തിരുവട്ടാറ്റാദികേശവൻ

June 21, 2021

മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുമനസ്സുകൊണ്ട് കൊല്ലം 921-ൽ ആണല്ലോ കായങ്കുളം രാജ്യം പിടിച്ചടക്കി തിരുവിതാംകൂറിൽ ചേർത്തത്.

 

അക്കാലത്തു കായങ്കുളം ലായത്തിൽ സകല ശുഭലക്ഷണങ്ങളും തികഞ്ഞ ഒരു കുട്ടിക്കൊമ്പനാനയുണ്ടായിരുന്നു.

 

ആ അനയെക്കണ്ടിട്ടു തിരുമനസ്സിലേക്ക് അത്യന്തം കൗതുകം തോന്നുകയാൽ അതിനെ തിരുവനന്തപുരത്തു കൊണ്ടുപോയി അവിടെയുള്ള ലായത്തിൽ താമസിപ്പിച്ചു.

 

 അതിനെ വേണ്ടതുപോലെ സൂക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്നതിനായി 'അഴകപ്പാപിള്ള' എന്നു പ്രസിദ്ധനായിരുന്ന ഒരു നാഞ്ചിനാട്ടു(നാഞ്ഞിനാട്ടു)പിള്ളയെ പാപ്പാനായി കല്പിച്ചു നിശ്ചയിച്ചു നിയമിക്കുകയും ചെയ്തു. ആ ആനക്കാരനും ആനയും സമപ്രായക്കാരായിരുന്നു.

 

 രണ്ടുപേർക്കും അന്ന് ഇരുപത്തഞ്ചു വയസ്സേ പ്രായമുണ്ടായിരുന്നുള്ളു. ‌‌‌ മാർത്താണ്ഡവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു തിരുവിതാംകൂർ രാജ്യം ശ്രീപദ്മനാഭസ്വാമിക്കു തൃപ്പടിദാനമായി വെച്ചൊഴിയുന്നതിനുമുമ്പ് ഒരിക്കൽ സ്വാമി ദർശനാർത്ഥം തിരുവട്ടാറ്റേക്ക് എഴുന്നള്ളുകയുണ്ടായി.

 

അന്ന് ഈ കുട്ടിയാനയേയും കൊണ്ടുപോയിരുന്നു. തിരുമനസ്സുകൊണ്ടു സ്വാമിദർശനാനന്തരം ഈ ആനയെ അവിടെ നടയ്ക്കിരുത്തുകയും "ആദികേശവാ" എന്നു വിളിക്കുകയും ചെയ്തു. ആ ആന അതു സമ്മതിച്ചതായി തല കുലുക്കുകയും ഒരനുസരണ ശബ്ദം പുറപ്പെടുവിക്കുകയുമുണ്ടായി.

 

അതുകൊണ്ടു മഹാരാജാവു തിരുമനസ്സുകൊണ്ട് ആ പേരുതന്നെയാണ് ആ ആനയ്ക്ക് വിളിച്ചത്. ആ ആനയാണ് പിന്നീട് 'തിരുവട്ടാറ്റാദികേശവൻ' എന്നു പ്രസിദ്ധനായിത്തീർന്നതും. ‌‌‌ മഹാരാജാവു തിരുമനസ്സുകൊണ്ട് ആനയെ ഇരുത്തുകയും മറ്റും ചെയ്തതിന്റെ ശേഷം അഴകപ്പാപിള്ളയെ തിരുമുമ്പാകെ വരുത്തി "ആദികേശവനെ എല്ലാ മാസത്തിലും പതിനഞ്ചാം തീയതിതോറും തിരുവന്തപുരത്തു കൊണ്ടുവരണം. നമുക്ക് ഇവനെ മാസത്തിലൊരിക്കലെങ്കിലും കാണാതെയിരിക്കാൻ വയ്യ. ഇവിടെ ക്ഷേത്രത്തിൽ പതിഞ്ചാം തീയതി ഇവനെക്കൊണ്ടു വല്ല കാര്യവുമുണ്ടെങ്കിൽ അതു കഴിഞ്ഞാലുടനെ കൊണ്ടുവരണം.

 

 അങ്ങനെ ദിവസമാറ്റം വരുമ്പോൾ ആ വിവരം നമ്മെ മുൻകൂട്ടി അറിയിക്കുകയും വേണം" എന്നു കൽപിക്കുകയും അഴകപ്പാപിള്ള അതിനെ സാദരം സമ്മതിക്കുകയും അപ്രകാരം ചെയ്തുകൊണ്ടിരിക്കുകയും ചെയ്തു. തിരുമനസ്സുകൊണ്ട് ദിവസന്തോറും വെളുപ്പാൻകാലത്തു മൂന്നു മണിക്കു മുമ്പേ പള്ളിക്കുറുപ്പുണരുകയും ഉടനെ കാലും മുഖവും മറ്റും ശുദ്ധമാക്കി ചില നാമങ്ങൾ ജപിച്ചുകൊണ്ടു കൊട്ടാരത്തിനകത്തുലാത്തിക്കൊണ്ടിരിക്കുകയും പതിവായിരുന്നു.

 

അതിനാൽ ആദികേശവനെ തിരുവന്തപുരത്തു കൊണ്ടുചെല്ലുന്നതും പതിഞ്ചാം തീയതി തോരും വെളുപ്പാൻകാലത്തു മൂന്നുമണിക്കായിരിക്കണമെന്നും അവിടെ കൊണ്ടുചെന്നാൽ അവനെ കൊട്ടാരത്തിന്റെ മുറ്റത്ത് ഇന്ന സ്ഥലത്തു നിർത്തിക്കൊള്ളണമെന്നും പ്രത്യേകം കൽപിച്ചിരുന്നതിനാൽ അഴകപ്പാപിള്ള അങ്ങനെയൊക്കെയാണ് ചെയ്തിരുന്നത്.

 

 പതിനഞ്ചാം തീയതിതോറും പള്ളിക്കുറുപ്പുണർന്നാൽ ആദ്യം തൃക്കൺ പാർക്കുന്നത് ആദികേശവനെ വേണമെന്നു തിരുമനസ്സിലേക്കു നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് അങ്ങനെ പ്രത്യേകം കൽപിച്ചിരുന്നത്. ‌‌‌ ആദികേശവൻ സകല ശുഭലക്ഷണങ്ങളും തികഞ്ഞ ഒരാനയായിരുന്നു എന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ടായിരുന്നിരിക്കാം അവനെ മാസത്തിലൊരിക്കലെങ്കിലും കണികാണണമെന്നു തിരുമനസ്സിലേക്കു നിർബന്ധമുണ്ടായിരുന്നത്.

 

കേശവന്റെ രണ്ടു കൊമ്പുകളും ഒരുപോലെ കൂർത്തു വളഞ്ഞവയും നല്ല ഭംഗിയുള്ളവയുമായിരുന്നു. അവയുടെ രണ്ടു വശങ്ങളിലും സൂക്ഷിച്ചു നോക്കിയാൽ കാണാവുന്ന വിധത്തിൽ ഓരോ രേഖകളുണ്ടായിരുന്നു. അവ കണ്ടാൽ അവന്റെ കൊമ്പുകളുടെ കീഴ്‌വശത്ത് അവയെപോലെതന്നെ രണ്ടു കൊമ്പുകൾ കൂടി ഉണ്ടാക്കിവെച്ചു ചേർത്തിണക്കിയിരിക്കയാണെന്നു തോന്നുമായിരിരുന്നു.

 

അതിനാൽ ആദികേശവൻ ഒരു നാല്‌ക്കൊമ്പനാനയാണെന്നുകൂടി ജനങ്ങൾ പറഞ്ഞിരുന്നു. കേശവന്റെ പിൻവശത്തുനിന്നു നോക്കിയാൽ മൂന്നുകോലിൽ(ഒമ്പതടിയിൽ(അധികം))പൊക്കമില്ലെന്നു തോന്നുമായിരുന്നു. എങ്കിലും അവന്റെ മുമ്പിൽനിന്നു നോക്കിയാൽ അവന് അഞ്ചു കോലിൽ(പതിഞ്ചടിയിൽ)കുറയാതെ ഉയരമുണ്ടെന്നും ആർക്കും തോന്നുമായിരുന്നു. അവന്റെ തലയെടുപ്പും തലക്കട്ടിയും മസ്തകത്തിന്റെ വിരിവും തുമ്പിക്കൈയിന്റെ മുഴുപ്പും ചെവികളുടെ വലിപ്പവും ഉടലിന്റെ തഴപ്പും നീളവും കഴുത്തിന്റെ വണ്ണവും കഴുത്തിനു താഴെ തൂങ്ങിക്കിടക്കുന്ന താടയുടെ ഇറക്കവും മറ്റും കണ്ടാൽ ഇവനെപ്പോലെ ഭംഗിയുള്ള ഒരാന മറ്റെങ്ങുമില്ലെന്നും ഇനിയുണ്ടാവുന്നകാര്യം അസാധ്യമാണെന്നും ആർക്കും തോന്നുമായിരുന്നു.

 

ആദികേശവന്റെ കാലുകളുടെ വണ്ണവും അസാമാന്യമായിരുന്നു. അവന്റെ കാലടികളുടെ ചുറ്റളവ് നാല്പത്തെട്ട് അംഗുലം ഉണ്ടായിരുന്നു. അതുകൊണ്ടു കാലുകളുടെ വണ്ണം ഏകദേശം ഊഹിക്കാമല്ലോ. എന്തിനു വളരെ പറയുന്നു? "ആകപ്പാടെ ഒരാനച്ചന്തം" എന്നുള്ളത് ആദികേശവനെ സംബന്ധിച്ചു നല്ല ശരിയായിരുന്നു.

 

എന്നാൽ അവനെ അസാമാന്യമായ ദേഹപുഷ്ടി മാത്രമല്ല ഉണ്ടായിരുന്നത്. അതിനു തക്കവണ്ണമുള്ള കായബലവുമുണ്ടായിരുന്നു. ബുദ്ധിശക്തിയും അങ്ങനെതന്നെ. കേശവൻ പിടിച്ചുവെയ്ക്കുന്ന തടിയും മറ്റും വേറെ നാലാനകൾകൂടി പിടിച്ചാൽ ഇളക്കാൻപോലും കഴിയുമായിരുന്നില്ല. അപ്രകാരം ഏതെങ്കിലും ഒരു കാര്യം അഴകപ്പാപിള്ള മനസ്സിൽ വിചാരിക്കുമ്പോഴേക്കും കേശവൻ ചെയ്തുകഴിയും മറ്റുള്ള പാപ്പാന്മാരേപ്പോലെ വടിയെടുക്കുക എന്നുള്ള കാര്യം അഴകപ്പാപിള്ളയ്ക്ക് ഒരിക്കലും വേണ്ടിവന്നിട്ടില്ല. അഴകപ്പാപിള്ള കേശവന്റെ പാപ്പാനായിത്തീർന്നതിനു ശേഷം കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും അവർ തമ്മിൽ നിസ്തുലങ്ങളായ സ്നേഹവിശ്വാസങ്ങൾ ഉണ്ടായിത്തീർന്നു.

 

അതിന് അവർക്ക് ആജീവനാന്തം സ്വൽപംപോലും വ്യത്യാസം വരികയും ചെയ്തിരുന്നില്ല. ‌‌‌ രണ്ടുമൂന്നു പ്രാവശ്യം തിരുവന്തപുരത്തു പോയി മുഖം കാണിച്ച് വന്നപ്പോഴേക്കും കേശവന് അങ്ങോട്ടു പോകേണ്ടുന്ന ദിവസവും പോകാനുള്ള വഴിയും അവിടേയെത്തേണ്ടുന്ന സമയവും അവിടെച്ചെന്നാൽ നിൽക്കേണ്ടുന്ന സ്ഥലവും മറ്റും നല്ല നിശ്ചയമായി. വെളുപ്പാൻകാലത്തു മൂന്നു മണിക്ക് അവിടെയെത്തിയാലുടനെ അഴകപ്പാപിള്ള കേശവനെ നിശ്ചിതസ്ഥലത്തു നിർത്തിയിട്ടു മാറി മറഞ്ഞു നില്ക്കും തിരുമനസ്സിലേക്ക് ആദ്യം കേശവനെത്തന്നെ തൃക്കൺപാർക്കണമെന്നു നിർബന്ധമുണ്ടായിരുന്നുവലോ. അതുകൊണ്ടാണ് അയാൾ അങ്ങനെ ചെയ്തിരുന്നത്.

 

അഴകപ്പാപിള്ള മാറി നിന്നാലുടനെ കേശവൻ ഭക്തിദ്യോതകമായി ഒരു ശബ്ദം പുറപ്പെടുവിക്കും. ഉടനെ തിരുമനസ്സുകൊണ്ട് പുറത്തേക്കെഴുന്നള്ളും. അപ്പോൾ കേശവനു കൊടുക്കാനുള്ള പഴക്കുലകൾ, ശർക്കര, നാളികേരം, കരിമ്പ് മുതലായവയെല്ലാം അവിടെ തയ്യാറാക്കി വച്ചിരിക്കും. അവയിൽ ചിലതു തിരുമനസ്സുകൊണ്ടുതന്നെ തൃക്കൈകൊണ്ട് എടുത്ത് കേശവനു കൊടുക്കുകയും അവ കേശവൻ സാദരം വാങ്ങി തിന്നുകയും ചെയ്യും.

 

അങ്ങനെ ഏതാനും ചിലതു തിന്നു കഴിയുമ്പോൾ എല്ലാമെടുത്തു കൊടുക്കുന്ന കാര്യം തിരുമനസ്സിലേക്കു ബുദ്ധിമുട്ടായിത്തീർന്നെങ്കിലോ എന്നു വിചാരിച്ചു കേശവൻ സ്വല്പം പിന്നോക്കം മാറി നിൽക്കും. അതു കാണുമ്പോൾ കുശാഗ്രബുദ്ധിയായിരുന്ന തിരുമനസ്സിലേക്ക് കേശവന്റെ അഭിപ്രായം മനസ്സിലാകും.

 

ഉടനെ “എന്നാൽ എല്ലാമെടുത്തു തിന്നുകൊള്ളുക” എന്നു കല്പിക്കുകയും കേശവൻ എല്ലാമെടുത്ത് തിന്നുകയും ചെയ്യും. കേശവൻ എല്ലാം തിന്നുകഴിയുമ്പോൾ അഴകപ്പാപിള്ളയും കേശവന്റെ അടുക്കലെത്തും. ഉടനെ തിരുമനസ്സുകൊണ്ട് രണ്ടു മുണ്ടും അഞ്ചു രൂപയും അയാൾക്കും കല്പിച്ചു കൊടുക്കും.

 

അതും കഴിഞ്ഞാൽ കേശവൻ മുൻ‌കാലുകൾ രണ്ടും മടക്കി മുട്ടുകൾ കുത്തി തിരുമനസ്സിലെ തൃപ്പാദസന്നിധിയിൽ കുമ്പിട്ടു യാത്രയറിയിക്കുന്നതായി ഒരു ശബ്ദം പുറപ്പെടുവിക്കും. ഉടനെ തിരുമനസ്സുകൊണ്ട് “എന്നാലാവട്ടെ, അടുത്ത മാസത്തിലും വരണം” എന്നു കല്പിക്കുകയും കേശവൻ അതും സമ്മതിച്ച ഭാവത്തിൽ തലകുലുക്കിക്കൊണ്ട് നാലഞ്ചടി പിന്നോക്കം നടന്നു മാറീട്ടു തിരിഞ്ഞു നടന്നുപോവുകയും ചെയ്യും. ഇപ്രകാരമൊക്കെയായിരുന്നു കേശവന്റെ പതിവുകൾ.

‌‌‌അങ്ങനെ ഏതാനും കൊല്ലങ്ങൾ കഴിഞ്ഞതിന്റെ ശേഷം ഒരിക്കൽ തിരുവനന്തപുരത്തേക്കു പോകാനുള്ള ദിവസമടുത്തപ്പോൾ അഴകപ്പാപിള്ളയ്ക്കും ദേഹത്തിനു നല്ല സുഖമില്ലായിരുന്നു. അതിനാൽ അയാൾ കേശവന്റെയടുക്കൽ ചെന്ന്‌ അവന്റെ തുമ്പിക്കൈ പിടിച്ചു തലോടിക്കൊണ്ട് “കുട്ടാ! കേശവാ! നാളെയാണല്ലോ തിരുവനന്തപുരത്തേക്കു പോകേണ്ടത്.

 

എനിക്കു ദേഹത്തിനു തീരെ സുഖമില്ലാതെയുമിരിക്കുന്നു. നിശ്ചിത ദിവസം അവിടെ ചെല്ലാഞ്ഞാൽ തിരുമനസ്സിലേക്ക് ഒട്ടും സുഖമാവുകയില്ല. അതിനാൽ ഇത്തവണ എന്റെ കുട്ടൻ തനിച്ചു പോയിവരണം. അങ്ങോട്ടു പോകാനുള്ള വഴിയും അവിടെ ചെന്നാലുള്ള പതിവുകളും മറ്റും നിനക്കു നിശ്ചയമുണ്ടല്ലോ” എന്നു പറഞ്ഞു.

 

കേശവൻ അതു കേട്ടു സമ്മതിച്ചു തല കുലുക്കുകയും അടുത്ത ദിവസം അവൻ തനിച്ചു പോയി തിരുവനന്തപുരത്തെത്തി പതിവുപോലെ മുഖം കാണിക്കുകയും മറ്റും കഴിച്ചു മടങ്ങി വരികയും ചെയ്തു. ‌‌‌

 

 ഇങ്ങനെയിരിക്കെ കൊല്ലം 933-ആമാണ്ടു മിഥുനമാസത്തിൽ മാർത്താണ്ഡവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു നാടു നീങ്ങി. ആ വർത്തമാനം ഉടനെ കേരളത്തിലെന്നല്ല വിദേശങ്ങളിൽപ്പോലും എല്ലാവരും അറിഞ്ഞു. എങ്കിലും അതറിഞ്ഞാൽ ആദികേശവനു ദുസ്സഹമായ ദുഃഖമുണ്ടാകുമെന്നു വിചാരിച്ച് അഴകപ്പാപിള്ള തൽക്കാലം അവനെ അതറിയിച്ചില്ല. എന്നാൽ അധികം താമസിയാതെ അവനത് അറിയേണ്ടതായി വരികയും ചെയ്തു.

‌‌‌അടുത്ത മാസത്തിലും അഴകപ്പാപിള്ള പതിവുപോലെ പതിനഞ്ചാം തീയതി വെളുപ്പാൻ‌കാലത്തു മൂന്നു മണിക്കു കേശവനേയുംകൊണ്ട് തിരുവനന്തപുരത്തെത്തി.

 

അവനെ പതിവു സ്ഥലത്തു നിർത്തുകയും കേശവൻ പതിവുപോലെ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു. രാമവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ട് മൂന്നു മണിക്ക് പള്ളിക്കുറുപ്പുണരാറില്ല. നാലുമണിക്കാണ് അവിടുന്നു പള്ളിക്കുറുപ്പുണരുക പതിവ്.

 

എന്നാൽ കേശവൻ ശബ്ദം പുറപ്പെടുവിച്ചപ്പോൾ നല്ല പള്ളിക്കുറുപ്പായിരിന്നു. ആ ശബ്ദം കേട്ടു തിരുമനസ്സുകൊണ്ടു വല്ലാതെ ഞെട്ടിയുണരുകയും അതെന്തു ശബ്ദമാണു കേട്ടത്? ഒരാനയുടെ ശബ്ദം പോലെയാണല്ലോ കേട്ടത്.

 

ഈ അസമയത്ത് അനാവശ്യമായി ഇവിടെ ആനയെ കൊണ്ടുവന്നതാരാണ്? അതിനെ അവിടെനിന്നും ക്ഷണത്തിൽ കൊണ്ടുപോകട്ടെ” എന്നു കോപത്തോടുകൂടി ഉച്ചത്തിൽ കല്പിക്കുകയും ചെയ്തു. മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ആ കല്പന കേട്ടു കേശവൻ വല്ലാതെ പരിഭ്രമിച്ച് അഴകപ്പാപിള്ളയെ താങ്ങിയെടുത്തു തലയിൽ വച്ചുകൊണ്ട് അവിടെനിന്ന് ഒരോട്ടം വച്ചുകൊടുത്തു.

 

 നെയ്യാറ്റിൻ‌കര ചെന്നിട്ടേ അവൻ നിൽക്കുകയോ തിരിഞ്ഞു നോക്കുകയോ ചെയ്തുള്ളു. അവിടെയെത്തി അഴകപ്പാപിള്ളയെ താഴെയിറക്കി നിർത്തിയപ്പോൾ അയാൾ “എന്റെ കേശവാ! നിന്റെ പരിഭ്രമം സ്വല്പമധികമായപ്പോയി. നമ്മുടെ തമ്പുരാനല്ലാ ആ കല്പിച്ചത്. നമ്മുടെ തമ്പുരാൻ കഴിഞ്ഞ മാസത്തിൽ നാടുനീങ്ങിപ്പോയി. ആ കല്പിച്ചത് ഇപ്പോൾ നാടു വാഴുന്ന രാമവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ടാണ്. അവിടേക്കു നിന്റെ പതിവൊന്നും നിശ്ചയമില്ല” എന്നു പറഞ്ഞു. “നമ്മുടെ തമ്പുരാൻ നാടുനീങ്ങിപ്പോയി” എന്നു കേട്ടപ്പോൾ കേശവൻ അത്യന്തം സങ്കടത്തോടുകൂടി കണ്ണീരൊലിപ്പിച്ചുകൊണ്ട് ഉറക്കെ മൂന്നു നിലവിളിച്ചിട്ട് പിന്നെയും കണ്ണീരൊലിപ്പിച്ചുകൊണ്ടു നിന്നു.

 

അപ്പോൾ അഴകപ്പാപിള്ള “ഇപ്പോൾ നാടുവാഴുന്ന തമ്പുരാനും നമ്മുടെ തമ്പുരാൻ‌തന്നെയാണ്. പരിചയം വരുമ്പോൾ ഈ തമ്പുരാനും മറ്റേ തമ്പുരാനെപ്പോലെ നിന്നെക്കുറിച്ചു വിചാരിച്ചു തുടങ്ങും. അതുകൊണ്ട് നമുക്ക് ഇന്നുതന്നെ തിരുവനന്തപുരത്തു ചെന്ന് മുഖം കാണിക്കണം” എന്നു പറഞ്ഞു. അഴകപ്പാപിള്ള ഈ പറഞ്ഞത് കേശവൻ കേട്ടതായി ഭാവിക്കപോലും ചെയ്തില്ല. അഴകപ്പാപിള്ളയുടെ വാക്കിനെ കേശവൻ അതിനുമുമ്പൊരിക്കലും ആദരിക്കാതെയിരുന്നിട്ടില്ല.

കേശവൻ തിരുവനന്തപുരത്തുനിന്ന് ഓടിപ്പോയതിന്റെ ശേഷം നേരം വെളുത്തപ്പോൾ ചില സേവന്മാർ തിരുമനസ്സിലെ സന്നിധിയിൽ ചെന്ന്, “നാടു നീങ്ങിപ്പോയ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുമനസ്സുകൊണ്ട് ഒരാനയെ തിരുവാട്ടാറ്റു നടയ്ക്കിരുത്തുകയും ആ ആനയ്ക്ക് ആദികേശവൻ എന്നു കല്പിച്ചു പേരു വിളിക്കുകയും ചെയ്തിട്ടുണ്ട്. ആ ആനയെ കല്പനപ്രകാരം എല്ലാ മാസങ്ങളിലും പതിനഞ്ചാം തീയതി തോറും വെളുപ്പാൻ‌കാലത്തു മൂന്നു മണിക്ക് ഇവിടെ കൊണ്ടു വരികയും ഇവിടെയെത്തിയാലുടനെ കേശവൻ താൻ വന്നിരിക്കുന്നു എന്നറിയിക്കുന്നതിനായി ഒരു ശബ്ദം പുറപ്പെടുവിക്കുകയും അതു കേട്ടാലുടനെ തിരുമനസ്സുകൊണ്ടു പുറത്തെഴുന്നള്ളി കേശവൻ പഴക്കുലകളും ശർക്കരയും നാളികേരവും കരിമ്പും മറ്റും തൃക്കൈകൊണ്ടുതന്നെ എടുത്തു കൊടുക്കുകയും കേശവൻ അവയെ വാങ്ങിത്തിന്നുകയും പതിവായിരുന്നു. ആ പതിവനുസരിച്ച് ഇവിടെ കൊണ്ടുവരപ്പെട്ട കേശവന്റെ ശബ്ദമാണ് ഇന്നു വെളുപ്പാൻ‌കാലത്ത് ഇവിടെ കേൾക്കപ്പെട്ടത്. പതിവുപോലെയല്ലാതെ കോപത്തോടുകൂടി ഉറക്കെ അരുളിച്ചെയ്തതു കേട്ട് കേശവൻ ഭയപ്പെട്ട് അപ്പോൾത്തന്നെ ഇവിടെനിന്ന് ഓടിപ്പോയി. മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുമനസ്സുകൊണ്ട് നാടുനീങ്ങിപ്പോയി എന്നുള്ള കഥ കേശവൻ അറിഞ്ഞിരിക്കയില്ല” എന്നറിയിച്ചു. അതു കേട്ടിട്ടു തിരുമനസ്സുകൊണ്ട് “എന്നാൽ കേശവനെ ക്ഷണത്തിൽ വരുത്തണം” എന്നു കല്പിക്കുകയും ചില ഉദ്യോഗസ്ഥന്മാർ ഉടനേ ഓടിപ്പോയി നെയ്യാറ്റിൻ‌കരച്ചെന്നു കല്പനയുടെ വിവരം അഴകപ്പാപിള്ളയെ ഗ്രഹിപ്പിക്കുകയും ചെയ്തു. അഴകപ്പാപിള്ള വിവരമൊക്കെ പറഞ്ഞുനോക്കീട്ടും കേശവന് ഒരിളക്കമുണ്ടായില്ല.

