മരുപ്പച്ച

Jan. 31, 2021

സൂര്യ തേജസിന്റെ വെൺപ്രഭ എന്റെ 
പാതയോരം ഒരുക്കുമ്പോളും ഞാൻ 
എന്തേ നിഴലുകളെ തിരയുന്നു ............

പകൽ വെളിച്ചത്തിൽ  ഞാൻ 
നിലാവിനെ മാത്രം പ്രണയിക്കുന്നു.......

ഇളവെയിൽ എന്നെ തട്ടിയുണർത്തുമ്പോൾ 
കൂരിരുട്ടാണെനിക്കാവശ്യം ..........

എന്തേ എന്റെ മിഴികൾക്കു വർണ്ണശലഭങ്ങൾ 
മാത്രം മതി ...........

സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ എനിക്കെന്നിലെ പ്രഭാഷകയെ മാത്രമേ
വേണ്ടു ......:...

പിച്ചവെച്ചു തുടങ്ങുമ്പോൾ തന്നെ എനിക്കൊരു ഓട്ടക്കാരനാകാൻ മോഹം ..........

ഗന്ധം എന്റെ നാസികയെ പുൽകുമ്പോൾ;സുഗന്ധത്തെ  മാത്രം അഭിരമിക്കാനാണ് എനിക്കിഷ്ടം ..............

വിശന്നുണ്ണുമ്പോളും ഞാൻ എന്തേ 
രുചികരമായവ മാത്രം തേടുന്നു...............

ചിന്തിച്ചു തുടങ്ങുന്നതേ  എനിക്കൊരു തത്വചിന്തകനാകണം.............

ഞാൻ എന്നിലെ സന്തോഷത്തെ പുൽകി സന്തോഷവതി  ആയിരിക്കാൻ ശ്രമിക്കുമ്പോളും;
എന്തേ എനിക്കതത്ര അനുഭവവേദ്യമാവാത്തതു???
"ഇവിടെയും ഞാനെന്നില്ലേ ദുഃഖത്തെ പ്രണയിക്കുന്നുവോ " ...????!!!

.............

 

സോണിയ സുബീഷ്

 

കവർ ചിത്രം: ബിനോയ് തോമസ് 

ആത്മസംതൃപ്തി

Jan. 30, 2021

കഴിഞ്ഞ ലോക്ക് ഡൌൺ കാലം, മനസ്സിനെ പുറകിലേക്ക് ഒന്നു തിരിഞ്ഞു നോക്കുവാൻ പ്രേരിപ്പിച്ച, അനേകം സംഭവങ്ങൾക്കു വഴി വച്ചു, എന്ന് പറയേണ്ടി വരും. അതിൽ ഒന്നായിരുന്നു, പ്രമുഖ ഡബ്ബിങ് ആർടിസ്റ്റ് ഉൾപ്പെട്ട സംഘം, യൂട്യൂബറെ തല്ലിയ വാർത്ത.. ഈ കാര്യം ഞങ്ങളുടെ ഓൺലൈൻ സുഹൃദ് വലയത്തിൽ വലിയ ചർച്ചകൾ, സംവാദങ്ങൾ എന്നിവയ്ക്കു വഴി വച്ചു.. ആർട്ടിസ്റ്റിനും സംഘത്തിനും ഒപ്പം നിന്ന എന്നെപ്പോലുള്ളവർക്ക്,
"എങ്കിലും നിയമം കൈയിലെടുത്തതു ശരിയോ തെറ്റോ?", എന്ന സുപ്രധാന ചോദ്യത്തിനു മുൻപിൽ അല്പം പകച്ചു നിൽക്കേണ്ടിത്തന്നെ വന്നു..

എന്നാൽ ആ തല്ലു കേസിൽ, പല സ്ത്രീകളും അതീവ സന്തുഷ്ടരാണെന്നും, അവർക്കു കൊടുക്കാൻ പറ്റാത്ത അടിയാണ് അയാൾക്ക്‌ കിട്ടിയതെന്നും, അവർ രഹസ്യമായി എന്നോടു പറഞ്ഞു.. അതേ.. എന്തോ ഒരു ആത്മ സംതൃപ്‌തി!

അങ്ങനെ പണ്ടെങ്ങോ സംഭവിച്ചിട്ടില്ലേ? തീർച്ചയായും ഉണ്ട്‌.. ആ ഓർമ്മകൾ, ഒരു നാടകത്തിന്റെ ഭാഗങ്ങൾ എന്ന പോലെ, എന്റെ മുൻപിൽ തിരശ്ശീല നീക്കി പുനരാവിഷ്കരിക്കപ്പെട്ടു..

എന്റെ ചെറു പ്രായത്തിൽ, ഞങ്ങൾ താമസിച്ചിരുന്ന വീട്, റബ്ബർ മരങ്ങളാൽ ചുറ്റപ്പെട്ട്, താരതമ്യേന ഒറ്റയ്ക്ക് നിന്നിരുന്ന ഒരു ഭവനം ആയിരുന്നു.. രാത്രി ആയാൽ ചീവിടുകളുടെ ഒച്ച ഒഴിച്ചാൽ, വളരെ വിജനവും, ഭയജനകവുമായ അന്തരീക്ഷം! പല കാലഘട്ടങ്ങളിലും, പൊളിച്ചു പണിതും, മാറ്റിയും, കൂട്ടിച്ചേർത്തും നിരന്തരം മാറ്റങ്ങൾക്കു വിധേയമായ അത്യാവശ്യം വലിപ്പം ഉള്ള വീട്.  പുറത്തായി കച്ചിപ്പുരയും, പശുത്തൊഴുത്തും, പിന്നെ ഒരു   കുളിമുറിയും..

അകത്തുള്ള കുളിമുറി ആരെങ്കിലും ഉപയോഗിക്കുന്ന സമയമാണ്, പുറത്തേതിന്റെ ആവശ്യം വരുക..
ഇങ്ങനെ ഒരു പ്രാവശ്യം, പുറത്തേക്കു കുളിക്കുവാൻ വസ്ത്രങ്ങളുമായിപ്പോയ എന്റെ മൂത്ത സഹോദരി, നിലവിളിച്ചു കൊണ്ട് ശരവേഗത്തിൽ തിരിച്ചെത്തിയിടത്താണ്, കഥ തുടങ്ങുന്നത് എന്നു പറയാം.. എന്തോ അപകടം മണത്തിട്ടെന്ന പോലെ, വീട്ടിൽ എല്ലാവരും ചാടി എഴുന്നേറ്റ്, ഓടിച്ചെന്നു..
"അവിടെ... അവിടെ ആരോ ഉണ്ട്‌!!!" ശക്തിയായി അണച്ചു കൊണ്ട് ചേച്ചി ഇത്രയും പറഞ്ഞൊപ്പിച്ചു..

കേട്ടപാതി കേൾക്കാത്ത പാതി, തങ്ങളുടെ ധൈര്യം കാണിക്കുവാനുള്ള അവസരം ഒത്തു വന്നുവെന്ന രീതിയിൽ, അപ്പനും ആങ്ങളയും ഇറങ്ങി ഓടി.. എന്നാൽ പുറത്ത്, ഒരു ഈച്ചയെപ്പോലും കണ്ടു പിടിക്കുവാൻ, പുരുഷകേസരികൾക്കായില്ല.. പരാജിതരും നമ്രശിരസ്കരുമായി അവർ മടങ്ങി വന്നു.. ചേച്ചിയെ, അല്പം സംശയപൂർവ്വം, നോക്കി.

"അല്ലേലും ഇവൾ ആവശ്യമില്ലാതെ കാര്യങ്ങൾ മെനഞ്ഞുണ്ടാക്കും, ഇവിടെ ആരു വരാനാണ്?"  അമ്മയുടെ വക തിരസ്കരണം.. ഇതു കൂടിയായപ്പോൾ സഹിക്കുവാൻ വയ്യാതെ, ചേച്ചിപ്പെണ്ണ് ഉറക്കെ പ്രഖ്യാപിച്ചു, "എനിക്കുറപ്പാ, അവിടെ ഒരാളുണ്ടാരുന്നു.. കുളിക്കുന്നിടത്ത് ഒളിഞ്ഞു നോക്കാൻ വന്നതാവാനേ തരമുള്ളൂ.."

ഇതു കേട്ടപ്പോൾ, 14 വയസ്സുള്ള ഒരു സ്കൂൾ വിദ്യാർത്ഥിനി മാത്രം ആയിരുന്ന, എന്റെ മനസ്സിൽ ധൈര്യത്തിന്റെ ഒരല്പം പൊടി ഉണ്ടായിരുന്നതു കൂടി, ചോർന്നു പോയതു പോലെയായി.. ദേഹാസകലം പനി പിടിച്ച പോലെ വിറയൽ തോന്നിയ ഞാൻ, അടുത്തു കണ്ട സോഫയിലേക്ക്‌, ഒന്ന് ഇരുന്നും പോയി..

"ആരായിരിക്കും അയാൾ?ആരാണെങ്കിലും വൃത്തികെട്ടവൻ തന്നെ.. അല്ലെങ്കിൽ ഈ പണിക്കിറങ്ങുമോ? ഒരിക്കലും ഇല്ല.." എന്റെ മനസ്സ് ഉറക്കെപ്പറഞ്ഞു..
പല പല പേരുകൾ വീട്ടിലുള്ളവർ മുൻപോട്ടു വച്ചു എങ്കിലും, ഒന്നും ഉറപ്പിക്കുവാൻ പറ്റുന്നില്ല; കാരണം തെളിവുകൾ ഇല്ലല്ലോ?

അങ്ങനെ ഇരിക്കുമ്പോൾ, വീടിന് ഏറ്റവും അടുത്ത അയല്പക്കം എന്ന് വേണമെങ്കിൽ പറയാവുന്ന, ജയചേച്ചിയുടെ വീട്ടിൽ ഒരു സുപ്രധാന സംഭവം നടക്കുന്നു.. ചേച്ചിയും കുഞ്ഞും മാത്രമായിരുന്നു ആ വീട്ടിൽ താമസം.. ഭർത്താവ് ഗൾഫിൽ ആയിരുന്ന ചേച്ചി, ഒരു അച്ഛന്റെയും അമ്മയുടെയും കർത്തവ്യങ്ങൾ ഒറ്റയ്ക്ക് ചെയ്യുവാൻ, വളരെ കഷ്ടപ്പെട്ടിരുന്നു.. ജോലിയും പാചകവും കഴിഞ്ഞു ക്ഷീണിതയായ ജയച്ചേച്ചി, ഒന്നു കുളിക്കുവാൻ കയറിയതായിരുന്നു.. പൊടുന്നനെയാണ്, അപ്രതീക്ഷിതമായതു സംഭവിച്ചത്.. കുളിമുറിയുടെ മൂലയ്ക്ക് ആരോ പമ്മി നിൽക്കുന്നു.. ചേച്ചിയെക്കണ്ട പാടെ, ഒരു അതിക്രമത്തിന്, അതി വികൃതമായ ചേഷ്ടകളുമായി, അയാൾ പാഞ്ഞടുത്തു.. മനോധൈര്യം വിടാതെ, ആ സ്ത്രീ നിലവിളിച്ചു.. ഉടനെ അയാൾ ഇറങ്ങി ഓടുകയും ചെയ്തു..

ജയചേച്ചി വല്ലാതെ നടുങ്ങിപ്പോയെങ്കിലും, ഞങ്ങളുടെ വീടിനെയും മറ്റു പല വീടുകളെയും ഉലച്ചിരുന്ന ഒരു സമസ്യക്ക്‌, അതോടു കൂടി ഉത്തരം ലഭിച്ചു.. ഒളിഞ്ഞു നോട്ടക്കാരന്റെ മുഖം,  തെളിമയോടെ ജയച്ചേച്ചി കണ്ടിരുന്നു.. ചേച്ചിയുടെ വീടിനു രണ്ടു വീടപ്പുറം താമസം ഉള്ള, മിഞ്ചി അമ്മയുടെ മകനായിരുന്നു ആ കഥാപാത്രം.. അയാൾ ഇനിയും വരുക ആണെങ്കിൽ, തല്ലുവാൻ  അപ്പൻ വച്ചിരുന്നു ഇരുമ്പിന്റെ വടി, ഞാൻ ഒന്നു പോയി തൊട്ടു നോക്കി... ഒരടി കൊണ്ടാൽ, ആയുഷ്ക്കാലം തളർന്നു കിടന്നതു തന്നെ.. കുറ്റവാളിയെക്കണ്ടു പിടിച്ച ജയ ചേച്ചിയോട്, എനിക്കു വളരെ ബഹുമാനം തോന്നി.. എന്നാൽ, നാട്ടുകാർക്കു ചേച്ചിയോട് തോന്നിയത്, വേറെയൊന്നായിരുന്നു..

