ബന്ധങ്ങൾ (നോവൽ - 39)

Jan. 20, 2021

പ്രഭാതത്തിലെ ആ തണുത്തുറഞ്ഞ അന്തരീക്ഷത്തില്‍ പോലും ഉമ്മച്ചന്‍റെ മനസ്സിനെ  അസ്വസ്ഥയുടെ കരിമ്പടകെട്ടുകള്‍ പൊതിഞ്ഞിരുന്നു. ആ അസ്വസ്ഥയുടെ കരിമ്പടകെട്ടുകളില്‍ നിന്നുമൊരു മോചനം പ്രതീക്ഷിച്ചായിരുന്നു ഉമ്മച്ചന്‍ വണ്ടിയില്‍ ഇരിക്കുന്ന യാത്രക്കാരെയെല്ലാം വെറുതെയൊന്നു വീക്ഷിച്ചത്. നിത്യവൃത്തിക്കായി കാര്‍ഷിക ഉത്പന്നങ്ങളുമായി ചന്തയിലേക്ക് പോകുന്നവരുടെ തിരക്ക് വണ്ടിയില്‍ വളരെ കുറവായിരുന്നു. കാലം മാറുന്നത് അനുസരിച്ചു കോലവും മാറുന്ന നാടിന്‍റെ മുഖചിത്രം ഉമ്മച്ചന്‍റെ മനസ്സില്‍ ചിന്തകളുടെ വേലിയേറ്റം തന്നെ രൂപപ്പെടുത്തി.

 

 

കാളവണ്ടിയിലും മറ്റും സാധങ്ങളുമായി  ചന്തയിലേക്ക് പോയിരുന്ന കര്‍ഷകരുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ഗ്രാമത്തിന്‍റെ മുഖച്ചായ തന്നെ മാറിപ്പോയിരിക്കുന്നു. ഉയര്‍ന്നു പൊങ്ങുന്ന സൌധങ്ങള്‍ പ്രൌഡിയുടെ മഹിമകള്‍ വിളിച്ചോതുന്നു. ചിന്തകള്‍ കാടുകയറി തുടങ്ങിയപ്പോഴാണ് വണ്ടിയുടെ മുന്‍വശത്ത് ഇടതുവശം ചേര്‍ന്ന് സീറ്റില്‍ ഇരിക്കുന്ന കത്രീനയുടെ മുഖം ഉമ്മച്ചന്‍റെ ശ്രദ്ധയില്‍ പതിഞ്ഞത്.

 

അവരുമായി ബന്ധുത്വമുണ്ടെങ്കിലും, നല്ല യാത്രകളില്‍ ഒരിക്കല്‍ പോലും ഉമ്മച്ചന്‍ കാണുവാന്‍ ആഗ്രഹിക്കാത്ത മുഖമായിരുന്നു കത്രീനയുടേത്. അവരുടെ കണ്ണുകളില്‍ ആരുടെയെങ്കിലും നിഴല്‍ പതിച്ചാല്‍ പോലും ഇറങ്ങിതിരിക്കുന്ന കാര്യങ്ങള്‍ക്ക് വിഘ്നം നേരിടുമെന്നുള്ള ചിന്ത ഉമ്മച്ചന്‍റെ മനസ്സിനെ ഉമ്മിതീയില്‍ നീറ്റുന്നത്പോലെ നീറ്റുക തന്നെ ചെയ്തു.

 

 

ചിന്നമ്മയുടെ വീട്ടില്‍ നിന്നും കാര്‍ തിരകെ കൊണ്ടുവരുന്നത് വരെ തട്ടുകേടൊന്നും വരുത്താതെ കാത്തു കൊള്ളണമേയെന്ന്‍ ഗീവറുഗീസ് പുണ്യവാളനോട്‌ പ്രാര്‍ഥിക്കുകയും, ചെറിയൊരു നേര്‍ച്ച കൈകൂലിപോലെ നേരുകയും ചെയ്യുവാനും ഉമ്മച്ചന്‍ മടിച്ചില്ല. ഉമ്മച്ചന്‍റെ വെപ്രാളവും പരവേശവും കണ്ടപ്പോള്‍ ഈപ്പച്ചന് ദേഷ്യം തോന്നി തുടങ്ങിയിരുന്നു.  

 

 

എന്താടാ പ്രശ്നം?.

 

 

 

വിളറി വെളുത്തതുപോലെയിരിക്കുന്ന ഉമ്മച്ചനെ തോണ്ടി വിളിച്ചുകൊണ്ടായിരുന്നു ഈപ്പച്ചന്‍റെ ആ ചോദ്യം. അപ്പന്‍റെ ചോദ്യം കേട്ടതും ഉമ്മച്ചന്‍ തല ഉയര്‍ത്തിയിട്ട് വണ്ടിയുടെ മുന്‍വശത്തേക്ക് കൈ ചൂണ്ടി. അവിടെ ഇരിക്കുന്ന ആളിനെ കാട്ടി കൊടുത്തു കൊണ്ട് മുഖം വീണ്ടും താഴ്ത്തി അങ്ങനെ ഇരുന്നു.

 

 

നമ്മള്‍ ഇന്ന്‍  പോകുന്ന കാര്യം നടക്കുക തന്നെ ചെയ്യും. തടസ്സങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ എങ്ങനെ തരണം ചെയ്യണമെന്ന് ബേബിച്ചന് അറിയാവുന്നത് പോലെ മറ്റു മക്കള്‍ക്ക് കൂടി അറിഞ്ഞിരുന്നുവെങ്കില്‍ നന്നായിരുന്നുവന്നുവെന്ന് ആത്മഗതം പോലെ പറയുവാനും ഈപ്പച്ചന്‍  മടിച്ചില്ല.

 

 

വണ്ടിയില്‍ നിന്നും ഇറങ്ങുന്ന വേളയില്‍ ഉമ്മച്ചന്‍റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ടായിരുന്നു കത്രീനയുടെ ആ കണ്ടുമുട്ടല്‍..

 

ആഹാ നിങ്ങള്‍ എങ്ങോട്ടാ?.

 

 

വണ്ടിയിലിരുന്ന്‍ സംസാരിക്കുവാന്‍ പറ്റാതിരുന്നതിന്‍റെ വിഷമം അവരുടെ മുഖത്ത് വാടിയ പൂമൊട്ടുകള്‍ പോലെ തളര്‍ന്ന് കിടന്നു. ആ വിഷമം അവര്‍ ഉടനെ തന്നെ പ്രകടിപ്പിക്കുകയും ചെയ്തു.

 

ഉമ്മച്ചാ നിന്നെ കുറിച്ച് ഞാന്‍ ഇങ്ങനെയൊന്നുമല്ല കരുതിയത്. വണ്ടിയില്‍ മറ്റുള്ളവര്‍ കേള്‍ക്കുമെന്നുള്ള ചിന്തയൊന്നുമില്ലാതെയുള്ള അവരുടെ സംസാരം കേട്ടപ്പോള്‍ ഉമ്മച്ചന് ദേഷ്യം തോന്നിയെങ്കിലും ആത്മസംയമനം പാലിച്ചു.

 

ഉത്തരം ഒന്നും പറയാതെ നില്‍ക്കുന്ന ഈപ്പച്ചനെയും, ഉമ്മച്ചനേയും കണ്ടപ്പോള്‍ കത്രീനയ്ക്ക് ദേഷ്യം തോന്നതിരുന്നില്ല. നിങ്ങള്‍ പോകുന്ന കാര്യം എന്തായാലും അതിന് കുറെ നാള്‍ നടന്നു കഴിഞ്ഞാലേ ഒരു തീരുമാനത്തില്‍ എത്തുകയുള്ളൂ. കത്രീനയുടെ നാക്കിന്‍റെ ശക്തിയെ കുറിച്ച് അറിയാവുന്ന ഉമ്മച്ചന്‍റെ മനസ്സപ്പോള്‍ വെന്ത് നീറുകയായിരുന്നു.

