പറ്റിപ്പീസ്  അപ്പൂപ്പൻ

Dec. 11, 2020

"പപ്പേ, അമ്മേ.. നമ്മക്ക് ഈ കിച്ചൻ പൊളിച്ചു കളയാം.."
ചിർപ്പിയുടെ അപ്രതീക്ഷിതമായി വന്ന നിർദ്ദേശം, എന്നെയും ജീവനെയും ഞെട്ടിച്ചു കളഞ്ഞുവെന്നു പറഞ്ഞാൽ മതിയല്ലോ.. മാറിമാറിച്ചെയ്യുന്ന ഷിഫ്റ്റ്‌ ജോലിക്കിടയിൽ, ഒരുമിച്ചു കിട്ടിയ സമയം, സൊറ പറഞ്ഞും, സന്തോഷിച്ചുമിരുന്ന ഞങ്ങളുടെ തലയിലേക്ക്, ഇടിവെട്ട് പോലെയാണ്, ഈ മാതിരി വർത്തമാനവുമായി, ഞങ്ങളുടെ 9 വയസ്സുകാരി മൂത്ത സന്തതി അവതരിച്ചിരിക്കുന്നത്. അവളുടെ പുറകെ, സിൽബന്ധികളായി ചോട്ടുവും, കിക്കിയും ഉണ്ട്‌.. എല്ലാവർക്കും വേണ്ടിയാണ്, ചിർപി കാര്യം അവതരിപ്പിച്ചിരിക്കുന്നത്..

 

"കൊച്ചിനെന്നാ ഇപ്പൊ ഇങ്ങനൊരു തോന്നൽ? നമ്മുടെ അടുക്കളക്ക്  കൊഴപ്പം ഒന്നുമില്ലാലോ.?"
പരമാവധി സംയമനം പാലിച്ചു കൊണ്ടാണ് ജീവന്റെ ചോദ്യം..


"അതേയ്, നമ്മടെ കിച്ചണിൽ ചിമ്മിനിയില്ല.. ചിമ്മിനിയുണ്ടെങ്കിലല്ലേ സാന്റ അപ്പൂപ്പന് വരാൻ ഒക്കുവൊള്ളൂ.. അപ്പൂപ്പൻ വന്നാലേ ഞങ്ങക്ക് സമ്മാനം കിട്ടത്തൊള്ളു.."
അപ്പോൾ അതാണ്‌ കാര്യം.. സാന്റ അപ്പൂപ്പനെ ചിമ്മിനിക്കുള്ളിൽക്കൂടി വരുത്തുവാനാണ്, അടുക്കള മാറ്റിപ്പണിയുവാൻ പറയുന്നത്..

 

ക്രിസ്മസ് അടുത്തിരിക്കുന്നു എന്ന്, പിള്ളേർ ഓരോന്ന് ചെയ്യുമ്പോഴാണ് ഓർക്കുക.. ഒക്ടോബർ മാസം മുതൽ, ചിർപ്പി ലിസ്റ്റ് എഴുതുവാൻ  തുടങ്ങിയിരുന്നു. അവൾക്കു ക്രിസ്മസ്സിന് വേണ്ട കളിപ്പാട്ടങ്ങൾ, പാവക്കുട്ടികൾ, കരകൗശല സാധനങ്ങൾ, മാല, വള, സ്കെച്ച് പെൻ, എന്ന് വേണ്ട, സർവ്വവിധ സാധനങ്ങളുമുണ്ട്‌ ലിസ്റ്റിൽ.. തന്നെയുമല്ല, എഴുതുവാൻ പഠിച്ചു വരുന്ന 6 വയസ്സുകാരൻ  ചോട്ടുവിനും, വാക്കുകൾ തപ്പിത്തപ്പി മാത്രം പറയുന്ന 3 വയസ്സുകാരി  കിക്കിക്കും വേണ്ടി ലിസ്റ്റ് എഴുതുന്ന കർത്തവ്യം, അവൾ ഏറ്റെടുത്തിരിക്കുന്നു. ചോട്ടുവിനു വേണ്ടത്, അവനെ  സ്വപ്നത്തിൽ വന്നു  പേടിപ്പിക്കാറുള്ള, ഭീമകാരൻ ഡിനോസറിനെ കുത്തുവാനുള്ള  മൂർച്ചയുള്ള കുന്തവും, പിന്നെ    അമ്പും വില്ലും, മുഖം മൂടിയും മറ്റുമാണ്. കിക്കിക്കു വേണ്ടത് ഒന്നു മാത്രം "ലല്ലി പപ്പ്'(ലോല്ലി പോപ്പ്).

 

ക്രിസ്മസ് രാത്രിയിൽ, സാന്റ അപ്പൂപ്പൻ പമ്മിപ്പമ്മി വീട്ടിൽ വരുമെന്നും, തന്റെ പണിക്കാരായ കുഞ്ഞൻ എല്ഫുകളെക്കൊണ്ട്‌ ഉണ്ടാക്കിപ്പിച്ചിട്ടുള്ള  സമ്മാനപ്പൊതികൾ, തങ്ങൾക്കു തരുമെന്നും, മറ്റു കുട്ടികളെപ്പോലെ  ഇവരും വിശ്വസിച്ചു നടപ്പാണ്.. എന്താണ് പറയേണ്ടത്? സാന്റയായി സ്വയം ചമഞ്ഞ്, ഈ സമ്മാനങ്ങളൊക്കെ ഒരുക്കി വയ്ക്കുന്നത്, അവരുടെ സ്വന്തം പപ്പാ ആയ ജീവൻ തന്നെ.. അതുണ്ടോ കുഞ്ഞിക്കുട്ടികൾ അറിയുന്നു?

 


ചിർപി മാത്രം ഉണ്ടായിരുന്നപ്പോൾ, ഈ സമ്മാനങ്ങളൊക്കെ വാങ്ങുവാനും, തിളങ്ങുന്ന വർണക്കടലാസ്സുകളിൽ പൊതിഞ്ഞു വയ്ക്കുവാനും, ഞങ്ങൾക്കു വളരെ ഉത്സാഹമായിരുന്നു.. എന്നാൽ വർഷങ്ങൾ കടന്നു പോയപ്പോൾ, കുഞ്ഞുങ്ങൾ 3 പേർ ആകുകയും, അവർ എഴുതുന്ന ലിസ്റ്റ്, പ്രിന്റിംഗ് പ്രെസ്സിൽ നിന്നിറങ്ങി വരുന്ന പത്രക്കടലാസ്സ് പോലെ, നീണ്ടു നീണ്ടു വരുകയും ചെയ്തപ്പോൾ, ചങ്കിൽ വെള്ളിടി വെട്ടിത്തുടങ്ങി.. ദാ, ഇപ്പോൾ അടുക്കള പൊളിക്കണം, എന്നത് വരെയായി കാര്യങ്ങൾ..

 

"അതേയ്, സാന്റ അപ്പൂപ്പൻ ഒരു പുതിയ സൂത്രം കണ്ടു പിടിച്ചു.. ചിമ്മിനിയിൽ കൂടെയൊന്നും ഇറങ്ങാതെ, ഭിത്തിയിൽ കൂടെത്തന്നെ വരാൻ, അപ്പൂപ്പൻ പഠിച്ചു കളഞ്ഞു.. പപ്പാ ന്യൂസിൽ കണ്ടാരുന്നു"
"ആനോ?"
"ആ, ശരിക്കും "
മൂവർ സംഘത്തെ അശ്വസിപ്പിക്കുന്ന ദൗത്യത്തിൽ, ജീവൻ ഏകദേശം വിജയിച്ച മട്ടാണ്.. എന്നാൽ പ്രശ്നം അവിടെ തീരുന്നില്ല..

 

"കഴിഞ്ഞ പ്രാവശ്യത്തെ കാര്യം ഓർമയുണ്ടല്ലോ?"
എന്റെ ചോദ്യം കേട്ട് ആശാൻ, ആ ഓർമയിൽ ഒന്നു ഞെട്ടിയോ?
കഴിഞ്ഞ വർഷം, ക്രിസ്മസ് അപ്പൂപ്പനെ പിള്ളേർ  പറയാത്തതൊന്നുമില്ല.. 2019 ഡിസംബർ മാസം, ഞങ്ങൾക്ക് രണ്ടു പേർക്കും ഒരുമിച്ച്, ഒരു അവധി പോലും കിട്ടിയിരുന്നില്ല. കുട്ടികൾ,   ലിസ്റ്റ് ഒക്കെ 'ക്രിസ്മസ് ട്രീ' യിൽ തൂക്കിയിട്ടിരുന്നു എങ്കിലും, അവ വാങ്ങണമെങ്കിൽ, പിള്ളേർ  അറിയാതെ വേണം പോകുവാൻ.. അതിനൊരവസരം കിട്ടിയതേ ഇല്ല..

 


അങ്ങനെ ക്രിസ്മസിനോടടുത്ത ഒരു ദിവസം, കുട്ടികളെയും കൊണ്ടു  പുറത്തു പോയ ജീവൻ, അവർ  ഷോപ്പിംഗ് മാളിൽ തന്നെയുള്ളൊരു പാർക്കിൽ കളിക്കുമ്പോൾ, അതിനടുത്തുള്ളൊരു ചെറിയ കടയിൽ കയറി, എന്തൊക്കെയോ സാധനങ്ങൾ 'ചടപടാ' വാങ്ങി.. ആ കടയാകുമ്പോൾ, അവിടെ നിന്നു  കുഞ്ഞുങ്ങളെ കാണുകയും ചെയ്യാമായിരുന്നു, എന്നത് കൊണ്ടാണങ്ങനെ ചെയ്തത്. ജോലി കഴിഞ്ഞു വന്നപ്പോളാണ്, മേടിച്ചു വച്ചിരിക്കുന്ന സമ്മാനങ്ങൾ ഒക്കെയും ഞാൻ കാണുന്നത്.. അപ്പോൾ തന്നെ അപകടം മണത്തു.. കാരണം, ഒട്ടു മിക്കവയും ഒന്നു താഴെ വീണാൽ പൊട്ടുന്നവ, ഒരു 'ചൊക്കട..തരികിട' മട്ട്.. കലാപക്കൊടി ഉയർന്നതു തന്നെ..

 

ക്രിസ്മസിന്റെ തലേദിവസം, കുഞ്ഞുങ്ങളുറങ്ങിയ തക്കം  നോക്കി, വാങ്ങിവച്ച സമ്മാനങ്ങൾ, ജീവൻ തന്നെ പൊതിഞ്ഞു വച്ചു. സാന്റ അപ്പൂപ്പൻ 'സ്ലെ' എന്ന വണ്ടിയിലാണ് വരിക.. ആ വണ്ടി തടി കൊണ്ടുള്ളതൊക്കെ ആണെങ്കിലും, ആകാശമാർഗമാണ് ആഗമനം.... 'സ്ലെ' ഓടിക്കുന്ന 9 കലമാനുകളാണ് റൂഡോൾഫ്, ഡാഷർ, ഡാൻസർ, പ്രാൻസർ, വിക്സൻ, കോമറ്റ്, ക്യുപിഡ്, ഡോണ്ണർ, ബ്ലിട്ട്സൺ എന്നിവർ.. റൂഡോൾഫിനും  കൂട്ടർക്കും, വണ്ടി ഓടിച്ചു ക്ഷീണിച്ചു വരുമ്പോൾ കഴിക്കുവാനുള്ള ക്യാരറ്റ്, ഒരു കോപ്പയിൽ പാൽ എന്നിവ, ഉറങ്ങുന്നതിനു മുൻപ്, കുട്ടികൾ  തന്നെ ഒരുക്കി വച്ചിരുന്നു..

 

അങ്ങനെ ക്രിസ്മസ് ദിനമായി..  കുഞ്ഞുങ്ങൾ, അത്യുത്സാഹത്തോടെ, എഴുന്നേറ്റു വന്നു.. സമ്മാനപ്പൊതികൾ കണ്ടതും, തുള്ളിച്ചാടി.. ജീവനും ഞാനും അവരോടൊപ്പം ആർപ്പു വിളിച്ചാനന്ദനൃത്തമാടി.. എന്നാൽ പൊതികളൊക്കെയഴിച്ചപ്പോൾ, കഥ മാറിമറിഞ്ഞു.. ചിർപി അലറിക്കരയുവാൻ തുടങ്ങി. വലിയ പ്രശ്നം ഇല്ലാതെ നിന്നിരുന്ന ചോട്ടുവും, കിക്കിയും, ചേച്ചി  കരയുന്നതു കണ്ടപ്പോൾ, കൂട്ടത്തിൽ നിലവിളിക്കുവാൻ തുടങ്ങി.. എനിക്ക് കാര്യം അറിയാമായിരുന്നുവെങ്കിലും, ജീവൻ അന്ധാളിച്ചു നിൽപ്പായിരുന്നു.. സമ്മാനങ്ങളെല്ലാം തള്ളിമാറ്റി, ഉറക്കെയുറക്കെയുള്ള കരച്ചിലാണ്..

 

സംഭവം ഇതാണ്..
"സാന്റ അപ്പൂപ്പൻ, പറ്റിപ്പീസ് ഒരു അപ്പൂപ്പനാ.. സാന്റയുടെ നോർത്ത് പോൾ വീട്ടിലുള്ള പിള്ളേർക്ക് നല്ല  സമ്മാനം ഒക്കെക്കൊടുത്തു കാണും.. എന്നിട്ടാണ് ചിർപ്പിയെയും മറ്റും പറ്റിക്കാൻ പൊട്ട സമ്മാനവുമായി നമ്മുടെ വീട്ടിൽ വന്നിരിക്കുന്നത് "
ഇങ്ങനെ ഒക്കെ പറഞ്ഞാണ് പരിദേവനം.
"അതേയ്, അപ്പൂപ്പന്റെ കയ്യിലെ കാശ് തീർന്നു പോയിക്കാണും മക്കളെ.. "
ജീവൻ "അറ്റ കൈ" ശ്രമം നടത്തുകയാണ്.
"പപ്പയ്ക്ക് ഒന്നും അറിയത്തില്ല.. സാന്റയ്ക്ക് ഒത്തിരി ഒത്തിരി പൈസയൊണ്ട് "
ഒരു രക്ഷയും ഇല്ല.. ഞങ്ങൾ നിസ്സഹായരായി അങ്ങോട്ടും ഇങ്ങോട്ടും നോക്കി..

