ഒരു കുടുംബപുരാണം.com

Jan. 23, 2021

ഒരാൾ ഒരിക്കൽ കല്യാണം കഴിച്ചു ..
കുറെ മക്കളുണ്ടായി ......

1).ഇവനാണ് അപ്പന് ഏറ്റവും പ്രിയപ്പെട്ടവൻ.ഏറ്റവും മൂത്തവൻ....
അപ്പൻ അവനേ business,banking,job എന്നുവേണ്ട എല്ലാത്തിനും പങ്കളിയാക്കിയിട്ടുണ്ട് ..അപ്പൻ അവനേ Email എന്ന് പേരിട്ടു ..

രണ്ടാമനും മൂന്നാമനും ഫ്രീക്കൻ മാരാണ് ..അപ്പന്റെ സ്ഥലം മുഴുവൻ വിറ്റുതുലക്കുന്നത് ഇവന്മാരാണ്...

2.ഇവൻ അൽപ്പം സുന്ദരൻ ആയതു കൊണ്ട് അപ്പൻ അവനേ Facebook എന്ന് വിളിച്ചു..അവനൊരു കാമുകി ഉണ്ടായിരുന്നു Tiktok mol ...അവളുടെ അപ്പന്റെ കയ്യിലിരിപ്പ് കൊണ്ട് ആ ബന്ധം തകർന്നു ..കലികാലം ..
എന്തുതന്നെ ആയാലും കല ,സാഹിത്യം ,സിനിമ എന്നുവേണ്ട എല്ലാ മേഖലകളും ഇവന് താൽപ്പര്യമാണ് .എന്തും അങ്ങ് വളർത്തിക്കൊള്ളും ...

3.മൂന്നാമൻ Watssapp.തരികിട....
"group"ism ആണ് പ്രധാന വിനോദം ...നമ്മുടെ കേരള രാഷ്ട്രീയം പോലെ ...group ഓട് group ..പത്താം ക്ലാസ്സുകാരുടെ group ,+2 കാരുടെ group,back benchers group,class മുറിയിൽ ഇരുന്ന് ഉറങ്ങിയവരുടെ ഗ്രൂപ്പ്,ഗ്രൂപ്പിനകത്തു group,എന്നുവേണ്ട ഈ ഒറ്റ ചിന്തയെ അവനൊള്ളു .. എന്താണെങ്കിലും അവന്റെ നിലനിൽപ്പിനു   എന്തോ ഭീഷണി ഉയർന്നിട്ടുണ്ട് ...അവന്റെ കയ്യിലിരുപ്പ് തന്നെ കാരണം ....................
Big Bro,Facebook പാരാ വച്ചതാണെന്ന അടക്കം പറച്ചിലുണ്ട് ...ഉടനെ അറിയാം കാര്യങ്ങൾ ...

ഇനിയുള്ള രണ്ടു മൂന്നെണ്ണത്തിനു അങ്ങ് gulf ആണ്‌ താൽപ്പര്യം ..Imo,Botim ,Zoom എന്നൊക്കെയാണ് പേരുകൾ 

ഏറ്റവും ഇളയവർ ഇരട്ടകളാണ് (non identical ) പേര് Telegram ഉം,
Signal ഉം ...........
അവർ എന്തായി തീരുമോ ആവൊ ??അവരുടെ "app"ചേട്ടനെ അവർ വകവെച്ചേക്കുമോ എന്ന് അപ്പന് നല്ല പേടിയുണ്ട് ...competetive world അല്ലേ ..Survival of the Fittest തന്നെ ..
..
ഒരു മകൻ പണ്ടേ മരിച്ചുപോയി ..Orkut എന്നായിരുന്നു അവന്റെ പേര് 

രണ്ടെണ്ണം കൂടെ ഉണ്ട് ,twiitter ,instagram ..അവര് ഒരു 
മൂലയിൽ 
ഇരുന്ന് എന്തൊക്കയോ കാട്ടികൂട്ടുന്നുണ്ട് ... 

NB:അപ്പന് പ്രായമായി ..മക്കളെ എല്ലാവരെയും അങ്ങ് ഓർമ്മവരുന്നില്ല .🤪

 

സോണിയ സുബീഷ്

 

കവർ ചിത്രം: ബിനോയ് തോമസ് 
 

കൈപ്പുഴ രാജ്ഞിയും പുളിംകുന്നുദേശവും

Jan. 22, 2021

വടക്കുംകൂർ രാജവംശത്തിലെ ഒരു ശാഖക്കാർ ഒരു കാലത്തു ഏറ്റുമാനൂർ താലൂക്കിൽ ചേർന്ന കൈപ്പുഴ എന്ന സ്ഥലത്തു താമസിച്ചിരുന്നു. അവരെ അക്കാലത്തു സാധാരണമായി 'കൈപ്പുഴ തമ്പുരാക്കന്മാർ’ എന്നാണു പറഞ്ഞുവന്നിരുന്നത്.

അവിടെ നിന്നു ഒരു തമ്പുരാട്ടിയെ ഒരമ്പലപ്പുഴ(ചെമ്പകശ്ശേരി)ത്തമ്പുരാൻ സംബന്ധം ചെയ്തു കൊണ്ടുപോയിരുന്നു. അമ്പലപ്പുഴ തമ്പുരാക്കന്മാർ ബ്രാഹ്മണരായിരുന്നുവല്ലോ.

മലയാള ബ്രാഹ്മണരിൽ മൂത്തയാൾ മാത്രം സ്വജാതിയിൽ വിവാഹം ചെയ്യുകയും മറ്റുള്ളവരെല്ലാം ബ്രാഹ്മണരിൽ താണ ജാതിക്കാരുടെ സ്ത്രീകളെ സംബന്ധം ചെയ്യുകയാണല്ലോ പതിവ്. ഒരു കാലത്തു അമ്പലപ്പുഴെ ജ്യേഷ്ഠാനുജന്മാരായിട്ടു രണ്ടു തമ്പുരാക്കന്മാരുണ്ടായിരുന്നു.

അവരിൽ രണ്ടാമനാണു കൈപ്പുഴ രാജ്ഞിയെ സംബന്ധം ചെയ്തു കൊണ്ടുപോയത്. എങ്കിലും കുറച്ചു കാലം കഴിഞ്ഞപ്പോൾ അദ്ദേഹത്തിനു മൂപ്പും രാജ്യാധിപത്യവും വർദ്ധിച്ചു.

അക്കാലത്തു ആ തമ്പുരാൻ സ്വരാജ്യത്തിൽ 'പുളിങ്കുന്നു' എന്ന ദേശം തന്റെ പ്രിയതമയായ രാജ്ഞിക്കു ഇഷ്ടദാനമായി കൊടുത്തു. അവിടെ ഒരു ഭവനമുണ്ടാക്കി കൊടുത്ത് ആ രാജ്ഞിയേയും സന്താനങ്ങളേയും പാർപ്പിച്ചു. ആ തമ്പുരാന്റെ കാലം കഴിഞ്ഞിട്ടും ആ തമ്പുരാട്ടിയും മക്കളും അവിടെ തന്നെ താമസിച്ചിരുന്നു.

ആ ദേശത്തെ നികുതി പിരിക്കാനുള്ള അധികാരം അവിടേയ്ക്കുണ്ടായിരുന്നതു കൂടാതെ അവിടുത്തെ ഭർത്താവായിരുന്ന തമ്പുരാൻ അവിടേയ്ക്കു ധാരാളം പണം കൊടുക്കുകയും ചെയ്തിരുന്നു. അതിനാൽ അവിടെ വേണ്ടതിനൊന്നും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.

കുട്ടിപ്പട്ടന്മാർ, ഭൃത്യന്മാർ, പരിചാരികമാർ, കാര്യസ്ഥന്മാർ മുതലായവരും ധാരാളമുണ്ടായിരുന്നു. ശമ്പളം കൊടുക്കാൻ വേണ്ടുന്ന മുതലുണ്ടെന്നു കണ്ടാൽ സേവിക്കാനാളുകൾ ധാരാളമുണ്ടാകുമല്ലോ. അതിനാൽ രാജ്ഞി യഥാപൂർവം വേണ്ടുന്ന പദവികളോടുകൂടിയാണു അവിടെ താമസ്സിച്ചിരുന്നത്.