 

ചിന്നമ്മയുടെ ആങ്ങള തൊമ്മിക്കുഞ്ഞിനെ പറ്റി ഉമ്മച്ചന്‍ ആലോചിച്ചുനോക്കി. നല്ല പൊക്കവും, ഒത്തവണ്ണവുമുള്ള അയാളെ മെരുക്കുന്ന കാര്യം ഓര്‍ത്തപ്പോള്‍ ഉമ്മച്ചനില്‍ ഷോക്ക്‌ അടിച്ചതുപോലൊരു പ്രതീതി സംജാതമായി. പ്രതീക്ഷകള്‍ക്ക് അപ്പുറം വളര്‍ന്നു വന്ന സൌധങ്ങള്‍ തകര്‍ന്നു തരിപ്പണം ആകുന്നതിന്‍റെ വേദന ഉമ്മച്ചന്‍റെ മനസ്സിനെ കാര്‍ന്നു തിന്നു തുടങ്ങിയപ്പോഴാണ് കത്രീനയുടെ സ്വരം ഉയര്‍ന്നു അന്തരീക്ഷത്തില്‍ പ്രകമ്പനം കൊണ്ടത്‌.

 

 

പറയുവാന്‍ പറ്റില്ലെങ്കില്‍ വേണ്ടടാ..... അപ്പനും മോനും കൂടി പോയി കാര്യം സാധിച്ചിട്ട്‌ തിരകെ വരുന്നത് എനിക്കൊന്ന് കാണണം. ബസില്‍ നിന്നും കത്രീന ഇറങ്ങി പോകുന്നത് കണ്ടപ്പോള്‍ ഈപ്പച്ചന്‍ മെല്ലെ ഒന്ന് പുഞ്ചിരിച്ചിട്ട്‌ നാക്ക് നീട്ടി പല്ല് ഞെരിച്ചിട്ട് പിറുപിറുത്തു.

 

 

ഒരു ശകുനം മുടക്കി വന്നിരിക്കുന്നു.  ഈ നശൂലം അപ്രതീക്ഷിതമായിട്ടാണ് എല്ലായിടത്തും മുഖം കാണിക്കുവാന്‍ എത്തുന്നത്. ഉമ്മച്ചന്‍ അപ്പന്‍റെ വാക്കുകള്‍ കേട്ടെങ്കിലും മൌനം ഭാവിച്ച് തലയില്‍ കയ്യും കൊടുത്തു അങ്ങനെ തന്നെയിരുന്നു.

 

 

ചിന്നമ്മയുടെ വീട്ടില്‍ എത്തുന്നതു വരെ അവര്‍ പരസ്പരം ഒന്നും തന്നെ സംസാരിച്ചില്ല. ചിന്നമ്മയുടെ വീട്ടുപടിക്കല്‍ എത്തിയപ്പോള്‍ അവിടെ നിന്നും ഒരു സ്വാമി ഇറങ്ങി പോകുന്നത് കണ്ടപ്പോള്‍ ഉമ്മച്ചന്‍റെ മനസ്സില്‍ മറ്റൊരു സംശയം ഉടലെടുത്തു. ചര്‍ച്ചകള്‍ അലസി പിരിഞ്ഞു കഴിഞ്ഞാല്‍ യഥേഷ്ടം വിളമ്പി കൊടുക്കുവാന്‍ പുതിയൊരു കാരണം കൂടി കിട്ടിയതിന്‍റെ സന്തോഷം  ഉമ്മച്ചന്‍റെ മുഖത്തെ പതിവിലും  പ്രകാശപൂരിതമാക്കി.

 

 

ചിന്നമ്മയുടെ വീട്ടില്‍ അവരെ സ്വീകരിച്ചത് അവിടുത്തെ ഡ്രൈവറായ ഭദ്രന്‍ ആയിരുന്നു. അകത്തെ മുറിയില്‍ കിടക്കുകയായിരുന്ന കുഞ്ഞുവൈദ്യന് ഈപ്പച്ചന്‍റെയും, ഉമ്മച്ചന്‍റെയും ആഗമനം അപ്രതീക്ഷിതമായ പ്രതീതിയാണ് സമ്മാനിച്ചത്‌. കുശലപ്രശ്നങ്ങള്‍ നടത്തുന്നതിനിടയില്‍  അക്ഷമനായി കാണപ്പെട്ട ഉമ്മച്ചന്‍ ചിന്നമ്മയെ പറ്റി തിരക്കുവാന്‍ മറന്നില്ല.

 

അവളോ?. രണ്ടു ദിവസം മുന്‍പ് കാനഡയിലേക്ക് തിരകെ പോയല്ലോ.   കുഞ്ഞുവൈദ്യന്‍റെ മറുപടി ഉമ്മച്ചനില്‍ വലിയൊരു പ്രത്യാഘാതം തന്നെ സൃഷ്ടിച്ചു.

 

 

അപ്പോള്‍ ഞങ്ങളുടെ അംബാസിഡര്‍ കാറിന്‍റെ കാര്യമോ?. അതിനെ കുറിച്ച് വല്ലതും പറഞ്ഞിരുന്നോ?. ചോദ്യങ്ങളുടെ ശരമാല ഉമ്മച്ചനില്‍ നിന്നും പ്രവഹിക്കുന്നത് കണ്ടപ്പോള്‍ കുഞ്ഞുവൈദ്യന് ദേഷ്യം തോന്നിയെങ്കിലും സ്വയം നിയന്ത്രിച്ചിട്ടു ഉമ്മച്ചനോടായി പറഞ്ഞു.  

 

 

ഞാന്‍ വിചാരിച്ചു സുഖമില്ലാതെ ഇരിക്കുന്ന എന്നെ കാണുവാനാണ് നിങ്ങള്‍ വന്നതെന്ന്. പ്രതീക്ഷകള്‍ക്ക് മേല്‍ ഭംഗം നേരിട്ടപ്പോള്‍ കുഞ്ഞുവൈദ്യന്‍ വല്ലാത്ത നിരാശയുടെ ഭാവം പ്രകടിപ്പിച്ചുകൊണ്ട് കട്ടിലില്‍ നിവര്‍ന്നു കിടന്നു.

 

വണ്ടിയുടെ കാര്യങ്ങള്‍ ഒക്കെ എല്പ്പിച്ചിരിക്കുന്നത് തൊമ്മിക്കുഞ്ഞിനെയാണെന്ന് ഞാന്‍ പ്രത്യേകം പറയേണ്ടിയ കാര്യം ഇല്ലല്ലോ? വണ്ടിയുടെ ഇടപാടുകള്‍ ഒക്കെ അവനുമായി നേരിട്ട് തീര്‍ത്തിട്ട് വണ്ടിയും കൊണ്ട് പൊയ്ക്കോ.  

 

അതിന് മറുപടി പറഞ്ഞത് ഈപ്പച്ചനായിരുന്നു. വണ്ടിയുടെ ഇടപാട് ചിന്നമ്മയുമായി തീര്‍ക്കുന്നതിന്‍റെ ഒചിത്യത്തെ പറ്റി ഈപ്പച്ചന്‍ വചാലനാകുക തന്നെ ചെയ്തു. മരുമകള്‍ ഒപ്പിച്ചുകൂട്ടിയ കുരുക്ക് അഴിച്ചെടുക്കുവാന്‍ കുറെയേറെ നാളുകളെടുക്കുമെന്നുള്ള ചിന്ത ഈപ്പച്ചനെ ഭ്രാന്തമായ അവസ്ഥയില്‍ എത്തിച്ചു.