 


എല്ലാ വഴക്കും പോലെ, നിമിഷങ്ങൾക്കുള്ളിൽ തീരുമെന്നു പ്രതീക്ഷിച്ച ബഹളം, പക്ഷെ ആ ദിവസം മുഴുവൻ നീണ്ടു. ക്രിസ്മസിനുണ്ടാക്കിയ അപ്പവും കറിയും കഴിക്കാതെ, ചിർപി അപ്പൂപ്പനെതിരെ ഘോരം ഘോരം സമരം ചെയ്തു.. ചെറിയ രണ്ടു കുട്ടികൾ  വിശന്നപ്പോൾ കഴിച്ചുവെങ്കിലും, മൊത്തത്തിൽ ആ വർഷം ഞങ്ങളുടെ ക്രിസ്മസ് 'ചളകുളം' ആയി, എന്ന് പറഞ്ഞാൽ  മതിയല്ലോ..

 

ആ കാര്യമോർത്താണ് ഞാനും ജീവനും ഞെട്ടിയത്.
"വെഷമിക്കേണ്ട, ഈ വർഷം സംഭവം വേറെ ആണ്... പിള്ളേരെ  നന്നാക്കാൻ ഞാനൊരു വഴി കണ്ടിട്ടുണ്ട് "
വലിയ സന്തോഷത്തിലാണെന്റെ കൂട്ടുകാരൻ.. എന്താണാവോ പിള്ളേരുടെയടുത്തിറക്കാനുള്ള പുതിയ സൂത്രം? കൊറോണ ലോകത്തിൽ അവതരിച്ചപ്പോൾ, പെട്ടെന്നു ബുദ്ധി കൂടിയോ? ഇങ്ങനെയുള്ള ചിന്തകളിൽ ഞാൻ മുഴുകി.

 

2020 ഡിസംബർ മാസം ആദ്യ വാരം.. ക്രിസ്മസ് ലൈറ്റുകൾ, ക്രിസ്മസ് ട്രീ എല്ലാം ഒരുങ്ങിക്കഴിഞ്ഞു. ജോലി കഴിഞ്ഞു, വൈകുന്നേരം നാലു  മണിയോടെ വീട്ടിലേക്കു ചെന്നപ്പോൾ, എന്തോ ഒരു മാറ്റം പൊലെ.. പിള്ളേരുടെ പതിവുള്ള ബഹളം ഒന്നുമില്ല.. കുഞ്ഞുങ്ങളുടെ അപ്പനെയും കാണുവാനില്ല.. ഓരോരോ മുറിയായി നോക്കിച്ചെന്നപ്പോൾ, ദോണ്ടടാ ഒരു മുറിയിൽ മൂന്നു കുട്ടികളും, മുഖവും കുനിച്ചു ദുഖാർത്തരായിരിക്കുന്നു.. എന്നെക്കണ്ടപ്പോൾ ചോട്ടു കരഞ്ഞു കൊണ്ടു വന്നു കെട്ടിപ്പിടിച്ചു. ഞാനാകെ വിഷമിച്ചു.. എന്തു പറ്റിയോ, എന്തോ? ചിർപി, ഒന്നും മിണ്ടാതെ, ഒരു "കത്ത്" എടുത്തു നീട്ടി..

 

കത്ത് തുറന്നു നോക്കിയപ്പോൾ ഞാനും ഞെട്ടി..
സാന്റ അപ്പൂപ്പന്റെ കത്താണ്.. ഇംഗ്ലീഷിലാണ് എഴുതിയിരിക്കുന്നത്.. അപ്പൂപ്പന്, ഇപ്രാവശ്യം ഞങ്ങളുടെ  വീട്ടിൽ വരുവാൻ പറ്റുകയില്ല, എന്നാണ് കത്തിന്റെ ഇതിവൃത്തം. സംഭവിച്ചത് ഇതാണ്.. അപ്പൂപ്പൻ ഉത്തര ധ്രുവത്തിലുള്ള തന്റെ വീടിന്റെ മുറ്റത്ത്‌, മഞ്ഞു കട്ടകൾ  കോരുവാൻ ഇറങ്ങിയതായിരുന്നു.. പെട്ടെന്ന് കാലു തെറ്റി, ഒന്നു തെന്നി വീണു.. കാലിന്റെ തുടയെല്ലിന്  ഒരൊടിവ്.. അന്ന് തൊട്ട്, ഒറ്റക്കിടപ്പാണ്.. പാവത്തിന്റെ കാലിനു പ്ലാസ്റ്ററിട്ടിരിക്കുകയാണേ.. 2 മാസം യാത്ര ഒന്നും ചെയ്യുവാൻ പാടില്ലെന്ന്, ഡോക്ടർ കർശനമായി പറഞ്ഞിരിക്കുകയാണ് പോലും... അതു കൊണ്ട്, ഇപ്രാവശ്യം പിള്ളേർക്കൊന്നും സാന്റയുടെ സമ്മാനം ഇല്ലത്ത്രേ.. ഈ   കാര്യങ്ങളൊക്കെപ്പറഞ്ഞുള്ള കത്താണ്, എന്റെ പിള്ളേരുടെ ചങ്കു തകർത്ത്, അവരെയിങ്ങനെ ശോകമൂകരാക്കിക്കളഞ്ഞത്.

 

"ഹോ! എന്നാ എടപാടായിപ്പോയി? സാന്റയ്ക്ക്, ഒന്നു സൂക്ഷിച്ചു നടന്ന് കൂടെ?" എന്നൊരു വേള വിചാരിച്ചു വരുമ്പോഴാണ്, സാമാന്യബുദ്ധി തെളിഞ്ഞത്.. കത്തിലെ ചില അക്ഷരങ്ങളുടെ ഒടിവും വലിവും ഞാൻ ശ്രദ്ധിച്ചു.. നല്ല പരിചയം.. മനപ്പൂർവം കയ്യക്ഷരം മാറ്റുവാൻ ശ്രമിച്ചു  പരാജയപ്പെട്ടിരിക്കുന്നു.. ആഹഹാ.. ഉടമസ്ഥനെ പിടികിട്ടി.. എവിടെപ്പോയി ആശാൻ?

 

ഞാൻ, ദുഃഖം തളം കെട്ടി നിൽക്കുന്ന,   മുറി വിട്ട് അടുത്ത മുറിയിൽ ചെന്നു നോക്കി..
അവിടെക്കണ്ട കാഴ്ച!
ഹെഡ്ഫോൺ ചെവിയിൽ വച്ചു പാട്ടുമിട്ട്, എല്ലാം മറന്നു ഡാൻസ് കളിക്കുന്നു, പിള്ളേരുടെയപ്പൻ.. എങ്ങനുണ്ട് എന്റെ ബുദ്ധി, എന്നുള്ള മട്ടിലാണ് നോട്ടം.. പിള്ളേരെ പറ്റിച്ച സന്തോഷമാണ്. കൂടെ  ഡാൻസ് കളിക്കുവാൻ, എന്നെയും മാടി മാടി  വിളിക്കുകയാണ്..

 

ജീവന്റെ, പിള്ളേരെപ്പറ്റിച്ച  ആഘോഷത്തിലാണോ, അതോ കുഞ്ഞുങ്ങളുടെ ചങ്കു പറിഞ്ഞുള്ള വേദനിയിലാണോ പങ്കുചേരേണ്ടത്, എന്നറിയാതെ ഞാനൊരു  'ത്രിശങ്കുവിൽ' ആയി. "ഓടുന്ന പട്ടിക്ക്, ഒരു മുഴം മുന്നേ", "അമ്മക്ക് പ്രാണവേദന, മകൾക്കു വീണ വായന",  തുടങ്ങിയ, പഴഞ്ചനാണെങ്കിലും കാലികപ്രസക്തി നഷ്ടപ്പെട്ടിട്ടില്ലാത്ത, ചൊല്ലുകൾ ഓർമ വന്നുവെങ്കിലും, ഒന്നും മിണ്ടാതെ വായും പൊളിച്ച് , താടിക്കു കയ്യും കൊടുത്ത്, ഞാൻ കുറച്ചു നേരം അവിടെ നിന്നു പോയി... "എന്നാലും ഇതൊരൊന്നൊന്നര കളിപ്പീരായിപ്പോയല്ലോ എന്റെ അപ്പൂപ്പാ!"

 


ആഷ്മി

കവർ ചിത്രം: ബിനോയ് തോമസ് 

ബന്ധങ്ങൾ (നോവൽ - 35)

Dec. 7, 2020

അന്ന് ധാരാളം പണിക്കാരുള്ള വീടായിരുന്നു താഴത്ത് വടക്ക് തറവാട്. പുറമേ ഉള്ളവര്‍ അസൂയയോടെ മാത്രം നോക്കി നെടുവീര്‍പ്പ് ഇട്ടിരുന്ന കാലത്തായിരുന്നു ആ തറവാട്ടിലേക്ക് അന്നമ്മയെ ബേബിച്ചന്‍ കൂട്ടികൊണ്ട് വന്നത്.

 

സമ്പന്നതയുടെ നടുവില്‍ നില്‍ക്കുമ്പോഴും മറ്റാര്‍ക്ക് മുന്‍പിലും തലയെടുപ്പോടെ ആഡംബരം കാട്ടി  സ്വന്തം കുടുംബപേര് ഉയര്‍ത്തി പിടിക്കുവാനുള്ള വഗ്രതയൊന്നും ഈപ്പച്ചന് ഉണ്ടായിരുന്നില്ല. വളരെ പിശുക്കി പിശുക്കിയുള്ള  പണത്തിന്‍റെ വ്യവഹാരം  മൂലം കയ്യില്‍ കുറെയേറെ ശേഷിപ്പ് ഉണ്ടായിരുന്നതിനാല്‍  രാജാവിനെപ്പോലെ ഇളയ സന്തതിയായ ഉമ്മച്ചന്‍ പരിപാലിച്ചുകൊള്ളുമെന്നുള്ള മിഥ്യാധാരണ ഈപ്പച്ചനില്‍ പടര്‍ന്നു പന്തലിച്ചിരുന്നു.

 

ആ മിഥ്യാധാരണയില്‍ നിന്നും ഊരിത്തിരിഞ്ഞ ശാഖകളില്‍ പൊട്ടി മുളച്ച പ്രവത്തികളെയെല്ലാം പിന്നീട് ആ പിശുക്ക് വല്ലാതെ പിടി മുറുക്കുകയും ചെയ്തു.

 

പാടത്ത് കൊയ്ത്തുകാര്‍ കൊയ്ത്തില്‍ ഏര്‍പ്പെടുമ്പോള്‍ അവര്‍ക്ക് പതിവ് ചിട്ടകള്‍ വിട്ട് എന്തെങ്കിലും കൂടുതല്‍ കൂലി കൊടുത്താല്‍ അവര്‍ മറ്റെവിടെയെങ്കിലും നിന്നും ഭക്ഷണം കഴിച്ചുകൊള്ളും. ആ അല്‍പ ലാഭം പ്രതീക്ഷിച്ചാണ് വീട്ടില്‍ തന്നെ ഊണ് വെച്ച് വിളമ്പണമെന്ന നിര്‍ബന്ധം ഈപ്പച്ചന്‍ കാട്ടി കൊണ്ടിരുന്നത്.

 

 

അങ്ങനെയുള്ളോരു ദിവസമായിരുന്നു ബെന്നിയുടെ വലത് കൈ തിളച്ച സാമ്പാറില്‍  വീണത്. കൈ ആസലകം പൊള്ളിയെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് വീട്ടുക്കാര്‍  സമ്മതിക്കാതെ ഇരുന്നതും ആ പണത്തോടുള്ള ആര്‍ത്തികൊണ്ട് മാത്രം ആയിരുന്നു.

 

പിച്ച വെച്ചു നടക്കുന്ന പ്രായമായിരുന്നു ബെന്നിയുടേത്. ബേബിച്ചന്‍റെ കുഞ്ഞിനെ എടുക്കുന്നതിനോ, താലോലിക്കുന്നതിനോ മറിയാമ്മച്ചിയുടെ നിസ്സഹകരണം മറ്റൊരു വശത്ത് അവഗണണയുടെ പത്മവ്യൂഹം അവര്‍ക്ക് ചുറ്റും ചമയ്ക്കുകയും ചെയ്തിരുന്നു. ആ അവഗണയുടെ ഫലം പൊള്ളലിന്‍റെ രൂപത്തില്‍ ബെന്നിയെ പിടിമുറുക്കിയപ്പോള്‍ അന്നമ്മയുടെ മനസ്സ് തേങ്ങി തേങ്ങി നീറുകയായിരുന്നു.

 

നീ എന്താ സ്വപ്നം കാണുകയാണോ?. മറിയാമ്മച്ചിയുടെ ചോദ്യം അന്നമ്മയുടെ മനസ്സിനെ ഭൂതകാലത്ത് നിന്നും വര്‍ത്തമാന കാലത്തേക്ക് കൈ പിടിച്ച് നടത്തി.

 

സ്വപ്നം കാണുന്നതോക്ക നിന്‍റെ വീട് പണിത് കഴിഞ്ഞിട്ട് മാത്രം മതി കേട്ടോ. പുതിയൊരു അങ്കത്തിനുള്ള പുറപ്പാടുമായി നില്‍ക്കുന്ന മറിയാമ്മച്ചിയെ ദേഷ്യത്തോടെ നോക്കിയെങ്കിലും അന്നമ്മയൊന്നും തന്നെ പറഞ്ഞില്ല.  ആ നിശബ്ദതയുടെ താളം മറിയാമ്മച്ചി തന്നെ തെറ്റിച്ചിട്ട് പറഞ്ഞു.

 

" ഇവിടെ എല്ല് മുറിയെ പണി എടുത്താല്‍ നിനക്ക് പല്ല് മുറിയെ തിന്നാം". അമ്മച്ചിയുടെ ആ  ഓര്‍മ്മപ്പെടുത്തലില്‍  അന്നമ്മയുടെ മനസ്സിനെ  രസകരമായ മറ്റൊരു പഴംചൊല്ല് വരിഞ്ഞുകെട്ടിയപ്പോള്‍ അവര്‍ ഒന്ന് ചിരിച്ചു.