 

അതിനാൽ ആ ഉദ്യോഗസ്ഥന്മാർ മടങ്ങിച്ചെന്ന് ആ വിവരം തിരുമനസ്സിലെ അടുക്കൽ അറിയിച്ചു. തിരുമനസ്സുകൊണ്ട് അടുത്ത ദിവസം കല്പിച്ച് ആളുകളെ അയച്ചു. അന്നും ഫലമുണ്ടായില്ല. അങ്ങനെ ആറും ദിവസം കഴിഞ്ഞു. ഏഴാം ദിവസം തിരുമനസ്സുകൊണ്ട് “കേശവൻ ഇങ്ങോട്ടു വരികയില്ലെങ്കിൽ ഞാനങ്ങോട്ടു വരാം. അങ്ങനെയായാലും എനിക്കു കേശവനെ കാണണം” എന്നു കല്പിച്ചയച്ചു. തിരുമനസ്സിലെ ആളുകൾ നെയ്യാറ്റിൻ‌കരയെത്തി ആ കല്പിച്ച വിവരം പറഞ്ഞപ്പോൾ അഴകപ്പാപിള്ള കേശവനോട് “കല്പിച്ചയച്ചതു കേട്ടില്ലേ? നീയങ്ങോട്ടു ചെല്ലാതെ തിരുമനസ്സുകൊണ്ട് ഇങ്ങോട്ടെഴുന്നള്ളാനിടയാകുന്നതു കഷ്ടമാണ്. നമുക്ക് ഇന്നുതന്നെ തിരുവനന്തപുരത്തെത്തി മുഖം കാണിക്കണം” എന്നു പറഞ്ഞു. കേശവൻ അതു കേട്ടിട്ടു സമ്മതിച്ചു തല കുലുക്കുകയും ഒരു അനുസരണ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു. ഉടനെ അഴകപ്പാപിള്ള “എന്നാൽ പോകാം” എന്നു പറഞ്ഞു നടന്നു തുടങ്ങി. പിന്നാലെ കേശവനും പോയി. കേശവനു ക്ഷീണംകൊണ്ടു നടക്കാൻ വളരെ പ്രയാസമുണ്ടായിരുന്നു. മാർത്താണ്ഡവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു നാടുനീങ്ങിയെന്നു കേട്ട ദിവസം മുതൽ അന്നുവരെ ആറു ദിവസം കേശവൻ കുറേശ്ശെ വെള്ളം കുടിച്ചതല്ലാതെ യാതൊന്നും തിന്നിരുന്നില്ല. ആ ആറു ദിവസവും നെയ്യാറ്റിൻകരക്കാരിൽ പലരും കേശവനു പഴക്കുലകളും മറ്റും ധാരാളം കൊണ്ടുചെന്നു കൊടുത്തിരുന്നു. എങ്കിലും അവൻ അവയിലൊന്നും തൊടുകപോലും ചെയ്തിരുന്നില്ല. പിന്നെ അവനു ക്ഷീണം വന്നത് ഒരത്ഭുതമല്ലല്ലോ. കേശവൻ ഒന്നും തിന്നാതെയിരുന്നതുകൊണ്ട് അഴകപ്പാ പിള്ളയും സാമാന്യം പോലെ ഭക്ഷണം കഴിച്ചിരുന്നില്ല. എങ്കിലും അവർ രണ്ടുപേരും ഒരുവിധം നടന്ന് അന്നുതന്നെ തിരുവനന്തപുരത്തു തിരുമനസ്സിലെ തിരുമുമ്പാകെ എത്തി. അവിടെ തിരുമനസ്സുകൊണ്ടു മാർത്താണ്ഡവർമ്മ മഹാരാജാവു തിരുമനസ്സിലെപ്പോലെതന്നെ കേശവനു കൊടുക്കുന്നതിനായി പഴക്കുലകളും മറ്റും ധാരാളം ശേഖരിച്ചു വച്ചിരുന്നു. തിരുമനസ്സുകൊണ്ടു തൃക്കൈകൊണ്ട് അവയിൽ ചിലതെടുത്തു കേശവന്റെ നേരെ നീട്ടി. കേശവൻ അവയിലൊന്നും വാങ്ങാതെ സ്വല്പം പിന്നോക്കം മാറി നിന്നു. അപ്പോൾ അഴകപ്പാപിള്ള “കേശവൻ നനഞ്ഞിട്ട് ഇന്ന് ഏഴു ദിവസമായി. നനയാതെ തിരുമേനിയെ തൊടുന്നതു വിഹിതമല്ലല്ലോ എന്നു വിചാരിച്ചാണ് അവൻ പിന്മാറിയത്” എന്നറിയിച്ചു. ഉടനെ തിരുമനസ്സുകൊണ്ട് “എന്നാൽ കേശവനെ ക്ഷണത്തിൽ കൊണ്ടുപോയി നനച്ചു കൊണ്ടുവരണം” എന്നു കല്പിക്കുകയും അഴകപ്പാപിള്ള കേശവനെ ഉടനെ കരമനയാറ്റിൽ കൊണ്ടുപോയി നനച്ചുകൊണ്ടുവരികയും ചെയ്തു. പിന്നെ തിരുമനസ്സുകൊണ്ടു കല്പിച്ചു കൊടുത്ത പഴക്കുലകൾ മുതലായവയെല്ലാം കേശവൻ സാദരം മേടിച്ചു തിന്നു. എങ്കിലും അതും കണ്ണീരൊലിപ്പിച്ചുകൊണ്ടും ദുഃഖഭാവത്തോടുകൂടിയുമായിരുന്നു. കേശവൻ അവയെല്ലാം തിന്നു കഴിഞ്ഞതിന്റെ ശേഷം തിരുമനസ്സുകൊണ്ട് അഴകപ്പാപിള്ളയ്ക്ക് പതിവുള്ള മുണ്ടും പണവും അയാൾക്കും കല്പിച്ചു കൊടുത്തു. ഉടനെ കേശവൻ മുൻ‌കാലുകൾ രണ്ടും മടക്കി മുട്ടുകുത്തി തിരുമനസ്സിലെ തിരുമുമ്പിൽ കുമ്പിടുകയും എഴുന്നേറ്റു നിന്നുകൊണ്ട് ഒരു ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു. അപ്പോഴും അഴകപ്പാപിള്ള “കേശവൻ യാത്ര അറിയിക്കുകയാണ് ചെയ്തത്. ഇങ്ങനെയാണ് അവന്റെ പതിവ്” എന്നു തിരുമനസ്സറിയിച്ചു. ഉടനെ തിരുമനസ്സുകൊണ്ട് “കേശവൻ മുൻപതിവുപോലെ മാസംതോറും ഇവിടെ വരണം. എന്നാലതു വെളുപ്പാൻ കാലത്തു മൂന്നുമണിക്കു വേണമെന്നില്ല. നാലുമണിക്കായാൽ മതി” എന്നു കല്പിക്കുകയും അതു സമ്മതിച്ചതായി കേശവൻ തലകുലുക്കുകയും ഒരു ശബ്ദം പുറപ്പെടുവിക്കുകയും അഴകപ്പാപിള്ളയോടുകൂടി അപ്പോൾത്തന്നെ അവിടുന്നു പോവുകയും അന്നു രാത്രിയിൽത്തന്നെ തിരുവട്ടാറ്റ് എത്തുകയും ചെയ്തു. ‌‌‌

 

ആദികേശവനെ അമ്പാരിക്കോ എഴുന്നള്ളത്തിനോ ഉപയോഗിക്കുമ്പോൾ അവന്റെ കഴുത്തിൽക്കെട്ടുന്നതു മൂന്നിഴകൾ (വരികൾ) ഉള്ള ഒരു മണിമാലയാണ് പതിവ്. ആ ഓരോ വരികളിലും മുപ്പത്താറു മണികൾ വീതവും ആ മുപ്പത്താറു മണികൾക്കും കൂടി രണ്ടര തുലാം കനവുമുണ്ടായിരുന്നു. അപ്പോൾ മൂന്നു വരികൾക്കുംകൂടി ഏഴരത്തുലാം വരുമല്ലോ. ആ മണിമാല കേശവന്റെ കഴുത്തിൽ വരുമ്പോൾ അവന്റെ തല ഒന്നുകൂടി ഉയരും. അപ്പോൾ അവന്റെ ഭംഗിയും കാന്തിയും ഇരട്ടിക്കുകയും ചെയ്യും.

‌‌‌മറ്റുള്ള ആനകൾക്കു പിടിച്ചിളക്കാൻപോലും വയ്യാതെകണ്ടുള്ള വലിയ തടികൾ കേശവനെക്കൊണ്ടു പിടിപ്പിച്ച് ഉദ്ദിഷ്ടസ്ഥലത്ത് ആക്കിച്ചു കൊടുക്കണമെന്നു പലരും അഴകപ്പാപിള്ളയോട് ആവശ്യപ്പെടാറുണ്ട്. എന്നാൽ തടിയുടെ വലിപ്പവും പിടിച്ചുകൊണ്ടുപോകാനുള്ള ദൂരവും അറിഞ്ഞാൽ അഴകപ്പാപിള്ള അവനോട് ഇതിന് ഇത്ര പണം ആദികേശവസ്വാമിക്ക് നട്യ്ക്കു വെയ്ക്കുകയും ഇത്ര പണം തനിക്കു തരികയും കേശവനു തിന്നാൻ ഇന്നിന്ന സാധനങ്ങൾ ഇത്രയിത്ര വീതം കൊടുക്കുകയും ചെയ്യണമെന്നു പറയും. തടിയുടെ ഉടമസ്ഥൻ അവയെല്ലാം സമ്മതിച്ചാൽ അഴകപ്പാപിള്ള കേശവനോട് “കേശവാ! ഈ മനുഷ്യൻ ഒരു തടി പിടിച്ചു വെച്ചു കൊടുക്കണമെന്നു പറയുന്നു. ആ തടിക്ക് ഇത്ര വണ്ണവും ഇത്ര നീളവുമുണ്ട്. അതു പിടിച്ച് ഇത്ര നാഴിക ദൂരം കൊണ്ടുപോകണം. അതിന് ആദികേശവസ്വാമിക്ക് ഇത്ര പണം നടയ്ക്കു വെയ്ക്കുകയും എനിക്ക് ഇത്ര പണവും നിനക്ക് തിന്നാൻ ഇന്നിന്ന സാധനങ്ങൾ ഇത്രയിത്ര വീതവും തരികയും ചെയ്യാമെന്ന് ഈ മനുഷ്യൻ സമ്മതിച്ചിട്ടുണ്ട്. അതിനാൽ എന്റെ കുട്ടൻ ചെന്ന് ആ തടിപിടിച്ചുവെച്ചു കൊടുക്കണം” എന്നു പറയും. അഴകപ്പാപിള്ള കൂടെ ചെല്ലണമെന്നും മറ്റുമില്ല. വഴികാണിച്ചുകൊടുക്കാൻ ആരെങ്കിലും ഒരാൾ ചെന്നാൽ മതി.

 

കേശവൻ അറിയുന്ന സ്ഥലമാണെങ്കിൽ അതും വേണമെന്നില്ല. ഇന്ന സ്ഥലത്തു കിടക്കുന്ന തടി പിടിച്ച് ഇന്ന സ്ഥലത്തു കൊണ്ടുചെന്നു വെച്ചുകൊടുക്കണമെന്ന് അഴകപ്പാപിള്ള പറയുകമാത്രം ചെയ്താൽ മതി. എന്നാൽ തടിയുടെ ഉടമസ്ഥൻ നെറികേടു പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ കേശവന്റെ വിധം മാറും. സ്ഥലത്തു ചെന്നു നോക്കുമ്പോൾ തടിയുടെ വണ്ണമോ നീളമോ പറഞ്ഞിരുന്നതിലധികമുണ്ടെന്നു കണ്ടാൽ കേശവൻ അതു തൊടുകപോലും ചെയ്യാതെ മടങ്ങിപ്പോരും. അപ്രകാരംതന്നെ തടി പിടിച്ചുകൊണ്ടു പോയാൽ വഴിയുടെ ദൂരം പറഞ്ഞിരുന്നതിലധികമായാൽ കേശവൻ ആ തടി തിരികെ പിടിച്ച് അതു മുമ്പു കിടന്നിരുന്ന സ്ഥലത്തുനിന്നു രണ്ടോ നാലോ നാഴികകൂടി ദൂരത്തു കൊണ്ടുചെന്നു വേറെ ഒരാനയ്ക്കും പിടിച്ചെടുക്കാൻ സാധിക്കാത്ത വിധം ദുർഘടമായ ഒരു സ്ഥലത്താക്കും. അങ്ങനെയൊക്കെയായിരുന്നു കേശവന്റെ പതിവ്. അങ്ങനെ കൊണ്ടുചെന്നിടുന്ന തടി പിന്നെ അഴകപ്പാപിള്ള പറഞ്ഞാലും കേശവൻ തൊടുകപോലും ചെയ്യുകയില്ല.

 

അഥവാ ആ തടി കേശവൻ പിന്നെ പിടിക്കണമെങ്കിൽ തടിയുടെ ഉടമസ്ഥൻ വ്യാജം പറഞ്ഞതിന്റെ പ്രായശ്ചിത്തമായി ധാരാളം ശർക്കരയും നെയ്യും നാളികേരവും കദളിപ്പഴവും ചേർത്ത് ഒരു പന്തിരുന്നാഴി പായസം വെയ്പിച്ച് ആദികേശവസ്വാമിക്കു നിവേദിപ്പിച്ചിട്ട് അതും മുമ്പു സമ്മതിച്ചിരുന്ന സാധനങ്ങളും കേശവനും പണം അഴകപ്പാപിള്ളയ്ക്കും കൊടുക്കുകയും ആദികേശവസ്വാമിക്കുള്ള പണം നട്യ്ക്കുവെയ്ക്കുകയും ചെയ്താൽ കേശവൻ ചെന്ന് ആ തടി പിടിച്ച് ഉദ്ദിഷ്ടസ്ഥലത്തു കൊണ്ടുചെന്നു വെച്ചു കൊടുക്കും. അങ്ങനെയല്ലാതെ കൌശലമൊന്നും കേശവനോട് പറ്റിയിരുന്നില്ല.

‌‌‌കേശവനും അഴകപ്പാപിള്ളയ്ക്കും എൺപത്തഞ്ചു വയസ്സു തികയുന്നതുവരെ ഇപ്രകാരമെല്ലാം നടന്നിരുന്നു. അതിനുശേഷം അഴക്പ്പാപിള്ളയ്ക്കു ക്ഷീണംകൊണ്ട് എഴുന്നേറ്റു നടക്കാൻ പോലും വയ്യാതെയായി. എങ്കിലും കേശവന് അത്രയും ക്ഷീണം ബാധിച്ചില്ല.

 

അതിനാൽ കേശവനെക്കൊണ്ടു ക്ഷേത്രത്തിൽ ആവശ്യമുള്ള ദിവസങ്ങളിൽ പാപ്പാനോടുകൂടാതെതന്നെ കേശവൻ തനിച്ചു പോയി അടിയന്തിരങ്ങൾ യഥാക്രമം നടത്തിപ്പോന്നിരുന്നു. കേശവനെ നടയ്ക്കിരുത്തിയതിന്റെ ശേഷം കുറച്ചുകാലം കഴിഞ്ഞപ്പോഴേയ്ക്കും ആ ക്ഷേത്രത്തിലെ ചട്ടവട്ടങ്ങളെല്ലാം അവനു നല്ല നിശ്ചയമായി. അതിനാൽ പാപ്പാൻ കൂടെയില്ലെങ്കിലും കാര്യങ്ങൾക്കു കുഴപ്പമില്ലായിരുന്നു. ‌‌‌ അഴകപ്പാപിള്ള ക്ഷീണാധിക്യം നിമിത്തം കിടപ്പിലായതിന്റെ ശേഷം അധിക ദിവസം കഷ്ടപ്പെട്ടില്ല. നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ ഒരു ദിവസം വെളുപ്പാൻ കാലത്ത് ആ ഭാഗ്യവാൻ അനായാസേന ചരമഗതിയെ പ്രാപിച്ചു. അപ്പോൾ ആ വീട്ടിൽ അയാളുടെ ഭാര്യയുടെയും മക്കളുടെയും കരച്ചിലും പിഴിച്ചിലുമൊക്കെയുണ്ടായി. അതു കേട്ടു കേശവൻ കാര്യം മനസ്സിലാക്കിക്കൊണ്ടു മുറ്റത്തുനിന്നു പതുക്കെ നടന്നു പറമ്പിൽ ചെന്നു കിടന്നു. മാത്രനേരം കഴിഞ്ഞപ്പോൾ അവന്റെ കഥയും കഴിഞ്ഞു. അതുകൊണ്ടു കേശവനും ഭാഗ്യവാനായിരുന്നു എന്നുതന്നെ വിചാരിക്കേണ്ടിയിരിക്കുന്നു. നേരം വെളുത്തപ്പോൾ കേശവൻ ചരിഞ്ഞു എന്നും അഴകപ്പാപിള്ള മരിച്ചു എന്നും ഉള്ള വർത്തമാനം ആ ദിക്കിലൊക്കെ പ്രസിദ്ധമായി.

 

ഉടനെ സർക്കാറുദ്യോഗസ്ഥന്മാരും മറ്റനേകം ജനങ്ങളും അവിടെ വന്നു കൂടുകയും അഴകപ്പാപിള്ളയുടെ സംസ്കാരകർമ്മം യഥാവിധി നടത്തിക്കുകയും ചെയ്തതിന്റെ ശേഷം ആ പറമ്പിൽത്തന്നെ ഒരു വലിയ കുഴി കുഴിച്ച് കേശവന്റെ മൃതശരീരം അതിലിട്ടു മൂടിക്കുകയും ചെയ്തു. അഴകപ്പാപിള്ളയുടേ പരിചയം സിദ്ധിച്ചതിന്റെ ശേഷം തനിക്ക് ഇനി മറ്റൊരു പാപ്പാനുണ്ടാകാനിടയാകരുതെന്നുള്ള വിചാരം കേശവനു സാമാന്യത്തിലധികമുണ്ടായിരുന്നു. അപ്രകാരം തന്നെ കേശവന്റെ കാലം കഴിഞ്ഞിട്ടു മറ്റൊരാനയുടെ പാപ്പാനാകാനിടയാകരുതെന്നുള്ള വിചാരം അഴകപ്പാപിള്ളയ്ക്കുമുണ്ടായിരുന്നു. ആ ഭാഗ്യവാന്മാർ വിചാരിച്ചിരുന്നതുപോലെതന്നെ അവരുടെ കാലം കഴിഞ്ഞുകൂടി. വളരെക്കാലം ആദികേശവസ്വാമിയെ സേവിച്ചുകൊണ്ടു തൽ‌സന്നിധിയിൽത്തന്നെ താമസിച്ചിരുന്ന അവർക്ക് അങ്ങനെയല്ലാതെ വരാനിടയില്ലല്ലോ.

 

രഞ്ജിത്ത് മാത്യു

 

കവർ ചിത്രം: ബിനോയ് തോമസ്

അടുത്ത ലക്കം : ഊരകത്ത് അമ്മതിരുവടി

ശാസ്താങ്കോട്ടയും കുരങ്ങന്മാരും

June 16, 2021

ശാസ്താങ്കോട്ട തിരുവിതാംകൂറിൽ കുന്നത്തുർ താലുക്കിലുൾപ്പെട്ട ഒരു സ്ഥലമാണ്. ഈ സ്ഥലത്തിന് "ശാസ്താങ്കോട്ട" എന്നു പേരുണ്ടായതിന്റെ കാരണംതന്നെ ആദ്യമേ വിവരിക്കേണ്ടിയിരിക്കുന്നു. പന്തളത്തു രാജാക്കന്മാർ പാണ്ഡ്യരാജവംശ്യന്മാരാണെന്നും അവരുടെ കുലപരദേവത ശബരിമല ശാസ്താവാണെന്നുമുള്ളതു സുപ്രസിദ്ധമാണല്ലോ.

 

മുൻകാലങ്ങളിൽ പന്തളത്തു രാജാക്കന്മാരെല്ലാവരും ആണ്ടിലൊരിക്കൽ ശബരിമലയിൽപ്പോയി സ്വാമിദർശനം കഴിക്കുക പതിവുണ്ടായിരുന്നു. ഇപ്പോഴും അവരിലൊരാളെങ്കിലും ആണ്ടിലൊരിക്കൽ (മകരസംക്രാന്തിക്ക്) ശബരിമലയിൽച്ചെന്നു ദർശനം കഴിക്കണമെന്ന് ഏർപ്പാടുണ്ട്.

പണ്ടൊരിക്കൽ ഒരു പന്തളത്തു രാജാവ് കായംകുളത്തു വന്ന് അവിടുത്തെ ഒരു രാജ്ഞിയെ ഭാര്യയായി സ്വീകരിക്കുകയും അവിടെ ത്തന്നെ താമസം തുടങ്ങുകയും ചെയ്തു. ആ രാജാവും രാജ്ഞിയും പരസ്പരാനുരാഗം നിമിത്തം പിരിഞ്ഞു താമസിക്കുവാൻ അശക്തരായിത്തീരുകയാൽ ആ രാജാവു പന്ത്രണ്ടു കൊല്ലത്തേക്കു പന്തളത്തു പോവുകയോ ശബരിമലയിൽപ്പോയി സ്വാമിദർശനം കഴിക്കുകയോ ചെയ്യാതെ കായംകുളത്തുതന്നെ താമസിച്ചു.

 

അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം രാത്രിയിൽ പന്തളത്തു രാജാവ് ഉറക്കത്തിൽ "അയ്യോ! കടുവ വരുന്നേ, പുലി വരുന്നേ!" എന്നു പറഞ്ഞുകൊണ്ട് ഉറക്കെ നിലവിളിച്ചു. അതുകേട്ടു രാജ്ഞി ഉണർന്നു പേടിച്ചു വിറച്ചുകൊണ്ട് എന്താണെന്നു ചോദിച്ചപ്പോൾ രാജാവ് "ഒന്നുമില്ല. ഒരു സ്വപ്നം കണ്ടു. അത്രയുള്ളൂ" എന്നു പറയുകയും വീണ്ടും ഉറങ്ങിത്തുടങ്ങുകയും ചെയ്തു. അപ്രകാരം പിറ്റേ ദിവസവുമുണ്ടായി. എന്നല്ല, അതു ദിവസംതോറും പതിവായിത്തീർന്നു. ഇതു നിമിത്തം പേടിച്ചിട്ടു രാജ്ഞിക്കു രാത്രിയിൽ കിടന്നുറങ്ങുവാൻ നിവൃത്തിയില്ലാതെയായി. ഈ വിവരം കായംകുളത്തു രാജാവറികയും ഇതിന്റെ ശമനത്തിനായി പല മന്ത്രവാദങ്ങളും ചികിത്സകളും ഈശ്വരസേവാദികളും മറ്റും നടത്തിക്കുകയും ചെയ്തു.

 

ഇതൊന്നുകൊണ്ടും പന്തളത്തു രാജാവിന്റെ സ്വപ്നദർശനത്തിനും നിലവിളിക്കും യാതൊരു ഭേദവുമുണ്ടായില്ല. പ്രത്യുത, അതു ക്രമേണ വർദ്ധിച്ച്, ദിവസം തോറും അഞ്ചുമാറും എട്ടും പത്തും പ്രാവശ്യം വീതമായിത്തീർന്നു. അപ്പോൾ രാജ്ഞിക്കു മാത്രമല്ല, രാജമന്ദിരത്തിലാർക്കും തന്നെ പേടിച്ചിട്ടു രാത്രിയിൽ കിടന്നുറങ്ങുവാൻ നിവൃത്തിയില്ലാതെയായി.

 

അതിനാൽ കായംകുളത്ത് രാജാവ് ഒരു ദിവസം തന്റെ ആവുത്തനായ പന്തളത്തു രാജാവിനെ അടുക്കൽ വരുത്തി "ഹേ! അങ്ങയുടെ കൂക്കുവിളിയും കോലാഹലവും കൊണ്ടു ഇവിടെയാർക്കും രാത്രികാലങ്ങളിൽ കിടന്നുറങ്ങാൻ നിവൃത്തിയില്ലാതെയായല്ലോ. അവിടെക്കു ഭ്രാന്തുണ്ടോ? "കടുവാ വരുന്നു; പുലി വരുന്നു; കടുവാ പെറ്റു; പുലി പെറ്റു" ഇങ്ങനെ എന്തെല്ലം അസംബന്ധങ്ങളാണ് അവിടുന്നു പറയുന്നത്. ഈ സ്ഥിതിയിൽ ഇനി ഇവിടെ താമസിക്കണമെന്നില്ല. പന്തളത്തുതന്നെ പോയി താമസിക്കാണം. ഈ ഉപദ്രവങ്ങളൊക്കെ മാറിയിട്ട് വന്നാൽ മതി" എന്നു പറഞ്ഞു.

 

ഇതു കേട്ടപ്പോൾ പന്തളത്തു രാജാവിന് അസാമാന്യമായ മനസ്താപമുണ്ടായി. ഒന്നാമത്, തന്റെ പ്രാണപ്രിയയായ രാജ്ഞിയെ വിട്ടു പിരിഞ്ഞു താമസിക്കുക എന്നുള്ള കാര്യം അദ്ദേഹത്തിനു പരമസങ്കടമായിട്ടുള്ളതായിരുന്നു.

 

പിന്നെ കായംകുളത്തു രാജാവിന്റെ വാക്കു സ്വല്പം പുച്ഛരസത്തോടുകൂടിയും ആക്ഷേപമായിട്ടും എന്നാൽ, ഒരു വിധം ശാസനയായിട്ടുമായിരുന്നു. എല്ലാംകൊണ്ടും പന്തളത്തു രാജാവ് അത്യന്തം വി‌ഷണ്ണനായിത്തീർന്നുവെന്നും പറഞ്ഞാൽ മതിയല്ലോ.

അന്നു രാത്രിയിൽ പന്തളത്തു രാജാവിനു പതിവുള്ളതു കൂടാതെ വിശേ‌ഷാൽ ഒരു സ്വപ്നം കൂടിയുണ്ടായി.

 

അതു ഒരു പരദേശബ്രാഹ്മണൻ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്ന് "ഹേ! അവിടുന്ന് ഒട്ടും വി‌ഷാദിക്കേണ്ട. അവിടുന്ന് ഒരു കാര്യം ചെയ്താൽ അവിടെക്കുണ്ടായിരിക്കുന്ന ഉപദ്രവം നീങ്ങി നല്ല സുഖമാവും. അവിടുത്തെ പരദൈവമായ ശബരിമല ശാസ്താവിനെ ദർശനം കഴിച്ചിട്ട് ഇപ്പോൾ പന്ത്രണ്ടു കൊല്ലാമായല്ലോ.

