സിഡ്നിയിൽ 'മാസ് വാക്സിനേഷൻ ഹബ്' തുടങ്ങും
കോവിഡ് വാക്സിന് വിതരണത്തിന് വേഗത കൂട്ടുന്നതിനായി സിഡ്നിയുടെ ഇന്നര്‍ വെസ്റ്റില്‍ 'മാസ് വാക്സിനേഷന് ഹബ്' തുടങ്ങുമെന്ന് ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജെക്ലിയന്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വാക്സിന് വിതരണത്തില്‍ പകുതിയും ഈ കേന്ദ്രത്തില്‍ നിന്നായിരിക്കുമെന്ന് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജെക്ലിയന്‍ വ്യക്തമാക്കി. ആഴ്ചയില്‍ 30,000 വാക്സിനേഷന് നല്കാന് കഴിയുന്ന കേന്ദ്രമാണ് തുടങ്ങുന്നതെന്ന് പ്രീമിയര്‍ വ്യക്തമാക്കി. ഇതുവഴി വാക്സിനേഷന് പദ്ധതിയില്‍ ഫെഡറല്‍ സര്‍ക്കാരിനെ പിന്തുണക്കുകയാണ് ലക്ഷ്യമെന്ന് പ്രീമിയര്‍ പറഞ്ഞു.
ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ച്ച 60,000 ഡോസ് വാക്സിനേഷന് നല്‍കാനാണ് പദ്ധതി. ഇതില്‍ പകുതിയും 'മാസ് വാക്സിനേഷന് ഹബ്' വഴി ലഭ്യമാക്കുന്നതിലൂടെ വാക്സിന് വിതരണത്തിന് വേഗത കൂടുമെന്ന് പ്രീമിയര്‍ പറഞ്ഞു. ബാക്കിയുള്ള 30,000 വാക്സിനേഷന് 100 ഓളം വരുന്ന മറ്റ് കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഫെഡറല്‍ സര്‍ക്കാര്‍ ആവശ്യത്തിന് വാക്സിന് ലഭ്യമാക്കിയാല്‍ മാത്രമാണ് ഈ പദ്ധതി വഴി വാക്സിനേഷന് നല്കാന് കഴിയുകയുള്ളൂ എന്ന് പ്രീമിയറും ആരോഗ്യ മന്ത്രി ബ്രാഡ് ഹസാഡും പറഞ്ഞു. വാക്സിന് ലഭ്യമാക്കേണ്ടത് ഫെഡറല്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ആരോഗ്യ മന്ത്രി ചൂണ്ടികാട്ടി. സിഡ്നിയുടെ ഇന്നര്‍ വെസ്റ്റില്‍ ഹോംബുഷ് എന്ന സബര്‍ബില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ഹബിന്റെ നിര്‍മ്മാണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ മന്ത്രി പറഞ്ഞു.
കോവിഡ് വാക്സിന് വിതരണത്തിന് വേഗത കുറവാണെന്ന് ചൂണ്ടിക്കാട്ടി NSW സര്‍ക്കാര്‍ ഉള്‍പ്പെടെ ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങള്‍ ഫെഡറല്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫെഡറല്‍ സര്‍ക്കാരിനെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ന്യൂ സൗത്ത് വെയില്‍സില്‍ ചൊവാഴ്ച്ച 6,894 പേര്‍ക്ക് കോവിഡ് വാക്സിന് നല്‍കിയതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇതുവരെ ന്യൂ സൗത്ത് വെയില്‍സില്‍ 134,323 പേര് വാക്സിന് സ്വീകരിച്ചതായാണ് കണക്കുകള്‍.