ബന്ധങ്ങൾ (നോവൽ - 53)

Nov. 4, 2021

ബേബിച്ചന്റെ ആ വരവ് അപ്രതീക്ഷിതം ആയിരുന്നതിനാൽ  ഏലമ്മച്ചി ലേശം  പരിഭ്രമിക്കുക തന്നെ ചെയ്തു.  വീട് പണി  നടക്കുന്നിടത്ത്  ചെന്നു കഴിഞ്ഞാൽ  പിന്നീട്  സന്ധ്യ ആകുന്നിടം  വരെ  അവിടെ താങ്ങുകയാണ്  ബേബിച്ചന്റെ പതിവ്.  ബേബിച്ചന്റെ മക്കളെ  കുറിച്ച് പറഞ്ഞത് കേട്ടു കാണുമോയെന്ന ആധി  ഏലമ്മച്ചിയെ കാർന്നു തിന്നുകൊണ്ടിരിക്കുകയായിരുന്നു.
എന്താടാ  ബേബിയേ... ഈപ്പച്ചൻ മകനെ നോക്കി ലേശം കടുപ്പിച്ചു തന്നെയാണ് ആ ചോദ്യം ചോദിച്ചത്..


അപ്പന്റെ യാത്രയൊക്കെ എങ്ങനെയിരുന്നുവെന്ന് അറിയുവാനാണ്  ഞാൻ  ഇപ്പോൾ ഇങ്ങോട്ട് വന്നത്. മത്തച്ചൻ  തിരികെ  പോകുന്നത് കണ്ടിരുന്നെങ്കിലും, ഇപ്പോഴാണ്  ഇങ്ങോട്ടൊന്നു കയറി  വരാൻ  സമയം  കിട്ടിയത്.

അവിടുത്തെ വീട്  പണി  തുടങ്ങിയോ? ജെസ്സിയുടെ വീട്  പണിയും ഈ  കൂടെ  തന്നെ  പെട്ടെന്ന് തന്നെ തീർക്കുമായിരിക്കുമല്ലോ?.


ബേബിച്ഛന്റെ സംസാരം  ഇഷ്ടപ്പെടാത്ത വിധത്തിൽ  ഈപ്പച്ചൻ മെല്ലെ ഒന്ന് ചിരിച്ചു..


ഉമ്മച്ചന്റെ വീട്  പണി  പെട്ടെന്ന് തന്നെ  തീർക്കണം  എന്നാണ് അവന്റെയും അവളുടെയും  ആഗ്രഹം.... അവർ രണ്ട് പേരും നല്ലത് പോലെ കഷ്ടപ്പെടുന്നത് കൂടാതെ അമ്പിളിയുടെ വീട്ടുകാരും  കൈ  അയച്ചു സഹായിക്കുന്നത്  കൊണ്ട് വീട്  പണി  ഉടനെ തന്നെ തീരുമെന്നാണ്  കരുതുന്നത്..


ആട്ടെ... നിന്റെ വീട്  പണി എന്തായി.. മക്കളെ എല്ലാവരേയും സഹായിക്കണമെന്ന്  എന്റെ മനസ്സിൽ  ഉണ്ടെങ്കിലും,  ഇവിടുത്തെ ചിലവുകൾ   കഴിഞ്ഞിട്ട് ആരെയും  സഹായിക്കാൻ  കഴിയാറില്ല.


ഈപ്പച്ചൻ  നിസഹായസ്ഥ വെളുപ്പെടുത്തുന്നത് പോലെ കൈ മലർത്തി ബേബിച്ചന് നേരെ തിരിഞ്ഞു..

വീടുപണിയെ പറ്റിയൊന്നും വിശദമായി പറയാതെ  ബേബിച്ചൻ കാര്യഗൗരവമുള്ള  വിഷയം  അപ്പനോട് അവതരിപ്പിച്ചു.


രണ്ട് ആഴ്ച  കഴിയുമ്പോൾ  ഞങ്ങൾ അങ്ങോട്ട്‌ മാറാൻ ഇരിക്കുകയാണ്. വീടിന്റെ കൂദാശയ്ക്ക് എങ്കിലും അപ്പൻ ഇവിടെ കാണണമെന്ന് കരുതിയാണ് ഈ  വിവരം   നേരത്തേ തന്നെ   പറയുന്നത്.


ആട്ടെ... അപ്പോൾ  നോക്കാം... ഈപ്പച്ചൻ  ഉദാസീന  മട്ടിൽ  പറഞ്ഞിട്ട് ചാവാടിയിലേക്ക് നടന്നു.

നീ  വീട്  പണി  പൂർത്തിയാക്കുന്നതിന് മുൻപ്  തന്നെയങ്ങു കയറി  താമസിക്കുവാൻ  തീരുമാനിച്ചോ?. അതു  വരെ മൗനമായി  നിന്നതിന്  ശേഷം   ഏലാമ്മച്ചി  സംശയ ദൂരീകരിക്കുവാനായി  ബേബിച്ചനോട്  ചോദിച്ചു.


പണി  പൂർത്തീകരിച്ചിട്ടു കയറി താമസിക്കുവാൻ  പറ്റുന്ന സാഹചര്യമല്ല  ഇപ്പോൾ ഉള്ളത്.  അന്നമ്മയ്ക്കും എത്രയും  പെട്ടെന്നു തന്നെ പുതിയ  വീട്ടിലേക്ക് മാറണമെന്നാണ്  ആഗ്രഹം.


ബാക്കി പണികൾ  വീട്ടിൽ താമസിച്ചുകൊണ്ട് സാവകാശം  നടത്തുകയും ചെയ്യാം.  ഏലമ്മച്ചി  മറുപടിയൊന്നും  പറയാതെ  അടുക്കളയിലേക്ക് ഉൾവലിഞ്ഞു.


ബേബിച്ചൻ മെല്ലെ വീട്  പണി  നടക്കുന്നിടത്തക്ക്‌ ഇറങ്ങി നടന്നു.

*******


രണ്ട് ദിവസം  കഴിഞ്ഞിട്ട്   ഉമ്മച്ചൻ  തടി  മുറിക്കുന്നതിന്റെ അളവ് എടുക്കുവാനും, സ്വന്തം പ്രതാപം കാട്ടുവാനുമായി   നാരായണൻ  ആചാരിയെ താഴത്തു   വടക്ക് തറവാട്ടിലേക്ക് ക്ഷണിച്ചു.

 ഉമ്മച്ചന്റെ ക്ഷണം  കിട്ടിയപ്പോൾ തന്നെ നാരായണൻ   ആചാരിയ്ക്ക് സന്തോഷം  അടക്കുവാൻ  ആയില്ല.


ഇങ്ങനെയൊരു ചോദ്യം  കേൾക്കുവാൻ മനസ്സ് പലപ്പോഴും  വിങ്ങി  നിറഞ്ഞിട്ടുണ്ട് സാറെ... ഇപ്പോഴെങ്കിലും  സാറിനു  എന്നെ സ്വന്തം വീട്ടിലേക്ക്   വിളിക്കുവാൻ തോന്നിയല്ലോ...


ഇന്ന് തന്നെ രാത്രി നമ്മൾക്ക്  പോയേക്കാം.. സാറെ..   നാളെ രാവിലെ അവിടെ എത്തുകയും ചെയ്യാമല്ലോ..


പോകുന്ന വഴിയിൽ  എവിടെ നിന്നെങ്കിലും മദ്യപിക്കണമെന്നുള്ള ചിന്ത മനസ്സിനെ തൊട്ടു ഉണർത്തിയപ്പോൾ 
നാരായണൻ  ആചാരി പോക്കറ്റിലേക്ക് വിരലുകൾ  നീട്ടി. 

ശൂന്യമായ  പോക്കറ്റ് നിസഹായവസ്ഥയുടെ സമ്മാനിച്ചപ്പോൾ  നാരായണൻ ആചാരി  ഉമ്മച്ചന് നേരെ തിരിഞ്ഞു. 


സാറെ... ഒരു ആയിരം  രൂപാ  കടം  തരുമോ?.. പറ്റു ബുക്കിൽ കുറിച്ച് വെച്ചിട്ട്  പണി തുടങ്ങുമ്പോൾ  അതു കുറച്ചു ബാക്കി തുക തന്നാൽ  മതി..


ഉമ്മച്ചൻ  വീടിനുള്ളിൽ നിന്നു ആയിരം  രൂപായെടുത്ത്  ആചാരിയ്ക്ക് കൊടുത്തിട്ട് താക്കീത് പോലെ ഓർമ്മപ്പെടുത്തൽ നടത്തി..


