രാജ്യാന്തര വിദ്യാർത്ഥികളെ ഈ വർഷം തന്നെ തിരികെയെത്തിക്കാൻ ന്യൂ സൗത്ത് വെയില്‍സും വിക്ടോറിയയും

Metrom Australia April 20, 2021 GOVERNMENT

കോവിഡ് യാത്രാ വിലക്ക് മൂലം ഓസ്ട്രേലിയയിലേക്ക് എത്താന്‍ കഴിയാത്ത രാജ്യാന്തര വിദ്യാര്‍ത്ഥികളെ 2021 അവസാനത്തോടെ തിരികെ കൊണ്ടുവരാന്‍  ന്യൂ സൗത്ത് വെയില്‍സും വിക്ടോറിയയും. ഇതിനായി രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കാനാണ് ന്യൂസൗത്ത് വെയില്‍സ് പദ്ധതിയിടുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി താമസസ്ഥലം തയ്യാറാക്കുന്ന (Purpose built student accommodation-PBSA) സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ ഒരു പാനല്‍ തയ്യാറാക്കുന്നുണ്ട്. നിലവില്‍ തിരിച്ചെത്തുന്ന യാത്രക്കാര്‍ക്കുള്ള ക്വാറന്റൈന്‍ സൗകര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇത്. ഇതിനായി താല്‍പര്യമുള്ള PBSA ദാതാക്കളോട് ഇതിനായി മുന്നോട്ടുവരാന്‍ NSW ട്രഷറി ആവശ്യപ്പെട്ടു. പദ്ധതിയുടെ ഭാഗമായി ഈ താമസ സൗകര്യങ്ങള്‍ NSW പോലീസ്, NSW ഹെല്‍ത്ത്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ NSW തുടങ്ങിയവര്‍ പരിശോധിച്ച് ഉറപ്പ് വരുത്തും. പദ്ധതി നടപ്പിലാക്കാന്‍ യൂണിവേഴ്‌സിറ്റികളുമായും, ആരോഗ്യവകുപ്പ് അധികൃതരുമായും, പോലീസ് ഉദ്യോഗസ്ഥരുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണ്. 

അതേസമയം വിക്ടോറിയയിലെ ക്വാറന്റൈന്‍ ഹോട്ടല്‍ പദ്ധതി ഏപ്രില്‍ എട്ടിന് പുനരാരംഭിച്ചതോടെ രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമായി 120 അധിക സ്ഥലം മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടിരുന്നു. എന്നാല്‍ ഫെഡറല്‍ സര്‍ക്കാര്‍ ഈ ആവശ്യം തള്ളി. ഇത് നിരാശാജനകമാണെന്ന് ചൂണ്ടിക്കാട്ടിയ വിക്ടോറിയന്‍ സര്‍ക്കാര്‍ വക്താവ്, പദ്ധതി നടപ്പാക്കാന്‍ ഫെഡറല്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുമെന്ന് അറിയിച്ചു. ഓസ്ട്രേലിയന്‍ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്റ്റിന്റെ കണക്ക് പ്രകാരം ഫെബ്രുവരിയില്‍ 200 രാജ്യാന്തര വിദ്യാര്‍ത്ഥികളാണ് ഓസ്ട്രേലിയയിലെത്തിയത്. ഇതില്‍ 40 പേരാണ് വിക്ടോറിയയിലേക്ക് എത്തിയത്. 2020 ഫെബ്രുവരിയില്‍ 41,860 വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. ഏപ്രില്‍ ആറിലെ കണക്ക് പ്രകാരം ന്യൂ സൗത്ത് വെയില്‍സില്‍ പഠനത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 55,137 വിദ്യാര്‍ത്ഥികളാണ് വിദേശത്തുള്ളത്.
 

Related Post