ഇങ്ങിനെയിരിക്കുന്ന കാലത്താണു തിരുവതാംകൂർ മഹാരാജാവ് അമ്പലപ്പുഴ രാജാവുമായി യുദ്ധം ആരംഭിച്ചത്. ആ യുദ്ധത്തിൽ അമ്പലപ്പുഴ രാജാവ് പരാജിതനായിത്തീരുമെന്നു ഏകദേശം തീർച്ചയായപ്പോഴേക്കും, തിരുവതാംകൂർ മഹാരാജവിന്റെ സൈന്യം പുളിങ്കുന്നിലേക്കുകൂടിക്കടന്നു. വല്ല ഉപദ്രവവുമുണ്ടാക്കിയേക്കുമോ എന്നു വിചാരിച്ചു രാജ്ഞിയ്ക്കു പരിഭ്രമവും, ഭയവുമുണ്ടായി, '

ഏതായാലും ഇനി ഇവിടുത്തെ താമസം അത്ര ശുഭമായി വരുകയില്ല. കഴിയുന്ന വേഗത്തിൽ കൈപ്പുഴയ്ക്കു പോകണം' എന്നു രാജ്ഞി തീർച്ചപ്പെടുത്തുകയും ആ വിവരം കാര്യസ്ഥന്മാരെ ധരിപ്പിച്ചു വേണ്ടുന്നതെല്ലാം തയ്യാറാക്കുവാൻ ചട്ടം കെട്ടുകയും ചെയ്തു. അക്കാലത്തു പുളിങ്കുന്നിൽ വലിയ ധനവാന്മാരായ നായന്മാർ മുന്നൂറിൽപ്പരം വീട്ടുകാരുണ്ടായിരുന്നു.

ഈ നായന്മാരല്ലാതെ സാമാന്യം പോലെ ആ ദിക്കിലാരുമുണ്ടായിരുന്നില്ലന്നു തന്നെ പറയാം. നസ്രാണിമാപ്പിളമാർ നാലോ അഞ്ചോ കുടുംബക്കാരുണ്ടായിരുന്നു വെങ്കിലും അവരെല്ലാം അന്നന്നു കൂലിവേല ചെയ്തു അഹോവൃത്തി കഴിക്കുന്ന അഗതികളായിരുന്നു. രാജ്ഞിക്കു രാജ്യാധിപത്യം കൂടിയുണ്ടായിരുന്നതിനാൽ അവിടെയുള്ള സകലജനങ്ങളും രാജ്ഞിയുടെ ആജ്ഞയിലുൾപ്പെട്ടാണു അവിടെ താമസിച്ചിരുന്നത്.

രാജ്ഞിയുടെ ഭർത്താവായ രാജാവ് തീപ്പെട്ടുപോയതിന്റെ ശേ‌ഷവും ആ രാജപത്നിയെക്കുറിച്ചുള്ള ഭക്തിയും ബഹുമാനവും ആർക്കും കുറഞ്ഞിരുന്നില്ല. എങ്കിലും രാജ്ഞി യാത്ര നിശ്ചയിച്ചിരിക്കുന്നുവെന്നു കേട്ടപ്പോൾ, അക്കാലംവരെ അവർക്കു വേണ്ടി പ്രാണത്യാഗം ചെയ്വാൻ പോലും തയ്യാറായിരുന്ന ആ നായന്മാരുടെ ഭാവം മാറി.

 തങ്ങളുടെ രക്ഷാധികാരിണിയായിരുന്ന രാജ്ഞി ദേശംവിട്ടു പോകുന്നു എന്നു കേട്ടാൽ ഒന്നു ചെന്നു കാണണമെന്നോ തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്തുകൊടുക്കണമെന്നോ തോന്നുന്നതു സ്വാഭാവികമാണല്ലോ. എന്നാൽ ആ ദിക്കിലുള്ള നായന്മാർക്കു ആ വക ലൗകിക വിചാരമൊന്നുമുണ്ടായില്ല.

അവിടെ കൂടെത്താമസിച്ചിരുന്ന ഭൃത്യന്മാർ പോയി രണ്ടു വഞ്ചികൾ കൊണ്ടുവന്നു അവിടെയുണ്ടായിരുന്ന ഭരണി, പാത്രങ്ങൾ മുതലായ സാമാനങ്ങളെല്ലാം ഒരു വഞ്ചിയിലാക്കി. ഉടനെ പണ്ടങ്ങളും പണമായിട്ടുണ്ടായിരുന്നതെല്ലാം എടുത്തും കൊണ്ടു തന്റെ സന്താനങ്ങളോടു കൂടി രാജ്ഞി മറ്റെ വഞ്ചിയിലും ചെന്നു കയറി.

അപ്പോഴേക്കും ഭൃത്യന്മാരും എവിടെയൊ പൊയ്ക്കളഞ്ഞു, പരിചാരക ന്മാർ, കുട്ടിപ്പട്ടന്മാർ മുതലായവരും ഭൃത്യന്മാർ പോയ പുറകെ പോയി. കിംബഹുനാ? രാജ്ഞിയും അവിടുത്തെ സന്താനങ്ങളും മാത്രം അവിടെ ശേ‌ഷിച്ചു. സഹായത്തിനുള്ള ആളുകളും വഞ്ചിക്കാരുമെല്ലാം വരുമെന്നു വിചാരിച്ചു അവർ വളരെ നേരം ആ വഞ്ചിയിൽ നോക്കിക്കൊണ്ടിരുന്നു.

ആരെയും കണ്ടില്ല. നേരം വൈകിത്തുടങ്ങുകയും ചെയ്തു. അപ്പോൾ രാജ്ഞിയ്ക്കു ഭയവും വ്യസനവും വർദ്ധിച്ചുതുടങ്ങി. 'ഈശ്വരാ! ഇവരെല്ലാം കൂടി എന്നെ ചതിക്കുകയായിരിക്കുമോ'? എന്നു പറഞ്ഞു ആ രാജ്ഞി കുറേശ്ശേ കരഞ്ഞുതുടങ്ങി.

അമ്മയുടെ മുഖഭാവം മാറിക്കണ്ടപ്പോൾ മക്കളെല്ലാം കൂട്ടത്തോടെ കരഞ്ഞു തുടങ്ങി. നാലു വയസ്സു മുതൽ പത്തു വയസ്സുവരെ പ്രായമായ മൂന്നാലു കുട്ടികളല്ലാതെ പ്രായം തികഞ്ഞവരായി ആ രാജ്ഞിയുടെ മക്കളിലാരുമുണ്ടായിരുന്നില്ല.

രാജ്ഞി ഒരുവിധം തന്റെ വ്യസനത്തെ ഉള്ളിലൊതുക്കുകയും കുട്ടികളെ സമാധാനപ്പെടുത്തുകയും ചെയ്തിട്ട് തന്റെ മൂത്ത പുത്രനെ അവിടെ സമീപത്തുണ്ടായിരുന്ന നായർഗൃഹങ്ങളിലെല്ലാം പറഞ്ഞയച്ചു അവരെയൊക്കെ വിളിപ്പിച്ചു. അവരിൽ സ്ത്രീകളാകട്ടെ പുരു‌ഷന്മാരാകട്ടെ യതൊരുത്തരും വന്നില്ല.

എന്നുമാത്രമല്ല,ആ രാജകുമാരൻ ചെന്നു വിളിച്ചിട്ട് അവരാരും മിണ്ടിയതു പോലുമില്ല. പിന്നെ രാജ്ഞി ആ കുമാരനെത്തന്നെ ചില മാപ്പിളവീടുകളിൽ പറഞ്ഞയച്ചു.

