ഓസ്‌ട്രേലിയയിൽ 70,000 തൊഴിലുകൾ നഷ്ടമാകാമെന്ന് ക്ലൈമറ്റ് കൗൺസിലിൻ്റെ റിപ്പോർട്ട്

Metrom Australia Oct. 13, 2021

കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിൽ ഓസ്‌ട്രേലിയൻ അധികൃതർ ആവശ്യത്തിന് നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ തൊഴിൽ നഷ്ടമുണ്ടാകുമെന്ന് ക്ലൈമറ്റ് കൗൺസിൽ ഓഫ് ഓസ്‌ട്രേലിയയുടെ മുന്നറിയിപ്പ്. 70,000 തൊഴിലുകൾ നഷ്ടമാകാൻ സാധ്യതയുണ്ടെന്നാണ്
ക്ലൈമറ്റ് കൗൺസിലിന്റെ റിപ്പോർട്ടിൽ പറയുന്നത്. കല്‍ക്കരി ഉൾപ്പെടെ കാർബൺ ബഹിർഗമനം കൂടുതലുള്ള മറ്റ് ഉത്പന്നങ്ങളുടെ കയറ്റുമതിയെ എങ്ങനെ ബാധിക്കുമെന്ന ക്ലൈമറ്റ് കൗൺസിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഓസ്‌ട്രേലിയൻ സർക്കാറിന്റെ കാലാവസ്ഥാനയങ്ങളിലെ കുറവുകൾ ''തൊഴിലുകളെ കൊല്ലുന്ന''വയാണെന്ന് ക്ലൈമറ്റ് കൗൺസിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഓസ്‌ട്രേലിയയിൽ നിന്നുള്ള കയറ്റുമതിക്ക് കൂടുതൽ നികുതി ഈടാക്കാൻ G7 രാജ്യങ്ങൾ തീരുമാനിച്ചാലാണ് ഈ പ്രതിസന്ധി ഉണ്ടാവുക. കാർബൺ ബഹിർഗമനം കൂട്ടാൻ കാരണമാകുന്ന ഉത്പന്നങ്ങളുടെ കയറ്റുമതിക്കായിരിക്കും കൂടുതൽ നികുതി ഈടാക്കാൻ സാധ്യതയെന്നാണ് റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നത്.

ഇതിനാൽ ന്യൂ സൗത്ത് വെയിൽസ്, ക്വീൻസ്ലാൻറ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും അധികം തൊഴിൽ നഷ്ടം ഉണ്ടാവാൻ സാധ്യത. ക്വീൻസ്ലാന്റിൽ 50,000 തൊഴിലുകളും ന്യൂ സൗത്ത് വെയിൽസിൽ 20,000 ഉം നഷ്ടമാകാൻ സാധ്യതയെന്നാണ് റിപ്പോർട്ട്.

എന്നാൽ ഈ പ്രതിസന്ധി ഒഴിവാക്കുന്നതിനായി സർക്കാർ നയങ്ങളിൽ കാതലായ മാറ്റം നടപ്പിലാക്കേണ്ടതാണ്. ഈ ദശകത്തിൽ കാർബൺ ബഹിർഗമനം 75 ശതമാനം കുറയ്ക്കണമെന്നാണ് കൗൺസിലിൻ്റെ നിർദ്ദേശം. 2035ഓടെ നെറ്റ് സീറോ എമിഷൻസ് എന്ന ലക്ഷ്യമാണ് കൗൺസിൽ മുന്നോട്ട് വയ്ക്കുന്നത്. 2030ഓടെയെങ്കിലും ഓസ്‌ട്രേലിയ കുറഞ്ഞത് കാർബൺ ബഹിർഗമനം പകുതിയാക്കുമെന്ന ഉറപ്പാണ് കൗൺസിൽ ആവശ്യപ്പെടുന്നത്. അതേസമയം കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള പുതിയ നയങ്ങൾ ഓസ്‌ട്രേലിയൻ ഫെഡറൽ ക്യാബിനറ്റ് പുറത്തുവിടാനിരിക്കെയാണ് ക്ലൈമറ്റ് കൗൺസിലിന്റെ ഈ റിപ്പോർട്ട്. 2050ഓടെ നെറ്റ് സീറോ എമിഷൻസ് സാധ്യമാകുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ പദ്ധതി പ്രഖ്യാപിക്കുമെന്നാണ് സൂചന.

Related Post