വാട്ടർ മാൻ; മുരളി കുന്നുംപുറത്ത്

Metrom Australia June 4, 2021

മദ്യാസക്തിമൂലം ജീവിതം നഷ്ട്ടപെട്ട് പോകുന്നവർ ധാരാളമാണ്. ഒരു ഘട്ടം എത്തുമ്പോൾ ഇത്തരക്കാർ മരണത്തെയാണ് ആശ്രയിക്കുന്നത്. ഇത്തരത്തിലുള്ള ഒരു മദ്യപാനിയിൽ നിന്നും ലോകപ്രശസ്തനായ സംരംഭകനായി മാറിയ ഒരാളാണ് മുരളി കുന്നുംപുറത്ത്. മദ്യപാന ജീവിതത്തിന്റെ  വിവിധ തലങ്ങളിലൂടെ അദ്ദേഹം സഞ്ചരിച്ചു. അദ്ദേഹം രാവിലെ എണീക്കുന്നത് തന്നെ മദ്യപിക്കാനായിരുന്നു. മദ്യപാനത്തിന്റെ പേരിൽ കളിയാക്കലുകൾ കേട്ട് അതിന്റെ വാശിയിൽ അദ്ദേഹം വീണ്ടും മദ്യം കഴിച്ചു. മദ്യത്തിന്റെ ശക്തിയിലും പ്രേരണയിൽ അദ്ദേഹം പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മദ്യത്തിന് അടിമപ്പെട്ട സമയത്ത് അദ്ദേഹത്തെ എല്ലാവരും മാറ്റിനിർത്തുകയും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് അദ്ദേഹത്തെ എല്ലാവരും ചേർത്തു പിടിക്കുകയും സമൂഹം അംഗീകരികുന്നുമുണ്ട്. 

മദ്യത്തിന്റെ മായാവലയത്തിൽ നിന്ന് അദ്ദേഹം തിരിച്ചെത്തിയത് ഒരു  പ്രശസ്തനായ  സംരംഭകനായിട്ടാണ്. മുരളി കുന്നുംപുറത്തിന്റെ മദ്യപാന ജീവിതവും തുടർന്ന് ഉണ്ടായ മാറ്റങ്ങളുമാണ് ജയസൂര്യ നായകനായ  "വെള്ളം" എന്ന ചിത്രത്തിലൂടെ സംവിധായകൻ പ്രജേഷ് സെൻ അവതരിപ്പിച്ചിട്ടുള്ളത്. "വെള്ളം"  എന്ന ചലച്ചിത്രത്തിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്നതിന്റെ വെറും 20 ശതമാനം മാത്രമാണ് അവതരിപ്പിച്ചത് എന്ന് അദ്ദേഹം പറയുന്നു. ഒന്നാംഘട്ട ലോക്ക് ഡൗണിന് ശേഷം ആദ്യം തിയേറ്ററുകളിലെത്തിയ ചലച്ചിത്രമാണ്  "വെള്ളം". ഈ ചലച്ചിത്രം ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ സ്വാധീനം വളരെ വലുതായിരുന്നു.

ഓർമ്മയിൽ മുരളി കുന്നുംപുറത്ത്

മദ്യപാന ജീവിതത്തിൽ നിന്നും രക്ഷ നേടി സാധാരണ ജീവിതത്തിലേക്ക് എത്തുന്നത് വളരെ ദുഷ്കരമാണ്. മദ്യപാനത്തിന്റെ അവസാന കാലഘട്ടത്തിൽ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെയാണ് മുരളി കുന്നുംപുറത്ത് സഞ്ചരിച്ചത്.
 
