ടയിലുള്ള പക്ഷിമൃഗാദികളെ ഹിംസിക്കുകയോ കാടുകളും മരങ്ങളും വെട്ടിയഴിക്കുകയോ ചെയ്തുപോകരുതെന്നു മാത്രമല്ല, അന്യന്മാർ വന്ന് അപ്രകാരമൊന്നും ചെയ്യാതെ നിങ്ങൾ സൂക്ഷിക്കുകയും വേണം. ഇതിലേക്ക് എന്തെങ്കിലും ചെറുതായ ഒരു പ്രതിഫലം നാം നിങ്ങൾക്കു തരികയും ചെയ്യാം. ഈ സ്ഥലം പണ്ട് മഹർ‌ഷിമാരുടെ തപോവനമായിരുന്നുവല്ലോ. ആ സ്ഥിതിയിൽതന്നെ ഇവിടം, മേലാൽ ഇവിടെ പ്രതിഷ്ഠിക്കപ്പെടുന്ന ദേവന്റെ സങ്കേതമായിരിക്കണമെന്നാണ് നാം ആഗ്രഹിക്കുന്നത്" എന്ന് പറഞ്ഞു. ഇതു കെട്ട് ഇരവി താണുതൊഴുതുകൊണ്ട്, "പൊന്നുതമ്പുരാനേ! അടിയങ്ങൾ കല്പനയ്ക്കു വിരോധമായി യാതൊന്നും പ്രവർത്തിക്കുന്നവരല്ല. കല്പനപോലെയെല്ലാം ഇവിടുത്തെ അടിമകളായി അടിയങ്ങൾ കോട്ടയുടെ നാലുവശത്തും അടിവാരങ്ങളിൽ മാടങ്ങൾ കെട്ടിപ്പാർത്തു കൊള്ളാം. ഈ മല തപോവനമായിരുന്നതുകൊണ്ട് ഇവിടെ ദുഷ്ടമൃഗങ്ങളൊന്നുംതന്നെ ഇല്ല. ഇവിടെ മൃഗങ്ങളെന്നു പറയാൻ മരഞ്ചാടികൾ മാത്രമേയുള്ളു. അവർ ശ്രീരാമഭക്തന്മാരാണെന്നുള്ള വിശ്വാസം നിമിത്തം അവരെ ആരും ഹിംസിക്കാറുമില്ല. പിന്നെ, ഇവിടെയുള്ള കാടും മരങ്ങളും ആരും വെട്ടി നശിപ്പിക്കാതെ അടിയങ്ങൾ പ്രത്യേകം സൂക്ഷിച്ചുകൊള്ളുകയും ചെയ്യാം" എന്നുണർത്തിച്ചു.

ഇത്രയും കഴിഞ്ഞപ്പോഴേക്കും ജനങ്ങൾ കേട്ടുകേൾപ്പിച്ചു ചേരമാൻ പെരുമാൾ എഴുന്നള്ളിയിരിക്കുന്ന വിവരമറിയുകയും അരിയും കറിക്കോപ്പുകളും മറ്റും ശേഖരിച്ച് ആ മലയുടെ മുകളിൽ എത്തിക്കുകയും സമീപസ്ഥന്മാരും "മലമേൽക്കാവുസമൂഹ"ത്തിലുൾപ്പെട്ടവരുമായ ചോഴിയപ്പട്ടന്മാരെ വരുത്തി ചതുർവ്വിധവിഭവങ്ങളോടുകൂടി അമൃതേത്തിനെല്ലാം തയ്യാറാക്കിക്കുകയും ചെയ്തു. കേരളചക്രവർത്തിയായിരുന്ന മഹാരാജാവെഴുന്നള്ളിയിരിക്കുന്നതായി അറിഞ്ഞാൽ അമൃതേത്തും മറ്റും തയ്യാറാക്കുന്നതിന് എല്ലാവരും സന്നദ്ധരായിരിക്കുമല്ലോ.

 

 

ഭക്ഷണത്തിന് വേണ്ടുന്നതെല്ലാം തയ്യാറായി എന്നറിഞ്ഞു ചേരമാൻ പെരുമാൾ മുതലായവർ ഓരോ ചിറകളിൽപ്പോയി സ്നാനം മുതലായവ കഴിച്ചുവന്നു പ്രത്യേകം പ്രത്യേകം മാറിയിരുന്ന് യഥാക്രമം ഊണുകഴിച്ചു. ആ വനഭോജനം അവർക്കെല്ലാവർക്കൂം ഏറ്റവും സന്തോ‌ഷപ്രദവും സുഖവുമായി എന്ന് അവരിൽ നിന്നുതന്നെ അന്യന്മാർക്കും അറിയാനിടയാവുകയും ചെയ്തു.

പിന്നെ ജനങ്ങൾക്കൂടി ചേരമാൻ പെരുമാളുടെ തത്കാലതാമസത്തിനായി ആ മലയുടെ പടിഞ്ഞാറെച്ചരുവിൽ ഒരു പുര അന്നു വൈകുന്നേരത്തേക്കുതന്നെ കെട്ടിയുണ്ടാക്കി. അപ്പോൾ മുതൽ അദ്ദേഹത്തിന്റെ താമസം അവിടെയാക്കി. അവിടെ വേണ്ടുന്ന സകലസാധനങ്ങളും മുറയ്ക്ക് ഇടപ്രഭുക്കന്മാരും നാടുവാഴികളും മറ്റും ശേഖരിച്ചു കൊടുത്തുകൊണ്ടിരുന്നു. പാചകവൃത്തി മലമേൽക്കാവു സമൂഹക്കാർതന്നെ നടത്തി. ഭൃത്യന്മാരും മറ്റും പെരുമാളുടെക്കൂടെത്തന്നെ ധാരാളമുണ്ടായിരുന്നു. പിന്നെ പാലൂർപ്പണിക്കർ മുതലായി മൂന്നുപേർ വിശേ‌ഷാൽ ചെന്നുകൂടുകയും ചെയ്തു. ചേരമാൻ പെരുമാൾ ഇങ്ങനെ അവിടെത്താമസിച്ചുകൊണ്ടു മുറയ്ക്കു ക്ഷേത്രം പണി നടത്തിച്ചു.

 

 

അമ്പലം ഒട്ടും മോശമല്ലായിരുന്നു. നാലമ്പലം, ബലിക്കൽപ്പുര, വാതിൽമാടം മുതലായവയോടുകൂടിത്തന്നെയാണ് പണിയിച്ചത്. പശ്ചിമാഭിമുഖമായ ആ ക്ഷേത്രത്തിന്റെ വടക്കെ വഴിയമ്പലം കൂത്തമ്പലമായിട്ടും ഉപയോഗിക്കുവാൻ തക്കവണ്ണം അതിൽ അരങ്ങും അണിയറയുംകൂടി ഉണ്ടാക്കിച്ചു. ശ്രീകോവിൽ, മണ്ഡപം, തിടപ്പള്ളി, മുളയറ മുതലായവയെല്ലം പണിക്കുറ തിർന്നപ്പോഴേക്കും കൃഷ്ണശിലകൊണ്ടു ചതുർബ്ബാഹുവായിട്ടുള്ള ഒരു വിഷ്ണുവിഗ്രഹമുണ്ടാക്കിച്ചു ജ്യോത്സ്യന്മാരെ വരുത്തി ആലോചിച്ചു പ്രതിഷ്ഠയ്ക്കു മുഹൂർത്തം നിശ്ചയിക്കുകയും മൂഹുർത്തച്ചാർത്ത് എഴുതിച്ചു വാങ്ങുകയും പ്രസിദ്ധതന്ത്രിയായ താഴമൺ പോറ്റിയുടെ അടുക്കൽ ആളയച്ചു വിവരം ഗ്രഹിപ്പിക്കുകയും പ്രതിഷ്ഠ, കലശം, ഉത്സവും മുതലായവയ്ക്ക് അദ്ദേഹത്തിന്റെ ചാർത്തു വരുത്തുകയും സകല സാധനങ്ങളും ശേഖരിക്കുകയും ചെയ്തു.

 

 

പ്രതിഷ്ഠയ്ക്കുള്ള ക്രിയകൾ തുടങ്ങുന്നതിനു രണ്ടു ദിവസം മുമ്പേതന്നെ തന്ത്രിയേയും ശാന്തി, പരികർമ്മം, കഴകം, വാദ്യഘോ‌ഷം മുതലായവയ്ക്കു വേണ്ടുന്ന ബ്രാഹ്മണരെയും വാരിയന്മാരെയും മാരാന്മാരെയും മറ്റും സ്ഥലത്തു വരുത്തി താമസിപ്പിക്കുകയും ചെയ്തു.

ഇങ്ങനെ വേണ്ടുന്ന സാധനങ്ങളെല്ലാം തയ്യാറാക്കിവെക്കുകയും വരേണ്ടുന്നവരെല്ലാം വന്നുചേരുകയും ചെയ്തതിന്റെശേ‌ഷം ക്രിയകളാരംഭിക്കുന്നതിന്റെ തലേദിവസം സന്ധ്യ കഴിഞ്ഞപ്പോൾ ഒരാൾ അവിടെച്ചെന്നു ചേർന്നു. ജടയും താടിയും വളർത്തിയും ദേഹമെല്ലാം ഭസ്മംപൂശിയും കഴുത്തിൽ രുദ്രാക്ഷമാലകളഞ്ഞും മരവുരിയുടുത്തുമിരുന്ന ആ ആളെക്കണ്ടാൽതന്നെ ഒരു സന്യാസിയോ താപസനോ മറ്റോ ആണെന്നു തോന്നുമായിരുന്നു.

 

 

അദ്ദേഹം അവിടെച്ചെന്ന് എന്തൊക്കെയോ സംസാരിച്ചു. അതെല്ലാം ഗീർവ്വാണഭാ‌ഷയിലായിരുന്നതിനാൽ അവിടെ നിന്നിരുന്നവർക്കു കാര്യമൊന്നും മനസ്സിലായില്ല. ഈ വിവരമറിഞ്ഞു ചേരമാൻ പെരുമാൾതന്നെ അവിടെച്ചെന്നു. ആ താപസനെ കണ്ടപ്പോൾത്തന്നെ അദ്ദേഹം ഒരു ദിവ്യനാണെന്നു തോന്നുകയാൽ ചേരമാൻ പെരുമാൾ അദ്ദേഹത്തിന്റെ പാദത്തിങ്കിൽ വീണുനമസ്കരിച്ചു. ചേരമാൻ പെരുമാളും ഗീർവ്വാണഭാ‌ഷാഭിജ്ഞനായിരുന്നതിനാൽ അവർ തമ്മിൽ സംഭാ‌ഷണമാരംഭിച്ചു. അതിന്റെ പരിഭാ‌ഷ താഴേച്ചേർക്കുന്നു:

താപസൻ: ഇവിടെ പ്രതിഷ്ഠിപ്പിക്കാനായി ഒരു ബിംബമുണ്ടാക്കിച്ചു വെച്ചിട്ടുണ്ടല്ലോ. അതു കേടുള്ളതാകയാൽ പ്രതിഷ്ഠിപ്പിക്കരുത്. അതു പ്രതിഷ്ഠിപ്പിച്ചാൽ രാജാവിനു ഗുണത്തിനു പകരം ദോ‌ഷമാണുണ്ടാകുന്നത്.

പെരുമാൾ: ആ ബിംബത്തിനു യാതൊരു കേടും ഞങ്ങളാരും കണ്ടില്ല. പിന്നെ അവിടുന്ന് ഇങ്ങനെ പറയുന്നതെന്താണാവോ?

താപസൻ: ആ ബിംബം എന്നെ ഒന്നു കാണിച്ചുതന്നാൽ കേടെവിടെയാണെന്നു ഞാൻകാണിച്ചുതരാം.

ഇതു കേട്ടു ചേരമാൻപെരുമാൾ താപസനെ വിളിച്ചുകൊണ്ടുപോയി ബിംബം കാണിച്ചുകൊടുത്തു. ഉടനെ താപസൻ അദ്ദേഹത്തിന്റെ കൈയിലിരുന്ന ഇരുമ്പുവടികൊണ്ട് ആ ബിംബത്തിന്റെ ഉദരമദ്ധ്യത്തിങ്കൽ ഒരു കുത്തു കൊടുത്തു. അപ്പോൾ ആ ഭാഗം പൊട്ടിത്തുറക്കുകയും അവിടെ നിന്നു കൃമികളോടുകൂടിയ വെള്ളമൊലിക്കുകയും ഒരു ചെറിയ തവള പുറത്തേക്കു ചാടുകയും ചെയ്തു. ഇതു കണ്ട് എല്ലാവരും അത്ഭുതപരവശന്മാരായിത്തീർന്നു. ചേരമാൻ പെരുമാൾക്ക് അത്ഭുതത്തെക്കാളധികം വ്യസനമാണുണ്ടായത്. വട്ടം കൂട്ടേണ്ടതെല്ലാം കൂട്ടിക്കഴിഞ്ഞു.

 

 

വരേണ്ടുന്നവരെല്ലാം വന്നു ചേരുകയും ചെയ്തു. ഒന്നോ രണ്ടോ ദിവസം കൊണ്ട് ഒരു വിഷ്ണുവിഗ്രഹമുണ്ടാക്കിച്ച് നിശ്ചിതമുഹൂർത്തത്തിൽത്തന്നെ പ്രതിഷ്ഠ നടത്തിക്കാൻ സാധിക്കയില്ലല്ലോ. അതു വിചാരിച്ചിട്ടു പെരുമാൾക്കുണ്ടായ ഇച്ഛാഭംഗവും വ്യസനവും സീമാതീതമായിരുന്നു. അദ്ദേഹം ആ താപസന്റെ പാദത്തിങ്കൽ വീണ്ടും വീണു നമസ്കരിച്ചിട്ട്,"അല്ലയോ സ്വാമിൻ! കേടുള്ളതായ ഈ ബിംബം പ്രതിഷ്ഠിപ്പിക്കാനിടയാകാത്തതിനെക്കുറിച്ച് അപാരമായ സന്തോ‌ഷമുണ്ട്. എങ്കിലും നിശ്ചിതമുഹൂർത്തത്തിൽ പ്രതിഷ്ഠ നടത്തിക്കാൻ സാധിക്കയില്ലല്ലോ എന്നു വിചാരിച്ച് ഞങ്ങൾക്കു അളവറ്റ വ്യസനവുമുണ്ട്.

 

ഇനി ഒന്നോ രണ്ടോ ദിവസംകൊണ്ട് ഒരു വിഗ്രഹമുണ്ടാക്കിച്ചു പ്രതിഷ്ഠ നടത്തിക്കാൻ സാധിക്കയില്ലല്ലോ" എന്നു പറഞ്ഞു.

താപസൻ: അല്ലയോ രാജാവേ! അങ്ങ് ഇതിനെക്കുറിച്ച് ഒട്ടും വ്യസനിക്കേണ്ടാ. ഇതിലേക്ക് ഒരു നിവൃത്തിമാർഗ്ഗം ഞാൻപറഞ്ഞുതരാം. ഈ മലയുടെ കിഴക്കേച്ചെരിവിലുള്ള ഒരു ചിറയിൽ മഹാവിഷ്ണുകലാ സംഭൂതനായ ലക്ഷ്മണസ്വാമിയുടെ ഒരു വിഗ്രഹം കിടക്കുന്നുണ്ട്.

 

അതു ബ്രാഹ്മണരെക്കൊണ്ടു മുങ്ങിയെടുപ്പിച്ചു കൊണ്ടുവന്നു നിശ്ചിതമുഹൂർത്തത്തിൽത്തന്നെ പ്രതിഷ്ഠ നടത്തിച്ചുകൊള്ളുക. അവിടെ ചിറകളും ഓലികളും പലതുണ്ടെങ്കിലും ബിംബം കിടക്കുന്ന ചിറയ്ക്ക് ഒരടയാളം കൂടി പറയാം. ബിംബമെടുക്കാനായി ചെല്ലുന്ന സമയം ഒരു ചിറയിൽ ഒരു താമരപ്പൂവ് വികസിച്ച് നിൽക്കുന്നതായിക്കാണും. ആ സ്ഥലത്തു മുങ്ങിത്തപ്പിയാൽ ബിംബം കണ്ടുകിട്ടും. ആ ബിംബത്തിന് ഇനി ജലാധിവാസം മുതലായ ക്രിയകളൊന്നും ആവശ്യമില്ല. എടുത്തുകൊണ്ടുവന്ന് യഥാവിധി പ്രതിഷ്ഠയും കലശം മുതലായവയും നടത്തിയാൽ മതി.

ഇത്രയും പറഞ്ഞുകഴിഞ്ഞതിന്റെ ശേ‌ഷം ആ താപസൻ അവിടെക്കൂടിനിന്നിരുന്ന ജനങ്ങളുടെ ഇടയിലേക്കു മാറിമറഞ്ഞു. പിന്നെ അദ്ദേഹത്തെ അവിടെയെങ്ങും ആരും കണ്ടില്ല. ആ താപസൻ സാക്ഷാൽ കപിലമഹർ‌ഷിതന്നെയാണെന്നാണ് പിന്നീടെല്ലാവരും തീർച്ചപ്പെടുത്തിയത്. ആരായാലും ഒരു ദിവ്യനായിരുന്നു എന്നുള്ളതിനു സംശയമില്ല.

ആ താപസൻ പിരിഞ്ഞുപോയപ്പോഴേക്കും രാത്രി വളരെയധികമായിരുന്നതുകൊണ്ടു മലയുടെ കിഴക്കുഭാഗം വലിയ കാടായിരുന്നതിനാലും ബിംബം മുങ്ങിയെടുക്കാനും മറ്റും അന്ന് ആരും പോയില്ല. പിറ്റേ ദിവസം രാവിലെ ചേരമാൻ പെരുമാൾ പാലൂർപ്പണിക്കർ മുതലായ ചില നായന്മാരെ നാലഞ്ചു ബ്രാഹ്മണരോടുകൂടി കിഴക്കേക്കോട്ടയിലേക്കയച്ചു. അവർ കാടും മുള്ളുമൊന്നും വകവെയ്ക്കാതെ കിഴക്കേക്കോട്ടയിൽ വളരെ നേരം ചുറ്റിനടന്നുനോക്കീട്ടും താമരപ്പൂവുള്ള ചിറകണ്ടില്ല. അപ്പോൾ ഒരു കൃഷ്ണപ്പരുന്ത് ആകാശമാർഗ്ഗത്തിങ്കൽ ഒരു സ്ഥലത്തു പ്രദക്ഷിണമായി പറന്നുകൊണ്ടിരിക്കുന്നതു കണ്ടിട്ട് അതിന്റെ അധോഭാഗത്തായിരിക്കണം ബിംബം കിടക്കുന്നതെന്ന് അവർക്കൊരു ഭൂതോദയമുണ്ടായി. ഉടനെ അവർ ആ പരുന്തു പറന്നുകൊണ്ടിരുന്ന സ്ഥലത്തിനു താഴെച്ചെന്നു. അപ്പോൾ അവിടെ ഒരു ചിറയും അതിന്റെ മദ്ധ്യഭാഗത്തു വികസിച്ചുനിൽക്കുന്ന ഒരു ചെന്താമരപ്പൂവും കണ്ടു. ഉടനെ രണ്ടുമൂന്നു ബ്രാഹ്മണർ ചിറയിൽ ഇറങ്ങി മുങ്ങാനായി അടുത്തുചെന്നു. ആ സമയം ചിറയുടെ കിഴക്കുഭാഗത്തുള്ള കൊടുകാട്ടിൽനിന്ന് അതിഭയങ്കരമായ ഒരട്ടഹാസവും "ചിറയിൽ ആരും ഇറങ്ങിക്കൂടാ" എന്ന് ആരോ വിളിച്ചു പറയുന്നതായും കേട്ടു. ഇതു കേട്ടപ്പോൾ പാലൂർപ്പണിക്കർ മുതലായവരെല്ലാവരും ഏറ്റവും ഭയവിഹ്വലന്മാരായിത്തീർന്നു. പിന്നെ ആ ചിറയിലിറങ്ങാൻ ആ കൂട്ടത്തിലുണ്ടായിരുന്നു ബ്രാഹ്മണർക്കാർക്കും ധൈര്യമുണ്ടായില്ല. അതിനാൽ പാലൂർപ്പണിക്കർ ഉടനെ ഓടിച്ചെന്ന് ഈ സംഗതികളെല്ലാം ചേരമാൻ പെരുമാളുടെ അടുക്കൽ അറിയിച്ചു. ഇതു കേട്ടപ്പോൾ പെരുമാളും ഏറ്റവും വി‌ഷണ്ണനായിത്തീർന്നു. ബിംബം കൊണ്ടുവരാതെയിരുന്നാൽ നിശ്ചിതമുഹൂർത്തത്തിൽ പ്രതിഷ്ഠ നടത്തുവാൻ സാധിക്കയില്ലല്ലോ. അതിനാൽ ഏതു പ്രകാരമെങ്കിലും ആ ബ്രാഹ്മണരെക്കൊണ്ടുതന്നെ ബിംബമെടുപ്പിച്ചു കൊണ്ടുവരണമെന്ന് നിശ്ചയിച്ച് അദ്ദേഹവും ചിറയുടെ സമീപത്തെത്തി. അപ്പോൾ തലേദിവസം അദ്ദേഹത്തിന്റെ അടുക്കൽ ചെന്നിരുന്ന താപസനും അവിടെച്ചെന്നു ചേർന്നു. താപസനെ കണ്ടയുടനെ പെരുമാൾ അദ്ദേഹത്തിന്റെ പാദത്തിങ്കൽ വീണു നമസ്കരിച്ചിട്ടു ബിംബമെടുക്കുന്നതിൽ നേരിട്ടിരിക്കുന്ന പ്രതിബന്ധത്തെക്കുറിച്ചറിയിച്ചു. ഉടനെ താപസൻ, "അല്ലയോ രാജാവേ! ഒരു സംഗതി ഇന്നലെപ്പറയാൻ ഞാൻമറന്നുപോയി. അതുംകൂടി ഇപ്പോൾ പറഞ്ഞേക്കാം. ഈ ബിംബം പണ്ടു ചില മഹർ‌ഷിമാർ ഇവിടെവെച്ചു പൂജിച്ചിരുന്നതാണ്. അവർ ഇവിടെനിന്ന് അന്തർദ്ധാനം ചെയ്ത സമയത്താണ് ഈ ബിംബം ഈ സരസ്സിൽ നിക്ഷേപിച്ചത്. ആ മഹർ‌ഷിമാർ ലക്ഷ്മണസ്വാമിയോടുകൂടി ഒരു ഭഗവതിയേയും വെച്ചു പൂജിച്ചിരുന്നു. ആ ഭഗവതിയുടെ അട്ടഹാസവും കൽപനയുമാണ് മുമ്പെ ഇവിടെ കേൾക്കപ്പെട്ടത്. ആ ദേവി മഹർ‌ഷിമാരുടെ അപേക്ഷപ്രകാരം ഈ ബിംബം സൂക്ഷിച്ചുകൊണ്ട് ഈ സരോവര തീരവനങ്ങളിൽ സഞ്ചരിക്കുന്നുണ്ട്. ഈ ബിംബത്തിന്റെ സമീപത്തുനിന്ന് ഈ ദേവി വിട്ടുമാറുകയില്ല. ഈ ദേവിയെ കൂടാതെ ഈ ബിംബം കൊണ്ടുപോകാൻ സാധിക്കയുമില്ല. അതിനാൽ തന്ത്രിയെ ഇവിടെ വരുത്തി, ഈ ദേവിയേയും ഇവിടെനിന്ന് ആവാഹിപ്പിച്ച് കൊണ്ടു പോകണം. ഈ ചിറയുടെ കിഴക്കുഭാഗത്തു സ്വല്പം തെക്കോട്ടുമാറി വേറെ ഒരു ചെറിയ ചിറയുണ്ട്. ആ ചിറയിൽ ഒരു കണ്ണാടിബിംബം കിടക്കുന്നുണ്ട്. ആദ്യംതന്നെ ആ കണ്ണാടിബിംബമെടുപ്പിച്ച് ദേവിയെ ആ കണ്ണാടിബിംബത്തിന്മേലാവാഹിപ്പിക്കണം. പിന്നെ ബിംബം മുങ്ങിയെടുക്കുന്നതിനു ഒരു വിരോധവും കാണുകയില്ല. രണ്ടു ബിംബങ്ങളും ഒരുമിച്ചു കൊണ്ടുപോകണം. ലക്ഷ്മണസ്വാമിയെ പ്രതിഷ്ഠിക്കുന്ന മൂഹൂർത്തത്തിൽത്തന്നെ ദേവിയെ കിഴക്കേച്ചുറ്റമ്പലത്തിൽ തെക്കുഭാഗത്തായി കുടിയിരുത്തുകയും വേണം. മുഹൂർത്തം തെറ്റാതെയിരിക്കുന്നതിന് ഞാനൊരു അടയാളംകൂടി പറയാം. മുഹൂർത്തസമയമാകുമ്പോൾ ഒരു കൃ‌ഷണപ്പരുന്ത് ചുറ്റിപ്പറന്ന് ശ്രീകോവിലിന്റെ സ്തൂപാഗ്രത്തിൽ വന്നിരിക്കും. ഉടനെ പ്രതിഷ്ഠ നടത്തിക്കൊള്ളണം". ഇങ്ങനെ പറഞ്ഞിട്ട് ആ താപസൻ കാട്ടിൽക്കയറി മറഞ്ഞുപോവുകയും ചെയ്തു.