അവിടെയൊക്കെ ചെന്നു നോക്കിയിട്ടു ആരെയും കണ്ടതു പോലുമില്ല. ആ വിവരവും കുമാരൻ മടങ്ങിവന്നു പറഞ്ഞു. അപ്പോൾ രാജ്ഞി താൻ നിസ്സഹായയിത്തീർന്നുവെന്നു തീർച്ചയാക്കി. രാവിലെ ഊണുകഴിച്ചു

വഞ്ചിയിൽ കയറിയ കുട്ടികളെല്ലാം വിശപ്പു കൊണ്ടു ക്ഷീണിച്ചു കരഞ്ഞു തുടങ്ങിയിരിക്കുന്നു. സൂര്യൻ അസ്തമിക്കാറായിരിക്കുന്നു. ‘ഇനി എന്തൊരു ഗതിയാണീശ്വരാ!’ ആകപ്പാടെ ആപത്തിലായല്ലോ എന്നു പറഞ്ഞു രാജ്ഞി വീണ്ടും കരഞ്ഞു തുടങ്ങി. അതു കണ്ടപ്പോൾ കുട്ടികളുടെ കരച്ചിൽ ഒന്നു കൂടി വർദ്ധിച്ചു.

ഇങ്ങിനെ അവരെല്ലാവരും കൂടി കരഞ്ഞുകൊണ്ടിരുന്നപ്പോൾ സ്വല്പം ദൂരെ കൂടി നാലു മാപ്പിളമാർ കടന്നു പോകുന്നതു കണ്ടിട്ട് രാജ്ഞി തന്റെ പുത്രനെക്കൊണ്ട് അവരെ വിളിപ്പിച്ചു.

അവർ അടുത്തു വന്നപ്പോൾ രാജ്ഞിയെ കാണുകയും താണു തൊഴുതുകൊണ്ട് 'ഇപ്പോൾ ഇവിടെയിങ്ങനെയെഴുന്നള്ളിയിരിക്കുന്നതെന്താണു എന്നു ചോദിച്ചു. രാജ്ഞി സംഗതികളെല്ലാം പറഞ്ഞു അവരെ ധരിപ്പിച്ചതിന്റെ ശേ‌ഷം 'ഏതുവിധവും നിങ്ങൾ കഴിയുന്നതും വേഗത്തിൽ എന്നെയും എന്റെ കുട്ടികളെയും കൈപ്പുഴെ കൊണ്ടുചെന്നാക്കണം.

അതിനു നിങ്ങൾക്കു എന്തു വേണമെങ്കിലും തരാം’ എന്നു പറഞ്ഞു. അതു കേട്ടു മാപ്പിളമാർ ‚‘ഒന്നും കല്പിച്ചു തന്നില്ലെങ്കിലും അവിടേയ്ക്കു വേണ്ടി എന്തും ചെയ്യാൻ അടിയങ്ങൾ തയ്യാറാണ്.

 വിശേ‌ഷിച്ചും ഈ സ്ഥിതിയിൽ അടിയങ്ങളാൽ കഴിയുന്നതു ചെയ്തില്ലങ്കിൽ പിന്നെ മനു‌ഷ്യരായി ജീവിക്കുന്നതെന്തിനാണ്? അവിടുത്തെ ചോറാണു അടിയങ്ങൾ ഇതുവരെ തിന്നിട്ടുള്ളത്. അതു ചത്താലും മറക്കുകയില്ല.

എന്നാൽ കല്പിച്ചു ഒരര നാഴിക ഒന്നു ക്ഷമിക്കണം. അടിയങ്ങൾ നേരം വെളുത്തപ്പോൾ കൂലിവേലയ്ക്കു വിടകൊണ്ടതാണ് . ഇന്നു കരിക്കാടി ആഹരിച്ചിട്ടില്ല. അതിനാൽ ക്ഷണത്തിൽ കുറച്ചു കരിക്കാടിവെള്ളം മൊന്തികൊണ്ടു വിടകൊള്ളാം. കല്പിച്ച കാര്യം അടിയങ്ങൾ ഏറ്റിരിക്കുന്നു.

അതിനു യാതൊരു വ്യത്യാസവും വരുത്തുകയില്ല‛ എന്നു പറഞ്ഞു പോയി. ഉടനെ അവർ നാലു പേരും ആഹാരവും കഴിച്ചു വന്നു വഞ്ചികളിൽ ഈരണ്ടു പേർ കയറി.

വഞ്ചി നീക്കാറായപ്പോൾ ശുദ്ധഹൃദയയായ ആ രാജ്ഞി വ്യസനാക്രാന്തയായി കരഞ്ഞുകൊണ്ട് 'എന്റീശ്വരാ! ഈ ദിക്കിലുള്ള നായന്മാരെല്ലാം നശിച്ചു പോണേ. മാപ്പിളമാരെല്ലാം സകലശ്രയസ്സുകളോടു കൂടിവർദ്ധിച്ചു വരികയും ചെയ്യണേ' എന്നു പറഞ്ഞിട്ടു ആപത്തൊന്നും കൂടാതെ തന്റെ പൂർവ്വഗൃഹത്തിൽ ചെന്നെത്താനായി ഈശ്വരനെ പ്രാർഥിച്ചു.

യാതൊരാപത്തിനും ഇടയാകാതെ പിറ്റേദിവസം അതിരാവിലെ വഞ്ചികൾ കൈപ്പുഴക്കടവിലടുത്തു. രാജ്ഞിയും മക്കളും കരയ്ക്കിറങ്ങി; രാജമന്ദിരത്തിലേക്കുപോയി. തലേദിവസം ഭക്ഷണം കഴിക്കാതെയിരുന്നതിനാൽ അവർക്കു വളരെ ക്ഷീണമുണ്ടായിരുന്നു.

അതിനാൽ ഉടനെ അവർ കുറച്ചു ഭക്ഷണം കഴിച്ചു. അപ്പോഴേയ്ക്കും വഞ്ചിക്കാരായ മാപ്പിളമാരും കൈപ്പുഴ ഉണ്ടായിരുന്ന ഭൃത്യന്മാരും കൂടി സാമാനങ്ങളെല്ലാം ചുമന്നു കോയിക്കലാക്കി. രാജ്ഞി ആ മാപ്പിളമാർക്കു കേമമായി ഭക്ഷണം കൊടുപ്പിക്കുകയും അവർ വിചാരിച്ചിരുന്നതിൽ വളരെ അധികം പണവും സമ്മാനങ്ങളും കൊടുത്തു സന്തോ‌ഷിപ്പിച്ചയക്കുകയും ചെയ്തു.

രാജ്ഞി പുളിങ്കുന്നിൽനിന്നു പോയിട്ടു അധികം തമസിയാതെ തന്നെ തിരുവതാംകൂർ മഹാരാജാവ് അമ്പലപ്പുഴ രാജ്യവും അതൊടു കൂടി പുളിങ്കുന്നും പിടിച്ചടക്കി സ്വരാജ്യത്തോടുചേർത്തു. ആ രാജ്ഞിയുടെ ശാപവും അനുഗ്രഹവും നിമിത്തം കാലക്രമേണ പുളിങ്കുന്നിലുണ്ടായിരുന്ന നായർകുടുംബങ്ങളെല്ലാം നശിക്കുകയും മാപ്പിളമാരെല്ലാം വർദ്ധിക്കുകയും ചെയ്തു.

ഇപ്പോൾ പുളിങ്കുന്നെന്ന സ്ഥലത്തു നാലോ അഞ്ചോ നായർ കുടുംബങ്ങൾ മാത്രമേയുള്ളു.

ആ കുടുംബക്കാരെല്ലാം നിത്യവൃത്തിക്കു പോലും വകയില്ലാതെ അഗതികളുമാണ്. അവിടെയിപ്പോൾ നസ്രാണി മാപ്പിളമാരുടെ വീടുകൾ മുന്നൂറിലധികമുണ്ട്.

ആ വീട്ടുകാരിൽ മിക്കവരും വലിയ ധനവാന്മാരുമാണ്. പുളിങ്കുന്നിലുള്ള നായന്മാരുടെ അധഃപതനത്തിനും ആപത്തുകൾക്കും കാരണം കൈപ്പുഴ രാജ്ഞിയുടെ ശാപമാണെന്നു അടുത്ത കാലത്തു പാഴൂർ കണിയാരുടെ പ്രശ്നവിധിയുണ്ടായിട്ടുണ്ട്.

