വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചു

Metrom Australia Nov. 29, 2021

ന്യൂഡൽഹി: ശീതകാലസമ്മേളനം തുടങ്ങിയ ആദ്യദിനം തന്നെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചു. പ്രതിപക്ഷത്തിന്‍റെ ബഹളത്തിനിടയിൽ ബില്ല് ചർച്ചയില്ലാതെ തന്നെ പാസ്സാക്കുകയായിരുന്നു. മൂന്ന് പേജുള്ള ബില്ല് അവതരിപ്പിച്ചത് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ബില്ല് രാജ്യസഭയിലും പാസ്സാക്കി. ഇനി രാഷ്ട്രപതി ബില്ലിൽ ഒപ്പുവച്ചാൽ നിയമങ്ങൾ റദ്ദാകാനുള്ള എല്ലാ നടപടികളും പൂർത്തിയാകും.

അതേ സമയം നിയമങ്ങൾ എന്തുകൊണ്ടാണ് പിൻവലിക്കുന്നതെന്ന് ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയടക്കം ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുമുണ്ട്. അതിനാൽ ബില്ലിന് മേൽ ചർച്ച വേണ്ടെന്നായിരുന്നു കേന്ദ്രനിലപാട്. ഈ ബില്ലിൽ ചർച്ചകൾ നടന്നാൽ പ്രതിപക്ഷം സർക്കാരിനെതിരെ ആഞ്ഞടിക്കുമെന്നുറപ്പാണ്.

ലോക്സഭയിൽ ഈ ബില്ല് പാസ്സായ സ്ഥിതിക്ക് ഉച്ചയ്ക്ക് ശേഷം തന്നെ രാജ്യസഭയിലും ഈ ബില്ല് പാസ്സാക്കാൻ തന്നെയായിരുന്നു സർക്കാർ തീരുമാനം. കോൺഗ്രസും ബിജെപിയും എംപിമാർക്ക് സഭയിലെത്താൻ വിപ്പ് നൽകിയിരുന്നു. രാഹുൽ ഗാന്ധിയടക്കം രാവിലെ ലോക്സഭയിലെത്തി കർഷകരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ബഹളം തുടങ്ങിയതോടെ 12 മണി വരെ സഭ നിർത്തിവച്ചു. 12 മണിക്ക് വീണ്ടും സഭ തുടങ്ങിയതോടെ മൂന്ന് പേജുള്ള ബില്ല് പെട്ടെന്ന് തന്നെ അവതരിപ്പിച്ച്, മേശപ്പുറത്ത് വച്ച് ബില്ലുകൾ പാസ്സാക്കിയെടുക്കുകയായിരുന്നു കേന്ദ്രം. രാഹുൽ ഗാന്ധിയടക്കം നിയമങ്ങളെക്കുറിച്ചും, കേന്ദ്രസർക്കാരിനെതിരെയും സംസാരിക്കാൻ തയ്യാറായിരിക്കുന്ന സാഹചര്യത്തിൽ അതിന് അവസരം കേന്ദ്രം നൽകില്ലെന്നുറപ്പായിരുന്നു. 

എന്നാൽ രാവിലെ പാർലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഏത് വിഷയത്തിലും കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാണെന്നാണ് പ്രതികരിച്ചത്. ഏത് ചോദ്യത്തിനും മറുപടിക്ക് സര്‍ക്കാര്‍ തയ്യാറാണ്. സര്‍ക്കാരിനെതിരെ എത്ര ശബ്ദം വേണമെങ്കിലും ഉയര്‍ത്താം. എന്നാൽ പാര്‍ലമെന്‍റിന്‍റെ അന്തസ് കാക്കണമെന്നും മോദി പറ‌ഞ്ഞു. ജനം ആഗ്രഹിക്കുന്നത് അര്‍ഥപൂര്‍ണമായ പാര്‍ലമെന്‍റ് സമ്മേളനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 2020 സെപ്റ്റംബറിലാണ് രാജ്യത്തെ കർഷകരെ ഞെട്ടിച്ച് മൂന്ന് വിവാദ കർഷകനിയമങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവരുന്നത്. ഇതിനെതിരെ രാജ്യത്ത് കർഷകസമരം ഇരമ്പി.

Related Post