ഒന്ന്, രണ്ടു ദിവസത്തിനു ശേഷം നാട്ടു വാർത്തമാനങ്ങളുമായി വരുന്ന കുണുങ്ങിയാണ്, ആ  വാർത്ത പറഞ്ഞത്.. മിഞ്ചി അമ്മയുടെ മകനെ കുടുക്കിയതാണത്രേ! അവരുടെ ഭാഷ്യത്തിൽ, ജയച്ചേച്ചി വിളിച്ചിട്ടാണത്രേ അയാൾ അവിടെപ്പോയത്.. "പാവത്താൻ, അവനൊരാണല്ലായോ.. ഒരു ഇളക്കത്തിനങ്ങു പോയി.. നാലാളറിയും എന്നായപ്പോൾ പെണ്ണ് കവാത്തു മറന്നു.. കള്ളി!!!" ഒരാട്ടും വച്ചു കൊടുത്ത്, കുണുങ്ങി തന്റെ പാരായണം നിർത്തി.

അവിടെ നിന്നു കഥ കേട്ട ചേച്ചിപ്പെണ്ണ്, അവിശ്വാസത്തോടെ ഒരു നോട്ടം നോക്കുന്നത്, എന്റെ കണ്ണിൽ പെട്ടു.. ജയച്ചേച്ചി, വളരെ കഷ്ടപ്പെട്ട്, നല്ല രീതിയിൽ ജീവിക്കുന്ന സ്ത്രീ ആയിരുന്നു.. അവരെപ്പറ്റി പ്രചരിക്കുന്ന അടിസ്ഥാനം ഇല്ലാത്ത കഥകൾ കേട്ട്, ഞങ്ങൾക്കും വളരെ പ്രയാസം തോന്നി.

മാസങ്ങൾക്കു ശേഷം, മിഞ്ചി അമ്മയുടെ വീട്ടിൽ കല്യാണത്തിരക്കുകൾ ഉയർന്നു.. മിഞ്ചി അമ്മ മകന്റെ കല്യാണം ധൃതി പിടിച്ചു നടത്തി. കെട്ടിക്കൊണ്ടു വന്ന പെണ്ണാകട്ടെ, അതി സുന്ദരി; തന്നെയുമല്ല, നിഷ്കളങ്ക! ഇതിൽ കൂടുതൽ എന്തു വേണം! കഥാനായകന്റെ(അതോ വില്ലന്റെയോ?) പല തരത്തിലുള്ള ഭ്രാന്തുകൾ അതോടെ തീരുമെന്ന്, നാട്ടിലെ ചില പെണ്ണുങ്ങൾ എങ്കിലും കണക്കുകൾ കൂട്ടിയിരിക്കണം.. എന്നാൽ അവയെല്ലാം തെറ്റിച്ചു കൊണ്ട്, വീണ്ടും സംഭവപരമ്പരകൾ അരങ്ങേറുകയാണ് ഉണ്ടായത്.

അങ്ങനെ ഇരിക്കെ, ഒരു ദിവസം 
സ്കൂളിൽ നിന്നു വരുന്ന വഴി, മിഞ്ചി അമ്മ വഴി വക്കിൽ നിന്ന്‌, തന്റെ കൂട്ടുകാരിയോട്, "എന്റെ കൊച്ചിന്റെ പല്ലു പോയി അമ്മിണീ...", എന്നു പറഞ്ഞു തേങ്ങിക്കരയുന്നതു കണ്ട്, ഉദ്വേഗപൂർവ്വമാണു ഞാൻ വീട്ടിൽ തിരിച്ചെത്തിയത്.. അവിടെ, ഒരു വല്ലാത്ത ആത്മനിർവൃതിയോടെ, പാട്ടു മൂളി നടക്കുന്ന ചേച്ചിപ്പെണ്ണിനെയാണു ഞാൻ കണ്ടത്.. എന്തായിരിക്കും ആ ആത്മസംതൃപ്തിക്കു കാരണം?? കാര്യം നിസ്സാരം..

കല്യാണം കഴിഞ്ഞിട്ടും, തന്റെ വൃത്തികെട്ട രോഗാവസ്ഥ മറികടക്കുവാൻ കഴിയാതിരുന്ന മിഞ്ചി അമ്മയുടെ മകൻ, സ്ത്രീകളുടെ അമ്പലക്കുളത്തിൽ ഒളിഞ്ഞു നോക്കുവാൻ പോയത്രേ.. അവനെ കയ്യോടെ പിടി കൂടിയ ധീരയും, തന്റെടിയുമായ ജാനകിയമ്മ എന്നു പേരായ സ്ത്രീരത്നം, അവന്റെ ചെകിടു നോക്കി ഒരൊറ്റ പൊട്ടീര്!!! ആ കരണത്തടിയിൽ അവന്റെ പല്ലിളകിപ്പോയി പോലും.. നാടിനെ ഇളക്കി മറിച്ച, ഒരു ചരിത്ര സംഭവം തന്നെയായി അത് ..

എന്നാൽ ഒരു കാര്യം, അഭിമാന പൂർവ്വം, ഞങ്ങളുടെ നാടിനെപ്പറ്റി പറയേണ്ടതുണ്ട്. നാട്ടുകാരിൽ ആരും തന്നെ, ജാനകി അമ്മയുടെ നേരെ നിവർന്നു നിന്നു ചോദിച്ചില്ല, "അല്ല അമ്മേ, നിയമം കൈയിലെടുത്തതു ശരി ആയോ?" അവരെല്ലാവരും തന്നെ, അവരുടെ ദന്താരോഗ്യത്തിൽ അല്പം ശ്രദ്ധയുള്ളവരായിരുന്നു, എന്നു വേണം കരുതുവാൻ.. എന്തായാലും പറഞ്ഞു വന്നത്, ആ ആത്മസംതൃപ്തിയെപ്പറ്റി ആണ്.. അപ്പോൾ അതാണ്‌ ആ സംതൃപ്തി..ഏത്? യൂട്യൂബ്റെ തല്ലിയപ്പോൾ കിട്ടിയ സംതൃപ്തി ഉണ്ടല്ലോ.. അതു തന്നെ..

 

ആഷ്മി

 

കവർ ചിത്രം: ബിനോയ് തോമസ്  

നാലേക്കാട്ടു പിള്ളമാർ

Jan. 29, 2021

 

നാലേക്കാട്ടു കുടുംബക്കാർ ഒന്നാംതരം ശൈവപ്പിള്ളമാരാണ്. ഇവരുടെ പൂർവകുടുംബം പാണ്ടിയിൽ "നാങ്കുനേരി"ക്കു സമീപം "വിജയനാരായണപുരം" എന്ന സ്ഥലത്തായിരുന്നു.

 

എന്നാലിപ്പോൾ അത് തിരുവിതാംകൂറിൽ തിരുവല്ലായ്ക്കു സമീപം "കുട്ടമ്പേരൂർ" എന്ന ദേശത്താണ്. ആ കുടുംബക്കാർ പലതുകൊണ്ടും യോഗ്യന്മാരായിരുന്നു. ഇപ്പോഴും അങ്ങനെതന്നെ. അവർ സത്യവാന്മാരും പഠിപ്പും കാര്യശേ‌ഷിയുമുള്ളവരും കണക്കുവി‌ഷയത്തിൽ അതിസമർഥന്മാരുമായിരുന്നു.

 

ആ കുടുംബം വളരെ നാളായിട്ടു തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ പ്രത്യേക കരുണയ്ക്കു പാത്രീഭവിച്ചുകൊണ്ടാണ് വർത്തിക്കുന്നത്. ഇപ്രകാരം ശ്രഷ്ഠവും പ്രസിദ്ധവുമായ ആ കുടുംബത്തിൽ മുൻപുണ്ടായിരുന്ന മൂന്നു മഹാന്മാരെപ്പറ്റിയാണ് ഇവിടെ പറയാൻ ഭാവിക്കുന്നത്.

1. യോഗീശ്വരൻ

യോഗീശ്വരന്റെ ജനനം കൊല്ലം 719-ആമാണ്ടു വിജയനാരായണപുരം എന്ന സ്ഥലത്തുതന്നെയായിരുന്നു. അദ്ദേഹം സാമാന്യവിദ്യാഭ്യാസാനന്തരം യോഗശാസ്ത്രം പരീക്ഷിച്ചും ക്രമേണ ഒരു മഹായോഗിയായിത്തീർന്നു. അതിനിടയ്ക്ക് അദ്ദേഹം രണ്ടു വിവാഹം ചെയ്യുകയും ചില സന്താനങ്ങളുണ്ടാവുകയും ചെയ്തു.

ആ യോഗി ഒരിക്കൽ തിരുവനന്തപുരത്തു വരികയും മഹാരാജാവിനെ മുഖം കാണിക്കുകയും അവിടുന്നു യോഗിയെ യഥായോഗ്യം സൽക്കരിക്കുകയും പ്രത്യേകം സ്ഥലം കല്പിച്ചു കൊടുത്തു താമസിപ്പിക്കുകയും ചെയ്തു. മുഖംകാണിച്ച സമയം പ്രസംഗവശാൽ "യോഗിക്കു ഭക്ഷണമെന്താണ് പതിവ്" എന്നുകൂടി കല്പിച്ചു ചോദിച്ചു.

 

"പാലും പഴവും മാത്രമേ പതിവുള്ളൂ" എന്നു യോഗി തിരുമനസ്സറിയിക്കുകയും യോഗി താമസിക്കുന്ന സ്ഥലത്ത് ആവശ്യമുള്ള പാലും പഴവും കൊണ്ടുചെന്നു കൊടുക്കുന്നതിനു കല്പിച്ചു ചട്ടം കെട്ടുകയും ചെയ്തു.

 

കല്പനപ്രകാരം ഒരാൾ മൂന്നിടങ്ങഴി പാലും മുപ്പതു പഴവും യോഗി താമസിച്ചിരുന്ന സ്ഥലത്തു കൊണ്ടുചെന്നു കൊടുത്തു. ഒരാൾക്ക് ഇത്രയും പാലും പഴവും വേണ്ടിവരികയില്ലെന്നും എങ്കിലും ധാരാളം കൊടുക്കണമെന്നുമാണല്ലോ കല്പന,അതുകൊണ്ട് ഇത്രയും ഇരിക്കട്ടെ എന്നു വിചാരിച്ചിട്ടാണ് ആ മനു‌ഷ്യൻ ഇത്രയും പാലും പഴവും കൊണ്ടുചെന്നത്.

 

അതുകണ്ട് യോഗി "എത്ര പാലുണ്ട്?" എന്നു ചോദിച്ചു . അതു കൊണ്ടുചെന്ന ആൾ "മൂന്നിടങ്ങഴിയുണ്ട്" എന്നു പറഞ്ഞു. അതു കേട്ട് യോഗി "മൂന്നിടങ്ങഴി പാൽ എന്റെ ആസനത്തിലൊഴിക്കാൻ തികയുകയില്ലല്ലോ" എന്നു പുച്ഛരസത്തോടൂകൂടി പറഞ്ഞു. മറ്റേയാൾ അതിനുത്തരമായി ഒന്നും മിണ്ടാതെ പോവുകയും ചെയ്തു.

മേല്പറഞ്ഞ പ്രകാരം യോഗി പറഞ്ഞ വിവരം എങ്ങനെയോ മഹാരാജാവു കല്പിച്ചറിഞ്ഞു. പിറ്റേദിവസവും യോഗി കൊട്ടാരത്തിൽ ചെല്ലണമെന്നു കല്പിച്ചിരുന്നതിനാൽ യോഗി ചെല്ലുന്നതിനു മുമ്പായി മുപ്പതു പറ പാലും മൂവായിരം പഴവും കല്പിച്ചു കൊട്ടാരത്തിൽ വരുത്തി വച്ചു. യോഗി ചെന്നു മുഖം കാണിച്ചപ്പോൾ "ആസനത്തിൽകൂടി പാൽ കുടിക്കാറുണ്ടോ?" എന്നു കല്പിച്ചു ചോദിച്ചു.

