പെർത്ത് ക്വാറന്റൈൻ ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ടയാൾക്കെതിരെ കേസെടുത്തു

Metrom Australia July 21, 2021

പെർത്തിലെ ക്വാറന്റൈൻ ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ടയാൾക്കെതിരെ പോലീസ് കേസെടുത്തു.
ബെഡ്ഷീറ്റുകൾ കൂട്ടിക്കെട്ടിയ ശേഷം ക്വാറൻ്റൈൻ ഹോട്ടലിന്റെ നാലാം നിലയിലെ ജനലിലൂടെ താഴേക്ക് ഇട്ട് ഊർന്നിറങ്ങിയാണ് 39 കാരനായ റിവർഡെയ്‌ൽ ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച വെളുപ്പിനെ ഒരു മണിയോടെ രക്ഷപ്പെട്ട ഇയാളെ, എട്ട് മണിക്കൂർ നീണ്ട തിരച്ചിലിന് ശേഷം വടക്കൻ പെർത്തിലെ മൗണ്ട് ലോലിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനും തെറ്റായ വിവരങ്ങൾ നൽകിയതിനും ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. ബ്രിസ്‌ബൈനിൽ നിന്ന് പെർത്തിലെ വെസ്റ്റ് കോസ്റ്റ് നഗരത്തിൽ നിന്നാണ് ഇയാൾ എത്തിയത്.

എന്നാൽ നേരത്തെ പെർത്തിലേക്ക് എത്താൻ ഇളവുകൾ അഭ്യർത്ഥിച്ചുകൊണ്ടുള്ള ഇയാളുടെ അപേക്ഷ നിരസിച്ചിരുന്നു. ഇതേതുടർന്ന് 48 മണിക്കൂറിൽ സംസ്ഥാനം വിട്ട് പോകണമെന്നാണ് അധികൃതർ ഇയാൾക്ക് നൽകിയ നിർദ്ദേശം. ഇതിനായുള്ള വിമാനത്തിനായി ഹോട്ടലിൽ കാത്തിരിക്കുന്നതിനിടെയാണ് ഇവിടെ നിന്ന് 39 കാരൻ രക്ഷപ്പെട്ടത്.

ബെഡ്ഷീറ്റുകൾ കൂട്ടിക്കെട്ടിയ ശേഷം അവ താഴേക്ക് ഇട്ട്, അതിലൂടെ നാലാം നിലയിലെ ജനാലയിൽ നിന്ന് ഊർന്നിറങ്ങിയാണ് ഇയാൾ രക്ഷപ്പെട്ടതെന്ന് വെസ്റ്റേൺ ഓസ്ട്രേലിയ പോലീസ് അറിയിച്ചു. ഇതിന്റെ ചിത്രം പോലീസ് പുറത്തുവിട്ടിരുന്നു.

Related Post