സന്ധ്യക്ക്‌ തന്നെ ഇങ്ങു വന്നേക്കണം... വൈകിട്ട്  ഫാസ്റ്റ്  പാസഞ്ചർ  ബസിൽ  പോയാൽ  നമ്മൾക്ക് വെളുപ്പിനെ തന്നെ വീട്ടിൽ ചെല്ലാം.

ഒരു ചെറിയ  മൂളിപ്പാട്ടും പാടി  നാരായണൻ  ആചാരി  അയാളുടെ വീട്ടിലേക്ക് മെല്ലെ നടന്നു..


തുടരും


രഞ്ജിത്ത് മാത്യു 

കവർ ചിത്രം: ബിനോയ് തോമസ് 

ബന്ധങ്ങൾ (നോവൽ - 52)

Oct. 8, 2021

ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ ശേഷം മറിയാമ്മച്ചിയും, കുഞ്ഞെലിയാമ്മയും മാത്രമേ അടുക്കളയിൽ ശേഷിച്ചുള്ളൂ.

 

ബാക്കി എല്ലാവരും അവരവരുടെ മുറികളിലേക്ക് മടങ്ങി പോയിരുന്നു. പിറ്റേന്ന് വീട്ടിലേക്ക്  മടങ്ങി പോകുന്നതിനെ പറ്റിയും,  നാട്ടിൽ ചെന്നാൽ ചെയ്തു തീർക്കേണ്ടിയ കാര്യങ്ങളെപ്പറ്റിയും കുഞ്ഞെലിയാമ്മ , മറിയാമ്മച്ചിയോട് ചെറിയൊരു വിവരണം നടത്തുവാൻ മടിച്ചില്ല.

 

 

എല്ലാം കാര്യങ്ങളും അതിന്‍റെ മുറയ്ക്ക് തന്നെ നടക്കും.   അതൊക്കെ ഓർത്തു വിഷമിച്ചു കൊണ്ടിരുന്നാൽ. എപ്പോഴും  നമ്മൾക്കൊക്കെ വിഷമിക്കുവാനേ  നേരം കാണുകയുള്ളു.. അടുത്ത ആഴ്ച അമ്പിളി പോയി കഴിഞ്ഞാൽ പിന്നെ ഉമ്മച്ചന്‍റെയും, പിള്ളാരുടേയും  കാര്യങ്ങൾ നോക്കാൻ എന്നെ കൊണ്ട് തന്നെ പറ്റുമെന്ന് തോന്നുന്നുണ്ടോ?...

 

 

പിന്നെ അച്ചായൻ പോയിട്ട്  അടുത്ത പ്രാവശ്യം ഇങ്ങോട്ടു  തിരികെ വരുമ്പോൾ വീട്ടുവേലയ്ക്ക് ആരെയെങ്കിലും കൂട്ടികൊണ്ടു വരാതിരിക്കുകയില്ല.    സങ്കടം പറച്ചിൽ  അതിന്‍റെ പരിസമാപ്തിയിൽ എത്തിയെന്നു തോന്നിയപ്പോഴാണ് അവിടേക്ക് അമ്പിളി കടന്നു വന്നത്.

 

 

എന്താ അമ്മമാർ തമ്മിൽ ഒരു കുശുകുശുക്കൽ.. അമ്പിളി ലേശം തമാശയോടാണ് ആ ചോദ്യം രണ്ടുപേരോടും പേരിടുമായി ചോദിച്ചത്...

 

 

ഒന്നും ഇല്ലേടീ.... കുഞ്ഞെലിയാമ്മ  മനസ്സിൽ ഉടക്കികിടന്ന വിഷമം പുറത്തു കാട്ടാതെ വളരെ തന്മയത്വപൂർവ്വമായിരുന്നു മകളോട് പെരുമാറിയത്.  പിറ്റേന്ന് മകളെ പിരിഞ്ഞു തിരികെ പോകുന്നതിന്‍റെ വിഷമമായിരുന്നു അവരുടെ മുഖത്ത് തളം  കെട്ടി കിടന്നിരുന്നത്.

 

അമ്മയുടെ മുഖഭാവത്തിൽ നിന്നും കാര്യം ഊഹിച്ചെടുത്തതുപോലെ അമ്പിളി നിസംഗതയായി എല്ലാവരോടും ആയിട്ട് മറുപടി പറഞ്ഞു..

 

വീട് പണി കഴിഞ്ഞാൽ ഉടനെ തന്നെ ഞാൻ ഇങ്ങു  തിരികെ പോരും, അല്ലാതെ   നിങ്ങൾ കരുതുന്നതുപോലെ എന്നും പ്രവാസിയായി .മറുനാട്ടിൽ പോയി കിടക്കുകയൊന്നും ഇല്ല. അതോർത്തു ആരും വിഷമിക്കുകയൊന്നും വേണ്ട  കേട്ടോ.... അമ്പിളി വളരെ നയചാതുര്യത്തോടെ അങ്ങനെ പറഞ്ഞിട്ട് രണ്ടു പേർക്കും ഒരു മുത്തം കൊടുക്കുകയും ചെയ്തു.

 

മറിയാമ്മച്ചിയുടെ കണ്ണുകൾ ഈറനണിഞ്ഞു.   സ്നേഹനിധിയായൊരു  മരുമകളെ തന്നതിന് ദൈവത്തിന് നന്ദി കരേറ്റുവാനായി അവർ കണ്ണുകളെ ആകാശത്തേക്ക് ഉയർത്തുകയും, ഒരു നിമിഷം കണ്ണുകൾ അടയ്ക്കുകയും ചെയ്തു.

 

 

അത് കണ്ടപ്പോൾ അമ്പിളിയ്ക്ക് ചിരി അടക്കാനായില്ലെങ്കിലും , ആത്മസംയമനം പാലിച്ചു കൊണ്ട് മൗനമായി അടുക്കള ജോലികളിൽ വ്യാപൃതയായി.

 

********

 

 

പിറ്റേന്ന് പ്രഭാതത്തിൽ  ഇത്താക്കുവും, കുഞ്ഞെലിയാമ്മയും, ഈപ്പച്ചനോടൊപ്പം നാട്ടിലേക്ക് തിരികെ യാത്ര തിരിച്ചു.  എല്ലാവരോടും യാത്ര പറയുന്നതിന് മുൻപു  തന്നെ ഇത്താക്കൂ  മകളോട്  രണ്ടു മാസത്തെ ചിലവിനുള്ളത് തുക കണക്കു പറഞ്ഞു വാങ്ങുവാനും മറന്നില്ല.  ആ കണക്ക് പറച്ചിൽ അമ്പിളിക്ക് ഒട്ടും തന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലും, അപ്പനോട്  ഒന്നും തന്നെ മുഖം കറുപ്പിച്ചു പറഞ്ഞില്ല.  അമ്പിളി അമ്മയെ കെട്ടിപ്പിച്ചു കരയുകയും അടുത്ത് വരവിന് കാണാമെന്നുള്ള പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

 

യാത്രകൾ  ഹരമായിരുന്നു ഇത്താക്കൂ, ആ   വണ്ടിയുടെ മുൻവശത്ത് ഇരിക്കുവാൻ പറ്റാതിരുന്നതിന്റെ വിഷമം കുഞ്ഞെലിയാമ്മയുമായി പങ്കു വയ്ക്കുകയും ചെയ്തു.  ഭർത്താവിനെ കണ്ണുരുട്ടിയും, ശാസിച്ചും നിലയ്ക്ക് നിർത്തുവാനാണ് അവർ അപ്പോൾ ശ്രമിച്ചത്.   മുൻ  സീറ്റിൽ  ഇരുന്നിരുന്ന ഈപ്പച്ചനും, ഡ്രൈവർ മത്തച്ചനും, പുറകിൽ ആംഗ്യഭാഷയിലൂടെ നടക്കുന്ന സംഭാഷണം ശ്രദ്ധിച്ചതുകൂടിയില്ല.

 

ഈപ്പച്ചൻ  അവരെ അവരുടെ വീട്ടിൽ വിട്ടതിനു ശേഷം താഴത്ത് വടക്ക് തറവാട്ടിലിലേക്ക് യാത്ര തുടർന്നു. ഇടയ്ക്ക് ഒന്നു രണ്ടിടത്ത് കാപ്പി കുടിക്കുവാനായി  മത്തച്ചൻ  വണ്ടി നിർത്തുകയും,  ലേശം വിശ്രമിക്കുകയും ഒക്കെ ചെയ്തിട്ടാണ് യാത്ര തുടർന്നത്.