അനന്തരം ചേരമാൻപെരുമാൾ ആദ്യംതന്നെ കണ്ണാടിബിംബം എടുപ്പിക്കുകയും തന്ത്രിയെ വരുത്തി ഭഗവതിയെ അതിന്മേൽ ആവാഹിപ്പിക്കുകയും ഉടനെ തന്നെ മറ്റേ ബിംബവും എടുപ്പിക്കുകയും രണ്ടു ബിംബങ്ങളും ബ്രാഹ്മണരെക്കൊണ്ടെടുപ്പിച്ചു ക്ഷേത്രസന്നിധിയിൽ കൊണ്ടുവരികയും ചെയ്തു. അപ്പോഴേക്കും അവിടെ പ്രതിഷ്ഠയ്ക്കുവേണ്ടുന്ന ആളുകളും ഉപകരണങ്ങളുമെല്ലാം തയ്യാറായിരുന്നതിനാൽ ഉടനെതന്നെ ക്രിയകളാരാംഭിച്ചു. മലമേൽക്കാവിൽ സമൂഹമെന്നുകൂടിപ്പേരുള്ള ചോഴിയസമൂഹത്തിലെ കിഴിക്കാരനായ പരദേശബ്രഹ്മണനെ സമുദായമായി നിയമിച്ച് ചേരമാൻ പെരുമാൾ അദ്ദേഹത്തെക്കൊണ്ട് തന്ത്രിക്കു കൂറയും പവിത്രവും കൊടുപ്പിച്ചാണ് ക്രിയകൾ തുടങ്ങിയത്. പ്രതിഷ്ഠയ്ക്ക് നിശ്ചയിച്ചിരുന്ന ദിവസമായപ്പോഴേക്കു അതിനു മുൻപു വേണ്ടുന്ന സകല ക്രിയകളും നടത്തി മുഹൂർത്തം വരാനായി എല്ലാവരും കാത്തുകൊണ്ടിരുന്നു. മുഹൂർത്തം നിശ്ചയിച്ച ജ്യോത്സ്യൻ മുൻകൂട്ടി അവിടെയെത്തുകയും മുഹൂർത്തസമയം തെറ്റാതെ പറഞ്ഞുകൊടുക്കുന്നതിനായി കൂടെക്കൂടെ അടിയളന്നുനോക്കിക്കൊണ്ടിരിക്കുകയും ചെയ്തു. മുഹൂർത്തസമയം ഏകദേശം അടുത്തപ്പോഴേക്കും ഒരു കൃഷ്ണപ്പരുന്ത് വന്നു ശ്രീകോവിലിന്റെ ഉപരിഭാഗത്തു ചുറ്റുപ്പറന്നുകൊണ്ടിരുന്നു. അങ്ങനെയിരുന്നപ്പോൾ ജ്യോത്സ്യൻ അടിയളന്നുനോക്കീട്ട്, "ഓഹോ! മുഹൂർത്തമായിരിക്കുന്നു. ഇനി പ്രതിഷ്ഠ നടത്തണം. ഇനിയും താമസിച്ചാൽ മുഹൂർത്തം കഴിഞ്ഞുപോകും" എന്നു പറഞ്ഞു. അപ്പോൾ ചേരമാൻ പെരുമാൾ "ആ പരുന്തു സ്തൂപാഗ്രത്തിൽ വന്നിരിക്കുമെന്നും ആ സമയത്ത് പ്രതിഷ്ഠ നടത്തിക്കൊള്ളണമെന്നുമാണല്ലോ ആ താപസൻ പറഞ്ഞിരിക്കുന്നത്" എന്നു പറഞ്ഞു. "താപസൻ പറഞ്ഞത് നോക്കിയിരുന്നാൽ മുഹൂർത്തം കഴിഞ്ഞുപോകും" എന്നു ജ്യോത്സ്യനും "താപസന്മാരുടെ വാക്കും മറ്റും ഇക്കാലത്ത് ഏകദേശമൊക്കെ ഒക്കുമെന്നല്ലാതെ നല്ല ശരിയായിരിക്കുന്ന കാര്യം സംശയമാണ്. കൃഷ്ണപ്പരുന്ത് ഉപരിഭാഗത്തു വന്നുവല്ലോ. അതു കൊണ്ട് ഇനി പ്രതിഷ്ഠ നടത്തുകയാണ് വേണ്ടത്" എന്നു മറ്റു പലരും പറയുകയാൽ "എന്നാൽ എല്ലാവരുടെയും ഇഷ്ടംപോലെയാവട്ടെ" എന്നു ചേരമാൻ പെരുമാൾ സമ്മതിക്കുകയും ഉടനെ തന്ത്രി പ്രതിഷ്ഠ നടത്തുകയും ചെയ്തു. കിഴക്കേച്ചുറ്റമ്പലത്തിൽ മുളയറയിൽ ആ രാശിക്കു തന്നെ ഭഗവതിയെ കുടിയിരുത്തുകയും കഴിച്ചു. ഇതു രണ്ടും കഴിഞ്ഞപ്പോൾ കൃഷ്ണപ്പരുന്ത് മന്ദം മന്ദം പറന്നു സ്തൂപാഗ്രത്തിൽ വന്നിരുന്നു. അപ്പോൾ ചേരമാൻ പെരുമാൾക്കു മറ്റും വളരെ കുണ്ഠിതമുണ്ടായി. മുഹൂർത്തമാകുന്നതിന് മുൻപാണ് പ്രതിഷ്ഠ നടത്തിയതെന്ന് എല്ലാവർക്കും തോന്നി.

 

"ഏതെങ്കിലും കാര്യം കഴിഞ്ഞുപോയ സ്ഥിതിക്ക് പിന്നെ വളരെ വിചാരിക്കുകയും വി‌ഷാദിക്കുകയും ചെയ്തതുകൊണ്ട് പ്രയോജനമൊന്നുമില്ലല്ലോ" എന്നു വിചാരിച്ച് യോഗ്യന്മാരെല്ലാവരും കൂടിയാലോചിച്ച് ഇതിലേക്കു തൽക്കാലം ചില പ്രായശ്ചിത്തങ്ങൾ ചെയ്തിട്ടു മുറയ്ക്ക് കലശം മുതലായവായും നടത്തി. നാലാം കലശം കഴിഞ്ഞ ദിവസം തന്ത്രിയും ചേരമാൻ പെരുമാളും മഴവഞ്ചേരിപ്പണിക്കർ മുതലായവരും മറ്റും കൂടി ക്ഷേത്രത്തിൽ മേലാൽ നടക്കേണ്ടുന്ന പതിവുകളെല്ലാം നിശ്ചയിച്ചു. പ്രതിദിനം അഞ്ചു പൂജയും മൂന്നു ശീവേലിയും ആണ്ടുതോറും മകരമാസത്തിൽ രോഹിണിനാൾ കൊടിയേറ്റും കുംഭമാസത്തിൽ രോഹിണിനാൾ ആറാട്ടുമായിട്ട് ഇരുപത്തെട്ടു ദിവസത്തെ ഉത്സവവും വേണമെന്നും മറ്റുമാണ് നിശ്ചയിച്ചത്. ഈ ചേരമാൻപെരുമാൾ ചാക്യാർകൂത്തിൽ വളരെ പ്രതിപത്തിയുള്ള ആളായിരുന്നതിനാൽ ക്ഷേത്രത്തിൽ എന്നും ചാക്യാർകൂത്തു വേണമെന്നും കൂത്തു വല്ല കാരണവശാലും ഒരു ദിവസമെങ്കിലും മുടങ്ങി പ്പോയാൽ ചാക്യാർ അതിനു പ്രായശ്ചിത്തമായി ഒരു കൂടിയാട്ടം നടത്തണമെന്നും ഇതിനുപുറമേ ആണ്ടിലൊരിക്കൽ ഒരംഗുലീയാങ്കം കൂത്തുകൂടി നടത്തണമെന്നും അത് ആണ്ടുതോറും ഉത്സവത്തിനു മുമ്പായിരിക്കണമെന്നും ഇതു കൂടാതെ ആണ്ടുതോറും ഉത്സവകാലത്തു മുളയറബ്‌ഭഗവതിയുടെ പ്രീതിക്കായീ മൂന്നു ദിവസം (കുംഭമാസത്തിൽ രേവതി, അശ്വതി, ഭരണി) തീയാട്ടുകൂടി വേണമെന്നും നിശ്ചയിച്ചു. ഇവയെല്ലാം എന്നും ശരിയായി നടത്തുന്നതിനു വേണ്ടുന്ന വസ്തുക്കൾ ദേവസ്വം പേരിൽ പതിച്ചു കൊടുക്കുകയും ക്ഷേത്രത്തിൽ കഴകത്തിനും, പൂജകൊട്ട്, പാട്ട് മുതലായവയ്ക്കും വാരിയന്മാരെയും മാരന്മാരേയും അടുത്ത സ്ഥലങ്ങളിൽനിന്നു വരുത്തി അവർക്കു ഇവിടെ താമസിക്കുന്നതിന് ഗൃഹങ്ങൾ പണിയിച്ചുകൊടുത്തു കോട്ടയ്ക്കകത്തു തന്നെ സ്ഥിരതാമസമാക്കുകയുംചെയ്തു. മഴവഞ്ചേരിപ്പണിക്കർ, ചേരിപ്പണിക്കർ, പുല്ലമ്പിലായിക്കയ്മൾ എന്നീ നായന്മാർക്കും കോട്ടയ്ക്കകത്തുതന്നെ ഗൃഹങ്ങളുണ്ടാക്കിച്ചുകൊടുത്ത് അവരുടെയും കുടുംബസഹിതമുള്ള സ്ഥിരവാസം അവിടെത്തന്നെയാക്കിയിരുന്നുവല്ലോ. എങ്കിലും കോട്ടയ്ക്കകത്തുള്ള ഗൃഹങ്ങളിൽവെച്ച് ആരും മരിക്കാനും പ്രസവിക്കാനും പാടില്ലെന്നുകൂടി നിശ്ചയിക്കുകയും ആ വകയ്ക്കായി കോട്ടയ്ക്കു പുറത്തും മേൽപറഞ്ഞവർക്കെല്ലാം ഓരോ ഭവനങ്ങൾ ഉണ്ടാക്കിച്ചുകൊടുക്കുകയും ചെയ്തു. ക്ഷേത്രത്തിൽ കൂത്തു പതിവായി നടത്തുന്നതിനു പൊതിയിൽ ചാക്യാരെ കുടുംബസഹിതം ഇവിടെ വരുത്തി, വെന്നിമല ക്ഷേത്രത്തിൽ നിന്ന് ഏകദേശം നാലു നാഴിക പടിഞ്ഞാറ് "ഉമ്പുകാട്" എന്ന ദേശത്തു ഭവനമുണ്ടാക്കിച്ചു കൊടുത്ത് അവിടെത്താമസിപ്പിച്ചു. കൂത്തു നടത്തുന്ന വകയ്ക്ക് അനുഭോഗമായി ആ ഉമ്പുകാട് എന്ന ദേശവും മറ്റനേകം വസ്തുക്കളും അവർക്കു പതിച്ചുകൊടുക്കുകയും ചെയ്തു. അതിനുമുമ്പ് ഈ ചാക്യാർ താമസിച്ചിരുന്നത് ആലങ്ങാട് താലൂക്കിൽ "പൊതി" എന്നു ദേശത്തായിരുന്നു. അതിനാലാണ് ഇവർക്കു പൊതിയിൽ ചാക്യാരെന്നുള്ള നാമം സിദ്ധിച്ചത്. അവർ ആ ദേശം വിട്ട് ഇവിടെപ്പോന്നിട്ടും ആ പൂർവനാമത്തെ ഉപേക്ഷിച്ചില്ല. എങ്കിലും ഇപ്പോൾ ഇവരെ "ഉമ്പുകാട്ടുചാക്യാർ" എന്നും ചിലർ പറയാറുണ്ട്.

ക്ഷേത്രത്തിൽ ഓരോ പ്രവൃത്തികൾ നടത്തുന്നവർക്കും ചേരമാൻ പെരുമാൾ യഥായോഗ്യം ഓരോരൊ അനുഭവങ്ങൾ കൽപിച്ചുകൊടുത്ത കൂട്ടത്തിൽ തീയാട്ടു നടത്തുന്നതിലേക്ക് ആ തീയാട്ടുണ്ണിയുടെ കുടുംബത്തിലേക്കും ഒൻപതു പറ പുഞ്ചനിലം അനുഭോഗമായി പതിച്ചുകൊടുത്തു. അത് ഇതെഴുതുന്ന എന്റെ കുടുംബത്തിലേക്കാണെന്നുകൂടി ഇവിടെ കൃതജ്ഞതാപൂർവം പറഞ്ഞുകൊള്ളുന്നു.

ഉത്സവം, കലശം മുതലായവയ്ക്ക് തന്ത്രിക്കു കൂറപവിത്രം കൊടുക്കുന്നതിന് അധികാരമുള്ള ഒരു ബ്രാഹ്മണൻ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാകയാൽ ചേരമാൻ പെരുമാൾ ക്ഷേത്രത്തിലെ സമുദായസ്ഥാനം മേൽപ്പാഴൂർ നമ്പൂരിപ്പാട്ടിലേക്കു കൊടുക്കുകയും കൂറപവിത്രം കൊടുക്കുക എന്ന കൃത്യം അദ്ദേഹം നടത്തുന്നതിന് ഏർപ്പാടു ചെയുകയും ചെയ്തു.

ഇത്രയുമൊക്കെ ചെയ്തിട്ടും ആ ക്ഷേത്രത്തിൽ ശാന്തിക്കു ചേരമാൻ പെരുമാൾ ആരെയും സ്ഥിരപ്പെടുത്തിയില്ല. അതിന് അപ്പോളപ്പോൾ രണ്ടോ മൂന്നോ കൊല്ലത്തേക്കു മാത്രമായിട്ട് ആളുകളെ നിയമിച്ചാൽ മതിയെന്നാണ് അദ്ദേഹം നിശ്ചയിച്ചത്.

ക്ഷേത്രകാര്യങ്ങളൊക്കെ നിശ്ചയിക്കുകയും അവയ്ക്കു വേണ്ടുന്ന വസ്തുക്കൾ പതിച്ചുകൊടുക്കുകയും ചെയ്തതിന്റെ ശേ‌ഷം കുറച്ചു കാലം കൂടി ചേരമാൻ പെരുമാൾ അവിടെത്താമസിച്ചിരുന്നു. പിന്നെ അദ്ദേഹം കേരളരാജ്യം തന്റെ ബന്ധുക്കൾക്കും സ്നേഹിതന്മാർക്കും ആശ്രിതന്മാർക്കും മറ്റുമായി വിഭജിച്ചുകൊടുത്തു പരദേശത്തേക്കു യാത്രയായ കാലത്തു വെന്നിമലക്ഷേത്രം സംബന്ധിച്ചുള്ള സകല കാര്യങ്ങളും തന്നെപ്പോലെ സമുദായവുമായി യോജിച്ചു നടത്തിക്കൊള്ളുന്നതിനു പറഞ്ഞ് തെക്കുംകൂർ രാജാവിനെ ഏൽപിച്ചിട്ടാണ് പോയത്. അതിനാൽ ചേരമാൻ പെരുമാൾ കേരളം വിട്ടുപോയതിന്റെ ശേ‌ഷം അവിടെ ക്ഷേത്രകാര്യങ്ങളെല്ലാം അന്വേ‌ഷിച്ചുനടത്തുകയും നടത്തിക്കുകയും ചെയ്തിരുന്നത് തെക്കുംകൂർ രാജാവായിരുന്നു. എങ്കിലും ഈ സ്ഥലം കണ്ടു പിടിക്കുകയും ഇപ്രകാരമെല്ലാമാക്കിത്തീർക്കുകയും ചെയ്ത പെരുമാളിനെക്കുറിച്ചുള്ള സ്മരണ ജനങ്ങളുടെ മനസ്സിൽനിന്നു വിട്ടുപോകാതെയിരിക്കാനായിട്ട് സംഭാ‌ഷണങ്ങളിലും എഴുത്തുകുത്തുകളിലും ദേവന്റെ നാമം ഉപയോഗിക്കുന്നതു "പെരുമാൾ" എന്നുള്ള ശബ്ദംകൂടി ചേർത്തുവേണമെന്നു തീർച്ചപ്പെടുത്തുകയും അതു നടപ്പാവുകയും ചെയ്തു. ഇപ്പോഴും ആ ദേവനെ ജനങ്ങൾ സാധാരണമായിപ്പറയുന്നത് "വെന്നിമലപ്പെരുമാൾ" എന്നാണ്.

വെന്നിമല ദേവസ്വകാര്യങ്ങൾ ഭരിക്കുന്നതിനുള്ള അധികാരം തെക്കുംകൂറിൽ അന്നന്നു മൂപ്പായിട്ടുള്ള രാജാവിനും സമുദായസ്ഥാനം മേൽപ്പാഴൂർ മനയ്ക്കൽ അന്നന്നു മൂപ്പായിട്ടുള്ള നമ്പൂരിപ്പാട്ടിലേക്കുമായിരുന്നു. ദേവസ്വകാര്യങ്ങളെല്ലാം രാജാവും സമുദായവും കൂടിച്ചേർന്നും യോജിച്ചും നടത്തിക്കൊള്ളണമെന്നാണല്ലോ ചേരമാൻപെരുമാളുടെ കൽപ്പന. അതിനാൽ തെക്കൂകൂർ വലിയ രാജാവും സമുദായവും മിക്ക സമയത്തും ക്ഷേത്രസന്നിധിയിൽതന്നെ താമസിക്കേണ്ടിയിരുന്നു. വിശേ‌ഷിച്ചും കൂറപവിത്രം കൊടുക്കുന്നതിനും കൊടിയേറ്റിനും മറ്റും ചോദ്യാനുവാദം അത്യാവശ്യമായിരുന്നതിനാൽ ഉത്സവമടുത്താൽപ്പിന്നെ ആറാട്ടു കഴിയുന്നതുവരെ അവർക്കു രണ്ടുപേർക്കും ക്ഷേത്രസന്നിധി വിട്ടുപോകാൻ ഒരു നിവൃത്തിയുമില്ലായിരുന്നു. അതിനും പുറമേ ഉത്സവത്തിൽ ആറാട്ടിന്റെ തലേ ദിവസം ദേവനെ പള്ളിവേട്ടയ്ക്കെഴുന്നള്ളിച്ചു കൊണ്ടുപോകുമ്പോൾ എഴുന്നള്ളത്തിനു മുമ്പിൽ വില്ലുമമ്പും ധരിച്ചുകൊണ്ട് നടക്കുകയും പള്ളിവേട്ടയ്ക്കുള്ള സ്ഥലത്തു ചെന്നാൽ ദേവന്റെ പ്രതിപുരു‌ഷനായി ആദ്യം കാണുന്ന മൃഗത്തെ ലക്ഷ്യമാക്കി ശരം പ്രയോഗിക്കുകയും ചെയ്യുന്നതിനു രാജാവുതന്നെ വേണമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. ഇവ മുമ്പു നടത്തിയിരുന്നതു ചേരമാൻപെരുമാൾ തന്നെയായിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ പ്രതിനിധിയായ തെക്കൂംകൂർ രാജാവും അപ്രകാരമെല്ലാം നടത്തിപ്പോന്നിരുന്നു. അങ്ങനെയിരുന്ന കാലത്തു തെക്കുംകൂറിൽ മൂപ്പ് "മണികണ്ഠൻ" എന്നു പ്രസിദ്ധനായ രാജാവായിത്തീർന്നു. അദ്ദേഹവും വെന്നിമലപ്പെരുമാളുടെ ക്ഷേത്രകാര്യങ്ങളെലാം തന്റെ പൂർവന്മാർ നടത്തിപ്പോന്നിരുന്നതുപോലെതന്നെ നടത്തിക്കൊണ്ടിരുന്നു.