അദ്ദേഹത്തിന്റെ മദ്യപാന ജീവിതം ആരംഭിക്കുന്നത് ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. വാവ് ദിവസം പിതൃകന്മാർക്ക് വീട്ടിൽ വെച്ചു കൊടുക്കുന്ന ഒരു സമ്പ്രദായം നിലവിലുണ്ട്. അന്നേദിവസം ചടങ്ങിൽ മുഖ്യ പാനീയമായി മദ്യം ഉണ്ടാകും. വീട്ടിലെ പുരുഷന്മാർ ചടങ്ങിനുശേഷം അത് സേവിക്കും. അങ്ങനെ14 വയസ്സായപ്പോൾ അദ്ദേഹത്തിനും ആദ്യമായി വീട്ടിൽനിന്ന്  മദ്യം ലഭിച്ചു. 23 മുതൽ 32 വയസ്സ് വരെ മദ്യപാനം ശീലമായി. പിന്നെ എല്ലാ ദിവസവും മദ്യപിക്കാൻ ആരംഭിച്ചു. 2005 മുതൽ 2008 വരെയുള്ള കാലയളവിൽ മദ്യപാനം ഭീകരമായ ഒരു അവസ്ഥയിൽ എത്തി. മദ്യപിക്കാൻ മാത്രമായി ജോലിക്ക് പോകുകയും, ജോലി ചെയ്തു കിട്ടുന്ന പണം മുഴുവനും മദ്യപിക്കാൻ ഉപയോഗിക്കുകയും ചെയ്തു. ജോലിക്ക് പോകാത്ത സമയത്ത് മരണ വീടുകളിലും കല്യാണവീടുകളിലും മദ്യ സൽക്കാരത്തിൽ ഏർപ്പെട്ടു. ജോലിയെ ആശ്രയിക്കുന്നതിനേക്കാൾ കൂടുതൽ അച്ഛന്റെ പോക്കറ്റിലെ പണത്തിനെയാണ് അദ്ദേഹം മദ്യപാനത്തിനായി ആശ്രയിച്ചിരുന്നത്.

പലതവണ അദ്ദേഹം മദ്യപിച്ച് ബോധമില്ലാതെ കിടക്കുന്നത് അദ്ദേഹത്തിന്റെ അച്ഛൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തെ അച്ഛൻ തല്ലുകയും ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അദ്ദേഹത്തിന് മദ്യത്തിന്റെ മായാവലയത്തിൽ നിന്നും രക്ഷപ്പെടാനായില്ല. ഇന്ന് അദ്ദേഹം മദ്യത്തിൽ നിന്നും പൂർണമായും  മുക്തനാണ്. എന്നാലും അദ്ദേഹത്തിന് ഇന്നും ഏറ്റവും ഇഷ്ടം മദ്യം തന്നെയാണ്. പലതവണ അദ്ദേഹത്തിന് അച്ഛനിൽനിന്നും ഭാര്യയിൽ നിന്നും മർദ്ദനം വരെ ഏൽക്കേണ്ടി വന്നിട്ടുണ്ട്. പലതവണ അദ്ദേഹം ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നാൽ അതൊന്നും വിജയിച്ചില്ല.

എത്രയോ സാഹചര്യങ്ങളിൽ ഭാര്യ അദ്ദേഹത്തെ ഒരുപാട് സഹിച്ചിട്ടുണ്ട്. എന്നിട്ടും അദ്ദേഹം മദ്യത്തെ ഉപേക്ഷിക്കാൻ അവർ തയ്യാറായില്ല. ഒടുവിൽ ഭാര്യ ഉപേക്ഷിച്ചു പോയി. അച്ഛനുമമ്മയും താമസിച്ചിരുന്ന വീട് വിറ്റു താമസം മാറി. മുരളി കുന്നുംപുറത്ത് നേരെ കോഴിക്കോടുള്ള ഡോക്ടറുടെ അടുത്തേക്ക് രണ്ടുതവണ പോയി. രണ്ടുതവണയും അവിടെ നിന്ന് പുറത്തായി.  പിന്നീട് കിടത്തം ഫുട്പാത്തിലായി. സ്റ്റാൻഡിലെ ഓരോ കടയിലും പോയി 1 രൂപ, 50 പൈസ ചോദിച്ചു വാങ്ങും. 11 രൂപ ആകുമ്പോൾ 30 മില്ലി അളവിൽ ഒരു സ്മാൾ അടിക്കും.  റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാന്റിലും പോയി പരിചയക്കാർ ഉണ്ടോ എന്ന് അന്വേഷിക്കും. 25 രൂപ കിട്ടിയാൽ 2 സ്മാൾ അടിക്കാം എന്ന ഉദ്ദേശത്തോടെയാണ് അദ്ദേഹം പരിചയക്കാരെ തേടുന്നത്. അന്ന് അദ്ദേഹം ഭക്ഷണത്തിന് അല്ല പ്രാധാന്യം നൽകിയിരുന്നത് മദ്യത്തിനായിരുന്നു.

