മോദിയെ വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ ദിനപ്പത്രം

Metrom Australia April 27, 2021 GOVERNMENT

ഇന്ത്യയെ പ്രധാനമന്ത്രി നരേന്ദ്രമോദി വിനാശത്തിലേക്ക് നയിക്കുന്നു എന്ന ഓസ്‌ട്രേലിയന്‍ ദിനപ്പത്രമായ 'ദ ഓസ്‌ട്രേലിയ' നില്‍ വന്ന ലേഖനത്തെ രൂക്ഷമായി വിമര്‍ശിച്ച് കാന്‍ബറയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ രംഗത്തെത്തി. ബ്രിട്ടീഷ് ദിനപ്പത്രമായ ദ ടൈംസിന്റെ ഏഷ്യന്‍ ലേഖകനായ ഫിലിപ് ഷെര്‍വെല്‍ എഴുതിയ 'മോഡി ഇന്ത്യയെ നയിക്കുന്നത് വൈറസ് വിനാശത്തിലേക്ക്' എന്ന തലക്കെട്ടോടെയായിരുന്നു ഈ ലേഖനം ദ ഓസ്‌ട്രേലിയന്‍ പുനപ്രസിദ്ധീകരിച്ചത്. റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് കോര്‍പ്പാണ് ദ ഓസ്‌ട്രേലിയന്റെ പ്രസാധകര്‍. ''ധാര്‍ഷ്ട്യം, അമിത ദേശീയത, കഴിവുകെട്ട ഉദ്യോഗസ്ഥവൃന്ദം എന്നിവ ചേര്‍ന്ന് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഇന്ത്യയില്‍ സൃഷ്ടിക്കുന്നത്. ജനം ശ്വാസം മുട്ടുമ്പോഴും, ആള്‍ക്കൂട്ടത്തെ ഇഷ്ടപ്പെടുന്ന പ്രധാനമന്ത്രി വിശ്രമിക്കുകയാണ്'' എന്ന് ഈ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. 

ലേഖനത്തെ അതിശക്തമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ രംഗത്തെത്തിയത്. വസ്തുതാ വിരുദ്ധവും ദുരുദ്ദേശ്യപരവുമായ ആരോപണങ്ങളാണ് ലേഖനത്തിലുള്ളതെന്ന് ചൂണ്ടിക്കാട്ടി പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫിന് കത്തയച്ച ഹൈക്കമ്മീഷന്‍, അത് ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തു. ദ ഓസ്‌ട്രേലിയന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ലിങ്ക് കൂടെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ പ്രതികരണം ഹൈക്കമ്മീഷന്‍ ട്വീറ്റ് ചെയ്തത്. വസ്തുതകള്‍ പരിശോധിക്കാതെയും, ഇന്ത്യന്‍ സര്‍ക്കാരിന്റെ വിശദീകരണം ചോദിക്കാതെയുമാണ് ലേഖനം എഴുതിയിട്ടുള്ളതെന്ന് ഹൈക്കമ്മീഷന്‍ കുറ്റപ്പെടുത്തി.


 

Related Post