 

" നായുടെ വാല്‍ പന്തീരായിരം കൊല്ലം കുഴലില്‍ ഇട്ടാലും അതിനൊരു മാറ്റവും വരികയില്ലെന്ന്‍ ഓര്‍ത്തായിരുന്നു ആ ചിരി"

 

 

അതേ സമയം ചാവടിയില്‍ ഇരുന്ന് ഈപ്പച്ചന്‍  ഉമ്മച്ചന് ഫോണ്‍ ചെയ്തു. ഉണ്ടായ സംഭവങ്ങളും , മത്തച്ചനില്‍ നിന്നും ലഭിച്ച വിവരങ്ങളുമെല്ലാം ഇഷ്ടപുത്രന് വിളമ്പി നല്‍കുവാനായി സമയം വിനയോഗിച്ചു. സംഭാഷണത്തിനിടയില്‍ അമ്പിളിയേയും,  ടോമിനെയും , ജെറിയേയും എല്ലാം അന്യേക്ഷിക്കുവാന്‍ ഈപ്പച്ചന്‍ മറന്നില്ല. 

 

ഉമ്മച്ചന്‍ വല്ലാത്തൊരു മാനസികാവസ്ഥയ്ക്ക് ഉടമയായിരുന്നെങ്കിലും ആ ഭാവമൊന്നും അപ്പനോട് പ്രകടിപ്പിച്ചില്ല.  അയല്‍വാസിയായ ശേഷാദ്രിയുടെ മുന്നില്‍ നാണം കെട്ടതിന്‍റെ ക്ഷീണം മാറുന്നതിന്‍റെ മുന്‍പ് പ്രശ്നപരിഹാരം നടത്തേണ്ടിയ പല വിഷയങ്ങളും മനസ്സില്‍ ഉദയം നടത്തിയിരിക്കുന്നു.

 

 

കനകയുടെ മടങ്ങി പോക്കിനെ കുറിച്ച് ഓര്‍ത്തപ്പോള്‍ ഉമ്മച്ചന്‍റെ മനസ്സില്‍ ഒരു വേദന നിറഞ്ഞു. അമ്പിളി മടങ്ങി പോയി കഴിഞ്ഞാല്‍ പിള്ളാരുടെ കാര്യം നോക്കുവാന്‍ ആരെങ്കിലും വേണം. ആ സങ്കടം അപ്പനോട് പറയുവാന്‍ ഉമ്മച്ചന്‍റെ മനസ്സ് വഗ്രതപ്പെടുകയും അത് ഉടനെ പറയുകയും ചെയ്തു.

 

 

വിഷയം കേട്ടപ്പോള്‍ ഈപ്പച്ചന്‍റെ മനസ്സില്‍ തലേ ആഴ്ച പണിക്ക് വന്ന ചന്ദ്രന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മ്മവന്നു.

 

" പാവങ്ങളാ അപ്പച്ചാ..... എവിടെയെങ്കിലും പണി കിട്ടിയാല്‍ ആ കൊച്ചിന് ഒരു ഉപകാരം ആയിരിക്കും.... ആ കൊച്ചിന്‍റെ പേര് രമണിയെന്നാണ്, പത്ത് കഴിഞ്ഞു പഠിപ്പിക്കുവാന്‍ മാര്‍ഗ്ഗമില്ലാതെ വീട്ടില്‍ മൂന്നാല് കൊല്ലമായി നില്‍ക്കുന്നു"

 

ഒരു കുട്ടി ഉണ്ട് ... ഞാന്‍ ഒന്ന് തിരക്കി നോക്കട്ടെ. അവള്‍ക്ക് വലിയ പ്രായവുമില്ല.

 

 

അത് കേട്ടതും ഉമ്മച്ചന്‍റെ കണ്ണുകളില്‍ ഉറങ്ങികിടന്ന മന്ദതാ ഭാവം എങ്ങോ പോയി മറഞ്ഞു. മനസ്സില്‍ പ്രത്യാശയുടെ പ്രകാശം പടര്‍ന്നൊരു ആവേശമായി അപ്പനോടായി ഉറക്കെ പറഞ്ഞു.

 

അത് തന്നെ മതി അപ്പച്ചാ.... കനകയെ വീട്ടുവേലയ്ക്ക് തുടര്‍ന്ന് പിടിച്ചു നിര്‍ത്തുവാന്‍ പരിശ്രമിച്ചിട്ട് പരാജയപ്പെട്ടതിന്‍റെ ക്ഷീണം മാറിയത് പോലെയായിരുന്നു ഉമ്മച്ചന്‍റെ ആ സംസാരം.

 

 

അടുത്ത ആഴ്ച തന്നെ  ഞാന്‍ അങ്ങോട്ട്‌ വരാം .    ഉമ്മച്ചന്‍ തെല്ല് ആവേശത്തിലായിരുന്നു.

 

 

ഈപ്പച്ചന്‍ ഫോണ്‍ വെച്ചു കഴിഞ്ഞപ്പോള്‍ ഉമ്മച്ചന്‍ ഒരാഴ്ചയ്ക്കിടയില്‍ ചെയ്തു തീര്‍ക്കേണ്ടിയ കാര്യങ്ങളുടെ ഏകദേശ ധാരണ മനസ്സില്‍ ഉണ്ടാക്കി എടുത്തു. രണ്ട് വസ്തുക്കളും പേരില്‍ കൂട്ടി കഴിഞ്ഞു വേണം നാട്ടിലേക്ക് പോകുവാന്‍. അമ്പിളിയുടെ മടങ്ങി പോക്കിനുള്ള  ദിവസങ്ങള്‍ അടുത്തു വരുന്നു.

 

 

കാര്‍ പ്രശ്നം സങ്കീര്‍ണ്ണമായ തലങ്ങളിലേക്ക് കടന്നു പോയിരിക്കുന്നു. ഒക്കെ നേരെയാക്കണം. കണക്കുകൂട്ടലുകളുടെ ലോകത്ത് മനസ്സ് നൃത്തംചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.

 

പിറ്റേന്ന് വസ്തു പേരില്‍ കൂട്ടുവാന്‍ ഉള്ള യാത്രയില്‍ ഉമ്മച്ചനൊപ്പം അമ്പിളിയും, ടോമും, ജെറിയും ഉണ്ടായിരുന്നു. ലോണ്‍ പാസ്സായ തുകയും കൂടി എടുത്താണ് ഉമ്മച്ചന്‍ വസ്തു എഴുതിച്ചത്. ലോണ്‍ പാസ്സാക്കി ഇട്ടിരുന്നതിന്  മറ്റൊരു ഉദ്ദേശവും കൂടി ഉണ്ടായിരുന്നു.

 

അപ്പന്‍റെ കയ്യില്‍ നിന്നും സ്വരുകൂട്ടുന്ന പണം ഉപയോഗിച്ച് ആ കടം വീട്ടാം. ആരെങ്കിലും ചോദിച്ചാല്‍ ലോണ്‍ എടുത്താണ് വീട് പണിതതെന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്യാം.  ജെസ്സി ചെക്ക്‌ നല്‍കിയിരുന്നത് കൊണ്ട് അവരുടെയും വസ്തു പേരില്‍ കൂട്ടി. 

 

തിരകെയുള്ള യാത്രയില്‍ വഴിയില്‍ അങ്ങോളം ഇങ്ങോളം കണ്ട പല വീടുകളും അവര്‍ വീക്ഷിച്ചുകൊണ്ടിരുന്നു. ഒന്നിനും ചന്തം പോരാ. ഈ നാട്ടില്‍ ആരും കാണാത്ത രൂപകല്പനയില്‍ വേണം രണ്ടു വീടും തീര്‍ക്കുവാന്‍. രണ്ട് വീടുകളും ഒരുപോലെ ഇരിക്കുകയും വേണം. ആഗ്രഹം അമ്പിളിയോട് പറഞ്ഞപ്പോള്‍ നേരിയ പരിഭവം അവര്‍ പ്രകടിപ്പിക്കുവാന്‍ മടിച്ചില്ല.

 

 

"സ്നേഹം ഒക്കെ നല്ലത് തന്നെയാണ്.... ഒത്തിരി കെട്ടി പിടിക്കുവാന്‍ ഒന്നും പോകേണ്ട കേട്ടോ... ജെസ്സിയും , ഭര്‍ത്താവും പിള്ളാരും വന്നു താമസം തുടങ്ങുമ്പോള്‍ പിണങ്ങാതെ ഇരുന്നാല്‍ മതി. "

 

 

 

സഹോദരനും, സഹോദരിയും അയല്‍വക്കം പോലെ ജീവിച്ചു തുടങ്ങുമ്പോള്‍ ഈ സ്നേഹം കുറയാതെ സൂക്ഷിച്ചാല്‍ വളരെ നല്ലതാണ്. മുന്നറിയിപ്പ് പോലെയുള്ള ഭാര്യയുടെ സംസാരം ഉമ്മച്ചന് ഇഷ്ടപ്പെട്ടില്ലെങ്കിലും മറുപടിയൊന്നും പറയാതെ നിശബ്ദത ഭാവിച്ചു അങ്ങനെ തന്നെ ഇരുന്നു.

 

 

 

തുടരും

 

 

രഞ്ജിത്ത് മാത്യു


കവർ ചിത്രം: ബിനോയ് തോമസ് 

ഹിമാലയത്തിലെ ഒട്ടകം -9 (നോട്ടം)

Dec. 4, 2020

സ്ഥിരം കേൾക്കാറുള്ള കാര്യമാ അവൾ എന്തിനു അവിടെ പോയി അതും ആ സമയത്തു. അവൾ എന്തിനു അങ്ങനത്തെ ഡ്രസ്സ്‌ ധരിച്ചു അതും ആ സമയത്തു.ഇത്തവണത്തെ ഒട്ടകത്തിൽ 
......അവളെ എവിടെ എപ്പോ എന്ത് ധരിച്ചു എന്നതാണോ പ്രശ്നം? ......


"അന്നാ പെസഹ തിരുനാളിൽ ", മനോഹരമായ ശബ്ദവീചികളിൽ കൊയർ ഗായകർ പാടി തകർക്കുകയാണ്. സാധരണ കുർബാനയ്ക്ക് മുൻപ് നടക്കുന്ന പ്രാർത്ഥന ആയ റംശാ കൂടെ കൂടി, ഭക്തിപൂർവ്വം കുർബാനയ്ക്ക് നിൽക്കുന്ന, അന്നമ്മ ചേച്ചി ഇന്ന് പള്ളിയിൽ എത്താൻ വൈകി. 

 

മകൻ ഹോണ്ട സിറ്റിയിൽ ഇരുത്തി, പറപ്പിച്ചാണ് പള്ളിയിലേക്ക് കൊണ്ട് വന്നത്. കാർ സിമിത്തേരിയുടെ മുൻപിൽ പാർക്ക്‌ ചെയ്തു ഇട്ടിട്ടു,  അവർ ചാടി ഇറങ്ങി. തോമസ് ആൽവിൻ എന്ന തൊമ്മൻ,  ആദ്യമായാണ് നാട്ടിലെ പള്ളിയിൽ വരുന്നത്. അല്ല,  പണ്ട് മാമോദീസ മുങ്ങാൻ എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ അവൻ വന്നിട്ടുണ്ട്. അപ്പനും അമ്മയും തൂക്കി പെറുക്കി കൊണ്ടുവന്നു മാമോദീസ മുക്കി എന്നതിന് തെളിവായി ഒരു ആൽബം, വീടിന്റെ കിഴക്കേ മുറിയിലെ തടി അലമാരയ്ക്ക് മുകളിൽ ഉണ്ട്. 

 

പള്ളിയുടെ ആന വാതിലിന്റെ സൈഡിലൂടെ അന്നമ്മ ചേച്ചി അകത്തേക്ക് നോക്കി. നിര നിരയായി കിടന്നിരുന്ന ബെഞ്ചുകളിൽ,  ടെക്സ്റ്റ്‌ടൈൽ ഷോറൂംലെ പോലെ വർണശബളമായ പല ഇനം സാരികൾ ഉടുത്ത സ്ത്രീകൾ. തെക്കേലെ മറിയാമ്മ ചേച്ചിയെ കണ്ടില്ല, ഒന്നുടെ കണ്ണ് പരതി പള്ളി മുഴുവൻ നോക്കി. ഇല്ല എങ്ങും ഇല്ല. അപ്പോഴേക്കും തൊമ്മൻ പള്ളിക്ക് അകത്തു കയറി ഇരുന്നു. 

 

അന്നമ്മ ചേച്ചി നോക്കുമ്പോൾ അവൻ തന്റെ കാലുകളിൽ കിടന്ന റീബോക്ന്റെ ഷൂ അഴിച്ചു മാറ്റാതെ പള്ളിയിൽ നില്കുന്നു. ഇടിമിന്നൽ ഏറ്റ പോലെ ചേട്ടത്തി, കറങ്ങി അവനെയും കൊണ്ട് പുറത്തു വന്നു. എന്നിട്ടു അവനോടു പറഞ്ഞു "നീ നിൽക്കുന്ന സ്ഥലം പരിശുദ്ധമാകുന്നു, നിന്റെ ചെരുപ്പുകൾ അഴിച്ചു മാറ്റുക ". ഇതൊന്നും നീ കേട്ടിട്ടില്ലേ. അന്തം വിട്ടു നിന്ന തൊമ്മന് ഒന്നും മനസിലായില്ല എങ്കിലും അവൻ അമ്മച്ചി പറയുന്നത് അനുസരിച്ചു. 

 

ഭക്തി പരവേശആയി ബാക്കി കുർബാന കൂടുവാൻ ചേട്ടത്തിയും അവനും പള്ളിയിൽ കയറി. ബൈബിൾ വായന കഴിഞ്ഞു അച്ഛന്റെ പ്രസംഗം തകർക്കുകയാണ്. തൊമ്മൻ എല്ലാം ശ്രദ്ധിച്ചിരുന്നു കേൾക്കുന്നു. 