 

യോഗി അതിനു മറുപടിയായി "ആവശ്യപ്പെട്ടാൽ അതുമാവാം" എന്നു കല്പിക്കുകയും ഒരു വലിയ വാർപ്പിനകത്തു മുപ്പതു പറ പാലും അതിനടുക്കൽ മൂവായിരം പഴവും അവിടെ ഹാജരാക്കിച്ചു കൊടുക്കുകയും ചെയ്തു.

 

ഉടനെ യോഗി ആ വാർപ്പിലിറങ്ങിയിരുന്നു കൈ നീട്ടി. യോഗിയുടെ കൂടെയുണ്ടായിരുന്ന ശി‌ഷ്യന്മാർ പഴം തൊലി കളഞ്ഞു കയ്യിൽ കൊടുത്തുകൊണ്ടിരുന്നു. യോഗി അതുവാങ്ങി ഭക്ഷിച്ചുതുടങ്ങുകയും ചെയ്തു. കുറച്ചുസമയം കഴിഞ്ഞപ്പോൾ ആ പഴം മുഴുവനും തിന്നുതീർന്നു.

 

അപ്പോഴേക്കും പാലും മുഴുവൻ യോഗിയുടെ അകത്തായി. അതുകണ്ട് മഹാരാജാവ് ഏറ്റവും വിസ്മയത്തോടുകൂടി "ഇദ്ദേഹം കേവലം ഒരു യോഗിയല്ല; ഒരു യോഗീശ്വരൻ തന്നെയാണ്" എന്നു കല്പിച്ചു. അന്നുമുതൽ അദ്ദേഹത്തെ എല്ലാവരും യോഗീശ്വരൻ എന്നു പറഞ്ഞു തുടങ്ങുകയും ചെയ്തു.

യോഗീശ്വരൻ തിരുവനന്തപുരത്തു താമസിച്ചിരുന്ന കാലത്തു പ്രതിദിനം രാവിലെ കരമനയാറ്റിൽപ്പോയി കുളിക്കുകയും കുടൽ പുറത്തിറക്കി കഴുകി ശുദ്ധീകരിക്കുകയും മെതിയടിയിട്ടുകൊണ്ടു വെള്ളത്തിന്റെ മീതെ നടക്കുകയും മറ്റും ചെയ്തിരുന്നതായി കേൾവിയുണ്ട്. എല്ലാം കൊണ്ടും അദ്ദേഹം ദിവ്യനായ ഒരു യോഗീശ്വരനായിരുന്നുവെന്നുള്ളതിനു സംശയമില്ല.

യോഗീശ്വരൻ ശുചീന്ദ്രത്തും മരുത്വാൻ മലയിലുമായി വളരെക്കാലം താമസിച്ചിട്ടുണ്ട്. അങ്ങനെ പല സ്ഥലങ്ങളിൽ സഞ്ചരിച്ചും പലതും കണ്ടും കേട്ടും അനുഭവിച്ചും മനസ്സിനു നല്ല തൃപ്തി വരികയാൽ ഒടുക്കം അദ്ദേഹം കേവലം വിരക്തനായിത്തീർന്നു. യോഗീശ്വരനായിരുന്ന അദ്ദേഹത്തിനു രോഗപീഡയോ വർ‌ഷതാപാദികളിൽ ദുസ്സഹത്വമോ ഉണ്ടായിരുന്നില്ലെന്നുള്ളതു പറയണമെന്നില്ലല്ലോ.

 

 എങ്കിലും ഭൂലോകവാസത്തിൽ തൃപ്തി വരികയാൽ ഒടുക്കം ദേഹത്തെ ഉപേക്ഷിച്ചുകളയാമെന്നു നിശ്ചയിച്ചു. ഇപ്രകാരമുള്ള യോഗീശ്വരന്മാർക്കു മരണം സ്വായത്തമാണല്ലോ. അവർക്ക് എത്രകാലം വേണമെങ്കിലും ജീവിച്ചിരിക്കുന്നതിനും യാതൊരു പ്രയാസവുമില്ല.

കേരളഭൂമി പരശുരാമനാൽ ബ്രാഹ്മണർക്കായിക്കൊണ്ടു ദാനം ചെയ്യപ്പെട്ടിട്ടുള്ളതാകയാൽ അവിടെവെച്ചുള്ള ദേഹവിയോഗം വിഹിതമല്ലെന്നു നിശ്ചയിച്ച് അദ്ദേഹം പാണ്ടിയിൽ "കരിങ്കുളം" എന്ന സ്ഥലത്തേക്ക് പോയി. അവിടെവെച്ച് അദ്ദേഹം 936-ആമാണ്ടു തുലാമാസത്തിൽ 217-ആമത്തെ വയസ്സിൽ ഒരു ദിവസം പതിവുപോലെ ശിവപൂജ കഴിക്കുകയും അതിന്റെ അവസാനത്തിൽ സമാധിയിലിരുന്നുകൊണ്ട് ആത്മാവിനെ പരമാത്മാവിങ്കൽ ലയിപ്പിക്കുകയും ചെയ്തു.

യോഗീശ്വരൻ കരിങ്കുളത്തു സമാധിയിലിരുന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ വംശജർ ഒരമ്പലം പണിയിച്ച് അദ്ദേഹത്തിന്റെ ഒരു വിഗ്രഹം പ്രതിഷ്ഠിക്കുകയും അവിടെ വിളക്കുവെപ്പ്, പൂജ മുതലായവ നടത്തുന്നതിനു വേണ്ടുന്ന ഏർപ്പാടുകൾ ചെയ്യുകയും ചെയ്തു. നാലേക്കാട്ടു കുടുംബക്കാർ ഇപ്പോഴും ചില സമയങ്ങളിൽ അവിടെപ്പോവുകയും പൂജാദികൾ നടത്തി വന്ദിച്ചുപോരുകയും ചെയ്തുവരുന്നുണ്ട്.

2. യോഗീശ്വരൻ രാമൻപിള്ള

സാക്ഷാൽ യോഗീശ്വരന്റെ പ്രഥമഭാര്യയിൽ അദ്ദേഹത്തിനുണ്ടായ പ്രഥമപുത്രനെ "യോഗീശ്വരൻ രാമൻപിള്ള" എന്നാണ് സാധാരണയായി പറഞ്ഞു വന്നിരുന്നത്. ചിലർ അദ്ദേഹത്തിനെ "വരരാമയോഗി" എന്നും പറഞ്ഞുവന്നിരുന്നു. അദ്ദേഹത്തിന്റെ ജന്മസ്ഥലവും വിജയനാരായണ പുരംതന്നെയായിരുന്നു. അദ്ദേഹം ജനിച്ചതു കൊല്ലം 900)മാണ്ടായിരുന്നു.

യോഗീശ്വരൻ രാമൻപിള്ള ഒരു തമിഴ് പണ്ഡിതനും തമിഴു കവിയുമായിരുന്നു. അദ്ദേഹം തമിഴിൽ അനേകം കൃതികളുണ്ടാക്കീട്ടുണ്ട്. അവയെല്ലാം എഴുതീട്ടുള്ള താളിയോലഗ്രന്ഥങ്ങൾ നാലേക്കാട്ടുഗൃഹത്തിൽ ഇപ്പോഴുമിരിക്കുന്നുണ്ട്.

യോഗീശ്വരൻ രാമൻപിള്ള അദ്ദേഹത്തിന്റെ അച്ഛനോടുകൂടി ചെറുപ്പത്തിൽത്തന്നെ കേരളത്തിൽ വന്നുചേർന്നു. ചില സർക്കാരുദ്യോഗസ്ഥന്മാരുടെ പരിചയവും മഹാരാജാവു തിരുമനസ്സിലെ കാരുണ്യവും സിദ്ധിക്കാനിടയായതുകൊണ്ട് അദ്ദേഹത്തിനു ചെറുപ്പത്തിൽത്തന്നെ സർക്കാർ ജീവനം ലഭിക്കുന്നതിനും സംഗതിയായി. അദ്ദേഹത്തിനു ആദ്യം ലഭിച്ചതു മാവേലിക്കര, തിരുവല്ലാ മുതലായ സ്ഥലങ്ങളിൽ ദേവസ്വം കണക്കെഴുത്താണ്. അതിൽനിന്നു കയറ്റം കിട്ടിക്കിട്ടി ഒടുക്കം അദ്ദേഹത്തിനു വലിയ മേലെഴുത്തുദ്യോഗം ലഭിച്ചു.

യോഗീശ്വരൻ രാമൻപിള്ള വലിയ മേലെഴുത്തുപിള്ളയായിരുന്ന കാലത്തു കുട്ടമ്പേരൂർ നാലേക്കാട്ടു നായർ അന്യം നിൽക്കുകയും ആ നായരുടെ സകലസ്വത്തുക്കളും ഇദ്ദേഹത്തിനു ഇനാമായി കല്പിച്ചു കൊടുക്കുകയും ചെയ്തു. പിന്നെ യോഗീശ്വരൻ രാമൻപിള്ള ആ നായരുടെ വീടിരുന്ന സ്ഥലത്ത് പുതുതായി ഒരു ഭവനം പണിയിക്കുകയും സ്വദേശമായ വിജയനാരായണപുരത്തുനിന്ന് "ഉമയാൾ പാർവതി" എന്നൊരു സ്വജാതിസ്ത്രീയെ വിവാഹം ചെയ്ത് അവിടെ കൊണ്ടുവരികയും ചെയ്തു. ഇപ്രകാരമാണ് അവർക്ക് മലയാളത്തിൽ ഒരു കുടുംബമുണ്ടാവുകയും അവർ നാലേക്കാട്ടുപിള്ളമാരായിത്തീരുകയും ചെയ്തത്.

വിവാഹം ചെയ്തതിന്റെ ശേ‌ഷം വളരെക്കാലത്തേക്കു യോഗീശ്വരൻ രാമൻപിള്ളയ്ക്കു സന്താനങ്ങളുണ്ടാകാതെയിരുന്നു. ഭാര്യയ്ക്കു കൂടെക്കൂടെ ഗർഭമുണ്ടാവുകയും അതു നാലുമഞ്ചും മാസമാകുമ്പോൾ അലസിപ്പോവുകയുമാണ് ചെയ്തിരുന്നത്. അതിന്നായി ചില ചികിത്സകൾ ചെയ്തിട്ടും ഒരു ഫലവും കാണായ്കയാൽ അതിന്റെ കാരണമറിയുന്നതിനായി യോഗീശ്വരൻ രാമൻപിള്ള പാഴൂർ പടിപ്പുരയിൽ പോയി പ്രശ്നം വെപ്പിച്ചുനോക്കിക്കുകയും ആ സ്ത്രീയുടെ ദേഹത്തിൽ ഒരു ഗന്ധർവൻ ബാധിച്ചിട്ടുണ്ടെന്നും ആ ഗന്ധർവന്റെ ഉപദ്രവം നിമിത്തമാണ് ഗർഭമലസിപ്പോകുന്നതെന്നും, ആ ഗന്ധർവനെ ഒഴിച്ചാലല്ലാതെ സന്താനമുണ്ടാവുകയില്ലെന്നും പ്രശ്നവിധിയുണ്ടാവുകയും ചെയ്തു.

 

അതിനാൽ അദ്ദേഹം ചില മന്ത്രവാദികളെ വരുത്തി മന്ത്രവാദങ്ങൾ ചെയ്യിച്ചു. ആരു വിചാരിച്ചിട്ടും ആ ഗന്ധർവനെ ഒഴിക്കാൻ കഴിഞ്ഞില്ല. അക്കാലത്തു ചെങ്ങന്നൂർ "തേവലശ്ശേരിത്താൻ" എന്നൊരു വലിയ മന്ത്രവാദിയുണ്ടായിരുന്നു. ഒടുക്കം യോഗീശ്വരൻ രാമൻപിള്ള ആ മന്ത്രവാദി വരുന്നതിനാളയച്ചു. "രണ്ടുദിവസം കഴിഞ്ഞ് വരാ"മെന്നു തേവലശ്ശേരിത്താൻ മറുപടി പറഞ്ഞയയ്ക്കുകയും ചെയ്തു.

