പുതിയ NSW ഡെപ്യൂട്ടി പ്രീമിയറായി പോൾ ടൂൾ

Metrom Australia Oct. 6, 2021 GOVERNMENT

ന്യൂ സൗത്ത് വെയിൽസിൽ റീജിയണൽ ഗതാഗത മന്ത്രിയായിരുന്ന പോൾ ടൂൾ പുതിയ ഡെപ്യൂട്ടി പ്രീമിയറാകും. ഡെപ്യൂട്ടി പ്രീമിയർ സ്ഥാനത്തു നിന്ന് ജോൺ ബാരിലാരോ രാജി വെച്ചതിനെ തുടർന്നാണ് പോൾ ടൂൾ പുതിയ ഡെപ്യൂട്ടി പ്രീമിയറാകുന്നത്. 
ന്യൂ സൗത്ത് വെയിൽസ് രാഷ്ട്രീയത്തിൽ നിർണായക മാറ്റങ്ങൾ സംഭവിച്ച ആഴ്ചകളാണിത്.  

ഗ്ലാഡിസ് ബെറജ്കളിയൻ പ്രീമിയർ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ഗതാഗത മന്ത്രി ആൻഡ്രൂ കോൺസ്റ്റൻസും, ഡെപ്യൂട്ടി പ്രീമിയർ ആയിരുന്ന ജോൺ ബാരിലാരോയും രാജി സമർപ്പിച്ചു. ഇതോടെ ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ജല മന്ത്രിയായ മെലിൻഡ പാവെയെ പരാജയപ്പെടുത്തിയാണ് പോൾ ടൂൾ ഡെപ്യൂട്ടി പ്രീമിയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

2005ൽ ബാതർസ്റ്റ് റീജിയണൽ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ടൂൾ രണ്ട് വർഷത്തിന് ശേഷം മേയറായി സ്ഥാനമേറ്റിരുന്നു. 2011ൽ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 
മൂന്ന് വർഷമായി NSW നാഷണൽസിന്റെ ഡെപ്യൂട്ടി ലീഡറായിരുന്ന പോൾ ടൂൾ, കൊവിഡ് പ്രതിരോധ തീരുമാനങ്ങളിൽ പ്രധാന പങ്കു വഹിച്ചിരുന്നു. 
20 വർഷം പ്രൈമറി സ്കൂൾ അധ്യാപകനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. അതേസമയം പോൾ ടൂൾ ഡെപ്യൂട്ടി പ്രീമിയർ സ്ഥാനത്ത് എത്തിയതോടെ  പാർട്ടിയുടെ ഡെപ്യൂട്ടി ലീഡറായി വനിതാ മന്ത്രി ബ്രോണി ടെയ്‌ലറിനെ തെരഞ്ഞെടുത്തു.

Related Post