 

മൈക്ക്  ഒരു കൈകൊണ്ടു വായിൽ അടുപ്പിച്ചിട്ടു അച്ഛൻ ഘോരം ഘോരം വാദിച്ചു. "നിങ്ങളെ എനിക്ക് ഓർമ്മിപ്പിക്കാൻ ഉണ്ട്, കല്യാണങ്ങൾക്ക് ഗൗൺ ധരിക്കാൻ ഈ പള്ളിയിൽ അനുവാദം കൊടുക്കില്ല. കാണുന്നവർക്ക് ഉതപ്പ്  ഉണ്ടാകുന്ന രീതിയിൽ ആണ് പലപ്പോഴായി ആളുകൾ ഗൗൺ ധരിക്കുന്നത്. വസ്ത്ര ധാരണം ഒരാളുടെ വ്യക്തിപരമായ കാര്യം ആണ് പക്ഷെ ഒരു പൊതുസമൂഹത്തിൽ അത് എങ്ങനെ വേണം പ്രത്യേകിച്ച് പള്ളിയിൽ. അതിനു മര്യാദകൾ ഉണ്ട്. "

 

തൊമ്മൻ അന്ധം വിട്ടു കേട്ടു കൊണ്ടിരുന്നു. അന്നമ്മ ചേച്ചി അടുത്തിരുന്ന, സാറാമ്മയെ തൊണ്ടിയിട്ടു പറഞ്ഞു,  " കഴിഞ്ഞ ഞായറാഴ്ച നടന്ന പുത്തൻപുരക്കൽലെ കല്യാണം ഇല്ലേ. ആ പെണ്ണിന്റെ കോപ്രായം കണ്ടിട്ടാ അച്ഛൻ ഈ പറയുന്നേ.ഹോ !എല്ലാം കൂടെ ഒരു വള്ളിയിൽ കെട്ടി തൂക്കി വച്ചേക്കുന്നു. കാണുന്ന നമ്മൾക്കു ശ്വാസം മുട്ടും ". 

 

ഇതൊക്കെ കഴിഞ്ഞു അവസാന റൗണ്ട് ആശിർവാദം വാങ്ങിയിട്ട്. ഒരു പത്തു മിനിറ്റ് കൂടെ കർത്താവിനോടു സൊറ പറഞ്ഞിട്ടാണ് അവർ വീട്ടിലേക്ക് പോയത്. എല്ലാ ഞായറാഴ്ചയും ഉള്ള പതിവ് പോലെ അന്നും തീൻമേശയിൽ ചൂടുള്ള പാലപ്പവും ചിക്കൻ സ്റ്റുവും എത്തി. 

 

അന്നമ്മ ചേച്ചിയും, തൊമ്മനും അവന്റെ അപ്പനും അമ്മയും ഒക്കെ ഇരുന്നു അപ്പം തട്ടി കയറ്റുകയാണ്. ഇടയ്ക്ക് തൊമ്മൻ തീറ്റ നിർത്തി എന്നിട്ടു ചോദിച്ചു "വൈ ടൂ പീപ്പിൾ റിമൂവ് തൈർ ഷൂ ഇൻ ചർച്?".അന്നമ്മ ചേച്ചി കിട്ടിയ അവസരത്തിൽ ഒരു വലിയ ലക്ച്ചർ, പരിപാവനമായ ദേവാലയത്തെ പറ്റി. തൊമ്മൻ അപ്പോഴും അന്തിപ്പ് മാറാതെ ഇരുന്നു. 

 

"വൈ ടു തെ പ്രിസ്ററ് കമന്റ്‌ ഓൺ ബ്രൈഡ്സ്സ് ഡ്രസ്സ്‌? ".വീണ്ടും അന്നമ്മ ചേച്ചി റോക്ക്സ്. അടക്കവും ഒതുക്കവും ഇല്ലാത്ത തുണി ഒന്നും ഉടുത്തു പരിപാവനമായ ദേവാലയത്തിൽ നിൽക്കാൻ ഒക്കുകേല. തൊമ്മൻ ഒന്നുടെ വ്യക്തമാകാൻ അവന്റെ കൊരച്ചു കൊരച്ചു ഉള്ള മലയാളത്തിൽ ചോദിച്ചു,  "അപ്പോൾ കേരളയിൽ അച്ചന്മാർ പറയണ ഡ്രസ്സ്‌ ആണോ  കല്യാണ ഡ്രസ്സ്‌ ".

 

അന്നമ്മ പിന്നെയും കുറെ വിശദീകരിച്ചു. അപ്പോഴും തൊമ്മന് മനസിലാവാത്ത കാര്യങ്ങൾ ഒരുപാട് ഉണ്ട്. പരിപാവനമായ റോമിൽ ഉള്ള പള്ളികളിൽ പോലും ഷൂ ഇട്ടു ആളുകൾ കയറുന്നുണ്ട്. അതുപോലെ അവൻ കണ്ടിട്ടുള്ള എല്ലാ പള്ളികളിലും ഗൗൺ ഇട്ടാണ് കല്യാണങ്ങൾ. അമേരിക്കയിൽ അങ്ങനെ ആണല്ലോ. അവിടെ ഉള്ള  അച്ഛന് ബുദ്ധിമുട്ടുള്ളതായി തോന്നിയതും ഇല്ല. 
ഇവിടെ അത് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. അതെന്താണെന്നു അവനു ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല. 

 

അമ്മച്ചി പറഞ്ഞ പോലെ ആളുകൾ തുറിച്ചു നോക്കുന്നതാണ് പ്രശ്നം എങ്കിൽ,  അവരെ അല്ലേ പറഞ്ഞു  മനസിലാക്കേണ്ടത്. തുറിച്ചു നോട്ടം വൃത്തി കേട്ട പരിപാടി ആണെന്ന്. 

അവന്റെ മനസിലെ ചിന്തകൾ പട്ടം പോലെ പറന്നു. അവൻ ഒന്ന് നടക്കാൻ പുറത്തേക്ക് ഇറങ്ങി. 

 


ജിയ ജോർജ് 

 

കവർ ചിത്രം: ബിനോയ് തോമസ് 

ചെമ്പ്രയെഴുത്തച്ഛന്മാർ

Dec. 2, 2020

ചെമ്പ്രയെഴുത്തച്ഛന്റെ ഗൃഹം ബ്രിട്ടീ‌ഷ് മലബാറിൽ വള്ളുവനാടു താലൂക്കിൽ തിരുവേഗപ്ര അംശത്തിൽ ചെമ്പ്രദേശത്തു പള്ളിപ്പുറം തീവണ്ടിസ്റ്റേ‌ഷനിൽനിന്ന് ഒന്നര നാഴിക വടക്കാണ്.

ഇവർക്കു സാമൂതിരി കോവിലകത്തു പെൺവഴിത്തമ്പുരാക്കന്മാരിൽ മൂപ്പായ അമ്പാടി കോവിലകത്തു വലിയ തമ്പുരാട്ടിയാണ് "എഴുത്തച്ഛൻ" എന്നുള്ള സ്ഥാനം കൊടുത്തിട്ടുള്ളത്.

ഈ സ്ഥാനം തറവാട്ടിലേക്കായി കൊടുത്തിട്ടുള്ളതാകയാൽ ആ കുടുംബത്തിലുള്ളവരും ഉണ്ടായിരുന്നവരും ഇനി ഉണ്ടാകുന്നവരും എല്ലാം എഴുത്തച്ഛന്മാർ തന്നെ.

കുട്ടികളെ എഴുത്തിനിരുത്തുകയും എഴുത്തു പഠിപ്പിക്കുകയും ചെയ്യുന്നവരെ തെക്കൻ ദിക്കുകളിൽ ആശാന്മാരെന്നാണല്ലോ പറഞ്ഞുവരുന്നത്.

വടക്കൻ ദിക്കുകളിൽ എഴുത്തച്ഛന്മാരെന്നു പറയപ്പെടുന്നവരുടെ പ്രധാന തൊഴിലും കുട്ടികളെ എഴുത്തിനിരുത്തുകയും എഴുത്തു പഠിപ്പിക്കുകയുമാണ്.

അതിനാൽ എഴുത്തച്ഛൻ എന്നുള്ളത് ആശാൻ എന്നുള്ളതിന്റെ പര്യായപദമാണെന്നും ഇതൊരു ജാതിപ്പേരല്ലെന്നും ഈ രണ്ടു പദങ്ങൾക്കും ഗുരു എന്നു മാത്രമാണ് അർത്ഥമെന്നും മനസ്സിലാക്കേണ്ടതാണ്. തുഞ്ചത്തെഴുത്തച്ഛൻ ജാതിയിൽ ചക്കാലനായിരുന്നു എന്നാണല്ലോ പ്രസിദ്ധി.

അദ്ദേഹത്തെ തുഞ്ചത്തു ഗുരു എന്നും പറയാറുണ്ടല്ലോ. ആധാതാവ്, അന്നദാതാവ്, ഉപനേതാവ്, വിദ്യാദാതാവ്, ഭയത്രാതാവ് ഈ അഞ്ചുപേരും പിതാക്കന്മാരാണെന്നാണല്ലോ പ്രമാണം. അതിനാൽ എഴുത്തച്ഛൻ എന്നുള്ള വാക്ക് ഏറ്റവും ശരിയായിട്ടുള്ളതാണെന്നു തന്നെ പറയേണ്ടിയിരിക്കുന്നു.

ചെമ്പ്രയെഴുത്തച്ഛന്മാരും അവരുടെ പ്രധാന തൊഴിലാക്കി വച്ചിരിക്കുന്നതു സ്വദേശത്തുള്ള അബ്രാഹ്മണബാലന്മാരെ എഴുത്തിനിരുത്തുകയും എഴുത്തു പഠിപ്പിക്കുകയും തന്നെയാണ്. എങ്കിലും മന്ത്രവാദം നിമിത്തമാണ് അവർക്കു പ്രസിദ്ധി സിദ്ധിച്ചിട്ടുള്ളത്.

മന്ത്രവാദം ഈ കുടുംബക്കാർക്ക് മുൻപിനാലെ ഉള്ളതാണ്. എങ്കിലും "മാക്കു" എന്നു പേരായിരുന്ന എഴുത്തച്ഛന്റെ കാലം മുതൽക്കാണ് തന്നിമിത്തമുള്ള ഖ്യാതി ലോകത്തിൽ സർവത്ര വ്യാപിച്ചത്.

മാക്കു എഴുത്തച്ഛൻ മന്ത്രവാദം പഠിച്ചതു കാക്കശ്ശേരി ഭട്ടതിരിയുടെ അടുക്കൽനിന്നാണ്. ചെമ്പ്രയെഴുത്തച്ഛന്മാരുടെ കുടുംബപരദേവത വേട്ടയ്ക്കൊരു മകനാണെങ്കിലും മാക്കു എഴുത്തച്ഛൻ‍ ഗണപതിയെ സേവിച്ചു പ്രത്യക്ഷപ്പെടുത്തുകകൂടി ചെയ്തിരുന്നു.

അദ്ദേഹം ഗണപതിയെ സ്വഗൃഹത്തിനു സമീപം പ്രതിഷ്ഠിച്ച് പതിവായി പൂജയും കർക്കിടകമാസത്തിൽ പന്ത്രണ്ടു ദിവസവും മണ്ഡലകാലം മുഴുവനും (വൃശ്ചികം ഒന്നാം തീയതി മുതൽ‍ നാല്പത്തൊന്നു ദിവസം) മുടങ്ങാതെ ഗണപതി ഹോമവും നടത്തിയിരുന്നു. ആ ഗണപതിയെ ഇപ്പോഴും ആ ഗൃഹത്തിലുള്ളവർ സ്വയമേവ പതിവായി പൂജിക്കുന്നുണ്ട്.

മന്ത്രവാദം സംബന്ധിച്ചു മാക്കു എഴുത്തച്ഛൻ അനേകം അത്ഭുതകർമങ്ങൾ ചെയ്തിട്ടുണ്ട്. അവയിൽ ചിലതു മാത്രം പറഞ്ഞുകൊള്ളുന്നു.

പൊന്നാനിത്താലൂക്കിലുള്ള ചൊവ്വരത്തുമനയ്ക്കലെ ഒരന്തർജനം ആരുടെയോ ഉപദേശപ്രകാരം ഹനുമാനെ സേവിച്ചുതുടങ്ങി. സേവയിൽ എന്തോ തെറ്റു പറ്റുകയാൽ അന്തർജനത്തിനു ബുദ്ധിഭ്രമം പിടിപെട്ടു. അതു ക്രമേണ വർദ്ധിച്ചു മുഴുഭ്രാന്തായിത്തീർന്നു. അനേകം മന്ത്രവാദികളെ മനയ്ക്കൽ വരുത്തി പല വിധത്തിലുള്ള മന്ത്രവാദങ്ങൾ ചെയ്യിച്ചു. ഒന്നുകൊണ്ടും ഭ്രാന്തിനു യാതൊരു ഭേദവുമുണ്ടായില്ല.

 വലിയ മരത്തിന്മേലും പുരമുകളിലും മറ്റും കയറി, പാദങ്ങൾ എവിടെയെങ്കിലുമുറപ്പിച്ചിട്ടു തലകീഴായി തൂങ്ങിക്കിടക്കുക, കിണറ്റിൽ ചാടുക, മനു‌ഷ്യർക്കാർക്കും ഇളക്കാൻപോലും വയ്യാത്ത വലിയ കല്ലുകൾ നി‌ഷ്പ്രയാസം എടുത്തു കൊണ്ട് നടക്കുക മുതലായ അത്ഭുതകർമങ്ങളും, മന്ത്രവാദത്തിനായി ചെല്ലുന്നവരുടെ മുഖത്തു തുപ്പുക ചെകിട്ടത്തടിച്ച് അവരെ ഓടിക്കുക മുതലായ അക്രമങ്ങളുമാണ് ആ അന്തർജനം ഭ്രാന്തുനിമിത്തം ചെയ്തുകൊണ്ടിരുന്നത്.

ഒരു നിവൃത്തിയുമില്ലാതെയായിത്തീരുകയാൽ ഒടുക്കം മാക്കു എഴുത്തച്ഛനെ മനയ്ക്കൽ വരുത്തി വിവരംപറഞ്ഞു. എഴുത്തച്ഛൻ ഒന്നുഴിഞ്ഞു നീക്കുന്നതിനും ഒരു ബലികൊടയ്ക്കും വേണ്ട സാമാനങ്ങൾക്കു ചുരുക്കത്തിൽ ഒരു ചാർത്തെഴുതിക്കൊടുത്തു.

