വിക്ടോറിയയിൽ കനത്ത കാറ്റ്: പരക്കെ നാശനഷ്ടം

Metrom Australia June 10, 2021

വിക്ടോറിയയിൽ ഇന്നലെ മണിക്കൂറുകൾ നീണ്ടു നിന്ന ശക്തമായ കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് പരക്കെ നാശനഷ്ടം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച രാത്രി ശക്തമായ കാറ്റുവീശി.ഗ്രാമ്പിയൻസിലെ മൗണ്ട് വില്യമിലായിരുന്നു ഏറ്റവും കൂടുതൽ വേഗതയിൽ കാറ്റ് വീശിയടിച്ചത്. മണിക്കൂറിൽ 115 കിലോമീറ്റർ വേഗതയിലാണ് ഇവിടെ കാറ്റ് വീശിയത്.
മെൽബൺ നഗരത്തിലും, വിമാനത്താവള പ്രദേശത്തും 85 മുതൽ 91 കിലോമീറ്റർ വേഗതയിലാണ് കാറ്റടിച്ചത്. കൂടാതെ, വിത്സൺസ് പ്രൊമെന്ററിയിൽ 111 കിലോമീറ്റർ വേഗതയിലും, കിൽമോർ ഗ്യാപ്പിൽ 104 കിലോമീറ്റർ വേഗതയിലുമായിരുന്നു കാറ്റ്.

മണിക്കൂറുകൾ നീണ്ടു നിന്ന കാറ്റ് മൂലം നിരവധി പ്രദേശങ്ങളിൽ നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. പലയിടങ്ങളിലും മരങ്ങൾ വീണതോടെ പൊതുഗതാഗതം തടസപ്പെടുകയും വീടുകൾക്ക് കേടുപാടുകൾ ഉണ്ടാവുകയും ചെയ്തു.
സംസ്ഥാനത്ത് 2,33,000ലേറെ വീടുകളുടെയും ബിസിനസുകളുടെയും വൈദ്യുതിബന്ധം താറുമാറായി. മെൽബൺ മെട്രോ പ്രദേശത്ത് മാത്രം 30,000 പേർക്കാണ് വൈദ്യുതിബന്ധം നഷ്ടമായത്. രണ്ട് ലക്ഷത്തിലേറെ വീടുകളുടെയും ബിസിനസുകളുടെയും വൈദ്യുതി ബന്ധം താറുമാറായി.

ശക്തമായ കാറ്റിനെത്തുടർന്ന് സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള 3,600 ഫോൺ കോളുകളാണ് ലഭിച്ചതെന്ന് സ്റ്റേറ്റ് എമർജൻസി സർവീസസ് (SES) അറിയിച്ചു. 400 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. ശക്തമായ കാറ്റിനൊപ്പം മഴയും കൂടി പെയ്തതോടെ, പലയിടങ്ങളിലും വീടുകളുടെ മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചു.  അതേസമയം ഡാൻഡനോംഗ് റേഞ്ചസിലെ ഒലിൻഡയിലുള്ള ഒരു വീടിന് മുകളിലേക്ക് രാത്രി 11 മണിയോടെ മരം വീണതിനെത്തുടർന്ന് ഒരു അമ്മയ്ക്കും മകനും പരിക്കേറ്റു.

മാത്രമല്ല, കനത്ത മഴ മൂലം സംസ്ഥാനത്തെ പല നദികളും കരകവിഞ്ഞൊഴുകുമെന്ന മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ചിലയിടങ്ങളിൽ 260mm മഴ പെയ്തു. ആവോൺ, ലാട്രോബ്, മകാലിസ്റ്റർ, തോംസൺ, ഗോൾബൺ എന്നീ നദികൾക്കാണ് വെള്ളപ്പൊക്ക ഭീഷണിയുള്ളത്. ട്രറാൾഗണിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കാറുകൾ ഒഴുകിപോയതോടെ ഇവയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് SES. പ്രദേശത്തു നിന്ന് ജനങ്ങളോട് പോകണമെന്ന് അധികൃതർ അറിയിച്ചു. ഗിപ്സലാന്റിൽ 1,38,000 ഓളം വീടുകളുടെ വൈദ്യുതി ബന്ധമാണ് വിച്‌ഛേദിക്കപ്പെട്ടത്.

അതേസമയം മോശം കാലാവസ്ഥയെത്തുടർന്ന് മെൽബണിൽ നിന്ന് പുറപ്പെടേണ്ട സ്പിരിറ്റ് ഓഫ് ടാസ്മേനിയ കപ്പലിന് യാത്ര പുറപ്പെടാൻ കഴിഞ്ഞില്ല. കുറച്ചു മണിക്കൂറുകൾ കൂടി കാറ്റ് വീശാനാണ് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡുകൾ അടച്ചിരിക്കുകയാണ്. മണ്ണിടിച്ചിൽ ഉണ്ടാവാനുള്ള സാധ്യതകൾ കണക്കിലെടുത്ത് കിഴക്കൻ ഗിപ്സ്‌ലാന്റിലെ ബ്രൂതൻ മുതൽ എൻസെ വരെയുള്ള ഗ്രേറ്റ് ആൽപൈൻ റോഡ് അടച്ചിട്ടുണ്ട്.

 

 

 

 

 

Related Post