 

 

അച്ചായന്‍ വിഷമിക്കാതെ ഇരുന്നാട്ടെ. തൊമ്മിക്കുഞ്ഞ് വന്നാല്‍ ഉടനെ തന്നെ അതിനൊരു പരിഹാരം കാണുവാന്‍ നമ്മള്‍ക്ക് ശ്രമിക്കാം. പിന്നെയും ഏറെ നേരം കഴിഞ്ഞാണ് തൊമ്മികുഞ്ഞ് അവിടേക്ക് കടന്നു വന്നത്.

 

 

അക്ഷമനായി നിന്നിരുന്ന ഉമ്മച്ചന്‍ തൊമ്മിക്കുഞ്ഞുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. കാര്‍ കൊണ്ടുപോകുമെന്നുള്ള ഉമ്മച്ചന്‍റെ വീമ്പ് പറച്ചില്‍ കേട്ടപ്പോള്‍ തൊമ്മിക്കുഞ്ഞ് ഒന്ന് ചിരിച്ചു. ഞങ്ങളുടെ തറവാട്ടില്‍ വന്നിട്ട് അനുവാദം ഇല്ലാതെ കാര്‍ കൊണ്ടുപോകുവാന്‍ പറ്റുകയാണെല്‍ കൊണ്ടുപൊയ്ക്കോളൂ..

 

തൊമ്മിക്കുഞ്ഞിന്‍റെ ആ പരിഹാസം ഉമ്മച്ചനെ വല്ലാത്തൊരു മാനസികാവസ്ഥയ്ക്ക് ഉടമയാക്കി തീര്‍ത്തു. ഉമ്മച്ചന്‍ തൊമ്മിക്കുഞ്ഞിനു നേരെ കൈ ഓങ്ങി കൊണ്ട് ചാടി എഴുനേല്ക്കുകയും ചെയ്തു. ഉമ്മച്ചന്‍റെ ആക്രമണത്തെ തൊമ്മിക്കുഞ്ഞ് തടുക്കുകയും ഉമ്മച്ചന്‍റെ കവിള്‍ത്തടം ലക്ഷ്യമാക്കി കൈ ഓങ്ങി നല്ലൊരു അടി കൊടുക്കുകായും ചെയ്തു.

 

പിന്നെയും രംഗം വഷളായി കൊണ്ടിരുന്നു.

 

അപ്രതീക്ഷിതമായി കവിള്‍ത്തടത്തില്‍ കിട്ടിയ സമ്മാനത്തിന്‍റെ ആലസ്യത്തില്‍ നിന്നും പൂര്‍ണ്ണമായി മുക്തനാകാതെ ഇരുന്ന ഉമ്മച്ചന്‍ പ്രതിഷേധം നടത്തുവാന്‍ ശ്രമിച്ചെങ്കിലും തൊമ്മിക്കുഞ്ഞിന്‍റെ കായിക ശക്തിയ്ക്ക് മുന്‍പില്‍ പരാജിതനായി തീര്‍ന്നു.

 

ചിന്നമ്മയുടെ നിര്‍ദേശം ഇല്ലാതെ വണ്ടി വിട്ടു നല്‍കാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ട് തൊമ്മിക്കുഞ്ഞ് ഭദ്രനോടൊപ്പം കാറില്‍ എങ്ങോട്ടോ യാത്ര തിരിച്ചു. പിന്നെയും കുറയേറെ നേരം കഴിഞ്ഞാണ് ഉമ്മച്ചനും, ഈപ്പച്ചനും താഴത്ത്‌ വടക്ക് തറവാട്ടിലേക്ക് തിരകെ യാത്ര തിരിച്ചത്.

 

 

(തുടരും. )

 

 

രഞ്ജിത്ത് മാത്യു

 

 

കവർ ചിത്രം: ബിനോയ് തോമസ്

ഞങ്ങൾ സന്തുഷ്ടരാണ്

Jan. 17, 2021

ഞായറാഴ്ച കുർബാന കഴിഞ്ഞ് അന്നമ്മ ചേച്ചി സെമിത്തേരിയിലേക്ക് നടക്കുകയായിരുന്നു. തലേദിവസം ഉറങ്ങാത്തത് കൊണ്ടായിരിക്കണം ചേച്ചിയുടെ കണ്ണുകൾ വീർത്തു കെട്ടിയിരുന്നു. മോൾ റിൻസി ഇന്നലെ ലീവിന് വന്നിട്ടുണ്ട്. അവൾക്ക് ഇനി അവന്റെ കൂടെ ഒന്നിച്ചു ജീവിക്കാൻ കഴിയില്ല എന്നാണ് പറയുന്നത്. കഴിഞ്ഞപ്രാവശ്യം പ്രശ്നങ്ങൾ ഉണ്ടായപ്പോൾ എല്ലാവരും പറഞ്ഞു ഒത്തുതീർപ്പാക്കിയത് ആണ്. ഇത്തവണയും അവൾ കരഞ്ഞു കൊണ്ടാണ് വന്നത്.

 എല്ലാം കൂടി ആലോചിച്ചിട്ട് അന്നമ്മ ചേച്ചിയുടെ മനസ്സ് നീറി. സെമിത്തേരിയിൽ ചെന്ന് കണ്ണടച്ച് പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ, അടുത്തവീട്ടിലെ ചാക്കോ മാഷ് ,
" അന്നമ്മ മോള് വന്നില്ലേ? അവര് പിരിയാൻ പോവാ എന്ന് പറയുന്ന കേട്ടു. ഇപ്പോഴത്തെ പിള്ളേരുടെ കാര്യം കഷ്ടം തന്നെ."

 ഇത് വെറുമൊരു അമ്മച്ചിയുടെയും റിൻസിയുടെ കഥയല്ല. ഈ അമ്മ ചേച്ചിയും റിൻസി യും നമ്മുടെ ഇടയിൽ ഉണ്ട്. ചാക്കോ മാഷിനെ കാണാനും ഒരുപാട് ദൂരം പോണ്ട.

ഡിവോഴ്സ്  എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ മുഖം ചുളിക്കുന്ന ആളുകളെ ഞാൻ കണ്ടിട്ടുണ്ട്. അതല്ലെങ്കിൽ അടുത്ത എക്സ്പ്രഷൻ , 
' സഹതാപം ആണ് പാവം കുട്ടി അവളുടെ ജീവിതം ഇങ്ങനെ ആയിപ്പോയല്ലോ '. 

2017 സ്റ്റാറ്റസ് പഠനങ്ങൾ പ്രകാരം ഇന്ത്യയിൽ ഡിവോസ് റേറ്റ് വെറും ഒരു ശതമാനം മാത്രമാണ്. നമ്മുടെ കുടുംബവ്യവസ്ഥയെ പാടി പുകഴ്ത്താൻ പോകുന്നവർ ഒന്നാലോചിക്കുക, യാതൊരു രീതിയിലെ സന്തോഷവും സമാധാനവും ഇല്ലാതെ ഒരുപാട് ദമ്പതികൾ മുന്നോട്ടു പോകുന്നുണ്ട്. 