വെന്നിമലപ്പെരുമാളെ പള്ളിവേട്ടയ്ക്കു എഴുന്നള്ളിച്ചുകൊണ്ടുപോകുന്നത് ക്ഷേത്രത്തിൽനിന്ന് ഏകദേശം അഞ്ചുനാഴിക തെക്കു പടിഞ്ഞാറു "നാലുന്നാക്കൽ" എന്ന സ്ഥലത്തായിരുന്നു പതിവ്. മുൻകാലങ്ങളിൽ അവിടം ഒരു വനപ്രദേശമായിരുന്നതിനാൽ അവിടെച്ചെന്നാൽ എന്തെങ്കിലും കാട്ടുമൃഗത്തെക്കാണുക സാധരണമായിരുന്നു. മണികണ്ഠരാജാവിന്റെ കാലത്ത് ഒരാണ്ടിൽ പള്ളിവേട്ടയ്ക്കെഴുന്നള്ളിച്ച് അവിടെച്ചെന്നപ്പോൾ ആദ്യം കണ്ടത് ഒരു പശുവിനെയായിരുന്നു. ഗോഹത്യ മഹാപാപമാണെങ്കിലും ആദ്യം കാണുന്ന മൃഗത്തെ ലക്ഷ്യമാക്കി ശരം പ്രയോഗിച്ചു കൊള്ളണമെന്നാണല്ലോ നിശ്ചയം ചെയ്തിരിക്കുന്നത്. അത് ദേവകാര്യമാകയാൽ അതിനെ ദേദപ്പെടുത്തിയൽ ദേവകോപമുണ്ടായെങ്കിലോ എന്നു ഭയപ്പെട്ട് രാജാവ് ആ പശുവിനെ ലക്ഷ്യമാക്കിത്തന്നെ ശരം പ്രയോഗിച്ചു. ശരമേറ്റ പശു മരണവേദനയോടുകൂടി നിലവിളിച്ചുകൊണ്ട് കുറച്ചുദൂരം വടക്കോട്ട് ഓടിട്ട് അവിടെ ഒരു സ്ഥലത്തു വീണു കൈയും കാലുമടിച്ചു മരിച്ചു. രാജാവിന് ഇതു നിമിത്തം ദുസ്സഹമായ ദുഃഖവും പശ്ചാത്തപവുമുണ്ടായി. അതിനാലദ്ദേഹം ഉത്സവം കഴിഞ്ഞതിന്റെ പിറ്റേ ദിവസംതന്നെ ഉഭയകുലപരിശുദ്ധന്മാരും രാഗദ്വേ‌ഷദിരഹിതന്മാരും വേദശാസ്ത്രനിപുണന്മാരുമായ അനേകം മഹാബ്രാഹ്മണരെ വരുത്തി യോഗം കൂട്ടി താൻ ചെയ്തപോയി മഹാപാപത്തിനു പ്രതിവിധി എന്താണു ചെയ്യേണ്ടത് എന്നു ചോദിച്ചു. ആ മഹാബ്രാഹ്മണർ എല്ലാവരുംകൂടി ആലോചിച്ചിട്ട്, "മരിച്ച പശുവിന്റെ ശരീരം ഒരു വൃക്ഷശാഖാഗ്രത്തിൽക്കെട്ടിത്തൂക്കണം. അതിന്റെ നേരെ താഴെയായിട്ടു രാജാവിരിക്കണം. ആ പശുവിന്റെ ശരീരം മുഴുവനും ദ്രവിച്ചു മുറിഞ്ഞുമുറിഞ്ഞു രാജാവിന്റെ തലയിൽ വീഴണം. അതു മുഴുവനും കഴിഞ്ഞാൽപിന്നെ ആ പശു വീണു മരിച്ച സ്ഥലത്ത് ഒരു ക്ഷേത്രം പണിയിച്ചു വിഷ്ണുപ്രതിഷ്ഠ കഴിപ്പിക്കണം. അവിടെ പൂജാദികളും മറ്റും എന്നും ശരിയായി നടക്കത്തക്കവണ്ണം വേണ്ടുന്ന വസ്തുവകകൾ ആ ദേവസ്വത്തിലേക്കു പതിച്ചുകൊടുത്തിട്ട് പോയി ഗംഗാസ്നാനവും സേതു സ്നാനവും നടത്തണം. ഇത്രയും ചെയ്താൽ ഈ മഹാപാപം തീരും എന്നു വിധിച്ചു. മണികണ്ഠരാജാവ് ബ്രാഹ്മണവിധിപ്രകാരം ക്ഷേത്രം പണിയും പ്രതിഷ്ഠയും കഴിപ്പിച്ചതിന്റെ ശേ‌ഷം ഈ വിഷ്ണുക്ഷേത്രം തന്റെ ഒരു സ്മാരകമായിരിക്കണമെന്നു നിശ്ചയിച്ച് അതിനു "മണികണ്ഠപുരം" എന്നു പേരിട്ടു. ആ ക്ഷേത്രത്തിന് ഇപ്പോഴും പറഞ്ഞുവരുന്ന പേർ അതു തന്നെയാണ്.

അനന്തരം മണികണ്ഠരാജാവ് തീർത്ഥസ്നാനത്തിനായി യാത്രയായ സമയം തന്റെ ഗുരുനാഥനായ ചിത്രകൂടത്തിൽപ്പി‌ഷാരടിയുടെ അടുക്കൽച്ചെന്ന് "ഞാൻഗംഗാസ്നാനത്തിനായി പോകുന്നു. ഗംഗാസ്നാനവും സേതുസ്നാനാവും കഴിഞ്ഞാൽ ആയുശ്ശേ‌ഷത്തെ നയിക്കണമെന്നല്ലാതെ ഇങ്ങോട്ടു മടങ്ങിവരണമെന്നു ഞാൻവിചാരിക്കുന്നില്ല. വെന്നിമലക്ഷേത്രത്തിന്മേലുള്ള അധികാരം മേലാൽ നമ്മുടെ കുടുംബത്തിലേക്കു ആവശ്യമില്ലെന്നാണ് ഞാൻവിചാരിക്കുന്നത്. അതിനാൽ ആ ക്ഷേത്രത്തിന്മേൽ എനിക്കും എന്റെ കുടുംബത്തേക്കുമുള്ള സകലാധികാരങ്ങളും അവകാശങ്ങളും കർത്തവ്യങ്ങളുമെല്ലാം എന്റെ ഗുരുനാഥനായ അവിടേക്കു ഞാൻ പൂർണ്ണസമ്മതത്തോടുകൂടി ഒഴിഞ്ഞുതന്നിരിക്കുന്നു. ദേവസ്വകാര്യങ്ങളെലാം എന്റെ പൂർവന്മാരും ഞാനും നടത്തിവന്നിരുന്നതുപോലെ അവിടുന്നും അവിടുത്തെ അനന്തരവരും സമുദായവും കൂടിച്ചേർന്നു നടത്തിക്കൊള്ളുമെന്നു ഞാൻപൂർണ്ണമായി വിശ്വസിക്കുന്നു. അവിടേക്കു ദേവസ്വത്തിലുള്ള സ്ഥാനത്തിന്റെ പേർ "കോയിമ്മ" എന്നായിരിക്കട്ടെ. ഈ സ്ഥാനം അവിടുത്തെ കുടുംബത്തിൽ അന്നന്നു മൂപ്പായിട്ടുള്ളവർക്കായിരിക്കുന്നതാണ്" എന്നു പറഞ്ഞ് വന്ദിച്ച് ഗുരുനാഥന്റെ അനുഗ്രഹവും വാങ്ങിക്കൊണ്ട് അദ്ദേഹം ഉടൻതന്നെ പോവുകയും ചെയ്തു.

മണികണ്ഠരാജാവ് ഏതാനും ദിവസത്തെ വഴി വടക്കോട്ടു പോയതിന്റെശേ‌ഷം ഒരു ദിവസം രാത്രിയിൽ അദ്ദേഹം ഒരു സത്രത്തിലെത്തിക്കിടന്നു. ആ സമയം വഴിപ്പോക്കരായ ചില ബ്രാഹ്മണരും അവിടെ വന്നു കൂടി. അവർ തമ്മിലുള്ള സംഭാ‌ഷണത്തിൽ ഒരു ബ്രാഹ്മണൻ ശേ‌ഷമുണ്ടായിരുന്നവരോട് "തെക്കുംകൂറിൽ മൂപ്പായിരുന്ന മണികണ്ഠരാജാവ് ഒരു ഗോഹത്യ ചെയ്തുപോകയാൽ തദ്ദോ‌ഷപരിഹാരാർത്ഥം മഹാബ്രാഹ്മണവിധിപ്രകാരം ഒരു ക്ഷേത്രം പണിയിച്ചു. വിഷ്ണു പ്രതിഷ്ഠയും കഴിപ്പിച്ചിട്ട് അദ്ദേഹം തീർത്ഥസ്നാനത്തിനായിട്ടു പോയി. ക്ഷേത്രം വളരെ രസികനായി. പക്ഷേ അവിടെച്ചെല്ലുന്നവർക്കു കുളിക്കണമെങ്കിൽ വേറെ വല്ലിടത്തും പോകണം. രാജാവ് അവിടെ ഇത്രയുമൊക്കെ ചെയ്ത സ്ഥിതിക്കു ഒരു ജലാശയം കൂടി ഉണ്ടാക്കിക്കേണ്ടതായിരുന്നു. അതു ചെയ്യാത്തതു വലിയ മോശമായിപ്പോയി. ഒരു ക്ഷേത്രമുണ്ടായാൽ അതിനടുത്ത് ഒരു കുളവുമുണ്ടായിരിക്കേണ്ടതത്യാവശ്യമാണ്. കുളമുണ്ടായാൽ ബ്രാഹ്മണർ കുളിച്ചു സന്ധ്യവന്ദനം കഴികുകയും പശുക്കളിറങ്ങി വെള്ളം കുടിക്കുകയും ചെയ്യുമല്ലോ. അതും പാപശാന്തിക്കു കൊള്ളാവുന്നതായിരുന്നു. അക്കാര്യം പറയാൻ ആ മഹാബ്രാഹ്മണർക്കും ചെയ്യാൻ രാജാവിനും തോന്നാഞ്ഞത് എന്താണാവോ?" എന്നു പറഞ്ഞു. ബ്രാഹ്മണർ ഇങ്ങനെ പറഞ്ഞത് രാജാവവിടെക്കിടക്കുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ടല്ലായിരുന്നു. എങ്കിലും രാജാവ് അതെല്ലാം കേൾക്കുകയും ഉടനെ എണീറ്റ് തെക്കോട്ട് നടന്നു തുടങ്ങുകയും ചെയ്തു. ഏതാനും ദിവസങ്ങൾകൊണ്ട് അദ്ദേഹം വീണ്ടും മണികണ്ഠപുരത്തു ക്ഷേത്രസന്നിധിയിലെത്തി. അവിടെ വടക്കെ നടയിൽ വലുതായിട്ട് ഒരു ചിറ കുഴിപ്പിച്ചു. മനു‌ഷ്യർക്കു കുളിക്കാനും കന്നുകാലികൾക്കു വെള്ളം കുടിക്കാനും സകൗര്യപ്പെടത്തക്ക വിധത്തിൽ പണിക്കൂറ തീർപ്പിച്ചിട്ട് പിന്നെയും അദ്ദേഹം വടക്കോട്ടുതന്നെ പോയി. അദ്ദേഹത്തിന്റെ പിന്നത്തെക്കഥയൊന്നും ആർക്കും അറിയാൻ കഴിഞ്ഞിട്ടില്ല. മണികണ്ഠരാജാവ് ക്ഷേത്രം പണിയിച്ചു പ്രതിഷ്ഠ കഴിപ്പിച്ചതും മറ്റും കൊല്ലം 350-ആമാണ്ടിടയ്ക്കാണെന്നുള്ളതിനു ചില ലക്ഷ്യങ്ങൾ കാണുന്നുണ്ട്.

ചിത്രകൂടത്തിൽപ്പി‌ഷാരടിക്കു വെന്നിമലക്ഷേത്രത്തിലെ കോയിമ്മസ്ഥാനം കിട്ടിയതിന്റെ ശേ‌ഷം അദ്ദേഹം ക്ഷേത്രസമീപത്തുതന്നെ ഒരു ഭവനം പണികഴിപ്പിച്ചു സ്ഥിരവാസം അവിടെയാക്കി. അതിനുമുമ്പ് അവർ താമസിച്ചിരുന്നതു മൂവാറ്റുപുഴത്താലൂക്കിലൊരു സ്ഥലത്തായിരുന്നു. ഇവരുടെ ശാഖാകുടുംബങ്ങൾ കിടങ്ങൂർ മുതലായ പല സ്ഥലങ്ങളിൽ ഇപ്പോഴുമുണ്ട്.

തെക്കുംകൂർരാജാവ് ദേവസ്വാധികാരം ഒഴിഞ്ഞുപോയതിന്റെശേ‌ഷം മേൽപ്പാഴൂർ നമ്പൂരിപ്പാടും തനിക്കു പകരം ഓരോ നമ്പൂരിമാരെ ഓരോ കാലാവധിവെച്ചു സമുദായമായി നിയമിച്ചു കാര്യങ്ങൾ നടത്തിച്ചുതുടങ്ങി. അങ്ങനെയല്ലാതെ താൻതന്നെ പോയി കാര്യങ്ങൾ നടത്താതെയായി. തെക്കൂകൂർ രാജാവും തിരുവിതാംകൂറിലേക്ക് ഒതുക്കിയ കാലം മുതൽ ചിത്രകൂടത്തിൽപ്പി‌ഷാരടിയുടെ കുടുംബത്തിൽ അന്നന്നു മൂപ്പായിട്ടുള്ള വരെ മഹാരാജാവുതിരുമനസ്സിലെ കൽപ്പനപ്രകാരം കോയിമ്മയായി നിയമിക്കുകയും ആ കോയിമ്മയും മേൽപ്പാഴൂർ നമ്പൂരിപ്പാടു നിയമിക്കുന്ന സമുദായവും കൂടി ദേവസ്വകാര്യങ്ങൾ അന്വേ‌ഷിച്ചു നടത്തുകയും ചെയ്തുതുടങ്ങി. ഇപ്പോഴും അങ്ങനെതന്നെ നടന്നുവരുന്നു.

വെന്നിമലക്ഷേത്രത്തിൽ കൂത്ത് വളരെ പ്രധാനമായ ഒരു കാര്യമായിട്ടാണ് ചേരമാൻ പെരുമാൾ നിശ്ചയിച്ചിരുന്നത്. അദ്ദേഹം കേരളരാജ്യം വിട്ടുപോയിതിനോടുകൂടിത്തന്നെ അക്കാര്യം വളരെ മോശമായി. പ്രതിദിനം കൂത്തുവേണമെന്നുള്ള ഏർപ്പാട് അദ്ദേഹം പോയതിനോടുകൂടിത്തന്നെ അസ്തമിച്ചു. പിന്നെ ആണ്ടിലൊരിക്കൾ ഒരംഗുലീയാങ്കം കൂത്തും ഉത്സവത്തിൽ ഇരുപത്തെട്ടു ദിവസത്തെ കൂത്തുംമാത്രം നടത്തിയിരുന്നു. അതും ചിലപ്പോൾ ചില കാരണങ്ങളാൽ മുടങ്ങുകയും അതിനു പ്രായശ്ചിത്തമായി ഓരോ കൂടിയാട്ടം നടത്തുകയും ചെയ്തിരുന്നു. അങ്ങനെ പത്തു പതിനഞ്ചു കൂടിയാട്ടംവരെ നടത്തിയിരുന്നത് ഇതെഴുതുന്ന എനിക്കുതന്നെ ഓർമ്മയുണ്ടെന്നല്ല, പലതും ഞാൻകണ്ടിട്ടുമുണ്ട്. കൂടിയാട്ടം എന്നാൽ സാധാരണ കൂടിയാട്ടങ്ങൾക്കുള്ളതുപോലെ പുരു‌ഷാർത്ഥങ്ങൾ പറയുകയും നിർവ്വഹണമാടുകയും മറ്റും അവിടെപ്പതിവില്ല. ഒരു ദിവസം കൊണ്ടു കഴിയത്തക്കവണ്ണം ഏതെങ്കിലും ഒരു നാടകത്തിലെ ഒരങ്കത്തിന്റെ ഒരംശം അഭിനയിക്കമാത്രമേ അവിടെ പതിവുള്ളു. ആശ്ചര്യചൂഡാമണി, തപതീസംവരണം മുതലാവ ചില നാടകങ്ങളിലെ ദുതഘടോൽകചാങ്കം, ശൂർപ്പണഖാങ്കം, ബാലിവധം മുതലായ ചില ഭാഗങ്ങളാണ് അവിടെ അഭിനയിച്ചുകണ്ടിട്ടുള്ളത്. ഇതിലൊക്കെ ഒന്നോ രണ്ടോ വേ‌ഷത്തിലധികം ഉണ്ടായിരിക്കാറില്ല. അവിടെ അഭിനയിക്കുന്ന ശൂർപണാഖാങ്കത്തിൽ ശൂർപ്പണഖയുടെയും ശ്രീരാമന്റെയും വേ‌ഷംമാത്രമേ പതിവുള്ളു. ലക്ഷ്മണന്റെ വേ‌ഷം പതിവില്ല. അങ്ങയായതിനെക്കുറിച്ചു കേട്ടിട്ടുള്ള ഐതിഹ്യം താഴെ ചേർക്കുന്നു.

പണ്ടൊരിക്കൽ ശൂർപ്പണഖാങ്കം അഭിനയിച്ചപ്പോൾ ശൂർപ്പണഖ സീതയുടെ നേരെ പാഞ്ഞടുക്കുന്നതു കണ്ട് ശ്രീരാമൻ ലക്ഷ്മണനെ വിളിച്ചു. അപ്പോൾ ശ്രീകോവിലിനകത്തുനിന്ന് "ഇതാ ഞാൻവരുന്നു" എന്നു വിളിച്ചുപറഞ്ഞതായി കേൾക്കപ്പെട്ടു. അപ്പോഴേക്കും ലക്ഷ്മണന്റെ വേ‌ഷം ധരിച്ചിരുന്ന ആൾ പെട്ടെന്ന് അരങ്ങത്തു പ്രവേശിക്കുകയും ശൂർപ്പണഖയുടെ കർണ്ണനാസികാച്ഛദേനം ചെയ്കയും ചെയ്തു. അതു കൊണ്ട് ശ്രീകോവിലിനകത്തുനിന്ന് ആരും പുറത്തേക്കു വന്നില്ല. എങ്കിലും പിന്നെയും ശ്രീകോവിലനകത്തുനിന്ന് "ഇനി മേലാൽ ഇവിടെ എന്റെ വേ‌ഷം ആരും ധരിക്കരുത്" എന്നുംകൂടി വിളിച്ചുപറഞ്ഞതായി കേൾക്കപ്പെട്ടു. പിറ്റേദിവസം കാലത്ത് ശാന്തിക്കാരൻ കുളിച്ചു വന്നു നട തുറന്ന് അകത്തു ചെന്നപ്പോൾ ബിംബത്തിന്റെ ഒരു കാൽ മുമ്പോട്ടുവെച്ചിരിക്കുന്നതായിക്കണ്ടു. അത് ഇപ്പോഴും അങ്ങനെതന്നെയാണിരിക്കുന്നത്. ഇപ്രകാരമെല്ലാമുണ്ടായ കാലംമുതൽക്കാണ് അവിടെ ലക്ഷ്മണന്റെ വേ‌ഷം വേണ്ടെന്നു വെച്ചത്. അവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് സാക്ഷാൽ ലക്ഷ്മണസ്വാമിയെയാണല്ലോ.

മേൽപറഞ്ഞ അത്ഭുതസംഭവങ്ങൾക്കുശേ‌ഷം അവിടെ ശൂർപ്പണഖാങ്കം അഭിനയിച്ചപ്പോൾ ശൂർപ്പണഖയുടെ കർണ്ണനാസികാച്ഛദേത്തിനു ലക്ഷ്മണൻ പ്രവേശിക്കേണ്ടുന്ന ഘട്ടമായപ്പോൾ ശൂർപ്പണഖാവേ‌ഷധാരി യായ ചാക്യാർ നടയിൽചെന്നുനിന്നു സ്വയമേവ മൂക്കും മുലയുമൊക്കെ ച്ഛേദിച്ചു നിണവുമണിഞ്ഞ് അവിടെനിന്നു തല്ലിയലച്ചു നിലവിളിച്ചുകൊണ്ടി അരങ്ങത്തേക്കു വരികയായിരുന്നു പതിവ്. സ്വാമിതന്നെ കർണ്ണനാസികാ ച്ഛദേനം ചെയ്തുവിട്ടു എന്നാണ് സങ്കല്പം.

ഇപ്രകാരമെല്ലാം മാഹത്മ്യമേറിയതായ ആ സ്ഥലത്തിന്റെ ഇപ്പോഴത്തേ സ്ഥിതി വിചാരിച്ചാൽ മഹാകഷ്ടമെന്നല്ലാതെ മറ്റൊന്നും പറയാൻ കാണുന്നില്ല. ദേവസ്വാധികാരികളുടെ അജ്ഞതയും അനൈക മത്യവും തന്തോന്നിത്തവുംകൊണ്ട് ആ ദേവസ്വമിപ്പോൾ ഏകദേശം ശൂന്യപ്രായമായിരിക്കുന്നു എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ദേവന്റെ സങ്കേതസ്ഥലവും ഋഷ്യാ ശ്രമതുല്യവുമായിരുന്ന കോട്ട ആരും വെട്ടിയഴിക്കരുതെന്നായിരുന്നുവല്ലോ പൂർവ്വനിശ്ചയം. ആ സ്ഥലം മിക്കവാറും ദേവസ്വക്കാർ അന്യന്മാർക്കു കാണപ്പാട്ടമായി എഴുതിക്കൊടുക്കയാൽ ആ സ്ഥലത്തു കൂടിയാന്മാർ തെങ്ങ്, പിലാവു മുതലായ വൃക്ഷങ്ങൾ വെച്ചുപിടിപ്പിച്ച് ആദായമെടുത്തുതുടങ്ങിയിരിക്കുന്നു. വേറെയും അനേകം വസ്തുക്കൾ അന്യാധീനപ്പെടുത്തിക്കളഞ്ഞു. ആകപ്പാടെ ദേവസ്വത്തിലേക്കുള്ള ആദായമിപ്പോൾ മുമ്പുണ്ടായിരുന്നതിൽ വളരെക്കുറഞ്ഞു പോയിട്ടുണ്ട്. എങ്കിലുമിവിടെ പൂജയും മറ്റും മുട്ടിയതായി ഇതുവരെ കേട്ടുതുടങ്ങീട്ടില്ല. നാമമാത്രമായിട്ടെങ്കിലും ആണ്ടു തോറും ഉത്സവവും കഴിഞ്ഞുകൂടുന്നുണ്ട്. ഉത്സവകാലത്തു പതിവുള്ളവയിൽ തീയാട്ടു മാത്രമേ ഇപ്പോളവിടെ ശരിയായി നടക്കുന്നുള്ളു. കൂത്ത് അവിടെയിപ്പോൾ ആകപ്പാടെയുള്ള കൂത്തുതന്നെ. ചാക്യാരുടെ ഒരു കൂത്തും അവിടെ ഒരു ദിവസം പോലുമില്ലാതായിട്ട് ഇപ്പോൾ ഏകദേശം പന്തീരാണ്ടു കഴിഞ്ഞിരിക്കുന്നു.

തെക്കൂകൂർ രാജാവ് ഗോഹത്യ ചെയ്തതിൽപ്പിന്നെ പള്ളിവേട്ടയ്ക്കു ദൂരസ്ഥലത്തേക്കു എഴുന്നള്ളിച്ചുപോകാറില്ല. അക്കാലം മുതൽ ക്ഷേത്രത്തിൽനിന്ന് എഴുന്നള്ളിചു സ്വല്പം പടിഞ്ഞാട്ടുപോയിട്ട് അവിടെ പള്ളിവേട്ട ബലിതൂവുകയും അമ്പിടുകയും ചെയ്താൽ മതിയെന്നു തീർച്ചപ്പെടുത്തി അതിനൊരു സ്ഥലവും നിശ്ചയിച്ചു. ഇപ്പോഴും ആ സ്ഥലം വരെ എഴുന്നള്ളിച്ചുപോയി അവിടെ ബലി തൂവുകയാണ് പതിവ്. ഇവിടെ പള്ളിവേട്ടബലി തന്ത്രി തൂവിക്കഴിഞ്ഞാൽ മഴവഞ്ചേരി മൂത്തപണിക്കരും തറ്റുടുത്ത് ഉത്തരീയവുമിട്ടുവന്ന് കൈവട്ടകയും പൂപ്പാലികയുമെടുത്തു തൂവണം എന്നൊരു ചട്ടം ചേരമാൻ പെരുമാൾ നിശ്ചയിച്ചിട്ടുള്ളതാണ്. അതും ഇപ്പോഴും നടന്നുവരുന്നുണ്ട്. ഈ ബലി തൂവാനുള്ള മന്ത്രം പണിക്കർക്കു തന്ത്രിയാണ് ഉപദേശിച്ചു കൊടുക്കേണ്ടത്. അതു മൂത്ത പണിക്കാരെയല്ലാതെ മറ്റാരെയും ഗ്രഹിപ്പിക്കാറില്ല; തന്ത്രിയല്ലാതെ മറ്റാരും ഉപദേശിക്കാറുമില്ല. ഒരു മൂത്ത പണിക്കർ കഴിഞ്ഞാർ പിന്നത്തെ മൂത്തപണിക്കർക്ക് ഉപദേശിച്ചുകൊടുക്കും. അങ്ങനെയാണ് ഇപ്പോഴും നടന്നുവരുന്നത്.