പറഞ്ഞിരുന്ന ദിവസം വെളുപ്പാൻകാലത്തു തേവലശ്ശേരിത്താൻ ചെങ്ങന്നൂരു നിന്നു പുറപ്പെട്ടു. കുട്ടമ്പേരൂർ സമീപമായപ്പോൾ നേരം വെളുത്തു. അന്നുരാവിലെ കുളിയും ചില ജപങ്ങളുമൊക്കെ പതിവുണ്ടായിരുന്നതിനാൽ വഴിക്കു കണ്ടതായ ഒരമ്പലക്കുളത്തിലിറങ്ങി അദ്ദേഹം കുളിക്കുകയും അപ്പോഴേക്കും കുറേശ്ശെ ഇളവെയിലും വന്നുതുടങ്ങുകയാൽ രണ്ടാംമുണ്ടു കൌപീനമായി ഉടുത്തുകൊണ്ടു കൌപീനവും ഒന്നാം മുണ്ടും നനച്ചു പിഴിഞ്ഞു കുളപ്പുരയുടെ മുകളിൽ വിരിച്ചിട്ട് അദ്ദേഹം കുളപ്പുരയിലിരുന്ന് ജപം തുടങ്ങുകയും ചെയ്തു.

 

ആ സ്ഥലത്ത് ഒരു വലിയ കാവുംകൂട്ടവും അവിടെ അസംഖ്യം കുരങ്ങന്മാരുമു ണ്ടായിരുന്നു. മന്ത്രവാദി കണ്ണുമടച്ചു മൂക്കും പിടിച്ചു ജപിച്ചുകൊണ്ടിരുന്ന സമയം ഒരു വാനരനിറങ്ങി വന്ന് അദ്ദേഹത്തിന്റെ കൌപീനമെടുത്തു കൊണ്ടുപോയി. ജപം കഴിഞ്ഞു യാത്രയായി നോക്കിയപ്പോൾ കൌപീനം ഇട്ടിരുന്ന സ്ഥലത്തു കണ്ടില്ല. അതൊരു വാനരനെടുത്തുകൊണ്ടു ഒരു വലിയ മരത്തിന്റെ അഗ്രഭാഗത്തു ചെന്നിരിക്കുന്നതായി കണ്ടു. "എടാ! ദ്രോഹികളെ, നിങ്ങളെന്നെപ്പറ്റിച്ചുവോ? എന്നാൽ ഞാൻ നിങ്ങളെയും ഒന്നു പറ്റിക്കാതെ വിടുകയില്ല" എന്നു പറഞ്ഞിട്ട് താൻ ഒരു മന്ത്രം ജപിച്ച് ആ വാനരത്താന്മാരെയെല്ലം മനസ്സുകൊണ്ട് ആകർ‌ഷിച്ചുകൊണ്ട് മുണ്ടുമെടുത്തു യാത്രയായി.

 

ആകർ‌ഷണശക്തികൊണ്ടു വാനരത്താന്മാരെല്ലാം തന്റെ പിന്നാലെ കൂടി. അതിൽ ഒരു വാനരത്താന്റെ കയ്യിൽ ആ കൌപീനവുമുണ്ടായിരുന്നു. അങ്ങനെ അദ്ദേഹം നാലേക്കാട്ടിലെത്തി. അദ്ദേഹത്തെ കണ്ടയുടനെ യോഗീശ്വരൻ രാമൻപിള്ള ആസനസൽക്കാരം ചെയ്തിരുത്തി കുശലപ്രശ്നം ചെയ്തു.

 

അപ്പോഴേക്ക്കും വാനരത്താന്മാരെക്കൊണ്ടു നാലേക്കാട്ടുമുറ്റം നിറഞ്ഞു. അതു കണ്ടിട്ട് യോഗീശ്വരൻ രാമൻപിള്ള "ഇതെന്തൊരു വിദ്യയാണ്? ഈ കുരങ്ങന്മാരെയൊക്കെകൂടെക്കൊണ്ടു വന്നിരിക്കുന്നതെന്തിനാണ്?" എന്നു ചോദിച്ചു. അതിനു മറുപടിയായി താൻ "ഈ കള്ളന്മാർ നമ്മുടെ കൌപീനം മോഷ്ടിച്ചു. അതിനാൽ അവരെ ഞാൻ ബന്ധിച്ചു കൊണ്ടുപോരികയാണു ചെയ്തത്.

 

എന്നെ ബുദ്ധിമുട്ടിക്കാൻ നോക്കിയതിന് അവരും കുറച്ചു ബുദ്ധിമുട്ടട്ടെ" എന്നു പറഞ്ഞു. അപ്പോൾ വലിയ മേലെഴുത്തുപിള്ള "ഐഃ സാധുക്കൾ; അവരെ വിട്ടയച്ചേക്കണം" എന്നു പറഞ്ഞു. ഉടനെ താൻ ഒരു മന്ത്രം ജപിച്ചു മനസ്സുകൊണ്ട് ഉച്ചാടനം ചെയ്തിട്ട്, "ആ കൌപീനം അവിടെ ഇട്ടീട്ടു പോകുവിൻ" എന്നു പറഞ്ഞു. അപ്രകാരം ആ കുരങ്ങന്മാരെല്ലാം പോവുകയും ചെയ്തു.

ഇതു കണ്ട് യോഗീശ്വരൻ രാമൻപിള്ള വളരെ വിസ്മയിക്കുകയും തേവലശ്ശേരിത്താൻ ഒട്ടും ചില്ലറക്കാരനല്ലെന്നു തീർച്ചപ്പെടുത്തുകയും ചെയ്തുവെങ്കിലും ഒന്നുകൂടി പരീക്ഷിക്കണമെന്നു നിശ്ചയിച്ചുകൊണ്ട്, "നിങ്ങൾ, ഇവിടെ വരുന്നതിനു ഞാൻ ആവശ്യപ്പെട്ടതിന്റെ കാരണം മനസ്സിലായിക്കാണുമല്ലോ. ഞാനനേകം മന്ത്രവാദികളെയും വൈദ്യന്മാരെയും ഇവിടെ വരുത്തുകയും അവർ പഠിച്ചതെല്ലാം പ്രയോഗിച്ചുനോക്കുകയും ചെയ്തു.

 

അതുകൊണ്ട് എനിക്കു ഒട്ടുവളരെ പണം ചെലവായതല്ലാതെ മറ്റൊരു ഫലവുമുണ്ടായില്ല. ഇനി നിങ്ങളെക്കൊണ്ടുകൂടി കഴിയുന്നതൊക്കെ ചെയ്യിച്ചുനോക്കുകയും അതുകൊണ്ടും ഫലം ഉണ്ടാകാത്തപക്ഷം ഈ ശ്രമവും ആഗ്രഹവും വേണ്ടെന്നു വയ്ക്കുകയും ചെയ്യണമെന്നാണ് ഞാൻ വിചാരിക്കുന്നത്.

 

എനിക്ക് വയസ്സ് ഏകദേശം അറുപതോളമായിരിക്കുന്നു. ഇനിയും സന്തതി ഉണ്ടാകാത്തപക്ഷം പിന്നെ അതിനെക്കുറിച്ച് ആഗ്രഹിക്കണമെന്നില്ലല്ലോ. ഈ പുരാതനവംശം എന്റെ കാലത്തു നശിച്ചു എന്നു വരാതെയിരിക്കാനായി ഒരു പുത്രസന്താനമെങ്കിലുമുണ്ടായാൽക്കൊള്ളാമെന്നേ എനിക്കാഗ്രഹമുള്ളൂ. മരിച്ചാൽ ശേ‌ഷക്രിയ (ഇത്രയും പറഞ്ഞപ്പോഴേക്കും യോഗീശ്വരൻ രാമൻപിള്ളയുടെ കണ്ണു രണ്ടും നിറഞ്ഞ് അശ്രുക്കൾ ധാരയായി ഒഴുകിത്തുടങ്ങി.

 

അദ്ദേഹത്തിനു വാക്കുകൾ പുറപ്പെടാതെയുമായി. ഗംഭീരമാനസനും ധൈര്യശാലിയുമായിരുന്ന അദ്ദേഹത്തിന്റെ പാരവശ്യം കണ്ട് അവിടെ കൂടിയിരുന്നവരെല്ലാം കരഞ്ഞുപോയി. മന്ത്രവാദിയുടെ കണ്ണിലും വെള്ളം നിറഞ്ഞു. അദ്ദേഹം ഒരു വിധം മനസ്സിനെ സമാധാനപ്പെടുത്തി ഉറപ്പിച്ചുകൊണ്ട് പിന്നെയും പറഞ്ഞു തുടങ്ങി) ചെയ്‌വാൻ ആരുമില്ലാതെയിരിക്കുന്നതു കഷ്ടമാണല്ലോ. "അപുത്രസ്യ കുതോ മുക്തി?" എന്നാണല്ലോ മഹദ്വചനം.

 

അതിനാൽ എന്റെ ആഗ്രഹസിദ്ധിക്കായി നിങ്ങൾ വേണ്ടുന്നതിനെ മനസ്സിരുത്തി ചെയ്യണം. ഈ ഗന്ധർവൻ ഒഴിഞ്ഞുപോയാൽ സന്താനമുണ്ടാകുമെന്നാണ് പ്രശ്നവശാൽ കണ്ടിരിക്കുന്നത്. അതിനാൽ അതിനായിട്ടാണ് നിങ്ങൾ പ്രധാനമായി നോക്കേണ്ടത്. എനിക്ക് എന്റെ അനുഭവംകൊണ്ട് മന്ത്രവാദികളെക്കുറിച്ച് ആകപ്പാടെ വിശ്വാസം വളരെ കുറവായിരിക്കുന്നു.

 

എന്നാൽ നിങ്ങളെക്കുറിച്ച് അങ്ങനെ തോന്നുന്നില്ല. നിങ്ങൾ വിചാരിച്ചാൽ ഈ ഗന്ധർവനെ ഒഴിച്ചുവിടാൻ കഴിയുമെന്നുതന്നെയാണ് എന്റെ വിശ്വാസം. എങ്കിലും എന്റെ മനസ്സിനു കുറച്ചുകൂടി ഉറപ്പുവരാനായി നിങ്ങൾ ആദ്യമേ ഒരു കാര്യം ചെയ്യണം. എന്തെന്നാൽ (ചൂണ്ടിക്കാണിച്ചുകൊണ്ട്) ഇതാ ഈ തൊഴുത്തിന്റെ (കന്നുകാലിക്കൂടിന്റെ) പുറത്തു പടർന്നു കിടക്കുന്ന മത്തവള്ളി ആകർ‌ഷിച്ചു താഴെയിറക്കുകയും ഉച്ചാടനം ചെയ്തു പൂർവസ്ഥിതിയിലാക്കുകയും ചെയ്യണം.

 

പിന്നെ നമ്മുടെ പ്രകൃതകാര്യത്തിനു വട്ടംകൂട്ടേണ്ടതെന്തെല്ലാമെന്നു പറഞ്ഞാൽ എല്ലാം ഞാൻ തയ്യാറാക്കിച്ചു തരുകയും ചെയ്യാം" എന്നു പറഞ്ഞു. അതു കേട്ടു തേവലശ്ശേരിത്താൻ "ഗുരുകടാക്ഷവും പരദേവതമാരുടെ കാരുണ്യവും കൊണ്ട് ഈ ഗന്ധർവന്റെ ഉപദ്രവം ഒഴിക്കാമെന്നുതന്നെയാണ് എന്റെ വിശ്വാസം. നിങ്ങളുടെ കുടുംബം അത്ര സുകൃതം ക്ഷയിച്ചതല്ലെന്നാണ് കേൾവികൊണ്ട് ഞാൻ അറിഞ്ഞിട്ടുള്ളത്.

 

അതുകൊണ്ടും അവിടുത്തെ ഭാഗ്യംകൊണ്ടും അവിടേക്കു സന്തതിയുണ്ടാകുമെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. എന്റെ പേരിൽ അവിടേക്കു വിശ്വാസം ഉണ്ടാകുന്നതിനായി അവിടുന്നു ആവശ്യപ്പെട്ട പ്രകാരം ഇപ്പോൾത്തന്നെ കാണിച്ചു ബോധ്യപ്പെടുത്താം.

 

പിന്നെ ഗന്ധർവനെ ഒഴിവാക്കുന്നതിനു വിശേ‌ഷി ച്ചൊന്നും വട്ടം കൂട്ടേണ്ടതായിട്ടില്ല. അസ്തമിച്ച് ഏഴര നാഴിക രാത്രിയാകുന്നതുവരെ ക്ഷമിക്കുക മാത്രം ചെയ്താൽ മതി. പിന്നെ വേണ്ടതൊക്കെ അപ്പോൾ ഞാൻപറയാം" എന്നു പറയുകയും തൊഴുത്തിന്റെ മുകളിൽ നിറച്ചു കായും പൂവുമായി പടർന്നുകിടന്നിരുന്ന മത്തവള്ളിയെ ഒരു മന്ത്രം ജപിച്ചു മനസ്സുകോണ്ട് ആകർ‌ഷിച്ചു താഴെയിറക്കുകയും ചെയ്തു.