സമൂഹത്തിന്റെ പ്രതികരണം ഭയന്ന് മാത്രം ഒന്നിച്ചു ജീവിക്കുന്നവർ. അവർ അവരുടെ ജീവിതം ഇല്ലാതാക്കി തീർക്കുകയാണ്. ഒരു പുരുഷനും സ്ത്രീയും ഒന്നിച്ചു ജീവിക്കാൻ കഴിയുകയില്ല എന്ന് മനസ്സിലാക്കുന്ന സന്ദർഭത്തിൽ, അത് വിവാഹാനന്തരം ഒരു വർഷമോ 30 വർഷമോ അമ്പതുവർഷം ആയിരുന്നാലും, അവർക്ക് അഭിമാനപൂർവ്വം സന്തോഷത്തോടുകൂടി ചെയ്യുവാനും തുടർന്ന് അതേ സന്തോഷത്തോടുകൂടി ജീവിതം നയിക്കാനുള്ള അവസരം ഉണ്ട്. 

 ഒരു ജീവിത പങ്കാളി എന്ന വ്യക്തി ഒരു റൂം മേറ്റ് അല്ല. അതുകൊണ്ടുതന്നെ ആവശ്യം വരുന്നത് അനുസരിച്ച് റൂം മാറാൻ നമുക്ക് കഴിയില്ല. വിവാഹം കഴിക്കുന്ന സമയത്ത് മറ്റാരുടേയും പ്രേരണ ഇല്ലാതെ സ്വന്തമായി തീരുമാനം എടുക്കാൻ ശ്രദ്ധിക്കണം. അതുപോലെതന്നെ വിവാഹജീവിതം സന്തുഷ്ടം അല്ല രണ്ടുപേർക്കും ഒന്നിച്ച് ജീവിക്കാൻ കഴിയില്ല എന്നു ബോധ്യമാകുന്ന നിമിഷം, ഡിവോഴ്സ് ഉചിതമായ ഒരു സൊല്യൂഷൻ ആണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അതിനെപ്പറ്റി സധൈര്യം ആലോചിക്കണം.

 'അവള് ഡിവോസ് ആയതാ' എന്ന് ഇനി അടക്കം പറയാൻ പോകുന്നതിനുമുമ്പ് ആലോചിക്കുക, ഡിവോഴ്സ് ഒരു വലിയ കാര്യമല്ല. കല്യാണം പോലെ തന്നെ ഒരു പേഴ്സണൽ ചോയിസ് ആണ് ഡിവോഴ്സ്. മറ്റുള്ളവരുടെ സന്തോഷത്തിനായി സ്വന്തം ജീവിതവും,  സന്തോഷവും ഇല്ലാതാക്കി ഒന്നിച്ചു ജീവിക്കുവാൻ തയ്യാറാവാതെ സ്വന്തമായി തീരുമാനം എടുത്തത് പിരിയുന്നവരോട് എന്നും ബഹുമാനം മാത്രമേ ഉള്ളൂ. 

 നമ്മുടെ സംസ്കാരം അനുസരിച്ച് വിവാഹത്തോട് കൂടി മാത്രമേ ഒരു വ്യക്തിയുടെ ജീവിതം പൂർത്തിയാവുകയുള്ളൂ എന്ന കാഴ്ചപ്പാടാണ് ഡിവോഴ്സിനോടുള്ള ഈ വെറുപ്പിന് കാരണം. ഡിവോഴ്സിലൂടെ കടന്നു പോകുന്ന ഏതൊരു വ്യക്തിയും , വളരെയധികം മാനസിക സംഘർഷം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സമയമായിരിക്കും അത് . ആ സമയത്ത് കഴിവതും അവരെ സപ്പോർട്ട് ചെയ്തില്ലേലും ഉപദ്രവിക്കാതിരിക്കുക. എന്തുകൊണ്ടാണ് ഡിവോഴ്സ് നടക്കുന്നത് എന്നതിനെപ്പറ്റിയുള്ള ഡീറ്റെയിൽ ഇൻവെസ്റ്റിഗേഷൻ നടത്താനുള്ള നിങ്ങളുടെ ത്വര അടക്കി വെക്കുന്നത് നല്ലതായിരിക്കും.

 അതുപോലെതന്നെ ഒരു ഡിവോഴ്സ് കുടുംബത്തിന്റെ മാനം കളഞ്ഞു, സമൂഹത്തിൽ വില പോയി എന്നൊക്കെ കരുതുന്നവർ ഒന്നാലോചിക്കുക അനുഭവിക്കുന്നത്,  സഹിക്കുന്നത്,  സന്തോഷമില്ലാത്ത ജീവിക്കുന്നത് നിങ്ങളല്ല. അതുകൊണ്ടുതന്നെ സമൂഹത്തിൽ നിങ്ങളുടെ മുഖം രക്ഷിക്കുവാനായി നിങ്ങളുടെ മകളുടെയോ അനിയത്തിയുടെ മകന്റെ യോ ചേച്ചിയുടെ ഒക്കെ വിവാഹം നിലനിൽക്കണം എന്ന് വാശിപിടിക്കരുത്.

കുടുംബജീവിതം ആയാൽ അങ്ങനെയാണ് ആരെങ്കിലുമൊക്കെ സഹിക്കണം,  അത് കൂടുതലും പെണ്ണാണ് സഹിക്കേണ്ടത്. വിവാഹ ജീവിതത്തിലെ പരാജയമാണ് ഡിവോഴ്‌സ്. " ഡിവോഴ്സ് ചെയ്ത പെണ്ണുങ്ങൾ എല്ലാം പോക്കാണ്. ഈ പെണ്ണുങ്ങൾ ഒരുപാട് പഠിച്ചു ജോലിക്കുപോയ പിന്നെ ഇതാ പ്രശ്നം". മുതലായ ചിന്താഗതികൾ പുലർത്തുന്നവരോട് ഒന്നേ പറയാനുള്ളൂ :

' സ്വന്തം കാര്യം നോക്കി ജീവിക്കുക എന്ന  വളരെ സിമ്പിൾ ആയ കാര്യം മാത്രം നിങ്ങൾ ചെയ്താൽ മതി '.

 ഡിവോഴ്സ് നടക്കുന്ന കുടുംബങ്ങളിൽ കൂടുതൽ ചോദ്യോത്തരങ്ങൾ നേരിടേണ്ടിവരുന്നത് സ്ത്രീകളാണ്, അവരുടെ മാതാപിതാക്കൾ ആണ്. വളർത്തുദോഷം എന്നു ലേബൽ കൂടി ചാർത്തി കൊടുക്കാൻ മടിക്കാത്ത വിദ്വാന്മാരും ഉണ്ട്. സന്തോഷകരം അല്ലാത്ത ഒരു ദാമ്പത്യ ജീവിതത്തിൽ നിന്നും മുക്തി നേടാനുള്ള ഒരു മാർഗം മാത്രമായി ഡിവോഴ്സിന് കാണുവാൻ പ്രബുദ്ധകേരളം പഠിക്കേണ്ടിയിരിക്കുന്നു. 

 

ജിയ ജോർജ് 

 

കവർ ചിത്രം: ബിനോയ് തോമസ് 

കാവൽ (ചെറുകഥ)

Jan. 15, 2021

മഞ്ഞു പെയ്യുന്ന മകരത്തിലേ തണുത്ത രാവിന്  നീളം വച്ചു തുടങ്ങിയിരിക്കുന്നു.
നിലാവെട്ടം കോടമഞ്ഞില്‍ പുതഞ്ഞ കാട്ടുപൊന്തകള്‍ക്ക് ആവരണമെന്നപോലെ വലയം ചെയ്തു നില്‍ക്കുകയാണ്, 

വിജനമായ ഈ കാടിനു നടുവിലേ അരുവിയോട് ചേര്‍ന്ന് കിടക്കുന്ന നിരന്ന പാറപ്പുറത്ത് ഏകനായി  നില്‍ക്കുമ്പോള്‍ , പ്രകൃതിഭംഗി ആസ്വദിക്കാന്‍ എനിക്ക്  വട്ടാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും.