ഇതു കൂടാതെ ക്ഷേത്രത്തിൽ വിശേ‌ഷവിധിയായി ഒരു പതിവുകൂടിയുണ്ട്. ചേരമാൻ പെരുമാൾ വെന്നിമലെത്താമസിച്ചിരുന്ന കാലത്ത് ദേവനെ ശീവേലിക്കും മറ്റും പുറത്തെഴുന്നള്ളിക്കുന്ന സമയങ്ങളിൽ എഴുന്നള്ളത്തിന്റെ പിന്നാലെ അദ്ദേഹവുംകൂടി നടക്കാറുണ്ടായിരുന്നു. അപ്പോൾ മഴവഞ്ചേരിപ്പണിക്കർ മുതലായ മൂന്നു വീട്ടിൽ നായന്മാരുടെ കുടുംബങ്ങളിലേ ഓരോ സ്ത്രീകൾ ഓരോ കുത്തുവിളക്കുമെടുത്തുകൊണ്ടു പെരുമാളുടെ മുമ്പിലും നടക്കാരുണ്ടായിരുന്നു. ചേരമാൻ പെരുമാൾ ഇവിടം വിട്ടുംപോയിട്ടും ആ സ്ത്രീകൾ ദേവനെ എഴുന്നള്ളിക്കുന്നതിന്റെ പിന്നാലെ കുത്തുവിളക്കെടുത്തുകൊണ്ട് നടക്കുകയെന്നുള്ള പതിവു വേണ്ടെന്നു വെച്ചില്ല. ദേവന്റെ പിന്നിൽ ചേരമാൻപെരുമാളിപ്പോഴുമുണ്ടെന്നാണ് സങ്കൽപം.

 

രഞ്ജിത്ത് മാത്യു

 

കവർ ചിത്രം: ബിനോയ് തോമസ് 
 

അടുത്ത ലക്കം   : 

കാളിദാസൻ

ചിറ്റൂർകാവിൽ ഭഗവതി

April 21, 2021

ചിറ്റൂർകാവ്, കൊച്ചി രാജ്യത്തിന്റെ കിഴക്കേ അറ്റത്തുള്ളതും ബ്രിട്ടീ‌ഷുരാജ്യത്താൽ ചുറ്റപ്പെട്ടതുമായ ചിറ്റൂർ താലൂക്കിൽ ചേർന്ന ചിറ്റൂർ ദേശത്തു തന്നെയാണ്. അവിടെ പ്രതിæിക്കപ്പെട്ടിരിക്കുന്ന ഭദ്രകാളിയെയാണ് 'ചിറ്റൂർക്കാവിൽ ഭഗവതി' എന്നു പറഞ്ഞു വരുന്നത്. ആ ദേശക്കാർ ആ ദേവിയെ തങ്ങളുടെ പരദേവതയായിട്ടു തന്നെയാണ് ആദരിക്കുകയും ആചരിക്കുകയും ചെയ്തു പേരുന്നതെന്നും അവർ പണ്ടേ തന്നേ ഭദ്രകാളിയെക്കുറിച്ചു വളരെ ഭക്തിയും വിശ്വാസവുമുള്ളവരായിരുന്നുവെന്നുമുള്ളതു പ്രസിദ്ധമാണ്. ഭഗവതി ആ ദേശക്കാരെക്കുറിച്ചു വളരെ കൃപയോടും വാത്സല്യത്തോടുംകൂടി വർത്തിച്ചുപോരുന്നുമുണ്ട്.

പണ്ടൊരിക്കൽ കൊങ്ങുരാജ്യാധിപനായ രാജാവ് ചിറ്റൂർ ദേശം പിടിച്ചടക്കാനായി സൈന്യസമേതം ആ ദേശത്തു വന്നു ചേർന്നു. ചിറ്റൂർ ദേശക്കാരും യുദ്ധവിദഗ്ദ്ധന്മാരായിരുന്നതിനാൽ രണ്ടു കൂട്ടരും തമ്മിൽ നേരിട്ട് അതി ഭയങ്കരമായ യുദ്ധമുണ്ടായി. സ്വല്പസമയം കഴിഞ്ഞപ്പോൾ ചിറ്റൂർക്കാർ ഏറ്റവും പരവശന്മാരായിത്തീരുകയും കൊങ്ങപ്പടയെ ജയിക്കുന്ന കാര്യം തങ്ങളാൽ സാദ്ധ്യമല്ലെന്ന് അവർക്കു തോന്നുകയും ചെയ്തു. അപ്പോൾ അവരെല്ലാവരും ക്ഷേത്രസന്നിധിയിൽ ചെന്നു തങ്ങളുടെ പരദേവതയായ ഭഗവതിയെ ഭക്തി പൂർവ്വം വന്ദിച്ചുകൊണ്ട്,

"ഭൂവിൽപ്പുകഴും ചിറ്റൂർ
ക്കാവിൽ വിളങ്ങും കൃതാന്തരിപുപുത്രി!
ഈവിധമായൊരു മക്കളെ
യാവിർമ്മോദം തുണയ്ക്ക മാതാവേ!"
"ഞങ്ങളെ വെൽവാൻ വന്നൊരു
കൊങ്ങപ്പടയേ വധിച്ചു വേഗത്തിൽ
മങ്ങലൊഴിക്കുക മായേ!
മംഗളമൂർത്തേ! നമോ നമസ്തുഭ്യം"
എന്നു പ്രാർത്ഥിച്ചു.

അതു കേട്ട് ആർത്തത്രാണപരായണയും ഭക്തവൽസലയും ലോകമാതാവുമായ ഭഗവതി ഉടൻ പ്രത്യക്ഷമായി പോർക്കളത്തിലെത്തി തന്റെ നാന്ദകംവാൾകൊണ്ടു കൊങ്ങപ്പടകളെ വെട്ടി വധിച്ചു തുടങ്ങി. ക്ഷണനേരംകൊണ്ടു കൊങ്ങപ്പട മിക്കവാറും നശിച്ചു. ഏതാനും സൈനികന്മാർ പ്രാണഭീതിയോടുകൂടി ഓടി സ്വദേശത്തേക്കു മടങ്ങിപ്പോവുകയും ചെയ്തു.

അപ്പോൾ കൊങ്ങു രാജാവ് ദേവിയോടു നേരിട്ടു യുദ്ധം തുടങ്ങി. ആ യുദ്ധം ഏറ്റവും ഭയങ്കരം തന്നെയായിരുന്നു. കൊങ്ങുരാജാവ് അന്തകനെപ്പോലെ ഒരു പോത്തിന്റെ പുറത്തു കയറിയായിരുന്നു യുദ്ധത്തിനു വന്നിരുന്നത്. ദേവി തന്റെ വാൾകൊണ്ട് ആ പോത്തിന്റെ തല വെട്ടി താഴെയിടുകയും കൊങ്ങുരാജാവിന്റെ കഴുത്തു മുറിച്ചു തല ദാരുകന്റെ ശിരസ്സിനെപ്പോലെ തൃക്കൈയിലെടുക്കുകയും ചെയ്തു. അങ്ങനെ ആ യുദ്ധം അവസാനിച്ചതിന്റെ ശേ‌ഷം ദേവി ഒരു ശിലാതലത്തിൽ ചെന്നിരുന്നു വിശ്രമിച്ചു. അപ്പോൾ ദേശക്കാരെല്ലാവരും അവിടെ എത്തി ഭഗവതിയെക്കണ്ടു വന്ദിച്ചു സ്തുതിച്ചു. അവരപ്പോൾ ഭഗവതിയെ കണ്ടത് എട്ടു തൃക്കൈകളോടും ആ തൃക്കൈകളിൽ വരദാഭയമുദ്രകളും നാന്ദകം വാൾ, ശൂലം, ഗദ, ശംഖം, വട്ടക, കൊങ്ങു രാജാവിന്റെ ശിരസ്സ് എന്നിവ ധരിച്ചു കൊണ്ടും കാലിന്മേൽ കാൽ കയറ്റിവെച്ച് ഇരിക്കുന്നതുമായിട്ടായിരുന്നു.

ഭഗവതി അങ്ങനെ അവിടെ ഇരുന്നപ്പോൾ അതിലേ കടന്നുപോയ ചില ചക്കിലിയന്മാർ അവരുടെ കൈവശമുണ്ടായിരുന്ന മദ്യവും മാംസവും തിരുമുൽക്കാഴ്ചയായി ദേവിയുടെ തൃപ്പാദസന്നിധിയിൽ വെച്ചു വന്ദിച്ചു.

ദേവി അവയെ സസന്തോ‌ഷം സ്വീകരിക്കുകയും ആ മദ്യം സ്വല്പം സേവിക്കുകയും മാംസം കുറച്ചെടുത്തു ഭക്ഷിക്കുകയും ചെയ്തിട്ടു ശേ‌ഷം ഉണ്ടായിരുന്നത് അവിടെ കൂടിയിരുന്ന ജനങ്ങൾക്കു കൊടുക്കുകയും ജനങ്ങൾ അവ വാങ്ങി ദേവിയുടെ പ്രസാദമെന്നുള്ള സങ്കൽപ്പത്തോടു കൂടി ആസ്വദിക്കുകയും ചെയ്തു.

അപ്പോഴേക്കും ദേവി അവിടെ നിന്ന് അന്തർദ്ധാനം ചെയ്തുകളക യാൽ ആ ദിവ്യസ്വരൂപം അവർക്കാർക്കും പിന്നെ കാണ്മാൻ കഴിഞ്ഞില്ല. അതിനാൽ പിന്നെ ആദേശക്കാരായ എല്ലാവരും കൂടി "ദേവിയുടെ ഈ ദിവ്യസ്വരൂപം എന്നു കണ്ടു വന്ദിക്കാനായി ഇപ്പോൾ നമ്മൾ കണ്ടതു പോലെതന്നെ ഒരു വിഗ്രഹമുണ്ടാക്കിച്ച് ഇവിടെ പ്രതിഷ്ഠിക്കണം" എന്നു നിശ്ചയിച്ച് അപ്രകാരമൊരു വിഗ്രഹം മണ്ണുകൊണ്ടുണ്ടാക്കിച്ചു ചൂളയിൽ വെച്ചു തയ്യാറാക്കി.

ആ സമയത്ത് ഒരു യോഗിനി അവിടെ വന്നു ചേരു കയും ആ ബിംബമെടുത്തുകൊണ്ടു പോയി നിശ്ചിതതസ്ഥലത്തു പ്രതിഷ്ഠിക്കുകയും ചെയ്തിട്ട് ഉടൻതന്നെ അദൃശ്യയായി ഭവിക്കുകയും ചെയ്തു. ആ യോഗിനി ആരാണെന്നും എവിടെ നിന്നാണ് വന്നതെന്നും എങ്ങോട്ടാണ് പോയതെന്നും ആർക്കും നിശ്ചയമില്ല. പ്രതിഷ്ഠിച്ചത് പൂർവ്വ ക്ഷേത്രത്തിന്റെ കിഴക്കുവശത്തു സ്വൽപം തെക്കോട്ടുമാറിയാണെന്ന് ഇപ്പോഴും എല്ലാവർക്കും കണ്ടറിയാവുന്നതുമാണ്. ഈ പ്രതിഷ്ഠ നടന്നത് കൊല്ലവർ‌ഷം 71 കുംഭമാസം ഞ്ജ6-ാം തിയതിയായിരുന്നു എന്നാണ് പറഞ്ഞുവരുന്നത്.

ബിംബപ്രതിഷ്ഠ കഴിഞ്ഞാലുടനെ ഒരു നിവേദ്യം കഴിക്കേണ്ടത് അത്യാവശ്യമാണല്ലോ. അതിനെന്താണ് വേണ്ടതെന്ന് അവിടെക്കൂടിയവരെല്ലാവരുംകൂടി ആലോചിച്ചു. അപ്പോൾ അവരിൽ ദേവീഭക്തശിരോ മണിയും ജ്ഞാനിയുമായിരുന്ന ഒരു നായർ "ചക്കിലിയമ്മാർ കൊടുത്ത മദ്യവും മാംസവും ദേവി സസന്തോ‌ഷം സ്വീകരിച്ചുവല്ലോ. അതിനാൽ ഇപ്പോഴും അവതന്നെ മതി" എന്നു വിധിക്കുകയും അത് എല്ലാവരും സമ്മതിക്കുകയും ചെയ്തു. ഉടനെ അപ്രകാരം വിധിച്ച ആ നായർ തന്നെ പോയി കുറച്ചു മദ്യവും മാംസവും കൊണ്ടുവന്നു ദേവിക്കു നിവേദിച്ചു. നിവേദ്യം കഴിഞ്ഞതിന്റെ ശേ‌ഷം നിവേദിക്കപ്പെട്ട ആ സാധനങ്ങൾ അവിടെക്കൂടിയിരുന്നവർക്കെല്ലാം കുറേശ്ശെ കൊടുക്കുകയും എല്ലാരും ദേവീപ്രസാദമെന്നുള്ള സങ്കല്പത്തോടുകൂടി അവ വാങ്ങി സേവിക്കുകയും ഭക്ഷിക്കുകയും ചെയ്തു.

പിന്നെ അതവിടെ പതിവായിത്തീർന്നു. ഇപ്പോഴും അവിടെ മദ്യവും മാംസവും തന്നെയാണ് പതിവ്. നിവേദിക്കുന്നത് നായന്മാരുമാണ്. എന്നാലവിടെ ചില വിഡശേ‌ഷദിവസങ്ങളിലല്ലാതെ ദിവസംതോറും പൂജ പതിവില്ല. എങ്കിലും അവിടെ രണ്ടു നേരവും വിളക്കുവെയ്ക്കുക പതിവുണ്ട്. അല്ലാതെയൊന്നുമില്ല.

എന്നാൽ ആദ്യമുണ്ടായതായ മൂലക്ഷേത്രത്തിൽ അങ്ങനെയൊന്നുമല്ല. അവിടെ പതിവായി രണ്ടു നേരവും പൂജയുമുണ്ട്. അതു നടത്തുന്നതു ബ്രാഹ്മണരാണ്. അവിടെ നായന്മാർ പൂജിക്കുകയും മദ്യവും മാംസവും നിവേദിക്കുകയും പതിവില്ല. അവിടത്തെ ചട്ടവട്ടങ്ങളെല്ലാം സാധാരണ ക്ഷേത്രങ്ങളിലെപ്പോലെതന്നെയാണ്. മദ്യമാംസാദികളൊന്നും ആ ക്ഷേത്രത്തിന്റെ അടുക്കലെങ്ങും കൊണ്ടുചെല്ലാൻ തന്നെ പാടില്ല.

കൊണ്ടു ചെന്നാൽ ക്ഷേത്രമശുദ്ധമാകുമെന്നും പിന്നെ അവിടെ ശുദ്ധികലശം മുതലായവയൊക്കെ നടത്തണമെന്നുമാണ് വെച്ചിരിക്കുന്നത്. അവിടെ ഭഗവതിയുടെ ചൈതന്യം സാമന്യതിലതികം കണ്ടു വരുന്നുണ്ട്. അവിടെ ഭജനമിരുന്ന് ആ ദേവിയെ സേവിച്ചാൽ ഭേദമാകാത്ത രോഗവും ഒഴിയാത്ത ബാധയും സാധിക്കാത്ത കാര്യവും ഒന്നും തന്നെയില്ലെന്ന് തീർച്ചയായും പറയാം. ആ ദേവി സന്നിധിയിൽ ഭജനമിരുന്നിട്ട് അപസ്മാരം, ഉന്മാദം, മുതലായവ ഭേദമായി സ്വസ്ഥതയെ പ്രപിച്ചവരായി ഇപ്പോഴും പലരുമുണ്ട്. ഈ അടുത്ത കാലത്തുതന്നെ സന്തത്യർത്ഥമായി അവിടെ ഭജനമിരുന്നിട്ട് സൽസന്താനങ്ങളെ ലഭിച്ചവരുടെ സംഖ്യ ഒട്ടും ചില്ലറയല്ല.

ആ ദേശക്കാർക്കു പണ്ടുണ്ടയിരുന്നതുപോലെ പരസ്പരം സ്നേഹവും വിശ്വാസവും ഐകമത്യവും ഇപ്പൊളില്ലെന്ന് അവരിൽത്തന്നെ ചിലർ പറഞ്ഞ് ഇയ്യിടെ കേട്ടുതുടങ്ങീട്ടുണ്ട്. എങ്കിലും ആ ദേവിക്ഷേത്രത്തിൽ പൂർവികന്മാർ നടത്തിപ്പോന്നിരുന്ന അടിയന്തരങ്ങളെല്ലാം ആധുനികന്മാരും നടത്തിപ്പോരുന്നുണ്ട്. അവിടെ ആണ്ടുതോറും പതിവായി ദേശക്കാർ നടത്തിപ്പോരുന്ന അടിയന്തരങ്ങളിൽ പ്രധാനങ്ങൾ മണ്ഡലവിളക്കും കൊങ്ങപ്പടയുമാണ്. മണ്ഡലവിളക്ക് എന്ന് പറഞ്ഞാൽ വൃശ്ചികമാസം ഒന്നാം തീയതി മുതൽ നാല്പത്തൊന്നു ദിവസം ക്ഷേത്രത്തിൽ നിറ മാലയും വിളക്കും നടത്തുകയാണ്. അത് വളരെ കേമമയിട്ടുള്ള ഒരടിയന്തരമാണെന്നതിന് സംശയമില്ല. അതിനു പണ്ടാര വിലക്കെന്നാണ് പേര് പറഞ്ഞ പോരുന്നത്.

 ഭക്തിരസപ്രധാനമായ ഈ അടിയന്തരത്തിന് ഭാരവാഹികളല്ലാത്തവരും ദേവിദർശനത്തിനായി അവിടെ വന്നു കൂടാറുണ്ട്.

കൊങ്ങപ്പട എന്ന ആഘോ‌ഷം പണ്ട് കൊങ്ങുരാജാവ് ചിറ്റൂർ ദേശം പിടിച്ചടക്കാനായി സൈന്യസമേദം അവിടെ വരികയും ചിറ്റൂർ ഭഗവതി അവരെ സംഹതരാക്കുകയും ചെയ്തതിന്റെ സ്മാരകമായി ആണ്ടുതോറും നടത്തിവരുന്നതും വളരെ കേമമായിട്ടുള്ളതാണ്.

അതിൽ പലവിധത്തിലുള്ള വേ‌ഷങ്ങളുടെ പുറപ്പാടും മറ്റുമുള്ളതിനാൽ അതു സകല രസസമ്പൂർണ്ണമായ ഒരാഘോ‌ഷമാണെന്നുതന്നെ പറയാം. അതിന്റെ ഓരോ ചടങ്ങുകൾ കുംഭമാസത്തിൽ ശിവരാത്രിക്കുമുമ്പ് തുടങ്ങിയാൽ മീനമാസത്തിലാണ് അവസനികുന്നത്. അവയെല്ലാം അറിയാനഗ്രഹിക്കുന്നവർ അവിടെ ചെന്ന് കണ്ടുതന്നെ മനസ്സിലാക്കുകയല്ലാതെ എഴുതി അറിയിക്കുന്ന കാര്യം അസാധ്യമാകയാൽ അതിനായി ഉദ്യമിക്കുന്നില്ല.

ചിറ്റൂർ ഭഗവതി ആർത്തത്രാണപരായണയും ആശ്രിതവത്സലയുമാണെന്നുള്ളതു കൊങ്ങപ്പടയെ സംഹരിച്ചതുകൊണ്ടുതന്നെ സ്പഷ്ടമാകുന്നുണ്ടല്ലോ. അതുകൂടാതെയും അതിലേക്ക് അനേകം ദൃഷ്ടാന്തങ്ങളവിടെയുണ്ടായിട്ടുണ്ട്.

അവയെല്ലാം വിവരിക്കുന്ന കാര്യം ദു‌ഷ്കരമാകയാൽ ചിലതു മാത്രം ചുരുക്കത്തിൽ പറഞ്ഞുകൊള്ളുന്നു.

ചിറ്റൂരുനിന്ന് ഏകദേശം നാലു നാഴിക അകലെ ബ്രിട്ടീ‌ഷ് മലബാറിൽ പെരുവെമ്പ് എന്നൊരു ദേശമുണ്ടല്ലോ. അവിടെ ഉണ്ടായിരുന്ന ഒരു നായർക്ക് ചിറ്റൂര് ഒരു വീട്ടിൽ സംബന്ധമുണ്ടായിരുന്നു.

സംബന്ധം ചെയ്യപ്പെട്ട സ്ത്രീയുടെ വീട്ടിൽ ധാരാളം സമ്പത്തുണ്ടായിരുന്നു. എന്നു മാത്രമല്ല, ആ സ്ത്രീയെ ആ വീട്ടിലുള്ളവർ വളരെ വാത്സല്യത്തോടുകൂടിയാണ് വളർത്തിയിരുന്നത്. അതിനാൽ ആ സ്ത്രീയുടെ മാതാപിതാക്കന്മാരും മാതുലന്മാരും അമൂല്യങ്ങളായ അനേകം ആഭരണങ്ങളുണ്ടാക്കിച്ചുകൊടുത്തിരുന്നു. ആ സ്ത്രീ മിക്ക സമയത്തും അവയെല്ലാം അണിഞ്ഞു കൊണ്ട് തന്നെയാണ് നടക്കുക പതിവ്.

ആ സ്ത്രീക്ക് ചിറ്റൂർകാവിൽ ഭഗവതിയെ കുറിച്ച് അളവറ്റ ഭക്തിയും വിശ്വസവുമുണ്ടായിരുന്നതിനാൽ രണ്ടു നേരവും കാവിൽപ്പോയി ദേവിയെ വന്ദിക്കുക പതിവായിരുന്നു. കാവിൽ പോകുന്ന സമയങ്ങളിൽ ആ സ്ത്രീ തന്റെ ആഭരണങ്ങളെല്ലാമെടുത്തു അണിയാതിരിക്കാറില്ല. സംബന്ധക്കാരനായ ആ നായർ ഒരത്യാഗ്രഹിയും ദു ഷ്ടനുമായിരുന്നതിനാൽ ഈ ആഭരണങ്ങളെല്ലാം പതിവയിക്കണ്ടാപ്പോൾ ഇവയെല്ലാം തട്ടിക്കൊണ്ടു പോകണമെന്ന് തോന്നിത്തുടങ്ങി.

അതിനാൽ അയാൾ അതിനുള്ള ഒരു കള്ളകെശൗലം ആലോചിച്ചു നിശ്ചയിച്ചുകൊണ്ട് ഒരു ദിവസം ഭാര്യയോട് സ്വകാര്യമായിട്ട് "നിന്നെ ഒന്ന് കാണാൻ വൈകിയിരിക്കുന്നതിനാൽ അങ്ങോട്ട് കൊണ്ടു ചെല്ലണമെന്ന് എന്റെ അമ്മ എന്നോട് പറഞ്ഞു തുടങ്ങീട്ട് വളരെ ദിവസമായി. അതിനാൽ നമുക്ക് അങ്ങോട്ടോന്നു പോകണം. അവിടെ മൂന്നു ദിവസം താമസിച്ചിട്ടു നാലാം ദിവസം നമുക്ക് മടങ്ങിപ്പോരാം.

