ഉത്രവധക്കേസ്: പ്രതിക്ക് ഇരട്ടജീവപര്യന്തം

Metrom Australia Oct. 13, 2021

കേരളത്തെ ഞെട്ടിച്ച ഉത്രവധ കേസിൽ പ്രതിയായ അടൂർ സ്വദേശി സൂരജിന് ഇരട്ടജീവപര്യന്തം. ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം എന്നിങ്ങനെ നാല് ശിക്ഷകളാണ് കോടതി വിധിച്ചത്. ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെങ്കിലും പത്തും, ഏഴും ആകെ 17 തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുക. 

പ്രതിയുടെ പ്രായവും ഇതിനു മുൻപ് കുറ്റകൃത്യങ്ങളിൽ ഇടപെട്ടിട്ടില്ല എന്നതും വധശിക്ഷയിൽ നിന്നൊഴിവാക്കാൻ കോടതി പരിഗണിച്ചു. നഷ്ടപരിഹാരമായി നൽകുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും വിധിയിൽ വ്യക്തമാക്കുന്നു. 

കൊലപാതകം, ഗൂഢാലോചന, ജീവനുള്ള വസ്തുവിനെ വച്ച് കൊലപാതകശ്രമം, ഗാർഹിക പീഡനം, കൊലപാതകശ്രമം എന്നിങ്ങനെ അഞ്ച് വകുപ്പുകളാണ് പൊലീസ് കുറ്റപത്രത്തിൽ സൂരജിനെതിരെ ചാർത്തിയിരുന്നത്. വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജ് നേരത്തെ കോടതിയിൽ വാദിച്ചിരുന്നു. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നും വധശിക്ഷ നൽകാവുന്ന അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.  അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിതെന്ന് കോടതിയുടെ വിധിയിൽ പറയുന്നുവെങ്കിലും പ്രതിയുടെ പ്രായവും കുറ്റകൃത്യങ്ങളുടെ മുൻകാല ചരിത്രമില്ല എന്നതും പരിഗണിച്ചാണ് കോടതി വധശിക്ഷയിൽ ഇളവ് ചെയ്തത്. കൊല്ലം അസി. സെഷൻസ് ആറാം നമ്പർ കോടതി ജഡ്ജി എം.മനോജാണ് കേസിൽ വിചാരണ നടത്തിയതും വിധി പ്രസ്താവിച്ചതും. 87 സാക്ഷികൾ നൽകിയ മൊഴികളും 288 രേഖകളും 40 തൊണ്ടിമുതലുകളും അപഗ്രഥിച്ച ശേഷമാണ് വിധി പ്രഖ്യാപിച്ചത്. 

സ്വത്തിനു വേണ്ടി സ്വന്തം ഭാര്യയെ ഭർത്താവ് മുർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുക എന്നത് ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ അപൂർവതകൾ ഏറെ നിറഞ്ഞ കേസാണ്. ജീവനുളള ഒരു വസ്തു കൊലപാതകത്തിനുളള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധ  കേസിൻറെ ഏറ്റവും വലിയ സവിശേഷത. പ്രതിയായ സൂരജിൻറെ കുറ്റസമ്മത മൊഴിക്കപ്പുറം ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാൻ പൊലീസ് നടത്തിയ  ഡമ്മി പരീക്ഷണമടക്കമുളള അന്വേഷണ രീതികളും ഏറെ ചർച്ചയായിരുന്നു. വിചാരണയുടെ തുടക്കം മുതൽ താൻ നിരപരാധിയെന്ന അവകാശവാദമാണ് പ്രതി സൂരജ് കോടതിക്കു മുന്നിൽ ഉയർത്തിയത്. എന്നാൽ ശാസ്ത്രീയമായ തെളിവുകളുടെ സമാഹരണത്തിലൂടെ സൂരജിൻറെ വാദങ്ങൾ പൊളിക്കാൻ കഴിഞ്ഞത്.

അതേസമയം കേസിൽ ആദ്യം പ്രതി ചേർക്കപ്പെട്ട പാമ്പു പിടുത്തക്കാരൻ കല്ലുവാതുക്കൽ സുരേഷിനെ പൊലീസ് പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു. ദൃക്സാക്ഷികളില്ലാത്ത കേസിൽ കോടതിക്ക് മുന്നിലുള്ള ഏറ്റവും വലിയ സാക്ഷിമൊഴിയാണ് സുരേഷിൻ്റേത്. സൂരജിനെ പാമ്പുകളെ കൊടുത്തിടിട്ടുണ്ടെന്നും അവയെ കൈകാര്യം ചെയ്യാൻ സൂരജിന് അറിയാമെന്നും സുരേഷ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഭാര്യയെ കൊല്ലാൻ വേണ്ടിയായിരുന്നു സൂരജ് പാമ്പിനെ വാങ്ങിയത് എന്നറിയില്ലായിരുന്നുവെന്ന സുരേഷിൻ്റെ മൊഴി അംഗീകരിച്ചാണ് കോടതി ഇയാളെ മാപ്പുസാക്ഷിയാക്കിയത്.

Related Post