 

അതിനാൽ അവിടെപ്പോയി ഒരു പന്ത്രണ്ടു ദിവസം ആ സ്വാമിയെ ഭജിക്കണം. പിന്നെ തിങ്കൾ ഭജന മുടങ്ങാതെ നടത്തുകയും വേണം. എന്നാൽ മതി, എല്ലാ സുഖമാകും. അങ്ങു സ്വപ്നത്തിൽ കാണുന്നു കടുവായും പുലിയും ശബരിമല ശാസ്താവിന്റെ നായ്ക്കളാണ്. കായംകുളത്തു രാജാവ് അങ്ങേ ആക്ഷേപിച്ചതിന്റെ ഫലം അദ്ദേഹം അനുഭവിക്കും" എന്നു പറഞ്ഞു എന്നായിരുന്നു. ഇത് കേവലം സ്വപ്നമല്ലെന്നും ശബരിമല ശാസ്താവുതന്നെ തന്റെ അടുക്കൽ എഴുന്നള്ളി അരുളിച്ചെയ്തതാണെന്നും വിശ്വസിച്ച് രാജാവ് പിറ്റേ ദിവസം രാവിലെ രാജ്ഞിയെ ഗ്രഹിപ്പിക്കുകയും തനിക്കു പോകുന്നതിന് അനുവാദം ചോദിക്കുകയും ചെയ്തു.

 

രാജാവിനുണ്ടായിട്ടുള്ള ഉപദ്രവം മാറിയാൽ കൊള്ളാമെന്നു വളരെ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അദ്ദേഹം പിരിഞ്ഞുപോവുകയെന്നുള്ള കാര്യം രാജ്ഞിക്ക് അത്യന്തം സന്താപകരമായിരുന്നു. അതിനാൽ ഭജനം കഴിഞ്ഞാൽ അന്നുതന്നെ തന്റെ അടുക്കൽ എത്തികൊള്ളാമെന്നു സത്യം ചെയ്തിട്ട് അദ്ദേഹം പോയിവരുന്നതിന് ആ സാധ്വി അനുവദിക്കുകയും രാജാവ് അപ്രകാരം ചെയ്തിട്ട് അന്നുതന്നെ പന്തളത്തേക്കു പോവുകയും ചെയ്തു.

 

അന്നുമുതൽ കായംകുളത്തു രാജവിന് ഒരു ചിത്തഭ്രമത്തിന്റെ ലക്ഷണം കണ്ടുതുടങ്ങി. അദ്ദേഹം സദാ "കടുവാ പെറ്റു, പുലി പെറ്റു, കടുവാ പെറ്റു,' എന്ന് ഉരുവിട്ട് തുടങ്ങുകയും വേറെ യാതൊന്നും സംസാരിക്കാതെയാവുകയും ചെയ്തു. കുളി, ഭക്ഷണം മുതലായതുതന്നെ അന്യൻമാരുടെ നിർബന്ധംകൊണ്ടു വേണ്ടതായിത്തീർന്നു. എന്നാൽ അതൊക്കെ പേരിനു മാത്രം നടത്തുമെന്നല്ലാതെ സാമാന്യം പോലെ ഒന്നും ചെയ്യാതെയായി.

 

ചില ദിവസങ്ങളിൽ ആരെല്ലാം നിർബന്ധിച്ചാലും കുളിക്കുകയും ഉണ്ണുകയും ചെയ്യാതെയുമിരുന്നു. രാജ്യകാര്യങ്ങളെപ്പറ്റി അദ്ദേഹത്തിനു ചിന്ത പോലുമില്ലാതെയായി. അങ്ങോട്ട് എന്തെങ്കിലും ചോദിച്ചാലും പറഞ്ഞാലും എല്ലാറ്റിനും ഉത്തരം, "കടുവാ പെറ്റു, പുലി പെറ്റു" എന്നുമാത്രം. ഇതു നിമിത്തം രാജമന്ദിരത്തിലുള്ളവരും രാജപുരു‌ഷൻമാരും മാത്രമല്ല, രാജ്യവാസികളും ആകെപ്പാടെ പര്യാകുലൻമാരായിത്തീർന്നു. അനേകം മന്ത്രവാദങ്ങളും ചികിത്സകളും മറ്റും ചെയ്യിച്ചു നോക്കി. ഒന്നുകൊണ്ടും ഒരു ഫലവും കണ്ടില്ല. അതിനാൽ പിന്നെ പ്രസിദ്ധൻമാരായ ചില പ്രശ്നക്കാരെ വരുത്തി പ്രശ്നം വയ്പ്പിച്ച് നോക്കിയപ്പോൾ അവർ, പന്തളത്തു രാജാവിനെ ആക്ഷേപിച്ചതിനാൽ ശബരിമല ശാസ്താവിനുണ്ടായിട്ടുള്ള വിരോധം നിമിത്തം സംഭവിച്ചിട്ടുള്ളതാണെന്നും അതിലേക്കു പ്രായശ്ചിത്തമായി നൂറ്റൊന്നു രാശി ശബരിമല കൊടുത്തയച്ചു നടയിലിടുവിക്കുകയും "കടുവാ പെറ്റു, പുലി പെറ്റു" എന്നുള്ള വാക്കുകൾ എന്നും ബ്രാഹ്മണർ സഭയിൽ പ്രയോഗിക്കത്തക്കവണ്ണം ഏർപ്പാടു ചെയ്യുകയും ചെയ്താൽ ഈ സുഖക്കേടു മാറി രാജാവു പൂർവ്വസ്ഥിതിയെ പ്രാപിക്കുമെന്നും വിധിച്ചു. ഉടനെ നൂറ്റൊന്നു രാശി കൊടുത്തയച്ച്, ശബരിമല ശാസ്തവിന്റെ നടയിലിടുവിക്കുകയും മേൽപ്പറഞ്ഞ (കടുവാ പെറ്റു, പുലി പെറ്റു എന്നുള്ള)വാക്കുകൾ സംഘക്കളിക്കാരായ നമ്പൂരിമാരെ ക്കൊണ്ടു സഭയിൽ പ്രയോഗിപ്പിച്ചു തുടങ്ങുകയും കായംകുളത്തു രാജാവ് ഉന്മാദം വിട്ട് പൂർവ്വസ്ഥിതിയെ പ്രാപിക്കുകയും ചെയ്തു. സംഘക്കളിക്കാർ ഇപ്പോഴും

"കാട്ടിൽക്കിടന്നഞ്ചെട്ടെലികൂടിക്കടലുഴുതു
കാലത്തിളവിത്തു വിതച്ചപ്പോഴടയ്ക്ക കായ്ച്ചു
തോണ്ടിപ്പറിപ്പിച്ചപ്പോഴരമുറം നിറകേ മാങ്ങാ
തോലു കളഞ്ഞപ്പോളഞ്ഞൂറു പറങ്കിക്കപ്പൽ
കപ്പൽ വലിച്ചങ്ങു തലമലമുകളിൽക്കെട്ടി
കായംകുളത്തല്ലോ കടുവായും പുലിയും പെറ്റു"

എന്നൊരു പാട്ടു സംഘക്കളിയിൽ ഉപയോഗിച്ചു വരുന്നുണ്ടല്ലോ. പന്തളത്തു രാജാവ് കായംകുളത്തുനിന്ന് പോയതിൽപ്പിന്നെ അദ്ദേഹത്തിനു സ്വപ്നദർശനം മുതലായ ഉപദ്രവങ്ങളൊന്നുമുണ്ടായില്ല.

 

അദ്ദേഹം ഏതാനും ദിവസം സ്വദേശത്തു താമസിച്ചതിന്റെ ശേ‌ഷം പരിവാരസമേതം ശബരിമലയിലെത്തി നവരത്നഖചിതമായ ഒരു പൊൻകിരീടവും വളരെ വിലയേറിയ ഒരു മുത്തുമാലയും നടയ്ക്കു വച്ചു വന്ദിക്കുകയും ഭക്തിപൂർവ്വം പന്ത്രണ്ടു ദിവസത്തെ ഭജനം നടത്തുകയും ചെയ്തു. പന്ത്രണ്ടാം ദിവസം നാലഞ്ചു നാഴിക പകലെ രാജാവിനു വയറ്റിൽ ഒരു വേദന തുടങ്ങി.

 

അതിനാൽ അന്നും അദ്ദേഹം അത്താഴം വേണ്ടെന്നു തീർച്ചയാക്കുകയും യഥാകാലം സന്ധ്യാവന്ദനവും സ്വാമിദർശനവും കഴിച്ചു പോയിക്കിടന്നു ഉറങ്ങുകയും ചെയ്തു. അപ്പോൾ ഒരു പരദേശ ബ്രാഹ്മണൻ അദ്ദേഹത്തിന്റെ അടുക്കൽചെന്ന് "ഹേ ഹേ! ഉറക്കമായോ? ഇന്നു രാജ്ഞിയുടെ അടുക്കൽ എത്തിക്കൊള്ളാമെന്ന് അങ്ങ് ശപഥം ചെയ്തിട്ടില്ലേ? സത്യലംഘനം വിഹിതമാണോ? ഇതാ ഇവിടെ ഒരു കുതിര നിൽക്കുന്നുണ്ട്. ഇതിന്റെ പുറത്തു കയറിപ്പോയാൽ ക്ഷണത്തിൽ രാജ്ഞിയുടെ അടുക്കലെത്താം" എന്നു പറഞ്ഞതായി അദ്ദേഹത്തിനു തോന്നി. ഉടനെ എണീറ്റു പുറത്തു ചെന്നു നോക്കിയപ്പോൾ ഒരു കുതിര നിൽക്കുന്നതു കാണുകയും അദ്ദേഹം അതിന്റെ പുറത്തുകയറി ഓടിച്ചുപോവുകയും ക്ഷണനേരംകൊണ്ട് കായംകുളത്തെത്തുകയും ചെയ്തു. രാജാവു തന്റെ പ്രിയതമയുടെ ശയനഗൃഹദ്വാരത്തിങ്കലെത്തി താഴെയിറങ്ങുകയും ആ കുതിര അന്തർദ്ധാനം ചെയ്യുകയും ഒരുമിച്ചു കഴിഞ്ഞു. രാജാവു രാജ്ഞിയുടെ ശയ്യാഗൃഹത്തിങ്കിൽച്ചെന്നു വാതിലിൽ മുട്ടി വിളിച്ചു.

 

ഉടനെ രാജ്ഞിവാതിൽ തുറന്നു. ആ സാധ്വി തന്റെ പ്രിയതമന്റെ വരവിനെത്തന്നെ പ്രതീക്ഷിച്ചുകൊണ്ടിരിക്കയായിരുന്നു. രാജ്ഞിയും അത്താഴമുണ്ടിട്ടില്ലായിരുന്നു. അതിനാൽ രണ്ടുപേരും കൂടിപ്പോയി അത്താഴം കഴിച്ചു വരുകയും സുഖമായി കിടന്നുറങ്ങുകയും ചെയ്തു.

പിറ്റേ ദിവസം രാവിലെ കായംകുളത്തു രാജാവ് തന്റെ ആവുത്തനായ പന്തളത്തു രാജാവ് തിരിച്ചുവന്നിരിക്കുന്നതായി അറിഞ്ഞ് അദ്ദേഹത്തിന്റെ അടുക്കൽ വന്ദിച്ചിട്ട് "അല്ലയോ മഹാത്മാവേ, ഞാൻ അജ്ഞതമൂലം പറഞ്ഞു പോയിട്ടുള്ളതെല്ലാം അവിടുന്ന് സദയം ക്ഷമിക്കുകയും ഇനിയും യഥാപൂർവം സ്ഥിരതാമസം ഇവിടെത്തന്നെ ആക്കുകയും ചെയ്യണം" എന്ന് അപേക്ഷിച്ചു. പന്തളത്തു രാജാവ് അതു കേട്ടു സസന്തോ‌ഷം "എനിക്കു ഭവാനോടു യാതൊരു വിരോധവുമില്ല. ക്ഷമായാചനം ചെയ്യത്തക്കവണ്ണം ഭവാൻ യാതൊരുപരാധവും ചെയ്തിട്ടുള്ളതായി ഞാനറിയുന്നുമില്ല.

 

ഇനിയും നിവൃത്തിയുള്ളിടത്തോളം കാലം ഇവിടെത്തന്നെ താമസിക്കണമെന്നാണ് ഞാനും വിചാരിക്കുന്നത്" എന്നു പറയുകയും അവിടെത്തന്നെ താമസിച്ചുതുടങ്ങുകയും ചെയ്തു.

അങ്ങനെ താമസിച്ചിരുന്ന കാലത്ത് ഒരു ദിവസം പന്തളത്തു രാജാവും അദ്ദേഹത്തിന്റെ പ്രണയിനിയായ രാജ്ഞിയുംകൂടി സ്വൈരസല്ലാപം ചെയ്തുകൊണ്ടിരുന്നപ്പോൾ, രാജാവിനു മുമ്പുണ്ടായ സ്വപ്ന ദർശനത്തെപറ്റിയും ശബരിമല ശാസ്താവിന്റെ മാഹാത്മ്യത്തെക്കുറിച്ചും മറ്റുംകൂടി പ്രാസ്താവിക്കയുണ്ടായി. അപ്പോൾ ശബരിമല തിങ്കൾഭജനം (മാസംതോറും ദർശനം) മുടങ്ങാതെ നടത്തണമെന്നു തനിക്കു സ്വപ്നത്തിൽ ദർശനമുണ്ടായിട്ടുള്ള കഥ രാജാവിന് ഓർമ്മ വന്നു.

 

അടുത്ത മാസത്തിലെന്നല്ല, മാസംതോറുംതന്നെ ഏതാനും ദിവസം തന്റെ പ്രാണപ്രിയയെ പിരിഞ്ഞു പോകേണ്ടതായിരിക്കുന്നുവല്ലോ എന്നു വിചാരിച്ചു രാജാവിനും ഈ വിവരമറിഞ്ഞപ്പോൾ രാജ്ഞിക്കും മനസ്താപമുണ്ടായി. അന്നു രാത്രിയിൽ കിടന്നുറങ്ങിയ സമയം രാജാവിന്റെ അടുക്കൽ ഒരാൾ ചെന്ന് മന്ദസ്മിതത്തോടുകൂടി "ഹേ, അങ്ങ് ഒട്ടും വ്യസനിക്കേണ്ട. അങ്ങ് എന്നെ കാണാനായി പ്രിയതമയെ വിട്ടു പിരിഞ്ഞു ശബരിമലവരെ വരണമെന്നില്ല.

 

ഞാൻഇവിടെ അടുത്തൊരു സ്ഥലത്തു വന്നു ഇരുന്നേക്കാം" എന്നു പറഞ്ഞതായി അദ്ദേഹത്തിനു തോന്നി. ഉടനെ അദ്ദേഹം ഉണർന്നു കണ്ണുതുറന്ന നോക്കിയപ്പോൾ അവിടെയെങ്ങും വിശേ‌ഷിച്ചാരെയും കണ്ടില്ല. രാജ്ഞി നല്ല ഉറക്കമായിരുന്നു. തന്റെ അടുക്കൽ വന്ന് ഇപ്രകാരം പറഞ്ഞതും ശബരിമല ശാസ്താവു തന്നെയാണെന്നു രാജാവു വിശ്വസിക്കുകയും സ്വാമിയുടെ ഭക്തവാത്സല്യത്തെയും മാഹാത്മ്യത്തെയും കുറിച്ചു വിചാരിച്ചു വിസ്മയിച്ച് അദ്ദേഹം മനസ്സുകൊണ്ട് തന്റെ പരദേവതയെ നമസ്കരിക്കുകയും ചെയ്തു. പിറ്റേ ദിവസം രാവിലെ രാജാവ് ഈ വിവരം രാജ്ഞിയെയും ഗ്രഹിപ്പിച്ചു. അപ്പോൾ രാജ്ഞിക്കും വളരെ സന്തോ‌ഷമായി.

കായംകുളത്തു രാജാവ് ആണ്ടിലൊരിക്കൽ തന്റെ സൈനികന്മാരെയൊക്കെ തന്റെ മുമ്പിൽ വരുത്തി ഒരായുധാഭ്യാസപരീക്ഷ നടത്തുകയും പരീക്ഷയിൽ ജയിക്കുന്നവർക്കു യഥായോഗ്യം വസ്തുക്കളും പൊന്നും പണവും പട്ടും വളയും മറ്റും സമ്മാനമായി കൊടുക്കുകയും പതിവുണ്ടായിരുന്നു. ഈ കഥ നടന്ന കാലത്ത് ഈ പരീക്ഷ മേടമാസം ഒമ്പതാം തീയ്യതി നടത്തുന്നതിനു നിശ്ചയിച്ചു.

 

രാജാവു മൂന്നു ദിവസം മുമ്പ് ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി. എട്ടാം തീയ്യതി രാത്രിയിൽ പന്തളത്തു രാജാവിനു വീണ്ടും ഒരു ദർശനമുണ്ടായി. തേജസ്വിയും യുവാവുമായ ഒരാൾ അദ്ദേഹത്തിന്റെ അടുക്കൽചെന്ന് "നാളെ ഇവിടെ ആയുധാഭ്യാസപരീക്ഷയുണ്ടാകുമല്ലോ. അതിൽച്ചേരാൻ ഞാനും വരും. അപ്പോൾ ഞാനെയ്യുന്ന അമ്പു വീഴുന്ന സ്ഥലത്തു വന്നാൽ എന്നെക്കാണാം." എന്നു പറഞ്ഞതായി രാജാവിനു തോന്നി.

 

അദ്ദേഹമുണർന്നു കണ്ണു തുറന്നു നോക്കിയപ്പോൾ ആരെയും കണ്ടുമില്ല.

ഒമ്പതാം തിയ്യതി രാവിലെ പടയാളികളെല്ലാം കായംകുളത്തു രാജാവിന്റെ മുമ്പിൽ ഹാജരായി. ആ കൂട്ടത്തിൽ അപരിചിതനായ ഒരു യുവാവും വന്നുചേർന്നു. അവനെ കണ്ടിട്ട്, കായംകുളത്തു രാജാവ്, " നീ ആർ" എന്നു ചോദിച്ചു.

യുവാവ്: അടിയൻ ഒരു മലയാളിയാണ്.

രാജാവ്: നീ എവിടെപ്പാർക്കുന്നു?

യുവാവ്: അടിയൻ കുറച്ചു കിഴക്ക് ഒരു മലയിലാണ് പാർക്കുന്നത്.

രാജാവ്: നിന്റെ പേരെന്ത്?

യുവാവ്: അയപ്പൻ എന്നാണ്.

രാജാവ്: നീ ഇവിടെ എന്തിനു വന്നു?

യുവാവ്: തിരുമനസ്സുകൊണ്ട് ആയുധാഭ്യാസപരീക്ഷ നടത്തി ജയിക്കുന്നവർക്കു സമ്മാനങ്ങൾ കല്പിച്ചുകൊടുക്കുന്നുണ്ടെന്നു കേട്ടു. അതിൽ ചേരാമെന്നു വിചാരിച്ചാണ് അടിയൻ വിടകൊണ്ടത്.

രാജാവ്: നിനക്ക് ഏതായുധം പ്രയോഗിക്കാനാണ് പരിചയമുള്ളത്?

യുവാവ്: അടിയനു എല്ലാം കുറേശ്ശെ പരിചയമുണ്ട്.

രാജാവ്: എന്നാൽ ചേർന്നുകൊള്ളുക. വിരോധമില്ല.

എന്നു പറഞ്ഞിട്ടു തന്റെ സൈനികന്മാരിൽ പ്രധാനന്മാരും നല്ല അഭ്യാസികളുമായവരെ വിളിച്ചു ഈ യുവാവിനെ പരീക്ഷീക്കുന്നതിന് ആജ്ഞാപിച്ചു. അവർ വില്ലും അമ്പും പ്രയോഗിച്ചും വാളും പരിചയും പ്രയോഗിച്ചും ഈട്ടി, കുന്തം, വേൽ മുതലായ ആയുധങ്ങൾ പ്രയോഗിച്ചും പല വിധത്തിൽ പരീക്ഷിച്ചു. ആ പരീക്ഷകളിലെല്ലാം ആ യുവാവു ജയിക്കുകയും കായംകുളം സൈനികരെ തോല്പിക്കുകയും ചെയ്തു.

 

അതുകണ്ടു കായംകുളത്ത് രാജാവ് ഏറ്റവും സന്തോ‌ഷിക്കകയും "നിനക്ക് സമ്മാനമായ് എന്താണ് വേണ്ടത്? എന്തും തരാൻ നാം തയാറാണ്" എന്നു പറയുകയും ചെയ്തു. അതുകേട്ട് ആ യുവാവ്,"അടിയനു അധികമൊന്നും കിട്ടണമെന്ന് ആഗ്രഹമില്ല. അടിയൻ ഇവിടെനിന്ന് എയ്യുന്ന ശരം ചെന്നുവീഴുന്ന സ്ഥലവും അതിന്റെ ചുറ്റുമുള്ള സ്ഥലങ്ങളുമുൾപ്പെടെ മുക്കാതം (പന്ത്രണ്ടു നാഴിക ദീർഘവിസ്താരമുള്ള) ഭൂമി കരമൊഴിവാക്കി കൽപിച്ചു തന്നാൽ മതി" എന്നറിയിച്ചു. "അങ്ങനെതന്നെ. അത്രയും കരമൊഴിവായി തന്നേക്കാം. ശരമെടുത്തെയ്യുക" എന്നു രാജാവു കല്പിച്ചു. ആ യുവാവ് ഒരു ശരമെടുത്തു ഞാണിൽത്തൊടുത്തു കിഴക്കോട്ടു തിരിഞ്ഞുനിന്നു വലിച്ചുവിട്ടു. ആ ശരം ചെന്നു വീണ സ്ഥലം കണ്ടു പിടിക്കുന്നതിനായി കായംകുളത്തു രാജാവ് തന്റെ വിശ്വസ്തഭടന്മാരിൽ ചിലരെ നിയോഗിച്ചയച്ചു. അവരോടുകൂടി ആ യുവാവും, വെറുതെ നേരമ്പോക്കിനായിട്ടെന്നുള്ള ഭാവത്തിൽ പന്തളത്തു രാജാവും പോയി. അവരെല്ലാവരുംകൂടി കായംകുളത്തുംനിന്നും കിഴക്കുതെക്കായി ഏകദേശം പന്ത്രണ്ടു നാഴിക ദൂരംവരെ ചെന്നപ്പോൾ അവിടെ ഒരു പൊയ്കയും അതിന്റെ തീരപ്രദേശത്ത് ഏതാനും കാളകൾ മേഞ്ഞുകൊണ്ട് നിൽക്കുന്നതും കണ്ടു. അവയിൽ ഏറ്റവും ഭയങ്കര മൂർത്തിയായ ഒരു കൂറ്റൻ മൂക്കുറയിട്ടുകൊണ്ട് പന്തളത്തു രാജാവിനെ കുത്തനായി പാഞ്ഞുചെന്നു. അതുകണ്ടു രാജഭടന്മാർ പേടിച്ചോടി. അഭാസിയും സുന്ദരനുമായി ആ യുവാവ് ധൈര്യസമേതം തിരിഞ്ഞുനിന്നു. കാളയെ അടിച്ചോടിച്ചു പന്തളത്തു രാജാവിനെ രക്ഷിച്ചു. ഈ സംഭവം നിമിത്തം ആ പൊയ്കയ്ക്ക് അന്നുണ്ടായ "കാളകുത്തിപ്പൊയ്ക" എന്നു പേരുതന്നെ ഇന്നും ജനങ്ങൾ പറഞ്ഞുവരുന്നു.

അനന്തരം പന്തളത്തുരാജാവും ആ യുവാവുംകൂടി അവിടെനിന്നു കുറച്ചു കിഴക്കോട്ടു പോയതിന്റെശേ‌ഷം ഒരു പാറപ്പുറത്തുചെന്നിരുന്ന് സ്വൽപനേരം വിശ്രമിച്ചു. അപ്പോഴേക്കും നേരം വൈകിയതിനാൽ ആ രാത്രി അവിടെ താമസിച്ചു. ആ യുവാവിന്റെ കാലടികൾ അന്ന് അവിടെ പതിഞ്ഞത് ഇപ്പോഴും മാഞ്ഞുപോകാതെ തെളിഞ്ഞു കാൺമാനുണ്ട്. ആ സ്ഥലത്തിന് "തൃപ്പാദം" എന്ന് പേരു പറഞ്ഞുവരുന്നു. പിറ്റേദിവസം (പത്താംതീയതി) അതിരാവിലെ പന്തളത്തുരാജാവും ആ യുവാവും കൂടി ഏകദേശം അരനാഴിക കിഴക്കോട്ടു ചെന്നപ്പോൾ അവിടെ ഒരു കായലും അതിന്റെ മധ്യത്തിൽ ഒരു തുരുത്തും കണ്ടു. അപ്പോൾ ആ യുവാവ് "ആ കാണുന്ന തുരുത്തിലാണ് അടിയന്റെ ശരം പതിച്ചിരിക്കുന്നത്. അതിനാൽ അങ്ങോട്ടെഴുന്നള്ളണം. ഇവിടെ കടവിൽ ഒരു പൊങ്ങുതടി കിടക്കുന്നുണ്ട്. അതിൽക്കയറിപ്പോയാൽ ആ തുരുത്തിലിറങ്ങാം" എന്നു പറഞ്ഞു. രാജാവ് അപ്രകാരം സമ്മതിക്കുകയും യുവാവിനോടുകൂടി കടവിൽച്ചെന്നു പൊങ്ങുതടിയിൽക്കയറുകയും ചെയ്തു.