അതിനെന്താ വിരോധമുണ്ടോ?" എന്ന് ചോദിച്ചു. അതിനുത്തരമായിട്ട് ഭാര്യ "ഒരു വിരോധവുമില്ല. അച്ഛനുമമ്മയും മറ്റും സമ്മതിച്ചാൽ നമുക്ക് നാളെത്തന്നെ പോകാം. എന്നാൽ മൂന്നു ദിവസം അവിടെ താമസിക്കാൻ നിവൃത്തിയില്ല. എനിക്ക് പതിവായി കാവിൽ തൊഴാൻ പോകണമല്ലോ. ഒരു ദിവസത്തെ തൊഴുക കഴിഞ്ഞിട്ട് നമുക്ക് അങ്ങോട്ട് പോകാം. പിറ്റേദിവസം തോഴാനിങ്ങോട്ടെത്തണം.

ദേവീദർശനം മുട്ടിക്കുന്ന കാര്യം സങ്കടമാണ്" എന്ന് പറഞ്ഞു. അത് കേട്ടപ്പോൾ നായർക്ക് സന്തോ‌ഷമായി. അയാൾ ആ സ്ത്രീയുടെ മാതാപിതാക്കന്മാരോടും മറ്റും വിവരം പറഞ്ഞ് അവരെയെല്ലാം സമ്മതിപ്പിക്കുകയും പിറ്റേ ദിവസം തന്നെ സ്ത്രീ കാവിൽപ്പോയി കുളിച്ചുതൊഴുതു വന്നയുടനെ ഭർത്താവും ഭാര്യയും ഊണ് കഴിച്ചു വീട്ടിൽനിന്നു പുറപ്പെടുകയും ചെയ്തു. അപ്പോഴേക്കും ആ സ്ത്രീ അവരുടെ ആഭരണങ്ങളെടുത്തണിഞ്ഞിരുന്നു എന്നുള്ളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.

ആ നായരും ഭാര്യയുംകൂടി കുറച്ചുദൂരം പോയപ്പോൾ വഴിക്കടുത്തു തന്നെ ആ നായരുടെ ഒരു സ്നേഹിതന്റെ വീടുണ്ടായിരുന്നതിനാൽ അവർ അവിടെക്കയറി.

ആ വീട്ടുകാർ ഈ ദമ്പതിമാരെ അവിടെ സാദരം ക്ഷണിച്ചിരുത്തി കുശലപ്രശ്നാനന്തരം വെടികൾ പറഞ്ഞുതുടങ്ങി. പിന്നെ അവരെ ഒരു ലഘുഭക്ഷണം കഴിപ്പിക്കുകയും ചെയ്തു. അപ്പോഴേക്കും നേരം സന്ധ്യയോടടുത്തതിനാൽ ആ ഭാര്യാഭർത്താക്കന്മാർ ആ വീട്ടു കാരോടു യാത്രയും പറഞ്ഞ് അവിടെ നിന്നും ഇറങ്ങി നടന്നു.

കുറച്ചുദൂരം ചെന്നപ്പോൾ അവിടെ ചിറ്റൂർ പുഴയായി. ചിറ്റൂർ പുഴയിൽ അക്കാലത്ത് പാലമുണ്ടയിരുന്നില്ല. കഴിഞ്ഞ രാത്രിയിൽ കലശലായിട്ടു മഴയുണ്ടായതിനാൽ പുഴയിൽ വെള്ളം സ്വല്പം പെരുകിയിരുന്നു. അതിനാൽ നായർ ഭാര്യയോട്, "പുഴയിൽ വെള്ളം കുറച്ചധികമാണെന്നാണ് തോന്നുന്നത്. അതിനാൽ ഇറങ്ങിക്കടക്കാമോ എന്ന് ഞാനോന്നിറങ്ങി നോക്കട്ടെ. ഞാൻ മടങ്ങിവന്നിട്ടു പിന്നെ നമുക്കൊരുമിച്ചു പോകാം. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. നീ തനിച്ച് ഇവിടെ നിൽക്കുമ്പോൾ വല്ലവനും വന്ന് ഈ ആഭരണങ്ങൾ അഴിച്ചുകൊണ്ട് പോയെങ്കിൽ നീയെന്തു ചെയ്യും? അതു കൊണ്ട് അവയൊക്കെ അഴിച്ചു ഇങ്ങോട്ട് തന്നേക്കൂ. പുഴ കടന്നിട്ടു കെട്ടിയാൽമതി" എന്ന് പറഞ്ഞ്. ശുദ്ധഹൃദയയായ ആ സ്ത്രീ അത് കേട്ടു സത്യമെന്നു വിചാരിച്ച് ആഭരണങ്ങളെല്ലമഴിച്ച് വിശ്വാസപൂർവം ഭർത്താവിന്റെ കയ്യിൽ കൊടുത്തു. ദുഷ്ടനും വഞ്ചകനുമായ ആ നായർ അവയെല്ലാം വാങ്ങി ഒരു മുണ്ടിൽപൊതിഞ്ഞു കക്ഷത്തിൽ വെച്ചുകൊണ്ടു പുഴയിറങ്ങി മറുകരയിലേക്ക് പോയി. ആ സ്ത്രീ അവിടെ വളരെ നേരം നിന്നിട്ടും നായർ മടങ്ങി വന്നില്ല. നേരമേകദേശം പാതിരവോടടുത്തു. ഘോരാന്ധകാരം കൊണ്ട് ദിക്കൊക്കെ മറഞ്ഞു. ഒന്നും കാണ്മാൻ വയ്യാതെയായി, അതികഠിനമായ മഴയും തുടങ്ങി. അപ്പോൾ ആ അമ്മയുടെ മനഃസ്ഥിതി ഏതുപ്രകാരമായിരുന്നു എന്നു പറഞ്ഞറിയിക്കുന്ന കാര്യം അസാദ്ധ്യം തന്നെ. ഭീതികൊണ്ടും വ്യസനം കൊണ്ടും ആ പതിവ്രത ഏറ്റവും പരവശയായിതീർന്നു എന്നു തന്നെ പറയാം. നിസ്സഹായയും ദുസ്സഹ ദു:ഖമഗ്നയുമായിതീർന്ന ആ സാധ്വി ഉടനെ തന്റെ പരദേവതയായ ഭഗവതിയെ ഭക്തിപാരവശ്യങ്ങളോടുകൂടി വിളിച്ചുകരഞ്ഞു പ്രാർത്ഥിച്ചുതുടങ്ങി. "അയ്യോ! അമ്മെ! നിസ്സഹായയിത്തീർന്നിരിക്കുന്ന ഈ അഗതിയെ രക്ഷിക്കണേ.

അമ്മയല്ലാതെ അടിയന് വേറെ ഒരു ശരണവുമില്ലേ, എന്റെ ചിറ്റൂർകാവിലമ്മേ! രക്ഷിക്കണേ, രക്ഷിക്കണേ" എന്നും മറ്റുമായിരുന്നു ആ അബലയുടെ വിളിയും പ്രാർത്ഥനയും. അങ്ങനെ ആ സ്ത്രീ കുറച്ചുനേരം ദേവിയെ വിളിച്ചു പ്രാർത്ഥിച്ചപ്പോൾ ഒരു സ്ത്രീ വിളക്കും കൊണ്ട് അവിടെയെത്തി. ആ സ്ത്രീയോട് "ഇനി എന്തിന് ഇവിടെ നിൽക്കുന്നു? നമുക്കു വീട്ടിലേയ്ക്കു പോകാം. നേരം പാതിരാവായിരിക്കുന്നു. അയാൾ ഈ ഇരുട്ടിലകപ്പെട്ടു വഴിതെറ്റി എവിടെയോ പോയി. നേരത്തേ അങ്ങു വരും" എന്നു പറഞ്ഞു. ആ സ്ത്രീ തന്റെ പെറ്റമ്മയാണെന്നു തോന്നുകയാൽ മറ്റേ സ്ത്രീ സന്തോ‌ഷിച്ച് അവരുടെ കൂടെപ്പോയി. രണ്ടുപേരും തമ്മിൽ ഓരോ വർത്തമാനങ്ങളും പറഞ്ഞുകൊണ്ട് നടന്നു വീട്ടിലെത്തി വിളിച്ചു വാതിൽ തുറപ്പിച്ചപ്പോൾ ആ സ്ത്രീയുടെ സാക്ഷാൽ പെറ്റമ്മ അവിടെത്തന്നെ ഉണ്ടായിരുന്നു. പുഴക്കടവിൽ നിന്ന് ആ സ്ത്രീയെ വീട്ടിൽക്കൊണ്ടു ചെന്നാക്കിയ അമ്മ അവരുടെ കൈയിലുണ്ടായിരുന്ന വിളക്കോടുകൂടി അപ്പോഴേയ്ക്കും അദൃശ്യയായിത്തീരുകയും ചെയ്തു.

 പിന്നെ വീട്ടിലുണ്ടായിരുന്ന സാക്ഷാൽ അമ്മ മകളോട് അവർ ഭർത്താവിനോടുകൂടിപ്പോയിട്ടു പിന്നെയുണ്ടായ കഥകളൊക്കെ ചോദിക്കുകയും മകൾ എല്ലാം വിസ്തരിച്ചു പറഞ്ഞ് അമ്മയെ കേൾപ്പിക്കുകയും ചെയ്തു. വർത്തമാനങ്ങളെല്ലാം കേട്ടപ്പോൾ ആ അമ്മയ്ക്ക് ആഭരണങ്ങളെല്ലാം പോയതുകൊണ്ടുള്ള സന്താപത്തേക്കാളധികം മകൾ ആപത്തൊന്നും കൂടാതെ മടങ്ങി വന്നു ചേർന്നതുകൊണ്ടുള്ള സന്തോ‌ഷമാണുണ്ടായത്.

പിറ്റേദിവസം നേരം വെളുത്തപ്പോൾ ആ നായർ ഒരു ഭ്രാന്തനെ പ്പോലെ ഓടിവന്ന് ആ ആഭരണപ്പൊതി ആ വീട്ടിലിട്ടിട്ട് ഒന്നും മിണ്ടാതെ വന്നതുപോലെ ഇറങ്ങിഓടിപ്പോയി. പിന്നെ അയാളെക്കാണാനും അയാളെക്കുറിച്ച് എന്തെങ്കിലും കേൾക്കാനും ആർക്കും സാധിച്ചിട്ടില്ല. നേരം കുറച്ചു പുലർന്നപ്പോഴേയ്ക്കും ഈ വർത്തമാനങ്ങളെല്ലാം കർണ്ണാ കർണ്ണികയാ ആ ദേശത്ത് എല്ലാവരുമറിഞ്ഞു.

ഉടനെ എല്ലാവരും ക്ഷേത്രസന്നിധിയിൽ കൂടി. അപ്പോഴേയ്ക്കും വെളിച്ചപ്പാടും അവിടെ എത്തുകയും ഉടനെ വെളിപാടുണ്ടാവുകയും ജനങ്ങളോട് "നിങ്ങളാരും ഒട്ടും സംശയിക്കേണ്ട, എന്നെ ഭക്തിപൂർവം സേവിച്ചുകൊണ്ടിരിക്കുന്ന എന്റെ മകൾ എന്നെ വിളിച്ചു കരഞ്ഞപ്പോൾ പുഴക്കടവിൽ ചെന്ന് അവളെ വിളിച്ചുകൊണ്ടുപോയി അവളുടെ വീട്ടിലാക്കിയതു ഞാനാണ്. ആ വഞ്ചകനെക്കൊണ്ട് ആ ആഭരണങ്ങളെല്ലാം മടക്കിക്കൊടുപ്പിച്ചതും ഞാൻ തന്നെ. ആ ദുഷ്ടന്റെ കഥ ഞാൻകഴിചിരിക്കുന്നു. അവന്റെ ശവം പോലും ആർക്കും കാണ്മാൻ കഴിയില""എന്നു കല്പിക്കുകയും ചെയ്തു. ചിറ്റൂർ ക്കാവിൽ ഭഗവതിയുടെ ഭക്തവാത്സല്യം സീമാതീതമാണെന്നുള്ളതിന് ഇതും ഒരു ഉത്തമദൃഷ്ടാന്തമാണല്ലോ.

വെളിച്ചപ്പാടിന്റെ കലിയടങ്ങിയതിനു ശേ‌ഷം നാട്ടുകാരിൽ പ്രധാനന്മാരെല്ലാവരും കൂടി നടയിൽ വച്ചു "പെരുവെമ്പുദേശക്കാരായ നായന്മാരെക്കൊണ്ട് മേലാലൊരിക്കലും ചിറ്റൂർ ദേശത്തു സംബന്ധം ചെയ്യിക്കാൻ പാടില്ല" എന്നു നിശ്ചയം ചെയ്തു. ആ നിശ്ചയത്തെ ഇപ്പോഴും ആ നാട്ടുകാർ ഭേദപ്പെടുത്തിയിട്ടില്ല.

ചിറ്റൂർ ഭഗവതിയുടെ ഭക്തവാത്സല്യം അപരിമിതമാണെന്നു ജനങ്ങൾക്കു ബോധം വരത്തക്കവണ്ണം അവിടെ നടത്തിയിട്ടുള്ള മറ്റൊരു സംഗതികൂടി ചുരുക്കത്തിൽ താഴെ പറഞ്ഞുകൊള്ളുന്നു.

ചിറ്റൂരുള്ള ഒരു നായർ ഗൃഹത്തിലെ "കുപ്പാണ്ടി" എന്നു പേരായ ഒരു കുട്ടി ഒരു കൊല്ലം മണ്ഡലവിളക്കു കാണാനായി ഒരു ദിവസം ചില കൂട്ടുകാരോടുകൂടി അമ്പലത്തിലേയ്ക്കു പോയി. കുറച്ചുനേരം വിളക്കുകണ്ടു നിന്നപ്പോൾ ഉറക്കം കലശലായിട്ടു വരികയാൽ ആ കുട്ടി വടക്കേ നടയിൽ ഒരു സ്ഥലത്തു ചെന്നു കിടന്നു സുഖമായിട്ടുറങ്ങി. വിളക്കു കഴിഞ്ഞിട്ടും കുപ്പാണ്ടി ഉണർന്നില്ല. വിളക്കു കഴിഞ്ഞപ്പോൾ ആളുകളൊക്കെ പിരിഞ്ഞുപോയി. കുപ്പാണ്ടിയുടെ കൂട്ടുകാരും കുട്ടിയെ വിളിക്കാനോർത്തില്ല. കുപ്പാണ്ടി ഉണർന്നു നോക്കിയപ്പോൾ അവിടെയെങ്ങും ആരുമില്ലായിരുന്നു. ആ പ്രദേശമെല്ലാം അന്ധകാരപൂർണ്ണമായിരുന്നു. അതിനാൽ കുപ്പാണ്ടി ഏറ്റവും ഭയവിഹ്വലതയോടെ "അമ്മേ , അമ്മേ!" എന്നുറക്കെ വിളിച്ചുകൊണ്ട് കരഞ്ഞു തുടങ്ങി. വീട്ടിൽ കിടന്നുറങ്ങിയാലും ഉണരുമ്പോൾ അടുക്കലാരെയും കണ്ടില്ലെങ്കിൽ അമ്മയെ വിളിച്ചുകരയുക പതിവായിരുന്നു. അതുപോലെ ഇവിടെയും ചെയ്തു എന്നേയുള്ളൂ. എങ്കിലും കുട്ടിയുടെ അമ്മയ്ക്കു ഭഗവതിയെക്കുറിച്ച അളവറ്റ ഭക്തിയും വിശ്വാ!സവുമുണ്ടായിരുന്നതിനാൽ ആ കുട്ടിയുടെ സങ്കടം ഭഗവതിയ്ക്ക് ഏറ്റവും ദുസ്സഹമായി തീർന്നു.

കുപ്പാണ്ടി മേൽപ്രകാരം അമ്മയെ വിളിച്ചു കരഞ്ഞ ക്ഷണത്തിൽ ഒരു സ്ത്രീ വിളക്കെടുത്തുകൊണ്ട് അടുക്കൽ ചെന്ന് "നീയെന്തിനു കരയുന്നു? നമുക്ക് വീട്ടിലേയ്ക്ക് പോകാം" എന്നു പറഞ്ഞ് ചെന്ന ആ സ്ത്രീ സ്വന്തം അമ്മയാണെന്ന് തോന്നുകയാൽ ആ കുട്ടി സസന്തോ‌ഷം അവരുടെ കൂടെ പോയി. വഴിയിൽവെച്ചു കുട്ടി "അമ്മേ എനിക്കു കലശലായി വിശക്കുന്നു" എന്നു പറഞ്ഞതിന് മറുപടിയായിട്ട് ആ സ്ത്രീ "വീട്ടിൽ ചെന്നാൽ അതിനു വല്ലതും സമാധാനമുണ്ടാക്കാം" എന്നു പറഞ്ഞു. അങ്ങനെ ഓരോന്നു പറഞ്ഞുകൊണ്ട് അവർ നടന്നു. വിളക്കു കഴിഞ്ഞ് കുപ്പാണ്ടി മടങ്ങിയെത്താനുള്ള നേരമായിട്ടും കുപ്പാണ്ടിയെ കാണായ്കയാൽ വീട്ടിലുണ്ടായിരുന്നവർക്ക് പരിഭ്രമമായി. അതിനാൽ അവിടെ നിന്നു ചിലർ വെളിച്ചം കൊണ്ടു കുപ്പാണ്ടിയെ അന്വേ‌ഷിച്ചു പുറപ്പെട്ടു. അവർ കുറച്ചു ദൂരം ചെന്നപ്പോൾ ഒരു സ്ത്രീ വെളിച്ചം കാണിച്ചു കുപ്പാണ്ടിയെയും കൊണ്ടു വരുന്നത് ദൂരെ വച്ചു തന്നെ കണ്ടു.

അവർ അടുത്തു ചെന്നപ്പോൾ ആ സ്ത്രീ വെളിച്ചത്തോടുകൂടി അദൃശ്യയായിത്തീർന്നു. കുപ്പാണ്ടി മാത്രം വഴിയിൽ നിൽക്കുന്നുണ്ടായിരുന്നു. അതിനാലവർ കുട്ടിയെയും കൊണ്ടു വീട്ടിലെത്തി. അപ്പോൾ കുപ്പാണ്ടിയുടെ സാക്ഷാലമ്മ വീട്ടിലുണ്ടായിരുന്നു. ആ അമ്മ കുട്ടിയോട് "നീ ആരുടെ കൂടെയാണ് വന്നത്?" എന്നു ചോദിച്ചു. അതിനു കുട്ടിയുടെ മറുപടി, "അമ്മയല്ലേ വിളക്കും കൊണ്ടു വന്ന് എന്നെക്കൊണ്ടു പോന്നത്? പിന്നെ ഇങ്ങനെ ചോദിക്കുന്നതെന്താണ്? വഴിയിൽ വച്ച് എനിക്കു വിശക്കുന്നു എന്നു പറഞ്ഞപ്പോൾ അതിനു വീട്ടിൽച്ചെന്നാൽ സമാധാനമുണ്ടാക്കാം എന്ന് അമ്മ പറഞ്ഞില്ലേ? ഇപ്പോൾ സമാധാനമുണ്ടാക്കാത്തതെന്താണ്?" എന്നായിരുന്നു.

ഈ മറുപടി കേട്ടപ്പോൾ അവിടെ എല്ലാവരും വിസ്മയിക്കുകയും എല്ലാം ചിറ്റൂർക്കാവിലമ്മയുടെ മായാവിലാസം തന്നെയെന്നു തീർച്ചപ്പെടുത്തുകയും ആ ദേവിയെ ഭക്തിപൂർവം മനസ്സുകൊണ്ട് നമസ്കരിക്കുകയും ചെയ്തു. പിന്നെ അവിടെയിരിപ്പുണ്ടായിരുന്ന പഴമോ പലഹാരമോ ഏതാണ്ടൊക്കെ കൊടുത്ത് കുപ്പാണ്ടിയെ സമാധാനപ്പെടുത്തിയതിന്റെ ശേ‌ഷം എല്ലാവരും കിടന്നുറങ്ങി.

ഇനി ഇപ്രകാരമല്ലെങ്കിലും മറ്റൊരു പ്രകാരം ചിറ്റൂർകാവിൽ ഭഗവതിയുടെ ഭക്തവാത്സല്യത്തിനു ദൃ ഷ്ടാന്തമായി അവിടെയുണ്ടായ മറ്റൊരു സംഗതി പറയാം. ചിറ്റൂർ തന്നെയുള്ള വീട്ടിൽ 'കുപ്പു അമ്മ' എന്നൊരു സ്ത്രീയുണ്ടായിരുന്നു. ആ സ്ത്രീ നല്ല പതിവ്രതയും സദ്വൃത്തയും ഭഗവതിയെക്കുറിച്ച് അളവറ്റ ഭക്തിയും വിശ്വാസവുമുള്ള കൂട്ടത്തിലുമായിരുന്നു. അവർക്ക് ദേശത്തുകാരൻ തന്നെയായ ഒരു നാരായണമേനോൻ സംബന്ധം ചെയ്ത് ഭർത്താവായി തീർന്നു. അയാൾ പ്രകൃത്യാ ഒരു വിടനായിരുന്നു. അതിനാലയാൾ ആ ദേശത്തു തന്നെയുള്ള മറ്റൊരു സ്ത്രീയിൽ അനുരക്തനായി തീരുകയും ആ സ്ത്രീയ്ക്കും സംബന്ധം ചെയ്വാൻ ഉത്സാഹിച്ച തുടങ്ങുകയും ചെയ്തു. ആ ഉത്സാഹം മുറുക്കമായപ്പോൽ ആ സ്ത്രീ അയാളോട് 'നിങ്ങൾക്കിപ്പോൾ ഒരു ഭാര്യയുണ്ടല്ലോ, ഇനി ഒരു സംബന്ധം കൂടി ചെയ്യുന്നത് ന്യായമല്ല. എനിക്ക് സപøിയായിരിക്കാൻ മനസ്സുമില്ല. എന്നു മാത്രമല്ല, ആ സംബന്ധമുള്ളപ്പോൾ നിങ്ങൾ ഈ പടിക്കകത്ത് കടക്കാൻ തന്നെ പാടില്ല.' എന്നു പറഞ്ഞു. അപ്പോൾ ആ മേനോൻ 'എന്നാലീസ്സംബന്ധം ഇപ്പോൾ തന്നെ മതിയാക്കിയേക്കാം' എന്നു പറഞ്ഞു പിരിഞ്ഞു.

അന്നു രാത്രി ഏകദേശം പത്തുമണിയായപ്പോൾ കുപ്പുവമ്മയുടെ വീട്ടിലെത്തി. ആ സാധ്വി ശുദ്ധമേ കുലടയാണെന്ന് തനിക്ക് അറിവുകിട്ടിയിരിക്കുന്നു എന്നും അതിനാൽ താൻ സംബന്ധം മതിയാക്കിയിരിക്കുന്നു എന്നും മറ്റും പറഞ്ഞിട്ട് അവിടെ നിന്ന് ഇറങ്ങിപ്പോയി. ഇതൊക്കെ കേൾക്കുകയും ഭർത്താവ് കലഹിച്ച് ഇറങ്ങിപ്പോവുകയും ചെയ്തപ്പോൾ കുപ്പുവമ്മയ്ക്കു ദുസ്സഹമായ ദുഃഖമുണ്ടായി എന്നുള്ളത് പറയണമെന്നില്ലല്ലോ.