കാട്ടുചെമ്പകത്തിന്റെ മനം കുളിര്‍ക്കുന്ന ഗന്ധവും, 
അരുവിയുടെ താളവും രാപ്പാടികളുടെ ഈണവും,  തികച്ചും ആന്ദകരം തന്നെയാണ്.

ഞാനിവിടെ ഒറ്റക്ക് വെറുതേ നില്‍ക്കുകയല്ല,  ഇതെന്റെ  ഡ്യൂട്ടി യാണ്,  ഒരു മുന്‍പരിജയവുമില്ലാത്ത, ഒരു യുവ സുഹൃത്തിന് കാവലായി, ഈ രാവ് വെളുക്കുവോളം മിഴിയണയാതെ ഈ വനത്തിലേ ,ഒരു ജീവജാലമായി ഞാനും ഉണ്ടായേ പറ്റൂ.

ഒരു പോലീസ്  കോണ്‍സ്റ്റബിളായി  ,മലയടിവാരത്തെ പോലീസ് സ്റ്റേഷനില്‍ ചാര്‍ജ്ജെടുത്തപ്പോള്‍ , തന്നെ  ഏറെ ആകര്‍ഷിച്ചതും,    പോലീസ് സ്റ്റേഷന് ഫര്‍ലോങ് മാറി പൂത്തും തളിര്‍ത്തും, വന,നിബിഢമായ,  മലഞ്ചെരിവു തന്നെയാണ്.

പൊതുവേ ശാന്തമായ, കാര്യമായി കേസുകളൊന്നും വരാറില്ലാത്ത ഈ പോലീസ് സ്റ്റേഷനില്‍,  പുതുമോഡിമാറി  വിരസമാവാന്‍ തുടങ്ങുമ്പോഴാണ് കാട്ടില്‍ ഒാടവെട്ടാന്‍ പോയ , ആദിവാസികള്‍,ഇങ്ങനെ ഒരു സുഹൃത്തിനേ കാട്ടില്‍ കണ്ട,വിവരം വന്ന് പറഞ്ഞത്.

ഉച്ച തിരിഞ്ഞ്  ടൗണില്‍ നിന്നും വന്ന ബസ്സില്‍ വന്നിറങ്ങിയ സുമുഖനായ ഈ സുഹൃത്ത് ,  കൊങ്ങിണിപൊന്തകള്‍ക്കും തെരുവപ്പുല്ലുകള്‍ക്കും ഇടയിലൂടെ നൂണ്ടുകടന്ന് അരുവിക്കരയിലേക്ക് പോയത് വിറകെടുക്കുന്ന സ്ത്രീകളും കണ്ടിരുന്നു..

 മരുതിന്‍ തൈകളുടെ നേര്‍മ്മയാര്‍ന്ന ഇലകളില്‍,പറ്റിപിടിച്ച മഞ്ഞുകണങ്ങള്‍ ശീതക്കാറ്റ് നിര്‍ത്തുള്ളികളാക്കി കരിയിലകളില്‍ വീഴ്ത്തി ശബ്ദമുണ്ടാക്കിയപ്പോള്‍ ,ഒര്‍മ്മകളിര്‍നിന്ന് തെല്ലിട വനാന്തരത്തിലേ പാറപ്പുറത്ത് തിരിച്ചെത്തിയിരിക്കുന്നു ഞാന്‍, 

സുഹൃത്ത്  ഉറങ്ങുകയാണ് ,  ശാന്തമായ ഉറക്കം,  താങ്ങള്‍ ആരാണെന്നോ  എന്തിനിവിടെ വന്നെന്നോ,  എനിക്കറിയില്ല., എങ്കിലും നിങ്ങളുടെ മുഖം,  എതോ പരിചിതനേ പോലെ , തോന്നുകയാണ്,,,,,

തണുപ്പകറ്റാന്‍ ഒരു സിഗരെറ്റെടുത്ത് കത്തിച്ചു , ഞാന്‍ ഉതി പറത്തിവിടുന്ന വെളുത്ത പുക മഞ്ഞും നിലാവും തീര്‍ത്ത,  വെണ്‍പരവതാനിയില്‍ ഇഴുകിചേരുന്നത് നോക്കി സുഹൃത്ത്  നേരിയതായി ഒന്ന് മന്ദഹസിച്ചു.
താങ്കള്‍  ഉറങ്ങകയായിരുന്നില്ല ,അല്ലേ?
ഇനി പറയൂ എനിക്ക്  താങ്ങളേ കുറിച്ച്  അറിയണം, എന്ന് താങ്കള്‍ക്കും തോന്നുന്നുണ്ടാവില്ലേ?

എന്റെ പേര്,,,,  അല്ലെങ്കില്‍  പേരിലെന്തിരിക്കുന്നു?

ഒരു പക്ഷേ  പേരു പറഞ്ഞാല്‍  നിങ്ങളുടെ  മതമല്ലാത്തത് കൊണ്ട്,  നിങ്ങളെന്നെ വെറുത്തെങ്കിലോ?

ഇല്ല സുഹൃത്തേ,, ഞാന്‍ ഒരു പ്രത്യേക മതക്കാരനല്ല,  ഈ ഭൂമിയുടെ അവകാശികളായ അമീബ മുതല്‍ നീലത്തിമിംഗലം വരേയുള്ള ജീവജാലങ്ങളുടെ മതമാണെനിക്ക്. ഇനി പറഞ്ഞോളൂ.

ഓ എങ്കില്‍  ഞാന്‍ പറയാം ,,,   ഞാന്‍ ഒരു ഗ്രാമവാസിയായിരുന്നു., ഓാണവും ക്രിസ്തുമസ്സും, പെരുന്നാളും എന്റെ ഗ്രാമത്തിന്റെ ആഘോഷങ്ങളായിരുന്നു.,  ചര്‍ച്ചിന്റെ മുറ്റത്തും അമ്പലപ്പാറയിലും, പള്ളിക്കുളത്തിലും, ഞങ്ങള്‍ കുട്ടികളായപ്പോള്‍, അതിരുകള്‍ തീര്‍ക്കപ്പെട്ടിരുന്നില്ല.

വിദ്യാലയങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചുണ്ടും കവിത ചൊല്ലിയും, ഒരു മാലയിലേ മുത്തുകളായി,  
ഞാനും എന്റെ കളിക്കൂട്ടുകാരും.

ഇണപിരിഞ്ഞ്  കലാലയത്തിന്റെ  ചമര്‍ക്കെട്ടുകളിലേക്ക് നയിക്കപ്പെട്ടപ്പോള്‍,  എന്റെ രേഖകളിലേ  ജാതിപ്പേര് എനിക്ക് കാണാനായി.