 

 

ആരും തുഴയാതെതന്നെ പൊങ്ങുതടി ചെന്നു തുരുത്തിലടുത്തു. രാജാവു തിരിഞ്ഞു നോക്കിയപ്പോൾ ആ യുവാവിനെ കാൺമാനില്ലായിരുന്നു. ആ പൊങ്ങുതടി അവിടെ നിന്നു വെള്ളത്തിൽകൂടി നീന്തിപ്പോകുന്നതു കണ്ടു വിസ്മയത്തോടുകൂട് രാജാവ് സൂക്ഷിച്ചു നോക്കിയപ്പോൾ വാസ്തവത്തിൽ അതൊരു പൊങ്ങുതടിയല്ലെന്നും ഒരു മുതലയാണെന്നും അദ്ദേഹത്തിനു മനസ്സിലാവുകയും തന്റെ പരദേവതയുടെ മാഹത്മ്യത്തെക്കുറിച്ച് വിചാരിച്ച് അത്യന്തം അത്ഭുതപ്പെടുകയും ചെയ്തു. അപ്പോഴേക്കും ഒരാൾ വാളും പരിചയുമെടുത്തുകൊണ്ട് ഏറ്റവും വിനയത്തോടുകൂടി രാജാവിന്റെ അടുക്കൽച്ചെന്ന് "ഇതിലെ എഴുന്നള്ളാം" എന്നറിയിച്ചു. രാജാവ് ഉടനെ കുളിയും സന്ധ്യാവന്ദനവും കഴിച്ച് ആ അകമ്പടിക്കാരനോടുകൂടി തുരുത്തിന്റെ ഒരു ഭാവത്തു ചെന്നപ്പോൾ അവിടെ ഒരു ശിലാവിഗ്രഹവും അതിന്മേൽ താൻ ശബരിമല നടയ്ക്കുവച്ച പൊൻകിരീടവും മുത്തുമാലയും ചാർത്തിയിരിക്കുന്നതായും കണ്ട് രാജാവ് സന്തോ‌ഷാത്ഭുതപരവശനായി ഭക്തിസമേതം സാഷ്ടാംഗം വീണു നമസ്കരിച്ചു. അപ്പോൾ ഒരാൾ അവിടെ നിന്നു ശംഖു വിളിക്കുകയും ഒരാൾ വിഗ്രഹത്തിന്റെ മുമ്പിലിരുന്നു പൂജിക്കുകയും അസംഖ്യം കുരങ്ങന്മാർ തൊഴുതു നമസ്കരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. രാജാവ് നമസ്കരിച്ച് എണീറ്റപ്പോൾ ആ പൂജക്കാരൻ തീർത്ഥവും പ്രസാദവും കൊടുത്തു. ആ സമയം വൃദ്ധനായ ഒരു പരദേശ ബ്രാഹ്മണൻ ഒരു വെളിച്ചപ്പാടിനെപ്പോലെ തുള്ളിക്കൊണ്ട് അവിടെ വരുകയും പന്തളത്തു രാജാവിന്റെ നേരെ നോക്കി,"എന്താ, എന്റെ ഉണ്ണിക്കു സന്തോ‌ഷമായില്ലേ? ആഗ്രഹം സാധിച്ചുവല്ലോ. ഞാൻപറഞ്ഞിരുന്നതുപോലെ ഇവിടെ വന്നിരിക്കുന്നു. ഇനി എന്റെ ഉണ്ണി എന്റെ മല കേറണമെന്നില്ല. ഇവിടെ വേണ്ടതുപോലെ ചെയ്തുകൊണ്ടാൽ മതി. ഈ പൂജക്കാരൻതന്നെ എന്റെ പൂജക്കാരനായി ഇരുന്നുകൊള്ളട്ടെ. (രാജാവിന്റെ അകമ്പടിക്കാരനെ ചൂണ്ടിക്കാണിച്ചുകൊണ്ട്) ഈ ഉണ്ണിത്താൻ എന്റെ ദാസനാണ്. ഇവൻ എന്റെ ഉണ്ണിയുടെ അംഗരക്ഷകനായിരിക്കട്ടെ (ശംഖു വിളിച്ച മാരാനെ ചൂണ്ടിക്കാണിച്ചിട്ട്) ഇവൻ എന്റെ മാരാനും കഴകക്കാരനുമായിരിക്കട്ടെ. ഈ കുരങ്ങന്മാരും എന്റെ ഉണ്ണിയെ ഇക്കരെ കടത്തിയ മുതലയും ഈ കായലിലുള്ള "ശ്ര‌ഷ്ഠകൾ" (ഏട്ടകൾ) എന്നു പേരായ മത്സ്യങ്ങളും എന്റെ പരിവാരങ്ങളാണ്. ഇവരെയെല്ലാം എന്റെ ഉണ്ണി രക്ഷിച്ചു കൊള്ളണം. ഇവരിൽ ആരെയെങ്കിലും ആരെങ്കിലും ഉപദ്രവിച്ചാൽ ആ ഉപദ്രവികളെ ഞാൻ യഥായോഗ്യം ശിക്ഷിക്കും. എന്റെ ഉണ്ണി ഇവിടെ വന്ന് ആദ്യമായി എന്നെ ദർശിച്ച ഈ ദിവസം ഈ സമയത്ത് (മേടമാസം പത്താം തീയതി രാവിലെ) ഇവിടെ വന്നു എന്നെ ഭക്തിപൂർവ്വം ദർശിക്കുന്നവർക്കു സകലാഭീഷ്ടങ്ങളും ഞാൻസാധിപ്പിച്ചു കൊടുക്കുകയും ചെയ്യും" എന്നു പറയുകയും ചെയ്തിട്ട് അദ്ദേഹം വന്നതുപോലെ തന്നെ ഓടിപ്പോവുകയും ചെയ്തു. ആ ബ്രാഹ്മണൻ എവിടെനിന്നു വന്നു എന്നും എങ്ങോട്ടാണ് പോയതെന്നും ആർക്കും നിശ്ചയമില്ല. അദ്ദേഹത്തെ അതിനുമുമ്പും അതിൽ പിന്നെയും ആരും കണ്ടിട്ടില്ല. അതു സാക്ഷാൽ ശാസ്താവുതന്നെ വേ‌ഷംമാറി വന്നതാണെന്നാണ് വിശ്വാസം. മേടമാസത്തിൽ പത്താമുദയത്തുന്നാൾ (പത്താം തീയ്യതി) രാവിലെ അവിടെച്ചെന്നു ദർശനം കഴിക്കുക വളരെ പ്രധാനമായിട്ടാണ് വച്ചിരിക്കുന്നത്. ഇതിനായി ആണ്ടുതോറും അസംഖ്യമാളുകൾ ഇപ്പോഴും അവിടെക്കൂടാറുണ്ട്.

ഈ സ്ഥലം അക്കാലത്തു കായംകുളത്തോടു ചേർന്നതായിരുന്നതിനാൽ ആ ബ്രാഹ്മണൻ പോയ ഉടനെ പന്തളത്തുരാജാവ് ഉണ്ണിത്താനെ വിളിച്ച് "ഇവിടെ ഉണ്ടായിരിക്കുന്ന സംഗതികളെല്ലാം ഉടനെ കായംകൂളത്തു രാജാവിനെ അറിയിക്കണം" എന്ന് ആജ്ഞാപിക്കുകയും ഉണ്ണിത്താൻ അപ്പോൾതന്നെ പുറപ്പെട്ടു കായംകുളത്തെത്തി രാജാവ് അന്നു വൈകുന്നേരമായപ്പോഴേക്കും ഈ സ്ഥലത്തെത്തി സ്വാമിദർശനം കഴിക്കുകയും പിന്നെ ഏതാനും ദിവസം അവിടെത്തന്നെ താമസിച്ചുകൊണ്ട് അവിടെ വേണ്ടുന്ന പരി‌ഷ്കാരങ്ങളെല്ലാം വരുത്തുകയും ചെയ്തു. കായംകുളത്തു രാജാവ് അവിടെ ചെയ്ത പരി‌ഷ്കാരങ്ങളിൽ പ്രാധനപ്പെട്ടവ താഴെ പറയുന്നവ യാണ്. ആദ്യംതന്നെ ജനങ്ങളുടെ ഗതാഗത സൗകര്യത്തിനായി ഒരു തുരുത്തിൽനിന്ന് ഒരു കൽച്ചിറ കെട്ടിച്ചു പടിഞ്ഞാറേക്കരയോടു സംഘടിപ്പിച്ചു. പിന്നെ ക്ഷേത്രം പണികഴിപ്പിക്കുകയും ചുറ്റും മതിൽ കെട്ടിക്കുകയും ക്ഷേത്രത്തിൽ നിത്യനിദാനം, മാസവിശേ‌ഷം, ആട്ടവിശേ‌ഷം മുതലായ വകയ്ക്ക് വേണ്ടുന്ന വസ്തുവകകൾ നിശ്ചയിക്കു കയും ചെയ്തു. ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്തു വടക്കോട്ടു മാറി ഒരു കൊട്ടാരം പണികഴിപ്പിചു. പന്തളത്തു രാജാവിനെയും അദ്ദേഹത്തിന്റെ പ്രിയതമയായ രാജ്ഞിയെയും അവിടെ താമസിപ്പിച്ചു. അപ്രകാരംതന്നെ പൂജ (ശാന്തി)ക്കാരൻ, കഴകക്കാരൻ, ഉണ്ണിത്താൻ എന്നിവർക്കും ക്ഷേത്രത്തിന്റെ സമീപം തന്നെ ഓരോ ഗൃഹങ്ങൾ പണിയിച്ചുകൊടുക്കുകയും ചെയ്തു. അവർക്കു ചെലവിനു വേണ്ടുന്ന വസ്തുക്കൾ കരമൊഴിവായി പതിച്ചുകൊടുക്കുകയും ചെയ്തു. മുമ്പേ തന്നെ ഈ സ്ഥലത്തിനുണ്ടായിരുന്ന "കോട്ട" എന്നു പേരു ശാസ്താവിന്റെ സാന്നിധ്യംനിമിത്തം അക്കാലം മുതൽക്കു "ശാസ്താംകോട്ട" എന്നായിത്തീരുകയും ചെയ്തു.

ശാസ്താങ്കോട്ടയിൽ ക്ഷേത്രം പണി മുതലായവ കഴിഞ്ഞിട്ടും അവിടുത്തെ പൂർവ്വ നിവാസികളായിരുന്ന കടുവ, പുലി മുതലായ ദുഷ്ടമൃഗങ്ങൾ അവിടെത്തന്നെ നിവസിച്ചിരുന്നു. അവ അവിടെ പാർത്തി രുന്നത് ക്ഷേത്രത്തിനു കുറച്ചു കിഴക്കു വടക്കായി കായൽവക്കത്തുള്ള ഒരു വലിയ ഗുഹയിലായിരുന്നു. ആ ഗുഹ ഇപ്പോഴും അവിടെ കാൺമാനുണ്ട്. ആ ഗുഹയ്ക്ക് "പുലിവാരം" എന്നാണ് ഇപ്പോൾ പേരു പറഞ്ഞുവരുന്നത്. ആ ഗുഹയുടെ അന്തർഭാഗം ഏറ്റവും വിശാലവും സഞ്ചാര സൗകര്യമുള്ളതുമാണെന്നു ചിലർ പറയുന്നു.

ഒരിക്കൽ ഒരു കടുവാ അയ്യപ്പസ്വാമിയുടെ ഭക്തനായ ഉണ്ണിത്താന്റെ ഒരു പശുവിനെ പിടിച്ചു കൊന്നു. അത് സ്വാമിക്ക് ഒട്ടും രസിച്ചില്ല. അതിനാൽ സ്വാമി വില്ലുമമ്പുമെടുത്തുകൊണ്ട് പുറപ്പെട്ടു. സകല ദുഷ്ടമൃഗങ്ങളെയും അവിടെനിന്ന് ആട്ടിയോടിച്ചു കൊണ്ടുപോയി കൊട്ടാരക്കരയ്ക്ക് സമീപം "കോട്ടത്തല" എന്നു പറയുന്ന സ്ഥലത്തിനപ്പുറത്താക്കി. സ്വാമി അവിടെ വില്ല് ഊന്നിപ്പിടിച്ചുനിന്നുകൊണ്ട് "മേലാൽ യാതൊരു ദുഷ്ടമൃഗവും ഈ സ്ഥലത്തിനപ്പുറം കടക്കരുത്" എന്നാജ്ഞാപിക്കുകയും ചെയ്തു. അതിൽപ്പിന്നെ കോട്ടത്തലയ്ക്കു പടിഞ്ഞാട്ടു യാതൊരു ദുഷ്ടമൃഗവും ഇതുവരെ കടന്നിട്ടില്ല. അന്നു സ്വാമി വില്ലൂന്നിനിന്ന സ്ഥലത്തു തൃപ്പാദങ്ങളും വില്ലിന്റെ അഗ്രവും പതിഞ്ഞത് ഇപ്പോഴും കാൺമാനുണ്ട്.

പന്തളത്തു രാജാവും രാജ്ഞിയും ശാസ്താങ്കോട്ടയിൽ താമസമായതിന്റെ ശേ‌ഷം കൊട്ടാരത്തിൽനിന്നും പുറത്തിറങ്ങിയാൽ മുമ്പിലും പിമ്പിലും കുരങ്ങന്മാർ അകമ്പടിയായി കൂടുക പതിവായി. അപ്രകാരംതന്നെ രാജാവും രാജ്ഞിയും കുളിക്കാനായി കടവിൽ ചെല്ലുമ്പോൾ മുമ്പു പറഞ്ഞിട്ടുള്ള ആ മുതലയും മത്സ്യങ്ങളും അവിടെ ഹാജരാവും. ഇങ്ങനെ കുറച്ചുദിവസം കഴിഞ്ഞപ്പോൾ ഇവർക്കു എന്തെങ്കിലും പതിവായി കൊടുക്കേണ്ടതാണെന്നു രാജാവിനും രാജ്ഞിക്കും തോന്നുകയും കുരങ്ങന്മാർക്ക് പഴം, ശർക്കര, തേങ്ങാപ്പൂൾ മുതലായവയും മുതലയ്ക്ക് ചോറും മത്സ്യങ്ങൾക്കു അരിയും പതിവായി കുറേശ്ശെ കൊടുത്തു തുടങ്ങുകയും ചെയ്തു. പിന്നീട് ഇനിയൊരു നിശ്ചയം ചെയ്യേണ്ടതാണെന്നു തോന്നുകയാൽ പ്രതിദിനം കുരങ്ങന്മാർക്ക് ആറേകാലിടങ്ങഴി അരിയുടെയും മുതലയ്ക്ക് ഒന്നേകാലിടങ്ങഴി അരിയുടെയും ചോറും മത്സ്യങ്ങൾക്കു മുന്നാഴി അരിയും പതിവായി ക്ഷേത്രത്തിൽനിന്നു കൊടുക്കുന്നതിനു പന്തളത്തു രാജാവ് ഏർപ്പാടു ചെയ്തു. രാജാവും രാജ്ഞിയും കുളിക്കാൻ കടവിൽ ചെല്ലുമ്പോൾ മത്സ്യങ്ങൾക്കുള്ള അരി ദേവസ്വം കലവറക്കാരൻ കടവിൽ കൊണ്ടു ചെല്ലണം. ആ അരി വാരി മത്സ്യങ്ങൾക്കു ഇട്ടുകൊടുക്കുക രാജാവും രാജ്ഞിയും കൂടിയാണ് പതിവ്. ഉച്ചപൂജ കഴിയുമ്പോൾ കുരങ്ങന്മാർക്കുള്ള ചോറു കിഴക്കേഗോപുരത്തിങ്കൽ മതിൽക്കുവെളിയിൽ കൊണ്ടു ചെന്നു കൊടുക്കേണ്ടതു ശാന്തിക്കാരനും മുതലയ്ക്കുള്ള ചോറു കടവിൽ കൊണ്ടു ചെന്നു കൊടുക്കേണ്ടതു മാരാരുമാണ്. അങ്ങനെയാണ് രാജാവ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. കുരങ്ങന്മാർ ഊണു കഴിഞ്ഞാൽ കൊട്ടാരത്തിൽച്ചെന്നു രാജാവിനെ കണ്ടു വന്ദിക്കുകയും ഒരു സന്തോ‌ഷശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുക പതിവായിരുന്നു.

ഇങ്ങനെയിരുന്ന കാലത്ത് ഒരിക്കൽ കായംകുളത്തു രാജാവു സ്വാമിദർശനത്തിനും കാര്യങ്ങളെല്ലാം ശരിയായി നടക്കുന്നുണ്ടൊ എന്ന് അന്വേ‌ഷിക്കുന്നതിനുമായി വീണ്ടും ശാസ്താങ്കോട്ടയിൽ വന്നു. അദ്ദേഹം മഞ്ചലിൽ വന്നു പന്തളത്തു രാജാവും രാജ്ഞിയും താമസിച്ചിരുന്ന കൊട്ടാരത്തിലാണ് ഇറങ്ങിയത്. പന്തളത്തു രാജാവും രാജ്ഞിയും കുളിയും സാമിദർശനവും കഴിച്ചുകൊട്ടാരത്തിൽ വന്ന സമയത്തായിരുന്നു കായംകുളത്തു രാജാവിന്റെ വരവ്. അതിനാൽ അകമ്പടിക്കാരായ കുരങ്ങന്മാർ അപ്പോൾ അവിടെത്തന്നെ ഉണ്ടായിരുന്നു. കായംകൂളത്തു രാജാവു മഞ്ചലിൽനിന്ന് ഇറങ്ങിയ ഉടനെ വാനരവീരന്മാർ രാജാവിനെ താണു തൊഴുതിട്ടു കൈ കെട്ടി വായ് പൊത്തി വളരെ ആദരവോടും ഭക്തിയോടുകൂടി നിരന്നുനിന്നു. അതു കണ്ടിട്ടു കായംകുളത്തു രാജാവ് "ഇതു നല്ല നേരമ്പോക്കുതന്ന. ഇവർ മഹായോഗ്യന്മാരാണെന്നു തോന്നുന്നുവല്ലോ" എന്നു പറഞ്ഞു ചിരിച്ചു. അപ്പോൾ പന്തളത്തു രാജാവ്, "അതേ, അവർ യോഗ്യന്മാർതന്നെയാണ്. അവരുടെ ദിവ്യത്വം ഒട്ടും ചില്ലറയല്ല. അവർ സ്വാമിയുടെ ആളുകളാണ്. അവർക്കു ദിവസംതോറും പതിവായി ആറേകാലിടങ്ങഴി അരിയുടെ ചോറു ക്ഷേത്രത്തിൽനിന്നു കൊടുക്കുന്നതിനു ഞാൻ ഏർപ്പാടു ചെയ്തിട്ടുണ്ട്" എന്നു പറഞ്ഞു.

കായംകുളത്തു രാജാവു സ്വല്പം വിശ്രമിച്ചതിന്റെ ശേ‌ഷം കുളിക്കാനായി കടവിലേക്കു പോയി. അകമ്പടിയായി കുരങ്ങന്മാരും പോയി. രാജാവിനു തേച്ചുകുളിയായിരുന്നതിനാൽ കൈവിരലിൽ കിടന്ന രത്നഖചിതമായ മോതിരമൂരി കടവിൽ ഒരു കല്ലിന്മേൽ വച്ചിട്ട് എണ്ണ തേച്ചു രാജഭൃത്യന്മാർ രാജാവിനെ കുളിപ്പിച്ചുകൊണ്ടുനിന്ന സമയം ഒരു പരുന്ത് ആ മോതിരത്തിൽ പതിച്ചിരുന്ന രത്നത്തിന്റെ ശോഭ കണ്ടു വല്ല ഭക്ഷണസാധനവുമായിരിക്കുമെന്നു വിചാരിച്ചിട്ടോ എന്തോ, പെട്ടെന്നു പറന്നുവന്ന് ആ മോതിരം റാഞ്ചിക്കൊണ്ടുപോയി. അതു കണ്ടു രാജഭൃത്യന്മാർ "അയ്യോ! തിരുവാഴി കൊണ്ടുപോയല്ലോ" എന്നു പറഞ്ഞു. ആ മോതിരം വളരെ വില കൂടിയതായിരുന്നതിനാൽ അതു പോയതു കൊണ്ട് രാജാവിനും അത്യധികമായ മനസ്താപമുണ്ടായി. എങ്കിലും ഗംഭീരമാനസനായ അദ്ദേഹം അതു പുറത്തു കാണിച്ചില്ല. അദ്ദേഹം കുളിച്ചു ക്ഷേത്രത്തിൽ പോയി ദർശനം കഴിച്ചു കൊട്ടാരത്തിലേക്ക് പോയി. ആ സമയത്തും കുരങ്ങന്മാരുടെ അകമ്പടിയുണ്ടായിരുന്നു. എങ്കിലും അവരിൽ തലവനായ വലിയ കുരങ്ങൻ അപ്പോൾ ആ കൂട്ടത്തിലുണ്ടാ യിരുന്നില്ല. രാജാവു കൊട്ടാരത്തിലെത്തിയപ്പോഴേക്കും യൂഥനാഥനായ ആ വാനരവീരൻ മോതിരം തട്ടികൊണ്ടുപോയ ആ പരുന്തിനെ അടിച്ചുകൊന്നു പിടിച്ചുവലിച്ച് അവിടെ കൊണ്ട് ചെല്ലുകയും പരുന്തിന്റെ നഖത്തിൽ കോർത്തിരുന്ന മോതിരമെടുത്ത് രാജാവിന്റെ മുമ്പിൽ വച്ചു വന്ദിക്കുകയും ചെയ്തു. അതുകണ്ട് കായംകുളത്തു രാജാവ് വളരെ സന്തോ‌ഷിക്കുകയും തലവനായ ആ വാനരവീരന് "സുഗ്രീവൻ" എന്നൊരു പേരു കല്പിചു കൊടുക്കുകയും ചെയ്തു. ഉടനെ കുരങ്ങന്മാരെല്ലാം രാജാവിന്റെ വീണ്ടും വന്ദിച്ചിട്ടു കിഴക്കെ നടയിലേക്കും കായംകുളത്തു രാജാവ് പന്തളത്തു രാജാവിനോട് കൂടി ഊണു കഴിക്കാൻ അകത്തേക്കും പോയി. രാജാക്കന്മാർ ഊണു കഴിഞ്ഞ് പുറത്തുവന്നപ്പോൾ കുരങ്ങന്മാരെ കാണായ്കയാൽ

"കുരങ്ങന്മാർ ഊണു കഴിഞ്ഞാൽ അവരുടെ സന്തോ‌ഷത്തെ ചില ശബ്ദങ്ങൾ കൊണ്ട് അറിയിക്കാനായി ഇവിടെ വരാറുണ്ടായിരുന്നു. ഇന്നവരെ കാണാഞ്ഞതെന്താണവോ? എന്ന് പന്തളത്തു രാജാവ് പറഞ്ഞു. അപ്പോൾ ക്ഷേത്രസന്നിധിയിൽ കുരങ്ങന്മാരുടെ കളകളശബ്ദം ഉച്ചത്തിൽ കേൾക്കയാൽ "അവിടെ ഇന്ന് എന്തോ വിശേ‌ഷമുണ്ടായിട്ടുണ്ടെന്നാണ് തോന്നുന്നത്" എന്താണെന്നു പോയി നോക്കട്ടെ" എന്നു പറഞ്ഞ് പന്തളത്തു രാജാവ് അങ്ങോട്ടു പുറപ്പെട്ടു. അദ്ദേഹത്തോടുകൂടി കായംകുളത്തു രാജാവും പോയി. രാജാക്കന്മാർ അങ്ങോട്ടു ചെന്നപ്പോഴേക്കും സുഗ്രീവാദികൾ അവർക്കു കൊടുത്ത ചോറ് പാത്രത്തോടുകൂടി പിടിച്ചുവലിച്ചു കൊണ്ടു ക്ഷേത്രത്തിൽനിന്നു കൊട്ടാരത്തിലേക്കുള്ള വഴിയിലോളം എത്തിയിരുന്നു. അവർ എന്താണ് ചെയ്യാൻ ഭാവിക്കുന്നതെന്നറിയാനായി രാജാക്കന്മാർ ആ വഴിയിൽ തന്നെ നോക്കിക്കൊണ്ടു നിന്നു. കുരങ്ങന്മാർ ആ പാത്രം പിടിച്ചുവലിച്ചു കായംകുളത്തു രാജാവിന്റെ മുമ്പിൽകൊണ്ടു ചെന്ന് വച്ചിട്ട് സുഗ്രീവൻ ആ പാത്രത്തിലുണ്ടായിരുന്ന ചോറും ഓരോ കുരങ്ങന്മാരെയും അവരുടെ വയറും തൊട്ടുകാണിച്ചുകൊണ്ടു ദുഃഖഭാവത്തോടുകൂടി രാജാവിന്റെ നേരെ നോക്കി. ബുദ്ധിമാനായ കായംകുളത്തു രാജാവിനു കാര്യം മനസ്സിലായി. അദ്ദേഹം സുഗ്രീവനോട് "നിങ്ങൾക്കു എല്ലാവർക്കും കൂടി ഈ ചോറുകൊണ്ടുമതിയാകുന്നില്ല, അല്ലേ? എന്നു ചോദിച്ചു. കാര്യം അതുതന്നെ എന്ന് സുഗ്രീവൻ ആംഗ്യം കാണിച്ചു. "ആട്ടെ, ഉള്ളതുകൊണ്ട് എലാവരുംകൂടി ഊണു കഴിച്ചിട്ടു കൊട്ടാരത്തിൽ വരുവിൻ, സമാധാനമുണ്ടാക്കാം" എന്നു പറഞ്ഞിട്ടു കായംകുളത്തു രാജാവു പന്തളത്തു രാജാവിനോടുകൂടി കൊട്ടാരത്തിലേക്കു പോയി. ഊണു കഴിച്ചുകൊണ്ടു സുഗ്രീവപ്രഭൃതികളും അവിടെ ഹാജരായി വണക്കത്തോടു കൂടി നിരന്നുനിന്നു. കായംകുളത്തു രാജാവു നാളികേരം, ശർക്കര, പഴം മുതലായവ് വരുത്തി അവർക്കു ധാരാളമായി കൊടുത്തിട്ടു പ്രതിദിനം അവർക്കു മൂന്നുപറ അരിയുടെ ചോറുകൂടി കൊടുത്തുകൊള്ളുന്നതിനു കൽപ്പന കൊടുക്കുകയും അപ്രകാരം കല്പിച്ചനുവദിച്ചിരിക്കുന്നതായി ഒരു ചെമ്പുതകിടിൽ എഴുതിച്ചു തുല്യം ചാർത്തി സുഗ്രീവന്റെ കൈയിൽ കൊടുക്കുകയും ചെയ്തു. കുരങ്ങന്മാർ ഒരു സന്തോ‌ഷശബ്ദം പുറപ്പെടുവിച്ചിട്ട് രാജാവിനെ വീണ്ടും വന്ദിച്ചുകൊണ്ട് നാലുപുറത്തേക്കും പാഞ്ഞുപോവുകയും അടുത്ത ദിവസംമുതൽ ദേവസ്വം പടിത്തരത്തിൽ ചേർത്ത് അവർക്കു മൂന്നുപറ ആറേകാലിടങ്ങഴി അരിയുടെ ചോറുവിതം കൊടുത്തുതുടങ്ങുകയും ചെയ്തു.