 

രഞ്ജിത്ത് മാത്യു

 

അടുത്ത ലക്കം, 

നാലേക്കാട്ടു പിള്ളമാർ

 

കവർ ചിത്രം: ബിനോയ് തോമസ് 

ബന്ധങ്ങൾ (നോവൽ - 39)

Jan. 20, 2021

പ്രഭാതത്തിലെ ആ തണുത്തുറഞ്ഞ അന്തരീക്ഷത്തില്‍ പോലും ഉമ്മച്ചന്‍റെ മനസ്സിനെ  അസ്വസ്ഥയുടെ കരിമ്പടകെട്ടുകള്‍ പൊതിഞ്ഞിരുന്നു. ആ അസ്വസ്ഥയുടെ കരിമ്പടകെട്ടുകളില്‍ നിന്നുമൊരു മോചനം പ്രതീക്ഷിച്ചായിരുന്നു ഉമ്മച്ചന്‍ വണ്ടിയില്‍ ഇരിക്കുന്ന യാത്രക്കാരെയെല്ലാം വെറുതെയൊന്നു വീക്ഷിച്ചത്. നിത്യവൃത്തിക്കായി കാര്‍ഷിക ഉത്പന്നങ്ങളുമായി ചന്തയിലേക്ക് പോകുന്നവരുടെ തിരക്ക് വണ്ടിയില്‍ വളരെ കുറവായിരുന്നു. കാലം മാറുന്നത് അനുസരിച്ചു കോലവും മാറുന്ന നാടിന്‍റെ മുഖചിത്രം ഉമ്മച്ചന്‍റെ മനസ്സില്‍ ചിന്തകളുടെ വേലിയേറ്റം തന്നെ രൂപപ്പെടുത്തി.

 

 

കാളവണ്ടിയിലും മറ്റും സാധങ്ങളുമായി  ചന്തയിലേക്ക് പോയിരുന്ന കര്‍ഷകരുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ഗ്രാമത്തിന്‍റെ മുഖച്ചായ തന്നെ മാറിപ്പോയിരിക്കുന്നു. ഉയര്‍ന്നു പൊങ്ങുന്ന സൌധങ്ങള്‍ പ്രൌഡിയുടെ മഹിമകള്‍ വിളിച്ചോതുന്നു. ചിന്തകള്‍ കാടുകയറി തുടങ്ങിയപ്പോഴാണ് വണ്ടിയുടെ മുന്‍വശത്ത് ഇടതുവശം ചേര്‍ന്ന് സീറ്റില്‍ ഇരിക്കുന്ന കത്രീനയുടെ മുഖം ഉമ്മച്ചന്‍റെ ശ്രദ്ധയില്‍ പതിഞ്ഞത്.

 

അവരുമായി ബന്ധുത്വമുണ്ടെങ്കിലും, നല്ല യാത്രകളില്‍ ഒരിക്കല്‍ പോലും ഉമ്മച്ചന്‍ കാണുവാന്‍ ആഗ്രഹിക്കാത്ത മുഖമായിരുന്നു കത്രീനയുടേത്. അവരുടെ കണ്ണുകളില്‍ ആരുടെയെങ്കിലും നിഴല്‍ പതിച്ചാല്‍ പോലും ഇറങ്ങിതിരിക്കുന്ന കാര്യങ്ങള്‍ക്ക് വിഘ്നം നേരിടുമെന്നുള്ള ചിന്ത ഉമ്മച്ചന്‍റെ മനസ്സിനെ ഉമ്മിതീയില്‍ നീറ്റുന്നത്പോലെ നീറ്റുക തന്നെ ചെയ്തു.

 

 

ചിന്നമ്മയുടെ വീട്ടില്‍ നിന്നും കാര്‍ തിരകെ കൊണ്ടുവരുന്നത് വരെ തട്ടുകേടൊന്നും വരുത്താതെ കാത്തു കൊള്ളണമേയെന്ന്‍ ഗീവറുഗീസ് പുണ്യവാളനോട്‌ പ്രാര്‍ഥിക്കുകയും, ചെറിയൊരു നേര്‍ച്ച കൈകൂലിപോലെ നേരുകയും ചെയ്യുവാനും ഉമ്മച്ചന്‍ മടിച്ചില്ല. ഉമ്മച്ചന്‍റെ വെപ്രാളവും പരവേശവും കണ്ടപ്പോള്‍ ഈപ്പച്ചന് ദേഷ്യം തോന്നി തുടങ്ങിയിരുന്നു.  

 

 

എന്താടാ പ്രശ്നം?.

 

 

 

വിളറി വെളുത്തതുപോലെയിരിക്കുന്ന ഉമ്മച്ചനെ തോണ്ടി വിളിച്ചുകൊണ്ടായിരുന്നു ഈപ്പച്ചന്‍റെ ആ ചോദ്യം. അപ്പന്‍റെ ചോദ്യം കേട്ടതും ഉമ്മച്ചന്‍ തല ഉയര്‍ത്തിയിട്ട് വണ്ടിയുടെ മുന്‍വശത്തേക്ക് കൈ ചൂണ്ടി. അവിടെ ഇരിക്കുന്ന ആളിനെ കാട്ടി കൊടുത്തു കൊണ്ട് മുഖം വീണ്ടും താഴ്ത്തി അങ്ങനെ ഇരുന്നു.

 

 

നമ്മള്‍ ഇന്ന്‍  പോകുന്ന കാര്യം നടക്കുക തന്നെ ചെയ്യും. തടസ്സങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ എങ്ങനെ തരണം ചെയ്യണമെന്ന് ബേബിച്ചന് അറിയാവുന്നത് പോലെ മറ്റു മക്കള്‍ക്ക് കൂടി അറിഞ്ഞിരുന്നുവെങ്കില്‍ നന്നായിരുന്നുവന്നുവെന്ന് ആത്മഗതം പോലെ പറയുവാനും ഈപ്പച്ചന്‍  മടിച്ചില്ല.

 

 

വണ്ടിയില്‍ നിന്നും ഇറങ്ങുന്ന വേളയില്‍ ഉമ്മച്ചന്‍റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ടായിരുന്നു കത്രീനയുടെ ആ കണ്ടുമുട്ടല്‍..

 

ആഹാ നിങ്ങള്‍ എങ്ങോട്ടാ?.

 

 

വണ്ടിയിലിരുന്ന്‍ സംസാരിക്കുവാന്‍ പറ്റാതിരുന്നതിന്‍റെ വിഷമം അവരുടെ മുഖത്ത് വാടിയ പൂമൊട്ടുകള്‍ പോലെ തളര്‍ന്ന് കിടന്നു. ആ വിഷമം അവര്‍ ഉടനെ തന്നെ പ്രകടിപ്പിക്കുകയും ചെയ്തു.

 

ഉമ്മച്ചാ നിന്നെ കുറിച്ച് ഞാന്‍ ഇങ്ങനെയൊന്നുമല്ല കരുതിയത്. വണ്ടിയില്‍ മറ്റുള്ളവര്‍ കേള്‍ക്കുമെന്നുള്ള ചിന്തയൊന്നുമില്ലാതെയുള്ള അവരുടെ സംസാരം കേട്ടപ്പോള്‍ ഉമ്മച്ചന് ദേഷ്യം തോന്നിയെങ്കിലും ആത്മസംയമനം പാലിച്ചു.

 

ഉത്തരം ഒന്നും പറയാതെ നില്‍ക്കുന്ന ഈപ്പച്ചനെയും, ഉമ്മച്ചനേയും കണ്ടപ്പോള്‍ കത്രീനയ്ക്ക് ദേഷ്യം തോന്നതിരുന്നില്ല. നിങ്ങള്‍ പോകുന്ന കാര്യം എന്തായാലും അതിന് കുറെ നാള്‍ നടന്നു കഴിഞ്ഞാലേ ഒരു തീരുമാനത്തില്‍ എത്തുകയുള്ളൂ. കത്രീനയുടെ നാക്കിന്‍റെ ശക്തിയെ കുറിച്ച് അറിയാവുന്ന ഉമ്മച്ചന്‍റെ മനസ്സപ്പോള്‍ വെന്ത് നീറുകയായിരുന്നു.