കയ്യിലും കഴുത്തിലും, അടയാളങ്ങള്‍ പേറുന്ന, മുഖത്ത് ക്രൗര്യമെരിയുന്ന ഒരുകൂട്ടം മനുഷ്യക്കോലങ്ങളായി   ഇന്ന് എന്റെ ഗ്രാമം, 

എനിക്കെന്റെ ബാല്യത്തിന്റെ നിഷ്കളങ്കത തിരിച്ചു വേണം,   പൊട്ടിച്ചെടുത്ത മതചിഹ്നങ്ങള്‍ ഈ പുഴയിലൊഴുക്കി ശുദ്ധിവരുത്തണം,  ,

ഇനിവരുന്ന തലമുറക്ക് കാടും  കാട്ടുചോലയും,  പള്ളിമണിയും ബാങ്കുവിളിയും, , ജ്ഞാനപ്പാനയും,   അസഹിഷ്ണതയായിക്കൂടാ,,   ഇതെന്റെ തപസ്യയാണ്,,  താങ്കള്‍ക്ക് ,ഞാനൊരു ബാധ്യതആയല്ലേ, ,,, ക്ഷമിക്കുക

കരിയിലകള്‍ ബൂട്ടുകൊണ്ട് ഞെരിയുന്ന ശബ്ദം  കേട്ട്  ,,,,സുഹൃത്തിന്റെ പുഞ്ചിരിക്കുന്ന മുഖത്തുനിന്നും  ശ്രദ്ധ മാറ്റി തിരിഞ്ഞു  നോക്കുമ്പോള്‍  ഇന്‍സ്പെക്ടറും സംഘവുമാണ്.

പുഞ്ചിരിച്ചു കൊണ്ട് ഇന്‍സ്പെക്ടര്‍ ചോദിച്ചു ,,,, രാത്രി ഒറ്റക്ക് നിക്കാന്‍ ഭയമുണ്ടായിരുന്നോ?

ഓരോ മാരണങ്ങള്‍  നമ്മള്‍  പോലീസുകാര്‍ക്ക് പണിതരാന്‍ ഇറങ്ങിക്കോളും  വെഷോം മേടിച്ച് കാട്ടിലോട്ട്.
ഏതോ മാഷിന്റെ മൊനാണ് പോലും,,  വല്ല പ്രണയ നൈരാശ്യവുമായിരിക്കും,  ,,,,,,,,,

 

അസീസ് ചക്കിട്ടപാറ 

 

കവർ ചിത്രം: ബിനോയ് തോമസ് 

ഒരന്തർജ്ജനത്തിന്റെ യുക്തി

Jan. 14, 2021

സ്ത്രീകൾ വിവേകശൂന്യകളും ദുർമാർഗ്ഗചാരിണികളും ഭർതൃശുശ്രൂ‌ഷാവിമുഖികളും ആയിപ്പോകുന്നത് അവരുടെ ഭർത്താക്കന്മാരുടെ കൊള്ളരുതായ്കകൊണ്ടാണെന്നാണല്ലോ മഹാന്മാരുടെ അഭിപ്രായം.

 'യോ‌ഷാദോ‌ഷം മൃ‌ഷാ യഃ കഥയതി വിദു‌ഷേ ഹന്ത! തസ്മൈ നമസ്തേ' എന്നൊരു മഹദ്വചനമുണ്ടായിട്ടുള്ളതും ഈ അഭിപ്രായത്തിൽ നിന്നാണല്ലോ.

എന്നാൽ, പുരു‌ഷന്മാർ ദുർമാർഗ്ഗചാരികളായിധൂർത്തടിച്ചു നടക്കുന്നത് അവരുടെ ഭാര്യമാരായ സ്ത്രീകളുടെ കൊള്ളരുതായ്ക കൊണ്ടാണെന്നും നിസ്സംശയം പറയാവുന്നതാണു.

വാസ്തവം വിചാരിച്ചാൽ നല്ല തന്റേടമുള്ള ഒരു പുരു‌ഷനു തന്റെ ഭാര്യയെ ഭർതൃശുശ്രൂ‌ഷാനിരതയും പാതിവ്രത്യനിഷ്ഠയുള്ളവളുമായിരുന്നാൽ എത്രത്തോളം കഴിയുമോ അതിൽ പതിന്മടങ്ങ്, ഒരു സ്ത്രീ നല്ല വൈദഗ്ദ്ധ്യമുള്ളവളാണങ്കിൽ അവളുടെ ഭർത്താവിനെ ഏകപത്നീവ്രതത്തോടുകൂടി സന്മാർഗ്ഗത്തിൽ നടത്താൻ കഴിയുമെന്നുള്ളതിനു സംശയമില്ല.

ഇനി സ്ത്രീകൾ ദുർമാർഗ്ഗചാരിണികളും പുരു‌ഷന്മാർ ദുർമാർഗ്ഗചാരികളുമായിത്തീരുന്നതിന്റെ കാരണം വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.

ഇതിനു രണ്ടിനും ദൃഷ്ടാന്തം നമ്മുടെ നാട്ടുകാരുടെ ഇടയിൽ തന്നെ ധാരാളമുള്ളതുകൊണ്ട് ഇതിനുവേറേ തെളിവൊന്നും വേണമെന്നും തോന്നുന്നില്ല.

എങ്കിലും ഇതിനു ദൃഷ്ടാന്തമായി കേട്ടിട്ടുള്ള ഒരൈതിഹ്യം ഇവിടെ പറഞ്ഞുകൊള്ളുന്നു.

പണ്ട് ഇടപ്പള്ളിയിലെ ഒരു വലിയ തമ്പുരാൻ അവിടുത്തെ ദേശവഴികളിൽ ഒന്നായ 'കല്ലൂപ്പാറ' എന്ന ദിക്കിൽ പോയി താമസിച്ചിരുന്നു.

വിവാഹം ചെയ്തിട്ടുണ്ടായിരുന്നു എങ്കിലും കല്ലൂപ്പാറ ഒരു ബാന്ധവമുണ്ടായിരുന്നതിനാൽ അവിടുന്നു ഇടപ്പള്ളിൽപോയി താമസിക്കുക പതിവില്ല.

വിവാഹസംബന്ധങ്ങളായ ക്രിയകളെല്ലാം കഴിഞ്ഞതിന്റെ ശേ‌ഷം അവിടുന്നു അന്തർജനത്തെതൊട്ടിട്ടില്ലെന്നല്ല, കാണുകപോലും ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്.

ഇങ്ങിനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ അവിടുത്തെ ബാന്ധവജനങ്ങൾക്കെല്ലാം വളരെ വ്യസനമായിത്തീർന്നു.

'വിവാഹം കഴിച്ചിട്ടു പത്തു പന്ത്രണ്ടു കൊല്ലമായി. ഇതുവരെ സന്തതിയുണ്ടായിട്ടില്ല. രാജത്വം കൂടിയുള്ള ഒരു വലിയ ബ്രാഹ്മണകുടുംബം സന്തതിയില്ലാതെ നശിച്ചുപോകുന്നതു ക ഷ്ടമാണല്ലോ.

സന്താനാർഥം വല്ല സൽകർമ്മങ്ങളും തുടങ്ങണം അല്ലെങ്കിൽ അവിടുത്തെക്കൊണ്ട് ഒന്നുകൂടി വിവാഹം കഴിപ്പിക്കണമെന്നിങ്ങനെ വിചാരിച്ചു ബന്ധുക്കളായ ചില നമ്പൂതിരിമാർ കല്ലൂപ്പാറയെത്തി വലിയതമ്പുരാനെക്കണ്ടു തങ്ങൾ ചെന്ന കാര്യം അറിയിച്ചു.

ആദ്യം അവിടുന്നു ഇവർ പറഞ്ഞതൊന്നും അത്ര ആദരിച്ചില്ല. എങ്കിലും നമ്പൂതിരിമാർ വീണ്ടും നിർബന്ധിക്കുകയാൽ ഒന്നു കൂടി വേളി കഴിക്കാമെന്നു അവിടുന്ന് സമ്മതിച്ചു.