ഒരിക്കൽ കൊട്ടാരക്കര ഒരു നായർ കുടുംബത്തിലുണ്ടായിരുന്ന സ്ത്രീപുരു‌ഷന്മാർ ഓരോരുത്തരായി ചത്തുകെട്ടുപോയിട്ട് ഒടുക്കം ഒരു സ്ത്രീമാത്രം ശേ‌ഷിച്ചു. ആ സ്ത്രീ നാൽപത്തഞ്ചു വയസ്സുവരെ പ്രസവിക്കാതെയിരുന്നു. സന്താനാർത്ഥമായി അവർ അനേകം സത്കർമ്മങ്ങൾ ചെയ്തു എങ്കിലും യാതൊരു ഫലവുമുണ്ടായില്ല. അതിനാൽ ആ സ്ത്രീ കേവലം വന്ധ്യയാണെന്നും അവർ പ്രസവിച്ചു സന്താനമുണ്ടാവുകയെന്നുള്ള കാര്യം അസാധ്യമാണെന്നും ആ കുടുംബം അന്യംനിന്നു പോവുകതന്നെ ചെയ്യുമെന്നും എല്ലാവരും തീർച്ചപ്പെടുത്തി. അങ്ങനെയിരുന്ന കാലത്തു ഭിക്ഷക്കാരനായി ഒരു സന്യാസി ആ കുടുംബത്തിൽ ചെല്ലുകയും ഭിക്ഷ വാങ്ങിയ ശേ‌ഷം ആ ദിവ്യൻ ആ കുടുംബനായികയോട് "അമ്മേ, നിങ്ങൾ ഒട്ടും വ്യസനിക്കേണ്ട. നിങ്ങൾ ശാസ്താങ്കോട്ടയിൽ പോയി സ്വാമിദർശനം കഴിച്ചു വഴിപാടുകൾ പ്രാർത്ഥിച്ചാൽ നിങ്ങൾക്കു സന്തതിയുണ്ടാകും" എന്നു പറഞ്ഞിട്ടു ഇറങ്ങിപ്പോകുകയും ചെയ്തു. അതു കേട്ടിട്ട് ആ സ്ത്രീക്ക് ഈ ദിവ്യന്റെ വാക്ക് ഒരിക്കലും മിഥ്യയായിപ്പോവുകയില്ലെന്നു മനസ്സിൽത്തോന്നുകയും അടുത്ത ദിവസം തന്നെ അവർ അവരുടെ ഭർത്താവിനോടുകൂടി ശാസ്താങ്കോട്ടയിൽച്ചെന്നു കുളിച്ചുതൊഴുതു നടയിൽനിന്ന്, താൻ പ്രസവിച്ച് ഒരു പെൺകുട്ടിയുണ്ടായാൽ സ്വാമിയുടെ നടയിൽ വച്ചു കുട്ടിക്കു ചോറു കൊടുക്കുകയും മൂന്നുപറ അരിയുടെ ചോറുകൊണ്ട് നാനാവിഭവങ്ങളോടു കൂടി കുരങ്ങ ന്മാർക്കു സദ്യ കഴിക്കുകയും മുന്നാഴി അരി ഏട്ടകൾക്കു കൊടുക്കുകയും ചെയ്യാമെന്നു പ്രാർത്ഥിക്കുകയും ചെയ്തുപോയി. അനന്തരം ഒരു മാസം കഴിയുന്നതിനുമുമ്പ് എന്തോ കാരണവശാൽ ആ സ്ത്രീയുടെ ഭർത്താവ് അവരോടു മു‌ഷിഞ്ഞു സംബന്ധം മതിയാക്കിപ്പോവുകയും വേറെ ഒരാൾ അവർക്കു സംബന്ധം തുടങ്ങുകയും ഉടനെ ആ സ്ത്രീ ഗർഭം ധരിക്കുകയും അവർ യഥാകാലം സസുഖം പ്രസവിച്ച് ഒരു പെൺകുട്ടി ഉണ്ടാവുകയും ചെയ്തു.

ആറാം മാസത്തിൽ കുട്ടിക്കു ചോറു കൊടുക്കുന്നതിനായി ആ സ്ത്രീയും അവളുടെ ഭർത്താവുംകൂടി കുട്ടിയെയുംകൊണ്ടു ശാസ്താങ്കോട്ടയിലെത്തി. ക്ഷേത്രത്തിൽ വേണ്ടുന്ന വഴിപാടുകൾക്കെല്ലാം ഏർപ്പാടു ചെയ്തതിന്റെ ശേ‌ഷം അവർ പോയി കുളിച്ചുവന്നു സ്വാമിദർശനം കഴിച്ചു കിഴക്കെ നടയിൽ ഹാജരായി. ശാന്തിക്കാരൻ തീർത്ഥവും പ്രസാദവും ചോറും പായസവുമെല്ലാം അവിടെകൊണ്ടുചെന്നു കൊടുത്ത് കുട്ടിക്കു ചോറു കൊടുക്കാനായി നടയിൽ ഇലവച്ചു ചോറും പായസവും വിളമ്പി. അപ്പോഴേക്കും കുട്ടി ആരോ അടിച്ചിട്ടെന്നപോലെ ഞെളിഞ്ഞു പിരിഞ്ഞ് ഉറക്കെക്കരഞ്ഞുതുടങ്ങി. ഒരു വിധത്തിലുംചോറു കൊടുക്കാൻ നിവൃത്തിയില്ലാതെയായിത്തീർന്നു. എടുത്താലും പിടിച്ചാലും കുട്ടി കയ്യിലിരിക്കാതെ കുതിച്ചുചാടിത്തുടങ്ങി. കുട്ടി കയ്യിൽനിന്നു താഴെപ്പോകുമെന്നായപ്പോൾ ആ സ്ത്രീ ഒരു മുണ്ടു വിരിച്ചു കുട്ടിയെ അവിടെക്കിടത്തി. ആ സമയം വാനരകുലാധിപതിയായ സുഗ്രീവൻ ചാടിച്ചെന്നു കുട്ടിയെ എടുത്തും കൊണ്ടോടിപ്പോയി ഒരു വലിയ വൃക്ഷത്തിന്റെ മുകളിൽ കയരി ഇരിപ്പായി. സുഗ്രീവൻ എടുത്തപ്പോൾമുതൽ കുട്ടി കരച്ചിൽ നിർത്തി, ചിരിക്കുകയും കൈയും കാലും കുടഞ്ഞു കളിക്കുകയും ചെയ്തു തുടങ്ങി. ഇതുകേട്ടു കേട്ട് ആ ദിക്കിലുള്ളവരൊക്കെ അവിടെക്കൂടി. എല്ലാവരും വിസ്മയഭരിത രായിത്തീർന്നു. കുട്ടിയുടെ മാതാപിതാക്കന്മാർ വ്യസനപരവശരുമായിത്തീർന്നു. കുരങ്ങന്മാരെല്ലാം നടയിൽ കൂടി. ഏട്ടകളെല്ലാം വെള്ളത്തിൽ നിന്നു കരയ്ക്കു കയറി നടയിലെത്തി. ഈ അത്ഭുതപൂർവ്വമായ സംഭവത്തിന് എന്തോ കാരണമുണ്ടെന്നു ജനങ്ങൾ അഭിപ്രായപ്പെട്ടു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ വിധി കല്പിക്കാനുള്ള അധികാരം ഉണ്ണിത്താനാണ്. അതിനാൽ ഉണ്ണിത്താൻ കുട്ടിയുടെ പിതാവിനെ വിളിച്ച് "നിങ്ങൾ ഈ കുരങ്ങന്മാർക്കും ഏട്ടകൾക്കും എന്തെങ്കിലും കൊടുക്കാമെന്നു പ്രാർത്ഥിച്ചിട്ടുണ്ടോ?" എന്നു ചോദിച്ചു. "എന്തോ എനിക്കു നിശ്ചയമില്ല" എന്ന് അയാൾ പറഞ്ഞു. പിന്നെ കുട്ടിയുടെ മാതാവിനോടു ചോദിച്ചപ്പോൾ ആ സ്ത്രീ "ഈ കുട്ടിയെ നടയിൽ കൊണ്ടുവന്നു ചോറുകൊടുക്കുന്ന ദിവസം മൂന്നു പറ അരിയുടെ ചോറുകൊണ്ടു നാനാവിഭവങ്ങളോടുകൂടി കുരങ്ങന്മാർക്കു ഒരു സദ്യ കഴിക്കുകയും മുന്നാഴി അരി ഏട്ടകൾക്കു കൊടുക്കുകയും ചെയ്യാമെന്നു ഞാൻ പ്രാർത്ഥിച്ചിട്ടുണ്ടായിരുന്നു. അതു ഞാൻ മറന്നുപോയിരുന്നു. ഇപ്പോളാണ് ഓർത്തത്" എന്നു പരഞ്ഞു. "എന്നാൽ കുരങ്ങന്മാർക്കു സദ്യയും ഏട്ടകൾക്കും അരിയും കൊടുക്കൽ നാളെ നടത്തിക്കൊള്ളമെന്നു പറഞ്ഞ് അതിലേക്കായി നൂറ്റൊന്നു പണം നിങ്ങൾ ഇപ്പോൾ നടയിൽ വയ്ക്കണം. എന്നാൽ എല്ലാം ശരിയാകും. നാളെ വഴിപാടുകൾ നടത്തീട്ടേ നിങ്ങൾ പോകാവു. പണം ഇപ്പോൾ നിങ്ങളുടെ കൈവശമില്ലെങ്കിൽ ഞാൻ തരാം. താമസിയാതെ എത്തിച്ചു തന്നാൽ മതി" എന്ന് ഉണ്ണിത്താൻ പറഞ്ഞു. ആ സ്ത്രീ അപ്രകാരം സമ്മതിച്ചു നൂറ്റൊന്നുപണം ഉണ്ണിത്താനോടു കടമായി വാങ്ങി നടയിൽ വച്ചു. തൽക്ഷണം സുഗ്രീവൻ കുട്ടിയെക്കൊണ്ടു വന്നു നടയിൽ കിടത്തിക്കൊടുത്തു. ഉടനെ ആ സ്ത്രീ കുട്ടിയെ എടുത്തു ചോറു കൊടുത്തു. ചോറൂണു കഴിഞ്ഞ് ഉടനെ കുരങ്ങന്മാർ ഓരോ വൃക്ഷങ്ങളിലേക്കും ഏട്ടകൾ വെള്ളത്തിലേക്കും ജനങ്ങൾ അവരവരുടെ ഗൃഹങ്ങളിലേക്കും പിരിഞ്ഞുപോയി. കൊട്ടാരക്കരക്കാരായ ദമ്പതിമാർ പിറ്റേ ദിവസം കുരങ്ങന്മാർക്കു കേമമായി സദ്യ നടത്തുകയും ഏട്ടകൾക്കു അരി കൊടുക്കുകയും കഴിച്ച് സ്വാമിയെ തൊഴുതു കുട്ടിയെയും കൊണ്ടു തിരിച്ചുപോവുകയും അടുത്ത് ദിവസംതന്നെ ഉണ്ണിത്താന്റെ പണം എത്തിച്ചുകൊടുക്കുകയും ചെയ്തു.

കൊല്ലം 721-ആമാണ്ടു വൃശ്ചികമാസം 5-ആം തീയതി ജയസിംഹനാട്ടു (ദേശിങ്ങനാട്ട്=കൊല്ലത്ത്) നാടുവാണിരുന്ന ഉണ്ണികേരളവർമ്മ പണ്ടാരത്തിൽ എന്ന രാജാവു ശാസ്താങ്കോട്ടയിൽ വന്നു സ്വാമിദർശനം കഴിക്കുകയും "അറുപറ" എന്നു പേരായ പ്രധാന വഴിപാടു നടത്തുകയും പ്രതിദിനം ഉ‌ഷഃപൂജയ്ക്ക് ഒന്നേകാലിടങ്ങഴി അരി പതിവു വെക്കുകയും ചെയ്തതായി അവിടെ ഒരു ശിലാലിഖിതം ഇപ്പോഴും കാണുന്നുണ്ട്.

കൊല്ലം 933-ആമാണ്ടു നാടുനീങ്ങിയ (തിരുവിതാംകൂർ) മാർത്താണ്ഡ വർമ്മ മഹാരാജാവ് തിരുമനസ്സുകൊണ്ടു രാജദ്രാഹികളായ എട്ടുവീട്ടിൽ പിള്ളമാരെ ഭയപ്പെട്ടു വേ‌ഷപ്രച്ഛന്നനായി സഞ്ചരിച്ചിരുന്ന കാലത്ത് ഒരു ദിവസം മധ്യാഹ്നസമയത്ത് കുന്നത്തൂർ താലൂക്കിൽ കണ്ണങ്കോട് എന്നു ദേശത്തു ചെന്നെത്തി. അവിടെ വലിയ മാളികയും മറ്റുമുള്ള ഒരു വീട് കണ്ടു കയറിച്ചെന്ന് "ഞാൻ ഇന്നലെത്തന്നെ ആഹാരമൊന്നു കഴിച്ചിട്ടില്ല. വിശപ്പും ദാഹവും വളരെ കലശലായിരിക്കുന്നു. അതിനാൽ ആഹാരത്തിനു വല്ലതും ഏർപ്പാടു ചെയ്തു തരണം" എന്നരുളിച്ചെയ്തു. അതുകേട്ട് അവിടെയുണ്ടായിരുന്ന ഗൃഹനായകൻ തന്റെ ഭൃതനെ വിളിച്ച് "എടാ, അയാൾക്കു ഒരു ഉപ്പുമാങ്ങ എടുത്തുകൊടുക്ക്" എന്നു പറഞ്ഞു. അതുകേട്ടു തിരുമനസ്സുകൊണ്ട് അവിടെ നിന്നിറങ്ങി അതിനടുത്ത് ഒരു വീട്ടിൽക്കയറിച്ചെന്നു. അവിടെ പുരു‌ഷന്മാരാരും ഉണ്ടായിരുന്നില്ല. ഒരു വൃദ്ധയായ സ്ത്രീ മുറ്റത്തു നിൽക്കുന്നുണ്ടായിരുന്നു. തിരുമനസ്സുകൊണ്ട് ആ വൃദ്ധയെ അടുക്കൽ വിളിച്ചു മേൽപറഞ്ഞപ്രകാരം താൻ തലേദിവസംതന്നേ ആഹാരം കഴിച്ചിട്ടില്ലെന്നും വിശപ്പും ദാഹവും സഹിക്കവയ്യാതെയായിരിക്കുന്നുവെന്നും അതിനാൽ ആഹാരത്തിനു വല്ലതും ഏർപ്പാടുചെയ്തു കൊടുക്കണമെന്നും അരുളിച്ചെയ്തു. അതുകേട്ട് ആ വൃദ്ധ (ഇതൊരു നമ്പൂരിയോ മറ്റോ ആണെന്നു വിചാരിച്ച്) "ആഹാരത്തിന് അടിയങ്ങൾ വല്ലതും തന്നൽ അവിടേക്ക് കൊള്ളുകയില്ലല്ലോ. അതിനാൽ അടുത്തുള്ള ബ്രാഹ്മണഗൃഹത്തിൽ ചട്ടംകെട്ടിത്തരാം. നീരാട്ടുകുളി കഴിഞ്ഞു ചെല്ലുമ്പോഴേക്കും ആഹാരത്തിനു തയ്യാറായിരിക്കും" എന്നു പറഞ്ഞു കുളവും ബ്രാഹ്മണഗൃഹവും കാണിച്ചു കൊടുക്കുന്നതിന് ഒരാളെ കൂടെയയച്ചു. ബ്രാഹ്മണഗൃഹത്തിൽ ഭക്ഷണം കൊടുക്കുന്നതിനും ചട്ടംകെട്ടി. തിരുമനസ്സുകൊണ്ടു നീരാട്ടുകുളിയും നിത്യകർമ്മാദികളും കഴിചു ചെന്നപ്പോൾ ഊണിനെല്ലാം തയ്യാറായിരുന്നു. ഉടനെ അമൃതേത്തു കഴിച്ച് അവിടെനിന്നറിങ്ങി മേൽപറഞ്ഞ രണ്ടു വീട്ടുകാരുടെയും സ്ഥിതിയെപ്പറ്റിയും വീട്ടുപേരുകളും അന്വേ‌ഷിച്ചറിഞ്ഞു. തിരുമനസ്സു കൊണ്ട് ആദ്യം ചെന്നുകയറിയ വീട് "ചിറ്റുണ്ടിയിൽത്തരകൻ" എന്ന ധനവാന്റേതായിരുന്നു. ആ വീട്ടുകാർ വലിയ ധനവാന്മാരായിരുന്നുവെങ്കിലും ആർക്കും പച്ചവെള്ളം പോലും കൊടുക്കാത്ത ദുഷ്ടന്മാരായിരുന്നു. രണ്ടാമതു കയറിയ വീടിന്റെ പേരു "നെല്ലിമൂട്ടിൽ" എന്നായിരുന്നു. ആ വീട്ടുകാർ ഉപായകാലക്ഷേപക്കാരായിരുന്നുവെങ്കിലും ദയയും മര്യാദയുമുള്ള ധർമ്മി‌ഷ്ഠന്മാരായിരുന്നു. ആ രണ്ടു വീട്ടുകാരും സുറിയാനി ക്രിസ്ത്യാനികളാണ്. തിരുമനസ്സുകൊണ്ട് ആ വിവരങ്ങളെല്ലാം അന്വേ‌ഷിച്ചറിഞ്ഞിട്ട് അവിടം വിട്ടു പോവുകയും ചെയ്തു. മാർത്താണ്ഡവർമ്മമഹാരാജാവു തിരുമനസ്സിലേക്കു തിരുമൂപ്പു സിദ്ധിക്കുകയും അവിടുന്നു രാജദ്രോഹികളെയെല്ലാം സംഹരിക്കുകയും കായംകുളം മുതലായ രാജ്യങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതിന്റെ ശേ‌ഷം സാധുക്കളായ നെല്ലിമൂട്ടിൽ കുടുംബക്കാർക്കു കരമൊഴിവായി വളരെ വസ്തുക്കൾ കല്പിച്ചു പതിച്ചുകൊടുത്തതു കൂടാതെ "മുതലാളി" എന്നൊരു സ്ഥാനവും കല്പിച്ചുകൊടുത്തു. ചിറ്റുണ്ടിയിൽത്തരകന്റെ സ്ഥാവരങ്ങളും ജംഗമങ്ങളുമായ സകലവസ്തുക്കളും കണ്ടുകെട്ടി ശാസ്താങ്കോട്ടദേവസ്വത്തിൽ ചേർക്കുകയും ചെയ്തു. ആ വസ്തുക്കളിൽ നിന്നുള്ള ആദായംകൊണ്ട് ശാസ്താങ്കോട്ടയിൽ ശനിയാഴ്ചതോറും നാല്പത്തൊന്നു പറ അരികൊണ്ട് ധർമ്മകഞ്ഞിയും അഞ്ചുപറ അരി കൊണ്ട് ക്ഷേത്രത്തിൽ ബ്രാഹ്മമണഭോജനവും നടത്തുന്നതിനും ശേ‌ഷമുള്ളതു നിത്യനിദാനത്തിൽ കൂട്ടുന്നതിനുമാണ് കല്പിച്ചു വ്യവസ്ഥ ചെയ്തത്. ആ തിരുമനസ്സിലെ കാലാനന്തരമുണ്ടായ പരിക്ഷ്കാരത്തിൽ ഈ പതിവ് കുറച്ച് ധർമ്മകഞ്ഞിക്കു മൂന്നു പറ അഞ്ചിടങ്ങഴി അരിയും ബ്രാഹ്മണഭോജനം വകയ്ക്ക് ഒരു പറ എട്ടിടങ്ങഴി അരിയുമാക്കുകയും ശേ‌ഷമുള്ളതു കൊണ്ട് കൊല്ലത്ത് ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ നമസ്കാര(ബ്രാഹ്മണഭോജന)വും ആശ്രാമത്ത് ഊട്ടും നടത്തുന്നതിന് ഏർപ്പാടുചെയ്യുകയും ചെയ്തു. ശാസ്താങ്കോട്ട ക്ഷേത്രത്തിലുള്ള ചില ഓട്ടുപാത്രങ്ങളിലും മറ്റു "ചിറ്റുണ്ടിയിൽത്തരകൻവക" എന്നു പേരു വെട്ടിയിരിക്കുന്നത് ഇപ്പോഴും കാൺമാനുണ്ട്.

ബ്രിട്ടി‌ഷ് റസിഡണ്ടും തിരുവിതാംകൂർ ദിവാനുമായിരുന്ന മണ്ട്റോ സായ്പവർകൾ ദേവസ്വങ്ങൾ പരി‌ഷ്ക്കരിചു പതിവുകളേർപ്പെടുത്തിയ കാലത്ത് ശാസ്താങ്കോട്ടയിൽ കുരങ്ങന്മാർക്കും മുതലയ്ക്കും ചോറും മത്സ്യങ്ങൾക്കു അരിയും കൊടുക്കുന്നത് അനാവശ്യമാണെന്നു പറഞ്ഞ് ആവക ചെലവുകൾ നിർത്തലെഴുതിച്ചു. കുരങ്ങന്മാർക്കു ചോറു കിട്ടാതായപ്പോൾ അവർ ക്ഷേത്രത്തിൽക്കടന്നു നിവേദ്യം കഴിയുമ്പോൾ അനുഭവക്കരുടെയും വഴിപാടുകാരുടെയും മറ്റും ചോറെല്ലാം എടുത്തു തിന്നുകയും ശാന്തിക്കാരനെയും ദേവസ്വക്കാരനെയും അടിക്കുകയും കടിക്കുകയും മാന്തുകയും കീറുകയും മറ്റും ചെയ്തു ഉപദ്രവിക്കുകയും ചെയ്തു തുടങ്ങി. അനുഭവക്കാർക്കു ചോറു കിട്ടാതാവുകയും ദേവസ്വ ക്കാർക്കു അവിടെച്ചെന്നു ജോലി ചെയ്വാൻ നിവൃത്തിയില്ലാതാവുകയും ചെയ്യുകയാൽ അവർ എലാവരും കൂടിപ്പോയി മണ്ട്റോ സായ്പവർകളെക്കണ്ടു വിവരം ബോധിപ്പിക്കുകയും സായ്പവർകൾ ഇതിന്റെ പരമാർത്ഥമ റിയുന്നതിനായി ശാസ്താങ്കോട്ടയിൽ വരികയും ചെയ്തു. സായ്പവർകൾ വന്നു മതിൽക്കു വെളിയിൽ ഒരു സ്ഥലത്തു കസേരയിട്ട് ഇരുന്നു. അപ്പോൾ കുരങ്ങന്മാർ എല്ലാം അവിടെ ഹാജരായി കുനിഞ്ഞു സലാം ചെയ്തിട്ടു നിരന്നുനിന്നു. അപ്പോൾ സായ്പവർകൾ "നിങ്ങൾ ഈ അക്രമങ്ങൾ കാണിക്കുന്നതെന്താണ്?" എന്നു ചോദിച്ചു. അവർ അവരുടെ വയർ തൊട്ടു കാണിച്ചും മറ്റും വിശപ്പു സഹിക്കാൻ വയ്യാഞ്ഞിട്ടാണെന്നു സായ്പവർകളെ ഗ്രഹിപ്പിച്ചു. ഉടനെ സായ്പവർകൾ "നിങ്ങൾക്ക് ഇവിടെ ചോറു പതിവുവച്ചത് ആരാണ്, എന്നാണ്, അതിലേക്കു വല്ല ലക്ഷ്യവുമുണ്ടോ?" എന്നു ചോദിച്ചു. തത്ക്ഷണം സുഗ്രീവൻ തന്റെ വായിൽ കൈയിട്ട് ഒരു ചെമ്പുതകിടെടുത്തു തുടച്ചു നന്നാക്കി സായ്പവർകളുടെ മുമ്പിൽവച്ചു. അത് കായംകുളത്തു രാജാവു കൊടുത്ത ചെമ്പു തകിടായിരുന്നു. സായ്പവർകൾ അതെടുത്തു വായിച്ചുനോക്കി വളരെ സന്തോ‌ഷിക്കുകയും സമ്മതിക്കുകയും കുരങ്ങന്മാരുടെ ചോറും മറ്റും യഥാപൂർവ്വം കൊടുത്തു കൊള്ളുന്നതിന് അനുവദിക്കുകയും ചെമ്പു തകിട് സുഗ്രീവന്റെ കൈയിൽതന്നെ കൊടുക്കുകയും ചെയ്തിട്ട് മടങ്ങിപ്പോവുകയും ചെയ്തു.

മുതലയ്ക്കു ചോറു കൊണ്ടുചെന്നു കൊടുക്കുന്നതിനുള്ള ചുമതല മാരാർക്കാണെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ഒരു ദിവസം പതിവുമാരാൻ മാരാൻ എവിടെയോ പോയിരുന്നതിനാൽ അവരുടെ കുടുംബത്തിലുണ്ടായി രുന്ന ഒരു ചെറുക്കനാണ് മുതലയ്ക്ക് ചോറു കൊണ്ടുചെന്നു കൊടുത്തത്. മുതല വന്നു ചോറു തിന്നുകൊണ്ടിരുന്ന സമയം ആ ചെറുക്കൻ ഒരു വലിയ കല്ലെടുത്തു മുതലയുടെ തലയ്ക്ക് ഒരിടി കൊടുത്തു. ഇടികൊണ്ട് മുതല ഉറക്കെ നിലവിളിച്ചു. ആ ശബ്ദം കേട്ടു ചിലർ കടവിൽ ഓടിച്ചെന്നു നോക്കിയപ്പോൾ മുതല ചത്തു വെള്ളത്തിലും മാരാച്ചെറുക്കൻ മരിച്ചു കരയ്ക്കു കിടക്കുന്നതായിക്കണ്ടു. അക്കാലംമുതൽ മുതലയ്ക്കുള്ള ചോറു നിർത്തലാവുകയും ചെയ്തു.

ശാസ്താങ്കോട്ടയിൽ താമസിച്ചിരുന്ന പന്തളരാജാവിന്റെ കാലാ നന്തരം അവിടെ ദേവസ്വകാര്യങ്ങൾ അന്വേ‌ഷിച്ചിരുന്നത് ഉണ്ണിത്താന്റെ കുടുംബത്തിൽ അന്നന്നു മൂപ്പായിട്ടുള്ളവരായിരുന്നു. ആ കുടുംബത്തിലുള്ളവർ അക്കാലത്തു സ്വാമിയെക്കുറിച്ചു വളരെ ഭയവും ഭക്തിയും വിശ്വാസവുമുള്ളവരായിരുന്നു. അവർ രാവിലെ കുളിച്ചു സ്വാമിദർശനം കഴിക്കാതെ വെള്ളം കുടിക്കുകപോലും ചെയ്യാറില്ലായിരുന്നു. കാലക്രമേണ അതൊക്കെ കുറേശ്ശേ ഭേദപ്പെട്ടു തുടങ്ങി.

