ന്യൂ സൗത്ത് വെയിൽസിലെ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാൻ 100 ഡോളറിന്റെ സൗജന്യ വൗച്ചർ
ന്യൂ സൗത്ത് വെയില്‍സിലെ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഡൈന്‍ ആന്‍ഡ് ഡിസ്കവര് സ്കീമിന്റെ ഭാഗമായി 100 ഡോളറിന്റെ സൗജന്യ വൗച്ചര്‍ പ്രഖ്യാപിച്ചു. സിഡ്നി നഗരത്തിലെ ബിസിനസുകളിലാണ് ഈ വൗച്ചര്‍ ഉപയോഗിക്കാവുന്നത്. കോവിഡ് പ്രതിസന്ധി നേരിട്ട സിഡ്നിയിലെ ബിസിനസുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രണ്ട് ലക്ഷം വൗച്ചറുകളാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതിനായി 51.5 മില്യണ്‍ ഡോളറിന്റെ പക്കലേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണില്‍ വിതരണം ചെയ്തു തുടങ്ങുന്ന വൗച്ചറുകള്‍ ആദ്യം അപേക്ഷിക്കുന്നവര്‍ക്കാണ് ലഭിക്കുക.
സിഡ്നി നഗരത്തിലെ ഹോട്ടലുകളില്‍ താമസിക്കാനാണ് ഈ 100 ഡോളര്‍ വൗച്ചര്‍. ഇതിലൂടെ സിഡ്നിയിലെ ഹോട്ടലുകളില്‍ താമസിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ടൂറിസം മന്ത്രി സ്റ്റുവര്‍ട്ട് അയേഴ്സ് വ്യക്തമാക്കി. അതേസമയം ബിസിനസ് പരിപാടികള്‍ക്കായി 5.5 മില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ മാറ്റിവെക്കുന്നുണ്ട്. 150 പേരില്‍ കുറവുള്ള ബിസിനസ് പരിപാടികള്‍ക്ക് 15,000 ഡോളര്‍ ഗ്രാന്റ് നല്‍കുമെന്നും അറിയിച്ചു. കൂടാതെ തത്സമയ സംഗീത വേദികള്‍ക്കായി 24 മില്യണ്‍ ഡോളറും സര്‍ക്കാര്‍ മാറ്റി വയ്ക്കുന്നുണ്ട്.