ഒരു പറ്റം ആയുർവേദ ഡോക്ടർമാരുടെ കോവിഡ് പോരാളികൾക്ക് സമർപ്പിക്കുന്ന സംഗീത ആൽബം "നിൻ പേര് കേരളം" സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നു

Metrom Australia July 27, 2020

മെൽബൺ: കോവിട് സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർ, നിയമ പാലകർ, മാധ്യമ പ്രവർത്തകർ, അധ്യാപകർ, ശുചീകരണ പ്രവർത്തകർ, സന്നദ്ധ സേവകർ തുടങ്ങിയവരുടെ പ്രയത്നത്തെ ആദരിക്കുന്ന ഗാനം ഇതിനോടൊകം സാമൂഹിക സാംസ്കാരിക സിനിമ മേഖലകളിലെ പ്രമുഖരുടെ പ്രശംസ പിടിച്ച് പറ്റിയിരിക്കുകയാണ്. ഈ രക്ഷാ ദൗത്യത്തിൽ പങ്കെടുത്ത എല്ലാവരോടും മലയാളികൾ വളരെയധികം കടപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ അവർക്ക് ഊർജവും ആത്മവിശ്വാസവും നൽകുക എന്ന ഉദ്ദേശത്തോടുകൂടി ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് സംഗീത ആൽബം ഒരുക്കിയിരിക്കുന്നത്.

ഈ അതിജീവന ഗാനത്തിന്റെ വരികൾ തിരുവനന്തപുരം ആയുർവേദ കോളേജ് ആശുപത്രിയിലെ ആർ എം ഒ ഡോ.എസ് ഗോപകുമാറിന്റെതാണ്. വിശാഖപട്ടണം ഹെറിറ്റേജ് കേരള ആയുർവേദയിലെ ഡോ. റെജി തോമസിന്റെ സംഗീതത്തിൽ മധു ബാലകൃഷ്ണനും മൃദുല വാര്യരും ചേർന്നാണ് ഗാനം ആലപിച്ചത്. ശ്രീജേഷ് കെ സംവിധാനം ചെയ്ത സംഗീത ആൽബം അമേയ രാഗയുടെ ബാനറിൽ നിർമ്മിച്ചിരിക്കുന്നത് ഡോക്ടർ സജി ജോർജാണ് (ആയുർക്ലിനിക്‌, മെൽബൺ). 

"അണുരൂപനായ കോവിഡ് എന്ന ശത്രുവിനെതിരെ നമുക്ക് ഒന്നിച്ച് പൊരുതി മുന്നേറാം " എന്ന് ഫെയ്സ് ബുക്ക് പേജിൽ ഗാനം പങ്കുവെച്ച് കൊണ്ട് നടന വിസ്മയം മോഹൻലാൽ കുറിച്ചു.  അണിയറ പ്രവർത്തകരെ യുവതാരം പ്രിഥ്വിരാജ് സുകുമാരനും അഭിനന്ദനങ്ങൾ അറിയിച്ചു. 

വളരെ മനോഹരമായ ഗാനമാണെന്ന് കാരിക്കേച്ചറിസ്റ്റും നടനുമായ  ജയരാജ് വാര്യർ വിലയിരുത്തി. കൂടാതെ മന്ത്രിമാരായ ഇ പി ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, നടൻ മുകേഷ് തുടങ്ങിയവരും തങ്ങളുടെ ഫേസ്ബുക് പേജുകൾ വഴി ആശംസകൾ അറിയിച്ചു.

കോവിഡിനെ പ്രതിരോധിക്കാൻ അണിനിരക്കുന്നവർക്ക് ആവേശം പകരുന്ന കലാസൃഷ്ടിയാണെന്ന് ഡോ. ജോർജ് ഓണക്കൂർ അഭിപ്രായപ്പെട്ടു. "Covid-19 നെതിരെ മുൻനിരയിൽ നിന്ന് രാപകൽ പ്രയത്നിക്കുന്നവർക്കു കരുത്തും ആത്മവിശ്വാസവുമേകാം....  'നിൻ പേര് കേരളം' "എന്ന് കോഴിക്കോട് കളക്ടർ ശ്രീറാം സാമ്പ ശിവ റാവുവും കുറിച്ചു. വയനാട് കളക്ടർ, തിരുവനന്തപുരം മേയർ കെ ശ്രീകുമാർ, അവതാരകൻ ജി.എസ്. പ്രദീപ് തുടങ്ങിയ പ്രമുഖർ ഗാനം പങ്കുവെച്ചു.
 
സംഗീത സംവിധായകരായ വിദ്യാധരൻ മാസ്റ്റർ, എം ജയചന്ദ്രൻ , സംവിധായകൻ കെ മധു, ഗായകൻ  ഉണ്ണി മേനോൻ, ജോയ് മാത്യു, ഡോ. ജോർജ് ഓണക്കൂർ, സംവിധായകൻ വിജി തമ്പി, നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ, ഗായത്രി സുരേഷ്, സുരഭി ലക്ഷ്മി, ദേവേന്ദ്രനാഥ്, സൗപർണിക സുഭാഷ്, ദിവു ഉഷ, ഉണ്ണിരാജ് തുടങ്ങിയവർ തങ്ങളുടെ  സമൂഹ മാധ്യമങ്ങളിലൂടെയാണ് ഗാനം പ്രകാശനം ചെയ്തത്.

Related Post