പന്തളത്തുരാജാവിന്റെ കാലം കഴിഞ്ഞതിന്റെശേ‌ഷം ഏട്ടകൾക്കു അരിവാരിയിട്ടു കൊടുത്തിരുന്നത് ഉണ്ണിത്താനായിരുന്നു. ഒരിക്കൽ ഒരുണ്ണിത്താൻ ശരീരം ശുദ്ധം മാറിക്കൊണ്ടു ചെന്ന് ഏട്ടകൾക്കു അരി വാരിയിട്ടു കൊടുത്തു. ഏട്ടകൾ ആ അരി തിന്നില്ല. അന്നു മുതൽ ആ ഉണ്ണിത്താൻ അരി വാരിയിട്ടുകൊടുത്താൽ ഏട്ടകൾ ഒരിക്കലും തിന്നാതെയായി. അതിനാൽ ആവക അരിയും നിർത്തലെഴുതി. ശാസ്താങ്കോട്ടയിലെ കുരങ്ങന്മാർ അബ്രാഹ്മണരുടെ ചോറോ മത്സ്യമാംസാദികളോ ഭക്ഷിക്കാറില്ല. അതിനാലാണ് അവർക്കു പതിവുള്ള ചോറ് ശാന്തിക്കാരൻ കൊണ്ടു ചെന്നു കൊടുക്കണമെന്ന് ഏർപ്പാടുവച്ചത്.

ഒരിക്കൽ ഇവരിൽ ചില കുരങ്ങന്മാർ ക്ഷേത്രത്തിൽ പടിഞ്ഞാറു ഭാഗത്തായി താമസിച്ചിരുന്ന മരയ്ക്കാന്മാരുടെ കുടികളിൽക്കയറി അവർ പാകംചെയ്തുവച്ചിരുന്ന മത്സ്യവും മാംസവും ചോറും മറ്റുമെടുത്തു ഭക്ഷിച്ചു. അതു ശേ‌ഷമുള്ള കുരങ്ങന്മാർക്കു ഒട്ടും രസവും സമ്മതവുമായില്ല. പിറ്റേ ദിവസം പതിവുപോലെ ഉച്ചപ്പൂജ കഴിഞ്ഞപ്പോൾ എല്ലാ കുരങ്ങന്മാരും കിഴക്കെനടയിൽകൂടി. പതിവുള്ള ചോറു ശാന്തിക്കാരൻ പാത്രത്തോടുകൂടിപ്പിടിച്ചു ഗോപുരത്തിനു വെളിയിൽ പതിവു സ്ഥലത്തു കൊണ്ടുചെന്നിട്ടു. മുക്കുവരുടെ ചോറും മാംസവും ഭക്ഷിച്ച കുരങ്ങന്മാർ തൊട്ട ചോറു ശേ‌ഷമുള്ള കുരങ്ങന്മാർ തിന്നുകയില്ലല്ലോ. അതിനാൽ മാംസം തിന്നവർ ചോറു തൊടാൻ മറ്റുള്ളവർ സമ്മതിച്ചില്ല. തങ്ങളെ കൂട്ടാതെ മറ്റവർ തനിച്ചു ചോറെടുത്തു ഭക്ഷിക്കാൻ മാംസം തിന്നവരും സമ്മതിച്ചില്ല. അതിനാൽ ആ രണ്ടു കൂട്ടുക്കാരും തമ്മിൽ അവിടെവച്ചു ദേവാസുരയുദ്ധംപോലെ വലിയ യുദ്ധമുണ്ടായി. ഒടുക്കം രണ്ടുകൂട്ടർക്കും ഊണു കഴിക്കാൻ സാധിച്ചില്ല. ചോറ് അവിടെക്കിടന്നു വെറുതെ പോയി. അങ്ങനെ രണ്ടു കൂട്ടരും തമ്മിൽ ഏകദേശം ഒരു മാസത്തോളം കാലം യുദ്ധമുണ്ടായി. അത്രയും കാലം അവർക്കുണ്ടായിരുന്ന ചോറു വെറുതെ പോയതിനാൽ അക്കാലംമുതൽ ആ ചോറും നിറുത്തലായിപ്പോയി. എങ്കിലും കുരങ്ങന്മാർക്കു പതിവുണ്ടായിരുന്ന ചോറും മത്സ്യങ്ങൾക്കു പതിവുണ്ടായിരുന്ന അരിയും ആണ്ടിലൊരിക്കൽ (പത്താമുദയദിവസം) ഇപ്പോഴും കൊടുത്തുവരുന്നുണ്ട്. മറ്റുള്ള ദിവസങ്ങളിൽ സ്വാമിദർശനത്തിനായി അവിടെ ചെല്ലുന്നവർ വല്ലതും കൊടുത്തെങ്കിൽ മാത്രമേ കുരങ്ങന്മാർക്കും ഏട്ടകൾക്കും ഇപ്പോൾ ആഹാരത്തിനു മാർഗ്ഗമുള്ളൂ. എങ്കിലും വഴിപാടുകാർ ഇപ്പോഴും അവിടെ ധാരാളമായി വന്നുകൊണ്ടിരിക്കുന്നതിനാൽ അവർക്കു ഒരു ദിവസവും ആഹാരത്തിനു മുട്ടുവരുന്നില്ല. യുദ്ധത്തിൽ ഒടുക്കം മാസഭുക്കുകളായ കുരങ്ങന്മാർ തോറ്റുപോവുകയാൽ അവർ അക്കാലം മുതൽ അവിടം വിട്ട് സ്ഥിരവാസം ക്ഷേത്രത്തിനു പടിഞ്ഞാര് ഇപ്പോൾ ചന്തയായിരിക്കുന്ന സ്ഥലത്തോടടുത്തുള്ള പ്രദേശങ്ങളിലാക്കി. അതിനാൽ വഴിപാടായി ലഭിക്കുന്ന ചോറും പഴവും മറ്റും മാസഭോജികളല്ലാത്ത വാനരന്മാർക്കു ഇപ്പോൾ നിർബാധമായി ഭക്ഷിക്കാം. ആരും ഒന്നും കൊടുക്കാത്ത ദിവസങ്ങളിൽ ക്ഷേത്രത്തിൽ ക്ഷേത്രസംബന്ധികളുടെയും മറ്റും ചോറ് ബലാൽ തട്ടിയെടുത്താണ് അവരിപ്പോൾ ഉപജീവനം കഴിച്ചു വരുന്നത്. അവർ ആ ക്ഷേത്ര സന്നിധി വിട്ട് എങ്ങും പോകാറില്ല. മാംസഭോജികളായ കുരങ്ങന്മാർ ഇപ്പോൾ ഉപജീവിച്ചു വരുന്നതും മിക്കവാറും ചന്തകൊണ്ടാണ്. അവരും കച്ചവടക്കാരും തമ്മിൽ അവിടെ പലപ്പോഴും അടിയും പിടിയും ശണ്ഠയുമുണ്ടാവാറുണ്ട്. വലിയ രാജാക്കൻമാരോ പ്രഭുക്കൻമാരോ സ്വാമിദർശനത്തിനായി ശാസ്താങ്കോട്ടയിൽച്ചെന്നാൽ അന്നു മാംസഭുക്കുകളായ കുരങ്ങൻമാരും ക്ഷേത്രസന്നിധിയിൽ വന്നുചേരും. എങ്കിലും അവർ ക്ഷേത്രത്തിൽ കടക്കാറില്ല. ഭ്രഷ്ടൻമാർക്കു ക്ഷേത്രം പാടില്ലല്ലോ. ഇപ്പോൾ രാജാക്കന്മാരുടെയും മറ്റും വഴിപാടായി രണ്ടുകൂട്ടം കുരങ്ങൻമാർക്കും ചോറോ പഴമോ കൊടുക്കുന്നുണ്ടെങ്കിൽ വെവ്വേറെ രണ്ടു പാത്രങ്ങളിലാക്കി കൊടുക്കണം. എന്നു മാത്രമല്ല മാംസഭുക്കുകളല്ലാത്ത കുരങ്ങ ന്മാർക്കു ആദ്യം കൊടുക്കുകയും വേണം. അതു മറ്റവർക്കു കൊടുക്കുന്നതിലധികമുണ്ടായിരിക്കുകയും വേണം. അല്ലെങ്കിൽ യുദ്ധമുണ്ടാകുന്നകാര്യം തീർച്ചയാണ്.

ശാസ്താങ്കോട്ടയിൽ സ്വാമിയുടെ ചൈതന്യവും കുരങ്ങന്മാരുടെ ദിവ്യത്വവും ഇപ്പോഴും കുറഞ്ഞിട്ടില്ല. ഇക്കാലത്തും അവിടെ ദർശനത്തിനായിട്ടും ഭജനത്തിനായിട്ടും പ്രതിദിനം അസംഖ്യമാളുകൾ വരുന്നുണ്ട്. അവിടെ ഭജനമിരുന്നാൽ ഒഴിയാത്ത ബാധയും ഭേദമാകാത്ത രോഗവും വഴിപാടു പ്രാർത്ഥിച്ചാൽ സാധിക്കാത്ത കാര്യവുമില്ല. മനു‌ഷ്യർ നിവസിക്കുന്ന ഗൃഹങ്ങളിലും മറ്റും ചിലപ്പോൾ ഉറുമ്പിന്റെ ഉപദ്രവം കലശലായി ത്തീരുന്നതു സാധാരണമാണല്ലോ. ആ അവസരങ്ങളിൽ നാഴി അരിയിൽ ഒരു നാളികേരം ചിരകിയിട്ടിളക്കി ഏട്ടകൾക്കു കൊടുത്താൽ ഉറുമ്പിന്റെ ഉപദ്രവം നിശ്ശേ‌ഷം നീങ്ങിപ്പോകും. ഈ സംഗതിയിൽ കൊല്ലം, തിരുവനന്തപുരം മുതലായ സ്ഥലങ്ങളിൽ അനുഭവസ്ഥരായി ഇപ്പോഴും പലരുമുണ്ട്. ഉറുമ്പിന്റെ ഉപദ്രവം ശമിക്കാനായി ഇപ്പോഴും പലരും ഇപ്രകാരം ചെയ്തുവരുന്നുമുണ്ട്. ഇവയ്ക്കെല്ലാം ദൃഷ്ടാന്തങ്ങളായിട്ട് അനേകം ഐതിഹ്യങ്ങളുണ്ട്. കുരങ്ങന്മാരുടെ മാഹാത്മ്യം സംബന്ധിച്ചു അസംഖ്യം കഥകൾ ഇനിയും പറയാനുണ്ട്. വിസ്തരഭയത്താൽ

അവയൊന്നും ഇവിടെ വിവരിക്കുന്നില്ല. അടുത്ത കാലത്ത്, അതായത് ഒരു മുപ്പതു കൊല്ലം മുമ്പുണ്ടായതായ ഒരു സംഗതികൂടി പറഞ്ഞിട്ട് ഈ ഉപന്യാസത്തെ അവസാനിക്കാമെന്നു വിചാരിക്കുന്നു.

കൊല്ലം 1065-ആമാണ്ടിടയ്ക്ക് ദൂരസ്ഥലന്മാരായ അഞ്ചുപേരൊരുമിച്ച് ശാസ്താങ്കോട്ടയിൽ സ്വാമി ദർശനത്തിനായി വന്നിരുന്നു. അവരിൽ നാലു പേർ സ്വാമിക്കു വഴിപാടിനും കുരങ്ങന്മാർക്കും ചോറും കൊടുക്കുന്നതിനും ഏട്ടകൾക്ക് അരി കൊടുക്കുന്നതിനും മറ്റും ഉണ്ണിത്തന്റെ പക്കൽ പണം കൊടുത്തേൽപ്പിച്ചു. ഒരാൾ മാത്രം വഴിപാടിനും മറ്റും ഒന്നും കൊടുത്തില്ല. അതിനാൽ അയാളോടു മറ്റവർ "എന്താ താൻ വഴിപാടിനൊന്നും കൊടുക്കുന്നില്ലേ?' എന്നു ചോദിച്ചു. "ഇല്ല. ഞാൻ കുളിച്ചു തൊഴണമെന്നു മാത്രമേ വിചാരിക്കുന്നുള്ളു. ഈശ്വരന്മാർക്കു ഞാൻ കൈക്കൂലി കൊടുക്കാറില്ല. എന്നുതന്നെയുമല്ല, കുരങ്ങന്മാർക്കു ചോറും മത്സ്യങ്ങൾക്കു അരിയും കൊടുക്കുന്നതു കേവലം മൂടന്മത്വമാണെന്നാണ് എന്റെ വിശ്വാസം" എന്നു പറഞ്ഞു. "എന്നാൽ വേണ്ടാ. എന്തോ ഇതൊരാപത്താണ്" എന്നു മറ്റവരും പറഞ്ഞു. അഞ്ചുപേരുംകൂടി കുളിക്കാൻ പോയി. അഞ്ചുപേരും മടിശ്ശീല കടവിൽ ഒരു കല്ലിന്മേൽ വചിട്ടു കുളിക്കാനിറങ്ങി. അപ്പോൾ ഒരു വാനരവീരൻ പെട്ടെന്ന് ചാടിച്ചെന്ന് വഴിപാടിനു കൊടുക്കാത്ത ആ മനു‌ഷ്യന്റെ മടിശ്ശീല മാത്രം എടുത്തുകൊണ്ട് ഓടിപ്പോയി ഒരു വൃക്ഷത്തിന്റ മുകളിൽ കയറിയിരുന്നു. മടിശ്ശീല കൊണ്ടുപോയപ്പോൾ അതിന്റെ ഉടമസ്ഥനു വലിയ വ്യസനമായി. അയാൾ പ്രാണനെക്കാൾ പണത്തെ സ്നേഹിക്കുന്നു ഒരാളാണ്. അയാൾ ഒരു കല്ലെടുത്ത് ആ കുരങ്ങനെ എറിഞ്ഞു. കുരങ്ങൻ ആ കല്ലും ചാടിപ്പിടിച്ച് അതുകൊണ്ടു തന്നെ ആ മനു‌ഷ്യനെയുമെറിഞ്ഞു. ആ ഏറുകൊണ്ട് ആ മനു‌ഷ്യന്റെ തലപൊട്ടിച്ചോരയൊലിച്ചു. പിന്നെ ആ കുരങ്ങൻ മടിശ്ശീലയഴിച്ച് അതിലുണ്ടായിരുന്ന പണമെടുത്ത് ഓരോന്നായി കായലിലേക്കിട്ടു. ഗത്യന്തരമിലയ്കയാൽ പണത്തിന്റെ ഉടമസ്ഥൻ അതുകണ്ടു വ്യസനിചു കൊണ്ടു നിന്നു. പണം മുഴുവനും തീർന്നപ്പോൾ കുരങ്ങൻ മടിശ്ശീല ചുരുട്ടിക്കൂട്ടി ഉടമസ്ഥന്റെ മുഖത്തേക്ക് ഒരേറുകൊടുത്തു. അപ്പോൾ ആ മനു‌ഷ്യന്റെ കൂട്ടുകാർ "എന്താ തൃപ്തിയായിലേ? ഈശ്വരന്മാർക്കുകൈക്കൂലി കൊടുക്കാഞ്ഞിട്ടു പണമൊക്കെ ഇപ്പോൾ ലാഭമായല്ലോ. തല പൊട്ടിയതുമാത്രം ലാഭം. എന്തെങ്കിലും ആപത്തുണ്ടുകുമെന്നു ഞങ്ങൾ മുമ്പുതന്ന പറഞ്ഞുവല്ലോ. ഇനി നടയിൽച്ചെന്നു സമസ്താപരാധങ്ങൾ ക്ഷമിക്കുന്നതിനു പ്രാർത്ഥിക്കൂ. അല്ലെങ്കിൽ തനിക്ക് ഇവിടെ നിന്നുപോയി പ്പിഴയ്ക്കാനൊക്കുമെന്നു തോന്നുന്നില്ല" എന്നു പറഞ്ഞു. അവർ അഞ്ചുപേരും കുളിച്ചു നടയിൽച്ചെലുകയും വഴിപാടു കഴിക്കാത്തയാൾ ഏറ്റവും പശ്ചാത്താപത്തോടുകൂടി മേൽപ്പറഞ്ഞപ്രകാരം പ്രാർത്ഥിക്കുകയും ചെയ്തു. അപ്പോൾ ഒരാൾ അവിടെച്ചെന്നു സംഗതി കളെല്ലാം ചോദിച്ചറിയുകയും കായലിൽപ്പോയ പണമെല്ലാം സ്വാമിക്കു വഴിപാടായിട്ടും കുരങ്ങന്മാർക്കും ചോറും ഏട്ടകൾക്കു അരിയും കൊടുക്കുന്നതായിട്ടും കൊടുത്തയയ്ക്കാമെന്നു നിശ്ചയിക്കാൻ അവരോടു പറയുകയും പണത്തിന്റെ ഉടമസ്ഥൻ അപ്രകാരം സമ്മതിചു പറഞ്ഞു സ്വാമിയെ പ്രാർത്ഥിക്കുകയും ചെയ്തു. അപ്പോൾ കുരങ്ങൻ കായലിൽ ച്ചെന്നു മുങ്ങി ഒരു ചെരട്ട എടുത്തുകൊണ്ടുവന്നു നടയിൽവച്ചു. കായലിലിട്ട പണം അതിലുണ്ടായിരുന്നു. എണ്ണിനോക്കിയപ്പോൾ അതു നൂറ്റൊന്നു പണമായിരുന്നുവെന്ന് ഉടമസ്ഥൻ പറഞ്ഞു. ആ പണം മുഴുവൻ സ്വാമിക്കു വഴിപാടിനും മറ്റുമായി ഉടമസ്ഥൻ ദേവസ്വത്തിൽ ഏല്പിച്ചു. ദേവസ്വക്കാർ അതിൽ പകുതിപ്പണം കൊണ്ടു സ്വാമിക്കു വഴിപാടുകൾ നടത്തുകയും ശേ‌ഷംകൊണ്ടു കുരങ്ങന്മാർക്കു ചോറും ഏട്ടകൾക്കു അറിയും കൊടിപ്പിക്കുകയും ചെയ്തു. എങ്കിലും കുരങ്ങന്മാർ ആ ചോറും ഏട്ടകൾ ആ അരിയും തിന്നില്ല. മനസ്സില്ലാത്തവർ നിവൃത്തിയില്ലാഞ്ഞിട്ടു കൊടുത്ത സാധനങ്ങൾ അവർ സ്വീകരിക്കാറില്ല.

ആ കായലിന്റെ തീരപ്രദേശത്തു സ്ഥിരവാസക്കാരായ അനേകം മുക്കുവരുണ്ട്. അവർ ആ കായലിൽനിന്നു മത്സ്യങ്ങളെ പിടിച്ചു വിറ്റും തിന്നും ഉപജീവിക്കുന്നവരാണ്. എങ്കിലും അവർ ഏട്ടകളെ പിടിക്കുകയോ ഏട്ടകൾ അവരുടെ വലയിൽ അകപ്പെടുകയോ ചെയ്യാറില്ല. ഏട്ടകളെ അവർ സ്വാമിയുടെ "തിരുമക്കൾ" എന്നാണ് പറയുന്നത്. 

 

രഞ്ജിത്ത് മാത്യു

 

കവർ ചിത്രം: ബിനോയ് തോമസ്

അടുത്ത ലക്കം: തിരുവട്ടാറ്റാദികേശവൻ

ബന്ധങ്ങൾ (നോവൽ - 47)

June 14, 2021

അന്നത്തെ ഓട്ടം  ഒരു കല്യാണ ഓട്ടമായിരുന്നു. ഇരുപത്‌  കിലോമീറ്ററിന്  അൻപത് രൂപാ വച്ച് കൊടുത്ത്  ഈപ്പച്ചനുമായി കണക്ക് തീർക്കുമ്പോൾ മത്തച്ചന്‍റെ മനസ്സിൽ സന്തോഷത്തിന്‍റെ പൂത്തിരികൾ  നിന്ന് കത്തുകയായിരുന്നു. കല്യാണ ഓട്ടത്തിന്‍റെ വകയായി അധികം കിട്ടിയ അഞ്ഞൂറ്  രൂപാ  സ്വന്തം പോക്കറ്റിൽ തന്നെ ഭദ്രമായിട്ടിരുപ്പുണ്ടെന്ന്   ഉറപ്പ്  വരുത്തുവാനും,  സംസാരത്തിനിടയിൽ മത്തച്ചൻ  ശ്രദ്ധിച്ചു.

 

 

ഓട്ടത്തിന്‍റെ  കമ്മീഷനും, പെട്രോൾ ചാർജുമെല്ലാം വസൂലാക്കിയ ശേഷം   കയ്യിൽ ബാക്കി ലഭിച്ച തുകയുമായി  ഈപ്പച്ചൻ  ലേശം നിരാശയോടെ നിന്നിട്ട് മത്തച്ചനോട്   താക്കീത് പോലെ  സ്വന്തം അഭിപ്രായം പറയുവാൻ മടിച്ചില്ല.

 

 

ഒരു ദിവസത്തെ  ആകെ വരുമാനം ഇത്രയേ ഉള്ളോ ?. വണ്ടിയുടെ തേയ്മാനവും മറ്റും കണക്കിടുമ്പോൾ ഈ തുക  ഒന്നിനും തികയില്ലല്ലോ?. ഈപ്പച്ചന്‍റെ  കണ്ണുകളിൽ കത്തിയെരിയുന്ന നിരാശയുടെ അഗ്നി കുണ്ഡത്തെ നയപരമായ സമീപനം  കൊണ്ടാണ് മത്തച്ചൻ  നേരിട്ടത്.

 

 

അപ്പച്ചാ .... ചന്ത കവലയിൽ ടൂറിസ്റ്റ്  വണ്ടികളുടെ നീണ്ട നിര തന്നെയുണ്ട്. അതിന്‍റെ ഇടയ്ക്ക് ഈ ഓട്ടം  തന്നെ ഒപ്പിച്ചത് വളരെ വിഷമിച്ചാണ് . എന്തായാലും നാളെ വല്ല മാറ്റവും ഉണ്ടോയെന്ന് നോക്കാം.  മത്തച്ചൻ  നിരാശ കലർന്ന സ്വരത്തിലാണ് അങ്ങനെ പറഞ്ഞത്.

 

നാളെ എന്തായാലും മറ്റൊരിടത്തും ഓട്ടം  പോകേണ്ട... ഉച്ച കഴിഞ്ഞു  നമ്മൾക്ക് കോഴിക്കോടിന് പോകുവാനുള്ളതാ. ഉമ്മച്ചന്‍റെ വീടിന്‍റെ കല്ലിടീലിനുള്ള തീയതി അടുത്ത്  വരുന്ന കാര്യം മത്തച്ചനെ  ഓർമ്മിപ്പിക്കുവാനും ഈപ്പച്ചൻ  മറന്നില്ല. 

 

മത്തച്ചന്‍റെ   മനസ്സിന് നേരിയൊരു ആശ്വാസം തോന്നാതിരുന്നില്ല .  അതിനൊരു പ്രത്യേക കാരണവും ഉണ്ടായിരുന്നു.

 

 

ടാക്സി ഓട്ടത്തിന്‍റെ   ആദ്യദിനം   തന്നെ കിട്ടിയ കാശിൽ  നിന്നും കയ്യിട്ടു വാരിയെന്ന  ഖ്യാതി ആരെങ്കിലും അറിഞ്ഞു ഈപ്പച്ചനുമായി പങ്ക്  വെച്ചാൽ അതിന്‍റെ  ഫലം ഉണ്ടാക്കുന്ന തിക്താനുഭവങ്ങൾ വളരെ വലുതായിരിക്കും.

 

അതിനെന്താ അപ്പച്ചാ .... രാവിലെ തന്നെ ഞാൻ ഇങ്ങു  വന്നേക്കാം .... ഈപ്പച്ചൻ  ഒന്ന് ഉറക്കെ മൂളിയിട്ട് പറഞ്ഞു.

 

 

രാവിലെ കടയിൽ വരെ പോയി കുറെയേറെ  സാധങ്ങൾ വാങ്ങണം. കുറേ റബർ ഷീറ്റും കൂടി വിറ്റാലേ  കാര്യങ്ങൾ നടക്കുകയുള്ളു.  ഈപ്പച്ചൻ  പറയുന്നത് നിശ്ശബ്ദനായി നിന്ന് കേട്ടിട്ട് മത്തച്ചൻ വീട്ടിലേക്ക് നടന്നു.

 

****

 

വീട്ടിലെത്തിയ മത്തച്ചനെ വരവേറ്റത് ഭാര്യ തങ്കം ആയിരുന്നു.  ആദ്യ ദിനം ഓട്ടം പോയതിന്‍റെ വിശേഷങ്ങൾ അറിയുവാനുള്ള  ഭാര്യയുടെ വഗ്രത  കണ്ടപ്പോൾ അയാൾ ഒന്ന് ചിരിച്ചു.

 

 

ചെറിയൊരു ഓട്ടമായിരുന്നു. കാര്യമായി ഒന്നും തന്നെ തടഞ്ഞില്ല.  ഭർത്താവിന്റെ മുഖത്ത് മിന്നി മറയുന്ന ഭാവത്തിൽ നിന്നും എന്തോ കള്ളത്തരം ഒപ്പിയെടുത്തത്  പോലെ അവരൊന്നു  ചിരിച്ചിട്ട്  ഭർത്താവിനോട് താക്കീത് പോലെ പറഞ്ഞു. 

 

ഇപ്പോൾ  കിട്ടിയ ഈ ജോലിയെങ്കിലും നഷ്ടപ്പെടുത്താതെ  ഇരുന്നാൽ നമ്മൾക്ക് കഞ്ഞി കുടിച്ചെങ്കിലും കിടക്കാം.

 

മുൻപ്  പലയിടത്തും കള്ളത്തരം കാട്ടി പിടിക്കപ്പെട്ടതിന്‍റെ കഥ അറിയാവുന്നതിനാൽ ആയിരുന്നു അയാളുടെ ഭാര്യ തങ്കം അങ്ങനെ പറഞ്ഞത്.

 

അതിന് തക്കതായൊരു മറുപടി പറയാതെ ഭാര്യയ്‌ക്കൊരു പുഞ്ചിരി സമ്മാനിച്ചിട്ട് , അയാൾ കാപ്പി എടുത്തുകൊണ്ട് വരുവാൻ നിർദേശം നൽകി.  കാപ്പി കുടിച്ചു കൊണ്ടിരുന്നതിന്‍റെ ഇടയിൽ പിറ്റേന്ന് കോഴിക്കോട് പോകുന്നതിനെ പറ്റി ഭാര്യയോട് പറയുവാൻ മറന്നില്ല.

 

 

എല്ലാം നല്ലതിനായി തീരണേ .... ഭഗവാനേ ....... അതും പറഞ്ഞു തങ്കം ഭഗവാന്‍റെ മുൻപിൽ തൊഴുകൈയ്യോടെ നിൽക്കുകയും, മന മുരുകി  പ്രാത്ഥിക്കുകയും  ചെയ്തു.