 

അതുകണ്ട്, അത്ഭുതപരവശനായ യോഗീശ്വരൻ രാമൻപിള്ള "ഇപ്രകാരം ചെയ്യണമെന്നു ഞാൻപറഞ്ഞത് അവിടുത്തെ പേരിൽ എനിക്ക് അവിശ്വാസമുണ്ടായിട്ടല്ല. ഈ അത്ഭുതകർമം കാണാനുള്ള ആഗ്രഹംകൊണ്ടും ഈവക വിദ്യകൾ കാണിക്കുന്നതിനു ശക്തന്മാരായ മാന്ത്രികന്മാർ ഇപ്പോഴും ചുരുക്കമാകയാലും പറഞ്ഞുപോയി എന്നേയുള്ളൂ" എന്നു പറഞ്ഞു.

 

താൻ മറ്റൊരു മന്ത്രം ജപിച്ചു മനസ്സുകൊണ്ടുതന്നെ ഉച്ചാടനം ചെയ്ത് പൂർവസ്ഥിതിയിലാക്കുകയും ചെയ്തു. ആ മത്തവള്ളിയെല്ലാം തലപൊക്കി, ഇഴഞ്ഞുകയറി, യഥാപൂർവം തൊഴുത്തിന്റെ മുകളിൽ പടർന്നുകിടപ്പായതു കണ്ടപ്പോൾ യോഗീശ്വരൻ രാമൻപിള്ളയുടെ മനസ്സിൽ വിസ്മയം ശതഗുണീഭവിച്ചുവെന്നുള്ളതു പറയണമെന്നില്ലല്ലോ.

അന്ന് അസ്തമിച്ച് ഏഴര നാഴിക കഴിഞ്ഞപ്പോൾ തേവലശ്ശേരിത്താൻ മന്ത്രവാദമാരംഭിച്ചു. അദ്ദേഹം ഭസ്മംകൊണ്ട് ‌ഷൾക്കോണമായി ഒരു ചക്രം വരച്ച്, അതിൽ ഉമയാൾ പാർവതിയമ്മയെ ഇരുത്തി ഭസ്മം ജപിച്ച് അവരുടെ ദേഹത്തിലിട്ടുകൊണ്ടിരുന്നു. അപ്പോൾ താൻ, "ഈ ദേഹത്തിന്മേൽ ആരാണ് വന്നിരിക്കുന്നത്? എന്തിനായിട്ടാണ് ഇവിടെ വന്നുകൂടിയിരിക്കുന്നത്? കൂടാൻ കാരണമെന്താണ്? എന്നുള്ളതെല്ലാം പറയണം" എന്നു പറഞ്ഞു.

 

ഉടനെ സ്ത്രീ ഗന്ധർവന്റെ നിലയിൽ താഴെ വരുന്ന പ്രകാരം പറഞ്ഞുതുടങ്ങി: ഞാനാരാണെന്നുള്ളത് പ്രശ്നവശാൽ നിങ്ങളറിഞ്ഞിട്ടുണ്ടല്ലോ. ഞാനീ സ്ത്രീയുടെ സൌന്ദര്യം കണ്ടു ബാധിച്ചിട്ടുള്ളതാണ്. ഈ സ്ത്രീയെ ഉപദ്രവിക്കണമെന്നുള്ള വിചാരം എനിക്കു ലവലേശംപോലുമില്ല. ഞാൻ യാതൊരുപദ്രവവും ചെയ്യുന്നുമില്ല.

 

എന്നാൽ ഈ സ്ത്രീ ഭർതൃസഹവാസം ചെയ്യുന്നത് എനിക്ക് ഒട്ടും സന്തോ‌ഷകരമല്ലെന്നല്ല, മഹാവിരോധവുമാണ്. അതിനാൽ ഈ പുരു‌ഷനിൽനിന്നു സന്താനമുണ്ടാകുന്നതിനു ഞാൻ സമ്മതിക്കുകയുമില്ല. വേറെ യാതൊരുപദ്രവവും ഞാൻചെയ്യുന്നില്ല. ചെയ്കയുമില്ല. ഈ സ്ത്രീയുടെ ദേഹത്തിൽനിന്ന് ഒഴിഞ്ഞുപോകുന്ന കാര്യം എനിക്കു വളരെ സങ്കടമായിട്ടുള്ളതാണ്. അതിനാൽ ആ ഒരു കാര്യം മാത്രം എന്നോടു നിർബന്ധിക്കരുത്"

താൻ: ഇല്ല, അങ്ങനെ നിർബന്ധമില്ല. ഈ ദേഹത്തിനുപദ്രവമൊന്നു മുണ്ടാക്കരുത്. ഇവിടെ സന്തതിയുണ്ടാവുകയും വേണം. അത്രമാത്രമേ ആഗ്രഹമുള്ളൂ.

സ്ത്രീ: ഞാനീ ദേഹത്തിലുള്ള കാലം സന്തതിയുണ്ടാവുക അസാദ്ധ്യംതന്നെയാണ്.

താൻ: എന്നാൽ ഒഴിഞ്ഞുപോവുകതന്നെ വേണം.

സ്ത്രീ: അതു സങ്കടമാണ്.

താൻ: പോകാതിരിക്കുന്നതു ഞങ്ങൾക്കും സങ്കടമാണ്.

സ്ത്രീ: എന്തുചെയ്യാം! അതു നിങ്ങൾ അനുഭവിക്കുകതന്നെ വേണം. എന്തായാലും ഞാനൊഴിഞ്ഞുപോവുകയില്ല.

താൻ: പോയില്ലെങ്കിൽ ഞാൺ‍ അയയ്ക്കും. അതുകൂടാതെ ഒഴിഞ്ഞുപൊയ്ക്കൊള്ളുന്നതാണു നല്ലത്.

സ്ത്രീ: എന്നെ ഒഴിച്ചുവിടാമെന്നോ? അതസാദ്ധ്യമാണ്. അങ്ങുതന്നെ ഒഴിഞ്ഞുപൊയ്ക്കൊൾകയാണ് നല്ലത്. എന്നാൽ ഉള്ള മാനം കളയാതെയിരിക്കാം. ഇതുവരെ എന്നെ ഒഴിവാക്കാൻ വന്നവരെപ്പോലെയല്ല അങ്ങെന്നെനിക്കറിയാം. അതുകൊണ്ടാണ് ഞാൻ പറയുന്നത്. മുമ്പു വന്നവരെല്ലാം വിചാരിച്ചിട്ട് എന്നെക്കൊണ്ട് മിണ്ടിക്കാൻ പോലും കഴിഞ്ഞില്ല. അങ്ങു കുറച്ചു പഠിത്തമുള്ളയാളും മാന്യനുമാണ്. എന്നെ ഉപദ്രവിക്കാൻ തുടങ്ങുകയാണെങ്കിൽ ഞാനങ്ങെ അവമാനിച്ചയയ്ക്കും.

ഇത്രയും പറഞ്ഞ് ആ സ്ത്രീ അവിടെനിന്നെണീറ്റു. ഉടനെ താൻ മുൻകൂട്ടി കരുതി അടുക്കൽ വച്ചിരുന്ന കയറെടുത്തുപിടിച്ച് ഒരു മന്ത്രം ജപിച്ച് ഒരു കെട്ടുകെട്ടി. ഉടനെ ആ സ്ത്രീ "അയ്യോ!" എന്നു പറഞ്ഞു കൈ രണ്ടും കൂട്ടി പിടിച്ചു കെട്ടിയിട്ടവിധം ചേർത്തുവച്ചുകൊണ്ട് അവിടെത്തന്നെ ഇരുന്നു. സ്ത്രീ എണീറ്റതു മന്ത്രവാദിയുടെ ചെകിട്ടത്ത് അടിക്കാനായിരുന്നു. അതു മനസ്സിലാക്കിയിട്ട് അദ്ദേഹം മന്ത്രം ജപിച്ചു ബന്ധിച്ചതിനാലാണ് സ്ത്രീ അവിടെയിരുന്നത്. ബന്ധനം കഴിഞ്ഞപ്പോൾ ആ സ്ത്രീയ്ക്കു കയ്യും കാലും ഇളക്കാനും ഇരുന്ന സ്ഥലത്തുനിന്ന് മാറിയിരിക്കാൻപോലും വയ്യാതായിട്ട്, "അങ്ങു സാമാന്യക്കാരനല്ലെന്നു ഞാൻ സമ്മതിക്കുന്നു. ഞാനങ്ങയോടു മത്സരിക്കണമെന്നു വിചാരിക്കുന്നില്ല. എന്നെ ബഹുമാനപൂർവം അയയ്ക്കണമെന്നു മാത്രം ഞാനപേക്ഷിക്കുന്നു. അങ്ങനെ അയയ്ക്കുകയാണെങ്കിൽ സസന്തോ‌ഷം പൊയ്ക്കൊള്ളാം" എന്നു പറഞ്ഞു.

താൻ: എങ്ങനെ വേണമെങ്കിലും അവിടുത്തെ ഇഷ്ടംപോലെ ബഹുമാനിച്ചയയ്ക്കാൻ ഇവിടെ തയ്യാറാണ്. അവിടുത്തെ ഉപദ്രവിക്കണമെന്ന് ഇവിടെ ആർക്കും വിചാരമില്ല. പോകുന്നതിനു എന്തെല്ലാമാണ് വേണ്ടത്?

സ്ത്രീ: അതു ഞാൻപറയണോ? അങ്ങേയ്ക്കറിയാമല്ലോ. അധികമൊന്നും വേണ്ട. സാധാരണനടപ്പുപോലെ മതി.

താൻ: ചുരുക്കത്തിലായാലും ഇന്നിനി തരമില്ലല്ലോ. അതിനാൽ ഒരവധി നിശ്ചയിച്ചു പറയണം.

സ്ത്രീ: പോവുക എന്നു തീർച്ചപ്പെടുത്തിയ സ്ഥിതിക്ക് എനിക്കിനി അധികം താമസിക്കാൻ പാടില്ല. നാളെത്തന്നെ എന്നെ അയയ്ക്കണം.

താൻ: അങ്ങനെതന്നെ.

സ്ത്രീ: എന്നാൾ ഇപ്പോൾ മാറി നിൽക്കട്ടെ.

ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോൾ ആ സ്ത്രീ അവിടെത്തന്നെ കിടന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ വെള്ളം കുടിക്കണമെന്നു പറയുകയും വെള്ളം കുടിച്ചതിന്റെ ശേ‌ഷം അവിടെനിന്ന് എണീറ്റ് പോവുകയും ചെയ്തു. പിന്നെ സുഖക്കേടൊന്നുമുണ്ടായിരുന്നില്ല.

പിറ്റേ ദിവസം വൈകുന്നേരമായപ്പോഴേക്കും അവിടെ തെക്കേത്തളമെല്ലാം അടിച്ചു തളിച്ചു മെഴുകി ശുദ്ധമാക്കുകയും കെട്ടി വിതാനിച്ച് അലങ്കരിക്കുകയും ഒരു പൂജയ്ക്കു വേണ്ടുന്നവയെല്ലാമൊരുക്കുകയും ചൂട, സാമ്പ്രാണി, അഷ്ടഗന്ധം, കളഭം, കസ്തൂരി മുതലായ സുഗന്ധവർഗങ്ങളും മാലകളും പനിനീർ മുതലായവയും തയ്യാറാക്കി വെയ്ക്കുകയും ചെയ്തു.