ഒരു ദിവസം ബസ് സ്റ്റാൻഡിൽ ഒരു കടയിൽ പൊറാട്ടയും കറിയും കണ്ട് അദ്ദേഹം കൊതിയോടെ നിൽക്കുകയായിരുന്നു. എന്നാൽ അത് വാങ്ങി കഴിക്കാൻ ഉള്ള കാശ് അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്നില്ല. ആ കടയിൽ നിന്നും രണ്ട് ഗ്ലാസ് ചൂടുവെള്ളം അദ്ദേഹം വാങ്ങി കുടിച്ചു. എങ്ങനെ  ഭക്ഷണം കഴിക്കും എന്ന് ആലോചിച്ച് നിന്ന സമയത്ത് അദ്ദേഹത്തിന്റെ പുറകിൽ വന്ന് ആരോ തട്ടി. തിരിഞ്ഞുനോക്കിയപ്പോൾ നാട്ടുകാരനായ ഗിരീഷേട്ടൻ. അദ്ദേഹം ബസ് ഡ്രൈവറാണ്. ബസ് സർവീസിനായാണ് അദ്ദേഹം അവിടെ എത്തിയത്. അദ്ദേഹം പറഞ്ഞു നീ ഇവിടെ ഇങ്ങനെ നിൽക്കാൻ ഞാൻ സമ്മതിക്കില്ല നീ എന്റെ കൂടെ നാട്ടിലേക്ക് വരണം, നാട്ടിലേക്ക് ഞാൻ എത്തിക്കാം നിന്നെ. അദ്ദേഹം ഗിരീഷ് ചേട്ടനോട് ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടുള്ളൂ. അദ്ദേഹത്തിന് ഭക്ഷണം വേണമെന്ന്. ഭക്ഷണം കഴിച്ച് അദ്ദേഹം നാട്ടിലേക്ക് തിരിച്ചു വന്നു. അദ്ദേഹം തളിപ്പറമ്പ് എത്തി. ഒരു ഓട്ടോക്കാരനോട് അന്വേഷിച്ചപ്പോൾ അച്ഛനുമമ്മയും  കീഴാറ്റൂരാണ് താമസം എന്നറിഞ്ഞു. അദ്ദേഹം അങ്ങോട്ട് പോയി. എന്നാൽ അച്ഛൻ അദ്ദേഹത്തെ വീട്ടിൽ കയറാൻ അനുവദിച്ചില്ല. ഒരുപാട് തല്ലി വീട്ടിൽ നിന്ന് പുറത്താക്കി. 

അദ്ദേഹം നേരെ പഴയ വിറ്റ വീട്ടിലേക്ക് പോയി. അവിടെ താമസക്കാർ ഇല്ലായിരുന്നു. രണ്ട് ദിവസം മുഴുവൻ പകൽ സമയങ്ങളിൽ ആ വീടിന്റെ വരാന്തയിൽ സമയം ചിലവഴിച്ചു. രാത്രി ആകുമ്പോൾ ആരും കാണാതെ കിണറ്റിൽ നിന്ന് വെള്ളം കുടിക്കും. രണ്ട് ദിവസം കഴിഞ്ഞപ്പോൾ രാത്രി ഏഴ് മണിക്ക് മരുമകൻ ചോറുമായി വന്നു. അദ്ദേഹം ആർത്തിയോടെ വെള്ളച്ചോറ് കണ്ടപ്പോൾ വാരിവലിച്ചു കഴിച്ചു. അദ്ദേഹത്തിന്റെ അച്ഛനുമമ്മയും കൂടെയുണ്ടായിരുന്നു. അദ്ദേഹത്തോട് പിറ്റേന്ന് രാവിലെ അഞ്ചുമണിക്ക് പെങ്ങളുടെ വീട്ടിലേക്ക് വരാൻ പറഞ്ഞു. മരണത്തിന്റെ വാതിലിൽ നിന്ന് അദ്ദേഹം വഴുതി മാറിയ സമയം അതായിരുന്നു. അദ്ദേഹം കൃത്യസമയത്ത് പെങ്ങളുടെ വീട്ടിലേക്ക് പോയി. അമ്മ കുളിക്കാനായി തോർത്തും സോപ്പും എടുത്ത് കൊടുത്തു. രണ്ടുമൂന്ന് ഷർട്ട് ഒരു ബാഗിലാക്കി 200 രൂപയും നൽകി അമ്മ അദ്ദേഹത്തെ ഡോക്ടറെ കാണാനായി കോഴിക്കോട് പോകാൻ നിർബന്ധിച്ചു. അദ്ദേഹം മനസ്സില്ലാമനസ്സോടെ യാത്രതിരിച്ചു. തളിപ്പറമ്പ് സ്റ്റാൻഡിൽ എത്തിയപ്പോൾ അദ്ദേഹം കരുതിയത് ബാറിൽ പോയി മദ്യപിക്കാം എന്നായിരുന്നു. എന്നാൽ ഏതോ  ഒരു അദൃശ്യശക്തി അദ്ദേഹത്തെ പിന്നോട്ട് വലിച്ച് കോഴിക്കോട്ടേക്കുള്ള ബസ്സിൽ കയറ്റി ഇരുത്തി. ആ സമയമാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ നന്മ പ്രവർത്തിച്ചത്. അവിടെ നിന്നും കോഴിക്കോട് എത്തുന്ന രണ്ടര മണിക്കൂർ കൊണ്ട് അദ്ദേഹം കടന്നുവന്നാൽ ജീവിത വഴികളെക്കുറിച്ച് ആലോചിച്ചു. അദ്ദേഹം അദ്ദേഹത്തെ തന്നെ വിലയിരുത്തി. എല്ലാം നഷ്ടപ്പെട്ട് ജീവിതത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു അദ്ദേഹം. മദ്യപാനം തീരെ സഹിക്കവയ്യാതായപ്പോൾ ഭാര്യ പിണങ്ങിപ്പോയി. മക്കളുടെ സ്വർണ്ണം പോലും അദ്ദേഹം ഊരി കൊണ്ടുപോയി വിറ്റ് മദ്യപിച്ചിരുന്നു. സഹനശക്തി നഷ്ടപ്പെട്ടപ്പോൾ ഭാര്യ സിമി മക്കളെയും കൂട്ടി  അവരുടെ വീട്ടിലേക്ക് പോയി. എന്നാൽ  ഡോക്ടർ ആവശ്യപ്പെട്ടതിനെ തുടർന്ന് ഭാര്യ സിമി കോഴിക്കോട് പോയി. അദ്ദേഹത്തിന് അവസാനമായി സിമി ഒരു അവസരം കൂടി നൽകി. ആ നിമിഷം മുതൽ അദ്ദേഹം മദ്യത്തെ മാറ്റിനിർത്തി. 