 

 

രണ്ടു ധ്രുവങ്ങളിലുള്ള  സ്വാഭാവമായിരുന്നു അവരുടേത്  .   പ്രണയവിവാഹമായിരുന്നതിനാൽ  മത്തച്ചനും , തങ്കത്തിനും അവരവരുടെ വീടുകളിൽ നിന്നും വേണ്ട പരിഗണനയും, സഹകരണവും  കിട്ടിയതുമില്ല. വിവാഹം കഴിഞ്ഞ നാളു  മുതൽ തങ്കം, മത്തച്ചന്‍റെ വഞ്ചനയെന്ന  സ്വഭാവത്തെ പിഴുത്  മാറ്റുവാൻ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. 

 

 

 

പക്ഷേ ....

 

 

യാതൊരു മാറ്റവും ആ കാര്യത്തിൽ കാണാത്തതിനാൽ അവർ പരിശ്രമം  തുടർന്നു കൊണ്ടേ ഇരിക്കുന്നു.  

 

സ്കൂളിൽ നിന്നും പിള്ളേർ എത്തുന്നതിന് മുൻപ് എന്തെങ്കിലും ഉണ്ടാക്കണമെന്നും പറഞ്ഞു കൊണ്ട് തങ്കം അടുക്കളയിലേക്ക് മെല്ലെ നടന്നു നീങ്ങി. മത്തച്ചൻ  പണം എങ്ങനെ സമ്പാദിച്ചു  കൂട്ടാം എന്നതിനെ പറ്റി യുള്ള ചിന്തയിൽ മുഴുകി തിണ്ണയിൽ തന്നെ ഇരുന്നു.

 

 

********

 

പണ്ടേ കോഴിക്കോടിന്  പോകുവാനായി പായ്ക്ക് ചെയ്തു വച്ചിരിക്കുന്ന ബാഗ് എടുത്ത് മറിയാമ്മച്ചി തിരിച്ചും മറിച്ചും നോക്കിയിട്ടു അതിലെ പൊടിയൊക്കെ തട്ടി കളഞ്ഞു . ശാപമോക്ഷം നേടിയൊരു വസ്തുവിനെ  പോലെ ആ ബാഗ് എടുത്ത്  കട്ടിലിന്‍റെ അരികിലേക്ക് അവർ ഒതുക്കി വെച്ചു.

 

ഈ പ്രാവശ്യമെങ്കിലും നാത്തൂന് തടസ്സമൊന്നും ഇല്ലാതെ പോകാമെന്ന് കരുതിക്കോട്ടേ?. ലേശം തമാശ കലർന്ന  രീതിയിലായിരുന്നു ഏലമ്മച്ചിയുടെ സംസാരം. 

 

അത് കേട്ടപ്പോൾ മറിയാമ്മച്ചിയ്ക്ക് ദേഷ്യം വന്നു.  നീയും കൂടി വരുന്നുണ്ടെങ്കിൽ പോരെടീ. നമ്മൾക്ക് മൂന്നാൾക്കും കൂടി ഉമ്മച്ചനോടപ്പം കോഴിക്കോട് സുഖമായി കഴിയാം.

 

പട്ടണത്തിലേക്ക് ചേക്കേറി കഴിഞ്ഞാൽ ഇപ്പോൾ ഇവിടെ  കിട്ടുന്ന ഈ സ്വാതന്ത്രമൊന്നും അവിടെ  കിട്ടില്ലെന്ന്‌ അറിയാവുന്ന ഏലമ്മച്ചി ആ ക്ഷണത്തെ സ്നേഹപൂർവ്വം നിരസിച്ചിട്ട്  വിഷയം മാറ്റുവാനായി പുതിയൊരു  സംസാരത്തിന്  തിരി തെളിച്ചു.

 

"നാത്തൂൻ പോയാൽ പിന്നീട് എപ്പോഴാ ഇങ്ങോട്ട്  തിരികെ വരുന്നത്". മറിയാമ്മച്ചിയിൽ നിന്നും മറുപടി കിട്ടാതെയായപ്പോൾ ഏലമ്മച്ചി സംസാരം തുടർന്നു.

 

കാലിന്‍റെ ഈ ബലഹീനതയില്ലായിരുന്നെങ്കിൽ  ഞാനും നിങ്ങളോടൊപ്പം അവിടം വരെ വന്നിട്ടു തിരികെ പോന്നേനേ.   ഉമ്മച്ചന്‍റെയും , അമ്പിളിയുടേയും  വീടിനു തറക്കല്ലു  ഇടുന്നത് കാണുവാനുള്ള ആഗ്രഹം അവരുടെ മനസ്സിനുള്ളിൽ  തുള്ളി തുളുമ്പി നിന്നിരുന്നു. 

 

നാളെ മദ്രാസിൽ നിന്നും മത്തായികുട്ടി  വരുമ്പോൾ അമ്മയെ കണ്ടില്ലെങ്കിൽ ദേഷ്യപ്പെടുകയില്ലേ?.  യാത്ര ഒരു ദിവസം കൂടി നീട്ടുന്നതിനെ പറ്റിയുള്ള ചർച്ചയ്ക്ക് തിരി കൊളുത്തുവാനായിരുന്നു ഏലമ്മച്ചി അങ്ങനെ പറഞ്ഞത്. 

 

മറിയാമ്മച്ചിയൊന്ന്  ഉള്ളുറഞ്ഞു ചിരിച്ചു. മറ്റന്നാൾ രണ്ട്  വീടിന്‍റെയും  കല്ലേടീൽ നടത്തുമ്പോൾ അമ്മയും. അപ്പനും അവിടെ ഉണ്ടാകണമെന്ന് ജെസ്സി ഇന്നലെ കൂടെ വിളിച്ചു പറഞ്ഞതേയുള്ളു. മത്തായികുട്ടിയ്ക്ക്  പോകുന്നതിന് മുൻപ് അവിടം വരെ വരുന്നതിന് അസൗകര്യം ഒന്നും ഉണ്ടാകുകയില്ലായിരിക്കും.

 

വത്സല നാളെ രാവിലെ തന്നെ അവിടെ എത്തിക്കോളാമെന്നും അറിയിച്ചിട്ടുണ്ട്. മറിയാമ്മച്ചി പറഞ്ഞു നിർത്തിയതും ഏലമ്മച്ചിയൊരു നീണ്ട കൂട്ടുവായിട്ടു.

 

എല്ലാം നാത്ത്തൂന്‍റെ ഇഷ്ടം പോലെ ചെയ്‌താൽ മതി.

 

******

 

 

പിറ്റേന്നു  രാവിലെ ഈപ്പച്ചൻ , മത്തച്ചനോടൊപ്പം കടയിലേക്ക് പോയി കോഴിക്കോടിന്  കൊണ്ടുപോകുവാൻ ആവശ്യമുള്ള സാധങ്ങൾ എല്ലാം വാങ്ങിച്ചു .   

 

റബർ വിറ്റു കിട്ടിയ പണം ഭദ്രമായി പണ സഞ്ചിയിൽ വയ്ക്കുവാൻ ഈപ്പച്ചൻ  മറന്നതുമില്ല.  

 

കടയിൽ നിന്നും തിരികെ വീട്ടിൽ  എത്തിയ ശേഷം പിന്നെയും ഏറെ നേരം കഴിഞ്ഞാണ് അവർ കോഴിക്കോടിന് യാത്ര തിരിച്ചത്.

മറിയാമ്മച്ചി   നടുവിന്  ആയാസം അനുഭവപ്പെടാതെ ഇരിക്കുവാനായി ഒരു ചെറിയ  തലയിണയും, പതിവായി കഴിക്കുന്ന മരുന്നുകൾ  സൂക്ഷിച്ചു വയ്ക്കുന്ന  ചെറിയ പാത്രവും എടുക്കുവാൻ മറന്നില്ല.

 

 

 

അവരുടെ യാത്ര സുഖകരം ആയിരുന്നു.  ഈപ്പച്ചനും , മറിയാമ്മച്ചി യും, മത്തച്ചനും, കോഴിക്കോട് എത്തിയപ്പോൾ  രാത്രിയേറെ  വൈകിയിരുന്നു. എങ്കിലും അമ്പിളി എല്ലാവരേയും  ഹാർദ്ദവമായി സ്വീകരിച്ചു  വീടിന്‍റെ ഉള്ളിലേക്ക് ആനയിച്ചു.

 

 

(തുടരും )

 

 

രഞ്ജിത്ത്  മാത്യു 

കവർ ചിത്രം: ബിനോയ് തോമസ് 

തിരിച്ചറിവ്

June 12, 2021

താഴെ ആരൊക്കയോ  ഉറക്കെ നിലവിളിക്കുന്നത്  കേൾക്കാം ....ഒന്നും വ്യക്തമല്ല ...
ആരൊക്കയോ തന്റെ ഭവനത്തിലേക്ക് ഓടിക്കയറുന്നു ...
ആരൊക്കെയായിരിക്കും അവർ?.....
ഫോൺ എടുക്കാഞ്ഞിട്ടു ആരെങ്കിലും അന്വേഷിച്ചു വന്നതായിരിക്കും.. ഇങ്ങനെ പോയി അവന്റ ചിന്തകൾ ...
അവനിപ്പോ അവരേക്കാളും വളരെ മുകളിൽ ആണ് ..മേഘങ്ങൾക്ക് നടുവിൽ ...


പെട്ടന്ന് ആ മേഘങ്ങൾ നീങ്ങിത്തുടങ്ങി...
എങ്ങോട്ടാണ് പോകുന്നത് എന്ന് ഒന്നും അവന് മനസ്സിലായില്ല ...
ഒരുപാട്‌ ദൂരം പിന്നിട്ടപ്പോൾ ഒരു കവാടത്തിനു മുമ്പിൽ അവൻ എത്തി ..

ആരെയും കാണുന്നില്ല ...പരിപൂർണ്ണ നിശബ്ദത  ...അതിന്റെ വാതിലിൽ ഇങ്ങനെ കുറിച്ചിട്ടുണ്ട് ..വളരെ ഭംഗിയായി 

"നിന്റെ ഓട്ടം നീ പൂർത്തിയാക്കിയോ ?".

 ഒരായിരം ഓർമ്മകൾ അവനിലേക്ക്  കടന്നു വന്നു .. എല്ലാം പെട്ടെന്ന് അവന്റെ മുമ്പിലൂടെ കടന്നുപോയി .ബാല്യം ..പഠനം ..വിവാഹം ..മക്കൾ ..പിന്നേ വേർപാട് ..ഭാര്യയുടെ ..മക്കളുടെ ...തന്റെ സ്വന്തമെന്നു അഹങ്കരിച്ചവരുടെ ...വേർപാട് ...തന്റെ കൈപ്പിഴ കൊണ്ട്...കാർ മറഞ്ഞപ്പോൾ ..അതെ ഞാൻ മാത്രമാണ് ഉത്തരവാദി ...തനിക്ക് എല്ലാം നഷ്ടമായി .....
എങ്കിലും രണ്ട് കൊല്ലം കൂടി ജീവിച്ചു ..ഒന്നും മറക്കാൻ കഴിഞ്ഞില്ല ..ഇനി വയ്യ എന്ന തോന്നിയത് കൊണ്ടാണ്  അത് കഴിച്ചത് ..ദിവസങ്ങൾ ഓളം ചിന്തിച്ചെടുത്ത  തീരുമാനം ...
പെട്ടന്നു ആ ഓർമകളിൽ നിന്ന് അവൻ പുറത്തു വന്നു ...
മുമ്പിൽ കവാടം ഉണ്ട്...പക്ഷേ ആ  എഴുത്തുകൾ മാഞ്ഞുപോയിരിക്കുന്നു ...അതിൽ പിടിച്ചു ഒന്ന് തള്ളിനോക്കി ..തുറക്കുന്നില്ല ..പെട്ടന്നാണ് ഒരു പഴയ പൂട്ടുകൾ ശ്രദ്ധയിൽ പെട്ടത് ....
പക്ഷേ ...അതിന്റെ താക്കോൽ കാണാനില്ല ..വലിച്ചുനോക്കി ..പറ്റില്ല ..
പെട്ടന്ന് ഒരു ശബ്‍ദം ..

"നിന്റെ ഓട്ടം നീ നന്നായി പൂർത്തിയാക്കിയോ ??"

വീണ്ടും അവന്റെ മനസിലേക്ക് ഒരായിരം ഓർമ്മകൾ വന്നു ..പത്രങ്ങളിൽ വായിച്ചു മറന്ന വാർത്തകൾ ...എല്ലാം മനസ്സിനെ അലിയിക്കുന്നവ ...ഏക മകളെ നഷ്ട്ടപെട്ട അമ്മ ,46 ആളുകളാൽ നശിപ്പിക്കപ്പെട്ട പെൺകുട്ടി.....അമ്പതാം ദിവസവും വെന്റിലേറ്ററിൽ കഴിയുന്ന വൃദ്ധൻ...രണ്ടു മക്കളേയും കൊന്നുകളഞ്ഞു ആത്മാഹൂതി ചെയ്ത ഭർത്താവിന്റെ ഓർമകളുമായി കഴിയുന്ന ഒരു സ്ത്രീ ..ഇങ്ങനെ കുറെ...
നിരാശയുടെ പടുകുഴിയിലൂടെ കടന്നു പോയ കുറേ ജന്മങ്ങൾ .. അവന്റെ  കണ്ണുകൾ നിറഞ്ഞു ...
അവരെയെല്ലാം ഒന്നു പോയി കാണണം ...അവരുടെ കൂടെ  കുറച്ചു കൂടി ജീവിക്കണം ...
പെട്ടന്നു അവന്റെ മുമ്പിലുള്ളവ എല്ലാം അപ്രത്യക്ഷമായി ..കണ്ണുകൾ തുറന്നപ്പോൾ ...അവൻ ആശുപത്രിയിലായിരുന്നു .....ബീപ്പ് ..ബീപ്പ്  ...ശബ്ദം ..മരുന്നിന്റെ ദുർഗന്ധം ..വെള്ള വസ്ത്രങ്ങൾ ധരിച്ച കുറെ പേർ ..
അഞ്ചാം  ദിവസം രണ്ടു  സുഹൃത്തുക്കൾ അവനേ കാണാൻ വന്നു ..ആരും അവനോടു ഒന്നും ചോദിച്ചില്ല ..
പതിനഞ്ചു ദിവസത്തിനു ശേഷം വീട്ടിൽ എത്തി ..
അവൻ അവന്റെ ഡയറിയിൽ ഇങ്ങനെ കുറിച്ചു . 
മരണം ഒരു അവസാനമാണ് ............ആർക്കും പിടിതരാത്ത ഉത്തരങ്ങളില്ലാത്ത അനേകം ചോദ്യങ്ങൾ അടങ്ങിയ ഒരു പ്രപഞ്ച സത്യം ...ചിലർ ഇതിനെ സ്വയം പുൽകാറുണ്ട് ..എന്നിരുന്നാലും അവന്റെ /അവളുടെ അവസാന ചിന്തകളിൽ മണ്ടത്തരമായി പോയീ എന്നു ചിന്തിച്ചിരിക്കും എന്ന് പറയാനാണ് എന്റെ ആഗ്രഹം..അനേകം ജോലികൾ ഇനിയും എനിക്ക് ചെയ്തു തീർക്കാനുണ്ട് ...


ആദ്യം പോകേണ്ടത് ആ പെൺകുട്ടിയെ കാണാനാണ് ..പീഡനങ്ങൾ ഏറ്റുവാങ്ങിയ ആ മകളെ .തന്റെ മോളുടെ പ്രായം കാണുമായിരിക്കും ..ആരും ഇല്ലെങ്കിൽ,തന്റെ കൂടെ വരുമെങ്കിൽ ഇങ്ങോട്ടു കൂട്ടികൊണ്ടുവരണം ...

 

സോണിയ സുബീഷ്

കവർ ചിത്രം: ബിനോയ് തോമസ് 

കുളപ്പുറത്തു ഭീമൻ

June 2, 2021

മീനച്ചിൽ താലൂക്കിൽ കയ്യ്യൂർ ദേശത്തു കുളപ്പുറത്ത് എന്ന നായർ ഗൃഹത്തിൽ കൊല്ലവർ‌ഷം ഒൻപതാം ശതകത്തിൽ ജീവിച്ചിരുന്ന ഒരു മനു‌ഷ്യന്റെ പേരാണ്  കുളപ്പുറത്തു ഭീമൻ

 

ഈ മനു‌ഷ്യന്റെ സാക്ഷാൽ പേര് എന്തായിരുന്നു എന്ന് നിശ്ചയമില്ല. അത്ഭുതകർമ്മങ്ങൾ നിമിത്തം ജനങ്ങൾ കൊടുത്തിട്ടുള്ളതാണ്. കുളപ്പുറത്തു ഭീമന്റെ അത്ഭുതകർമ്മങ്ങൾ പറയുകയെന്നുവച്ചാൽ അവസാനമില്ലാതെയുണ്ട്.

 

അവയിൽ ചിലതു മാത്രമേ ഇവിടെ വിവരിക്കണമെന്നു വിചാരിക്കുന്നുള്ളു.

ആജാനുബാഹുവും സ്ഥൂലശരീരനും ഉന്നതകായനുമായിരുന്ന ഭീമൻ കാഴ്ചയിൽ ഒരു ഭീമൻ തന്നെയായിരുന്നുവെങ്കിലും ഒട്ടും വിരൂപനായിരുന്നില്ല "വ്യൂഢോരസ്കോവൃ‌ഷസ്കന്ധസ്സാലപ്രാംശുർമ്മഹാഭുജഃ" എന്നു കാളിദാസൻ ദിലീപരാജാവിനെ വർണ്ണിച്ചിട്ടുള്ളതു നമ്മുടെ ഭീമനും നല്ലപോലെ ചേരുമായിരുന്നു.

 

എന്നാൽ നമ്മുടെ ഭീമനു ചെറുപ്പത്തിൽ മതിയാകത്തക്കവണ്ണമുള്ള ആഹാരം സ്വഗൃഹത്തിൽ നിന്നു ലഭിച്ചിരുന്നില്ല. ഭീമനു ഭക്ഷണം സാധാരണ മനു‌ഷ്യരെപ്പോലെ ആയാൽ മതിയാവുകയില്ലെന്ന് അറിഞ്ഞിരുന്നതുകൊണ്ട് അയാൾക്കു പതിവായി കാലത്തു കഞ്ഞിക്കു മൂന്നേകാലും അത്താഴത്തിന് ആറേകാലും ഇടങ്ങഴി അരിവീതമാണ് കാരണവർ പതിവുവച്ചിരുന്നത്.

 

അതുകൊണ്ട് നമ്മുടെ ഭീമന് ഒട്ടും മതിയായിരുന്നില്ല. അതിനാൽ അയാൾ സമീപത്തുള്ള കാടുകളിൽ കയറി ഉടുമ്പ്, മുയൽ മുതലായവയെ പിടിച്ചു കൊണ്ടുവന്നു ചുട്ടു തിന്നു കൂടിയാണ് ചെറുപ്പത്തിൽ ജീവിച്ചിരുന്നത്.

 

കാരണവർ മരിക്കുകയും തനിക്കു തറവാട്ടിൽ കാരണവസ്ഥാനവും സ്വാതന്ത്ര്യവും ലഭിക്കകയും ചെയ്ത കാലം മുതൽ ഭീമൻ തന്റെ ഭക്ഷണത്തിനുള്ള പതിവു ഭേദപ്പെടുത്തി. കാലത്തു കഞ്ഞിക്ക് ഇരുപത്തഞ്ചേകാലിടങ്ങഴി അരിയും അതിനു ചേർന്ന പുഴുക്കും അത്താഴത്തിനു മൂന്നു പറ അരിയും അതിനു ചേർന്ന മറ്റു വിഭവങ്ങളുമാണ് ഭീമൻ സ്വയമേവ നിശ്ചയിച്ചപതിവ്. ഈ പതിവ് അയാളുടെ പതിനാറാമത്തെ വയസ്സിൽ നിശ്ചയിച്ചതാണ്.

 

 അതിനെ പിന്നെ ഒരിക്കലും അയാൾ ഭേദപ്പെടുത്തിയിരുന്നുമില്ല. എന്നാൽ ഇത്രയും കൊണ്ട് അയാൾക്കു മതിയായിരുന്നു എന്ന് ആരും വിചാരിച്ചുപോകരുത് അയാൾ കാരണവരായപ്പോൾ തറവാട്ടിൽ അധികച്ചെലവുണ്ടാക്കി എന്നുള്ള ദു‌ഷ്പേരു തനിക്കുണ്ടാകരുതല്ലോ എന്നു വിചാരിച്ചും ഇതിലധികം ചെലവുചെയ്യാൻ മുതലില്ലാ തെയിരുന്നതുകൊണ്ടും ഇത്രയും മതിയെന്നു നിശ്ചയിച്ചു എന്നേയുള്ളു. പോരാത്തതു യഥാപൂർവ്വം വന്യമൃഗങ്ങളെക്കൊണ്ടുതന്നെയാണ് അയാൾ നികത്തിപ്പോന്നത്.

 

പക്ഷേ, പ്രായത്തിനും സ്ഥിതിക്കും തക്കവണ്ണം അയാൾ അതൊന്നു പരി‌ഷ്കരിച്ചിരുന്നു. ചെറുപ്പത്തിൽ ഉടുമ്പ്, മുയൽ മുതലായവയെ പിടിച്ചു ചുട്ടു തിന്നുകയാണല്ലോ അയാൾ ചെയ്തിരുന്നത്. യൗവ്വനമായപ്പോൾ മാൻ, പന്നി മുതലായവയെ പിടിച്ചു കൊണ്ടുവന്നു കാലുകൾ കെട്ടി വലിയ ചെമ്പിലോ വാർപ്പിലോ ഇട്ട് അടുപ്പത്തുവച്ചു വെള്ളമൊഴിച്ചു വേവിച്ചെടുത്തു തോൽ പൊളിച്ചാണ് അയാൾ തിന്നിരുന്നത്.

 

അതും ഒരു വിശേ‌ഷ രീതിയിലായിരുന്നു. ഭീമനു പകൽ സമയം കിടക്കുന്നതിന് ഒരു തൂക്കുവഞ്ചി (ഊഞ്ഞാൽക്കട്ടിൽ) ഒരു മുറിക്കകത്തു തൂക്കിയിരുന്നു. ഇതിന്റെ തലയ്ക്കലായി മാൻ,പന്നി മുതലായവയുടെ വേവിച്ച മാംസം പൊക്കംപാകത്തിനു കെട്ടിത്തൂക്കും. പിന്നെ ഊഞ്ഞാൽക്കട്ടിലിൽ മലർന്നു കിടന്ന് ആടിക്കൊണ്ടു കടിച്ചു കടിച്ചു തിന്നും. ഇങ്ങനെയാണ് പതിവ്. കഞ്ഞിയും ചോറും കറികളും കുടാതെ രണ്ടു പന്നിയെയും ഒരു മാനിനെയും അയാൾ പ്രതിദിനം ഇങ്ങനെ ഭക്ഷിച്ചിരുന്നു.

നമ്മുടെ ഭീമൻ ഗംഭീരനായിരുന്നുവെങ്കിലും ഒരു വിനോദശീലനു മായിരുന്നു. അയാൾ മാനിനെയും പന്നിയെയും മറ്റും പിടിക്കാൻ കാട്ടിൽ പോകുമ്പോൾ ചില ദിവസങ്ങളിൽ നാലും അഞ്ചും പുലിക്കുട്ടികളെയും പിടിച്ചുകൊണ്ടു പോരും അവയെ വീട്ടിൽ കൊണ്ടുവന്നു പൂച്ചക്കുട്ടികളെപ്പോലെ വളർത്തി, ചില കളികൾ പഠിപ്പിച്ചു സർക്കസ്സുകാരെപ്പോലെ കളിപ്പിക്കുക പതിവായിരുന്നു.

 

ഒരിക്കൽ ഭീമൻ കാട്ടിൽ ചെന്നപ്പോൾ ഒരു വലിയ കടുവയെ കണ്ടു. അതിനെയും അയാൾ പിടിച്ചു വീട്ടിൽ കൊണ്ടു വന്നു. ശ്രീകൃ‌ഷ്ണൻ ഉരൽ വലിച്ചുകൊണ്ടു ചെന്ന വഴിയിൽ നിന്നിരുന്ന കകുഭദ്രുമങ്ങൾ പോലെ രണ്ടു മരങ്ങൾ അടുത്തടുത്തു കുളപ്പുറത്തു പുരയിടത്തിൽ നിൽക്കുന്നുണ്ടായിരുന്നു. ഭീമൻ ആ കടുവായെ ആ മരങ്ങളുടെ ഇടയ്ക്കു കയറ്റി ഒന്നമർത്തി അവിടെ നിറുത്തി. കടുവാകാലുകൾ നിലത്തു തൊടാതെയും വായ്പൊളിച്ചും നാക്കുനീട്ടിയും കണ്ണുകൾ മിഴിച്ചും മുൻപോട്ടും പുറകോട്ടും പോകാൻ നിവൃത്തിയില്ലാതെയും അവിടെ നിലായായി.

 

അതിനാൽ ആ ദിക്കുകാർക്കു ജീവനോടു കൂടിയ കടുവയെ നിർഭയമായി അടുത്തു കാണുന്നതിന് അന്നു തരപ്പെട്ടു.

ഒരിക്കൽ ഭീമൻ കാട്ടിൽ ചെന്നപ്പോൾ ഒരു കാട്ടുപോത്ത് അയാളെ വെട്ടാനായി ചാടിച്ചെന്നു. പൊത്തിനെ കണ്ടപ്പോൾ അയാൾക്കു സ്വൽപം ഭയമുണ്ടായി എങ്കിലും അയാൾ ധൈര്യസമേതം അതിന്റെ കൊമ്പുകളിൽപ്പിടിച്ചു തല കുനിച്ചു മോന്ത നിലത്തിട്ട് ഉരച്ചു തുടങ്ങി.

 

അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ പോത്തിന്റെ മുൻവശത്തുണ്ടായിരുന്ന പലുകളെലാം രക്തപ്രാവാഹത്തോടുകൂടി നിലത്തു വീണു. ഭീമനെ കൊല്ലാനായി വന്ന പോത്തിന്റെ വിചാരം അപ്പൊൾ താൻ ചാകാതെ വല്ല പ്രകാരവും പോയിപ്പിഴച്ചാൽ മതിയെന്നായി.

 

ആ സമയം ഭീമൻ പോത്തിനെ പുറകോട്ടൊന്നു തള്ളുകയും പോത്ത് അവിടെ മറിഞ്ഞു വീഴുകയും ആ തരത്തിനു ഭീമൻ ഓടി വീട്ടിലേക്കും പോത്ത് ഒരു വിധം എഴുന്നേറ്റ് കാട്ടിലേക്കും പോവുകയും ചെയ്തു.