അതു കണ്ടിട്ട് മനയ്ക്കലെ കാര്യസ്ഥൻ, "ഇതിനെക്കാൾ കേമമായിട്ട് വട്ടങ്ങൾ കൂട്ടി വലിയ വലിയ മന്ത്രവാദങ്ങൾ പലരും നടത്തീട്ടു മാറാത്ത ഭ്രാന്ത് ഇത്രയും കൊണ്ടാണോ മാറുന്നത്? വിശേ‌ഷം തന്നെ" എന്ന് ആരും കേൾക്കാതെ ഹാസ്യമായി പറഞ്ഞു.

എങ്കിലും ഒരുക്കങ്ങൾ തയ്യാറാക്കിക്കൊടുത്തു. നേരം ഏഴരനാഴിക ഇരുട്ടായതിന്റെ ശേ‌ഷം എഴുത്തച്ഛൻ നാലുകെട്ടിൽ ഒരു സ്ഥലത്തിരുന്നു പൂജ തുടങ്ങി. ആ സമയം കാര്യസ്ഥൻ പടിപ്പുര മാളികച്ചുവട്ടിൽ ഒരു സ്ഥലത്തു കിടന്നുറങ്ങുകയായിരുന്നു.

അപ്പോൾ ആരോ അയാളുടെ തലയ്ക്കിട്ടടിക്കുന്നതായിത്തോന്നി. അയാൾ കണ്ണു തുറന്നു നോക്കീട്ട് ആരെയും കണ്ടുമില്ല. ഇങ്ങനെ പലപ്രാവശ്യമായപ്പോൾ കിടക്കാൻ നിവൃത്തിയില്ലാതെ കാര്യസ്ഥൻ എണീറ്റ് എഴുത്തച്ഛന്റെ അടുക്കൽ ചെന്നു വിവരം പറഞ്ഞു. അപ്പോൾ എഴുത്തച്ഛൻ "നിങ്ങൾ എന്റെ മന്ത്രവാദത്തെയോ എന്നെയോ പരിഹാസ്യമായി വല്ലതും വിചാരിക്കുകയോ പറയുകയോ ഉണ്ടായോ?" എന്നു ചോദിക്കുകയും കാര്യസ്ഥൻ പരമാർഥം സമ്മതിച്ചു പറയുകയും ക്ഷമായാചനം ചെയ്യുകയും ചെയ്തു. "ആട്ടെ, ഇനി അങ്ങനെയുള്ള വിഡ്ഢിത്തം വിചാരിക്കുകയും പറയുകയും ചെയ്യരുത്.

ആ സ്ഥലത്തുനിന്നു മാറി എവിടെയെങ്കിലും കിടന്നുകൊള്ളൂ. ഉപദ്രവമൊന്നും ഉണ്ടാവുകയില്ല" എന്ന് എഴുത്തച്ഛൻ പറയുകയും കാര്യസ്ഥൻ സ്ഥലം മാറി കിടക്കുകയും ചെയ്തു. പിന്നെ ഉപദ്രവമൊന്നുമുണ്ടായതുമില്ല. എഴുത്തച്ഛൻ പിന്നെയും പൂജ മുറയ്ക്കു നടത്തിക്കൊണ്ടിരുന്നു.

ആ സമയം ഒരു മുറിക്കകത്തിരുന്ന അന്തർജനം പെട്ടെന്ന് ചാടിയെണീറ്റു നാലുകെട്ടിലേക്കു ചെന്നു. ഇതു തന്നെ തല്ലാനുള്ള വരവാണെന്നറിഞ്ഞ് എഴുത്തച്ഛൻ വേഗത്തിലെണീറ്റു പുറത്തേക്കിറങ്ങി. പിന്നാലെ അന്തർജനവുമെത്തി.

എഴുത്തച്ഛൻ മുമ്പിലും അന്തർജനം പിറകിലുമായി പുരയ്ക്കു മൂന്നു പ്രദക്ഷിണം ഓടി. എഴുത്തച്ഛൻ ഗണപതിയുടെ മൂലമന്ത്രം ജപിച്ചു ഗണപതിയെ ധ്യാനിച്ചുകൊണ്ടാണ് ഓടിയത്. മൂന്നു പ്രദക്ഷിണം ഓടിയതിന്റെ ശേ‌ഷം എഴുത്തച്ഛൻ തിരിഞ്ഞുനിന്നു. അപ്പോൾ അന്തർജനവും നിന്നു. അന്തർജനം "അയ്യോ! എന്നെ ഈ ഒറ്റക്കൊമ്പനെക്കൊണ്ടു കുത്തിക്കല്ലേ; എന്നെ രക്ഷിക്കണേ; ഞാൻ ഈ ദിക്കു വിട്ടു പൊയ്ക്കൊള്ളാമേ" എന്നു നിലവിളിച്ചു പറഞ്ഞുകൊണ്ടാണ് നിന്നത്. "എന്നാൽ അകത്തേക്കു വരിക" എന്നു പറഞ്ഞ് എഴുത്തച്ഛൻ നാലുകെട്ടിലേക്ക് കടന്നു.

അന്തർജനവും പിന്നാലെ ചെന്നു. അവിടെ വെച്ച് അന്തർജനത്തെ ബാധിച്ചിരുന്ന ദേവത പൊന്നുംവിളക്കു പിടിച്ചു സത്യംചെയ്ത് ഒഴിഞ്ഞുപോയി. അതോടുകൂടി അന്തർജനത്തിന്റെ ഭ്രാന്തും ഭേദമായി. അന്തർജനത്തിന്റെ ഭർത്താവായ നമ്പൂതിരിപ്പാട് എഴുത്തച്ഛനു പലവിധ സമ്മാനങ്ങളും മറ്റും കൊടുത്തു സന്തോ‌ഷിപ്പിച്ചയയ്ക്കുകയും ചെയ്തു.

എഴുത്തച്ഛന്റെ ദേശത്തിനു സമീപം മരുതൂരംശത്തിൽ വലിയ ധനികനായ ചെള്ളാപ്പുള്ളി മേനോൻ എട്ടുകെട്ടും മാളികയുമായിട്ട് ഒരു പുര പണിയിച്ചു. പുരപണിക്കു കെട്ടിയ മാലിപ്പുരയുടെ നടുത്തൂണ് നടുമുറ്റത്താണ് കുഴിച്ചിട്ടിരുന്നത്. പുരപണി കഴിഞ്ഞതിന്റെ ശേ‌ഷം മാലിപ്പുര പൊളിച്ചു മാറ്റി. എങ്കിലും നടുത്തൂണ് അവിടെനിന്ന് എടുത്തുമാറ്റാൻ ഒരു മാർഗവും കാണായ്കയാൽ മേനോൻ ഏറ്റവും വി‌ഷണ്ണനായിത്തീർന്നു.

തൂണു വളരെ വണ്ണവും നീളവുമുള്ള ഒരൊറ്റത്തടിയായിരുന്നു. മേനോൻ പലരെയും വരുത്തിക്കാണിച്ചു. പുരയ്ക്കു കേടുപറ്റാതെ നടുമുറ്റത്തുനിന്ന് ഈ തൂണു മാറ്റുന്ന കാര്യം അസാദ്ധ്യം തന്നെയാണെന്ന് അതു വന്നു കണ്ടവരെല്ലാം പറഞ്ഞു. മേനോനു കുണ്ഠിതം ദുസ്സഹമായിത്തീർന്നു. ഒടുക്കം മേനോൻ മാക്കു എഴുത്തച്ഛനെക്കണ്ടു വിവരം പറഞ്ഞു.

"പന്ത്രണ്ടു പറ മലരും നൂറ്റെട്ടു കൊട്ടത്തേങ്ങയും മൂന്നു തുലാം ശർക്കരയും ആയിരത്തെട്ടു കദളിപ്പഴവും അവിടെ ശേഖരിച്ചു വയ്ക്കണം. ആ രാത്രി അവിടെനിന്ന് എല്ലാവരും എവിടെയെങ്കിലും മാറിത്താമസിക്കണം.

ഇത്രയുമൊക്കെ തയ്യാറുചെയ്തിട്ട് എന്നോടു വിവരം പറയുക. വല്ലതും നിവൃത്തിയുണ്ടോ എന്നു നോക്കാം" എന്ന് എഴുത്തച്ഛൻ പറയുകയാൽ മേനോൻ അപ്രകാരമെല്ലം തയ്യാറുചെയ്തുകൊണ്ട് വിവരം എഴുത്തച്ഛനെ അറിയിച്ചു. അന്നു പതിനെട്ടു നാഴിക ഇരുട്ടിയപ്പോൾ അവിടെനിന്നു മൂന്നു നാഴിക ദൂരെ ഭാരതപ്പുഴയിൽ എന്തോ വീണതു പോലെ ഒരു ശബ്ദം കേട്ടു. നേരം വെളുത്തപ്പോൾ ചെള്ളാപ്പുള്ളി മേനോന്റെ നടുമുറ്റത്തുനിന്നിരുന്ന തൂണ് അവിടെ കാണ്മാൻ ഇല്ലായിരുന്നു.

അതു ഭാരതപ്പുഴയിൽ കിടക്കുന്നതായി കാണുകയും ചെയ്തു. മേനോന്റെ പുരയ്ക്കു യാതൊരു കേടും പറ്റാതെ ആ തൂണെടുത്തുകൊണ്ടുപോയി ഭാരതപ്പുഴയിലിട്ടത് എഴുത്തച്ഛന്റെ സേവാമൂർത്തിയായ ഗണപതിയാണെന്നുള്ളത് വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.

എഴുത്തച്ഛന്റെ പറമ്പിൽ കറിസ്സാമാനങ്ങൾ ധാരാളമായി കൃ‌ഷി ചെയ്യിക്കുക പതിവായിരുന്നു. അവിടെ കള്ളന്മാർ കയറി ചിലപ്പോൾ ചില സാമാനങ്ങൾ മോഷ്ടിച്ചുകൊണ്ടുപോയിത്തുടങ്ങിയതിനാൽ വേലക്കാർ ഒരു ദിവസം ആ വിവരം മാക്കു എഴുത്തച്ഛനെ ഗ്രഹിപ്പിച്ചു. "ആട്ടെ, അതിനു സമാധാനം ഉണ്ടാക്കിക്കൊള്ളാം" എന്ന് എഴുത്തച്ഛൻ മറുപടി പറയുകയും ചെയ്തു.

അന്നു രാത്രിയിലും കള്ളന്മാർ അവിതെ കയറി ചില സാമാനങ്ങൾ മോഷ്ടിച്ചു. അവർ സാമാനങ്ങളെല്ലാം എഴുത്തച്ഛൻ കിടന്നിരുന്ന കട്ടിലിന്റെ അടുക്കൽ കൊണ്ടുചെന്നു വച്ചിട്ട് എഴുത്തച്ഛനെ കട്ടിലോടുകൂടി എടുത്തുകൊണ്ടു പുരയ്ക്കു പ്രദക്ഷിണം വച്ചുതുടങ്ങി. അങ്ങനെ നേരം വെളുത്തു. അപ്പോൾ എഴുത്തച്ഛൻ ഉണരുകയും കള്ളന്മാർ പരമാർത്ഥമെല്ലാം പറയുകയും എഴുത്തച്ഛനോടു മാപ്പു ചോദിക്കുകയും ഇനി ഒരിക്കലും തങ്ങൾ അവിടെക്കയറി യാതൊന്നും മോഷ്ടിക്കയില്ലെന്നു സത്യം ചെയ്യുകയും ചെയ്തു.

ഉടനെ എഴുത്തച്ഛൻ "അയൽവാസികളായ നിങ്ങൾ എന്തെങ്കിലും വേണമെങ്കിൽ ഇവിടെ വന്നു ചോദിച്ചാൽ തരുന്നതിനു എനിക്ക് യാതൊരു വിരോധവുമില്ലല്ലോ. പിന്നെ നിങ്ങൾ രാത്രിയിൽ ഇങ്ങനെ കഷ്ടപ്പെടുന്നതെന്തിനാണ്? ആട്ടെ, ഇനി ഇങ്ങനെ ചെയ്യരുതെന്നേയുള്ളൂ. ഇപ്പോൾ നിങ്ങൾ മോഷ്ടിച്ചതു നിങ്ങൾതന്നെ കൊണ്ടു പോയിക്കൊൾവിൻ" എന്നു പറഞ്ഞ് ആ സാമാനങ്ങൾ അവർക്കുതന്നെ കൊടുത്തയച്ചു. അതിൽപ്പിന്നെ അവിടെ കള്ളന്മാരുടെ ഉപദ്രവം ഒരിക്കലും ഉണ്ടായിട്ടില്ല.

പാടത്തവീട്ടിൽ കേളുമേനോൻ എന്നൊരു ധനികൻ മാക്കു എഴുത്തച്ഛന്റെ പ്രാണസ്നേഹിതനായിരുന്നു. അയാൾ മിക്കസമയവും എഴുത്തച്ഛന്റെ അടുക്കൽത്തന്നെയായിരിക്കും.

രാത്രിയിൽ കിടപ്പു അയാൾക്ക് എഴുത്തച്ഛന്റെ അടുക്കൽത്തന്നെയാണ് പതിവ്. അങ്ങനെയിരുന്ന കേളുമേനോനെ ഒടിവിദ്യ പ്രയോഗിച്ചു കൊല്ലുവാൻ അയാളുടെ ചില വിരോധികൾ ചില ഒടിയന്മാരെ ചട്ടംകെട്ടി ഏതാനും പണവും കൊടുത്ത് ഏർപ്പാടുചെയ്തു.

ഒരു കോലോ ഈർക്കിലിയോ എടുത്ത് ഒരു മനു‌ഷ്യന്റെ നേരെ കാണിച്ച് ഒരു മന്ത്രം ജപിച്ച് ഒടിച്ചാൽ ആ മനു‌ഷ്യനും ഒടിഞ്ഞ് നിലത്തു വീണു മരിക്കും. ഇങ്ങനെ ചെയ്യുന്നതിന് ഒടിവിദ്യ എന്നും ഈ വിദ്യ പ്രയോഗിക്കുന്നവരെ ഒടിയന്മാർ എന്നുമാണു പറയുക പതിവ്. മുൻകാലങ്ങളിൽ ബ്രിട്ടീ‌ഷ് മലബാറിൽ ഒടിയന്മാർ ധാരാളമുണ്ടായിരുന്നു.

