സാമ്പത്തിക രംഗം മെച്ചപ്പെടുത്താൻ പദ്ധതികളുമായി NSW

Metrom Australia Oct. 14, 2021 GOVERNMENT

ന്യൂ സൗത്ത് വെയിൽസിലെ സാമ്പത്തികരംഗം മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ ഡൈൻ ആൻഡ് ഡിസ്കവർ വൗച്ചർ നൽകാൻ തീരുമാനം. ഇതിനായി 250 മില്യൺ  ഡോളറാണ് അനുവദിച്ചിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ സാമ്പത്തിക മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരാനാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കൂടാതെ ബിസിനസ് രംഗത്തെ സഹായിക്കാനായി 66 മില്യൺ ഡോളറിന്റെ ആൽഫ്രെസ്കോ റീസ്റ്റാർട്ട് ഇനീഷ്യേറ്റീവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കെട്ടിടത്തിനു പുറത്തുള്ള സ്ഥലങ്ങളിൽ ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഡൈൻ ആൻഡ് ഡിസ്കവർ വൗച്ചറിനായി സർവീസ് NSW ആപ്പ് വഴി അപേക്ഷിക്കാം. 25 ഡോളറിന്റെ രണ്ട് വൗച്ചറുകളാണ് ന്യൂ സൗത്ത് വെയിൽസുകാർക്ക് നൽകുന്നത്. ഈ വൗച്ചറുകൾ ഉപയോഗിച്ച് തീയേറ്ററുകൾ, മ്യൂസിയങ്ങൾ സന്ദർശിക്കാനും പുറത്തുനിന്ന് ഭക്ഷണം കഴിക്കാനും സാധിക്കും. ഈ വർഷം ഡിസംബറിൽ നൽകുന്ന ഡൈൻ ആൻഡ് ഡിസ്കവർ വൗച്ചറിന് അടുത്ത വർഷം ജൂൺ വരെ കാലാവധിയുണ്ടാകും. ഇത് രണ്ടാം തവണയാണ് വൗച്ചർ നൽകുന്നത്. ആദ്യ തവണ വൗച്ചർ അനുവദിച്ചപ്പോൾ 48 ലക്ഷം പേർ ഇത് ഉപയോഗിക്കുകയും, ഇതുവഴി 430 മില്യൺ  ഡോളർ ലഭികുകയും ചെയ്തിരുന്നു. ജനങ്ങൾ വൗച്ചർ ഉപയോഗിക്കുന്നത് വഴി സാമ്പത്തിക രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് പ്രീമിയർ ഡൊമിനിക് പെറോട്ടെ പറഞ്ഞു.

ആൽഫ്രെസ്കോ റീസ്റ്റാർട്ട് ഇനീഷ്യേറ്റീവ് വഴി ഹോസ്പിറ്റാലിറ്റി മേഖലയിലുള്ള 5,000 ബിസിനസുകാർക്ക് 5,000 ഡോളർ ഗ്രാൻഡ് നൽകും. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം ഗ്രാൻഡ് എന്ന രീതിയിൽ ഗ്രാൻഡ് ലഭിക്കുമെന്ന് കസ്റ്റമർ സർവീസ് മന്ത്രി വിക്ടർ  ഡൊമിനലോ പറഞ്ഞു.

Related Post