 

ചിന്നമ്മയുടെ ആങ്ങള തൊമ്മിക്കുഞ്ഞിനെ പറ്റി ഉമ്മച്ചന്‍ ആലോചിച്ചുനോക്കി. നല്ല പൊക്കവും, ഒത്തവണ്ണവുമുള്ള അയാളെ മെരുക്കുന്ന കാര്യം ഓര്‍ത്തപ്പോള്‍ ഉമ്മച്ചനില്‍ ഷോക്ക്‌ അടിച്ചതുപോലൊരു പ്രതീതി സംജാതമായി. പ്രതീക്ഷകള്‍ക്ക് അപ്പുറം വളര്‍ന്നു വന്ന സൌധങ്ങള്‍ തകര്‍ന്നു തരിപ്പണം ആകുന്നതിന്‍റെ വേദന ഉമ്മച്ചന്‍റെ മനസ്സിനെ കാര്‍ന്നു തിന്നു തുടങ്ങിയപ്പോഴാണ് കത്രീനയുടെ സ്വരം ഉയര്‍ന്നു അന്തരീക്ഷത്തില്‍ പ്രകമ്പനം കൊണ്ടത്‌.

 

 

പറയുവാന്‍ പറ്റില്ലെങ്കില്‍ വേണ്ടടാ..... അപ്പനും മോനും കൂടി പോയി കാര്യം സാധിച്ചിട്ട്‌ തിരകെ വരുന്നത് എനിക്കൊന്ന് കാണണം. ബസില്‍ നിന്നും കത്രീന ഇറങ്ങി പോകുന്നത് കണ്ടപ്പോള്‍ ഈപ്പച്ചന്‍ മെല്ലെ ഒന്ന് പുഞ്ചിരിച്ചിട്ട്‌ നാക്ക് നീട്ടി പല്ല് ഞെരിച്ചിട്ട് പിറുപിറുത്തു.

 

 

ഒരു ശകുനം മുടക്കി വന്നിരിക്കുന്നു.  ഈ നശൂലം അപ്രതീക്ഷിതമായിട്ടാണ് എല്ലായിടത്തും മുഖം കാണിക്കുവാന്‍ എത്തുന്നത്. ഉമ്മച്ചന്‍ അപ്പന്‍റെ വാക്കുകള്‍ കേട്ടെങ്കിലും മൌനം ഭാവിച്ച് തലയില്‍ കയ്യും കൊടുത്തു അങ്ങനെ തന്നെയിരുന്നു.

 

 

ചിന്നമ്മയുടെ വീട്ടില്‍ എത്തുന്നതു വരെ അവര്‍ പരസ്പരം ഒന്നും തന്നെ സംസാരിച്ചില്ല. ചിന്നമ്മയുടെ വീട്ടുപടിക്കല്‍ എത്തിയപ്പോള്‍ അവിടെ നിന്നും ഒരു സ്വാമി ഇറങ്ങി പോകുന്നത് കണ്ടപ്പോള്‍ ഉമ്മച്ചന്‍റെ മനസ്സില്‍ മറ്റൊരു സംശയം ഉടലെടുത്തു. ചര്‍ച്ചകള്‍ അലസി പിരിഞ്ഞു കഴിഞ്ഞാല്‍ യഥേഷ്ടം വിളമ്പി കൊടുക്കുവാന്‍ പുതിയൊരു കാരണം കൂടി കിട്ടിയതിന്‍റെ സന്തോഷം  ഉമ്മച്ചന്‍റെ മുഖത്തെ പതിവിലും  പ്രകാശപൂരിതമാക്കി.

 

 

ചിന്നമ്മയുടെ വീട്ടില്‍ അവരെ സ്വീകരിച്ചത് അവിടുത്തെ ഡ്രൈവറായ ഭദ്രന്‍ ആയിരുന്നു. അകത്തെ മുറിയില്‍ കിടക്കുകയായിരുന്ന കുഞ്ഞുവൈദ്യന് ഈപ്പച്ചന്‍റെയും, ഉമ്മച്ചന്‍റെയും ആഗമനം അപ്രതീക്ഷിതമായ പ്രതീതിയാണ് സമ്മാനിച്ചത്‌. കുശലപ്രശ്നങ്ങള്‍ നടത്തുന്നതിനിടയില്‍  അക്ഷമനായി കാണപ്പെട്ട ഉമ്മച്ചന്‍ ചിന്നമ്മയെ പറ്റി തിരക്കുവാന്‍ മറന്നില്ല.

 

അവളോ?. രണ്ടു ദിവസം മുന്‍പ് കാനഡയിലേക്ക് തിരകെ പോയല്ലോ.   കുഞ്ഞുവൈദ്യന്‍റെ മറുപടി ഉമ്മച്ചനില്‍ വലിയൊരു പ്രത്യാഘാതം തന്നെ സൃഷ്ടിച്ചു.

 

 

അപ്പോള്‍ ഞങ്ങളുടെ അംബാസിഡര്‍ കാറിന്‍റെ കാര്യമോ?. അതിനെ കുറിച്ച് വല്ലതും പറഞ്ഞിരുന്നോ?. ചോദ്യങ്ങളുടെ ശരമാല ഉമ്മച്ചനില്‍ നിന്നും പ്രവഹിക്കുന്നത് കണ്ടപ്പോള്‍ കുഞ്ഞുവൈദ്യന് ദേഷ്യം തോന്നിയെങ്കിലും സ്വയം നിയന്ത്രിച്ചിട്ടു ഉമ്മച്ചനോടായി പറഞ്ഞു.  

 

 

ഞാന്‍ വിചാരിച്ചു സുഖമില്ലാതെ ഇരിക്കുന്ന എന്നെ കാണുവാനാണ് നിങ്ങള്‍ വന്നതെന്ന്. പ്രതീക്ഷകള്‍ക്ക് മേല്‍ ഭംഗം നേരിട്ടപ്പോള്‍ കുഞ്ഞുവൈദ്യന്‍ വല്ലാത്ത നിരാശയുടെ ഭാവം പ്രകടിപ്പിച്ചുകൊണ്ട് കട്ടിലില്‍ നിവര്‍ന്നു കിടന്നു.

 

വണ്ടിയുടെ കാര്യങ്ങള്‍ ഒക്കെ എല്പ്പിച്ചിരിക്കുന്നത് തൊമ്മിക്കുഞ്ഞിനെയാണെന്ന് ഞാന്‍ പ്രത്യേകം പറയേണ്ടിയ കാര്യം ഇല്ലല്ലോ? വണ്ടിയുടെ ഇടപാടുകള്‍ ഒക്കെ അവനുമായി നേരിട്ട് തീര്‍ത്തിട്ട് വണ്ടിയും കൊണ്ട് പൊയ്ക്കോ.  

 

അതിന് മറുപടി പറഞ്ഞത് ഈപ്പച്ചനായിരുന്നു. വണ്ടിയുടെ ഇടപാട് ചിന്നമ്മയുമായി തീര്‍ക്കുന്നതിന്‍റെ ഒചിത്യത്തെ പറ്റി ഈപ്പച്ചന്‍ വചാലനാകുക തന്നെ ചെയ്തു. മരുമകള്‍ ഒപ്പിച്ചുകൂട്ടിയ കുരുക്ക് അഴിച്ചെടുക്കുവാന്‍ കുറെയേറെ നാളുകളെടുക്കുമെന്നുള്ള ചിന്ത ഈപ്പച്ചനെ ഭ്രാന്തമായ അവസ്ഥയില്‍ എത്തിച്ചു.

