ബന്ധങ്ങൾ (നോവൽ - 52)
ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ ശേഷം മറിയാമ്മച്ചിയും, കുഞ്ഞെലിയാമ്മയും മാത്രമേ അടുക്കളയിൽ ശേഷിച്ചുള്ളൂ.
ബാക്കി എല്ലാവരും അവരവരുടെ മുറികളിലേക്ക് മടങ്ങി പോയിരുന്നു. പിറ്റേന്ന് വീട്ടിലേക്ക് മടങ്ങി പോകുന്നതിനെ പറ്റിയും, നാട്ടിൽ ചെന്നാൽ ചെയ്തു തീർക്കേണ്ടിയ കാര്യങ്ങളെപ്പറ്റിയും കുഞ്ഞെലിയാമ്മ , മറിയാമ്മച്ചിയോട് ചെറിയൊരു വിവരണം നടത്തുവാൻ മടിച്ചില്ല.
എല്ലാം കാര്യങ്ങളും അതിന്റെ മുറയ്ക്ക് തന്നെ നടക്കും. അതൊക്കെ ഓർത്തു വിഷമിച്ചു കൊണ്ടിരുന്നാൽ. എപ്പോഴും നമ്മൾക്കൊക്കെ വിഷമിക്കുവാനേ നേരം കാണുകയുള്ളു.. അടുത്ത ആഴ്ച അമ്പിളി പോയി കഴിഞ്ഞാൽ പിന്നെ ഉമ്മച്ചന്റെയും, പിള്ളാരുടേയും കാര്യങ്ങൾ നോക്കാൻ എന്നെ കൊണ്ട് തന്നെ പറ്റുമെന്ന് തോന്നുന്നുണ്ടോ?...
പിന്നെ അച്ചായൻ പോയിട്ട് അടുത്ത പ്രാവശ്യം ഇങ്ങോട്ടു തിരികെ വരുമ്പോൾ വീട്ടുവേലയ്ക്ക് ആരെയെങ്കിലും കൂട്ടികൊണ്ടു വരാതിരിക്കുകയില്ല. സങ്കടം പറച്ചിൽ അതിന്റെ പരിസമാപ്തിയിൽ എത്തിയെന്നു തോന്നിയപ്പോഴാണ് അവിടേക്ക് അമ്പിളി കടന്നു വന്നത്.
എന്താ അമ്മമാർ തമ്മിൽ ഒരു കുശുകുശുക്കൽ.. അമ്പിളി ലേശം തമാശയോടാണ് ആ ചോദ്യം രണ്ടുപേരോടും പേരിടുമായി ചോദിച്ചത്...
ഒന്നും ഇല്ലേടീ.... കുഞ്ഞെലിയാമ്മ മനസ്സിൽ ഉടക്കികിടന്ന വിഷമം പുറത്തു കാട്ടാതെ വളരെ തന്മയത്വപൂർവ്വമായിരുന്നു മകളോട് പെരുമാറിയത്. പിറ്റേന്ന് മകളെ പിരിഞ്ഞു തിരികെ പോകുന്നതിന്റെ വിഷമമായിരുന്നു അവരുടെ മുഖത്ത് തളം കെട്ടി കിടന്നിരുന്നത്.
അമ്മയുടെ മുഖഭാവത്തിൽ നിന്നും കാര്യം ഊഹിച്ചെടുത്തതുപോലെ അമ്പിളി നിസംഗതയായി എല്ലാവരോടും ആയിട്ട് മറുപടി പറഞ്ഞു..
വീട് പണി കഴിഞ്ഞാൽ ഉടനെ തന്നെ ഞാൻ ഇങ്ങു തിരികെ പോരും, അല്ലാതെ നിങ്ങൾ കരുതുന്നതുപോലെ എന്നും പ്രവാസിയായി .മറുനാട്ടിൽ പോയി കിടക്കുകയൊന്നും ഇല്ല. അതോർത്തു ആരും വിഷമിക്കുകയൊന്നും വേണ്ട കേട്ടോ.... അമ്പിളി വളരെ നയചാതുര്യത്തോടെ അങ്ങനെ പറഞ്ഞിട്ട് രണ്ടു പേർക്കും ഒരു മുത്തം കൊടുക്കുകയും ചെയ്തു.