ബ്രിട്ടീ‌ഷ് ഗവൺമെന്റ് ഒടിയന്മാരെപ്പിടിച്ചു ശിക്ഷിച്ചു തുടങ്ങിയതിനാൽ ഇപ്പോൾ അവിടെ ഒടിയന്മാർ വളരെ കുറഞ്ഞിട്ടുണ്ട്. ഒടിയന്മാർക്ക് ഒടിക്കുകയെന്നും മാട്ടുകയെന്നും രണ്ടുതരം വിദ്യകളുണ്ട്. ഒടിവിദ്യയെക്കുറിച്ചു മുൻപ് പറഞ്ഞുവല്ലോ. ഒടിയന്മാർ കാളയുടെയും കുതിരയുടെയും പട്ടിയുടെയും മറ്റും രൂപം ധരിച്ചും കടമ്പയായിട്ടും രാത്രി കാലങ്ങളിൽ വഴിയിൽപ്പോയി നിൽക്കും. വിരോധികൾ ആ വഴിയെ വന്നാൽ പലവിധത്തിലുള്ള ഉപദ്രവങ്ങൾ ഏൽപ്പിക്കും. ഇതിനാണ് മാട്ടുക എന്നു പറയുന്നത്. തെക്കൻ ദിക്കുകളിൽ ഈ വിദ്യകൾ നടപ്പില്ലാത്തതിനാലാണ് ഇതിനെക്കുറിച്ച് ഇത്രയും വിവരിച്ചത്.

തന്റെ വിരോധികൾ തന്നെ കൊല്ലാനായി ഒടിയന്മാരെ ചട്ടം കെട്ടീട്ടുണ്ടെന്നുള്ള സംഗതി കേളുമേനോൻ എങ്ങനെയോ മനസ്സിലാക്കി. എന്നുമാത്രമല്ല, അയാൾ ഒരു ദിവസം രാത്രിയിൽ അത്താഴം കഴിഞ്ഞു കിടക്കാനായിട്ട് എഴുത്തച്ഛന്റെ വീട്ടിലേക്കു പോയ സമയം വഴിയിൽവെച്ച് ഒരു വലിയ കാളയെ കാണുകയും അതു തന്നെ അകപ്പെടുത്താനായി ഒരൊടിയൻ വേ‌ഷംമാറി നിൽക്കുന്നതാണെന്നു മനസ്സിലാക്കുകയും ചെയ്തു.

അതിനാൽ അയാൾ ആ കാളയുടെ അടുക്കൽ പോകാതെ സഭയം വഴി മാറി ഓടി എഴുത്തച്ഛന്റെ വീട്ടിലേക്കു പോയി. അവിടെച്ചെന്ന് എഴുത്തച്ഛനെ കണ്ടപ്പോൾ "നിങ്ങൾ വലിയ മന്ത്രവാദിയും ഞാൻ നിങ്ങളുടെ ഇഷ്ടനുമായിരുന്നിട്ടും രാത്രികാലങ്ങളിൽ ഒടിയന്മാരെ ഭയപ്പെട്ടു നടക്കേണ്ടതായിവന്നിരിക്കുന്നുവല്ലോ" എന്നു മേനോനും "ഇനി അങ്ങനെ വേണ്ടിവരികയില്ല" എന്നു എഴുത്തച്ഛനും പറഞ്ഞു. എഴുത്തച്ഛൻ ഉടനെ എന്തോ ഒരു വിദ്യ പ്രയോഗിച്ചു.

കേളുമേനോനെ കൊല്ലാൻ സന്നദ്ധനായിരുന്ന ഒടിയന്മാർ നാലുപേരും തൽക്ഷണം എഴുത്തച്ഛന്റെ പടിക്കലെത്തുകയും അവർ നേരം വെളുക്കുന്നതുവരെ പരസ്പരം അടിച്ചുകൊണ്ടു നിൽക്കുകയും ചെയ്തു. അവരിൽ ഒരാൾ ഒരു പാണനും ശേ‌ഷം മൂന്നു പേർ അവന്റെ കൂട്ടുകാരായ പറയരുമായിരുന്നു.

നേരം വെളുത്തപ്പോഴേക്കും അടികൊണ്ടു നാലുപേരും ഏറ്റവും അവശരായിത്തീർന്നു. അപ്പോഴേക്കും എഴുത്തച്ഛൻ പടിക്കൽ ചെന്നു. അപ്പോഴും അവർ പരസ്പരം അടിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. എഴുത്തച്ഛൻ അവരോട് "എന്താ ഒട്ടു മതിയായോ?" എന്നു ചോദിച്ചു. അപ്പോൾ ഒടിയന്മാർ "പൊന്നു തിരുമേനി, രക്ഷിക്കണം. അടിയങ്ങൾ വല്ല തെറ്റും ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമിക്കണം" എന്നു പറഞ്ഞു.

ഉടനെ എഴുത്തച്ഛൻ "ഇനി നിങ്ങൾ ഈ ദേശത്ത് ഒരിക്കലും ഒടിവിദ്യ പ്രയോഗിക്കുകയില്ലെന്ന് സത്യം ചെയ്താൽ നിങ്ങളെ വിട്ടയയ്ക്കാം" എന്നു പറയുകയും ആ ഒടിയന്മാർ അപ്രകാരം സത്യം ചെയ്യുകയും എഴുത്തച്ഛൻ ഉടനെ അവരെ അവിടെനിന്നു പറഞ്ഞയയ്ക്കുകയും അപ്പോൾ അവർ അടി മതിയാക്കി യഥാപൂർവം പരസ്പരസ്നേഹാകുലന്മാരായി പോവുകയും ചെയ്തു.

മാക്കു എഴുത്തച്ഛൻ ഒരിക്കൽ മുതുതല പനമ്പറ്റക്കളത്തിൽ നായരുടെ വീട്ടിൽ ഒരു മന്ത്രവാദത്തിനായി പോയപ്പോൾ രാത്രിസമയത്ത് വഴിമധ്യേ മുമ്പു കണ്ടിട്ടില്ലാത്ത ഒരു കടമ്പ കണ്ടു. ആ സ്ഥലത്ത് അതിനുമുമ്പ് ഒരിക്കലും കടമ്പ കണ്ടിട്ടില്ലാത്തതിനാൽ എഴുത്തച്ഛന് സംശയം തോന്നി. അദ്ദേഹം അടുത്തുചെന്നു കയ്യിലുണ്ടായിരുന്ന പിശ്ശാങ്കത്തികൊണ്ടു കടമ്പയുടെ ഒരു പടി മുറിച്ചു.

അപ്പോൾ ആ കടമ്പ ഒരു മനു‌ഷ്യനായിത്തീർന്നു. അവൻ വാസ്തവത്തിൽ ഒടിയനായ ഒരു പറയനായിരുന്നു. അവൻ എഴുത്തച്ഛനെ കണ്ടയുടനെ താണുതൊഴുതു കൊണ്ട് "തമ്പുരാനേ, ക്ഷമിക്കണം. അവിടുന്ന് ഇതിലേ എഴുന്നള്ളുമെന്ന് അറിഞ്ഞിരുന്നില്ല. ഇതറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുകയില്ലായിരുന്നു. മറ്റൊരാളെ അപായപ്പെടുത്താനാണ് ഈ വിദ്യ ചെയ്തത്. തമ്പുരാനും ഈ ദിക്കിൽ സഞ്ചാരമുള്ളതുകൊണ്ട് അടിയങ്ങൾ ഇനി ഒരിക്കലും ഈ പ്രദേശത്ത് ഒടിവിദ്യ പ്രയോഗിക്കുകയില്ല" എന്നു പറഞ്ഞ് അപ്രകാരം സത്യം ചെയ്ത് അവിടെനിന്ന് പോയി.

എഴുത്തച്ഛന്റെ അമ്പലത്തിലെ ഗണപതിയുടെ വിഗ്രഹം 'അൻപൊന്നു' കൊണ്ടുള്ളതാണ്. ആ ബിംബവും മറ്റു സാധനങ്ങളുമെല്ലാം മോഷ്ടിച്ചുകൊണ്ടുപോകുന്നതിനായി ഒരു നവരാത്രികാലത്തു ചില കള്ളന്മാർ അവിടെ ചെന്നു കയറി. അവിടെ ഒരു ഭൃത്യൻ കാവൽ കിടക്കുന്നുണ്ടായിരുന്നു. അവൻ കൂർക്കം വലിക്കുന്നതു കേട്ടിട്ട് നല്ല ഉറക്കമാണെന്ന് അറിഞ്ഞാണ് അകത്തു കള്ളന്മാർ കടന്നത്. അകത്തു കയറിയ സമയം ആ ഭൃത്യന് തന്നെ ആരോ ചൂരൽ വടികൊണ്ട് അടിക്കുന്നതായി തോന്നുകയാൽ അവൻ പെട്ടെന്നെഴുന്നേറ്റു. അതുകണ്ട് കള്ളന്മാർ പേടിച്ച് ഓടിപ്പോവുകയും ചെയ്തു. അവർക്ക് ഒന്നും മോഷ്ടിച്ചുകൊണ്ടു പോകുവാൻ സാധിച്ചില്ല.

മാക്കു എഴുത്തച്ഛന്റെ സ്നേഹിതനായ കൊച്ചിയിൽക്കാരൻ എരോമമേനോൻ എന്നു പ്രസിദ്ധനായിട്ട് ഒരു വി‌ഷവൈദ്യനുണ്ടായിരുന്നു. ആ മനു‌ഷ്യന്റെ സ്ഥിരവാസം ചെമ്പ്രയ്ക്കു സമീപം ഒരു സ്ഥലത്തായിരുന്നു. ഒരു ദിവസം ഉച്ചതിരിഞ്ഞ സമയം ഈ വി‌ഷവൈദ്യനും വേറെ ചില രസികന്മാരുംകൂടി എഴുത്തച്ഛന്റെ മാളികയിൽ വെടിപറഞ്ഞു രസിച്ചുകൊണ്ടിരുന്നപ്പോൾ ചില സ്ത്രീകൾ അവിടെ അടുത്തുള്ള വഴിയിലൂടെ പോകുന്നതു കണ്ടു.

അന്നു തൃത്താല ക്ഷേത്രത്തിൽ ഉത്സവമായിരുന്നതിനാൽ ആ സ്ത്രീകൾ കാഴ്ചശ്ശീവേലി കാണാൻ പോവുകയായിരുന്നു. അവരെക്കണ്ടപ്പോൾ വി‌ഷവൈദ്യൻ മേനോൻ "വി‌ഷവൈദ്യന്മാർ മന്ത്രശക്തി കൊണ്ടു പാമ്പുകളെ വരുത്തി വി‌ഷമെടുപ്പിക്കാറുണ്ട്.

അതുപോലെ എഴുത്തച്ഛനു മന്ത്രശക്തികൊണ്ട് ആ സ്ത്രീകളെ എല്ലാം ഇവിടെ വരുത്താമോ?" എന്നു ചോദിച്ചു. അതിനു മറുപടിയായി എഴുത്തച്ഛൻ "എന്താഭാസത്തരമാണ് മേനോൻ പറയുന്നത്? ഒരു കാര്യവും കൂടാതെ അന്യസ്ത്രീകളെ ഇങ്ങോട്ടു വരുത്തുന്നത് മര്യാദയാണോ?" എന്നു ചോദിച്ചു. "അവരെ ഇവിടെ വരുത്തുകയെന്നുള്ളത് അസാധ്യമാകയാലല്ലേ ഈ തത്ത്വജ്ഞാനം പറയുന്നത്" എന്നു മേനോൻ വീണ്ടും ചോദിച്ചു.

എഴുത്തച്ഛൻ അവിടെയിരുന്നുകൊണ്ട് ആ സ്ത്രീകളുടെ നേരെ ഒന്നു നോക്കി. സ്ത്രീകളെല്ലാം വഴി തെറ്റി എഴുത്തച്ഛന്റെ പടിക്കലേക്കു നടന്നു തുടങ്ങി. അടുത്തു വന്നപ്പോൾ ആ സ്ത്രീകൾ മേനോന്റെ വീട്ടിലുള്ളവർ തന്നെയാണെന്നു മനസ്സിലാവുകയും അവരെ യഥായോഗ്യം സൽക്കരിച്ചയയ്ക്കുന്നതിന് എഴുത്തച്ഛൻ സ്വഗൃഹത്തിലുള്ള സ്ത്രീകളെ വിളിച്ചു പറയുകയും വന്ന സ്ത്രീകൾ യാത്രയായപ്പോൾ "ഘോ‌ഷങ്ങൾ കണ്ട് അമ്പലത്തിൽ അധികം താമസിക്കരുത്. നേരം ഇരുട്ടുന്നതിനുമുമ്പു വീട്ടിലേക്കു പോകണം" എന്നു പറഞ്ഞയയ്ക്കുകയും ചെയ്തു.

അവിടെ കൂടിയിരുന്നവരെല്ലാം മേനോനെ പരിഹസിക്കുകയാൽ മേനോൻ ഏറ്റവും ഇളിഭ്യനായിത്തീർന്നു.

തിരുവിതാംകൂർ മഹാരാജവംശത്തെ നശിപ്പിക്കുന്നതിനായി ഒരിക്കൽ ചില ശത്രുക്കൾ ആഭിചാരക്കാരെക്കൊണ്ടു ചില മാരണദേവതകളെ വിടുവിച്ചു.

ആ ബാധകളുടെ ഉപദ്രവം അവിടെ ദുസ്സഹമായിത്തീരുകയാൽ പലരെക്കൊണ്ടും പല മന്ത്രവാദങ്ങൾ ചെയ്യിച്ചിട്ട് ഒരു ഫലവുമുണ്ടായില്ല. ഒടുക്കം കല്പനപ്രകാരം മാക്കു എഴുത്തച്ഛനെ തിരുവനന്തപുരത്തു കൊണ്ടുപോയി. എഴുത്തച്ഛൻ ചുരുക്കത്തിൽ‍ മൂന്നു ദിവസത്തെ മന്ത്രവാദംകൊണ്ട് ആ ബാധകളെ ഒഴിച്ചു.