 

 

അച്ചായന്‍ വിഷമിക്കാതെ ഇരുന്നാട്ടെ. തൊമ്മിക്കുഞ്ഞ് വന്നാല്‍ ഉടനെ തന്നെ അതിനൊരു പരിഹാരം കാണുവാന്‍ നമ്മള്‍ക്ക് ശ്രമിക്കാം. പിന്നെയും ഏറെ നേരം കഴിഞ്ഞാണ് തൊമ്മികുഞ്ഞ് അവിടേക്ക് കടന്നു വന്നത്.

 

 

അക്ഷമനായി നിന്നിരുന്ന ഉമ്മച്ചന്‍ തൊമ്മിക്കുഞ്ഞുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. കാര്‍ കൊണ്ടുപോകുമെന്നുള്ള ഉമ്മച്ചന്‍റെ വീമ്പ് പറച്ചില്‍ കേട്ടപ്പോള്‍ തൊമ്മിക്കുഞ്ഞ് ഒന്ന് ചിരിച്ചു. ഞങ്ങളുടെ തറവാട്ടില്‍ വന്നിട്ട് അനുവാദം ഇല്ലാതെ കാര്‍ കൊണ്ടുപോകുവാന്‍ പറ്റുകയാണെല്‍ കൊണ്ടുപൊയ്ക്കോളൂ..

 

തൊമ്മിക്കുഞ്ഞിന്‍റെ ആ പരിഹാസം ഉമ്മച്ചനെ വല്ലാത്തൊരു മാനസികാവസ്ഥയ്ക്ക് ഉടമയാക്കി തീര്‍ത്തു. ഉമ്മച്ചന്‍ തൊമ്മിക്കുഞ്ഞിനു നേരെ കൈ ഓങ്ങി കൊണ്ട് ചാടി എഴുനേല്ക്കുകയും ചെയ്തു. ഉമ്മച്ചന്‍റെ ആക്രമണത്തെ തൊമ്മിക്കുഞ്ഞ് തടുക്കുകയും ഉമ്മച്ചന്‍റെ കവിള്‍ത്തടം ലക്ഷ്യമാക്കി കൈ ഓങ്ങി നല്ലൊരു അടി കൊടുക്കുകായും ചെയ്തു.

 

പിന്നെയും രംഗം വഷളായി കൊണ്ടിരുന്നു.

 

അപ്രതീക്ഷിതമായി കവിള്‍ത്തടത്തില്‍ കിട്ടിയ സമ്മാനത്തിന്‍റെ ആലസ്യത്തില്‍ നിന്നും പൂര്‍ണ്ണമായി മുക്തനാകാതെ ഇരുന്ന ഉമ്മച്ചന്‍ പ്രതിഷേധം നടത്തുവാന്‍ ശ്രമിച്ചെങ്കിലും തൊമ്മിക്കുഞ്ഞിന്‍റെ കായിക ശക്തിയ്ക്ക് മുന്‍പില്‍ പരാജിതനായി തീര്‍ന്നു.

 

ചിന്നമ്മയുടെ നിര്‍ദേശം ഇല്ലാതെ വണ്ടി വിട്ടു നല്‍കാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ട് തൊമ്മിക്കുഞ്ഞ് ഭദ്രനോടൊപ്പം കാറില്‍ എങ്ങോട്ടോ യാത്ര തിരിച്ചു. പിന്നെയും കുറയേറെ നേരം കഴിഞ്ഞാണ് ഉമ്മച്ചനും, ഈപ്പച്ചനും താഴത്ത്‌ വടക്ക് തറവാട്ടിലേക്ക് തിരകെ യാത്ര തിരിച്ചത്.

 

 

(തുടരും. )

 

 

രഞ്ജിത്ത് മാത്യു

 

 

കവർ ചിത്രം: ബിനോയ് തോമസ്

ഞങ്ങൾ സന്തുഷ്ടരാണ്

Jan. 17, 2021

ഞായറാഴ്ച കുർബാന കഴിഞ്ഞ് അന്നമ്മ ചേച്ചി സെമിത്തേരിയിലേക്ക് നടക്കുകയായിരുന്നു. തലേദിവസം ഉറങ്ങാത്തത് കൊണ്ടായിരിക്കണം ചേച്ചിയുടെ കണ്ണുകൾ വീർത്തു കെട്ടിയിരുന്നു. മോൾ റിൻസി ഇന്നലെ ലീവിന് വന്നിട്ടുണ്ട്. അവൾക്ക് ഇനി അവന്റെ കൂടെ ഒന്നിച്ചു ജീവിക്കാൻ കഴിയില്ല എന്നാണ് പറയുന്നത്. കഴിഞ്ഞപ്രാവശ്യം പ്രശ്നങ്ങൾ ഉണ്ടായപ്പോൾ എല്ലാവരും പറഞ്ഞു ഒത്തുതീർപ്പാക്കിയത് ആണ്. ഇത്തവണയും അവൾ കരഞ്ഞു കൊണ്ടാണ് വന്നത്.

 എല്ലാം കൂടി ആലോചിച്ചിട്ട് അന്നമ്മ ചേച്ചിയുടെ മനസ്സ് നീറി. സെമിത്തേരിയിൽ ചെന്ന് കണ്ണടച്ച് പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ, അടുത്തവീട്ടിലെ ചാക്കോ മാഷ് ,
" അന്നമ്മ മോള് വന്നില്ലേ? അവര് പിരിയാൻ പോവാ എന്ന് പറയുന്ന കേട്ടു. ഇപ്പോഴത്തെ പിള്ളേരുടെ കാര്യം കഷ്ടം തന്നെ."

 ഇത് വെറുമൊരു അമ്മച്ചിയുടെയും റിൻസിയുടെ കഥയല്ല. ഈ അമ്മ ചേച്ചിയും റിൻസി യും നമ്മുടെ ഇടയിൽ ഉണ്ട്. ചാക്കോ മാഷിനെ കാണാനും ഒരുപാട് ദൂരം പോണ്ട.

ഡിവോഴ്സ്  എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ മുഖം ചുളിക്കുന്ന ആളുകളെ ഞാൻ കണ്ടിട്ടുണ്ട്. അതല്ലെങ്കിൽ അടുത്ത എക്സ്പ്രഷൻ , 
' സഹതാപം ആണ് പാവം കുട്ടി അവളുടെ ജീവിതം ഇങ്ങനെ ആയിപ്പോയല്ലോ '. 

2017 സ്റ്റാറ്റസ് പഠനങ്ങൾ പ്രകാരം ഇന്ത്യയിൽ ഡിവോസ് റേറ്റ് വെറും ഒരു ശതമാനം മാത്രമാണ്. നമ്മുടെ കുടുംബവ്യവസ്ഥയെ പാടി പുകഴ്ത്താൻ പോകുന്നവർ ഒന്നാലോചിക്കുക, യാതൊരു രീതിയിലെ സന്തോഷവും സമാധാനവും ഇല്ലാതെ ഒരുപാട് ദമ്പതികൾ മുന്നോട്ടു പോകുന്നുണ്ട്. 

സമൂഹത്തിന്റെ പ്രതികരണം ഭയന്ന് മാത്രം ഒന്നിച്ചു ജീവിക്കുന്നവർ. അവർ അവരുടെ ജീവിതം ഇല്ലാതാക്കി തീർക്കുകയാണ്. ഒരു പുരുഷനും സ്ത്രീയും ഒന്നിച്ചു ജീവിക്കാൻ കഴിയുകയില്ല എന്ന് മനസ്സിലാക്കുന്ന സന്ദർഭത്തിൽ, അത് വിവാഹാനന്തരം ഒരു വർഷമോ 30 വർഷമോ അമ്പതുവർഷം ആയിരുന്നാലും, അവർക്ക് അഭിമാനപൂർവ്വം സന്തോഷത്തോടുകൂടി ചെയ്യുവാനും തുടർന്ന് അതേ സന്തോഷത്തോടുകൂടി ജീവിതം നയിക്കാനുള്ള അവസരം ഉണ്ട്. 