ഭീമൻ ജീവിച്ചിരിന്ന കാലത്ത് കയ്യൂർ ദേശത്തും സമീപപ്രദേശങ്ങളിലും കച്ചവടസ്ഥലങ്ങൾ ഉണ്ടായിരുന്നില്ല. അതിനാൽ ആ ദേശക്കാർക്ക് ഉപ്പ് എട്ടുപത്തു നാഴിക കിഴക്ക് ഈരാറ്റുപേട്ട എന്ന സ്ഥലത്തു പോയി വാങ്ങിക്കൊണ്ട് വരേണ്ടിയിരുന്നു.

 

 കുളപ്പുറത്തു വിട്ടിലേക്കു ഭീമൻ തന്നെ പോയി അഞ്ചാറു പറ ഉപ്പ് ഒരുമിച്ചു വാങ്ങിക്കൊണ്ടുപോരുകയാണ് പതിവ്. ഭീമൻ ഉപ്പുവാങ്ങാൻ പോകുന്ന സമയം അയൽ വീട്ടുകാരും അവരവർക്കു ആവശ്യമുള്ള ഉപ്പിനു വേണ്ടുന്ന പണവും പാത്രവും അയാളെ ഏൽപ്പിച്ചയയ്ക്കുക പതിവാണ്.

 

അക്കാലത്ത് ഇപ്പോഴത്തെപ്പോലെ ചാക്കു സുലഭമല്ലാതിരുന്നതിനാൽ ഉപ്പും മറ്റും വാങ്ങിക്കൊണ്ട് പോരുന്നതു നെപ്പട്ടിലായിരുന്നു. ഒരു നെപ്പട്ടിൽ ആറു പറ ഉപ്പുകൊള്ളും. അതിനാൽ ഒരു ചുമടുപ്പ് എന്നു പറഞ്ഞാൽ ആറു പറ ഉപ്പെന്നു കണക്കാക്കാം. ഒരിക്കൽ ഭീമൻ പോയി തനിക്കും അയൽ വിട്ടുകാർക്കും കൂടി ആറു ചുമടുപ്പു വാങ്ങിക്കെട്ടി മീതെയ്ക്കു മീതെയായി തലയിൽക്കയറ്റിക്കൊണ്ട് ഈരാറ്റുപേട്ടയിൽ നിന്നു സ്വദേശത്തേക്കു പുറപ്പെട്ടു.

 

അങ്ങനെ ഏകദേശം നാലു നാഴിക ദൂരം പോയപ്പോൾ കുറേശ്ശേ മഴ ആരംഭിച്ചു. ഉപ്പു നനഞ്ഞാൽ നഷ്ടപ്പെട്ടുപോകുമല്ലോ അതു നനയ്ക്കാതെ കൊണ്ടു പോകാൻ എന്താണ് കശൗലമെന്നു വിചാരിച്ചു നോക്കിയപ്പോൾ വഴിക്കടുത്തുതന്നെ ഒരു വലിയ ആഞ്ഞിലിത്തടി കാമരം കേറ്റിയറുത്തി നടു പൊളിച്ചിട്ടു വച്ചിരിക്കുന്നതായി ക്കണ്ടു ഭീമൻ അതിലൊരു പൊളിപ്പെടിത്തു ചുമടുകളുടെ മീതെ വച്ചുകൊണ്ട് ഉപ്പു നനയ്ക്കാതെ കൊണ്ടുപോയി.

 

വീട്ടിലെത്തിയപ്പോഴേക്കും മഴ മറിയതിനാൽ അയാൾ ആ തടിയെടുത്ത് ഒരു മാവിന്മേൽ ചാരിവച്ചിട്ട് ചുമടുകൾ ഒരോന്നായി താഴെ ഇറക്കി വയ്ക്കുകയും അയൽക്കാർക്കു ള്ളതു കൊടുക്കുകയും തനിക്കുള്ളതു വീട്ടുകാരെ ഏൽപ്പിക്കുകയും ചെയ്തു. പിന്നെ ഭീമൻ തന്റെ പുരപൊളിചു പണി കഴിചപ്പോൾ അന്നു മാവിന്മേൽ ചാരി വച്ചിരുന്ന തടികൂടി എടുത്തുപയോഗിച്ചു.

 

 ഇരുപത്തൊമ്പതുകോൽ പതിനാറുകണക്കിൽ പണിയിച്ച തായിപ്പുരയുടെ പടി (നെടിയതും കുറിയതും) നാലും ആ ഒരു പൊളിപ്പുകൊണ്ടു തീർന്നു. പടി ഒന്നേകാൽക്കോൽ ചതുരമായിരുന്നു. അതുകൊണ്ട് ആ തടിയുടെ വലിപ്പം എത്രമാത്രമുണ്ടായിരുന്നു എന്ന് ഊഹിക്കാമല്ലോ. ആ പുരയും പടിയും കണ്ടിട്ടുള്ളവരിൽ പലർ ഇപ്പോഴും ആ ദേശത്തു ജീവിച്ചിരിക്കുന്നുണ്ട്.

മീനച്ചിൽ മുതലായ സ്ഥലങ്ങളിൽ പ്രധാനമായി നെൽ കൃ‌ഷി ചെയ്യുന്നതു മലകളിലാണല്ലോ. മലകളിൽ നെൽകൃ‌ഷി ചെയ്യുന്നതു പത്തും പന്ത്രണ്ടും കൊല്ലങ്ങൾ കൂടുമ്പോൾ മാത്രമേ പതിവുള്ളൂ. അതിനാൽ ഒരു സ്ഥലത്തു വലിയ മരങ്ങളും കാടുകളും നിറഞ്ഞിരിക്കും. വിതയ്ക്കുന്ന കാലത്തിനു രണ്ടുമൂന്നു മാസം മുൻപേ ഉടമസ്ഥന്മാർ ആ മരങ്ങളും കാടുകളുമെല്ലാം കൂലിക്കാരെക്കൊണ്ടു വെട്ടിച്ചിടും. അതിന് ഉഴവുവെട്ട് എന്നാണ് പേർ പറഞ്ഞുവരുന്നത്. ആ മരങ്ങളും കാടുകളുമെല്ലാം ഉണങ്ങിക്കഴിയുമ്പോൾ ഉടമസ്ഥന്മാർ കൂലിക്കാരെയും ആനകളെയും കൊണ്ട് ആ സ്ഥലത്തു ചെന്ന് വേലിക്കാവശ്യമുള്ള തടികൾ പിടിച്ചു വിതയ്ക്കാനുള്ള സ്ഥലത്തിന്റെ നാലരികുകളിലും വെയ്പിക്കുകയും അധികമുള്ള തടികൾ പിടിപ്പിച്ചു കൃ‌ഷിസ്ഥലത്തിനു പുറത്താക്കുകയും ഉണങ്ങിക്കിടക്കുന്ന കാടുകളും മറ്റും തീയിട്ടു ചുടുകയും ചെയ്യും.

 

 അതിന് ഉഴവു ചുടുക എന്നണ് കൃ‌ഷിക്കാർ പറയുന്നത്. ഇത്രയും കഴിഞ്ഞാൽപ്പിന്നെ നിലം ഉഴുതും കിളച്ചും കല്ലും കട്ടകളും പെറുക്കിമാറ്റിയും പുല്ലും മറ്റും പറിച്ചും പെറുക്കിയും കളഞ്ഞും വെടിപ്പാക്കും. അതിന് ഉഴവൊരുക്കുക എന്നാണ് പറയുന്നത് ഈ പണികളിൽ പ്രധാനമായതും പ്രയാസമേറിയതും ഉഴവു ചുടുക എന്നുള്ളതാണ്.

എന്നാൽ അതിനു നമ്മുടെ ഭീമന് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. ഭീമൻ ഉഴവുചുടാൻ പോകുമ്പോൾ അയാൾക്കു സഹായത്തിനു കൂലിക്കാരും ആനകളും ഒന്നും വേണ്ടാ. അയാൾ ആ ജോലി മുഴുവനും തീർത്തു തിരിയെ വീട്ടിൽ വന്നിട്ടില്ലാതെ കഞ്ഞിയും ചോറുമൊന്നും കഴിക്കാറില്ല.

 

ആ ജോലിക്കിടയിൽ അയാൾ കാച്ചിലും കിഴങ്ങും ചേനയും മറ്റും ധാരാളമായി ചുട്ടുതിന്നും. മലയിലേക്കു പോകുന്ന സമയം തന്നെ ചുട്ടുതീറ്റിക്കുള്ള സാമാനങ്ങൾ കൂടി അയാൾ കൊണ്ടുപോകും; അങ്ങനെയാണ് പതിവ്. ഭീമൻ ഉഴവുസ്ഥലത്തു ചെന്നാലുടനെ വേലിക്ക് ആവശ്യമുള്ള തടികൾ പെറുക്കിയെടുത്തു നാലരികുകളിലും അടുക്കി വയ്ക്കും.

 

പിന്നെ ഒരു തടി കയിലെടുത്ത് അതുകൊണ്ട് ശേ‌ഷമുള്ള തടികൾ നാലു വശത്തേക്കും തോണ്ടി എറിയും ആ തടികൾ ചുറ്റുമുള്ള അയൽ വസ്തുക്കളിൽ ചെന്നുവീഴും. അതിനാൽ ഭീമൻ ഉഴവുചുടുന്ന സ്ഥലത്തിനു സമീപം ചുറ്റുമുള്ള വസ്തുക്കളിൽ ആരും കൃ‌ഷി നടത്താറില്ല. ഭീമൻ തോണ്ടിയെറിയുന്ന തടികൾ ആനകളെക്കൊണ്ടല്ലാതെ മാറ്റാൻ സാധിക്കുകയില്ലല്ലോ. അതിനുള്ള പ്രയാസം കൊണ്ടാണ് അയൽവസ്തുക്കളുടെ ഉടമസ്ഥന്മാർ കൃ‌ഷി വേണ്ടെന്നു വയ്ക്കുന്നത്. തടികളെല്ലാം മാറ്റിക്കഴിഞ്ഞാൽപ്പിന്നെ ഭീമൻ ഉണങ്ങിക്കിടക്കുന്ന കാടിനു തീവയ്ക്കും ആ തീയിലിട്ടാണ് അയാൾ കാച്ചിൽ, കിഴങ്ങു മുതലായവ ചുട്ടു തിന്നുന്നത്. ആ സമയം മുയൽ പന്നി മുതലായവയെയും അനായാസേന ലഭിച്ചാൽ അയാൾ ഉപേക്ഷിക്കാറില്ല. അവയെയും അയാൾ ചുട്ടു തിന്നുക തന്നെ ചെയ്യും. ഇപ്രകാരമെല്ലാമായിരുന്നു ഭീമന്റെ ഉഴവുചുടൽ.

അടുത്തുള്ള പൂഞ്ഞാർ എന്ന സ്ഥലത്ത് ഒരു വീട്ടുകാർ ഒരു കിണർ കുഴിപ്പിച്ചു. കുഴിച്ചു കുഴിച്ച് അടിയിൽ ച്ചെന്നപ്പോൾ അവിടെ ഒരു വലിയ പാറ കാണപ്പെട്ടു. ആ പാറയുടെ അടിയിൽ ധാരാളം വെള്ളവുമുണ്ടായിരുന്നു. എങ്കിലും ആ പാറ എടുത്തു മാറ്റാതെ വെള്ളം കോരിയെടുക്കാൻ നിവൃത്തിയില്ലായിരുന്നു. വെള്ളത്തിനു മീതെ ആ പാറ ഒരടപ്പുപോലെ യാണ് കിടന്നിരുന്നത്. അതിനാൽ ആ പാറ എടുത്തു മറ്റുന്നതിനായി വലിയ വടങ്ങളും ചങ്ങലകളുമിട്ടു കെട്ടി അനേകമാളുകൾ കൂടി പിടിക്കുകയും ആനകളെക്കൊണ്ടു പിടിപ്പിക്കുകയും ചെയ്തു നോക്കീട്ടും ആ പാറ ഇളക്കാൻപോലും സാധിച്ചില്ല.

 

ഒടുക്കം ആ വീട്ടുകാർ ഈ കാര്യം നമ്മുടെ ഭീമനെക്കൊണ്ട് കഴിപ്പിക്കണമെന്നു നിശ്ചയിച്ച് ഒരു സദ്യയ്ക്കു വട്ടം കൂട്ടി. ഭീമനെ ക്ഷണിച്ചുവരുത്തി കേമമായി ഭക്ഷണം കഴിപ്പിച്ചു ഭീമൻ ഊണും കഴിഞ്ഞ് എഴുന്നേറ്റപ്പോൾ ആ വീട്ടുകാർ അയാളോടു "കൈകഴുകുവാൻ വെള്ളം കിണറ്റിലാണ് വെള്ളം കോരിയെടുത്തു കൈ കഴുകിക്കൊള്ളണം" എന്നു പറഞ്ഞ്, ഒരു പാളയും കയറും എടുത്തുകൊടുത്തു. ഭീമൻ പാളയും കയറും ഇടത്തുകൈകൊണ്ട് എടുത്തുകൊണ്ടുപോയി. കിണറ്റിൽ നോക്കിയപ്പോൾ അതിൽ ഒരു വലിയ പാറയും അതിന്മേൽ ചില വടങ്ങളും ചങ്ങലകളുമിട്ടു കെട്ടിയിരിക്കുന്നതു കണ്ടു. ഉടനെ അയാൾ പാളയും കയറും അവിടെ വെച്ചിട്ട് ഇടത്തുകൈകൊണ്ടു തന്നെ വടങ്ങളിൽ പിടിച്ചുവലിച്ചു നി‌ഷ്പ്രയാസം പാറ കരയ്ക്കെടുത്തിടുകയും പാളയും കയറുമെടുത്തു വെള്ളംകോരി കൈകഴുകുകയും ചെയ്തു.

 

ഇതു കണ്ടിട്ട് ആ വീട്ടുകാർക്കും അന്യന്മാർക്കുമുണ്ടായ സന്തോ‌ഷവും വിസ്മയവും സീമാതീതമായിരുന്നുവെന്നുള്ളതു പറയണമെന്നില്ലല്ലോ.

നമ്മുടെ ഭീമൻ പൂഞ്ഞാറ്റിൽത്തമ്പുരാക്കന്മരുടെ ഒരു ഇഷ്ടനായിരുന്നു. അയാൾ തമ്പുരാക്കന്മാരുടെ ആവശ്യപ്രകാരം കൂടെക്കൂടെ അവിടെപ്പോവുകയും മനു‌ഷ്യർക്കു ദുസ്സാധ്യങ്ങളായ അനേകം കാര്യങ്ങൾ സാധിച്ചുകൊടുക്കുകയും തമ്പുരാക്കന്മാർ സന്തോ‌ഷിച്ച് ഇയാൾക്ക് ചില സമ്മാനങ്ങൾ കൊടുക്കുകയും സാധാരണമായിരുന്നു. അങ്ങനെ ഉണ്ടായിട്ടുള്ളവയിൽ ഒരു സംഗതി മാത്രം താഴെ കുറിക്കുന്നു.

ഒരിക്കൽ പാണ്ടിക്കാരായ മറവരും മുഹമ്മദീയരും കുടി പൂഞ്ഞാർ ദേശത്തെ ആക്രമിക്കുവാൻ വരുന്നതായിക്കേട്ടു പൂഞ്ഞാറ്റിൽ വലിയ തമ്പുരാൻ ആ വിവരം കുളപ്പുറത്തു ഭീമനെ അറിയിച്ചു. ഉടനെ ഭീമൻ ആളയച്ചു തന്റെ സ്നേഹിതനായ മന്ദത്തുപണിക്കരെയും കുളപ്പുറത്തു വരുത്തി. പണിക്കർ കുളപ്പുറത്ത് ഭീമനോളം തന്നെ ദേഹപുഷ്ടിയും കായബലവുമുള്ള ആളല്ലായിരുന്നുവെങ്കിലും ഒരു ചെറിയ ഭീമൻ തന്നെയായിരുന്നു. അയാൾക്കു കാലത്തെ കഞ്ഞിക്കു പന്ത്രണ്ടേകാലിടങ്ങഴി അരിയും അതിനു ചേർന്ന പുഴുക്കുമേ പതിവുണ്ടായിരുന്നുള്ളൂ. അവർ തമ്മിൽ ആലോചിച്ച് ഉടനെ പൂഞ്ഞാറ്റിലേക്ക് പോകണമെന്നു തീർച്ചപ്പെടുത്തീട്ടു രണ്ടു പേരും കൂടി ഉണ്ണാനിരുന്നു.

 

ഊണ് ഏകദേശം പകുതിയായപ്പോൾ ഒരാൾ ഓടിവന്നു"മറവരും മുഹമ്മദീയരും വന്നടുത്തിരിക്കുന്നു. ഉടനെ വരണമെന്നു തമ്പുരാൻ കൽപിചിരിക്കുന്നു" എന്നു പറഞ്ഞു. അതു കേട്ട് "എന്നാലിനി പോയിവന്നിട്ട് ഊണു മുഴുവനാക്കാം" എന്നു പറഞ്ഞ് രണ്ടുപേരും എഴുന്നേറ്റ് കൈകഴുകി. അപ്പോൾ തക്കതായ ആയുധമൊന്നും കാണാഞ്ഞിട്ടു രണ്ടുപേരും ഓരോ കൊന്നത്തെങ്ങു ചുവടോടെ പറിച്ചെടുത്തു കൊണ്ട് ഓടിപ്പോയി. ഭീമനും പണിക്കരും കൊന്നത്തെങ്ങുമായി ചെല്ലുന്നതു കണ്ടപ്പോൾത്തന്നെ മറവരും മുഹമ്മദീയരും പേടിച്ചോടി പമ്പകടന്നൊളിച്ചു. ഊണു മുഴുവനാക്കണമല്ലോ എന്നു വിചാരുച്ചു ഭീമനും പണിക്കരും അപ്പോൾത്തന്നെ തിരിച്ചു പോരുകയും ചെയ്തു.

ഈ സംഗതി നടന്നത് ഒരു വെള്ളപ്പൊക്കക്കാലത്തായിരുന്നു. ഇവർ അങ്ങോട്ടു പോയപ്പോൾ വെള്ളം ആറു നിറഞ്ഞിരുന്നതേയുള്ളൂ ഇവർ ഇങ്ങോട്ടു വന്നപ്പോഴേക്ക് ആ വെള്ളം കരകവിഞ്ഞൊഴുകി ഇരുകരയിലും സാധാരണമനു‌ഷ്യർക്കു നിലയില്ലാതെയായിരുന്നു. എങ്കിലും ഭീമന് അരയോളവും പണിക്കർക്കു മുലയോളവും മാത്രമേ വെള്ളമുണ്ടായിരുന്നുള്ളൂ. അവർ ആ വെള്ളത്തിൽക്കൂടിയാണ് നടന്നുപോയത്. അവർ അങ്ങനെ പോന്നപ്പോൾ ഒരു വീട്ടിന്റെ ഇറയത്ത് ഒരു പത്തായമിരിക്കുന്നത് കണ്ടു ആ വിട്ടിനകത്തും വെള്ളം കയറിയിരുന്നതിനാൽ അവിടെപ്പാർത്തിരുന്നവരെല്ലാം പ്രാണരക്ഷാർത്ഥം ഓടിപ്പോയിരുന്നതുകോണ്ട് ആ വീടു കേവലം നിർജ്നജമായിരുന്നു; പത്തായവും ഇളകിപ്പോകാറായിരുന്നു. ആർക്കും ഉപയോഗപ്പെടാതെ വെറുതെ പോകേണ്ടാ എന്നു വിചാരിച്ച് ഭീമൻ അതെടുത്തു തലയിൽവച്ചുകൊണ്ടു നടന്നു. സ്വഗൃഹത്തിലെത്തി പത്തായം താഴെ ഇറക്കി വച്ചു. അതിലുണ്ടായിരുന്ന നെല്ല് വാരിയിട്ട് അളന്നുനോക്കീട്ടു നൂറുപറയുണ്ടായിരുന്നു. നെല്ലു തിരിയെ പത്തായത്തിൽത്തന്നെ ആക്കിക്കഴിഞ്ഞപ്പോഴേക്കും പണിക്കരും അവിടെയെത്തി.

പിന്നെ രണ്ടുപേരും കൂടി പകുതിയാക്കി വച്ചിരുന്ന ഭക്ഷണം മുഴുവനാക്കുകയും പണിക്കർ അപ്പോൾത്തന്നെ യാത്ര പറഞ്ഞ് അയാളുടെ വീട്ടിലേക്ക് പോകയും ഭീമൻ അവിടെത്തന്നെ കിടന്നുറങ്ങുകയും ചെയ്തു.

നമ്മുടെ ഭീമന്റെ കഥകൾ ഇനിയും വളരെ പറയാനുണ്ട്. എങ്കിലും വിസ്തരഭയം നിമിത്തം അതിനായി തുനിയുന്നില്ല. ഇത്രയും പറഞ്ഞതുകൊണ്ടു തന്നെ നമ്മുടെ കഥാനായകൻ ഒരസാമാന്യമനു‌ഷ്യനായിരുന്നു എന്നു സ്പഷ്ടമാകുന്നുണ്ടല്ലോ. നമ്മുടെ ഭീമന് ഈശ്വരഭക്തി, സത്യം മുതലായ സൽഗുണങ്ങൾ ധാരാളമായിട്ടുണ്ടായിരുന്നു. "ബ്രാഹ്മേ മുഹുർത്ത ഉത്തി‌ഷ്ഠേൽസ്വസ്ഥേ രക്ഷാർത്ഥമായു‌ഷഃ" എന്നുള്ള പ്രമാണത്തെ അയാൾ ആജീവനാന്തം ശരിയായി ആചരിച്ചിരുന്നു. അതിനാൽ അയാൾ നൂറു വയസ്സു തികഞ്ഞതിന്റെ ശേ‌ഷമാണ് ചരമഗതിയെ പ്രാപിച്ചത്. അതും അനായസേന തന്നെയായിരുന്നു. നമ്മുടെ കഥാനായകനു രോഗപീഡ നിമിത്തവും മറ്റും ഒരു ദിവസം പോലും കിടന്നു കഷ്ടപ്പെടേണ്ടതായി വന്നില്ല.

ഭീമൻ മരിച്ചതിന്റെ ശേ‌ഷം അയാളുടെ പ്രതം (പരേതാത്മാവ്) ആ വീട്ടുകാരെയും മറ്റും അസാമാന്യമായി ഉപദ്രവിചുകൊണ്ടിരുന്നു. അത് അയാളുടെ അപരക്രിയകൾ ആരും വേണ്ടതുപോലെ ചെയ്യാഞ്ഞിട്ടായിരിക്കാം.

"ആബ്ദദീക്ഷാദിലോപേന പ്രതാ യാന്തി പിശാചതാം
സ്വജനാൻ ബാധമാനാസ്തേ വിചരന്തി മഹീതലേ "

എന്നുണ്ടല്ലോ ആ ഉപദ്രവം ഈ പ്രതത്തിന്റേതാണെന്നും മറ്റും അറിയാതെതന്നെ വളരെക്കാലം കഴിഞ്ഞു. ക്രമേണ ആ ഉപദ്രവം ദുസ്സഹമായിത്തീരുകയാൽ ഈ അടുത്ത കാലത്തു പ്രശ്നംവെപ്പിച്ചു നോക്കിക്കികയും അപ്പോൾ അത് ഈ ഭീമന്റെ ഉപദ്രവമാണെന്നും ഭീമൻ സാധാരണ മനു‌ഷ്യനല്ലായിരുന്നുവെന്നും അയാൾ ദേവാംശമായിട്ടുള്ള ഒരു അവതാരപുരു‌ഷനായിരുന്നുവെന്നും അയാളുടെ വിഗ്രഹമുണ്ടാക്കിച്ചു പ്രതത്തെ ആ വിഗ്രഹത്തിന്മേലാവാഹിച്ചു പ്രതി‌ഷ്ഠ കഴിപ്പിക്കുകയും ആണ്ടുതോറും മുടങ്ങാതെ പൂജ നടത്തിക്കുകയും ചെയ്തല്ലാതെ ഉപദ്രവം നീങ്ങുകയില്ലെന്നും കാണുകയാൽ ആ വീട്ടുകാർ അപ്രകാരമൊക്കെ ചെയ്യിച്ചു പൂജ ആണ്ടുതോറും ഇപ്പോഴും നടത്തിവരുന്നുണ്ട്. പ്രതി‌ഷ്ഠ കുളപ്പുറത്തുപുരയിടത്തിന്റെ കന്നിപദത്തിൽ ദ്രകാളിമറ്റപ്പിള്ളി നമ്പൂതിരിപ്പാട്ടിലേക്കൊണ്ടാണ് നടത്തിച്ചത്. പ്രതി‌ഷ്ഠ കഴിഞ്ഞതിൽപ്പിന്നെ ഭീമന്റെ ഉപദ്രവം ആ വീട്ടിലെന്നല്ല ആ ദേശത്തു തന്നെ എങ്ങും ഉണ്ടാകാറില്ല. പ്രതി‌ഷ്ഠിക്കപ്പെട്ടിരിക്കുന്ന വിഗ്രഹം കണ്ടാൽ ഭീമന്റേതാണെന്നുതന്നെ തോന്നും. അതിന്റെ സ്ഥല്യൗം അത്രയ്ക്കു മാത്രമുണ്ട്. അവിടെ സാന്നിദ്ധ്യത്തിനും ഒട്ടും കുറവില്ല. ചില കാര്യങ്ങൾ സാധിക്കുന്നതിനുവേണ്ടി പലരും ഭീമനു വഴിപാടുകൾ കഴിക്കുകയും ചിലർക്കു ചിലതു സാധിക്കുകയും ചെയ്യുന്നുണ്ട്. അവിടെ സാധാരണ വഴിപാടു കരിക്കും പഴവും നിവേദിക്കുകയാണ്. ചിലർ അപ്പം, അട, കൊഴുക്കട്ട മുതലായവ ഉണ്ടാക്കിച്ചു നിവേദിപ്പിക്കുകയും ചെയ്യുന്നുണ്ട്. അവയ്ക്ക് അരി ഒന്നേകാലിടങ്ങഴി മുതൽ മുപ്പത്തറേകാലിടങ്ങഴി വരെ നടപ്പുണ്ട്. അവിടെ പ്രതി‌ഷ്ഠ ഒരു മേടമാസം പതിനാലാം തീയതിയായിരുന്നതിനാൽ ആണ്ടുതോറും വിശേ‌ഷദിവസമായി ആചരിച്ചുവരുന്നത് ആ ദിവസമാണ്.

 

രഞ്ജിത്ത് മാത്യു

 

 

കവർ ചിത്രം: ബിനോയ് തോമസ് 

അടുത്ത ലക്കം: ശാസ്താങ്കോട്ടയും കുരങ്ങന്മാരും