 

ഏകദേശം ഏഴര നാഴിക രാത്രിയായപ്പോൾ തേവലശ്ശേരിത്താൻ കുളിച്ചു ശുദ്ധമായി വന്നു. അദ്ദേഹം അവിടെ പത്മമിട്ടു വിളക്കുവച്ച് ഗന്ധർവന് ഒരു പൂജ കഴിച്ചു. പാൽപ്പായസം, അപ്പം, അട, അവിൽ, മലർ, പഴം, ഇളന്നീർ മുതലായവയായിരുന്നു നിവേദ്യസാധനങ്ങൾ. പൂജ കഴിഞ്ഞ ഉടനെ തലേദിവസത്തെപ്പോലെ ഭസ്മംകൊണ്ടു ‌ഷൾകോണമായി ഒരു ചക്രം വരച്ച് ഉമയാൽ പാർവതിയമ്മയെ അതിലിരുത്തി. അന്നു ഭസ്മം ജപിച്ചിടുകയും മറ്റും ചെയ്തില്ല. തേവലശ്ശേരിത്താൻ കുറച്ചു ചന്ദനവും പൂവും കയ്യിലെടുത്ത് ആ പൂജ കഴിച്ച സ്ഥലത്തുനിന്നു ഗന്ധർവനെ ആവാഹിച്ച് ആ സ്ത്രീയുടെ ശിരസ്സിലേക്കിട്ടു. ഉടനെ അവർ തുള്ളിത്തുടങ്ങി.

 

തുള്ളുകയെന്നാൽ ഓടുകയും ചാടുകയുമൊന്നുമല്ല. ആദ്യം ദേഹം ആകപ്പാടെ ഒന്നു വിറയ്ക്കും. പിന്നെ ഒരു പ്രൌഢനായ ഒരു പുരു‌ഷനെപ്പോലെ കാലിന്മേൽ കാൽകേറ്റിയിരുന്ന് സംസാരിച്ചുതുടങ്ങും. അല്ലാതെ വിശേഷമൊന്നും ഇല്ല. തുള്ളിത്തുടങ്ങിയ ഉടനെ കളഭം, പു‌ഷ്പമാല്യങ്ങൾ മുതലായവയെല്ലാമെടുത്തു തേവലശ്ശേരിത്താൻ ആ സ്ത്രീയുടെ അടുക്കൽ വെച്ചു.

 

ഉടനെ ആ സ്ത്രീ "എന്നെ ഇന്നലെ കെട്ടിയ കെട്ട് ഇതുവരെ അഴിച്ചില്ലല്ലോ. പിന്നെ നിങ്ങളുടെ ഈ സൽക്കാരത്തെ ഞാനെങ്ങനെ സ്വീകരിക്കും?" എന്നു ചോദിച്ചു. അതു കേട്ടു താൻ "അക്കാര്യം ഞാൻ തീരെ അന്ധാളിച്ചുപോയി. എന്റെ ഈ തെറ്റിനെ അവിടുന്നു കൃപാപൂർവം ക്ഷമിക്കണം" എന്നു പറഞ്ഞിട്ട് ഒരു മന്ത്രം ജപിച്ച് ആ ബന്ധമഴിച്ചു. ഉടനെ ആ സ്ത്രീ ആ കളഭമെടുത്ത് ദേഹത്തിലെല്ലാം പൂശുകയും മാലകളും പൂക്കളുമെടുത്തു ചൂടുകയും ചെയ്തു.

 

അപ്പോഴേക്കും തേവലശ്ശേരിത്താൻ കർപ്പൂരം കത്തിക്കുകയും അഷ്ടഗന്ധം മുതലായവ ധൂപിക്കുകയും ചെയ്ത് ആ സ്ഥലം സുഗന്ധസമ്പൂർണമാക്കിത്തീർത്തു. ഉടനെ ആ സ്ത്രീ പറഞ്ഞുതുടങ്ങി:

വളരെ സന്തോ‌ഷമായി. ഞാൻഇപ്പോൾത്തന്നെ യാത്രയായിരിക്കുന്നു. ഇനി ഒരു കാലത്തും ഈ സ്ത്രീയെയെന്നല്ല, ഈ കുടുംബത്തിലാരെയും തന്നെ ഞാൻ ബാധിക്കുന്നതല്ല, സത്യം. എന്നാൽ ഇത്രയും കാലം ഞാൻ ഈ സ്ത്രീയുടെ ദേഹത്തെയും ഈ കുടുംബക്കാരെയും ആശ്രയിച്ചു താമസിച്ചിരുന്ന സ്ഥിതിക്ക് ഇവർക്കൊരു സഹായവും ചെയ്യാതെ പോകുന്നതു യുക്തമല്ലല്ലോ.

 

അതിനാൽ സന്തോ‌ഷസമേതം അനുഗ്രഹിച്ചിരിക്കുന്നു. അടുത്ത ആണ്ടിൽ ഈ മാസത്തിൽ ഈ തീയതിയിൽത്തന്നെ ഈ സ്ത്രീ പ്രസവിച്ച് ഒരു പുരു‌ഷ സന്താനമുണ്ടാകും. ആ പുരു‌ഷൻ പ്രസിദ്ധനും യോഗ്യനുമായിത്തീരുകയും ചെയ്യും. എന്നു മാത്രമല്ല, ഈ കുടുംബത്തിൽ കേവലം മൂഢന്മാരും അയോഗ്യന്മാരുമായി ആരും ഒരു കാലത്തുമുണ്ടാവില്ല.

 

ഇനിയൊരു മൂന്നു തലമുറ കഴിയുന്നതുവരെയുള്ളവർക്കു പ്രത്യേക യോഗ്യതകളുമുണ്ടായിരിക്കുകയും ചെയ്യും. എന്റെ ഈ അനുഗ്രഹത്തിനു യാതൊരു വ്യത്യാസവും വരുന്നതല്ല. എന്നാൽ എന്നെ ഇപ്രകാരം ഇവിടെനിന്ന് ഇറക്കി വിടുന്നതിനാൽ എക്കാലത്തും ഈ കുടുംബത്തിൽ പുരു‌ഷസന്താനം കുറവായിരിക്കുകയും ചെയ്യും."

ഇപ്രകാരം പറഞ്ഞ് ആ ഗന്ധർവൻ ഒഴിഞ്ഞുപോവുകയും ഉമയാൾ പാർവതിയമ്മ സ്വസ്ഥതയെ പ്രാപിക്കുകയും ചെയ്തു. യോഗീശ്വരൻ രാമൻപിള്ള വലിയ മേലെഴുത്തുപിള്ളയദ്ദേഹത്തിനുണ്ടായ സന്തോ‌ഷവും വിസ്മയവും തേവലശ്ശേരിത്താന്റെ പേരിലുണ്ടായ വിശ്വാസ ബഹുമാനങ്ങളും സീമാതീതങ്ങളായിരുന്നുവെന്നതു പറയേണ്ടതില്ലല്ലോ.

 

ആ മാന്ത്രിക ശ്രഷ്ഠനെ അദ്ദേഹം സൽക്കാരവചനങ്ങൾകൊണ്ടും പലവിധ സമ്മാനങ്ങൾകൊണ്ടും മറ്റും സന്തോ‌ഷിപ്പിച്ചയച്ചു. ഗന്ധർവൻ പറഞ്ഞതുപോലെ അധികം താമസിയാതെ ഉമയാൾ പാർവതിയമ്മ ഗർഭം ധരിക്കുകയും അടുത്തയാണ്ടിൽ ആ ദിവസം തന്നെ ആ സ്ത്രീ പ്രസവിച്ച് ഒരു പുരു‌ഷപ്രജ ഉണ്ടാവുകയും ചെയ്തു.

ഇപ്രകാരം യോഗീശ്വരൻ രാമൻപിള്ളയ്ക്ക് ഉമയാൾ പാർവതിയമ്മയിലുണ്ടായ ഏകപുത്രനാണ് "ബാലരാമൻ പിള്ള സമ്പ്രതിപ്പിള്ള" എന്നു പ്രസിദ്ധനായിത്തീർന്നത്. ബാലരാമൻപിള്ള ജനിച്ചത് 960-ആമാണ്ട് കുട്ടമ്പേരൂർ നാലേക്കാട്ടു കുടുംബത്തിൽത്തന്നെയാണ്. പുത്രനുണ്ടായ ഉടനെ യോഗീശ്വരൻ രാമൻപിള്ള തിരുമനസ്സറിയിക്കുന്നതിനു തിരുവനന്തപുരത്തേക്ക് എഴുതിയയച്ചു.

 

അന്നു നാടുവാണിരുന്നത് 973-ആമാണ്ടു നാടു നീങ്ങിയ സാക്ഷാൽ രാമവർമ മഹാരാജാവു തിരുമനസ്സുകൊണ്ടായിരുന്നുവെന്നത് പറയണമെന്നില്ലല്ലോ. ആ തിരുമനസ്സിലേക്ക് ഈ വലിയ മേലെഴുത്തുപിള്ളയുടെ പേരിൽ വലിയ കാരുണ്യവും സന്തോ‌ഷവും വിശ്വാസവുമുണ്ടായിരുന്നു. തിരുമനസ്സിലേക്കു രാജ്യഭരണവി‌ഷയത്തിൽ പ്രധാനസഹായികളായിരുന്നിട്ടുള്ളതു കേശവ(ദാസ്)പിള്ള ദിവാൻജിയും ഈ വലിയ മേലെഴുത്തുപിള്ളയുമാണ്.

 

വലിയ മേലെഴുത്തുപിള്ളയ്ക്ക് പുത്രനുണ്ടായി എന്നു കേട്ടപ്പോൾ തിരുമനസ്സിലേക്കുണ്ടായ സന്തോ‌ഷം എത്രമാത്രമെന്നു പറയാൻ പ്രയാസം. ഈ കുട്ടിയെ കാണുന്നതിനു തിരുമനസ്സിലേക്കു വളരെ ധൃതിയായിരിക്കുന്നുവെന്നുള്ള വിവരത്തിനു യോഗീശ്വരൻ രാമൻപിള്ളയ്ക്കു തിരുവനന്തപുരത്തുനിന്ന് ഒരു സ്വകാര്യക്കത്തു കിട്ടുകയാൽ അദ്ദേഹം ഭാര്യയുടെ പ്രസവരക്ഷാദികൾ കഴിഞ്ഞയുടനെ പുത്രനെ ഭാര്യാസമേതം വള്ളത്തിൽ കയറ്റി തിരുവനന്തപുരത്തുകൊണ്ടുചെന്ന സമയം ആശ്രിതവത്സലനും കരുണാനിധിയുമായ ആ തിരുമേനി ആ കുട്ടിയെ തൃക്കൈയിൽ വാങ്ങി തിരുമടിയിൽ വെച്ചുകൊണ്ട്, "നാമും നമ്മുടെ വലിയ മേലെഴുത്തുപിള്ളയും രാമനാമാക്കളാണല്ലോ.

 

അപ്രകാരംതന്നെ വലിയ മേലെഴുത്തുപിള്ളയുടെ പുത്രനു നമ്മുടെ അനന്തരവന്റെ പേരുമായിരിക്കട്ടെ" എന്ന് അരുളിച്ചെയ്തിട്ട് ആ കുട്ടിക്ക് "ബാലരാമൻ" എന്നു കല്പിച്ചു പേരു വിളിച്ചു. അന്ന് ഇളയമുറസ്ഥാനം വഹിച്ചിരുന്നത് ബാലരാമവർമ മഹാരാജാവായിരുന്നുവല്ലോ. ഈ സംഗതി വിചാരിച്ചാൽ ആ ബാലരാമൻപിള്ളയോളം ഭാഗ്യമുണ്ടായിട്ട് ആ വംശത്തിൽ മറ്റാരുമുണ്ടായിട്ടില്ലെന്നുതന്നെ പറയാം. കുലശേഖരപ്പെരുമാളുടെ തിരുമടിയിൽക്കയറിയിരിക്കുന്നതിനും അവിടുന്നു തന്നെ കല്പിച്ചു പേരു വിളിക്കുന്നതിനും മറ്റാർക്കും സംഗതിയായിട്ടില്ലല്ലോ.

986-ആമാണ്ട് ബാലരാമവർമ മഹാരാജാവു തിരുമനസ്സുകൊണ്ട് നാടുനീങ്ങിയ ശേ‌ഷം യോഗീശ്വരൻ രാമൻപിള്ള പ്രായാധിക്യം നിമിത്തം തിരുവനന്തപുരം വിട്ട് കുട്ടമ്പേരൂർ സ്വഗൃഹത്തിൽത്തന്നെ വന്നു താമസിച്ചു.

 

എങ്കിലും വലിയ മേലെഴുത്തുദ്യോഗത്തിൽനിന്ന് അദ്ദേഹം മാറുകയോ അദ്ദേഹത്തെ ആരെങ്കിലും മാറ്റുകയോ ചെയ്തില്ല. ആജീവനാന്തം അദ്ദേഹം ആ ഉദ്യോഗത്തിൽത്തന്നെയാണിരുന്നത്. ബാലരാമവർമ മഹാരാജാവിന്റെ കാലാനന്തരം രാജ്യം ഭരിച്ചിരുന്ന ശ്രീലക്ഷ്മീമഹാരാജ്ഞി, ശ്രീപാർവതീമഹാരാജ്ഞി എന്നിവർക്കും യോഗീശ്വരൻ രാമൻപിള്ളയുടെ പേരിൽ വളരെ കരുണയുണ്ടായിരുന്നു.