 ഒരു ജീവിത പങ്കാളി എന്ന വ്യക്തി ഒരു റൂം മേറ്റ് അല്ല. അതുകൊണ്ടുതന്നെ ആവശ്യം വരുന്നത് അനുസരിച്ച് റൂം മാറാൻ നമുക്ക് കഴിയില്ല. വിവാഹം കഴിക്കുന്ന സമയത്ത് മറ്റാരുടേയും പ്രേരണ ഇല്ലാതെ സ്വന്തമായി തീരുമാനം എടുക്കാൻ ശ്രദ്ധിക്കണം. അതുപോലെതന്നെ വിവാഹജീവിതം സന്തുഷ്ടം അല്ല രണ്ടുപേർക്കും ഒന്നിച്ച് ജീവിക്കാൻ കഴിയില്ല എന്നു ബോധ്യമാകുന്ന നിമിഷം, ഡിവോഴ്സ് ഉചിതമായ ഒരു സൊല്യൂഷൻ ആണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അതിനെപ്പറ്റി സധൈര്യം ആലോചിക്കണം.

 'അവള് ഡിവോസ് ആയതാ' എന്ന് ഇനി അടക്കം പറയാൻ പോകുന്നതിനുമുമ്പ് ആലോചിക്കുക, ഡിവോഴ്സ് ഒരു വലിയ കാര്യമല്ല. കല്യാണം പോലെ തന്നെ ഒരു പേഴ്സണൽ ചോയിസ് ആണ് ഡിവോഴ്സ്. മറ്റുള്ളവരുടെ സന്തോഷത്തിനായി സ്വന്തം ജീവിതവും,  സന്തോഷവും ഇല്ലാതാക്കി ഒന്നിച്ചു ജീവിക്കുവാൻ തയ്യാറാവാതെ സ്വന്തമായി തീരുമാനം എടുത്തത് പിരിയുന്നവരോട് എന്നും ബഹുമാനം മാത്രമേ ഉള്ളൂ. 

 നമ്മുടെ സംസ്കാരം അനുസരിച്ച് വിവാഹത്തോട് കൂടി മാത്രമേ ഒരു വ്യക്തിയുടെ ജീവിതം പൂർത്തിയാവുകയുള്ളൂ എന്ന കാഴ്ചപ്പാടാണ് ഡിവോഴ്സിനോടുള്ള ഈ വെറുപ്പിന് കാരണം. ഡിവോഴ്സിലൂടെ കടന്നു പോകുന്ന ഏതൊരു വ്യക്തിയും , വളരെയധികം മാനസിക സംഘർഷം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സമയമായിരിക്കും അത് . ആ സമയത്ത് കഴിവതും അവരെ സപ്പോർട്ട് ചെയ്തില്ലേലും ഉപദ്രവിക്കാതിരിക്കുക. എന്തുകൊണ്ടാണ് ഡിവോഴ്സ് നടക്കുന്നത് എന്നതിനെപ്പറ്റിയുള്ള ഡീറ്റെയിൽ ഇൻവെസ്റ്റിഗേഷൻ നടത്താനുള്ള നിങ്ങളുടെ ത്വര അടക്കി വെക്കുന്നത് നല്ലതായിരിക്കും.

 അതുപോലെതന്നെ ഒരു ഡിവോഴ്സ് കുടുംബത്തിന്റെ മാനം കളഞ്ഞു, സമൂഹത്തിൽ വില പോയി എന്നൊക്കെ കരുതുന്നവർ ഒന്നാലോചിക്കുക അനുഭവിക്കുന്നത്,  സഹിക്കുന്നത്,  സന്തോഷമില്ലാത്ത ജീവിക്കുന്നത് നിങ്ങളല്ല. അതുകൊണ്ടുതന്നെ സമൂഹത്തിൽ നിങ്ങളുടെ മുഖം രക്ഷിക്കുവാനായി നിങ്ങളുടെ മകളുടെയോ അനിയത്തിയുടെ മകന്റെ യോ ചേച്ചിയുടെ ഒക്കെ വിവാഹം നിലനിൽക്കണം എന്ന് വാശിപിടിക്കരുത്.

കുടുംബജീവിതം ആയാൽ അങ്ങനെയാണ് ആരെങ്കിലുമൊക്കെ സഹിക്കണം,  അത് കൂടുതലും പെണ്ണാണ് സഹിക്കേണ്ടത്. വിവാഹ ജീവിതത്തിലെ പരാജയമാണ് ഡിവോഴ്‌സ്. " ഡിവോഴ്സ് ചെയ്ത പെണ്ണുങ്ങൾ എല്ലാം പോക്കാണ്. ഈ പെണ്ണുങ്ങൾ ഒരുപാട് പഠിച്ചു ജോലിക്കുപോയ പിന്നെ ഇതാ പ്രശ്നം". മുതലായ ചിന്താഗതികൾ പുലർത്തുന്നവരോട് ഒന്നേ പറയാനുള്ളൂ :

' സ്വന്തം കാര്യം നോക്കി ജീവിക്കുക എന്ന  വളരെ സിമ്പിൾ ആയ കാര്യം മാത്രം നിങ്ങൾ ചെയ്താൽ മതി '.

 ഡിവോഴ്സ് നടക്കുന്ന കുടുംബങ്ങളിൽ കൂടുതൽ ചോദ്യോത്തരങ്ങൾ നേരിടേണ്ടിവരുന്നത് സ്ത്രീകളാണ്, അവരുടെ മാതാപിതാക്കൾ ആണ്. വളർത്തുദോഷം എന്നു ലേബൽ കൂടി ചാർത്തി കൊടുക്കാൻ മടിക്കാത്ത വിദ്വാന്മാരും ഉണ്ട്. സന്തോഷകരം അല്ലാത്ത ഒരു ദാമ്പത്യ ജീവിതത്തിൽ നിന്നും മുക്തി നേടാനുള്ള ഒരു മാർഗം മാത്രമായി ഡിവോഴ്സിന് കാണുവാൻ പ്രബുദ്ധകേരളം പഠിക്കേണ്ടിയിരിക്കുന്നു. 

 

ജിയ ജോർജ് 

 

കവർ ചിത്രം: ബിനോയ് തോമസ് 

കാവൽ (ചെറുകഥ)

Jan. 15, 2021

മഞ്ഞു പെയ്യുന്ന മകരത്തിലേ തണുത്ത രാവിന്  നീളം വച്ചു തുടങ്ങിയിരിക്കുന്നു.
നിലാവെട്ടം കോടമഞ്ഞില്‍ പുതഞ്ഞ കാട്ടുപൊന്തകള്‍ക്ക് ആവരണമെന്നപോലെ വലയം ചെയ്തു നില്‍ക്കുകയാണ്, 

വിജനമായ ഈ കാടിനു നടുവിലേ അരുവിയോട് ചേര്‍ന്ന് കിടക്കുന്ന നിരന്ന പാറപ്പുറത്ത് ഏകനായി  നില്‍ക്കുമ്പോള്‍ , പ്രകൃതിഭംഗി ആസ്വദിക്കാന്‍ എനിക്ക്  വട്ടാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും.

കാട്ടുചെമ്പകത്തിന്റെ മനം കുളിര്‍ക്കുന്ന ഗന്ധവും, 
അരുവിയുടെ താളവും രാപ്പാടികളുടെ ഈണവും,  തികച്ചും ആന്ദകരം തന്നെയാണ്.

ഞാനിവിടെ ഒറ്റക്ക് വെറുതേ നില്‍ക്കുകയല്ല,  ഇതെന്റെ  ഡ്യൂട്ടി യാണ്,  ഒരു മുന്‍പരിജയവുമില്ലാത്ത, ഒരു യുവ സുഹൃത്തിന് കാവലായി, ഈ രാവ് വെളുക്കുവോളം മിഴിയണയാതെ ഈ വനത്തിലേ ,ഒരു ജീവജാലമായി ഞാനും ഉണ്ടായേ പറ്റൂ.