 

വീട്ടിൽ എത്തിയ അവരെ വരവേറ്റത് ഏലമ്മച്ചിയായിരുന്നു.  കാലിനു സ്വാധീനക്കുറവ് ഉണ്ടായിരുന്ന അവർ തിണ്ണയിൽ ഇരിക്കുകയായിരുന്നു. ആങ്ങളയോട് ഉമ്മച്ചന്‍റെയും, അമ്പിളിയുടെയും വിവരങ്ങൾ തിരക്കുകയും , വീട് പണിയെ  കുറിച്ച് അന്വേഷിക്കുകയും ചെയ്തു. 

 

ഉടനെ തന്നെ തീർക്കാമെന്നാണ് കോൺട്രാക്ടർ മുഹമ്മദ് കുട്ടി പറഞ്ഞിരിക്കുന്നത്.  

 

 

ഇവിടെ  മുറിച്ചിട്ടിരിക്കുന്ന തടികൾ അളവ് പറഞ്ഞു മുറിപ്പിക്കുവാൻ ,  ഉമ്മച്ചൻ  ആശാരിയേയും  കൂട്ടി ഏതാനും ദിവസങ്ങൾക്ക് അകം ഇങ്ങോട്ട്  വരാമെന്ന് പറഞ്ഞിട്ടുമുണ്ട്.

 

അപ്പച്ചാ ... ഉമ്മച്ചനെ കോഴിക്കോട് നിന്ന് കൂട്ടി കൊണ്ടുവരാൻ ഞാൻ പൊയ്ക്കൊള്ളാം.... എപ്പോഴാണെന്ന് പറഞ്ഞാൽ മതി.

 

അത് കേട്ടതും ഈപ്പച്ചൻ  ദേഷ്യത്തോടെ  പല്ലു കടിക്കുകയും, നാക്ക് നീട്ടുകയും ചെയ്തു.  അവിടെ വരെ പോകുവാൻ എത്ര ലിറ്റർ പെട്രോൾ വേണമെന്ന് നിനക്ക് വല്ല നിശ്ചയവും ഉണ്ടോ?.  അത് കൂടാതെ അന്യായ ഓട്ടക്കൂലിയും .. എന്തായാലും ഉമ്മച്ചനും ആശാരിയും  അവിടെ നിന്നുമൊരു ട്രാൻസ്‌പോർട് ബസിനു കയറി വന്നുകൊള്ളും.

 

പ്രതീക്ഷയോടെ നിന്നുരുന്ന മത്തച്ചന്  ആ ഉത്തരം നിരാശയാണ് സമ്മാനിച്ചത്.  കോഴിക്കോട് പോയ  ദിവസം മുതൽ ഉള്ള കൂലി കണക്ക് പറഞ്ഞു വാങ്ങിച്ചിട്ടു അയാൾ അമ്പല  കവലയിലേക്ക് നടന്നു.

 

മത്തച്ചൻ പോയെന്നു  ഉറപ്പാക്കിയ ശേഷം ഈപ്പച്ചൻ, ഏലമ്മച്ചിയെ  നോക്കി ലേശം ഉറക്കെ തന്നെ പറഞ്ഞു. കാറിൽ അവിടേക്കുള്ള പോക്ക് ഒത്തിരി ചിലവേറിയതാണ്.  അടുത്ത പ്രാവശ്യം പോകുമ്പോൾ ബസിൽ പോകുവാൻ  ശ്രമിക്കാം.

 

നീ ഇവിടുത്തെ വിശേഷങ്ങൾ ഒക്കെ പറഞ്ഞേ... ബേബിയുടെ വീട് പണി എത്തറ്റമായി. വണ്ടിയിൽ ഇരുന്നു പുറത്തേക്ക് നോക്കിയെങ്കിലും ഒന്നും തന്നെ മനസ്സിലായില്ല.

 

അതോ.... കഴിഞ്ഞ ആഴ്ച അവന്‍റെ വീടിന്റെ വാർപ്പ് ആയിരുന്നു.  ഊണ് ഒക്കെ കൊടുക്കേണ്ടിയതായി വന്നിരുന്നു. അപ്പോഴാണ് ബേബിച്ചന്‍റെ മകൻ ബെന്നിയുടെ കാര്യം ഏലമ്മച്ചിയ്ക്ക് ഓർമ്മ  വന്നത്.

 

 

കഴിഞ്ഞ ആഴ്‌ച ബേബിയുടെ മൂത്ത മോൻ  നമ്മുടെ താഴത്തെ തൊടിയിലെ വരിക്ക പ്ലാവിൽ  കയറി ചക്ക  പറിച്ചു കെട്ടി ഇറക്കുന്നത് കണ്ടിരുന്നു. ഞാൻ ശബ്ദം ഉണ്ടാക്കിയപ്പോഴേക്കും അവൻ അതും കൊണ്ട്  താഴെ ഷെഡിലേക്ക് പോകുകയും ചെയ്തു.

 

 

അത് കേട്ടതും ഈപ്പച്ചന്  ദേഷ്യം അടക്കുവാൻ ആകാതെ പിറുപിറുത്തു.

 

 

"ആ നശിച്ചതുങ്ങളോട്  എത്ര പറഞ്ഞാലും കേൾക്കില്ലെന്നു വെച്ചാൽ പിന്നെ എന്നാ  ചെയ്യും... അപ്പനും, മക്കളും എല്ലാം ഒരേ കണക്കു തന്നെയാ....      ...  ഉമ്മച്ചനും, അമ്പിളിയ്ക്കും, ടോമിനും, ജെറിക്കുമെല്ലാം  വരിക്ക ചക്കയെന്നു വെച്ചാൽ ജീവനാ..."

 

അവിടെ നിന്ന് മടങ്ങിപോന്നപ്പോൾ  ജെറി  വരിക്കച്ചക്ക കൊണ്ടുചെല്ലണമെന്ന് ഓർമ്മപെടുത്തൽ നടത്തുകയും ചെയ്തതാ.    ആ ചിന്ത മനസ്സിലൊരു  വേദനയായി നിറഞ്ഞപ്പോൾ ഈപ്പച്ചൻ നാക്ക് നീട്ടുകയും , പല്ല് ഞെരുമ്മി  ശബ്ദം ഉണ്ടാക്കുകയും ചെയ്തു.

 

ഇനി അതിന്  എന്തെങ്കിലും ഒരു പോംവഴി ഉണ്ടാക്കാം ... അച്ചായൻ വന്നു കഴിച്ചേ.... ഏലമ്മച്ചി രംഗം ശാന്തമാകുവാൻ ശ്രമിക്കുകയും, അടുക്കളയിലേക്ക് നടക്കുകയും ചെയ്തു.

 

ഊണ് കഴിച്ചു കൊണ്ടിരുന്നപ്പോൾ മദ്രാസിൽ നിന്നും മത്തായികുട്ടിയും,  ജീവനും കൂടി വന്നിരുന്ന കാര്യം ഏലമ്മച്ചി പറഞ്ഞു.  വസ്തു വീതം വയ്ക്കുന്ന കാര്യം സംസാരത്തിനിടയിൽ സൂചിപ്പിക്കുകയും ചെയ്തിരുന്നു.

 

 

എന്തായാലും വസ്തു  ഇപ്പോൾ  ആർക്കും വീതം വെച്ച് കൊടുക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.. 

 

 

മരണശേഷം മക്കൾക്ക് എല്ലാവർക്കുമായി ബില്ല് എഴുതി വയ്ക്കുവാനാണ്  എന്റെ ഉദ്ദേശം...  

 

 

 

കഴിഞ്ഞ ദിവസം കോഴിക്കോട് ചെന്നപ്പോൾ അമ്പിളിയും, ഉമ്മച്ചനും ടോമിന്‍റെ ഒപ്പം പഠിക്കുന്ന ഒരു കുട്ടിയുടെ അച്ഛനായ  അഡ്വക്കേറ്റിനെ പരിചയപ്പെടുത്തിയിരുന്നു. വേണുവെന്നോ  മറ്റോ ആണ് അയാളുടെ പേര്.  

 

 

വേണ്ടതുപോലെ എല്ലാ കാര്യങ്ങളും  ചെയ്തുതരാമെന്ന്  അയാൾ ഉറപ്പ് നൽകുകയും, ഒപ്പ് ഇടുവാൻ മാത്രം അപ്പച്ചൻ  അങ്ങോട്ട് ചെന്നാൽ മതിയെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. 

 

ഈ വിവരം നീ  ആരോടും പറയുവാൻ ഒന്നും നിൽക്കേണ്ട... ആ വിവരം ബേബിച്ചൻ അറിഞ്ഞാൽ  ഉടനെ തന്നെ മത്തായികുട്ടിയോട് പറയും.  പിന്നെ അതിന്‍റെ പേരിൽ ആകും ഇവിടെ വഴക്ക് ഉണ്ടാകുക.

