NSWൽ ലോക്ക്ഡൗൺ പിൻവലിച്ചു; ഇന്ന് മുതൽ നിയന്ത്രണങ്ങളിൽ ഇളവുകൾ

Metrom Australia Oct. 11, 2021 GOVERNMENT

ന്യൂ സൗത്ത് വെയിൽസിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ പിൻവലിച്ചു. 107 ദിവസങ്ങൾ നീണ്ട ലോക്ക്ഡൗണാണ് ഇന്നത്തോടെ അവസാനിച്ചത്. സംസ്ഥാനത്ത് വാക്‌സിൻ സ്വീകരിച്ചവർക്ക് ഇന്ന് മുതൽ ഇളവുകൾ ലഭിക്കും. വാക്‌സിനേഷൻ നിരക്ക് അടിസ്ഥാനമാക്കി കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുന്ന ഓസ്‌ട്രേലിയയിലെ ആദ്യ പ്രദേശമാണ് ന്യൂ സൗത്ത് വെയിൽസ്. 

സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്കാണ് ഇന്ന് മുതൽ ഈ ഇളവുകൾ ലഭിക്കുന്നത്. അതേസമയം നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ കേസുകളുടെ എണ്ണം കുതിച്ചുയർന്നേക്കാമെന്നും, ഈ ഘട്ടം തരണം ചെയ്യാൻ ആശുപത്രികൾ സജ്ജമാണെന്നും പ്രീമിയർ ഡൊമിനിക് പെറോട്ടെ വ്യക്തമാക്കി. 

നിയന്ത്രണങ്ങൾ ഇളവ് ചെയ്യുമ്പോഴും, കെട്ടിടത്തിനുള്ളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമായി തന്നെ തുടരും. വാക്‌സിൻ സ്വീകരിച്ചവരും അല്ലാത്തവരും പൊതുവേദികളിലും, വിമാനത്താവളങ്ങളിലും, പൊതുഗതാഗത സംവിധാനങ്ങളിലും മാസ്ക് ധരിക്കേണ്ടതാണ്. 12 വയസിൽ താഴെയുള്ള കുട്ടികളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇനി മുതൽ എന്തെല്ലാം ഇളവുകളാണ് ലഭിക്കുന്നതെന്ന് നോക്കാം.

1. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച 10 പേർക്ക് വീടുകളിൽ ഒത്തുചേരാം. 12 വയസിൽ താഴെയുള്ള കുട്ടികളെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

2. കെട്ടിടത്തിന് പുറത്ത് വാക്‌സിൻ സ്വീകരിച്ച 30 പേർക്ക്  ഒത്തുചേരാം. എന്നാൽ പൂർണമായും വാക്‌സിൻ സ്വീകരിക്കാത്ത രണ്ട് പേർക്ക് മാത്രമാണ് പുറത്ത് ഒത്തുകൂടാൻ അനുമതി.

3. കെട്ടിടത്തിനകത്തുള്ള ജിമ്മുകൾ, കായിക പരിപാടികൾ നടക്കുന്ന വേദികളിൽ 20 പേർക്ക് പങ്കെടുക്കാം. എന്നാൽ നാല് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥ ഇവിടെ ബാധകമാണ്. 

4. കെട്ടിടത്തിനകത്തുള്ള നീന്തൽക്കുളങ്ങളും തുറക്കും. ഇവിടെ ക്ലാസ്സുകളും, പരിശീലനങ്ങളുമെല്ലാം നടത്താം.

5. ഉൾനാടൻ ന്യൂ സൗത്ത് വെയിൽസിലുള്ളവർക്ക് സംസ്ഥാനത്തെ മറ്റ് ഉൾപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാം. (സെൻട്രൽ കോസ്റ്റ്, വള്ളോംഗോംഗ്, ഷെൽ ഹാർബർ, ബ്ലൂ മൗണ്ടെയ്ൻസ് ഉൾപ്പെടെയുള്ള ഗ്രെയ്റ്റർ സിഡ്നി മേഖലയിൽ ഉള്ളവർക്ക് ഉൾനാടൻ പ്രദേശത്തേക്ക് യാത്ര ചെയ്യാൻ കഴിയില്ല.)

6. ക്യാമ്പുകളും കാരവൻ പാർക്കുകളും തുറക്കും.

7. വിവാഹങ്ങൾക്കും, വിവാഹ സൽക്കാരങ്ങൾക്കും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച 100 പേർക്ക് വരെ പങ്കെടുക്കാം. വാക്‌സിൻ സ്വീകരിക്കാത്ത അതിഥികൾ ഉണ്ടെങ്കിൽ അഞ്ച് പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുവാദമുള്ളൂ

8. ചടങ്ങുകളിൽ ഇരുന്നുകൊണ്ട് ഭക്ഷണം കഴിക്കാം. 

9. വിവാഹചടങ്ങുകളിൽ നൃത്തം അനുവദിക്കും.

10. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച 100 പേർക്ക് മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാം. (പൂർണമായും വാക്‌സിൻ സ്വീകരിക്കാത്ത 10 പേർക്ക് മാത്രമേ പങ്കെടുക്കാൻ കഴിയൂ.)

11. ആരാധനാലയങ്ങൾക്കുള്ളിൽ ക്വയർ അനുവദനീയമല്ലെങ്കിലും വാക്‌സിൻ സ്വീകരിച്ച 10 പേർക്ക് ക്വയറിൽ പങ്കെടുക്കാം.

12.  ഹോസ്പിറ്റാലിറ്റി മേഖല ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കും. (കെട്ടിടത്തിനുള്ളിൽ നാല് ചതുരശ്ര മീറ്ററിൽ ഒരാൾ, കെട്ടിടത്തിന് പുറത്ത് രണ്ട് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥ ബാധകമാണ്.)

13. റെസ്റ്റോറന്റുകളിൽ 20 പേർക്ക് പ്രവേശിക്കാം. 

14. ഹെയർഡ്രെസർമാർ, ബാർബർമാർ, ബ്യൂട്ടി സലൂണുകൾ, ടാറ്റൂ പാർലറുകൾ എന്നിവ പ്രവർത്തിക്കാം. അഞ്ച് പേർക്ക് മാത്രം പ്രവേശനം . നാല് ചതുരശ്രമീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥ പാലിക്കണം. 

15. വായനശാലകൾ, മ്യൂസിയം, ആർട്ട് ഗാല്ലറികൾ തുടങ്ങിയവ നാല് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥയിൽ തുറക്കാം. അമ്യൂസ്മെന്റ് കേന്ദ്രങ്ങൾ, നിശാക്ലബുകൾ എന്നിവ അടഞ്ഞു കിടക്കും.

16. സിനിമ തിയേറ്ററുകളിൽ 75 ശതമാനം പേരെ അനുവദിക്കാം.

17. റേസ്‌കോഴ്‌സുകൾ, സ്റ്റേഡിയം, തീം പാർക്കുകൾ എന്നിവിടങ്ങളിൽ നിയന്ത്രണങ്ങളോടെ 5,000 പേർക്ക് വരെ പ്രവേശിക്കാം.

അതേസമയം ഇളവുകൾ തുടങ്ങിയതോടെ പലയിടങ്ങളിലും വൻ തിരക്കാണ്. പടിഞ്ഞാറൻ സിഡ്‌നിയിലെ Kmart സ്റ്റോറുകളിലും, കാന്റബറി ലീഗ്‌സ് ക്ലബിലുമെല്ലാം ജനങ്ങൾ നിറയുകയാണ്.

Related Post