അവർ കണ്ണീരൊലിപ്പിച്ച് കരഞ്ഞുകൊണ്ട് ' എന്റെ ചിറ്റൂർക്കാവിലമ്മേ! ഈ അപവാദം പരസ്യപ്പെടുത്താനിടയാകാതെ എന്നെയും എന്റെ ഭർത്താവിനെയും രക്ഷിക്കണേ' എന്നു പ്രാർത്ഥിച്ചു. മേനോൻ ആ വീട്ടിൽ നിന്നിറങ്ങി കുറേ ദൂരം പോയപ്പോൾ ചില ഭയങ്കരമൂർത്തികൾ അയാളെത്തടുത്തു ഭയപ്പെടുത്തി തിരിയെ ഓടിച്ചു ഭാര്യാഗൃഹത്തിൽ കൊണ്ടു ചെന്നാക്കി. അയാൾ അവിടെ ചെന്ന് ആരോടും മിണ്ടാതെ അകത്തു കയറിക്കിടന്നു.

പിറ്റേദിവസം കാലത്തു കുപ്പുഅമ്മ പതിവുപോലെ കുളിച്ചു തൊഴാനായിട്ടു കാവിലെത്തി. പിന്നാലെ നാരായണമേനോനും അവിടെ ചെന്നു ചേർന്നു. അപ്പോൾ വെളിച്ചപ്പാട് അവിടെ വരികയും ഉടനെ വെളിപാടുണ്ടാവുകയും ചെയ്തു. വെളിച്ചപ്പാട് മേനവനോട് 'എന്റെ ഭക്തയും സദ്വൃത്തയുമായിരിക്കുന്ന മകളെക്കുറിച്ച് ഇന്നലെ അപവാദങ്ങൾ പറഞ്ഞു രാത്രിയിൽ അവിടെ നിന്നിറങ്ങിപോയിട്ടു മടങ്ങി അങ്ങോട്ടു തന്നെ ചെന്നതെന്താണ്? വഴിയിൽ വച്ചു തടുത്തതും മടക്കി അയച്ചതും എന്റെ പരിവാരങ്ങളാണ്. ഇനിയൊരിക്കൽ ഇങ്ങനെ പറയുകയോ പ്രവർത്തിക്കുകയോ ചെയ്താലവർ എന്റെ മകനെ ചീന്തി ചോര കുടിക്കും.

ഓർമ്മ ഉണ്ടായിരിക്കട്ടെ' എന്നു കൽപ്പിച്ചു. അതുകേട്ടു മേനോൻ ഏറ്റവും ഭയത്തോടും ഭക്തിയോടും കൂടി, 'പൊന്നമ്മേ! സമസ്താപരാധങ്ങളും പൊറുത്തു രക്ഷിക്കണം. ഇനി ഒരിക്കലും അങ്ങനെ പറയുകയും പ്രവർത്തിക്കുകയും ചെയ്കയില്ല. ' എന്നുണർത്തി. ഉടനെ വെളിച്ചപ്പാട് “നല്ല നിശ്ചയമുണ്ടെങ്കിൽ എന്റെ ആയുധം തൊട്ട് അങ്ങനെ സത്യം ചെയ്യുക” എന്നു കൽപ്പിച്ചിട്ട് നാന്ദകം വാൾ നീട്ടി കാണിച്ചു. ഉടനെ പള്ളിവാൾ തൊട്ടുംകൊണ്ട് “ഞൻ ഇന്നലെ പറയുകയും പ്രവർത്തിക്കുകയും ചെയ്തതുപോലെ ഇനി ചെയ്കയില്ല.” എന്നു സത്യം ചെയ്തു.

ഉടനെ വെളിച്ചപ്പാടിന്റെ കലി അടങ്ങുകയും എല്ലാവരും പിരിഞ്ഞു പോവുകയും ചെയ്തു. കുപ്പുവമ്മയ്ക്ക് അപ്പോളുണ്ടായ സന്തോ‌ഷവും മേനോനുണ്ടായ ലജ്ജയും എത്രമാത്രമായിരുന്നെന്ന് പറയുവാൻ പ്രയാസം. മേനോൻ പിന്നെ വിടത്വം വിട്ടു കുപ്പുവമ്മയുടെ സംബന്ധം മുറയ്ക്കു നടത്തിക്കൊണ്ടിരുന്നു.

പണ്ടു ചിറ്റൂരുണ്ടായിരുന്ന പരദേശബ്രാഹ്മണർക്ക് (പട്ടന്മാർക്ക്) ആ കാവിലെ ഭഗവതിയെക്കുറിച്ച് ഭക്തിയുണ്ടായിരുന്നില്ല. എന്നു മാത്രമല്ല കുറെശ്ശെ പുച്ഛമുണ്ടായിരിക്കുകയും ചെയ്തു. അവിടെയുള്ള ഈ ക്ഷേത്രത്തിലെ ഭഗവതിക്കു മദ്യവും മാംസവും നിവേദിക്കുകയും നായന്മാർ പൂജ കഴിക്കുകയും ചെയ്യുന്നതുകൊണ്ടായിരുന്നു അവർക്ക് പുച്ഛം.

അവിടെയുള്ള ലങ്കേശ്വരം ഗ്രാമത്തിലെ ശിവനെ മാത്രമേ അവർ വന്ദിച്ചിരുന്നുള്ളൂ. ആ ശിവക്ഷേത്രത്തിൽ വേണ്ടുന്ന കാര്യങ്ങളെല്ലാം അവർ കൂടി ശ്രമിച്ചു നടത്തിയിരുന്നു എന്നല്ല, ഇപ്പോഴും നടത്തുന്നുമുണ്ട്. ആ ശിവക്ഷേത്രത്തിൽ ആണ്ടുതോറും ധനുമാസത്തിൽ തിരുവാതിരനാൾ പതിവുള്ള രഥോത്സവത്തിൽ ഊരുവലത്തിനു രഥം വലിച്ചുകൊണ്ടു പോവുകതന്നെ ഈ ബ്രാഹ്മണന്മാരാണ് പതിവ്.

ഒരാണ്ടിൽ ഊരുവലത്തിനു രഥം വലിച്ചുകൊണ്ട് ഭഗവതിക്ഷേത്രത്തിന്റെ വടക്കേ നടയിലെത്തിയപ്പോൾ അവിടെ റോഡിൽ നിന്നിരുന്ന ദേവീഭക്തന്മാരായ ചില നായന്മാരോട് ഒരു പട്ടർ ' നിങ്ങളുടെ കള്ളുകുടിക്കുന്ന തള്ളയ്ക്ക് ശക്തിയുണ്ടെങ്കിൽ ഈ രഥം ഇവിടെ നിന്നിളകാതെ ഇവിടെ നിർത്തട്ടെ' എന്നു പറഞ്ഞു. ഉടനെ തേരവിടെ നിന്നു. അവിടെ നിന്നും രഥം ഇളക്കിക്കൊണ്ടു പോകുന്നതിന് ആ ദേശത്തുണ്ടായിരുന്ന ബ്രാഹ്മണരെല്ലാവരും കൂടി ഉന്തിയും തള്ളിയും പിടിച്ചും വലിച്ചും വളരെ ശ്രമിച്ചു നോക്കി. എങ്കിലും രഥം അവിടെ നിന്ന് കടുകിട മാറിയില്ല. പിന്നെ അവർ ആനകളെ കൊണ്ടു വന്ന് തള്ളിച്ചു നോക്കി. നാലഞ്ചു വലിയ ആനകൾ മസ്തകം വെച്ചു തള്ളിയിട്ടും മസ്തകം പൊട്ടി ചോരയൊലിച്ചു തുടങ്ങിയതല്ലാതെ തേരു ലേശം പോലും ഇളകിയില്ല. എന്നു മാത്രമല്ല ദേവിയെ നിന്ദിച്ചു പറഞ്ഞ ആ പട്ടർക്കും അപ്പോഴേയ്ക്കും ശ്വാസം മുട്ടി വയർ വീർത്തു തുടങ്ങി. അദ്ദേഹത്തിനു അവിടെ നില്ക്കാൻ വയ്യാതെയായിട്ട് അദ്ദേഹം മഠത്തിലേക്കു പോയി. അപ്പോഴേക്കും സുഖക്കേടുകൾ കുറച്ചുകൂടി കലശലായി.

മലവും മൂത്രവും പോകാതെയും വീർപ്പുമുട്ടിയും വയർ വീർത്തും കുളിച്ചപോലെ ദേഹം വിയർത്തും പട്ടർ ഏറ്റവും പരവശനായി നിലത്തു കിടന്ന് ഉരുണ്ടുതുടങ്ങി. ചെന്നു കണ്ടവർക്കൊക്കെ അദ്ദേഹം അപ്പോൾ മരിക്കുമെന്നു തോന്നി. അപ്പോൽ ചിലർ "ഇതു ഭഗവതിയെ നിന്ദിച്ചു പറഞ്ഞതിന്റെ ഫലമാണ്. അവിടെത്തന്നെ ചെന്നപേക്ഷിച്ചാലല്ലാതെ ഇനിനു സമാധാനമുണ്ടാവുകയില്ല" എന്നു പറഞ്ഞു. ഉടനെ ആ പട്ടരുടെ ബന്ധുക്കളായ ചിലർ കാവിലേക്ക് ഓടിപ്പോയി. അവർ നടയിൽച്ചെന്ന് അപേക്ഷിച്ചു. ഉടനെ വെളിച്ചപ്പാട് അവിടെ വരികയും വെളിപാടുണ്ടാവുകയും ചെയ്തു.

അപ്പോൾ അവിടെച്ചെന്നിരുന്നവർ "പൊന്നുതമ്പുരാട്ടീ! സർവ്വാപരാധങ്ങളും പൊറുത്തു രക്ഷിക്കണം. അയാൾ അറിവില്ലായ്കകൊണ്ട് അങ്ങനെയൊക്കെ പറഞ്ഞതാണ്" എന്നുണർത്തിച്ചു. അപ്പോൾ, "എന്നെ നിന്ദിച്ചതു കൊണ്ട് എനിക്കൊന്നുമില്ല. ആ വാക്കുകൾ എന്റെ ഭക്തന്മാരായ മക്കൾക്കു വലിയ സങ്കടമുണ്ടാക്കി. അതാണ് എനിക്ക് ദുസ്സഹദുഃഖകാരണമായിത്തീർന്നത്. രഥം പിടിച്ചു നിർത്തിയിരിക്കുന്നത് എന്റെ പരിവാരങ്ങളാണ്. അവർക്ക് എന്നെ നിന്ദിച്ച ആ ആളുടെ പുത്രനെ വെട്ടി ബലികൊടുത്തല്ലാതെ രഥം ഇളകുകയും ഈ ആളുകളുടെ സുഖക്കേടു മാറുകയുമില്ല. അങ്ങനെ ചെയ്തില്ലെങ്കിൽ ആ ആളുകളുടെ കഥ ഇന്നു കഴിയും" എന്നാണ് കല്പനയുണ്ടായത്.

ഈ കല്പന കേട്ടപ്പോൾ ആ ബന്ധുജനങ്ങൾക്ക് അളവറ്റ സങ്കടമുണ്ടായി. ആ ബ്രാഹ്മണനു പുരു‌ഷസന്താനമായിട്ട് ഈ ഒരു കുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളു. ആ കുട്ടിയുടെ കഥ കഴിക്കുക എന്നുള്ള കാര്യം അവ!ക്ക് എങ്ങനെ സഹ്യമായിത്തീരും? എങ്കിലും പിന്നെ അവർക്ക്! ഒന്നു തോന്നി. അതെങ്ങനെയെന്നാൽ "കല്പന പോലെ ചെയ്യാതെയിരുന്നാൽ ഒരു സമയം അച്ഛന്റേയും മകന്റേയും കഥ കഴിഞ്ഞുപോയി എന്നു വന്നേക്കാം. മകൻ പോയാലും അച്ഛൻ ജീവിച്ചിരുന്നാൽ ഭഗവതിയുടെ കൃപകൊണ്ട് അദ്ദേഹത്തിനു പിന്നെയും പുത്രന്മാരുണ്ടാകാം. "ഇങ്ങനെ അവർ ആലോചിച്ചു നിശ്ചയിച്ചു മഠത്തിൽച്ചെന്ന് ആ സുഖക്കേടായിക്കിടന്നിരുന്ന ബ്രാഹ്മണനോടും ഈ സംഗതികളെല്ലാം പറഞ്ഞു. അവർ പറഞ്ഞതെല്ലാം അദ്ദേഹവും സമ്മതിച്ചു. അപ്പോഴേക്കും അദ്ദേഹത്തിനു കുറച്ചു സുഖമായി. പിന്നെ അവരെല്ലാവരുംകൂടി കുട്ടിയെയുംകൊണ്ടു ക്ഷേത്രത്തിലെത്തി. അപ്പോഴും വെളിച്ചപ്പാടിന്റെ കലി അടങ്ങിയിട്ടില്ലായിരുന്നു. വെളിച്ചപ്പാട് ഇവരെക്കണ്ടപ്പോൾ "എന്താ ഞാൻപറഞ്ഞതുപോലെ ചെയ്വാൻ സമ്മതമാണോ?" എന്നു ചോദിച്ചു. അപ്പോൾ സുഖക്കേടായിരുന്ന ആ ബ്രാഹ്മണൻ "പൂർണ്ണസമ്മതമാണ്, കല്പനപോലെ ചെയ്യാം, കുട്ടിയെ ഇതാ കൊണ്ടു വന്നിട്ടുണ്ട്" എന്നറിയിച്ചു. അതുകേട്ട് വെളിച്ചപ്പാട് ഒന്നു ചിരിച്ചിട്ട് "മതി, ഇത്രയും മതി.

ഇനി നരബലി വേണ്ട. അതു ഞാൻസ്വീകരിച്ചിരിക്കുന്നു. ഈ നരബലിക്കു പകരം ഒരു മൃഗബലി മതി. ഒരാടിനെ കൊണ്ടുവന്ന് ആ സ്ഥലത്തുവെച്ചു വെട്ടി എന്റെ പരിവാരങ്ങൾക്കു ബലി കൊടുത്താൽ രഥമിളകി മുറയ്ക്കു പൊയ്ക്കൊള്ളും. എന്നാൽ ആണ്ടുതോറും രഥമിവിടെ വരുമ്പോൾ അപ്രകാരം ചെയ്തുകൊള്ളണം. അങ്ങനെ ചെയ്യാതിരുന്നാൽ ഇപ്രകാരം ദുർഘടമായിത്തീരും" എന്നു കല്പിച്ചു. ഉടനെ ആ ബ്രാമണൻ പോയി ഒരാടിനെക്കൊണ്ടുവന്നു ദേവിയുടെ പരിവാരമൂർത്തികൾക്കെന്നു സങ്കല്പിച്ച് ആ സ്ഥലത്തുവെച്ചു വെട്ടിച്ചു. തൽക്ഷണം രഥമിളകിപ്പോവുകയും ആ പട്ടർക്കു സുഖമാവുകയും ചെയ്തു. ആ ദേശത്തു താമസക്കാരായിരുന്ന പരദേശബ്രാഹ്മണർക്ക് ആ ഭഗവതിയെക്കുറിച്ചുണ്ടായിരുന്ന പുച്ഛമെല്ലാം അസ്തമിച്ചു. അവർ വലിയ ദേവീഭക്തന്മാരായിത്തീരുകയും ചെയ്തു. ഇപ്പോഴും ആണ്ടുതോറും രതോത്സവത്തിൽ രഥം വടക്കേ നടയിൽ വരുമ്പോൾ അവിടെവെച്ച് ഒരാടിനെ വെട്ടുക പതിവാണ്.

ഭക്തിഹീനന്മാരും ദുഷ്ടന്മാരുമായ ആളുകളെ നല്ലപാഠം പഠിപ്പിച്ചു ഭക്തന്മാരും ശി ഷ്ടന്മാരുമാക്കിത്തീർക്കുന്നതിനു ചിറ്റൂർകാവിൽ ഭഗവതിക്കുള്ള വൈഭവം അപരിമിതം തന്നെയാണ്. ചിറ്റൂർലാവിൽ ആണ്ടുതോറും കൊങ്ങപ്പട എന്നൊരാഘോ‌ഷം നടത്തുക പതിവാണെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. അതു നടത്തുന്നതിനു ദേശക്കാരെല്ലാവരുംകൂടി നാലുവീട്ടിൽ മേനോന്മാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അവർ അതിലേക്കു വേണ്ടുന്ന പണം ദേശക്കാരിൽനിന്നു പിരിച്ചെടുത്താണ് അതു നടത്തുക പതിവ്. പണം കൊടുക്കാൻ നിവൃത്തിയില്ലാത്തവർ അവിടെ ആവശ്യമുള്ള ഊഴിയവേല എന്തെങ്കിലും ചെയ്താലും മതിയെന്നും വെച്ചിട്ടുണ്ട്. ഊഴിയവേല ചെയ്യാതെയും പണം കൊടുക്കാതെയുമിരിക്കുന്നവരുടെ വീടുകളിൽ നിന്ന് അവർ കൊടുക്കേണ്ടുന്ന പണത്തോളം വിലവരുന്ന എന്തെങ്കിലും സാധനങ്ങൾ എടുത്തുകൊണ്ടുപോരുന്നതിനും ആ മേനോന്മാരെ ദേശക്കാരധികാരപ്പെടുത്തീട്ടുണ്ട്.

ഇങ്ങനെയിരിക്കെ ഒരാണ്ടിൽ ചില വീട്ടുകാർ ഊഴിയവേലകൾക്കു ചെല്ലുകയും പണം കൊടുക്കുകയും ചെയ്തില്ല. അതിനാൽ നാലുവീട്ടിൽ മേനോന്മാർ ആ വീടുകളിൽ ചെന്നു ചില സാധനങ്ങൾ എടുത്തുകൊണ്ടു പോന്നു. ആ വീട്ടുകാർ ഈ മേനോന്മാരുടെ പേരിൽ ഭവനഭേദനത്തിനും കയ്യേറ്റത്തിനുമായി മജിസ്ട്രട്ടുകോർട്ടിൽ അന്യായം കൊടുത്തു. കേസ്സു വിചാരണദിവസം കാലത്തു കാവിൽ വെളിച്ചപ്പാടു ചെല്ലുകയും വെളിപാടുണ്ടാവുകയും ചെയ്തു. ഉടനെ മജിസ്ട്രട്ടിനെ വിളിപ്പിച്ചു കൊണ്ടുവരാൻ കല്പിച്ചു. അതുകേട്ട് ഒരാൾ ഓടിച്ചെന്ന് വിവരം മജിസ്ടേട്ടിനെ ഗ്രഹിപ്പിച്ചു അതുകേട്ട് മജിസ്ട്രട്ട് "എനിക്ക് അവിടെ വന്നിട്ടു കാര്യമൊന്നിമില്ല, എനിക്കു ജോലി കച്ചേരിയിലാണ്" എന്നു പറഞ്ഞയച്ചു. പിന്നെയും കല്പിച്ചാളെ അയച്ചു.

അപ്പോഴേക്കും മജിസ്ട്രട്ട് കച്ചേരിക്കു പോകാനായി വണ്ടിയിൽ കയറി യാത്രയായിരിക്കഴിഞ്ഞു. മജിസ്ട്രട്ടിന്റെ വണ്ടി എകദേശം ക്ഷേത്രനടക്കലായപ്പോളാണ് മൂന്നാമത്തെ ആൾ ചെന്നു പറഞ്ഞത്. ഉടനെ മജിസ്ട്രട്ട് കോപത്തോടുകൂടി "ഇതൊരു നാശമായിത്തീർന്നല്ലോ" എന്നു പറഞ്ഞു വണ്ടിയിൽനിന്നിറങ്ങി വെളിച്ചപ്പാടിന്റെ അടുക്കൽ ചെന്ന് "എന്താണ് എന്നെ വിളിപ്പിച്ചത്? എന്നെക്കൊണ്ട് ഇവിടെ എന്താ കാര്യം?" എന്നു ചോദിച്ചു.

ഉടനെ വെളിച്ചപ്പാട് "എന്റെ മക്കളുടെ പേരിൽ ഉടയതിന്റെ അടുക്കൽ (വെളിപാടുണ്ടായാൽ ദേശക്കാരെമക്കളെന്നും ഉദ്യോഗസ്ഥന്മാരെ ഉടയതെന്നുമാണ് അവിടെ പറയുക) ഒരു പരാതി വന്നിട്ടുണ്ടല്ലോ; ആ കാര്യം ഞാനിവിടെ തീർച്ചയാക്കിക്കൊള്ളാം. ഉടയത് അതിനൊന്നും ചെയ്യണമെന്നില്ല" എന്നു കല്പിച്ചു. അപ്പോൾ മജിസ്ട്രട്ട്, "ഇങ്ങനെയുള്ള കാര്യങ്ങൾ തീർച്ചയാക്കാൻ ഇവിടെ അധികാരമുണ്ടെന്നു ഞാനറിഞ്ഞിട്ടില്ല. അങ്ങനെ വല്ല തീട്ടൂ!രമോ ഉത്തരവോ ഉണ്ടെങ്കിൽ അതു കാണിക്കണം. അല്ലെങ്കിൽ ന്യായം പോലെ ഞാൻ തീർച്ചയാക്കും" എന്നു പറഞ്ഞിട്ടു വണ്ടിയിൽക്കയറിപ്പോയി. കുറച്ചുദൂരം പോയപ്പോൾ വണ്ടിയുടെ അച്ചുതണ്ട് ഒടിയുകയും മജിസ്ട്രട്ട് താഴെ വീഴുകയും ചെയ്തു. മജിസ്ട്രട്ടിനു വലിയ കേടൊന്നും പറ്റിയില്ല.

കാലിനു സ്വല്പം പരുക്ക് പറ്റിപ്പോയതേയുള്ളൂ. വണ്ടിക്കു കേടും കാലിനു പരുക്കും പറ്റിയപ്പോഴേക്കും മജിസ്ട്രട്ടിനു കോപം കലശലായി. "നാലുവീട്ടിൽ മേനോന്മാരെ ഇതിനാലെ നല്ല പാഠം പഠിപ്പിച്ചേക്കാം" എന്നു തീർച്ചപ്പെടുത്തിക്കൊണ്ട് ഒരുവിധം നടന്നു കച്ചേരിയിലെത്തി. അപ്പോഴേക്കും അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് ഒരാൾ ഓടി കച്ചേരിയിലെത്തി വീട്ടിൽ എല്ലാവർക്കും വി‌ഷൂചിക തുടങ്ങിയിരിക്കുന്നുവെന്നും ക്ഷണത്തിൽ വീട്ടിലേയ്ക്കു ചെല്ലണമെന്നും ഗ്രഹിപ്പിച്ചു. ഉടനെ മജിസ്ട്രട്ട് കച്ചേരിയിൽ നിന്നിറങ്ങി പതുക്കെപ്പതുക്കെ നടന്നു വീട്ടിലെത്തി. അപ്പോളവിടെ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഭാര്യയുടെ അമ്മയും ഭൃത്യന്മാരുമെല്ലാം അതിസാരവും Cർദ്ദിയും ഉരുണ്ടുകേറ്റവും കലശലായിട്ട് ഉറക്കെ നിലവിളിച്ചുകൊണ്ടു കിടന്നുരുളന്നതായിട്ടാണ് അദ്ദേഹം കണ്ടത്. ഈ കാഴ്ച കണ്ടപ്പോൾത്തന്നെ മജിസ്ട്രട്ടിന്റെ കോപമൊക്കെപ്പോയി താപം മനസ്സിൽ നിറഞ്ഞു. എന്നു മാത്രമല്ല, അദ്ദേഹത്തിനു വയറടച്ചു വീർക്കുകയും കുറേശ്ശെ ഓക്കാനം വന്നുതുടങ്ങുകയും ചെയ്തു.

