ഓസ്ട്രേലിയയിലെ വൈദ്യുതി നിരക്കിൽ കുറവ്; ഗാർഹിക ഉപഭോക്താക്കൾക്ക് വാർഷിക വൈദ്യുതിനിരക്ക് കുറയും

Metrom Australia April 14, 2021 GOVERNMENT

ഒരു വര്‍ഷത്തിനിടെ രാജ്യത്ത് വൈദ്യുതി നിരക്കില്‍ ഒമ്പതു ശതമാനത്തിന്റെ കുറവുണ്ടായതായി ഓസ്‌ട്രേലിയന്‍ കോംപറ്റീഷന്‍ ആന്റ് കണ്‍സ്യൂമര്‍ കമ്മീഷന്‍ (ACCC) ചൂണ്ടിക്കാട്ടി. പുനരുപയോഗിക്കാവുന്ന സ്രോതസുകളില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം കൂടിയതും, ഇന്ധനച്ചെലവ് കുറഞ്ഞതും കാരണമാണ് രാജ്യത്ത് വൈദ്യുതിയുടെ മൊത്തവിതരണ നിരക്കില്‍ കുറവുണ്ടായത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ശരാശരി 126 ഡോളര്‍ വരെ വാര്‍ഷിക വൈദ്യുതിനിരക്ക് കുറയുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. NSW, വിക്ടോറിയ, തെക്കുകിഴക്കന്‍ ക്വീന്‍സ്ലാന്റ്, സൗത്ത് ഓസ്‌ട്രേലിയ, ACT എന്നിവിടങ്ങളിലാണ് നിരക്ക് കുറയുന്നത്. ആകെ 90 കോടി ഡോളറിന്റെ കുറവാകും ഒരു വര്‍ഷം വൈദ്യുതി നിരക്കില്‍ ഉണ്ടാകുന്നത്.


വിക്ടോറിയ - 171 മുതല്‍ 198 ഡോളര്‍ വരെ, NSW - 80 മുതല്‍ 88 ഡോളര്‍ വരെ, തെക്കുകിഴക്കന്‍ ക്വീന്‍സ്ലാന്റ് - 126 ഡോളര്‍, സൗത്ത് ഓസ്‌ട്രേലിയ - 118 ഡോളര്‍, ACT - 46 ഡോളര്‍ എന്നിങ്ങനെയാണ് ഓരോ സംസ്ഥാനത്തെയും ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന വാര്‍ഷിക ലാഭം. നിരക്കിലെ ഈ കുറവ് വൈദ്യുതി വിതരണ കമ്പനികള്‍ ജനങ്ങള്‍ക്ക് കൈമാറണമെന്ന് ACCC നിര്‍ദ്ദേശിച്ചിട്ടുണ്ട്. വൈദ്യുതിയുടെ മൊത്തവിതരണ രംഗത്ത് ചെലവ് കുറയുമ്പോള്‍ അത് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കൈമാറണമെന്ന് കഴിഞ്ഞ വര്‍ഷം പ്രാബല്യത്തില്‍ വന്ന പ്രൊഹിബിറ്റിംഗ് എനര്‍ജി മാര്‍ക്കറ്റ് മിസ്‌കോണ്‍ഡക്ട് (PEMM) എന്ന പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. രണ്ടു തരത്തിലാണ് നിരക്ക് കുറഞ്ഞതിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ കഴിയുക എന്ന് ACCC ചെയര്‍മാന്‍ റോഡ് സിംസ് ചൂണ്ടിക്കാട്ടി. ഒന്നുകില്‍ നിരക്ക് കുറഞ്ഞ പുതിയ ഒരു പ്ലാനിലേക്ക് മാറാം. അല്ലെങ്കില്‍ നിലവിലെ വൈദ്യുത വിതരണ കമ്പനി കുറഞ്ഞ നിരക്ക് നല്‍കാനായി കാത്തിരിക്കാവുന്നതാണ്. 

Related Post