മറിയാമ്മച്ചിയുടെ കണ്ണുകൾ ഈറനണിഞ്ഞു. സ്നേഹനിധിയായൊരു മരുമകളെ തന്നതിന് ദൈവത്തിന് നന്ദി കരേറ്റുവാനായി അവർ കണ്ണുകളെ ആകാശത്തേക്ക് ഉയർത്തുകയും, ഒരു നിമിഷം കണ്ണുകൾ അടയ്ക്കുകയും ചെയ്തു.
അത് കണ്ടപ്പോൾ അമ്പിളിയ്ക്ക് ചിരി അടക്കാനായില്ലെങ്കിലും , ആത്മസംയമനം പാലിച്ചു കൊണ്ട് മൗനമായി അടുക്കള ജോലികളിൽ വ്യാപൃതയായി.
********
പിറ്റേന്ന് പ്രഭാതത്തിൽ ഇത്താക്കുവും, കുഞ്ഞെലിയാമ്മയും, ഈപ്പച്ചനോടൊപ്പം നാട്ടിലേക്ക് തിരികെ യാത്ര തിരിച്ചു. എല്ലാവരോടും യാത്ര പറയുന്നതിന് മുൻപു തന്നെ ഇത്താക്കൂ മകളോട് രണ്ടു മാസത്തെ ചിലവിനുള്ളത് തുക കണക്കു പറഞ്ഞു വാങ്ങുവാനും മറന്നില്ല. ആ കണക്ക് പറച്ചിൽ അമ്പിളിക്ക് ഒട്ടും തന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലും, അപ്പനോട് ഒന്നും തന്നെ മുഖം കറുപ്പിച്ചു പറഞ്ഞില്ല. അമ്പിളി അമ്മയെ കെട്ടിപ്പിച്ചു കരയുകയും അടുത്ത് വരവിന് കാണാമെന്നുള്ള പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
യാത്രകൾ ഹരമായിരുന്നു ഇത്താക്കൂ, ആ വണ്ടിയുടെ മുൻവശത്ത് ഇരിക്കുവാൻ പറ്റാതിരുന്നതിന്റെ വിഷമം കുഞ്ഞെലിയാമ്മയുമായി പങ്കു വയ്ക്കുകയും ചെയ്തു. ഭർത്താവിനെ കണ്ണുരുട്ടിയും, ശാസിച്ചും നിലയ്ക്ക് നിർത്തുവാനാണ് അവർ അപ്പോൾ ശ്രമിച്ചത്. മുൻ സീറ്റിൽ ഇരുന്നിരുന്ന ഈപ്പച്ചനും, ഡ്രൈവർ മത്തച്ചനും, പുറകിൽ ആംഗ്യഭാഷയിലൂടെ നടക്കുന്ന സംഭാഷണം ശ്രദ്ധിച്ചതുകൂടിയില്ല.
ഈപ്പച്ചൻ അവരെ അവരുടെ വീട്ടിൽ വിട്ടതിനു ശേഷം താഴത്ത് വടക്ക് തറവാട്ടിലിലേക്ക് യാത്ര തുടർന്നു. ഇടയ്ക്ക് ഒന്നു രണ്ടിടത്ത് കാപ്പി കുടിക്കുവാനായി മത്തച്ചൻ വണ്ടി നിർത്തുകയും, ലേശം വിശ്രമിക്കുകയും ഒക്കെ ചെയ്തിട്ടാണ് യാത്ര തുടർന്നത്.
വീട്ടിൽ എത്തിയ അവരെ വരവേറ്റത് ഏലമ്മച്ചിയായിരുന്നു. കാലിനു സ്വാധീനക്കുറവ് ഉണ്ടായിരുന്ന അവർ തിണ്ണയിൽ ഇരിക്കുകയായിരുന്നു. ആങ്ങളയോട് ഉമ്മച്ചന്റെയും, അമ്പിളിയുടെയും വിവരങ്ങൾ തിരക്കുകയും , വീട് പണിയെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു.
ഉടനെ തന്നെ തീർക്കാമെന്നാണ് കോൺട്രാക്ടർ മുഹമ്മദ് കുട്ടി പറഞ്ഞിരിക്കുന്നത്.