അപ്പോൾ അദ്ദേഹത്തിന്റെ ഒരു സ്നേഹിതൻ "ഇത് ആകപ്പാടെ കണ്ടിട്ട് ചിറ്റൂർ കാവിൽ ഭഗവതിയുടെ മായാപ്രയോഗമാണെന്നാണ് തോന്നുന്നത് അതിനാൽ ദേവിയെത്തന്നെ ശരണം പ്രാപിക്കണം. നമുക്കു കാവിലേക്കു പോകാം. ഞാൻകൂടെ വരാം" എന്നു പറഞ്ഞു. മജിസ്ട്രട്ട് അതു സമ്മതിക്കുകയും അവർ രണ്ടുപേരുംകൂടി കാവിലേക്കു പോകുകയും ചെയ്തു. അവരവിടെ ചെന്നപ്പോഴും വെളിച്ചപ്പാടു തുള്ളിക്കൊണ്ടുതന്നെ അവിടെ നിൽക്കുന്നുണ്ടായിരുന്നു. വെളിച്ചപ്പാടു മജിസ്ട്രട്ടിനെ കണ്ടപ്പോൾ "ഉടയതിന് ഇവിടെ വന്നിട്ടു കാര്യമൊന്നുമില്ലെന്നല്ലേ കാലത്തു പറഞ്ഞത്? ഇപ്പോൾ കാര്യമുണ്ടായോ?" എന്നു ചോദിച്ചു.

ഉടനെ മജിസ്ട്രട്ട് "പൊന്നുതമ്പുരാട്ടീ! ലോകമാതാവേ! സമസ്താപരാധങ്ങളും പൊറുത്തു രക്ഷിക്കണേ; ഇവിടുന്നല്ലാതെ ഇയ്യുള്ളവർക്കു വേറെ ഒരു ശരണവുമില്ല" എന്നു പറഞ്ഞുകൊണ്ട് അവിടെ വീണു നമസ്ക്കരിച്ചു. അപ്പോൾ വെളിച്ചപ്പാട് ഒരു പിടി ഭസ്മം വാരി മജിസ്ട്രട്ടിന്റെ തലയിലിട്ടിട്ട് "ആട്ടെ, ഈ പ്രാവശ്യം ഞാൻക്ഷമിച്ചിരിക്കുന്നു. ഇനി ഇങ്ങനെ വരരുത്, പൊയ്ക്കൊള്ളു. ഇനി ഒട്ടും ഭയപ്പെടുകയും സംശയിക്കുകയും വേണ്ട. എല്ലാവർക്കും ഇപ്പോൾ സുഖമാകും" എന്നു കല്പിക്കുകയും വീട്ടിൽ കിടക്കുന്നവരുടേയും തലയിലിടാനായി ഒരു പിടി ഭസ്മം അങ്ങോട്ടു കൊടുത്തയയ്ക്കുകയും ചെയ്തു. വെളിച്ചപ്പാടു ഭസ്മമിട്ടപ്പോൾത്തന്നെ മജിസ്രട്ടിനു സുഖമായി. കൊടുത്തയച്ച ഭസ്മംകൊണ്ടു തലയിലിട്ടപ്പോൾ വീട്ടിൽ കിടന്നിരുന്നവർക്കും സുഖമായി. മജിസ്ട്രട്ടും വീട്ടിൽ കിടന്നിരുന്ന വരുമെല്ലാം പിറ്റേദിവസം കുളിച്ചു കാവിൽച്ചെന്നു തൊഴുതു പല വഴിപാടുകളും കഴിച്ചു.

അന്നു മജിസ്ട്രട്ട് നടയ്ക്കുവെച്ച സ്വർണ്ണമാല ഇപ്പോഴും അവിടെ കാണ്മാനുണ്ട്. ആ മജിസ്ട്രട്ടിനു പിന്നെ ആജീവനാന്തം ആ ഭഗവതിയെക്കുറിച്ച് അളവറ്റ ഭക്തിയും വിശ്വാസവുമുണ്ടായിരുന്നു. ചിറ്റൂർകാവിൽ ഭഗവതിയുടെ പ്രതിæ രണ്ടു സ്ഥലത്തുണ്ടെന്നും അവയിൽ ഒരു സ്ഥലത്തു ശാന്തി (പൂജ) നടത്തുന്നതു ബ്രാഹ്മണന്മാരാണെന്നും അവിടെ എല്ലാ ദിവസങ്ങളിലും പൂജ പതിവുണ്ടെന്നും മറ്റേ സ്ഥലത്തു ചൊവ്വ, വെള്ളി ഈ ആഴ്ചകളിൽ മാത്രമേ പൂജയുള്ളൂ എന്നും അതു നടത്തുന്നതു നായന്മാർ (കുളങ്ങര വീട്ടുകാർ) ആണെന്നും മുമ്പു പറഞ്ഞിട്ടുണ്ടല്ലോ.

ഒരു കാലത്ത് ആ താലൂക്കിൽ താസിൽദാരും മജിസ്ട്രട്ടുമായിരുന്ന ഉദ്യോഗസ്ഥൻ ഒരു ഞായറാഴ്ചദിവസം ക്ഷേത്രത്തിൽ തൊഴാനായിച്ചെന്നപ്പോൾ അവിടെ ഒരു ശ്രീകോവിൽ തുറക്കാതെയും വിളക്കു വെയ്ക്കാതെയും കിടക്കുന്നതുകണ്ടിട്ട് അതിന്റെ കാരണവും അവിടുത്തെ പതിവുമെല്ലാം ചിലരോടു ചോദിച്ചറിയുകയും "ഇവിടെ നായരുടെ ശാന്തി മാറ്റുകയും മംഗലാപുരത്തുനിന്ന് എമ്പ്രാന്മാരെ വരുത്തി ശാന്തിക്കാക്കുകയും പൂജ ദിവസംതോറും തന്നെ ആക്കുകയും ചെയ്യേണ്ടതാണ്" എന്നു മനസ്സിൽ വിചാരിക്കുകയും ചെയ്തുകൊണ്ടു മടങ്ങിപ്പോയി.

അടുത്ത ചൊവ്വാഴ്ചദിവസം വെളിച്ചപ്പാടു ക്ഷേത്രത്തിൽച്ചെല്ലുകയും ഉടനെ വെളിപാടുണ്ടാവുകയും ചെയ്തു. അപ്പോൾ താസീൽദാരും അവിടെയെത്തി വിനയാദരഭാവത്തോടുകൂടി ഒതുങ്ങിനിന്നു. അതുകണ്ടു വെളിച്ചപ്പാട് താസിൽദാരുടെ അടുക്കൽച്ചെന്ന് "ഉടയതിനു ഞാനോ നാട്ടുകാരോ വേണ്ടത്?" എന്നു ചോദിച്ചു. അതിനു മറുപടിയായിട്ടു താസീൽദാർ "രണ്ടും വേണം" എന്നു പറഞ്ഞു.

അപ്പോൾ വെളിച്ചപ്പാട് "എന്നാൽ ഇപ്പോഴത്തെ സ്ഥിതിയിൽത്തന്നെ ഇരുന്നാൽ മതി. പരദേശികളെക്കൊണ്ട് ദിവസം തോറും പൂജ നടത്തിച്ചാൽ ഞാനിവിടെ ഇല്ലാതെയാകും" എന്നു കല്പിച്ചു. അതു കേട്ടപ്പോൾ താസിൽദാർ താനാരോടും പറയാതെ മനസ്സിൽ വിചാരിക്കുകമാത്രം ചെയ്ത് കാര്യം ദേവി അറിഞ്ഞുവല്ലോ എന്നു വിചാരിച്ചു വിസ്മയിക്കുകയും അദ്ദേഹത്തിനു ഭഗവതിയെക്കുറിച്ചു മുമ്പുണ്ടായിരുന്ന ഭക്തിയും വിശ്വാസവും ദ്വിഗുണീ ഭവിക്കുകയും ചെയ്തു. ഭഗവതിയുടെ ഹിതത്തിനു വിരോധമായി താൻ വിചാരിച്ചുപോയല്ലോ എന്നു വിചാരിച്ച് അദ്ദേഹം അതിനു പ്രായശ്ചിത്തമായി അവിടെ ചില വഴിപാടുകൾ നടത്തുകയും ചെയ്തിട്ടാണ് മടങ്ങിപ്പോയത്.

കൊല്ലം 1068-69 ആയിടയ്ക്ക് ചിറ്റൂർദേശത്ത് നടപ്പുദീനം (വി‌ഷൂചിക) കുറേശ്ശേ ആരംഭിച്ചു. ആദ്യം അതിനെ ആരും അത്ര വകവെച്ചില്ല. ക്രമേണ അതു ജനങ്ങളുടെ മേൽ പടർന്നുപിടിച്ചു. ദിവസംതോറും മരണം വർദ്ധിച്ചുതുടങ്ങി. അപ്പോൾ ജനങ്ങൾ കൂട്ടംകൂടി ക്ഷേത്രനടയിൽച്ചെന്ന് "പൊന്നമ്മേ! തമ്പുരാട്ടീ! സങ്കടം തീർത്തു രക്ഷിക്കണേ" എന്നു പ്രാർത്ഥിച്ചു. ഉടനെ വെളിച്ചപ്പാടു തുള്ളി ദേശത്തിന്റെ നാലതിർത്തികളിലും ചെന്ന് അരി വാരിയെറിഞ്ഞു. അന്നുമുതൽ ആ സാംക്രമികരോഗം ശമിച്ചുതുടങ്ങി. അതിൽപ്പിന്നെ അക്കാലത്ത് ആ രോഗംകൊണ്ട് ആ ദേശത്ത് ആരും മരിച്ചിട്ടില്ല.

ചിറ്റൂരിനു സമീപം ബ്രിട്ടീ‌ഷ് മലബാറിൽ ഒരു പ്രദേശത്ത് "കണ്ടത്താർ" (കണ്ടത്തു രാമൻനായർ) എന്നു പ്രസിദ്ധനായിട്ട് ഒരു ദുർമ്മന്ത്രവാദിയുണ്ടായിരുന്നു. അയാൾ മരിച്ചതിന്റെ ശേ‌ഷം അയാളുടെ പരേതാത്മാവ് ആ ദേശത്തെയല്ല ആ വീട്ടുകാരെയും ഉപദ്രവിച്ചുതുടങ്ങി.

"ആബ്ദദീക്ഷാദിലോപേന പ്രതാ യാന്തി പിശാചതാം
സ്വജനാൻ ബാധമാനാസ്തേ വിചരന്തി മഹീതലേ"
എന്നുണ്ടല്ലോ. അതിനാൽ ആ വീട്ടുകാർ ഒരു പ്രതിമയുണ്ടാക്കിച്ചു കണ്ടത്താരെ ആ പ്രതിമയിന്മേലാവാഹിച്ചു കുടിയിരുത്തി പൂജിച്ചുകൊണ്ടിരുന്നു. അപ്പോൾ അയാളുടെ ഉപദ്രവം ഒരുവിധം ശമിച്ചു. എങ്കിലും ജനങ്ങൾ തമ്മിൽ പിണങ്ങിയാൽ ഒരു കൂട്ടക്കാർ എതിരാളികളെ ഉപദ്രവിക്കാൻ കണ്ടത്താരെ ധ്യാനിച്ചു പ്രാർത്ഥിച്ചാൽ അയാൾ ചെന്ന് ആ വിരോധികളെ ഉപദ്രവിക്കുക പതിവായിരുന്നു. അങ്ങനെ ആരെങ്കിലും പ്രാർത്ഥിച്ചാൽ കണ്ടത്താർ ചിറ്റൂരും ചെന്നു ജനങ്ങളെ ഉപദ്രവിച്ചിരുന്നു. അങ്ങനെ ഒരിക്കൽ ചിറ്റൂർ ദേശക്കാരനായ ഒരാളെ കണ്ടത്താരു ബാധിച്ച് ഉപദ്രവിച്ചുതുടങ്ങിയപ്പോൾ ആ ഉപദ്രവത്തിന്നു വി‌ഷയീഭവിച്ച മനു‌ഷ്യനെ അയാളുടെ ഉടമസ്ഥന്മാർ പിടിച്ചു ക്ഷേത്രത്തിൽ കൊണ്ടുപോവുകയും ഈ ഉപദ്രവം മാറ്റിക്കൊടുക്കണമെന്നു ഭഗവതിയുടെ സന്നിധിയിൽ പ്രാർത്ഥിക്കുകയും ചെയ്തു.

ഉടനെ വെളിച്ചപ്പാടു തുള്ളി "ഇനിയൊരിക്കലും ചിറ്റൂർ ദേശത്തു കടക്കുകയില്ല" എന്നു കണ്ടത്താരെക്കൊണ്ടു സത്യം ചെയ്യിച്ചു വിട്ടയച്ചു. അതിൽപ്പിന്നെ കണ്ടത്താരുടെ ഉപദ്രവം ആ ദേശത്തുണ്ടായിട്ടില്ല. ഇങ്ങനെ ചിറ്റൂർകാവിൽ ചെന്നിട്ട് അനേകം ബാധകൾ ഒഴിഞ്ഞുപോയിട്ടുണ്ട്.

ഒരിക്കൽ പാണ്ടിയിൽനിന്ന് ഒരു പട്ടർ കുടുംബസഹിതം കൊടുങ്ങല്ലൂർ വന്നു താമസിച്ചിരുന്നു. അദ്ദേഹത്തിന് ഒരു ബാധോപദ്രവമുണ്ടായി. ഒരു പിശാചാണ് അദ്ദേഹത്തെ ബാധിച്ചത്. ആ പിശാചിന്റെ ആവേശമുണ്ടാകുന്ന സമയങ്ങളിൽ അദ്ദേഹം തുള്ളുകയും ചാടുകയും ചെയ്തിരുന്നില്ല. എവിടെയെങ്കിലും ഒരു സ്ഥലത്തുചെന്ന് ഒന്നും മിണ്ടാതെയിരിക്കും.

അപ്പോൾ അദ്ദേഹത്തോട് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ മറുപടി ഒന്നും പറയുകയില്ല. ചില ദിവസങ്ങളിൽ ആ പിശാചിന്റെ ആവേശം നിമിത്തം അദ്ദേഹം കുളിക്കാതെയും ഉണ്ണാതെയും ഉറങ്ങാതെയുമിരിക്കാറുണ്ടായിരുന്നു. ഈ ബാധോപദ്രവമൊഴിക്കുന്നതിനായി അദ്ദേഹത്തിന്റെ ബന്ധുക്കൾ പല മന്ത്രവാദികളെ വരുത്തി അനേകവിധം മന്ത്രവാദങ്ങൾ ചെയ്യിക്കുകയും ഇദ്ദേഹത്തെ കൊണ്ടുപോയി പല ക്ഷേത്രങ്ങളിൽ ഭജിപ്പിക്കുകയും മറ്റും ചെയ്തു. ഒന്നുകൊണ്ടും ഒരു ഫലവുമുണ്ടായില്ല. അപ്പോൾ "ഇദ്ദേഹത്തെ ചിറ്റൂർകാവിൽ കൊണ്ടുപോയി ഭജനമിരുത്തിയാൽ ഈ ബാധ നിശ്ചയമായിട്ടും ഒഴിഞ്ഞുപോകും" എന്നു ചിലർ പറയുകയാൽ ബന്ധുക്കളായവർ അദ്ദേഹത്തെ ചിറ്റൂർകാവിൽ കോണ്ടുപോയി ഭജിപ്പിച്ചു. അപ്പോഴും ആ പിശാചിന്റെ ആവേശം ഉണ്ടാക്കിക്കൊണ്ടുതന്നെയിരുന്നു. അതുണ്ടാകുന്ന സമയങ്ങളിൽ അദ്ദേഹം അവിടെ കൊടിമരത്തിന്റെ സമീപത്തു ചെന്നു കിടക്കും. അപ്പോൾ ആരെല്ലാമെന്തെല്ലാം ചോദിച്ചാലും അദ്ദേഹം ഒന്നും മിണ്ടുകയില്ല.

അങ്ങനെ ഏകദേശം മൂന്നുമാസം കഴിഞ്ഞിട്ടും ഭജനത്തിന്റെ ഫലമൊന്നും കാണായ്കയാൽ അദ്ദേഹത്തിന്റെ കൂടെച്ചെന്നിരുന്ന ബന്ധുക്കൾ ഒരു ദിവസം വെളിച്ചപ്പാടു തുള്ളിയപ്പോൾ അവിടെച്ചെന്നു സങ്കടം പറഞ്ഞു. അപ്പോൾ വെളിച്ചപ്പാടു കൊടിമരത്തിന്റെ ചുവട്ടിൽ കിടന്നിരുന്ന ആ ബ്രാഹ്മണനെ തന്റെ അടുക്കലേക്കു വിളിച്ചു. അദ്ദേഹം ചെന്നില്ല. ഉടനെ വെളിച്ചപ്പാട് അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന് "നീയാരാണ്? ഒഴിഞ്ഞുപൊയ്ക്കൊള്ളാമോ?" എന്നും മറ്റും ചോദിച്ചു. അതിനുമദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ല. അപ്പോൾ വെളിച്ചപ്പാടു തന്റെ കയ്യിലിരുന്ന ആയുധം (നാന്ദകം വാൾ) കൊണ്ടു തന്റെ തല വെട്ടിപ്പൊളിച്ചു കുറച്ചു രക്തവും മാംസവും വടിച്ചെടുത്ത് ആ പട്ടരുടെ മുഖത്തേക്ക് ഒരേറു വച്ചുകൊടുത്തു. അപ്പോൾ പട്ടർ "അയ്യോ! വേണ്ട. ഞാനൊരു പിശാചാണ്. ഇതാ ഞാൻഒഴിഞ്ഞുപോകുന്നു" എന്നു പറയുകയും ഉടനെ പട്ടർ സ്വസ്ഥതയെ പ്രാപിക്കുകയും ചെയ്തു. എങ്കിലും അദ്ദേഹത്തിന്റെ കൂടെച്ചെന്നിരുന്ന ബന്ധുക്കൾക്ക് ഇതുകൊണ്ടു നല്ല തൃപ്തിയും വിശ്വാസവും വന്നില്ല. "ഈ പിശാചു സത്യം ചെയ്തില്ലല്ലോ. അതുകൊണ്ട് അത് ഒഴിഞ്ഞുപോയിരിക്കയില്ല" എന്നായിരുന്നു അവരുടെ വിചാരം. അതിനാലവർ അദ്ദേഹത്തെ കൊണ്ടുപോകാതെ പിന്നേയും അവിടെത്തന്നെ താമസിപ്പിച്ചു. അതുവേണ്ടായിരുന്നു എന്നായിരുന്നു അന്യന്മാരായ ചിലരുടെ വിചാരം. എങ്കിലും അധികം താമസിയാതെ ആ ബന്ധുക്കളുടെ വിചാരംതന്നെയാണ് തന്നെയാണ് ശരിയായിരുന്നതെന്ന് എല്ലാവർക്കും ബോധ്യമായി. അടുത്ത വെള്ളിയാഴ്ച ആ പിശാചു പിന്നേയും ആ പട്ടരെ ബാധിച്ചു. അപ്പോൾ അദ്ദേഹം യഥാപൂർവ്വം മെനൗിയായി കൊടിമരത്തിൻ ചുവട്ടിൽ ചെന്നു കിടന്നു. ഉടനെ വെളിച്ചപ്പാടു തുള്ളി അവിടെച്ചെന്നു മുമ്പു ചെയ്തതുപോലെ തല വെട്ടിപ്പൊളിച്ചു രക്തവും മാംസവും വടിച്ചെടുത്തു പട്ടരുടെ മുഖത്തേക്കു വലിച്ചെറിഞ്ഞു. അപ്പോൾ പട്ടർ "വേണ്ട, ഞാൻഒഴിഞ്ഞുപൊയ്ക്കൊള്ളാ"മെന്നു വീണ്ടും പറഞ്ഞു. ഉടനെ വെളിച്ചപ്പാട് ഇനി ഒരിക്കലും ഈ ദേഹത്തെ ബാധിക്കയില്ലെന്നു സത്യം ചെയ്യിച്ച് ആ പിശാചിനെ ഒഴിച്ചുവിട്ടു. പട്ടർ നല്ല സ്വസ്ഥനായി ദേവിക്ക് അനേകം വഴിപാടുകൾ കഴിച്ചു വന്ദിച്ചിട്ടു ബന്ധുക്കളോടുകൂടി സ്വഗൃഹത്തിലേക്കു മടങ്ങിപ്പോവുകയും ചെയ്തു.

കരുണാനിധിയും ആർദ്രമാനസയുമായ ചിറ്റൂർകാവിൽ ഭഗവതി തന്നോടെതിർക്കുന്ന ഭക്തിഹീനന്മാരെ നല്ലപോലെ മർദ്ദിച്ചു ഭക്തന്മാരാക്കിത്തീർക്കുകയല്ലാതെ നിഗ്രഹിക്കാറില്ലെന്നുള്ള വസ്തുത മേൽപ്പറഞ്ഞ സംഗതികൾകൊണ്ടു സ്പ ഷ്ടമാകുന്നുണ്ടല്ലൊ. എന്നാൽ ആ ദേവി തന്നെ ഭക്തന്മാരെ സങ്കടപ്പെടുത്തുന്നവരെ നിഗ്രഹിക്കുക തന്നെ ചെയ്യും. അതിനു ദൃഷ്ടാന്തമായി ചില സംഗതികൾ താഴെ പറഞ്ഞുകൊള്ളുന്നു.

ചിറ്റൂർകാവിൽ വെളിച്ചപ്പാടാവാനുള്ള അവകാശം അവിടെയുള്ള രണ്ടു വീട്ടുകാർക്കു മാത്രമേ കൊടുത്തിരുന്നുള്ളു. അതിൽ ഒന്ന് വരവൂർ വീട്ടിലേക്കും പിന്നെ ഒന്ന് ഒരു തരകന്റെ വീട്ടിലേക്കുമായിരുന്നു.

ഒരുകാലത്തു ചാമുത്തരകൻ എന്നൊരാൾ അവിടെ വെളിച്ചപ്പാടായിത്തീർന്നു. അയാൾക്ക് പണത്തിലുള്ള ആഗ്രഹം ക്രമത്തിലധികമായിരുന്നതിനാൽ ചിലപ്പോൾ കളവായിട്ടും തുള്ളാറുണ്ടായിരുന്നു. അത് ആ ദേശത്തെ പ്രധാനന്മാരിലൊരാളായിരുന്ന അമ്പാട്ടു രാമച്ചമേനോൻ എന്ന ആൾക്ക് ഒട്ടും രസിച്ചിരുന്നില്ല. രാമച്ചമേനോൻ ഭഗവതിയെക്കുറിച്ചു വളരെ ഭക്തിയും വിശ്വാസവും ഉള്ള ആളായിരുന്നു. ഈ ചാമുത്തരകൻ ഇങ്ങനെ കള്ളത്തുള്ളൽ തുള്ളിക്കൊണ്ടിരുന്നാൽ ജനങ്ങൾക്കു ഭഗവതിയെക്കുറിച്ചുള്ള ഭക്തിയും വിശ്വാസവും കുറഞ്ഞുപോവുകയും അപ്പോൾ ക്ഷേത്ര കാര്യങ്ങളൊന്നും നേരെ നടക്കാതാവുകയും ചെയ്യുമല്ലോ എന്നായിരുന്നു രാമച്ചമേനോന്റെ വിചാരം. അത് അദ്ദേഹത്തിനു വലിയ സങ്കടവുമായിരുന്നു.

