ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ ഹോങ്കോംഗുമായുള്ള കുറ്റവാളി കൈമാറ്റ കരാര്‍ റദ്ദാക്കി ന്യൂസിലാന്റ്

Metrom Australia July 28, 2020 POLITICS , GOVERNMENT

വില്ലിംഗ്ടണ്‍: ഓസ്ട്രേലിയയ്ക്ക് പിന്നാലെ ഹോങ്കോംഗുമായുള്ള കുറ്റവാളി കൈമാറ്റ കരാര്‍ റദ്ദാക്കി ന്യൂസിലാന്റ്. പ്രധാനമന്ത്രി ജസീന്ത ആന്‍ഡേര്‍ ആണ് ഹോങ്കോംഗുമായുള്ള കുറ്റവാളി കൈമാറ്റ കരാര്‍ റദ്ദാക്കുന്നതായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഹോങ്കോംഗിന് മേല്‍ ചൈന വിവാദ ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിച്ചതിനെ തുടര്‍ന്നാണ് ന്യൂസിലാന്റിന്റെ നടപടി. വെല്ലിംഗ്ടണില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് കരാര്‍ റദ്ദാക്കുന്നതായി ജസീന്ത പരസ്യ പ്രഖ്യാപനം നടത്തിയത്. ഹോങ്കോംഗിന്റെ നിയമങ്ങള്‍ ന്യൂസിലാന്റിന്റെ നിയമങ്ങളുമായി പൊരുത്തപ്പെട്ടു പോകില്ല. സമാന നിയമങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ആധാരമെന്നും ജസീന്ത മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഹോങ്കോംഗുമായുള്ള കരാര്‍ റദ്ദക്കിയ തീരുമാനത്തില്‍ ചൈനയില്‍ നിന്നും തിരിച്ചടി നേരിടുന്നുണ്ടോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഇരു രാജ്യങ്ങളും തമ്മില്‍ പക്വതയാര്‍ന്ന ബന്ധമാണ് നിലനില്‍ക്കുന്നതെന്നായിരുന്നു ജസീന്തയുടെ മറുപടി.

ചൈനയില്‍ നിന്നും സ്വതന്ത്രമാകാത്ത കാലത്തോളം ഹോങ്കോംഗിലെ ക്രിമിനല്‍ നിയമത്തെ രാജ്യം വിശ്വസിക്കാന്‍ പോകുന്നില്ലെന്ന് കഴിഞ്ഞ ദിവസം ന്യൂസിലാന്റ് വിദേശകാര്യ മന്ത്രി വിന്‍സ്റ്റോണ്‍ പീറ്റേഴ്സ് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുറ്റവാളി കൈമാറ്റാ കരാര്‍ റദ്ദാക്കിയതായി പ്രധാനമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ഹോങ്കോംഗിന് മേല്‍ ചൈന വിവാദ ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിച്ചതിന് ശേഷം കുറ്റവാളി കൈമാറ്റ കരാര്‍ റദ്ദാക്കുന്ന നാലാമത്തെ രാജ്യമാണ് ന്യൂസലാന്റ്. കഴിഞ്ഞ മാസം ഹോങ്കോംഗുമായുള്ള കരാര്‍ ഓസ്ട്രേലിയ അവസാനിപ്പിച്ചിരുന്നു. ഓസ്ട്രേലിയക്ക് പുറമേ കാനഡ, യുകെ എന്നീ രാജ്യങ്ങളും ഹോങ്കോംഗുമായുള്ള കുറ്റവാളി കൈമാറ്റ കരാര്‍ റദ്ദാക്കിയിട്ടുണ്ട്.

Related Post