വൈറസ്ബാധിതരിൽ നാലിൽ ഒരാൾ വീതം വീട്ടിലിരിക്കാൻ തയ്യാറാകുന്നില്ല: വിക്ടോറിയൻ പ്രീമിയർ

Metrom Australia July 31, 2020

വിക്ടോറിയയിൽ വ്യാഴാഴ്ച 723 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ്, വെള്ളിയാഴ്ച വിക്ടോറിയയിൽ 627 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ, കൊവിഡ്ബാധ തുടങ്ങിയ ശേഷമുള്ള സംസ്ഥാനത്തെ ആകെ വൈറസ്ബാധിതരുടെ എണ്ണം 10,577 ആയി. അതോടൊപ്പം എട്ടു പേർ കൂടി സംസ്ഥാനത്ത് മരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ നാലു മരണങ്ങളും ഏജ്ഡ് കെയർ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ്.

രോഗബാധ സ്ഥിരീകരിച്ചവർ വീട്ടിൽ തന്നെയിരിക്കാൻ തയ്യാറാകാത്തത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്ന നടപടിയല്ലെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ്  പറഞ്ഞു. വൈറസ്ബാധ സ്ഥിരീകരിച്ച് 500 പേരുടെ വീടുകളിൽ ഓസ്ട്രേലിയൻ സൈന്യത്തിന്റെ പ്രത്യേക ഓഫീസർമാർ സന്ദർശനം നടത്തിയിരുന്നു. ഇതിൽ 130 പേരും വീടുകളിൽ ഉണ്ടായിരുന്നില്ല. വൈറസ്ബാധിതരിൽ നാലിൽ ഒരാൾ വീതം വീട്ടിലിരിക്കാൻ തയ്യാറാകുന്നില്ല എന്നത് ഗുരുതരമായ സാഹചര്യമാണെന്ന് പ്രീമിയർ പറഞ്ഞു. നൂറിലേറെ പേരുടെ വിഷയം പൊലീസിന്റെ പരിഗണനയ്ക്ക് വിട്ടിട്ടുണ്ട്.

വൈറസ്ബാധ ഇത്രയും കൂടി നിൽക്കുമ്പോൾ നിയന്ത്രണങ്ങൾ ഇളവു ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.മെൽബണിൽ ആറാഴ്ചത്തേക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ മൂന്നാഴ്ച പൂർത്തിയായ സാഹചര്യത്തിൽ, ഇത് എത്രത്തോളം ഫലപ്രദമായി എന്നു പരിശോധിക്കുമെന്നും തുടർ തീരുമാനമെടുക്കുമെന്നും പ്രീമിയർ പറഞ്ഞു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൽ കൂടുതൽ കർശനമാക്കണമോ എന്നും ഇതിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും.

ന്യൂസിലാന്റിലേതുപോലുള്ള ലോക്ക്ഡൗൺ സർക്കാരിന്റെ പരിഗണനാ വിഷയങ്ങളിലുണ്ടെന്ന് സംസ്ഥാന ചീഫ് ഹെൽത്ത് ഓഫീസർ ബ്രെറ്റ് സട്ടൻ പറഞ്ഞു. അവശ്യസേവനങ്ങൾ ഒഴികെ മറ്റെല്ലാം അടച്ചിട്ട ലോക്ക്ഡൗണായിരുന്നു ന്യൂസിലാന്റിൽ.

Related Post