ആദ്യത്തെ അന്തർജനം വന്ധ്യയായതിനാലാണ് സന്തതിയുണ്ടാകാത്തതെന്നായിരുന്നു നമ്പൂരിമാരുടെ വിചാരം. അതിനാലാണ് അവർ രണ്ടാം വിവാഹത്തിനു അത്ര നിർബന്ധിച്ചത്.

ഒടുക്കം വലിയ തമ്പുരാൻ 'നാമിനി രണ്ടാമതും വിവാഹം ചെയ്യണമെങ്കിൽ ആദ്യത്തെ അന്തർജനത്തിന്റെ സമ്മതംവേണമല്ലോ. അതെങ്ങിനെയാണ്? എനിയ്ക്കു അവരോട് ചോദിക്കാൻ കഴിയുകയില്ല എന്നു പറഞ്ഞു.

അപ്പോൾ നമ്പൂതിരിമാർ 'അകായിലെ സമ്മതം ഞങ്ങൾ വാങ്ങിക്കൊള്ളാം. അതിനൊന്നും പ്രയാസമില്ല.' എന്നു പറഞ്ഞു.

‚എന്നാൽ നമ്മുടെ കാര്യസ്ഥനെ കൂടി അയയ്ക്കാം. അകായിൽ നിന്നു അനുവദിക്കുന്ന പക്ഷം ആ വിവരം കാര്യസ്ഥനോടു പറഞ്ഞയച്ചാൽ ഉടനെ നാം അങ്ങോട്ടുവരാം‛ എന്നു വലിയതമ്പുരാനും പറഞ്ഞു.

അങ്ങിനെ സമ്മതിച്ചു നമ്പൂതിരിമാരും കാര്യസ്ഥനും കൂടി പുറപ്പെട്ട് ഇടപ്പള്ളിയിൽ എത്തി. ഒരു ദാസി മുഖാന്തിരം വിവരം അകായിലെ ധരിപ്പിക്കുകയും അനുവാദം ചോദിക്കുകയും ചെയ്തു.

അപ്പോൾ ആ അന്തർജനം 'ഇവിടെ സന്തതിയുണ്ടാകേണ്ടതു അത്യാവശ്യമാണു. അതു എനിക്കു വളരെ ആഗ്രഹമുള്ള കാര്യമാണ്. അതിനാൽ അവിടുന്നു രണ്ടാമതും വിവാഹം കഴിക്കുന്നതിനു എനിക്കു പൂർണ്ണസമ്മതമാണ്.

എന്നാൽ ഒരു കാര്യം കൂടി എനിക്കു ആഗ്രഹമുണ്ട്. ഇനി വേളികഴിക്കുന്നെങ്കിലും നല്ലതുപോലെ ജാതകം നോക്കി വേണം. ഒന്നിങ്ങനെ വന്നു, ഇനി വരരുതല്ലോ.

എന്റെ ജാതകംപോലുള്ളവരെ വിവാഹം ചെയ്തതുകൊണ്ടു പ്രയോജനമില്ല. അവിടുന്ന് കല്ലൂപ്പാറ താമസിച്ചാൽ ഇവിടെ സന്തതിയുണ്ടാകണം. അങ്ങിനെയുള്ള ജാതകമുണ്ടങ്കിൽ അതു നോക്കി വേണം ഇനി വിവാഹം കഴിക്കാൻ' എന്നു പറഞ്ഞു.

ഇതു കേട്ടപ്പോഴാണു സംഗതി എല്ലാവർക്കും മനസ്സിലായത്. കാര്യസ്ഥൻ ഉടനെപോയി കല്ലൂപ്പാറയിൽ ചെന്നു അകായിൽ പറഞ്ഞതുപോലെ വലിയ തമ്പുരാന്റെ അടുക്കൽ അറിയിച്ചു.

ഇതു കേട്ടപ്പോൾ തമ്പുരാന്റെ മനസ്സിൽ ലജ്ജയോ, അത്ഭുതമോ, മനസ്താപമോ എന്തെല്ലാമാണുണ്ടായതെന്നു അവിടേക്കു തന്നെ അറിയാം.

എതെങ്കിലും ഈ അന്തർജനത്തിന്റെ യുക്തി കേട്ടിട്ടു മാത്ര പോലും താമസിയാതെ വലിയതമ്പുരാൻ ബോട്ടുകയറി ഇടപ്പള്ളിയിലെത്തി താമസമായി. ആ അന്തർജനത്തിന്റെ ബുദ്ധിഗുണവും ഭർത്തൃശുശ്രൂ‌ഷാസാമർഥ്യവും മറ്റും കൊണ്ടു മനസ്സുലയിച്ചു പോകയാൽ പിന്നെ രണ്ടാം വിവാഹത്തിന്റെ പ്രസംഗംപോലുമുണ്ടായില്ല.

കല്ലൂപ്പാറയ്ക്കു പോകണമെന്ന ആഗ്രഹവും നിലച്ചു. മുറയ്ക്കു ഗൃഹസ്ഥാശ്രമം അനുഷ്ഠിച്ചുകൊണ്ട് ഇടപ്പള്ളിയിൽ താമസവുമായി. അങ്ങിനെ ഒരു കൊല്ലം കഴിയുന്നതിനു മുൻപു അവിടേയ്ക്കു ഒരു പുത്രസന്താനം ഉണ്ടാവുകയും ചെയ്തു.

പിന്നെ അവിടുന്നു അജീവനാന്തം ആ നിലയിൽ തന്നെ താമസിച്ചിരുന്നു എന്നും ആ അന്തർജനത്തിൽ നിന്നും അനേകം സന്താനങ്ങൾ അവിടേക്ക് ഉണ്ടായി എന്നും കേട്ടിരിക്കുന്നു.

ആ അന്തർജനത്തെപ്പോലെ യുക്തിയുക്തമായി സംഭാ‌ഷണം ചെയ്തും ഭക്തിപൂർവം ഭർത്തൃശുശ്രൂ‌ഷചെയ്തും പാതിവ്രത്യനിഷ്ഠയോടുകൂടിയിരുന്നു നമ്മുടെ കേരളീയസ്ത്രീകളെല്ലാവരും തങ്ങളുടെ ഭർത്താക്കന്മാരെ ദുർമാർഗ്ഗത്തിൽ വിടാതെ തങ്ങളിൽ ആസക്തചിത്തന്മാരാക്കിത്തീർത്ത് ഭർത്തൃസുഖത്തോടും സൽസന്താനലാഭത്തോടും കൂടി സുഖമാകുംവണ്ണം വസിക്കട്ടെ.

 

രഞ്ജിത്ത്  മാത്യു

 

അടുത്ത  ലക്കം : 

കൈപ്പുഴ രാജ്ഞിയും പുളിംകുന്നുദേശവും

കവർ ചിത്രം: ബിനോയ് തോമസ് 

ഹിമാലയത്തിലെ ഒട്ടകം -13 (പരീക്ഷ)

Jan. 11, 2021

സ്ത്രീക്കും പുരുഷനും വ്യത്യസ്ത യുദ്ധങ്ങൾ ആണ് ജയിക്കാൻ ഉള്ളത് എന്ന് പണ്ടേതോ മഹാൻ പറഞ്ഞത് വളരെ ശരിആണ്. ഇത്തവണത്തെ ഒട്ടകത്തിൽ അത്തരം ഒരു യുദ്ധ കഥ.