പിണിയാളിരുത്തിത്തുള്ളിച്ചു സത്യം ചെയ്യിച്ചാണ് എഴുത്തച്ഛൻ ആ ദേവതകളെ ഒഴിച്ചുവിട്ടത്. മഹാ രാജാവു തിരുമനസ്സുകൊണ്ടു വളരെ സന്തോ‌ഷിച്ച് എഴുത്തച്ഛന്റെ രണ്ടു കൈയ്ക്കും വീരശൃംഖലയും മറ്റും കൊടുത്തു സബഹുമാനം പറഞ്ഞയച്ചു. ഇങ്ങനെ മാക്കു എഴുത്തച്ഛന്റെ അത്ഭുതകർമ്മങ്ങൾ പറഞ്ഞുതുടങ്ങിയാൽ അവസാനമില്ലാതെയുണ്ട്. മുഴുവനും പറഞ്ഞുതീർക്കുന്ന കാര്യം അസാധ്യമാകയാൽ അതിനായിത്തുനിയുന്നില്ല.

മാക്കു എഴുത്തച്ഛന്റെ ശി‌ഷ്യനായി കുഞ്ഞുണ്ണി എഴുത്തച്ഛൻ എന്നൊരാളുണ്ടായിരുന്നു. അദ്ദേഹം വലിയ മന്ത്രവാദിയും അനേകം അത്ഭുതകർമങ്ങൾ ചെയ്തിട്ടുള്ള ആളുമായിരുന്നു. അദ്ദേഹത്തിന്റെ അത്ഭുതകർമങ്ങൾ കണ്ടറിഞ്ഞിട്ടുള്ളവർ ഇപ്പോൾ പലരുമുള്ളതിനാൽ അവയെപ്പറ്റി അധികം വിസ്തരിക്കുന്നില്ല.

കുഞ്ഞുണ്ണിയെഴുത്തച്ഛൻ ഒരിക്കൽ കിണറു കെട്ടിച്ചപ്പോൾ അതിനു പാലംവയ്ക്കുന്നതിനായി ഒരു കരിങ്കല്ല് എടുത്തുകൊണ്ടു വരുവാൻ സ്വന്തം ഭൃത്യന്മാരായ രണ്ടുപേരെയും അഞ്ചെട്ടു കൂലിക്കാരെയും പറഞ്ഞയച്ചു. കല്ലു രണ്ടു മൂന്നു പറമ്പിട അകലെയാണ് കിടന്നിരുന്നത്. അതിനു വളരെ നീളവും വീതിയും കനവുമുണ്ടായിരുന്നു. അയയ്ക്കപ്പെട്ടവർ ചെന്നു പിടിച്ചുനോക്കീട്ടു കല്ലൊന്നിളക്കാൻ പോലും സാധിച്ചില്ല. ആ വിവരം ഭൃത്യന്മാർ എഴുത്തച്ഛന്റെ അടുക്കൽ ചെന്നു പറഞ്ഞു. "എന്നാൽ ഞാൻ വരാം. നിങ്ങൾ രണ്ടുപേരും മാത്രം എന്റെ കൂടെ വന്നാൽ മതി" എന്നു പറഞ്ഞ് എഴുത്തച്ഛൻ ഒരു മുളവടിയുമെടുത്തുകൊണ്ട് ആ ഭൃത്യന്മാരോടുകൂടെ പോയി. കല്ലു കിടന്ന സ്ഥലത്തു ചെന്ന് എഴുത്തച്ഛൻ മുളവടി കൊണ്ടു കല്ലിന്മേലൊന്നു തൊട്ടു. "ഇനി കല്ലെടുത്തു നോക്കുവിൻ" എന്ന് ഭൃത്യന്മാരോട് പറഞ്ഞു. അവർ രണ്ടുപേരുംകൂടി ആ കല്ലു നി‌ഷ്പ്രയാസമെടുക്കുകയും എഴുത്തച്ഛൻ ആ മുളവടി കൊണ്ട് കല്ലിന്മേൽ തൊട്ടു കൊണ്ടിരിക്കുകയും അങ്ങനെ കല്ല് അനായാസേന എഴുത്തച്ഛൻ വീട്ടിൽ കൊണ്ടുവരികയും ചെയ്തു. ഈ എഴുത്തച്ഛനും ഗണപതിയെസ്സേവിച്ചു പ്രത്യക്ഷപ്പെടുത്തീട്ടുള്ള ആളായിരുന്നു.

കുഞ്ഞുണ്ണിയെഴുത്തച്ഛന്റെ മകനായി കൃ‌ഷ്ണനെഴുത്തച്ഛൻ എന്നൊരാളുണ്ടായിരുന്നു. അദ്ദേഹവും വലിയ മന്ത്രവാദിയായിരുന്നു.

എഴുത്തച്ഛന്റെ വീട്ടിനു സമീപം ഒരു മനയ്ക്കൽ ഒരു കുടിവയ്പടിയന്തിരത്തിനു ക്ഷണിച്ചിരുന്നതിനാൽ മഴയുണ്ടാവുകയില്ലെന്നു വിചാരിച്ച് സദ്യയ്ക്കില വയ്ക്കുന്നതിന് മുറ്റത്തു പന്തലാണിട്ടിരുന്നത്. സദ്യയ്ക്കില വെയ്ക്കാറായപ്പോൾ ഇടിയും മിന്നലും മഴക്കാറും കലശലാവുകയും ഉടനെ മഴ തുടങ്ങുന്നതിനുള്ള ലക്ഷണങ്ങളെല്ലാം കണ്ടു തുടങ്ങുകയും ചെയ്തു. അപ്പോൾ അവിടെ കൂടിയിരുന്നവരും ഇല്ലത്തുള്ളവരുമെല്ലാം ഏറ്റവും വി‌ഷണ്ണരായിത്തീർന്നു. ഗൃഹസ്ഥൻ നമ്പൂരി എഴുത്തച്ഛന്റെ അടുക്കൽച്ചെന്ന് "കാര്യം വലിയ വി‌ഷമത്തിലായല്ലോ. ഇതിന് എഴുത്തച്ഛൻ എന്തെങ്കിലും നിവൃത്തിയുണ്ടാക്കണം" എന്നു പറഞ്ഞു. ഉടനെ എഴുത്തച്ഛൻ സ്വഗൃഹത്തിൽപ്പോയി ഒരു ഗ്രന്ഥമെടുത്തു കൊണ്ടു വന്നഴിച്ചു രണ്ടായിപ്പകുത്തു പന്തലിന്റെ മുകളിൽവച്ചു. ആ ഇല്ലപ്പറമ്പിന്റെ അതിരുവരെ നാലു വശങ്ങളിലും അതികലശലായി മഴ പെയ്തു. അവിടെ മാത്രം പെയ്തില്ല. എല്ലാവരും വളരെ വിസ്മയിച്ചു. നമ്പൂരി എഴുത്തച്ഛനെ യഥേഷ്ടം ഊണുകഴിപ്പിച്ച് ചില സമ്മാനങ്ങളും കൊടുത്തു സന്തോ‌ഷിപ്പിച്ചയച്ചു.

വിദ്വാൻ മാനവിക്രമൻ ഏട്ടൻ തമ്പുരാൻ എന്നു പ്രസിദ്ധനായിരുന്ന തീപ്പെട്ടുപോയ സാമൂതിരിപ്പാടു തിരുമനസ്സിലേക്കുണ്ടായിരുന്ന കാസരോഗം ഇദ്ദേഹമാണ് ഭേദപ്പെടുത്തിയത്. ഇദ്ദേഹത്തിന് വൈദ്യവുമുണ്ടായിരുന്നു.


ഒരു സ്വജനഗൃഹത്തിൽ കല്യാണത്തിനു കിണ്ടി പോരാതെയിരുന്നതിനാൽ ആ വീട്ടുകാർ അഞ്ചെട്ടു കിണ്ടിക്കായി കൃ‌ഷ്ണനെഴുത്തച്ഛന്റെ അടുക്കൽ ആളയച്ചു. ആ ചെന്ന ആളോട് എഴുത്തച്ഛൻ "കിണ്ടി അവിടെയുള്ളതുകൊണ്ടു മതിയാകും; പോരെങ്കിൽ ഞാനവിടെ വരുമ്പോൾ ഉണ്ടാക്കിക്കൊള്ളാം" എന്നു പറഞ്ഞ് ആളെ മടക്കിയയച്ചു. എഴുത്തച്ഛൻ കല്യാണവീട്ടിൽ ചെന്നപ്പോൾ എങ്ങനെയോ എന്തോ അവിടെ വേണ്ടതിലധികം കിണ്ടി കാണപ്പെട്ടു.

ഈ എഴുത്തച്ഛൻ വലിയ കാള ഭ്രാന്തനായിരുന്നു. നല്ല കാള എവിടെയുണ്ടെന്നു കേട്ടാലും എന്തു വില കൊടുത്തും അദ്ദേഹം വാങ്ങും.

ഒരിക്കൽ അദ്ദേഹം വലിയ വില കൊടുത്തു രണ്ടുകാളകളെ വാങ്ങി. കണ്ടത്തിൽ പൂട്ടാനായി അവയെ കൊണ്ടുപോയി നുകം വച്ചു കെട്ടിയപ്പോൾ രണ്ടു കാളകളും കിടന്നു. പൂട്ടുകാർ പഠിച്ച വിദ്യകളൊക്കെ പ്രയോഗിച്ചുനോക്കീട്ടും കാളകളെ എണീപ്പിക്കാൻ കഴിഞ്ഞില്ല. "ഈ ശവങ്ങൾക്ക് ഇത്ര വളരെ വില കൊടുത്ത് ഇദ്ദേഹം വാങ്ങിയല്ലോ. ഇതു മഹാകഷ്ടമായിപ്പോയി" എന്നു പറഞ്ഞു കണ്ടുനിന്നവരെല്ലാം പരിഹസിച്ചു ചിരിച്ചു. അപ്പോൾ എഴുത്തച്ഛൻ ഒരു പുല്ലു പറിച്ചെടുത്തുകൊണ്ട് അങ്ങോട്ടു ചെന്ന് അതുകൊണ്ട് രണ്ടു കാളകൾക്കും ഓരോ അടിവച്ചു കൊടുത്തു. കാളകൾ എണീറ്റു നടന്നുതുടങ്ങുകയും ചെയ്തു. അതിൽപ്പിന്നെ ആ കാളകൾ പൂട്ടാൻ കൊണ്ടുചെന്നു കെട്ടിയാൽ ഒരിക്കലും കിടന്നിരുന്നില്ല.

ചെമ്പ്രദേശത്തുതന്നെയുള്ള ഒരു വാര്യരുടെ ബ്രഹ്മരക്ഷസ്സിനെ ഒഴിക്കാൻ വേണ്ടുന്ന ഉപകരണങ്ങൾക്ക് എഴുത്തച്ഛൻ ചാർത്തു കൊടുക്കുകയും വാര്യത്തുള്ളവർ സാമാനങ്ങളെല്ലാം ശേഖരിച്ചുവയ്ക്കുകയും ചെയ്തു. അതിന്റെ ശേ‌ഷം കൃ‌ഷ്ണനെഴുത്തച്ഛൻ അവിടെച്ചെന്നു ചില പൂജകളും ഹോമങ്ങളും മറ്റും ആരംഭിച്ചു. ഒരു ചക്രം വരച്ച് അതിൽ ഒരു തൂശനിലവച്ചിട്ടു രക്ഷസ്സു ബാധിച്ചിട്ടുള്ള വാര്യരെക്കൊണ്ടുവന്ന് ആ ഇലയിലിരുത്താൻ പറഞ്ഞു. അവിടെയുണ്ടായിരുന്നവരെല്ലാം ഇണങ്ങിയും പിണങ്ങിയും പല വിധത്തിൽ പറഞ്ഞുനോക്കിയിട്ടും വാര്യർ ആ ഇലയിൽ ചെന്നിരുന്നില്ല. ബലാൽ പിടിച്ചുകൊണ്ടുപോകാനായി ശ്രമിച്ചപ്പോൾ വാര്യർ ശവംപോലെ നിശ്ചേഷ്ടനായിക്കിടന്നുകളഞ്ഞു. ഒരു നിവൃത്തിയുമില്ലെന്നായപ്പോൾ പൂജ കഴിച്ചുകൊണ്ടിരുന്ന എഴുത്തച്ഛന്റെ അടുക്കൽ ചെന്നു വിവരം പറഞ്ഞു. എഴുത്തച്ഛൻ ഉടനെ ഒരു പിടി അരിയും പൂവും വാരിയെടുത്തു ജപിച്ചു കൊടുത്ത് അത് ആ വാര്യരുടെ ശിരസ്സിൽ കൊണ്ടുചെന്നിടാൻ പറഞ്ഞു. അരിയും പൂവും ശിരസ്സിലിട്ട ക്ഷണത്തിൽ വാര്യരെണീറ്റ് ആ തൂശനിലയിൽ ചെന്നിരുന്നു. എഴുത്തച്ഛൻ ഭസ്മം ജപിച്ചിട്ട് തുള്ളിക്കയും രക്ഷസ്സു സത്യം ചെയ്ത് ഒഴിഞ്ഞുപോവുകയും ചെയ്തു.

ഈ കൃ‌ഷ്ണനെഴുത്തച്ഛൻ മരിച്ചിട്ട് ഇപ്പോൾ 9 കൊല്ലമേ ആയിട്ടുള്ളൂ. ഇദ്ദേഹത്തിന്റെ മകനാണ് ഇപ്പോൾ ഈ തറവാട്ടിൽ കാരണവരായിരിക്കുന്ന കുഞ്ചുവെഴുത്തച്ഛൻ. അദ്ദേഹവും നല്ല മന്ത്രവാദിയാണ്.

ചെമ്പ്രയെഴുത്തച്ഛന്മാർ മന്ത്രവാദം ചെയ്യണമെങ്കിൽ ആദ്യം തന്നെ അവരുടെ പരദേവതകൾക്ക് വഴിപാടിനായി ആറണ അവിടെക്കൊടുക്കണം. ഇതു മുൻപിനാലെ ഉള്ള പതിവാണ്. പിന്നെ വലതും കൊടുത്താലും ഒന്നും കൊടുത്തില്ലെങ്കിലും യാതൊരു വിരോധവുമില്ല.