 

 

ഏലമ്മച്ചിയ്ക്ക് മനസ്സിൽ സന്തോഷം തോന്നാതിരുന്നില്ല..  ഉമ്മച്ചന്റെയും , അമ്പിളിയുടെയും മധ്യസ്ഥതയിലാണ് കാര്യങ്ങൾ നടക്കുന്നതെങ്കിൽ,   മറ്റുള്ളവർക്കൊന്നും കാര്യമായ സ്വത്ത് കിട്ടില്ലെന്നുള്ള ഉറപ്പ് അവർക്കുണ്ടായിരുന്നു.

 

ആ തീരുമാനം എന്തായാലും നന്നായി... അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴാണ് ബേബിച്ചൻ അവിടേക്ക് കടന്നു വന്നത്.

 

 

(തുടരും )

രഞ്ജിത് മാത്യു 

കവർ ചിത്രം: ബിനോയ് തോമസ് 

ബന്ധങ്ങൾ (നോവൽ - 51)

Sept. 20, 2021

വത്സലയും, മക്കളും തിരികെ പോയി കഴിഞ്ഞപ്പോൾ മുതൽ മറിയാമ്മച്ചിയ്ക്ക് എന്തെന്നില്ലാത്ത ശൂന്യത തോന്നിതുടങ്ങി . രണ്ടു ദിവസം കൂടി കഴിയുമ്പോൾ ഈപ്പച്ചനും കൂടി തിരികെ പോകുമെന്നുള്ള ചിന്ത അവരെ  വല്ലാതെ  തളർത്തുക തന്നെ ചെയ്തു.

 

 

താഴത്ത് വടക്ക് തറവാട്ടിൽ നിന്നും യാത്ര തിരിച്ചപ്പോൾ കൈ മുതലായി കിട്ടിയ ധൈര്യം എങ്ങോ ചോർന്നു പോകുന്നത്  അവരുടെ നടപ്പിലും, പ്രവൃത്തികളിലും വെളിപ്പെട്ടു തുടങ്ങിയിരുന്നു.

 

 

അമ്മച്ചിയുടെ ഭാവമാറ്റം മനസ്സിലാക്കിയത് പോലെ അമ്പിളി മറിയാമ്മച്ചിയെ കെട്ടി പിടിച്ചു ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു.

 

വിഷമം ഒക്കെ മാറില്ലേ  അമ്മച്ചീ... പ്രയാസപ്പെടുവാൻ  ഒന്നും തന്നെ ഇവിടെ  ഇല്ലല്ലോ. അമ്പിളി അങ്ങനെ പറഞ്ഞിട്ട് ഉമ്മച്ചന് നേരെ ഗൗരവത്തോടെ നോക്കികൊണ്ട് തുടർന്നു.

 

 

രണ്ടു മൂന്ന് ആഴ്ചകൾ കഴിയുമ്പോൾ ഞാൻ അങ്ങ് കുവൈറ്റിനു പോകും. പിന്നെ ഉമ്മച്ചായനേയും , പിള്ളാരേയും  നോക്കി പരിപാലയ്ക്കേണ്ടിയ ഉത്തരവാദിത്വം   അമ്മച്ചിയ്ക്ക് തന്നെയാ..

 

ജർമ്മനിയിൽ നിന്നും ജെസ്സിയും,  തൊമ്മച്ചനും, കുട്ടികളും അധികം താമസിക്കാതെ അവധിക്ക് വരുന്നുണ്ടെന്നാണ് ഇന്നലെയും വിളിച്ചപ്പോൾ പറഞ്ഞത്. അവർ നാട്ടിൽ വന്നാൽ മിക്കവാറും അമ്മച്ചിയുടെ കൂടെ ഇവിടെ തന്നെ ആയിരിക്കും.  തൊമ്മച്ചന്  അമ്മച്ചിയെന്നു പറഞ്ഞാൽ ജീവനാണ്.

 

"അത് പിന്നെ എനിക്കറിയാത്ത കാര്യം ഒന്നും അല്ലല്ലോ"...

 

“സ്നേഹമുള്ള മരുമകനായാൽ അങ്ങനെ തന്നെ വേണം”.   വിഷമിച്ചു നിന്ന മറിയാമ്മച്ചി വിഷമം മറന്നതുപോലെ  ഉപ്പേരിപോലെ മറുപടി പറയുവാൻ തുടങ്ങിയപ്പോൾ അമ്പിളിയുടെ മുഖം തെളിഞ്ഞു.

 

അപ്പച്ചാ...

 

പണ്ട് ഇവിടെ  നിന്ന ലതയെ വീട്ടുജോലിക്ക് കിട്ടുകയായിരുന്നങ്കിൽ നല്ലതായിരുന്നു. നല്ല ചുറുചുറുക്കോടെ ജോലി ചെയ്യുന്ന അവളെ പറഞ്ഞു വിട്ടത് എന്തിനാണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. ലതയെന്നു കേട്ടതും ഉമ്മച്ചന്റെ കണ്ണുകളിൽ ചെറിയൊരു പ്രകാശം മൊട്ടിട്ടു.

 

അത് എന്തായാലും വേണ്ട മോളേ ... ഇനി അവളെ ഇവിടെ  വീട്ടുജോലിക്ക് വിളിക്കാൻ ചെന്നാൽ മുട്ടുകാൽ തല്ലി  ഒടിക്കുമെന്നാണ്  അവളുടെ അച്ഛൻ പറഞ്ഞിരിക്കുന്നത്. 

 

കാരണം ഒന്നും അയാൾ പറഞ്ഞില്ലേ അപ്പച്ചാ?.

 

മറുപടിയൊന്നും പറയാതെ ഈപ്പച്ചൻ  ഉമ്മച്ചനെ തുറിച്ചൊന്നു നോക്കി.   ആ നോട്ടത്തിൽ നിന്നും അർഥം ഗ്രഹിച്ചതുപോലെ ഉമ്മച്ചൻ തല താഴ്ത്തി ഒന്നും അറിയാത്ത ഭാവത്തിൽ നിന്നു.

 

 

അമ്പിളി  മോളേ .....

 

 

അടുത്ത ദിവസം  തിരികെ ചെല്ലുമ്പോൾ പ്രായമുള്ള ആരെയെങ്കിലും വീട്ടുജോലിക്ക് കിട്ടുമോയെന്നു നോക്കാം.  ഈപ്പച്ചൻ   അങ്ങനെ പറഞ്ഞിട്ട് തുടർന്നു ..

 

 

വീട്ടു ജോലിയ്ക്ക് ആളുകളെ കിട്ടുവാൻ ഇപ്പോൾ  വലിയ പ്രായാസമാണ്.  എല്ലാവരും തൊഴിൽ ഉറപ്പിനും, കാട് പറിക്കുവാനും  ഒക്കെയാണ്  പോകുന്നത്. അതാകുമ്പോൾ അവർക്ക് ന്യായമായ കൂലിയും കിട്ടും,  കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്യാം.

 

എന്നാലും അപ്പച്ചൻ  ബേബിച്ചായനോട് പറഞ്ഞാൽ എവിടെ നിന്നെങ്കിലും ഒരെണ്ണത്തിനെ തപ്പിയെടുത്തു തരും.

 

ഇനി അതിന്റെ കുറവ് കൂടിയേ ഉള്ളൂ... ഇവിടുത്തെ കാര്യങ്ങൾ  എന്തൊക്കെയോ ലത ബേബിച്ചനോട് പറഞ്ഞിട്ടുണ്ടെന്നാണ് തോന്നുന്നത്.  അല്ലെങ്കിൽ കഴിഞ്ഞ ആഴ്ച ലതയുടെ കാര്യം പറഞ്ഞപ്പോൾ അവൻ അത്രയും ചൂടാകുകയില്ലായിരുന്നു.

 

തെറ്റിന്റെ പക്ഷത്ത് ഒരിക്കലും ബേബിച്ചൻ  നിൽക്കില്ലെന്ന്  അറിയാവുന്ന മറിയാമ്മച്ചി ഇലയ്ക്കും, മുള്ളിനും കേടില്ലാത്ത വിധത്തിൽ പ്രശനം പരിഹരിക്കുവാനായി  എല്ലാവരോടും ആയിട്ട് പറഞ്ഞു.

 

അവൾ വരുന്നില്ലെങ്കിൽ വേണ്ട .... മറ്റു ആരെയെങ്കിലും കിട്ടുമോയെന്ന്  നമ്മൾക്ക് നോക്കാം ..

 

 

അമ്പിളി പോയി കഴിയുമ്പോൾ ആരെങ്കിലും ഇവിടെ ഇല്ലെങ്കിൽ എനിക്ക് ബുദ്ധിമുട്ടാണ്.. 