ഒരു ദിവസം വെളിച്ചപ്പാടു തുള്ളിയപ്പോൽ ജനങ്ങളുടെ കൂട്ടത്തിൽ രാമച്ചമേനോനെ കാണാഞ്ഞിട്ടു വെളിച്ചപ്പാട് "ഇന്ന് എന്റെ മക്കളുടെ കൂട്ടത്തിൽ ഒരാളെ കാണുന്നില്ലല്ലോ. ഒരാൾ ചെന്നു ക്ഷണത്തിൽ വിളിച്ചുകൊണ്ടുവരട്ടെ" എന്നു കല്പിച്ചു. ഉടനെ ഒരാൾ ഓടിപ്പോയി രാമച്ച മേനവനെക്കണ്ടു കല്പനയറിയിച്ചു. അപ്പോൾ രാമച്ചമേനോൻ, "എനിക്കിപ്പോൾ വരാൻ മനസ്സില്ല. ചാമു വിളിക്കുന്നിടത്തു വരാനുള്ളവൻ ഞാനല്ല" എന്നു പറഞ്ഞയച്ചു. അത് ആ ആൾ ചെന്നറിയിച്ചു. "എന്റെ മകൻ ഇങ്ങോട്ടു വരാൻ മനസ്സില്ലെങ്കിൽ ഞാനങ്ങോട്ടു ചെല്ലാം" എന്നു കല്പിച്ചിട്ട് അങ്ങോട്ടു പുറപ്പെട്ടു. അപ്പോൾ രാമച്ചമേനോൻ ഇങ്ങോട്ടും പുറപ്പെട്ടിരുന്നു. മദ്ധ്യേമാർഗ്ഗം രണ്ടുപേരും തമ്മിൽ കണ്ടു. അപ്പോൾ വെളിച്ചപ്പാട് "എന്റെ മകനു ഞാൻവിളിക്കുന്നിടത്തു വരാൻ മനസ്സില്ല, അല്ലേ?" എന്നു ചോദിച്ചു. അതിനു മറുപടിയായിട്ടു രാമച്ചമേനോൻ "ദേവി വിളിച്ചാൽ എവിടെയായാലും എപ്പോളായാലും വരാൻ തയ്യാറാണ്. ചാമു വിളിക്കുന്നിടത്തു വരാൻ മനസ്സില്ല എന്നേ പറഞ്ഞുള്ളു. അയാൾ ചിലപ്പോൾ കളവായിട്ടും തുള്ളുന്നതുകൊണ്ടു ജനങ്ങൾക്കു ദേവിയെക്കുറിച്ചുള്ള ഭക്തിയും വിശ്വാസവും കുറഞ്ഞുതുടങ്ങീട്ടുണ്ട്. ദേവി ഇതൊന്നും അറിഞ്ഞിട്ടില്ലാത്ത വിധത്തിലായിരിക്കുന്നു. ഇങ്ങനെയായാൽ ഇവിടെ കാര്യമൊന്നും നടക്കാതെയാവും. അതു വലിയ സങ്കടമാണ്" എന്നറിയിച്ചു. അപ്പോൾ വെളിച്ചപ്പാട് "ഞാനെല്ലാമറിഞ്ഞുകൊണ്ടുതന്നെയാണിരിക്കുന്നത്. എന്റെ മക്കൾ ഒട്ടും സങ്കടപ്പെടേണ്ട. ഈ സങ്കടം ഞാനുടനെ തീർത്തുകൊള്ളാം" എന്നു കല്പിക്കുകയും പിന്നെ എല്ലാവരുംകൂടി ക്ഷേത്രത്തിലേക്കു പോവുകയും ചെയ്തു. അവിടെ എത്തിയ ക്ഷണത്തിൽ വെളിച്ചപ്പാടിന്റെ കലിയടങ്ങി. ചാമുത്തരകൻ അവിടെത്തന്നെ വീണു. പിന്നെ ആളുകൾ കൂടി എടുത്താണ് അയാളെ വീട്ടിലേക്കു കൊണ്ടുപോയത്. വീട്ടിലെത്തിയപ്പോഴേക്കും അയാൾക്കു പനി തുടങ്ങിയിട്ടുണ്ടായിരുന്നു. മൂന്നാം ദിവസമായപ്പോഴേക്കും അയാളുടെ ദേഹത്തിലെല്ലാം വസൂരിക്കുരുക്കൾ നിറഞ്ഞു. ഏഴാം ദിവസം അയാൾ മരിക്കുകയും ചെയ്തു.

ഒരു വെളിച്ചപ്പാടു കഴിഞ്ഞാൽ പിന്നെ ആദ്യം തുള്ളി ക്ഷേത്രത്തിൽച്ചെന്ന് അട്ടഹസിക്കുന്ന ആളെയാണ് അവിടെ പിന്നെ വിളിച്ചപ്പാടായി നിയമിക്കുക പതിവ്. ചാമുത്തരകൻ കഴിഞ്ഞതിന്റെ ശേ‌ഷം ആദ്യം തുള്ളിക്ഷേത്രത്തിൽച്ചെന്ന് അട്ടഹസിച്ചത് വരവൂരെ ശാമുമേനോനായിരുന്നു. അതിനാൽ ആ ആളെത്തന്നെ പിന്നത്തെ വെളിച്ചപ്പാടായി അവിടെ നിയമിച്ചു. ആ ശാമുമേനോൻ കവിതിലകനായിരുന്ന കഴിഞ്ഞു പോയ ശാമുമേനോന്റെ ഒരു മാതുലനായിരുന്നു. ആ മനു‌ഷ്യൻ കളവായിട്ടു തുള്ളാറില്ലായിരുന്നുവെങ്കിലും ഒരു നല്ലവനല്ലായിരുന്നു. ഏഷശണിപ്രയോഗങ്ങൾ കൊണ്ടും മറ്റും ദേശത്തുള്ള ജനങ്ങളെ ഭിന്നിപ്പിച്ചു വഴക്കുണ്ടാക്കുകയായിരുന്നു അയാളുടെ പ്രധാന തൊഴിൽ.

ആ ദേശത്തുള്ളവരെല്ലാം ആയുധവിദ്യ അഭ്യസിക്കുക ശ്രീകണ്ഠത്തു പണിക്കരുടെ കളരിയിലായിരുന്നു പണ്ടേ തന്നെ പതിവ്. ഈ ശാമുമേനോൻ ജനങ്ങളെപ്പറഞ്ഞു പിണക്കി അഭ്യാസത്തിന് അവിടെ ആരും പോകാതെയാക്കി. ശ്രീകണ്ഠത്ത് അക്കാലത്തുണ്ടായിരുന്ന മൂത്ത പണിക്കർ ഒരു ശുദ്ധാത്മാവും ഭഗവതിയെക്കുറിച്ച് അളവറ്റ ഭക്തിയുള്ള ആളുമായിരുന്നു. അഭ്യാസത്തിന് അവിടെ ആരും ചെല്ലാതെയായതുകൊണ്ട് മൂത്തപണിക്കർക്കു വളരെ സങ്കടമുണ്ടായി. അങ്ങനെയിരുന്നപ്പോൾ ആ ശാമുമേനോൻ ഒരു ദിവസം രാത്രിയിൽ ഒരു ദുഷ്ടനെക്കൊണ്ടു ശ്രീകണ്ഠത്തു പണിക്കരുടെ പുരയ്ക്കു തീ വെയ്പ്പിക്കുകയും ചെയ്തു. പുരയ്ക്കു തീ പിടിപ്പിച്ചു കത്തുന്നതു കണ്ടിട്ടു മൂത്തപണിക്കർ അതു കെടുത്താൻ ശ്രമിക്കാത ധൈര്യസമേതം അതു നോക്കിക്കൊണ്ട് "എന്റെ ഭഗവതീ! ഈ കത്തുന്നത് എന്റെ ഗൃഹമല്ല. ദേവിയുടെ ക്ഷേത്രമാണ്. അവിടുന്നുതന്നെ ഇതിനു സമാധാനമുണ്ടാക്കണം" എന്നു പറഞ്ഞു. ആ സമയം ശാമുമേനോൻ ഒരു വീടിന്റെ മാളികയിലിരിക്കുകയായിരുന്നു. അയാൾ അവിടെ നിന്ന് ഇറങ്ങിയപ്പാൾ കോവണിയിൽ നിന്നു കാൽ തെറ്റി താഴെ വീണു തല പൊട്ടി മരിച്ചു. അപ്പോഴും ശ്രീകണ്ഠത്തെ പുര മുഴുവനും കത്തികഴിഞ്ഞിട്ടില്ലായിരുന്നു. ആ പുര പോയിട്ട് ഭഗവതിയുടെ കൃപ കൊണ്ടു ക്ഷണത്തിൽ ശ്രീകണ്ഠത്തു പൂർവ്വാധികം ഭംഗിയായിട്ടു പുരപണി നടന്നു.

ശാമുമേനോൻ കഴിഞ്ഞിട്ടു പിന്നെ കാവിൽ വെളിച്ചപ്പാടായി തീർന്നത് ഒരു ചാമുത്തരകനായിരുന്നു. അയാൾ കളവായിട്ട് ഒന്നും തുള്ളാറില്ലായിരുന്നു. അയാൾക്കു ഭഗവതിയെക്കുറിച്ചു വളരെ ഭക്തിയും ഭയവും വിശ്വാസവുമുണ്ടായിരുന്നു. അയാൾക്കു പ്രായാധിക്യം നിമിത്തം തുള്ളാനെന്നല്ല, എഴുന്നേറ്റു നടക്കാൻകൂടി വയ്യാതെ കിടപ്പിലായപ്പോൾ വരവുരു വീട്ടിലെ ഒരാൾക്കു ദിവസം പ്രതി കുറച്ചുനേരത്തേക്ക് ഒരു വിറയൽ തുടങ്ങി. അതു ക്രമേണ വർദ്ധിച്ച് ഒടുക്കം അയ്യാൾ തുള്ളി ക്ഷേത്രത്തിൽച്ചെന്ന് അട്ടഹസിച്ചു. അക്കാലത്ത് ചിറ്റുർ ദേശക്കാർ പിണങ്ങി രണ്ടു കക്ഷികളായി പിരിഞ്ഞിരിക്കുകയായിരുന്നു. അതിൽ ഒരു കക്ഷികാർ വരവൂർക്കാരുടെ ഭാഗത്തും മറ്റവർ തരകന്റെ ഭാഗത്തുമായിരുന്നു. തരകന്റെ ഭാഗത്തായി വരുന്നവർക്കു വരവൂരുമേനോൻ വെളിച്ചപ്പാടാകുന്നതിൽ സമ്മതമല്ലായിരുന്നു. അതിനാലവർ വാർദ്ധക്യത്താൽ കിടപ്പായിരുന്ന തരകന്റെ മകനായ കൃഷ്ണത്തരകനെ പറഞ്ഞിളക്കിത്തുള്ളിച്ചു. അയാളും ക്ഷേത്രത്തിചെന്ന് അട്ടഹസിച്ചു. അത് മറ്റേക്കക്ഷിക്കാർക്കെന്നല്ല, അയാളുടെ അച്ഛനുതന്നെയും സമ്മതമല്ലായിരുന്നു. ആ വൃദ്ധൻ മകനെ വിളിച്ചു ദേവിയുടെ അനുഗ്രഹമില്ലാതെ ഇങ്ങനെ തുള്ളുന്നതു ദോ‌ഷമാണെന്നു മറ്റും വളരെയഥികം പറഞ്ഞു നോക്കി. അതൊന്നും കൃഷ്ണത്തരകനു സമ്മതമായില്ല. ഒരു ദിവസം ഇതിനെക്കുറിച്ചു വ്യസനിച്ചുകൊണ്ട് ആ വദ്ധൻ രാത്രിയിൽ കിടന്നുറങ്ങിയപ്പാൾ ഭഗവതി അയാളുടെ അടുക്കൽച്ചെന്ന് "എന്റെ മകൻ ഇതിനെക്കുറിച്ച് ഒട്ടും വ്യസനി ക്കേണ്ട. ഒരു കൊല്ലം കഴിയുന്നതിനുമുന്പ് ഞാനിതിനു നിവൃത്തിയുണ്ടാക്കിക്കൊള്ളാം. ഇങ്ങനെയുള്ള മക്കൾ ഉണ്ടായിരിക്കുന്നതിനേക്കാൾ നല്ലത് ഇല്ലാതെയിരിക്കുന്നതാണല്ലോ" എന്നു കല്പിച്ചതായി അയാൾക്കു തോന്നി. അയാളുണർന്നു കണ്ണുതുറന്നു നോക്കിയപ്പോൾ ഒരു തേജസ്സു മാത്രം അയ്യാളുടെ അടുക്കൽ നിന്നു മറയുന്നതായി അയാൾ കാണുകയും ചെയ്തു. ഈ സംഗതി പിറ്റേദിവസം കാലത്ത് പലരോടും, വിശേ‌ഷിച്ചു തന്റെ മകനോടും, പറയുകയുണ്ടായി. കിം ബഹുനാ? ഈ സംഗതിയുണ്ടായിട്ട് ഒരു കൊല്ലം തികയുന്ന ദിവസം കൃഷ്ണത്തരകൻ ഒരു കിണറ്റിൽ വീണു മരിച്ചു. അതിൽപ്പിന്നെ ഇതുവരെ ചിറ്റുർകാവിൽ വെളിച്ചപ്പാടുണ്ടായിട്ടില്ല.

ഇനി ഒരു സംഗതികൂടി പറഞ്ഞിട്ട് ഈ ഉപന്യാസം അവസാനിപ്പിക്കാമെന്നു വിചാരിക്കുന്നു. ചിറ്റുർ ദേശത്തു ചിറ്റടത്ത് 'അച്ചുതാനന്ദയോഗി' എന്നൊരു ദിവ്യനും അദ്ദേഹത്തിന്റെ ശി‌ഷ്യനായിട്ടു 'തെക്കേഗ്രാമം ശങ്കരനാരായണശാസ്ത്രികൾ' എന്നൊരു പണ്ഡിതനുമുണ്ടായിരുന്നു. ശാസ്ത്രികൾ തന്റെ ഗുരുവായ ആ യോഗിയുടെ ഉപദേശപ്രകാരം അമാവാസി തോറും പതിവായി ശക്തിപൂജ കഴിച്ചിരുന്നു. പൂജയുള്ള ദിവസം ശാസ്ത്രികൾ സന്ധ്യയാകുമ്പോൾ കുളി കഴിഞ്ഞു പുരയ്ക്കകത്ത് കയറി വാതിലടച്ചാൽ പൂജ കഴിഞ്ഞല്ലാതെ വാതിൽ തുറക്കാറില്ല. പൂജ കഴിയുമ്പോൾ നേരമേകദേശം പാതിരാവായികിക്കും. അങ്ങനെയാണ് പതിവ്.

ഒരാണ്ടിൽ കുംഭമാസത്തിൽ അമാവാസിനാൾ ശാസ്ത്രികൾ പൂജകഴിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന അമ്മ്യാർ എന്തോ ആവശ്യത്തിനായി മുറ്റത്തേക്കിറങ്ങി. അപ്പോൾ രാത്രി ഏകദേശം പത്തു നാഴികയായിരുന്നു. വിളക്കും മറ്റും കൂടാതെ ഇരുട്ടത്താണ് അമ്യാർ അങ്ങോട്ടിറങ്ങിയത്. അപ്പോൾ ആരോ അവിടെ വന്ന് അമ്യാരുടെ കഴുത്തിലുണ്ടായിരുന്ന ആഭരണങ്ങളെല്ലാം അറുത്തെടുത്തുകൊണ്ട് ഓടിക്കളഞ്ഞു. അമ്യാർ ഉറക്കെ നിലവിളിച്ചു. അതുകേട്ട് അയൽപക്കത്തുണ്ടായിരുന്നവരെല്ലാം പരിഭ്രമിച്ച് അവിടെ ഓടിയെത്തി. വിവരമറിഞ്ഞപ്പോൾ അവരാൽ കഴിയുന്ന അന്വേ‌ഷണങ്ങളെല്ലാം ചെയ്തു നോക്കി. എങ്കിലും കള്ളനെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. പൂജ കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് ശാസ്ത്രികളും പുറത്തു വന്നു. ഈ സംഗതി അദ്ദേഹവും അറിഞ്ഞു. അദ്ദേഹമാരോടുമൊന്നും മിണ്ടാതെ അവിടെ നിന്നിറങ്ങിനടന്നു. അദ്ദേഹത്തിന്റെ പിന്നാലെ ചില അയൽപക്കക്കാരും ചെന്നു. അവർ നേരെ അച്യുതാനന്ദയോഗിയുടെ അടുക്കലെത്തി. യോഗി മുമ്പേതന്നെ ഈ സംഗതി ദിവ്യദൃ ഷ്ടി കൊണ്ട് കണ്ടറിഞ്ഞിരിരുന്നതിനാൽ ശാസ്ത്രികളോട് "ശാസ്ത്രികളെ! സംഗതി ഞാൻഅറിഞ്ഞിരിക്കുന്നു. ക്ഷണത്തിൽ കാവിൽ ചെന്നു ദേവിയുടെ സന്നിധിയിൽ സങ്കടമറിയിക്കൂ. നിവൃത്തിമാർഗം ഭഗവതി ഉണ്ടാക്കിത്തരും" എന്ന് പറഞ്ഞു. ഉടനെ ശാസ്ത്രികൾ കാവിലെത്തി ഭഗവതിയെ സ്തുതിച്ചു. ശാസ്ത്രികൾ ഒരു ദ്രുതകവിയുമായിരുന്നതിനാൽ സ്തുതി പദ്യമായിട്ടായിരുന്നു. അഞ്ചെട്ടു പദ്യം ചൊല്ലിക്കഴിഞ്ഞപ്പോഴേക്കും ശ്രികോവിലിൽനിന്ന് ഒരു തേജസ്സ് പുറത്തേക്കുവന്നു നേരെ തെക്കൊട്ടുപോയി. അതിന്റെ പിന്നാലെ ശാസ്ത്രികളും കൂട്ടരും നടന്നു. തേജസ്സ് മേൽഭാഗത്തുകൂടിയും ശാസ്ത്രികളും കൂട്ടരും നിലത്തുകൂടിനടന്നുമാണ് പോയത്. തേജസ്സ് അവിടെയുള്ള പുഴയ്ക്കക്കരെ പട്ടാഞ്ചേരി നായരുടെ വീട്ടിനു സമീപമുള്ള കിണറ്റിനു ഒരു പ്രദക്ഷിണം വെച്ചിട്ട് മേൽ ഭാഗത്തു നിന്നു. ശാസ്ത്രികൾ വീട്ടിന്റെ പടിക്കൽചെന്നു വിളിച്ചു പടിവാതിൽ തുറപ്പിച്ച് ആ വീട്ടിലെ മൂത്ത നായരോട് സംഗതികളെല്ലാം പറഞ്ഞു. ആ നായർ ശാസ്ത്രികളുടെ ശി‌ഷ്യനുമായിരുന്നു. മൂത്ത നായർ ചില സാമാനങ്ങൾ അന്ന് പകൽ തന്റെ ഭൃത്യന്റെ കയിൽ കൊടുത്ത് ശാസ്ത്രികളുടെ മഠത്തിലേക്ക് അയച്ചിരുന്നു. അവൻ മടങ്ങിവന്നത് രാത്രി പത്തുപന്ത്രണ്ടുനാഴിക കഴിഞ്ഞതിന്റെ ശേ‌ഷമായിരുന്നു. അതുകൊണ്ട് മൂത്തനായർ കള്ളൻ തന്റെ ഭൃത്യൻ തന്നെയെന്നു ഏകദേശം തീർച്ചപ്പെടുത്തിക്കൊണ്ട് ആ ഭൃത്യനെ വിളിച്ചുവരുത്തി ചോദ്യം തുടങ്ങി. അപ്പോൾ മേൽ ഭാഗത്തു നിന്നിരുന്ന ആ തേജസ്സ് ആ ഭൃത്യന്റെ തലക്കുമീതെ വന്നു ഒരു പ്രദക്ഷിണം വെച്ചിട്ട് മറഞ്ഞുപോയി. അപ്പോൾ സംഗതി ശാസ്ത്രികൾക്കും മൂത്ത നായർക്കും കുറച്ചുകൂടി നിശ്ചയമായി. ഉടനെ മൂത്ത നായർ ആ ഭൃത്യനെ മറ്റുള്ള ചില ഭൃത്യന്മാരെക്കൊണ്ട് പിടിപ്പിച്ച് ഒരു മരത്തിന്മേൽ ചേർത്ത് കെട്ടിച്ചിട്ട് മൂത്തനായർ തന്നെ രണ്ടുമൂന്നു വീക്ക് വെച്ചുകൊടുത്തു. അപ്പോൾ ആ അടിക്കപ്പെട്ട കള്ളൻ പരമാർത്ഥമെല്ലാം ഉണ്ടായതുപോലെ പറയുകയും തേജസ്സ് പ്രദക്ഷിണം വെച്ച ആ കിണറ്റിലിറങ്ങി ഒരു പൊതിക്കെട്ടെടുത്ത് കൊണ്ടുവന്നു ശാസ്ത്രികൾക്ക് കൊടുക്കുകയും ചെയ്തു. ശാസ്ത്രികൾ ആ പൊതി അഴിച്ചുനോക്കിയപ്പോൾ അമ്യാരുടെ ആഭരണങ്ങളെല്ലാം അതിലുണ്ടായിരുന്നു. ശാസ്ത്രികൾ സന്തോ‌ഷിച്ചു രണ്ടുകയ്യും ഉയർത്തി മൂത്തനായരെ അനുഗ്രഹിച്ചിട്ട് ആഭരണങ്ങളും കൊണ്ട് മഠത്തിലേക്ക് പോയി. ആ പൊതി കിണട്ടിലിട്ടിരുന്നത് ആ കള്ളൻ തന്നെയായിരുന്നു എന്നുള്ളത് പറയണമെന്നില്ലല്ലോ. ശാസ്ത്രികൾ ആഭരണങ്ങളെല്ലം മഠത്തിൽ കൊണ്ട് ചെന്നു അമ്യാരുടെ കയ്യിൽ കൊടുക്കുകയും ഉണ്ടായ സംഗതികളെല്ലാം പറഞ്ഞു കേൾപിക്കുകയും ചെയ്തു . അപ്പോൾ അമ്യാർക്കുണ്ടായ സന്തോ‌ഷം എത്രമാത്രമെന്നു പറയാൻ പ്രയാസം. പിറ്റേ ദിവസം കാലത്തേ ശാസ്ത്രികളും അമ്യാരും കുളിച്ചു കാവിൽപ്പോയി ഭഗവതിയെ വന്ദിച്ച് ചില വഴിപാടുകളും കഴിച്ചു മടങ്ങിവന്നു യഥാപൂർവ്വം സുഖമായി താമസിച്ചു.

 

രഞ്ജിത്ത് മാത്യു

 

കവർ ചിത്രം: ബിനോയ് തോമസ് 

 

അടുത്ത ലക്കം : വിജയാദ്രി മാഹാത്മ്യം