 

അതിനാൽ ആ മഹാരാജ്ഞിമാർ വലിയ മേലെഴുത്തുപിള്ളയുടെ ജോലികളെല്ലാം അദ്ദേഹം തന്റെ പ്രതിനിധിയായി നിയമിച്ച "ചാങ്ങയിൽ ശങ്കരനാരായണപിള്ള" എന്ന ആളെക്കൊണ്ടു നോക്കിക്കയും ശമ്പളം മുഴുവനും മുറയ്ക്കു ഇദ്ദേഹത്തിനുതന്നെ വീട്ടിൽ അയച്ചുകൊടുക്കു ന്നതിനു ചട്ടംകെട്ടി നടത്തിക്കുകയുമാണ് ചെയ്തിരുന്നത്.

യോഗീശ്വരൻ രാമൻപിള്ള 996-ആമാണ്ട് ചിങ്ങമാസത്തിൽ 96-ആമത്തെ വയസ്സിൽ യശശ്ശരീരനായി ഭവിച്ചു. അദ്ദേഹത്തെ ഇപ്പോഴും ആ കുടുംബക്കാർ അവിടെവെച്ച് ആചരിച്ചുവരുന്നുമുണ്ട്.

3. ബാലരാമൻപിള്ള

ഇദ്ദേഹം ഒരു വലിയ സംസ്കൃതപണ്ഡിതനും കവിയും ജ്യോത്സ്യനും മന്ത്രവാദിയും വൈദ്യനുമായിരുന്നു. ഇദ്ദേഹത്തിനു രായസം, സാമ്പ്രതി മുതലായ സർക്കാരുദ്യോഗമുണ്ടായിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് അറിവും ഓർമയുമുള്ളവർ ഇപ്പോഴും പലരുമുള്ളതിനാൽ ഈ മഹാനെപ്പറ്റി അധികം വിസ്തരിക്കുന്നില്ല.

ബാലരാമൻപിള്ള ചരമഗതിയെ പ്രാപിച്ചതു 90-ആമത്തെ വയസ്സിൽ 1050-ആമാണ്ടിലാണ്. ഇപ്പോൾ നാലേക്കാട്ടു കുടുംബത്തിലുള്ള ശങ്കരനാരായണപിള്ള അവർകൾ മേല്പറഞ്ഞ മഹാന്റെ സന്താനപരമ്പരയിലുൾപ്പെട്ട ആളാണെന്നുകൂടി പറഞ്ഞുകൊണ്ട് ഈ ഉപന്യാസത്തെ ഇവിടെ സമാപിപ്പിച്ചുകൊള്ളുന്നു.

 

 

രഞ്ജിത്ത് മാത്യു

 

അടുത്ത ലക്കം   

ആഴുവാഞ്ചേരി തമ്പ്രാക്കളും മംഗലത്തു ശങ്കരനും

 

കവർ ചിത്രം: ബിനോയ് തോമസ് 

ബന്ധങ്ങൾ (നോവൽ - 40)

Jan. 28, 2021

തിരകെ ഉള്ള യാത്രയില്‍ ഉമ്മച്ചന്‍ ആകെ അക്ഷമനായിരുന്നു. കവിള്‍ത്തടത്തില്‍ ഏറ്റ പ്രഹരം ഉമ്മച്ചന്‍റെ മനസ്സിനെ അസ്വസ്ഥതയുടെ വേലികെട്ടുകള്‍ക്കുള്ളില്‍ തളച്ചിടാന്‍ പര്യാപ്തവുമായിരുന്നില്ല. പ്രതികാരചിന്തകള്‍ ഉമ്മച്ചന്‍റെ മനസ്സില്‍ തളിരിടുകയും,  അത് കൂട്ടിലടച്ച പക്ഷികളെപ്പോലെ സ്വതന്ത്രമായി പ്രതികാരം ചെയ്യുവാന്‍ വെമ്പുകയും ചെയ്തു.
 
എന്നാല്‍ അത്ര എളുപ്പമൊന്നും ആയിരുന്നില്ല കാര്യങ്ങളുടെ നിജസ്ഥിതി.
 
 
തൊമ്മിക്കുഞ്ഞിന് ആ നാട്ടില്‍ വളരെയധികം സ്വാധീനം ഉള്ള വ്യക്തിയായിരുന്നു. പോരാത്തതിന് അംഗബലവും, സഹോദരങ്ങള്‍ തമ്മിലുള്ള ഒത്തൊരുമയുടെ മുന്‍തൂക്കവുമെല്ലാം അയാളെ അജയ്യനായി നിര്‍ത്തുവാനുള്ള ഘടകങ്ങളുമായിരുന്നു. വിഷണ്ണനായി ഇരിക്കുന്ന മകനെ നോക്കി നിര്‍വികാരതയോടെ ഇരിക്കുവാന്‍ മാത്രമേ ഈപ്പച്ചന് കഴിയുമായിരുന്നുള്ളൂ.
 
മനമെത്തുന്നിടത്ത് ശരീരം പാഞ്ഞ്‌ എത്തുന്നൊരു കാലമുണ്ടായിരുന്നു ഈപ്പച്ചനും. അങ്ങനെയായിരുന്നെങ്കില്‍ ഇതുപോലെയുള്ള വിഷയങ്ങള്‍ ഒന്നും തന്നെ ഉണ്ടാകുമായിരുന്നില്ല. മകനും. താനും കണ്ടകശനിയുടെ അപഹാരത്തിന്‍റെ മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുന്ന സമയമാണെന്ന് ആശ്വാസം കണ്ടെത്തി വണ്ടിയില്‍ ഉള്ള ആ ഇരുപ്പ് തുടര്‍ന്നിട്ട് പറഞ്ഞു.
 
ഏന്തായാലും ഡ്രൈവര്‍ മത്തച്ചന്‍റെ അഭാവം നമ്മള്‍ക്ക് ഗുണം ചെയ്യുക തന്നെ ചെയ്തു.  അല്ലെങ്കില്‍ അവിടെ നടന്ന രംഗങ്ങള്‍  എരിവും, പുളിയും ചേര്‍ത്ത് അയാള്‍ നാട്ടുകാര്‍ക്കൊരു സദ്യതന്നെ വിളമ്പി നല്‍കിയേനേ. അപ്പന്‍ പറഞ്ഞതിന്‍റെ  പൊരുള്‍ മനസ്സിലാക്കുവാന്‍ ഉമ്മച്ചന് വലിയൊരു ആലോചനയുടെ ആവശ്യമൊന്നും ഉണ്ടായിരുന്നില്ല.
 
നടന്ന സംഭവങ്ങള്‍ വീട്ടില്‍ ചെല്ലുമ്പോള്‍ ആരോടും പറയുവാനൊന്നും നില്‍ക്കേണ്ട കേട്ടോ....
 
 
വണ്ടിയുമായി  ചിന്നമ്മ എയര്‍പോര്‍ട്ടില്‍ പോയിരിക്കുകയാണെന്നും, തിരകെ വരുമ്പോള്‍ വിളിക്കുമെന്നും മാത്രം പറയുക. അത് കേള്‍ക്കുമ്പോള്‍ അമ്പിളിയും, മറിയാമ്മച്ചിയുമെല്ലാം താല്‍കാലികമായി അടങ്ങിക്കൊള്ളുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു ഈപ്പച്ചന്‍ അങ്ങനെ പറഞ്ഞത്.
 
 
നിങ്ങള്‍ ഇറങ്ങുന്നില്ലേ?.. രണ്ടു സീറ്റ് പുറകില്‍ നിന്നും കേട്ട പരുക്കന്‍ സ്വരത്തിന്‍റെ ഉടമയെ  തിരിച്ചറിയുവാനായി ഉമ്മച്ചന്‍ പുറകിലേക്കൊന്ന് തിരിഞ്ഞു നോക്കിയിട്ട്, സീറ്റില്‍ നിന്നും വെപ്രാളത്തോടെ എഴുനേറ്റു. സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല സാറെ.. ഉമ്മച്ചന്‍റെ സാറെയെന്നുള്ള വിളി കേട്ടപ്പോള്‍ ഈപ്പച്ചനും ആകാംക്ഷ അടക്കുവാനായില്ല. ആരായിരിക്കും അത്...
 
 
സീറ്റില്‍ നിന്നും ആയാസപ്പെട്ട്‌ എഴുനേല്‍ക്കുവാന്‍  തുടങ്ങിയ ഈപ്പച്ചനു സംശയം തോന്നതിരുന്നില്ല. തിരിഞ്ഞു നോക്കിയപ്പോള്‍ ഈപ്പച്ചന്‍ കണ്ടത്  ശേഖരന്‍ മാഷിനെയായിരുന്നു.
 
വണ്ടിയില്‍ നിന്ന്‍ ഇറങ്ങി കഴിഞ്ഞപ്പോഴേക്കും ഉമ്മച്ചന്‍റെ മനസ്സില്‍ മറ്റൊരു സംശയം രൂപപ്പെട്ടു തുടങ്ങിയിരുന്നു.
 
 
സീറ്റിന്‍റെ തൊട്ടുപുറകില്‍ തന്നെയിരുന്ന ശേഖരന്‍മാഷ്‌ തങ്ങളുടെ സംഭാഷണത്തില്‍ നിന്നും എന്തെങ്കിലുമൊക്കെ കേട്ടിട്ടുണ്ടാവും. അങ്ങനെയൊരു അനര്‍ത്ഥവും കൂടി തനിക്ക് നേരേവന്നു ഭാവിച്ചാല്‍ പിന്നീട് മാനക്കേടുകൊണ്ട് പുറത്തിറങ്ങി നടക്കുവാന്‍ കഴിയാതെ വരും. ചിന്താശൃംഖലയില്‍ അപമാനത്തിന്‍റെ അപ്സരകന്യകകള്‍ നൃത്തംചെയ്യാന്‍ തുടങ്ങിയപ്പോള്‍
ഉമ്മച്ചന്‍റെ തലയ്ക്ക് ഭാവം കൂടി വരുന്നതായി അയാള്‍ക്ക് തോന്നാതെയിരുന്നില്ല.
 
******
 
 
വീട്ടില്‍ എത്തിയ ഉടനെ അവരെ വരവേറ്റത് അമ്പിളിയായിരുന്നു. നടന്നു വരുന്ന അവരെ കണ്ടപ്പോള്‍ അമ്പിളിയൊന്നു സംശയിച്ചു. അംബാസിഡര്‍ കാറുമായിട്ടേ  തിരികെ ഈ പടി ചവിട്ടുകയുള്ളൂവെന്ന് പറഞ്ഞ് ഇറങ്ങിപ്പോയ ഉമ്മച്ചായെന്‍റെ കണ്ണുകളില്‍ ഒളിഞ്ഞിരിക്കുന്ന വിഷാദ ഭാവം അമ്പിളിയെ തെല്ലൊന്ന് അമ്പരപ്പിക്കുക തന്നെ ചെയ്തുവെങ്കിലും ആകാംക്ഷയോടെ ചാവടിക്ക് താഴേയുള്ള വീഥിയിലേക്ക് കണ്ണുകള്‍ പായിക്കുവാന്‍ മറന്നില്ല.
 
അപ്പനും, മകനും കൂടി അവിടെയെങ്ങാനും കാര്‍ ഇട്ടിട്ടു തങ്ങളെ പറ്റിക്കുവാനുള്ള പുറപ്പാട് ആകുമെന്നുള്ള കണക്കുകൂട്ടലിലായിരുന്ന അമ്പിളിയ്ക്ക് ആകാംക്ഷ അടക്കുവാനായില്ല.
 
എന്തിയേ കാര്‍.... ഉമ്മച്ചായാ....
 
 
ചിന്നമ്മ കാറുമായി എയര്‍പോര്‍ട്ടിലേക്ക് പോയിരിക്കുന്ന കാര്യവും. മടങ്ങി  വന്നാല്‍ ഉടനെ തന്നെ അവിടെ ചെന്ന് കാര്‍ എടുത്തുകൊണ്ട് പോരുവാനുള്ള ഏര്‍പ്പാടുകള്‍ നടത്തിയിട്ടുണ്ടെന്നുള്ള വിവരം അമ്പിളിയെ ധരിപ്പിച്ചിട്ട് ഈപ്പച്ചന്‍ മുറിക്കുള്ളിലേക്ക് കയറിപ്പോയി.
 