ഒരു പോലീസ്  കോണ്‍സ്റ്റബിളായി  ,മലയടിവാരത്തെ പോലീസ് സ്റ്റേഷനില്‍ ചാര്‍ജ്ജെടുത്തപ്പോള്‍ , തന്നെ  ഏറെ ആകര്‍ഷിച്ചതും,    പോലീസ് സ്റ്റേഷന് ഫര്‍ലോങ് മാറി പൂത്തും തളിര്‍ത്തും, വന,നിബിഢമായ,  മലഞ്ചെരിവു തന്നെയാണ്.

പൊതുവേ ശാന്തമായ, കാര്യമായി കേസുകളൊന്നും വരാറില്ലാത്ത ഈ പോലീസ് സ്റ്റേഷനില്‍,  പുതുമോഡിമാറി  വിരസമാവാന്‍ തുടങ്ങുമ്പോഴാണ് കാട്ടില്‍ ഒാടവെട്ടാന്‍ പോയ , ആദിവാസികള്‍,ഇങ്ങനെ ഒരു സുഹൃത്തിനേ കാട്ടില്‍ കണ്ട,വിവരം വന്ന് പറഞ്ഞത്.

ഉച്ച തിരിഞ്ഞ്  ടൗണില്‍ നിന്നും വന്ന ബസ്സില്‍ വന്നിറങ്ങിയ സുമുഖനായ ഈ സുഹൃത്ത് ,  കൊങ്ങിണിപൊന്തകള്‍ക്കും തെരുവപ്പുല്ലുകള്‍ക്കും ഇടയിലൂടെ നൂണ്ടുകടന്ന് അരുവിക്കരയിലേക്ക് പോയത് വിറകെടുക്കുന്ന സ്ത്രീകളും കണ്ടിരുന്നു..

 മരുതിന്‍ തൈകളുടെ നേര്‍മ്മയാര്‍ന്ന ഇലകളില്‍,പറ്റിപിടിച്ച മഞ്ഞുകണങ്ങള്‍ ശീതക്കാറ്റ് നിര്‍ത്തുള്ളികളാക്കി കരിയിലകളില്‍ വീഴ്ത്തി ശബ്ദമുണ്ടാക്കിയപ്പോള്‍ ,ഒര്‍മ്മകളിര്‍നിന്ന് തെല്ലിട വനാന്തരത്തിലേ പാറപ്പുറത്ത് തിരിച്ചെത്തിയിരിക്കുന്നു ഞാന്‍, 

സുഹൃത്ത്  ഉറങ്ങുകയാണ് ,  ശാന്തമായ ഉറക്കം,  താങ്ങള്‍ ആരാണെന്നോ  എന്തിനിവിടെ വന്നെന്നോ,  എനിക്കറിയില്ല., എങ്കിലും നിങ്ങളുടെ മുഖം,  എതോ പരിചിതനേ പോലെ , തോന്നുകയാണ്,,,,,

തണുപ്പകറ്റാന്‍ ഒരു സിഗരെറ്റെടുത്ത് കത്തിച്ചു , ഞാന്‍ ഉതി പറത്തിവിടുന്ന വെളുത്ത പുക മഞ്ഞും നിലാവും തീര്‍ത്ത,  വെണ്‍പരവതാനിയില്‍ ഇഴുകിചേരുന്നത് നോക്കി സുഹൃത്ത്  നേരിയതായി ഒന്ന് മന്ദഹസിച്ചു.
താങ്കള്‍  ഉറങ്ങകയായിരുന്നില്ല ,അല്ലേ?
ഇനി പറയൂ എനിക്ക്  താങ്ങളേ കുറിച്ച്  അറിയണം, എന്ന് താങ്കള്‍ക്കും തോന്നുന്നുണ്ടാവില്ലേ?

എന്റെ പേര്,,,,  അല്ലെങ്കില്‍  പേരിലെന്തിരിക്കുന്നു?

ഒരു പക്ഷേ  പേരു പറഞ്ഞാല്‍  നിങ്ങളുടെ  മതമല്ലാത്തത് കൊണ്ട്,  നിങ്ങളെന്നെ വെറുത്തെങ്കിലോ?

ഇല്ല സുഹൃത്തേ,, ഞാന്‍ ഒരു പ്രത്യേക മതക്കാരനല്ല,  ഈ ഭൂമിയുടെ അവകാശികളായ അമീബ മുതല്‍ നീലത്തിമിംഗലം വരേയുള്ള ജീവജാലങ്ങളുടെ മതമാണെനിക്ക്. ഇനി പറഞ്ഞോളൂ.

ഓ എങ്കില്‍  ഞാന്‍ പറയാം ,,,   ഞാന്‍ ഒരു ഗ്രാമവാസിയായിരുന്നു., ഓാണവും ക്രിസ്തുമസ്സും, പെരുന്നാളും എന്റെ ഗ്രാമത്തിന്റെ ആഘോഷങ്ങളായിരുന്നു.,  ചര്‍ച്ചിന്റെ മുറ്റത്തും അമ്പലപ്പാറയിലും, പള്ളിക്കുളത്തിലും, ഞങ്ങള്‍ കുട്ടികളായപ്പോള്‍, അതിരുകള്‍ തീര്‍ക്കപ്പെട്ടിരുന്നില്ല.

വിദ്യാലയങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചുണ്ടും കവിത ചൊല്ലിയും, ഒരു മാലയിലേ മുത്തുകളായി,  
ഞാനും എന്റെ കളിക്കൂട്ടുകാരും.

ഇണപിരിഞ്ഞ്  കലാലയത്തിന്റെ  ചമര്‍ക്കെട്ടുകളിലേക്ക് നയിക്കപ്പെട്ടപ്പോള്‍,  എന്റെ രേഖകളിലേ  ജാതിപ്പേര് എനിക്ക് കാണാനായി.

കയ്യിലും കഴുത്തിലും, അടയാളങ്ങള്‍ പേറുന്ന, മുഖത്ത് ക്രൗര്യമെരിയുന്ന ഒരുകൂട്ടം മനുഷ്യക്കോലങ്ങളായി   ഇന്ന് എന്റെ ഗ്രാമം, 

എനിക്കെന്റെ ബാല്യത്തിന്റെ നിഷ്കളങ്കത തിരിച്ചു വേണം,   പൊട്ടിച്ചെടുത്ത മതചിഹ്നങ്ങള്‍ ഈ പുഴയിലൊഴുക്കി ശുദ്ധിവരുത്തണം,  ,

ഇനിവരുന്ന തലമുറക്ക് കാടും  കാട്ടുചോലയും,  പള്ളിമണിയും ബാങ്കുവിളിയും, , ജ്ഞാനപ്പാനയും,   അസഹിഷ്ണതയായിക്കൂടാ,,   ഇതെന്റെ തപസ്യയാണ്,,  താങ്കള്‍ക്ക് ,ഞാനൊരു ബാധ്യതആയല്ലേ, ,,, ക്ഷമിക്കുക

കരിയിലകള്‍ ബൂട്ടുകൊണ്ട് ഞെരിയുന്ന ശബ്ദം  കേട്ട്  ,,,,സുഹൃത്തിന്റെ പുഞ്ചിരിക്കുന്ന മുഖത്തുനിന്നും  ശ്രദ്ധ മാറ്റി തിരിഞ്ഞു  നോക്കുമ്പോള്‍  ഇന്‍സ്പെക്ടറും സംഘവുമാണ്.

പുഞ്ചിരിച്ചു കൊണ്ട് ഇന്‍സ്പെക്ടര്‍ ചോദിച്ചു ,,,, രാത്രി ഒറ്റക്ക് നിക്കാന്‍ ഭയമുണ്ടായിരുന്നോ?

ഓരോ മാരണങ്ങള്‍  നമ്മള്‍  പോലീസുകാര്‍ക്ക് പണിതരാന്‍ ഇറങ്ങിക്കോളും  വെഷോം മേടിച്ച് കാട്ടിലോട്ട്.
ഏതോ മാഷിന്റെ മൊനാണ് പോലും,,  വല്ല പ്രണയ നൈരാശ്യവുമായിരിക്കും,  ,,,,,,,,,

 

അസീസ് ചക്കിട്ടപാറ 

 

കവർ ചിത്രം: ബിനോയ് തോമസ്