മാക്കുവെഴുത്തച്ഛന്റെ കാലത്ത് അദ്ദേഹത്തിന്റെ പടിപ്പുരമാളികയിൽ ദിവസംപ്രതി അനേകം യോഗ്യന്മാർ വന്നുകൂടുകയും മൃദംഗംവായന, വീണവായന, പാട്ട് മുതലായവയും ചതുരംഗക്കളി, ചെപ്പടി വിദ്യ മുതലായവയും പതിവായിരുന്നു. ഇതു കൂടാതെ എഴുത്തച്ഛൻ‍ ശ്രീകൃ‌ഷ്ണന്റെ ഒരു ചിത്രം വെച്ച് അതിന്റെ മുമ്പിലിരുന്ന് പതിവായി ഭാഗവതം വായിക്കുകയും ചെയ്തിരുന്നു. ആ ചിത്രം ഇപ്പോഴും അവിടെ ഇരിക്കുന്നുണ്ട്. ഭാഗവതപാരായണം ഇപ്പോഴും അവിടെ പതിവായി നടത്തിവരുന്നുണ്ട്. കാലക്രമംകൊണ്ട് ആ ചിത്രത്തിന് ഭഗവൽസാന്നിദ്ധ്യമുണ്ടായിത്തീരുകയാൽ ആ മാളികയിൽ രാത്രികാലങ്ങളിൽ ചില ദിവ്യന്മാർ വന്നു പോകുന്നുണ്ടെന്നാണ് വിശ്വാസം.

അതിനാൽ ആ പടിപ്പുര മാളികയിൽ രാത്രിയിൽ മനു‌ഷ്യരാരും കിടക്കാറില്ല. അവിടെ കിടന്നുറങ്ങുന്നവരെ ആരോ ഉരുട്ടിത്താഴെയിടുമെന്നുള്ളത് തീർച്ചയാണ്. രാത്രിയിൽ ചിലപ്പോൾ ആ മാളികയിൽ പാട്ടും വീണവായനയും മറ്റും കേൾക്കാറുണ്ടായിരുന്നുവെന്നല്ല, ഇപ്പോഴും കേൾക്കാം. അതു ഞായർ, ചൊവ്വ, വെള്ളി ഈ ആഴ്ചകളിലാണ്.

 

രഞ്ജിത്ത് മാത്യു

 

അടുത്ത ലക്കം : കിളിരൂർകുന്നിന്മേൽ ഭഗവതി

കവർ ചിത്രം: ബിനോയ് തോമസ് 

ബന്ധങ്ങൾ (നോവൽ - 34)

Dec. 2, 2020

മത്തച്ചന്‍റെ മടങ്ങി വരവ് അത്ര പന്തിയോടെ അല്ലെന്ന്‍ തോന്നിയ ഈപ്പച്ചന്‍ കാര്യങ്ങള്‍ ഗൌരവമായി തന്നെ അന്യേക്ഷിച്ചു. ചിന്നമ്മയുടെ വീട്ടില്‍ നടന്ന സംഭവങ്ങള്‍ ഒന്നും തന്നെ അറിയാമായിരുന്നില്ലെങ്കിലും, അറിയാവുന്ന സംഭവങ്ങള്‍ ഏച്ചുകെട്ടി വലിയൊരു കഥയായി കൊരുത്ത് വിളമ്പുവാന്‍ മത്തച്ചന് പ്രത്യേകമായൊരു കഴിവ് തന്നെ ഉണ്ടായിരുന്നു.

 

അപ്പോള്‍ നീ വണ്ടി കൊണ്ടുവന്നില്ലേ?. സംശയം അകറ്റുവാനായി ഈപ്പച്ചന്‍ ഒന്ന് കൂടി കൈപ്പടയ്ക്ക് താഴെയുള്ള വഴിയിലേക്ക് നോക്കിയിട്ട് ചോദിച്ചു.

 

എന്തിനാ അപ്പച്ചാ ഞാന്‍ കള്ളം പറയുന്നത്?. നിസംഗഭാവം വദനത്തില്‍ വരുത്തിയിട്ട്  മത്തച്ചനൊരു കോട്ട്‌വായിട്ടിട്ട് മെല്ലെ എഴുനേറ്റു. വണ്ടി ഇനി അവിടെ നിന്നും എടുക്കുവാന്‍ പോകുന്ന തീയതി പറഞ്ഞാല്‍ അപ്പോള്‍ ഞാനും കൂടി വരാം.

 

 

കലികാലം അല്ലാതെ എന്ത് പറയുവാനാ..

 

അത്രയും പറഞ്ഞിട്ട് യാത്ര പറഞ്ഞെങ്കിലും മത്തച്ചന്‍ പിന്നെയും കുറെയേറെനേരം കൂടി താഴത്ത് വടക്ക് തറവാട്ടില്‍ തന്നെ  ചിലവഴിച്ചു. മത്തച്ചന്‍റെ സാന്നിധ്യം ഈപ്പച്ചന് തെല്ലൊരു ആശ്വാസം പകര്‍ന്നു നല്‍കി.  ആ സൌഹൃദം പുതിയൊരു വിഷയത്തിന് തിരി കൊളുത്തുവാനുള്ള അവസരമായി മത്തച്ചന്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു.

 

 

കാര്‍ഷിക വിഭവങ്ങള്‍ക്കെല്ലാം വന്നു ഭവിച്ചിരിക്കുന്ന വില തകര്‍ച്ചയെ പറ്റിയായിരുന്നു ആ ചര്‍ച്ചയത്രയും. ഈപ്പച്ചന്‍ ഭരണകര്‍ത്താക്കളുടെ പിടിപ്പുകേടിനെ പറ്റി ചെറിയൊരു വിശദീകരണം നടത്തുവാനും മടിച്ചില്ല.

 

കേട്ടുകൊണ്ടിരുന്ന മത്തച്ചന് ഉള്ളിന്‍റെ ഉള്ളില്‍ ചെറിയൊരു ചിരി പൊടിയാതിരുനില്ല. . അതിനൊരു പ്രത്യേക കാരണവും ഉണ്ടായിരുന്നു.

 

 

"പത്ത് സെന്‍ട് സ്ഥലം മാത്രം ഉള്ള പാവങ്ങള്‍ക്ക് കാര്‍ഷിക വിഭവങ്ങള്‍ക്ക് വില കിട്ടിയാലും ഇല്ലെങ്കിലും ഫലം ഒന്ന് തന്നെയാണല്ലോയെന്ന്‍ ഓര്‍ത്തായിരുന്നു ആ ചരി. സംസാരത്തിനിടയില്‍ ഈപ്പച്ചനെ അളന്നു മുറിച്ചു കീറി ,  സ്വഭാവത്തെ പറ്റി ഏകദേശ ധാരണ മനസ്സിലാക്കുവാനും മത്തച്ചന്‍ ശ്രമിച്ചു. 

 

 

 

അപ്പോഴാണ് വീടിന്‍റെ കല്ലിടീലിന്‍റെ കാര്യം അപ്പനെ ബേബിച്ചന്‍ അവിടേക്ക് കടന്നു വന്നത്. ബേബിച്ചന്‍റെ സാമീപ്യം മനസ്സിലാക്കിയ മത്തച്ചന്‍ ഉടനെ തന്നെ എന്തോ അത്യാവശ്യ കാര്യം പറഞ്ഞു അവിടെ നിന്നും ഇറങ്ങി പള്ളികവലയിലെ അയാളുടെ വീട്ടിലേക്ക് നടന്നു.

 

 

ബേബിച്ചന്‍ വീടിന് കല്ലിട്ട് കൊടുക്കാമെന്ന്‍ ഈപ്പച്ചന്‍ സമ്മതിച്ചിട്ട്‌ തിരിഞ്ഞു നോക്കിയത് മറിയാമ്മച്ചിയുടെ മുഖത്തേക്കായിരുന്നു. ഭര്‍ത്താവിനു വന്നു ഭാവിച്ച മാറ്റത്തിന്‍റെ കാരണം തേടുന്ന മനസ്സുമായി നിന്നിരുന്ന മറിയാമ്മച്ചി മറ്റേതോ ലോകത്ത് എത്തപ്പെട്ട പ്രതീതിയില്‍ ആയിരുന്നപ്പോള്‍.

 

ബേബിച്ചന് സന്തോഷം തോന്നാതിരുന്നില്ല.

 

 

തടസ്സങ്ങളുടെ വലിയൊരു മഞ്ഞുകട്ട ഉരുകി തുടങ്ങിയിരിക്കുന്നുവോ?. മനസ്സിലെ  സംശയങ്ങള്‍ ചിലന്തിവലയ്ക്കുള്ളില്‍  പെട്ട പ്രാണിയെപ്പോലെ കിടന്നു പിടഞ്ഞുകൊണ്ടിരുന്നു.  മനസ്സിന്‍റെ  പിടപ്പ് മാറ്റുവാനായി ബേബിച്ചന്‍ തൊടിയിലേക്ക്‌ ഇറങ്ങി നടന്നു.

 

 

നിങ്ങള്‍ക്ക് ഇത്രയും വേഗം മാറ്റം ഉണ്ടാകുമെന്ന് ഞാന്‍ കരുതിയില്ല. മറിയാമ്മച്ചി ഭര്‍ത്താവിനെ തെല്ല് പരിഹാസത്തോടെ നോക്കി ചിരിച്ചിട്ട് പറഞ്ഞു.

 

മാറ്റമോ, എനിക്കോ?.  ഈപ്പച്ചന്‍ ഭാര്യയെ നോക്കി മൊഴിഞ്ഞു.

 

"നീ അപ്പോള്‍ നടന്ന കഥകള്‍ ഒന്നും അറിഞ്ഞില്ലേ. ഇല്ലെന്നുള്ള മറിയാമ്മച്ചിയുടെ ഉത്തരം കേട്ടതും ഈപ്പച്ചന്‍ ഒന്ന്‍ പൊട്ടിച്ചിരിച്ചു.

 

 

നമ്മള്‍ വാങ്ങിയ കാര്‍ ചിന്നമ്മയുടെ വീട്ടില്‍ കൊണ്ടുപോയി ഇട്ടിരിക്കുകയാ.  ഇനി കാര്‍ അവിടെ നിന്നും തിരകെ എടുക്കണമെങ്കില്‍ ഞാനും ഉമ്മച്ചനും കൂടി അവരുടെ കാല്  പിടിക്കണമെന്നാണ് തോന്നുന്നത്. അതില്‍ നിന്നും എങ്ങനെയെങ്കിലും തല ഊരണമെങ്കില്‍  ബേബിച്ചന്‍റെ സഹായം കൂടിയേ തീരുകയുള്ളു.

 

നിങ്ങള്‍ക്ക് ഈ വിവരം ഉമ്മച്ചനെ ഒന്ന് വിളിച്ചു പറഞ്ഞു കൂടയോ?. അവന്‍ ഉടനെ തന്നെ ഇവിടെ വന്ന്‍ എന്തെങ്കിലുമൊരു പരിഹാരം ഉണ്ടാക്കാതിരിക്കില്ല.

 

ഓലക്കയുടെ മൂട്.... കാര്യങ്ങള്‍ പറഞ്ഞാല്‍ നിനക്ക് മനസ്സിലാകില്ല. ദേഷ്യം മൂക്കിന്‍ തുമ്പില്‍ വന്നു നില്‍ക്കുന്നത് പോലെ ഈപ്പച്ചന്‍ ഒച്ചയെടുത്തു. അവിടെ നില്‍ക്കുന്നത് പന്തിയല്ലെന്ന്‍ കണ്ട മറിയാമ്മച്ചി അടുക്കളയിലേക്ക് ഉള്‍വലിഞ്ഞു.

 

അടുക്കള ജോലി കഴിഞ്ഞ്  ക്ഷീണം തീര്‍ക്കുവാനായി ബെഞ്ചില്‍ ഇരിക്കുകയായിരുന്ന അന്നമ്മ അമ്മച്ചിയുടെ ഈ പരവേശവും, വെപ്രാളവും കണ്ടുവെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ എന്തോ ആലോചിച്ചു ഇരിക്കുകയായിരുന്നു.

 

എന്നതാടീ വലിയൊരു ആലോചന.... മറിയാമ്മച്ചിയുടെ നീട്ടി പിടിച്ച സംസാരം കേട്ടപ്പോള്‍ അന്നമ്മയ്ക്ക് ദേഷ്യം വന്നുവെങ്കിലും സ്വയം നിയന്ത്രിച്ചു. മൌനം വിദ്വാന് ഭൂഷണം എന്ന അര്‍ത്ഥത്തില്‍ ഇരിക്കുന്ന അന്നമ്മയുടെ അരികിലേക്ക് ചെന്ന് പിന്നെയും രണ്ട് ചാട്ടം ചാടി.

 

എന്‍റെ പൊന്നമ്മച്ചീ ... ഞാന്‍ ഇത്തിരി നേരം സ്വസ്ഥമായി ഒന്നിരുന്നോട്ട്. അന്നമ്മ അപേക്ഷയുടെ സ്വരത്തില്‍ അമ്മച്ചിയെ നോക്കി ചുണ്ടുകള്‍ അനക്കി.

 

എന്തിയേ നിന്‍റെ മൂത്ത സന്തതി ബെന്നി... അവനെ എന്‍റെ കയ്യില്‍ കിട്ടിയാല്‍ തുടി അടിച്ചു പൊട്ടിക്കുമെന്ന് പറഞ്ഞേക്ക്. അമ്മച്ചിയുടെ ആ സംസാരം കേട്ട അന്നമ്മയ്ക്ക് ദേഷ്യം തോന്നി.  ഓര്‍മ്മകള്‍ക്ക് വസന്തം തീര്‍ത്തുകൊണ്ട് അന്നമ്മയപ്പോള്‍ ബെന്നിയുടെ ബാല്യകാലത്തിലേക്ക് മനസ്സിനെ പറിച്ചു നട്ടു.  

 

 

ഓര്‍ക്കുവാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത ആ സംഭവം നടന്നപ്പോള്‍ ഈ വീട്ടിലുള്ളവരുടെ പ്രതികരണം വളരെ വേദനിപ്പിക്കുന്നതായിരുന്നുവല്ലോ?. ഇന്നും അതൊക്കെ തന്നെ സ്ഥിതി... ചിത്തത്തിന്‍റെ ആ ഒഴുകിപോക്കിന് വര്‍ഷങ്ങള്‍ക്ക് പുറകിലേക്ക് കൂട്ടികൊണ്ട് പോകുവാനുള്ള ശക്തി ഉണ്ടായിരുന്നു.

 

 

തുടരും

 

 

 

രഞ്ജിത്ത് മാത്യു

കവർ ചിത്രം: ബിനോയ് തോമസ്