ഷമിയ്ക്ക് പിന്തുണയുമായി സച്ചിനും രാഹുൽ ഗാന്ധിയും

Metrom Australia Oct. 26, 2021 POLITICS , SPORTS

ന്യൂഡല്‍ഹി: പാകിസ്ഥാനോടുള്ള തോല്‍വിക്ക് പിന്നാലെ സൈബര്‍ ആക്രമണം നേരിടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ പിന്തുണച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നമ്മള്‍ ഇന്ത്യയെ പിന്തുണയ്ക്കുമ്പോള്‍ ടീമിനെ പ്രതിനിധീകരിക്കുന്ന എല്ലാവരെയുമാണ് പിന്തുണയ്ക്കുന്നതെന്ന് സച്ചിന്‍ ട്വീറ്റ് ചെയ്തു. താന്‍ ഇന്ത്യന്‍ ടീമിനും ഷമിക്കും പിന്നില്‍ നിലകൊള്ളുന്നുവെന്നും അദ്ദേഹം കുറിച്ചു.

‘നമ്മള്‍ ഇന്ത്യയെ പിന്തുണയ്ക്കുമ്പോള്‍, ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കുന്ന എല്ലാവരെയുമാണ് പിന്തുണയ്ക്കുന്നത്. മുഹമ്മദ് ഷമി ഒരു ലോകോത്തര ബൗളറാണ്. ഏത് കായിക താരത്തിനും ഉണ്ടാകാവുന്ന ഒരു മോശം ദിവസം അദ്ദേഹത്തിനുണ്ടായി. ഞാന്‍ ഇന്ത്യന്‍ ടീമിനും ഷമിക്കും പിന്നില്‍ നിലകൊള്ളുന്നു,’ സച്ചിന്‍ ട്വീറ്റ് ചെയ്തു.

ടി-20 ലോകകപ്പില്‍ പാകിസ്ഥാനോട് ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ ഷമിയ്‌ക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണങ്ങളായിരുന്നു നടക്കുന്നത്. പാകിസ്ഥാനില്‍ നിന്ന് പണം വാങ്ങിയാണ് ഷമി കളിച്ചതെന്നൊരോപിച്ചാണ്  സൈബര്‍ ആക്രമണം. 18ാം ഓവര്‍ എറിഞ്ഞ ഷമി 17 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഇതിന്റെ പേരിലാണ് ഷമിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ഇതിന് പിന്നാലെയാണ് ഷമിയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സച്ചിനും എത്തിയത്.  

സച്ചിനെ കൂടാതെ രാഹുല്‍ ഗാന്ധിയും ഷമിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഷമിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ‘മുഹമ്മദ് ഷമി, ഞങ്ങളെല്ലാവരും നിന്നോടൊപ്പമുണ്ട്. ഇവരുടെ മനസ്സില്‍ നിറയെ വെറുപ്പും വിദ്വേഷവുമാണ്, കാരണം ആരും അവരെ സ്‌നേഹിക്കുന്നില്ല. അവരോട് ക്ഷമിക്കൂ,’ എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. അതേസമയം ഷമിക്കെതിരായ സൈബര്‍ ആക്രമണങ്ങളെ അപലപിച്ച് മുന്‍ ഇന്ത്യൻ താരങ്ങളായ വീരേന്ദര്‍ സേവാഗും ഇര്‍ഫാന്‍ പത്താനും നേരത്തെ രംഗത്തെത്തിയിരുന്നു.

Related Post