ഇന്ന് ന്യൂസിലാൻഡ്, കെനിയ എന്നീ രാജ്യങ്ങളിൽ ടൈൽസ് വിതരണം ചെയ്യുന്നുണ്ട്. മദ്യപാനിയിൽ നിന്നും ഒരു സംരംഭകനിലേക്കുള്ള യാത്ര അദ്ദേഹത്തിന് വലിയ ഓർമ്മകളാണ് സമ്മാനിച്ചത്. ഓരോ മദ്യപാനിയും നേരിടുന്ന  പ്രശ്നങ്ങൾ എല്ലാം പൊരുതി തോൽപ്പിച്ച് അദ്ദേഹം ഇന്ന് ലോകോത്തര നിലവാരമുള്ള ടൈലുകൾ വിവിധ രാജ്യങ്ങളിൽ എത്തിക്കുന്നു. അമേരിക്കയിലും കാനഡയിലും അദ്ദേഹം പുതുതായി സംരംഭം ആരംഭിക്കാൻ പോവുകയാണ്. ചരിത്ര നേട്ടത്തിൽ നിൽക്കുമ്പോഴും അദ്ദേഹം വന്നവഴി മറക്കുന്നില്ല. മദ്യാസക്തി മൂലം നഷ്ടപ്പെടുത്തിയ ബന്ധങ്ങൾ തിരിച്ചുപിടിക്കാൻ അദ്ദേഹം ഇന്ന് ശ്രദ്ധിക്കുന്നുണ്ട്. അദ്ദേഹത്തെപ്പോലെ തന്നെ ഒരുപാട് പേരെ മദ്യത്തിൽനിന്ന് രക്ഷിക്കാനും എല്ലാ മദ്യപാനികൾക്കും നല്ലൊരു മാതൃകയാകാനും അദ്ദേഹത്തിന് സാധിച്ചു. 