ഇവിടെ മുറിച്ചിട്ടിരിക്കുന്ന തടികൾ അളവ് പറഞ്ഞു മുറിപ്പിക്കുവാൻ , ഉമ്മച്ചൻ ആശാരിയേയും കൂട്ടി ഏതാനും ദിവസങ്ങൾക്ക് അകം ഇങ്ങോട്ട് വരാമെന്ന് പറഞ്ഞിട്ടുമുണ്ട്.
അപ്പച്ചാ ... ഉമ്മച്ചനെ കോഴിക്കോട് നിന്ന് കൂട്ടി കൊണ്ടുവരാൻ ഞാൻ പൊയ്ക്കൊള്ളാം.... എപ്പോഴാണെന്ന് പറഞ്ഞാൽ മതി.
അത് കേട്ടതും ഈപ്പച്ചൻ ദേഷ്യത്തോടെ പല്ലു കടിക്കുകയും, നാക്ക് നീട്ടുകയും ചെയ്തു. അവിടെ വരെ പോകുവാൻ എത്ര ലിറ്റർ പെട്രോൾ വേണമെന്ന് നിനക്ക് വല്ല നിശ്ചയവും ഉണ്ടോ?. അത് കൂടാതെ അന്യായ ഓട്ടക്കൂലിയും .. എന്തായാലും ഉമ്മച്ചനും ആശാരിയും അവിടെ നിന്നുമൊരു ട്രാൻസ്പോർട് ബസിനു കയറി വന്നുകൊള്ളും.
പ്രതീക്ഷയോടെ നിന്നുരുന്ന മത്തച്ചന് ആ ഉത്തരം നിരാശയാണ് സമ്മാനിച്ചത്. കോഴിക്കോട് പോയ ദിവസം മുതൽ ഉള്ള കൂലി കണക്ക് പറഞ്ഞു വാങ്ങിച്ചിട്ടു അയാൾ അമ്പല കവലയിലേക്ക് നടന്നു.
മത്തച്ചൻ പോയെന്നു ഉറപ്പാക്കിയ ശേഷം ഈപ്പച്ചൻ, ഏലമ്മച്ചിയെ നോക്കി ലേശം ഉറക്കെ തന്നെ പറഞ്ഞു. കാറിൽ അവിടേക്കുള്ള പോക്ക് ഒത്തിരി ചിലവേറിയതാണ്. അടുത്ത പ്രാവശ്യം പോകുമ്പോൾ ബസിൽ പോകുവാൻ ശ്രമിക്കാം.
നീ ഇവിടുത്തെ വിശേഷങ്ങൾ ഒക്കെ പറഞ്ഞേ... ബേബിയുടെ വീട് പണി എത്തറ്റമായി. വണ്ടിയിൽ ഇരുന്നു പുറത്തേക്ക് നോക്കിയെങ്കിലും ഒന്നും തന്നെ മനസ്സിലായില്ല.
അതോ.... കഴിഞ്ഞ ആഴ്ച അവന്റെ വീടിന്റെ വാർപ്പ് ആയിരുന്നു. ഊണ് ഒക്കെ കൊടുക്കേണ്ടിയതായി വന്നിരുന്നു. അപ്പോഴാണ് ബേബിച്ചന്റെ മകൻ ബെന്നിയുടെ കാര്യം ഏലമ്മച്ചിയ്ക്ക് ഓർമ്മ വന്നത്.
കഴിഞ്ഞ ആഴ്ച ബേബിയുടെ മൂത്ത മോൻ നമ്മുടെ താഴത്തെ തൊടിയിലെ വരിക്ക പ്ലാവിൽ കയറി ചക്ക പറിച്ചു കെട്ടി ഇറക്കുന്നത് കണ്ടിരുന്നു. ഞാൻ ശബ്ദം ഉണ്ടാക്കിയപ്പോഴേക്കും അവൻ അതും കൊണ്ട് താഴെ ഷെഡിലേക്ക് പോകുകയും ചെയ്തു.
അത് കേട്ടതും ഈപ്പച്ചന് ദേഷ്യം അടക്കുവാൻ ആകാതെ പിറുപിറുത്തു.
"ആ നശിച്ചതുങ്ങളോട് എത്ര പറഞ്ഞാലും കേൾക്കില്ലെന്നു വെച്ചാൽ പിന്നെ എന്നാ ചെയ്യും... അപ്പനും, മക്കളും എല്ലാം ഒരേ കണക്കു തന്നെയാ.... ... ഉമ്മച്ചനും, അമ്പിളിയ്ക്കും, ടോമിനും, ജെറിക്കുമെല്ലാം വരിക്ക ചക്കയെന്നു വെച്ചാൽ ജീവനാ..."