 

ഒക്കെ ശരിയാകും അമ്മച്ചീ... അമ്പിളി  അങ്ങനെ പറഞ്ഞിട്ട് അടുക്കളയിലേക്ക് നടന്നു പോയി. 

 

കുഞ്ഞെലിയാമ്മ  അമ്പിളിയുടെ ഒപ്പം അടുക്കളയിലേക്ക് നടന്നു.  വേലക്കാരിയെ പറ്റിയുള്ള  സംസാരത്തിനിടയിൽ എന്തൊക്കെയോ അശുഭസൂചനകൾ കിട്ടിയത്  മകളോട് വെളിപ്പടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം .

 

പക്ഷേ .. അപ്പോഴേക്കും അമ്പിളിയുടെ ഫോൺ റിങ് ചെയ്യുവാൻ തുടങ്ങി.. മറുതലയ്ക്കൽ ഇബ്രാഹീം ഡോക്ടർ ആയിരുന്നു.. അമ്പിളി എത്രയും പെട്ടെന്ന് തന്നെ തിരികെ വരണമെന്ന് ഓർമ്മപ്പെടുത്തുവാൻ ആയിരുന്നു അയാൾ വിളിച്ചത്.

 

രണ്ടാഴ്ചയ്ക്കകം തിരികെ കുവൈറ്റിൽ ലാൻഡ് ചെയ്യുമെന്ന് പറഞ്ഞു കഴിഞ്ഞപ്പോഴാണ് അയാൾ ഫോൺ വെച്ചത്. 

 

 

ആരായിരുന്നു അത്... ഉമ്മച്ചൻ  അമ്പിളിയുടെ സംസാരം കഴിഞ്ഞപ്പോൾ തിരക്കി.

 

അതോ ...

 

 ഇബ്രാഹീം ഡോക്ടർ ആയിരുന്നു.

 

 

ഉമ്മച്ചൻ ഒന്നും മറുപടി പറഞ്ഞില്ല... ഇനി വീട് പണി കഴിഞ്ഞു മാത്രമേ തിരികെ വരുവാൻ പറ്റുകയുള്ളു.. അർഹതയുള്ളതിൽ കൂടുതൽ ലീവ് ഈ പ്രാവശ്യം എടുത്തു  കഴിഞ്ഞിരിക്കുന്നു. അത് ഓർപ്പിക്കുവാനും കൂടിയാണ് ഇബ്രാഹീം ഡോക്ടർ വിളിച്ചത്.

 

കുഞ്ഞെലിയാമ്മ  മകളുടെ സംസാരം കേട്ടു  നിന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. മനസ്സിൽ നുരഞ്ഞു പൊന്തിയ സംശയം കെട്ടടങ്ങിയതു പോലെയായിരുന്നു അവരുടെ അപ്പോഴത്തെ പ്രവർത്തി. അടുക്കളയിൽ നിന്നമൊരു പിച്ചാത്തി കയ്യിൽ എടുത്തിട്ട് ആരോടെന്നില്ലാതെ അവർ പിറുപിറുത്തു.

 

 

ഉപ്പ് തിന്നുന്നവർ എപ്പോഴാണെങ്കിലും വെള്ളം കുടിക്കുക തന്നെ ചെയ്യും. അമ്പിളി അത് കേട്ടെങ്കിലും മറുപടിയൊന്നും പറയാതെ അടുക്കൽ ജോലിയിൽ മുഴുകി..

 

 

തുടരും

 

 

രഞ്ജിത്ത് മാത്യു

കവർ ചിത്രം: ബിനോയ് തോമസ്  

ബന്ധങ്ങൾ (നോവൽ - 50)

Sept. 7, 2021

ആഹാ ...

 

ഇവിടെ ഇരിക്കുകയായിരുന്നോ?.. ഈപ്പച്ചൻ  അത്യാവേശത്തത്തോടെയായിരുന്നു ആ ചോദ്യം ഇത്താക്കുവിനോട് ചോദിച്ചത്.

 

മറുപടി വെറുമൊരു മൂളലിൽ ഒതുക്കി പത്രപാരായണത്തിൽ മുഴുകുകയാണ് അയാൾ ചെയ്തത്.

.

അത് വകവയ്ക്കാതെ ഈപ്പച്ചൻ ഇത്താക്കുവിന്റ  എതിർവശത്തുള്ള കസേരയിൽ ഇരുന്നിട്ട് മകന്റെയും, മകളുടേയും  വീടുപണിയെ കുറിച്ച് ചെറിയൊരു വിവരണം നടത്തുവാൻ തുടങ്ങി.

 

രണ്ടു വീടുകളും നാല് മാസങ്ങൾക്ക് ഉള്ളിൽ തന്നെ പണി പൂർത്തീകരിച്ചു തിരികെ നൽകി കൊള്ളാമെന്ന്  കോൺട്രാക്ടർ മുഹമ്മദ് കുട്ടി പറഞ്ഞിട്ടുണ്ട്. 

 

ഉമ്മച്ചനും, ജോളിയ്ക്കും വീട് പണിക്ക് ആവശ്യമുള്ളത്രയും തടി വെട്ടി ഉരുപ്പടിയാക്കി അവിടെ വെച്ചിരിക്കുകയാ... വീട്ടിൽ ചെന്നാൽ ഉടനെ തന്നെ അത് ഇങ്ങോട്ട് കൊടുത്തു വിടുവാനുള്ള ക്രമീകരണങ്ങൾ നടത്തുകയും വേണം.

 

ഒക്കെ ദൈവാധീനം...........

 

താഴത്ത് വടക്ക് തറവാട്ടിലേക്ക് മരുമകളായി മകൾ കയറികൂടിയപ്പോൾ മുതൽ അവൾക്ക് ലഭിക്കുന്ന ഈ സൗഭാഗ്യങ്ങൾക്ക് ദൈവത്തെ എത്ര സ്തുതിച്ചാലും മതിയാവുകയില്ലെന്ന് അറിയാവുന്ന ഇത്താക്കുവിന്  അത്ര മാത്രമേ മറുപടിയായി അപ്പോൾ പറയുവാൻ തോന്നിയുള്ളു.

 

ഈപ്പച്ചൻ ഒന്നമർത്തി മൂളിയിട്ട് കസേരയിൽ ഒന്നു കൂടി ഞെരിഞ്ഞു കൂടി ഇരുന്നപ്പോഴാണ്  കോൺട്രാക്ടർ മുഹമ്മദ് കുട്ടിഅവിടേക്ക് കടന്നു വന്നത്.

 

 

അപ്പച്ചാ.... അടുത്ത ആഴ്ച  അവിടെ അറപ്പിച്ചു  വെച്ചിരിക്കുന്ന തടികൾ ഇവിടെ എത്തിക്കുവാനുള്ള ഏർപ്പാടുകൾ ചെയ്യുവാൻ മറക്കേണ്ട കേട്ടോ?. തടി പണികൾ ഉമ്മച്ചൻ തന്നെയാണ് ചെയ്യിക്കുന്നതെങ്കിലും , വീട് പണി ഏറ്റെടുത്തപ്പോൾ കുറെയേറെ കാര്യങ്ങൾ ഞാനും കൂടി നോക്കാമെന്ന്  ഏറ്റിട്ടുണ്ട്.

 

അത് എന്തായാലും നന്നായി മോനേ ...

 

ഉമ്മച്ചൻ ഓഫിസിൽ പോയി കഴിയുമ്പോൾ , വീട് പണിയുടെ കാര്യങ്ങൾ നോക്കുവാൻ സമർത്ഥനായ ഒരാളെ കണ്ടു പിടിക്കണമെന്ന് കഴിഞ്ഞ ദിവസം കൂടി പറയുന്നത് കേട്ടിരുന്നു.

 

 

അതിന് ഏതായാലും പെട്ടെന്ന് തന്നെ ഒരു തീരുമാനം ആയി കിട്ടിയല്ലോ. ഈപ്പച്ചൻ  അങ്ങനെ പറഞ്ഞിട്ട് മുഹമ്മദ് കുട്ടിയുടെ മുഖത്തേക്കൊന്ന് പാളി നോക്കി..

 

 

ഇയാളുടെ വീട് ഇവിടെ  അടുത്ത് തന്നെയാണോ?.  ഇത്താക്കൂ പത്രപാരായണം മതിയാക്കി മുഖം ഉയർത്തികൊണ്ടാണ് ആ ചോദ്യം ചോദിച്ചത്.

 

 

അതെ ... മുഹമ്മദ് കുട്ടി ഒഴുക്കൻ മട്ടിൽ ചിരിച്ചു കൊണ്ട് ഉത്തരം പറഞ്ഞിട്ട് ഈപ്പച്ചന്റെ  നേരെ തിരിഞ്ഞു. നിന്നിട്ടു പറഞ്ഞുതുടങ്ങി.