കാര്‍ കാണുവാനായി അവിടേക്ക് ഓടി വന്ന ടോമും, ജെറിയും അപ്പച്ചന്‍റെ സംസാരം കേട്ടതും നിരാശയോടെ തിരകെ തൊടിയിലേക്ക് ഇറങ്ങി നടന്നു. അവരുടെ നടപ്പ് കണ്ടപ്പോള്‍ അമ്പിളി പരിഭവത്തിന്‍റെ സ്വരത്തില്‍ ഉമ്മച്ചനോടായി പറഞ്ഞു.
 
കാര്‍ കിട്ടിയിട്ട് ചക്കരപറമ്പിലേക്ക് പോയി അപ്പനേയും, അമ്മയേയും കാണുവാന്‍ ഒരുങ്ങിയിരിക്കുകയായിന്നു ഞാനും, മക്കളും.  ആ പരിഭവം കേട്ടപ്പോള്‍ ഉമ്മച്ചന്‍ അറിയാതെ കവിള്‍ത്തടത്തിലൂടെ കൈകള്‍ മെല്ലെയൊന്നു ഓടിച്ചിട്ട്‌ പറഞ്ഞു.
 
 
അങ്ങനെയുണ്ടെങ്കില്‍ ഇന്നു തന്നെ നമ്മള്‍ക്ക് ഒരു വണ്ടി വിളിച്ചു അങ്ങോട്ട്‌ പോയാലോ?.. ഉമ്മച്ചന്‍റെ ആ സംസാരം കേട്ടപ്പോള്‍ അമ്പിളിയ്ക്ക് ദേഷ്യം വന്നു.
 
പുതിയ വണ്ടിയുമായി അവിടെ ചെന്ന് അവരേയും കൂട്ടി എവിടെങ്കിലുമൊക്കെ യാത്ര പോകാമെന്ന് കരുതിയിരുന്നതാ.
 
 
ഈ ചിന്നമാമ്മയുടെ എടുത്തുചാട്ടം മൂലം എത്ര പദ്ധതികളാണ് മുടങ്ങിപോകുന്നത്.  ചിന്നമ്മയെ പ്രാകിക്കൊണ്ട്‌ അമ്പിളി അടുക്കളയിലേക്ക് നടന്നു. ഉമ്മച്ചന്‍ അത് കേട്ടതായി ഭാവിക്കുകയും എല്ലാം ശരിയാണെന്ന മട്ടില്‍ തല കുലുക്കുകയും ചെയ്തിട്ട് തിണ്ണയില്‍ കിടന്ന ഒരു കസേരയില്‍ ഇരുന്നു.
 
ബേബിച്ചായനോട് അപേക്ഷിച്ചു നോക്കിയിട്ട് എങ്ങനെയെങ്കിലും അവിടെ ചെന്ന് വണ്ടി എടുത്തു  കൊണ്ടുപോരുവാനുള്ള  ഏര്‍പ്പാടുകള്‍ ചെയ്യണം. യാതൊരു തയ്യാറെടുപ്പുമില്ലാതെ തൊമ്മിക്കുഞ്ഞിന്‍റെ അരികിലേക്ക് വീണ്ടുമൊരു യാത്ര നടത്തുന്ന കാര്യം ഓര്‍ത്തപ്പോള്‍ ഉമ്മച്ചന്‍റെ ദേഹത്തിലൂടെയൊരു തരിപ്പ് കടന്നുപോയി.
 
 
തുടരും
 
 
 
രഞ്ജിത്ത് മാത്യു

കവർ ചിത്രം: ബിനോയ് തോമസ്   

ഹിമാലയത്തിലെ ഒട്ടകം 15 (പറയാൻ മടിക്കുന്ന കാര്യങ്ങൾ)

Jan. 25, 2021

ജീവിതത്തിൽ പലപ്പോഴും നാവിൻ തുമ്പിൽ വന്നിട്ടു സാഹചര്യങ്ങൾ കാരണം നമ്മൾ പറയാത്ത ചില കാര്യങ്ങൾ ഉണ്ട്. അതാണ് ഇത്തവണത്തെ ഒട്ടകത്തിൽ

*ചിലപ്പോൾ പറയാൻ മടിക്കുന്ന കാര്യങ്ങൾ* 

ജീവിതത്തിൽ പലപ്പോഴായി നമ്മൾ പല കാര്യങ്ങൾ പറയാൻ മടിച്ചു, മിണ്ടാതെ ഇരിക്കാറുണ്ട്. ഒരു നേഴ്സ് ആയി ജോലിചെയ്യുന്നതു കൊണ്ട് പലപ്പോഴും അങ്ങനെ പലതും കടിച്ചു വിഴുങ്ങിയിട്ടുണ്ട് പഠിക്കുന്ന കാലം മുതൽ. നേഴ്സ് ആയതു കൊണ്ട് വിഴുങ്ങി എന്നതിനേക്കാളും അത് കൊണ്ട് വെറൈറ്റി ആയി വിഴുങ്ങി എന്നു പറയുന്നതാവും ശരി. 

രംഗം 1- പീഡിയാട്രിക് ഐസിയു വെന്റിലെറ്റർ ൽ  മരണവും ആയി മല്ലടിച്ചു കൊണ്ടിരിക്കുന്ന ഒരു കൊച്ച്. ഏതോ വിഐപിയുടെ കൊച്ചാണ്. തീരെ വയ്യാത്ത രോഗികളെ പരിചരിക്കുന്ന ഇടം ആണ് ഐസിയു എന്നറിയാമല്ലോ പിന്നെ കുട്ടികളുടെ കാര്യം ആകുമ്പോ പറയുകയും വേണ്ട. 

ആരെയും അധികം കടത്തി വിടാറില്ല, മാതാപിതാക്കൾക്ക് മാത്രം കുട്ടിക്ക് ഒപ്പം നിൽക്കാം. ഈ സാഹചര്യങ്ങളിൽ, മതപുരോഹിതന്മാരെ വിളിച്ചോണ്ട് വന്നു പ്രാത്ഥന നടത്തണം എന്നുള്ള ആഗ്രഹം മാനുഷികം. പക്ഷെ വെന്റിലെറ്ററിൽ കിടക്കുന്ന കൊച്ചിന് കോഴി മുട്ട കൊടുക്കണം , എണ്ണ മൂക്കിൽ ഒഴിക്കണം , പത്രത്തിൽ കിടത്തണം എന്നൊക്കെ സ്വാധീനം ഉപയോഗിച്ച്, വാശി പിടിച്ച്,  അവിടെ ഉള്ള നേഴ്സ് മാരുടെ മെക്കിട്ടു കേറുമ്പോൾ പറയാൻ തോന്നുന്നത്."ഇവിടെ ഈ ഒരു കുഞ്ഞു മാത്രം അല്ല, ബാക്കി ഉള്ളവരെ കൂടെ ഇൻഫെക്ഷൻ റിസ്കിൽ ആക്കുകയാണ് നിങ്ങൾ".

രംഗം 2- ഇൻജെക്ഷൻ റൂം. 

അമ്മയും അച്ഛനും കുഞ്ഞു വാവയും. "സിസ്റ്ററെ പതുക്കെ കുത്തണം കേട്ടോ". ഉറപ്പായും പതുക്കെ കുത്താം. "സിസ്റ്ററെ വേദനിക്കുമോ? ". ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഞാൻ "ചെറിയ ഉറുമ്പ് കടിക്കുന്ന വേദന ". കുഞ്ഞിനെ എടുത്ത് കയ്യിൽ പിടിക്കുന്ന അമ്മ. കുട്ടിയെ ഇങ്ങു തന്നോളൂ, വേറെ നേഴ്സ്നെ കൊണ്ട് പിടിപ്പിച്ചോളാം എന്നു ഞാൻ. പറ്റില്ല ഞാൻ പിടിച്ചോളാം എന്നു അവർ. പറയാൻ തോന്നിയത്, "സൂചി കുത്തി കേറ്റുമ്പോ വേദനിക്കും, അത് ഉറപ്പുള്ള കാര്യം ആണ്. പതുക്കെ പതുക്കെ  കുത്തിയാൽ കുഞ്ഞു വേദന കൊണ്ട് പുളയും ചേച്ചി."

രംഗം 3- ലെക്ചർ ഹാൾ 
മനുഷ്യന്റെ തലച്ചോറിലെ ഏതോ വല്യ ഞരമ്പുകളെ പറ്റി പ്രൊഫസർ ക്ലാസ് എടുക്കുന്നു. തലേന്ന് നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞു ഇന്ന് വന്നിരുന്നു കേൾക്കാൻ ഇത് ലാലേട്ടന്റെ സിനിമ ഒന്നും അല്ലാലോ. ഈ കോളേജ് നടത്തുന്നവർക്ക് അറിയില്ലേ? ഉറക്കം മനുഷ്യന് അനിവാര്യം ആണെന്ന്. 
അന്ന് പലപ്പോഴായി പറയാൻ കൊതിച്ചതാണ് "ഈ പഠിപ്പിക്കുന്നത്, ആരുടേലും ഒക്കെ ജീവൻ രക്ഷിക്കാൻ ആവശ്യം ഉള്ളതാണേൽ ബോധം ഉള്ളപ്പോൾ പറഞ്ഞു തരണേ സാർ ".

രംഗം 4- കാഷ്വാലിറ്റി

പൂരപ്പറമ്പിൽ  ഒരു ജൂനിയർ ഡോക്ടർനെയും കുറച്ചു നഴ്സുമാരെയും ഇറക്കിവിട്ട അവിടെ സ്വർഗ്ഗം ആക്കണമെന്ന് പറയുന്നത് എന്ത് വിരോധാഭാസമാണ്.സ്വർഗം പോയിട്ട് സ്വർഗത്തിന്റെ പരസ്യം പോലും കിട്ടില്ല. നാല് ബെഡിൽ ഒരു പോലെ രോഗി കരഞ്ഞാൽ, ഏറ്റവും ക്രിട്ടിക്കൽ എന്ന് കണക്കാക്കുന്നവരെ ആദ്യം നോക്കും. അതിപ്പോ മറ്റേതു ദേവേന്ദ്രന്റെ അച്ഛൻ മുത്തുപട്ടർ ആണേലും. ഈ സ്വഭാവം കൊണ്ട് എത്ര എത്ര പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്നറിയാമോ? പലപ്പോഴും പറയാൻ വന്നിട്ടു കടിച്ചു വിഴുങ്ങിയത് "ഞാൻ നിങ്ങളുടെ ഹോസ്പിറ്റൽ കണ്ടിട്ടൊന്നും അല്ല നഴ്സിംഗ് പഠിച്ചത് ".

രംഗം 5- കല്യാണാലോചന 

അയ്യോ നേഴ്സ് ആണോ? അയ്യോ ബാംഗ്ലൂർ പഠിച്ചതാണോ?  വേണോടാ നീ നന്നായി ആലോചിക്ക്. നമുക്ക്  അറിയാല്ലോ ഇവറ്റകൾ ഒക്കെ എങ്ങനെ എന്ന്. ഈ പറയുന്ന മഹാൻമാർ , മഹതികൾ സ്വന്തം പെങ്ങൾ ,  കുട്ടികൾ യൂഎസ് , യൂ കെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ  ഒക്കെ ഉള്ളപ്പോൾ കളർ മാറുന്നത് കാണണം. ഇങ്ങനെ ഉള്ളോരേ കാണുമ്പോൾ പറയാൻ വന്നിട്ടു വിഴുങ്ങുന്നത് "കാലും കൈയുമൊക്കെ ഓടിച്ചു വാ ഹോസ്പിറ്റലിലേക്ക്, അപ്പൊ ഈ പറഞ്ഞ ഇവറ്റകളെ കാണുള്ളൂ ".

ഇതൊക്കെ ജോലിയും ആയി ബന്ധപ്പെട്ട കാര്യങ്ങൾആണ്.പക്ഷെ ദൈനംദിന ജീവിതത്തിലും ഈ അവസ്ഥ വരാറുണ്ട് നമ്മളിൽ പലർക്കും അല്ലേ??? 

 

ജിയ ജോർജ്

 

കവർ ചിത്രം: ബിനോയ് തോമസ്