അവിടെ നിന്ന് മടങ്ങിപോന്നപ്പോൾ ജെറി വരിക്കച്ചക്ക കൊണ്ടുചെല്ലണമെന്ന് ഓർമ്മപെടുത്തൽ നടത്തുകയും ചെയ്തതാ. ആ ചിന്ത മനസ്സിലൊരു വേദനയായി നിറഞ്ഞപ്പോൾ ഈപ്പച്ചൻ നാക്ക് നീട്ടുകയും , പല്ല് ഞെരുമ്മി ശബ്ദം ഉണ്ടാക്കുകയും ചെയ്തു.
ഇനി അതിന് എന്തെങ്കിലും ഒരു പോംവഴി ഉണ്ടാക്കാം ... അച്ചായൻ വന്നു കഴിച്ചേ.... ഏലമ്മച്ചി രംഗം ശാന്തമാകുവാൻ ശ്രമിക്കുകയും, അടുക്കളയിലേക്ക് നടക്കുകയും ചെയ്തു.
ഊണ് കഴിച്ചു കൊണ്ടിരുന്നപ്പോൾ മദ്രാസിൽ നിന്നും മത്തായികുട്ടിയും, ജീവനും കൂടി വന്നിരുന്ന കാര്യം ഏലമ്മച്ചി പറഞ്ഞു. വസ്തു വീതം വയ്ക്കുന്ന കാര്യം സംസാരത്തിനിടയിൽ സൂചിപ്പിക്കുകയും ചെയ്തിരുന്നു.
എന്തായാലും വസ്തു ഇപ്പോൾ ആർക്കും വീതം വെച്ച് കൊടുക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല..
മരണശേഷം മക്കൾക്ക് എല്ലാവർക്കുമായി ബില്ല് എഴുതി വയ്ക്കുവാനാണ് എന്റെ ഉദ്ദേശം...
കഴിഞ്ഞ ദിവസം കോഴിക്കോട് ചെന്നപ്പോൾ അമ്പിളിയും, ഉമ്മച്ചനും ടോമിന്റെ ഒപ്പം പഠിക്കുന്ന ഒരു കുട്ടിയുടെ അച്ഛനായ അഡ്വക്കേറ്റിനെ പരിചയപ്പെടുത്തിയിരുന്നു. വേണുവെന്നോ മറ്റോ ആണ് അയാളുടെ പേര്.
വേണ്ടതുപോലെ എല്ലാ കാര്യങ്ങളും ചെയ്തുതരാമെന്ന് അയാൾ ഉറപ്പ് നൽകുകയും, ഒപ്പ് ഇടുവാൻ മാത്രം അപ്പച്ചൻ അങ്ങോട്ട് ചെന്നാൽ മതിയെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
ഈ വിവരം നീ ആരോടും പറയുവാൻ ഒന്നും നിൽക്കേണ്ട... ആ വിവരം ബേബിച്ചൻ അറിഞ്ഞാൽ ഉടനെ തന്നെ മത്തായികുട്ടിയോട് പറയും. പിന്നെ അതിന്റെ പേരിൽ ആകും ഇവിടെ വഴക്ക് ഉണ്ടാകുക.
ഏലമ്മച്ചിയ്ക്ക് മനസ്സിൽ സന്തോഷം തോന്നാതിരുന്നില്ല.. ഉമ്മച്ചന്റെയും , അമ്പിളിയുടെയും മധ്യസ്ഥതയിലാണ് കാര്യങ്ങൾ നടക്കുന്നതെങ്കിൽ, മറ്റുള്ളവർക്കൊന്നും കാര്യമായ സ്വത്ത് കിട്ടില്ലെന്നുള്ള ഉറപ്പ് അവർക്കുണ്ടായിരുന്നു.
ആ തീരുമാനം എന്തായാലും നന്നായി... അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴാണ് ബേബിച്ചൻ അവിടേക്ക് കടന്നു വന്നത്.
(തുടരും )
രഞ്ജിത് മാത്യു
കവർ ചിത്രം: ബിനോയ് തോമസ്