 

"ഉമ്മച്ചനെ ആദ്യമായി ഞാൻ പരിചയപ്പെടുന്നത് ആകാശവാണിയിൽ കോൺട്രാക്ട് പണിക്ക് ചെന്ന കാലത്താണ്. ഉമ്മച്ചൻ അന്ന് അവിടെ ടെലിഫോൺ ഓപ്പറേറ്റർ ആയിട്ടായിരുന്നു ജോലി ചെയ്തിരുന്നത്.

 

 

കാലങ്ങൾ കഴിഞ്ഞപ്പോഴേക്കും  പ്രൊമോഷൻ കിട്ടി ഉമ്മച്ചൻ അവിടെ തന്നെ ഓഫീസർ ഗ്രേഡിൽ എത്തിച്ചേർന്നു. അന്ന് മുതൽ ഉള്ള ഈ സൗഹൃദ ബന്ധം മുറിയാതെ സൂക്ഷിക്കുന്ന എനിക്ക് കിട്ടിയ അസുലഭ മുഹൂർത്തമാണ്  ഈ വീട് പണിയ്ക്കുള്ള നിയോഗം".

 

 

ഈപ്പച്ചനും, ഇത്താക്കൂവും മറുപടിയൊന്നും പറയാതെ എല്ലാം കേട്ടുകൊണ്ട് അവിടെ തന്നെ ഇരുന്നു.

 

 

അപ്പച്ചാ ... പണി നടക്കുന്നത് ഒക്കെ കാണേണ്ടേ?..

 

ഈപ്പച്ചനും , ഇത്താക്കുവും  കോൺട്രാക്ടറുടെ  ഒപ്പം നടന്നു.. വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ അവിടെ നിന്നും കുറെ അകലെയായിരുന്നു പണി സ്ഥലം. അവിടെ എത്തിയപ്പോൾ ഈപ്പച്ചന്  സ്വന്തം കണ്ണുകളെ വിശ്വസിക്കുവാൻ കഴിഞ്ഞില്ല...

 

 

വീടിന്റെ തറ നിരപ്പോളം ഉയന്നിരിക്കുന്നു. വീട് പണി പെട്ടെന്ന് തന്നെ തീർക്കുവാനാണ് ഉമ്മച്ചനും, അമ്പിളിയും  പറഞ്ഞിരിക്കുന്നത്. നാട്ടിൽ അറപ്പിച്ചു  വെച്ചിരിക്കുന്ന തടികൾ കിട്ടിക്കഴിഞ്ഞാൽ നാരായണന്‍ ആചാരി പണി തുടങ്ങുവാൻ  തയ്യാറായി നിൽക്കുകയാണ്.

 

അവർക്ക് രണ്ടാൾക്കും സന്തോഷം തോന്നാതിരുന്നില്ല.  മകളുടെ വലിയ വീട് കാണുവാൻ ഇത്താക്കുവിന്റെ മനം തുടിച്ചു. ഒറ്റമുറി വീട്ടിൽ നിന്നും ഏതാനും ദിവസം മകളുടെ വീട്ടിൽ വന്നു നിൽക്കുന്നതായി അയാൾ മനക്കണ്ണുകൊണ്ടു   സ്വപ്നം കണ്ടു.

 

 

അവർ ഇരുവരെയും തിരികെ വീട്ടിൽ കൊണ്ടാക്കിയിട്ടാണ് കോൺട്രാക്ടർ മുഹമ്മദ് കുട്ടി മടങ്ങിയത്. മടങ്ങുന്നതിന്  മുൻപ് അയാൾ വീട്ടിൽ എല്ലാവരെയും കണ്ടു വിശേഷങ്ങൾ ആരായുവാനും സമയം കണ്ടെത്തിയിരുന്നു.

 

അയാൾ പോയി കഴിഞ്ഞപ്പോൾ ഉമ്മച്ചൻ   മുഹമ്മദ് കുട്ടിയെ പറ്റി  വാചാലനായി.  

 

 

"ഏറ്റെടുക്കുന്ന ജോലികൾ വലിയ തരക്കേടില്ലാതെ തന്നെ തീർക്കുന്ന അയാളുടെ ഡേറ്റ്  കിട്ടുവാൻ വേണ്ടി ഇവിടെങ്ങളിൽ  പലരും ക്യൂ നിൽക്കുകയാണ്. എന്റെ വീടാണെന്ന് പറഞ്ഞപ്പോൾ തന്നെ ഒരു മടിയും ഇല്ലാതെ പണിയിപ്പി ക്കാമെന്ന്‌  സമ്മതിച്ചു.

 

 

ഒക്കെ ദൈവകൃപ.... മറിയാമ്മച്ചി  ആത്‌മീയ ഉണർവ് ലഭിച്ചതുപോലെ കൈകൾ ആകാശത്തേക്ക് കൂപ്പിക്കൊണ്ടാണ് അങ്ങനെ പറഞ്ഞത്.  കുഞ്ഞേലിയാമ്മ മകൾക്ക് ലഭിച്ച ആ സൗഭാഗ്യ വാർത്ത  നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ ഒപ്പികൊണ്ടാണ് സ്വീകരിച്ചത്.

 

*****

 

 

പ്രാതൽ കഴിഞ്ഞ ഉടനെ തന്നെ  വത്സലയും, ചാക്കോച്ചനും, സച്ചുവും, റോണിയും പോകുവാൻ ഒരുങ്ങിയിരുന്നു.   വത്സല കയ്യിൽ കരുതിയിരുന്ന പൊതി അമ്പിളിയെ ഏല്പിച്ചെങ്കിലും , അമ്പിളി അത് തിരികെ നൽകി. നൽകിയിട്ട്  സ്നേഹത്തോടെ ഒരു ഉപദേശം നൽകുവാൻ മറന്നില്ല..

 

 

ഇതൊക്കെ വീട് പണി കഴിയുമ്പോൾ നൽകിയാൽ മതി... അതുവരെ നിൽക്കുവാനുള്ള കാശൊക്കെ കുവൈറ്റിൽ നിന്നും കൊണ്ടുവന്നിട്ടുണ്ട് . അത് തിരികെ വാങ്ങിച്ചു കൊണ്ട് വത്സല അമ്മയുടെ അരികിലേക്ക് നടന്നിട്ട് മെല്ലെ അമ്മയോടായി പറഞ്ഞു.

 

 

"ഈ കാശ് ഞാൻ ബേബിച്ചായന്‌ കൊടുക്കുവാൻ പോകുകയാ... അവിടെയും വീടുപണി നടക്കുകയല്ലേ..." കേട്ടപാടെ മറിയാമ്മച്ചിയുടെ മട്ടും  ഭാവവും മാറി. അധികാരം പ്രയോഗിച്ചു ആ കവർ കയ്യിൽ വാങ്ങിയിട്ട് മകളോട് മെല്ലെ കയർത്തു "

 

 

അന്നമ്മയുടെ വീട്ടുകാർ അവന്  ആവശ്യമുണ്ടെങ്കിൽ കൊടുത്തുകൊള്ളും.  ഈ കാശ് എന്തായാലും എന്റെ കയ്യിൽ ഇരിക്കട്ടെ... ഇവിടെ  എനിക്ക് മരുന്ന് വാങ്ങാൻ എങ്കിലും ഉപകാരപ്പെടുമല്ലോ.  മറിയാമ്മച്ചിയുടെ ആ കുശുകുശുപ്പിൽ നിന്നും കാര്യങ്ങളുടെ കിടപ്പ് മനസ്സിലായതുപോലെ അമ്പിളി അമ്മയെ നോക്കിയൊന്നു ചിരിച്ചു.

 

 

കുഞ്ഞെലിയാമ്മയ്ക്ക് മകളുടെ ആ ചിരിയുടെ അർത്ഥം  മനസ്സിലായില്ലെങ്കിലും , എന്തെങ്കിലും കുരുട്ടു ബുദ്ധിയായിരിക്കുമെന്ന്  മനസ്സിലാകാതെ ഇരുന്നില്ല. ചോദിക്കുവാൻ ആഞ്ഞെങ്കിലും ആ സാഹസത്തിൽ നിന്നും മനസ്സിനെ ആരോ പിടിച്ചു വലിക്കുന്നതായി തോന്നി.