ഇൻസൾട്ട് ആയിരുന്നു അദ്ദേഹത്തിന്റെ ഇൻവെസ്റ്റ്മെന്റ്. ഇന്ന് മികച്ച ഒരു സംരംഭകൻ ആണ് മുരളി കുന്നുംപുറത്ത്. പല രാജ്യങ്ങളിൽ സഞ്ചരിച്ചുവെങ്കിലും അന്ന് കോഴിക്കോട് വെച്ച് ഗിരീഷേട്ടൻ വാങ്ങിക്കൊടുത്തു ഭക്ഷണത്തിന്റെ സ്വാദ് ഇന്നും അദ്ദേഹത്തിന്റെ നാവിൽ ഉണ്ടെന്ന് അദ്ദേഹം പറയുന്നു. ഇന്ന് ലോകത്തിൽ  ഏറ്റവും വിലകൂടിയ മദ്യം അദ്ദേഹത്തിന് കഴിക്കാം. ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോൾ എയർഹോസ്റ്റേഴ്സ് പലതവണയും വിലകൂടിയ മദ്യം അദ്ദേഹത്തിനു മുന്നിൽ നിരത്തി. എന്നാൽ അദ്ദേഹം അതെല്ലാം നിരസിച്ചു. മദ്യലഹരി വിട്ട് ജീവിതത്തെ ആസ്വദിക്കുകയാണ് ഇന്ന് അദ്ദേഹം.

ലാലേട്ടൻ നമ്പർ മാറ്റി

മദ്യപാനത്തിന്റെ പേരിൽ കുടുംബത്തിലും സമൂഹത്തിലും ഒരുപാട് നാണക്കേട് അനുഭവിക്കേണ്ടി വന്ന ഒരാളാണ് മുരളി കുന്നുംപുറത്ത്. അദ്ദേഹത്തിന്റെ  മദ്യപാന കാലഘട്ടത്തെ വിവരിക്കുന്നത് ഇങ്ങനെയാണ്. " ഫുൾടൈം മദ്യപിച്ച് ലക്കുകെട്ട് നടന്നൊരു കാലമുണ്ടായിരുന്നു എനിക്ക്. അക്കാലത്ത് ഏറ്റവും ഇഷ്ടം മദ്യം കഴിഞ്ഞാൽ സിനിമയായിരുന്നു. എനിക്ക് സിനിമയെന്നാൽ' ലാലേട്ടൻ'. മൂപ്പരുടെ പടം റിലീസിന്റെ അന്നുതന്നെ കണ്ടില്ലെങ്കിൽ വല്ലാത്തൊരു പിടപ്പാണ് മനസ്സിൽ. അടി ഉണ്ടാക്കിയെങ്കിലും ലാലേട്ടന്റെ പടം കൂട്ടുകാർക്കൊപ്പം ആദ്യ ഷോയിൽ തന്നെ കണ്ടിരിക്കും. പടം ഇഷ്ടമായാൽ പിന്നെയും പിന്നെയും കാണും. ഇഷ്ടമായില്ലെങ്കിൽ കുടിച്ചുകുടിച്ച് ആ ദിവസം തീർക്കും. സങ്കടം തീരുവോളം കരയും. ഒരിക്കൽ ഒരു സിനിമ കണ്ട് സങ്കടം മൂത്ത് ലാലേട്ടനെ വിളിക്കാൻ തോന്നി ഒരുപാട് പണിപ്പെട്ട് അദ്ദേഹത്തിന്റെ ബിപിഎൽ ഫോൺ നമ്പർ സംഘടിപ്പിച്ചു. ഇൻകമിങ് കാളിന്നുവരെ ചാർജ് ഈടാക്കിയിരുന്ന കാലം. പേടിച്ച് പേടിച്ച് ഞാൻ വിളിച്ചു. സിനിമ എനിക്കുണ്ടാക്കിയ വേദന പറഞ്ഞു കുറെ കരഞ്ഞു. എല്ലാം ക്ഷേമയോടെ അദ്ദേഹം കേട്ടിരുന്നു പിന്നെ എനിക്ക് അത് പതിവായി. സിനിമ കണ്ടാൽ ആദ്യ ദിവസം തന്നെ ലാലേട്ടനെ വിളിക്കും. വിളിച്ചു വിളിച്ചു വെറുപ്പിക്കും അങ്ങനെ പൊറുതിമുട്ടി ലാലേട്ടൻ ആ നമ്പർ മാറ്റി. പിന്നെ പുതിയ നമ്പറിന് ശ്രമം നടത്തിയെങ്കിലും കിട്ടിയില്ല. ശ്രമം തുടർന്നുകൊണ്ടേയിരുന്നു എന്റെ കുടിയും, വർഷങ്ങൾ കഴിഞ്ഞപ്പോൾ മുഴുകുടിയും പട്ടിണിയും അവസാനിപ്പിച്ച് ഞാൻ ബിസിനസ് തുടങ്ങി. ഇപ്പോൾ ജീവിതം നേർരേഖയിലായി.

WRITTEN BY: DRISYA B NAIR

Related Post