പരീക്ഷ

അവസാന ദിവസം പരീക്ഷക്ക് എത്തിയ അവളെ കണ്ടു എല്ലാവരും ഞെട്ടി. ആരും പ്രതീക്ഷിച്ചില്ല അവൾ വരും എന്ന്. കോറിഡോർ ഉള്ള എല്ലാ കണ്ണുകളും അവളുടെ മേലെ ആയിരുന്നു. ഐ ലൈനർ ഉം മസ്ക്കരയും ഇട്ട സുന്ദരികണ്ണുകളും, ഇന്നലെ അടിച്ച ജവാന്റെ ഹാങ്ങോവർ മാറാത്ത കലങ്ങിയ കണ്ണുകളും. പഠിച്ചു പഠിച്ചു ചില്ലു ജനാലയ്ക്ക് പിന്നിൽ ആയ കണ്ണുകളും ഒക്കെ അവളെ തുറിച്ചു നോക്കി. 

ഇഷ  നടന്നു വരുന്നത് തന്നെ കാണാൻ ഒരു കൗതുകം തോന്നും. അഞ്ചടി പൊക്കം നീണ്ട പനം കുല പോലത്തെ തലമുടി, ചെറിയ കണ്ണുകൾ . അതിൽ ഉരുണ്ടു ഉരുണ്ടു വരുന്നപോലെ.നിറ ഗർഭിണി ആയിരുന്നു  അവൾ.ഇതിന്റെ ഒക്കെ ആവശ്യം ഉണ്ടോ ചേച്ചി എന്ന് ചോദിക്കുന്ന ജൂനിയർസ്, സാരമില്ല എന്ന് പറഞ്ഞു ആശ്വസിപ്പിക്കുന്ന കൂട്ടുകാർ അതിന്റെ ഇടയിലും അവളുടെ മനസ്സ്‌ മന്ത്രിച്ചു "നിന്റെ അമ്മേടെ ജിമ്മയ്കും കമ്മലും ".

സ്വന്തമായും ലോകത്തോടും ദേഷ്യം തോന്നുമ്പോൾ ഇഷ  മനസ്സിൽ പറയുന്ന വരികൾ ആണവ.  ബെൽ ശബ്ദം മുഴങ്ങി. ഹാൾ ടിക്കട്റ്റ് എടുത്തു അവൾ ഹാൾ ലേക്ക് കയറി. ബെഞ്ചിൽ എങ്ങനെ ഇരിക്കും രണ്ടു മൂന്നു മണിക്കൂർ എന്നുള്ള അവളുടെ ആശങ്ക ഭഗവാൻ മുൻകൂട്ടി കണ്ടപോലെ. പ്രിൻസിപ്പൽ അവൾക്കു വേണ്ടി ഒരു മേശയും കസേരയും ഒരുക്കി ഇരുന്നു. 

നിന്നും ഇരുന്നും ആയി ആ പരീക്ഷ മുഴുവിപ്പിക്കുന്ന ഓരോ നിമിഷവും അവൾ ഇക്കയോടും വാപ്പച്ചിയോടും മനസ്സിൽ നന്ദി പറഞ്ഞു കൊണ്ടേ ഇരുന്നു. മടക്കി മാറ്റി വച്ച പുസ്തകം  വീണ്ടും തുറക്കാനും, കോളേജിന്റെ പടി വീണ്ടും കയറാനും കാരണം ഇക്ക ആണ്. ഗർഭിണി ആയപ്പോൾ എല്ലാം തീർന്നു എന്നു കരുതിയ എന്നോട്  ഇക്ക പറഞ്ഞു "നീ ടെൻഷൻ അടിക്കണ്ട ഗർഭം പ്രസവം ഒക്കെ സ്ത്രീകളുടെ ജീവിതഭാഗം ആണ്. അതിനു വേണ്ടി പഠിപ്പു മുടക്കണ്ട ". 

അടിക്കടി ബാത്റൂമിലും, പിന്നെ നിന്നും ഇരുന്നും ഒക്കെ കഷ്ടപ്പെടുന്ന അവളെ കണ്ടു ഗോപി സർ ചിരിച്ചു. "ഇതിനൊക്കെ എന്ത് കാര്യം വീട്ടിൽ ഇരുന്നാൽ പോരെ". ഒളിഞ്ഞും പാത്തും പലപ്പോഴായി അദ്ദേഹം അടിച്ച ഡയലോഗ് ആണിത്. ഗോപി സർ നെ കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല ജീവിതത്തിൽ ഒരിക്കൽ എങ്കിലും തന്റേതല്ലാത്ത കാരണങ്ങൾ കൊണ്ട്, സ്ത്രീ ആയതു കൊണ്ട് അവസരങ്ങൾ നഷ്ടപെടണം എങ്കിൽ മാത്രമേ അത് മനസിലാവുള്ളു. 

മൂന്നു മണിക്കൂർ കൊണ്ട് തീരേണ്ട പരീക്ഷ അവൾ ഒന്നൊര മണിക്കൂർ കൊണ്ട് എങ്ങനെയോ ഒപ്പിച്ചു. എന്തിനു ഗോപി സർ നെ പറയുന്നു വയറ്റിൽ നിന്നും കുഞ്ഞാവ സമരം തുടങ്ങിയിരുന്നു.വേദന സഹിക്കാൻ വയ്യാതായപ്പോൾ അവൾ പേപ്പർ നൽകി. കോളേജ് അധികൃതകർ ഒരു ആംബുലൻസിൽ ഹോസ്പിറ്റലിൽ ലേക്ക് വിട്ടു. 
കുറച്ചു സമയത്തെ കാത്തിരിപ്പു. ഇക്കയോട് ആരോ വിവരം പറഞ്ഞു പുള്ളി പാഞ്ഞെത്തി. 

അധികം വൈകാതെ തന്നെ സന്തോഷ വാർത്തയും ആയി നേഴ്സ് വന്നു.ഇഷ പ്രസവിച്ചു ആൺകുഞ്ഞു. ചിരിച്ച മുഖവും ആയി കുഞ്ഞിനെ നോക്കി കിടന്ന ഇഷയുടെ മനസ്സ് പരീക്ഷയെ കുറിച്ചുള്ള ചിന്തകൾ കൊണ്ടു നിറഞ്ഞു....... 

രണ്ടു മാസം കഴിഞ്ഞു എല്ലാവരെയും ഞെട്ടിച്ചു റിസൾട്ട്‌ വന്നു.   ഇഷ യൂണിവേഴ്സിറ്റി ടോപ്പേർ ആയി. തന്റെ പരിശ്രമം കൊണ്ട് പലരുടെയും നാവടപ്പിക്കാൻ അവൾക്കു കഴിഞ്ഞു. വിവരം അറിഞ്ഞ അമ്മായിഅമ്മ പറഞ്ഞു "ഓൻ അല്ലേ എല്ലാ പറഞ്ഞു കൊടുത്തേ അപ്പോൾ പാസ്സ് ആകും എന്ന് ". ഇഷ ചിരിച്ചു കുടുംബ പ്രാരാബ്‌ദം കൊണ്ട് പത്തിൽ പഠിത്തം ഉപേക്ഷിച്ചു ജോലിക്ക് കേറിയ ആളാണ് ഇക്ക............ അവളുടെ വിജയം അദ്ദേത്തിന്റെ കൂടെ ആകുന്നതിൽ അവൾക്കു സന്തോഷമേ ഉള്ളു.. അയ്യോ...... ദേ കുഞ്ഞു കരച്ചിൽ തുടങ്ങി അവൾ അകത്തോട്ടു ഓടി.

 

ജിയ ജോർജ് 

കവർ ചിത്രം: ബിനോയ് തോമസ്