 

 

 

 

വത്സല ഒന്നും മറുപടി അമ്മയോട്  പറയാതെ യാത്ര പറഞ്ഞു ഇറങ്ങി. സച്ചുവും,  റോണിയും  നിരാശയോടെ ടോമിനോടും, ജെറിയോടും യാത്ര പറഞ്ഞു. ജെസ്സിയുടെ മക്കളായ ബ്ലസ്സനും ,  ആശിതയും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ത് രസം ആയിരുന്നെന്ന്  ടോം പറയുകയും കൂടി ചെയ്തു.

 

തുടരും

 

 

രഞ്ജിത്ത് മാത്യു

കവർ ചിത്രം: ബിനോയ് തോമസ് 

ബന്ധങ്ങൾ (നോവൽ - 49)

Aug. 9, 2021

കല്ലിടീൽ കഴിഞ്ഞത് മുതൽ  ഈപ്പച്ചന്റെ മനസ്സ് അസ്വസ്ഥമായിരുന്നു.  തന്റെ കാലശേഷം മക്കൾ എല്ലാവരും തുല്യമായി അനുഭവിക്കണ്ടിയ മുതലാണ് താൻ അന്യായമായി  ഒരാൾക്കായി ചിലവഴിച്ചു  കൊണ്ടിരിക്കുന്നത്.

 

ദൈവ സന്നിധിയിൽ ചെല്ലുമ്പോൾ കണക്ക് ബോധിപ്പിക്കുവാൻ ബാധ്യസ്തനായൊരു സത്യ ക്രിസ്ത്യാനിയുടെ മനോ വ്യഥ ആ മനസ്സിനെ ഉമ്മി തീ പോലെ നീറ്റികൊണ്ടിരുന്നു. രാത്രി കിടന്നപ്പോൾ ആ വ്യഥ മറിയാമ്മച്ചിയുമായി പങ്കു വയ്ക്കുവാനും ഈപ്പച്ചൻ  മറന്നില്ല.

 

 

കേട്ട പാടെ മറിയാമ്മച്ചി പുച്ഛത്തിൽ ഒരു ശബ്ദം ഉണ്ടാക്കിയിട്ട് ഭർത്താവിനോടായി പറഞ്ഞു.

 

" ഈ ലോകത്ത് കിടന്നു കഷ്ടപ്പെട്ടിട്ടു അങ്ങേലോകത്ത് ചെന്ന് സുഖിക്കുന്നതിന്റെ പൊരുൾ എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല".

 

 

വസ്തുവും, പണവും കൊടുത്തില്ലെങ്കിൽ ഉമ്മച്ചനും, അമ്പിളിയും കൂടി കാട്ടി കൂട്ടുവാൻ പോകുന്ന പരാക്രമണങ്ങളെ ഓർത്തായിരുന്നു മറിയാമ്മച്ചിയുടെ ആ ആധി മുഴുവനും.  പെണ്മക്കളായ ജോളിയ്ക്കും, വത്സലയ്ക്കും വീതം പോലെ എന്തെങ്കിലും കൊടുക്കുന്നതിന് മറിയാമ്മച്ചിയ്ക്ക് എതിർപ്പൊന്നും ഇല്ല.  മറ്റു മക്കൾക്ക് കൊടുക്കുന്നതിനാണ് മറിയാമ്മച്ചിയുടെ എതിർപ്പ് മുഴുവൻ.

 

 

ഈ നിബന്ധനകൾ എല്ലാം കേൾക്കുമ്പോൾ   ഒച്ചയെടുക്കുമെന്നു കരുതി  ഭാഗം വയ്ക്കുന്ന കാര്യം പറയുവാൻ മറിയാമ്മച്ചിയ്ക്കും ചെറിയ പേടി ഉണ്ട്.  എങ്കിലും അവർ അധികം ഒച്ചത്തിലല്ലാതെ  " എന്നാൽ നിങ്ങൾ എല്ലാം കെട്ടി പിടിച്ചു ചാകുമ്പോൾ കൂടെ കൊണ്ടുപോയ്ക്കോയെന്ന്  പറഞ്ഞു കൊണ്ട് താൽക്കാലത്തേക്ക് സംസാരം നിർത്തി. ഈപ്പച്ചന്  അതിന്  മറുപടി പറയുവാൻ അറിയാമായിരുന്നെങ്കിലും മൗനം അവലംബിച്ചുകൊണ്ട് മുറിയിലൂടെ  മെല്ലെ നടന്നു.

 

 

 

നീ പലപ്പോഴും പറയുന്നതു പോലെ  ഈ കാണുന്ന സ്വത്തുക്കൾ ഒന്നും തന്നെ ഞാൻ സമ്പാദിച്ചതല്ല... പക്ഷേ  ഈകാലമത്രയും   ഈ ഭൂമി അന്യാധീനപ്പെടുത്താതെ നോക്കി നടത്തിയതിന്റെ അവകാശം എനിക്ക് തന്നെയാണ്.

 

 

ഈപ്പച്ചൻ  അത് പറഞ്ഞപ്പോൾ കണ്ഠം ഇടറിയോ എന്നൊരു സംശയം മറിയാമ്മച്ചിയെ ആലിംഗനം ചെയ്യാതിരുന്നില്ല.  പക്ഷെ ആ ചിന്തയ്ക്ക് അൽപായുസ്സു മാത്രമേ ഉണ്ടായിരുന്നുള്ളു.

 

" എന്താണെന്ന് വെച്ചാൽ നിങ്ങളുടെ ഇഷ്ടം പോലെ ചെയ്തോ". മറിയാമ്മച്ചി വിനീതമല്ലാത്ത ഭാവത്തിൽ  ഈപ്പച്ചന്റെ  നേരേ  നോക്കിയിട്ടു പരിഹാസ ചിരി ചിരിച്ചു.

 

മറുപടിയൊന്നും പറയാതെ ഈപ്പച്ചൻ , തുറന്നിട്ടിരിക്കുന്ന ജനൽപാളിയ്ക്ക്  ഇടയിലൂടെ  ശശാങ്കനെ നോക്കി അങ്ങനെ തന്നെ നിന്നു.

 

****

 

അതേ  സമയം അമ്മച്ചിയ്ക്ക് വെള്ളവുമായി വന്ന അമ്പിളി മുറിയിൽ കയറാതെ വെളിയിൽ നിന്നും അവരുടെ സംഭാഷണം അത്രയും കേൾക്കുകയായിരുന്നു.  സ്വത്തുക്കളെല്ലാം  ഉമ്മച്ചായന്റെ  പേരിൽ ഉടനെ തന്നെ എഴുതിക്കാമെന്ന്  കരുതിയിരുന്ന അമ്പിളിയുടെ മനസ്സിലെ   പ്രതീക്ഷയുടെ  പളുങ്കു പാത്രം  തകർന്നു തരിപ്പണമാകുക തന്നെ ചെയ്തു.

 

 

എങ്കിലും സമചിത്ത വെടിയാതെ അമ്പിളി വാതിലിൽ മുട്ടി വിളിച്ചു.

 

ദേ  അമ്മച്ചീ ..... കുടിക്കാൻ വെള്ളം .  അടുക്കളയിലെ പണി തിരക്ക് മൂലം  ഇത്തിരി വൈകി പോയി. അമ്പിളി ക്ഷമാപണം പോലെ അങ്ങനെ പറഞ്ഞിട്ട് അമ്മച്ചിയെ നോക്കിയൊന്നു ചിരിച്ചിട്ട്  ചോദിച്ചു.

 

അപ്പച്ചൻ ഉറങ്ങിയോ.... 

 

ഇല്ലെന്നേ അതിയാൻ ഓരോന്ന് ആലോചിച്ചുകൊണ്ട് കിടക്കയ്ക്ക് അരികിൽ മാനത്തേക്ക് നോക്കി ഇരിപ്പുണ്ട്. മറിയാമ്മച്ചി അത്രയും പറഞ്ഞപ്പോഴേക്കും അമ്പിളി പൊട്ടിചിരിച്ചു.

 

വീടിന്റെ കല്ലിടീലിൽ  കഴിഞ്ഞപ്പോൾ മുതൽ നിങ്ങളുടെ അപ്പച്ചന്റെ  സ്വഭാവത്തിൽ എന്തോ ഒരു മാറ്റം ഉണ്ടോയെന്നൊരു സംശയം എനിക്ക് തോന്നി തുടങ്ങിയിട്ടുണ്ട്.

 

 

 മറിയാമ്മച്ചി വരും വരായ്മകളെ കുറിച്ചൊന്നും ചിന്തിക്കാതെ പെട്ടന്നാണ് അങ്ങനെ പറഞ്ഞത്.

 

അമ്പിളി കതകിന്  പുറത്ത് നിന്ന് അവരുടെ സംഭാഷണം അത്രയും കേട്ടതിനാൽ അതിലെ നെല്ലും , പതിരും ഒന്നും വേർതിരിച്ചു എടുക്കാതെ സൗമ്യതയുടെ മുഖം മൂടി അണിഞ്ഞു കൊണ്ട് സംസാരിച്ചു.

 

വീട് പണി പൂർത്തിയാകുന്നത് വരെ ഉമ്മച്ചായനും  വല്ലാത്ത മാനസിക സമ്മർദ്ദത്തിൽ അകപ്പെട്ടത് പോലൊക്കെ തന്നെയായിരിക്കും   പെരുമാറുന്നത്. ആ സ്വഭാവും ആയിരിക്കും അപ്പച്ചനും കിട്ടിയിരിക്കുന്നത്. സംശയത്തിന്റെ വിത്തുകൾ പാകി വിഷയം തിരിച്ചു വിടുവാനുള്ള ശ്രമത്തിലായിരുന്നു അമ്പിളി. 

 

അപ്പനും മകനും തമ്മിൽ നല്ല മനഃപൊരുതാം ആണല്ലോ ഇങ്ങനെയുള്ള കാര്യങ്ങളിൽ ... മറിയാമ്മച്ചി അമ്പിളിയുടെ  സംഭാഷണത്തിന് ശ്രവണസുഖം നൽകുവാൻ ആയിരുന്നു അങ്ങനെ പറഞ്ഞത്.

 

അത് കേട്ട് അമ്പിളി ഒന്ന് ചിരിച്ചെങ്കിലും മനസ്സിൽ വാതലിന് പുറത്ത് നിന്ന് കേട്ട കാര്യങ്ങളിൽ മനസ്സ് ഉടക്കി കിടന്നു.

 

എന്തായായാലും  ഈ രണ്ടു വീടുകളും കൂടി  തീർന്നു കഴിയുമ്പോൾ അപ്പച്ചനും, അമ്മച്ചിയ്ക്കും അഭിമാനിക്കുക തന്നെ ചെയ്യാം.   മക്കൾക്ക് എല്ലാവർക്കും സ്വന്തമായി വീടായെന്ന ഖ്യാതി ലഭിക്കുകയും ചെയ്യുമല്ലോ. അമ്പിളിയുടെ ആ സംഭാഷണം കേട്ട ഈപ്പച്ചൻ  പിണക്കം വെടിഞ്ഞു ഒരു മന്ദഹാസം അമ്പിളിയ്ക്ക് സമ്മാനിച്ചു.

 

 

 

ഈപ്പച്ചനും, മറിയാമ്മച്ചിയും ഉറങ്ങുവാൻ കിടന്നു കഴിഞ്ഞാണ് അമ്പിളി അപ്പൻ ഇത്താക്കൂ  കിടക്കുന്ന മുറിയിലേക്ക് നടന്നത്.

 

 

മകളുടെ വരവും പ്രതീക്ഷിച്ച് അവർ ഉറങ്ങാതെ അവിടെ കട്ടിലിൽ ഇരിപ്പുണ്ടായിരുന്നു. അമ്പിളിയെ കണ്ട ഉടനെ, പിറ്റേന്ന്  തിരികെ പോകുന്നതിനെ പറ്റിയാണ് കുഞ്ഞെലിയാമ്മ സംസാരിച്ചത്.

 

രണ്ടു ദിവസം കഴിഞ്ഞു നിങ്ങൾക്ക്   തിരികെ പോയാൽ പോരേ  അമ്മേ ....അമ്പിളി തെല്ല്  ദേഷ്യത്തോടെയായിരുന്നു അങ്ങനെ പറഞ്ഞത്.

 

ഉടനെതന്നെ നിന്റെ അപ്പന് തിരികെ പോകണമെന്നാണ് പറയുന്നത്. വീട് പണി ഒക്കെ പൂർത്തിയായി കഴിയുമ്പോൾ എത്ര ദിവസം വേണമെങ്കിലും ഞങ്ങൾക്ക് നിന്റെ ഒപ്പം വന്നു താമസിക്കാമല്ലോ.  കുഞ്ഞെലിയാമ്മ മകളെ നോക്കിയിട്ട് സംസാരം തുടർന്നു.

 

അത്ര ദൂരം ബസ്സിൽ മടക്ക യാത്ര ചെയ്യുന്ന കാര്യം ഒരുക്കുമ്പോൾ തന്നെ മനസ്സിൽ വല്ലാത്തോരു വിമ്മിഷ്ടമാണ്. കുഞ്ഞെലിയാമ്മ  നിസ്സഹായാവസ്ഥ വെളിപ്പടുത്തുകയും ,അവരുടെ കണ്ണുകളെ  ഈറൻ അണിയിക്കുകയും ചെയ്തു.

 

 

 

 

 

അതിന്  നിങ്ങൾ നാളെ പോകേണ്ടെന്ന്  അങ്ങ് വെച്ചാൽ പോരേ .... അമ്പിളി എതിർപ്പിന് അവസരം നൽകാത്ത വിധത്തിൽ നയചാതുര്യത്തോടെയായിരുന്നു സംസാരിച്ചത്.

 

എന്തായാലും മറ്റന്നാൾ അപ്പച്ചൻ തിരികെ പോകുന്നുണ്ട്.  വണ്ടിയിൽ  പെട്രോൾ  അപ്പച്ചൻ അടിച്ചുകൊള്ളും. നിങ്ങളെ അവിടെ തിരികെ വിടുകയും ചെയ്യും. അത് കേട്ടപ്പോൾ ഇത്തക്കുവിന്  എന്തെന്നില്ലാത്ത സന്തോഷം തോന്നി. ..

 

 

അതൊരു നല്ല കാര്യമാണല്ലോ മോളേ ... പോകുമ്പോൾ വഴിചിലവിനുള്ളത്  മാത്രം നീ തന്നാൽ മതി. അപ്പന്റെ സംസാരം കേട്ടപ്പോൾ അമ്പിളിയ്ക്ക് ദേഷ്യവും, സങ്കടവും വന്നു.

 

കയ്യിൽ കരുതിയിരുന്നു ചെറിയൊരു പൊതി കെട്ട്  അപ്പന്റെ കയ്യിൽ കൊടുത്തിട്ട് അമ്പിളി അപ്പനോട് ചെറിയൊരു ഓർമ്മപ്പെടുത്തൽ നടത്താതെയിരുന്നില്ല.

 

ഉമ്മച്ചായന്   ഈയിടെയായി എന്തൊക്കെ സംശയം തോന്നി തുടങ്ങിയിട്ടുണ്ട്.  കഴിഞ്ഞ ദിവസം  സംസാരിച്ചപ്പോൾ  കുവൈറ്റിൽ നിന്ന് കിട്ടുന്ന ശമ്പളത്തിന്റെ സ്ലിപ് കയ്യിൽ ഉണ്ടോയെന്ന് ചോദിക്കുക കൂടി ചെയ്തിരുന്നു.

 

 

നിങ്ങൾക്ക്  പണം തരുന്നുണ്ടെന്നു അറിഞ്ഞാൽ പിന്നത്തെ പുകിൽ ഒന്നും പറയാതെ ഇറക്കുന്നതാ ഭേദം.

 

നീ ഇതൊന്നും പറയുവാൻ നിൽക്കേണ്ട...... വീട് പണിക്കുള്ള കാശൊക്കെ ഉമ്മച്ചന്റെ വീട്ടിൽ നിന്ന് അവന്റെ അപ്പൻ തന്നുകൊള്ളും .

 

 

അമ്പിളി അതിന്  മറുപടിയൊന്നും പറയാതെ , ഉറക്കം  വരുന്ന രീതിയിൽ ചെറിയൊരു കോട്ടുവാ ഇടുകയും, അവിടെ നിന്നും ഇറങ്ങി അവരുടെ കിടപ്പു മുറിയിലേക്ക് നടക്കുകയും ചെയ്തു.

 

 

കിട്ടിയ കാശ് ബാഗിൽ വയ്ച്ചിട്ടാണ് ഇത്താക്കൂ ഉറങ്ങുവാൻ കിടന്നത് .

 

*******

 

പിറ്റേന്ന് നേരം ഏറെ വൈകിയാണ് ഈപ്പച്ചനും, മറിയാമ്മച്ചിയും എഴുന്നേറ്റത്.  അവർ എഴുനേറ്റു വന്നപ്പോൾ ഉമ്മറത്തുള്ള ചാരുകസേരയിലിരുന്നു പത്രപാരായണം ചെയ്യുകയായിരുന്നു അമ്പിളിയുടെ അപ്പൻ ഇത്താക്കൂ.

 

 

(തുടരും)


രഞ്ജിത്ത് മാത്യു 

കവർ ചിത്രം: ബിനോയ് തോമസ്